ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് മോചനം സാധ്യം!
ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് മോചനം സാധ്യം!
ഒരുപക്ഷേ നിങ്ങൾ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഒരു സൈനികനായിരിക്കാം. അതിന്റെ ഭീകരമായ ഓർമകൾ ഇപ്പോഴും വേട്ടയാടിയിട്ട്, യുദ്ധം അവസാനിച്ചിട്ടില്ല എന്ന തോന്നലിലായിരിക്കാം നിങ്ങൾ ജീവിക്കുന്നത്. അതല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ ബലാത്സംഗംപോലുള്ള ഹൃദയശൂന്യമായ അക്രമത്തിന് ഇരയായിട്ട് നിങ്ങളുടെ മനസ്സിനു കടുത്ത ആഘാതമേറ്റിട്ടുണ്ടാകാം. അതുമല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും ഒരു പ്രകൃതിദുരന്തത്തിലോ അപകടത്തിലോ മരിച്ചിട്ടുണ്ടാകാം. ആ വ്യക്തിയെ കൂടാതെയുള്ള ജീവിതം നിങ്ങൾക്കു സഹിക്കാവുന്നതിനും അപ്പുറമായിരിക്കാം.
ഇത്തരം തോന്നലുകളൊക്കെ മാറുമോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അവ മാറുമെന്ന് ഉറച്ച ബോധ്യത്തോടെ പറയാനാകും. എന്നാൽ, അതുവരെ ദൈവവചനമായ ബൈബിളിൽനിന്ന് ആശ്വാസം കണ്ടെത്തുക.
ദുരന്തത്തിന്റെ ആഘാതത്തെ അതിജീവിച്ചു
ഏതാണ്ട് 2,000 വർഷം മുമ്പ്, അപ്പോസ്തലനായ പൗലോസ് ജീവനു ഭീഷണിയായ ഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോയി. അവയിൽ ചിലതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ബൈബിളിൽ കാണാനാകും. അദ്ദേഹം പറയുന്നു: “ഏഷ്യാസംസ്ഥാനത്ത് ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെപോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നുപോലും ആശങ്ക തോന്നുന്ന വിധത്തിൽ സഹിക്കാവുന്നതിനും അപ്പുറം സമ്മർദം ഞങ്ങൾക്ക് അനുഭവപ്പെട്ടു. ശരിക്കും ഞങ്ങളെ മരണത്തിനു വിധിച്ചതായി ഞങ്ങൾക്കു തോന്നി.”—2 കൊരിന്ത്യർ 1:8, 9.
ആ സന്ദർഭത്തിൽ കൃത്യമായി എന്താണു സംഭവിച്ചതെന്നു നമുക്ക് അറിയില്ലെങ്കിലും അദ്ദേഹത്തിനു നേരിട്ട പ്രശ്നം ശരിക്കും ഭീകരമായിരുന്നു. (2 കൊരിന്ത്യർ 11:23-27) ആ ദുരന്തങ്ങളുടെ ആഘാതത്തിൽനിന്നെല്ലാം അദ്ദേഹം എങ്ങനെയാണു കരകയറിയത്?
ഏഷ്യയിൽവെച്ച് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ചിന്തിച്ചിട്ട് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ വാഴ്ത്തപ്പെടട്ടെ. നമ്മുടെ ദൈവം മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവവും ആണല്ലോ. നമ്മുടെ കഷ്ടതകളിലെല്ലാം ദൈവം നമ്മളെ ആശ്വസിപ്പിക്കുന്നു. അങ്ങനെ ദൈവത്തിൽനിന്ന് കിട്ടുന്ന ആശ്വാസംകൊണ്ട് ഏതുതരം കഷ്ടതകൾ അനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കാൻ നമുക്കും കഴിയുന്നു.”—2 കൊരിന്ത്യർ 1:3, 4.
അതെ, ദുരന്തത്തിന് ഇരയായവർക്ക് ‘മനസ്സലിവുള്ള പിതാവും ഏതു സാഹചര്യത്തിലും ആശ്വാസം തരുന്നവനും ആയ ദൈവത്തിൽനിന്ന്’ സഹായം ലഭിക്കും. എന്നാൽ നമുക്ക് എങ്ങനെ ആശ്വാസം നേടാനാകും?
എങ്ങനെ സഹായം നേടാം?
ഒന്നാമതായി സഹായം ചോദിക്കുക. നിങ്ങൾക്കു വൈകാരികമായ തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക, മറ്റുള്ളവർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. അത്തരം പ്രശ്നങ്ങളെ മറികടന്നവർക്കു മറ്റുള്ളവരെ സഹായിക്കാൻ പൊതുവേ സന്തോഷമാണ്. അപ്പോസ്തലനായ പൗലോസിനെപ്പോലെ അവരും, ദൈവത്തിൽനിന്ന് തങ്ങൾക്കു കിട്ടിയ ആശ്വാസം കഷ്ടതകൾ അനുഭവിക്കുന്ന മറ്റുള്ളവരുമായും പങ്കുവെക്കേണ്ടതുണ്ടെന്നു പലപ്പോഴും ചിന്തിക്കുന്നു. അതുകൊണ്ട് യഹോവയുടെ സാക്ഷികളിൽപ്പെട്ട, നിങ്ങൾക്ക് ഇഷ്ടമുള്ള ആരെയെങ്കിലും സമീപിക്കുക. ‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവത്തിൽനിന്നുള്ള ആശ്വാസം നേടാൻ’ അവരുടെ സഹായം സ്വീകരിക്കുക.
മടുത്തുപിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുക. ദേഷ്യം തോന്നിയിട്ടു പ്രാർഥിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ, ആത്മീയയോഗ്യതയുള്ള ആരോടെങ്കിലും നിങ്ങളോടൊപ്പം പ്രാർഥിക്കാമോ എന്നു ചോദിക്കുക. (യാക്കോബ് 5:14-16) യഹോവയോടു സംസാരിക്കുമ്പോൾ, ‘ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടാൻ’ ഓർക്കുക. (1 പത്രോസ് 5:7) തന്റെ ഓരോ ദാസന്റെയും കാര്യത്തിൽ ദൈവത്തിന് എത്രമാത്രം താത്പര്യമുണ്ടെന്നു ബൈബിളിൽ പലയിടങ്ങളിലും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
94-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനും ഒരു ദുരനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടാകണം. കാരണം അദ്ദേഹം ഇങ്ങനെ എഴുതി: “സഹായിയായി യഹോവ കൂടെയില്ലായിരുന്നെങ്കിൽ ഞാൻ എപ്പോഴേ ഇല്ലാതായേനേ. ‘കാലുകൾ തെന്നിപ്പോകുന്നു’ എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം എന്നെ താങ്ങിനിറുത്തി. ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീർത്തനം 94:17-19.
ദുരന്തത്തിന് ഇരയായ ചിലരുടെ കാര്യത്തിൽ “ആകുലചിന്തകൾ” മനസ്സിൽ തളംകെട്ടിനിന്നിട്ട് അതു ചിലപ്പോൾ പരിഭ്രാന്തിയുടെയോ ദേഷ്യത്തിന്റെയോ ഒരു കുത്തൊഴുക്കായി മാറാറുണ്ട്. എന്നാൽ, മനസ്സുതുറന്ന് പ്രാർഥിക്കുന്നത് അത്തരം ചിന്തകളിൽനിന്നൊക്കെ പുറത്ത് കടക്കുന്നതുവരെ നിങ്ങളെ താങ്ങിനിറുത്തും. യഹോവ സ്നേഹമുള്ള ഒരു അപ്പനാണെന്നും ആ അപ്പൻ സ്നേഹത്തോടെ സംരക്ഷിക്കുന്ന ഒരു ചെറിയ കുട്ടിയാണു നിങ്ങളെന്നും സങ്കൽപ്പിക്കുക. “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും” എന്ന ബൈബിൾവാഗ്ദാനം എപ്പോഴും മനസ്സിൽപ്പിടിക്കുക.—ഫിലിപ്പിയർ 4:7.
ശാരീരികമോ മാനസികമോ ആയ മുറിവ് ഉണങ്ങുന്നതിനും ദൈവവുമായുള്ള ബന്ധം വീണ്ടും ശക്തമാകുന്നതിനും സമയമെടുക്കും. അതുകൊണ്ട് ദുരന്തത്തിന്റെ കടുത്ത ആഘാതം അനുഭവിക്കുന്നവർ, പ്രാർഥനയിലൂടെ പെട്ടെന്നു സമാധാനം വീണ്ടെടുക്കാനാകുമെന്നു പ്രതീക്ഷിക്കരുത്. എങ്കിലും, മടുത്തുപോകാതെ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. അതു പ്രധാനമാണ്. ദുരന്തത്തിന്റെ ആഘാതത്താൽ അങ്ങേയറ്റം അസ്വസ്ഥരായിട്ടു നിരാശയുടെ പടുകുഴിയിലേക്കു വീണുപോകാതിരിക്കാൻ അതൊരു വ്യക്തിയെ സഹായിക്കും.
ദൈവവചനം വായിച്ച് അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. സ്വന്തമായി വായിക്കുമ്പോൾ ഏകാഗ്രത കിട്ടുന്നില്ലെങ്കിൽ, ആശ്വാസം നൽകുന്ന ബൈബിൾഭാഗങ്ങൾ വായിച്ചുകേൾപ്പിക്കാൻ ആരോടെങ്കിലും ആവശ്യപ്പെടാം. ഒരു വ്യക്തി എത്രതന്നെ വിഷാദമോ നിരാശയോ അനുഭവിക്കുന്നുണ്ടെങ്കിലും വിശ്വസ്തരായ അത്തരം വ്യക്തികളോടുള്ള യഹോവയുടെ ആഴമായ സ്നേഹം വെളിപ്പെടുത്തുന്ന ബൈബിൾഭാഗങ്ങൾ തിരഞ്ഞെടുക്കാം.
കഴിഞ്ഞ ലേഖനത്തിൽ കണ്ട ജെയിനിനു സങ്കീർത്തനങ്ങളിലെ പല ഭാഗങ്ങളും വലിയ ആശ്വാസം പകർന്നു. സങ്കീർത്തനം 3:1-8; 6:6-8; 9:9, 10; 11:1-7; 18:5, 6; 23:1-6; 27:7-9; 30:11, 12; 31:12, 19-22; 32:7, 8; 34:18, 19; 36:7-10; 55:5-9, 22; 56:8-11; 63:6-8; 84:8-10; 130:1-6 എന്നിവയായിരുന്നു അവയിൽ ചിലത്. ഒറ്റയടിക്ക് കുറെ ഭാഗങ്ങൾ വായിക്കാൻ ശ്രമിക്കരുത്. പകരം, വായിച്ച കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യുക.
മുമ്പെന്നത്തെക്കാൾ ദുരിതം ഇപ്പോൾ
ബലാത്സംഗം, കൊലപാതകം, യുദ്ധം, അക്രമപ്രവർത്തനങ്ങൾ എന്നിവ ഓരോ ദിവസവും വർധിച്ചുവരുന്നതിൽ അതിശയിക്കേണ്ടതില്ല. അതിന്റെ കാരണത്തെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞത്, നമ്മുടെ ഈ നാളുകൾ ‘നിയമലംഘനം വർധിക്കുന്ന’ കാലമാണ് എന്നാണ്. “മിക്കവരുടെയും സ്നേഹം തണുത്തുപോകും” എന്നും യേശു പറഞ്ഞു.—മത്തായി 24:7, 12.
ദുരന്തത്താലുള്ള ആഘാതം ഇന്ന്, മുമ്പെന്നത്തെക്കാൾ സാധാരണമായിത്തീർന്നിരിക്കുകയാണ്. യേശുതന്നെ മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങളാണു മിക്കപ്പോഴും അതിനു കാരണവും. ബൈബിളിൽ മത്തായി 24, മർക്കോസ് 13, ലൂക്കോസ് 21 എന്നീ അധ്യായങ്ങളിൽ ലോകാവസാനത്തോട് അടുത്ത് ഉണ്ടാകുന്ന ചില സംഭവങ്ങളെക്കുറിച്ച് യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അവയിൽ ചിലതാണ് അന്താരാഷ്ട്രയുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, നിയമലംഘനത്തിന്റെ വർധന, സ്നേഹമില്ലായ്മ എന്നിവ. എന്നാൽ, ഇത്തരം പ്രശ്നങ്ങളിൽനിന്നുള്ള മോചനവും വിദൂരത്തിലല്ലെന്നു യേശു പറയുകയുണ്ടായി.
മനസ്സിനു കടുത്ത ആഘാതമേൽപ്പിക്കുന്ന ദുരന്തങ്ങളുടെ കാര്യത്തിൽ ലോകമെങ്ങുമായി ഒരു വർധനയുണ്ടാകുമെന്നും അതെത്തുടർന്ന് ഒരു ‘മഹാകഷ്ടത’ തുടങ്ങുമെന്നും വിവരിച്ചശേഷം ആളുകൾ എന്തു ചെയ്യണമെന്നു യേശു പറഞ്ഞു: “ഇതെല്ലാം സംഭവിച്ചുതുടങ്ങുമ്പോൾ, നിങ്ങളുടെ മോചനം അടുത്തുവരുന്നതുകൊണ്ട് നിവർന്നുനിൽക്കുക, നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക.” (മത്തായി 24:21-31; ലൂക്കോസ് 21:28) ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളാകുമ്പോൾ നമുക്ക് ഒരു കാര്യം ഉറപ്പിക്കാം: ഇന്നു മനുഷ്യർക്കു വളരെയധികം വേദന വരുത്തിവെക്കുന്ന ഈ വ്യവസ്ഥിതിയിലെ എല്ലാ ദുഷ്ടതയും മഹാകഷ്ടതയുടെ ഒടുവിൽ അവസാനിക്കുകയും അതിനു ശേഷം നീതിയുള്ള ഒരു പുതിയ ലോകം വരുകയും ചെയ്യും.—1 യോഹന്നാൻ 2:17; വെളിപാട് 21:3, 4.
ദുഷ്ടതയും അക്രമവും അതിന്റെ മൂർധന്യത്തിൽ എത്തിയതിനു ശേഷമേ നമുക്ക് ഒരു മോചനം ഉണ്ടാകൂ എന്നതു നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്. പണ്ട് നോഹയുടെ നാളിലെ ലോകത്തിന് എതിരെയും പിന്നീട് സൊദോം, ഗൊമോറ പട്ടണങ്ങളിലെ ദുഷ്ടന്മാർക്ക് എതിരെയും ഉള്ള ദൈവത്തിന്റെ ന്യായവിധിയും ഏതാണ്ട് അങ്ങനെയായിരുന്നു. ദൈവം ഭാവിയിൽ എന്താണു ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു സൂചനയായിരുന്നു ആ ന്യായവിധികൾ.—2 പത്രോസ് 2:5, 6.
ദുരന്തംകൊണ്ടുള്ള ആഘാതത്തിനു വിട!
ദുരന്തത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ആഘാതം അഥവാ പിറ്റിഎസ്ഡി അനുഭവിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ, അത്തരം വേദനിപ്പിക്കുന്ന ഓർമകൾ എന്നെങ്കിലും മാറുമോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. മാറും എന്നുതന്നെയാണ് അതിന്റെ ഉത്തരം. കാരണം, യശയ്യ 65:17-ൽ ദൈവമായ യഹോവ പറയുന്നു: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.” ഒരു ദുരന്തം മനസ്സിന് ഏൽപ്പിക്കുന്ന മുറിവ് ഒരിക്കലും മാറില്ലെന്നു തോന്നിയാലും ഈ തിരുവെഴുത്തു നമുക്കു തരുന്ന ഉറപ്പ്, ഒരു നാൾ അതു പൂർണമായും മാറും എന്നുതന്നെയാണ്.
ബലാത്സംഗശ്രമത്തിന് ഇരയായി ഒരു വർഷത്തിനു ശേഷം ജെയിൻ ഒരു മുൻനിരസേവികയായി, അതായത് യഹോവയുടെ സാക്ഷികളുടെ മുഴുസമയ സുവിശേഷകയായി പ്രവർത്തിക്കാൻതുടങ്ങി. “ആക്രമണം നടന്ന് ഏതാണ്ട് എട്ടു മാസം കഴിഞ്ഞ് വിചാരണ പൂർത്തിയാകുകയും അയാൾ കുറ്റക്കാരനാണെന്നു തെളിയുകയും ചെയ്തതിനു ശേഷം മാത്രമാണു ഞാൻ വീണ്ടും പഴയ ആളായത്” എന്നു ജെയിൻ അടുത്തിടെ പറഞ്ഞു. “കഴിഞ്ഞ വർഷം ഈ സമയത്ത്, ഞാൻ ഇപ്പോൾ ആസ്വദിക്കുന്നതുപോലുള്ള ഒരു സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് എനിക്കു ചിന്തിക്കാൻപോലും കഴിയില്ലായിരുന്നു. നിത്യം ജീവിക്കാനുള്ള മനോഹരമായ പ്രത്യാശയും അതെക്കുറിച്ച് മറ്റുള്ളവരോടു പറയാനുള്ള അവസരവും നൽകിയിരിക്കുന്നതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്.”—സങ്കീർത്തനം 27:14.
പിറ്റിഎസ്ഡി-കൊണ്ട് ഉണ്ടാകുന്ന നിരാശയോടും വൈകാരിക മരവിപ്പിനോടും മല്ലിടുന്ന ആളാണു നിങ്ങളെങ്കിൽ, ആ പ്രത്യാശ നിങ്ങളെയും താങ്ങിനിറുത്തും.
[ചിത്രം]
ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകുന്നതു പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും
[ചിത്രം]
ദൈവവചനം വായിക്കുന്നതും പ്രാർഥിക്കുന്നതും സഹിച്ചുനിൽക്കാൻ വലിയൊരു സഹായമാണ്
[ചിത്രം]
ദുരന്തത്തിന്റെ ആഘാതമേൽപ്പിച്ച മുറിവുകൾ പെട്ടെന്നുതന്നെ ഒരു ഓർമയായി മാറും