വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 3

ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വരെ കൂട്ടു​കാ​രാ​ക്കുക

ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വരെ കൂട്ടു​കാ​രാ​ക്കുക

“ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും.”​—സുഭാ​ഷി​തങ്ങൾ 13:20.

1-3. (എ) സുഭാ​ഷി​തങ്ങൾ 13:20-ൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? (ബി) കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ഒരു കുഞ്ഞ്‌ അതിന്റെ മാതാ​പി​താ​ക്കളെ നിരീ​ക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു നിങ്ങൾ ശ്രദ്ധി​ച്ചി​ട്ടു​ണ്ടോ? സംസാ​രി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ കാണു​ന്ന​തും കേൾക്കു​ന്ന​തും എല്ലാം അവൻ പിടി​ച്ചെ​ടു​ക്കും. വലുതാ​കു​മ്പോൾ അവൻ മാതാ​പി​താ​ക്കളെ അനുക​രി​ക്കാൻ തുടങ്ങും, അതു പ്രത്യേ​ക​ശ്രമം ചെയ്‌തി​ട്ടൊ​ന്നു​മല്ല. ഇതു മുതിർന്ന​വ​രു​ടെ കാര്യ​ത്തി​ലും സത്യമാണ്‌. അവർ ആരോ​ടൊ​പ്പ​മാ​ണോ കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്നത്‌, അവരെ​പ്പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും തുടങ്ങും.

2 സുഭാ​ഷി​തങ്ങൾ 13:20-ൽ “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും” എന്നു പറയുന്നു. ഇവിടെ ‘കൂടെ നടക്കുക’ എന്നതിൽ ഒരാളു​മാ​യി സമയം ചെലവ​ഴി​ക്കു​ന്ന​താണ്‌ ഉൾപ്പെ​ടു​ന്നത്‌. അല്ലാതെ വെറുതെ ഒരാ​ളോട്‌ ഒപ്പമാ​യി​രി​ക്കു​ന്ന​തി​നെയല്ല ഇത്‌ അർഥമാ​ക്കു​ന്നത്‌. ഒരു ബൈബിൾപ​ണ്ഡി​തൻ പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരാളു​ടെ​കൂ​ടെ നടക്കുക എന്നതിൽ അയാളെ സ്‌നേ​ഹി​ക്കു​ന്ന​തും അയാ​ളോട്‌ അടുപ്പം തോന്നു​ന്ന​തും ഉൾപ്പെ​ടു​ന്നു. നമ്മൾ ആരോ​ടൊ​പ്പ​മാ​ണോ കൂടുതൽ സമയം ചെലവ​ഴി​ക്കു​ന്നത്‌, അവർ നമ്മളെ വളരെ​യ​ധി​കം സ്വാധീ​നി​ക്കും; പ്രത്യേ​കിച്ച്‌ നമുക്ക്‌ അടുപ്പ​മു​ള്ള​വ​രാ​ണെ​ങ്കിൽ.

3 കൂട്ടു​കാർക്കു നമ്മളെ നല്ല വിധത്തി​ലും മോശ​മായ വിധത്തി​ലും സ്വാധീ​നി​ക്കാൻ കഴിയും. സുഭാ​ഷി​തങ്ങൾ 13:20 തുടർന്നു​പ​റ​യു​ന്നു: “വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” ദൈവത്തെ സ്‌നേ​ഹി​ക്കുന്ന കൂട്ടു​കാർ ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി നിൽക്കാൻ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കും. കൂട്ടു​കാ​രെ എങ്ങനെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാം എന്നു മനസ്സി​ലാ​ക്കു​ന്ന​തിന്‌ യഹോവ എങ്ങനെ​യു​ള്ള​വ​രെ​യാണ്‌ കൂട്ടു​കാ​രാ​ക്കു​ന്ന​തെന്നു നോക്കാം.

ആരാണ്‌ ദൈവ​ത്തി​ന്റെ കൂട്ടു​കാർ?

4. ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കുക എന്നതു വലിയ പദവി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? യഹോവ അബ്രാ​ഹാ​മി​നെ ‘എന്റെ സ്‌നേ​ഹി​തൻ’ എന്നു വിളി​ച്ചത്‌ എന്തു​കൊണ്ട്‌?

4 പ്രപഞ്ച​ത്തി​ന്റെ പരമാ​ധി​കാ​രി​യായ യഹോവ തന്റെ കൂട്ടു​കാ​രാ​കാ​നുള്ള അവസരം നമുക്കു തന്നിരി​ക്കു​ന്നു. അതു വലി​യൊ​രു പദവി​യാണ്‌. യഹോവ തന്റെ കൂട്ടു​കാ​രെ വളരെ ശ്രദ്ധ​യോ​ടെ​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യും തന്നെ വിശ്വ​സി​ക്കു​ന്ന​വ​രെ​യും ആണ്‌ യഹോവ കൂട്ടു​കാ​രാ​ക്കു​ന്നത്‌. അബ്രാ​ഹാ​മി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. ദൈവ​ത്തി​നു​വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാ​യി​രു​ന്നു. വിശ്വസ്‌ത​നും അനുസ​ര​ണ​മു​ള്ള​വ​നും ആണെന്ന്‌ അബ്രാ​ഹാം വീണ്ടും​വീ​ണ്ടും തെളി​യി​ച്ചു. തന്റെ മകനായ യിസ്‌ഹാ​ക്കി​നെ​പ്പോ​ലും ബലി അർപ്പി​ക്കാൻ അദ്ദേഹം മനസ്സു​കാ​ണി​ച്ചു. തന്റെ “മകനെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെന്ന്‌ ” അബ്രാ​ഹാ​മി​നു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. (എബ്രായർ 11:17-19; ഉൽപത്തി 22:1, 2, 9-13) അബ്രാ​ഹാം വിശ്വസ്‌ത​നും അനുസ​ര​ണ​മു​ള്ള​വ​നും ആയിരു​ന്ന​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ ‘എന്റെ സ്‌നേ​ഹി​തൻ’ എന്നു വിളിച്ചു.​—യശയ്യ 41:8; യാക്കോബ്‌ 2:21-23.

5. തന്നോടു വിശ്വസ്‌ത​രാ​യി​രി​ക്കു​ന്ന​വരെ ദൈവം എങ്ങനെ​യാ​ണു കാണു​ന്നത്‌?

5 യഹോവ തന്റെ കൂട്ടു​കാ​രെ വില​പ്പെ​ട്ട​വ​രാ​യാ​ണു കാണു​ന്നത്‌. അവർക്കു ദൈവ​ത്തോ​ടുള്ള വിശ്വസ്‌ത​ത​യാ​ണു മറ്റെന്തി​നെ​ക്കാ​ളും പ്രധാനം. (2 ശമുവേൽ 22:26 വായി​ക്കുക.) ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ അവർ ദൈവ​ത്തോ​ടു വിശ്വസ്‌ത​രും അനുസ​ര​ണ​മു​ള്ള​വ​രും ആണ്‌. ദൈവത്തെ അനുസ​രി​ക്കുന്ന “നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌ ” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 3:32) യഹോവ കൂട്ടു​കാ​രെ തന്റെ ‘കൂടാ​ര​ത്തി​ലേക്കു’ വിശി​ഷ്ട​രായ അതിഥി​ക​ളാ​യാ​ണു ക്ഷണിക്കു​ന്നത്‌. തന്നെ ആരാധി​ക്കാ​നും ഏതു സമയത്തും തന്നോടു പ്രാർഥി​ക്കാ​നും ദൈവം അവർക്ക്‌ അവസരം കൊടു​ത്തി​രി​ക്കു​ന്നു.​—സങ്കീർത്തനം 15:1-5.

6. യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

6 “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും. എന്റെ പിതാവ്‌ അവനെ സ്‌നേ​ഹി​ക്കും” എന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 14:23) അതു​കൊണ്ട്‌ യഹോ​വ​യു​ടെ കൂട്ടു​കാ​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ യേശു​വി​നെ സ്‌നേ​ഹി​ക്കു​ക​യും യേശു പഠിപ്പി​ച്ചത്‌ ചെയ്യു​ക​യും വേണം. ഉദാഹ​ര​ണ​ത്തിന്‌, സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും ആളുകളെ ശിഷ്യ​രാ​ക്കാ​നും ഉള്ള യേശു​വി​ന്റെ നിർദേശം നമ്മൾ അനുസ​രി​ക്കു​ന്നു. (മത്തായി 28:19, 20; യോഹ​ന്നാൻ 14:15, 21) യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ആ “കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ” ചെല്ലുന്നു, അങ്ങനെ യേശു​വി​നെ അനുക​രി​ക്കു​ന്നു. (1 പത്രോസ്‌ 2:21) വാക്കി​ലും പ്രവൃ​ത്തി​യി​ലും തന്റെ പുത്രനെ അനുക​രി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വയ്‌ക്ക്‌ എത്ര സന്തോഷം തോന്നും!

7. നമ്മുടെ കൂട്ടു​കാർ യഹോ​വ​യു​ടെ​യും കൂട്ടു​കാ​രാ​ണെന്നു നമ്മൾ ഉറപ്പു​വ​രു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 യേശു​വി​നെ സ്‌നേ​ഹി​ക്കുന്ന, വിശ്വസ്‌ത​രായ, അനുസ​ര​ണ​മുള്ള ആളുക​ളെ​യാണ്‌ യഹോവ കൂട്ടു​കാ​രാ​ക്കു​ന്നത്‌. ഇങ്ങനെ​യു​ള്ള​വ​രെ​യാ​ണോ നമ്മൾ കൂട്ടു​കാ​രാ​ക്കു​ന്നത്‌? നിങ്ങളു​ടെ കൂട്ടു​കാർ യേശു​വി​നെ അനുക​രി​ക്കു​ന്ന​വ​രും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ക്കാൻ ഉത്സാഹ​മു​ള്ള​വ​രും ആണെങ്കിൽ അവർ നല്ല കൂട്ടു​കാ​രാ​യി​രി​ക്കും. നല്ലൊരു വ്യക്തി​യാ​യി​രി​ക്കാ​നും യഹോ​വ​യോ​ടു വിശ്വസ്‌തത നിലനി​റു​ത്താ​നും അവർക്കു നിങ്ങളെ സഹായി​ക്കാൻ കഴിയും.

ബൈബിൾ കഥാപാ​ത്ര​ങ്ങ​ളിൽനിന്ന്‌ പഠിക്കുക

8. രൂത്തും നൊ​വൊ​മി​യും തമ്മിലുള്ള സൗഹൃ​ദ​ത്തിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട്ടത്‌ എന്താണ്‌?

8 ബൈബി​ളിൽ നമുക്ക്‌ അനേകം സുഹൃദ്‌ബ​ന്ധ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കാൻ കഴിയും. അതി​ലൊ​ന്നാണ്‌ രൂത്തും അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യും തമ്മിലു​ള്ളത്‌. അവർ വളർന്നു​വന്ന നാടും പശ്ചാത്ത​ല​വും വ്യത്യസ്‌ത​മാ​യി​രു​ന്നു. നൊ​വൊ​മി​ക്കു രൂത്തി​നെ​ക്കാൾ ഒരുപാ​ടു പ്രായ​വു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ അവർ ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​യി മാറി. കാരണം അവർ രണ്ടു പേരും യഹോ​വയെ സ്‌നേ​ഹി​ച്ചി​രു​ന്നു. നൊ​വൊ​മി മോവാ​ബിൽനിന്ന്‌ ഇസ്രാ​യേ​ലി​ലേക്കു പോകാൻ തീരു​മാ​നി​ച്ച​പ്പോൾ “രൂത്ത്‌ നൊ​വൊ​മി​യെ വിട്ട്‌ പോകാൻ കൂട്ടാ​ക്കാ​തെ നിന്നു.” രൂത്ത്‌ നൊ​വൊ​മി​യോ​ടു പറഞ്ഞു: “അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവ​വും ആയിരി​ക്കും.” (രൂത്ത്‌ 1:14, 16) രൂത്ത്‌ നൊ​വൊ​മി​യോ​ടു വളരെ ദയയോ​ടെ ഇടപെട്ടു. ഇസ്രാ​യേ​ലിൽ എത്തിയ​പ്പോൾ രൂത്ത്‌ കഠിനാ​ധ്വാ​നം ചെയ്‌ത്‌ തന്റെ കൂട്ടു​കാ​രി​യെ പിന്തു​ണച്ചു. നൊ​വൊ​മി​യോ? രൂത്തിനെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ക​യും നല്ല ഉപദേ​ശങ്ങൾ കൊടു​ക്കു​ക​യും ചെയ്‌തു. രൂത്ത്‌ അതെല്ലാം ശ്രദ്ധിച്ചു. അതിന്റെ ഫലമായി അവർക്കു ധാരാളം അനു​ഗ്ര​ഹങ്ങൾ ലഭിച്ചു.​—രൂത്ത്‌ 3:6.

9. ദാവീ​ദും യോനാ​ഥാ​നും തമ്മിലുള്ള സൗഹൃ​ദ​ത്തിൽ നിങ്ങളെ ആകർഷി​ച്ചത്‌ എന്താണ്‌?

9 യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി നിന്ന മറ്റു രണ്ടു നല്ല കൂട്ടു​കാ​രാ​ണു ദാവീ​ദും യോനാ​ഥാ​നും. യോനാ​ഥാൻ ദാവീ​ദി​നെ​ക്കാൾ ഏകദേശം 30 വയസ്സു മൂത്തതാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ന്റെ അടുത്ത രാജാ​വാ​കേ​ണ്ട​തും യോനാ​ഥാ​നാ​യി​രു​ന്നു. (1 ശമുവേൽ 17:33; 31:2; 2 ശമുവേൽ 5:4) എങ്കിലും യഹോവ ദാവീ​ദി​നെ​യാണ്‌ അടുത്ത രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ യോനാ​ഥാന്‌ അസൂയ തോന്നി​യില്ല, ദാവീ​ദി​നെ​തി​രെ മത്സരി​ക്കാ​നും പോയില്ല. പകരം തന്നെ​ക്കൊ​ണ്ടാ​കുന്ന വിധത്തി​ലെ​ല്ലാം യോനാ​ഥാൻ ദാവീ​ദി​നെ പിന്തു​ണച്ചു. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ അപകട​ത്തി​ലാ​യ​പ്പോൾ “യഹോ​വ​യിൽ ശക്തിയാർജി​ക്കാൻ” യോനാ​ഥാൻ ദാവീ​ദി​നെ സഹായി​ച്ചു. തന്റെ ജീവൻ പണയം വെച്ചു​പോ​ലും അദ്ദേഹം ദാവീ​ദി​നോ​ടൊ​പ്പം നിന്നു. (1 ശമുവേൽ 23:16, 17) വിശ്വസ്‌ത​നായ ഒരു കൂട്ടു​കാ​ര​നാ​യി​രു​ന്നു ദാവീ​ദും. യോനാ​ഥാ​ന്റെ കുടും​ബത്തെ നോക്കി​ക്കൊ​ള്ളാ​മെന്നു ദാവീദ്‌ വാക്കു കൊടു​ത്തി​രു​ന്നു. യോനാ​ഥാ​ന്റെ മരണ​ശേ​ഷ​വും ദാവീദ്‌ ആ വാക്കു പാലിച്ചു.​—1 ശമുവേൽ 18:1; 20:15-17, 30-34; 2 ശമുവേൽ 9:1-7.

10. മൂന്ന്‌ എബ്രാ​യ​കൂ​ട്ടു​കാ​രിൽനിന്ന്‌ സൗഹൃ​ദ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

10 ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും കൂട്ടു​കാ​രാ​യി​രു​ന്നു. എബ്രാ​യ​രാ​യി​രുന്ന ഇവർക്ക്‌ കുട്ടി​ക്കാ​ല​ത്തു​തന്നെ മറ്റൊരു നാട്ടിൽ ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു. വീട്ടിൽനിന്ന്‌ അകലെ​യാ​യി​രു​ന്ന​പ്പോ​ഴും യഹോ​വ​യോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാൻ അവർ അന്യോ​ന്യം സഹായി​ച്ചു. പിന്നീട്‌ മുതിർന്ന​പ്പോൾ അവരുടെ വിശ്വാ​സം പരി​ശോ​ധി​ക്കുന്ന ഒരു സംഭവ​മു​ണ്ടാ​യി. നെബൂ​ഖദ്‌നേസർ രാജാവ്‌ ഒരു സ്വർണ​പ്ര​തി​മയെ ആരാധി​ക്കാൻ ഉത്തരവി​ട്ടു. എന്നാൽ ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും പ്രതി​മയെ ആരാധി​ച്ചില്ല. അവർ രാജാ​വി​നോ​ടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ അങ്ങ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കു​ക​യോ ഇല്ല.” വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന നേരി​ട്ട​പ്പോൾ ഈ മൂന്നു കൂട്ടു​കാ​രും അവരുടെ ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി നിന്നു.​—ദാനി​യേൽ 1:1-17; 3:12, 16-28.

11. പൗലോ​സും തിമൊ​ഥെ​യൊ​സും നല്ല കൂട്ടു​കാ​രാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

11 ചെറു​പ്പ​ക്കാ​ര​നായ തിമൊ​ഥെ​യൊ​സിന്‌ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും സഭയോ​ടുള്ള ആത്മാർഥ​മായ കരുത​ലും പൗലോസ്‌ മനസ്സി​ലാ​ക്കി. അതു​കൊണ്ട്‌ പല സ്ഥലങ്ങളി​ലുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സഹായി​ക്കു​ന്ന​തിന്‌ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നു പരിശീ​ലനം കൊടു​ത്തു. (പ്രവൃ​ത്തി​കൾ 16:1-8; 17:10-14) തിമൊ​ഥെ​യൊസ്‌ കഠിനാ​ധ്വാ​നം ചെയ്‌തു. “എന്റെകൂ​ടെ സന്തോ​ഷ​വാർത്ത​യു​ടെ വളർച്ചയ്‌ക്കു​വേണ്ടി അധ്വാ​നി​ച്ചു” എന്നാണു പൗലോസ്‌ തിമൊ​ഥെ​യൊ​സി​നെ​ക്കു​റിച്ച്‌ പറഞ്ഞത്‌. തിമൊ​ഥെ​യൊസ്‌ സഹോ​ദ​ര​ങ്ങ​ളോട്‌ “ആത്മാർഥ​മായ താത്‌പ​ര്യം” കാണി​ക്കു​മെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സേവന​ത്തിൽ ഒത്തൊ​രു​മിച്ച്‌ കഠിനാ​ധ്വാ​നം ചെയ്‌ത പൗലോ​സും തിമൊ​ഥെ​യൊ​സും നല്ല കൂട്ടു​കാ​രാ​യി മാറി.​—ഫിലി​പ്പി​യർ 2:20-22; 1 കൊരി​ന്ത്യർ 4:17.

കൂട്ടു​കാ​രെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

12, 13. (എ) സഭയി​ലാ​ണെ​ങ്കിൽപ്പോ​ലും കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) 1 കൊരി​ന്ത്യർ 15:33-ൽ കാണുന്ന മുന്നറി​യി​പ്പു പൗലോസ്‌ കൊടു​ത്തത്‌ എന്തു​കൊണ്ട്‌?

12 സഭയിൽ നമുക്കു സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പലതും പഠിക്കാ​നാ​കും. വിശ്വസ്‌ത​രാ​യി തുടരാൻ അന്യോ​ന്യം സഹായി​ക്കാ​നു​മാ​കും. (റോമർ 1:11, 12 വായി​ക്കുക.) പക്ഷേ സഭയി​ലാ​ണെ​ങ്കിൽപ്പോ​ലും ഒരാളെ ഉറ്റസു​ഹൃ​ത്താ​ക്കു​ന്ന​തി​നു മുമ്പു നന്നായി ചിന്തി​ക്കണം. പല സംസ്‌കാ​ര​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ള ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ നമുക്കുണ്ട്‌. ചിലർ പുതു​താ​യി​രി​ക്കാം. മറ്റു ചിലർ വർഷങ്ങ​ളാ​യി യഹോ​വയെ സേവി​ക്കു​ന്ന​വ​രാ​യി​രി​ക്കാം. ഒരു പഴം പഴുത്ത്‌ പാകമാ​കാൻ സമയ​മെ​ടു​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യു​മാ​യുള്ള ഒരാളു​ടെ ബന്ധം വളർന്നു​വ​രാ​നും സമയ​മെ​ടു​ക്കും. അതു​കൊണ്ട്‌ നമ്മൾ അന്യോ​ന്യം ക്ഷമയും സ്‌നേ​ഹ​വും കാണി​ക്കു​മെ​ങ്കി​ലും എപ്പോ​ഴും സൂക്ഷി​ച്ചാ​യി​രി​ക്കും കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌.​—റോമർ 14:1; 15:1; എബ്രായർ 5:12–6:3.

13 സഭയിൽ ചില​പ്പോൾ ഗുരു​ത​ര​മായ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം. അപ്പോൾ നമ്മൾ പ്രത്യേ​കിച്ച്‌ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. ചില​പ്പോൾ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ബൈബി​ളിൽ തെറ്റാ​ണെന്നു പറയുന്ന ഒരു കാര്യം ചെയ്യു​ന്നു​ണ്ടാ​കാം. അല്ലെങ്കിൽ സഭയ്‌ക്കു ഹാനി വരുത്തുന്ന രീതി​യിൽ പരാതി പറഞ്ഞ്‌ നടക്കു​ന്നു​ണ്ടാ​കും. ഇതു നമ്മളെ അതിശ​യി​പ്പി​ക്കു​ന്നില്ല. കാരണം, ഒന്നാം നൂറ്റാ​ണ്ടി​ലും ഇടയ്‌ക്കു സഭയിൽ ഇതു​പോ​ലുള്ള ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌. അപ്പോസ്‌ത​ല​നായ പൗലോസ്‌ അന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ത്തു: “വഴി​തെ​റ്റി​ക്ക​പ്പെ​ട​രുത്‌. ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു.” (1 കൊരി​ന്ത്യർ 15:12, 33) സഹോ​ദ​ര​ങ്ങളെ ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കുന്ന കാര്യ​ത്തിൽ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നും മുന്നറി​യി​പ്പു കൊടു​ത്തു. നമ്മളും ഇന്ന്‌ ആളുകളെ ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​മ്പോൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം.​2 തിമൊ​ഥെ​യൊസ്‌ 2:20-22 വായി​ക്കുക.

14. കൂട്ടു​കാ​രെ ശ്രദ്ധിച്ച്‌ തിര​ഞ്ഞെ​ടു​ത്തി​ല്ലെ​ങ്കിൽ എന്താണു കുഴപ്പം?

14 യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം നമ്മൾ കാത്തു​സൂ​ക്ഷി​ക്കണം. കാരണം അതു നമുക്കു വളരെ വില​പ്പെ​ട്ട​താണ്‌. അതു​കൊണ്ട്‌ വിശ്വാ​സ​ത്തി​നു തുരങ്കം വെക്കു​ക​യും ദൈവ​വു​മാ​യുള്ള ബന്ധം തകരാ​റി​ലാ​ക്കു​ക​യും ചെയ്യാൻ സാധ്യ​ത​യുള്ള ആരെയും നമ്മൾ ഉറ്റസു​ഹൃ​ത്താ​ക്കില്ല. വിനാ​ഗി​രി​യിൽ ഒരു സ്‌പോഞ്ച്‌ മുക്കി​യിട്ട്‌ അതു പിഴി​യു​മ്പോൾ വെള്ളം കിട്ടു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയാ​ത്ത​തു​പോ​ലെ, തെറ്റായ കാര്യങ്ങൾ ചെയ്യു​ന്ന​വരെ കൂട്ടു​കാ​രാ​ക്കി​യിട്ട്‌ ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയില്ല. അതു​കൊണ്ട്‌ ആരെ​യൊ​ക്കെ ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്ക​ണ​മെന്നു വളരെ ശ്രദ്ധി​ച്ചു​വേണം തീരു​മാ​നി​ക്കാൻ.​—1 കൊരി​ന്ത്യർ 5:6; 2 തെസ്സ​ലോ​നി​ക്യർ 3:6, 7, 14.

യഹോവയെ സ്‌നേഹിക്കുന്ന നല്ല കൂട്ടു​കാ​രെ കണ്ടെത്താം

15. സഭയിൽ നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

15 യഹോ​വയെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്ന​വരെ നിങ്ങൾക്കു സഭയിൽ കണ്ടെത്താം. അവർക്കു നിങ്ങളു​ടെ ഉറ്റസു​ഹൃ​ത്താ​യി​രി​ക്കാൻ കഴിയും. (സങ്കീർത്തനം 133:1) നിങ്ങളു​ടെ അതേ പ്രായ​ത്തി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ളവരെ മാത്രമല്ല കൂട്ടു​കാ​രാ​ക്കാൻ നോ​ക്കേ​ണ്ടത്‌. യോനാ​ഥാൻ ദാവീ​ദി​നെ​ക്കാൾ ഒരുപാ​ടു മൂത്തതാ​യി​രു​ന്നെ​ന്നും രൂത്ത്‌ നൊ​വൊ​മി​യെ​ക്കാൾ ഒരുപാട്‌ ഇളയതാ​യി​രു​ന്നെ​ന്നും മറക്കരുത്‌. “നിങ്ങളും ഹൃദയം വിശാ​ല​മാ​യി തുറക്കണം” എന്ന ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. (2 കൊരി​ന്ത്യർ 6:13; 1 പത്രോസ്‌ 2:17 വായി​ക്കുക.) നിങ്ങൾ യഹോ​വയെ എത്രയ​ധി​കം അനുക​രി​ക്കു​ന്നോ അത്രയ​ധി​കം മറ്റുള്ളവർ നിങ്ങളു​ടെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കും.

പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ

16, 17. സഭയിൽ ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ച്ചാൽ നമ്മൾ എന്തു ചെയ്യരുത്‌?

16 ഏതൊരു കുടും​ബ​മെ​ടു​ത്താ​ലും അതിലെ അംഗങ്ങ​ളു​ടെ വ്യക്തി​ത്വ​വും അഭി​പ്രാ​യ​ങ്ങ​ളും കാര്യങ്ങൾ ചെയ്യുന്ന വിധവും വ്യത്യസ്‌ത​മാണ്‌. സഭയി​ലും അങ്ങനെ​ത​ന്നെ​യാണ്‌. ഈ വൈവി​ധ്യം നമ്മുടെ ജീവിതം രസകര​മാ​ക്കു​ന്നു. അന്യോ​ന്യം പല കാര്യങ്ങൾ നമുക്ക്‌ പഠിക്കാ​നും കഴിയു​ന്നു. പക്ഷേ ചില​പ്പോൾ ഈ വൈവി​ധ്യം നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ തെറ്റി​ദ്ധ​രി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. ചില സാഹച​ര്യ​ങ്ങ​ളിൽ അവരോ​ടു ഇഷ്ടക്കേടു തോന്നാ​നോ നമ്മുടെ വികാ​രങ്ങൾ മുറി​പ്പെ​ടാ​നോ ഇടയാ​യേ​ക്കാം. (സുഭാ​ഷി​തങ്ങൾ 12:18) ഇങ്ങനെ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങൾ നിരു​ത്സാ​ഹി​ത​രാ​ക​ണോ? സഭയിൽനിന്ന്‌ മാറി നിൽക്ക​ണോ?

17 അങ്ങനെ ചെയ്യരുത്‌. ആരെങ്കി​ലും നമ്മളെ ഏതെങ്കി​ലും വിധത്തിൽ വേദന​പ്പി​ച്ചാൽപ്പോ​ലും നമ്മൾ സഭയിൽനിന്ന്‌ വിട്ടു​നിൽക്കില്ല. കാരണം, നമ്മളെ വേദനി​പ്പി​ച്ചത്‌ യഹോ​വയല്ല. കൂടാതെ, നമുക്ക്‌ ജീവനും മറ്റെല്ലാ കാര്യ​ങ്ങ​ളും തന്ന യഹോവ നമ്മുടെ സ്‌നേ​ഹ​വും വിശ്വസ്‌ത​ത​യും അർഹി​ക്കു​ന്നു. (വെളി​പാട്‌ 4:11) നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ ദൈവം തന്നിരി​ക്കുന്ന സമ്മാന​മാ​ണു സഭ. (എബ്രായർ 13:17) ആരെങ്കി​ലും വിഷമി​പ്പി​ച്ചെന്നു കരുതി നമ്മൾ ഒരിക്ക​ലും ദൈവ​ത്തി​ന്റെ ഈ സമ്മാനം വേണ്ടെ​ന്നു​വെ​ക്കില്ല.​സങ്കീർത്തനം 119:165 വായി​ക്കുക.

18. (എ) സഹോ​ദ​ര​ങ്ങ​ളു​മാ​യി ഒത്തു​പോ​കാൻ നമ്മളെ എന്തു സഹായി​ക്കും? (ബി) നമ്മൾ ക്ഷമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 നമ്മൾ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്നു. അവരു​മാ​യി ഒത്തു​പോ​കാൻ ആഗ്രഹി​ക്കു​ന്നു. യഹോവ ആരിൽനി​ന്നും പൂർണത പ്രതീ​ക്ഷി​ക്കു​ന്നില്ല, നമ്മളും പ്രതീ​ക്ഷി​ക്ക​രുത്‌. (സുഭാ​ഷി​തങ്ങൾ 17:9; 1 പത്രോസ്‌ 4:8) നമു​ക്കെ​ല്ലാം തെറ്റു പറ്റാറുണ്ട്‌. പക്ഷേ, സ്‌നേഹം എപ്പോ​ഴും ‘അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കാൻ’ നമ്മളെ സഹായി​ക്കും. (കൊ​ലോ​സ്യർ 3:13) ചെറിയ ഒരു തെറ്റി​ദ്ധാ​രണ വലി​യൊ​രു പ്രശ്‌ന​മാ​ക്കാ​തി​രി​ക്കാൻ സ്‌നേഹം സഹായി​ക്കും. ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ച്ചാൽ അതെപ്പറ്റി ചിന്തി​ക്കാ​തി​രി​ക്കുക എന്നതു പ്രയാ​സ​മുള്ള കാര്യം​ത​ന്നെ​യാണ്‌. ആ വ്യക്തി​യോ​ടു ദേഷ്യം തോന്നാ​നും പക വെച്ചു​കൊ​ണ്ടി​രി​ക്കാ​നും ഒക്കെ എളുപ്പ​മാണ്‌. എന്നാൽ അതു നമ്മുടെ സന്തോഷം കെടു​ത്തു​കയേ ഉള്ളൂ. മറിച്ച്‌ ക്ഷമിക്കു​ക​യാ​ണെ​ങ്കിൽ സഭയിൽ ഐക്യ​വും നമുക്കു മനസ്സമാ​ധാ​ന​വും അതിലും പ്രധാ​ന​മാ​യി യഹോ​വ​യു​മാ​യി നല്ലൊരു ബന്ധവും ഉണ്ടായി​രി​ക്കാൻ കഴിയും.​—മത്തായി 6:14, 15; ലൂക്കോസ്‌ 17:3, 4; റോമർ 14:19.

ആരെങ്കി​ലും പുറത്താ​ക്ക​പ്പെ​ടു​മ്പോൾ

19. സഭയി​ലുള്ള ആരെങ്കി​ലു​മാ​യുള്ള കൂട്ടു​കെട്ട്‌ നിറു​ത്തേ​ണ്ടത്‌ എപ്പോൾ?

19 പരസ്‌പരം സ്‌നേ​ഹി​ക്കുന്ന ഒരു കുടും​ബ​ത്തി​ലെ അംഗങ്ങൾ അന്യോ​ന്യം സന്തോ​ഷി​പ്പി​ക്കാൻ ശ്രമി​ക്കും. എന്നാൽ അതി​ലൊ​രാൾ വീട്ടിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നെന്നു കരുതുക. മറ്റു കുടും​ബാം​ഗങ്ങൾ എത്ര ശ്രമി​ച്ചി​ട്ടും അയാൾ സഹായം സ്വീക​രി​ക്കു​ന്നില്ല. അവസാനം അയാൾ വീടു വിട്ടു​പോ​കു​ന്നു. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ കുടും​ബ​നാ​ഥൻ അയാ​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. സഭയി​ലും ചില​പ്പോൾ ഇതു​പോ​ലെ എന്തെങ്കി​ലും സംഭവി​ച്ചേ​ക്കാം. ഒരാൾ യഹോ​വയ്‌ക്ക്‌ ഇഷ്ടമി​ല്ലാ​ത്ത​തും സഭയ്‌ക്കു ദോഷം ചെയ്യു​ന്ന​തും ആയ കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടാ​കാം. അയാൾ സഹായ​മൊ​ന്നും സ്വീക​രി​ക്കു​ന്നില്ല; സഭയുടെ ഭാഗമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല എന്ന വിധത്തി​ലാണ്‌ അയാളു​ടെ പ്രവർത്ത​നങ്ങൾ. ഒരുപക്ഷേ, അയാൾ സഭ വിട്ട്‌ പോകാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. അല്ലെങ്കിൽ അയാളെ സഭയിൽനിന്ന്‌ പുറത്താ​ക്കേ​ണ്ടി​വ​രു​ന്നു. അങ്ങനെ സംഭവി​ക്കു​ക​യാ​ണെ​ങ്കിൽ അയാളു​മാ​യുള്ള ‘കൂട്ടു​കെട്ട്‌ ഉപേക്ഷി​ക്ക​ണ​മെന്നു’ ബൈബിൾ വ്യക്തമാ​യി പറയുന്നു. (1 കൊരി​ന്ത്യർ 5:11-13 വായി​ക്കുക; 2 യോഹ​ന്നാൻ 9-11) പുറത്താ​ക്ക​പ്പെ​ടു​ന്നതു നമ്മുടെ ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ ആണെങ്കിൽ ഇതു വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. പക്ഷേ ഇങ്ങനെ​യുള്ള ഒരു സാഹച​ര്യ​ത്തിൽ യഹോ​വ​യോ​ടുള്ള നമ്മുടെ വിശ്വസ്‌തത ആ വ്യക്തി​യോ​ടു​ള്ള​തി​നെ​ക്കാ​ളും ശക്തമാ​യി​രി​ക്കണം.​—പിൻകു​റിപ്പ്‌ 8 കാണുക.

20, 21. (എ) സഭയിൽനിന്ന്‌ പുറത്താ​ക്കു​ന്നതു സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു നടപടി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) കൂട്ടു​കാ​രെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 പുറത്താ​ക്കൽന​ട​പടി യഹോ​വ​യു​ടെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഒരു കരുത​ലാണ്‌. യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു വില കല്‌പി​ക്കാ​ത്ത​വ​രിൽനിന്ന്‌ അതു സഭയെ സംരക്ഷി​ക്കു​ന്നു. (1 കൊരി​ന്ത്യർ 5:7; എബ്രായർ 12:15, 16) യഹോ​വ​യു​ടെ വിശു​ദ്ധ​മായ പേരി​നോ​ടും ഉയർന്ന നിലവാ​ര​ങ്ങ​ളോ​ടും യഹോ​വ​യോ​ടു​ത​ന്നെ​യും സ്‌നേ​ഹ​മു​ണ്ടെ​ന്നാ​ണു ദൈവ​ജനം അതിലൂ​ടെ കാണി​ക്കു​ന്നത്‌. (1 പത്രോസ്‌ 1:15, 16) പുറത്താ​ക്കൽന​ട​പടി പുറത്താ​കുന്ന ആളോ​ടുള്ള സ്‌നേ​ഹം​കൂ​ടി​യാണ്‌. താൻ ചെയ്യു​ന്നതു തെറ്റാ​ണെന്നു മനസ്സി​ലാ​ക്കാ​നും മാറ്റം വരുത്താ​നും ശക്തമായ ഈ ശിക്ഷണ​ന​ട​പടി അദ്ദേഹത്തെ സഹായി​ച്ചേ​ക്കാം. പുറത്താ​ക്ക​പ്പെട്ട പലരും പിന്നീട്‌ യഹോ​വ​യി​ലേക്കു മടങ്ങി വന്നിട്ടുണ്ട്‌. അവരെ സന്തോ​ഷ​ത്തോ​ടെ സഭയി​ലേക്കു വീണ്ടും സ്വീക​രി​ച്ചി​ട്ടുണ്ട്‌.​—എബ്രായർ 12:11.

21 ഏതെങ്കി​ലു​മൊ​ക്കെ വിധത്തിൽ കൂട്ടു​കാർ നമ്മളെ സ്വാധീ​നി​ക്കു​ന്നുണ്ട്‌. അതു​കൊണ്ട്‌ അവരെ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. യഹോവ സ്‌നേ​ഹി​ക്കു​ന്ന​വരെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ യഹോ​വ​യോട്‌ എല്ലാ കാലവും വിശ്വസ്‌ത​രാ​യി തുടരാൻ സഹായി​ക്കുന്ന കൂട്ടു​കാർ നമുക്കു​ണ്ടാ​കും.