പാഠം 12
ദൈവത്തോട് എങ്ങനെ അടുത്ത് ചെല്ലാം?
1. എല്ലാ പ്രാർഥനകളും ദൈവം കേൾക്കുമോ?
പ്രാർഥനയിൽ തന്നോട് അടുത്ത് വരാൻ എല്ലാ തരം ആളുകളെയും ദൈവം ക്ഷണിക്കുന്നു. (സങ്കീർത്തനം 65:2) അതിന്റെ അർഥം ദൈവം എല്ലാ പ്രാർഥനകൾക്കും ചെവികൊടുക്കുമെന്നോ അവ സ്വീകരിക്കുമെന്നോ അല്ല. ഉദാഹരണത്തിന്, ഭാര്യയോട് അപമര്യാദയായി പെരുമാറുന്ന ഒരു വ്യക്തിയുടെ പ്രാർഥന ദൈവം കേൾക്കാതിരുന്നേക്കാം. (1 പത്രോസ് 3:7) കൂടാതെ, ഇസ്രായേല്യർ വഷളത്തം പ്രവർത്തിക്കുന്നതിൽ തുടർന്നപ്പോൾ ദൈവം അവരുടെ പ്രാർഥന കേൾക്കാൻ വിസമ്മതിച്ചെന്ന കാര്യവും ഓർക്കുക. പക്ഷേ, മാനസാന്തരപ്പെടുന്നെങ്കിൽ കടുത്ത പാപികളുടെപോലും പ്രാർഥന ദൈവം കേൾക്കും. അതെ, പ്രാർഥന എന്നത് ആദരണീയമായ ഒരു പദവിയാണ്.—യശയ്യ 1:15; 55:7 വായിക്കുക.
ദൈവം എല്ലാ പ്രാർഥനകളും കേൾക്കുമോ? എന്ന വീഡിയോ കാണുക
2. നമ്മൾ എങ്ങനെ പ്രാർഥിക്കണം?
പ്രാർഥന നമ്മുടെ ആരാധനയുടെ ഭാഗമാണ്. അതുകൊണ്ട് നമ്മൾ നമ്മുടെ സ്രഷ്ടാവായ യഹോവയോടു മാത്രമേ പ്രാർഥിക്കാവൂ. (മത്തായി 4:10; 6:9) അപൂർണരായതുകൊണ്ട് നമ്മൾ പ്രാർഥിക്കുന്നതു യേശുവിന്റെ നാമത്തിലായിരിക്കണം; കാരണം യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. (യോഹന്നാൻ 14:6) കാണാപ്പാഠം പഠിച്ചതോ എഴുതിയുണ്ടാക്കിയതോ ആയ പ്രാർഥനകൾ തന്നെയും പിന്നെയും ഉരുവിടുന്നത് യഹോവയ്ക്ക് ഇഷ്ടമല്ല. നമ്മുടെ പ്രാർഥനകൾ ഹൃദയത്തിൽനിന്ന് വരാനാണു ദൈവം പ്രതീക്ഷിക്കുന്നത്.—മത്തായി 6:7; ഫിലിപ്പിയർ 4:6, 7 വായിക്കുക.
മൗനമായി പ്രാർഥിക്കുന്നതുപോലും നമ്മുടെ സ്രഷ്ടാവിനു കേൾക്കാനാകും. (1 ശമൂവേൽ 1:12, 13) എല്ലായ്പോഴും പ്രാർഥിക്കാൻ ദൈവം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രിയിൽ കിടക്കുന്നതിനു മുമ്പും ഭക്ഷണസമയത്തും പ്രശ്നങ്ങളുണ്ടാകുമ്പോഴും ഒക്കെ നമുക്കു പ്രാർഥിക്കാനാകും.—സങ്കീർത്തനം 55:22; മത്തായി 15:36 വായിക്കുക.
3. ക്രിസ്ത്യാനികൾ യോഗങ്ങൾക്കു കൂടിവരുന്നത് എന്തുകൊണ്ട്?
ദൈവത്തോട് അടുത്ത് ചെല്ലുക എന്നത് അത്ര എളുപ്പമല്ല. കാരണം ദൈവത്തിൽ വിശ്വാസമില്ലാത്തവരും ഭൂമിയിൽ സമാധാനം കൊണ്ടുവരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തെ പുച്ഛിച്ചുതള്ളുന്നവരും ആയ ആളുകൾക്കിടയിലാണു നമ്മൾ താമസിക്കുന്നത്. (2 തിമൊഥെയൊസ് 3:1, 4; 2 പത്രോസ് 3:3, 13) അതുകൊണ്ടുതന്നെ സഹവിശ്വാസികളുമൊത്തുള്ള പ്രോത്സാഹനം പകരുന്ന സഹവാസം നമുക്ക് ആവശ്യമാണ്; അവർക്കും അതു കൂടിയേ തീരൂ.—എബ്രായർ 10:24, 25 വായിക്കുക.
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിലുള്ളത്.—റോമർ 1:11, 12 വായിക്കുക.
ദൈവത്തെ സ്നേഹിക്കുന്ന ആളുകളോടു സഹവസിക്കുന്നതു ദൈവത്തോട് അടുത്ത് ചെല്ലാൻ നമ്മളെ സഹായിക്കും. മറ്റുള്ളവരുടെ വിശ്വാസത്തിൽനിന്നു പ്രോത്സാഹനം നേടാനുള്ള നല്ല അവസരമാണ്4. ദൈവത്തോട് അടുത്ത് ചെല്ലാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
ദൈവവചനത്തിൽനിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നെങ്കിൽ അഥവാ ആഴമായി ചിന്തിക്കുന്നെങ്കിൽ നിങ്ങൾക്ക് യഹോവയോട് അടുത്ത് ചെല്ലാനാകും. ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഉപദേശങ്ങളെക്കുറിച്ചും വാഗ്ദാനങ്ങളെക്കുറിച്ചും ഏകാഗ്രമായി ധ്യാനിക്കുക. പ്രാർഥനാനിരതമായ അത്തരം ധ്യാനം ദൈവത്തിന്റെ സ്നേഹത്തോടും ജ്ഞാനത്തോടും ഉള്ളിന്റെ ഉള്ളിൽ വിലമതിപ്പു വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും.—യോശുവ 1:8; സങ്കീർത്തനം 1:1-3 വായിക്കുക.
ദൈവത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ ദൈവത്തോട് അടുത്ത് ചെല്ലാൻ നിങ്ങൾക്കാകൂ. വിശ്വാസത്തെ ഒരു ചെടിയോട് ഉപമിക്കാവുന്നതാണ്. ചെടിക്ക് എപ്പോഴും പോഷണം ആവശ്യമാണ്. അതുപോലെ നിങ്ങളുടെ വിശ്വാസവും നിരന്തരം പോഷിപ്പിക്കപ്പെടണം അല്ലെങ്കിൽ ശക്തമാക്കപ്പെടണം. ഒരു കാര്യം എന്തുകൊണ്ട് വിശ്വസിക്കുന്നെന്ന് ആഴത്തിൽ ചിന്തിച്ചുകൊണ്ട് നിങ്ങൾക്ക് അതു ചെയ്യാവുന്നതാണ്.—മത്തായി 4:4; എബ്രായർ 11:1, 6 വായിക്കുക.
5. ദൈവത്തോട് അടുത്ത് ചെല്ലുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
തന്നെ സ്നേഹിക്കുന്നവരെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട്; വിശ്വാസത്തിനും നിത്യജീവന്റെ പ്രത്യാശയ്ക്കും അപകടം സൃഷ്ടിച്ചേക്കാവുന്ന എന്തിൽനിന്നും അവരെ സംരക്ഷിക്കാൻ ദൈവം പ്രാപ്തനാണ്. (സങ്കീർത്തനം 91:1, 2, 7-10) നമ്മുടെ ആരോഗ്യവും സന്തോഷവും കവർന്നെടുക്കുന്ന ജീവിതരീതികളെക്കുറിച്ച് ദൈവം മുന്നറിയിപ്പു നൽകുന്നുണ്ട്. ഏറ്റവും നല്ല ജീവിതരീതി ഏതാണെന്ന് യഹോവ നമ്മളെ പഠിപ്പിക്കുന്നു.—സങ്കീർത്തനം 73:27, 28; യാക്കോബ് 4:4, 8 വായിക്കുക.