അധ്യായം 6
പ്രസംഗിക്കുന്ന ആളുകൾ—ശുശ്രൂഷകർ സ്വമനസ്സാലെ മുന്നോട്ടു വരുന്നു
1, 2. ഏതു വലിയ പ്രവർത്തനത്തെക്കുറിച്ചാണു യേശു മുൻകൂട്ടിപ്പറഞ്ഞത്, ഏതു സുപ്രധാനചോദ്യം ഉദിക്കുന്നു?
രാഷ്ട്രീയഭരണാധികാരികൾ തരുന്ന വാഗ്ദാനങ്ങൾ പലതും പാലിക്കപ്പെടാതെപോകാറുണ്ട്. അവരിൽ ഉദ്ദേശ്യശുദ്ധിയുള്ളവർക്കുപോലും തങ്ങളുടെ വാക്കു പാലിക്കാൻ കഴിയാതെവരുന്നു. എന്നാൽ ഇവരിൽനിന്നെല്ലാം വ്യത്യസ്തനായി എപ്പോഴും തന്റെ വാക്കു പാലിക്കുന്നയാളാണു യേശുക്രിസ്തു എന്ന മിശിഹൈകരാജാവ്.
2 1914-ൽ രാജാവായതോടെ, 1,900 വർഷങ്ങൾക്കു മുമ്പ് താൻ ഉച്ചരിച്ച ഒരു പ്രവചനം നിറവേറ്റാൻ യേശു സജ്ജനായിക്കഴിഞ്ഞിരുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത . . . ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.” (മത്താ. 24:14) ആ വാക്കുകളുടെ നിവൃത്തി, യേശു രാജ്യാധികാരത്തോടെ സാന്നിധ്യവാനാണെന്നു സൂചിപ്പിക്കുന്ന അടയാളത്തിന്റെ ഭാഗമാകുമായിരുന്നു. എന്നാൽ സുപ്രധാനമായ ഒരു ചോദ്യം ഉദിക്കുന്നു: സ്വാർഥതയും സ്നേഹരാഹിത്യവും മതഭക്തിയില്ലായ്മയും മുഖമുദ്രയായുള്ള അവസാനകാലത്ത്, പ്രസംഗിക്കാൻ മനസ്സൊരുക്കത്തോടെ മുന്നോട്ടു വരുന്നവരുടെ ഒരു സൈന്യത്തെ സജ്ജമാക്കാൻ രാജാവിന് എങ്ങനെ കഴിയും? (മത്താ. 24:12; 2 തിമൊ. 3:1-5) അതിന്റെ ഉത്തരം നമ്മൾ അറിഞ്ഞേ തീരൂ. കാരണം എല്ലാ സത്യക്രിസ്ത്യാനികളും ആ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
3. യേശുവിന് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു, അത്രയും ഉറപ്പു തോന്നാനുള്ള കാരണം എന്തായിരുന്നു?
3 യേശുവിന്റെ ആ പ്രാവചനികവാക്കുകളിലേക്ക് ഒന്നുകൂടെ ശ്രദ്ധ തിരിക്കാമോ? “പ്രസംഗിക്കപ്പെടും” എന്ന വാക്കിൽ അതു സംഭവിക്കുമെന്നുള്ള ഉറപ്പു കാണാനാകുന്നില്ലേ? തീർച്ചയായും ഉണ്ട്! തന്നെ പിന്തുണയ്ക്കാൻ അവസാനകാലത്ത് ആളുകൾ മനസ്സൊരുക്കത്തോടെ മുന്നോട്ടു വരുമെന്നു യേശുവിന് ഉറപ്പായിരുന്നു. യേശുവിന് അത്രയും ഉറപ്പു തോന്നാനുള്ള കാരണം എന്തായിരുന്നു? പിതാവിന് ആ ഉറപ്പുണ്ടായിരുന്നു, യേശു അതു കണ്ട് പഠിച്ചു. (യോഹ. 12:45; 14:9) തന്നെ ആരാധിക്കുന്നവർ മനസ്സൊരുക്കത്തോടെ മുന്നോട്ടു വന്ന് കാര്യങ്ങൾ ചെയ്യുമെന്ന് യഹോവയ്ക്ക് ഉറപ്പായിരുന്നു. യഹോവ അവരിൽ വിശ്വാസമർപ്പിക്കുന്നത്, ഭൂമിയിൽ മനുഷ്യനായി ജനിക്കുന്നതിനു മുമ്പുള്ള കാലത്ത് യേശു നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. തനിക്ക് അക്കാര്യത്തിൽ നല്ല ഉറപ്പുണ്ടെന്ന് യഹോവ തെളിയിച്ചിട്ടുള്ളത് എങ്ങനെയാണ്? നമുക്ക് ഇപ്പോൾ അതു നോക്കാം.
“അങ്ങയുടെ ജനം സ്വമനസ്സാലെ മുന്നോട്ടു വരും”
4. ഏതു ജോലിയെ പിന്തുണയ്ക്കാനാണ് യഹോവ ഇസ്രായേല്യരെ ക്ഷണിച്ചത്, അവർ എങ്ങനെ പ്രതികരിച്ചു?
4 ഭാവിയിൽ ഇസ്രായേൽ ജനതയുടെ ആരാധനാകേന്ദ്രമാകുമായിരുന്ന വിശുദ്ധകൂടാരം പണിയാൻ യഹോവ മോശയ്ക്കു നിർദേശം കൊടുത്തപ്പോൾ എന്താണു സംഭവിച്ചതെന്ന് ഓർക്കുന്നുണ്ടോ? ആ ജോലിയെ പിന്തുണയ്ക്കാൻ യഹോവ മോശയിലൂടെ ജനത്തെ മുഴുവൻ ക്ഷണിച്ചു. ‘മനസ്സൊരുക്കമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന കൊണ്ടുവരാൻ’ മോശ അവരോടു പറഞ്ഞു. തുടർന്ന് എന്തുണ്ടായി? ജനം “പിന്നെയും രാവിലെതോറും സ്വമനസ്സാലെയുള്ള കാഴ്ചകൾ . . . കൊണ്ടുവന്നുകൊണ്ടിരുന്നു.” അത് എത്രത്തോളമുണ്ടായിരുന്നു? ‘സാധനങ്ങൾ കൊണ്ടുവരുന്നതു നിറുത്തലാക്കി’ എന്ന വാക്കുകളിൽനിന്ന് മനസ്സിലാകുന്നത്, അത് അത്രയധികമുണ്ടായിരുന്നു എന്നാണ്. (പുറ. 35:5; 36:3, 6) യഹോവ തങ്ങളിൽ അർപ്പിച്ച വിശ്വാസം ഇസ്രായേല്യർ കാത്തു, യഹോവയ്ക്ക് അക്കാര്യം ഉറപ്പായിരുന്നു.
5, 6. സങ്കീർത്തനം 110:1-3 അനുസരിച്ച്, അവസാനകാലത്ത് സത്യാരാധകർ ഏതു മനോഭാവം കാണിക്കുമെന്നാണ് യഹോവയും യേശുവും പ്രതീക്ഷിച്ചത്?
5 എന്നാൽ അവസാനകാലത്ത് ജീവിച്ചിരിക്കുന്ന തന്റെ ആരാധകർ അത്രത്തോളം മനസ്സൊരുക്കം കാണിക്കുമെന്ന് യഹോവ പ്രതീക്ഷിച്ചിരുന്നോ? തീർച്ചയായും! യേശു ഭൂമിയിൽ ജനിക്കുന്നതിനും 1,000-ത്തോളം വർഷങ്ങൾക്കു മുമ്പുതന്നെ, മിശിഹ ഭരണം തുടങ്ങുന്ന സമയത്തെക്കുറിച്ച് എഴുതാൻ യഹോവ ദാവീദിനെ പ്രചോദിപ്പിച്ചിരുന്നു. (സങ്കീർത്തനം 110:1-3 വായിക്കുക.) യേശു രാജാവായി വാഴിക്കപ്പെടുമ്പോൾ, യേശുവിനെ എതിർക്കുന്ന ശത്രുക്കളുണ്ടായിരിക്കുമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തന്നെ പിന്തുണയ്ക്കുന്നവരുടെ ഒരു സൈന്യവും യേശുവിനുണ്ടായിരിക്കുമായിരുന്നു—രാജാവിനെ സേവിക്കാൻ നിർബന്ധം ചെലുത്തേണ്ടതില്ലാത്ത ഒരു സേന! അവരുടെ ഇടയിലെ യുവാക്കൾപോലും സ്വമനസ്സാലെ മുന്നോട്ടു വരുമെന്നു മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവരുടെ എണ്ണമോ? പ്രഭാതസൂര്യൻ ഉദിച്ചുയരുമ്പോൾ നിലത്തെങ്ങും ഒരു പരവതാനിപോലെ കാണപ്പെടുന്ന അസംഖ്യം മഞ്ഞുതുള്ളികളോടാണ് ആ വലിയ ജനസമൂഹത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. a
6 110-ാം സങ്കീർത്തനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം തന്നെ ഉദ്ദേശിച്ചാണെന്നു യേശുവിന് അറിയാമായിരുന്നു. (മത്താ. 22:42-45) അതുകൊണ്ടുതന്നെ, ഭൂമിയിലെങ്ങും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കാൻ സ്വമനസ്സാലെ മുന്നോട്ടു വരുന്ന വിശ്വസ്തരുടെ ഒരു കൂട്ടം തനിക്കു പിന്തുണയേകാനുണ്ടാകുമെന്നു യേശുവിന് ഉറച്ച് വിശ്വസിക്കാമായിരുന്നു. ഇതെക്കുറിച്ച് ചരിത്രത്തിന് എന്താണു പറയാനുള്ളത്? ഈ അവസാനകാലത്ത്, മനസ്സൊരുക്കത്തോടെ പ്രസംഗപ്രവർത്തനം നടത്തുന്നവരുടെ ഒരു സൈന്യത്തെ സജ്ജമാക്കാൻ ആ രാജാവിനു കഴിഞ്ഞിട്ടുണ്ടോ?
“ആ സന്ദേശം അറിയിക്കുന്നത് എന്റെ പദവിയാണ്, എന്റെ കടമയാണ്”
7. തന്റെ അനുഗാമികളെ, അവരുടെ മുന്നിലുള്ള പ്രവർത്തനത്തിനായി ഒരുക്കാൻ രാജാവായി അവരോധിതനായ യേശു എന്തെല്ലാം നടപടികളെടുത്തു?
7 രാജാവായി അവരോധിക്കപ്പെട്ട് അധികം വൈകാതെ യേശു തന്റെ അനുഗാമികളെ, അവരുടെ മുന്നിലുള്ള അതിബൃഹത്തായ പ്രവർത്തനത്തിനായി ഒരുക്കാൻ നടപടികളെടുത്തു. രണ്ടാം അധ്യായത്തിൽ കണ്ടതുപോലെ, 1914 മുതൽ 1919-ന്റെ ആദ്യഭാഗം വരെയുള്ള കാലത്ത് യേശു ഒരു പരിശോധനയും ശുദ്ധീകരണവും നടത്തുകയുണ്ടായി. (മലാ. 3:1-4) തുടർന്ന്, തന്റെ അനുഗാമികൾക്കു നേതൃത്വമെടുക്കാൻ 1919-ൽ വിശ്വസ്തനായ അടിമയെ നിയമിച്ചു. (മത്താ. 24:45) പ്രത്യേകിച്ച് അന്നുമുതൽ ആ അടിമ വിതരണം ചെയ്യുന്ന ആത്മീയഭക്ഷണം, പ്രസംഗപ്രവർത്തനത്തിൽ വ്യക്തിപരമായി ഉൾപ്പെടാൻ എല്ലാ ക്രിസ്ത്യാനികൾക്കും ഉത്തരവാദിത്വമുണ്ടെന്ന കാര്യം വീണ്ടുംവീണ്ടും ഊന്നിപ്പറയാൻ തുടങ്ങി. കൺവെൻഷൻ പ്രസംഗങ്ങളും അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ആയിരുന്നു അതിനായി അടിമ ഉപയോഗിച്ച ഉപാധികൾ.
8-10. കൺവെൻഷനുകൾ പ്രസംഗപ്രവർത്തനത്തിന് ഉത്തേജനം പകർന്നത് എങ്ങനെ? ഉദാഹരണം നൽകുക. (“ പ്രസംഗപ്രവർത്തനത്തിന് ഉത്തേജനം പകർന്ന ചില ആദ്യകാലകൺവെൻഷനുകൾ” എന്ന ചതുരവും കാണുക.)
8 കൺവെൻഷൻ പ്രസംഗങ്ങൾ. നിർദേശങ്ങൾക്കായുള്ള ആകാംക്ഷയോടെ ബൈബിൾവിദ്യാർഥികൾ 1919 സെപ്റ്റംബർ 1 മുതൽ 8 വരെ യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ കൂടിവന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട കൺവെൻഷനായിരുന്നു അത്. രണ്ടാം ദിനം നടത്തിയ ഒരു പ്രസംഗത്തിൽ റഥർഫോർഡ് സഹോദരൻ സദസ്യരോട് ഒരു കാര്യം എടുത്തുപറഞ്ഞു: “ഭൂമിയിൽ ഒരു ക്രിസ്ത്യാനിയുടെ ദൗത്യം . . . കർത്താവിന്റെ രാജ്യത്തെക്കുറിച്ചുള്ള സന്ദേശം പ്രസിദ്ധമാക്കുക എന്നതാണ്.”
9 ആ കൺവെൻഷനിലെ ഏറ്റവും ആവേശജനകമായ പരിപാടി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നു ദിവസത്തിനു ശേഷം റഥർഫോർഡ് സഹോദരൻ നടത്തിയ, “സഹജോലിക്കാരെ അഭിസംബോധന ചെയ്യുന്നു” എന്ന പ്രസംഗമായിരുന്നു അത്. പിന്നീട് ആ പ്രസംഗം, “രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന പേരിൽ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “പലപ്പോഴും ചിന്തയിലാണ്ടിരിക്കുമ്പോൾ ഒരു ക്രിസ്ത്യാനി സ്വാഭാവികമായും സ്വയം ഇങ്ങനെ ചോദിച്ചുപോകും: ‘ഈ ഭൂമിയിലെ എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?’ അതിന്റെ ഉത്തരം ഇതായിരിക്കണം: അനുരഞ്ജനപ്പെടാനുള്ള ദൈവത്തിന്റെ സന്ദേശം ലോകത്തെ അറിയിക്കാനുള്ള സ്ഥാനപതിയായി തിരുകൃപയാൽ കർത്താവ് എന്നെ നിയമിച്ചിരിക്കുകയാണ്. അതുകൊണ്ട്, ആ സന്ദേശം അറിയിക്കുക എന്നതാണ് എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യം. അത് എന്റെ പദവിയാണ്, എന്റെ കടമയാണ്.”
10 ചരിത്രപ്രധാനമായ ആ പ്രസംഗത്തിൽ റഥർഫോർഡ് സഹോദരൻ ഒരു കാര്യം പ്രഖ്യാപിച്ചു: മനുഷ്യസമൂഹത്തിന്റെ ഒരേ ഒരു പ്രത്യാശയാണു ദൈവരാജ്യമെന്ന് ആളുകളെ അറിയിക്കാൻ ഉപകരിക്കുന്ന സുവർണയുഗം (ഇന്ന് ഉണരുക! എന്ന് അറിയപ്പെടുന്നു.) എന്ന പുതിയൊരു മാസിക പ്രസിദ്ധീകരിക്കാൻപോകുന്നു. അത് അറിയിച്ചശേഷം, ആ മാസിക വിതരണം ചെയ്യുന്നതിൽ പങ്കെടുക്കാൻ സദസ്യരിൽ എത്ര പേർക്ക് ആഗ്രഹമുണ്ട് എന്ന് അദ്ദേഹം ചോദിച്ചു. ആ കൺവെൻഷനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പറയുന്നു: “അതൊരു കോരിത്തരിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആ ചോദ്യത്തിനുള്ള പ്രതികരണമായി ആറായിരം പേർ ഒന്നിച്ച് എഴുന്നേറ്റു.” b അതെ, ദൈവരാജ്യത്തിന്റെ രാജാവിനെ പിന്തുണയ്ക്കാനായി മനസ്സോടെ മുന്നോട്ടു വരാൻ ആളുകളുണ്ടായിരുന്നു. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനുള്ള ആവേശമായിരുന്നു അവർക്കെല്ലാം!
11, 12. യേശു മുൻകൂട്ടിപ്പറഞ്ഞ പ്രവർത്തനം എപ്പോൾ നടക്കുമെന്നാണ് 1920-ലെ വീക്ഷാഗോപുരം പറഞ്ഞത്?
11 അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ. യേശു മുൻകൂട്ടിപ്പറഞ്ഞ പ്രവർത്തനത്തിന്റെ ഗൗരവം, അതായത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതിന്റെ പ്രാധാന്യം, വീക്ഷാഗോപുരലേഖനങ്ങൾ കൂടുതൽക്കൂടുതൽ വ്യക്തമാക്കിത്തന്നു. 1920-കളുടെ തുടക്കത്തിൽനിന്നുള്ള ചില ഉദാഹരണങ്ങൾ നോക്കാം.
12 മത്തായി 24:14-ലെ പ്രവചനത്തിന്റെ നിവൃത്തിയായി ഏതു സന്ദേശമായിരിക്കും ആളുകളെ അറിയിക്കുക? എപ്പോഴായിരിക്കും ആ പ്രവർത്തനം നടക്കുക? ഘോഷിക്കാൻപോകുന്ന സന്ദേശം ഏതാണെന്ന് 1920 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം” എന്ന ലേഖനം വിശദീകരിച്ചു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “പഴയ ക്രമം (അഥവാ വ്യവസ്ഥിതി) അവസാനിക്കുന്നതിനെക്കുറിച്ചും മിശിഹൈകരാജ്യം സ്ഥാപിതമാകുന്നതിനെക്കുറിച്ചും ഉള്ള കാര്യങ്ങളാണ് ആ സന്തോഷവാർത്ത.” ആ സന്ദേശം എപ്പോഴായിരിക്കും അറിയിക്കുകയെന്നും ആ ലേഖനം വ്യക്തമാക്കി. അത് ഇങ്ങനെ പറഞ്ഞു: “മഹായുദ്ധത്തിനും (ഒന്നാം ലോകമഹായുദ്ധത്തിനും) ‘മഹാകഷ്ടതയ്ക്കും’ ഇടയ്ക്കുള്ള സമയത്താണ് ഈ സന്ദേശം അറിയിക്കേണ്ടത്.” അതുകൊണ്ടുതന്നെ, “ഈ സന്തോഷവാർത്ത ക്രൈസ്തവലോകത്തിലെങ്ങും വ്യാപകമായി ഘോഷിക്കേണ്ട സമയം . . . ഇപ്പോഴാണ്” എന്നും ആ ലേഖനം വ്യക്തമാക്കി.
13. 1921-ലെ വീക്ഷാഗോപുരം അഭിഷിക്തക്രിസ്ത്യാനികളുടെ മനസ്സൊരുക്കത്തെ പ്രചോദിപ്പിച്ചത് എങ്ങനെ?
13 യേശു മുൻകൂട്ടിപ്പറഞ്ഞ ആ പ്രവർത്തനം ചെയ്യാൻ ദൈവജനത്തെ നിർബന്ധിക്കേണ്ടിവരുമായിരുന്നോ? ഇല്ല. 1921 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെട്ട, “നല്ല ധൈര്യമുള്ളവരായിരിക്കുക” എന്നൊരു ലേഖനം അഭിഷിക്തക്രിസ്ത്യാനികളുടെ മനസ്സൊരുക്കത്തെ പ്രചോദിപ്പിക്കുന്നതായിരുന്നു. ഓരോരുത്തരും മനസ്സിൽ ഇങ്ങനെ ചോദിക്കാൻ ആ ലേഖനം പ്രോത്സാഹിപ്പിച്ചു: “ഈ പ്രവർത്തനത്തിൽ പങ്കെടുക്കുകയെന്നത് എന്റെ ഏറ്റവും വലിയ പദവിയല്ലേ, എന്റെ കടമയല്ലേ?” ആ ലേഖനം ഇങ്ങനെയും പറഞ്ഞു: “(ആ പ്രവർത്തനത്തിൽ പങ്കെടുക്കുകയെന്നത് ഒരു പദവിയായി) കണ്ടാൽ നിങ്ങൾ യിരെമ്യയെപ്പോലെയാകുമെന്നു ഞങ്ങൾക്ക് ഉറപ്പാണ്. കർത്താവിന്റെ വചനം സ്വന്തം ഹൃദയത്തിൽ, “അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെ” അനുഭവപ്പെട്ടയാളാണു യിരെമ്യ. അതു നൽകിയ പ്രചോദനം നിമിത്തം യിരെമ്യക്ക് അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാനായില്ല.” (യിരെ. 20:9) എത്ര ഊഷ്മളമായ ഒരു പ്രോത്സാഹനം! ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവരിൽ യഹോവയും യേശുവും അർപ്പിക്കുന്ന വിശ്വാസം, ആ ഉറപ്പ്, നിങ്ങൾക്ക് അതിൽ കാണാനാകുന്നില്ലേ?
14, 15. മറ്റുള്ളവരുടെ അടുക്കൽ ദൈവരാജ്യസന്ദേശം ഏതു വിധത്തിൽ എത്തിക്കാനാണ് 1922-ലെ വീക്ഷാഗോപുരം അഭിഷിക്തക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത്?
14 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം സത്യക്രിസ്ത്യാനികൾ മറ്റുള്ളവരെ എങ്ങനെ അറിയിക്കണമായിരുന്നു? 1922 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന, “സേവനം അനിവാര്യം” എന്ന ഹ്രസ്വവും അതേ സമയം അതിശക്തവും ആയ ലേഖനം അഭിഷിക്തക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “അച്ചടിച്ച സന്ദേശം ഉത്സാഹത്തോടെ ആളുകളുടെ കൈയിൽ എത്തിക്കുക. ആളുകളെ വീടുകളിൽ ചെന്ന് കണ്ട് സംസാരിക്കുക. അങ്ങനെ, ദൈവരാജ്യം തൊട്ടടുത്ത് എത്തിയെന്ന കാര്യം അവരെ അറിയിക്കുക.”
15 ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം അറിയിക്കുന്നതാണു ഭൂമിയിൽ ഒരു ക്രിസ്ത്യാനിക്കുള്ള പദവിയും കടമയും എന്ന കാര്യം 1919 മുതൽ തന്റെ വിശ്വസ്തനും വിവേകിയും ആയ അടിമയെ ഉപയോഗിച്ച് ക്രിസ്തു ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്നു വ്യക്തമാണ്. എന്നാൽ, ദൈവരാജ്യത്തെക്കുറിച്ച് ഘോഷിക്കാനുള്ള പ്രോത്സാഹനത്തോട് ആദ്യകാല ബൈബിൾവിദ്യാർഥികൾ എങ്ങനെയാണു പ്രതികരിച്ചത്?
“വിശ്വസ്തർ സ്വമനസ്സാലെ മുന്നോട്ടു വന്നിരിക്കും”
16. എല്ലാവരും ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന ആശയത്തോട്, തിരഞ്ഞെടുക്കപ്പെട്ട മൂപ്പന്മാരിൽ ചിലർ പ്രതികരിച്ചത് എങ്ങനെ?
16 എല്ലാ അഭിഷിക്തക്രിസ്ത്യാനികളും ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന ആശയത്തെ 1920-കളിലും 1930-കളിലും ചിലരൊക്കെ എതിർത്തു. അതെക്കുറിച്ച് 1927 നവംബർ 1 ലക്കം വീക്ഷാഗോപുരം പറയുന്നു: “ഇന്നു നമ്മുടെ സഭയിൽ മൂപ്പൻ എന്ന ഉത്തരവാദിത്വസ്ഥാനം വഹിക്കുന്ന ചിലർക്ക് . . . ശുശ്രൂഷയ്ക്കു പോകാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സില്ല. ഇനി, ആ മൂപ്പന്മാർതന്നെയും ശുശ്രൂഷയ്ക്കു പോകാൻ വിസമ്മതിക്കുന്നു. . . . ദൈവത്തിന്റെയും ദൈവം നിയോഗിച്ച രാജാവിന്റെയും ദൈവരാജ്യത്തിന്റെയും സന്ദേശം ആളുകളുടെ അടുത്ത് എത്തിക്കാൻ വീടുതോറും പോകുന്നതിനോട് അവർക്കു പുച്ഛമാണ്.” ആ ലേഖനം ഒരു കാര്യം വ്യക്തമായി പറഞ്ഞു: “വിശ്വസ്തരായവരേ, നിങ്ങൾ ഇനി അത്തരക്കാരെ പ്രത്യേകം ശ്രദ്ധിക്കണം, അവരെ ഒഴിവാക്കണം. ഇനിമേൽ അത്തരം പുരുഷന്മാരെ ഒരു മൂപ്പന്റെ സ്ഥാനം വഹിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന കാര്യം നിങ്ങൾ അവരോടു പറയാനുള്ള സമയമായി.” c
17, 18. വിശ്വസ്തനായ അടിമയിൽനിന്നുള്ള നിർദേശങ്ങളോടു സഭകളിലുള്ള മിക്കവരും എങ്ങനെ പ്രതികരിച്ചു, കഴിഞ്ഞ 100 വർഷക്കാലം ദശലക്ഷങ്ങൾ അതിനോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
17 വിശ്വസ്തനായ അടിമയിൽനിന്നുള്ള നിർദേശങ്ങളോടു സഭകളിലുള്ള മിക്കവരും ആവേശത്തോടെ പ്രതികരിച്ചു എന്നതാണു സന്തോഷകരമായ കാര്യം. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നത് ഒരു പദവിയായി അവർ കണ്ടു. അതെക്കുറിച്ച് 1926 മാർച്ച് 15 ലക്കം വീക്ഷാഗോപുരം അഭിപ്രായപ്പെട്ടത്, “ആളുകളോട് ഈ സന്ദേശം പറയാൻ . . . വിശ്വസ്തർ സ്വമനസ്സാലെ മുന്നോട്ടു വന്നിരിക്കും” എന്നാണ്. സങ്കീർത്തനം 110:3-ലെ വാക്കുകൾ നിറവേറ്റിയ വിശ്വസ്തരായ അക്കൂട്ടർ, മിശിഹൈകരാജാവിനെ മനസ്സൊരുക്കത്തോടെ പിന്തുണയ്ക്കുന്നവരാണു തങ്ങളെന്നു തെളിയിച്ചുകാണിച്ചു.
18 കഴിഞ്ഞ 100 വർഷക്കാലം, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം അറിയിക്കാൻ ദശലക്ഷങ്ങളാണു തങ്ങളെത്തന്നെ മനസ്സോടെ വിട്ടുകൊടുത്തിരിക്കുന്നത്. ഇനിയുള്ള ചില അധ്യായങ്ങളിൽ, അവർ എങ്ങനെ പ്രസംഗിച്ചു എന്നതിനെക്കുറിച്ച് നമ്മൾ പഠിക്കും. അവർ ഉപയോഗിച്ച രീതികളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അപ്പോൾ നമ്മൾ മനസ്സിലാക്കും. ആ പ്രവർത്തനത്തിന്റെ ഫലം എന്താണ് എന്നും നമ്മൾ ചർച്ച ചെയ്യുന്നതായിരിക്കും. എന്നാൽ, ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഖമുദ്രയായ ഈ ലോകത്തിലും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ ദശലക്ഷങ്ങൾ സ്വമനസ്സാലെ മുന്നോട്ടു വന്നിരിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനുള്ള ഉത്തരം നമുക്ക് ആദ്യം നോക്കാം. അതിന്റെ കാരണത്തെക്കുറിച്ച് പഠിക്കുമ്പോൾ, ‘ഞാൻ എന്തുകൊണ്ടാണു മറ്റുള്ളവരോടു സന്തോഷവാർത്ത പങ്കുവെക്കുന്നത്’ എന്ന ചോദ്യം നമ്മൾ സ്വയം ചോദിക്കുന്നതു നല്ലതാണ്.
‘ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക’
19. ‘ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനുള്ള’ യേശുവിന്റെ ഉപദേശം നമ്മൾ അനുസരിക്കുന്നത് എന്തുകൊണ്ടാണ്?
19 ‘ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാൻ’ യേശു തന്റെ അനുഗാമികളെ ഉപദേശിച്ചു. (മത്താ. 6:33) നമ്മൾ ആ ഉപദേശം അനുസരിക്കുന്നതിന്റെ കാരണം എന്താണ്? ലളിതമായി പറഞ്ഞാൽ, ദൈവരാജ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, അതായത് ദൈവോദ്ദേശ്യത്തിൽ അതിനുള്ള പ്രമുഖസ്ഥാനത്തെക്കുറിച്ച്, നമുക്ക് അറിയാം. കഴിഞ്ഞ അധ്യായത്തിൽ കണ്ടതുപോലെ, പരിശുദ്ധാത്മാവ് പടിപടിയായി ദൈവരാജ്യത്തെക്കുറിച്ചുള്ള ആവേശജനകമായ സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു. അമൂല്യമായ രാജ്യസത്യം നമ്മുടെ ഹൃദയത്തെ സ്പർശിക്കുമ്പോൾ ആ രാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ നമുക്കു പ്രചോദനം തോന്നുന്നു.
20. ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനുള്ള യേശുവിന്റെ ഉപദേശത്തോടു യേശുവിന്റെ അനുഗാമികൾ എങ്ങനെ പ്രതികരിക്കുമെന്നാണു മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചുള്ള ദൃഷ്ടാന്തം സൂചിപ്പിച്ചത്?
20 ദൈവരാജ്യത്തിന് എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാനുള്ള ഉപദേശത്തോടു തന്റെ അനുഗാമികൾ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നു യേശുവിന് അറിയാമായിരുന്നു. മറഞ്ഞിരിക്കുന്ന നിധിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം നോക്കൂ. (മത്തായി 13:44 വായിക്കുക.) ആ ദൃഷ്ടാന്തത്തിലെ കൂലിപ്പണിക്കാരൻ പതിവുജോലിക്കിടെ, മറഞ്ഞിരിക്കുന്ന ഒരു നിധി യാദൃച്ഛികമായി കാണുന്നു. പെട്ടെന്ന് അതിന്റെ മൂല്യം തിരിച്ചറിഞ്ഞ അയാൾ എന്താണു ചെയ്തത്? അയാൾ “സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.” എന്താണു നമുക്കുള്ള പാഠം? ഒരിക്കൽ രാജ്യസത്യം കണ്ടെത്തി അതിന്റെ മൂല്യം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ എന്തു ത്യാഗം ചെയ്തും രാജ്യതാത്പര്യങ്ങൾക്ക് അത് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാൻ, അതായത് അതിനു നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കാൻ, നമുക്കു സന്തോഷമായിരിക്കും. d
21, 22. ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നവർ, തങ്ങൾ ആ രാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്നു തെളിയിക്കുന്നത് എങ്ങനെ? ഉദാഹരണം നൽകുക.
21 ദൈവരാജ്യത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവർ, തങ്ങൾ അതിന് ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്നു പറയുന്നവർ മാത്രമല്ല, അതു പ്രവൃത്തികളിലൂടെ തെളിയിക്കുന്നവരുമാണ്. തങ്ങളുടെ പ്രാപ്തികളും വസ്തുവകകളും ജീവിതംതന്നെയും അവർ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനായി ഉഴിഞ്ഞുവെക്കുന്നു. മുഴുസമയശുശ്രൂഷ ചെയ്യാനായി പലരും വലിയ ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. പ്രസംഗിക്കാനായി മനസ്സൊരുക്കത്തോടെ മുന്നോട്ടു വന്ന അവരെല്ലാം ഒരു കാര്യം സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്: ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവരെ യഹോവ അനുഗ്രഹിക്കുമെന്ന കാര്യം! വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു അനുഭവം നോക്കാം.
22 1920-കളുടെ ഒടുവിൽ ഐക്യനാടുകളുടെ തെക്കൻ ഭാഗത്ത് കോൽപോർട്ടർസേവനം (മുൻനിരസേവനം) തുടങ്ങിയവരാണ് എയ്വറി ബ്രിസ്റ്റോയും ലൊവിന്യ ബ്രിസ്റ്റോയും. വർഷങ്ങൾക്കു ശേഷം ലൊവിന്യ ഓർക്കുന്നു: “എയ്വറിയും ഞാനും ഒന്നിച്ച് മുൻനിരസേവനം ചെയ്ത ആ വർഷങ്ങൾ, സന്തോഷം നിറഞ്ഞ ഒരു കാലമായിരുന്നു അത്! പക്ഷേ പെട്രോൾ അടിക്കാനും പലചരക്കു വാങ്ങാനും വേണ്ട പണത്തിന് എന്തു ചെയ്യും എന്നു ചിന്തിച്ചുപോയ ധാരാളം സാഹചര്യങ്ങളുണ്ട്. എന്നാൽ യഹോവ എപ്പോഴും ഏതെങ്കിലുമൊക്കെ വിധത്തിൽ ഞങ്ങൾക്കുവേണ്ടി കരുതി. ഞങ്ങൾ ഒരിക്കലും മുൻനിരസേവനം നിറുത്തിയില്ല. ഓരോ സാഹചര്യത്തിലും ശരിക്കും ആവശ്യമായിരുന്നതെല്ലാം ഞങ്ങൾക്കു കിട്ടിക്കൊണ്ടിരുന്നു.” ഫ്ളോറിഡയിലെ പെൻസക്കോളയിൽ സേവിച്ചിരുന്നപ്പോഴത്തെ ഒരു സംഭവം ലൊവിന്യയുടെ മനസ്സിലുണ്ട്. ഒരിക്കൽ അവരുടെ കൈയിൽ പണം തീരെയില്ലാത്ത ഒരു സമയം വന്നു, ഭക്ഷണസാധനങ്ങളും തീരാറായിരുന്നു. അന്ന് അവർ വീടായി ഉപയോഗിച്ചിരുന്ന വണ്ടിയുടെ അടുത്ത് മടങ്ങിയെത്തിയപ്പോൾ അവിടെ അതാ രണ്ടു വലിയ സഞ്ചി നിറയെ പലചരക്കുസാധനങ്ങൾ! കൂടെയൊരു കുറിപ്പും: “സ്നേഹപൂർവം, പെൻസക്കോള കമ്പനി.” e പതിറ്റാണ്ടുകൾ നീണ്ട മുഴുസമയസേവനത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ലൊവിന്യക്കു പറയാനുള്ളത് ഇതാണ്: “യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിക്കില്ല. നമ്മൾ യഹോവയിൽ അർപ്പിക്കുന്ന വിശ്വാസം യഹോവ എന്നും കാക്കും.”
23. നിങ്ങൾ കണ്ടെത്തിയ രാജ്യസത്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു, എന്താണു നിങ്ങളുടെ ഉറച്ച തീരുമാനം?
23 നമുക്ക് എല്ലാവർക്കും ഒരേ അളവിൽ പ്രസംഗപ്രവർത്തനം നടത്താനാകില്ല. കാരണം നമ്മുടെ ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാൽ മുഴുദേഹിയോടെ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക എന്നത് ഒരു പദവിയായി നമുക്കെല്ലാം കാണാം. (കൊലോ. 3:23) നമ്മൾ കണ്ടെത്തിയ അമൂല്യമായ രാജ്യസത്യത്തെ വളരെയേറെ വിലമതിക്കുന്നതുകൊണ്ട് ഇക്കാര്യത്തിൽ ഏതു ത്യാഗം ചെയ്തും കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ നമുക്കു മനസ്സാണ്. വാസ്തവത്തിൽ, നമ്മൾ അതിനായി താത്പര്യത്തോടെ നോക്കിയിരിക്കുകയാണ്. അതുതന്നെയല്ലേ നിങ്ങളുടെയും ഉറച്ച തീരുമാനം?
24. അവസാനനാളുകളിൽ ദൈവരാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഏതാണ്?
24 അതെ, മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ പ്രവചനത്തിലെ വാക്കുകൾ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ദൈവരാജ്യത്തിന്റെ രാജാവ് നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിനായി ആ രാജാവ് ആരെയും നിർബന്ധിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. സ്വാർഥത നിറഞ്ഞ ഈ ലോകത്തിൽനിന്ന് പുറത്ത് വന്ന അദ്ദേഹത്തിന്റെ അനുഗാമികൾ സന്തോഷവാർത്തയെക്കുറിച്ച് പ്രസംഗിക്കാൻ മനസ്സൊരുക്കത്തോടെ തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നു. യേശു രാജ്യാധികാരത്തോടെ സാന്നിധ്യവാനാണെന്നു തെളിയിക്കുന്ന അടയാളത്തിന്റെ ഭാഗമാണ് അവർ ഭൂമിയിലെങ്ങും നടത്തുന്ന പ്രസംഗപ്രവർത്തനം. ഈ അവസാനനാളുകളിൽ ദൈവരാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നും അതുതന്നെ!
a ബൈബിളിൽ മഞ്ഞുതുള്ളികളെ, എണ്ണത്തിലെ പെരുപ്പവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.—ഉൽപ. 27:28; മീഖ 5:7.
b വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക് (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം പറയുന്നു: “സുവർണയുഗം ഉപയോഗിച്ച് വീടുതോറും ദൈവരാജ്യത്തെക്കുറിച്ച് അറിയിക്കുന്ന ഒരു പ്രചാരണപരിപാടിയാണ് ഉദ്ദേശിക്കുന്നത്. . . . ആളുകൾ ഈ മാസികയുടെ വരിക്കാരായാലും ഇല്ലെങ്കിലും ഓരോ വീട്ടിലും സന്ദേശം അറിയിച്ചുകഴിയുമ്പോൾ സുവർണയുഗത്തിന്റെ ഒരു പ്രതി അവർക്കു കൊടുക്കണം.” പിന്നീടു വർഷങ്ങളോളം സുവർണയുഗത്തിന്റെയും വീക്ഷാഗോപുരത്തിന്റെയും വരിക്കാരാകാൻ സഹോദരങ്ങൾ ആളുകളെ പ്രോത്സാഹിപ്പിച്ചു. 1940 ഫെബ്രുവരി 1 മുതൽ, ഈ മാസികകളുടെ ഒറ്റപ്രതികൾ വിതരണം ചെയ്യാനും അതു റിപ്പോർട്ട് ചെയ്യാനും യഹോവയുടെ ജനത്തിനു നിർദേശം കിട്ടി.
c സഭ ജനാധിപത്യപരമായി മൂപ്പന്മാരെ തെരഞ്ഞെടുക്കുന്നതായിരുന്നു അക്കാലത്തെ രീതി. അതുകൊണ്ടുതന്നെ ശുശ്രൂഷയ്ക്കു പോകാൻ വിസമ്മതിക്കുന്നവർക്കു വോട്ട് കൊടുക്കാതിരിക്കാൻ സഭയ്ക്കാകുമായിരുന്നു. മൂപ്പന്മാരെ ദിവ്യാധിപത്യപരമായി തെരഞ്ഞെടുക്കാൻ തുടങ്ങിയതിനെക്കുറിച്ച് 12-ാം അധ്യായത്തിൽ ചർച്ച ചെയ്യും.
d വിലയേറിയ മുത്തു തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലൂടെയും യേശു സമാനമായൊരു കാര്യം അവതരിപ്പിച്ചു. അതു കണ്ടെത്തിയപ്പോൾ അയാൾ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു. (മത്താ. 13:45, 46) ഈ രണ്ടു ദൃഷ്ടാന്തങ്ങൾ മറ്റൊരു കാര്യംകൂടെ നമ്മളെ പഠിപ്പിക്കുന്നു: പല വിധത്തിലായിരിക്കാം നമ്മൾ രാജ്യസത്യത്തെക്കുറിച്ച് അറിയുന്നത്. ചിലർക്ക് അത് അവിചാരിതമായി കിട്ടുന്നു, മറ്റു ചിലർ അത് അന്വേഷിച്ച് കണ്ടെത്തുന്നു. എന്നാൽ, നമ്മൾ സത്യം കണ്ടെത്തിയ വിധം ഏതായാലും ദൈവരാജ്യത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനായി ത്യാഗങ്ങൾ ചെയ്യാൻ തയ്യാറാണു നമ്മൾ.
e സഭകളെ അന്നു കമ്പനികൾ എന്നാണു വിളിച്ചിരുന്നത്.