ശരിയായ ഉച്ചാരണത്തോടെ ഒഴുക്കുളള, സംഭാഷണപരമായ, പ്രസംഗാവതരണം
പാഠം 29
ശരിയായ ഉച്ചാരണത്തോടെ ഒഴുക്കുളള, സംഭാഷണപരമായ, പ്രസംഗാവതരണം
1-4. ഒഴുക്കില്ലായ്മയുടെ കാരണങ്ങളും ലക്ഷണങ്ങളും പട്ടികപ്പെടുത്തുക.
1 പ്രസംഗം നടത്തുന്നതിന് ഒരു സദസ്സിന്റെ മുമ്പാകെ എഴുന്നേററുനിൽക്കുമ്പോൾ നിങ്ങൾ മിക്കപ്പോഴും ശരിയായ വാക്കുകൾക്കുവേണ്ടി തപ്പുന്നതായി കണ്ടെത്തുന്നുവോ? അല്ലെങ്കിൽ ഉച്ചത്തിൽ വായിക്കുമ്പോൾ നിങ്ങൾ ചില പദങ്ങൾ തെററിക്കുന്നുവോ? എങ്കിൽ നിങ്ങൾക്ക് ഒഴുക്കിന്റെ കാര്യത്തിൽ ഒരു പ്രശ്നമുണ്ട്. ഒഴുക്കുളള ഒരു വ്യക്തി വാക്കുകളുടെ ഉപയോഗത്തിൽ നിപുണനാണ്. ഒരു “വാചാലൻ,” അതായത്, ചിന്താശൂന്യമായും ആത്മാർഥതയില്ലാതെയും വാക്കുകൾ യഥേഷ്ടം പ്രയോഗിക്കുന്നവൻ എന്ന് അതിനർഥമില്ല. അത് അനായാസമായും സ്വതന്ത്രമായും പ്രവഹിക്കുന്ന നിർവിഘ്നമോ സുഖപ്രദമായി ലളിതമോ ആയ സംസാരമാണ്. ഒഴുക്കു പ്രസംഗ ഗുണദോഷച്ചീട്ടിൽ പ്രത്യേക ശ്രദ്ധയ്ക്കായി പട്ടികപ്പെടുത്തിയിരിക്കുന്നു.
2 പ്രസംഗിക്കുമ്പോൾ, ഒഴുക്കില്ലായ്മയുടെ കൂടുതൽ സാധാരണമായ കാരണങ്ങൾ വ്യക്തമായ ചിന്തയുടെയും വിവരങ്ങളുടെ തയ്യാറാകലിന്റെയും അഭാവമാണ്. അതു ദുർബലമായ പദസമ്പത്തിൽനിന്നോ വാക്കുകളുടെ മോശമായ തിരഞ്ഞെടുപ്പിൽനിന്നോ സംജാതമായേക്കാം. വായനയിൽ ഒഴുക്കില്ലായ്മ സാധാരണയായി ഉച്ചത്തിൽ വായിക്കുന്നതിലുളള പരിശീലനത്തിന്റെ അഭാവം നിമിത്തമാണ്, എന്നിരുന്നാലും ഇവിടെയും പദപരിജ്ഞാനത്തിന്റെ അഭാവം വീഴ്ചക്കോ വിക്കലിനോ ഇടയാക്കും. വയൽശുശ്രൂഷയിൽ, ഒഴുക്കില്ലായ്മ ഈ ഘടകങ്ങളുടെ ഒരു സങ്കലനവും ഒപ്പം ഭയവും അനിശ്ചിതത്വവും നിമിത്തമായിരിക്കാം. അവിടെ പ്രശ്നം വിശേഷാൽ ഗൗരവമുളളതാണ്, കാരണം ചില സന്ദർഭങ്ങളിൽ നിങ്ങളുടെ സദസ്സു നിങ്ങളെ കേൾക്കാതെ അക്ഷരീയമായി ഇറങ്ങിപ്പോയേക്കാം. രാജ്യഹാളിൽ നിങ്ങളുടെ സദസ്സ് അക്ഷരീയമായി ഇറങ്ങിപ്പോകുകയില്ല, എന്നാൽ അവരുടെ മനസ്സ് അലഞ്ഞുതിരിയുകയും നിങ്ങൾ പറയുന്നതിലധികവും നഷ്ടമാകുകയും ചെയ്യും. അതുകൊണ്ട് അതു ഗൗരവമുളള ഒരു സംഗതിയാണ്; ഒഴുക്കു തീർച്ചയായും സമ്പാദിക്കേണ്ട ഒരു ഗുണമാണ്.
3 അനേകം പ്രസംഗകർക്ക് പദം കിട്ടാതെ വരുമ്പോൾ “ഉം-ഏ” അല്ലെങ്കിൽ സമാനമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന അസ്വാസ്ഥ്യജനകമായ വികൃതശീലങ്ങളുണ്ട്. നിങ്ങളുടെ സംസാരത്തോട് അങ്ങനെയുളള ശബ്ദങ്ങൾ കൂട്ടുന്നതിന്റെ ആവൃത്തിയെക്കുറിച്ചു നിങ്ങൾക്ക് അറിവില്ലെങ്കിൽ, നിങ്ങൾ അവ പറയുന്ന ഓരോ പ്രാവശ്യവും ശ്രദ്ധിക്കാനും നിങ്ങൾക്കു പിന്നാലെ അവ ആവർത്തിക്കാനും ഒരാളെ ഏർപ്പാടുചെയ്യുന്ന ഒരു പരിശീലനയോഗം നടത്താൻ ശ്രമിക്കാവുന്നതാണ്. നിങ്ങൾ അതിശയിച്ചുപോകും.
4 മററാളുകൾ എല്ലായ്പോഴും പിറകോട്ടുപോക്കോടെ, അതായത് ഒരു വാചകം തുടങ്ങിയിട്ടു സ്വയം തടസ്സപ്പെടുത്തുകയും വീണ്ടും ആവർത്തിക്കുകയും ചെയ്തുകൊണ്ടു സംസാരിക്കുന്നു. ഈ ദുശ്ശീലം നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അനുദിന സംസാരത്തിൽ അതിനെ തരണംചെയ്യാൻ ശ്രമിക്കുക. ആദ്യം ചിന്തിക്കുന്നതിനും ആശയം വ്യക്തമായി മനസ്സിൽ പതിപ്പിക്കുന്നതിനും ബോധപൂർവകമായ ഒരു ശ്രമം നടത്തുക. പിന്നീടു നിർത്താതെ അല്ലെങ്കിൽ ഇടയ്ക്കുവച്ച് ആശയങ്ങൾ മാററാതെ മുഴു ആശയവും പറയുക.
5-10. ഒരു പ്രസംഗകന്റെ ഒഴുക്കു മെച്ചപ്പെടുത്താൻ ഏതു നിർദേശങ്ങൾ നൽകപ്പെടുന്നു?
5 മറെറാരു കാര്യം. നാം ആശയപ്രകടനം നടത്തുമ്പോൾ വാക്കുകൾ ഉപയോഗിക്കാൻ ശീലിച്ചിട്ടുണ്ട്. അതുകൊണ്ട് എന്തു പറയാനാണു നാം ആഗ്രഹിക്കുന്നതെന്നു നമുക്കു കൃത്യമായി അറിയാമെങ്കിൽ വാക്കുകൾ സ്വാഭാവികമായി വരണം. നിങ്ങൾ വാക്കുകളെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. യഥാർഥത്തിൽ, പരിശീലനത്തിനുവേണ്ടി നിങ്ങളുടെ മനസ്സിൽ ആശയം വ്യക്തമാണെന്നുമാത്രം ഉറപ്പുവരുത്തുകയും നിങ്ങൾ പ്രസംഗം അവതരിപ്പിച്ചുവരുന്നതനുസരിച്ചു വാക്കുകളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നത് ഏറെ നല്ലതാണ്. നിങ്ങൾ അതു ചെയ്യുകയും, നിങ്ങളുടെ ചിന്ത നിങ്ങൾ പറയുന്ന വാക്കുകളിലായിരിക്കാതെ ആശയത്തിൽ പതിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ വാക്കുകൾ സ്വതേ വരേണ്ടതും നിങ്ങളുടെ ആശയങ്ങൾ നിങ്ങൾക്കു യഥാർഥത്തിൽ തോന്നുന്ന പ്രകാരം പ്രകാശിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാൽ നിങ്ങൾ ആശയങ്ങൾക്കുപകരം വാക്കുകളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങിയാലുടനെ നിങ്ങളുടെ പ്രസംഗം തടസ്സപ്പെടും.
6 ഒഴുക്കുസംബന്ധിച്ച നിങ്ങളുടെ പ്രശ്നം വാക്കുകളുടെ തിരഞ്ഞെടുപ്പിന്റെ സംഗതിയാണെങ്കിൽ, അപ്പോൾ പദസമ്പത്തു പുഷ്ടിപ്പെടുത്തുന്നതിനു ക്രമമായ കുറെ പഠനം ആവശ്യമാണ്. വീക്ഷാഗോപുരത്തിലും സൊസൈററിയുടെ മററു പ്രസിദ്ധീകരണങ്ങളിലും നിങ്ങൾക്കു പരിചിതമല്ലാത്ത പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും അവയിൽ ചിലതു നിങ്ങളുടെ അനുദിന പദസമ്പത്തിനോടു കൂട്ടുകയും ചെയ്യുക.
7 വായനയിലെ ഒഴുക്കില്ലായ്മ പൊതുവേ വാക്കുകൾ പരിചിതമല്ലാത്തതുകൊണ്ടായതിനാൽ, നിങ്ങളുടെ പ്രശ്നമതാണെങ്കിൽ നിങ്ങൾ ക്രമമായും വ്യവസ്ഥാപിതമായും ഉച്ചത്തിൽ വായിച്ചുശീലിക്കുന്നതു നല്ലതാണ്.
8 ഇതു ചെയ്യാൻ കഴിയുന്ന ഒരു മാർഗം ഒന്നോ രണ്ടോ ഖണ്ഡികകൾ തിരഞ്ഞെടുത്ത് ആ ഭാഗത്തെ മുഴു ആശയവും നിങ്ങൾക്കു പരിചിതമാകുന്നതുവരെ ശ്രദ്ധാപൂർവം അതു മൗനമായി വായിക്കുകയാണ്. ആവശ്യമെങ്കിൽ അടയാളപ്പെടുത്തിക്കൊണ്ട് ആശയസമൂഹങ്ങളെ വേർതിരിക്കുക. പിന്നീട് ഈ ഭാഗം ഉച്ചത്തിൽ വായിച്ചുശീലിക്കാൻ തുടങ്ങുക. പരിശീലിക്കുമ്പോൾ, ഒരൊററ വിഘ്നമോ തെററായ സ്ഥലങ്ങളിലെ നിർത്തലോ കൂടാതെ മുഴു ആശയസമൂഹങ്ങളും വായിക്കാൻ കഴിയുന്നതുവരെ അത് ആവർത്തിച്ചു വായിക്കുക.
9 പരിചയമില്ലാത്തതോ പ്രയാസമുളളതോ ആയ വാക്കുകൾ നിങ്ങൾക്ക് അനായാസം പറയാറാകുന്നതുവരെ വീണ്ടും വീണ്ടും ഉച്ചരിക്കണം. ആ വാക്കു മാത്രമായി പറയാൻ നിങ്ങൾക്കു കഴിഞ്ഞശേഷം, കൂടുതൽ പരിചിതമായ വാക്കുകളേപ്പോലെതന്നെ അനായാസം അതു വാചകത്തോടു ചേർക്കാൻ കഴിയുന്നതുവരെ ആ വാക്കടങ്ങിയിരിക്കുന്ന മുഴു വാചകവും വായിക്കുക.
10 കൂടാതെ, കാഴ്ച-വായന ക്രമമായി ശീലിക്കുക. ദൃഷ്ടാന്തമായി നിങ്ങൾ കാണുന്ന ആദ്യപ്രാവശ്യംതന്നെ ദിനവാക്യവും അഭിപ്രായങ്ങളും എല്ലായ്പോഴും ഉച്ചത്തിൽ വായിക്കുക. ഒരു സമയത്ത് ഒരു വാക്കുമാത്രം കാണാതെ പൂർണമായ ആശയങ്ങൾ വെളിപ്പെടുത്തുന്ന കൂട്ടങ്ങളായി വാക്കുകളെ ഉൾക്കൊളളാൻ നിങ്ങളുടെ കണ്ണിനെ അനുവദിക്കുന്നതു ശീലമാക്കുക. നിങ്ങൾ ശീലിക്കുന്നുവെങ്കിൽ, ഫലകരമായ പ്രസംഗത്തിന്റെയും വായനയുടെയും ഈ മർമപ്രധാനമായ ഗുണം നിങ്ങൾക്കു സ്വായത്തമാക്കാൻ കഴിയും.
**********
11-15. സംഭാഷണഗുണം ഉപയോഗിക്കപ്പെടുന്ന പദങ്ങളെ ആശ്രയിച്ചിരിക്കുന്നതെങ്ങനെ?
11 ഗുണദോഷച്ചീട്ടിൽ കുറിച്ചിരിക്കുന്ന മറെറാരു അഭികാമ്യമായ സവിശേഷത “സംഭാഷണഗുണം” ആണ്. അതു ദൈനംദിനജീവിതത്തിൽ നിങ്ങൾക്കുളള ഒന്നാണ്. എന്നാൽ ഒരു പ്രസംഗം നടത്താൻ എഴുന്നേററുനിൽക്കുമ്പോൾ നിങ്ങൾക്ക് അതുണ്ടോ? ഒരു വലിയ കൂട്ടത്തോടുപോലും അനായാസം സംഭാഷണം നടത്തുന്ന ആളുകൾ മിക്കപ്പോഴും “ഒരു പ്രസംഗം നടത്താൻ” മുന്നമേ തയ്യാറാകാൻ ക്ഷണിക്കപ്പെടുമ്പോൾ വളരെ ഔപചാരികമായ രീതിയും ഏറെക്കുറെ “ഉപദേശരീതി”യും അവലംബിക്കുന്നു. എന്നാൽ പരസ്യപ്രസംഗത്തിന്റെ ഏററവും ഫലകരമായ രീതി സംഭാഷണശൈലിയാണ്.
12 സംഭാഷണപരമായ പദങ്ങൾ ഉപയോഗിക്കുന്നു. സംഭാഷണരീതിയിലുളള പ്രസംഗത്തിന്റെ ഫലപ്രദത്വത്തിലധികവും ഉപയോഗിക്കപ്പെടുന്ന പദങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു വാചാപ്രസംഗം തയ്യാറാക്കുമ്പോൾ, അച്ചടിയിൽ കാണപ്പെടുന്നതുപോലെതന്നെയുളള ശൈലികൾ ആവർത്തിക്കുന്നതു പൊതുവേ നല്ലതല്ല. ലിഖിതശൈലി വാമൊഴിയിൽനിന്നു വ്യത്യസ്തമാണ്. അതുകൊണ്ട് ഈ ആശയങ്ങൾക്കു നിങ്ങളുടെ വ്യക്തിപരമായ സ്വന്തം ശൈലിയനുസരിച്ചു രൂപം കൊടുക്കുക. സങ്കീർണമായ വാചകഘടന ഒഴിവാക്കുക.
13 പ്ലാററ്ഫാറത്തിലെ പ്രസംഗം നിങ്ങളുടെ അനുദിന ആശയപ്രകടനത്തെ പ്രതിഫലിപ്പിക്കണം. നിങ്ങൾ “ഭാവം നടിക്കാൻ” ശ്രമിക്കരുത്. എന്നാലും, നിങ്ങളുടെ തയ്യാറാക്കപ്പെട്ട പ്രസംഗം അനുദിനസംസാരത്തെക്കാൾ സ്വാഭാവികമായി മെച്ചമായിരിക്കും, കാരണം നിങ്ങളുടെ ആശയങ്ങൾ മുന്നമേ കൂടുതൽ ശ്രദ്ധയോടെ ചിന്തിച്ചെടുത്തിട്ടുളളതാണ്, കൂടുതൽ ഒഴുക്കോടെ വരുകയും ചെയ്യും. തത്ഫലമായി, നിങ്ങളുടെ പദപ്രയോഗങ്ങൾതന്നെ മെച്ചമായ വാചകരീതിയിലായിരിക്കണം.
14 ഇത് അനുദിനപരിശീലനത്തിന്റെ മൂല്യത്തിന് ഊന്നൽ കൊടുക്കുന്നു. സംസാരത്തിൽ നാട്യം പാടില്ല. ഗ്രാമ്യഭാഷ ഒഴിവാക്കുക. നിങ്ങൾക്കുണ്ടായിരിക്കാവുന്ന വ്യത്യസ്തമായ ഓരോ ആശയവും ധരിപ്പിക്കുന്നതിന് ഒരേ പദപ്രയോഗങ്ങളുടെയും ശൈലികളുടെയും നിരന്തര ആവർത്തനം ഒഴിവാക്കുക. അർഥവത്തായി സംസാരിക്കാൻ പഠിക്കുക. നിങ്ങളുടെ അനുദിനസംഭാഷണത്തിൽ അഭിമാനിക്കുക, അപ്പോൾ നിങ്ങൾ പ്ലാററ്ഫാറത്തിലായിരിക്കുമ്പോൾ കൂടുതൽ അനായാസം വാക്കുകൾ വരുകയും നിങ്ങൾ ഏതു സദസ്സിനും നിറപ്പകിട്ടാർന്നതും അനായാസവും സ്വീകാര്യവുമായ ഒരു സംഭാഷണഗുണത്തോടെ പ്രസംഗിക്കാൻ പ്രാപ്തനാകുകയും ചെയ്യും.
15 വയൽശുശ്രൂഷയിൽ ഇതു വിശേഷാൽ സത്യമാണ്. വിദ്യാർഥിപ്രസംഗങ്ങളിൽ നിങ്ങൾ ഒരു വീട്ടുകാരിയോടാണു സംസാരിക്കുന്നതെങ്കിൽ വയൽസേവനത്തിലായിരിക്കുന്നതുപോലെ സ്വാഭാവികവും അനായാസവുമായ രീതിയിൽ അവിടെ ഉപയോഗിക്കുന്ന പദങ്ങൾ ഉപയോഗിച്ചുകൊണ്ടു സംസാരിക്കാൻ ശ്രമിക്കുക. ഇത് അനൗപചാരികവും പ്രായോഗികവുമായ ഒരു പ്രസംഗമായിരിക്കും. അതിലും പ്രധാനമായി, അതു നിങ്ങളെ വയൽശുശ്രൂഷയിലെ കൂടുതൽ ഫലപ്രദമായ അവതരണങ്ങൾക്കു പരിശീലിപ്പിക്കുകയും ചെയ്യും.
16-19. പ്രസംഗാവതരണത്തിനു സംഭാഷണഗുണത്തെ എങ്ങനെ ബാധിക്കാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടുക.
16 സംഭാഷണപരമായ പ്രസംഗരീതി. സംഭാഷണഗുണം ഉപയോഗിക്കപ്പെടുന്ന പദങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. നിങ്ങളുടെ പ്രസംഗരീതിയും അഥവാ ശൈലിയും പ്രധാനമാണ്. ഇതിൽ സ്വരവും സ്വരഭേദവും ശൈലിയുടെ സ്വാഭാവികതയും ഉൾപ്പെടുന്നു. അത് അനുദിന സംസാരംപോലെതന്നെ സ്വതഃപ്രേരിതമാണ്, സദസ്സിനുവേണ്ടി വിപുലപ്പെടുത്തുന്നുവെങ്കിലും.
17 സംഭാഷണപരമായ പ്രസംഗം വാക്പാടവത്തിനു കടകവിരുദ്ധമാണ്. അതിന് “ഉപദേശി”രീതിയിലുളള പ്രസംഗത്തിന്റെ ഘടകങ്ങളൊന്നുമില്ല, അശേഷം കൃത്രിമത്വമില്ലാത്തതുമാണ്.
18 തുടക്കക്കാരായ പ്രസംഗകർക്കു സംഭാഷണഗുണം നഷ്ടപ്പെടുന്ന ഒരു വഴി പദപ്രയോഗംസംബന്ധിച്ച മുന്നമേയുളള കണക്കിലധികം സമഗ്രമായ തയ്യാറാകലിലാണ്. പ്രസംഗാവതരണത്തിനു തയ്യാറാകുമ്പോൾ, നന്നായി തയ്യാറായിരിക്കുന്നതിനു നിങ്ങൾ പ്രായേണ മനഃപാഠമാക്കുന്നതുവരെ പദാനുപദം വായിക്കണമെന്നു വിചാരിക്കരുത്. വാചാപ്രസംഗത്തിൽ അവതരണത്തിനുവേണ്ടിയുളള തയ്യാറാകൽ പ്രസ്താവിക്കപ്പെടേണ്ട ആശയങ്ങളുടെ ശ്രദ്ധാപൂർവകമായ ഒരു പുനരവലോകനത്തിന് ഊന്നൽ കൊടുക്കണം. ഇവ നിങ്ങളുടെ മനസ്സിൽ ഒന്നു മറെറാന്നിനെ അനായാസം പിന്തുടരുന്നതുവരെ ചിന്തകൾ അല്ലെങ്കിൽ ആശയങ്ങൾ എന്ന നിലയിൽ പുനരവലോകനം ചെയ്യപ്പെടണം. അവ സയുക്തികം വികസിപ്പിക്കുകയും നന്നായി ആസൂത്രണംചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇതു പ്രയാസമായിരിക്കരുത്, പ്രസംഗാവതരണത്തിൽ ആശയങ്ങൾ യഥേഷ്ടം അനായാസം വരുകയും ചെയ്യണം. അത് അങ്ങനെയായിരിക്കുന്നതിനാൽ, ആശയവിനിയമം നടത്തുന്നതിനുളള ആഗ്രഹത്തോടെ അവ പ്രസ്താവിക്കപ്പെടുന്നുവെങ്കിൽ സംഭാഷണഗുണം അവതരണത്തിന്റെ ഒരു ഭാഗമായിരിക്കും.
19 നിങ്ങൾക്കുവേണ്ടി ഇത് ഉറപ്പുവരുത്താനുളള ഒരു മാർഗം സദസ്സിലെ വ്യത്യസ്ത വ്യക്തികളോടു സംസാരിക്കാനുളള ഒരു ശ്രമംചെയ്യുകയാണ്. ഒരു സമയത്തു നേരിട്ട് ഒരാളോടു സംസാരിക്കുക. ആ വ്യക്തി ഒരു ചോദ്യം ചോദിച്ചതായി വിചാരിക്കുക, അനന്തരം അതിന് ഉത്തരം കൊടുക്കുക. ആ പ്രത്യേക ആശയം വികസിപ്പിക്കുന്നതിൽ നിങ്ങൾ ആ ആളുമായി സ്വകാര്യസംഭാഷണത്തിലേർപ്പെടുന്നതായി സങ്കല്പിക്കുക. പിന്നീടു സദസ്സിലെ മറെറാരാളിലേക്കു നീങ്ങുകയും ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുക.
20-23. ഒരുവനു തന്റെ വായനയെ സ്വാഭാവികമായി തോന്നിക്കാൻ എങ്ങനെ കഴിയും?
20 വായനയിൽ സംഭാഷണരീതി നിലനിർത്തുന്നത്, വശമാക്കാൻ അത്യന്തം പ്രയാസമുളള പ്രസംഗഗുണങ്ങളിൽ ഒന്നാണ്, എന്നിരുന്നാലും അത് ഏററവും മർമപ്രധാനവുമാണ്. തീർച്ചയായും, നമ്മുടെ പരസ്യവായനയിലധികവും ബൈബിളിൽനിന്നാണ്, ഒരു വാചാപ്രസംഗത്തോടുളള ബന്ധത്തിൽ വാക്യങ്ങൾ വായിക്കുന്നതിലാണ്. വികാരത്തോടും അർഥത്തെക്കുറിച്ചുളള ഒരു സൂക്ഷ്മബോധത്തോടുംകൂടെ വേണം ബൈബിൾ വായിക്കാൻ. അതു സജീവമായിരിക്കണം. മറിച്ച്, ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകർ മതവൈദികരുടെ ധർമാഭിമാനപരമായ സ്വരഭേദം ഒരിക്കലും നടിക്കയില്ല. യഹോവയുടെ ദാസൻമാർ അവിടുത്തെ വചനം സ്വാഭാവികദൃഢതയോടും ആ പുസ്തകത്തിലെ ജീവനുളള ഭാഷ അർഹിക്കുന്ന യാഥാർഥ്യബോധത്തോടുംകൂടെ വായിക്കും.
21 ഇതിലധികവും വീക്ഷാഗോപുരത്തിന്റെ അല്ലെങ്കിൽ ഒരു പുസ്തകാധ്യയനത്തിലെ ഖണ്ഡികകളുടെ വായനയിലും സത്യമാണ്. ഇവിടെയും പദങ്ങളും വാചകഘടനയും സംഭാഷണപരമായി സംവിധാനം ചെയ്തതല്ല. അതുകൊണ്ട്, നിങ്ങളുടെ വായനയ്ക്ക് എല്ലായ്പോഴും സംഭാഷണംപോലെ തോന്നിക്കാൻ കഴിയുകയില്ല. എന്നാൽ നിങ്ങൾ വായിക്കുന്നതിന്റെ അർഥം മനസ്സിലാക്കി പരമാവധി സ്വാഭാവികമായും അർഥപൂർണമായും വായിക്കുന്നുവെങ്കിൽ, സ്വാഭാവികമായി ഉപയോഗിക്കുന്നതിനെക്കാൾ ഒരുപക്ഷേ അല്പംകൂടെ ഔപചാരികമായിട്ടാണെങ്കിലും മിക്കപ്പോഴും നിങ്ങൾക്ക് അതിനെ വാചാപ്രസംഗംപോലെ തോന്നിക്കാൻ കഴിയും. അതുകൊണ്ട്, നിങ്ങൾക്കു മുന്നമേ തയ്യാറാകാൻ കഴിയുമെങ്കിൽ, നിങ്ങളെ സഹായിക്കുന്ന ഏത് അടയാളങ്ങളും കൊടുക്കുന്നതു നിങ്ങളുടെ ശീലമായിരിക്കണം. വിവരങ്ങൾ പ്രായോഗികവും സ്വാഭാവികവുമായ ഒരു രീതിയിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുക.
22 സംഭാഷണപരമായ വായനയിൽ അല്ലെങ്കിൽ പ്രസംഗത്തിൽ ആത്മാർഥതയും സ്വാഭാവികതയും മുഖ്യഘടകങ്ങളാണ്. നിങ്ങളുടെ ഹൃദയം നിറഞ്ഞുകവിയട്ടെ, നിങ്ങളുടെ കേൾവിക്കാർക്കു ഹിതകരമായി സംസാരിക്ക.
23 നല്ല സംസാരം ഏതെങ്കിലും ഒരു അവസരത്തിനുവേണ്ടിമാത്രം ഉപയോഗിക്കാൻ കഴിയുകയില്ല, നല്ല ശീലങ്ങളും അങ്ങനെയാണല്ലോ. എന്നാൽ നിങ്ങൾ ദിവസവും നല്ല സംസാരം ഉപയോഗിക്കുകയാണെങ്കിൽ, അതു പ്ലാററ്ഫാറത്തിൽ പ്രകടമാകും, നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന നല്ല ശീലങ്ങൾ നിങ്ങൾ പൊതുസ്ഥലത്തായിരിക്കുമ്പോൾ എല്ലായ്പോഴും പ്രകടമാകുന്നതുപോലെതന്നെ.
**********
24, 25. മോശമായ ഉച്ചാരണം അനഭിലഷണീയമായിരിക്കുന്നത് എന്തുകൊണ്ട്?
24 ഉച്ചാരണം. ശരിയായ ഉച്ചാരണവും മൂല്യവത്താണ്. അതു പ്രസംഗ ഗുണദോഷച്ചീട്ടിൽ വേറിട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു. പത്രോസും യോഹന്നാനും വിദ്യാഭ്യാസമില്ലാത്തവരും സാധാരണക്കാരുമായ മനുഷ്യരാണെന്നു നിരീക്ഷിക്കപ്പെട്ടതുപോലെ, എല്ലാ ക്രിസ്ത്യാനികൾക്കും വളരെയേറെ ലൗകികവിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും, തെററായ ഉച്ചാരണം നിമിത്തം നമ്മുടെ സന്ദേശത്തിന്റെ അവതരണത്തിന്റെ വിലയിടിക്കുന്നത് ഒഴിവാക്കുന്നതു മൂല്യവത്താണ്. നാം വേണ്ടത്ര ശ്രദ്ധ കൊടുക്കുന്ന പക്ഷം അനായാസം തിരുത്താൻ കഴിയുന്ന ഒന്നാണത്.
25 ഒരാളുടെ ഉച്ചാരണം വളരെ മോശമാണെങ്കിൽ, അയാൾ തന്റെ സദസ്സിന്റെ മനസ്സിൽ തെററായ ആശയങ്ങൾ ധരിപ്പിക്കുകപോലും ചെയ്തേക്കാം, അതു തീർച്ചയായും അനഭിലഷണീയമായിരിക്കും. ആരെങ്കിലും തന്റെ പ്രസംഗത്തിൽ ഒരു വാക്കു തെററായി ഉച്ചരിക്കുന്നതു നിങ്ങൾ കേൾക്കുമ്പോൾ, അത് ഒരു സ്പോട്ട് ലൈററ്പോലെ നിങ്ങളുടെ മനസ്സിന്റെ മുമ്പിൽ മിന്നുന്നുവെന്നതാണു പൊതു ഫലം. നിങ്ങൾ അയാളുടെ വാദഗതി പിന്തുടരാതെ അയാൾ തെററായി ഉച്ചരിച്ച വാക്കിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങുകപോലും ചെയ്തേക്കാം. അത്, അയാൾ പറയുന്ന കാര്യത്തിൽനിന്ന് അതു പറയപ്പെടുന്ന വിധത്തിലേക്കു നിങ്ങളുടെ ശ്രദ്ധ മാററാനിടയാക്കിയേക്കാം.
26, 27. ഉച്ചാരണത്തോടുളള ബന്ധത്തിൽ ഏതു പ്രശ്നങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു?
26 ഉച്ചാരണത്തോടുളള ബന്ധത്തിൽ മൂന്നു തരത്തിലുളള പൊതു പ്രശ്നങ്ങൾ ഉണ്ടെന്നു പറയാവുന്നതാണ്. ഒന്നു തീർച്ചയായും തെററായ ഉച്ചാരണം. അതിൽ അസ്ഥാനത്തു സ്വരാഘാതം കൊടുക്കുന്നു, അല്ലെങ്കിൽ അക്ഷരങ്ങൾക്കു തെററായ ശബ്ദം കൊടുക്കുന്നു. മിക്ക ആധുനികഭാഷകൾക്കും സ്വരാഘാതത്തിനു നിയതമായ മാതൃകയുണ്ട്, എന്നാൽ ഇംഗ്ലീഷ്ഭാഷയിൽ മാതൃക ഏകരൂപമല്ല, അതു പ്രശ്നത്തെ കൂടുതൽ പ്രയാസമുളളതാക്കുന്നു. ഇനി ശരിയാണെങ്കിലും അതിശയോക്തിയാർന്ന ഉച്ചാരണമുണ്ട്, അമിതമായ കൃത്യതയുളളതും കൃത്രിമത്വത്തിന്റെ, ഘനഭാവത്തിന്റെ പോലും, ധാരണ കൊടുക്കുന്നതുതന്നെ. ഇത് അഭിലഷണീയമല്ല. മൂന്നാമത്തെ പ്രശ്നം അശ്രദ്ധമായ സംസാരമാണ്, വാക്കുകളുടെ നിരന്തരമായ കൂട്ടിക്കുഴയ്ക്കലാണ്, അക്ഷരങ്ങളുടെ തെററായ കാഴ്ചയും അല്ലെങ്കിൽ വിട്ടുപോക്കും അതുപോലെയുളള മററു ശീലങ്ങളുമാണ്. അവ ഒഴിവാക്കേണ്ടതാണ്.
27 സാധാരണയായി അനുദിന സംസാരത്തിൽ നാം സുപരിചിതങ്ങളായ വാക്കുകൾ ഉപയോഗിക്കുന്നു; അതുകൊണ്ട് ഈ ബന്ധത്തിൽ ഉച്ചാരണം ഒരു വലിയ പ്രശ്നമല്ല. ഏററവും വലിയ പ്രശ്നം സംജാതമാകുന്നതു വായനയിലാണ്. എന്നാൽ യഹോവയുടെ സാക്ഷികൾ പരസ്യമായും സ്വകാര്യമായും ധാരാളം വായന നടത്തുന്നു. നാം വീടുതോറും പോകുമ്പോൾ ആളുകളെ ബൈബിൾ വായിച്ചുകേൾപ്പിക്കുന്നു. ചിലപ്പോൾ വീക്ഷാഗോപുര അധ്യയനത്തിലോ ഒരു ഭവനബൈബിളധ്യയനത്തിലോ ഒരു സഭാപുസ്തകാധ്യയനത്തിലോ ഖണ്ഡികകൾ വായിക്കാൻ നാം ക്ഷണിക്കപ്പെടുന്നു. വായന കൃത്യമായിരിക്കുന്നത്, ഉച്ചാരണം ശരിയായിരിക്കുന്നത്, മൂല്യവത്താണ്. അതു ശരിയല്ലെങ്കിൽ, നാം എന്തിനെക്കുറിച്ചാണു സംസാരിക്കുന്നത് എന്നു നമുക്ക് അറിയാൻ പാടില്ലെന്നുളള ധാരണ അതു നൽകുന്നു. അതു സന്ദേശത്തിൽനിന്നു ശ്രദ്ധ അകററുകയും ചെയ്യുന്നു.
28-34. ഒരുവനു തന്റെ ഉച്ചാരണം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കപ്പെടാൻ കഴിയും?
28 തെററായ ഉച്ചാരണം സംബന്ധിച്ച ഗുണദോഷം അമിതമാകരുത്. ഒന്നോ രണ്ടോ വാക്കുകളെക്കുറിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സ്വകാര്യമായ ബുദ്ധ്യുപദേശം മതിയായേക്കാം. എന്നാൽ ഒരു പ്രസംഗത്തിനിടയിൽ ചുരുക്കംചില വാക്കുകൾ മാത്രം തെററായി ഉച്ചരിച്ചാൽപോലും, അവ നാം ക്രമമായി നമ്മുടെ ശുശ്രൂഷയിലോ അനുദിനസംസാരത്തിലോ ഉപയോഗിക്കുന്ന വാക്കുകളാണെങ്കിൽ വിദ്യാർഥി അവ ശരിയായി ഉച്ചരിക്കാൻ പഠിക്കേണ്ടതിനു സ്കൂൾ മേൽവിചാരകൻ അവയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതു വിദ്യാർഥിക്കു സഹായകമായിരിക്കും.
29 നേരേമറിച്ച്, ബൈബിളിൽനിന്നു വായിക്കുമ്പോൾ, വിദ്യാർഥി ഒന്നോ രണ്ടോ എബ്രായപേരുകൾ തെററായി ഉച്ചരിക്കാനിടയായാൽ ഇതു മുന്തിയ ഒരു ബലഹീനതയായി കരുതപ്പെടുകയില്ല. എന്നിരുന്നാലും, അയാൾ അനേകം പേരുകൾ തെററായി ഉച്ചരിച്ചാൽ, ഇതു തയ്യാറാകലിലെ കുറവിന്റെ തെളിവു നൽകും, ഗുണദോഷം കൊടുക്കേണ്ടതാണ്. ശരിയായ ഉച്ചാരണം തിട്ടപ്പെടുത്താൻ പഠിക്കുന്നതിനും അനന്തരം അതു ശീലിക്കുന്നതിനും വിദ്യാർഥിയെ സഹായിക്കണം.
30 അതിശയോക്തിയാർന്ന ഉച്ചാരണത്തെക്കുറിച്ചും അങ്ങനെതന്നെ. അത് ഒരു നിരന്തര ശീലമായതുകൊണ്ടു യഥാർഥത്തിൽ പ്രസംഗത്തിന്റെ വിലയിടിക്കുന്നുവെങ്കിൽ, വിദ്യാർഥിക്കു സഹായം കൊടുക്കണം. ശീഘ്രം സംസാരിക്കുമ്പോൾ മിക്കയാളുകളും ചുരുക്കംചില വാക്കുകൾ കൂട്ടിക്കുഴച്ചു പറയാൻ പ്രവണതകാട്ടുന്നുവെന്നു കുറിക്കൊളേളണ്ടതാണ്. ഇതു സംബന്ധിച്ചു ഗുണദോഷം കൊടുക്കേണ്ടതില്ല, എന്നാൽ അത് ഒരു നിരന്തര ശീലമാണെങ്കിൽ, ഒരു വിദ്യാർഥി നിരന്തരം വാക്കുകൾ കൂട്ടിക്കുഴക്കുകയും അയാളുടെ സംസാരം മനസ്സിലാക്കാൻ പ്രയാസമായിത്തീരുകയും ചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ അതു സന്ദേശത്തിന്റെ വിലയിടിക്കുന്നുവെങ്കിൽ, അപ്പോൾ അയാൾക്കു സ്ഫുടതസംബന്ധിച്ചു കുറെ സഹായം കൊടുക്കുന്നതു ബുദ്ധിപൂർവകമാണ്.
31 തീർച്ചയായും, ചില ഭാഷകൾക്കു വ്യത്യസ്ത സ്ഥലങ്ങളിൽ സ്വീകാര്യമായ ഉച്ചാരണം വ്യത്യാസപ്പെടാമെന്നു നിങ്ങളുടെ ഉപദേശകൻ ഓർത്തിരിക്കും. മിക്കപ്പോഴും ഇംഗ്ലീഷ് നിഘണ്ടുക്കൾ സ്വീകാര്യമായ ഒന്നിലധികം ഉച്ചാരണങ്ങൾ നൽകുന്നു. അതുകൊണ്ട് അങ്ങനെയുളള സന്ദർഭങ്ങളിൽ ഉച്ചാരണംസംബന്ധിച്ചു ഗുണദോഷം കൊടുക്കുന്നതിൽ അദ്ദേഹം ജാഗ്രത പുലർത്തും. അദ്ദേഹം അതു വ്യക്തിപരമായ ഇഷ്ടത്തിന്റെ ഒരു സംഗതിയാക്കുകയില്ല.
32 നിങ്ങൾക്ക് ഉച്ചാരണംസംബന്ധിച്ച് ഒരു പ്രശ്നമുണ്ടെങ്കിൽ, മനസ്സുവെക്കുന്നപക്ഷം അതു തിരുത്തുന്നതു പ്രയാസമാണെന്നു നിങ്ങൾ കണ്ടെത്തുകയില്ല. പരിചയസമ്പന്നരായ പ്രസംഗകർപോലും ഒരു വായനാനിയമനം ലഭിക്കുമ്പോൾ, തങ്ങൾക്കു സുപരിചിതമല്ലാത്ത വാക്കുകൾ നിഘണ്ടു എടുത്തുനോക്കുന്നു. അവർ കേവലം പരീക്ഷണം നടത്തുന്നില്ല. അതുകൊണ്ട്, നിഘണ്ടു ഉപയോഗിക്കുക.
33 ഉച്ചാരണം മെച്ചപ്പെടുത്താൻ കഴിയുന്ന മറെറാരു മാർഗം മറെറാരാളെ, വാക്കുകൾ ശരിയായി ഉച്ചരിക്കുന്ന ആരെയെങ്കിലും, വായിച്ചുകേൾപ്പിക്കുന്നതും നിങ്ങൾ തെററിക്കുന്ന ഓരോ പ്രാവശ്യവും നിർത്തി നിങ്ങളെ തിരുത്താൻ അയാളോട് ആവശ്യപ്പെടുന്നതുമാണ്.
34 മൂന്നാമത്തെ ഒരു രീതി നല്ല പ്രസംഗകരെ അവധാനപൂർവം ശ്രദ്ധിക്കുന്നതാണ്. ശ്രദ്ധിക്കുമ്പോൾ ചിന്തിക്കുക; നിങ്ങൾ ഉച്ചരിക്കുന്നതിൽനിന്നു വ്യത്യസ്തമായി അവർ ഉച്ചരിക്കുന്ന വാക്കുകൾ കുറിക്കൊളളുക. അവ എഴുതിയിടുക; അവ നിഘണ്ടുവിൽ നോക്കുകയും ശീലിക്കുകയും ചെയ്യുക. പെട്ടെന്നു നിങ്ങളും ശരിയായി ഉച്ചരിക്കും. ഒഴുക്കുളള സംഭാഷണപരമായ പ്രസംഗാവതരണവും അതോടൊപ്പം ശരിയായ ഉച്ചാരണവും നിങ്ങളുടെ പ്രസംഗത്തിന്റെ ഗുണം അതിയായി വർധിപ്പിക്കും.
[അധ്യയന ചോദ്യങ്ങൾ]