മത്സരത്തിന്റെ ഫലം എന്തായിത്തീർന്നിരിക്കുന്നു?
ഭാഗം 7
മത്സരത്തിന്റെ ഫലം എന്തായിത്തീർന്നിരിക്കുന്നു?
1-3. യഹോവ ചെയ്തതു ശരിയാണെന്നു കാലം തെളിയിച്ചിരിക്കുന്നതെങ്ങനെ?
ഭരിക്കാനുളള ദൈവത്തിന്റെ അവകാശം സംബന്ധിച്ച വാദവിഷയത്തെക്കുറിച്ചാണെങ്കിൽ, ദൈവത്തിൽനിന്നു സ്വതന്ത്രമായ മനുഷ്യഭരണത്തിന്റെ ഈ നൂററാണ്ടുകളിലെല്ലാം ഫലമെന്തായിരുന്നിട്ടുണ്ട്? മനുഷ്യർ ദൈവത്തെക്കാൾ മെച്ചപ്പെട്ട ഭരണാധികാരികളാണെന്നു തെളിഞ്ഞിട്ടുണ്ടോ? മനുഷ്യൻ മനുഷ്യനോടു കാണിച്ച ക്രൂരതയുടെ ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ വിധിച്ചാൽ, തീർച്ചയായും ഇല്ല.
2 നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവഭരണത്തെ തിരസ്ക്കരിച്ചപ്പോൾ, അതേത്തുടർന്ന് അനർത്ഥമുണ്ടായി. അവർ തങ്ങൾക്കുതന്നെയും തങ്ങളിൽനിന്നുണ്ടായ മുഴു മനുഷ്യകുടുംബത്തിനും കഷ്ടപ്പാടു കൈവരുത്തി. അവർക്കു തങ്ങളെത്തന്നെയല്ലാതെ മററാരെയും പഴിചാരാനില്ലായിരുന്നു. ദൈവവചനം പറയുന്നു: “അവർ തങ്ങളുടെ ഭാഗത്തു വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു; അവർ അവിടത്തെ മക്കളല്ല, തകരാറ് അവരുടെ സ്വന്തമാണ്.”—ആവർത്തനം 32:5, NW.
3 ആദാമും ഹവ്വയും ദൈവത്തിന്റെ കരുതലുകളിൽനിന്നു വ്യതിചലിച്ചുപോയാൽ അവർ ക്ഷയിക്കുമെന്നും ഒടുവിൽ മരിക്കുമെന്നുമുളള ദൈവത്തിന്റെ മുന്നറിയിപ്പിന്റെ സത്യത ചരിത്രം തെളിയിച്ചിരിക്കുന്നു. (ഉൽപത്തി 2:17; 3:19) അവർ ദൈവഭരണത്തിൽനിന്നു വ്യതിചലിക്കുകയും കാലക്രമത്തിൽ ക്ഷയിച്ചു മരിക്കുകയും ചെയ്തു.
4. നാം എല്ലാവരും അപൂർണ്ണരായും രോഗത്തിനും മരണത്തിനും വിധേയരായും ജനിച്ചതെന്തുകൊണ്ട്?
4 അവരുടെ സന്തതികൾക്കെല്ലാം അതിനുശേഷം സംഭവിച്ചതു റോമർ 5:12 വിശദീകരിക്കുന്നതുപോലെ ആയിരുന്നു: “ഏകമനുഷ്യനാൽ [മനുഷ്യവർഗ്ഗത്തിന്റെ കുടുംബത്തലവനായ ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ . . . മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” അതുകൊണ്ടു നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ മേൽവിചാരകത്വത്തിനെതിരെ മത്സരിച്ചപ്പോൾ അവർ ഊനമുളള പാപികളായിത്തീർന്നു. ജനിതക നിയമങ്ങൾക്കു ചേർച്ചയിൽ, തത്ഫലമായുണ്ടായ അപൂർണ്ണത മാത്രമേ അവർക്കു തങ്ങളുടെ സന്തതികൾക്കു കൈമാറിക്കൊടുക്കാൻ കഴിയുമായിരുന്നുളളു. അതുകൊണ്ടാണു നമ്മളെല്ലാവരും രോഗത്തിനും മരണത്തിനും വിധേയരായി ഊനമുളളവരായി ജനിച്ചിട്ടുളളത്.
5, 6. യഥാർത്ഥ സമാധാനവും ഐശ്വര്യവും കൈവരുത്താനുളള മമനുഷ്യന്റെ ശ്രമങ്ങളെക്കുറിച്ചു ചരിത്രം എന്തു പ്രകടമാക്കിയിരിക്കുന്നു?
5 പല നൂററാണ്ടുകൾ കടന്നുപോയിരിക്കുന്നു. സാമ്രാജ്യങ്ങൾ വരുകയും പോവുകയും ചെയ്തിട്ടുണ്ട്. ചിന്തനീയമായ സകലതരം ഭരണകൂടവും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. എങ്കിലും, മനുഷ്യകുടുംബത്തിൽ വീണ്ടും വീണ്ടും ഭീതിജനകമായ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു. ആറായിരം വർഷങ്ങൾക്കുശേഷം, മനുഷ്യർ ഭൂവ്യാപകമായി സമാധാനവും നീതിയും ഐശ്വര്യവും സ്ഥാപിക്കുന്ന അളവുവരെ പുരോഗമിക്കേണ്ടതായിരുന്നുവെന്നും ഇപ്പോഴേക്കും അവർ ദയയും അനുകമ്പയും സഹകരണവും ആകുന്ന അവശ്യഗുണങ്ങളിൽ നിപുണരായിത്തീരേണ്ടതായിരുന്നുവെന്നും ഒരുവൻ ചിന്തിച്ചേക്കാം.
6 എന്നിരുന്നാലും യാഥാർത്ഥ്യം നേരേ മറിച്ചാണ്. ഇതുവരെ കണ്ടുപിടിച്ചിട്ടുളള മനുഷ്യഭരണത്തിന്റെ ഒരു രൂപവും എല്ലാവർക്കും യഥാർത്ഥസമാധാനവും ഐശ്വര്യവും കൈവരുത്തിയിട്ടില്ല. ഈ 20-ാം നൂററാണ്ടിൽ മാത്രം നാസി കൂട്ടക്കൊലയിൽ ലക്ഷങ്ങളെ വ്യവസ്ഥാപിതമായി കൊന്നൊടുക്കിയതും യുദ്ധങ്ങളിൽ 10 കോടിയിലധികം പേരെ കൊന്നൊടുക്കിയതും നാം കണ്ടിരിക്കുന്നു. നമ്മുടെ കാലത്ത് അസംഖ്യം ആളുകളെ അസഹിഷ്ണുതയും രാഷ്ട്രീയ ഭിന്നതകളും നിമിത്തം പീഡിപ്പിക്കുകയോ കൊല്ലുകയോ തടവിലാക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്നത്തെ അവസ്ഥ
7. ഇന്നു മനുഷ്യകുടുംബത്തിന്റെ അവസ്ഥയെ എങ്ങനെ വർണ്ണിക്കാൻ കഴിയും?
7 അതിനുപുറമേ, ഇന്നു മനുഷ്യകുടുംബത്തിന്റെ മൊത്തത്തിലുളള അവസ്ഥ പരിചിന്തിക്കുക. അക്രമവും കുററകൃത്യവും വിപുലവ്യാപകമാണ്. മയക്കുമരുന്നു ദുരുപയോഗം പടർന്നുപിടിക്കുകയാണ്. ലൈംഗികമായി പകരുന്ന വ്യാധികൾ സമസ്തവ്യാപകമാണ്. മഹാവ്യാധിയായ എയ്ഡ്സ് ദശലക്ഷക്കണക്കിനാളുകളെ ബാധിച്ചുകൊണ്ടിരിക്കുന്നു. ഓരോ വർഷവും കോടിക്കണക്കിനാളുകൾ പട്ടിണിയോ രോഗമോ നിമിത്തം മരിക്കുന്നു, അതേസമയം ചെറിയൊരു കൂട്ടത്തിനു ധാരാളം ധനമുണ്ട്. മനുഷ്യർ ഭൂമിയെ മലീമസമാക്കുകയും കൊളളയടിക്കുകയും ചെയ്യുന്നു. കുടുംബജീവിതവും ധാർമ്മിക മൂല്യങ്ങളും എല്ലായിടത്തും തകർന്നടിഞ്ഞിരിക്കുന്നു. സത്യമായും, ഇന്നത്തെ ജീവിതം ‘ഈ ലോകത്തിന്റെ ദൈവമായ’ സാത്താന്റെ വൃത്തികെട്ട ഭരണത്തെ പ്രതിഫലിപ്പിക്കുന്നു. അവൻ യജമാനനായിരിക്കുന്ന ലോകം സ്നേഹശൂന്യവും നിർദ്ദയവും തികച്ചും അഴിമതി നിറഞ്ഞതും ആകുന്നു.—2 കൊരിന്ത്യർ 4:4.
8. മനുഷ്യവർഗ്ഗത്തിന്റെ നേട്ടങ്ങളെ യഥാർത്ഥ പുരോഗതിയെന്നു നമുക്കു വിളിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
8 മനുഷ്യർ അവരുടെ ശാസ്ത്രീയവും ഭൗതികവുമായ പുരോഗതിയുടെ ഉച്ചാവസ്ഥയിൽ എത്തുന്നതിനു ദൈവം വേണ്ടുവോളം സമയം അനുവദിച്ചിരിക്കുന്നു. എന്നാൽ അമ്പിനും വില്ലിനും പകരം യന്ത്രത്തോക്കുകളും ടാങ്കുകളും ബോംബർ വിമാനങ്ങളും ആണവ മിസൈലുകളും വന്നിരിക്കുന്നതു യഥാർത്ഥത്തിൽ പുരോഗതിയാണോ? മനുഷ്യനു ശൂന്യാകാശത്തിലേക്കു യാത്രചെയ്യാൻ കഴിയുമെന്നിരിക്കെ ഭൂമിയിൽ സമാധാനത്തിൽ ഒരുമിച്ചുജീവിക്കാൻ കഴിയാത്തപ്പോൾ അതു പുരോഗതിയാണോ? രാത്രിയിൽ, ചില സ്ഥലങ്ങളിൽ പകൽസമയത്തുപോലും, തെരുവിലൂടെ നടക്കാൻ ആളുകൾ ഭയപ്പെടുമ്പോൾ അതു പുരോഗതിയാണോ?
കാലം പ്രകടമാക്കിയിരിക്കുന്നത്
9, 10. (എ) കഴിഞ്ഞ നൂററാണ്ടുകൾ വ്യക്തമായി എന്തു പ്രകടമാക്കിയിരിക്കുന്നു? (ബി) ഇച്ഛാസ്വാതന്ത്ര്യം ദൈവം എടുത്തുകളയുകയില്ലാത്തത് എന്തുകൊണ്ട്?
9 ദൈവഭരണത്തെ കൂടാതെ മനുഷ്യർക്ക് അവരുടെ കാലടികൾ വിജയകരമായി നയിക്കാൻ കഴിയുകയില്ലെന്നുളളതാണു നൂററാണ്ടുകളിലെ പരിശോധന തെളിയിച്ചിരിക്കുന്നത്. തിന്നാതെയും കുടിക്കാതെയും ശ്വസിക്കാതെയും അവർക്കു ജീവിക്കാൻ കഴിയാത്തതുപോലെതന്നെ അവർക്ക് അതിനും സാദ്ധ്യമല്ല. തെളിവു സ്പഷ്ടമാണ്: “നാം ആഹാരത്തെയും വെളളത്തെയും വായുവിനെയും ആശ്രയിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ നാം നമ്മുടെ സ്രഷ്ടാവിന്റെ മാർഗ്ഗനിർദ്ദേശത്തിനു വിധേയരായിരിക്കാനും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
10 ദുഷ്ടത അനുവദിച്ചുകൊണ്ട്, ഇച്ഛാസ്വാതന്ത്ര്യം ദുർവിനിയോഗിക്കുന്നതിന്റെ സങ്കടകരമായ ഫലങ്ങൾ ദൈവം ഒരിക്കൽ എന്നേക്കുമായി പ്രകടമാക്കുകയുണ്ടായി. ഇച്ഛാസ്വാതന്ത്ര്യം അമൂല്യമായ ഒരു സമ്മാനമായതുകൊണ്ടു മനുഷ്യരിൽനിന്ന് അത് എടുത്തുകളയുന്നതിനുപകരം അതിന്റെ ദുർവ്വിനിയോഗം എന്തർത്ഥമാക്കുന്നുവെന്നു കാണാൻ ദൈവം അവരെ അനുവദിച്ചിരിക്കുന്നു. “തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല” എന്നു പറയുമ്പോൾ ദൈവവചനം സത്യം പറയുന്നു. “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യനെ ഭരിച്ചിരിക്കുന്നു” എന്ന് അതു പറയുമ്പോൾ അതും സത്യമാണ്.—യിരെമ്യാവു 10:23; സഭാപ്രസംഗി 8:9, NW.
11. ഏതെങ്കിലും രൂപത്തിലുളള മനുഷ്യഗവൺമെൻറ് കഷ്ടപ്പാടു നീക്കം ചെയ്തിട്ടുണ്ടോ?
11 ദൈവം മാനുഷഭരണത്തിന് ആറായിരം വർഷത്തേക്കു കൊടുത്ത അനുവാദം കഷ്ടപ്പാട് അവസാനിപ്പിക്കാൻ മനുഷ്യൻ അപ്രാപ്തനാണെന്നു ശക്തമായി തെളിയിക്കുന്നു. ഒരിക്കലും അവൻ അതു ചെയ്തിട്ടില്ല. ഉദാഹരണത്തിന്, ഇസ്രയേലിലെ ശലോമോൻ രാജാവിനുപോലും അദ്ദേഹത്തിന്റെ സകലജ്ഞാനവും ധനവും ശക്തിയും ഉണ്ടായിരുന്നിട്ടും തന്റെ നാളിൽ മനുഷ്യഭരണത്തിൽനിന്നുണ്ടാകുന്ന ദുരിതം തീർക്കാൻ കഴിഞ്ഞില്ല. (സഭാപ്രസംഗി 4:1-3) അതുപോലെതന്നെ, നമ്മുടെ നാളിലും അതിനൂതനമായ സാങ്കേതിക പുരോഗതിയുണ്ടായിരുന്നിട്ടും ലോകനേതാക്കൾക്കു കഷ്ടപ്പാടു നീക്കാൻ കഴിയുന്നില്ല. അതിലും മോശമായി, ദൈവഭരണത്തിൽനിന്നു സ്വതന്ത്രരായ മനുഷ്യർ കഷ്ടപ്പാട് നീക്കംചെയ്യുന്നതിനുപകരം അതു വർദ്ധിപ്പിക്കുകയാണു ചെയ്തിരിക്കുന്നതെന്നു ചരിത്രം തെളിയിച്ചിരിക്കുന്നു.
ദൈവത്തിന്റെ ദീർഘവീക്ഷണം
12-14. ദൈവം കഷ്ടപ്പാട് അനുവദിച്ചതിന്റെ ഫലമായി ഏതു ദീർഘകാല പ്രയോജനങ്ങൾ ലഭിക്കുന്നു?
12 കഷ്ടപ്പാടിനുളള ദൈവത്തിന്റെ അനുവാദം നമുക്കു വേദനാജനകമായിരുന്നിട്ടുണ്ട്. എന്നാൽ ഒടുവിൽ വരാനിരിക്കുന്ന സദ്ഫലങ്ങൾ അറിഞ്ഞുകൊണ്ട് അവിടുന്ന് ഒരു ദീർഘവീക്ഷണം സ്വീകരിച്ചിരിക്കുന്നു. ദൈവത്തിന്റെ വീക്ഷണം ഏതാനും വർഷത്തേക്കോ ഏതാനും ആയിരം വർഷത്തേക്കോ അല്ല പിന്നെയോ ലക്ഷക്കണക്കിനു വർഷത്തേക്ക്, അതെ സകല നിത്യതയിലേക്കും സൃഷ്ടികൾക്കു പ്രയോജനം ചെയ്യും.
13 ഭാവിയിൽ എന്നെങ്കിലും ആരെങ്കിലും ഇച്ഛാസ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്ത്, ദൈവം കാര്യങ്ങൾ ചെയ്യുന്നവിധത്തെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാൽ അയാളുടെ വീക്ഷണങ്ങൾ തെളിയിക്കാൻ അയാൾക്കു സമയം അനുവദിച്ചുകൊടുക്കേണ്ട ആവശ്യമുണ്ടായിരിക്കുകയില്ല. മത്സരികളെ ആയിരക്കണക്കിനു വർഷങ്ങളിലേക്ക് അനുവദിച്ചതുകൊണ്ട് അഖിലാണ്ഡത്തിൽ എവിടെയും സകലനിത്യതയിലും പ്രയോഗിക്കാൻ കഴിയുന്ന നിയമപരമായ ഒരു കീഴ്വഴക്കം ദൈവം സ്ഥാപിച്ചിരിക്കുന്നു.
14 ഈ കാലത്ത്, യഹോവ ദുഷ്ടതയും കഷ്ടപ്പാടും അനുവദിച്ചതുകൊണ്ട്, തന്നോടു യോജിപ്പിലല്ലാത്ത ഒന്നിനും പുഷ്ടിപ്രാപിക്കാൻ കഴിയുകയില്ലെന്ന് വേണ്ടവിധം ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കും. മനുഷ്യരുടെയോ ആത്മജീവികളുടെയോ സ്വതന്ത്രമായ ഒരു പദ്ധതിക്കും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്താൻ കഴിയുകയില്ലെന്നു സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കും. അതുകൊണ്ട് ഏതു മത്സരിയെയും അപ്പോൾ ഉടൻ നശിപ്പിച്ചുകളയുന്നതിൽ ദൈവം പൂർണ്ണമായി നീതീകരിക്കപ്പെട്ടിരിക്കും. “സകലദുഷ്ടൻമാരെയും അവൻ നശിപ്പിക്കും.”—സങ്കീർത്തനം 145:20; റോമർ 3:4.
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തെ വിട്ടുളള സ്വാതന്ത്ര്യം തിരഞ്ഞെടുത്തശേഷം ഒടുവിൽ വാർദ്ധക്യം പ്രാപിച്ചു മരിച്ചു
[16-ാം പേജിലെ ചിത്രം]
ദൈവത്തെക്കൂടാതെയുളള മനുഷ്യഭരണം വിപത്ക്കരമെന്നു തെളിഞ്ഞിരിക്കുന്നു
[കടപ്പാട]
U.S. Coast Guard photo