വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം?

നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം?

പാഠം 13

നിങ്ങൾക്കു സത്യമതം എങ്ങനെ കണ്ടെത്താം?

എല്ലാ മതങ്ങളും ദൈവത്തിനു പ്രസാദകരമാണോ, അതോ ഒന്നു മാത്രമോ?  (1)

ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന വളരെയധികം മതങ്ങൾ ഉളളത്‌ എന്തുകൊണ്ട്‌? (2)

നിങ്ങൾക്ക്‌ എങ്ങനെ സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയാൻ കഴിയും? (3-7)

1. യേശു ഒരു സത്യ ക്രിസ്‌തീയമതത്തിനു തുടക്കമിട്ടു. അതുകൊണ്ട്‌ ഇന്നു യഹോവയാം ദൈവത്തിന്റെ സത്യാരാധകരുടെ ഒരു സംഘം അല്ലെങ്കിൽ കൂട്ടം മാത്രമേ ഉണ്ടായിരിക്കാവൂ. (യോഹന്നാൻ 4:23, 24; എഫെസ്യർ 4:4, 5) ജീവനിലേക്കുളള ഇടുങ്ങിയ വഴിയിൽ ചുരുക്കം ചിലരേ ഉളളൂവെന്നു ബൈബിൾ പഠിപ്പിക്കുന്നു.—മത്തായി 7:13, 14.

2. അപ്പോസ്‌തലൻമാരുടെ മരണത്തിനുശേഷം തെററായ ഉപദേശങ്ങളും അക്രൈസ്‌തവാചാരങ്ങളും സാവധാനം ക്രിസ്‌തീയസഭയിലേക്കു കടക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. ക്രിസ്‌തുവിനുപകരം തങ്ങളെ അനുഗമിപ്പാൻ ആളുകൾ വിശ്വാസികളെ വലിച്ചുകളയും. (മത്തായി 7:15, 21-23; പ്രവൃത്തികൾ 20:29, 30) അതുകൊണ്ടാണു ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന അനേകം വ്യത്യസ്‌ത മതങ്ങൾ നാം കാണുന്നത്‌. നമുക്ക്‌ എങ്ങനെ സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയാൻ കഴിയും?

3. സത്യക്രിസ്‌ത്യാനികളുടെ അത്യന്തം പ്രമുഖമായ ലക്ഷണം അവർക്ക്‌ അവരുടെ ഇടയിൽത്തന്നെ യഥാർഥ സ്‌നേഹം ഉണ്ട്‌ എന്നതാണ്‌. (യോഹന്നാൻ 13:34, 35) തങ്ങൾ മററു വർഗങ്ങളിലോ നിറങ്ങളിലോ ഉളള ആളുകളെക്കാൾ മെച്ചമാണെന്ന്‌ അവരെ പഠിപ്പിക്കുന്നില്ല. മററു രാജ്യങ്ങളിൽനിന്നുളള ആളുകളെ വെറുക്കാനും അവരെ പഠിപ്പിക്കുന്നില്ല. (പ്രവൃത്തികൾ 10:34, 35) അതുകൊണ്ട്‌ അവർ യുദ്ധങ്ങളിൽ പങ്കെടുക്കുന്നില്ല. സത്യക്രിസ്‌ത്യാനികൾ അന്യോന്യം സഹോദരീസഹോദരൻമാരെപ്പോലെ പെരുമാറുന്നു.—1 യോഹന്നാൻ 4:20, 21.

4. സത്യമതത്തിന്റെ മറെറാരു ലക്ഷണം അതിലെ അംഗങ്ങൾക്കു ബൈബിളിനോട്‌ ആഴമായ ആദരവ്‌ ഉണ്ട്‌ എന്നതാണ്‌. അവർ അതിനെ ദൈവവചനമായി സ്വീകരിക്കുകയും അതു പറയുന്നതു വിശ്വസിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ്‌ 3:16, 17) അവർ ദൈവവചനത്തെ മാനുഷിക ആശയങ്ങളെക്കാളോ ആചാരങ്ങളെക്കാളോ കൂടുതൽ പ്രധാനമായി കരുതുന്നു. (മത്തായി 15:1-3, 7-9) അവർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ബൈബിളനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട്‌ അവർ ഒന്നു പ്രസംഗിക്കുകയും മറെറാന്നു പ്രവർത്തിക്കുകയും ചെയ്യുന്നില്ല.—തീത്തൊസ്‌ 1:15, 16.

5. സത്യമതം ദൈവനാമത്തെ ബഹുമാനിക്കുകയും വേണം. (മത്തായി 6:9) യേശു യഹോവ എന്ന ദൈവനാമം മററുളളവരെ അറിയിച്ചു. സത്യക്രിസ്‌ത്യാനികൾ അതുതന്നെ ചെയ്യേണ്ടതാണ്‌. (യോഹന്നാൻ 17:6, 26; റോമർ 10:13, 14) നിങ്ങളുടെ ജനസമുദായത്തിൽ ദൈവനാമത്തെക്കുറിച്ചു മററുളളവരോടു പറയുന്ന ആളുകൾ ആരാണ്‌?

6. സത്യക്രിസ്‌ത്യാനികൾ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കണം. യേശു അങ്ങനെ ചെയ്‌തു. അവൻ എല്ലായ്‌പോഴും ദൈവരാജ്യത്തെക്കുറിച്ചു സംസാരിച്ചു. (ലൂക്കൊസ്‌ 8:1) ഇതേ സന്ദേശം സർവഭൂമിയിലും പ്രസംഗിക്കാൻ അവൻ തന്റെ ശിഷ്യൻമാരോടു കൽപ്പിച്ചു. (മത്തായി 24:14; 28:19, 20) ദൈവരാജ്യം മാത്രമേ ഈ ഭൂമിയിൽ യഥാർഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയുളളൂവെന്നു സത്യക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു.—സങ്കീർത്തനം 146:3-5.

7. യേശുവിന്റെ ശിഷ്യൻമാർ ഈ ദുഷ്ടലോകത്തിന്റെ ഭാഗമായിരിക്കരുത്‌. (യോഹന്നാൻ 17:16) അവർ ലോകത്തിലെ രാഷ്‌ട്രീയ കാര്യങ്ങളിലും സാമൂഹിക വിവാദങ്ങളിലും ഉൾപ്പെടുന്നില്ല. അവർ ലോകത്തിൽ സാധാരണമായ, ദ്രോഹംചെയ്യുന്ന നടത്തയെയും ആചാരങ്ങളെയും മനോഭാവങ്ങളെയും ഒഴിവാക്കുന്നു. (യാക്കോബ്‌ 1:27; 4:4) സത്യക്രിസ്‌ത്യാനിത്വത്തിന്റെ ഈ ലക്ഷണങ്ങളുളള ഒരു മതസമൂഹത്തെ നിങ്ങളുടെ ജനസമുദായത്തിൽ നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുമോ?

[26, 27 പേജുകളിലെ ചിത്രങ്ങൾ]

സത്യക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹിക്കുകയും ബൈബിളിനെ ആദരിക്കുകയും ദൈവരാജ്യത്തെ ക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യുന്നു