അധ്യായം 19
യഹോവയെ മഹത്ത്വപ്പെടുത്തുന്ന നിർമാണപ്രവർത്തനങ്ങൾ
1, 2. (എ) യഹോവയുടെ ദാസന്മാർ പണ്ടുമുതലേ ഏതു കാര്യം ചെയ്തുപോന്നിട്ടുണ്ട്? (ബി) യഹോവ അമൂല്യമായി കാണുന്നത് എന്തിനെയാണ്?
യഹോവയുടെ വിശ്വസ്തരായ ദാസന്മാർ ദൈവനാമത്തെ മഹത്ത്വപ്പെടുത്തുന്ന കെട്ടിടങ്ങൾ നിർമിച്ചതിന്റെ രേഖകൾ പഴയ ചരിത്രത്താളുകളിൽപ്പോലും കാണാം. ഇസ്രായേല്യർ അതിന് ഒരു ഉദാഹരണമാണ്. വിശുദ്ധകൂടാരത്തിന്റെ നിർമാണത്തിൽ ഉത്സാഹത്തോടെ പങ്കെടുത്ത അവർ അതിനുള്ള നിർമാണസാമഗ്രികൾ ഉദാരമായി സംഭാവന ചെയ്തു.—പുറ. 35:30-35; 36:1, 4-7.
2 യഹോവയുടെ വീക്ഷണത്തിൽ യഹോവയെ ഏറ്റവും അധികം മഹത്ത്വപ്പെടുത്തുന്നതു നിർമാണസാമഗ്രികളല്ല. യഹോവ ഏറ്റവും വിലയേറിയതായി കാണുന്നതും അവയല്ല. (മത്താ. 23:16, 17) ദൈവം അമൂല്യമായി കാണുന്നതും ദൈവത്തെ മറ്റ് എന്തിനെക്കാളും മഹത്ത്വപ്പെടുത്തുന്നതും ദൈവദാസന്മാർ അർപ്പിക്കുന്ന ആരാധനയാണ്. അതിൽ അവരുടെ മനസ്സൊരുക്കവും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. (പുറ. 35:21; മർക്കോ. 12:41-44; 1 തിമൊ. 6:17-19) അതു വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. എന്തുകൊണ്ട്? കാരണം, കെട്ടിടങ്ങൾ എന്നെന്നും നിലനിൽക്കില്ല. ഉദാഹരണത്തിന്, വിശുദ്ധകൂടാരവും ദേവാലയവും ഇന്നില്ല. ആ നിർമിതികൾ മൺമറഞ്ഞുപോയെങ്കിലും അവയുടെ നിർമാണത്തെ പിന്തുണച്ച വിശ്വസ്തദാസരുടെ ഔദാര്യവും കഠിനാധ്വാനവും യഹോവ ഇന്നും മറന്നിട്ടില്ല.—1 കൊരിന്ത്യർ 15:58; എബ്രായർ 6:10 വായിക്കുക.
3. ഈ അധ്യായത്തിൽ നമ്മൾ എന്തിനെക്കുറിച്ച് പഠിക്കും?
3 യഹോവയുടെ ആധുനികകാലദാസന്മാരും ആരാധനാസ്ഥലങ്ങൾ നിർമിക്കാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നമ്മുടെ രാജാവായ യേശുക്രിസ്തുവിന്റെ മാർഗനിർദേശത്തിൻകീഴിൽ എത്ര ശ്രദ്ധേയമായ നേട്ടങ്ങളാണു നമ്മൾ കൈവരിച്ചിരിക്കുന്നത്! യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെന്നതിനു യാതൊരു സംശയവുമില്ല. (സങ്കീ. 127:1) അങ്ങനെയുള്ള ചില നിർമാണപ്രവർത്തനങ്ങളും അതെല്ലാം യഹോവയെ മഹത്ത്വപ്പെടുത്തിയത് എങ്ങനെയെന്നും ഈ അധ്യായത്തിൽ നമ്മൾ കാണും. അവയിൽ പങ്കെടുത്ത ചിലരുടെ അഭിപ്രായങ്ങളും നമ്മൾ ശ്രദ്ധിക്കും.
രാജ്യഹാളുകൾ നിർമിക്കുന്നു
4. (എ) കൂടുതൽ ആരാധനാസ്ഥലങ്ങൾ നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പല ബ്രാഞ്ചോഫീസുകളും ലയിപ്പിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ട്? (“ ബ്രാഞ്ചുകളുടെ നിർമാണം—കാലാനുസൃതമായ മാറ്റങ്ങൾ” എന്ന ചതുരം കാണുക.)
4 16-ാം അധ്യായത്തിൽ കണ്ടതുപോലെ, നമ്മൾ ആരാധനയ്ക്കായി കൂടിവരാൻ യഹോവ ആവശ്യപ്പെടുന്നു. (എബ്രാ. 10:25) യോഗങ്ങൾ നമ്മുടെ വിശ്വാസം ബലപ്പെടുത്തുന്നു, ഒപ്പം പ്രസംഗപ്രവർത്തനത്തിനായുള്ള നമ്മുടെ തീക്ഷ്ണത ജ്വലിപ്പിക്കുന്നു. ഈ അവസാനകാലത്ത് യഹോവ ആ പ്രവർത്തനത്തിന്റെ വേഗത കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഫലമോ? ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് യഹോവയുടെ സംഘടനയിലേക്ക് ഒഴുകിയെത്തുന്നത്. (യശ. ) ദൈവരാജ്യത്തിന്റെ പ്രജകളുടെ എണ്ണം കൂടുന്നതനുസരിച്ച് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാൻ കൂടുതൽ അച്ചടിശാലകൾ ആവശ്യമായിവരുന്നു. കൂടുതൽ ആരാധനാസ്ഥലങ്ങളും നമുക്ക് ആവശ്യമാണ്. 60:22
5. രാജ്യഹാൾ എന്ന പേര് അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്? (“ പുതുവെളിച്ച ദേവാലയം” എന്ന ചതുരവും കാണുക.)
5 യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രത്തിന്റെ തുടക്കം പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സ്വന്തമായി യോഗസ്ഥലങ്ങളുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ബൈബിൾവിദ്യാർഥികൾ അന്നേ തിരിച്ചറിഞ്ഞിരുന്നു. സാധ്യതയനുസരിച്ച് അവർ നിർമിച്ച ആദ്യത്തെ ആരാധനാസ്ഥലങ്ങളിൽ ഒന്നായിരുന്നു 1890-ൽ യു.എസ്.എ.-യിലെ വെസ്റ്റ് വെർജിനിയയിൽ പണിത കെട്ടിടം. 1930-കൾ ആയപ്പോഴേക്കും യഹോവയുടെ ജനം ധാരാളം ഹാളുകൾ നിർമിച്ചിരുന്നു, ചില പഴയ കെട്ടിടങ്ങൾ അവർ പുതുക്കിയെടുക്കുകയും ചെയ്തു. പക്ഷേ ആ യോഗസ്ഥലങ്ങൾക്കൊന്നും പ്രത്യേകമായൊരു പേര് അപ്പോഴും നൽകിയിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ 1935-ൽ റഥർഫോർഡ് സഹോദരൻ ഹവായി സന്ദർശിച്ചു. അവിടെ പുതിയ ബ്രാഞ്ചോഫീസിനോടൊപ്പം യോഗങ്ങൾക്കായി ഒരു ഹാളും നിർമിക്കുന്നുണ്ടായിരുന്നു. ആ കെട്ടിടത്തിന് എന്തു പേര് ഇടണം എന്നു ചോദിച്ചപ്പോൾ റഥർഫോർഡ് സഹോദരൻ പറഞ്ഞു: “നമ്മൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നവരാണല്ലോ, അതുകൊണ്ട് ഇതിനെ നമ്മൾ ‘രാജ്യഹാൾ’ എന്നല്ലേ വിളിക്കേണ്ടത്?” (മത്താ. 24:14) എത്ര അനുയോജ്യമായൊരു പേര്! അധികം താമസിയാതെ, ആ ഹാളിനു മാത്രമല്ല ലോകമെങ്ങും യഹോവയുടെ ജനത്തിന്റെ സഭകൾ ഉപയോഗിക്കുന്ന മിക്ക യോഗസ്ഥലങ്ങൾക്കും ആ പേര് ലഭിച്ചു.
6, 7. അതിവേഗം പൂർത്തിയാക്കിയ രാജ്യഹാളുകളുടെ നിർമാണപ്രവർത്തനങ്ങൾ എന്തു സ്വാധീനം ചെലുത്തി?
6 1970-കൾ ആയപ്പോഴേക്കും രാജ്യഹാളുകളുടെ ആവശ്യത്തിൽ വലിയൊരു വർധനയുണ്ടായി. അതു നികത്താൻ ഐക്യനാടുകളിലെ സഹോദരങ്ങൾ ഫലപ്രദമായൊരു രീതി വികസിപ്പിച്ചെടുത്തു. അതിലൂടെ, ഏതാനും ദിവസങ്ങൾകൊണ്ട് ആകർഷകവും അതേസമയം ഉപയോഗപ്രദവും ആയ രാജ്യഹാളുകൾ പണിയാൻ അവർക്കു സാധിച്ചു. 1983 ആയപ്പോഴേക്കും ഐക്യനാടുകളിലും കാനഡയിലും ആയി അത്തരത്തിൽ 200-ഓളം രാജ്യഹാളുകൾ നിർമിച്ചിരുന്നു. ഈ നിർമാണപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സഹോദരങ്ങൾ മേഖലാ നിർമാണ കമ്മിറ്റികൾ രൂപീകരിക്കാൻ തുടങ്ങി. ഇതു വളരെ ഫലപ്രദമായിരുന്നതുകൊണ്ട് 1986-ൽ ഭരണസംഘം ഇതിന് ഔദ്യോഗികമായി അംഗീകാരം കൊടുത്തു. 1987-ൽ ഐക്യനാടുകളിൽ 60 മേഖലാ നിർമാണ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. a 1992 ആയപ്പോഴേക്കും അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ, ജർമനി, ഫ്രാൻസ്, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, സ്പെയിൻ എന്നിവിടങ്ങളിലും അത്തരം കമ്മിറ്റികളെ നിയമിച്ചിരുന്നു. രാജ്യഹാളുകളും സമ്മേളനഹാളുകളും നിർമിക്കുന്ന കഠിനാധ്വാനികളായ സഹോദരങ്ങൾ ചെയ്യുന്ന ജോലികൾ വിശുദ്ധസേവനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നമ്മൾ തീർച്ചയായും അവരെ പിന്തുണയ്ക്കണം.
7 അതിവേഗം നിർമാണം പൂർത്തിയാക്കിയ അത്തരം രാജ്യഹാളുകൾ സമീപവാസികൾക്കെല്ലാം വലിയൊരു സാക്ഷ്യമേകി. സ്പെയിനിലെ ഒരു പത്രത്തിൽ, “മലകളെ നീക്കുന്ന വിശ്വാസം” എന്ന തലക്കെട്ടിൽ വന്ന ഒരു ലേഖനം അതിന് ഉദാഹരണമാണ്. മാർട്ടോസ് പട്ടണത്തിലെ അത്തരമൊരു രാജ്യഹാളിന്റെ നിർമാണത്തെക്കുറിച്ച് ആ പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടു: “വേഗത, പൂർണത, സംഘാടനം എന്നിവയുടെ എല്ലാ റെക്കോർഡുകളും ഭേദിച്ച ഒരു കെട്ടിടമാണ് അത്. (സ്പെയിനിന്റെ) വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്നദ്ധസേവകരാണ് അതു നിർമിക്കാൻ മാർട്ടോസിലെത്തിയത്. സ്വാർഥതയിൽ കെട്ടിപ്പൊക്കിയിരിക്കുന്ന ഇന്നത്തെ ലോകത്തിൽ നിസ്വാർഥമനസ്സോടെ അത്തരമൊരു കാര്യം ചെയ്യാൻ അവർക്ക് എങ്ങനെ സാധിച്ചു?” യഹോവയുടെ സാക്ഷിയായ ഒരു സന്നദ്ധസേവകന്റെ വാക്കുകളാണ് ആ ലേഖനം അതിനുള്ള ഉത്തരമായി നൽകിയത്. അദ്ദേഹം പറഞ്ഞു: “കാരണം ഇത്രയേ ഉള്ളൂ, ഞങ്ങൾ യഹോവയാൽ പഠിപ്പിക്കപ്പെടുന്ന ഒരു ജനമാണ്.”
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ
8. 1999-ൽ ഭരണസംഘം എന്തിനുള്ള അനുമതി കൊടുത്തു, എന്തായിരുന്നു കാരണം?
8 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാടുകളിലെ ധാരാളം ആളുകൾ യഹോവയുടെ സംഘടനയിലേക്കു വന്നുചേരാൻ തുടങ്ങി. യോഗസ്ഥലങ്ങൾ പണിയാൻ പ്രാദേശികസഭകൾ തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തു. പക്ഷേ മറ്റ് ആരാധനാലയങ്ങളോടുള്ള താരതമ്യത്തിൽ പ്രാദേശികരാജ്യഹാളുകൾ തീരെ ആകർഷകമല്ലാതിരുന്നതുകൊണ്ട് ചില രാജ്യങ്ങളിൽ അവർ പരിഹാസപാത്രങ്ങളായി, ആളുകൾ അവരെ മുൻവിധിയോടെ കണ്ടു. എന്നാൽ വികസ്വരരാജ്യങ്ങളിൽ രാജ്യഹാളുകളുടെ നിർമാണത്തിന് ആക്കം കൂട്ടുന്ന ഒരു പരിപാടിക്ക് 1999-ൽ ഭരണസംഘം അനുമതി കൊടുത്തു. “സമത്വം” ഉണ്ടാകാനായി, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളിൽനിന്ന് അതിനുവേണ്ടി പണം ലഭ്യമാക്കി. (2 കൊരിന്ത്യർ 8:13-15 വായിക്കുക.) ആ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാർ സ്വമനസ്സാലെ മുന്നോട്ടു വന്നു.
9. ഏതു ദൗത്യമാണു വളരെ ദുഷ്കരമായി കാണപ്പെട്ടത്, എന്നാൽ നമ്മൾ എന്തു നേട്ടം കൈവരിച്ചു?
9 തുടക്കത്തിൽ ഈ ദൗത്യം വളരെ ദുഷ്കരമായി തോന്നി. 2001-ലെ ഒരു കണക്കനുസരിച്ച്, 88 വികസ്വരരാജ്യങ്ങളിലായി 18,300-ലധികം രാജ്യഹാളുകൾ ആവശ്യമായിരുന്നു. എന്നാൽ ദൈവാത്മാവിന്റെയും നമ്മുടെ രാജാവായ യേശുക്രിസ്തുവിന്റെയും പിന്തുണയുണ്ടെങ്കിൽ അസാധ്യമായി ഒന്നുംതന്നെയില്ല. (മത്താ. 19:26) 1999 മുതൽ 2013 വരെയുള്ള 15 വർഷക്കാലയളവിൽ ദൈവജനം ആ പരിപാടിയുടെ ഭാഗമായി പണിതത് 26,849 രാജ്യഹാളുകളാണ്. b യഹോവ പ്രസംഗപ്രവർത്തനത്തിന്മേൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി 2013-ൽ അത്തരം രാജ്യങ്ങളിൽ കൂടുതലായി 6,500 രാജ്യഹാളുകളുടെ ആവശ്യമുണ്ടായിരുന്നു. ഇന്നോ? ഓരോ വർഷവും നൂറുകണക്കിനു രാജ്യഹാളുകളാണു കൂടുതലായി ആവശ്യമായിവരുന്നത്.
10-12. രാജ്യഹാളുകളുടെ നിർമാണം യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണ്?
10 ആ പുതിയ രാജ്യഹാളുകളുടെ നിർമാണം യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണ്? സിംബാബ്വെയിലെ ബ്രാഞ്ചോഫീസിൽനിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു: “ഒരു പുതിയ രാജ്യഹാൾ പണിത് ഒരു മാസത്തിനുള്ളിൽ യോഗഹാജർ ഇരട്ടിയാകുന്നതായാണു കണ്ടുവരുന്നത്.” എന്നാൽ ആരാധനയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം ലഭിക്കുന്നതുവരെ നമ്മളോടൊപ്പം കൂടിവരാൻ പല രാജ്യങ്ങളിലും ആളുകൾ മടിക്കുന്നതായി കാണപ്പെടുന്നു. പക്ഷേ ഒരു രാജ്യഹാൾ പണിതുകഴിഞ്ഞാലോ? ഏറെ താമസിയാതെതന്നെ അതിൽ ആളുകൾ വന്നുനിറയും. പെട്ടെന്നുതന്നെ പുതുതായി ഒരു ഹാൾ ആവശ്യമായിവരുകയും ചെയ്യും. എന്നാൽ അത്തരം കെട്ടിടങ്ങളുടെ ബാഹ്യരൂപം മാത്രമാണോ ആളുകളെ യഹോവയിലേക്ക് ആകർഷിക്കുന്നത്? അല്ല. അവ നിർമിക്കുന്നവരുടെ ഇടയിലെ ആത്മാർഥമായ ക്രിസ്തീയസ്നേഹവും ആളുകളെ ദൈവത്തിന്റെ സംഘടനയിലേക്ക് ആകർഷിക്കുന്നു. അതിനു ചില ഉദാഹരണങ്ങൾ നോക്കാം.
11 ഇന്തൊനീഷ്യ. അവിടെയുള്ള ഒരു രാജ്യഹാളിന്റെ നിർമാണപ്രവർത്തനങ്ങൾ ഒരാൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ജോലി ചെയ്യുന്നവരെല്ലാം സന്നദ്ധസേവകരാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരു അത്ഭുതം തന്നെ! ചെയ്യുന്ന ജോലിക്കു കൂലിയൊന്നും കിട്ടുന്നില്ലെങ്കിലും നിങ്ങൾ ഓരോരുത്തരും അർപ്പണമനോഭാവത്തോടെയും സന്തോഷത്തോടെയും പണിയെടുക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. നിങ്ങളുടേതുപോലെ മറ്റൊരു മതസംഘടനയുമില്ലെന്നാണ് എനിക്കു തോന്നുന്നത്.”
12 യുക്രെയിൻ. രാജ്യഹാൾ നിർമാണം നടന്നിരുന്ന ഒരു സ്ഥലത്തിനു മുന്നിലൂടെ ദിവസവും കടന്നുപോകുമായിരുന്ന ഒരു സ്ത്രീ, അവിടെ ജോലി ചെയ്യുന്നവർ യഹോവയുടെ സാക്ഷികളാണെന്നും അവർ പണിയുന്നത് ഒരു രാജ്യഹാളാണെന്നും ഊഹിച്ചു. അവർ പറഞ്ഞു: “യഹോവയുടെ സാക്ഷിയായിത്തീർന്ന എന്റെ അനിയത്തിയിൽനിന്ന് ഞാൻ സാക്ഷികളെക്കുറിച്ച് കേട്ടിരുന്നു. നിങ്ങളുടെ ഈ ജോലികൾ കണ്ടപ്പോൾ എനിക്കും ഈ ആത്മീയകുടുംബത്തിന്റെ ഭാഗമാകണമെന്നു തോന്നി. നിങ്ങളുടെ ഇടയിൽ ഞാൻ സ്നേഹം കണ്ടു.” ബൈബിൾ പഠിക്കാൻ തയ്യാറായ ആ സ്ത്രീ 2010-ൽ സ്നാനമേറ്റു.
13, 14. (എ) ഒരിടത്തെ രാജ്യഹാൾ നിർമാണ പരിപാടികൾ നിരീക്ഷിച്ച ദമ്പതികളുടെ പ്രതികരണം നിങ്ങളെ എന്തു പഠിപ്പിച്ചു? (ബി) നിങ്ങളുടെ ആരാധനാസ്ഥലം യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്നെന്ന് ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യാനാകും?
13 അർജന്റീന. അവിടെയുള്ള ഒരു രാജ്യഹാൾ നിർമാണ പരിപാടിക്കു മേൽനോട്ടം വഹിച്ചിരുന്ന സഹോദരനെ ഒരു ദിവസം ഒരു ദമ്പതികൾ കാണാൻ എത്തി. ഭർത്താവ് പറഞ്ഞു: “നിങ്ങൾ ചെയ്യുന്ന ജോലികളെല്ലാം ഞങ്ങൾ അടുത്ത് ശ്രദ്ധിക്കാറുണ്ട്. . . . ഈ സ്ഥലത്തുവെച്ച് ദൈവത്തെക്കുറിച്ച് പഠിക്കാനാണു ഞങ്ങളുടെ തീരുമാനം.” അദ്ദേഹം ചോദിച്ചു: “ഇവിടെ നടക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കാനുള്ള യോഗ്യത നേടാൻ ഞങ്ങൾ എന്തു ചെയ്യണം?” തുടർന്ന് അവർ ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ടായിരുന്നു. എന്തായിരുന്നു അത്? തങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും ബൈബിൾ പഠിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അവിടെയുള്ള സഹോദരങ്ങൾ സന്തോഷത്തോടെ അതിനു സമ്മതിച്ചു.
14 നിങ്ങൾ ഇപ്പോൾ കൂടിവരുന്ന രാജ്യഹാളിന്റെ നിർമാണത്തിൽ സഹായിക്കാനുള്ള പദവി ചിലപ്പോൾ നിങ്ങൾക്കു ലഭിച്ചിട്ടില്ലായിരിക്കാം. എങ്കിലും ആ ആരാധനാസ്ഥലം യഹോവയെ മഹത്ത്വപ്പെടുത്തുന്ന ഒരു ഇടമായിരിക്കാൻ സഹായിക്കുന്നതിൽ നിങ്ങൾക്കു പലതും ചെയ്യാനുണ്ട്. ഉദാഹരണത്തിന്, നിങ്ങളോടൊപ്പം രാജ്യഹാളിൽ യോഗങ്ങൾക്കു വരാൻ ബൈബിൾവിദ്യാർഥികളെയും നിങ്ങൾ മടക്കസന്ദർശനം നടത്തുന്നവരെയും പൊതുജനങ്ങളെയും ഉത്സാഹപൂർവം ക്ഷണിക്കാം. നിങ്ങളുടെ ആരാധനാസ്ഥലം വൃത്തിയായി, നല്ല നിലയിൽ സൂക്ഷിക്കാനുള്ള അവസരവും നിങ്ങൾക്കുണ്ട്. നന്നായി ആസൂത്രണം ചെയ്താൽ, നിങ്ങൾ കൂടിവരുന്ന രാജ്യഹാളിന്റെ പരിപാലനത്തിലേക്കായോ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അവ നിർമിക്കാൻ സഹായിക്കുന്നതിനായോ സാമ്പത്തികസംഭാവന നൽകാനും നിങ്ങൾക്കു കഴിഞ്ഞേക്കും. (1 കൊരിന്ത്യർ 16:2 വായിക്കുക.) യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം.
‘സ്വമനസ്സാലെ മുന്നോട്ടു വരുന്നവർ’
15-17. (എ) സാധാരണയായി നിർമാണപ്രവർത്തനങ്ങളുടെ സിംഹഭാഗവും ചെയ്യുന്നത് ആരാണ്? (ബി) അന്തർദേശീയ നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള ചില ദമ്പതികളുടെ അഭിപ്രായങ്ങളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
15 സാധാരണയായി, രാജ്യഹാളുകളുടെയും സമ്മേളനഹാളുകളുടെയും ബ്രാഞ്ചോഫീസുകളുടെയും നിർമാണത്തിന്റെ സിംഹഭാഗവും ചെയ്യുന്നതു പ്രാദേശിക സഹോദരീസഹോദരന്മാരാണ്. എന്നാൽ നിർമാണമേഖലയിൽ അനുഭവപരിചയമുള്ള, അന്യനാട്ടുകാരായ സഹോദരീസഹോദരന്മാരും പലപ്പോഴും അവരെ സഹായിക്കാൻ എത്താറുണ്ട്. അത്തരം സന്നദ്ധസേവകരിൽ ചിലർ, ഏതാനും ആഴ്ചകൾ ഒരു അന്തർദേശീയ നിർമാണ പരിപാടിയിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ച് എത്തുന്നവരാണ്. വർഷങ്ങളോളം അത്തരം സേവനങ്ങൾക്കായി തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നവരുമുണ്ട്. ഒരിടത്തെ നിർമാണപ്രവർത്തനങ്ങൾ തീരുമ്പോൾ അവർ അടുത്ത നിയമനസ്ഥലത്തേക്കു നീങ്ങും.
16 അന്തർദേശീയ നിർമാണവേലയ്ക്ക് അതിന്റേതായ ചില വെല്ലുവിളികളുണ്ട്. എന്നാൽ സംതൃപ്തിയേകുന്ന പ്രതിഫലങ്ങളും അതിനുണ്ട്. റ്റീമോയുടെയും ലീനിന്റെയും അനുഭവം അതിന് ഉദാഹരണമാണ്. രാജ്യഹാളുകളും സമ്മേളനഹാളുകളും ബ്രാഞ്ചോഫീസുകളും നിർമിക്കാൻ അവർ ഏഷ്യ, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ട്. റ്റീമോ പറയുന്നു: “കഴിഞ്ഞ 30 വർഷത്തിനിടെ ശരാശരി 2 വർഷം കൂടുമ്പോൾ എന്റെ നിയമനം മാറിയിട്ടുണ്ട്.” 25 വർഷം മുമ്പായിരുന്നു അവരുടെ വിവാഹം. ലീൻ പറയുന്നു: “ഞാൻ റ്റീമോയുടെകൂടെ പത്തു രാജ്യങ്ങളിൽ സേവിച്ചിട്ടുണ്ട്. പുതിയ ഭക്ഷണം, പുതിയ കാലാവസ്ഥ, പുതിയ ഭാഷ, പുതിയ പ്രസംഗപ്രദേശം എന്നിവയുമായി പൊരുത്തപ്പെടാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും കുറെയധികം പരിശ്രമിക്കണം. അതിനു ധാരാളം സമയവും വേണ്ടിവരും.” c ഈ ശ്രമങ്ങൾക്കു തക്ക പ്രയോജനമുണ്ടായോ? ലീൻ പറയുന്നത് ഇതാണ്: “ആ വെല്ലുവിളികളുണ്ടല്ലോ, അവ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങൾക്കു കാരണമായി. ക്രിസ്തീയമായ സ്നേഹവും ആതിഥ്യവും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. യഹോവ സ്നേഹത്തോടെ പരിപാലിക്കുന്നതും ഞങ്ങൾ തിരിച്ചറിഞ്ഞു. മർക്കോസ് 10:29, 30 വാക്യങ്ങളിൽ യേശു ശിഷ്യന്മാർക്കു കൊടുത്ത ഉറപ്പു നിറവേറുന്നതും ഞങ്ങൾ കണ്ടു. ഞങ്ങൾക്കു ധാരാളം ആത്മീയ സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും കിട്ടി. അതെ, നൂറു മടങ്ങ് അധികം!” റ്റീമോ പറയുന്നു: “രാജാവിന്റെ സ്വത്തുക്കൾ വർധിപ്പിക്കാൻ സഹായിക്കുകയെന്നതു നമുക്കു വെക്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ ലക്ഷ്യമാണ്. ഞങ്ങളുടെ വൈദഗ്ധ്യങ്ങൾ അതിനായി ഉപയോഗിക്കുമ്പോൾ എത്ര സംതൃപ്തി തോന്നുന്നെന്നോ!”
17 ആഫ്രിക്ക, ഏഷ്യ, തെക്കേ അമേരിക്ക, തെക്കൻ പസിഫിക്, മധ്യ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നിർമാണപ്രവർത്തനങ്ങളിൽ സഹായിച്ചിട്ടുള്ളവരാണു ഡാരനും സേറയും. തങ്ങൾ നൽകിയിട്ടുള്ളതിലുമധികം തങ്ങൾക്കു ലഭിച്ചിട്ടുള്ളതായാണ് അവർക്ക് അനുഭവപ്പെടുന്നത്. ധാരാളം വെല്ലുവിളികളുണ്ടായെങ്കിലും ഡാരൻ പറയുന്നത് ഇതാണ്: “ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള സഹോദരങ്ങളുടെകൂടെ ജോലി ചെയ്യാനായത് ഒരു വലിയ പദവിയാണ്. നമുക്ക് എല്ലാവർക്കും യഹോവയോടുള്ള സ്നേഹം ഈ ഭൂഗോളത്തെ ചുറ്റുന്ന ഒരു ചരടുപോലെയാണ്, അതു ലോകമെങ്ങുമുള്ള നമ്മളെയെല്ലാം ഒന്നിപ്പിക്കുന്നു.” സേറ പറയുന്നു: “പലപല സംസ്കാരങ്ങളിൽനിന്നുള്ള സഹോദരീസഹോദരന്മാരിൽനിന്ന് എനിക്കു കുറെയധികം പഠിക്കാനായി. യഹോവയെ സേവിക്കാൻ അവർ ചെയ്യുന്ന ത്യാഗങ്ങൾ, തുടർന്നും കഴിവിന്റെ പരമാവധി ചെയ്യാൻ എന്നെ പ്രചോദിപ്പിക്കുന്നു.”
18. സങ്കീർത്തനം 110:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം നിറവേറിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണ്?
18 വെല്ലുവിളികളുണ്ടായാൽപ്പോലും ദൈവരാജ്യത്തെ പിന്തുണയ്ക്കാൻ പ്രജകൾ “സ്വമനസ്സാലെ മുന്നോട്ടു വരും” എന്നു ദാവീദ് രാജാവ് പ്രവചിച്ചു. (സങ്കീർത്തനം 110:1-3 വായിക്കുക.) ദൈവരാജ്യതാത്പര്യങ്ങളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ആ പ്രവചനത്തിന്റെ നിവൃത്തിയിൽ പങ്കാളികളാകുകയാണ്. (1 കൊരി. 3:9) ലോകമെങ്ങുമുള്ള നിരവധി ബ്രാഞ്ചോഫീസുകളും നൂറുകണക്കിനു സമ്മേളനഹാളുകളും പതിനായിരക്കണക്കിനു രാജ്യഹാളുകളും, ദൈവരാജ്യം ഒരു യാഥാർഥ്യമാണ് എന്നതിന്റെയും അത് ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന്റെയും വ്യക്തമായ തെളിവാണ്. രാജാവായ യേശുക്രിസ്തുവിനെ പിന്തുണച്ചുകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്തുന്ന ഒരു പ്രവർത്തനത്തിൽ പങ്കെടുക്കുന്നത് എത്ര വലിയൊരു പദവിയാണ്. എന്തുകൊണ്ടും യഹോവ ആ മഹത്ത്വത്തിനു യോഗ്യനുമാണ്!
a 2013-ൽ, ഐക്യനാടുകളിലെ 132 മേഖലാ നിർമാണ കമ്മിറ്റികളിൽ പ്രവർത്തിക്കാൻ 2,30,000 സന്നദ്ധസേവകർക്ക് അനുമതി ലഭിച്ചിരുന്നു. ആ രാജ്യത്ത് വർഷംതോറും ആ കമ്മിറ്റികൾ 75 പുതിയ രാജ്യഹാളുകളുടെ നിർമാണം ഏകോപിപ്പിച്ചു; ഒപ്പം ഏകദേശം 900 ഹാളുകൾ പുതുക്കിപ്പണിയുന്നതിനോ അറ്റകുറ്റം തീർക്കുന്നതിനോ സഹായിക്കുകയും ചെയ്തു.
b ഈ പദ്ധതിയുടെ ഭാഗമല്ലാത്ത രാജ്യങ്ങളിൽ നിർമിച്ച അനേകം രാജ്യഹാളുകളുടെ എണ്ണം ഈ സംഖ്യയിൽ ഉൾപ്പെടുത്തിയിട്ടില്ല.
c അന്തർദേശീയ നിർമാണ സേവകരും സന്നദ്ധപ്രവർത്തകരും സമയത്തിന്റെ ഭൂരിഭാഗവും നിർമാണപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. എന്നാൽ വാരാന്തത്തിലോ വൈകുന്നേരങ്ങളിലോ അവർ പ്രാദേശികസഭകളെ പ്രസംഗപ്രവർത്തനത്തിൽ പിന്തുണയ്ക്കാറുണ്ട്.