ദൈവോദ്ദേശ്യം നിവൃത്തിയിലേക്കു നീങ്ങുന്നു
ഭാഗം 8
ദൈവോദ്ദേശ്യം നിവൃത്തിയിലേക്കു നീങ്ങുന്നു
1, 2. കഷ്ടപ്പാട് അവസാനിപ്പിക്കാൻ ദൈവം കരുതൽ ചെയ്തുകൊണ്ടിരുന്നതെങ്ങനെ?
മത്സരികളായ മനുഷ്യരുടെയും ഭൂതങ്ങളുടെയും ഭരണം അനേകനൂററാണ്ടുകളായി മനുഷ്യകുടുംബത്തെ അധോഗതിയിലേക്കു വലിച്ചിഴക്കുകയായിരുന്നു. എങ്കിലും, ദൈവം നമ്മുടെ കഷ്ടപ്പാടുകൾ അവഗണിച്ചുകളഞ്ഞിട്ടില്ല. പകരം, ഈ നൂററാണ്ടുകളിലെല്ലാം ദുഷ്ടതയുടെയും കഷ്ടപ്പാടിന്റെയും പിടിയിൽനിന്നു മനുഷ്യരെ മോചിപ്പിക്കുന്നതിന് അവിടുന്ന് കരുതൽ ചെയ്തുകൊണ്ടാണിരുന്നിട്ടുളളത്.
2 ഏദെനിലെ മത്സരത്തിന്റെ സമയത്ത്, ദൈവം ഈ ഭൂമിയെ ആളുകൾക്കുവേണ്ടി ഒരു പറുദീസാഭവനം ആക്കിത്തീർക്കുന്ന ഒരു ഗവൺമെൻറ് രൂപീകരിക്കാനുളള തന്റെ ഉദ്ദേശ്യം വെളിപ്പെടുത്താൻ തുടങ്ങി. (ഉൽപത്തി 3:15) പിൽക്കാലത്ത്, ദൈവത്തിന്റെ മുഖ്യവക്താവെന്ന നിലയിൽ യേശു വരാൻപോകുന്ന ദൈവത്തിന്റെ ഈ ഗവൺമെൻറിനെ തന്റെ പഠിപ്പിക്കലിന്റെ വിഷയമാക്കിത്തീർത്തു. മനുഷ്യവർഗ്ഗത്തിന്റെ ഏകപ്രത്യാശ അതായിരിക്കുമെന്ന് അവിടുന്ന് പറഞ്ഞു.—ദാനീയേൽ 2:44; മത്തായി 6:9, 10; 12:21.
3. ഭൂമിക്കുവേണ്ടി വരാൻപോകുന്ന ഗവൺമെൻറിനെ യേശു എന്തു വിളിച്ചു, എന്തുകൊണ്ട്?
3 യേശു വരാൻപോകുന്ന ദൈവത്തിന്റെ ആ ഗവൺമെൻറിനെ, അതു സ്വർഗ്ഗത്തിൽനിന്നു ഭരിക്കേണ്ടിയിരുന്നതുകൊണ്ട്, “സ്വർഗ്ഗരാജ്യം” എന്നു വിളിച്ചു. (മത്തായി 4:17) അതിന്റെ നാഥൻ ദൈവമായിരിക്കുമെന്നതുകൊണ്ട് അവിടുന്ന് അതിനെ “ദൈവരാജ്യം” എന്നും വിളിച്ചു. (ലൂക്കൊസ് 17:20) ആ ഗവൺമെൻറിന്റെ ഭാഗമായിത്തീരാനുളളവരെക്കുറിച്ചും അത് എന്തു സാധിക്കും എന്നതിനെക്കുറിച്ചും പ്രവചനങ്ങൾ എഴുതാൻ ദൈവം തന്റെ എഴുത്തുകാരെ ഈ നൂററാണ്ടുകളിലെല്ലാം നിശ്വസ്തരാക്കി.
ഭൂമിയുടെ പുതിയ രാജാവ്
4, 5. തന്റെ അംഗീകൃത രാജാവ് യേശുവാണെന്നു ദൈവം എങ്ങനെ പ്രകടമാക്കി?
4 ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കുമുമ്പ്, ദൈവരാജ്യത്തിന്റെ രാജാവായിത്തീരാനുളളവനെക്കുറിച്ചുളള പല പ്രവചനങ്ങളും നിറവേററിയത് യേശു ആയിരുന്നു. തന്നെയാണു മനുഷ്യവർഗ്ഗത്തിൻമേലുളള ആ സ്വർഗ്ഗീയ ഗവൺമെൻറിന്റെ ഭരണാധികാരിയായിരിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് അവിടുന്ന് തെളിയിച്ചു. യേശുവിന്റെ മരണശേഷം, ദൈവം അവിടത്തെ ശക്തനായ ഒരു അമർത്ത്യ ആത്മജീവിയെന്ന നിലയിൽ സ്വർഗ്ഗീയ ജീവിതത്തിലേക്കു പുനരുത്ഥാനപ്പെടുത്തി. അവിടത്തെ പുനരുത്ഥാനത്തിന് അനേകം ദൃക്സാക്ഷികൾ ഉണ്ടായിരുന്നു.—പ്രവൃത്തികൾ 4:10; 9:1-9; റോമർ 1:1-4; 1 കൊരിന്ത്യർ 15:3-8.
5 അനന്തരം യേശു “ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നു.” (എബ്രായർ 10:12) ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിന്റെ രാജാവെന്നനിലയിൽ നടപടി സ്വീകരിക്കാൻ ദൈവം തന്നെ അധികാരപ്പെടുത്തുന്ന സമയത്തിനായി അവിടുന്ന് അവിടെ കാത്തിരുന്നു. ഇതു സങ്കീർത്തനം 110:1-ലെ പ്രവചനം നിവർത്തിച്ചു, അവിടെ ദൈവം അവിടത്തെക്കുറിച്ചു പറയുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.”
6. താൻ ദൈവരാജ്യത്തിന്റെ രാജാവായിരിക്കാൻ യോഗ്യനാണെന്ന് യേശു എങ്ങനെ തെളിയിച്ചു?
6 ഭൂമിയിലായിരുന്നപ്പോൾ, താൻ അത്തരം ഒരു സ്ഥാനത്തിനു യോഗ്യനാണെന്ന് യേശു തെളിയിച്ചു. പീഡനം ഗണ്യമാക്കാതെ, ദൈവത്തോടുളള തന്റെ നിർമ്മലത പാലിക്കാൻ അവിടുന്ന് തീരുമാനിച്ചു. അങ്ങനെ ചെയ്തതിനാൽ, പരിശോധനയിൻകീഴിൽ ഒരു മനുഷ്യനും ദൈവത്തോടു വിശ്വസ്തനായിരിക്കുകയില്ലെന്ന് അവകാശപ്പെട്ടപ്പോൾ സാത്താൻ നുണ പറഞ്ഞുവെന്ന് അവിടുന്ന് തെളിയിച്ചു. ഒരു പൂർണ്ണമനുഷ്യനും ‘രണ്ടാമത്തെ ആദാമും’ ആയ യേശു പൂർണ്ണമനുഷ്യരെ സൃഷ്ടിച്ചതിൽ ദൈവത്തിനു തെററുപററിയില്ലെന്നു തെളിയിച്ചു.—1 കൊരിന്ത്യർ 15:22, 45; മത്തായി 4:1-11.
7, 8. യേശു ഭൂമിയിലായിരുന്നപ്പോൾ ഏതു നല്ല കാര്യങ്ങൾ ചെയ്തു, അവിടുന്ന് എന്തു പ്രകടമാക്കി?
7 യേശു തന്റെ ശുശ്രൂഷയുടെ ഏതാനും വർഷങ്ങളിൽ ചെയ്തടത്തോളം നൻമ ഏതു ഭരണാധികാരി എന്നു കൈവരിച്ചിട്ടുണ്ട്? ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട് യേശു രോഗികളെയും മുടന്തരെയും കുരുടരെയും ബധിരരെയും ഊമരെയും സൗഖ്യമാക്കി. അവിടുന്ന് മരിച്ചവരെ ഉയർപ്പിക്കുകപോലും ചെയ്തു! താൻ രാജ്യാധികാരത്തിൽ വരുമ്പോൾ മനുഷ്യവർഗ്ഗത്തിനുവേണ്ടി ഒരു ആഗോള അളവിൽ ചെയ്യുന്നത് ഒരു ചെറിയ തോതിൽ അവിടുന്ന് പ്രകടിപ്പിച്ചുകാണിച്ചു.—മത്തായി 15:30, 31; ലൂക്കൊസ് 7:11-16.
8 യേശു ഭൂമിയിലായിരുന്നപ്പോൾ വളരെയധികം നൻമചെയ്തു, അതുകൊണ്ട് അവിടത്തെ ശിഷ്യനായ യോഹന്നാൻ ഇപ്രകാരം പറഞ്ഞു: “യേശു ചെയ്തതു മററു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.”—യോഹന്നാൻ 21:25. a
9. ആത്മാർത്ഥഹൃദയരായ ആളുകൾ യേശുവിന്റെ ചുററും കൂടിയതെന്തുകൊണ്ട്?
9 യേശു ദയയും അനുകമ്പയും ആളുകളോടു വളരെയധികം സ്നേഹവും ഉളളവനായിരുന്നു. അവിടുന്ന് ദരിദ്രരെയും പീഡിതരെയും സഹായിച്ചു, എന്നാൽ ധനത്തിന്റെയോ സ്ഥാനമാനങ്ങളുടെയോ അടിസ്ഥാനത്തിൽ വേർതിരിവു കാണിച്ചില്ല. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുളേളാരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉളളവനാകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” എന്ന് യേശു പറഞ്ഞപ്പോൾ അവിടത്തെ സ്നേഹപൂർവ്വകമായ ക്ഷണത്തോട് ആത്മാർത്ഥഹൃദയരായ ആളുകൾ പ്രതികരിച്ചു. (മത്തായി 11:28-30) ദൈവഭയമുളള ആളുകൾ യേശുവിന്റെ ചുററും കൂടുകയും അവിടത്തെ ഭരണത്തിനായി നോക്കിപ്പാർത്തിരിക്കുകയും ചെയ്തു.—യോഹന്നാൻ 12:19.
സഹ ഭരണാധികാരികൾ
10, 11. ഭൂമിയുടെമേൽ ഭരിക്കുന്നതിൽ യേശുവിനോടുകൂടെ ആർ പങ്കെടുക്കും?
10 മനുഷ്യഗവൺമെൻറുകൾക്ക് ഉളളതുപോലെതന്നെ ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യത്തിനും സഹഭരണകർത്താക്കൾ ഉണ്ട്. ഭൂമിയെ ഭരിക്കുന്നതിൽ യേശുവിനു പുറമേ മററുളളവർകൂടെ പങ്കെടുക്കേണ്ടിയിരിക്കുന്നു, എന്തെന്നാൽ യേശു തന്റെ ഉററ സഹകാരികളോട് അവർ മനുഷ്യവർഗ്ഗത്തിൻമേൽ രാജാക്കൻമാരെന്നനിലയിൽ തന്നോടുകൂടെ ഭരണം നടത്തുമെന്നു വാഗ്ദത്തം ചെയ്തു.—യോഹന്നാൻ 14:2, 3; വെളിപ്പാട് 5:10; 20:6.
11 അതുകൊണ്ട്, യേശുവിനോടുകൂടെ മനുഷ്യരുടെ ഒരു പരിമിതമായ കൂട്ടവും സ്വർഗ്ഗീയജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു. അവർ മനുഷ്യവർഗ്ഗത്തിനു നിത്യാനുഗ്രഹങ്ങൾ കൈവരുത്തുന്ന ദൈവത്തിന്റെ രാജ്യം ആയിത്തീരുന്നു. (2 കൊരിന്ത്യർ 4:14; വെളിപ്പാടു 14:1-3) അതുകൊണ്ടു മനുഷ്യകുടുംബത്തിനു നിത്യമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു ഭരണത്തിനുവേണ്ടി കഴിഞ്ഞ യുഗങ്ങളിലുടനീളം യഹോവ അസ്ഥിവാരമിട്ടിരിക്കുന്നു.
സ്വതന്ത്രഭരണം അവസാനിക്കാനുളളത്
12, 13. ഇപ്പോൾ എന്തുചെയ്യാൻ ദൈവരാജ്യം ഒരുങ്ങിനിൽക്കുകയാണ്?
12 ഈ നൂററാണ്ടിൽ ദൈവം ഭൂമിയുടെ കാര്യാദികളിൽ നേരിട്ടു ഇടപെട്ടിരിക്കുന്നു. ഈ ലഘുപത്രികയുടെ ഒമ്പതാം ഭാഗം ചർച്ചചെയ്യുന്നതുപോലെ, ക്രിസ്തുവിൻ കീഴിലുളള ദൈവത്തിന്റെ രാജ്യം 1914-ൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും ഇപ്പോൾ സാത്താന്റെ മുഴു വ്യവസ്ഥിതിയെയും തകർക്കാൻ തയ്യാറായി നിലകൊളളുകയാണെന്നും ബൈബിൾപ്രവചനം തെളിയിക്കുന്നു. ആ രാജ്യം “[ക്രിസ്തുവിന്റെ] ശത്രുക്കളെ കീഴടക്കിക്കൊണ്ടു പുറപ്പെടാൻ” തയ്യാറായി നിൽക്കുകയാണ്.—സങ്കീർത്തനം 110:2, NW.
13 ഈ ബന്ധത്തിൽ ദാനീയേൽ 2:44-ലെ പ്രവചനം പറയുന്നു: “ആ രാജാക്കൻമാരുടെ [ഇപ്പോൾ സ്ഥിതിചെയ്യുന്ന] നാളുകളിൽ സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം [സ്വർഗ്ഗത്തിൽ] സ്ഥാപിക്കും, അതിന്റെ പരമാധികാരം മറെറാരു ജനത്തിനു വിട്ടുകൊടുക്കുകയുമില്ല [മനുഷ്യഭരണം വീണ്ടും ഒരിക്കലും അനുവദിക്കപ്പെടുകയില്ല]. അത് [ദൈവത്തിന്റെ രാജ്യം] ഈ രാജ്യങ്ങളെയെല്ലാം തകർക്കുകയും അവക്ക് ഒരു അവസാനം വരുത്തുകയും അതുതന്നെ എന്നേക്കും നിലനിൽക്കുകയും ചെയ്യും.”—പരിഷ്ക്കരിച്ച പ്രമാണഭാഷാന്തരം.
14. മനുഷ്യഭരണം അവസാനിക്കുന്നതിന്റെ ഫലമായി വരാൻപോകുന്ന ചില പ്രയോജനങ്ങൾ ഏവ?
14 ദൈവത്തിൽനിന്നു സ്വതന്ത്രമായ എല്ലാ ഭരണവും നീക്കം ചെയ്തശേഷം ഭൂമിയുടെമേലുളള ദൈവത്തിന്റെ രാജ്യഭരണം പൂർത്തിയാകും. രാജ്യം സ്വർഗ്ഗത്തിൽനിന്നു ഭരിക്കുന്നതുകൊണ്ടു മനുഷ്യർക്ക് അതിനെ ഒരിക്കലും ദുഷിപ്പിക്കാൻ കഴിയില്ല. ഭരണാധികാരം തുടക്കത്തിൽ എവിടെയായിരുന്നുവോ അവിടെ, സ്വർഗ്ഗത്തിൽ ദൈവകരങ്ങളിൽ ആയിരിക്കും. കൂടാതെ ദൈവഭരണം മുഴുഭൂമിയെയും നിയന്ത്രിക്കുന്നതുകൊണ്ടു മേലാൽ ആരും വ്യാജമതങ്ങളാലോ തൃപ്തി വരുത്താത്ത മാനുഷതത്ത്വജ്ഞാനങ്ങളാലും രാഷ്ട്രീയ സിദ്ധാന്തങ്ങളാലുമോ വഴിതെററിക്കപ്പെടുകയില്ല. ആ കാര്യങ്ങളൊന്നും സ്ഥിതിചെയ്യാൻ മേലാൽ അനുവദിക്കുകയില്ല.—മത്തായി 7:15-23; വെളിപ്പാടു 17 മുതൽ 19 വരെയുളള അദ്ധ്യായങ്ങൾ.
[അടിക്കുറിപ്പുകൾ]
a യേശുവിന്റെ ജീവിതത്തിന്റെ പൂർണ്ണമായ ഒരു വിവരണത്തിന് 1991-ൽ വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിച്ച ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം കാണുക.
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
ഭൂമിയിലായിരുന്നപ്പോൾ യേശു പുതിയലോകത്തിൽ താൻ എന്തുചെയ്യുമെന്നു കാണിക്കാൻ രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്തു
[19-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ സ്വർഗ്ഗീയരാജ്യം തന്നിൽനിന്നു സ്വതന്ത്രമായ സകല ഭരണസമ്പ്രദായങ്ങളെയും തകർത്ത് അസ്തിത്വത്തിൽനിന്നു നീക്കംചെയ്യും