വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 11

കല്യാ​ണ​ത്തി​നു ശേഷം

കല്യാ​ണ​ത്തി​നു ശേഷം

“സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല.”​—1 കൊരി​ന്ത്യർ 13:8.

1, 2. വിവാ​ഹ​ജീ​വി​ത​ത്തി​ലെ പ്രശ്‌നങ്ങൾ വിവാഹം ഒരു പരാജ​യ​മാ​ണെന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

 വിവാഹം യഹോ​വ​യു​ടെ ഒരു സമ്മാന​മാണ്‌. അതിന്‌ ഒരാളു​ടെ ജീവി​തത്തെ സന്തോ​ഷ​പ്ര​ദ​മാ​ക്കാൻ കഴിയും. എങ്കിലും എല്ലാ വിവാ​ഹ​ത്തി​നും അതി​ന്റേ​തായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും. ഒന്നിനു പുറകെ ഒന്നായി പ്രശ്‌നങ്ങൾ വരുക​യാ​ണ​ല്ലോ എന്നു ചില ദമ്പതികൾ ചിന്തി​ച്ചേ​ക്കാം. അതു​കൊണ്ട്‌ അവർ തമ്മിൽ അകന്നു​പോ​കു​ന്ന​താ​യും അവർക്കു തോന്നി​യേ​ക്കാം.

2 നമ്മുടെ വിവാ​ഹ​ജീ​വി​ത​ത്തി​ലും ഇടയ്‌ക്കി​ടെ പ്രശ്‌നങ്ങൾ ഉണ്ടാകു​ന്നെ​ങ്കിൽ അതിശ​യി​ക്കേ​ണ്ട​തില്ല. പ്രശ്‌നങ്ങൾ ഉണ്ട്‌ എന്നത്‌ വിവാഹം ഒരു പരാജ​യ​മാ​ണെന്ന്‌ അർഥമാ​ക്കു​ന്നില്ല. വളരെ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി​രുന്ന ദമ്പതി​കൾപോ​ലും അവരുടെ ബന്ധത്തി​നേറ്റ വിള്ളലു​കൾ അടയ്‌ക്കാ​നും ആ ബന്ധം ശക്തമാ​ക്കാ​നും ഉള്ള വഴികൾ കണ്ടെത്തി​യി​ട്ടുണ്ട്‌. എങ്ങനെ?

ദൈവ​ത്തോ​ടും പരസ്‌പ​ര​വും അടുക്കാൻ

3, 4. വിവാ​ഹ​ജീ​വി​ത​ത്തിൽ ചില​പ്പോ​ഴൊ​ക്കെ എന്തു സംഭവി​ച്ചേ​ക്കാം?

3 വിവാഹം രണ്ടു വ്യക്തി​കളെ കൂട്ടി​ച്ചേർക്കു​ന്നു. അവരുടെ ഇഷ്ടാനി​ഷ്ട​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും അവർ കാര്യങ്ങൾ ചെയ്യുന്ന വിധവും വ്യത്യസ്‌ത​മാ​യി​രി​ക്കും. അവർ വ്യത്യസ്‌ത പശ്ചാത്ത​ല​ത്തിൽനി​ന്നോ സംസ്‌കാ​ര​ത്തിൽനി​ന്നോ വന്നവരും ആയിരി​ക്കാം. പരസ്‌പരം നന്നായി അറിയാ​നും മനസ്സി​ലാ​ക്കാ​നും അവർക്കു സമയവും ശ്രമവും വേണ്ടി​വ​രും.

4 സമയം കടന്നു​പോ​കു​മ്പോൾ ദമ്പതികൾ അവരവ​രു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ മുഴുകി പരസ്‌പരം അകന്നു​പോ​യേ​ക്കാം. അവർ ഒറ്റയ്‌ക്കൊ​റ്റയ്‌ക്കു ജീവി​ക്കു​ന്ന​തു​പോ​ലെ​യാ​യേ​ക്കാം. പരസ്‌പരം അടുക്കാൻ അവരെ എന്തു സഹായി​ക്കും?

നല്ല വിവാ​ഹ​ജീ​വി​ത​ത്തി​നു ബൈബി​ളി​ന്റെ ഉപദേശം ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താണ്‌

5. (എ) ഇണയോട്‌ അടുക്കാൻ ഒരു ക്രിസ്‌ത്യാ​നി​യെ എന്തു സഹായി​ക്കും? (ബി) എബ്രായർ 13:4 അനുസ​രിച്ച്‌ വിവാ​ഹത്തെ നമ്മൾ എങ്ങനെ കാണണം?

5 നിങ്ങൾക്കും നിങ്ങളു​ടെ ഇണയ്‌ക്കും യഹോ​വ​യോട്‌ അടുക്കാ​നും പരസ്‌പരം അടുക്കാ​നും വേണ്ട ഉത്തമമായ ഉപദേശം യഹോവ തരുന്നു. (സങ്കീർത്തനം 25:4; യശയ്യ 48:17, 18) “വിവാ​ഹത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം” എന്ന്‌ യഹോവ നമ്മളോ​ടു പറയുന്നു. (എബ്രായർ 13:4) നിങ്ങൾ ആദരണീ​യ​മാ​യി കാണുന്ന ഒരു കാര്യം നിങ്ങൾക്ക്‌ വില​യേ​റി​യ​തും അമൂല്യ​വും ആയിരി​ക്കും. നിങ്ങൾ അതു നിസ്സാ​ര​മാ​യി കാണാതെ അതു കാത്തു​സൂ​ക്ഷി​ക്കും. വിവാ​ഹത്തെ നമ്മൾ അങ്ങനെ കാണാ​നാണ്‌ യഹോ​വ​യും ആഗ്രഹി​ക്കു​ന്നത്‌.

യഹോ​വ​യോ​ടുള്ള സ്‌നേഹം വിവാഹത്തിന്‌ പ്രധാനം

6. യഹോവ വിവാ​ഹത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നതി​നെ​ക്കു​റിച്ച്‌ മത്തായി 19:4-6 എന്തു പറയുന്നു?

6 യഹോ​വ​യാണ്‌ ആദ്യത്തെ വിവാഹം നടത്തി​യത്‌. യഹോ​വ​യു​ടെ മകനായ യേശു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടി​ച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടി​ച്ചെ​ന്നും ‘അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും’ എന്നു പറഞ്ഞെ​ന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ? അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌. അതു​കൊണ്ട്‌ ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.” (മത്തായി 19:4-6) വിവാ​ഹ​ബന്ധം എന്നും നിലനിൽക്കുന്ന ഒന്നായി​രി​ക്കാ​നാ​ണു തുടക്കം​മു​തലേ യഹോവ ഉദ്ദേശി​ച്ചത്‌. കുടും​ബ​ങ്ങ​ളിൽ സന്തോ​ഷ​വും അടുപ്പ​വും ഉണ്ടായി​രി​ക്കാ​നും അങ്ങനെ ഒരുമി​ച്ചുള്ള ജീവിതം അവർ ആസ്വദി​ക്കാ​നും ആണ്‌ യഹോവ ആഗ്രഹി​ച്ചത്‌.

7. ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ എങ്ങനെ അവരുടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ കഴിയും?

7 എങ്കിലും ദമ്പതികൾ ഇന്നു മുമ്പെ​ന്ന​ത്തെ​ക്കാ​ളും അധികം സമ്മർദ​വും പിരി​മു​റു​ക്ക​വും അനുഭ​വി​ക്കു​ന്നു. ചില​പ്പോൾ സമ്മർദം വളരെ വലുതാ​യി​രി​ക്കും. അത്തരം സാഹച​ര്യ​ങ്ങ​ളിൽ വിവാ​ഹ​ബന്ധം തുടർന്നു​കൊ​ണ്ടു​പോ​കാൻ പറ്റി​ല്ലെന്നു വിചാ​രിച്ച്‌ ആളുകൾ അതിനുള്ള ശ്രമം ഉപേക്ഷി​ക്കു​ന്നു. എന്നാൽ വിവാ​ഹത്തെ യഹോവ എങ്ങനെ കാണുന്നു എന്നു മനസ്സി​ലാ​ക്കു​ന്നതു നമുക്കു സഹായ​മാ​യി​രു​ന്നേ​ക്കാം.​—1 യോഹ​ന്നാൻ 5:3.

8, 9. (എ) വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ മാർഗ​നിർദേശം നമ്മൾ എപ്പോൾ അനുസ​രി​ക്കണം? (ബി) വിവാഹം നമുക്ക്‌ അമൂല്യ​മാ​ണെന്ന്‌ എങ്ങനെ കാണി​ക്കാം?

8 യഹോ​വ​യു​ടെ മാർഗ​നിർദേശം എപ്പോ​ഴും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താണ്‌. നമ്മൾ കണ്ടതു​പോ​ലെ യഹോവ ഈ ഉപദേശം തരുന്നു: “വിവാ​ഹത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം.” (എബ്രായർ 13:4; സഭാ​പ്ര​സം​ഗകൻ 5:4) ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മ്പോൾപ്പോ​ലും യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നതു തീർച്ച​യാ​യും നമുക്കു പ്രയോ​ജനം ചെയ്യും.​—1 തെസ്സ​ലോ​നി​ക്യർ 1:3; എബ്രായർ 6:10.

9 വിവാഹം നമുക്ക്‌ അമൂല്യ​മാ​യ​തു​കൊണ്ട്‌ അതിനു കോട്ടം വരുത്തു​ന്ന​തൊ​ന്നും നമ്മൾ പറയാ​നോ പ്രവർത്തി​ക്കാ​നോ ആഗ്രഹി​ക്കില്ല. പകരം ഇണയു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ നമ്മൾ ശ്രമി​ക്കും. അത്‌ എങ്ങനെ ചെയ്യാം?

വാക്കി​ലും പ്രവൃ​ത്തി​യി​ലും വിവാഹത്തോട്‌ ആദരവ്‌ കാണി​ക്കു​ക

10, 11. (എ) ചില ദമ്പതി​കൾക്കി​ട​യിൽ ഗുരു​ത​ര​മായ ഏതു പ്രശ്‌ന​മുണ്ട്‌? (ബി) ഇണയോ​ടു നമ്മൾ സംസാ​രി​ക്കുന്ന വിധം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

10 പല വിധങ്ങ​ളിൽ ഒരാൾ ഇണയെ വേദനി​പ്പി​ച്ചേ​ക്കാം. ഒരു ക്രിസ്‌ത്യാ​നി ഇണയെ ഉപദ്ര​വി​ക്കാൻ പാടി​ല്ലെന്നു നമുക്ക്‌ അറിയാം. എന്നാൽ നമ്മൾ ചില​പ്പോൾ വാക്കു​കൾകൊണ്ട്‌ ഇണയെ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. വാക്കുകൾ ആയുധ​ങ്ങ​ളാ​യി മാറി​യേ​ക്കാം. ഒരു സ്‌ത്രീ പറഞ്ഞു: “എന്റെ ഭർത്താവ്‌ എന്നെ വാക്കു​കൾകൊണ്ട്‌ മുറി​പ്പെ​ടു​ത്താ​റുണ്ട്‌. പുറമേ മുറി​വു​ക​ളൊ​ന്നും കാണാ​നാ​കി​ല്ലെ​ങ്കി​ലും, ‘നീ ഒരു ഭാരമാണ്‌,’ ‘നിന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല’ തുടങ്ങിയ കുത്തു​വാ​ക്കു​കൾ എന്റെ ഹൃദയ​ത്തിൽ മുറി​പ്പാ​ടു​ക​ളു​ണ്ടാ​ക്കി​യി​ട്ടുണ്ട്‌.” ഭാര്യ, തന്നെ വാക്കു​കൾകൊണ്ട്‌ ഇടിച്ചു​താഴ്‌ത്തു​ക​യും ഇരട്ട​പ്പേര്‌ വിളി​ക്കു​ക​യും ചെയ്യു​ന്ന​താ​യി ഒരു ഭർത്താവ്‌ പറഞ്ഞു. അദ്ദേഹം തുടരു​ന്നു: “അവൾ പറയുന്ന കാര്യങ്ങൾ ഓർത്താൽത്തന്നെ അവളോ​ടു സമാധാ​ന​മാ​യി സംസാ​രി​ക്കാൻ കഴിയില്ല. അതു​കൊ​ണ്ടാണ്‌ എനിക്ക്‌ അവളോ​ടു മിണ്ടാൻ തോന്നാ​ത്ത​തും ജോലി കഴിഞ്ഞ്‌ താമസിച്ച്‌ വരുന്ന​തും. വീടി​നെ​ക്കാൾ ഭേദം ജോലി​സ്ഥ​ലം​ത​ന്നെ​യാണ്‌.” അസഭ്യം പറയു​ന്ന​തും മനോ​വി​ഷമം ഉണ്ടാക്കുന്ന വിധത്തിൽ പരുഷ​മാ​യും ദയയി​ല്ലാ​തെ​യും സംസാ​രി​ക്കു​ന്ന​തും ഇന്നു സർവസാ​ധാ​ര​ണ​മാണ്‌.

11 ഭാര്യ​യും ഭർത്താ​വും പരസ്‌പരം പരുഷ​മാ​യി സംസാ​രി​ക്കു​മ്പോൾ അതു ഹൃദയ​ത്തിൽ ആഴമുള്ള മുറി​വു​ക​ളു​ണ്ടാ​ക്കു​ന്നു, അത്‌ ഉണങ്ങാൻ വളരെ കാല​മെ​ടു​ക്കും. ഭാര്യാ​ഭർത്താ​ക്ക​ന്മാർ പരസ്‌പരം ഇങ്ങനെ ഇടപെ​ടാ​നല്ല യഹോവ ഉദ്ദേശി​ച്ചത്‌ എന്ന കാര്യം വ്യക്തമാണ്‌. പക്ഷേ ചില​പ്പോൾ അറിയാ​തെ​പോ​ലും നിങ്ങൾ ഇണയെ മുറി​പ്പെ​ടു​ത്താൻ സാധ്യ​ത​യുണ്ട്‌. ഇണയോ​ടു ദയയോ​ടെ​യാണ്‌ ഇടപെ​ടു​ന്ന​തെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം, എന്നാൽ നിങ്ങളു​ടെ ഇണയ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌? നിങ്ങൾ പറഞ്ഞ എന്തെങ്കി​ലും ഇണയെ മുറി​പ്പെ​ടു​ത്തി​യെ​ങ്കിൽ മാറ്റം വരുത്താൻ നിങ്ങൾ തയ്യാറാ​ണോ?​—ഗലാത്യർ 5:15; എഫെസ്യർ 4:31 വായി​ക്കുക.

12. യഹോ​വ​യു​മാ​യുള്ള ബന്ധത്തെ ബാധി​ച്ചേ​ക്കാ​വുന്ന ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ ഇണകൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം?

12 നിങ്ങൾ ഇണയോ​ടു സംസാ​രി​ക്കുന്ന വിധം, അതു പൊതു​സ്ഥ​ല​ത്തു​വെ​ച്ചോ സ്വകാ​ര്യ​മാ​യോ ആണെങ്കി​ലും, യഹോ​വയ്‌ക്ക്‌ അതു പ്രധാ​ന​മാണ്‌. (1 പത്രോസ്‌ 3:7 വായി​ക്കുക.) യാക്കോബ്‌ 1:26 ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “താൻ ദൈവത്തെ ആരാധി​ക്കു​ന്നെന്നു കരുതു​ക​യും എന്നാൽ നാവിനു കടിഞ്ഞാ​ണി​ടാ​തി​രി​ക്കു​ക​യും ചെയ്യു​ന്ന​യാൾ സ്വന്തം ഹൃദയത്തെ വഞ്ചിക്കു​ക​യാണ്‌; അയാളു​ടെ ആരാധ​ന​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.”

13. മറ്റ്‌ ഏതുവി​ധ​ത്തി​ലും ഒരാൾ ഇണയെ വിഷമി​പ്പി​ച്ചേ​ക്കാം?

13 ഇണയുടെ ചിന്ത മനസ്സി​ലാ​ക്കി പ്രവർത്തി​ക്കേണ്ട മറ്റു ചില സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ മറ്റൊ​രാ​ളു​മാ​യി കൂടുതൽ സമയം ചെലവ​ഴി​ക്കാൻ തുടങ്ങി​യാൽ നിങ്ങളു​ടെ ഇണയ്‌ക്ക്‌ എന്തു തോന്നും? ശുശ്രൂ​ഷ​യിൽ ഒപ്പം പ്രവർത്തി​ക്കു​ന്ന​തോ ഏതെങ്കി​ലും പ്രശ്‌നം പരിഹ​രി​ക്കാൻ സഹായി​ക്കു​ന്ന​തോ പോലുള്ള ന്യായ​മായ കാര്യ​ങ്ങ​ളി​ലാ​ണു നിങ്ങൾ ഏർപ്പെ​ടു​ന്ന​തെ​ങ്കി​ലും അത്‌ ഇണയെ വിഷമി​പ്പി​ക്കു​മോ? ഒരു ഭാര്യ ഇങ്ങനെ പറഞ്ഞു: “സഭയിലെ മറ്റൊരു സഹോ​ദ​രിക്ക്‌ എന്റെ ഭർത്താവ്‌ കൂടുതൽ സമയവും ശ്രദ്ധയും നൽകു​ന്നതു കാണു​മ്പോൾ എനിക്ക്‌ ഒരുപാട്‌ വിഷമം തോന്നു​ന്നു. അതു കാരണം ഞാൻ വില​കെ​ട്ട​വ​ളാ​ണെന്ന്‌ എനിക്കു തോന്നി​പ്പോ​കു​ന്നു.”

14. (എ) ഉൽപത്തി 2:24-ൽനിന്ന്‌ ഏത്‌ അടിസ്ഥാ​ന​സ​ത്യം നമ്മൾ മനസ്സി​ലാ​ക്കു​ന്നു? (ബി) നമ്മൾ സ്വയം ഏതു ചോദ്യം ചോദി​ക്കണം?

14 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമുക്ക്‌ മാതാ​പി​താ​ക്ക​ളോ​ടും സഭയിലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടും കടപ്പാ​ടുണ്ട്‌. എങ്കിലും വിവാ​ഹ​ശേഷം നമ്മുടെ കടപ്പാടു പ്രധാ​ന​മാ​യും ഇണയോ​ടാണ്‌. ഭർത്താവ്‌ “ഭാര്യ​യോ​ടു പറ്റി​ച്ചേ​രും” എന്ന്‌ യഹോവ പറഞ്ഞു. (ഉൽപത്തി 2:24) ഇണയുടെ വികാ​രങ്ങൾ നമുക്കു വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി​രി​ക്കണം. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എന്റെ ഇണയ്‌ക്ക്‌ ആവശ്യ​മുള്ള, ഇണ അർഹി​ക്കുന്ന സമയവും ശ്രദ്ധയും സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങ​ളും ഞാൻ നൽകു​ന്നു​ണ്ടോ?’

15. ഇണയല്ലാത്ത ഒരാളു​മാ​യി കൂടുതൽ അടുക്കാ​തി​രി​ക്കാൻ വിവാ​ഹി​ത​രായ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

15 ഇണയല്ലാത്ത ഒരാളു​മാ​യി കൂടുതൽ അടുത്താൽ നമ്മുടെ വിവാ​ഹ​ബ​ന്ധ​ത്തിന്‌ ഉലച്ചിൽ തട്ടും. നമ്മൾ ആ വ്യക്തി​യു​മാ​യി വൈകാ​രി​ക​മാ​യി അടുക്കാ​നും പ്രണയ​ത്തി​ലാ​കാ​നും ഇടയുണ്ട്‌. (മത്തായി 5:28) ആ വികാ​രങ്ങൾ വളരാ​നും, അതു വിവാ​ഹ​ത്തോട്‌ അനാദ​രവ്‌ കാണി​ക്കുന്ന എന്തെങ്കി​ലും ചെയ്യു​ന്ന​തി​ലേക്കു നയിക്കാ​നും സാധ്യ​ത​യുണ്ട്‌.

‘വിവാ​ഹശയ്യ പരിശു​ദ്ധ​മാ​യി​രി​ക്കണം’

16. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ഏതു കല്‌പന തരുന്നു?

16 “വിവാ​ഹത്തെ എല്ലാവ​രും ആദരണീ​യ​മാ​യി കാണണം” എന്നു പറഞ്ഞതി​നു ശേഷം ബൈബിൾ ഇങ്ങനെ പറയുന്നു: “വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം. കാരണം അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​വ​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ദൈവം വിധി​ക്കും.” (എബ്രായർ 13:4) ഭാര്യ​യും ഭർത്താ​വും തമ്മിലുള്ള ലൈം​ഗി​ക​ബ​ന്ധ​ത്തെ​യാ​ണു “വിവാ​ഹശയ്യ” എന്നതു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 5:18) ഈ ബന്ധത്തോട്‌ ആദരവ്‌ കാണി​ക്കാ​നും അത്‌ അശുദ്ധ​മാ​ക്കാ​തി​രി​ക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും?

17. (എ) വ്യഭി​ചാ​രത്തെ ഇന്നു പലരും എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌? (ബി) ക്രിസ്‌ത്യാ​നി​കൾ വ്യഭി​ചാ​രത്തെ എങ്ങനെ വീക്ഷി​ക്കണം?

17 ഇണയോട്‌ അവിശ്വസ്‌തത കാണി​ക്കു​ന്ന​തിൽ തെറ്റൊ​ന്നു​മി​ല്ലെന്ന്‌ ഇന്നുള്ള ചിലർ വിചാ​രി​ക്കു​ന്നു. ആ മനോ​ഭാ​വം നമ്മളെ സ്വാധീ​നി​ക്കാൻ നമ്മൾ അനുവ​ദി​ക്ക​രുത്‌. ലൈം​ഗിക അധാർമി​ക​ത​യും വ്യഭി​ചാ​ര​വും താൻ വെറു​ക്കു​ന്നെന്ന കാര്യം യഹോവ വളരെ വ്യക്തമാ​യി നമുക്കു കാണി​ച്ചു​ത​രു​ന്നു. (റോമർ 12:9 വായി​ക്കുക; എബ്രായർ 10:31; 12:29) ഇണയല്ലാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടു​ക​യാ​ണെ​ങ്കിൽ നമ്മൾ നമ്മുടെ വിവാഹം അശുദ്ധ​മാ​ക്കു​ക​യാ​യി​രി​ക്കും. അതിലൂ​ടെ നമ്മൾ യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ ആദരി​ക്കു​ന്നി​ല്ലെന്നു കാണി​ക്കു​ക​യാ​യി​രി​ക്കും. കൂടാതെ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിനു നമ്മൾതന്നെ ക്ഷതമേൽപ്പി​ക്കും. അതു​കൊണ്ട്‌ വ്യഭി​ചാ​ര​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ആദ്യപ​ടി​പോ​ലും നമ്മൾ ഒഴിവാ​ക്കണം. അതിൽ മറ്റൊ​രാ​ളെ​ക്കു​റി​ച്ചുള്ള അനുചി​ത​മായ ചിന്തകൾ ഒഴിവാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.​—ഇയ്യോബ്‌ 31:1.

18. (എ) വ്യഭി​ചാ​രം എങ്ങനെ​യാ​ണു വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌? (ബി) യഹോവ വ്യഭി​ചാ​രത്തെ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌?

18 പുരാതന ഇസ്രാ​യേ​ലിൽ മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌, വ്യഭി​ചാ​രം വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​തു​പോ​ലെ​തന്നെ വളരെ ഗുരു​ത​ര​മായ ഒരു പാപമാ​യി​രു​ന്നു. രണ്ടിനു​മുള്ള ശിക്ഷ മരണമാ​യി​രു​ന്നു. (ലേവ്യ 20:2, 10) വ്യഭി​ചാ​രം എങ്ങനെ​യാ​ണു വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​തി​നോട്‌ സമാന​മാ​യി​രു​ന്നത്‌? ഒരു ഇസ്രാ​യേ​ല്യൻ വ്യാജ​ദൈ​വത്തെ ആരാധി​ച്ചാൽ യഹോ​വ​യോ​ടു വിശ്വസ്‌ത​നാ​യി​രി​ക്കും എന്ന അയാളു​ടെ വാക്കു ലംഘി​ക്കു​ക​യാണ്‌. അയാൾ വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ടു​ക​യാ​ണെ​ങ്കിൽ ഇണയോ​ടു വിശ്വസ്‌ത​നാ​യി​രി​ക്കും എന്ന അയാളു​ടെ വാക്കു ലംഘി​ക്കു​ക​യാണ്‌. (പുറപ്പാട്‌ 19:5, 6; ആവർത്തനം 5:9; മലാഖി 2:14 വായി​ക്കുക.) മുൻകാ​ല​ങ്ങ​ളിൽ യഹോവ വ്യഭി​ചാ​രത്തെ വളരെ ഗുരു​ത​ര​മായ പാപമാ​യി കണ്ടിരു​ന്നെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌.

19. വ്യഭി​ചാ​രം ചെയ്യി​ല്ലെന്ന ദൃഢതീ​രു​മാ​നം എടുക്കാൻ നമ്മളെ എന്തു സഹായി​ക്കും?

19 ഇന്നത്തെ കാര്യ​മോ? നമ്മൾ ഇന്നു മോശ​യു​ടെ നിയമ​ത്തിൻകീ​ഴിൽ അല്ലെങ്കി​ലും വ്യഭി​ചാ​രം സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണ​ത്തി​നു മാറ്റം വന്നിട്ടില്ല. നമ്മൾ ഒരിക്ക​ലും ഒരു വ്യാജ​ദൈ​വത്തെ ആരാധി​ക്കാ​ത്ത​തു​പോ​ലെ​തന്നെ നമ്മുടെ ഇണയോ​ടു നമ്മൾ ഒരിക്ക​ലും അവിശ്വസ്‌തത കാണി​ക്ക​രുത്‌. (സങ്കീർത്തനം 51:1, 4; കൊ​ലോ​സ്യർ 3:5) അവിശ്വസ്‌തത കാണി​ച്ചാൽ, അതു വിവാ​ഹ​ത്തോ​ടും നമ്മുടെ ദൈവ​മായ യഹോ​വ​യോ​ടും കാണി​ക്കുന്ന അനാദ​ര​വാ​യി​രി​ക്കും.​—പിൻകു​റിപ്പ്‌ 26 കാണുക.

നിങ്ങളു​ടെ വിവാ​ഹ​ബന്ധം എങ്ങനെ ശക്തമാ​ക്കാം?

20. വിവാ​ഹ​ത്തിൽ ജ്ഞാനം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

20 നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളു​ടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കാം? ദൈവ​വ​ചനം പറയുന്നു: “ജ്ഞാനം​കൊണ്ട്‌ വീടു പണിയു​ന്നു; വകതി​രി​വു​കൊണ്ട്‌ അതു സുരക്ഷി​ത​മാ​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 24:3) ഒരു വീട്‌ അസൗക​ര്യ​ങ്ങ​ളു​ള്ള​തും അടച്ചു​റ​പ്പി​ല്ലാ​ത്ത​തും ആയിരി​ക്കാം, അല്ലെങ്കിൽ താമസി​ക്കാൻ സുഖമു​ള്ള​തും സുരക്ഷി​ത​വും ആയിരി​ക്കാം. വിവാ​ഹ​ത്തി​ന്റെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. ജ്ഞാനി​യായ ഒരാൾ തന്റെ വിവാ​ഹ​ബന്ധം സുരക്ഷി​ത​വും ഹൃദ്യ​വും സന്തോ​ഷ​ക​ര​വും ആണെന്ന്‌ ഉറപ്പു​വ​രു​ത്തും.

21. അറിവ്‌ വിവാ​ഹ​ബന്ധം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

21 ആ വീടി​നെ​ക്കു​റിച്ച്‌ ബൈബിൾ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അറിവു​കൊണ്ട്‌ അതിന്റെ മുറി​ക​ളിൽ മനോ​ഹ​ര​മായ അമൂല്യ​വസ്‌തു​ക്ക​ളെ​ല്ലാം നിറയ്‌ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 24:4) ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിക്കുന്ന കാര്യങ്ങൾ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കും. (റോമർ 12:2; ഫിലി​പ്പി​യർ 1:9) ദമ്പതി​ക​ളായ നിങ്ങൾ ബൈബി​ളും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഒരുമി​ച്ചി​രുന്ന്‌ വായി​ക്കു​മ്പോൾ, മനസ്സി​ലാ​ക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ചർച്ച ചെയ്യുക. അന്യോ​ന്യം സ്‌നേ​ഹ​വും ആദരവും ദയയും കരുത​ലും കാണി​ക്കാ​നാ​കുന്ന വഴിക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കു​ന്ന​തി​നുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നും നിങ്ങളു​ടെ ഇണയിൽനിന്ന്‌ കൂടുതൽ സ്‌നേഹം നേടാ​നും ഉള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക.​—സുഭാ​ഷി​തങ്ങൾ 15:16, 17; 1 പത്രോസ്‌ 1:7.

മാർഗനിർദേശത്തിനായി കുടും​ബാ​രാ​ധ​ന​യിൽ യഹോ​വ​യി​ലേക്കു തിരി​യു​ക

22. ഇണയോ​ടു സ്‌നേ​ഹ​വും ആദരവും ബഹുമാ​ന​വും കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

22 ഇണയോ​ടു സ്‌നേ​ഹ​ത്തോ​ടും ആദര​വോ​ടും ബഹുമാ​ന​ത്തോ​ടും കൂടെ ഇടപെ​ടാൻ നമ്മളാൽ ആകുന്ന​തെ​ല്ലാം ചെയ്യണം. അപ്പോൾ നമ്മുടെ വിവാ​ഹ​ബന്ധം ശക്തവും ഹൃദ്യ​വും ആയിത്തീ​രും. ഏറ്റവും പ്രധാ​ന​മാ​യി നമ്മൾ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും.​—സങ്കീർത്തനം 147:11; റോമർ 12:10.