ഭാഗം 2
ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു—ആ സന്തോഷവാർത്ത ലോകമെങ്ങും എത്തിക്കുന്നു
ഇന്നു നിങ്ങൾ അവധിയെടുത്തു. രാവിലെതന്നെ ശുശ്രൂഷയ്ക്കു പോകാൻ ഒരുങ്ങുകയാണ്. പക്ഷേ പെട്ടെന്ന് ഒരു നിമിഷം നിങ്ങൾ ഒന്നു നിൽക്കുന്നു. അല്പം ക്ഷീണം തോന്നുന്നുണ്ട്. ഉച്ചവരെ ഒന്നു വിശ്രമിച്ചാൽ മാറാവുന്നതേ ഉള്ളൂ! പക്ഷേ അതെക്കുറിച്ച് ഒന്നു പ്രാർഥിച്ചിട്ടു നിങ്ങൾ ശുശ്രൂഷയ്ക്കു പോകാൻതന്നെ തീരുമാനിക്കുന്നു. നിങ്ങൾക്കു കൂട്ടു കിട്ടിയതു നല്ല പ്രായമുള്ള, വിശ്വസ്തയായ ഒരു സഹോദരിയെയാണ്. സഹോദരിയുടെ സഹനശക്തിയും ദയയും നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നു. സത്യത്തിന്റെ സന്ദേശം അറിയിച്ച് വീടുതോറും പോകുന്നതിനിടെ മറ്റൊരു കാര്യം നിങ്ങളുടെ മനസ്സിലേക്കു വരുന്നു: ലോകമെങ്ങും എത്ര സഹോദരീസഹോദരന്മാരാണ് ഇതേ സന്ദേശംതന്നെ അറിയിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ കൈയിലുള്ളതും ഇതേ പ്രസിദ്ധീകരണങ്ങൾതന്നെ. എല്ലാവർക്കും കിട്ടുന്ന പരിശീലനവും ഒന്ന്! വീട്ടിലെത്തിയപ്പോഴേക്കും നിങ്ങൾക്കു നല്ല ഉത്സാഹം തോന്നുന്നു, ആ ക്ഷീണമൊക്കെ എവിടെപ്പോയെന്നറിയില്ല. വീട്ടിൽ ഇരിക്കാഞ്ഞത് എത്രയോ നന്നായെന്ന് ഇപ്പോൾ തോന്നുന്നു!
ക്രിസ്തീയശുശ്രൂഷയാണ് ഇന്നു ദൈവരാജ്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവസാനകാലത്ത് പ്രസംഗപ്രവർത്തനത്തിന് അത്ഭുതാവഹമായ വളർച്ചയുണ്ടാകുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 24:14) ഈ പ്രവചനം നിറവേറിയിരിക്കുന്നത് എങ്ങനെയാണ്? ദൈവരാജ്യം യഥാർഥമാണെന്നു മനസ്സിലാക്കാൻ ക്രിസ്തീയശുശ്രൂഷ ഇന്നു ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ആ ശുശ്രൂഷയുടെ അവിഭാജ്യഘടകങ്ങളായ ആളുകൾ, രീതികൾ, ഉപകരണങ്ങൾ എന്നിവയെക്കുറിച്ചാണ് ഈ ഭാഗം വിശദീകരിക്കുന്നത്.
ഈ വിഭാഗത്തിൽ
അധ്യായം 6
പ്രസംഗിക്കുന്ന ആളുകൾ—ശുശ്രൂഷകർ സ്വമനസ്സാലെ മുന്നോട്ടു വരുന്നു
അവസാനകാലത്ത്, മനസ്സൊരുക്കത്തോടെ പ്രസംഗപ്രവർത്തനം നടത്തുന്നവരുടെ ഒരു സൈന്യം തനിക്കുണ്ടായിരിക്കുമെന്നു യേശുവിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്? ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം?
അധ്യായം 7
പ്രസംഗിക്കുന്ന രീതികൾ—സാധ്യമായ വഴികളെല്ലാം ഉപയോഗിക്കുന്നു
അന്ത്യം വരുന്നതിനു മുമ്പ് കഴിയുന്നത്ര ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ ദൈവജനം ഉപയോഗിച്ച പുതുമയാർന്ന ചില രീതികളെക്കുറിച്ച് വായിക്കൂ.
അധ്യായം 8
പ്രസംഗിക്കാനുള്ള ഉപകരണങ്ങൾ—ലോകവ്യാപകവയലിനുവേണ്ടി പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്നു
നമുക്കു ക്രിസ്തുവിന്റെ പിന്തുണയുണ്ടെന്നു നമ്മുടെ പരിഭാഷാപ്രവർത്തനം തെളിയിക്കുന്നത് എങ്ങനെ? നമ്മുടെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള ഏതെല്ലാം വസ്തുതകളാണു ദൈവരാജ്യം യഥാർഥത്തിലുള്ളതാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുന്നത്?
അധ്യായം 9
പ്രസംഗപ്രവർത്തനത്തിന്റെ ഫലങ്ങൾ—’വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു’
വലിയ ആത്മീയകൊയ്ത്തിനെക്കുറിച്ച് പ്രധാനപ്പെട്ട രണ്ടു പാഠങ്ങൾ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. ഇതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?