വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിശാച്‌ ആരാണ്‌?

പിശാച്‌ ആരാണ്‌?

പാഠം 4

പിശാച്‌ ആരാണ്‌?

പിശാചായ സാത്താൻ—അവൻ എവിടെനിന്നു വന്നു? (1, 2)

സാത്താൻ ആളുകളെ എങ്ങനെ വഴിതെററിക്കുന്നു? (3-7)

നിങ്ങൾ പിശാചിനെ ചെറുത്തുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌? (7)

1. “പിശാച്‌” എന്ന പദത്തിന്റെ അർഥം മറെറാരാളെക്കുറിച്ചു ദുഷ്ട നുണകൾ പറയുന്ന ഒരാൾ എന്നാണ്‌. “സാത്താൻ” എന്നതിന്റെ അർഥം ഒരു ശത്രു അല്ലെങ്കിൽ എതിരാളി എന്നാണ്‌. ദൈവത്തിന്റെ മുഖ്യ ശത്രുവിനു കൊടുക്കപ്പെട്ട പേരുകളാണിവ. ആദ്യം അവൻ ദൈവത്തോടുകൂടെ സ്വർഗത്തിലുണ്ടായിരുന്ന പൂർണതയുളള ഒരു ദൂതൻ ആയിരുന്നു. എന്നിരുന്നാലും, അവൻ പിന്നീടു തന്നേക്കുറിച്ചുതന്നെ കണക്കിലേറെ ഭാവിക്കുകയും ഉചിതമായി ദൈവത്തിനുമാത്രം ചെല്ലേണ്ട ആരാധന ആഗ്രഹിക്കുകയും ചെയ്‌തു.—മത്തായി 4:8-10.

2. ഈ ദൂതൻ, സാത്താൻ, ഒരു പാമ്പുമുഖേന ഹവ്വായോടു സംസാരിച്ചു. അവളോട്‌ അവൻ നുണകൾ പറഞ്ഞുകൊണ്ടു ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാൻ അവളെ പ്രേരിപ്പിച്ചു. അങ്ങനെ ദൈവത്തിന്റെ “പരമാധികാരം” എന്നു വിളിക്കുന്നതിനെ, അഥവാ അത്യുന്നതൻ എന്ന അവന്റെ സ്ഥാനത്തെ, സാത്താൻ ആക്രമിച്ചു. ദൈവം യോഗ്യമായ വിധത്തിലും തന്റെ പ്രജകളുടെ ഉത്തമ താത്‌പര്യപ്രകാരവുമാണോ ഭരിക്കുന്നത്‌ എന്ന്‌ അവൻ ചോദ്യം ചെയ്‌തു. ഏതെങ്കിലും മനുഷ്യൻ ദൈവത്തോടു വിശ്വസ്‌തനായി നിലകൊളളുമോ എന്ന സംശയവും അവൻ ഉന്നയിച്ചു. ഇതു ചെയ്‌തതിലൂടെ സാത്താൻ തന്നേത്തന്നെ ദൈവത്തിന്റെ ശത്രു ആക്കിത്തീർത്തു. അതുകൊണ്ടാണ്‌ അവൻ പിശാചായ സാത്താൻ എന്നു വിളിക്കപ്പെടാൻ ഇടയായത്‌.—ഉല്‌പത്തി 3:1-5; ഇയ്യോബ്‌ 1:8-11; വെളിപ്പാടു 12:9.

3. ആളുകൾ തന്നെ ആരാധിക്കാൻ തക്കവണ്ണം അവരെ വഞ്ചിക്കാൻ സാത്താൻ ശ്രമിക്കുന്നു. (2 കൊരിന്ത്യർ 11:3, 14) ആളുകളെ അവൻ വഴിതെററിക്കുന്ന ഒരു വിധം വ്യാജമതം മുഖേനയാണ്‌. ഒരു മതം ദൈവത്തെക്കുറിച്ചുളള ഭോഷ്‌ക്കുകൾ പഠിപ്പിക്കുന്നുവെങ്കിൽ അതു യഥാർഥത്തിൽ സാത്താന്റെ ഉദ്ദേശ്യത്തിന്‌ ഉതകുന്നു. (യോഹന്നാൻ 8:44) വ്യാജമതങ്ങളിലെ അംഗങ്ങൾ തങ്ങൾ സത്യദൈവത്തെ ആരാധിക്കുന്നുവെന്ന്‌ ആത്മാർഥമായി വിശ്വസിച്ചേക്കാം. എന്നാൽ അവർ യഥാർഥത്തിൽ സാത്താനെയാണു സേവിക്കുന്നത്‌. അവനാണ്‌ “ഈ ലോകത്തിന്റെ ദൈവം.”—2 കൊരിന്ത്യർ 4:4.

4. ആത്മവിദ്യ സാത്താൻ ആളുകളെ തന്റെ നിയന്ത്രണത്തിൻ കീഴിലാക്കുന്ന മറെറാരു വിധമാണ്‌. തങ്ങളെ സംരക്ഷിക്കാനോ മററുളളവരെ ഉപദ്രവിക്കാനോ ഭാവി മുൻകൂട്ടിപ്പറയാനോ അത്ഭുതങ്ങൾ ചെയ്യാനോ അവർ ആത്മാക്കളോട്‌ അഭ്യർഥിച്ചേക്കാം. ഈ നടപടികളുടെയെല്ലാം പിന്നിലുളള ദുഷ്ടശക്തി സാത്താനാണ്‌. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു നാം ആത്മവിദ്യയുമായി യാതൊരു ബന്ധവും പുലർത്തരുത്‌.—ആവർത്തനപുസ്‌തകം 18:10-12; പ്രവൃത്തികൾ 19:18, 19.

5. അങ്ങേയററത്തെ വർഗാഭിമാനത്തിലൂടെയും രാഷ്‌ട്രീയ സംഘടനകളുടെ ആരാധനയിലൂടെയും സാത്താൻ ആളുകളെ വഴിതെററിക്കുന്നു. തങ്ങളുടെ ജനത അല്ലെങ്കിൽ വർഗം മററുളളവയെക്കാൾ മെച്ചമാണെന്നു ചില ആളുകൾക്കു തോന്നുന്നു. എന്നാൽ ഇതു സത്യമല്ല. (പ്രവൃത്തികൾ 10:34, 35) മററുളളവർ മമനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു രാഷ്‌ട്രീയ സംഘടനകളിലേക്കു നോക്കുന്നു. ഇതു ചെയ്യുന്നതിനാൽ അവർ ദൈവത്തിന്റെ രാജ്യത്തെ തളളിക്കളയുകയാണ്‌. ദൈവരാജ്യമാണു നമ്മുടെ പ്രശ്‌നങ്ങൾക്കുളള ഏകപരിഹാരം.—ദാനീയേൽ 2:44.

6. സാത്താൻ ആളുകളെ വഴിതെററിക്കുന്ന മറെറാരു വിധം പാപപൂർണമായ ആഗ്രഹങ്ങളാൽ അവരെ പ്രലോഭിപ്പിക്കുന്നതാണ്‌. പാപപൂർണമായ നടപടികൾ നമുക്കു ദോഷംചെയ്യുമെന്നു യഹോവക്ക്‌ അറിയാവുന്നതിനാൽ അവ ഒഴിവാക്കാൻ അവൻ നമ്മോടു പറയുന്നു. (ഗലാത്യർ 6:7, 8) അത്തരം നടപടികളിൽ നിങ്ങൾ തങ്ങളോടു ചേരാൻ ചിലയാളുകൾ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യണമെന്നു യഥാർഥത്തിൽ ആഗ്രഹിക്കുന്നതു സാത്താനാണ്‌ എന്ന്‌ ഓർക്കുക.—1 കൊരിന്ത്യർ 6:9, 10; 15:33.

7. നിങ്ങൾ യഹോവയെ വിട്ടുമാറാൻ ഇടയാക്കുന്നതിനു സാത്താൻ എതിർപ്പിനെ അല്ലെങ്കിൽ പീഡനത്തെ ഉപയോഗിച്ചേക്കാം. നിങ്ങൾ ബൈബിൾ പഠിക്കുന്നതിനാൽ നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ചിലർ വളരെ കുപിതരായേക്കാം. മററു ചിലർ നിങ്ങളെ പരിഹസിച്ചേക്കാം. എന്നാൽ നിങ്ങളുടെ ജീവനു നിങ്ങൾ ആരോടാണു കടപ്പെട്ടിരിക്കുന്നത്‌? യഹോവയെക്കുറിച്ചു നിങ്ങൾ പഠിക്കുന്നതു നിർത്താൻവേണ്ടി നിങ്ങളെ ഭയപ്പെടുത്താൻ സാത്താൻ ആഗ്രഹിക്കുന്നു. സാത്താൻ വിജയിക്കാൻ അനുവദിക്കരുത്‌! (മത്തായി 10:34-39; 1 പത്രൊസ്‌ 5:8, 9) പിശാചിനെ ചെറുക്കുന്നതിനാൽ നിങ്ങൾക്കു യഹോവയെ സന്തോഷിപ്പിക്കാനും നിങ്ങൾ അവന്റെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നുവെന്നു തെളിയിക്കാനും കഴിയും.—സദൃശവാക്യങ്ങൾ 27:11.

[9-ാം പേജിലെ ചിത്രങ്ങൾ]

വ്യാജമതം, ആത്മവിദ്യ, ദേശീയത്വം എന്നിവ ആളുകളെ വഴിതെററിക്കുന്നു

[9-ാം പേജിലെ ചിത്രങ്ങൾ]

യഹോവയെക്കുറിച്ചു പഠിക്കുന്നതിൽ തുടർന്നുകൊണ്ടു സാത്താനെ ചെറുക്കുക