ഇച്ഛാസ്വാതന്ത്ര്യം എന്ന അത്ഭുതസമ്മാനം
ഭാഗം 5
ഇച്ഛാസ്വാതന്ത്ര്യം എന്ന അത്ഭുതസമ്മാനം
1, 2. ഏത് അത്ഭുതകരമായ സമ്മാനം നമ്മുടെ ഘടനയുടെ ഭാഗമാണ്?
ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതെന്തുകൊണ്ടെന്നും അതു സംബന്ധിച്ച് എന്തു ചെയ്യുമെന്നും ഗ്രഹിക്കുന്നതിന് അവിടുന്ന് നമ്മെ എങ്ങനെ നിർമ്മിച്ചുവെന്നു നാം വിലമതിക്കേണ്ട ആവശ്യമുണ്ട്. അവിടുന്ന് ഒരു ശരീരവും തലച്ചോറും മാത്രം തന്നു നമ്മെ സൃഷ്ടിക്കുന്നതിലധികം ചെയ്തു. അവിടുന്ന് നമ്മെ മാനസികവും വൈകാരികവുമായ പ്രത്യേക ഗുണങ്ങളോടെയും സൃഷ്ടിച്ചു.
2 നമ്മുടെ മാനസികവും വൈകാരികവുമായ ഘടനയുടെ ഒരു മുഖ്യഭാഗം ഇച്ഛാസ്വാതന്ത്ര്യം ആണ്. അതേ, ദൈവം സ്വതന്ത്രതിരഞ്ഞെടുപ്പിന്റെ പ്രാപ്തി നമുക്കു നൽകി. അതു വാസ്തവത്തിൽ അവിടത്തെ ഒരു അത്ഭുതസമ്മാനം ആയിരുന്നു.
നാം നിർമ്മിക്കപ്പെട്ട വിധം
3-5. നാം ഇച്ഛാസ്വാതന്ത്ര്യത്തെ വിലമതിക്കുന്നതെന്തുകൊണ്ട്?
3 കഷ്ടപ്പാടിനുളള ദൈവത്തിന്റെ അനുവാദത്തിൽ ഇച്ഛാസ്വാതന്ത്ര്യം എങ്ങനെ ഉൾപ്പെട്ടിരിക്കുന്നുവെന്നു നമുക്കു പരിചിന്തിക്കാം. ഒന്നാമതായി, ഇതു ചിന്തിക്കുക: നിങ്ങൾ എന്തു പറയും എന്തു ചെയ്യും, നിങ്ങൾ എന്തു തിന്നും എന്തുടുക്കും, നിങ്ങൾ ഏതുതരം ജോലി ചെയ്യും, നിങ്ങൾ എവിടെ, എങ്ങനെ ജീവിക്കും എന്നിവ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിനെ നിങ്ങൾ വിലമതിക്കുന്നുവോ? അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലെയും ഓരോ വാക്കും പ്രവർത്തനവും ആരെങ്കിലും നിങ്ങളോട് ആജ്ഞാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ?
4 സാമാന്യവിവരമുളള ഒരാളും തന്റെ ജീവിതം പൂർണ്ണമായി തന്റെ നിയന്ത്രണത്തിൽനിന്നു വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടില്ല? ദൈവം നമ്മെ നിർമ്മിച്ച വിധം നിമിത്തംതന്നെ. ദൈവം മനുഷ്യനെ തന്റെ ‘പ്രതിച്ഛായയിലും സാദൃശ്യത്തിലും’ സൃഷ്ടിച്ചുവെന്നു ബൈബിൾ നമ്മോടു പറയുന്നു. ദൈവത്തിനുതന്നെയുളള പ്രാപ്തികളിൽ ഒന്ന് തെരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യമാണ്. (ഉൽപത്തി 1:26; ആവർത്തനം 7:6) അവിടുന്ന് മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവർക്ക് അത്ഭുതകരമായ അതേ പ്രാപ്തി കൊടുത്തു—ഇച്ഛാസ്വാതന്ത്ര്യമെന്ന സമ്മാനം. മർദ്ദകരായ ഭരണാധികാരികളാൽ അടിമകളാക്കപ്പെടുന്നതു നിരാശാജനകമായി നാം കണ്ടെത്തുന്നതിന്റെ ഒരു കാരണം അതാണ്.
5 അതുകൊണ്ട് സ്വാതന്ത്ര്യത്തിനുളള വാഞ്ഛ യാദൃച്ഛികമല്ല, കാരണം ദൈവം സ്വാതന്ത്ര്യത്തിന്റെ ദൈവമാകുന്നു. ബൈബിൾ ഇപ്രകാരം പറയുന്നു: “കർത്താവിന്റെ [യഹോവയുടെ, NW] ആത്മാവുളേളടത്തു സ്വാതന്ത്ര്യം ഉണ്ട്.” (2 കൊരിന്ത്യർ 3:17) അതുകൊണ്ട്, ദൈവം നമ്മുടെ ഘടനയുടെതന്നെ ഒരു ഭാഗമായി നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകി. നമ്മുടെ മനസ്സുകളും വികാരങ്ങളും എങ്ങനെ പ്രവർത്തിക്കുമെന്ന് അവിടുന്ന് അറിഞ്ഞതുകൊണ്ട് ഇച്ഛാസ്വാതന്ത്ര്യം ഉണ്ടെങ്കിൽ നാം അത്യന്തം സന്തുഷ്ടരായിരിക്കുമെന്ന് അവിടത്തേക്ക് അറിയാമായിരുന്നു.
6. ഇച്ഛാസ്വാതന്ത്ര്യത്തോടു യോജിപ്പിൽ പ്രവർത്തിക്കുന്നതിനു ദൈവം നമ്മുടെ തലച്ചോറു നിർമ്മിച്ചതെങ്ങനെ?
6 ഇച്ഛാസ്വാതന്ത്ര്യത്തോടൊപ്പം ചിന്തിക്കാനും കാര്യാദികൾ തൂക്കിനോക്കാനും തീരുമാനമെടുക്കാനും ശരിയും തെററും അറിയാനും ഉളള കഴിവു ദൈവം നമുക്കു നൽകി. (എബ്രായർ 5:14) അങ്ങനെ, ഇച്ഛാസ്വാതന്ത്ര്യം ബദ്ധിപൂർവ്വകമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കേണ്ടിയിരുന്നു. നാം നിർമ്മിക്കപ്പെട്ടതു സ്വന്തമായ ഇഷ്ടമില്ലാത്ത, മനസ്സില്ലാത്ത യന്ത്രമനുഷ്യരെപ്പോലെ ആയിരുന്നില്ല. മൃഗങ്ങളെപ്പോലെ സഹജ ജ്ഞാനത്തിൽനിന്നു പ്രവർത്തിക്കാനുമായിരുന്നില്ല നാം സൃഷ്ടിക്കപ്പെട്ടത്. പകരം അത്ഭുതകരമായ നമ്മുടെ തലച്ചോറ് നമ്മുടെ തിരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ രൂപകല്പന ചെയ്യപ്പെട്ടു.
ഏററവും നല്ല തുടക്കം
7, 8. ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് ഏതു നല്ല തുടക്കം നൽകി?
7 ദൈവം എത്ര കരുതലുളളവനാണെന്നു പ്രകടമാക്കുന്നതിന്, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനും ഹവ്വക്കും ഇച്ഛാസ്വാതന്ത്ര്യത്തിന്റെ സമ്മാനത്തോടൊപ്പം ഒരുവൻ ന്യായമായി ആഗ്രഹിച്ചേക്കാവുന്ന സകലതും നൽകുകയുണ്ടായി. അവരെ വിശാലമായ ഒരു ഉദ്യാനതുല്യ പറുദീസയിൽ ആക്കി. അവർക്കു ഭൗതികസമൃദ്ധിയുണ്ടായിരുന്നു. വാർദ്ധക്യം ചെല്ലുകയോ രോഗം ബാധിക്കുകയോ മരിക്കുകയോ ചെയ്യേണ്ടതില്ലാത്തവണ്ണം, അവർക്കു പൂർണ്ണതയുളള മനസ്സുകളും ശരീരങ്ങളും ഉണ്ടായിരുന്നു—അവർക്ക് എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു. അവർക്കു പൂർണ്ണതയുളള മക്കൾ ഉണ്ടാകുമായിരുന്നു, അവർക്കും സന്തോഷകരമായ നിത്യഭാവി ഉണ്ടായിരിക്കാൻ കഴിയുമായിരുന്നു. വർദ്ധിച്ചുവരുന്ന ജനതതിക്ക് ഒടുവിൽ മുഴുഭൂമിയെയും ഒരു പറുദീസയാക്കിത്തീർക്കുക എന്ന സംതൃപ്തികരമായ വേല ഉണ്ടായിരിക്കുമായിരുന്നു.—ഉൽപത്തി 1:26-30; 2:15.
8 നൽകപ്പെട്ടതിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “താൻ ഉണ്ടാക്കിയതെല്ലാം ദൈവം നോക്കി, നോക്കൂ! അതു വളരെ നല്ലതായിരുന്നു.” (ഉൽപത്തി 1:31, NW) ബൈബിൾ ദൈവത്തെക്കുറിച്ചും പറയുന്നു: “അവന്റെ പ്രവൃത്തി പൂർണ്ണം ആകുന്നു.” (ആവർത്തനം 32:4, NW) അതേ, സ്രഷ്ടാവ് മനുഷ്യകുടുംബത്തിനു പൂർണ്ണതയുളള ഒരു തുടക്കം നൽകി. അതിന് അതിലും മെച്ചമായിരിക്കാൻ കഴിയില്ലായിരുന്നു. അവിടുന്ന് എത്ര കരുതലുളള ഒരു ദൈവമാണെന്നു തെളിഞ്ഞു!
അതിരുകൾക്കുളളിലെ സ്വാതന്ത്ര്യം
9, 10. ഇച്ഛാസ്വാതന്ത്ര്യം ഉചിതമായി നിയന്ത്രിക്കപ്പെടേണ്ടത് എന്തുകൊണ്ട്?
9 എന്നിരുന്നാലും, ഇച്ഛാസ്വാതന്ത്ര്യം അതിരില്ലാത്തതായിരിക്കാൻ ദൈവം ഉദ്ദേശിച്ചോ? ഗതാഗത നിയമങ്ങൾ ഒന്നുമില്ലാത്ത, ആർക്കും ഏതു ദിശയിലും ഏതു വേഗതയിലും വാഹനമോടിക്കാൻ കഴിയുന്ന, ഒരു തിരക്കുപിടിച്ച നഗരം ഒന്നു ഭാവനയിൽ കാണുക. ആ അവസ്ഥകളിൽ വാഹനമോടിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ? ഇല്ല, അതു ഗതാഗത അരാജകത്വം ആയിരിക്കും, തീർച്ചയായും പല അപകടങ്ങളിൽ കലാശിക്കുകയും ചെയ്യും.
10 ഇച്ഛാസ്വാതന്ത്ര്യമെന്ന ദിവ്യസമ്മാനത്തിന്റെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. അതിരില്ലാത്ത സ്വാതന്ത്ര്യം സമൂഹത്തിൽ അരാജകത്വത്തെ അർത്ഥമാക്കും. മനുഷ്യ പ്രവർത്തനങ്ങളെ നയിക്കുന്നതിനു നിയമങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്. ദൈവത്തിന്റെ വചനം പറയുന്നു: “സ്വതന്ത്രമനുഷ്യരെപ്പോലെ പെരുമാറുക, നിങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും ദുഷ്ടതക്ക് ഒരു ഒഴികഴിവായി ഉപയോഗിക്കരുത്.” (1 പത്രോസ് 2:16, JB) ഇച്ഛാസ്വാതന്ത്ര്യം പൊതുനൻമക്കുവേണ്ടി നിയന്ത്രിക്കുന്നതിനു ദൈവം ആഗ്രഹിക്കുന്നു. നമുക്കു സമ്പൂർണ്ണ സ്വാതന്ത്ര്യമല്ല, പിന്നെയോ നിയമവാഴ്ച്ചക്കു വിധേയമായി ആപേക്ഷിക സ്വാതന്ത്ര്യം ഉണ്ടായിരിക്കാൻ അവിടുന്ന് ഉദ്ദേശിച്ചു.
ആരുടെ നിയമങ്ങൾ?
11. നാം ആരുടെ നിയമങ്ങൾ അനുസരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു?
11 നാം ആരുടെ നിയമങ്ങൾ അനുസരിക്കാൻ ഉദ്ദേശിക്കപ്പെട്ടു? ഒന്നു പത്രൊസ് 2:16-ലെ (JB) വാക്യത്തിന്റെ മറെറാരു ഭാഗം ഇപ്രകാരം പറയുന്നു: “നിങ്ങൾ ദൈവത്തിനല്ലാതെ ആർക്കും അടിമകളല്ല.” ഇതു നിഷ്ഠൂര അടിമത്തത്തെ അർത്ഥമാക്കുന്നില്ല, പിന്നെയോ നാം ദൈവനിയമങ്ങൾക്കു വിധേയരായിരിക്കുമ്പോൾ അത്യന്തം സന്തുഷ്ടരായിരിക്കാൻ നാം രൂപകൽപന ചെയ്യപ്പെട്ടുവെന്ന് അതർത്ഥമാക്കുന്നു. (മത്തായി 22:35-40) അവിടത്തെ നിയമങ്ങൾ, മനുഷ്യർ ഉണ്ടാക്കിയിട്ടുളള ഏതു നിയമങ്ങളേക്കാളുമുപരി, ഏററവും നല്ല മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുന്നു. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
12. ദൈവനിയമങ്ങൾക്കുളളിൽ നമുക്ക് ഏതു തിരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യം ഉണ്ട്?
12 അതേസമയം, ദൈവനിയമങ്ങൾ അവയുടെ അതിരുകൾക്കുളളിൽ വലിയ തിരഞ്ഞെടുപ്പിൻസ്വാതന്ത്ര്യം അനുവദിക്കുന്നു. അതു വൈവിധ്യത്തിൽ കലാശിക്കുകയും മനുഷ്യകുടുംബത്തെ ചേതോഹരമാക്കുകയും ചെയ്യുന്നു. ലോകത്തെമ്പാടുമുളള വിവിധതരം ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, സംഗീതം, കല, ഭവനങ്ങൾ, എന്നിവയെക്കുറിച്ചു ചിന്തിക്കുക. മററാരെങ്കിലും നമുക്കുവേണ്ടി തീരുമാനമെടുക്കുന്നതിനുപകരം അത്തരം കാര്യങ്ങളൾ നമ്മുടെ താത്പര്യമനുസരിച്ചു തിരഞ്ഞെടുക്കാൻ നാം തീർച്ചയായും ഇഷ്ടപ്പെടുന്നു.
13. നമ്മുടെതന്നെ നൻമക്കായി നാം ഏതു ഭൗതികനിയമങ്ങൾ അനുസരിക്കണം?
13 അങ്ങനെ മനുഷ്യപെരുമാററത്തെ ഭരിക്കുന്ന ദൈവനിയമങ്ങൾക്കു വിധേയരായിരിക്കുമ്പോൾ അത്യന്തം സന്തുഷ്ടരായിരിക്കാൻ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതു ദൈവത്തിന്റെ ഭൗതികനിയമങ്ങൾക്കു കീഴ്പ്പെട്ടിരിക്കുന്നതുപോലെയാണ്. ഉദാഹരണത്തിന്, നാം ഗുരുത്വാകർഷണനിയമത്തെ അവഗണിക്കുകയും ഒരു ഉയർന്ന സ്ഥാനത്തുനിന്നു താഴേക്കുചാടുകയും ചെയ്താൽ നമുക്കു ക്ഷതമേൽക്കും അല്ലെങ്കിൽ മരണം ഭവിക്കും. നാം നമ്മുടെ ശരീരത്തിന്റെ ആന്തരികനിയമങ്ങൾ അവഗണിക്കുകയും ആഹാരം കഴിക്കുന്നതും വെളളം കുടിക്കുന്നതും വായു ശ്വസിക്കുന്നതും നിർത്തുകയും ചെയ്താൽ നാം മരിച്ചുപോകും.
14. മനുഷ്യർ ദൈവത്തിൽനിന്നു സ്വതന്ത്രരായിരിക്കാൻ സൃഷ്ടിക്കപ്പെട്ടവരല്ലെന്നു നാം എങ്ങനെ അറിയുന്നു?
14 നാം ദൈവത്തിന്റെ ഭൗതികനിയമങ്ങൾക്കു കീഴ്പ്പെടേണ്ടതിന്റെ ആവശ്യത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ, ദൈവത്തിന്റെ ധാർമ്മികവും സാമൂഹികവുമായ നിയമങ്ങൾക്കും കീഴ്പ്പെട്ടിരിക്കേണ്ടതിന്റെ ആവശ്യത്തോടെ സൃഷ്ടിക്കപ്പെട്ടു. (മത്തായി 4:4) മനുഷ്യർ അവരുടെ സ്രഷ്ടാവിൽനിന്നു സ്വതന്ത്രരായിരുന്നുകൊണ്ടു വിജയംവരിക്കാൻ സൃഷ്ടിക്കപ്പെട്ടവരല്ല. പ്രവാചകനായ യിരെമ്യാവു പറയുന്നു: “തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല. യഹോവേ, എന്നെ തിരുത്തേണമേ.” (യിരെമ്യാവ് 10:23, 24, NW) അതുകൊണ്ട്, ഏല്ലാവിധത്തിലും മനുഷ്യർ ദൈവത്തിന്റെ ഭരണാധിപത്യത്തിനു കീഴിൽ ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, തങ്ങളുടെ സ്വന്തമല്ല.
15. ദൈവനിയമങ്ങൾ ആദാമിനും ഹവ്വക്കും ഒരു ഭാരമായിരിക്കുമായിരുന്നോ?
15 ദൈവനിയമങ്ങളോടുളള അനുസരണം നമ്മുടെ ആദ്യമാതാപിതാക്കൾക്കു ഭാരം ആയിരിക്കുമായിരുന്നില്ല. പകരം, അത് അവരുടെയും മുഴുമനുഷ്യകുടുംബത്തിന്റെയും ക്ഷേമത്തിൽ കലാശിക്കുമായിരുന്നു. ആദ്യ ജോടി ദൈവനിയമങ്ങളുടെ പരിമിതികൾക്കുളളിൽ നിലനിന്നിരുന്നെങ്കിൽ എല്ലാവർക്കും ക്ഷേമം ആയിരിക്കുമായിരുന്നു. വാസ്തവത്തിൽ, നാം ഇന്നു സ്നേഹമുളള ഒരു ഏകീകൃതകുടുംബമെന്നനിലയിൽ ഉല്ലാസത്തിന്റെ അത്ഭുതകരമായ ഒരു പറുദീസയിൽ ജീവിക്കുമായിരുന്നു! ദുഷ്ടതയും കഷ്ടപ്പാടും മരണവും ഉണ്ടായിരിക്കുമായിരുന്നില്ല.
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
സ്രഷ്ടാവ് ഒരു പൂർണ്ണതയുളള തുടക്കം മനുഷ്യർക്കു നൽകി
[12-ാം പേജിലെ ചിത്രം]
ഗതാഗതനിയമങ്ങൾ ഇല്ലെങ്കിൽ തിരക്കുളള ഒരു പാതയിൽ വാഹനമോടിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ?