ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം
ഭാഗം 6
ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം
1, 2. നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവം അവർക്കു നൽകിയ ഉത്കൃഷ്ടമായ തുടക്കത്തെ നശിപ്പിച്ചതെങ്ങനെ?
എന്താണു പിശകിപ്പോയത്? ഏദെൻ പറുദീസയിൽ ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്കു നൽകിയ ഉത്കൃഷ്ടമായ ആ തുടക്കത്തെ നശിപ്പിക്കാൻ എന്തുണ്ടായി? പറുദീസയുടെ സമാധാനത്തിനും യോജിപ്പിനും പകരം ആയിരക്കണക്കിനു വർഷങ്ങളായി ദുഷ്ടതയും കഷ്ടപ്പാടും നടമാടിയിരിക്കുന്നതെന്തുകൊണ്ട്?
2 ആദാമും ഹവ്വയും അവരുടെ ഇച്ഛാസ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്തു എന്നതാണു കാരണം. തങ്ങൾ ദൈവത്തെയും അവിടത്തെ നിയമങ്ങളെയും അവഗണിച്ചുകൊണ്ടു അഭിവൃദ്ധിപ്പെടാൻ സൃഷ്ടിക്കപ്പെട്ടവരല്ലെന്നുളള വസ്തുതയുടെ കാഴ്ചപ്പാട് അവർക്കു നഷ്ടപ്പെട്ടു. ദൈവത്തിൽനിന്നു സ്വതന്ത്രരാകുന്നതു തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുമെന്നു ചിന്തിച്ചുകൊണ്ട് അവർ അതിനു തീരുമാനമെടുത്തു. അതുകൊണ്ട് അവർ ദൈവം കല്പിച്ചിരുന്ന ഇച്ഛാസ്വാതന്ത്ര്യത്തിന്റെ അതിരുകൾ അതിക്രമിച്ചു കടന്നു.—ഉൽപത്തി, അദ്ധ്യായം 3.
സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയം
3-5. ദൈവം ആദാമിനെയും ഹവ്വയെയും നശിപ്പിക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യാഞ്ഞതെന്തുകൊണ്ട്?
3 ദൈവം ആദാമിനെയും ഹവ്വയെയും നശിപ്പിക്കുകയും മറെറാരു മനുഷ്യജോടിയെ ഉപയോഗിച്ചു വീണ്ടും തുടങ്ങുകയും ചെയ്യാഞ്ഞതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിടത്തെ സാർവ്വത്രിക പരമാധികാരം, അതായത്, ഒഴിഞ്ഞുകൊടുക്കാനാവാത്ത അവിടത്തെ ഭരണാവകാശം വെല്ലുവിളിക്കപ്പെട്ടിരുന്നു.
4 ഭരിക്കാൻ അവകാശമുളളത് ആർക്കാണ്, ആരുടെ ഭരണമാണു ശരി? എന്നതായിരുന്നു ചോദ്യം. ദൈവം സർവ്വശക്തനും സകല ജീവികളുടെയും സ്രഷ്ടാവും ആണെന്നുളള വസ്തുത അവയുടെമേൽ ഭരിക്കാനുളള അവകാശം അവിടത്തേക്കു നൽകുന്നു. അവിടുന്ന് സർവ്വജ്ഞാനിയായതുകൊണ്ട് അവിടത്തെ ഭരണം എല്ലാ സൃഷ്ടികൾക്കും ഏററവും നല്ലതാണ്. എന്നാൽ ദൈവത്തിന്റെ ഭരണം ഇപ്പോൾ വെല്ലുവിളിക്കു വിധേയമായി. കൂടാതെ, അവിടത്തെ സൃഷ്ടിയായ മമനുഷ്യന്റെ കാര്യത്തിൽ എന്തെങ്കിലും തെററുപററിയിരുന്നോ? മമനുഷ്യന്റെ നിർമ്മലതയുടെ പ്രശ്നം ഉൾപ്പെട്ടിരുന്നതെങ്ങനെയെന്നു നാം പിന്നീടു പരിശോധിക്കും.
5 മനുഷ്യൻ ദൈവത്തിൽനിന്നു സ്വതന്ത്രനായിത്തീർന്നതിനാൽ മറെറാരു ചോദ്യം സൂചിപ്പിക്കപ്പെട്ടു: ദൈവത്താൽ ഭരിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യനു മെച്ചമായി പ്രവർത്തിക്കാൻ കഴിയുമോ? സ്രഷ്ടാവിന് തീർച്ചയായും ഉത്തരം അറിയാമായിരുന്നു, എന്നാൽ മനുഷ്യൻതന്നെ അതു കണ്ടെത്തുന്നതിനുളള ഒരു സുനിശ്ചിതമാർഗ്ഗം അവർ ആഗ്രഹിച്ച പൂർണ്ണ സ്വാതന്ത്ര്യം അവർക്ക് അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു. തങ്ങളുടെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ച് ആ ഗതി അവർ തിരഞ്ഞെടുത്തു, അതുകൊണ്ടു ദൈവം അതനുവദിച്ചു.
6, 7. ദൈവം ഇത്ര ദീർഘകാലം സമ്പൂർണ്ണ സ്വാതന്ത്ര്യം മനുഷ്യർക്ക് അനുവദിച്ചുകൊടുത്തത് എന്തുകൊണ്ട്?
6 പൂർണ്ണസ്വാതന്ത്ര്യം പരീക്ഷിച്ചുനോക്കാൻ മനുഷ്യർക്കു വേണ്ടുവോളം സമയം അനുവദിച്ചതിനാൽ മനുഷ്യർ ദൈവഭരണത്തിൻകീഴിലാണോ അതോ തങ്ങളുടെ സ്വന്തം ഭരണത്തിൻകീഴിലാണോ ക്ഷേമമനുഭവിക്കുന്നതെന്ന് എന്നെന്നേക്കുമായി ദൈവം സ്ഥാപിച്ചെടുക്കുമായിരുന്നു. തങ്ങളുടെ രാഷ്ട്രീയവും വ്യാവസായികവും ശാസ്ത്രീയവും വൈദ്യശാസ്ത്രപരവും ആയ നേട്ടങ്ങളുടെ അത്യുച്ചാവസ്ഥയായി പരിഗണിച്ച സ്ഥിതിയിലെത്താൻ മനുഷ്യരെ അനുവദിക്കുന്നതിന് അനുവദിക്കപ്പെട്ട സമയം വേണ്ടുവോളം ദൈർഘ്യമുളളതായിരിക്കേണ്ടതുണ്ടായിരുന്നു.
7 അതുകൊണ്ട്, ദൈവത്തിൽനിന്നു സ്വതന്ത്രമായിട്ടുളള മനുഷ്യഭരണത്തിനു വിജയിക്കാൻ കഴിയുമോയെന്നു സംശയാതീതമായി തെളിയിക്കുന്നതിനു നമ്മുടെ നാൾവരെ അവിടുന്ന് മനുഷ്യനു കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിരിക്കുന്നു. അങ്ങനെ ദയയെയോ ക്രൂരതയെയോ സ്നേഹത്തെയോ ദ്വേഷത്തെയോ നീതിയെയോ അനീതിയെയോ തിരഞ്ഞെടുക്കാൻ മനുഷ്യനു കഴിഞ്ഞിരിക്കുന്നു. എന്നാൽ അവൻ തന്റെ തിരഞ്ഞെടുപ്പിന്റെ പരിണതഫലങ്ങളെയും അഭിമുഖീകരിച്ചിരിക്കുന്നു: നൻമയെയും സമാധാനത്തെയും അല്ലെങ്കിൽ ദുഷ്ടതയെയും കഷ്ടപ്പാടിനെയും.
ആത്മജീവികളുടെ മത്സരം
8, 9. (എ) ആത്മമണ്ഡലത്തിൽ മത്സരം പൊട്ടിപ്പുറപ്പെട്ടതെങ്ങനെ? (ബി) ആദാമിനും ഹവ്വക്കും പുറമെ മത്സരിക്കാൻ സാത്താൻ ആരെ സ്വാധീനിച്ചു?
8 പരിചിന്തിക്കേണ്ട മറെറാരു ഘടകമുണ്ട്. ദൈവഭരണത്തിനെതിരായി മത്സരിച്ചവർ നമ്മുടെ ആദ്യമാതാപിതാക്കൾ മാത്രമല്ലായിരുന്നു. എന്നാൽ ആ സമയത്തു മററാരുംകൂടെ സ്ഥിതിചെയ്തിരുന്നു? ആത്മജീവികൾതന്നെ. ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പു സ്വർഗ്ഗീയ മണ്ഡലത്തിൽ ജീവിക്കാനായി ജീവന്റെ ഒരു ഉയർന്നരൂപത്തെ, അനവധി ദൂതൻമാരെ സൃഷ്ടിച്ചു. അവരും ഇച്ഛാസ്വാതന്ത്ര്യവും ദൈവഭരണത്തിനു കീഴ്പ്പെടേണ്ടതിന്റെ ആവശ്യവും സഹിതം സൃഷ്ടിക്കപ്പെട്ടു.—ഇയ്യോബ് 38:6; സങ്കീർത്തനം 104:4; വെളിപ്പാടു 5:11.
9 മത്സരം ആദ്യം ആത്മമണ്ഡലത്തിൽ പൊട്ടിപ്പുറപ്പെട്ടതായി ബൈബിൾ പ്രകടമാക്കുന്നു. ഒരു ആത്മജീവി പൂർണ്ണസ്വാതന്ത്ര്യം ആഗ്രഹിച്ചു. മനുഷ്യർ അവനെ ആരാധിക്കാൻ പോലും അവൻ ആഗ്രഹിച്ചു. (മത്തായി 4:8, 9) ഈ ആത്മ മത്സരി ദൈവം അവരിൽനിന്നു ഏതോ നൻമ തടഞ്ഞുവെച്ചിരിക്കുകയാണെന്നു വ്യാജമായി അവകാശപ്പെട്ടുകൊണ്ടു മത്സരിക്കാൻ ആദാമിനെയും ഹവ്വയെയും സ്വാധീനിച്ച ഒരു ഘടകമായിത്തീർന്നു. (ഉൽപത്തി 3:1-5) അതുകൊണ്ട് അവൻ പിശാചെന്നും (ദൂഷകൻ) സാത്താനെന്നും (എതിരാളി) വിളിക്കപ്പെടുന്നു. പിന്നീട്, മത്സരിക്കാൻ മററ് ആത്മജീവികളെയും അവൻ പ്രേരിപ്പിച്ചു. അവർ ഭൂതങ്ങൾ എന്ന് അറിയപ്പെടാനിടയായി.—ആവർത്തനം 32:17; വെളിപ്പാടു 12:9; 16:14.
10. മനുഷ്യരുടെയും ആത്മജീവികളുടെയും മത്സരത്തിന്റെ ഫലമായി എന്തുണ്ടായി?
10 ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട്, മനുഷ്യർ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും സ്വാധീനത്തിനു തങ്ങളെത്തന്നെ വിട്ടുകൊടുത്തു. അതുകൊണ്ടാണ്, ബൈബിൾ സാത്താനെ “അവിശ്വാസികളുടെ മനസ്സു കുരുടാക്കി”യ “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കുന്നത്. അതുകൊണ്ട്, “മുഴുലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നു ദൈവവചനം പറയുന്നു. യേശുതന്നെയും സാത്താനെ “ഈ ലോകത്തിന്റെ പ്രഭു” എന്നു വിളിച്ചു.—2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19; യോഹന്നാൻ 12:31.
രണ്ടു വാദവിഷയങ്ങൾ
11. മറേറതു വാദവിഷയത്തെക്കുറിച്ചു സാത്താൻ ദൈവത്തെ വെല്ലുവിളിച്ചു?
11 ദൈവത്തെ വെല്ലുവിളിച്ച മറെറാരു വാദവിഷയം സാത്താൻ ഉന്നയിച്ചു. ദൈവത്തിനു മനുഷ്യരെ സൃഷ്ടിച്ച വിധത്തിൽ പിഴവുപററിയെന്നും സമ്മർദ്ദത്തിൻകീഴിലാകുമ്പോൾ ആരും ശരിചെയ്യാൻ ആഗ്രഹിക്കുകയില്ലെന്നും അവൻ ആരോപണം ഉന്നയിച്ചു. വാസ്തവത്തിൽ, പരീക്ഷിക്കപ്പെടുമ്പോൾ അവർ ദൈവത്തെ ശപിക്കുകപോലും ചെയ്യുമെന്ന് അവൻ അവകാശപ്പെട്ടു. (ഇയ്യോബ് 2:1-5) ഈ വിധത്തിൽ സാത്താൻ മനുഷ്യസൃഷ്ടിയുടെ നിർമ്മലതയെ ചോദ്യംചെയ്തു.
12-14. സാത്താൻ ഉന്നയിച്ച രണ്ടു വാദവിഷയങ്ങൾ സംബന്ധിച്ച സത്യം കാലം എങ്ങനെ വെളിപ്പെടുത്തും?
12 അതുകൊണ്ട്, ഈ വാദവിഷയവും ദൈവത്തിന്റെ പരമാധികാരത്തിന്റെ വാദവിഷയവും എങ്ങനെ പരിഹരിക്കപ്പെടുമെന്നു ബുദ്ധിശക്തിയുളള എല്ലാ സൃഷ്ടികൾക്കും കാണാൻ കഴിയേണ്ടതിനു ദൈവം വേണ്ടുവോളം സമയം അനുവദിച്ചിരിക്കുന്നു. (പുറപ്പാടു 9:16 താരതമ്യം ചെയ്യുക.) മനുഷ്യചരിത്രത്തിന്റെ കാലക്രമത്തിലുളള അനുഭവം ഈ രണ്ടു വാദവിഷയങ്ങൾ സംബന്ധിച്ചുളള സത്യം വെളിപ്പെടുത്തും.
13 ഒന്നാമതായി, സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയം, ദൈവികഭരണത്തിന്റെ ഔചിത്യം, സംബന്ധിച്ചു കാലം എന്തു വെളിപ്പെടുത്തും? മനുഷ്യർക്കു ദൈവത്തെക്കാൾ മെച്ചമായി തങ്ങളെത്തന്നെ ഭരിക്കാൻ കഴിയുമോ? ദൈവത്തെക്കൂടാതെയുളള മനുഷ്യഭരണത്തിന്റെ ഏതെങ്കിലും സമ്പ്രദായം യുദ്ധവും കുററകൃത്യവും അനീതിയും ഇല്ലാത്ത ഒരു സന്തുഷ്ടലോകം ആനയിക്കുമോ? ഏതെങ്കിലും ഒന്ന് ദാരിദ്ര്യം നീക്കംചെയ്ത് എല്ലാവർക്കും ഐശ്വര്യം പ്രദാനം ചെയ്യുമോ? ഏതെങ്കിലുമൊന്ന് രോഗത്തെയും വാർദ്ധക്യത്തെയും മരണത്തെയും ജയിച്ചടക്കുമോ? ദൈവത്തിന്റെ ഭരണം അതെല്ലാം ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.—ഉൽപത്തി 1:26-31.
14 രണ്ടാമത്തെ വാദവിഷയം സംബന്ധിച്ച്, മനുഷ്യസൃഷ്ടിയുടെ അർഹത സംബന്ധിച്ചു കാലം എന്തു വെളിപ്പെടുത്തും? ദൈവം മനുഷ്യരെ താൻ ഉണ്ടാക്കിയ വിധത്തിൽ സൃഷ്ടിച്ചതു തെററായിപ്പോയോ? പരിശോധനക്കു വിധേയമാകുമ്പോൾ അവരിൽ ആരെങ്കിലും ശരി ചെയ്യുമോ? സ്വതന്ത്രമായ മനുഷ്യഭരണത്തിനു പകരം തങ്ങൾ ദൈവത്തിന്റെ ഭരണം ആഗ്രഹിക്കുന്നുവെന്ന് ഏതെങ്കിലും ജനം പ്രകടമാക്കുമോ?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
മനുഷ്യർക്ക് അവരുടെ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തുന്നതിനു ദൈവം സമയം അനുവദിച്ചിരിക്കുന്നു
[കടപ്പാട]
Shuttle: Based on NASA photo