ദുരന്തത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ആഘാതം
ദുരന്തത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ആഘാതം
ഒരു വലിയ ദുരന്തത്തെ തുടർന്ന് ഉണ്ടാകുന്ന കടുത്ത മാനസികാഘാതത്തെയാണു പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ പിറ്റിഎസ്ഡി എന്നു വിളിക്കുന്നത്. വർഷങ്ങൾക്കു മുമ്പ്, ഒരു ബോംബാക്രമണത്തെയോ യുദ്ധത്തെയോ തുടർന്ന് പ്രധാനമായും സൈനികർക്ക് ഉണ്ടാകുന്ന ഒന്നായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അതല്ല. പിറ്റിഎസ്ഡി സൈനികരല്ലാത്തവരിലും കണ്ടുവരുന്നു. ഒരു ദുരന്തത്തിന് ഇരയാകുന്ന ആർക്കും ഇതു സംഭവിക്കാം.
ഒരു ആഘാതത്തിന് ഇടയാക്കുന്നതു യുദ്ധമോ ബലാത്സംഗശ്രമമോ കാറപകടമോ അങ്ങനെ എന്തുമാകാം. ഐക്യനാടുകളിലെ പിറ്റിഎസ്ഡി നാഷണൽ സെന്ററിൽനിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, “ഒരു വ്യക്തിക്കു പിറ്റിഎസ്ഡി ഉണ്ടാകുന്നത്, അയാൾ വലിയ മാനസികാഘാതം സൃഷ്ടിക്കുന്ന ഒരു സംഭവത്തിന് ഇരയാകുമ്പോഴാണ്. അത് ഒരു അപകടമോ അപകടഭീഷണിയോ ആകാം.”
കഴിഞ്ഞ ലേഖനത്തിൽ കണ്ട ജെയിൻ പറയുന്നു: “ഒരാൾക്കു പെട്ടെന്നു പേടി തട്ടുമ്പോൾ ശരീരത്തിലെ ചില ഹോർമോണുകളുടെ അളവ് കൂടാനിടയാകും. ഈ ഹോർമോണുകൾ അപകടത്തെക്കുറിച്ച് അങ്ങേയറ്റം ജാഗ്രത പുലർത്താൻ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു. പൊതുവേ ഒരാളിൽ ദുരന്തത്തിനു ശേഷം ഈ ഹോർമോൺ സാധാരണനിലയിലേക്കു വരേണ്ടതാണ്. എന്നാൽ, പിറ്റിഎസ്ഡി ഉള്ളവരുടെ കാര്യത്തിൽ അത് ഉയർന്ന നിലയിൽത്തന്നെ നിൽക്കും.” സംഭവം മുമ്പ് നടന്നതാണെങ്കിലും അതിന്റെ ഭീകരമായ ഓർമകൾ ജെയിനിന്റെ മനസ്സിൽ സ്ഥിരതാമസത്തിനു ശ്രമിക്കുന്നതായി തോന്നി, കുടി ഒഴിപ്പിക്കൽ നോട്ടീസു കിട്ടിയിട്ടും ഒഴിഞ്ഞുകൊടുക്കാൻ കൂട്ടാക്കാത്ത ഒരു വാടകക്കാരനെപ്പോലെ.
നിങ്ങൾ ഇതുപോലെ ഒരു ദുരന്തത്തിന് ഇരയാകുകയും സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നെങ്കിൽ ഇത് നിങ്ങളുടെ മാത്രം അനുഭവമല്ലെന്ന് ഓർക്കുന്നതു പ്രധാനമാണ്. ലിൻഡ ഇ. ലെഡ്ര എന്ന എഴുത്തുകാരി ബലാത്സംഗത്തെക്കുറിച്ച് എഴുതിയ ഒരു പുസ്തകത്തിൽ, പിറ്റിഎസ്ഡി-യെപ്പറ്റി പറയുന്നത് ഇതാണ്: “തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു ദുരനുഭവത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു സാധാരണക്കാരന്റെ സ്വാഭാവികമായ പ്രതികരണമാണു പിറ്റിഎസ്ഡി.”
ദുരന്തത്തിന് ഇരയായവരിൽ കാണുന്ന ഒരു സാധാരണ പ്രശ്നമാണു പിറ്റിഎസ്ഡി എന്നു പറഞ്ഞാൽപ്പോലും അത് എല്ലാവരിലും കാണണമെന്നില്ല. ലെഡ്ര പറയുന്നു: “1992-ൽ നടത്തിയ ഒരു പഠനമനുസരിച്ച് ബലാത്സംഗത്തിന് ഇരയായ 94 ശതമാനം പേരിൽ ഒരാഴ്ചയ്ക്കു ശേഷം പിറ്റിഎസ്ഡി-യുടെ ലക്ഷണങ്ങൾ കണ്ടു. 12 ആഴ്ചയ്ക്കു ശേഷം 47 ശതമാനം പേരിൽ അതിന്റെ ലക്ഷണങ്ങൾ തുടർന്നു. 1993-ൽ മിനിയാപ്പൊളിസിലെ, ലൈംഗികാതിക്രമത്തിന് ഇരയായവർക്കുവേണ്ടിയുള്ള ഒരു സ്ഥാപനത്തിൽവെച്ച് കണ്ട 50 ശതമാനം സ്ത്രീകളിലും ബലാത്സംഗത്തിന് ഇരയായി ഒരു വർഷത്തിനു ശേഷവും പിറ്റിഎസ്ഡി-യുടെ ലക്ഷണങ്ങൾ കാണുന്നുണ്ടായിരുന്നു.”
ഈ കണക്കുകളൊക്കെ കാണിക്കുന്നത് പിറ്റിഎസ്ഡി ഇന്നു സാധാരണമാണ്, മിക്കവരും ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ പേർക്ക് ഇതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട് എന്നാണ്. പലപല കാരണങ്ങളുടെ പേരിൽ എല്ലാ തരത്തിൽപ്പെട്ട ആളുകളിലും പിറ്റിഎസ്ഡി-യുടെ ലക്ഷണങ്ങൾ കണ്ടുവരുന്നു. എഴുത്തുകാരായ അലക്സാണ്ടർ സി. മെക്ക്ഫാലനും ലാർസ് വെയ്സെത്തും പറയുന്നു: “അടുത്തകാലത്തെ ചില പഠനങ്ങൾ കാണിക്കുന്നത്, യുദ്ധങ്ങളൊന്നുമില്ലാത്ത സമാധാനകാലത്ത് സാധാരണക്കാരുടെ ജീവിതത്തിൽപ്പോലും ഭയപ്പെടുത്തുന്ന സംഭവങ്ങൾ കൂടെക്കൂടെ ഉണ്ടാകാറുണ്ടെന്നാണ്. സൈനികരുടെയും യുദ്ധത്തിന് ഇരയായവരുടെയും കാര്യം പ്രത്യേകം പറയേണ്ടതുമില്ല. ഇതെല്ലാം കാരണം പലർക്കും പിറ്റിഎസ്ഡി ഉണ്ടാകുന്നതായി കാണുന്നു.” ചിലപ്പോഴൊക്കെ ശസ്ത്രക്രിയകളോ ഹൃദയാഘാതമോ പോലും പിറ്റിഎസ്ഡി-ക്കു കാരണമാകാറുണ്ട്.
മേൽപ്പറഞ്ഞ എഴുത്തുകാരുടെ അഭിപ്രായമനുസരിച്ച്, “പിറ്റിഎസ്ഡി ഇന്നു സർവസാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു.” അവർ തുടർന്ന് പറയുന്നു: “1,245 അമേരിക്കൻ കൗമാരക്കാരിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത്, അതിൽ 23 ശതമാനം പേർ ശാരീരികമോ ലൈംഗികമോ ആയ ആക്രമണത്തിന് ഇരയാകുകയോ മറ്റുള്ളവർക്കു നേരെയുള്ള ആക്രമണത്തിനു ദൃക്സാക്ഷികളാകുകയോ ചെയ്തിട്ടുണ്ടെന്നാണ്. അവരിൽ അഞ്ചിൽ ഒന്ന് കൗമാരക്കാരിലും പിറ്റിഎസ്ഡി പ്രശ്നം കാണുന്നുണ്ട്. അതു കാണിക്കുന്നത് അമേരിക്കയിലെ ഏതാണ്ട് 10,70,000 കൗമാരക്കാരെ എങ്കിലും ഇപ്പോൾ പിറ്റിഎസ്ഡി ബാധിച്ചിട്ടുണ്ടെന്നാണ്.”
ഈ കണക്കുകൾ ശരിയാണെങ്കിൽ, ഒരു രാജ്യത്തുതന്നെ ഒരുപാടു കൗമാരക്കാർ ഈ പ്രശ്നം നേരിടുന്നുണ്ട്. അവർക്കുവേണ്ടിയും ലോകമെങ്ങുമായി ഈ പ്രശ്നം നേരിടുന്ന ലക്ഷക്കണക്കിനു മറ്റുള്ളവർക്കുവേണ്ടിയും നമുക്ക് എന്തു ചെയ്യാനാകും?
എന്തു ചെയ്യാം?
നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആർക്കെങ്കിലുമോ പിറ്റിഎസ്ഡി ബാധിച്ചിട്ടുണ്ടെങ്കിൽ, പിൻവരുന്ന കാര്യങ്ങൾ ചെയ്തുനോക്കാവുന്നതാണ്:
ആത്മീയപ്രവർത്തനങ്ങൾ മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുക. ജെയിൻ പറയുന്നു: “ഞാൻ എപ്പോഴും രാജ്യഹാളിൽ പോയി മീറ്റിങ്ങ് കൂടുമായിരുന്നു. ചിലപ്പോഴൊക്കെ അവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. എങ്കിലും, ഞാൻ അവിടെ ആയിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. സഭയിലുള്ള എല്ലാവരും നല്ല സ്നേഹമുള്ളവരും എന്നെ ബലപ്പെടുത്തുന്നവരും ആയിരുന്നു. ഞാൻ ഈ പ്രശ്നത്തിലൂടെ കടന്നുപോയപ്പോഴെല്ലാം അവർ കാണിച്ച ആ സ്നേഹവും താത്പര്യവും എനിക്ക് ഒരുപാടു പ്രയോജനം ചെയ്തു.” ജെയിൻ ഇങ്ങനെയും പറയുന്നു: “സങ്കീർത്തനങ്ങൾ വായിച്ചതും എന്നെ ഒത്തിരി സഹായിച്ചു. ദുരിതങ്ങൾ അനുഭവിച്ച പലരുടെയും പ്രാർഥനകൾ എനിക്കുവേണ്ടി സംസാരിക്കുന്നതുപോലെ തോന്നി. മനസ്സിലുള്ളതെല്ലാം പ്രാർഥനയിൽ പറയാൻ കഴിയാതെ വന്നപ്പോൾ ഞാൻ അവ വായിച്ചിട്ട് അവസാനം ‘ആമേൻ’ എന്നു മാത്രം പറഞ്ഞു.”
മടുത്തുപിന്മാറാതെ പ്രോത്സാഹിപ്പിക്കുക. നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും ഒരു ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓർമകളുമായി മല്ലിടുന്നുണ്ടെങ്കിൽ അവർ ചെയ്യുന്ന ചില കാര്യങ്ങൾ മനഃപൂർവം നമ്മളെ ബുദ്ധിമുട്ടിക്കാൻവേണ്ടിത്തന്നെ ചെയ്യുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. അവർ അനുഭവിക്കുന്ന മനസ്സിന്റെ മരവിപ്പോ ഉത്കണ്ഠയോ ദേഷ്യമോ ഒക്കെ കാരണമായിരിക്കാം, സഹായിക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ശ്രമത്തോടു നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ അവർ പ്രതികരിക്കാത്തത്. പക്ഷേ, ശ്രമം ഉപേക്ഷിക്കരുത്! കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
ചില കുറുക്കുവഴികൾ കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കുമെന്നു തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുക. മയക്കുമരുന്നിന്റെ ഉപയോഗവും അമിതമദ്യപാനവും അവയിൽ ചിലതാണ്. മദ്യവും മയക്കുമരുന്നും താത്കാലികമായി ആശ്വാസം നൽകുമെന്നു തോന്നിയാലും അവ കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കുകയേ ഉള്ളൂ. ഉദാഹരണത്തിന്, അവയുടെ ഉപയോഗം കാരണം ആളുകൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഇവ: മറ്റുള്ളവരിൽനിന്ന് തങ്ങളെത്തന്നെ ഒറ്റപ്പെടുത്തുക, ആരെങ്കിലും സഹായിക്കാൻ ശ്രമിച്ചാൽ അതു നിരസിക്കുക, അനിയന്ത്രിതമായി ജോലി ചെയ്യുക, അനാവശ്യമായി കോപിക്കുക, അമിതമായി ഭക്ഷണം കഴിക്കുകയോ ഒട്ടും കഴിക്കാതിരിക്കുകയോ ചെയ്യുക, സ്വന്തം ശരീരത്തിനു കേടുവരുത്തുന്ന കാര്യങ്ങൾ ചെയ്യുക.
വിദഗ്ധനായ ഒരു ഡോക്ടറെ കാണുക. ദുരന്തത്തിന് ഇരയായ എല്ലാവർക്കും പിറ്റിഎസ്ഡി ഉണ്ടായിരിക്കണമെന്നില്ല. അഥവാ ഉണ്ടെങ്കിൽ അതിനു പറ്റിയ ചികിത്സയുണ്ടെന്ന് ഓർക്കുക. a നിങ്ങളെ സഹായിക്കുന്ന ഡോക്ടറോട് എല്ലാ കാര്യങ്ങളും തുറന്നുപറയുക. മുമ്പ് പറഞ്ഞ പെരുമാറ്റരീതികളുണ്ടെങ്കിൽ അതു മറികടക്കുന്നതിനുള്ള സഹായം ഡോക്ടറോടു ചോദിക്കുക.
ഓർക്കുക: ശരീരത്തിന് ഉണ്ടാകുന്ന മുറിവ് മിക്കപ്പോഴും പെട്ടെന്നു സുഖപ്പെടും, എന്നാൽ പിറ്റിഎസ്ഡി ഉള്ളവരുടെ കാര്യത്തിൽ ശരീരത്തിനും മനസ്സിനും ഹൃദയത്തിനും പല വിധങ്ങളിൽ മുറിവേറ്റിട്ടുണ്ടാകാം. പിറ്റിഎസ്ഡി ബാധിച്ചവർക്കും അതുപോലെ അവരെ പരിചരിക്കുന്നവർക്കും കൂടുതലായി എന്തെല്ലാം ചെയ്യാനാകുമെന്നും ഇത്തരം പ്രശ്നം അനുഭവിക്കുന്നവർക്ക് എന്തു പ്രത്യാശയുണ്ടെന്നും അടുത്ത ലേഖനം ചർച്ച ചെയ്യും.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ വൈദ്യശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ ഏതെങ്കിലും ചികിത്സാരീതികൾ നിർദേശിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
[ചതുരം/ചിത്രം]
പിറ്റിഎസ്ഡി-യുടെ ലക്ഷണങ്ങൾ
ദുരന്തത്തെ അതിജീവിച്ച പലരുടെയും മനസ്സിൽ ആ സംഭവം വീണ്ടും ആവർത്തിക്കുന്നതായി തോന്നുന്നു. പലപ്പോഴും അങ്ങനെയുള്ള ചിന്ത നിയന്ത്രിക്കാനോ തടുക്കാനോ അവർക്കു കഴിയുന്നില്ല. അതിന്റെ ഫലമായി പിൻവരുന്ന പ്രശ്നങ്ങൾ കണ്ടേക്കാം:
• ഫ്ലാഷ്ബാക്കുകൾ—ആ ദുരന്തം വീണ്ടും സംഭവിക്കുന്നതായി തോന്നുന്നു
• പേടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും ആയ സ്വപ്നങ്ങൾ
• വലിയ ഒച്ച കേൾക്കുമ്പോൾ അല്ലെങ്കിൽ പുറകിൽനിന്ന് ആരെങ്കിലും അപ്രതീക്ഷിതമായി അടുത്തേക്കു വരുമ്പോൾ വല്ലാതെ ഞെട്ടിവിറയ്ക്കുക
• വിറയലും വിയർപ്പും
• ചങ്കിടിപ്പും ശ്വാസതടസ്സവും
• ദുരന്തത്തെ ഓർമിപ്പിക്കുന്ന എന്തെങ്കിലും കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ മണക്കുകയോ രുചിക്കുകയോ ഒക്കെ ചെയ്യുമ്പോൾ അസ്വസ്ഥമാകുക
• വീണ്ടും ദുരന്തമുണ്ടാകുമോ എന്ന ഉത്കണ്ഠയോ ഭയമോ തോന്നുക
• ദുരന്തത്തെക്കുറിച്ചുള്ള ഓർമ കാരണം പെട്ടെന്ന് ഉത്കണ്ഠയോ ദേഷ്യമോ അസ്വസ്ഥതയോ തോന്നുന്നു; അതുകൊണ്ട് സ്വയം നിയന്ത്രിക്കാൻ പറ്റാതെവരുന്നു
• ശരിയായി ചിന്തിക്കുന്നതിനും ഒരു കാര്യത്തിൽ ശ്രദ്ധിക്കുന്നതിനും ഉള്ള ബുദ്ധിമുട്ട്
• ഉറക്കംവരാനോ നന്നായി ഉറങ്ങാനോ ഉള്ള ബുദ്ധിമുട്ട്
• ആശയക്കുഴപ്പവും എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടോ എന്ന നിരന്തരമായ ചിന്തയും
• ഒരു നിർവികാരത അല്ലെങ്കിൽ മനസ്സ് മരവിച്ച അവസ്ഥ
• സ്നേഹമോ മറ്റു ശക്തമായ വികാരങ്ങളോ തോന്നാത്ത അവസ്ഥ
• ഏതോ ഒരു ലോകത്ത് ചെന്നുപെട്ടതുപോലുള്ള അവസ്ഥ
• മുമ്പ് ആസ്വദിച്ചിരുന്ന പല കാര്യങ്ങളിലുമുള്ള താത്പര്യമില്ലായ്മ
• ദുരന്തസമയത്ത് ഉണ്ടായ പ്രധാനപ്പെട്ട കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്
• ചുറ്റുമുള്ള ലോകത്തും തങ്ങൾക്കുതന്നെയും എന്തു സംഭവിക്കുന്നെന്നു മനസ്സിലാകാത്ത ഒരു അവസ്ഥ
[ചിത്രം]
പല തരം ദുരന്തങ്ങൾ പിറ്റിഎസ്ഡി-ക്കു കാരണമായേക്കാം