വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്തമാക്കൽ
പാഠം 27
വിഷയപ്രതിപാദ്യവും മുഖ്യ പോയിൻറുകളും പ്രദീപ്തമാക്കൽ
1-4. ഒരു പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യം എന്നതിനാൽ അർഥമാക്കുന്നതെന്തെന്നു വിശദീകരിക്കുക.
1 ഓരോ പ്രസംഗത്തിനും ദിശാനിർദേശം കൊടുക്കുന്നതിനും അതിന്റെ ഭാഗങ്ങളെയെല്ലാം പ്രസാദാത്മകമായ ഒരു വിധത്തിൽ ബന്ധിപ്പിക്കുന്നതിനും ഒരു വിഷയപ്രതിപാദ്യം ആവശ്യമാണ്. നിങ്ങളുടെ വിഷയപ്രതിപാദ്യം എന്തുതന്നെയായിരുന്നാലും അതു മുഴു പ്രസംഗത്തിലും വ്യാപരിക്കണം. അതു നിങ്ങളുടെ പ്രസംഗത്തിന്റെ സാരമാണ്; ഒരുപക്ഷേ അത് ഒററവാക്യത്തിൽ പറയാൻ കഴിയും, എന്നിരുന്നാലും അതിൽ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ ഓരോ വശവും ഉൾപ്പെടും. വിഷയപ്രതിപാദ്യം സദസ്സിലെ എല്ലാവർക്കും സ്പഷ്ടമായിരിക്കണം, അതിന് ഉചിതമായി ദൃഢത കൊടുക്കുകയാണെങ്കിൽ അതു സ്പഷ്ടമായിരിക്കും.
2 ഒരു പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യം “വിശ്വാസം” പോലെ കേവലം വിശാലമായ ഒരു വിഷയമല്ല; അത് ആ വിഷയത്തിന്റെ പരിചിന്തിക്കപ്പെടുന്ന പ്രത്യേകവശമാണ്. ദൃഷ്ടാന്തത്തിന്, വിഷയപ്രതിപാദ്യം “നിങ്ങളുടെ വിശ്വാസം—അതെത്രത്തോളം എത്തുന്നു?” എന്നതായിരിക്കാം. അല്ലെങ്കിൽ അതു “ദൈവത്തെ പ്രസാദിപ്പിക്കാൻ വിശ്വാസം ആവശ്യം” എന്നോ “നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം” എന്നോ “വിശ്വാസത്തിൽ വളർന്നുകൊണ്ടിരിക്കുക” എന്നോ ആയിരിക്കാം. ഈ വിഷയപ്രതിപാദ്യങ്ങളെല്ലാം വിശ്വാസത്തിൽ കേന്ദ്രീകരിക്കുന്നുവെങ്കിലും അവ ഓരോന്നും വിഷയത്തെ ഒരു വ്യത്യസ്ത വിധത്തിൽ വീക്ഷിക്കുകയും തികച്ചും വ്യത്യസ്ത രൂപങ്ങളിലുളള വികസിപ്പിക്കൽ ആവശ്യമാക്കിത്തീർക്കുകയും ചെയ്യുന്നു.
3 ചില സന്ദർഭങ്ങളിൽ, നിങ്ങൾ നിങ്ങളുടെ വിഷയപ്രതിപാദ്യം തിരഞ്ഞെടുക്കുന്നതിനു മുമ്പു വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ പ്രസംഗബാഹ്യരേഖ സംബന്ധിച്ചുളള തയ്യാറാകൽ തുടങ്ങുന്നതിനുമുമ്പ് അല്ലെങ്കിൽ മുഖ്യ പോയിൻറുകൾ തിരഞ്ഞെടുക്കുന്നതിനു മുമ്പു വിഷയപ്രതിപാദ്യം വ്യക്തമായി സ്ഥാപിക്കപ്പെടണം. ഉദാഹരണത്തിന്, ഓരോ ഭവന ബൈബിളധ്യയനത്തെയും തുടർന്നു യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തെക്കുറിച്ചു ചർച്ചചെയ്യാൻ നിങ്ങളാഗ്രഹിച്ചേക്കാം. അതു വിശാലമായ ഒരു വിഷയമാണ്. ഈ വിഷയംസംബന്ധിച്ച് എന്തു പറയുമെന്നു തീരുമാനിക്കുന്നതിന്, നിങ്ങൾ സദസ്സിനെയും പ്രസംഗത്തിന്റെ ഉദ്ദേശ്യത്തെയും പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഒരു വിഷയപ്രതിപാദ്യം തിരഞ്ഞെടുക്കാം. നിങ്ങൾ ഒരു പുതിയ ആളെ സേവനത്തിന് ഇറക്കാൻ ശ്രമിക്കുകയാണെങ്കിൽ, യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിച്ചുകൊണ്ടു യേശുക്രിസ്തുവിനെ അനുകരിക്കുന്നുവെന്നു പ്രകടമാക്കാൻ നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്. അതായിരിക്കും നിങ്ങളുടെ വിഷയപ്രതിപാദ്യം. നിങ്ങൾ പറയുന്നതെല്ലാം യഹോവയുടെ സാക്ഷികൾ എന്ന വിശാലമായ വിഷയത്തിന്റെ ആ വശം വികസിപ്പിക്കാനായിരിക്കും.
4 നിങ്ങളുടെ പ്രസംഗത്തിൽ നിങ്ങൾക്ക് ഒരു വിഷയപ്രതിപാദ്യത്തിനു ദൃഢത കൊടുക്കാൻ എങ്ങനെ കഴിയും? ആദ്യമായി നിങ്ങൾ നിങ്ങളുടെ ഉദ്ദേശ്യത്തിനു യോജിക്കുന്ന ഉചിതമായ ഒരു വിഷയപ്രതിപാദ്യം തിരഞ്ഞെടുക്കണം. ഇതിനു മുൻകൂട്ടിയുളള തയ്യാറാകൽ ആവശ്യമാണ്. വിഷയപ്രതിപാദ്യം തിരഞ്ഞെടുക്കുകയും അതിനു ചുററുമായി നിങ്ങളുടെ പ്രസംഗത്തെ വികസിപ്പിക്കുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന ബാഹ്യരേഖയനുസരിച്ചു നിങ്ങൾ പ്രസംഗിക്കുകയാണെങ്കിൽ വിഷയപ്രതിപാദ്യം മിക്കവാറും സ്വതവേ ഊന്നിപ്പറയപ്പെടും. എന്നിരുന്നാലും, യഥാർഥ പ്രസംഗാവതരണത്തിൽ ഇടവിട്ടിടവിട്ടു വിഷയപ്രതിപാദ്യത്തിലെ മുഖ്യവാക്കുകളുടെയോ കേന്ദ്ര ആശയത്തിന്റെയോ ആവർത്തിക്കൽ വിഷയപ്രതിപാദ്യം അനായാസം ബോധ്യപ്പെടുത്തുന്ന കാര്യം ഉറപ്പാക്കും.
5, 6. ഒരു വിഷയപ്രതിപാദ്യം ഉചിതമാണോയെന്നു നിങ്ങൾക്ക് എങ്ങനെ നിർണയിക്കാൻ കഴിയും?
5 ഉചിതമായ വിഷയപ്രതിപാദ്യം. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഉചിതമായ ഒരു വിഷയപ്രതിപാദ്യം ഉണ്ടായിരിക്കുന്നതു മിക്കപ്പോഴും പ്രശ്നമല്ല, കാരണം അനേകം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഒന്നു നൽകപ്പെടുന്നു. എന്നാൽ നടത്താൻ നിങ്ങളോട് ആവശ്യപ്പെടുന്ന എല്ലാ പ്രസംഗത്തെസംബന്ധിച്ചും ഇതു സത്യമല്ല. അതുകൊണ്ടു വിഷയപ്രതിപാദ്യത്തിനു ശ്രദ്ധാപൂർവകമായ പരിഗണന കൊടുക്കുന്നതു ജ്ഞാനമാണ്.
6 ഒരു വിഷയപ്രതിപാദ്യം ഉചിതമാണോയെന്ന് എന്താണു തീരുമാനിക്കുന്നത്? പല കാര്യങ്ങളാണ്. നിങ്ങൾ നിങ്ങളുടെ സദസ്സിനെയും നിങ്ങളുടെ ഉദ്ദേശ്യത്തെയും വിവരങ്ങൾ നിയമിച്ചുതന്നിട്ടുണ്ടെങ്കിൽ അവയെയും പരിഗണിക്കണം. വിഷയപ്രതിപാദ്യത്തിനു ദൃഢത കൊടുക്കാത്ത പ്രസംഗങ്ങളാണു നിങ്ങൾ ചെയ്യുന്നതെങ്കിൽ, ഏതെങ്കിലും കേന്ദ്ര ആശയത്തിനു ചുററുമായിട്ടല്ലായിരിക്കാം നിങ്ങളുടെ പ്രസംഗം യഥാർഥത്തിൽ പടുത്തുയർത്തുന്നത്. നിങ്ങൾ യഥാർഥത്തിൽ വിഷയപ്രതിപാദ്യത്തിനു സംഭാവനചെയ്യാത്ത കണക്കിലേറെ പോയിൻറുകൾ നിങ്ങളുടെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കാം.
7, 8. ഒരുവനു വിഷയപ്രതിപാദ്യം പ്രദീപ്തമാക്കാൻ കഴിയുന്ന വിധങ്ങൾ കാണിച്ചുകൊടുക്കുക.
7 വിഷയപ്രതിപാദ്യപദങ്ങൾ അല്ലെങ്കിൽ ആശയം ആവർത്തിക്കുന്നു. ഒരു പ്രസംഗത്തിന്റെ സകല ഭാഗങ്ങളും വിഷയപ്രതിപാദ്യത്തെ പ്രദീപ്തമാക്കാനിടയാക്കാൻ കഴിയുന്ന ഒരു മാർഗം വിഷയപ്രതിപാദ്യത്തിൽ പ്രസ്താവിച്ചിരിക്കുന്ന മുഖ്യപദങ്ങളോ വിഷയപ്രതിപാദ്യത്തിന്റെ കേന്ദ്രാശയമോ ആവർത്തിക്കുകയാണ്. സംഗീതത്തിൽ, ഒരു വിഷയപ്രതിപാദ്യം മുഴുരചനയുടെയും സ്വഭാവമായിരിക്കത്തക്കവണ്ണം മിക്കപ്പോഴും ആവർത്തിക്കപ്പെടുന്ന ഒരു കവിതയാണ്. യഥാർഥത്തിൽ, അതു തിരിച്ചറിയാവുന്നതാക്കാൻ പൊതുവേ ചുരുക്കംചില നടപടികൾ മാത്രം മതി. കവിത ഒരേ രൂപത്തിൽ എല്ലായ്പോഴും വീണ്ടും പ്രത്യക്ഷപ്പെടുന്നില്ല. ചിലപ്പോൾ കവിതയുടെ ഒന്നോ രണ്ടോ പദപ്രയോഗങ്ങൾ മാത്രമേ വരുന്നുളളു, ചിലപ്പോഴൊക്കെ വിഷയപ്രതിപാദ്യത്തിൽ നിന്നുളള ഒരു വ്യതിയാനം ഉപയോഗിക്കപ്പെടുന്നു. എന്നാൽ ഒരു വിധത്തിലല്ലെങ്കിൽ മറെറാരു വിധത്തിൽ രചയിതാവു മുഴുസംഗീതത്തിലും വ്യാപരിക്കത്തക്കവണ്ണവും അതിന്റെ സ്വഭാവമായിരിക്കത്തക്കവണ്ണവും വിദഗ്ധമായി തന്റെ കവിത രചനയിലുടനീളം നെയ്തുചേർക്കുന്നു.
8 ഒരു പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യത്തെസംബന്ധിച്ചും അങ്ങനെതന്നെയായിരിക്കണം. ആവർത്തിക്കപ്പെടുന്ന മുഖ്യപദങ്ങൾ അല്ലെങ്കിൽ വിഷയപ്രതിപാദ്യ ആശയം ഒരു സംഗീതരചനയിലെ ആവർത്തിക്കുന്ന കവിതപോലെയാണ്. ഈ പദങ്ങളുടെ പര്യായങ്ങളോ അല്ലെങ്കിൽ കേന്ദ്ര വിഷയപ്രതിപാദ്യ ആശയത്തിന്റെ പുനഃപദവിന്യാസമോ വിഷയപ്രതിപാദ്യത്തിന്റെ ഒരു വ്യതിയാനമായി ഉതകുന്നു. വിരസമായിത്തീരാതിരിക്കാൻ വിവേകപൂർവം ഉപയോഗിക്കപ്പെടുന്ന അത്തരം മാർഗങ്ങൾ വിഷയപ്രതിപാദ്യം മുഴു പ്രസംഗത്തിന്റെയും സ്വഭാവപരമായ പ്രകാശനമായിരിക്കാൻ ഇടയാക്കും, അതു നിങ്ങളുടെ സദസ്സു ഗ്രഹിച്ചുകൊണ്ടുപോകുന്ന മുഖ്യ ആശയവുമായിരിക്കും.
**********
9-13. ഒരു പ്രസംഗത്തിലെ മുഖ്യ പോയിൻറുകൾ എന്താണെന്നു വിശദീകരിക്കുക. ഉദാഹരിക്കുക.
9 നിങ്ങളുടെ പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യം തീരുമാനിച്ചശേഷം തയ്യാറാകലിലെ അടുത്ത നടപടി അതു വികസിപ്പിക്കുന്നതിനു നിങ്ങൾ ഉപയോഗിക്കാൻ പ്ലാൻചെയ്യുന്ന മുഖ്യ പോയിൻറുകൾ തിരഞ്ഞെടുക്കുകയാണ്. നിങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ടിൽ ഇത് “മുഖ്യസംഗതികൾ എടുത്തുപറഞ്ഞു” എന്നു പട്ടികപ്പെടുത്തിയിരിക്കുന്നു.
10 ഒരു പ്രസംഗത്തിലെ മുഖ്യസംഗതികൾ എന്തൊക്കെയാണ്? അവ കേവലം രസകരമായ ആശയങ്ങളോ സന്ദർഭവശാൽ ചുരുക്കമായി പ്രസ്താവിക്കുന്ന പോയിൻറുകളോ അല്ല. അവ പ്രസംഗത്തിന്റെ മുഖ്യഭാഗങ്ങളാണ്, കുറെ ദീർഘമായി വികസിപ്പിക്കുന്ന ആശയങ്ങൾ. അവ ഷെൽഫുകളുടെ ഒരു ഭാഗത്ത് എന്താണിരിക്കുന്നതെന്നു തിരിച്ചറിയാൻ ഒരുവനെ സഹായിക്കുന്ന പലചരക്കുകടയിലെ ഷെൽഫ്ലേബലുകളോ അടയാളങ്ങളോ പോലെയാണ്. അവ ആ ഭാഗത്ത് എന്തെല്ലാം ഉൾപ്പെടുത്താം, എന്തെല്ലാം അതിനു പുറത്തായിരിക്കണം എന്നതിനെ ഭരിക്കുന്നു. ധാന്യങ്ങൾ എന്ന ലേബലിൻ കീഴിൽ ജാമുകളും ജല്ലികളും അസ്ഥാനത്തായിരിക്കും, അവ ആളുകളെ കുഴപ്പത്തിലാക്കുക മാത്രമേ ചെയ്യുന്നുളളു. കാപ്പിയും തേയിലയും എന്ന അടയാളത്തിൻകീഴിൽ അരി ഉൾപ്പെടുകയില്ല. അമിത തിക്കലോ അമിത ഭാരംകയററലോ നിമിത്തം ഷെൽഫ് ലേബലുകൾ മറഞ്ഞിരിക്കുന്നുവെങ്കിൽ എന്തെങ്കിലും കണ്ടുപിടിക്കുക പ്രയാസമായിരിക്കും. എന്നാൽ അടയാളങ്ങൾ വ്യക്തമായി ദൃശ്യമാണെങ്കിൽ, ഒരു വ്യക്തിക്കു തന്റെ മുമ്പാകെയുളളതു പെട്ടെന്നു തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ പ്രസംഗത്തിന്റെ മുഖ്യസംഗതികൾ സംബന്ധിച്ച് അങ്ങനെയാണ്. അവ ഗ്രഹിക്കാനും ഓർത്തിരിക്കാനും കഴിയുന്നടത്തോളം കാലം നിങ്ങളുടെ സദസ്സിന് ഉപസംഹാരംവരെ പിന്തുടരുന്നതിനു വളരെ കുറച്ചു കുറിപ്പുകൾ മതിയാകും.
11 മറെറാരു ഘടകം. മുഖ്യ പോയിൻറുകളുടെ തിരഞ്ഞെടുപ്പും ഉപയോഗവും സദസ്സിനും പ്രസംഗത്തിന്റെ ഉദ്ദേശ്യത്തിനും അനുസരണമായി വ്യത്യാസപ്പെടും. ഇക്കാരണത്താൽ, ഉപദേശകൻ മുന്നമേ നടത്തിയിരിക്കാവുന്ന പോയിൻറുകളുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലല്ല, പിന്നെയോ വിദ്യാർഥിയുടെ മുഖ്യ പോയിൻറുകളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണു സ്കൂൾ മേൽവിചാരകൻ വിദ്യാർഥിയുടെ മുഖ്യസംഗതികളുടെ തിരഞ്ഞെടുപ്പിനെ വിലയിരുത്തേണ്ടത്.
12 തിരഞ്ഞെടുപ്പു നടത്തുമ്പോൾ, സാരവത്തായവ മാത്രം തിരഞ്ഞെടുക്കുക. അതുകൊണ്ട് ഒരു പോയിൻറിനെ സാരവത്താക്കുന്നത് എന്താണെന്നു ചോദിക്കുക. അതില്ലാതെ പ്രസംഗത്തിന്റെ ഉദ്ദേശ്യം നേടാൻ കഴിയില്ലെങ്കിൽ അതു സാരവത്താണ്. ദൃഷ്ടാന്തത്തിന്, മറുവില എന്ന ഉപദേശം പരിചയമില്ലാത്ത ഒരു വ്യക്തിയുമായുളള അതിന്റെ ചർച്ചയിൽ ഭൂമിയിലെ യേശുവിന്റെ മനുഷ്യത്വം സ്ഥാപിക്കുന്നതു മർമപ്രധാനമാണ്. അല്ലാത്തപക്ഷം, അവിടുത്തെ ബലിയുടെ അനുയോജ്യഗുണം പ്രകടമാക്കുക അസാധ്യമായിരിക്കും. തന്നിമിത്തം നിങ്ങൾ ഇതിനെ ചർച്ചയുടെ മുഖ്യ പോയിൻറുകളിലൊന്നായി പരിഗണിക്കും. എന്നാൽ ത്രിത്വം ഒരു വ്യാജസങ്കല്പമാണെന്ന് ഈ ആളിനു തെളിയിച്ചുകൊടുത്തിട്ടുണ്ടെങ്കിൽ, ഒരു മനുഷ്യനെന്ന നിലയിൽ യേശുവിനുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുളള ചർച്ചക്കു രണ്ടാംസ്ഥാനമേ ഉണ്ടായിരിക്കുകയുളളു, കാരണം അത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. ഇതു നിമിത്തം യേശുവിന്റെ മറുവിലയുടെ അനുയോജ്യമൂല്യം സ്ഥാപിക്കുക താരതമ്യേന ലളിതമായിരിക്കും. ആ സന്ദർഭത്തിൽ യേശുവിന്റെ മനുഷ്യത്വത്തിന്റെ പരിചിന്തനം സാരവത്തായിരിക്കയില്ല.
13 തന്നിമിത്തം നിങ്ങളോടുതന്നെ ചോദിക്കുക, എന്റെ സദസ്സിന് ഇപ്പോൾത്തന്നെ എന്ത് അറിയാം? എന്റെ ഉദ്ദേശ്യം സാധിക്കാൻ ഞാൻ എന്തു സ്ഥാപിക്കണം? നിങ്ങൾക്ക് ആദ്യത്തെ ചോദ്യത്തിന് ഉത്തരം അറിയാമെങ്കിൽ, അറിയാവുന്ന സകല കാര്യങ്ങളും താത്കാലികമായി മാററിവെച്ചുകൊണ്ടും ശേഷിക്കുന്ന സകല പോയിൻറുകളും സാധ്യമാകുന്നതിലേക്കും കുറഞ്ഞ കൂട്ടങ്ങളായി തിരിച്ചുകൊണ്ടും വിവരങ്ങൾ ശേഖരിക്കുന്നതിനാൽ രണ്ടാമത്തേതിനു നിങ്ങൾക്ക് ഉത്തരം പറയാൻ കഴിയും. ഈ കൂട്ടങ്ങൾ നിങ്ങൾ സദസ്സിന് അവതരിപ്പിക്കുന്ന ആത്മീയാഹാരം എന്തായിരിക്കുമെന്നു തിരിച്ചറിയിക്കുന്ന അടയാളങ്ങളായിത്തീരുന്നു. ഈ ലേബലുകൾ അഥവാ മുഖ്യ പോയിൻറുകൾ ഒരിക്കലും മൂടിപ്പോകുകയോ മറഞ്ഞുപോകുകയോ ചെയ്യരുത്. അവ നിങ്ങളുടെ മുന്തിനിൽക്കേണ്ട മുഖ്യസംഗതികളാണ്.
14-17. നമുക്ക് ആവശ്യത്തിലധികം മുഖ്യ പോയിൻറുകൾ ഉണ്ടായിരിക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ നൽകുക.
14 ആവശ്യത്തിലധികം മുഖ്യ പോയിൻറുകൾ പാടില്ല. ഏതു വിഷയത്തിലും സാരവത്തായവ കുറച്ചുമാത്രമേ കാണുകയുളളു. ഭൂരിപക്ഷം സന്ദർഭങ്ങളിലും അവയെ ഒരു കൈയിലെ വിരലുകളിൽ എണ്ണാം. നിങ്ങൾക്ക് അവ അവതരിപ്പിക്കാനുളള സമയം പരിഗണിക്കാതെതന്നെ ഇതു സത്യമാണ്. ആവശ്യത്തിലധികം പോയിൻറുകൾ മുന്തിനിൽക്കാനിടയാക്കുന്നതിനു ശ്രമിക്കുന്ന പൊതുകെണിയിൽ അകപ്പെടരുത്. ഒരു പലചരക്കുകട വളരെ വലുതായിത്തീരുകയും കണക്കിലധികം ഇനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ ഒരുവൻ മാർഗനിർദേശങ്ങൾക്കായി ചോദിക്കേണ്ടിവന്നേക്കാം. നിങ്ങളുടെ സദസ്സിനു ന്യായമായി ഒരു ഇരുപ്പിൽ വ്യത്യസ്തമായ കുറെ ആശയങ്ങളേ ഗ്രഹിക്കാൻ കഴിയൂ. നിങ്ങളുടെ പ്രസംഗം എത്ര നീളുന്നുവോ അത്രയ്ക്ക് അതു ലളിതമാക്കപ്പെടണം, നിങ്ങളുടെ മുഖ്യ പോയിൻറുകൾ കൂടുതൽ കൃത്യമായി നിർവചിക്കപ്പെട്ടതുമായിരിക്കണം. അതുകൊണ്ടു നിങ്ങളുടെ സദസ്സിനെക്കൊണ്ട് അനേകം കാര്യങ്ങൾ ഓർമിപ്പിക്കാൻ ശ്രമിക്കരുത്. അവർ തീർച്ചയായും മനസ്സിലാക്കിപ്പോകണമെന്നു നിങ്ങൾ വിചാരിക്കുന്ന പോയിൻറുകൾ തിരഞ്ഞെടുക്കുകയും അനന്തരം അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ സമയമെല്ലാം ചെലവഴിക്കുകയും ചെയ്യുക.
15 ആവശ്യത്തിലധികം പോയിൻറുകളുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് എന്താണ്? ലളിതമായി പറഞ്ഞാൽ ഏതെങ്കിലും ആശയം വിട്ടുകളഞ്ഞാലും പ്രസംഗത്തിന്റെ ഉദ്ദേശ്യം സാധിക്കാമെങ്കിൽ ആ പോയിൻറ് ഒരു മുഖ്യ പോയിൻറല്ല. പ്രസംഗം പൂർത്തിയാക്കുന്നതിന് ആ പോയിൻറു ഒരു ബന്ധമായിട്ടോ ഒരു ഓർമിപ്പിക്കലായിട്ടോ ഉപയോഗിക്കാം, എന്നാൽ ഒഴിവാക്കാൻ കഴിയാത്തവയെപ്പോലെ അതു മുന്തിനിൽക്കരുത്.
16 മറെറാരു സംഗതി, ഓരോ പോയിൻറും വിജയപ്രദമായും സമ്പൂർണമായും വികസിപ്പിക്കാൻ നിങ്ങൾക്കു വേണ്ടത്ര സമയമുണ്ടായിരിക്കണം. ഒരു ചുരുങ്ങിയ സമയംകൊണ്ടു വളരെയധികം പറയണമെങ്കിൽ സദസ്സിന് അറിയാവുന്ന കാര്യങ്ങൾ ഏററവും കുറയ്ക്കണം. അപരിചിതമായ ഘടകങ്ങളൊഴിച്ചു മറെറല്ലാം നീക്കംചെയ്തിട്ടു ബാക്കിയുളളവ സദസ്സിനു മറക്കുക പ്രയാസമായിരിക്കത്തക്കവണ്ണം സുവ്യക്തമാക്കുക.
17 ഒടുവിൽ, നിങ്ങളുടെ പ്രസംഗം ലാളിത്യത്തിന്റെ ഒരു ധാരണ കൊടുക്കണം. ഇത് എല്ലായ്പോഴും അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കുന്നില്ല. ഒരുപക്ഷേ നിങ്ങളുടെ പോയിൻറുകൾ കൂട്ടങ്ങളായി തിരിക്കുന്ന രീതിയായിരിക്കാം അത്. ദൃഷ്ടാന്തത്തിന്, സകലവും തറയുടെ മധ്യത്തിൽ കൂട്ടിയിട്ടിരിക്കുന്ന ഒരു കടയിലേക്കു നിങ്ങൾ ചെല്ലുകയാണെങ്കിൽ, അതു കൂടിക്കിടക്കുന്നതായും അത്യന്തം കുഴച്ചിൽ ഉണ്ടാക്കുന്നതായും കാണപ്പെടും. എന്തെങ്കിലും കണ്ടുപിടിക്കാൻ നിങ്ങൾക്കു പ്രയാസമുണ്ടായിരിക്കും. എന്നാൽ എല്ലാം ഉചിതമായി ക്രമീകരിച്ചിരിക്കുകയും ബന്ധപ്പെട്ട ഇനങ്ങളെല്ലാം ഒരേ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ഒരു വിഭാഗ അടയാളം കൊടുക്കുകയും ചെയ്തിട്ടുളളപ്പോൾ ഫലം വളരെ പ്രസാദാത്മകമായിരിക്കും, ഏതിനവും അനായാസം കണ്ടുപിടിക്കാൻ കഴിയും. നിങ്ങളുടെ ചിന്തകൾ ഏതാനുംചില മുഖ്യ ആശയങ്ങളിൻകീഴിൽ മാത്രം ഉൾപ്പെടുത്തുന്നതിനാൽ നിങ്ങളുടെ പ്രസംഗത്തെ ലളിതമാക്കുക.
18. മുഖ്യ പോയിൻറുകൾ എങ്ങനെ വികസിപ്പിക്കണം?
18 മുഖ്യ ആശയങ്ങൾ വെവ്വേറെ വികസിപ്പിക്കുക. ഓരോ മുഖ്യ ആശയവും തനിയെ നിൽക്കണം. ഓരോന്നും വെവ്വേറെ വികസിപ്പിക്കണം. ഇതു നിങ്ങളുടെ മുഖവുരയിലോ ഉപസംഹാരത്തിലോ മുഖ്യതലക്കെട്ടുകളുടെ ഒരു ചുരുങ്ങിയ ബാഹ്യരേഖയോ സംഗ്രഹമോ ഉണ്ടായിരിക്കുന്നതിൽനിന്നു തടയുന്നില്ല. എന്നാൽ പ്രസംഗത്തിന്റെ ഉടലിൽ നിങ്ങൾ ഒരു സമയത്ത് ഒരു മുഖ്യ ആശയത്തെക്കുറിച്ചുമാത്രം സംസാരിക്കണം, സന്ധികൾക്കോ ദൃഢതക്കോ ആവശ്യമായിരിക്കാവുന്നടത്തോളംമാത്രം അതിവ്യാപനമോ മടങ്ങിപ്പോക്കോ അനുവദിച്ചുകൊണ്ടുതന്നെ. ഒരു വിഷയബാഹ്യരേഖ ഉണ്ടാക്കാൻ പഠിക്കുന്നതു മുഖ്യ പോയിൻറുകൾ വെവ്വേറെ വികസിപ്പിക്കുന്നുവോ എന്നു നിർണയിക്കുന്നതിൽ അതിയായി സഹായിക്കുന്നു.
19-21. ഉപ പോയിൻറുകൾ എങ്ങനെ വിനിയോഗിക്കണം?
19 ഉപ പോയിൻറുകൾ മുഖ്യ ആശയങ്ങളിൽ കേന്ദ്രീകരിക്കുന്നു. തെളിവിന്റെ പോയിൻറുകളോ തിരുവെഴുത്തുകളോ അവതരിപ്പിക്കപ്പെടുന്ന മററു വിവരങ്ങളോ മുഖ്യ ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെ വിപുലപ്പെടുത്തുകയും ചെയ്യണം.
20 തയ്യാറാകുമ്പോൾ, സകല ഉപ പോയിൻറുകളും അപഗ്രഥിക്കുകയും ആ മുഖ്യ പോയിൻറിനെ വ്യക്തമാക്കുകയോ തെളിയിക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യുന്നതിനു നേരിട്ടു സംഭാവനചെയ്യുന്നതുമാത്രം നിലനിർത്തുകയും ചെയ്യുക. അപ്രസക്തമായ എന്തും നീക്കംചെയ്യപ്പെടണം. അതു പ്രശ്നത്തെ കുഴയ്ക്കുകയേയുളളു.
21 ഒരു മുഖ്യ ആശയത്തോടു ബന്ധപ്പെട്ട ഏതു പോയിൻറും നിങ്ങൾ പറയുന്നതിലൂടെ ആ ചിന്തയോടു നേരിട്ടു ബന്ധപ്പെടുത്തണം. സദസ്സു ബാധകമാക്കട്ടെ എന്നു വെക്കരുത്. ബന്ധം വ്യക്തമാക്കുക. ബന്ധം എന്താണെന്നു പറയുക. പറയാത്തതു സാധാരണയായി മനസ്സിലാക്കുകയില്ല. മുഖ്യ ആശയത്തെ വെളിവാക്കുന്ന മുഖ്യപദങ്ങൾ ആവർത്തിക്കുന്നതിനാലോ മുഖ്യ പോയിൻറിന്റെ ആശയം ഇടവിട്ടിടവിട്ട് ആവർത്തിക്കുന്നതിനാലോ ഇതു നിർവഹിക്കാൻ കഴിയും. നിങ്ങളുടെ സകല ഉപ പോയിൻറുകളും പ്രസംഗത്തിന്റെ മുഖ്യ പോയിൻറുകളിൽ കേന്ദ്രീകരിക്കുകയും ഓരോ മുഖ്യ പോയിൻറും വിഷയപ്രതിപാദ്യത്തോടു ബന്ധിപ്പിക്കുകയും ചെയ്യുന്ന കല നിങ്ങൾ വശമാക്കുമ്പോൾ നിങ്ങളുടെ പ്രസംഗങ്ങൾ, നിർവഹിക്കുക എളുപ്പവും മറക്കുക പ്രയാസവുമാക്കുന്ന ഉല്ലാസപ്രദമായ ഒരു ലാളിത്യം കൈവരിക്കും.
[അധ്യയന ചോദ്യങ്ങൾ]