വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 2

ദൈവ​മു​മ്പാ​കെ നല്ലൊരു മനസ്സാക്ഷി

ദൈവ​മു​മ്പാ​കെ നല്ലൊരു മനസ്സാക്ഷി

“ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക.”​—1 പത്രോസ്‌ 3:16.

1, 2. അപരി​ചി​ത​മായ ഒരു സ്ഥലത്ത്‌ ഒരു വഴികാ​ട്ടി ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌? യഹോവ നമുക്ക്‌ തന്നിരി​ക്കുന്ന വഴികാ​ട്ടി ഏതാണ്‌?

 നിങ്ങൾ ഒരു വലിയ മരുഭൂ​മി​യി​ലൂ​ടെ നടക്കു​ക​യാ​ണെന്നു വിചാ​രി​ക്കുക. ശക്തമായ കാറ്റടിച്ച്‌ മണൽ പല ദിശയി​ലേക്കു നീങ്ങു​മ്പോൾ മരുഭൂ​മി​യു​ടെ രൂപം​തന്നെ മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നിങ്ങൾക്കു പെട്ടെന്നു വഴി തെറ്റി​യേ​ക്കാം. ഏതു ദിശയിൽ പോക​ണ​മെന്നു നിങ്ങൾ എങ്ങനെ അറിയും? നിങ്ങളെ നയിക്കാൻ ആരെങ്കി​ലും അല്ലെങ്കിൽ എന്തെങ്കി​ലും വേണം. ഒരു വടക്കു​നോ​ക്കി യന്ത്രമോ സൂര്യ​നോ നക്ഷത്ര​ങ്ങ​ളോ ഒരു ഭൂപട​മോ ആഗോള സ്ഥാനനിർണയ സംവി​ധാ​ന​മോ (ജി.പി.എസ്‌) അല്ലെങ്കിൽ ആ മരുഭൂ​മി​യെ​ക്കു​റിച്ച്‌ നന്നായി അറിയാ​വുന്ന ഒരാളോ സഹായ​ത്തി​നു വേണ്ടി​വ​ന്നേ​ക്കാം. ഒരു വഴികാ​ട്ടി​യു​ണ്ടാ​യി​രി​ക്കു​ന്നതു പ്രധാ​ന​മാണ്‌, കാരണം വഴി അറിഞ്ഞി​ല്ലെ​ങ്കിൽ നിങ്ങളു​ടെ ജീവൻതന്നെ അപകട​ത്തി​ലാ​കും.

2 നമ്മളെ​ല്ലാം ജീവി​ത​ത്തിൽ പല പ്രതി​സ​ന്ധി​കൾ നേരി​ടു​ന്നുണ്ട്‌. ചില സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യണ​മെന്ന്‌ ഒരു പിടി​യും കിട്ടില്ല. എന്നാൽ നമ്മളെ വഴിന​യി​ക്കാൻ യഹോവ നമു​ക്കെ​ല്ലാ​വർക്കും മനസ്സാക്ഷി തന്നിരി​ക്കു​ന്നു. (യാക്കോബ്‌ 1:17) മനസ്സാക്ഷി എന്താ​ണെ​ന്നും അത്‌ എങ്ങനെ പ്രവർത്തി​ക്കു​ന്നെ​ന്നും നമുക്കു നോക്കാം. അതിലൂ​ടെ മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാ​മെ​ന്നും മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ പരിഗ​ണി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ശുദ്ധമായ മനസ്സാക്ഷി ജീവിതം മെച്ചമാ​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നമ്മൾ പഠിക്കും.

എന്താണ്‌ മനസ്സാക്ഷി, അത്‌ എങ്ങനെ പ്രവർത്തി​ക്കു​ന്നു?

3. എന്താണു മനസ്സാക്ഷി?

3 നമ്മുടെ മനസ്സാക്ഷി യഹോവ തന്നിരി​ക്കുന്ന അമൂല്യ​മായ ഒരു സമ്മാന​മാണ്‌. ശരിയും തെറ്റും സംബന്ധിച്ച നമ്മുടെ ഉള്ളിലെ അവബോ​ധ​മാണ്‌ അത്‌. “മനസ്സാക്ഷി” എന്നതിന്‌ ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “തന്നെക്കു​റി​ച്ചു​ത​ന്നെ​യുള്ള അറിവ്‌”എന്നാണ്‌. നമ്മുടെ മനസ്സാക്ഷി നന്നായി പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ നമ്മൾ ശരിക്കും എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാം. ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളെ​ക്കു​റി​ച്ചു​പോ​ലും സത്യസ​ന്ധ​മാ​യി വിലയി​രു​ത്താൻ അതു സഹായി​ക്കും. നല്ലതു ചെയ്യാ​നും മോശ​മായ കാര്യങ്ങൾ ഒഴിവാ​ക്കാ​നും അതു നമ്മളെ പ്രേരി​പ്പി​ക്കും. നല്ലൊരു തീരു​മാ​നം എടുത്തു​ക​ഴി​യു​മ്പോൾ സന്തോഷം തോന്നാ​നും തെറ്റായ തീരു​മാ​ന​മാണ്‌ എടുക്കു​ന്ന​തെ​ങ്കിൽ കുറ്റ​ബോ​ധം തോന്നാ​നും മനസ്സാക്ഷി ഇടയാ​ക്കും.​—പിൻകു​റിപ്പ്‌ 5 കാണുക.

4, 5. (എ) ആദാമും ഹവ്വയും മനസ്സാ​ക്ഷി​ക്കു ശ്രദ്ധ കൊടു​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ എന്തു സംഭവി​ച്ചു? (ബി) മനസ്സാക്ഷി എങ്ങനെ പ്രവർത്തി​ക്കു​ന്നെന്നു കാണി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ ഏതൊ​ക്കെ​യാണ്‌?

4 മനസ്സാക്ഷി പറയു​ന്ന​ത​നു​സ​രിച്ച്‌ പ്രവർത്തി​ക്ക​ണോ വേണ്ടയോ എന്നു നമുക്ക്‌ ഓരോ​രു​ത്തർക്കും തീരു​മാ​നി​ക്കാം. ആദാമും ഹവ്വയും മനസ്സാ​ക്ഷി​യു​ടെ ശബ്ദത്തിനു ചെവി കൊടു​ക്കേണ്ടാ എന്നു തീരു​മാ​നി​ച്ചു, അങ്ങനെ അവർ പാപം ചെയ്‌തു. പിന്നീട്‌ അവർക്കു കുറ്റ​ബോ​ധം തോന്നി​യെ​ങ്കി​ലും സമയം ഒരുപാ​ടു വൈകി​പ്പോ​യി​രു​ന്നു. അവർ അതി​നോ​ടകം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചി​രു​ന്നു. (ഉൽപത്തി 3:7, 8) അവർക്കു പൂർണ​ത​യുള്ള മനസ്സാ​ക്ഷി​യു​ണ്ടാ​യി​രു​ന്നു, ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്നത്‌ തെറ്റാ​ണെ​ന്നും അറിയാ​മാ​യി​രു​ന്നു. എന്നിട്ടും മനസ്സാ​ക്ഷി​യു​ടെ സ്വരത്തി​നു ശ്രദ്ധ കൊടു​ക്കാൻ അവർ തയ്യാറാ​യില്ല.

5 എന്നാൽ അനേകം അപൂർണ​മ​നു​ഷ്യർ മനസ്സാ​ക്ഷി​ക്കു ചെവി​കൊ​ടു​ത്തി​ട്ടുണ്ട്‌. ഇയ്യോബ്‌ അതിന്‌ നല്ലൊരു ഉദാഹ​ര​ണ​മാണ്‌. നല്ല തീരു​മാ​നങ്ങൾ എടുത്ത​തു​കൊണ്ട്‌ “ഞാൻ ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എന്റെ ഹൃദയം എന്നെ കുറ്റ​പ്പെ​ടു​ത്തില്ല” എന്ന്‌ ഇയ്യോ​ബി​നു പറയാൻ കഴിഞ്ഞു. (ഇയ്യോബ്‌ 27:6) “ഹൃദയം” എന്നു പറഞ്ഞ​പ്പോൾ തന്റെ മനസ്സാ​ക്ഷി​യെ, അതായത്‌ ശരിയും തെറ്റും സംബന്ധിച്ച ബോധ​ത്തെ​യാണ്‌ ഇയ്യോബ്‌ ഉദ്ദേശി​ച്ചത്‌. എന്നാൽ ദാവീദ്‌ ഇടയ്‌ക്കൊ​ക്കെ മനസ്സാ​ക്ഷി​ക്കു ചെവി​കൊ​ടു​ക്കാ​തെ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേടു കാണിച്ചു. പിന്നീട്‌ ദാവീ​ദി​ന്റെ മനസ്സാക്ഷി “കുത്തി​ത്തു​ടങ്ങി,” ദാവീ​ദി​നു വല്ലാത്ത കുറ്റ​ബോ​ധം തോന്നി. (1 ശമുവേൽ 24:5) ചെയ്‌തതു തെറ്റാ​യി​രു​ന്നെന്ന്‌ ദാവീ​ദി​ന്റെ മനസ്സാക്ഷി പറയു​ക​യാ​യി​രു​ന്നു. മനസ്സാ​ക്ഷി​ക്കു ചെവി​കൊ​ടു​ത്ത​തി​ലൂ​ടെ വീണ്ടും ഇതേ തെറ്റ്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ ദാവീ​ദി​നു കഴിഞ്ഞു.

6. മനസ്സാക്ഷി ദൈവ​ത്തിൽനി​ന്നുള്ള സമ്മാന​മാ​ണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോ​വയെ അറിയാ​ത്ത​വർക്കു​പോ​ലും ചില കാര്യങ്ങൾ ശരിയും ചിലത്‌ തെറ്റും ആണെന്ന്‌ അറിയാം. “അവരുടെ ചിന്തകൾ ഒന്നുകിൽ അവരെ കുറ്റ​പ്പെ​ടു​ത്തു​ന്നു അല്ലെങ്കിൽ അവരെ ന്യായീ​ക​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 2:14, 15) ഉദാഹ​ര​ണ​ത്തിന്‌ കൊല ചെയ്യു​ന്ന​തും മോഷ്ടി​ക്കു​ന്ന​തും തെറ്റാ​ണെന്നു മിക്കവർക്കും അറിയാം. എങ്ങനെ അറിയാം? മനസ്സാ​ക്ഷി​യു​ള്ള​തു​കൊണ്ട്‌. ശരിയും തെറ്റും സംബന്ധിച്ച ഈ തിരി​ച്ച​റിവ്‌ ദൈവം അവരുടെ ഉള്ളിൽ വെച്ചി​ട്ടുണ്ട്‌. ഒരുപക്ഷേ ഇതൊ​ന്നും അറിഞ്ഞു​കൊ​ണ്ടാ​യി​രി​ക്കില്ല അവർ തീരു​മാ​നങ്ങൾ എടുക്കു​ന്നത്‌. അവർ മനസ്സാ​ക്ഷി​ക്കു ചേർച്ച​യിൽ നല്ല തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ദൈവ​ത്തി​ന്റെ തത്ത്വങ്ങൾ, അഥവാ ജീവി​ത​ത്തിൽ തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കുന്ന അടിസ്ഥാ​ന​സ​ത്യ​ങ്ങൾ, അവരും പിൻപ​റ്റു​ക​യാണ്‌.

7. ചില​പ്പോൾ നമ്മുടെ മനസ്സാ​ക്ഷി​ക്കു തെറ്റു​പ​റ്റാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

7 എന്നാൽ ചില​പ്പോൾ നമ്മുടെ മനസ്സാ​ക്ഷി​ക്കു തെറ്റു​പ​റ്റി​യേ​ക്കാം. അപൂർണ​രാ​യ​തു​കൊണ്ട്‌ നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും മനസ്സാ​ക്ഷി​യെ വികല​മാ​ക്കി​യേ​ക്കാം. അതു നമ്മളെ തെറ്റായ ദിശയി​ലേക്കു നയി​ച്ചേ​ക്കാം. നല്ല മനസ്സാക്ഷി തനിയെ ഉണ്ടാകു​ന്നതല്ല. (ഉൽപത്തി 39:1, 2, 7-12) മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കണം. അതിനു സഹായ​മാ​യി യഹോവ പരിശു​ദ്ധാ​ത്മാ​വും ബൈബിൾത​ത്ത്വ​ങ്ങ​ളും തന്നിട്ടുണ്ട്‌. (റോമർ 9:1) നമ്മുടെ മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം എന്നു നോക്കാം.

നമ്മുടെ മനസ്സാ​ക്ഷി​യെ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?

8. (എ) നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും നമ്മുടെ മനസ്സാ​ക്ഷി​യെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം? (ബി) ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ നമ്മോ​ടു​തന്നെ എന്തു ചോദി​ക്കണം?

8 മനസ്സാ​ക്ഷി​ക്കു ചെവി​കൊ​ടു​ക്കുക എന്നു പറഞ്ഞാൽ അവരവ​രു​ടെ ചിന്തകൾക്കും വികാ​ര​ങ്ങൾക്കും ചേർച്ച​യിൽ പ്രവർത്തി​ക്കുക എന്നാ​ണെ​ന്നാ​ണു പലരും കരുതു​ന്നത്‌. ഏതു കാര്യം സംബന്ധി​ച്ചും അവർക്കു ശരി​യെന്നു ബോധ്യ​മു​ള്ളി​ട​ത്തോ​ളം കാലം അങ്ങനെ ചെയ്യാം എന്നാണ്‌ അവരുടെ ചിന്ത. എന്നാൽ നമ്മുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും അപൂർണ​മാണ്‌. അതിനു നമ്മളെ വഴി​തെ​റ്റി​ക്കാൻ കഴിയും. കൂടാതെ, നമ്മുടെ മനസ്സാ​ക്ഷി​യെ സ്വാധീ​നി​ക്കാൻമാ​ത്രം ശക്തമാണു നമ്മുടെ വികാ​രങ്ങൾ. ബൈബിൾ പറയുന്നു: “ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും സാഹസ​ത്തി​നു തുനി​യു​ന്ന​തും ആണ്‌; അതിനെ ആർക്കു മനസ്സി​ലാ​ക്കാ​നാ​കും?” (യിരെമ്യ 17:9) അതു​കൊണ്ട്‌ ഒരു കാര്യം തെറ്റാ​ണെ​ങ്കി​ലും അത്‌ ശരിയാ​ണെന്നു നമ്മൾ ചിന്തി​ച്ചു​തു​ട​ങ്ങി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ ഒരു ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പു ദൈവ​ത്തി​ന്റെ ജനത്തെ ക്രൂര​മാ​യി ഉപദ്ര​വി​ക്കു​ക​യും അതു ശരിയാ​ണെന്നു ചിന്തി​ക്കു​ക​യും ചെയ്‌തു. തനിക്ക്‌ ഒരു നല്ല മനസ്സാ​ക്ഷി​യുണ്ട്‌ എന്നുത​ന്നെ​യാ​ണു പൗലോസ്‌ അപ്പോ​ഴും കരുതി​യത്‌. എന്നാൽ പിന്നീട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്നെ വിചാരണ ചെയ്യു​ന്നത്‌ യഹോ​വ​യാണ്‌.” (1 കൊരി​ന്ത്യർ 4:4; പ്രവൃ​ത്തി​കൾ 23:1; 2 തിമൊ​ഥെ​യൊസ്‌ 1:3) താൻ ചെയ്യുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ യഹോ​വയ്‌ക്ക്‌ എന്തു തോന്നു​ന്നു എന്നു മനസ്സി​ലാ​ക്കിയ പൗലോസ്‌ താൻ മാറ്റം വരുത്ത​ണ​മെന്ന കാര്യം തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ ഒരു കാര്യം ചെയ്യു​ന്ന​തി​നു മുമ്പു നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കണം: ‘ഞാൻ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌?’

9. ദൈവത്തെ ഭയപ്പെ​ടുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

9 നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ഒരാളെ വിഷമി​പ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കില്ല. നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ യഹോ​വയ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്‌ത്‌ ദൈവത്തെ വിഷമി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കില്ല. അത്തരം കാര്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​ന്ന​തു​തന്നെ ഭയങ്കര​പേ​ടി​യാ​യി​രി​ക്കണം. നെഹമ്യ അങ്ങനെ ഒരാളാ​യി​രു​ന്നു. ഗവർണർ എന്ന തന്റെ പദവി ഉപയോ​ഗിച്ച്‌ സമ്പന്നനാ​കാൻ നെഹമ്യ ആഗ്രഹി​ച്ചില്ല. എന്തു​കൊണ്ട്‌? “ദൈവ​ഭ​യ​മു​ള്ള​തു​കൊണ്ട്‌”എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. (നെഹമ്യ 5:15) യഹോ​വയ്‌ക്ക്‌ ഇഷ്ടക്കേ​ടു​ണ്ടാ​ക്കുന്ന ഒരു കാര്യ​വും ചെയ്യാൻ നെഹമ്യ ആഗ്രഹി​ച്ചില്ല. തെറ്റായ എന്തെങ്കി​ലും ചെയ്‌ത്‌ യഹോ​വയെ വിഷമി​പ്പി​ക്കാൻ നമ്മളും ആഗ്രഹി​ക്കു​ന്നില്ല, നെഹമ്യ​യെ​പ്പോ​ലെ ദൈവ​ഭ​യ​മാണ്‌ അതിനു കാരണം. യഹോ​വയ്‌ക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ എന്താ​ണെന്നു ബൈബിൾ വായി​ക്കു​ന്ന​തി​ലൂ​ടെ നമുക്കു മനസ്സി​ലാ​ക്കാം.​—പിൻകു​റിപ്പ്‌ 6 കാണുക.

10, 11. മദ്യത്തി​ന്റെ ഉപയോ​ഗ​ത്തോ​ടുള്ള ബന്ധത്തിൽ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

10 ഉദാഹ​ര​ണ​ത്തിന്‌, മദ്യം കഴിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേണ്ട ഒരു സാഹച​ര്യം ഒരു ക്രിസ്‌ത്യാ​നി​ക്കു വന്നേക്കാം. അപ്പോൾ നല്ലൊരു തീരു​മാ​നം എടുക്കാൻ ഏതു തത്ത്വങ്ങൾ അദ്ദേഹത്തെ സഹായി​ക്കും? ചിലത്‌ ഇവയാണ്‌: മദ്യം കഴിക്കു​ന്ന​തി​നെ ബൈബിൾ വിലക്കു​ന്നില്ല. മറിച്ച്‌, വീഞ്ഞ്‌ ദൈവ​ത്തി​ന്റെ സമ്മാന​മാ​ണെ​ന്നാ​ണു ബൈബിൾ പറയു​ന്നത്‌. (സങ്കീർത്തനം 104:14, 15) അതേസ​മയം, യേശു തന്റെ അനുഗാ​മി​ക​ളോ​ടു ‘അമിത​മാ​യി കുടി​ക്കു​ന്നത്‌’ ഒഴിവാ​ക്കാൻ ആവശ്യ​പ്പെട്ടു. (ലൂക്കോസ്‌ 21:34) ഇനി പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോ​ടു പറഞ്ഞത്‌ “വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മുഴു​ക്കു​ടി​യി​ലും” ഉൾപ്പെ​ട​രുത്‌ എന്നാണ്‌. (റോമർ 13:13) കൂടാതെ, കുടി​യ​ന്മാർ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല” എന്നും പറഞ്ഞു.​—1 കൊരി​ന്ത്യർ 6:9, 10.

11 ഒരു ക്രിസ്‌ത്യാ​നി​ക്കു സ്വയം ഇങ്ങനെ ചോദി​ക്കാം: ‘മദ്യം എനിക്ക്‌ എത്ര​ത്തോ​ളം പ്രധാ​ന​മാണ്‌? ക്ഷീണം മാറ്റാൻ എനിക്ക്‌ അത്‌ ഇല്ലാതെ പറ്റി​ല്ലെ​ന്നാ​ണോ? ധൈര്യം കിട്ടാൻ ഞാൻ മദ്യപി​ക്കാ​റു​ണ്ടോ? എത്ര​ത്തോ​ളം കഴിക്കും, എത്ര കൂടെ​ക്കൂ​ടെ കഴിക്കും എന്നീ കാര്യ​ങ്ങ​ളിൽ എനിക്കു നിയ​ന്ത്ര​ണ​മു​ണ്ടോ? * മദ്യം ഇല്ലാ​തെ​യും എനിക്കു കൂട്ടു​കാ​രോ​ടൊ​പ്പം സന്തോ​ഷി​ക്കാൻ കഴിയാ​റു​ണ്ടോ?’ നല്ല തീരു​മാ​നങ്ങൾ എടുക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നാ​കും. (സങ്കീർത്തനം 139:23, 24 വായി​ക്കുക.) ഇങ്ങനെ ചെയ്യു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങ​ളോ​ടു നന്നായി പ്രതി​ക​രി​ക്കാൻ മനസ്സാ​ക്ഷി​യെ നമ്മൾ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌. നമ്മൾ തുടർന്നു കാണാൻ പോകു​ന്ന​തു​പോ​ലെ മറ്റു ചില കാര്യ​ങ്ങൾകൂ​ടി കണക്കി​ലെ​ടു​ക്കേ​ണ്ട​തുണ്ട്‌.

മറ്റുള്ള​വ​രു​ടെ മനസ്സാക്ഷി പരിഗണിക്കേണ്ടത്‌ എന്തു​കൊണ്ട്‌?

12, 13. നമ്മുടെ മനസ്സാക്ഷി മറ്റുള്ള​വ​രു​ടേ​തിൽനിന്ന്‌ വ്യത്യസ്‌ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? അത്തരം വ്യത്യാ​സ​ങ്ങളെ നമ്മൾ എങ്ങനെ കാണണം?

12 എല്ലാവ​രു​ടെ​യും മനസ്സാക്ഷി ഒരു​പോ​ലെയല്ല. മറ്റൊ​രാ​ളു​ടെ മനസ്സാക്ഷി അനുവ​ദി​ക്കാത്ത ഒരു കാര്യം ചെയ്യാൻ ഒരുപക്ഷേ നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങളെ അനുവ​ദി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, മദ്യം കഴിക്കു​ന്ന​തിൽ നിങ്ങൾക്കു തെറ്റൊ​ന്നും തോന്നു​ന്നി​ല്ലാ​യി​രി​ക്കും. എന്നാൽ മറ്റൊ​രാൾ അതു കഴി​ക്കേ​ണ്ടെന്നു വെച്ചേ​ക്കാം. എന്തു​കൊ​ണ്ടാ​യി​രി​ക്കാം രണ്ടു പേർക്കും ഇതെക്കു​റിച്ച്‌ വ്യത്യസ്‌ത​വീ​ക്ഷ​ണങ്ങൾ ഉള്ളത്‌?

മദ്യം കഴിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ പരിശീ​ലി​പ്പി​ക്ക​പ്പെട്ട മനസ്സാ​ക്ഷി​ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും

13 ഒരു കാര്യ​ത്തെ​ക്കു​റി​ച്ചുള്ള ഒരു വ്യക്തി​യു​ടെ ചിന്തകളെ മിക്ക​പ്പോ​ഴും വളർന്നു​വന്ന ചുറ്റു​പാ​ടും ജീവി​താ​നു​ഭ​വ​ങ്ങ​ളും കുടും​ബാം​ഗ​ങ്ങ​ളു​ടെ വീക്ഷണ​വും ഒക്കെ സ്വാധീ​നി​ക്കു​ന്നു. മുമ്പു മദ്യപി​ക്കുന്ന കാര്യ​ത്തിൽ പരിധി​വെ​ക്കാൻ കഴിയാ​തി​രുന്ന ഒരാൾ, ഇപ്പോൾ മദ്യം അപ്പാടെ ഒഴിവാ​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാം. (1 രാജാ​ക്ക​ന്മാർ 8:38, 39) ഇങ്ങനെ​യൊ​രു ആൾക്കാ​യി​രി​ക്കാം നിങ്ങൾ മദ്യം കൊടു​ക്കു​ന്നത്‌. പക്ഷേ, അദ്ദേഹം അതു നിരസി​ക്കു​ന്നെന്നു കരുതുക. നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? നിങ്ങൾക്കു മുഷിവു തോന്നു​മോ? കുടി​ക്കാൻ അദ്ദേഹത്തെ നിർബ​ന്ധി​ക്കു​മോ? മദ്യം വേണ്ടാ എന്നു പറഞ്ഞതി​ന്റെ കാരണം പറയാൻ നിർബ​ന്ധി​ക്കു​മോ? ഇല്ല. കാരണം നിങ്ങൾ അയാളു​ടെ മനസ്സാ​ക്ഷി​യെ മാനി​ക്കു​ന്നു.

14, 15. പൗലോ​സി​ന്റെ കാലത്തു നിലവി​ലി​രുന്ന ഒരു സാഹച​ര്യം പറയാ​മോ? അതി​നോ​ടുള്ള ബന്ധത്തിൽ എന്തു നല്ല ഉപദേ​ശ​മാ​ണു പൗലോസ്‌ നൽകി​യത്‌?

14 അപ്പോസ്‌ത​ല​നായ പൗലോ​സി​ന്റെ കാലത്തു​ണ്ടായ ഒരു സാഹച​ര്യം നോക്കാം. ആളുക​ളു​ടെ മനസ്സാക്ഷി വ്യത്യസ്‌ത​മാ​യേ​ക്കാ​വു​ന്നത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കാൻ അതു നമ്മളെ സഹായി​ക്കും. അന്നൊക്കെ ചന്തയിൽ വിറ്റി​രുന്ന ഇറച്ചി​യിൽ ചിലതു വ്യാജാ​രാ​ധ​ന​യു​ടെ ഭാഗമാ​യി വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ച​വ​യാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 10:25) എന്നാൽ അതു വാങ്ങി കഴിക്കു​ന്നതു തെറ്റാ​ണെന്നു പൗലോ​സി​നു തോന്നി​യില്ല. കാരണം ഭക്ഷണസാ​ധ​ന​ങ്ങ​ളെ​ല്ലാം യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ മുമ്പു വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രുന്ന ചില സഹോ​ദ​രങ്ങൾ കാര്യ​ങ്ങളെ വ്യത്യസ്‌ത​മാ​യാ​ണു കണ്ടിരു​ന്നത്‌. ആ ഇറച്ചി വാങ്ങി കഴിക്കു​ന്നതു തെറ്റാ​ണെന്ന്‌ അവർക്കു തോന്നി. എന്നാൽ പൗലോസ്‌ ഇങ്ങനെ ചിന്തി​ച്ചോ: ‘എന്റെ മനസ്സാക്ഷി എന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നില്ല. ഞാൻ ആഗ്രഹി​ക്കു​ന്നതു കഴിക്കാ​നുള്ള അവകാശം എനിക്കി​ല്ലേ?’

15 പക്ഷേ, പൗലോസ്‌ അങ്ങനെ ചിന്തി​ച്ചില്ല. മറ്റു സഹോ​ദ​ര​ങ്ങ​ളു​ടെ വികാ​ര​ങ്ങളെ പൗലോസ്‌ വളരെ​യ​ധി​കം മാനിച്ചു. അതു​കൊണ്ട്‌ വ്യക്തി​പ​ര​മായ ചില അവകാ​ശങ്ങൾ മനസ്സോ​ടെ വേണ്ടെ​ന്നു​വെ​ക്കാൻ അദ്ദേഹം സന്നദ്ധനാ​യി​രു​ന്നു. പൗലോസ്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “നമ്മളെ​ത്തന്നെ പ്രീതി​പ്പെ​ടു​ത്തു​കയല്ല വേണ്ടത്‌. . . . ക്രിസ്‌തു​പോ​ലും തന്നെത്തന്നെ പ്രീതി​പ്പെ​ടു​ത്തി​യില്ല.” (റോമർ 15:1, 3) യേശു​വി​നെ​പ്പോ​ലെ പൗലോ​സും തന്നെക്കാൾ അധികം മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യി​രു​ന്നു.​1 കൊരി​ന്ത്യർ 8:13; 10:23, 24, 31-33 വായി​ക്കുക.

16. നമ്മുടെ സഹോ​ദരൻ മനസ്സാ​ക്ഷി​പൂർവം ചെയ്യുന്ന ഒരു കാര്യത്തെ നമ്മൾ വിധി​ക്കാൻ പാടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

16 ഒരു വ്യക്തി അദ്ദേഹ​ത്തി​ന്റെ മനസ്സാ​ക്ഷി​ക്കു ചേർച്ച​യിൽ ചെയ്യുന്ന ഒരു കാര്യം നമുക്കു തെറ്റായി തോന്നു​ന്നെ​ങ്കി​ലോ? നമ്മുടെ പക്ഷത്താണു ശരി​യെ​ന്നും മറ്റേയാൾ ചെയ്‌തതു തെറ്റാ​ണെ​ന്നും സ്ഥാപി​ക്കാൻ നമ്മൾ ശ്രമി​ക്ക​രുത്‌. മറ്റുള്ളവർ ചെയ്യുന്ന കാര്യ​ങ്ങളെ വിമർശ​ന​ബു​ദ്ധി​യോ​ടെ കാണാ​തി​രി​ക്കാൻ വളരെ ശ്രദ്ധി​ക്കുക. (റോമർ 14:10 വായി​ക്കുക.) യഹോവ നമുക്കു മനസ്സാക്ഷി തന്നിരി​ക്കു​ന്നതു നമ്മളെ വിധി​ക്കാ​നാണ്‌, അല്ലാതെ മറ്റുള്ള​വരെ വിധി​ക്കാ​നല്ല. (മത്തായി 7:1) നമ്മുടെ വ്യക്തി​പ​ര​മായ താത്‌പ​ര്യ​ങ്ങൾ ഉയർത്തി​പ്പി​ടി​ക്കാ​നാ​യി സഭയിൽ വിഭാ​ഗീ​യത സൃഷ്ടി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. പകരം സ്‌നേ​ഹ​വും ഐക്യ​വും ഊട്ടി​വ​ളർത്താ​നാ​ണു നമ്മൾ നോക്കു​ന്നത്‌.—റോമർ 14:19.

നല്ല മനസ്സാക്ഷി പ്രയോ​ജനം ചെയ്യും

17. ചിലരു​ടെ മനസ്സാ​ക്ഷിക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?

17 “ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക” എന്ന്‌ അപ്പോസ്‌ത​ല​നായ പത്രോസ്‌ എഴുതി. (1 പത്രോസ്‌ 3:16) ആളുകൾ യഹോ​വ​യു​ടെ തത്ത്വങ്ങൾ ലംഘി​ക്കു​മ്പോൾ ക്രമേണ അവർക്കു കുറ്റ​ബോ​ധം തോന്നാ​താ​കും എന്നതാണു സങ്കടക​ര​മായ വസ്‌തുത. അത്തരത്തി​ലു​ള്ള​വ​രു​ടെ മനസ്സാക്ഷി ‘ചുട്ടു​പ​ഴുത്ത ഇരുമ്പു​കൊ​ണ്ടെ​ന്ന​പോ​ലെ പൊള്ളി​യ​താ​കും’ എന്നാണു പൗലോസ്‌ പറഞ്ഞത്‌. (1 തിമൊ​ഥെ​യൊസ്‌ 4:2) നിങ്ങൾക്ക്‌ എന്നെങ്കി​ലും ഗുരു​ത​ര​മായ പൊള്ള​ലേ​റ്റി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ പൊള്ള​ലേറ്റ ഭാഗത്തു പിന്നീടു നിങ്ങൾക്ക്‌ ഒന്നും​തന്നെ അനുഭ​വ​പ്പെ​ടില്ല. ഇതു​പോ​ലെ ഒരു വ്യക്തി തെറ്റായ കാര്യം ചെയ്യു​ന്ന​തിൽ തുടർന്നാൽ അദ്ദേഹ​ത്തി​ന്റെ മനസ്സാക്ഷി ‘പൊള്ളി​യ​തു​പോ​ലെ’ പ്രവർത്തി​ക്കാ​താ​കും.

ഒരു നല്ല മനസ്സാക്ഷി ജീവി​ത​ത്തി​ന്റെ വഴികാ​ട്ടി​യാ​യി​രി​ക്കും. അതിനു സന്തോ​ഷ​വും മനസ്സമാ​ധാ​ന​വും നൽകാ​നാ​കും

18, 19. (എ) കുറ്റ​ബോ​ധം തോന്നു​ന്നതു നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ബി) പശ്ചാത്ത​പിച്ച തെറ്റി​നെ​ക്കു​റിച്ച്‌ വീണ്ടും കുറ്റ​ബോ​ധം തോന്നു​ന്നെ​ങ്കിൽ എന്ത്‌ ഓർക്കണം?

18 നമുക്കു കുറ്റ​ബോ​ധം തോന്നു​മ്പോൾ നമ്മുടെ മനസ്സാക്ഷി നമ്മൾ എന്തോ തെറ്റു ചെയ്‌തെന്നു പറയു​ക​യാ​യി​രി​ക്കും. ഇതു തെറ്റ്‌ തിരി​ച്ച​റി​യാ​നും അതു ചെയ്യു​ന്നത്‌ നിറു​ത്താ​നും സഹായി​ക്കും. നമ്മുടെ തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. അങ്ങനെ​യാ​കു​മ്പോൾ നമ്മൾ അത്‌ ആവർത്തി​ക്കില്ല. ഉദാഹ​ര​ണ​ത്തിന്‌, ദാവീദ്‌ രാജാവ്‌ പാപം ചെയ്‌തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ മനസ്സാക്ഷി പശ്ചാത്ത​പി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. താൻ ചെയ്‌ത പാപ​പ്ര​വൃ​ത്തി​യെ അദ്ദേഹം വെറുത്തു. ഭാവി​യിൽ യഹോ​വയെ അനുസ​രി​ക്കു​മെന്നു നിശ്ചയിച്ച്‌ ഉറയ്‌ക്കു​ക​യും ചെയ്‌തു. സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ ദാവീ​ദിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ.”​—സങ്കീർത്തനം 51:1-19; 86:5. പിൻകു​റിപ്പ്‌ 7 കാണുക.

19 എന്നാൽ ഒരു വ്യക്തി തെറ്റു ചെയ്യു​ക​യും അതെക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തി​ട്ടു നാളു കുറെ​യാ​യെ​ങ്കി​ലും ചില​പ്പോൾ കുറ്റ​ബോ​ധം അയാളെ ഇപ്പോ​ഴും വേട്ടയാ​ടു​ന്നു​ണ്ടാ​കാം. അതു വളരെ വേദനാ​ക​ര​വു​മാ​യി​രി​ക്കാം. തങ്ങൾ വിലയി​ല്ലാ​ത്ത​വ​രാ​ണെ​ന്നു​പോ​ലും ചിന്തി​ക്കാൻ അതു ചിലരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു. ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കും അങ്ങനെ തോന്നു​ന്നെ​ങ്കിൽ ഒരു കാര്യം ഓർക്കുക, മുമ്പു നടന്ന കാര്യം ഇല്ലാതാ​ക്കാൻ നമുക്കാ​കില്ല. ഒരു കാര്യം തെറ്റാ​ണെന്ന്‌ അറിഞ്ഞോ അറിയാ​തെ​യോ ആണു ചെയ്‌ത​തെ​ങ്കിൽപ്പോ​ലും യഹോവ നിങ്ങ​ളോ​ടു സമ്പൂർണ​മാ​യി ക്ഷമിക്കു​ക​യും ആ പാപങ്ങൾ മായി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. യഹോ​വ​യു​ടെ മുമ്പാകെ നിങ്ങൾ ഇപ്പോൾ ശുദ്ധരാണ്‌. ഇപ്പോൾ നിങ്ങൾ ചെയ്യു​ന്നതു ശരിയാ​ണെ​ന്നും നിങ്ങൾക്ക്‌ അറിയാം. എന്നാലും ഇപ്പോ​ഴും നിങ്ങളു​ടെ ഹൃദയം നിങ്ങളെ കുറ്റ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​കാം. എന്നാൽ ബൈബിൾ പറയു​ന്നത്‌ ‘ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയവൻ’ ആണെന്നാണ്‌. (1 യോഹ​ന്നാൻ 3:19, 20 വായി​ക്കുക.) അതിന്റെ അർഥം ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും ക്ഷമയും നമുക്കു തോന്നുന്ന ഏതൊരു കുറ്റ​ബോ​ധ​ത്തെ​യും നാണേ​ക്കേ​ടി​നെ​യും മൂടി​ക്ക​ള​യു​ന്ന​താണ്‌ എന്നാണ്‌. യഹോവ നിങ്ങ​ളോ​ടു ക്ഷമിച്ചു എന്നു നിങ്ങൾക്ക്‌ ഉറച്ചു​വി​ശ്വ​സി​ക്കാം. ദൈവം തന്നോടു ക്ഷമിച്ചെന്ന കാര്യം അംഗീ​ക​രി​ക്കുന്ന ഒരു വ്യക്തിക്കു മനസ്സമാ​ധാ​ന​മു​ണ്ടാ​കും; സന്തോ​ഷ​ത്തോ​ടെ ദൈവത്തെ സേവി​ക്കാ​നും കഴിയും.​—1 കൊരി​ന്ത്യർ 6:11; എബ്രായർ 10:22.

20, 21. (എ) ഈ പുസ്‌തകം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌ എന്തിനു​വേ​ണ്ടി​യാണ്‌? (ബി) യഹോവ നമുക്ക്‌ എന്തു സ്വാത​ന്ത്ര്യ​മാ​ണു നൽകി​യി​രി​ക്കു​ന്നത്‌? അതു നമ്മൾ എങ്ങനെ ഉപയോ​ഗി​ക്കണം?

20 നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഒരു സഹായ​മാ​യാണ്‌ ഈ പുസ്‌തകം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ ഈ അവസാ​ന​നാ​ളു​ക​ളിൽ, പരിശീ​ലനം ലഭിച്ച മനസ്സാ​ക്ഷി​ക്കു മുന്നറി​യി​പ്പും സംരക്ഷ​ണ​വും നൽകാ​നാ​കും. കൂടാതെ ജീവി​ത​ത്തി​ന്റെ വ്യത്യസ്‌ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കാൻ അതു നിങ്ങളെ സഹായി​ക്കും. ഈ പുസ്‌തകം ഓരോ സാഹച​ര്യ​ത്തി​ലും എന്തു ചെയ്യണം എന്നു പറയുന്ന നിയമ​ങ്ങ​ളു​ടെ ഒരു പട്ടിക തരുന്നില്ല. നമ്മൾ ജീവി​ക്കു​ന്നതു “ക്രിസ്‌തു​വി​ന്റെ നിയമം” അനുസ​രി​ച്ചാണ്‌, അതാകട്ടെ ദൈവി​ക​ത​ത്ത്വ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യ​താണ്‌. (ഗലാത്യർ 6:2) എന്നാൽ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ വ്യക്തമായ നിയമ​മി​ല്ലെ​ങ്കിൽ ഈ സ്വാത​ന്ത്ര്യം തെറ്റു ചെയ്യാ​നുള്ള ഒരു ഒഴിക​ഴി​വാ​യി നമ്മൾ എടുക്കില്ല. (2 കൊരി​ന്ത്യർ 4:1, 2; എബ്രായർ 4:13; 1 പത്രോസ്‌ 2:16) മറിച്ച്‌, അത്‌ യഹോ​വ​യോ​ടുള്ള സ്‌നേഹം കാണി​ക്കു​ന്ന​തി​നുള്ള അവസര​മാ​യി നമ്മൾ കാണും.

21 ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനിച്ച്‌ അവ ബാധക​മാ​ക്കു​മ്പോൾ നമ്മൾ നമ്മുടെ “വിവേ​ച​നാ​പ്രാപ്‌തി” ഉപയോ​ഗി​ക്കാ​നും യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും പഠിക്കും. (എബ്രായർ 5:14) അതിന്റെ പ്രയോ​ജ​ന​മോ? അങ്ങനെ പരിശീ​ലി​പ്പി​ക്ക​പ്പെട്ട മനസ്സാക്ഷി നമ്മുടെ ജീവി​ത​ത്തി​ന്റെ ഒരു വഴികാ​ട്ടി​യാ​യി​രി​ക്കും. കൂടാതെ, ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്കാ​നും അതു നമ്മളെ സഹായി​ക്കും.

^ മുഴുക്കുടിയന്മാർക്കു കുടി​ക്കു​ന്ന​തി​ന്റെ അളവു നിയ​ന്ത്രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും എന്നാണു പല ഡോക്ടർമാ​രും പറയു​ന്നത്‌. അങ്ങനെ​യു​ള്ളവർ ഒട്ടും​തന്നെ കുടി​ക്ക​രു​തെ​ന്നാ​ണു ഡോക്ടർമാർ നിർദേ​ശി​ക്കു​ന്നത്‌.