ശബ്ദമെച്ചപ്പെടുത്തലും മൈക്കിന്റെ ഉപയോഗവും
പാഠം 13
ശബ്ദമെച്ചപ്പെടുത്തലും മൈക്കിന്റെ ഉപയോഗവും
1-3. ശബ്ദഗുണത്തിലെ ചില വൈകല്യങ്ങൾ എന്തെല്ലാം, എന്തിന് ഒരുവന്റെ വ്യക്തിപരമായ പ്രശ്നത്തെ വിശകലനംചെയ്യുന്നതിനു സഹായിക്കാൻ കഴിയും?
1 “മനുഷ്യന്നു വായി കൊടുത്തതു ആർ?” എന്നതു സ്രഷ്ടാവായ യഹോവയാം ദൈവം മോശയോടു ചോദിച്ച ഒരു ചോദ്യമായിരുന്നു. (പുറ. 4:10, 11) മനുഷ്യസംസാരത്തിന്റെ ഉത്പാദനത്തിനുവേണ്ടി അത്യത്ഭുതകരമായ സകല സജ്ജീകരണവും ചെയ്തത് ആർ എന്നു നമുക്കു സമുചിതമായി കൂട്ടിച്ചേർക്കാവുന്നതാണ്. “വിക്കനും തടിച്ച നാവുളളവനും” ആയിരുന്നെങ്കിലും തന്റെ സംസാരശബ്ദം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനു ദൈവത്തിനു കഴിയുമെന്നും സഹായിച്ചെന്നും മോശക്കു കാലക്രമത്തിൽ മനസ്സിലായി. ഇസ്രയേൽ ജനതയോടു ഫലകരമായി സംസാരിക്കാൻ ആ പ്രവാചകൻ പ്രാപ്തനാക്കപ്പെട്ടു.
2 ഇന്നു തങ്ങളുടെ സംസാര വൈകല്യങ്ങളെക്കുറിച്ചു നല്ല ബോധമുളള അനേകം ദൈവദാസരുണ്ട്. ചിലർക്കു ദുർബലമായ ഒരു ശബ്ദമാണുളളത്, മററു ചിലർക്കു തുളച്ചുകയറുന്ന ശബ്ദവും വേറെ ചിലർക്കു കിറുകിറെയുളള അല്ലെങ്കിൽ പരുഷമായ ശബ്ദവും ഉണ്ട്. ചിണുങ്ങുന്ന ശബ്ദമോ അനുനാസിക ശബ്ദമോ കഠോരരൂപത്തിലുളള ശബ്ദമോ പ്രിയത്തോടെ ശ്രദ്ധിക്കപ്പെടുന്നില്ല. പതിഞ്ഞ, നിർജീവമായ ശബ്ദം ആരെയും പ്രചോദിപ്പിക്കുന്നില്ല. നിങ്ങളുടെ ശബ്ദത്തിന് ഈ വൈകല്യങ്ങളിലൊന്നു പ്രകടമാക്കാനുളള ചായ്വുണ്ടെങ്കിൽ ധൈര്യപ്പെടുക. തിരുത്തലോ അഭിവൃദ്ധിയോ സാധ്യമല്ലെന്നുളള മട്ടിൽ പിൻവാങ്ങേണ്ട ആവശ്യമില്ല.
3 തീർച്ചയായും, അഭിവൃദ്ധിപ്പെടുന്നതിന്, താൻ മെച്ചപ്പെടാൻ ശ്രമിക്കേണ്ട പ്രത്യേക വൈകല്യത്തെക്കുറിച്ചു വ്യക്തിയുടെ ഭാഗത്ത് ഒരു അവബോധമുണ്ടായിരിക്കണം. ഇവിടെയാണു ശുശ്രൂഷാസ്കൂൾ മേൽവിചാരകന്റെ സഹായകമായ ബുദ്ധ്യുപദേശത്തോടെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന് ഏതു ശബ്ദ വൈകല്യത്തെയും വിശകലനം ചെയ്യുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയുന്നത്. കൂടാതെ നിങ്ങളുടെ സ്വന്തം ശബ്ദത്തിന്റെ ഒരു റിക്കോഡിംഗ് ശ്രദ്ധിക്കുന്നതും സഹായകമാണ്. നിങ്ങൾ ഇതുവരെയും ഇതു ചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾ അതിശയിച്ചുപോയേക്കാം. എന്തെന്നാൽ സംസാരിക്കുമ്പോൾ നിങ്ങളുടെ തലയിലെ അസ്ഥികളുടെ കമ്പനങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നു, ഈ കമ്പനങ്ങൾ താണ ശബ്ദങ്ങൾക്ക് ഗുണകരമാണ്; അതേസമയം, ഒരു ടേപ് റെക്കോഡർ നിങ്ങളുടെ ശബ്ദം മററുളളവർക്ക് എങ്ങനെ ധ്വനിക്കുന്നുവെന്നു വെളിപ്പെടുത്തുന്നു. ശബ്ദമെച്ചപ്പെടുത്തലിന് അടിത്തറ പാകാൻ നിങ്ങളുടെ സ്വനതന്ത്രത്തിനു കുറെ ചിന്ത കൊടുക്കുന്നതു നന്നായിരിക്കും, ചിന്ത കൂടാതെയാണ് നിങ്ങൾ ഈ സംവിധാനം സാധാരണ ഉപയോഗിക്കുന്നത്.
4-6. സംസാരം ഉളവാക്കപ്പെടുന്നതെങ്ങനെ?
4 സംസാരം ഉളവാക്കപ്പെടുന്ന വിധം. സകല ശബ്ദോച്ചാരണങ്ങളുടെയും അടിസ്ഥാനം നിങ്ങൾ ശ്വാസകോശങ്ങളിൽനിന്നു മേൽപ്പോട്ട് അയയ്ക്കുന്ന വായുസ്തംഭമാണ്, അത് ഉലകളായി സേവിക്കുന്നു. ശ്വാസനാളിയിലൂടെ വായു സ്വനപേടകം എന്നു മിക്കപ്പോഴും വിളിക്കപ്പെടുന്ന കണ്ഠത്തിൽ പ്രവേശിക്കുന്നു, അതു നിങ്ങളുടെ തൊണ്ടയുടെ മധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. നിങ്ങളുടെ സ്വനപേടകത്തിനുളളിൽ സ്വനതന്തുക്കൾ എന്നു വിളിക്കപ്പെടുന്ന മാംസപേശികളുടെ രണ്ടു ചെറിയ മടക്കുകൾ ഉണ്ട്. ഇവയാണു നമ്മുടെ മുഖ്യ ശബ്ദ ഉത്പാദകർ. ഈ തന്തുക്കൾ അഥവാ “സ്വന മടക്കുകൾ”—അവ അങ്ങനെയും വിളിക്കപ്പെടുന്നു—നിങ്ങളുടെ സ്വനപേടകത്തിന്റെ പാർശ്വഭിത്തിയിൽ നീക്കാവുന്ന ഷെൽഫുകൾ പോലെയാണ്. അവയുടെ മുഖ്യ ഉദ്ദേശ്യം വായു ഉളളിൽ കടത്തുന്നതിനും വെളിയിൽ കളയുന്നതിനുമായി തുറന്നു വരുകയും അടയുകയും, ആവശ്യമില്ലാത്ത വസ്തുക്കളെ ശ്വാസകോശങ്ങൾക്കു വെളിയിൽ നിർത്തുകയുമാണ്. നിങ്ങളുടെ ശ്വാസകോശങ്ങളിൽനിന്നുളള ശ്വാസം ഈ തന്തുക്കളെ ചലിപ്പിക്കുന്നു. വായു ശക്തമായി അവയെ കടന്നുപോകവേ അവ അങ്ങനെ കമ്പനം ചെയ്യുമ്പോൾ ശബ്ദമുണ്ടാക്കുന്നു. ദൃഷ്ടാന്തീകരിക്കുന്നതിന്, നിങ്ങൾ ഒരു ബലൂൺ വീർപ്പിക്കുകയും അതിന്റെ കഴുത്തിൽ ഞെക്കിപ്പിടിച്ച ശേഷം കഴുത്തിലൂടെ വായു പുറത്തുപോകാൻ അനുവദിക്കുകയും ചെയ്താൽ റബ്ബർ ശബ്ദമുണ്ടാക്കിക്കൊണ്ടു കമ്പനംചെയ്യുന്നു. അതുപോലെ, നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ കണ്ഠത്തിലെ മടക്കുകൾ അഥവാ തന്തുക്കൾ ദൃഢമായി അടുക്കുന്നു. അവയ്ക്കിടയിൽ V-ആകൃതിയിലുണ്ടായിരുന്ന വിടവ് അടയുന്നു. ഈ തന്തുക്കൾ എത്രയധികം വലിഞ്ഞുമുറുകുന്നുവോ അത്ര വേഗത്തിൽ അവ കമ്പനംചെയ്യുകയും അത്ര ഉച്ചത്തിൽ അവ ശബ്ദസ്വരങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മറിച്ച് അവ എത്രയധികം അയയുന്നുവോ അത്രയധികം താണതാണ് ഉളവാക്കപ്പെടുന്ന സ്വരങ്ങൾ.
5 കണ്ഠം വിട്ടശേഷം വായുതരംഗം നിങ്ങളുടെ തൊണ്ടയുടെ മേൽഭാഗത്ത്, ഗളം എന്നു വിളിക്കപ്പെടുന്നിടത്ത്, വരുന്നു. പിന്നീട് അതു നിങ്ങളുടെ വായിലേക്കും നിങ്ങളുടെ നാസാരന്ധ്രങ്ങളിലേക്കും പോകുന്നു. ഇവിടെ അടിസ്ഥാനശബ്ദത്തോട് അധിസ്വരങ്ങൾ കൂട്ടപ്പെടുന്നു. ഈ അധിസ്വരങ്ങൾ സ്വരത്തെ രൂപാന്തരപ്പെടുത്തുകയും വർധിപ്പിക്കുകയും പ്രബലിതമാക്കുകയും ചെയ്യുന്നു. മനസ്സിലാക്കാവുന്ന സംസാരത്തിന്റെ രൂപത്തിൽ ശബ്ദം പുറത്തുവരത്തക്കവണ്ണം കമ്പനം ചെയ്യുന്ന ശബ്ദ തരംഗങ്ങളെ വിഘടിപ്പിക്കുന്നതിനും അവയെ സ്വരങ്ങളും വ്യഞ്ജനങ്ങളുമായി വാർത്തെടുക്കുന്നതിനും അണ്ണാക്കും നാവും പല്ലുകളും മോണകളും താടിയെല്ലും ചുണ്ടുകളും ഒത്തുചേരുന്നു.
6 തീർച്ചയായും മനുഷ്യശബ്ദം ബഹുമുഖ ഉപയോഗത്തിന്റെ കാര്യത്തിൽ ഏതു മനുഷ്യനിർമിത ഉപകരണത്തിനും കിടനിൽക്കാനാവാത്ത ഒരു അത്ഭുതമാണ്. അതിനു മൃദുലവും സൗമ്യവുമായ സ്നേഹം മുതൽ പരുഷവും ഉഗ്രവുമായ വിദ്വേഷം വരെയുളള വിചാരങ്ങളും വികാരങ്ങളും പ്രകടമാക്കാനുളള പ്രാപ്തിയുണ്ട്. അപൂർണതയിൽപോലും ശരിയായി വികസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ മനുഷ്യശബ്ദത്തിനു മൂന്ന് ഉച്ചസ്വരങ്ങൾവരെ ഉത്പാദിപ്പിക്കാനും മനോഹരമായ സംഗീതധ്വനികൾ മാത്രമല്ല, ഹൃദയോദ്ദീപകമായ പ്രസംഗങ്ങൾകൂടെ അവതരിപ്പിക്കാനും കഴിയും. നാം കാണാൻ പോകുന്നതുപോലെ, ശബ്ദമെച്ചപ്പെടുത്തലിനു രണ്ടു മുഖ്യ അവശ്യഘടകങ്ങളുണ്ട്.
7-10. ഒരുവന്റെ വായുലഭ്യതയെ എങ്ങനെ നിയന്ത്രിക്കണം, എന്തുകൊണ്ട്?
7 വായുലഭ്യതയെ നിയന്ത്രിക്കൽ. ഏററവും നല്ല ഫലങ്ങൾക്കു നല്ല, സ്ഥിരമായ, വായുലഭ്യതയും അതോടൊപ്പം ശരിയായ ശ്വാസനിയന്ത്രണവും ഒരു പ്രസംഗകന് ആവശ്യമാണ്. അനേകർക്കും സംസാരിക്കുമ്പോൾ ശരിയായി ഉച്ഛ്വസിക്കാനും നിശ്വസിക്കാനും അറിയാൻപാടില്ല. തത്ഫലമായി അവർ ശ്വാസകോശങ്ങളുടെ മേൽഭാഗം മാത്രമേ ഉപയോഗിക്കുന്നുളളു, തന്നിമിത്തം അവർ വേഗം സംസാരിക്കുമ്പോൾ വായുവിനുവേണ്ടി കിതയ്ക്കേണ്ടിവരുന്നു. പൊതുധാരണയ്ക്കു വിരുദ്ധമായി, ശ്വാസകോശങ്ങളുടെ ഏററവും വലിയ ഭാഗം നെഞ്ചിന്റെ മുകളിലല്ല; ഈ ഭാഗം നമ്മുടെ തോളെല്ലുകൾ നിമിത്തം വലിപ്പക്കൂടുതലുളളതായി കാണപ്പെടുന്നുവെന്നേയുളളു. എന്നാൽ പ്രാചീരത്തിനു തൊട്ടുമുകളിലാണു ശ്വാസകോശങ്ങൾക്ക് ഏററവും കൂടുതൽ വിസ്തൃതിയുളളത്. പുതുവായു അകത്തേക്കു വലിച്ചുകയററുന്നതിനും ഉപയോഗിച്ച വായു പുറത്തേക്കു തളളുന്നതിനും നിങ്ങളുടെ ശ്വാസകോശങ്ങളെ സഹായിക്കാൻ ഒരു പമ്പുപോലെ പ്രവർത്തിക്കുന്ന ശക്തമായ ഒരു വളഞ്ഞ മാംസപേശിയാണു പ്രാചീരം. അടിയിലത്തെ വാരിയെല്ലുകളോടു ബന്ധിപ്പിച്ചിരിക്കുന്ന പ്രാചീരം നെഞ്ചിനെ ഉദരത്തിൽനിന്നു വേർപെടുത്തുന്നു. അർധഗോളാകൃതിയിലുളള ഈ മാംസപേശിയാണു ശ്വാസോച്ഛ്വാസത്തിന് ഉപയോഗിക്കപ്പെടുന്ന മുഖ്യപേശി. പ്രാചീരത്തിന്റെ ഗോളകം മുകളിലേക്കു ചലിക്കുമ്പോൾ അതു നിങ്ങളുടെ ശ്വാസകോശങ്ങളിൽനിന്നു വായു പുറത്തേക്കു തളളുന്നു. അതു കീഴോട്ടു ചലിക്കുമ്പോൾ വായു നിങ്ങളുടെ ശ്വാസകോശങ്ങളിലേക്ക് പ്രവഹിക്കുന്നു.
8 നിങ്ങളുടെ വായുലഭ്യതയെ നിയന്ത്രിക്കാൻ പഠിക്കുകയാണു നിങ്ങളുടെ ശബ്ദത്തെ മെച്ചപ്പെടുത്താൻ ചെയ്യേണ്ട ആദ്യസംഗതി. സംസാരിക്കാൻ നിങ്ങൾ അകത്തേക്കു ശ്വാസം വലിക്കുമ്പോൾ നിങ്ങളുടെ നെഞ്ചിന്റെ ആഴം കുറഞ്ഞ മേൽഭാഗം വികസിക്കുന്നതൊഴിവാക്കാൻ ഒരു ബോധപൂർവമായ ശ്രമം നടത്തുക. നിങ്ങളുടെ ശ്വാസകോശങ്ങളുടെ കീഴ്ഭാഗം വികസിപ്പിക്കുക. പിന്നീടു വായുവിന്റെ പുറത്തേക്കുളള പ്രവാഹം നിയന്ത്രിക്കുക, ഉദരമാംസപേശികളുടെ പിൻബലത്തോടെ സാവധാനത്തിലുളള പ്രാചീരസമ്മർദം മുഖേന വായു ക്രമേണ പുറത്തേക്കു വിട്ടുകൊണ്ടുതന്നെ. ഇതു വായു പെട്ടെന്നു പുറത്തേക്കു പോകാതെ തടയുന്നു. അതു നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ പ്രസംഗകനു പെട്ടെന്നു ശ്വാസം തീർന്നുപോകുകയും അയാളുടെ സ്വരം ശ്വാസോച്ഛ്വാസത്തോടുകൂടിയതും അവ്യക്തവുമായിത്തീരുകയും ചെയ്യുന്നു.
9 അനേകരുടെ പ്രവണത തൊണ്ടയെ ഇറുക്കിക്കൊണ്ടു വായുലഭ്യതയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇത് പാരുഷ്യം ഉളവാക്കുകയും ശബ്ദത്തെ തളർത്തുകയും മാത്രം ചെയ്യുന്നു. അത് ഒഴിവാക്കുന്നതിന്, നിങ്ങളുടെ തൊണ്ടയിലെ മാംസപേശികളെ അയച്ചിടുക.
10 ഒരു ഓട്ടക്കാരൻ ഒരു മത്സരയോട്ടത്തിനു പരിശീലിക്കുന്നതുപോലെ, ഒരു പ്രസംഗകൻ വ്യായാമത്തിലൂടെ പ്രാചീരനിയന്ത്രണം വളർത്തിയെടുക്കണം. അയാൾക്ക്, നേരെ നിന്ന് ഒരു ദീർഘശ്വാസം എടുത്തശേഷം ഒററ ശ്വാസത്തിൽ സാവധാനത്തിലും തടസ്സംകൂടാതെയും അക്ഷരമാലയിലെ അക്ഷരങ്ങൾ കഴിയുന്നടത്തോളം ഉരുവിടുകയോ എണ്ണിക്കൂട്ടുകയോ ചെയ്തുകൊണ്ടു ക്രമേണ നിശ്വസിക്കാൻ കഴിയും. ഉച്ചത്തിൽ വായിച്ചുകൊണ്ടും അയാൾക്കു പരിശീലിക്കാൻ കഴിയും.
11-15. മാംസപേശിയുടെ മുറുക്കം തുളച്ചുകയറുന്ന സ്വരത്തോടും അനുനാസികസ്വരത്തോടും സംസാരത്തിന്റെ അവ്യക്തതയോടും ഏതു വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു?
11 മുറുകിയ മാംസപേശികൾ അയയ്ക്കൽ. മിക്ക ശബ്ദപ്രശ്നങ്ങളെയും തരണംചെയ്യുന്നതിനുളള മറെറാരു അവശ്യഘടകം ലളിതമായ ഒരു കുറിപ്പടിയാണ്—മാംസപേശികൾ അയയ്ക്കുക! ഇത് എങ്ങനെ ചെയ്യാമെന്നു പഠിക്കാത്തപക്ഷം ശബ്ദം മെച്ചപ്പെടുത്തുന്നതിന് ഏതൊരാളെയും സഹായിക്കാൻ വളരെ കുറച്ചേ ചെയ്യാൻ കഴിയൂ. സംസാരിക്കുമ്പോൾ മാംസപേശികൾ അയയ്ക്കാൻ പഠിക്കുന്നതിനാൽ നിങ്ങൾക്കു വരുത്താവുന്ന അഭിവൃദ്ധി യഥാർഥത്തിൽ വിസ്മയാവഹമാണ്. ശരീരത്തിനെന്നപോലെ മനസ്സിനും അയവുവരുത്തേണ്ടതാണ്, എന്തെന്നാൽ മാനസികമായ മുറുക്കം മാംസപേശിയുടെ മുറുക്കത്തിനിടയാക്കുന്നു. നിങ്ങളുടെ സദസ്സിനെക്കുറിച്ചുളള ശരിയായ വീക്ഷണം സ്വീകരിച്ചുകൊണ്ടു മാനസികമുറുക്കം കുറയ്ക്കുക, യഹോവയുടെ ജനമായിരിക്കും മിക്കപ്പോഴും നിങ്ങളുടെ സദസ്സ്. നിങ്ങളുടെ സുഹൃത്തുക്കൾ നിരനിരയായി ഇരിക്കുന്നതുകൊണ്ടുമാത്രം പെട്ടെന്നു നിങ്ങളുടെ ശത്രുക്കളായിത്തീരുന്നുവോ? തീർച്ചയായുമില്ല. നാം ക്രമമായി ചെയ്യുന്നതുപോലെ അത്ര സൗഹാർദതയും സ്നേഹവുമുളള ഒരു സദസ്സിനെ ഭൂമിയിലെ ഒരു ജനവും അഭിമുഖീകരിക്കുന്നില്ല.
12 ആദ്യം നിങ്ങൾ ബോധപൂർവം പേശികൾ അയയ്ക്കേണ്ടതുണ്ടായിരിക്കാം. പ്രസംഗത്തിനു തൊട്ടുമുമ്പു ശ്വാസോച്ഛ്വാസം സഭാകമ്പം നിമിത്തം ആഴം കുറഞ്ഞതും പേശീസങ്കോചത്തോടുകൂടിയതുമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഇത് എല്ലായ്പോഴും നിങ്ങളുടെ തൊണ്ടയിലെ മാംസപേശികൾ അയച്ചിടാൻ ശ്രമിക്കവേ, കരുതിക്കൂട്ടി സാവധാനത്തിൽ താളാത്മകമായി ശ്വാസോച്ഛ്വാസം നടത്തുന്നതിനാൽ തിരുത്താൻ കഴിയും.
13 നാം മനസ്സിലാക്കിയിരിക്കുന്നതുപോലെ, സ്വനതന്തുക്കളുടെമേലുളള വർധിച്ചുവരുന്ന മുറുക്കം സ്ഥായി ഉയർത്തുന്നു, തന്നിമിത്തം നിങ്ങൾ എത്രയധികം അവ വലിച്ചുമുറുക്കുന്നുവോ അത്ര ഉയർന്നതായിരിക്കും നിങ്ങൾ ഉത്പാദിപ്പിക്കുന്ന ശബ്ദങ്ങൾ. ഇതു മുറുകിയതായി തോന്നുന്നതും കേൾവിക്കാർക്കു പിരിമുറുക്കംവരുത്തുന്നതുമായ തുളച്ചുകയറുന്ന ശബ്ദത്തിൽ കലാശിച്ചേക്കാം. ഇതു തരണംചെയ്യുന്നതിന് എന്തു ചെയ്യാൻ കഴിയും? ശരി, നിങ്ങളുടെ സ്വനതന്തുക്കളിലൂടെ കടന്നുപോകുന്ന വായു അവയെ കമ്പനം ചെയ്യിക്കുന്നുവെന്ന് ഓർക്കുക. മാംസപേശികൾ അവയെ മുറുക്കുകയോ അയയ്ക്കുകയോ ചെയ്യുമ്പോൾ അവയുടെ സ്വരത്തിനു മാററമുണ്ടാകുന്നു, ഒരു വയലിൻകമ്പി മുറുക്കുകയോ അയയ്ക്കുകയോ ചെയ്യുമ്പോൾ അതിന്റെ ശബ്ദത്തിനു മാററമുണ്ടാകുന്നതുപോലെതന്നെ. നിങ്ങൾ സ്വനതന്തുക്കളെ അയയ്ക്കുമ്പോൾ സ്വരം താഴുന്നു. അതുകൊണ്ടു തൊണ്ടയിലെ മാംസപേശികളെ അയയ്ക്കുക എന്നതാണു ചെയ്യേണ്ട സംഗതി. മുറുക്കം വിഴുങ്ങുന്നതിനുപകരിക്കുന്ന മാംസപേശികൾ സ്വനതന്തുക്കളെ നിയന്ത്രിക്കുന്ന മാംസപേശികൾക്കെതിരായി പ്രവർത്തിക്കുന്നതിനും അങ്ങനെ പരുഷമായ ശബ്ദമുളവാക്കുന്നതിനും ഇടയാക്കിയേക്കാം. നിങ്ങൾ ബോധപൂർവം മാംസപേശികൾ അയയ്ക്കുമ്പോൾ അഭിവൃദ്ധി ഉണ്ടാകുന്നു.
14 ചിലപ്പോൾ തൊണ്ടയിലെയും വായിലെയും മാംസപേശികളെ വലിച്ചുമുറുക്കുമ്പോൾ ഒരു വ്യക്തി നാസാരന്ധ്രത്തെ അടയ്ക്കുന്നതുകൊണ്ടു വായുവിനു സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്നില്ല. ഇത് ഒരു അനുനാസികസ്വരത്തിൽ കലാശിക്കുന്നു. ഇത് ഒഴിവാക്കുന്നതിന്, വീണ്ടും പേശികൾ അയയ്ക്കേണ്ടതുണ്ട്. എന്നിരുന്നാലും ചിലപ്പോൾ മൂക്കിലെ തടസ്സം നിമിത്തമായിരിക്കാം പ്രശ്നമുണ്ടാകുന്നത്.
15 താടിയെല്ലും അയച്ചിടേണ്ടതുണ്ട്. അതു മുറുകിയിരിക്കുന്നുവെങ്കിൽ വായ് വേണ്ടപോലെ തുറക്കുന്നില്ല, പല്ലിനിടയിലൂടെയായിരിക്കും ശബ്ദം വരുന്നത്. ഇതു പാരുഷ്യത്തിലും അമർത്തപ്പെട്ട, അവ്യക്തമായ ശബ്ദത്തിലും കലാശിക്കുന്നു. എന്നിരുന്നാലും, താടിയെല്ലിന്റെ അയയ്ക്കൽ സംസാരശീലങ്ങളിൽ അലസരായിത്തീരുന്നതിനെ അർഥമാക്കുന്നില്ല. അതു നല്ല ഉച്ചാരണമുണ്ടായിരിക്കത്തക്കവണ്ണം ശബ്ദങ്ങൾ രൂപപ്പെടുത്തുന്ന ശീലവുമായി സമനിലയിൽ നിർത്തണം.
16, 17. ഒരുവന്റെ അനുനാദം മെച്ചപ്പെടുത്താൻ എന്തു സഹായിക്കും, അതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 പൊതുവായ പേശീമുറുക്കം അയയ്ക്കുന്നത് അനുനാദത്തെ വളരെയധികം സഹായിക്കുന്നു. അയവുളള തൊണ്ട വ്യക്തമായ സ്വരങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുമ്പോൾ ശബ്ദത്തിനു വ്യാപനപ്രാപ്തി കൊടുക്കുന്നതിന് അനുനാദ അധിസ്വരങ്ങൾ അവയെ പ്രബലിതമാക്കണം. മുഴുശരീരത്തെയും ഒരു ധ്വനിഫലകമായി ഉപയോഗിക്കുന്നതിനാലാണ് അനുനാദമുളവാകുന്നത്, എന്നാൽ മുറുക്കം ഇതിനു തടസ്സമുണ്ടാക്കുന്നു. തൊണ്ടയിൽ ഉളവാക്കപ്പെടുന്ന സ്വരം നാസാദ്വാരങ്ങളിൽ മാത്രമല്ല, നെഞ്ചിലെ അസ്ഥികൂടത്തിനും പല്ലുകൾക്കും അണ്ണാക്കിനും സൈനസുകൾക്കും എതിരെയും അനുരണനം ചെയ്യുന്നു. ഇവയ്ക്കെല്ലാം അനുനാദത്തിന്റെ ഗുണമേൻമക്കു സംഭാവന ചെയ്യാൻ കഴിയും. ഒരുവൻ ഒരു വയലിനിന്റെ ശബ്ദഫലകത്തിൻമേൽ ഒരു ഭാരം വെക്കുകയാണെങ്കിൽ ശബ്ദത്തിനു മൂർച്ചയില്ലാതാകുന്നു; കമ്പനംചെയ്യാൻ അതു സ്വതന്ത്രമായിരിക്കണം. നമ്മുടെ ശരീരത്തിലെ പേശികളാൽ ഉറപ്പിച്ചുനിർത്തപ്പെടുന്ന അസ്ഥിഘടനകളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. അനുനാദമുണ്ടെങ്കിൽ വലിയ ശ്രമം കൂടാതെ, നിങ്ങളുടെ ശബ്ദത്തെ വലിച്ചുനീട്ടാതെ, ഒരു വലിയ സദസ്സിനെ അനായാസം കേൾപ്പിക്കാൻ കഴിയും. അനുനാദമില്ലാതെ ശബ്ദത്തെ വ്യാപിപ്പിക്കാനും അതിന് ഉചിതമായി ഉയർച്ചതാഴ്ചകൾ വരുത്താനും അല്ലെങ്കിൽ വികാരഭേദങ്ങൾ പ്രകടമാക്കാനും കഴികയില്ല.
17 മൂളൽ വ്യായാമങ്ങളും ഒപ്പം ശരീരത്തിന്റെ ബോധപൂർവകമായ അയയ്ക്കലുംകൊണ്ട് അനുനാദം മെച്ചപ്പെടുത്താൻ കഴിയും. ചുണ്ടുകൾ അല്പം മാത്രമേ മുട്ടാവൂ, അടുപ്പിച്ചു ഞെക്കരുത്. ആ രീതിയിൽ, സ്വര കമ്പനങ്ങളെ മുറുകിയ മാംസപേശികൾ തടസ്സപ്പെടുത്തുകയില്ല, അല്ലെങ്കിൽ മൂക്കിലൂടെ കടത്തിവിടുകയില്ല. ചില വാക്കുകൾ ആവർത്തിക്കുന്നതും ങ്, മ്, ൻ, ൽ, എന്നിവയാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ശബ്ദങ്ങളുടെ അനുനാദങ്ങൾ ദീർഘസമയം പുറപ്പെടുവിക്കുന്നതും സഹായകമെന്നു കണ്ടെത്തും. ശബ്ദഗുണം മെച്ചപ്പെടുത്തുന്നതിനുളള മറെറാരു വ്യായാമം സ്വരാക്ഷരങ്ങൾ ഉച്ചത്തിൽ പറയുകയാണ്, തൊണ്ട തുറന്നും താടിയെല്ല് അയച്ചും ശബ്ദവ്യാപ്തം കുറച്ചും അവ നീട്ടിപ്പറഞ്ഞുകൊണ്ടുതന്നെ.
18-22. മൈക്കിന്റെ ഫലകരമായ ഉപയോഗംസംബന്ധിച്ച് ഏതു ബുദ്ധ്യുപദേശം നാം ഓർത്തിരിക്കണം?
18 മൈക്ക് ഉചിതമായി ഉപയോഗിക്കൽ. വലിയ യോഗസ്ഥലങ്ങളിൽ പ്രസംഗകന്റെ ഭാരം കുറയ്ക്കുന്നതിനും സദസ്സിനു സുഖപ്രദമാക്കുന്നതിനും മനുഷ്യശബ്ദത്തെ വൈദ്യുതസംവിധാനത്താൽ വർധിപ്പിക്കേണ്ടത് ആവശ്യമായിത്തീരുന്നു. അങ്ങനെ ശബ്ദവ്യാപ്തത്തിനു പ്രസംഗകൻ വളരെയധികം ശ്രമം ചെലുത്തേണ്ടതില്ല, പറയുന്നതു പിടിച്ചെടുക്കാൻ കേൾവിക്കാർ ചെവി കൂർപ്പിക്കേണ്ട ആവശ്യവുമില്ല. അനേകം സഭകളിൽ മൈക്കുകൾ ഉപയോഗിക്കുന്നുണ്ട്, പ്ലാററ്ഫാറത്തിൽ മാത്രമല്ല, അഭിപ്രായങ്ങളെല്ലാം നന്നായി കേൾക്കാൻ കഴിയത്തക്കവണ്ണം സഭയിൽനിന്ന് അഭിപ്രായങ്ങൾ പറയുന്നവരും. ഒരു പ്രാദേശികരാജ്യഹാളിൽ മൈക്കുകൾ ഉപയോഗിക്കുന്നില്ലെങ്കിൽപോലും അവ സാധാരണയായി സമ്മേളനങ്ങളിലെ പരിപാടിയിൽ ഉപയോഗിക്കുന്നു. അതുകൊണ്ട് അവ ഉചിതമായി ഉപയോഗിക്കാൻ നാം അറിയേണ്ടതുണ്ട്.
19 നിങ്ങളുടെ വായ് മൈക്കിനോട് എത്ര അടുത്തായിരിക്കണം? സാധാരണയായി നാലുമുതൽ ആറുവരെ ഇഞ്ച്. മൈക്കിന്റെ ഉപയോഗത്തിലെ ഏററവും കൂടെക്കൂടെയുളള പ്രശ്നം പ്രസംഗകൻ അതിൽനിന്നു വളരെ അകലെയാണെന്നുളളതാണ്. അതുകൊണ്ടു ദൂരം സൂക്ഷിക്കുക. കൂടാതെ നിങ്ങളുടെ ശബ്ദം മൈക്കിന്റെ ദിശയിൽ അതിനു പിടിച്ചെടുക്കാവുന്ന രൂപത്തിൽ തിരിച്ചുവിടുക. ഇതു ചെയ്യാത്തപക്ഷം, സദസ്സിനു നല്ലതുപോലെയും വ്യക്തമായും കേൾക്കാൻ കഴിയത്തക്കവണ്ണം ക്രമീകരിക്കുന്നതു സൗണ്ട് ഓപ്പറേററർക്കു പ്രയാസമാണ്. തീർച്ചയായും മൈക്കിനടുത്തുനിന്നു ചുമയ്ക്കുന്നതോ തുമ്മുന്നതോ തൊണ്ട ശുദ്ധീകരിക്കുന്നതോ ഒക്കെ ഒഴിവാക്കണം.
20 ഒരു മൈക്ക് ഉപയോഗിക്കുമ്പോൾ, ഉച്ചഭാഷിണിയിലൂടെ നിങ്ങളുടെ ശബ്ദം പുറത്തുവരുന്നത് എങ്ങനെ ധ്വനിക്കുന്നുവെന്നു ശ്രദ്ധിക്കുക. അപ്പോൾ നിങ്ങൾക്കു ശബ്ദവ്യാപ്തം അളക്കുന്നതിനും ആവശ്യമെങ്കിൽ നിങ്ങളുടെ നിലക്കു മാററംവരുത്തുന്നതിനും സാധിക്കും. മൈക്കിനടുത്തേക്കു കുറേക്കൂടെ നീങ്ങുന്നതിനാലോ അതിൽനിന്ന് ഒന്നോ രണ്ടോ ഇഞ്ച് അകലുന്നതിനാലോ നില ശരിയാക്കാവുന്നതാണ്. ചില പ്രസംഗകർ അമിതശബ്ദവ്യാപ്തം ഒഴിവാക്കേണ്ടതുണ്ട്, കാരണം അത് അവരുടെ ശബ്ദത്തെ വികലമാക്കുകയും സദസ്സിനു ശല്യവും അസുഖകരവും ആക്കുകയുമേ ചെയ്യുകയുളളൂ. പ്രസംഗത്തിലുടനീളം നല്ല ഫലത്തിനുവേണ്ടി അങ്ങുമിങ്ങും നിങ്ങളുടെ ശബ്ദം താഴ്ത്താൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, ആധുനിക ശബ്ദപ്രവർധനത്തിന്റെ ഈ അത്ഭുതത്താൽ ഒരു മന്ത്രിക്കൽപോലും നിങ്ങളുടെ സദസ്സിനു കേൾക്കാൻ കഴിയുമെന്ന് മനസ്സിൽപിടിക്കുക.
21 മൈക്കിന്റെ ഉപയോഗം സംബന്ധിച്ചു ശ്രദ്ധ ആവശ്യമുളള മററു മുന്നറിയിപ്പുകളുമുണ്ട്. ചിലപ്പോൾ “ഭ” ഒരു സ്ഫോടന ശബ്ദം കേൾപ്പിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് ഒരു വ്യക്തി വളരെ അടുത്തുനിന്നു മൈക്കിലേക്കു സംസാരിക്കുമ്പോഴാണു സംഭവിക്കുന്നത്. തുളഞ്ഞുകയറുന്ന “സ്സ്” ശബ്ദങ്ങൾക്കും പ്രശ്നങ്ങൾ ഉളവാക്കാൻ കഴിയും. അവ ശബ്ദം താഴ്ത്തി ഉച്ചരിക്കണം, കാരണം അവ പ്രവർധനത്താൽ വിപുലീകരിക്കപ്പെടുകയും സീൽക്കാരമായി പുറത്തുവരുകയും ചെയ്യുന്നു. പ്രശ്നത്തെ നേരിടുന്നതിനെക്കുറിച്ചു ബോധമുളളപ്പോൾ അതു ചെയ്യുക പ്രയാസമല്ല.
22 നമ്മുടെ സ്വനതന്ത്രം നമ്മുടെ സ്രഷ്ടാവിൽനിന്നുളള അത്ഭുതകരമായ ഒരു ദാനമാണ്. വൈദ്യുതിയും കണ്ടുപിടിക്കാൻ കഴിവുളള മനസ്സും അവിടുത്തെ ദാനങ്ങളാണ്, അവ ഉച്ചഭാഷിണിയിലൂടെയുളള സംസാരം സാധ്യമാക്കിയിരിക്കുന്നു. ശബ്ദപ്രവർധന ഉപകരണത്തോടെയോ അല്ലാതെയോ നാം നമ്മുടെ ശബ്ദം ഉപയോഗിക്കുമ്പോഴൊക്കെ, സംസാരത്തിന്റെ ഉത്പാദകനെ ബഹുമാനിക്കുന്ന ഒരു വിധത്തിൽ നമുക്ക് അങ്ങനെ ചെയ്യാം.
[അധ്യയന ചോദ്യങ്ങൾ]