വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
പാഠം 4
വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്ന വിധം
1, 2. നാം വായിക്കുന്നത് ഓർത്തിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
1 തങ്ങളുടെ സ്വന്തം വിനോദത്തിനുവേണ്ടി ഒരു നേരമ്പോക്കിനു വായിക്കുന്നവർക്കു തങ്ങൾ വായിക്കുന്നത് ഓർത്തിരിക്കുന്നതു പ്രധാനമല്ല. എന്നാൽ തൊഴിലിനുവേണ്ടി പഠിക്കുന്ന ഒരാളെസംബന്ധിച്ചടത്തോളം, അയാൾ തന്റെ പാഠപുസ്തകങ്ങളിൽ വായിക്കുന്നത് ഓർത്തിരിക്കുന്നതു മർമപ്രധാനമാണ്. പരീക്ഷയിൽ വിജയിക്കുന്നതും തിരഞ്ഞെടുത്ത തൊഴിലിൽ പ്രവേശിക്കുന്നതും അതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഒരു ക്രിസ്തീയശുശ്രൂഷകൻ വായിക്കുന്നത് ആകസ്മികമായിട്ടോ കാര്യമായിട്ടോ ആയാലും അത് ഓർത്തിരിക്കേണ്ടതിന്റെ വർധിച്ച ആവശ്യമുണ്ട്. അയാളുടെ ലക്ഷ്യം യഹോവയോടു കൂടുതൽ അടുക്കുകയും യഹോവക്കു സ്തുതി കരേററുമാറു തന്റെ ശുശ്രൂഷയെ മെച്ചപ്പെടുത്തുകയുമാണ്.—ആവ. 17:19.
2 ക്രിസ്ത്യാനിയുടെ പ്രധാന വായനാവസ്തുക്കൾ ബൈബിളും ബൈബിൾ മനസ്സിലാക്കുന്നതിനു യഥാർഥ സഹായം നൽകുന്ന പ്രസിദ്ധീകരണങ്ങളുമാണ്. നിത്യജീവനിലേക്കു നയിക്കുന്നതു ബൈബിളിൽ കാണപ്പെടുന്ന അറിവാണെന്ന് അയാൾക്കറിയാം. ഈ വായനയാണ് ഒരു ഫലപ്രദനായ ശുശ്രൂഷകനായിരിക്കാൻ അയാളെ സജ്ജനാക്കുന്നത്, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നമുക്കു മുഖ്യതാത്പര്യമുളളത് ഈ വായനയിലാണ്.
3, 4. വായിക്കുന്നതിനു നാം നല്ലതു തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്?
3 വായനയിലൂടെ നമ്മുടെ മനസ്സിലേക്കു വിവരങ്ങൾ സ്വീകരിക്കുന്നതിനെ നമ്മുടെ ഉദരത്തിലേക്ക് ആഹാരം സ്വീകരിക്കുന്നതിനോടു താരതമ്യപ്പെടുത്താൻ കഴിയും. രണ്ടു സംഗതികളിലും നാം നല്ലതു തിരഞ്ഞെടുക്കേണ്ടതാണ്. കേവലം തന്റെ വിശപ്പു ശമിപ്പിക്കുമ്പോൾപോലും ഭക്ഷിക്കുന്ന ആൾ ദഹിക്കാത്തതോ ശരീരത്തിനു യഥാർഥ ഗുണം ചെയ്യാത്തതോ, അതിലും മോശമായി, തനിക്കു വിഷബാധ ഏല്പിക്കുന്നതോ തന്റെ ഉദരത്തിലേക്കു സ്വീകരിക്കുന്നതു മൗഢ്യമാണ്. ഏററം നല്ല ഫലങ്ങൾക്കുവേണ്ടി, നീണ്ടുനിൽക്കുന്ന പ്രയോജനങ്ങൾക്കുവേണ്ടി, നമ്മുടെ ശരീരങ്ങൾ ആഹാരം അനായാസം ദഹിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യണം.
4 നമ്മുടെ വായനയുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. വായന ആകസ്മികമായതായാലും കാര്യമായതായാലും നാം ഉൾക്കൊളളുന്നതു മാനസികമായി ദഹിപ്പിക്കാവുന്നതായിരിക്കണം, അതു നമ്മുടെ മനസ്സുകൾക്കു നിലനിൽക്കുന്ന പ്രയോജനം ചെയ്യുന്നതായിരിക്കണം. അസത്യമോ ഭക്തികെട്ടതോ അധാർമികമോ ആയതും തന്നിമിത്തം ആത്മീയദഹനക്കേടു വരുത്തുന്നതുമായ വിവരങ്ങൾകൊണ്ടു മനസ്സിനെ പോഷിപ്പിക്കുന്നതു ബുദ്ധിശൂന്യമാണെന്നുളളതു വ്യക്തമാണ്. (ഫിലി. 4:8) മൂല്യമില്ലാത്ത വിവരങ്ങൾ വായിച്ചുകൊണ്ടു സമയം പാഴാക്കുന്നതെന്തിന്? ഭക്ഷിക്കുന്നതിനു നാം നല്ലതു തിരഞ്ഞെടുക്കുന്നതുപോലെ, വായിക്കേണ്ടതും തിരഞ്ഞെടുക്കണം.
5, 6. നാം വ്യക്തിപരമായ വായനയ്ക്കു സമയം പട്ടികപ്പെടുത്തേണ്ടത് എന്തുകൊണ്ട്, അങ്ങനെയുളള വായന എപ്പോൾ നടത്താവുന്നതാണ്?
5 വ്യക്തിപരമായ വായനയ്ക്കുളള പട്ടിക. വായിക്കുന്നതിനു ശരിയായ തരം വിവരങ്ങൾ തിരഞ്ഞെടുത്തശേഷം നിങ്ങൾ അടുത്ത പടി സ്വീകരിക്കേണ്ടതുണ്ട്. അതു നിങ്ങളുടെ പ്രത്യേക ജീവിതരീതിക്കു യോജിക്കുന്ന ഒരു വായനാപട്ടിക ഏർപ്പെടുത്തുകയാണ്. നിങ്ങൾ വായനയ്ക്കുവേണ്ടി പ്രത്യേക ദിവസങ്ങളോ സായാഹ്നങ്ങളോ വേർതിരിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കാത്തവണ്ണം തീർത്തും യാദൃച്ഛികമായിരിക്കാനിടയുണ്ട്.—പ്രവൃ. 17:11.
6 ചിന്താപൂർവകമായ വായനയ്ക്കു വേണ്ടത്ര സമയവും പരിശോധിച്ച വിവരങ്ങൾ വിചിന്തനംചെയ്യുന്നതിന് അനുകൂലമായ ചുററുപാടുകളും ആവശ്യമാണ്. എന്നാൽ നിങ്ങളുടെ മുഴുവായനയും നടത്തുന്നത് നീണ്ട പഠനഘട്ടങ്ങളിലായിരിക്കുകയില്ല. ഓരോ ദിവസവും കുറച്ചു വായിക്കുന്നതിനു പത്തോ പതിനഞ്ചോ മിനിററു മാത്രം വേർതിരിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എന്തുമാത്രം നേട്ടമുണ്ടാക്കാൻ കഴിയുമെന്നതിൽ നിങ്ങൾ അതിശയിച്ചുപോകും. ചിലർ അതിരാവിലെയോ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പോ ആയിരിക്കും ഈ വായന നടത്തുന്നത്. മററു ചിലർ ലൗകിക ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ പൊതുവാഹനത്തിൽ സഞ്ചരിക്കുമ്പോഴോ ഉച്ചഭക്ഷണസമയത്തോ വായിക്കുന്നു. ചില ഭവനങ്ങളിൽ, ഓരോ ദിവസവും ഒരു ഭക്ഷണത്തിനുശേഷം അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുമ്പു മുഴുകുടുംബവും അഞ്ചോ പത്തോ മിനിററ് ഒരുമിച്ചിരുന്നു വായിക്കുന്നു. ക്രമം, ദൈനംദിനമുളള കുറെ വായന, സദ്ഫലങ്ങൾ ഉളവാക്കുന്നു.
7. ബൈബിൾവായനയിലെ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
7 നിങ്ങളുടെ വ്യക്തിപരമായ പട്ടികയിൽ ബൈബിൾ വായിക്കുന്നതിനുതന്നെ കുറെ സമയം ഉൾപ്പെടുത്തണം. അതു പുറംചട്ടമുതൽ പുറംചട്ടവരെ മുഴുവൻ വായിക്കുന്നതിൽ വലിയ മൂല്യമുണ്ട്. ഓരോ ദിവസത്തിലും അല്ലെങ്കിൽ ഓരോ ആഴ്ചയിലും കുറെ അധ്യായങ്ങളോ പേജുകളോ വായിക്കുന്നതിനാൽ ഇതു സാധിക്കാവുന്നതാണ്. എന്നിരുന്നാലും, വായിക്കുന്നതിലുളള നിങ്ങളുടെ ലക്ഷ്യം ഒരിക്കലും വിവരങ്ങൾ വായിച്ചുതീർക്കുക എന്നതുമാത്രമായിരിക്കരുത്, പിന്നെയോ ഓർത്തിരിക്കാനുളള ലക്ഷ്യത്തോടെ അതിന്റെ ആകമാനമായ വീക്ഷണം കിട്ടുക എന്നതായിരിക്കണം. അതു പറയുന്നതുസംബന്ധിച്ചു ചിന്തിക്കാൻ സമയമെടുക്കുക. ബൈബിൾ വായിക്കുമ്പോൾ ലഭിക്കാവുന്നതിലേക്കും നല്ല ആത്മീയാഹാരമാണു ഭക്ഷിക്കുന്നതെന്നു നിങ്ങൾക്ക് എല്ലായ്പോഴും ദൃഢവിശ്വാസമുണ്ടായിരിക്കാൻ കഴിയും.
8, 9. നമ്മുടെ വായനാപരിപാടിയിൽ വേറെ ഏതു വിവരങ്ങൾ ഉൾപ്പെടുത്തുന്നതു പ്രയോജനകരമായിരിക്കും?
8 വീക്ഷാഗോപുര അധ്യയനത്തിലും മററു സഭാമീററിംഗുകളിലും പരിചിന്തിക്കേണ്ട വിവരങ്ങൾ തയ്യാറാകുന്നതിനുളള വായനയ്ക്കും സമയം ആവശ്യമാണ്. യോഗങ്ങളിൽ അഭിപ്രായം പറയുന്ന കാര്യം മനസ്സിൽപിടിക്കുന്നതു നല്ലതാണ്, എന്നാൽ ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതു നിങ്ങളുടെ മുഖ്യ ലക്ഷ്യമാക്കരുത്. മറിച്ച്, നിങ്ങൾ വായിക്കുന്നതു മനസ്സിലാക്കാൻ ശ്രമിക്കുകയും അതു നിങ്ങളുടെ സ്വന്തം ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പരിചിന്തിക്കുകയും ചെയ്യുക.
9 ഇനി വാരംതോറുമുളള സഭയുടെ അധ്യയനത്തിന് ഉപയോഗിക്കാത്ത വീക്ഷാഗോപുര ലേഖനങ്ങളുമുണ്ട്. ഉണരുക! മാസികയും അതിന്റെ ഏടുകളിൽ വിജ്ഞാനപ്രദമായ ഒട്ടേറെ വിവരങ്ങൾ നൽകുന്നുണ്ട്. നിങ്ങളുടെ ഭാഷയിലുളള സൊസൈററിയുടെ പഴയ പ്രസിദ്ധീകരണങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? വിവരങ്ങൾ വായിക്കുന്നതിനു നിങ്ങൾക്കു സമയമുണ്ടാക്കാൻ കഴിയുന്നടത്തോളം നിങ്ങൾക്കുവേണ്ടി ഒരു അനുഗ്രഹം കരുതിവെച്ചിട്ടുണ്ട്. ഒരുവന്റെ ആത്മീയവളർച്ചയുടെ അളവ് അയാളുടെ വായനാശീലങ്ങളുടെ ക്രമത്തെയും ഗുണത്തെയുമാണ് ഒരു വലിയ അളവിൽ ആശ്രയിച്ചിരിക്കുന്നത്.
10-17. നാം വായിക്കുന്നതിൽ അധികവും ഓർത്തിരിക്കാൻ ഏതു നടപടികൾ നമ്മെ സഹായിക്കും?
10 ഓർമിക്കുന്നതിനുളള സഹായികൾ. വായിക്കുന്നതിൽനിന്നു പൂർണപ്രയോജനം ലഭിക്കുന്നതിന്, നാം അത് ഓർത്തിരിക്കേണ്ടതുണ്ട്. തങ്ങളുടെ ഓർമശക്തി മോശമായതുകൊണ്ട് ഓർക്കുന്നില്ലെന്ന് ആളുകൾ മിക്കപ്പോഴും പറയും. എന്നിരുന്നാലും, അനേകരുടെ സംഗതിയിലും അതു കേവലം പരിശീലിപ്പിക്കപ്പെടാത്തതോ പ്രവർത്തിപ്പിക്കാത്തതോ ആയ ഓർമശക്തിയായിരിക്കാം. നമ്മുടെ വായനയിൽനിന്നു പരമാവധി പ്രയോജനം നേടാൻ ശ്രമിക്കുന്നതു ജ്ഞാനമാർഗമാണ്. വായിച്ച വിവരങ്ങൾ പെട്ടെന്നു മറക്കുകയാണെങ്കിൽ പ്രയോജനത്തിലധികവും നഷ്ടമാകും. ഓർത്തിരിക്കത്തക്കവണ്ണം വായിക്കാൻ നാം പഠിക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ വായനക്കാർക്കു പ്രയോജനംചെയ്തിട്ടുളള നിരവധി നിർദേശങ്ങളുണ്ട്. അവ നിങ്ങളെ സഹായിച്ചേക്കാം.
11 നിങ്ങൾ വായിക്കുമ്പോൾ, വാക്കുകൾ പെറുക്കി വായിക്കുന്നതിനു പകരം പദപ്രയോഗങ്ങളോ പദസമൂഹങ്ങളോ കൂട്ടിവായിക്കാൻ ശ്രമിക്കുക. അതു നിങ്ങളുടെ വായനയ്ക്കു വേഗം കൂട്ടുക സാധ്യമാക്കുകയും വാക്കുകളുമായി മല്ലിടുന്നതിനുപകരം ആശയങ്ങൾ ഗ്രഹിക്കുന്നതിനു നിങ്ങളെ സഹായിക്കുകയും ചെയ്യും. സാധാരണ വായനയ്ക്കു വാക്കുകൾ ഉച്ചരിക്കുകയോ വായിക്കുമ്പോൾ ചുണ്ടുകൾ അനക്കുകയോ ചെയ്യരുത്. ഒരു മുഖ്യാശയം മനസ്സിൽ പതിപ്പിക്കാനല്ലാത്തപക്ഷം പിമ്പോട്ടിറങ്ങി വായിക്കുന്ന ശീലമിടരുത്. തീർച്ചയായും ഘനമായ, സങ്കീർണമായ, വിവരങ്ങളുടെ കാര്യത്തിൽ ശരിയായ ആശയം കിട്ടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു നിങ്ങൾ സാവധാനത്തിൽ വായിക്കേണ്ടതുണ്ട്. നിങ്ങൾ ഉച്ചത്തിലോ ഒരു മന്ദസ്വരത്തിൽ പോലുമോ അതു വായിക്കേണ്ടതാവശ്യമായിരിക്കാം. (സങ്കീ. 1:2) ദൃഷ്ടാന്തത്തിന്, സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളും ശീഘ്രവായനയ്ക്കല്ല, പിന്നെയോ ധ്യാനത്തിനുവേണ്ടി എഴുതിയതാണ്.—സങ്കീ. 77:11, 12.
12 പെൻസിൽ കൈയിൽ വെച്ചുകൊണ്ടും മുഖ്യപദങ്ങളുടെ അടിയിൽ വരച്ചുകൊണ്ടും വീണ്ടും പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന പ്രത്യേക ആശയങ്ങൾ മററു പ്രകാരത്തിൽ കുറിച്ചിട്ടുകൊണ്ടും വായിക്കുന്നുവെങ്കിൽ അതും സഹായകമാണ്. എന്നിരുന്നാലും, അടിയിൽവരയ്ക്കൽ വിരളമായേ നടത്താവൂ, കാരണം അമിതമാകുമ്പോൾ അതു മുഖ്യാശയങ്ങളെ വേർതിരിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുന്നു. നിങ്ങൾ വിശേഷാൽ വിലപ്പെട്ട ഏതെങ്കിലും വിശദീകരണം അല്ലെങ്കിൽ വീടുതോറുമുളള ശുശ്രൂഷയിൽ ഏതെങ്കിലും പൊതു തടസ്സവാദത്തെ നേരിടാൻ ഉപയോഗിക്കാവുന്ന ഒരു വാദമുഖം കാണുമ്പോൾ നിങ്ങളുടെ പുസ്തകത്തിന്റെ പിൻഭാഗത്തു പേജും ഖണ്ഡികയും കുറിച്ചിടുന്നതു സഹായകമായിരിക്കും. അങ്ങനെയെങ്കിൽ ആവശ്യമുളളപ്പോൾ അതു പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയും. തീർച്ചയായും പുസ്തകം നിങ്ങളുടെ സ്വന്തമല്ലെങ്കിൽ ഒരിക്കലും അതിൽ വരയ്ക്കരുത്.
13 നിങ്ങൾക്കു നിർത്തലും വിചിന്തനവും കൂടാതെയും ഇപ്പോൾത്തന്നെ ആ വിഷയംസംബന്ധിച്ച് അറിയാവുന്ന വസ്തുതകളുമായി വിവരങ്ങൾ താരതമ്യപ്പെടുത്താതെയും വെറുതെ ഒരു ലേഖനമോ പുസ്തകമോ വായിച്ചുതീർക്കാവുന്നതല്ല—പ്രമുഖ ആശയങ്ങൾ ഓർത്തിരിക്കാൻ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ പാടില്ല. നൽകിയിരിക്കുന്ന കാരണങ്ങളും നിഗമനങ്ങളെ പിന്താങ്ങുന്നതിനു സമർപ്പിച്ചിരിക്കുന്ന വാദങ്ങളും ഗൗനിച്ചുകൊണ്ട്, വായിക്കുന്നതു വിശകലനം ചെയ്യാൻ പഠിക്കുക. കൂടാതെ, നിങ്ങളുടെ ജീവിതത്തിനു ബാധകമാകുന്നതും അനുദിന ജീവിതത്തിനു ഒരു വഴികാട്ടിയായതുമായ തത്ത്വങ്ങൾ അന്വേഷിക്കുക. നിങ്ങൾക്ക് അവ എങ്ങനെ ബാധകമാക്കാമെന്നു പരിചിന്തിക്കാൻ സമയമെടുക്കുക.
14 സൊസൈററിയുടെ ബയൻറിട്ട പുസ്തകങ്ങളിൽ ഒന്നിന്റെ കാര്യമായ വായനയിൽ ആദ്യം ശീർഷകവും ഉളളടക്കത്തിന്റെ യുക്തിപൂർവകമായ ക്രമവും പരിചിന്തിക്കുന്നതു മിക്കപ്പോഴും സഹായകമാണ്. ഇതു നിങ്ങളുടെ മനസ്സിൽ ആകമാനമായ വിഷയം പതിപ്പിക്കും. നിങ്ങൾ ഒരു മാസികാലേഖനമോ ഒരു പുസ്തകത്തിലെ അധ്യായമോ വായിക്കാൻ ഒരുങ്ങുമ്പോൾ ആദ്യം വിവിധ ഉപതലക്കെട്ടുകൾ നോക്കുക. ഇവ പ്രതിപാദ്യവിഷയം വികസിപ്പിക്കുന്നതിന്റെ ക്രമം കാണിക്കുന്നു. മുഖ്യാശയ വാചകങ്ങൾ ശ്രദ്ധിക്കാൻ ജാഗരൂകരായിരിക്കുക, സാധാരണയായി അവ ഓരോ ഖണ്ഡികയുടെയും ആരംഭത്തിൽ പ്രത്യക്ഷപ്പെടുന്നു. അവ ആ ഖണ്ഡിക എന്തിനെക്കുറിച്ചാണെന്നു നിങ്ങളോടു ചുരുക്കിപ്പറയും. നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിന്റെ ആകമാനമായ വീക്ഷണം ലഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
15 മറെറാരു നിർദേശം നിങ്ങൾ വായിക്കുന്നതു വിഭാവനചെയ്യാൻ ശ്രമിക്കാനാണ്, ഓർക്കുന്നതിന് ഒരു സഹായമെന്ന നിലയിൽ മാനസികചിത്രങ്ങൾ ഉണ്ടാക്കിക്കൊണ്ടുതന്നെ. അഭിനേതാക്കളെയും പശ്ചാത്തലത്തെയും ഭാവനയിൽ കാണുകയും ശബ്ദങ്ങളും സ്വരങ്ങളും കേൾക്കുകയും വാസനകൾ മണക്കുകയും ഭക്ഷണവും പാനീയവും രുചിക്കുകയും ഒരു സാഹചര്യത്തിന്റെ സന്തോഷം അല്ലെങ്കിൽ സന്താപം പങ്കുവെക്കുകയും ചെയ്യുക. വർണിക്കപ്പെടുന്ന രംഗത്തു നിങ്ങളേത്തന്നെ നിർത്താൻ ശ്രമിക്കുക. ബൈബിൾവിവരണത്തെ ഭംഗ്യന്തരേണ പുനരുത്പാദിപ്പിക്കാൻ ഭാവനാപൂർവം സകല ഇന്ദ്രിയങ്ങളെയും പ്രവർത്തനക്ഷമമാക്കാൻ കഴിയും. ബൈബിൾചരിത്രത്തിന്റെ ഭാഗങ്ങൾ ഈ വിധത്തിൽ കൂടുതൽ അനായാസമായി ഓർമയിലേക്കു വരുത്താൻ കഴിയും.
16 നിങ്ങൾ ഒരു അധ്യായത്തിന്റെ അവസാനത്തിലേക്കു വരുമ്പോൾ അതിനെ അന്തിമമായി മാനസിക പുനരവലോകനം ചെയ്യുക. പിന്നീടു നിങ്ങളുടെ മാനസിക ബാഹ്യരേഖയെ ലിഖിതവിവരങ്ങളുമായി വീണ്ടും താരതമ്യപ്പെടുത്തുക.
17 സാധ്യമെങ്കിൽ, നിങ്ങൾ വായിച്ച പോയിൻറുകൾ മററാരെങ്കിലുമായി ചർച്ചചെയ്യുക, അവ നിങ്ങളുടെ മനസ്സിൽ പുതുമവിടാതെ നിൽക്കുമ്പോൾതന്നെ അങ്ങനെ ചെയ്യുക. അവയെക്കുറിച്ചുളള ആശയപ്രകടനം നിങ്ങളുടെ മനസ്സിലെ ധാരണകളെ ആഴമുളളതാക്കും, അതേസമയം മറേറ ആൾക്ക് ആ വിഷയംസംബന്ധിച്ചുളള നിങ്ങളുടെ അറിവിനെ അവസരോചിതമായി വർധിപ്പിക്കാൻ കഴിഞ്ഞേക്കാം. നിങ്ങൾ പ്രായോഗികമായ ഏതെങ്കിലും വയലാശയങ്ങൾ കണ്ടെത്തിയെങ്കിൽ എത്രയും വേഗം അവ നിങ്ങളുടെ പ്രസംഗശുശ്രൂഷയിൽ ഉപയോഗിക്കുക. ഇതും വിവരങ്ങൾ നിങ്ങളുടെ സ്മരണയിൽ ഉറപ്പിക്കും.
18-20. നന്നായി വായിക്കാൻ പഠിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 ഫലപ്രദമായ വായനയുടെ മൂല്യം. വായനയ്ക്കു നമ്മുടെ ജീവിതത്തിൽ നേരിട്ടുളള ഒരു സ്വാധീനമുണ്ട്. നാം ചെയ്യുന്ന വേലയുടെ തരവും നാം വളർത്തിയെടുക്കുന്ന വൈദഗ്ധ്യങ്ങളും നമ്മുടെ ജീവിതാസ്വാദനവും ആത്മീയവളർച്ചയുമെല്ലാം നമ്മുടെ വായനാപ്രാപ്തിയോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ വായനാപ്രാപ്തിയില്ലെങ്കിൽ ഒരുവനു പഠനത്തിന്റെയും അനുഭവത്തിന്റെയും സമൃദ്ധിയിലധികവും നിഷേധിക്കപ്പെടുകയാണ്. വ്യവസ്ഥാപിതമായ ഒരു ഭവന വായനാപരിപാടിയാൽ മാതാപിതാക്കൾക്കു തങ്ങളുടെ മക്കളെ വായിക്കാൻ പരിശീലിക്കുന്നതിനു സഹായിക്കാൻ കഴിയും. ചിലപ്പോഴൊക്കെ ഉച്ചത്തിൽ വായിക്കുന്നതിന്, ദൃഷ്ടാന്തത്തിനു തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിൽനിന്ന് അന്നത്തെ വാക്യവും അഭിപ്രായങ്ങളും വായിക്കുന്നതിന്, നിങ്ങളുടെ മക്കളോട് ആവശ്യപ്പെടുന്നതു നല്ലതാണ്. നിങ്ങൾ ഒഴുക്കുളള ഒരു വായനക്കാരനല്ലെങ്കിൽ, ഓരോ ദിവസവും പതിനഞ്ചുമുതൽ മുപ്പതുവരെ മിനിററു പരിശീലിക്കുന്നതു വളരെ പ്രയോജനകരമായിരിക്കും. ചുരുക്കംചില മാസങ്ങൾകൊണ്ടു നിങ്ങൾക്കു തൃപ്തികരമായ ഫലങ്ങൾ അനുഭവപ്പെടും.
19 നല്ല വായനാശീലങ്ങളും വായനയ്ക്കും ഗവേഷണത്തിനും വേണ്ടി പട്ടികപ്പെടുത്തിയ സമയങ്ങളും ഇവിടെ വിവരിച്ച വിവിധ നിർദേശങ്ങളുടെ പ്രയോഗവും നിങ്ങളുടെ ശുശ്രൂഷാപ്രാപ്തിയെ അതിയായി മെച്ചപ്പെടുത്തും. നിങ്ങളുടെ ജീവിതത്തിലും ശുശ്രൂഷയിലും ബാധകമാക്കത്തക്കവണ്ണം ദൈവത്തിന്റെ വിലയേറിയ വചനങ്ങൾ അധികമായി ഓർത്തിരിക്കാൻ നിങ്ങൾ പ്രാപ്തരാകും. ഇവിടെ നൽകിയ പോയിൻറുകൾ പ്രാവർത്തികമാക്കുന്നുവെങ്കിൽ പ്രായമുളളവർക്കുപോലും തങ്ങളുടെ ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും. പ്രയോജനം കിട്ടാൻ കഴിയാത്തവിധം പ്രായം കൂടിപ്പോയെന്ന് ആരും വിചാരിക്കരുത്.
20 ഒരു പുസ്തകത്തിൽ തന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ വിവരിച്ചതിനുളള ദൈവത്തിന്റെ കാരണം തന്റെ അത്ഭുതപ്രവൃത്തികളെല്ലാം മനുഷ്യമക്കളെ അറിയിക്കുകയും അവർ ദീർഘനാൾ അവ ഓർത്തിരിക്കുകയും ചെയ്യുക എന്നതായിരുന്നു. (സങ്കീ. 78:5-7) ഈ കാര്യത്തിലെ ദൈവത്തിന്റെ ഔദാര്യത്തോടുളള നമ്മുടെ വിലമതിപ്പ് ആ ജീവദായകമായ വചനം വായിക്കുന്നതിലും ഓർത്തിരിക്കുന്നതിലുമുളള നമ്മുടെ ഉത്സാഹത്താൽ ഏററം നന്നായി പ്രകടമാക്കപ്പെടുന്നു.
[അധ്യയന ചോദ്യങ്ങൾ]