സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും
പാഠം 28
സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും
1. സദസ്യരോടുളള സമ്പർക്കത്തിന്റെ പ്രാധാന്യവും ഇതിൽ കുറിപ്പുകളുപയോഗിക്കൽ വഹിക്കുന്ന പങ്കും വിശദീകരിക്കുക.
1 നിങ്ങളുടെ സദസ്സുമായി നല്ല സമ്പർക്കമുണ്ടായിരിക്കുന്നതു പഠിപ്പിക്കലിൽ വലിയ ഒരു സഹായമാണ്. അത് അവരുടെ ആദരവു നേടുകയും കൂടുതൽ ഫലപ്രദമായി പഠിപ്പിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അവരുമായുളള നിങ്ങളുടെ സമ്പർക്കം പ്രസംഗകനെന്ന നിലയിൽ അവരുടെ ഓരോ പ്രതികരണവും നിങ്ങൾ സത്വരം അറിയത്തക്കവണ്ണം നിങ്ങളെ അടുത്ത സമ്പർക്കത്തിൽ വരുത്തണം. നിങ്ങൾക്കു സദസ്യരോടുളള അത്തരം സമ്പർക്കം ഉണ്ടോ ഇല്ലയോ എന്നു നിർണയിക്കുന്നതിൽ നിങ്ങളുടെ കുറിപ്പുകളുപയോഗിക്കൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. വിപുലമായ കുറിപ്പുകൾ ഒരു തടസ്സമായിരിക്കാൻ കഴിയും; എന്നാൽ വിദഗ്ധമായ കുറിപ്പുകളുപയോഗിക്കൽ ശല്യമല്ല, സാഹചര്യങ്ങൾ അവ സാധാരണയിലും കുറേക്കൂടെ നീണ്ടതായിരിക്കേണ്ടതാവശ്യമാക്കിയാലും. കാരണം വിദഗ്ധനായ ഒരു പ്രസംഗകൻ കണക്കിലധികമോ തെററായ സമയത്തോ കുറിപ്പുകളിൽ നോക്കിക്കൊണ്ടു സദസ്സുമായുളള തന്റെ സമ്പർക്കം നഷ്ടപ്പെടുത്തുന്നില്ല. നിങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ടിൽ ഇതിനു ശ്രദ്ധകൊടുക്കുന്നു, അതു “സദസ്യരോടുളള സമ്പർക്കവും കുറിപ്പുകളുപയോഗിക്കലും” എന്നു പട്ടികപ്പെടുത്തിയിരിക്കുന്നു.
2-5. സദസ്സുമായുളള ഫലകരമായ ദൃഷ്ടിസമ്പർക്കത്തിന് ഇടയാക്കുന്നതെന്ത്?
2 സദസ്സുമായി ദൃഷ്ടിസമ്പർക്കം. ദൃഷ്ടിസമ്പർക്കത്തിന്റെ അർഥം നിങ്ങളുടെ സദസ്സിനെ കാണുന്നു എന്നാണ്. അതിന്റെ അർഥം കേവലം സദസ്സിനെ നോക്കുന്നുവെന്നല്ല, പിന്നെയോ സദസ്സിലെ വ്യക്തികളെ നോക്കുന്നു എന്നാണ്. അതിന്റെ അർഥം അവരുടെ മുഖഭാവങ്ങൾ കാണുന്നുവെന്നും അതനുസരിച്ചു പ്രതികരിക്കുന്നുവെന്നുമാണ്.
3 നിങ്ങളുടെ സദസ്സിനെ നോക്കുക എന്നതിന്റെ അർഥം ആരേയും വിട്ടുപോകാതെ ഒരു വശംമുതൽ മറേറ വശംവരെ കേവലം താളാത്മകമായി നോക്കുക എന്നല്ല. സദസ്സിലെ ആരെയെങ്കിലും നോക്കി ആ വ്യക്തിയോട് ഒന്നോ രണ്ടോ വാചകങ്ങൾ പറയുക. പിന്നീടു മറെറാരാളെ നോക്കുകയും ആ ആളിനോട് ഏതാനും വാചകങ്ങൾകൂടെ പറയുകയും ചെയ്യുക. ആർക്കെങ്കിലും ബുദ്ധിമുട്ടു തോന്നത്തക്കവണ്ണം വളരെ ദീർഘമായി ആരെയും നോക്കരുത്, മുഴു സദസ്സിലെയും ചുരുക്കം ചിലരിൽമാത്രം കേന്ദ്രീകരിക്കയുമരുത്. ഈ വിധത്തിൽ സദസ്സിലുടനീളം തുടർന്നുനീങ്ങുക. എന്നാൽ നിങ്ങൾ ഒരാളോടു സംസാരിക്കുമ്പോൾ യഥാർഥമായി അയാളോടു സംസാരിക്കുകയും നിങ്ങൾ മറെറാരാളിലേക്കു കടക്കുന്നതിനു മുമ്പ് അയാളുടെ പ്രതികരണം ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ കുറിപ്പുകൾ സ്പീക്കേഴ്സ് സ്ററാൻഡിലോ നിങ്ങളുടെ കൈയിലോ ബൈബിളിലോ വെച്ചാൽ നിങ്ങൾക്ക് ഒരു നേത്രചലനംകൊണ്ടു മാത്രം അവയിൽ പെട്ടെന്നു നോക്കാൻ കഴിയും. കുറിപ്പുകൾ നോക്കാൻ നിങ്ങളുടെ മുഴുതലയും ചലിപ്പിക്കേണ്ടതാവശ്യമാണെങ്കിൽ, സദസ്യസമ്പർക്കം മോശമാകും.
4 നിങ്ങൾ നിങ്ങളുടെ കുറിപ്പുകൾ എത്ര കൂടെക്കൂടെ നോക്കുന്നുണ്ടെന്നു മാത്രമല്ല, എപ്പോൾ അവ നോക്കുന്നുവെന്നും നിങ്ങളുടെ ഉപദേശകൻ നിരീക്ഷിക്കും. നിങ്ങൾ ഒരു പാരമ്യത്തിലെത്തുമ്പോൾ കുറിപ്പുകളിൽ നോക്കുകയാണെങ്കിൽ, നിങ്ങൾ സദസ്സിന്റെ പ്രതികരണം കാണുകയില്ല. നിങ്ങൾ നിരന്തരം കുറിപ്പുകൾ നോക്കുകയാണെങ്കിലും നിങ്ങൾക്കു സദസ്യസമ്പർക്കം നഷ്ടപ്പെടും. ഇതു സാധാരണയായി സഭാകമ്പത്തെയോ പ്രസംഗാവതരണത്തിലെ അപര്യാപ്തമായ തയ്യാറാകലിനെയോ സൂചിപ്പിക്കുന്നു.
5 പരിചയസമ്പന്നരായ പ്രസംഗകരോട് ഒരു മുഴു പ്രസംഗവും ലിഖിതപ്രസംഗമായി നടത്താൻ ആവശ്യപ്പെടുന്ന സമയങ്ങളുണ്ട്. തീർച്ചയായും ഇതു സദസ്സുമായുളള അവരുടെ ദൃഷ്ടിസമ്പർക്കത്തെ കുറെയൊക്കെ പരിമിതപ്പെടുത്തുന്നു. എന്നാൽ നല്ല തയ്യാറാകലിന്റെ ഫലമായി വിവരങ്ങൾ സുപരിചിതമാക്കിയിട്ടുണ്ടെങ്കിൽ, വായിച്ചുകൊണ്ടിരുന്ന സ്ഥാനം വിട്ടുപോകാതെ ഇടവിട്ടിടവിട്ടു സദസ്സിനെ നോക്കാൻ അവർ പ്രാപ്തരാണ്, ഇത് അവരുടെ ഭാഗത്തെ വ്യക്തതയാർന്ന വായനയ്ക്ക് ഒരു ഉത്തേജനമാണ്.
6-9. സദസ്സുമായുളള സമ്പർക്കം നേടുന്നതിനുളള മറെറാരു മാർഗവും സൂക്ഷിക്കേണ്ട കെണികളും ചൂണ്ടിക്കാട്ടുക.
6 നേരിട്ടുളള സംബോധനയാൽ സദസ്യസമ്പർക്കം. ഇതു ദൃഷ്ടിസമ്പർക്കംപോലെതന്നെ അത്യന്താപേക്ഷിതമാണ്. അതിൽ നിങ്ങളുടെ സദസ്സിനെ സംബോധന ചെയ്യുന്നതിനു നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ ഉൾപ്പെട്ടിരിക്കുന്നു.
7 നിങ്ങൾ ഒരാളോടു സ്വകാര്യമായി സംസാരിക്കുമ്പോൾ “നിങ്ങൾ,” “നിങ്ങളുടെ” എന്നോ “നമ്മൾ,” “നമ്മുടെ” എന്നോ പറഞ്ഞുകൊണ്ടു നേരിട്ടു സംബോധന ചെയ്യുന്നു. ഉചിതമായിരിക്കുന്നടത്ത്, ഒരു വലിപ്പമേറിയ സദസ്സിനോടും ഇതേവിധത്തിൽ നിങ്ങൾക്കു സംസാരിക്കാൻ കഴിയും. നിങ്ങളുടെ പ്രസംഗത്തെ ഒരു സമയത്ത് ഒന്നോ രണ്ടോ പേരുമായുളള ഒരു സംഭാഷണമായി വീക്ഷിക്കാൻ ശ്രമിക്കുക. അവർ യഥാർഥത്തിൽ നിങ്ങളോടു സംസാരിച്ച മട്ടിൽ അവരോടു പ്രതികരിക്കാൻ കഴിയത്തക്കവണ്ണം അവരെ അടുത്തു വീക്ഷിക്കുക. ഇതു നിങ്ങളുടെ പ്രസംഗാവതരണത്തെ വ്യക്തിഗതമാക്കും.
8 എന്നിരുന്നാലും ജാഗ്രതക്കുളള ഒരു വാക്ക്. നിങ്ങളുടെ സദസ്സുമായി കണക്കിലധികം പരിചിതമായിത്തീരുന്ന അപകടം ഒഴിവാക്കുക. വയൽശുശ്രൂഷയിൽ ഒരു വീട്ടുവാതിൽക്കൽ ഒന്നോ രണ്ടോ പേരുമായി മാന്യമായ സംഭാഷണത്തിലേർപ്പെടുമ്പോഴത്തേതിലധികം നിങ്ങൾ അടുപ്പത്തിലാകേണ്ടയാവശ്യമില്ല, എന്നാൽ നിങ്ങൾക്ക് അതുപോലെതന്നെ നേരിട്ടു സംസാരിക്കാൻ കഴിയും, സംസാരിക്കേണ്ടതാണ്.
9 മറെറാരു അപകടം. നിങ്ങൾ വ്യക്തിയെ കുറിക്കുന്ന സർവനാമങ്ങളുടെ ഉപയോഗത്തിൽ നിപുണരായിരിക്കണം, നിങ്ങളുടെ സദസ്സിനെ അനഭിലഷണീയമായ ഒരു രീതിയിൽ ചിത്രീകരിക്കരുത്. ഉദാഹരണത്തിന്, ദുഷ്കൃത്യത്തെക്കുറിച്ചുളള ഒരു പ്രസംഗത്തിൽ, ദുഷ്പ്രവൃത്തിക്കാർ നിങ്ങളുടെ സദസ്സാണെന്നു സൂചിപ്പിക്കുന്ന ഒരു സംബോധനാരീതി നിങ്ങൾ ഉപയോഗിക്കുകയില്ല. അല്ലെങ്കിൽ, നിങ്ങൾ സേവനയോഗത്തിൽ കുറഞ്ഞ മണിക്കൂറുകളെക്കുറിച്ചു ചർച്ചചെയ്യുകയാണെങ്കിൽ, എല്ലായ്പോഴും “നിങ്ങൾ” എന്ന് ഉപയോഗിക്കുന്നതിനു പകരം “നമ്മൾ” എന്ന സർവനാമം ഉപയോഗിച്ചുകൊണ്ടു നിങ്ങളേത്തന്നെ പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചിന്താപൂർവകതയും പരിഗണനയും ഇത്തരം ഏത് അപകടത്തെയും അനായാസം തരണംചെയ്യണം.
**********
10, 11. ഒരു ബാഹ്യരേഖ ഉപയോഗിക്കാൻ പഠിക്കുന്നതിനു നമ്മെ എന്തു പ്രോത്സാഹിപ്പിക്കണം?
10 ബാഹ്യരേഖയുടെ ഉപയോഗം. തുടക്കക്കാരായ അധികം പ്രസംഗകർ ഒരു ബാഹ്യരേഖ ഉപയോഗിച്ചു സംസാരിച്ചുതുടങ്ങുന്നില്ല. സാധാരണയായി അവർ പ്രസംഗം മുന്നമേ എഴുതുകയും അനന്തരം ഒന്നുകിൽ വായിക്കുകയോ അല്ലെങ്കിൽ ഓർമയിൽനിന്നു പറയുകയോ ചെയ്യും. തുടക്കത്തിൽ നിങ്ങളുടെ ഉപദേശകൻ ഇത് അവഗണിക്കും. എന്നാൽ നിങ്ങൾ നിങ്ങളുടെ പ്രസംഗ ഗുണദോഷച്ചീട്ടിലെ “ബാഹ്യരേഖയുടെ ഉപയോഗ”ത്തിൽ വരുമ്പോൾ കുറിപ്പുകളുപയോഗിച്ചു പ്രസംഗിക്കാൻ അദ്ദേഹം നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ പോകുകയാണ്. അതു വശമാക്കുമ്പോൾ, നിങ്ങൾ ഒരു പരസ്യപ്രസംഗകൻ എന്ന നിലയിൽ മുമ്പോട്ടുളള ഒരു വലിയ ചുവടുവെയ്പു നടത്തിയതായി കണ്ടെത്തും.
11 വായിക്കാൻപോലും അറിയാൻ പാടില്ലാത്ത കുട്ടികളും മുതിർന്നവരും ആശയങ്ങളെ ദ്യോതിപ്പിക്കുന്ന ചിത്രീകരണങ്ങൾ ഉപയോഗിച്ചുകൊണ്ടു പ്രസംഗങ്ങൾ നടത്തുന്നു. രാജ്യശുശ്രൂഷയിൽ വിവരിച്ചിരിക്കുന്ന തിരുവെഴുത്തവതരണങ്ങൾപോലെതന്നെ ഒരു ലളിതമായ ബാഹ്യരേഖകൊണ്ടും നിങ്ങൾക്കു പ്രസംഗം തയ്യാറാക്കാൻ കഴിയും. നിങ്ങൾ ഒരു ലിഖിതപ്രസംഗം ഉപയോഗിക്കാതെ ക്രമമായി വയൽശുശ്രൂഷയിൽ സംസാരിക്കുന്നു. ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ നിങ്ങൾക്കു സ്കൂളിൽ അത്രതന്നെ അനായാസം അതു ചെയ്യാൻ കഴിയും.
12, 13. ഒരു ബാഹ്യരേഖ എങ്ങനെ ഉണ്ടാക്കാമെന്നതുസംബന്ധിച്ചു നിർദേശങ്ങൾ നൽകുക.
12 ഈ ഗുണം മെച്ചപ്പെടുത്താനുളള പരിശ്രമം, തയ്യാറാകലിലും അവതരണത്തിലും ഒരു ലിഖിതപ്രസംഗം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കാനായതുകൊണ്ടു നിങ്ങളുടെ പ്രസംഗം മനഃപാഠമാക്കരുത്. അത് ഈ പാഠത്തിന്റെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തും.
13 നിങ്ങൾ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾക്ക് എങ്ങനെ? ആർ? എപ്പോൾ? എവിടെ? മുതലായ ക്രിയാവിശേഷണചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കാൻ കഴിയും. പിന്നീടു നിങ്ങളുടെ വിവരങ്ങൾക്കു യോജിക്കുന്ന വിധത്തിൽ ഈ ചോദ്യങ്ങൾ കുറിപ്പുകളുടെ ഭാഗമായി ഉപയോഗിക്കുക. പ്രസംഗം നടത്തുമ്പോൾ കേവലം ഒരു തിരുവെഴുത്തു വായിക്കുകയും ഉചിതംപോലെ നിങ്ങളോടുതന്നെയോ നിങ്ങളുടെ വീട്ടുകാരനോടോ ഈ ചോദ്യങ്ങൾ ചോദിക്കുകയും അവക്ക് ഉത്തരം കൊടുക്കുകയും ചെയ്യുക. അത് അത്ര ലളിതമായിരിക്കാൻ കഴിയും.
14, 15. ഏതു ഘടകങ്ങൾ നമ്മെ നിരുത്സാഹപ്പെടുത്തരുത്?
14 തുടക്കക്കാർക്കു മിക്കപ്പോഴും തങ്ങൾ എന്തെങ്കിലും മറക്കുമെന്നുളള ഉത്കണ്ഠയുണ്ട്. എന്നിരുന്നാലും, പ്രസംഗം സയുക്തികം വികസിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഒരു ആശയം വിട്ടുപോയാലും ആ ആശയം നഷ്ടപ്പെട്ടതായി ആരും വിചാരിക്കുകയില്ല. ഏതായാലും ഈ ഘട്ടത്തിൽ വിവരങ്ങളുടെ ഉൾപ്പെടുത്തലല്ല മുഖ്യപരിചിന്തനം. ഇപ്പോൾ ഒരു ബാഹ്യരേഖ ഉപയോഗിച്ചു പ്രസംഗിക്കാൻ പഠിക്കുകയാണു നിങ്ങളേസംബന്ധിച്ചു കൂടുതൽ പ്രധാനം.
15 ഈ പ്രസംഗം നടത്തുമ്പോൾ, ഇപ്പോൾത്തന്നെ പഠിച്ചുകഴിഞ്ഞ ഗുണങ്ങളിലനേകവും നിങ്ങൾക്കു നഷ്ടപ്പെട്ടതായി തോന്നും. ഭയപ്പെടരുത്. അവ മടങ്ങിവരും, ഒരു ലിഖിതപ്രസംഗം ഒഴിവാക്കി പ്രസംഗിക്കുന്നതിനു പഠിക്കാൻ നിങ്ങൾക്കു കഴിയുകയാണെങ്കിൽ ആ ഗുണങ്ങളിൽ പ്രവീണരായിത്തീരുന്നതായി നിങ്ങൾ കണ്ടെത്തും.
16, 17. കുറിപ്പുകൾ ഉണ്ടാക്കുമ്പോൾ നാം എന്ത് ഓർക്കണം?
16 ശുശ്രൂഷാസ്കൂളിൽ പ്രസംഗങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന കുറിപ്പുകളെക്കുറിച്ച് ഒരു വാക്ക്. അവ ഉരുവിടാൻവേണ്ടിയല്ല, ആശയങ്ങൾ ഓർമയിലേക്കു വരുത്താനാണ് ഉപയോഗിക്കേണ്ടത്. കുറിപ്പുകൾ ചുരുങ്ങിയതായിരിക്കണം. അവ ഭംഗിയും ക്രമവുമുളളതും വായിക്കാവുന്നതുമായിരിക്കണം. രംഗവിധാനം ഒരു മടക്കസന്ദർശനമാണെങ്കിൽ, നിങ്ങളുടെ കുറിപ്പുകൾ ഒരുപക്ഷേ ബൈബിളിന്റെ അകത്തു പുറമെ കാണാതെ വെച്ചിരിക്കണം. അതു പ്ലാററ്ഫാറത്തിലെ പ്രസംഗമാണെങ്കിൽ, നിങ്ങൾ ഒരു സ്പീക്കേഴ്സ് സ്ററാൻഡ് ഉപയോഗിക്കുമെന്നു നിങ്ങൾക്ക് അറിയുകയും ചെയ്യാമെങ്കിൽ, അപ്പോൾ കുറിപ്പുകൾ പ്രശ്നമായിരിക്കരുത്. എന്നാൽ നിങ്ങൾക്കു തിട്ടമില്ലെങ്കിൽ അതനുസരിച്ചു തയ്യാറാകുക.
17 മറെറാരു സഹായം വിഷയപ്രതിപാദ്യം നിങ്ങളുടെ കുറിപ്പുകൾക്കു മുകളിൽ എഴുതുന്നതാണ്. മുഖ്യ പോയിൻറുകൾ കണ്ണിനു വ്യക്തമായി മുന്തിനിൽക്കുകയും വേണം. അവ എല്ലാം വലിയ അക്ഷരത്തിൽ എഴുതാനോ അടിയിൽ വരയ്ക്കാനോ ശ്രമിക്കുക.
18, 19. നമുക്ക് എങ്ങനെ ഒരു ബാഹ്യരേഖ ഉപയോഗിക്കുന്നതിനു പരിശീലിക്കാൻ കഴിയും?
18 പ്രസംഗം നടത്തുമ്പോൾ ചുരുക്കമായ കുറിപ്പുകളുടെ ഉപയോഗം നിങ്ങൾക്കു തയ്യാറാകൽ അലക്ഷ്യമായി നടത്താമെന്ന് അർഥമാക്കുന്നില്ല. ആദ്യം നിങ്ങൾ ആഗ്രഹിക്കുന്നടത്തോളം പൂർണമായ ഒരു ബാഹ്യരേഖ ഉണ്ടാക്കിക്കൊണ്ടു വിശദമായി പ്രസംഗം തയ്യാറാകുക. പിന്നീട്, രണ്ടാമതു വളരെ ചുരുങ്ങിയ ഒരു ബാഹ്യരേഖ തയ്യാറാക്കുക. ഇതാണു പ്രസംഗം നടത്തുന്നതിനു നിങ്ങൾ യഥാർഥത്തിൽ ഉപയോഗിക്കുന്ന ബാഹ്യരേഖ.
19 ഇപ്പോൾ രണ്ടു ബാഹ്യരേഖകളും നിങ്ങളുടെ മുമ്പിൽ വെക്കുകയും ചുരുക്കി തയ്യാറാക്കിയ ബാഹ്യരേഖയിൽ മാത്രം നോക്കി ഒന്നാമത്തെ മുഖ്യ പോയിൻറു സംബന്ധിച്ചു നിങ്ങൾക്കു കഴിയുന്നടത്തോളം പറയുകയും ചെയ്യുക. അടുത്തതായി, കൂടുതൽ വിശദമായ ബാഹ്യരേഖയിൽ കണ്ണോടിച്ചിട്ടു നിങ്ങൾ എന്തു വിട്ടുപോയി എന്നു കാണുക. നിങ്ങളുടെ ഹ്രസ്വമായ ബാഹ്യരേഖയിലെ രണ്ടാമത്തെ മുഖ്യ പോയിൻറിലേക്കു കടക്കുകയും അതുതന്നെ ചെയ്യുകയും ചെയ്യുക. കാലക്രമത്തിൽ, കൂടുതൽ വിശദമായ ബാഹ്യരേഖയിലെ സകലവും ചുരുക്കംചില ഹ്രസ്വകുറിപ്പുകളിൽ നോക്കി ഓർമയിലേക്കു വരുത്താൻ കഴിയത്തക്കവണ്ണം ഹ്രസ്വബാഹ്യരേഖ നിങ്ങൾക്കു സുപരിചിതമായിത്തീരും. പരിശീലനത്താലും പരിചയത്താലും വാചാപ്രസംഗത്തിന്റെ പ്രയോജനങ്ങൾ നിങ്ങൾ വിലമതിച്ചുതുടങ്ങുകയും തികച്ചും ആവശ്യമുളളപ്പോൾ മാത്രം ഒരു ലിഖിതപ്രസംഗം ഉപയോഗിക്കുകയും ചെയ്യും. സംസാരിക്കുമ്പോൾ നിങ്ങൾക്കു കൂടുതൽ സ്വസ്ഥത തോന്നുകയും നിങ്ങളുടെ സദസ്സു കൂടുതൽ ആദരവോടെ ശ്രദ്ധിക്കുകയും ചെയ്യും.
[അധ്യയന ചോദ്യങ്ങൾ]