നിങ്ങളുടെ സദസ്സിനെ ബോധ്യപ്പെടുത്തുക, അവരുമായി ന്യായവാദംചെയ്യുക
പാഠം 31
നിങ്ങളുടെ സദസ്സിനെ ബോധ്യപ്പെടുത്തുക, അവരുമായി ന്യായവാദംചെയ്യുക
1, 2. ബോധ്യംവരുത്തുന്ന വാദം എന്താണ്?
1 നിങ്ങൾ സംസാരിക്കുമ്പോൾ സദസ്സു ശ്രദ്ധിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ അതു മാത്രമല്ല. അവതരിപ്പിക്കപ്പെടുന്ന വാദങ്ങൾ അവർ സ്വീകരിക്കാനും അവയനുസരിച്ചു പ്രവർത്തിക്കാനും നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ പറയുന്നതിന്റെ സത്യത അവർക്കു ബോധ്യമാകുകയും അവരുടെ ഹൃദയം ശരിയായ നിലയിലായിരിക്കുകയും ചെയ്യുന്നുവെങ്കിൽ അവർ ഇതു ചെയ്യും. ബോധ്യപ്പെടുത്തുക എന്നാൽ തെളിവു കൊടുത്തു തൃപ്തിപ്പെടുത്തുക എന്നാണർഥം. എന്നാൽ തെളിവുകൾമാത്രം എല്ലായ്പോഴും മതിയാകുകയില്ല. സാധാരണയായി അവയ്ക്കനുകൂലമായ വാദം ആവശ്യമാണ്. അതുകൊണ്ട്, വാദിച്ചു ബോധ്യപ്പെടുത്തുന്നതിൽ മൂന്ന് അടിസ്ഥാനഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു: ഒന്നാമതു തെളിവുകൾതന്നെ; രണ്ടാമതു തെളിവുകൾ അവതരിപ്പിക്കുന്ന ക്രമം; മൂന്നാമത് അവ അവതരിപ്പിക്കുന്നതിൽ ഉപയോഗിക്കപ്പെടുന്ന രീതിയും വിധങ്ങളും. പ്രസംഗ ഗുണദോഷച്ചീട്ടിൽ “ബോധ്യംവരുത്തുന്ന വാദം” എന്നതിനോട് ഒക്കുന്ന ഈ ചർച്ചയിൽ നിങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലുപരി എന്തു പറയുന്നു, എന്തു തെളിവു നൽകുന്നു എന്നതാണു നാം പരിചിന്തിക്കാൻ പോകുന്നത്.
2 ബോധ്യപ്പെടുത്തുന്ന വാദം ഈടുററ അടിസ്ഥാന ന്യായങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിനെ ആ വിധത്തിലായിരിക്കും നിങ്ങളുടെ ഉപദേശകൻ വീക്ഷിക്കുന്നത്. വിരസമായ അച്ചടിയിൽനിന്ന് ഒരുവൻ വായിക്കുകയാണെങ്കിൽപോലും തെളിവുകൾ ബോധ്യപ്പെടുത്തുന്നവയായിരിക്കണം. പ്രസംഗത്തിന്റെ ബോധ്യപ്പെടുത്തുന്ന ഗുണം നിങ്ങളുടെ പോയിൻറ് സ്ഥാപിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തുതകളെയല്ല പിന്നെയോ അത് അവതരിപ്പിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വാദത്തെ യഥാർഥത്തിൽ ഈടുററതും വസ്തുനിഷ്ഠവുമാക്കുന്നതിനു നിങ്ങൾ ഈ ഗുണം കൂടുതലായി വികസിപ്പിക്കേണ്ടതുണ്ടായിരിക്കും.
3-6. ഒരു അടിസ്ഥാനമിടേണ്ടത് എന്തുകൊണ്ടെന്നു ചൂണ്ടിക്കാട്ടുക.
3 അടിസ്ഥാനം ഇടുന്നു. നിങ്ങളുടെ വാദങ്ങൾ സമർപ്പിക്കുന്നതിനു മുമ്പ്, ഒരു ഉചിതമായ അടിസ്ഥാനമിടേണ്ടത് ആവശ്യമാണ്. ചർച്ചയുടെ പോയിൻറ് എന്താണെന്നു നിങ്ങൾ വ്യക്തമാക്കണം. നിങ്ങൾക്കിടയിൽ യോജിപ്പുളള പ്രസക്തകാര്യങ്ങൾക്കു ദൃഢത കൊടുത്തുകൊണ്ട് ഒരു പൊതു അടിസ്ഥാനം സ്ഥാപിക്കുന്നതു പ്രയോജനകരമാണ്.
4 ചില സന്ദർഭങ്ങളിൽ പദങ്ങൾ വ്യക്തമായി നിർവചിക്കപ്പെടണം. പ്രസക്തമല്ലാത്ത സകലവും നീക്കംചെയ്യണം. അടിസ്ഥാനമിടുന്നതിൽ ധൃതി കൂട്ടരുത്. അത് ഉറപ്പുളളതാക്കുക, എന്നാൽ അടിസ്ഥാനത്തെ മുഴു കെട്ടിടവുമാക്കരുത്. ഒരു വാദത്തെ ഖണ്ഡിക്കുകയാണെങ്കിൽ, ബലഹീന പോയിൻറുകൾ കണ്ടുപിടിക്കാനും, നിങ്ങളുടെ വാദഗതിയും കാര്യത്തിന്റെ അടിവേരിലേക്ക് എങ്ങനെ ഇറങ്ങാമെന്നതും നിശ്ചയിക്കുന്നതിനു നിങ്ങളെ സഹായിക്കാനും, വാദത്തെ പിന്താങ്ങാൻ ഉപയോഗിക്കുന്ന വിവിധ പോയിൻറുകൾ അപഗ്രഥിക്കുക.
5 പ്രസംഗം തയ്യാറാകുമ്പോൾ, സദസ്സിന് ഇപ്പോൾതന്നെ നിങ്ങളുടെ വിഷയത്തെക്കുറിച്ച് എന്ത് അറിയാമെന്നു മുൻകൂട്ടിക്കാണാൻ നിങ്ങൾ ശ്രമിക്കേണ്ടതാണ്. ഇതു നിങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിലേക്കു യഥാർഥമായി കടക്കുന്നതിനു മുമ്പ് എത്രയധികം അടിസ്ഥാനം നിങ്ങൾ ഇടേണ്ടതുണ്ടെന്ന് ഒരു വലിയ അളവിൽ നിർണയിക്കും.
6 ദയയും പരിഗണനയുമുളള ഒരു സമീപനം വേണമെന്നു നയവും ക്രിസ്തീയ ശീലങ്ങളും ആവശ്യപ്പെടുന്നു, എന്നിരുന്നാലും ഇവിടെ നാം പരിചിന്തിക്കുന്ന പോയിൻറ് അതല്ല. എല്ലായ്പോഴും ക്രിസ്തീയതത്ത്വങ്ങൾ സംബന്ധിച്ചുളള നിങ്ങളുടെ പരിജ്ഞാനത്തെ പൂർണമായി ആശ്രയിക്കുകയും നിങ്ങളുടെ സദസ്സിന്റെ മനസ്സിനെയും ഹൃദയത്തെയും തുറക്കുകയും ചെയ്യുക.
7-13. “ഈടുററ തെളിവു നൽകുന്നു” എന്നതിന്റെ അർഥം വിശദമാക്കുക.
7 ഈടുററ തെളിവു നൽകുന്നു. പ്രസംഗകൻ എന്ന നിലയിൽ നിങ്ങൾ ഒരു സംഗതി വിശ്വസിക്കുന്നതുകൊണ്ടോ പ്രസ്താവിക്കുന്നതുകൊണ്ടോ മാത്രം അതു “തെളിയിക്കപ്പെടു”ന്നില്ല. നിങ്ങളുടെ സദസ്സ്, “അതു സത്യമായിരിക്കുന്നത് എന്തുകൊണ്ട്?” അല്ലെങ്കിൽ “അതങ്ങനെയാണെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?” എന്നു ചോദിക്കുന്നതിൽ പൂർണമായി നീതീകരിക്കപ്പെടുന്നുവെന്നു നിങ്ങൾ എല്ലായ്പോഴും ഓർത്തിരിക്കണം. പ്രസംഗകൻ എന്ന നിലയിൽ, “എന്തുകൊണ്ട്?” എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ പ്രാപ്തനായിരിക്കുന്നതിനുളള കടപ്പാടു നിങ്ങൾക്ക് എല്ലായ്പോഴുമുണ്ട്.
8 “എങ്ങനെ?” “ആർ?” “എവിടെ?” “എപ്പോൾ?” “എന്ത്?” എന്നീ ചോദ്യങ്ങൾ മറുപടിയായി വസ്തുതകളും വിവരങ്ങളും മാത്രമേ നൽകുന്നുളളു. എന്നാൽ, “എന്തുകൊണ്ട്?” എന്ന ചോദ്യം കാരണങ്ങൾ ഹാജരാക്കുന്നു. ഈ കാര്യത്തിൽ അത് ഒററയ്ക്കു നിൽക്കുകയും വസ്തുതകളെക്കാൾ കൂടുതൽ നിങ്ങളിൽനിന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. അതു നിങ്ങളുടെ ചിന്താപ്രാപ്തിയെ ആയാസപ്പെടുത്തുന്നു. ഇതുനിമിത്തം, നിങ്ങളുടെ പ്രസംഗം തയ്യാറാകുമ്പോൾ, “എന്തുകൊണ്ട്?” എന്ന അതേ ചോദ്യം നിങ്ങളോടുതന്നെ ആവർത്തിച്ചു ചോദിക്കുക. അനന്തരം നിങ്ങൾക്ക് ഉത്തരങ്ങൾ കൊടുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരിക്കുക.
9 നിങ്ങൾ ചെയ്യുന്ന പ്രസ്താവനകൾക്കുളള ന്യായങ്ങളെന്ന നിലയിൽ, ഒരു പ്രാമാണികനായി അംഗീകരിക്കപ്പെടുന്ന ഏതൊരാളെയും നിങ്ങൾക്കു മിക്കപ്പോഴും ഉദ്ധരിക്കാവുന്നതാണ്. അദ്ദേഹം അതു പറഞ്ഞുവെങ്കിൽ അതു സത്യമായിരിക്കണം, എന്തുകൊണ്ടെന്നാൽ അദ്ദേഹം അറിവുളള ഒരാളായി അംഗീകരിക്കപ്പെടുന്നു എന്നു മാത്രം അത് അർഥമാക്കുന്നു. അത് അതിനെ വിശ്വസിക്കാൻ തക്ക കാരണമാക്കിത്തീർക്കുന്നു. ഈ മണ്ഡലത്തിൽ പരമോന്നത പ്രാമാണികൻ തീർച്ചയായും യഹോവയാം ദൈവമാണ്. അതുകൊണ്ട്, പിൻബലത്തിനുവേണ്ടി ബൈബിളിൽനിന്ന് ഒരു വാക്യം ഉദ്ധരിക്കുന്നത് ഒരു പോയിൻറു സ്ഥാപിക്കാൻ മതിയായ തെളിവാണ്. ഇത് “സാക്ഷ്യ”ത്തെളിവ് എന്നു വിളിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അതിൽ സ്വീകാര്യനായ സാക്ഷിയിൽനിന്നുളള “സാക്ഷ്യം” അടങ്ങിയിരിക്കുന്നു.
10 സാക്ഷ്യത്തെളിവു സമർപ്പിക്കുമ്പോൾ നിങ്ങളുടെ സാക്ഷി സദസ്സിനു സ്വീകാര്യനാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. നിങ്ങൾ മനുഷ്യ പ്രാമാണികരെ ഉപയോഗിക്കുന്നുവെങ്കിൽ അവരുടെ പശ്ചാത്തലത്തെക്കുറിച്ചും അവർ എങ്ങനെ വീക്ഷിക്കപ്പെടുമെന്നും നിശ്ചയമുണ്ടായിരിക്കണം. അനേകർ ബൈബിളിനെ ദിവ്യ പ്രമാണമായി സ്വീകരിക്കും, എന്നാൽ ചിലർ അതിനെ മമനുഷ്യന്റെ കൃതിയായും തന്നിമിത്തം പ്രാമാണ്യത്തിൽ പൂർണതയുളളതല്ലാത്തതായും വീക്ഷിക്കുന്നു. അങ്ങനെയുളള സന്ദർഭങ്ങളിൽ നിങ്ങൾ മററു തെളിവുകളെ ആശ്രയിക്കേണ്ടതായോ ആദ്യം ബൈബിളിന്റെ ആധികാരികത സ്ഥാപിക്കേണ്ടതായോ വന്നേക്കാം.
11 ജാഗ്രതയുടെ ഒരു വാക്ക്. സകല തെളിവുകളും സത്യസന്ധമായി ഉപയോഗിക്കണം. ഒരു ഉദ്ധരണിയെ സന്ദർഭത്തിൽനിന്ന് വിടർത്തി എടുക്കരുത്. നിങ്ങൾ പറയുന്നതു കൃത്യമായി നിങ്ങൾ ഉദ്ധരിക്കുന്ന പ്രാമാണികൻ പറയാൻ ഉദ്ദേശിച്ചിരുന്നതാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ പരാമർശനങ്ങളിൽ കൃത്യതയുണ്ടായിരിക്കണം. സ്ഥിതിവിവരക്കണക്കിലും ജാഗ്രതവേണം. അനുചിതമായി അവതരിപ്പിച്ചാൽ അവ വിനാശകരമായ ഫലങ്ങളോടെ തിരിച്ചടിച്ചേക്കാം. ശരാശരി മൂന്നടി മാത്രം ആഴമുണ്ടായിരുന്ന ഒരു അരുവിയിൽ നീന്താൻ കഴിവില്ലാതെ മുങ്ങിമരിച്ച മനുഷ്യനെ ഓർക്കുക. മധ്യത്തിൽ പത്തടി താഴ്ച ഉണ്ടായിരുന്ന കുഴി അദ്ദേഹം മറന്നു.
12 സാഹചര്യത്തെളിവു മനുഷ്യസാക്ഷ്യമോ ദിവ്യപ്രമാണമോ അല്ലാത്ത തെളിവാണ്. അതു സാക്ഷികളിൽനിന്നുളള ഉദ്ധരണികൾക്കു പകരം വസ്തുതകളിൽനിന്നുളള നിഗമനങ്ങളിൽ അധിഷ്ഠിതമായ തെളിവാണ്. നിങ്ങളുടെ നിഗമനങ്ങളെ സ്ഥാപിക്കുന്നതിനും സാഹചര്യത്തെളിവിനെ ബോധ്യപ്പെടുത്തുന്നതാക്കുന്നതിനും നിഗമനങ്ങൾക്കു പിന്തുണയെന്നോണം വസ്തുതകളുടെയും വാദങ്ങളുടെയും മതിയായ ഒരു നിര നിങ്ങൾക്കുണ്ടായിരിക്കണം.
13 നിങ്ങൾ സമർപ്പിക്കുന്ന ആകമാനമായ തെളിവുകൾ (അവശ്യം ക്രമത്തിലാവണമെന്നില്ല) സദസ്സിനെ തൃപ്തിപ്പെടുത്താൻ മതിയായതാണെങ്കിൽ, നിങ്ങളുടെ ഉപദേശകൻ അതു തൃപ്തികരമാണെന്നു പരിഗണിക്കും. സദസ്സിന്റെ മനസ്സിൽനിന്നു വീക്ഷിച്ചുകൊണ്ട് “എനിക്കു ബോധ്യമായോ”? എന്ന് ഉപദേശകൻ തന്നോടുതന്നെ ചോദിക്കും. അദ്ദേഹത്തിനു ബോധ്യപ്പെട്ടെങ്കിൽ, നിങ്ങളുടെ അവതരണത്തിന് അദ്ദേഹം നിങ്ങളെ അനുമോദിക്കും.
14. ഫലകരമായ ഒരു സംഗ്രഹം എന്താണ്?
14 ഫലകരമായ സംഗ്രഹം. ബോധ്യപ്പെടുത്തുന്ന വാദത്തിനു സാധാരണയായി ഏതെങ്കിലും തരം സംഗ്രഹം ആവശ്യമാണ്. അത് ഉപയോഗിക്കപ്പെട്ട വാദങ്ങളോടുളള വിലമതിപ്പു വർധിപ്പിച്ചുകൊണ്ടു ന്യായബോധത്തോടുളള അന്തിമമായ അഭ്യർഥനയാണ്. ഒരു സംഗ്രഹം കേവലം വസ്തുതകളുടെ ഒരു പുനഃപ്രസ്താവന ആയിരിക്കരുത്, എന്നിരുന്നാലും അടിസ്ഥാനപരമായി അത് “ഇത് ഇങ്ങനെയായതുകൊണ്ടും അത് അങ്ങനെയായതുകൊണ്ടും നാം . . . എന്ന് നിഗമനം ചെയ്യുന്ന” സംഗതി മാത്രമാണ്. ഈ വശം സകല പോയിൻറുകളെയും ബന്ധപ്പെടുത്തി അവയെ ഒരു ഉപസംഹാരത്തിലേക്കു വരുത്താൻ ഉദ്ദേശിച്ചിരിക്കുന്നതാണ്. പലപ്പോഴും ഫലകരമായ സംഗ്രഹമാണു യഥാർഥത്തിൽ ബോധ്യം വരുമാറു വാദങ്ങളെ അടിച്ചേൽപ്പിക്കുന്നത്.
**********
15, 16. ന്യായവാദംചെയ്യാൻ നാം സദസ്സിനെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
15 നിങ്ങൾ ഒരു പ്രസംഗത്തിൽ ഉപയോഗിക്കുന്ന വാദങ്ങൾ ഈടുററതായിരിക്കാമെങ്കിലും വസ്തുതകൾ കേവലം പ്രസ്താവിക്കുന്നതു മതിയാകുന്നില്ല. ന്യായവാദംചെയ്യുന്നതിനും നിങ്ങളുടെ വാദങ്ങൾ മനസ്സിലാക്കുന്നതിനും നിങ്ങളുടെ അതേ നിഗമനങ്ങളിലെത്തുന്നതിനും സദസ്സിനെ സഹായിക്കുന്ന ഒരു രീതിയിൽ നിങ്ങൾ അവയെ അവതരിപ്പിക്കണം. ഇതിനെയാണു പ്രസംഗ ഗുണദോഷച്ചീട്ട്, “സദസ്യരെ ചിന്തിക്കുന്നതിനു സഹായിച്ചു” എന്നതിനാൽ പരാമർശിക്കുന്നത്.
16 ദൈവം നമ്മോടു ന്യായവാദംചെയ്യുന്നതുകൊണ്ടു നിങ്ങൾ ഈ ഗുണം ആഗ്രഹിക്കണം. കൂടാതെ, യേശു തന്റെ ഉപമകൾ തന്റെ ശിഷ്യൻമാർക്കു വിശദീകരിച്ചുകൊടുക്കുകയും ഇതേ സത്യങ്ങൾ മററുളളവരെ പഠിപ്പിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്തു. അപ്പോൾ, ന്യായവാദംചെയ്യാൻ നിങ്ങളുടെ സദസ്സിനെ സഹായിക്കുന്നത്, നിങ്ങളുടെ വാദം ഗ്രഹിക്കുന്നതിനും നിങ്ങളുടെ നിഗമനങ്ങളിൽ എത്തുന്നതിനും മററാരെയെങ്കിലും പഠിപ്പിക്കാൻ നിങ്ങളുടെ വാദങ്ങൾ ഉപയോഗിക്കാൻ സജ്ജീകൃതരാകുന്നതിനും സദസ്സിനെ സഹായിക്കുന്നതിനാവശ്യമായ വിദ്യകൾ ഉപയോഗിക്കുന്നതിനെ അർഥമാക്കുന്നു.
17, 18. പൊതു അടിസ്ഥാനം നിലനിർത്തുന്നത് എങ്ങനെ?
17 പൊതു അടിസ്ഥാനം നിലനിർത്തുന്നു. നിങ്ങൾ പറയുന്നതും നിങ്ങൾ എങ്ങനെ പറയുന്നുവെന്നതും നിങ്ങളുടെ പ്രസംഗത്തിന്റെ തുടക്കത്തിൽ ഒരു പൊതു അടിസ്ഥാനം സ്ഥാപിക്കുന്നതിൽ മർമപ്രധാനമാണ്. എന്നാൽ പ്രസംഗം പുരോഗമിക്കുമ്പോൾ ഈ പൊതു അടിസ്ഥാനം നഷ്ടമാകരുത്. അങ്ങനെയായാൽ നിങ്ങൾക്കു നിങ്ങളുടെ സദസ്സും നഷ്ടപ്പെടും. സദസ്സിലുളളവരുടെ ചിന്തകൾക്ക് ആകർഷകമായ ഒരു വിധത്തിൽ നിങ്ങളുടെ പോയിൻറുകൾ വ്യക്തമാക്കുന്നതിൽ തുടരണം. ഇതിനു ചർച്ചചെയ്യപ്പെടുന്ന വിഷയംസംബന്ധിച്ച അവരുടെ വീക്ഷണഗതി ഓർത്തിരിക്കുകയും ഈ അറിവു നിങ്ങളുടെ വാദങ്ങളുടെ ന്യായയുക്തത കാണാൻ അവരെ സഹായിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യേണ്ടതാവശ്യമാണ്.
18 ഒരു പൊതു അടിസ്ഥാനം സ്ഥാപിക്കുന്നതിന്റെയും അവസാനത്തോളം അതു നിലനിർത്തുന്നതിന്റെയും, അതായത്, ന്യായവാദംചെയ്യാൻ സദസ്സിനെ സഹായിക്കുന്നതിന്റെ, ഒരു വിശിഷ്ടമായ ദൃഷ്ടാന്തം പ്രവൃത്തികൾ 17:22-31വരെ രേഖപ്പെടുത്തിയിരിക്കുന്ന അപ്പോസ്തലനായ പൗലോസിന്റെ വാദമാണ്. അദ്ദേഹം തുടക്കത്തിൽ ഒരു പൊതു അടിസ്ഥാനം സ്ഥാപിക്കുകയും തന്റെ പ്രസംഗത്തിലുടനീളം നയപൂർവം അതു നിലനിർത്തുകയും ചെയ്തതെങ്ങനെയെന്നു കാണുക. അദ്ദേഹം ഉപസംഹരിച്ചപ്പോൾ ഹാജരായിരുന്ന ഒരു ന്യായാധിപൻ ഉൾപ്പെടെ തന്റെ സദസ്സിൽപ്പെട്ട ചിലരെ സത്യം ബോധ്യപ്പെടുത്തിയിരുന്നു.—പ്രവൃ. 17:33, 34.
19-23. പോയിൻറുകൾ വേണ്ടത്ര വികസിപ്പിക്കാൻ കഴിയുന്ന രീതികൾ നിർദേശിക്കുക.
19 പോയിൻറുകളുടെ മതിയായ വികസിപ്പിക്കൽ. ഒരു വിഷയംസംബന്ധിച്ചു സദസ്സ് ന്യായവാദംചെയ്യുന്നതിന്, അവർക്കു പൂർണമായി മനസ്സിലാകുന്നില്ലാത്തതുകൊണ്ടുമാത്രം വാദങ്ങളെ തളളിക്കളയാത്ത ഒരു വിധത്തിൽ അവതരിപ്പിച്ച വേണ്ടത്ര വിവരങ്ങൾ അവർക്കുണ്ടായിരിക്കണം. അവരെ സഹായിക്കേണ്ടതു നിങ്ങളാണ്.
20 അതു ഫലകരമായി ചെയ്യുന്നതിന്, കണക്കിലധികം പോയിൻറുകൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ധൃതഗതിയിൽ അവതരിപ്പിച്ചാൽ വിവരങ്ങളുടെ പ്രയോജനം നഷ്ടപ്പെടും. പോയിൻറുകൾ പൂർണമായി വിശദീകരിക്കാൻ സമയമെടുക്കുക, തന്നിമിത്തം നിങ്ങളുടെ സദസ്സ് അവ കേൾക്കുകമാത്രമല്ല മനസ്സിലാക്കുകയും ചെയ്യും. നിങ്ങൾ ഒരു പ്രധാനപ്പെട്ട പോയിൻറു പ്രസ്താവിക്കുമ്പോൾ അതു വികസിപ്പിക്കാൻ സമയമെടുക്കുക. എന്തുകൊണ്ട്? ആർ? എങ്ങനെ? എന്ത്? എപ്പോൾ? എവിടെ? എന്നിങ്ങനെയുളള ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുക. ഈ വിധത്തിൽ ആശയം കൂടുതൽ പൂർണമായി ഗ്രഹിക്കാൻ സദസ്സിനെ സഹായിക്കുക. ചിലപ്പോൾ നിങ്ങളുടെ നിലപാടിന്റെ ന്യായയുക്തതക്കു ദൃഢത കൊടുക്കുന്നതിന് ഒരു പോയിൻറിന് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നിങ്ങൾക്കു സമർപ്പിക്കാൻ കഴിയും. അതുപോലെതന്നെ, ഒരു തത്ത്വം പ്രസ്താവിച്ച ശേഷം സദസ്സ് അതിന്റെ പ്രായോഗികസംബന്ധം കാണത്തക്കവണ്ണം അതിനെ ഉദാഹരിക്കുന്നതു പ്രയോജനകരമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. തീർച്ചയായും വിവേചന ഉപയോഗിക്കണം. ഏത് ആശയവും വികസിപ്പിക്കുന്നതിന്റെ വ്യാപ്തി ലഭ്യമായ സമയത്തെയും ചർച്ചചെയ്യുന്ന വിഷയത്തോടു പോയിൻറിനുളള ആപേക്ഷികപ്രാധാന്യത്തെയും ആശ്രയിച്ചിരിക്കും.
21 ന്യായവാദംചെയ്യുന്നതിനു സദസ്സിനെ സഹായിക്കുന്നതിൽ എല്ലായ്പോഴും ചോദ്യങ്ങൾ പ്രയോജനകരമാണ്. ഉചിതമായ നിർത്തൽ സഹിതമുളള ആലങ്കാരികചോദ്യങ്ങൾ, അതായത് ഉത്തരങ്ങൾ പ്രതീക്ഷിക്കാതെ സദസ്സിന്റെ മുമ്പാകെ അവതരിപ്പിക്കുന്ന ചോദ്യങ്ങൾ, ചിന്തയെ ഉത്തേജിപ്പിക്കും. വയൽശുശ്രൂഷയിലെപ്പോലെ, നിങ്ങൾ ഒന്നോ രണ്ടോ പേരോടുമാത്രമാണു സംസാരിക്കുന്നതെങ്കിൽ, നിങ്ങൾ തുടരവേ നിങ്ങൾക്കു ചോദ്യങ്ങൾ ചോദിച്ച് അവരുടെ ആശയങ്ങൾ പറയിക്കാവുന്നതാണ്. അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ അവർ ഗ്രഹിക്കുന്നുണ്ടെന്നും സ്വീകരിക്കുന്നുണ്ടെന്നും ഈ വിധത്തിൽ തിട്ടപ്പെടുത്തുകയും ചെയ്യാം.
22 സദസ്സിലുളളവരുടെ ചിന്തയെ നയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതിനാൽ സ്വന്ത അനുഭവത്തിൽനിന്നായാലും നിങ്ങളുടെ സ്വന്തം ചർച്ചയുടെ പ്രാരംഭ ഭാഗത്തുനിന്നായാലും അവർക്കിപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളിൽ നിങ്ങൾ പടുത്തുയർത്തണം. അതുകൊണ്ട്, നിങ്ങൾ ചില പോയിൻറുകൾ വേണ്ടത്ര വികസിപ്പിച്ചിരിക്കുന്നുവോ എന്നു നിർണയിക്കുന്നതിനു സദസ്സിന് ഈ വിഷയംസംബന്ധിച്ച് ഇപ്പോൾത്തന്നെ അറിയാവുന്നതിനെ നിങ്ങൾ പരിഗണിക്കണം.
23 സദസ്സിനു നിങ്ങൾ പറയുന്നതു മനസ്സിലാകുന്നുണ്ടെന്നു തിട്ടപ്പെടുത്തുന്നതിന് അവരുടെ പ്രതികരണം നിരീക്ഷിക്കുന്നത് എല്ലായ്പോഴും മൂല്യവത്താണ്. ആവശ്യമായിരിക്കുന്നടത്ത് അടുത്ത വാദത്തിലേക്കു നീങ്ങുന്നതിനുമുമ്പു പിമ്പോട്ടു പോയി പോയിൻറുകൾ വ്യക്തമാക്കുക. നിങ്ങൾ ന്യായവാദംചെയ്യുന്നതിന് അവരെ സഹായിക്കുന്നതിൽ ശ്രദ്ധിക്കാത്തപക്ഷം അവർക്ക് അനായാസം നിങ്ങളുടെ ചിന്തയുടെ തുടർച്ച നഷ്ടമായേക്കാം.
24. നിങ്ങളുടെ സദസ്സിനുവേണ്ടി വാദങ്ങളുടെ ബാധകമാക്കൽ നടത്തുന്നത് ഏതു നല്ല ഉദ്ദേശ്യം സാധിക്കുന്നു?
24 സദസ്സിനു ബാധകമാക്കുന്നു. ഏതു വാദവും അവതരിപ്പിക്കുമ്പോൾ, ചർച്ചചെയ്യപ്പെടുന്ന പ്രശ്നത്തിന് അത് എങ്ങനെ ബാധകമാകുന്നുവെന്നു വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ടു പൂർത്തീകരിക്കാൻ നിശ്ചയമുണ്ടായിരിക്കുക. കൂടാതെ, അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വസ്തുതകൾക്കു ചേർച്ചയായ നടപടി സ്വീകരിക്കാൻ നിങ്ങളുടെ കേൾവിക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പ്രസംഗത്തിൽ പ്രേരണ ഉൾപ്പെടുത്തുക. നിങ്ങൾ പറഞ്ഞത് അവർക്കു യഥാർഥമായി ബോധ്യപ്പെട്ടിരിക്കുന്നുവെങ്കിൽ, അവർ പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കും.
[അധ്യയന ചോദ്യങ്ങൾ]