വാചാപ്രസംഗവും തൽക്ഷണപ്രസംഗവും
പാഠം 12
വാചാപ്രസംഗവും തൽക്ഷണപ്രസംഗവും
1, 2. പ്രസംഗിക്കാൻ യഹോവ നമ്മെ സഹായിക്കുന്നത് എങ്ങനെ?
1 “എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ട; പറവാനുളളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.” (മത്താ. 10:19, 20) ആ വാക്കുകൾ യേശുവിന്റെ ആദിമശിഷ്യർക്ക് അത്ഭുതകരമായ ഉറപ്പു കൈവരുത്തിയിരിക്കണം. അവ ഗവൺമെൻറ് ഉദ്യോഗസ്ഥൻമാരുടെ മുമ്പാകെ ഒരു സാക്ഷ്യം കൊടുക്കാൻ ആഹ്വാനംചെയ്യപ്പെടുമ്പോൾ ഇന്നത്തെ സുവാർത്തയുടെ ദൈവശുശ്രൂഷകരെയും ശക്തീകരിക്കുന്നു. ഇതിന്, ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സാക്ഷികളിൽ ചിലരെപ്പോലെ ഇന്നത്തെ യഹോവയുടെ ക്രിസ്തീയ സാക്ഷികൾക്ക് അത്ഭുതകരമായ “ജ്ഞാനത്തിന്റെ വചനവും” “പരിജ്ഞാനത്തിന്റെ വചനവും” ലഭിക്കുന്നുവെന്ന് അർഥമില്ല. (1 കൊരി. 12:8) എന്നിരുന്നാലും, നാം നല്ല ഒരു ദിവ്യാധിപത്യ വിദ്യാഭ്യാസത്തിനുളള അവസരം ആസ്വദിക്കുകതന്നെ ചെയ്യുന്നു, വാഗ്ദത്തം ചെയ്തിരുന്നതുപോലെ, ആവശ്യം വരുമ്പോൾ ദൈവത്തിന്റെ ആത്മാവു നമ്മുടെ മനസ്സിലേക്ക് ഉത്തരങ്ങൾ തിരികെ കൊണ്ടുവരുന്നു.
2 ബൈബിളധ്യയനങ്ങളിലും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലും മററു സഭാമീററിംഗുകളിലും നിങ്ങൾക്കു ലഭിക്കുന്ന പരിശീലനം നിമിത്തം നിങ്ങൾ ബൈബിൾ പരിജ്ഞാനത്തിന്റെ ഒരു വിപുലമായ ശേഖരം സ്വരൂപിക്കുന്നു. നിങ്ങൾ നീതിയുടെ അടിസ്ഥാനതത്ത്വങ്ങളും നിങ്ങളുടെ സ്വന്ത ജീവിതത്തിൽ വിവിധ സാഹചര്യങ്ങളിൽ അവ എങ്ങനെ ബാധകമാക്കാമെന്നും പഠിക്കുന്നു. പിന്നീടു വയൽശുശ്രൂഷയിൽ ബദ്ധശ്രദ്ധരായിരിക്കുന്നതിനാൽ നിങ്ങൾ മററുളളവരോടു സംസാരിക്കുന്നതിൽ പരിചയം നേടുന്നു, നിങ്ങൾ സമ്പാദിച്ച വിവരങ്ങൾ അറിയിച്ചുകൊടുത്തുകൊണ്ടുതന്നെ. നിങ്ങൾ ഈ സംസാരം വാചാപ്രസംഗരീതിയിലോ തൽക്ഷണപ്രസംഗരൂപത്തിലോ നടത്തുന്നു.
3. വാചാപ്രസംഗവും തൽക്ഷണപ്രസംഗവും തമ്മിലുളള വ്യത്യാസം വിശദീകരിക്കുക.
3 അടുത്തു ബന്ധമുണ്ടെങ്കിലും, ഈ രണ്ടു തരം പ്രസംഗങ്ങൾ സർവസമമല്ല. ഒരുപക്ഷേ ഒരു ദൃഷ്ടാന്തം വ്യത്യാസം വ്യക്തമാക്കും. നിങ്ങൾ ഒരു വീട്ടുകാരനെ സമീപിക്കുന്നുവെന്നും മനസ്സിൽ അപ്പോൾത്തന്നെ രൂഢമൂലമായ ബാഹ്യരേഖയുളള തയ്യാറാക്കപ്പെട്ട ഒരു അവതരണം നടത്താൻ തുടങ്ങുന്നുവെന്നുമിരിക്കട്ടെ. ആ ബാഹ്യരേഖക്കു പുറമേ നിങ്ങൾ വിവരങ്ങൾ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്യമായ വാക്കുകൾ മനഃപാഠമാക്കിയിട്ടില്ല. നിങ്ങൾ വാചാപ്രസംഗം നടത്തുകയാണ്. എന്നാൽ അപ്പോൾ മുൻകൂട്ടിക്കാണാഞ്ഞ ഏതോ തടസ്സവാദം വീട്ടുകാരൻ ഉന്നയിക്കുന്നു, അതിനുവേണ്ടി നിങ്ങൾ പ്രത്യേക തയ്യാറാകൽ നടത്തിയിട്ടില്ല. എന്നിരുന്നാലും രാജ്യഹാളിലെ നിങ്ങളുടെ പരിശീലനം നിമിത്തം നിങ്ങളുടെ ബൈബിൾവിജ്ഞാനശേഖരത്തിൽനിന്ന് എന്തെങ്കിലും അഭിപ്രായമോ വിശദീകരണമോ കൊടുക്കാൻ നിങ്ങൾ സജ്ജനാണ്. ഈ ഘട്ടത്തിൽ നിങ്ങളുടേതു മുന്നാലോചനകൂടാതെ നിർമിച്ചു നടത്തുന്ന തൽക്ഷണപ്രസംഗമാണെന്നു പറയാൻ കഴിയും.
4. ഫലപ്രദമായ ഒരു വാചാപ്രസംഗത്തിന് ഏതു തയ്യാറാകൽ ആവശ്യമാണ്?
4 വാചാപ്രസംഗം. വീടുതോറുമുളള ഒരു അവതരണമായാലും പ്ലാററ്ഫാറത്തിൽനിന്നുളള ഒരു പ്രസംഗമായാലും ഫലകരമായ വാചാപ്രസംഗത്തിന്റെ മുഖ്യഘടകം തയ്യാറാകലാണ്. നിങ്ങൾ ഒരു വാചാപ്രസംഗം നടത്താനിരിക്കുകയാണെങ്കിൽ വികസിപ്പിക്കാനുളള പല മുഖ്യ പോയിൻറുകൾ സഹിതം ഒരു നല്ല ബാഹ്യരേഖ തയ്യാറാക്കുക. മുഖ്യ പോയിൻറുകളിൻ കീഴിൽ ഉപോൽബലകങ്ങളായ ആശയങ്ങളും തെളിവുകളും തിരുവെഴുത്തുകളും ദൃഷ്ടാന്തങ്ങളും നിങ്ങൾക്കു പട്ടികപ്പെടുത്താൻ കഴിയും, തന്നിമിത്തം യഥാർഥത്തിൽ വിജ്ഞാനപ്രദമായ ഒരു പ്രസംഗം അവതരിപ്പിക്കാൻ നിങ്ങൾ തയ്യാറായിരിക്കും. നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന കൃത്യമായ വാക്കുകൾ ഒഴിച്ച് എല്ലാം മുന്നമേ നിശ്ചയിക്കുക.
5-7. വാചാപ്രസംഗത്തിന്റെ പ്രയോജനങ്ങൾ പറയുക.
5 വാചാപ്രസംഗരീതിക്കു പല പ്രയോജനങ്ങളുണ്ട്. ഒന്ന് അതു യഥേഷ്ടം മാററംവരുത്താൻ അനുവദിക്കുന്നു എന്നതാണ്. ഒരു ലിഖിതപ്രസംഗം വായിക്കുമ്പോഴോ ഓർമയിൽനിന്നു പറയുമ്പോഴോ വാസ്തവമായിരിക്കുന്നതുപോലെ, നിങ്ങൾക്ക് അതിൽനിന്നു വ്യതിചലിക്കാൻ കഴിയാത്തവണ്ണം വിവരങ്ങൾ അത്ര അയവില്ലാതെ ക്രമീകരിച്ചിരിക്കുകയല്ല. അവസാന നിമിഷത്തിലെ വികാസങ്ങൾ, ആസൂത്രണം ചെയ്ത പ്രസംഗത്തിൽ കുറെ മാററങ്ങൾ ആവശ്യമാക്കിയേക്കാം. പ്ലാററ്ഫാറത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പു പുതിയ താത്പര്യക്കാരുടെ അപ്രതീക്ഷിതമായ ഒരു വലിയ സംഖ്യ സദസ്സിലുണ്ടെന്നു നിങ്ങൾ കാണുന്നുവെന്നിരിക്കട്ടെ. വാചാപ്രസംഗരീതി വാദങ്ങൾ പൂർണമായി ഗ്രഹിക്കുന്നതിന് അവരെ സഹായിക്കാൻ മാററങ്ങൾ വരുത്തുന്നതിനു നിങ്ങളെ അനുവദിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷേ സദസ്സിൽ സ്കൂൾപ്രായത്തിലുളള അനേകം യുവജനങ്ങൾ ഉണ്ടെന്നു നിങ്ങൾ കാണുന്നു എന്നിരിക്കട്ടെ. വിവരങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നിങ്ങളുടെ ദൃഷ്ടാന്തങ്ങളും ബാധകമാക്കലും ക്രമീകരിക്കാൻ കഴിയും.
6 വാചാപ്രസംഗത്തിന്റെ രണ്ടാമത്തെ പ്രയോജനം അതിനു നിങ്ങളുടെ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഫലമുണ്ടെന്നുളളതാണ്. അതു പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിനു നിങ്ങൾക്കു ഗണ്യമായ സ്വാതന്ത്ര്യമനുവദിക്കുന്നു. മിക്കപ്പോഴും വിലമതിപ്പുളള, പ്രതികരണമുളള, ഒരു സദസ്സിനെ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ ഉത്സാഹഭരിതനാകുകയും പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഒഴുകിവരുകയും ചെയ്യുന്നു, ഒരു വാചാപ്രസംഗത്തിൽ അനായാസം ഉൾക്കൊളളിക്കാൻ കഴിയുന്ന ആശയങ്ങൾതന്നെ.
7 ഇത്തരം പ്രസംഗത്തിന്റെ മൂന്നാമത്തെ പ്രയോജനം അതു നിങ്ങളുടെ ശ്രോതാക്കളിൽ ദൃഷ്ടി പതിപ്പിക്കാനും നിങ്ങളെ അനുവദിക്കുന്നുവെന്നതാണ്. ഇത് അവരുമായുളള നിങ്ങളുടെ ആശയവിനിമയത്തെ മെച്ചപ്പെടുത്തുന്നു. ഫലം നിങ്ങൾ പറയുന്നതിന് അവർ കുറേക്കൂടെ അടുത്ത ശ്രദ്ധ കൊടുക്കാനിടയുണ്ടെന്നുളളതാണ്. നിങ്ങൾക്കു നിങ്ങളുടെ വിഷയം അറിയാമെന്നു ശ്രോതാക്കൾക്കു തോന്നും, കാരണം നിങ്ങൾക്ക് എല്ലായ്പോഴും എഴുതപ്പെട്ട ഏതെങ്കിലും വിവരത്തിൽ ദൃഷ്ടി പതിപ്പിക്കേണ്ടതില്ല. കൂടാതെ, നിങ്ങൾക്കു സദസ്സിന്റെ പ്രതികരണവും ശ്രദ്ധിക്കാൻ സാധിക്കുന്നു. അവരുടെ താത്പര്യം കുറയുകയാണെന്നു കാണുകയാണെങ്കിൽ ഈ പ്രയാസം തരണംചെയ്യുന്നതിനു നിങ്ങൾക്കു നടപടികൾ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട്, ഇത്തരം അവതരണരീതി ഊഷ്മളവും സംഭാഷണപരവുമായ ഒരു അവതരണത്തിന്, ഹൃദയം തുറന്നുളള ഒരു പ്രസംഗത്തിന്, സഹായകമാണ്.
8-10. വാചാപ്രസംഗത്തിന്റെ കാര്യത്തിൽ മുൻകൂട്ടിക്കാണാത്ത അപകടങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയും?
8 എന്നിരുന്നാലും, വാചാപ്രസംഗങ്ങളുടെ കാര്യത്തിൽ മറഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട്; എന്നാൽ ഇവ ഒഴിവാക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, പ്രസംഗകൻ കൂടുതലായി വളരെയധികം ആശയങ്ങൾ ചേർക്കുന്നതുകൊണ്ട് അയാളുടെ പ്രസംഗത്തിനു കൂടുതൽ സമയമെടുക്കുന്നു. കൂടാതെ, മനസ്സിലേക്കു വരുന്ന ആശയങ്ങൾ സ്വതഃപ്രേരിതമായി അവതരിപ്പിക്കാനുളള പ്രസംഗകന്റെ സ്വാതന്ത്ര്യം നിമിത്തം അയാൾ ആസൂത്രണം ചെയ്തിരുന്നതിനെക്കാൾ വളരെക്കൂടുതൽ സമയമെടുത്തു ചില പോയിൻറുകൾ വിശദീകരിച്ചേക്കാം. പ്രസംഗത്തിന്റെ ഓരോ ഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയം നിങ്ങളുടെ ബാഹ്യരേഖയിൽ കുറിക്കുന്നതിനാൽ നിങ്ങൾക്ക് ഇതിനെതിരെ ജാഗ്രത പാലിക്കാൻ കഴിയും. പിന്നീട് ഈ പട്ടികയോട് അടുത്തു പററിനിൽക്കുക.
9 പോയിൻറുകൾ വിട്ടുപോകുന്നതിന്റെയോ അപൂർണമോ കൃത്യമല്ലാത്തതോ ആയ പ്രസ്താവനകൾ ചെയ്യുന്നതിന്റെയോ ഉപോൽബലകമായ വേണ്ടത്ര തെളിവില്ലാതെ അവകാശവാദങ്ങൾ പുറപ്പെടുവിക്കുന്നതിന്റെയോ അപകടവുമുണ്ട്. നിങ്ങൾ ധൃതികൂട്ടാതെ, ക്രമമായി കുറിപ്പുകളിൽ നോക്കുന്നുവെങ്കിൽ വിവരങ്ങളോടു പററിനിൽക്കുന്നതിനും വിട്ടുപോകലും തെററുകളും ഒഴിവാക്കുന്നതിനും നിങ്ങൾക്കു കഴിയേണ്ടതാണ്. ഉപോൽബലകമായ തെളിവുകളും തിരുവെഴുത്തുകളും സഹിതം വികസിപ്പിക്കാനുളള പല മുഖ്യ പോയിൻറുകളോടെ ഒരു നല്ല ബാഹ്യരേഖ ഉണ്ടാക്കുന്നതിനാൽ തെളിവില്ലാത്ത പ്രസ്താവനകൾ ചെയ്യുന്നതിന്റെ അപകടം ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും.
10 ഒരു വാചാപ്രസംഗത്തിന്റെ വാക്കുകൾ മനഃപാഠമാക്കേണ്ട ആവശ്യമില്ലെന്നിരിക്കെ, ഉചിതമായ വാചകഘടന പരിശീലിക്കാവുന്നതാണ്, ചിന്താധാര മനസ്സിൽ രൂഢമൂലമാക്കുന്നതിനാലും നിങ്ങൾ സഹായിക്കപ്പെടുന്നു. ഈ വിധത്തിൽ നിങ്ങൾക്കു തരംതാഴ്ന്ന ഭാഷയും വാക്കുകളുടെ മോശമായ തിരഞ്ഞെടുപ്പും ഒഴിവാക്കാൻ കഴിയും. നിങ്ങളുടെ അനുദിന സംഭാഷണത്തിൽ നല്ല ഭാഷ ഉപയോഗിക്കാൻ നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ, ഒരു പ്രസംഗം നടത്തുമ്പോൾ അത് ഏറെ എളുപ്പമായിത്തീരും. അപ്പോൾപോലും നിങ്ങൾക്ക് ഒരു ലിഖിതപ്രസംഗത്തിലെ അതിവിശിഷ്ട ശൈലികളും വ്യാകരണകൃത്യതയും ഇല്ലാതിരുന്നേക്കാമെന്നതു സത്യംതന്നെ, എന്നാൽ നിങ്ങളുടെ സംഭാഷണരീതിയാൽ ഇതിന് നന്നായി പരിഹാരം കാണാൻ കഴിയും. കൂടാതെ, പ്രസംഗം നിർവഹിക്കുന്നതിനു മുമ്പ് അതു പല പ്രാവശ്യം പുനരവലോകനം ചെയ്യുന്നതിൽ ശ്രദ്ധിക്കുക. അതു മനസ്സിൽ നിശ്ശബ്ദമായി ചെയ്താൽ മതിയെന്നു ചിലർ കണ്ടെത്തുന്നു. എന്നാൽ അത് ഉച്ചത്തിൽ നിർവഹിച്ചു പരിശീലിക്കുന്നതു വിശേഷാൽ സമയത്തിന്റെ കാര്യത്തിൽ വളരെ സഹായകമാണെന്ന് അനേകർ കണ്ടെത്തുന്നു.
11, 12. ഒരു പ്രസംഗകന് ഒരു ബാഹ്യരേഖ ഉണ്ടായിരിക്കുന്നത് സുരക്ഷയായിരിക്കുന്നതെന്തുകൊണ്ട്?
11 കാലക്രമത്തിൽ, പരിശീലനംകൊണ്ടു പ്രസംഗത്തിന്റെ ഓരോ പോയിൻറിനും ഏതാനും ചില വാക്കുകൾ മാത്രമായി ബാഹ്യരേഖ കുറയ്ക്കാൻ നിങ്ങൾക്കു പെട്ടെന്നു കഴിയേണ്ടതാണ്. ഇവയും, നിങ്ങൾ ഉപയോഗിക്കാൻ പോകുന്ന തിരുവെഴുത്തുകളുടെ സൂചനയുമെല്ലാം അനായാസം പരിശോധിക്കാൻ കഴിയുന്ന ഒരു കാർഡിൽ അല്ലെങ്കിൽ ഒരു ഷീററ് കടലാസിൽ പട്ടികപ്പെടുത്താവുന്നതാണ്. ശുശ്രൂഷാസ്കൂളിലെ ഒരു വിദ്യാർഥിപ്രസംഗംപോലെ, ദൈർഘ്യം കുറഞ്ഞ പ്രസംഗങ്ങളുടെ ബാഹ്യരേഖ മനഃപാഠമാക്കാൻ ചിലർ കൂടുതൽ ഇഷ്ടപ്പെട്ടേക്കാമെങ്കിലും എന്തെങ്കിലും ശല്യമോ ഓർമപ്പിശകോ നിങ്ങളുടെ ചിന്താധാരയെ തടസ്സപ്പെടുത്തുന്നപക്ഷം നോക്കുന്നതിനു ഹ്രസ്വമായ ഒരു ബാഹ്യരേഖ കൈയിലുണ്ടായിരിക്കുന്നതിനു വിരോധമില്ല. ഒരു പരസ്യപ്രസംഗം പോലെ, ദൈർഘ്യമേറിയ പ്രസംഗങ്ങൾക്കു പ്രസംഗസമയത്തു നോക്കുന്നതിനു വിശദമായ ബാഹ്യരേഖ ഉണ്ടായിരിക്കുന്നതു സാധാരണയായി പ്രായോഗികജ്ഞാനത്തിന്റെ മാർഗമാണ്.
12 വാചാപ്രസംഗരീതി വീടുതോറുമുളള ശുശ്രൂഷയിൽ വളരെ മൂല്യവത്താണ്. എന്തുകൊണ്ടെന്നാൽ വീട്ടുകാരൻ ഒരു തടസ്സവാദം ഉന്നയിക്കുകയോ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോൾ പരിചിന്തിക്കുന്ന പോയിൻറുകളിൽനിന്ന് അല്പം വ്യതിചലിച്ചു തടസ്സവാദത്തെ നേരിടുകയും അനന്തരം തയ്യാറായിവന്ന വിവരങ്ങൾ തുടരുകയും ചെയ്യുക സാധ്യമാണ്. അവതരണത്തിന്റെ കൃത്യമായ വാക്കുകൾ ഓർമയിൽ വെക്കുകയാണെങ്കിൽ അത്തരമൊരു തടസ്സത്തെ നേരിടുന്നതും അനന്തരം പ്രസംഗം പുനരാരംഭിക്കുന്നതും പ്രയാസമായിരിക്കും.
13-15. നാം എപ്പോഴാണ് തൽക്ഷണം പ്രസംഗിക്കുന്നത്, ഏതു തയ്യാറാകൽ ഉൾപ്പെട്ടിരിക്കുന്നു?
13 തൽക്ഷണപ്രസംഗം. “തൽക്ഷണം” എന്ന പദം “തയ്യാറാകലില്ലാതെ, ഒരുക്കമില്ലാതെ, മുന്നാലോചന കൂടാതെ ചെയ്യുന്ന” എന്നർഥമുളളതായി നിർവചിക്കപ്പെട്ടിരിക്കുന്ന “ഇംപ്രോംററു” എന്ന ഇംഗ്ലീഷ് പദത്തിന്റെ പരിഭാഷയാണ്. എന്നാൽ വിഷയമോ പോയിന്റോ സംബന്ധിച്ച് അശേഷം തയ്യാറാകലില്ലായിരുന്നുവെന്ന് അതിനർഥമുണ്ടോ? ഇല്ല, എന്തെന്നാൽ യഥാർഥമായ സകല പഠിപ്പിക്കലിനും തയ്യാറാകൽ ഉണ്ടായിരിക്കണം. എന്നിരുന്നാലും, ഒരു പ്രത്യേക വിഷയംസംബന്ധിച്ചു നിങ്ങൾ സംസാരിക്കേണ്ടതാണെന്നു മുൻകൂട്ടിയുളള അറിയിപ്പു ലഭിക്കാതിരുന്നേക്കാവുന്ന അവസരങ്ങളുണ്ട്, തന്നിമിത്തം നിങ്ങൾ അതിന്റെ ഒരു ചർച്ചക്ക് പ്രത്യേകം തയ്യാറാകുന്നില്ല. ഇതു വീടുതോറുമുളള പ്രസംഗത്തിൽ കണ്ടുമുട്ടിയ വീട്ടുകാരൻ ഒരു ചോദ്യം ഉന്നയിക്കുമ്പോഴായിരിക്കാം. അല്ലെങ്കിൽ അതു മടക്കസന്ദർശനങ്ങളിലോ ഭവനബൈബിളധ്യയനങ്ങളിലോ അനൗപചാരികസാക്ഷീകരണം നടത്തുമ്പോഴോ ആയിരിക്കാം, അല്ലെങ്കിൽ ഒരു കോടതിയുടെയോ ഒരു സമിതിയുടെയോ മുമ്പാകെ വരുത്തപ്പെടുമ്പോൾ ആയിരിക്കാം. അങ്ങനെയുളള സന്ദർഭങ്ങളിൽ വിവരങ്ങളുടെ ക്രമീകരണവും പദപ്രയോഗങ്ങളും തൽക്ഷണമായിരിക്കും, എന്നാൽ നിങ്ങളുടെ ദിവ്യാധിപത്യപഠനങ്ങളിൽനിന്നു കൈവന്ന പശ്ചാത്തല വിജ്ഞാനം, പറയാനുളളതിന്റെ അടിസ്ഥാനം നൽകും. അതുകൊണ്ടു നാം തൽക്ഷണപ്രസംഗം എന്നു വിളിച്ചേക്കാവുന്നതും മുൻകൂട്ടിയുളള തയ്യാറാകലിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു, തയ്യാറാകൽ ആ പ്രത്യേക അവസരത്തിനുവേണ്ടി ആസൂത്രണംചെയ്തതല്ലായിരിക്കാമെങ്കിലും.—യെശ. 50:4.
14 നിങ്ങൾ എന്തെങ്കിലും പറയാൻ വിളിക്കപ്പെടാനിരിക്കുകയാണെന്ന് ഏതാനും മിനിററുകൾക്കു മുമ്പെങ്കിലും നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ, തയ്യാറാകലായി നിങ്ങൾക്കു സ്വീകരിക്കാവുന്ന പ്രയോജനകരമായ പടികളുണ്ട്. ഒന്നാമതായി ഉൾപ്പെടുത്തേണ്ട ഒന്നോ രണ്ടോ മുഖ്യ പോയിൻറുകൾ തീരുമാനിക്കുക. ഉചിതമായ ചുരുക്കംചില തിരുവെഴുത്തുകൾ ഉൾപ്പെടെ ഉപോൽബലകമായ കുറെ വാദങ്ങൾ തിരഞ്ഞെടുക്കുക. അനന്തരം ഹ്രസ്വമായ ഒരു മുഖവുരയ്ക്കു കുറെ ചിന്ത കൊടുക്കുക. ഇപ്പോൾ, ആവശ്യമെങ്കിൽ, നിങ്ങൾ പ്രസംഗിച്ചുതുടങ്ങാൻ തയ്യാറാണ്. ദൃഷ്ടാന്തത്തിന്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഒരു വിദ്യാർഥിപ്രസംഗകന് അവസാന നിമിഷത്തിൽ ഒരു പകരക്കാരൻ വേണ്ടപ്പോൾ ഇത് ആവശ്യമായി വരാം.
15 സത്യത്തിന് പെട്ടെന്ന് ഒരു സാക്ഷ്യം കൊടുക്കാൻ ആഹ്വാനംചെയ്യപ്പെട്ട യഹോവയുടെ ശുശ്രൂഷകരുടെ ദൃഷ്ടാന്തങ്ങൾ തിരുവെഴുത്തുകളിലുണ്ട്. ഇവരിൽ ഒരാൾ സ്തേഫാനോസ് ആയിരുന്നു. അദ്ദേഹം സന്നദ്രീമിലേക്കു ബലമായി കൊണ്ടുപോകപ്പെടുകയും കളളസാക്ഷികളാൽ കുററമാരോപിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇളക്കിമറിക്കുന്ന തൽക്ഷണപ്രസംഗം പ്രവൃത്തികളുടെ പുസ്തകത്തിന്റെ 7-ാം അധ്യായത്തിൽ വായിക്കാവുന്നതാണ്. അഥേനക്കാർ അപ്പോസ്തലനായ പൗലോസിനെ പിടിക്കുകയും അരയോപഗസിലേക്കു കൊണ്ടുപോകുകയും അദ്ദേഹത്തിന്റെ വിശ്വാസങ്ങൾസംബന്ധിച്ചു ചോദ്യംചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശിഷ്ടമായ തൽക്ഷണപ്രസംഗം പ്രവൃത്തികൾ 17-ാം അധ്യായത്തിൽ കാണപ്പെടുന്നു.
16-18. വിദ്യാർഥികൾ ഒരു ലിഖിതപ്രസംഗം ഉപയോഗിക്കുന്നതിനെ അല്ലെങ്കിൽ പ്രസംഗങ്ങൾ മനഃപാഠമാക്കുന്നതിനെ അപേക്ഷിച്ചു വാചാപ്രസംഗം പരിശീലിക്കുന്നതിനു മുൻഗണന കൊടുക്കേണ്ടത് എന്തുകൊണ്ട്?
16 ഏററവും നല്ല രീതി. ചിലപ്പോൾ തങ്ങളുടെ വിദ്യാർഥിപ്രസംഗങ്ങൾക്കു തുടക്കക്കാർ ഒരു ലിഖിതപ്രസംഗം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. പൊതുവേ ഇത് ഏററവും നല്ല രീതിയല്ല. അവർ ഇതിൽനിന്നു പിൻമാറാൻ പെട്ടെന്നുതന്നെ ഒരു ശ്രമം ചെയ്യണം, കാരണം അതു സദസ്യസമ്പർക്കവും സംഭാഷണഗുണവും കുറച്ചുകളയുന്നു. നാം തീർച്ചയായും ലിഖിതപ്രസംഗങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങളുണ്ട്, എന്നാൽ നിങ്ങൾക്ക് ഒരു വായനാനിയമനം ഉളളപ്പോൾ അവയ്ക്ക് പരിശീലനം കിട്ടുന്നു. നിങ്ങളുടെ മററു പ്രസംഗങ്ങൾ കുറിപ്പുകളിൽനിന്നു യഥേഷ്ടം സംസാരിക്കാൻ ഉപയോഗിക്കുക.
17 ചില വിദ്യാർഥികൾ സകല കുറിപ്പുകളും ഒഴിവാക്കാൻ പ്രസംഗങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നു. എന്നാൽ മനഃപാഠമാക്കി നടത്തുന്ന പ്രസംഗങ്ങൾക്കു സുനിശ്ചിതമായ ന്യൂനതകൾ ഉണ്ട്. അവയ്ക്ക് അനുകൂലനക്ഷമതയില്ല, സ്വാഭാവികതയില്ല, മർമപ്രധാനമായ ഒരു ഭാഗം മറന്നുപോകാനുളള സാധ്യതയുമുണ്ട്. മുഖവുരയിലെയോ ഉപസംഹാരത്തിലെയോ ചുരുക്കംചില മുഖ്യവാചകങ്ങൾ മനഃപാഠമാക്കുന്നത് ഉചിതമായിരിക്കാം, എന്നാൽ മുഴു പ്രസംഗത്തിനും അതു യോജിച്ചതല്ല.
18 ഏററവും നല്ല രീതി സാധാരണയായി വാചാപ്രസംഗമാണ്. വയൽശുശ്രൂഷയിൽ ഉപയോഗിക്കപ്പെടുന്നത് അതാണ്, അവിടെ നാം യഥാർഥത്തിൽ വാചാപ്രസംഗരീതിയിൽ ചിന്തിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. അതുപോലെ, സഭാമീററിംഗുകളിൽ വളരെ കൂടെക്കൂടെ ഉപയോഗിക്കേണ്ടതു വാചാപ്രസംഗരീതിയാണ്, കാരണം അതു സദ്ഫലങ്ങൾ കൈവരുത്തുന്ന നമ്മുടെ സന്ദേശത്തിന്റെ ആത്മാർഥവും ഋജുവുമായ ഒരു അവതരണത്തിന് അനുവദിക്കുന്നു. അതുകൊണ്ടു നിരന്തരം അതു പരിശീലിക്കുക. ചില സമയങ്ങളിൽ നാം ഒരു തൽക്ഷണപ്രസംഗം നടത്താൻ ആഹ്വാനംചെയ്യപ്പെട്ടാലും നാം അതിനു തയ്യാറായിരിക്കും, എന്തെന്നാൽ നാം വാചാപ്രസംഗത്തിനും തൽക്ഷണപ്രസംഗത്തിനും സുസജ്ജരാകുന്നതിൽ യഹോവ ശ്രദ്ധിക്കുന്നു. നമ്മുടെ ശുശ്രൂഷയിൽ രണ്ടിനും അവയുടെ ഉചിതമായ സ്ഥാനമുണ്ട്.
[അധ്യയന ചോദ്യങ്ങൾ]