ഒരു ദൈവമുണ്ടെന്നു നമുക്ക് അറിയാൻ കഴിയുന്ന വിധം
ഭാഗം 3
ഒരു ദൈവമുണ്ടെന്നു നമുക്ക് അറിയാൻ കഴിയുന്ന വിധം
1, 2. ഒരു ദൈവമുണ്ടോയെന്നു തീരുമാനിക്കാൻ ഏതു തത്ത്വം നമ്മെ സഹായിക്കുന്നു?
ഒരു ദൈവമുണ്ടോ എന്നു തീരുമാനിക്കുന്നതിനുളള ഒരു വിധം സുസ്ഥാപിതമായ ഈ തത്ത്വം ബാധകമാക്കുക എന്നതാണ്: നിർമ്മിക്കപ്പെട്ട വസ്തുവിന് ഒരു നിർമ്മാതാവുണ്ടായിരിക്കണം. നിർമ്മിതവസ്തു എത്ര സങ്കീർണ്ണമാണോ, അത്രയധികം നിർമ്മാതാവ് പ്രാപ്തനായിരിക്കണം.
2 ദൃഷ്ടാന്തത്തിന്, നിങ്ങളുടെ ഭവനത്തിലെല്ലാം ഒന്നു കണ്ണോടിച്ചു നോക്കുക. മേശകൾക്കും കസേരകൾക്കും ഡെസ്ക്കുകൾക്കും കിടക്കകൾക്കും കലങ്ങൾക്കും ചട്ടികൾക്കും പ്ലേററുകൾക്കും മററ് അടുക്കളപ്പാത്രങ്ങൾക്കും എല്ലാം ഒരു നിർമ്മാതാവ് ആവശ്യമാണ്, ഭിത്തികൾക്കും തറകൾക്കും മച്ചുകൾക്കും അങ്ങനെതന്നെ. എങ്കിലും ആ വസ്തുക്കളുടെ നിർമ്മാണം താരതമ്യേന ലളിതമാണ്. ലളിതമായ വസ്തുക്കൾക്ക് ഒരു നിർമ്മാതാവ് ആവശ്യമാണെങ്കിൽ സങ്കീർണ്ണമായ വസ്തുക്കൾക്ക് അതിലും ബുദ്ധിശാലിയായ ഒരു നിർമ്മാതാവ് ആവശ്യമാണെന്നുളളത് യുക്തിയുക്തമല്ലേ?
നമ്മുടെ വിസ്മയകരമായ പ്രപഞ്ചം
3, 4. ദൈവം സ്ഥിതിചെയ്യുന്നുവെന്നറിയാൻ പ്രപഞ്ചം നമ്മെ എങ്ങനെ സഹായിക്കുന്നു?
3 ഒരു ഘടികാരത്തിന് ഒരു ഘടികാരനിർമ്മാതാവ് ആവശ്യമാണ്. സൂര്യനോടും നൂററാണ്ടുകളായി അങ്ങേയററം കൃത്യതയോടെ അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളോടുംകൂടെ അനന്തസങ്കീർണ്ണമായ നമ്മുടെ സൗരയൂഥത്തെ സംബന്ധിച്ചെന്ത്? നൂറു കറബ് കോടിയിലധികം (1 കറബ് = പതിനായിരം കോടി) നക്ഷത്രങ്ങളോടുകൂടിയ ക്ഷീരപഥം എന്നു വിളിക്കപ്പെടുന്ന, നാം ജീവിക്കുന്ന വിസ്മയകരമായ താരാപംക്തിയെ സംബന്ധിച്ചെന്ത്? നിങ്ങൾ എന്നെങ്കിലും രാത്രി ക്ഷീരപഥത്തെ നോക്കിനിന്നിട്ടുണ്ടോ? നിങ്ങൾക്കു മതിപ്പു തോന്നിയോ? അപ്പോൾ നമ്മുടെ ക്ഷീരപഥം പോലുളള നക്ഷത്രപംക്തികളുടെ അസംഖ്യകോടികൾ അടങ്ങുന്ന അവിശ്വസനീയമാംവിധം വിപുലമായ പ്രപഞ്ചത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക! കൂടാതെ, നൂററാണ്ടുകളായി ആകാശഗോളങ്ങളുടെ ചലനങ്ങൾ വളരെ ആശ്രയയോഗ്യമായിരിക്കുന്നതിനാൽ അവ കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങളോട് ഉപമിക്കപ്പെട്ടിരിക്കുന്നു.
4 താരതമ്യേന ലളിതമായ ഒരു ഘടികാരം ഒരു ഘടികാര നിർമ്മാതാവിന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്നെങ്കിൽ തീർച്ചയായും അനന്തസങ്കീർണ്ണവും വിസ്മയകരവുമായ പ്രപഞ്ചം ഒരു രൂപസംവിധായകനും നിർമ്മാതാവുമായവന്റെ അസ്തിത്വത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ‘കണ്ണു മേലോട്ട് ഉയർത്തി നോക്കാൻ’ ബൈബിൾ നമ്മെ ക്ഷണിക്കുന്നത്, അതിനുശേഷം അതു ചോദിക്കുന്നു: “ഇവയെ സൃഷ്ടിച്ചതാർ?” ഉത്തരം: “അത് അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുന്നവൻ [ദൈവം] ആകുന്നു, അവയെയെല്ലാം അവിടുന്ന് പേർചൊല്ലി വിളിക്കുന്നു. ഗതികോർജ്ജത്തിന്റെ സമൃദ്ധിനിമിത്തവും അവിടുന്ന് ശക്തിയിൽ ഊർജ്ജസ്വലനാകകൊണ്ടും അവയിൽ ഒന്നും നഷ്ടപ്പെടുന്നില്ല.” (യെശയ്യാവ് 40:26, NW) അങ്ങനെ, നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു അദൃശ്യ ബുദ്ധിശക്തിയോട്—ദൈവത്തോട്—പ്രപഞ്ചം അതിന്റെ അസ്തിത്വത്തിന കടപ്പെട്ടിരിക്കുന്നു.
അതിവിശിഷ്ടമായി രൂപകല്പന ചെയ്തിരിക്കുന്ന ഭൂമി
5-7. ഭൂമിയെ സംബന്ധിച്ച ഏതു വസ്തുതകൾ അതിന് ഒരു രൂപസംവിധായകനുണ്ടെന്നു പ്രകടമാക്കുന്നു?
5 ശാസ്ത്രജ്ഞൻമാർ ഭൂമിയെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം അതു മനുഷ്യവാസത്തിനുവേണ്ടി അതിവിശിഷ്ടമായി രൂപകല്പന ചെയ്യപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു. മതിയായ അളവിൽ ചൂടും വെളിച്ചവും ലഭിക്കുന്നതിന് അതു സൂര്യനിൽനിന്നു കൃത്യമായ അകലത്തിലാണ്. ഭൂമിയുടെ അനേകഭാഗങ്ങളിലും ഋതുഭേദം സാദ്ധ്യമാക്കിക്കൊണ്ടു കൃത്യമായ ചെരിവിൽ അതു വർഷത്തിലൊരിക്കൽ സൂര്യനെ പ്രദക്ഷിണം വെക്കുന്നു. കൂടാതെ, ക്രമമായി വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും കാലഘട്ടങ്ങൾ പ്രദാനം ചെയ്തുകൊണ്ടു ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ ഓരോ 24 മണിക്കൂറിലും കറങ്ങിക്കൊണ്ടിരിക്കുന്നു. നമുക്കു ശ്വസിക്കാനും ബഹിരാകാശത്തുനിന്നുളള ഹാനികരമായ വികിരണത്തിൽനിന്നു സംരക്ഷണം ലഭിക്കാനും വേണ്ടി വാതകങ്ങളുടെ കൃത്യമായ മിശ്രണത്തോടുകൂടിയ ഒരു അന്തരീക്ഷം അതിനുണ്ട്. കൂടാതെ ആഹാരസാധനങ്ങൾ വിളയിക്കുന്നതിന് ആവശ്യമായിരിക്കുന്ന ജീവൽപ്രധാനമായ വെളളവും മണ്ണും അതിനുണ്ട്.
6 ആ ഘടകങ്ങളും മററുകാര്യങ്ങളും എല്ലാം ഒരുമിച്ചു പ്രവർത്തിക്കാത്തപക്ഷം ജീവിതം അസാദ്ധ്യമായിരിക്കും. അതെല്ലാം ഒരു യാദൃച്ഛികസംഭവം ആയിരുന്നോ? സയൻസ് ന്യൂസ് ഇപ്രകാരം പറയുന്നു: “അത്തരം വിശേഷപ്പെട്ടതും കൃത്യവുമായ അവസ്ഥകൾ യാദൃച്ഛികമായി സംഭവിച്ചിരിക്കാൻ ഒരു സാദ്ധ്യതയുമില്ലെന്നു തോന്നുന്നു.” ഇല്ല, അതിനു കഴിയുകയില്ല. അവയിൽ മികച്ച ഒരു രൂപസംവിധായകനാലുളള ഉദ്ദേശ്യപൂർവ്വമായ രൂപകല്പന അടങ്ങിയിരുന്നു.
7 നിങ്ങൾ ഒരു നല്ല ഭവനത്തിൽ പോവുകയും അതിൽ ആഹാരസാധനങ്ങൾ ധാരാളമായി ശേഖരിച്ചിരിക്കുന്നതായും, അതിനു ചൂടുപിടിപ്പിക്കാനും ശീതോഷ്ണസ്ഥിതി നിയന്ത്രിക്കാനും മികച്ച ഒരു സംവിധാനമുളളതായും, വെളളം പ്രദാനം ചെയ്യുന്നതിന് അതിനു നല്ല പൈപ്പു സംവിധാനം ഉളളതായും കണ്ടെത്തുന്നെങ്കിൽ നിങ്ങൾ എന്തു നിഗമനം ചെയ്യും? അതെല്ലാം തനിയെ അങ്ങനെ സംഭവിച്ചു എന്നായിരിക്കുമോ? അല്ല, ബുദ്ധിമാനായ ഒരു വ്യക്തി വളരെ ശ്രദ്ധയോടെ അതു രൂപകല്പന ചെയ്യുകയും ഉണ്ടാക്കുകയും ചെയ്തുവെന്നു നിങ്ങൾ തീർച്ചയായും നിഗമനം ചെയ്യും. ഭൂമിയും അതിലെ നിവാസികൾക്ക് ആവശ്യമുളളതു പ്രദാനംചെയ്യാൻ വേണ്ടി വലിയ ശ്രദ്ധയോടെ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു, അത് ഏതു ഭവനത്തെക്കാളും അധികം സങ്കീർണ്ണവും സുസജ്ജീകൃതവും ആണ്.
8. നമുക്കുവേണ്ടിയുളള ദൈവത്തിന്റെ സ്നേഹപൂർവ്വകമായ കരുതൽ പ്രകടമാക്കുന്ന മറെറന്തുകൂടെ ഭൂമിയെ സംബന്ധിച്ചുണ്ട്?
8 കൂടാതെ, ജീവിതത്തിന് ആനന്ദം വർദ്ധിപ്പിക്കുന്ന ഒട്ടേറെ വസ്തുക്കളെക്കുറിച്ചും പരിചിന്തിക്കുക. മനുഷ്യർ ആസ്വദിക്കുന്ന ഹൃദ്യമായ സൗരഭ്യങ്ങൾ സഹിതം മനോഹരവർണ്ണങ്ങളുളള വിവിധയിനം പുഷ്പങ്ങളെ നോക്കുക. കൂടാതെ നമ്മുടെ രുചിക്കു വളരെ ആസ്വാദ്യമായ വൈവിധ്യമാർന്ന ഒട്ടേറെ ആഹാരസാധനങ്ങൾ ഉണ്ട്. കണ്ടാസ്വദിക്കുന്നതിനു മനോജ്ഞമായ വനങ്ങളും പർവ്വതങ്ങളും തടാകങ്ങളും, മററു സൃഷ്ടികളും ഉണ്ട്. കൂടാതെ, നമ്മുടെ ജീവിതാസ്വാദനം വർദ്ധിപ്പിക്കുന്ന മനോഹരമായ സൂര്യാസ്തമയങ്ങളെ സംബന്ധിച്ചെന്ത്? മൃഗങ്ങളുടെ ലോകത്തിൽ, നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും മററു മൃഗങ്ങളുടെ കുഞ്ഞുങ്ങളുടെയും കളികളും പ്രിയങ്കരമായ സ്വഭാവവും നമ്മെ ആഹ്ലാദിപ്പിക്കുന്നില്ലേ? അതുകൊണ്ടു ജീവൻ നിലനിർത്തുന്നതിനു അത്യന്താപേക്ഷിതമല്ലാത്ത മനോഹരമായ അനേകം ആശ്ചര്യഹേതുക്കളെ ഭൂമി പ്രദാനം ചെയ്യുന്നു. മനുഷ്യരെ മനസ്സിൽകണ്ടുകൊണ്ട്, നാം വെറുതെ സ്ഥിതിചെയ്യുന്നതിനല്ല പിന്നെയോ ജീവിതം ആസ്വദിക്കുന്നതിന് ഭൂമിയെ സ്നേഹപൂർവ്വകമായ കരുതലോടെ രൂപകല്പന ചെയ്തുവെന്ന് ഇവ പ്രകടമാക്കുന്നു.
9. ഭൂമിയെ ആരുണ്ടാക്കി, അവിടുന്ന് അതുണ്ടാക്കിയത് എന്തിന്?
9 അതുകൊണ്ട്, യഹോവയാം ദൈവത്തെക്കുറിച്ചു പിൻവരുന്നപ്രകാരം പറഞ്ഞ ബൈബിളെഴുത്തുകാരൻ ചെയ്തതുപോലെ ഈ വസ്തുക്കളുടെയെല്ലാം ദാതാവിനെ അംഗീകരിക്കുക എന്നതാണു ന്യായയുക്തമായ തീരുമാനം: “നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.” എന്തുദ്ദേശ്യത്തിൽ? “അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ നിർമ്മിച്ചതു; പാർപ്പിന്നത്രേ അവൻ അതിനെ നിർമ്മിച്ചതു” എന്നു ദൈവത്തെ സംബന്ധിച്ചു വർണ്ണിച്ചുകൊണ്ട് അദ്ദേഹം അതിന് ഉത്തരം നൽകുന്നു.—യെശയ്യാവ് 37:16; 45:18.
വിസ്മയിപ്പിക്കുന്ന ജീവനുളള കോശം
10, 11. ജീവനുളള ഒരു കോശം വളരെ വിസ്മയകരമായിരിക്കുന്നത് എന്തുകൊണ്ട്?
10 ജീവനുളള വസ്തുക്കളെ സംബന്ധിച്ചെന്ത്? അവയ്ക്ക് ഒരു നിർമ്മാതാവ് ആവശ്യമില്ലേ? ദൃഷ്ടാന്തത്തിന്, ജീവനുളള ഒരു കോശത്തിന്റെ വിസ്മയിപ്പിക്കുന്ന ഏതാനും സവിശേഷതകൾ പരിചിന്തിക്കുക. എവലൂഷൻ: ഏ തിയറി ഇൻ ക്രൈസിസ് എന്ന തന്റെ പുസ്തകത്തിൽ തൻമാത്രീയ ജീവശാസ്ത്രജ്ഞനായ മൈക്കിൾ ഡെൻറൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഇന്നു ഭൂമിയിലുളള ജീവരൂപങ്ങളിൽ ഏററവും ലളിതമായ ബാക്ടീരിയാ കോശങ്ങൾപോലും അങ്ങേയററം സങ്കീർണ്ണമായ വസ്തുക്കളാണ്. ഏററവും ചെറിയ ബാക്ടീരിയാ കോശങ്ങൾ അവിശ്വസനീയമാംവിധം ചെറുതാണെങ്കിലും, . . . ഓരോന്നും ഫലത്തിൽ അതിസങ്കീർണ്ണമായ തൻമാത്രീയ ഘടനയുടെ ഉത്കൃഷ്ടമായി രൂപകല്പനചെയ്ത ആയിരക്കണക്കിനു ശകലങ്ങൾ അടങ്ങുന്ന, ഏററവും ചെറുതാക്കി നിർമ്മിച്ചിരിക്കുന്ന ഒരു യഥാർത്ഥ ഫാക്ടറിയാണ് . . . മനുഷ്യൻ നിർമ്മിച്ചിട്ടുളള ഏതു യന്ത്രത്തെക്കാളും കൂടുതൽ സങ്കീർണ്ണവും നിർജ്ജീവ ലോകത്തിൽ അതുല്യമായതും തന്നെ.”
11 ഓരോ കോശത്തിലുമുളള ജനിതക സംഹിതയെ സംബന്ധിച്ച് അദ്ദേഹം പ്രസ്താവിക്കുന്നു: “വിവരങ്ങൾ ശേഖരിച്ചുവെക്കാനുളള ഡിഎൻഎയുടെ ശേഷി അറിയപ്പെടുന്ന മറേറതു സംവിധാനത്തെക്കാളും മികച്ചുനിൽക്കുന്നു; മനുഷ്യനെപ്പോലെ സങ്കീർണ്ണമായ ഒരു ജീവിയെ പ്രത്യേകം ഇനംതിരിക്കാൻ ആവശ്യമായ സകലവിവരങ്ങൾക്കുംകൂടെ ഒരു ഗ്രാമിന്റെ ഏതാനും ശതകോടികളിലൊന്നിൽ കുറഞ്ഞ തൂക്കം മാത്രം മതിയാകത്തക്കവണ്ണം അതു വളരെ കാര്യക്ഷമമാണ്. ജീവന്റെ തൻമാത്രീയഘടന പ്രദർശിപ്പിക്കുന്ന ചാതുര്യത്തിന്റെയും സങ്കീർണ്ണതയുടെയും അളവിനോടു താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഏററവും നൂതനമായ [ഉത്പന്നങ്ങൾ] പോലും പ്രാകൃതമായി കാണപ്പെടുന്നു. നമുക്ക് എളിമ തോന്നുന്നു.”
12. കോശത്തിന്റെ ഉത്ഭവം സംബന്ധിച്ച് ഒരു ശാസ്ത്രജ്ഞൻ എന്തു പറഞ്ഞു?
12 ഡൻറൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഏററവും ലളിതമായി അറിയപ്പെടുന്ന കോശരൂപത്തിന്റെപോലും സങ്കീർണ്ണത വളരെ വലുതാണ്, തന്നിമിത്തം അത്തരം ഒരു പദാർത്ഥം വളരെ അസംഭവ്യമായ ഏതെങ്കിലും തരം വികൃതിയിൽ പെട്ടെന്നു കൂടിച്ചേർന്നിരിക്കാം എന്ന് അംഗീകരിക്കുക അസാദ്ധ്യമാണ്.” അതിന് ഒരു രൂപസംവിധായകനും നിർമ്മാതാവും ഉണ്ടായിരിക്കേണ്ടിയിരുന്നു.
നമ്മുടെ അവിശ്വസനീയമായ തലച്ചോറ്
13, 14. തലച്ചോറ് ജീവനുളള ഒരു കോശത്തേക്കാളും അധികം വിസ്മയകരമായിരിക്കുന്നതെന്തുകൊണ്ട്?
13 അതിനുശേഷം ഈ ശാസ്ത്രജ്ഞൻ പറയുന്നു: “സങ്കീർണ്ണതയുടെ കാര്യത്തിൽ സസ്തനികളുടെ തലച്ചോറുപോലുളള ഒരു ഘടനയോടു താരതമ്യംചെയ്യുമ്പോൾ ഒരു കോശം ഒന്നുമല്ല. മമനുഷ്യന്റെ തലച്ചോറിൽ ഏകദേശം ഒരായിരം കോടി നാഡീകോശങ്ങൾ ഉണ്ട്. ഓരോ നാഡീകോശവും തലച്ചോറിലെ മററു നാഡീകോശങ്ങളുമായി ബന്ധപ്പെടുന്നതിനു പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടക്ക് സംയോജകതന്തുക്കൾ പുറപ്പെടുവിക്കുന്നു. മനുഷ്യതലച്ചോറിലെ മൊത്തം ബന്ധങ്ങളുടെ എണ്ണം . . . പതിനായിരം കറബ് വരും.”
14 ഡൻറൻ തുടരുന്നു: “തലച്ചോറിലെ ബന്ധങ്ങളുടെ നൂറിലൊരു ഭാഗംപോലും പ്രത്യേകമായി സംഘടിപ്പിച്ചെടുത്താൽ അതു ഭൂമിയിലുളള മുഴു വാർത്താവിനിമയ ശൃംഖലയിലുംകൂടി ഉളളതിനെക്കാൾ വളരെക്കൂടുതൽ ബന്ധങ്ങളുളള ഒരു ഘടനയായിരിക്കും.” അദ്ദേഹം തുടർന്നു ചോദിക്കുന്നു: “തീർത്തും യാദൃച്ഛികമായ ഏതെങ്കിലുംതരം പ്രക്രിയ അത്തരം വ്യവസ്ഥകൾ സംഘടിപ്പിച്ചിരിക്കാൻ ഇടയുണ്ടോ?” സ്പഷ്ടമായും, ഇല്ല എന്നായിരിക്കണം ഉത്തരം. തലച്ചോറിനു കരുതലുളള ഒരു രൂപസംവിധായകനും നിർമ്മാതാവും ഉണ്ടായിരുന്നിരിക്കണം.
15. തലച്ചോറിനെക്കുറിച്ചു മററുളളവർ ഏത് അഭിപ്രായങ്ങൾ പറയുന്നു?
15 മനുഷ്യതലച്ചോറ് ഏററവും നൂതനമായ കമ്പൂട്ടറുകളെപ്പോലും പ്രാകൃതമാക്കുന്നു. ശാസ്ത്ര എഴുത്തുകാരനായ മോർട്ടൻ ഹണ്ട് ഇങ്ങനെ പറഞ്ഞു: “നമ്മുടെ പ്രവർത്തനനിരതമായ ഓർമ്മകളിൽ ഇപ്പോഴുളള ഒരു വലിയ ഗവേഷണ കമ്പൂട്ടറിലേതിനെക്കാൾ പല കോടി മടങ്ങു വിവരങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.” അങ്ങനെ, മസ്തിഷ്ക ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. റോബർട്ട് ജെ. വൈററ് ഇപ്രകാരം നിഗമനം ചെയ്തു: “എനിക്ക് അത്ഭുതകരമായ മസ്തിഷ്ക-മാനസ ബന്ധത്തിന്റെ രൂപകല്പനക്കും വികാസത്തിനും—ഗ്രഹിക്കാനുളള മമനുഷ്യന്റെ പ്രാപ്തിക്ക് അതീതമായതുതന്നെ—ഉത്തരവാദിയായ ഒരു അതിശ്രേഷ്ഠ ബുദ്ധിജീവിയുടെ അസ്തിത്വം സമ്മതിക്കുകയല്ലാതെ ഗത്യന്തരമില്ല. . . . ഇതിനെല്ലാം ബുദ്ധിപൂർവ്വകമായ ഒരു തുടക്കമുണ്ടെന്ന്, ആരോ അതു സംഭവിക്കാൻ ഇടയാക്കിയെന്ന്, ഞാൻ വിശ്വസിക്കേണ്ടിയിരിക്കുന്നു.” അതു കരുതലുളള ആരെങ്കിലുംകൂടെ ആയിരിക്കേണ്ടിയിരുന്നു.
അതുല്യമായ രക്ഷ വ്യവസ്ഥ
16-18. (എ) രക്തവ്യവസ്ഥ ഏതു വിധങ്ങളിൽ അതുല്യമാണ്? (ബി) നാം ഏതു നിഗമനത്തിൽ എത്തിച്ചേരണം?
16 കൂടാതെ, പോഷകഘടകങ്ങളും പ്രാണവായുവും വഹിച്ചുകൊണ്ടുപോകുന്നതും അണുബാധയിൽനിന്നു സംരക്ഷിക്കുന്നതും ആയ അതുല്യമായ രക്തവ്യവസ്ഥയെക്കറിച്ചും പരിചിന്തിക്കുക. ഈ വ്യവസ്ഥയിലെ ഒരു മുഖ്യഘടകമായ ചുവന്ന രക്തകോശങ്ങളെ സംബന്ധിച്ച് ഏബീസീസ് ഓഫ് ദ ഹ്യൂമൻ ബോഡി എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒററത്തുളളി രക്തത്തിൽ 25 കോടിയിലധികം വ്യത്യസ്തരക്തകോശങ്ങൾ അടങ്ങുന്നു . . . ശരീരത്തിൽ ഒരുപക്ഷേ അവയുടെ 25 ലക്ഷം കോടിയുണ്ട്, നിരത്തിവെച്ചാൽ നാലു ടെന്നിസ് കളിക്കളങ്ങളെ മൂടാൻ മതിയായ അളവുതന്നെ. . . . ഓരോ സെക്കൻഡിലും 30 ലക്ഷം പുതിയ കോശങ്ങൾ എന്ന നിരക്കിൽ പഴയവ മാററിസ്ഥാപിക്കപ്പെടുന്നു.”
17 അതുല്യമായ രക്തവ്യവസ്ഥയുടെ മറെറാരു ഭാഗമായ ശ്വേതരക്തകോശങ്ങളെ സംബന്ധിച്ച് ഇതേ പുസ്തകം നമ്മോടിങ്ങനെ പറയുന്നു: “ഒരുതരം ചുവന്ന കോശങ്ങൾ മാത്രമേയുളളുവെന്നിരിക്കെ ശ്വേതരക്തകോശങ്ങൾ പല തരമുണ്ട്, ഓരോ തരവും ഒരു വ്യത്യസ്തവിധത്തിൽ ശരീരത്തിന്റെ പോരാട്ടങ്ങൾ നടത്താൻ പ്രാപ്തിയുളളവതന്നെ. ഉദാഹരണത്തിന്, ഒരു തരം മൃതകോശങ്ങളെ നശിപ്പിക്കുന്നു. മററു തരങ്ങൾ വൈറസ്സുകൾക്കെതിരെ പ്രതിവസ്തുക്കൾ ഉത്പാദിപ്പിക്കുകയോ അന്യവസ്തുക്കളെ നിർവ്വീര്യമാക്കുകയോ അക്ഷരീയമായി ബാക്ടീരിയകളെ തിന്നു ദഹിപ്പിക്കുകയോ ചെയ്യുന്നു.”
18 വിസ്മയകരവും സുസംഘടിതവുമായ എന്തൊരു വ്യവസ്ഥ! തീർച്ചയായും ഇത്ര നന്നായി സംഘടിപ്പിക്കപ്പെട്ടതും ഇത്ര സമഗ്രമായി സംരക്ഷണം നൽകുന്നതുമായ എന്തിനും വളരെ ബുദ്ധിശാലിയും കരുതലുളളവനുമായ ഒരു സംഘാടകൻ—ദൈവം— ഉണ്ടായിരിക്കണം.
മററ് അത്ഭുതങ്ങൾ
19. മനുഷ്യനിർമ്മിത ഉപകരണങ്ങളോടുളള താരതമ്യത്തിൽ കണ്ണ് എങ്ങനെയിരിക്കുന്നു?
19 മനുഷ്യശരീരത്തിൽ മററനേകം അത്ഭുതങ്ങളുണ്ട്. ഒന്നു കണ്ണാണ്, ഒരു ക്യാമറക്കും പകർത്താൻ കഴിയാത്തവണ്ണം അത്ര മികച്ച രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നതുതന്നെ. ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് ജാസ്ത്രോ ഇപ്രകാരം പറഞ്ഞു: “കണ്ണു രൂപകല്പന ചെയ്യപ്പെട്ടതായി കാണപ്പെടുന്നു; ദൂരദർശിനികളുടെ ഒരു രൂപസംവിധായകനും അതിലും മെച്ചമായി ചെയ്യാൻ കഴിയില്ലായിരുന്നു.” പോപ്പുലർ ഫോട്ടോഗ്രഫി എന്ന പ്രസിദ്ധീകരണം ഇപ്രകാരം വിവരിക്കുന്നു: “ഫിലിം കാണുന്നതിനെക്കാൾ കൂടുതൽ വിപുലമായ വിശദാംശങ്ങൾ മനുഷ്യനേത്രങ്ങൾ കാണുന്നു. അവ ത്രിമാനങ്ങളിൽ, വളരെ വിശാലമായ ഒരു വീക്ഷണകോണത്തിൽ, തുടർച്ചയായ ചലനത്തിൽപോലും, വൈരൂപ്യം കൂടാതെ കാണുന്നു . . . ക്യാമറ മനുഷ്യനേത്രത്തോടു താരതമ്യം ചെയ്യുന്നതു കുററമററ ഒരു സാദൃശ്യമല്ല. മനുഷ്യനേത്രം ഏറെയും, കൃത്രിമമായ ബുദ്ധിയും വിവരങ്ങൾ തരംതിരിച്ചെടുക്കാനുളള പ്രാപ്തിയും വേഗതയും മനുഷ്യനിർമ്മിതമായ ഏതുപകരണത്തെക്കാളുമോ കംപ്യൂട്ടറിനെക്കാളുമോ ക്യാമറയെക്കാളുമോ വളരെ കവിഞ്ഞ പ്രവർത്തനരീതികളുമുളള അവിശ്വസനീയമാംവിധം മികച്ച ഒരു സൂപ്പർ കംപ്യൂട്ടർ പോലെയാണ്.”
20. മനുഷ്യശരീരത്തിന്റെ വിസ്മയകരമായ മററുചില വശങ്ങൾ ഏവ?
20 ശരീരത്തിലെ സങ്കീർണ്ണമായ അവയവങ്ങളെല്ലാം നമ്മുടെ ബോധപൂർവ്വമായ ശ്രമം കൂടാതെ സഹകരിച്ചു പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചും ചിന്തിക്കുക. ദൃഷ്ടാന്തത്തിന്, നാം നമ്മുടെ ആമാശയത്തിലേക്കു വിവിധതരം ആഹാരസാധനങ്ങളും പാനീയങ്ങളും കടത്തിവിടുന്നു, എങ്കിലും ശരീരം അവ വിശ്ലേഷണം ചെയ്ത് ഊർജ്ജം ഉത്പാദിപ്പിക്കുന്നു. വിവിധങ്ങളായ അത്തരം സാധനങ്ങൾ ഒരു വാഹനത്തിന്റെ ഓയിൽ ടാങ്കിൽ ഇട്ടശേഷം അത് എത്ര ദൂരം പോകുന്നുവെന്നു നോക്കുക! കൂടാതെ അത്യന്തം പ്രിയങ്കരമായ ഒരു ശിശുവിന്റെ ജനനമെന്ന അത്ഭുതവുമുണ്ട്, വെറും ഒമ്പതു മാസംകൊണ്ട് അതിന്റെ മാതാപിതാക്കളുടെ ഒരു പകർപ്പുതന്നെ. ഏതാനും വയസ്സുമാത്രം പ്രായമുളള ഒരു കുട്ടിക്കു സങ്കീർണ്ണമായ ഒരു ഭാഷ സംസാരിക്കാൻ പഠിക്കുന്നതിനുളള പ്രാപ്തിസംബന്ധിച്ചെന്ത്?
21. ശരീരത്തിന്റെ അത്ഭുതങ്ങൾ പരിചിന്തിച്ചശേഷം ന്യായബോധമുളള വ്യക്തികൾ എന്തു പറയുന്നു?
21 അതേ, മനുഷ്യശരീരത്തിലെ വിസ്മയിപ്പിക്കുന്നതും സങ്കീർണ്ണവുമായ പല സൃഷ്ടികളും നമ്മെ ഭയാദരവുകൊണ്ടു നിറക്കുന്നു. ഒരു എൻജിനീയർക്കും അതിന്റെ പകർപ്പുണ്ടാക്കാൻ കഴിയില്ല. അവ വെറും അന്ധമായ യാദൃച്ഛിക സംഭവത്തിന്റെ വേലത്തരങ്ങൾ ആയിരിക്കാൻ കഴിയുമോ? തീർച്ചയായും ഇല്ല. പകരം, മനുഷ്യശരീരത്തിന്റെ അത്ഭുതവശങ്ങളെല്ലാം പരിചിന്തിക്കുമ്പോൾ ന്യായബോധമുളള ആളുകൾ സങ്കീർത്തനക്കാരനെപ്പോലെ പറയുന്നു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു [ദൈവത്തിനു] സ്തോത്രം ചെയ്യുന്നു. നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.”—സങ്കീർത്തനം 139:14
പരമോന്നത നിർമ്മാതാവ്
22, 23. (എ) നാം സ്രഷ്ടാവിന്റെ അസ്തിത്വം സമ്മതിക്കേണ്ടതെന്തുകൊണ്ട്? (ബി) ബൈബിൾ ദൈവത്തെ സംബന്ധിച്ചു ശരിയായി എന്തു പറയുന്നു?
22 ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “തീർച്ചയായും, ഏതു ഭവനവും ആരാലെങ്കിലും നിർമ്മിക്കപ്പെട്ടതാണ്; എന്നാൽ ദൈവം സ്ഥിതിചെയ്യുന്ന സകലത്തെയും സൃഷ്ടിച്ചു.” (എബ്രായർ 3:4, ദ ജറൂസലം ബൈബിൾ) എത്രതന്നെ എളിയതാണെങ്കിലും ഏതു ഭവനത്തിനും ഒരു നിർമ്മാതാവുണ്ടായിരിക്കണം എന്നതിനാൽ ഭൂമിയിലെ വൈവിധ്യമാർന്ന ഒട്ടേറെ ജീവജാലങ്ങളുൾപ്പെടെ അതിലും വളരെയധികം സങ്കീർണ്ണമായ പ്രപഞ്ചത്തിനും ഒരു നിർമ്മാതാവുണ്ടായിരിക്കണം. വിമാനങ്ങളും ടെലിവിഷനുകളും കംപ്യൂട്ടറുകളും പോലുളള സാമഗ്രികൾ കണ്ടുപിടിച്ച ആളുകളുടെ അസ്തിത്വം നാം അംഗീകരിക്കുന്നതുകൊണ്ട് അത്തരം വസ്തുക്കൾ ഉണ്ടാക്കാനുളള തലച്ചോറു മനുഷ്യർക്കു നൽകിയ ആളുടെ അസ്തിത്വം നാം അംഗീകരിക്കേണ്ടതല്ലേ?
23 ആ വ്യക്തിയെ “ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉത്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെ . . . കൊടുക്കയും ചെയ്ത യഹോവയായ ദൈവം” എന്നു വിളിച്ചുകൊണ്ട് ബൈബിൾ അത് അംഗീകരിക്കുന്നു. (യെശയ്യാവു 42:5) ബൈബിൾ ഉചിതമായി ഇപ്രകാരം പ്രഖ്യാപിക്കുന്നു: “കർത്താവേ, [യഹോവേ, NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
24. ഒരു ദൈവമുണ്ടെന്നു നമുക്കെങ്ങനെ അറിയാം?
24 അതേ, അവിടുന്ന് നിർമ്മിച്ചിട്ടുളള വസ്തുക്കളിൽനിന്ന് ഒരു ദൈവമുണ്ടെന്നു നമുക്ക് അറിയാൻ കഴിയും. “[ദൈവത്തിന്റെ] അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ [ദൈവത്തിന്റെ] പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:20.
25, 26. എന്തിന്റെയെങ്കിലും ദുരുപയോഗം അതിന് ഒരു നിർമ്മാതാവുണ്ടായിരിക്കുന്നതിനെതിരായ ഒരു വാദഗതിയല്ലാത്തതെന്തുകൊണ്ട്?
25 നിർമ്മിക്കപ്പെട്ട എന്തെങ്കിലും ദുർവിനിയോഗം ചെയ്യപ്പെടുന്നുവെന്ന വസ്തുത അതിന് ഒരു നിർമ്മാതാവില്ലായിരുന്നുവെന്ന് അർത്ഥമാക്കുന്നില്ല. ഒരു വിമാനം ഒരു യാത്രാവിമാനമെന്ന നിലയിൽ സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. എന്നാൽ അത് ഒരു ബോംബർവിമാനം എന്നനിലയിൽ നശീകരണത്തിനും ഉപയോഗിക്കാവുന്നതാണ്. അതു മാരകമായ ഒരു വിധത്തിൽ ഉപയോഗിക്കപ്പെടുന്നു എന്ന വസ്തുത അതിന് ഒരു നിർമ്മാതാവില്ലായിരുന്നുവെന്ന് അർത്ഥമാക്കുന്നില്ല.
26 അതുപോലെതന്നെ, മനുഷ്യർ പലപ്പോഴും വഷളത്വത്തിലേക്കു തിരിഞ്ഞിട്ടുണ്ടെന്നുളള വസ്തുത അവർക്ക് ഒരു നിർമ്മാതാവില്ലായിരുന്നുവെന്ന്, ഒരു ദൈവമില്ലെന്ന്, അർത്ഥമാക്കുന്നില്ല. അതുകൊണ്ട്, ബൈബിൾ ശരിയായി ഇപ്രകാരം പ്രസ്താവിക്കുന്നു: “അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?”—യെശയ്യാവു 29:16.
27. കഷ്ടപ്പാടു സംബന്ധിച്ച നമ്മുടെ ചോദ്യങ്ങൾക്കു ദൈവം ഉത്തരം നൽകുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
27 സ്രഷ്ടാവ് താൻ ഉണ്ടാക്കിയിരിക്കുന്നതിലെ വിസ്മയകരമായ സങ്കീർണ്ണതയിലൂടെ തന്റെ ജ്ഞാനം പ്രകടമാക്കിയിരിക്കുന്നു. ഭൂമിയെ ജീവിച്ചിരിക്കാൻ പററിയ വിധത്തിൽ നിർമ്മിച്ചുകൊണ്ടും നമ്മുടെ ശരീരങ്ങളെയും മനസ്സുകളെയും ഇത്ര അത്ഭുതകരമായ ഒരു വിധത്തിൽ ഉണ്ടാക്കിക്കൊണ്ടും നമുക്ക് ആസ്വദിക്കുന്നതിന് വളരെയധികം നല്ല വസ്തുക്കൾ ഉണ്ടാക്കിക്കൊണ്ടും അവിടുന്ന് യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവെന്നു പ്രകടമാക്കിയിരിക്കുന്നു. തീർച്ചയായും, ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? അവിടുന്ന് അതുസംബന്ധിച്ച് എന്തു ചെയ്യും? എന്നിങ്ങനെയുളള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ അറിയിച്ചുകൊണ്ട് അവിടുന്ന് സമാനമായ ജ്ഞാനവും കരുതലും പ്രകടമാക്കും.
[അധ്യയന ചോദ്യങ്ങൾ]
[5-ാം പേജിലെ ചിത്രം]
സംരക്ഷണാത്മക അന്തരീക്ഷത്തോടുകൂടിയ ഭൂമി കരുതലുളള ഒരു ദൈവം നമുക്കുവേണ്ടി രൂപകല്പനചെയ്ത ഒരു അതുല്യ ഭവനമാണ്
[6-ാം പേജിലെ ചിത്രം]
നമുക്കു ജീവിതം പൂർണ്ണമായി ആസ്വദിക്കാൻ കഴിയേണ്ടതിനു ഭൂമി സ്നേഹപൂർവ്വകമായ കരുതലോടെ നിർമ്മിക്കപ്പെട്ടു
[7-ാം പേജിലെ ചിത്രം]
‘ഒരു തലച്ചോറിൽ ഭൂമിയിലുളള മുഴുവൻ വാർത്താവിനിമയ ശൃംഖലയേക്കാളും അധികം ബന്ധങ്ങൾ അടങ്ങിയിട്ടുണ്ട്.’—തൻമാത്രീയ ജീവശാസ്ത്രജ്ഞൻ
[8-ാം പേജിലെ ചിത്രം]
“കണ്ണ് രൂപകല്പന ചെയ്യപ്പെട്ടതായി കാണപ്പെടുന്നു; ദൂരദർശിനികളുടെ ഒരു രൂപസംവിധായകനും അതിലും മെച്ചമായി ചെയ്യാൻ കഴിയില്ലായിരുന്നു.”—ജ്യോതിശാസ്ത്രജ്ഞൻ