ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
പാഠം 5
ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
യഹോവ ഭൂമിയെ സൃഷ്ടിച്ചത് എന്തിന്? (1, 2)
ഭൂമി ഇപ്പോൾ ഒരു പറുദീസ അല്ലാത്തത് എന്തുകൊണ്ട്? (3)
ദുഷ്ടൻമാർക്ക് എന്തു സംഭവിക്കും? (4)
ഭാവിയിൽ യേശു രോഗികൾക്കുവേണ്ടി എന്തു ചെയ്യും? പ്രായമായവർക്കുവേണ്ടി? മരിച്ചവർക്കുവേണ്ടി? (5, 6)
ഭാവിയിലെ അനുഗ്രഹങ്ങളിൽ പങ്കുപററുന്നതിനു നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്? (7)
1. മനുഷ്യർ ഭൂമിയിലെ ജീവിതം എന്നേക്കും ആസ്വദിക്കുന്നതിനുവേണ്ടി യഹോവ ഈ ഭൂമിയെ സൃഷ്ടിച്ചു. ഭൂമിയിൽ നീതിയുളള, സന്തുഷ്ടരായ, ആളുകൾ എക്കാലവും വസിക്കണമെന്ന് അവൻ ആഗ്രഹിച്ചു. (സങ്കീർത്തനം 115:16; യെശയ്യാവു 45:18) ഭൂമി ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല; അത് എന്നേക്കും നിലനിൽക്കും.—സങ്കീർത്തനം 104:5; സഭാപ്രസംഗി 1:4.
2. ദൈവം മനുഷ്യനെ നിർമിക്കുന്നതിനു മുമ്പ്, അവൻ ഭൂമിയുടെ ഒരു ചെറിയ ഭാഗം തിരഞ്ഞെടുത്ത് അതിനെ മനോഹരമായ ഒരു പറുദീസയാക്കി. അവൻ അതിനെ ഏദെൻതോട്ടം എന്നു വിളിച്ചു. ആദ്യമനുഷ്യനും സ്‌ത്രീയുമായ ആദാമിനെയും ഹവ്വായെയും അവൻ ആക്കിവെച്ചത് ഇവിടെയാണ്. അവർക്കു മക്കൾ ഉണ്ടാകണമെന്നും മുഴുഭൂമിയിലും നിറയണമെന്നും ദൈവം ഉദ്ദേശിച്ചു. ക്രമേണ അവർ മുഴുഭൂമിയെയും ഒരു പറുദീസയാക്കുമായിരുന്നു.—ഉല്‌പത്തി 1:28; 2:8, 15.
3. ആദാമും ഹവ്വായും മനഃപൂർവം ദൈവനിയമം ലംഘിച്ചുകൊണ്ടു പാപംചെയ്‌തു. അതുകൊണ്ടു യഹോവ അവരെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി. പറുദീസ നഷ്ടപ്പെട്ടു. (ഉല്‌പത്തി 3:1-6, 23) എന്നാൽ ഈ ഭൂമിയെസംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ മറന്നുപോയിട്ടില്ല. അതിനെ മനുഷ്യർ എന്നേക്കും വസിക്കുന്ന ഒരു പറുദീസ ആക്കുമെന്ന് അവൻ വാഗ്‌ദത്തം ചെയ്യുന്നു. അവൻ ഇത് എങ്ങനെ ചെയ്യും?—സങ്കീർത്തനം 37:29.
4. ഈ ഭൂമിക്ക് ഒരു പറുദീസയായിത്തീരാൻ കഴിയുന്നതിനുമുമ്പ് ദുഷ്ടജനങ്ങൾ നീക്കം ചെയ്യപ്പെടണം. (സങ്കീർത്തനം 37:38) ഇത് അർമഗെദോനിൽ സംഭവിക്കും, അതു ദുഷ്ടത അവസാനിപ്പിക്കാനുളള ദൈവത്തിന്റെ യുദ്ധമാണ്. അനന്തരം, സാത്താൻ 1,000 വർഷത്തേക്കു തടവിലാക്കപ്പെടും. ഇതിന്റെ അർഥം ദുഷ്ടൻമാർ ആരും ഭൂമിയെ നശിപ്പിക്കാൻ ശേഷിച്ചിരിക്കുകയില്ല എന്നാണ്. ദൈവത്തിന്റെ ജനം മാത്രം അതിജീവിക്കും.—വെളിപ്പാടു 16:14, 16; 20:1-3.
5. പിന്നെ യേശുക്രിസ്‌തു 1,000 വർഷം ഈ ഭൂമിയുടെമേൽ രാജാവായി ഭരിക്കും. (വെളിപ്പാടു 20:6) അവൻ നമ്മുടെ മനസ്സുകളിൽനിന്നും ശരീരങ്ങളിൽനിന്നും ക്രമേണ പാപം നീക്കംചെയ്യും. ആദാമും ഹവ്വായും പാപംചെയ്യുന്നതിനുമുമ്പ് ആയിരുന്നതുപോലെതന്നെ നാം പൂർണതയുളള മനുഷ്യരായിത്തീരും. അതിനുശേഷം രോഗം, വാർധക്യം, മരണം എന്നിവ മേലാൽ ഉണ്ടായിരിക്കുകയില്ല. രോഗികൾ സൗഖ്യമാക്കപ്പെടും. വൃദ്ധർ വീണ്ടും ചെറുപ്പമായിത്തീരും.—ഇയ്യോബ് 33:25; യെശയ്യാവു 33:24; വെളിപ്പാടു 21:3, 4.
6. യേശുവിന്റെ ആയിരവർഷ വാഴ്‌ചക്കാലത്ത്, വിശ്വസ്‌തമനുഷ്യർ മുഴുഭൂമിയെയും ഒരു പറുദീസയാക്കിമാററാൻ പണിയെടുക്കും. (ലൂക്കൊസ് 23:43) കൂടാതെ, മരിച്ച ലക്ഷക്കണക്കിനാളുകൾ ഭൂമിയിൽ മനുഷ്യജീവിതത്തിലേക്കു ഉയിർപ്പിക്കപ്പെടും. (പ്രവൃത്തികൾ 24:15) ദൈവം അവരിൽനിന്ന് ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നെങ്കിൽ, അവർ ഭൂമിയിൽ എന്നേക്കും തുടർന്നു ജീവിക്കും. ഇല്ലെങ്കിൽ അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും.—യോഹന്നാൻ 5:28, 29; വെളിപ്പാടു 20:11-15.
7. അങ്ങനെ ഭൂമിയെസംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം വിജയിക്കും. ഈ ഭാവിയനുഗ്രഹങ്ങളിൽ പങ്കുപററാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? എങ്കിൽ, നിങ്ങൾ യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കണം, അവന്റെ വ്യവസ്ഥകൾ അനുസരിച്ചുകൊണ്ടിരിക്കുകയും വേണം. യഹോവയുടെ സാക്ഷികളുടെ സ്ഥലത്തെ രാജ്യഹാളിൽ നടക്കുന്ന യോഗങ്ങൾക്കു ഹാജരാകുന്നത് അങ്ങനെ ചെയ്യാൻ നിങ്ങളെ സഹായിക്കും.—യെശയ്യാവു 11:9; എബ്രായർ 10:24, 25.
[10-ാം പേജിലെ ചിത്രങ്ങൾ]
പറുദീസ നഷ്ടപ്പെട്ടു
[11-ാം പേജിലെ ചിത്രങ്ങൾ]
അർമഗെദോനുശേഷം ഭൂമി ഒരു പറുദീസ ആക്കപ്പെടും