പുതിയ ലോകത്തിന്റെ അടിസ്ഥാനം ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു
ഭാഗം 11
പുതിയ ലോകത്തിന്റെ അടിസ്ഥാനം ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു
1, 2. ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായി നമ്മുടെ കൺമുമ്പിൽ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
സാത്താന്റെ പഴയ ലോകം അധഃപതിക്കുമ്പോൾത്തന്നെ, ഇപ്പോൾ ദൈവത്തിന്റെ പുതിയ ലോകത്തിന്റെ അടിസ്ഥാനം നിർമ്മിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുതയും അത്ഭുതകരമാണ്. നമ്മുടെ കൺമുമ്പിൽത്തന്നെ, ദൈവം സകല ജനതകളിൽനിന്നും ആളുകളെ ശേഖരിക്കുകയും ഒരു പുതിയ ഭൗമിക മനുഷ്യസമുദായത്തിന്റെ അടിസ്ഥാനമായി അവരെ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു, അതു പെട്ടെന്നുതന്നെ ഇന്നത്തെ ഛിദ്രിച്ച ലോകത്തിന്റെ സ്ഥാനം കയ്യടക്കും. ബൈബിളിൽ, 2 പത്രൊസ് 3:13-ൽ ഈ പുതിയ സമുദായം “പുതിയ ഭൂമി” എന്നു വിളിക്കപ്പെടുന്നു.
2 ബൈബിൾ പ്രവചനം ഇങ്ങനെകൂടെ പറയുന്നു: “അന്ത്യകാലത്തു [നാം ഇപ്പോൾ ജീവിക്കുന്ന കാലം] . . . അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു [അവിടത്തെ സത്യാരാധനയിലേക്കു] . . . കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.”—യെശയ്യാവു 2:2-3.
3. (എ) യെശയ്യാവിന്റെ പ്രവചനം ആരുടെയിടയിൽ നിവർത്തിയേറുന്നു? (ബി) ബൈബിളിന്റെ അവസാനത്തെ പുസ്തകം ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതെങ്ങനെ?
3 ആ പ്രവചനം, ഇപ്പോൾ ‘ദൈവത്തിന്റെ വഴികൾക്കു’ കീഴ്പ്പെടുകയും ‘അവിടത്തെ പാതകളിൽ നടക്കുകയും’ ചെയ്യുന്നവരുടെ ഇടയിൽ നിവർത്തിയേറിക്കൊണ്ടിരിക്കുന്നു. ബൈബിളിലെ അവസാനത്തെ പുസ്തകം സമാധാനസ്നേഹികളായ ആളുകളുടെ ഈ സാർവ്വദേശീയ സമുദായത്തെക്കുറിച്ച് “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുളള . . . ഒരു മഹാപുരുഷാരം” എന്നനിലയിൽ സംസാരിക്കുന്നു, ദൈവത്തെ ഐകമത്യത്തോടെ സേവിക്കുന്ന ഒരു യഥാർത്ഥ ആഗോള സഹോദരവർഗ്ഗംതന്നെ. “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ” എന്നും ബൈബിൾ പറയുന്നു. അതായത് അവർ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കും.—വെളിപ്പാടു 7:9, 14; മത്തായി 24:3.
ഒരു യഥാർത്ഥ സാർവ്വദേശീയ സാഹോദര്യം
4, 5. യഹോവയുടെ സാക്ഷികൾക്കു ലോകവ്യാപക സാഹോദര്യം സാധിക്കുന്നതെന്തുകൊണ്ട്?
4 ലക്ഷക്കണക്കിന് യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ നിർദ്ദേശങ്ങൾക്കും വഴികൾക്കും ചേർച്ചയിൽ ജീവിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. അവരുടെ നിത്യജീവന്റെ പ്രത്യാശ ദൈവത്തിന്റെ പുതിയ ലോകത്തിൽ നങ്കൂരമുറപ്പിച്ചതാണ്. ദൈവനിയമങ്ങളോടുളള അനുസരണത്തിൽ തങ്ങളുടെ അനുദിനജീവിതം നയിച്ചുകൊണ്ട് അവർ ഇപ്പോഴും പുതിയലോകത്തിലും അവിടത്തെ വഴികൾക്കു കീഴ്പ്പെടാനുളള അവരുടെ മനസ്സൊരുക്കം ദൈവസന്നിധിയിൽ തെളിയിക്കുന്നു. എല്ലായിടത്തും, അവരുടെ ദേശീയതയോ വർഗ്ഗമോ എതായിരുന്നാലും അവർ ഒരേ പ്രമാണങ്ങൾ അനുസരിക്കുന്നു—ദൈവം തന്റെ വചനത്തിൽ വിവരിച്ചിരിക്കുന്നവതന്നെ. അവർ ഒരു യഥാർത്ഥ സാർവ്വദേശീയ സഹോദരവർഗ്ഗം, ദൈവത്തിന്റെ നിർമ്മാണമായ ഒരു പുതിയലോകസമുദായം ആയിരിക്കുന്നത് അതുകൊണ്ടാണ്.—യെശയ്യാവു 54:13; മത്തായി 22:37, 38; യോഹന്നാൻ 15:9, 14.
5 യഹോവയുടെ സാക്ഷികൾ അതുല്യമായ ഒരു ആഗോളസഹോദരവർഗ്ഗം ആയിരിക്കുന്നതിന്റെ ബഹുമതി അവർതന്നെ സ്വീകരിക്കുന്നില്ല. അത് ദൈവത്തിന്റെ ശക്തമായ ആത്മാവ് അവിടത്തെ നിയമങ്ങൾക്കു കീഴ്പ്പെടുന്ന ആളുകളിൽ പ്രവർത്തിക്കുന്നതിന്റെ ഫലമാണെന്ന് അവർക്കറിയാം. (പ്രവൃത്തികൾ 5:29, 32; ഗലാത്യർ 5:22, 23) അതു ദൈവത്തിന്റെ പ്രവൃത്തിയാണ്. യേശു പറഞ്ഞതുപോലെ, “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു.” (ലൂക്കൊസ് 18:27) അതുകൊണ്ട്, നിലനിൽക്കുന്ന പ്രപഞ്ചം സാദ്ധ്യമാക്കിയ ദൈവമാണു നിലനിൽക്കുന്ന പുതിയലോകസമുദായവും സാദ്ധ്യമാക്കുന്നത്.
6. യഹോവയുടെ സാക്ഷികളുടെ സാഹോദര്യത്തെ ഒരു ആധുനിക അത്ഭുതം എന്നു വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 അങ്ങനെ, പുതിയലോകത്തിൽ ഭരിക്കുന്നതിനുളള യഹോവയുടെ രീതി ഇപ്പോൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിനുളള അടിസ്ഥാനത്തിൽ അവിടുന്ന് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ ഇപ്പോൾതന്നെ കാണാൻ കഴിയും. അവിടുന്ന് തന്റെ സാക്ഷികളുടെ സംഗതിയിൽ ചെയ്തിരിക്കുന്നത് ഒരർത്ഥത്തിൽ ഒരു ആധുനിക അത്ഭുതമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിടുന്ന് യഹോവയുടെ സാക്ഷികളെ ഒരു യഥാർത്ഥ ലോകവ്യാപക സഹോദരവർഗ്ഗമായി പണിതിരിക്കുന്നു, ഒരിക്കലും ദേശീയമോ വർഗ്ഗീയമോ മതപരമോ ആയ ഭിന്ന താത്പര്യങ്ങളാൽ തകർക്കാൻ കഴിയാത്തതുതന്നെ. സാക്ഷികൾ ലക്ഷക്കണക്കിനുണ്ടായിരിക്കുകയും 200-ലധികം ദേശങ്ങളിലായി താമസിക്കുകയും ചെയ്യുന്നുവെന്നിരിക്കെ, അവർ തകർക്കാനാവാത്ത ഒരു ബന്ധത്തിൽ ഒന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു. മുഴുചരിത്രത്തിലും അതുല്യമായ ഈ ലോകവ്യാപക സാഹോദര്യം വാസ്തവത്തിൽ ഒരു ആധുനിക അത്ഭുതമാണ്—ദൈവത്തിന്റെ പ്രവൃത്തിതന്നെ.—യെശയ്യാവു 43:10, 11, 21; പ്രവൃത്തികൾ 10:34, 35; ഗലാത്യർ 3:28.
ദൈവജനത്തെ തിരിച്ചറിയൽ
7. തന്റെ യഥാർത്ഥ അനുഗാമികൾ എങ്ങനെ തിരിച്ചറിയപ്പെടുമെന്ന് യേശു പറഞ്ഞു?
7 തന്റെ പുതിയ ലോകത്തിന്റെ അടിസ്ഥാനമായി ദൈവം ഉപയോഗിക്കുന്ന ജനം ആരാണെന്നു കൂടുതലായി എങ്ങനെ തീർച്ചപ്പെടുത്താൻ കഴിയും? കൊളളാം, യോഹന്നാൻ 13:34, 35-ലെ യേശുവിന്റെ വാക്കുകൾ നിറവേററുന്നത് ആരാണ്? അവിടുന്ന് പ്രസ്താവിച്ചു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കൽപന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” യഹോവയുടെ സാക്ഷികൾ യേശു പറഞ്ഞതു വിശ്വസിക്കുകയും അവയനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ദൈവവചനം പ്രബോധിപ്പിക്കുന്നതുപോലെ, അവർക്ക് “അന്യോന്യം ഉററസ്നേഹം ഉണ്ട്.” (1 പത്രോസ് 4:8, NW) അതിനുപുറമേ, അവർ “സ്നേഹംകൊണ്ടു [തങ്ങളെത്തന്നെ] ഉടുപ്പിക്കുന്നു, എന്തെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധമാകുന്നു.” (കൊലൊസ്സ്യർ 3:14, NW) അതുകൊണ്ടു ലോകവ്യാപകമായി അവരെ ഒരുമിച്ചുനിർത്തുന്ന “പശ” സഹോദരസ്നേഹമാണ്.
8. ഒന്നു യോഹന്നാൻ 3:10-12 ദൈവജനങ്ങളെ കൂടുതലായി തിരിച്ചറിയിക്കുന്നതെങ്ങനെ?
8 കൂടാതെ, 1 യോഹന്നാൻ 3:10-12 പറയുന്നു: “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുളളവനല്ല. നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുളളവനായി സഹോദരനെ കൊന്നതുപോലെയല്ല.” അങ്ങനെ, ദൈവജനം ഒരു അക്രമരഹിത ആഗോള സഹോദരവർഗ്ഗം ആകുന്നു.
തിരിച്ചറിയിക്കുന്ന മറെറാരു ലക്ഷണം
9, 10. (എ) അന്ത്യനാളുകളിൽ ദൈവദാസൻമാർ ഏതു വേലനിമിത്തം തിരിച്ചറിയപ്പെടും? (ബി) യഹോവയുടെ സാക്ഷികൾ മത്തായി 24:14 നിവർത്തിച്ചിരിക്കുന്നതെങ്ങനെ?
9 ദൈവത്തിന്റെ ദാസൻമാരെ തിരിച്ചറിയാൻ മറെറാരു മാർഗ്ഗമുണ്ട്. യേശു ലോകാവസാനം സംബന്ധിച്ചുളള തന്റെ പ്രവചനത്തിൽ ഈ കാലഘട്ടത്തെ അന്ത്യനാളുകളായി അടയാളപ്പെടുത്തുന്ന അനേകം കാര്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. (ഈ ലഘുപത്രികയുടെ 9-ാം ഭാഗം കാണുക.) ഈ പ്രവചനത്തിന്റെ ഒരു അടിസ്ഥാന വിശേഷത മത്തായി 24:14-ലെ അവിടത്തെ വാക്കുകളിൽ പറഞ്ഞിരിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”
10 ആ പ്രവചനം നിവർത്തിയേറുന്നതു നാം കണ്ടിരിക്കുന്നുവോ? ഉവ്വ്. അന്ത്യനാളുകൾ 1914-ൽ തുടങ്ങിയതു മുതൽ യഹോവയുടെ സാക്ഷികൾ ലോകത്തിലുടനീളം യേശു കൽപിച്ച അതേ വിധത്തിൽ, അതായത് ആളുകളുടെ ഭവനങ്ങളിൽ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചിരിക്കുന്നു. (മത്തായി 10:7, 12; പ്രവൃത്തികൾ 20:20) പുതിയ ലോകത്തെക്കുറിച്ച് ആളുകളോടു സംസാരിക്കുന്നതിനു ലക്ഷക്കണക്കിനു സാക്ഷികൾ സകല ജനതകളിലെയും ആളുകളെ സന്ദർശിക്കുന്നു. ഇതു നിങ്ങൾക്ക് ഈ ലഘുപത്രിക ലഭിക്കുന്നതിലേക്കു നയിച്ചിരിക്കുന്നു, യഹോവയുടെ സാക്ഷികളുടെ വേലയിൽ ദൈവരാജ്യത്തെക്കുറിച്ചുളള സാഹിത്യങ്ങളുടെ കോടിക്കണക്കിനു പ്രതികൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും ഉൾപ്പെടുന്നതുകൊണ്ടു തന്നെ. ലോകത്തിലുടനീളം ദൈവരാജ്യത്തെക്കുറിച്ചു വീടുതോറും പ്രസംഗിക്കുന്ന മററാരെയെങ്കിലും നിങ്ങൾക്കറിയാമോ? അന്ത്യം വരുന്നതിനുമുമ്പ്, “മുമ്പെ” ഈ പ്രസംഗ-പഠിപ്പിക്കൽ വേല നിർവ്വഹിക്കപ്പെടണമെന്നു മർക്കൊസ് 13:10-ഉം പ്രകടമാക്കുന്നു.
രണ്ടാമത്തെ വലിയ വാദവിഷയത്തിന് ഉത്തരം നൽകുന്നു
11. ദൈവഭരണത്തിനു കീഴ്പ്പെട്ടുകൊണ്ട് യഹോവയുടെ സാക്ഷികൾ മറെറന്തുകൂടെ നേടിയിരിക്കുന്നു?
11 ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും കീഴ്പ്പെട്ടുകൊണ്ട്, യഹോവയുടെ സാക്ഷികൾ മററുചിലതുകൂടെ സാധിക്കുന്നു. പരിശോധനയിൻകീഴിൽ മനുഷ്യർക്കു ദൈവത്തോടു വിശ്വസ്തരായിരിക്കാൻ കഴിയുകയില്ല എന്ന് അവകാശപ്പെട്ടതിൽ സാത്താൻ ഒരു നുണയനായിരുന്നുവെന്ന് അവർ തെളിയിക്കുന്നു. (ഇയ്യോബ് 2:1-5) സകലജനതകളിൽനിന്നുമുളള ലക്ഷക്കണക്കിനാളുകൾ ചേർന്നുളള ഒരു സമുദായമായിരിക്കെ യഹോവയുടെ സാക്ഷികൾ ഒരു സംഘം എന്ന നിലയിൽ ദൈവഭരണത്തോടുളള വിശ്വസ്തത പ്രകടമാക്കുന്നു. അപൂർണ്ണമനുഷ്യരാണെങ്കിലും അവർ സാത്താന്യസമ്മർദ്ദം ഗണ്യമാക്കാതെ സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയത്തിൽ ദൈവത്തിന്റെ പക്ഷം ഉയർത്തിപ്പിടിക്കുന്നു.
12. തങ്ങളുടെ വിശ്വാസത്താൽ സാക്ഷികൾ ആരെ അനുകരിക്കുന്നു?
12 ഇന്ന്, ഈ ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ കഴിഞ്ഞകാലത്തു ദൈവത്തോടുളള വിശ്വസ്തത തെളിയിച്ച മററു സാക്ഷികളുടെ നീണ്ട നിരയുടേതിനോടു തങ്ങളുടെ സാക്ഷ്യം കൂട്ടുന്നു. അവരിൽ ചിലർ ഹാബേൽ, നോഹ, ഇയ്യോബ്, അബ്രഹാം, സാറ, യിസ്ഹാക്ക്, യാക്കോബ്, ദബോര, രൂത്ത്, ദാവീദ്, ദാനീയേൽ എന്നിവരായിരുന്നു, ഇവർ ചുരുക്കം ചിലർ മാത്രം. (എബ്രായർ 11-ാം അദ്ധ്യായം) ബൈബിൾ പറയുന്നതുപോലെ അവർ ‘വിശ്വസ്ത സാക്ഷികളുടെ വലിയൊരു സമൂഹം’ ആണ്. (എബ്രായർ 12:1) ഇവരും, യേശുവും അദ്ദേഹത്തിന്റെ ശിഷ്യൻമാരും ഉൾപ്പെടെ മററുളളവരും ദൈവത്തോടുളള നിർമ്മലത പാലിച്ചു.
13. സാത്താനെക്കുറിച്ചുളള യേശുവിന്റെ ഏതു വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു?
13 യേശു സാത്താനെക്കുറിച്ചു മതനേതാക്കളോടു പറഞ്ഞതു സത്യമാണെന്ന് ഇതു തെളിയിക്കുന്നു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുളള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; . . . നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിൽക്കുന്നതുമില്ല. അവൻ ഭോഷ്ക്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്ക്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.”—യോഹന്നാൻ 8:40, 44.
നിങ്ങളുടെ തിരഞ്ഞെടുപ്പ് എന്താണ്?
14. പുതിയ ലോകത്തിന്റെ അടിസ്ഥാനത്തിന് ഇപ്പോൾ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
14 യഹോവയുടെ സാക്ഷികളുടെ സാർവ്വദേശീയ സമുദായത്തിൽ ഇപ്പോൾ ദൈവം നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തിന്റെ അടിസ്ഥാനം കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമായ തങ്ങളുടെ ഇച്ഛാസ്വാതന്ത്ര്യം ദൈവഭരണത്തെ അംഗീകരിക്കുന്നതിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അവർ പുതിയലോക സമുദായത്തിന്റെ ഭാഗമായിത്തീരുകയും സാർവ്വത്രിക പരമാധികാരത്തിന്റെ വാദവിഷയത്തിൽ ദൈവത്തിന്റെ പക്ഷത്തെ ഉയർത്തിപ്പിടിക്കുകയും സാത്താൻ ഒരു ഭോഷ്ക്കാളിയാണെന്നു തെളിയിക്കുകയും ചെയ്യുന്നു.
15. യേശു നമ്മുടെ നാളിൽ ഏതു വേർതിരിക്കൽ വേല ചെയ്തുകൊണ്ടിരിക്കുന്നു?
15 ദൈവഭരണം തിരഞ്ഞെടുക്കുന്നതിനാൽ, ക്രിസ്തു “കോലാടുകളിൽ” നിന്നു “ചെമ്മരിയാടുകളെ” വേർതിരിക്കുമ്പോൾ അദ്ദേഹത്തിന്റെ “വലത്തുഭാഗത്തു” നിൽക്കാൻ അവർ യോഗ്യത പ്രാപിക്കുന്നു. അന്ത്യനാളുകളെക്കുറിച്ചുളള തന്റെ പ്രവചനത്തിൽ യേശു ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിർത്തും.” ചെമ്മരിയാടുകൾ ദൈവഭരണത്തിനു കീഴ്പ്പെട്ടുകൊണ്ടു ക്രിസ്തുവിന്റെ സഹോദരൻമാരോടു സഹവസിക്കുകയും അവരെ പിന്താങ്ങുകയും ചെയ്യുന്ന വിനീതരായ ആളുകളാണ്. കോലാടുകൾ ക്രിസ്തുവിന്റെ സഹോദരൻമാരെ തളളിക്കളയുകയും ദൈവഭരണത്തെ പിന്താങ്ങാൻ ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന മർക്കടമുഷ്ടിക്കാരായ ആളുകളാണ്. എന്തു ഫലത്തോടെ? യേശു പറഞ്ഞു: “ഇവർ [കോലാടുകൾ] നിത്യദണ്ഡനത്തിലേക്കും [നിത്യഛേദനത്തിലേക്കും, NW] നീതിമാൻമാർ [ചെമ്മരിയാടുകൾ] നിത്യജീവങ്കലേക്കും പോകും.—മത്തായി 25:31-46.
16. വരാൻ പോകുന്ന പറുദീസയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തുചെയ്യണം?
16 സത്യമായും, ദൈവം നമുക്കുവേണ്ടി കരുതുന്നു! വളരെ വേഗം അവിടുന്ന് മനോഹരമായ ഒരു ഭൗമിക പറുദീസ പ്രദാനം ചെയ്യും. നിങ്ങൾ ആ പറുദീസയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടും നിങ്ങൾ പഠിക്കുന്നതനുസരിച്ചു പ്രവർത്തിച്ചുകൊണ്ടും അവിടത്തെ കരുതലുകളോടു വിലമതിപ്പു പ്രകടമാക്കുക. “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും.”—യെശയ്യാവു 55:6, 7.
17. ആരെ സേവിക്കണം എന്നു തിരഞ്ഞെടുക്കുന്നതിനു സമയം പാഴാക്കാനില്ലാത്തതെന്തുകൊണ്ട്?
17 പാഴാക്കാൻ സമയമില്ല. ഈ പഴയ വ്യവസ്ഥിതിയുടെ അവസാനം വളരെ അടുത്തിരിക്കുന്നു. ദൈവവചനം ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “ലോകത്തെയും ലോകത്തിലുളളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല . . . ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:15-17.
18. ദൈവത്തിന്റെ അത്ഭുതകരമായ പുതിയ ലോകത്തിൽ ജീവിക്കുന്നതിനു ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാൻ ഏതു പ്രവർത്തനഗതി നിങ്ങളെ പ്രാപ്തരാക്കും?
18 ദൈവജനം ഇപ്പോൾ പുതിയ ലോകത്തിലെ നിത്യജീവനുവേണ്ടി പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ ഒരു പറുദീസ വികസിപ്പിക്കുന്നതിന് ആവശ്യമായ ആത്മീയ വൈദഗ്ദ്ധ്യങ്ങളും മററും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭരണാധികാരിയെന്നനിലയിൽ ദൈവത്തെ തിരഞ്ഞെടുക്കാനും അവിടുന്ന് ഇന്നു ഭൂവ്യാപകമായി ചെയ്യിച്ചുകൊണ്ടിരിക്കുന്ന ജീവരക്ഷാകരമായ വേലയെ പിന്താങ്ങാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും യഥാർത്ഥത്തിൽ നിങ്ങളെ സംബന്ധിച്ചു കരുതുന്നവനും കഷ്ടപ്പാടിന് അറുതിവരുത്തുന്നവനും ആയ ദൈവത്തെ അറിയുകയും ചെയ്യുക. ഈ വിധത്തിൽ നിങ്ങൾക്കും പുതിയ ലോകത്തിന്റെ അടിസ്ഥാനത്തിന്റെ ഭാഗമായിത്തീരാൻ കഴിയും. അപ്പോൾ നിങ്ങൾക്കു ദൈവപ്രീതി നേടുന്നതിനും ആ അത്ഭുതകരമായ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കുന്നതിനും ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
[31-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾക്ക് യഥാർത്ഥമായ ഒരു സാർവ്വദേശീയ സാഹോദര്യം ഉണ്ട്
[32-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിന്റെ അടിസ്ഥാനം ഇപ്പോൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു