ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം
പാഠം 8
ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം
കുടുംബത്തിൽ ഭർത്താവിന്റെ സ്ഥാനം എന്താണ്? (1)
ഭർത്താവു ഭാര്യയോട് എങ്ങനെ പെരുമാറണം? (2)
പിതാവിന് എന്ത് ഉത്തരവാദിത്വങ്ങൾ ഉണ്ട്? (3)
കുടുംബത്തിൽ ഭാര്യയുടെ ധർമം എന്താണ്? (4)
മാതാപിതാക്കളിൽനിന്നും മക്കളിൽനിന്നും യഹോവ എന്ത് ആവശ്യപ്പെടുന്നു? (5)
വേർപിരിയലിനെയും വിവാഹമോചനത്തെയും കുറിച്ചുളള ബൈബിളിന്റെ വീക്ഷണം എന്താണ്? (6, 7)
1. കുടുംബത്തിന്റെ ശിരസ്സ് ഭർത്താവാണെന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 11:3) ഒരു ഭർത്താവിന് ഒരു ഭാര്യ മാത്രമേ ഉണ്ടായിരിക്കാവൂ. നിയമത്തിന്റെ ദൃഷ്ടിയിൽ അവർ ഉചിതമായി വിവാഹിതരായിരിക്കണം.—1 തിമൊഥെയൊസ് 3:2; തീത്തൊസ് 3:1.
2. ഭർത്താവു ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം. അയാൾ യേശു തന്റെ അനുഗാമികളോടു പെരുമാറുന്നതുപോലെ ഭാര്യയോടു പെരുമാറണം. (എഫെസ്യർ 5:25, 28, 29) അയാൾ ഭാര്യയെ ഒരിക്കലും അടിക്കുകയോ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുകയോ ചെയ്യരുത്. മറിച്ച്, അയാൾ അവളോടു ബഹുമാനവും ആദരവും പ്രകടമാക്കണം.—കൊലൊസ്സ്യർ 3:19; 1 പത്രൊസ് 3:7.
3. ഒരു പിതാവു തന്റെ കുടുംബത്തെ പരിപാലിക്കാൻ കഠിനാധ്വാനം ചെയ്യണം. അയാൾ ഭാര്യക്കും മക്കൾക്കും ആഹാരവും വസ്‌ത്രവും പാർപ്പിടവും പ്രദാനംചെയ്യണം. പിതാവു തന്റെ കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്കുവേണ്ടിയും കരുതണം. (1 തിമൊഥെയൊസ് 5:8) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കാൻ തന്റെ കുടുംബത്തെ സഹായിക്കുന്നതിൽ അയാൾ നേതൃത്വം വഹിക്കുന്നു.—ആവർത്തനപുസ്‌തകം 6:4-9; എഫെസ്യർ 6:4.
4. ഭാര്യ ഭർത്താവിന് ഒരു നല്ല സഹായി ആയിരിക്കണം. (ഉല്‌പത്തി 2:18) അവൾ മക്കളെ പഠിപ്പിക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും ഭർത്താവിനെ സഹായിക്കണം. (സദൃശവാക്യങ്ങൾ 1:8) തന്റെ കുടുംബത്തെ സ്‌നേഹപൂർവം പരിപാലിക്കാൻ ഭാര്യയോടു യഹോവ ആവശ്യപ്പെടുന്നു. (സദൃശവാക്യങ്ങൾ 31:10, 15, 26, 27; തീത്തൊസ് 2:4, 5) അവൾക്കു ഭർത്താവിനോട് ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.—എഫെസ്യർ 5:22, 23, 33.
5. തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കാൻ ദൈവം മക്കളോട് ആവശ്യപ്പെടുന്നു. (എഫെസ്യർ 6:1-3) മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രബോധിപ്പിക്കാനും തിരുത്താനും അവൻ പ്രതീക്ഷിക്കുന്നു. മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ ആത്മീയവും വൈകാരികവുമായ ആവശ്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് അവരോടുകൂടെ സമയം ചെലവഴിക്കുകയും അവരുമായി ബൈബിൾ പഠിക്കുകയും വേണം. (ആവർത്തനപുസ്‌തകം 11:18, 19; സദൃശവാക്യങ്ങൾ 22:6, 15) മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെ മക്കൾക്കു പരുഷമായോ ക്രൂരമായോ ശിക്ഷണം കൊടുക്കരുത്.—കൊലൊസ്സ്യർ 3:21.
6. വിവാഹിത ഇണകൾക്ക് ഒരുമിച്ചു കഴിയുന്നതിൽ പ്രശ്‌നങ്ങളുളളപ്പോൾ, അവർ ബൈബിൾബുദ്ധ്യുപദേശം ബാധകമാക്കാൻ ശ്രമിക്കണം. സ്‌നേഹം പ്രകടമാക്കുവാനും ക്ഷമിക്കുവാനും ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (കൊലൊസ്സ്യർ 3:12-14) നിസ്സാരപ്രശ്‌നങ്ങൾ പരിഹരിക്കാനുളള മാർഗമായി ദൈവവചനം വേർപിരിയലിനു പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ (1) ഭർത്താവ് കുടുംബത്തെ പോററാൻ ശാഠ്യപൂർവം വിസമ്മതിക്കുന്നുവെങ്കിൽ, (2) അവളുടെ ആരോഗ്യവും ജീവനും അപകടത്തിലാകത്തക്കവണ്ണം അയാൾ അത്ര അക്രമാസക്തനാണെങ്കിൽ, (3) അയാളുടെ അങ്ങേയററത്തെ എതിർപ്പു യഹോവയെ ആരാധിക്കുന്നത് അവൾക്ക് അസാധ്യമാക്കുന്നുവെങ്കിൽ, ഭർത്താവിനെ വിട്ടുപോകുന്നതിന് ഒരു ഭാര്യക്കു തീരുമാനിക്കാവുന്നതാണ്.—1 കൊരിന്ത്യർ 7:12, 13.
7. വിവാഹിത ഇണകൾ അന്യോന്യം വിശ്വസ്‌തരായിരിക്കണം. വ്യഭിചാരം ദൈവത്തിനും ഇണയ്‌ക്കും എതിരായുളള ഒരു പാപമാണ്. (എബ്രായർ 13:4) പുനർവിവാഹത്തിന് അനുവദിക്കുന്ന വിവാഹമോചനത്തിനുളള വേദാനുസൃതമായ ഏക അടിസ്ഥാനം വിവാഹബന്ധത്തിനു പുറത്ത് ഏർപ്പെടുന്ന ലൈംഗികബന്ധങ്ങളാണ്. (മത്തായി 19:6-9; റോമർ 7:2, 3) ആളുകൾ വേദാനുസൃതമായ കാരണങ്ങളില്ലാതെ വിവാഹമോചനം നേടുകയും വേറൊരാളെ വിവാഹം കഴിക്കുകയും ചെയ്യുമ്പോൾ യഹോവ അതു വെറുക്കുന്നു.—മലാഖി 2:14-16.
[16, 17 പേജുകളിലെ ചിത്രം]
മാതാപിതാക്കൾ തങ്ങളുടെ മക്കളെ പ്രബോധിപ്പിക്കാനും തിരുത്താനും ദൈവം പ്രതീക്ഷിക്കുന്നു
[17-ാം പേജിലെ ചിത്രങ്ങൾ]
സ്‌നേഹനിധിയായ ഒരു പിതാവ് തന്റെ കുടുംബത്തിനുവേണ്ടി ഭൗതികമായും ആത്മീയമായും കരുതുന്നു