വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം എന്താണ്‌?

ദൈവരാജ്യം എന്താണ്‌?

പാഠം 6

ദൈവരാജ്യം എന്താണ്‌?

ദൈവരാജ്യം എവിടെയാണു സ്ഥിതിചെയ്യുന്നത്‌? (1) അതിന്റെ രാജാവ്‌ ആരാണ്‌? (2)

മററുളളവർ രാജാവിനോടുകൂടെ ഭരിക്കുന്നതിൽ പങ്കെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എത്ര പേർ? (3)

നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്ന്‌ എന്തു പ്രകടമാക്കുന്നു? (4)

ദൈവരാജ്യം ഭാവിയിൽ മനുഷ്യവർഗത്തിനുവേണ്ടി എന്തു ചെയ്യും? (5-7)

1. യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവരാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. ഒരു രാജ്യം ഒരു രാജാവിന്റെ നേതൃത്വത്തിലുളള ഭരണകൂടമാണ്‌. ദൈവരാജ്യം ഒരു സവിശേഷ ഭരണകൂടമാണ്‌. അതു സ്വർഗത്തിൽ സ്ഥാപിക്കപ്പെടുന്നു, ഈ ഭൂമിമേൽ ഭരിക്കുകയും ചെയ്യും. അതു ദൈവത്തിന്റെ നാമത്തെ വിശുദ്ധീകരിക്കും അല്ലെങ്കിൽ വിശുദ്ധമാക്കും. അതു ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിൽ ചെയ്യപ്പെടാൻ ഇടയാക്കും.—മത്തായി 6:9, 10.

2. യേശു തന്റെ രാജ്യത്തിന്റെ രാജാവായിത്തീരുമെന്നു ദൈവം വാഗ്‌ദത്തംചെയ്‌തു. (ലൂക്കൊസ്‌ 1:30-33) താൻ ദയാലുവും നീതിമാനും പൂർണനുമായ ഒരു ഭരണാധികാരി ആയിരിക്കുമെന്നു യേശു ഭൂമിയിലായിരുന്നപ്പോൾ തെളിയിച്ചു. അവൻ സ്വർഗത്തിലേക്കു തിരികെ പോയപ്പോൾ അവൻ ഉടൻതന്നെ ദൈവരാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടില്ല. (എബ്രായർ 10:12, 13) യേശുവിനു വാഗ്‌ദാനംചെയ്‌തിരുന്ന അധികാരം യഹോവ 1914-ൽ അവനു കൊടുത്തു. അന്നുമുതൽ യേശു സ്വർഗത്തിൽ യഹോവയുടെ നിയമിത രാജാവായി ഭരിച്ചിരിക്കുന്നു.—ദാനീയേൽ 7:13, 14.

3. ഭൂമിയിൽനിന്നു സ്വർഗത്തിലേക്കു പോകാൻ യഹോവ വിശ്വസ്‌തരായ കുറേ സ്‌ത്രീപുരുഷൻമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്‌. അവർ യേശുവിനോടുകൂടെ രാജാക്കൻമാരും ന്യായാധിപൻമാരും പുരോഹിതൻമാരുമായി മനുഷ്യവർഗത്തിൻമേൽ ഭരിക്കും. (ലൂക്കൊസ്‌ 22:28-30; വെളിപ്പാടു 5:9, 10) തന്റെ രാജ്യത്തിലെ ഈ സഹഭരണാധിപൻമാരെ യേശു ഒരു “ചെറിയ ആട്ടിൻകൂട്ട”മെന്നു വിളിച്ചു. അവരുടെ എണ്ണം 1,44,000 ആണ്‌.—ലൂക്കൊസ്‌ 12:32; വെളിപ്പാടു 14:1-3.

4. യേശു രാജാവായിത്തീർന്ന ഉടനെ അവൻ സാത്താനെയും അവന്റെ ദുഷ്ട ദൂതൻമാരെയും സ്വർഗത്തിൽനിന്നു ഭൂമിയുടെ പരിസരത്തിലേക്കു വലിച്ചെറിഞ്ഞു. അതുകൊണ്ടാണ്‌ 1914 മുതൽ ഇവിടെ ഭൂമിയിലെ കാര്യങ്ങൾ വളരെ വഷളായിത്തീർന്നിരിക്കുന്നത്‌. (വെളിപ്പാടു 12:9, 12) യുദ്ധങ്ങൾ, ക്ഷാമങ്ങൾ, പകർച്ചവ്യാധികൾ, വർധിച്ചുവരുന്ന അധർമം—ഇവയെല്ലാം യേശു ഭരിക്കുന്നുവെന്നും ഈ വ്യവസ്ഥിതി അതിന്റെ അന്ത്യനാളുകളിലാണെന്നും സൂചിപ്പിക്കുന്ന ഒരു “അടയാള”ത്തിന്റെ ഭാഗമാണ്‌.—മത്തായി 24:3, 7, 8, 12; ലൂക്കൊസ്‌ 21:10, 11; 2 തിമൊഥെയൊസ്‌ 3:1-5.

5. പെട്ടെന്നുതന്നെ, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ യേശു ആളുകളെ വേർതിരിച്ചു ന്യായംവിധിക്കും. ‘ചെമ്മരിയാടുകൾ’ അവന്റെ വിശ്വസ്‌ത പ്രജകളെന്നു തെളിയിച്ചിരിക്കുന്നവർ ആണ്‌. അവർക്കു ഭൂമിയിൽ നിത്യജീവൻ ലഭിക്കും. ‘കോലാടുകൾ’ ദൈവരാജ്യത്തെ തളളിക്കളഞ്ഞിരിക്കുന്നവർ ആയിരിക്കും. (മത്തായി 25:31-34, 46) സമീപഭാവിയിൽ യേശു കോലാടുതുല്യരായ സകലരെയും നശിപ്പിക്കും. (2 തെസ്സലൊനീക്യർ 1:6-9) നിങ്ങൾ യേശുവിന്റെ ‘ചെമ്മരിയാടുകളിൽ’ ഒരാളായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ രാജ്യദൂതു ശ്രദ്ധിക്കുകയും പഠിക്കുന്നതനുസരിച്ചു പ്രവർത്തിക്കുകയും വേണം.—മത്തായി 24:14.

6. ഭൂമി ഇപ്പോൾ അനേകം രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്‌. ഓരോന്നിനും സ്വന്തം ഭരണകൂടമുണ്ട്‌. ഈ രാഷ്‌ട്രങ്ങൾ മിക്കപ്പോഴും തമ്മിൽ തമ്മിൽ യുദ്ധം ചെയ്യുന്നു. എന്നാൽ ദൈവരാജ്യം സകല മാനുഷ ഭരണകൂടങ്ങളെയും നീക്കംചെയ്‌തു തത്‌സ്ഥാനത്തു വരും. അതു മുഴുഭൂമിയുടെയുംമേലുളള ഏക ഭരണകൂടമെന്ന നിലയിൽ ഭരിക്കും. (ദാനീയേൽ 2:44) അനന്തരം യുദ്ധവും കുററകൃത്യവും അക്രമവും മേലാൽ ഉണ്ടായിരിക്കുകയില്ല. സകല ജനങ്ങളും സമാധാനത്തിലും ഐക്യത്തിലും ഒരുമിച്ചു വസിക്കും.—മീഖാ 4:3, 4.

7. യേശുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്ത്‌, വിശ്വസ്‌തമനുഷ്യർ പൂർണരായിത്തീരും, മുഴുഭൂമിയും ഒരു പറുദീസ ആയിത്തീരും. ആയിരം വർഷത്തിന്റെ അവസാനമാകുമ്പോഴേക്ക്‌, ദൈവം യേശുവിനോടു ചെയ്യാൻ ആവശ്യപ്പെട്ടതെല്ലാം അവൻ ചെയ്‌തിരിക്കും. അന്ന്‌ അവൻ രാജ്യം തന്റെ പിതാവിനെ തിരികെ ഏൽപ്പിക്കും. (1 കൊരിന്ത്യർ 15:24) ദൈവരാജ്യം ചെയ്യാൻ പോകുന്നതിനെക്കുറിച്ചു നിങ്ങളുടെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും എന്തുകൊണ്ടു പറഞ്ഞുകൂടാ?

[13-ാം പേജിലെ ചിത്രങ്ങൾ]

യേശുവിന്റെ ഭരണത്തിൻ കീഴിൽ, മേലാൽ വിദ്വേഷമോ മുൻവിധിയോ ഉണ്ടായിരിക്കയില്ല