വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 6

വിനോ​ദം എങ്ങനെ തിരഞ്ഞെടുക്കാം?

വിനോ​ദം എങ്ങനെ തിരഞ്ഞെടുക്കാം?

“എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുക.”​—1 കൊരി​ന്ത്യർ 10:31.

1, 2. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 നിങ്ങൾ ഒരു ആപ്പിൾ കഴിക്കാൻ പോകു​ക​യാ​ണെന്നു വിചാ​രി​ക്കുക. അപ്പോ​ഴാണ്‌ അതിനു കേടു​ണ്ടെന്നു കാണു​ന്നത്‌. നിങ്ങൾ എന്തു ചെയ്യും? എന്താ​ണെ​ങ്കി​ലും അതു കഴി​ച്ചേ​ക്കാം എന്നു വിചാ​രി​ക്കു​മോ? അല്ലെങ്കിൽ അതു കളയു​മോ? അതോ കേടുള്ള ഭാഗം മുറിച്ച്‌ മാറ്റി​യിട്ട്‌ നല്ല ഭാഗം കഴിക്കു​മോ?

2 ഒരർഥ​ത്തിൽ പറഞ്ഞാൽ ഈ ആപ്പിൾപോ​ലെ​യാ​ണു വിനോ​ദങ്ങൾ. വിനോ​ദ​ങ്ങ​ളിൽ ചിലത്‌ ആസ്വദി​ക്കാൻ പറ്റുന്ന​താ​യി​രി​ക്കും. പക്ഷേ മിക്കതും മോശ​മാണ്‌. കാരണം അധാർമി​ക​ത​യും അക്രമ​വും ഭൂതവി​ദ്യ​യും നിറഞ്ഞ​താണ്‌ അത്‌. അതു​കൊണ്ട്‌ വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ “എനിക്ക്‌ ഇഷ്ടമു​ള്ളതു ഞാൻ തിര​ഞ്ഞെ​ടു​ക്കും” എന്നു നിങ്ങൾ പറയു​മോ? അതോ “വിനോ​ദ​ങ്ങ​ളെ​ല്ലാം മോശ​മാണ്‌ ” എന്നു നിങ്ങൾ പറയു​മോ? അല്ലെങ്കിൽ മോശ​മാ​യത്‌ ഒഴിവാ​ക്കി ആസ്വദി​ക്കാൻ പറ്റിയ നല്ല വിനോ​ദങ്ങൾ നിങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മോ?

3. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ എന്തു ചിന്തി​ക്കണം?

3 നമുക്ക്‌ എല്ലാവർക്കും കുറ​ച്ചൊ​ക്കെ വിനോ​ദ​വും ഉല്ലാസ​വും ആവശ്യ​മാണ്‌. നല്ലതു തിര​ഞ്ഞെ​ടു​ക്കാ​നാണ്‌ നമ്മൾ ആഗ്രഹി​ക്കു​ന്ന​തും. നമ്മൾ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിധം നമ്മുടെ ആരാധ​നയെ എങ്ങനെ ബാധി​ക്കും എന്നു നമ്മൾ സ്വയം ചോദി​ക്കണം.

“എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക”

4. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ സഹായി​ക്കുന്ന ഒരു ബൈബിൾത​ത്ത്വം ഏതാണ്‌?

4 നമ്മൾ യഹോ​വയ്‌ക്കു സമർപ്പി​ക്കു​മ്പോൾ ജീവിതം യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കു​മെന്നു വാക്കു കൊടു​ക്കു​ന്നു. (സഭാ​പ്ര​സം​ഗകൻ 5:4 വായി​ക്കുക.) ‘എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യു​മെന്ന്‌ ’ നമ്മൾ ഉറപ്പു​കൊ​ടു​ത്തു. (1 കൊരി​ന്ത്യർ 10:31) അതായത്‌ നമ്മൾ സഭാ​യോ​ഗ​ത്തി​ന്റെ സമയത്തോ വയൽസേ​വ​ന​ത്തി​ലാ​യി​രി​ക്കു​മ്പോ​ഴോ മാത്രമല്ല വിശ്ര​മി​ക്കു​മ്പോ​ഴും വിനോ​ദം ആസ്വദി​ക്കു​മ്പോ​ഴും യഹോ​വയ്‌ക്കു സമർപ്പി​ച്ച​വ​രാണ്‌.

5. നമ്മുടെ ആരാധന എങ്ങനെ​യു​ള്ള​താ​യി​രി​ക്കണം?

5 നമ്മൾ ജീവി​ത​ത്തിൽ ചെയ്യുന്ന ഏതൊരു കാര്യ​വും നമ്മുടെ ആരാധ​നയെ ബാധി​ക്കും. പൗലോ​സി​ന്റെ ഈ വാക്കുകൾ ഇതാണ്‌ സൂചി​പ്പി​ച്ചത്‌: ‘നിങ്ങളു​ടെ ശരീര​ങ്ങളെ വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വും ആയ ജീവനുള്ള ബലിയാ​യി അർപ്പി​ക്കുക.’ (റോമർ 12:1) യേശു പറഞ്ഞു: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മർക്കോസ്‌ 12:30) നമ്മുടെ ഏറ്റവും മികച്ചത്‌ യഹോ​വയ്‌ക്കു കൊടു​ക്കാ​നാണ്‌ നമ്മൾ എപ്പോ​ഴും ആഗ്രഹി​ക്കു​ന്നത്‌. പുരാതന ഇസ്രാ​യേ​ലിൽ ഒരു മൃഗത്തെ യഹോ​വയ്‌ക്കു ബലിയർപ്പി​ക്കു​മ്പോൾ ആരോ​ഗ്യ​മു​ള്ള​തി​നെ ബലിയർപ്പി​ക്കാൻ പ്രതീ​ക്ഷി​ച്ചി​രു​ന്നു. അവയ്‌ക്ക്‌ എന്തെങ്കി​ലും കുറവു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ദൈവം അതു സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. (ലേവ്യ 22:18-20) ഇതു​പോ​ലെ നമ്മുടെ ആരാധ​ന​യും സ്വീകാ​ര്യ​മ​ല്ലാ​താ​യേ​ക്കാം. എങ്ങനെ?

6, 7. നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദങ്ങൾ നമ്മുടെ ആരാധ​നയെ എങ്ങനെ ബാധി​ച്ചേ​ക്കാം?

6 “ഞാൻ വിശു​ദ്ധ​നാ​യ​തു​കൊണ്ട്‌ നിങ്ങളും വിശു​ദ്ധ​രാ​യി​രി​ക്കണം” എന്ന്‌ യഹോവ നമ്മളോ​ടു പറയുന്നു. (1 പത്രോസ്‌ 1:14-16; 2 പത്രോസ്‌ 3:11) നമ്മുടെ ആരാധന വിശു​ദ്ധ​മാ​ണെ​ങ്കിൽ മാത്രമേ യഹോവ അതു സ്വീക​രി​ക്കൂ. (ആവർത്തനം 15:21) ഭൂതവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ, അധാർമി​കത, അക്രമം ഇതു​പോ​ലുള്ള കാര്യങ്ങൾ യഹോവ വെറു​ക്കു​ന്നു. ഇതിൽ ഏതെങ്കി​ലും ഒക്കെ നമ്മൾ ചെയ്യു​ക​യാ​ണെ​ങ്കിൽ നമ്മുടെ ആരാധന ശുദ്ധമാ​യി​രി​ക്കില്ല. (റോമർ 6:12-14; 8:13) ഇങ്ങനെ​യുള്ള കാര്യങ്ങൾ നമ്മൾ ആസ്വദി​ക്കു​ക​യാ​ണെ​ങ്കി​ലും യഹോ​വയ്‌ക്ക്‌ അത്‌ ഇഷ്ടമാ​കില്ല. ഇത്‌ നമ്മുടെ ആരാധ​നയെ അശുദ്ധ​വും അസ്വീ​കാ​ര്യ​വും ആക്കി​യേ​ക്കാം. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ സാരമാ​യി ബാധി​ക്കു​ക​യും ചെയ്‌തേ​ക്കാം.

7 അതു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ വിനോ​ദം ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാം? ഏതൊക്കെ വിനോ​ദ​ങ്ങ​ളാ​ണു സ്വീകാ​ര്യ​മെ​ന്നും അല്ലാത്ത​തെ​ന്നും മനസ്സി​ലാ​ക്കാൻ ഏതു തത്ത്വങ്ങൾ സഹായി​ക്കും?

മോശ​മാ​യ​തെ​ല്ലാം വെറു​ക്കു​ക

8, 9. എങ്ങനെ​യുള്ള വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കു​ന്നു, എന്തു​കൊണ്ട്‌?

8 ഇന്നു പല തരത്തി​ലുള്ള വിനോ​ദ​ങ്ങ​ളുണ്ട്‌. അതിൽ ചിലത്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആസ്വദി​ക്കാ​വു​ന്ന​വ​യാണ്‌. എന്നാൽ മിക്കതും അങ്ങനെയല്ല. ഏതുത​ര​ത്തി​ലുള്ള വിനോ​ദ​മാ​ണു നമ്മൾ ഒഴിവാ​ക്കേ​ണ്ട​തെന്ന്‌ ആദ്യം നോക്കാം.

9 പല സിനി​മ​ക​ളി​ലും വെബ്‌സൈ​റ്റു​ക​ളി​ലും ടിവി പരിപാ​ടി​ക​ളി​ലും വീഡി​യോ ഗെയി​മു​ക​ളി​ലും പാട്ടു​ക​ളി​ലും അധാർമി​ക​ത​യും അക്രമ​വും ഭൂതവി​ദ്യ​യും നിറഞ്ഞി​രി​ക്കു​ന്നു. മോശ​മായ കാര്യങ്ങൾ തികച്ചും നിഷ്‌ക​ള​ങ്ക​മെ​ന്നും തമാശ​യെ​ന്നും തോന്നുന്ന വിധത്തി​ലാ​ണു മിക്ക​പ്പോ​ഴും അവതരി​പ്പി​ക്കു​ന്നത്‌. എന്നാൽ യഹോ​വ​യു​ടെ ശുദ്ധമായ നിലവാ​ര​ങ്ങൾക്കു നിരക്കാത്ത വിനോ​ദങ്ങൾ ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കൾ ശ്രദ്ധി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:28, 29; 1 കൊരി​ന്ത്യർ 6:9, 10) നമ്മൾ അത്തരം വിനോ​ദങ്ങൾ ഒഴിവാ​ക്കു​മ്പോൾ മോശ​മായ കാര്യങ്ങൾ വെറു​ക്കു​ന്നെന്ന്‌ യഹോ​വയ്‌ക്കു തെളിവു നൽകു​ക​യാണ്‌.​—സങ്കീർത്തനം 34:14; റോമർ 12:9.

10. മോശ​മായ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ത്താൽ എന്തു സംഭവി​ക്കും?

10 എന്നാൽ അക്രമ​വും അധാർമി​ക​ത​യും ഭൂതവി​ദ്യ​യും നിറഞ്ഞ വിനോ​ദ​ങ്ങ​ളിൽ കുഴപ്പ​മൊ​ന്നു​മി​ല്ലെന്നു ചിലർ വിചാ​രി​ക്കു​ന്നു. അവർ ചിന്തി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘ഇതിൽ എന്താ കുഴപ്പം, എന്തായാ​ലും ഞാൻ ഇതൊ​ന്നും ഒരിക്ക​ലും ചെയ്യാൻപോ​കു​ന്നില്ല.’ നമ്മൾ ഇങ്ങനെ​യാ​ണു ചിന്തി​ക്കു​ന്ന​തെ​ങ്കിൽ നമ്മൾ നമ്മളെ​ത്തന്നെ വിഡ്‌ഢി​ക​ളാ​ക്കു​ക​യാണ്‌. ബൈബിൾ പറയുന്നു: “ഹൃദയം മറ്റ്‌ എന്തി​നെ​ക്കാ​ളും വഞ്ചകവും സാഹസ​ത്തി​നു തുനി​യു​ന്ന​തും ആണ്‌.” (യിരെമ്യ 17:9) യഹോ​വയ്‌ക്ക്‌ ഇഷ്ടമല്ലാത്ത കാര്യ​ങ്ങ​ളാ​ണു നമ്മൾ ആസ്വദി​ക്കു​ന്ന​തെ​ങ്കിൽ നമ്മൾ അതിനെ വെറു​ക്കു​ന്നെന്ന്‌ എങ്ങനെ പറയാൻ പറ്റും? നമ്മൾ അവയ്‌ക്കാ​യി എത്ര​ത്തോ​ളം സമയം ചെലവ​ഴി​ക്കു​ന്നു​വോ, അത്‌ അത്ര​ത്തോ​ളം കുഴപ്പ​മി​ല്ലാ​ത്ത​താ​ണെന്നു നമുക്കു തോന്നും. പതി​യെ​പ്പ​തി​യെ നമ്മുടെ മനസ്സാക്ഷി ദുർബ​ല​മാ​കു​ക​യും തെറ്റായ തീരു​മാ​നം എടുക്കു​മ്പോൾ മുന്നറി​യി​പ്പു തരാതി​രി​ക്കു​ക​യും ചെയ്യും.​—സങ്കീർത്തനം 119:70; 1 തിമൊ​ഥെ​യൊസ്‌ 4:1, 2.

11. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഗലാത്യർ 6:7 നമ്മളെ എങ്ങനെ സഹായി​ക്കും?

11 “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും” എന്നു ദൈവ​വ​ചനം പറയുന്നു. (ഗലാത്യർ 6:7) നമ്മൾ മോശ​മായ കാര്യങ്ങൾ ആസ്വദി​ക്കു​ക​യാ​ണെ​ങ്കിൽ പിന്നീടു നമ്മൾ അതു ചെയ്‌തേ​ക്കാം എന്നതാണു സത്യം. ഉദാഹ​ര​ണ​ത്തിന്‌, അധാർമി​കത നിറഞ്ഞ വിനോ​ദങ്ങൾ ആസ്വദിച്ച ചിലരെ അതു വളരെ​യ​ധി​കം സ്വാധീ​നി​ക്കു​ക​യും അവർ പിന്നീട്‌ അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ വിനോ​ദങ്ങൾ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാ​നുള്ള സഹായം യഹോവ തന്നിട്ടുണ്ട്‌.

ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുക

12. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ എന്തു സഹായി​ക്കും?

12 ചില വിനോ​ദങ്ങൾ യഹോ​വയ്‌ക്കു സ്വീകാ​ര്യ​മ​ല്ലെ​ന്നതു വ്യക്തമാണ്‌, അത്‌ ഒഴിവാ​ക്ക​ണ​മെ​ന്നും നമുക്ക്‌ അറിയാം. പക്ഷേ, ചിലതി​ന്റെ കാര്യ​ത്തിൽ അത്‌ അത്ര വ്യക്തമ​ല്ലെ​ങ്കി​ലോ? കാണു​ന്ന​തും കേൾക്കു​ന്ന​തും വായി​ക്കു​ന്ന​തും എന്തായി​രി​ക്കണം എന്തായി​രി​ക്ക​രുത്‌ എന്ന ഒരു പട്ടിക യഹോവ തരുന്നില്ല. പകരം നമ്മൾ ബൈബിൾ പരിശീ​ലി​ത​മ​ന​സ്സാ​ക്ഷി ഉപയോ​ഗി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (ഗലാത്യർ 6:5 വായി​ക്കുക.) താൻ കാര്യ​ങ്ങളെ എങ്ങനെ കാണുന്നു എന്നു പഠിപ്പി​ക്കുന്ന തത്ത്വങ്ങൾ യഹോവ നൽകി​യി​രി​ക്കു​ന്നു. ഈ തത്ത്വങ്ങൾ മനസ്സാ​ക്ഷി​യെ പരിശീ​ലി​പ്പി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. “യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു” മനസ്സി​ലാ​ക്കി ദൈവ​ത്തിന്‌ ഇഷ്ടമുള്ള തീരു​മാ​നങ്ങൾ എടുക്കാ​നും അവ നമ്മളെ സഹായി​ക്കു​ന്നു.​—എഫെസ്യർ 5:17.

ബൈബിൾതത്ത്വങ്ങൾ വിനോ​ദം തിര​ഞ്ഞെ​ടു​ക്കാൻ സഹായി​ക്കും

13. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ഓരോ ക്രിസ്‌ത്യാ​നി​യു​ടെ​യും തിര​ഞ്ഞെ​ടു​പ്പു വ്യത്യസ്‌ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? പക്ഷേ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഏതു കാര്യം കണക്കി​ലെ​ടു​ക്കണം?

13 മിക്ക​പ്പോ​ഴും ഒരു ക്രിസ്‌ത്യാ​നി തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദങ്ങൾ ആയിരി​ക്കില്ല മറ്റൊരു ക്രിസ്‌ത്യാ​നി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌. എന്തു​കൊണ്ട്‌? നമ്മു​ടെ​യെ​ല്ലാം ഇഷ്ടാനി​ഷ്ടങ്ങൾ വ്യത്യസ്‌ത​മാണ്‌. ഒരാൾക്ക്‌ സ്വീകാ​ര്യ​മാ​യി തോന്നു​ന്നത്‌ മറ്റൊ​രാൾക്കു സ്വീകാ​ര്യ​മാ​യി തോന്ന​ണ​മെ​ന്നു​മില്ല. എങ്കിലും നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്ന​തിന്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ബൈബിൾത​ത്ത്വ​ങ്ങളെ ആശ്രയി​ക്കണം. (ഫിലി​പ്പി​യർ 1:9) ഈ തത്ത്വങ്ങൾ ദൈവം അംഗീ​ക​രി​ക്കുന്ന വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ നമ്മളെ സഹായി​ക്കും.​—സങ്കീർത്തനം 119:11, 129; 1 പത്രോസ്‌ 2:16.

14. (എ) സമയം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ പ്രധാ​ന​മാ​യും കണക്കി​ലെ​ടു​ക്കേ​ണ്ടത്‌ എന്താണ്‌? (ബി) പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്ത്‌ ഉപദേശം കൊടു​ത്തു?

14 വിനോ​ദ​ത്തി​നു​വേണ്ടി എത്ര​ത്തോ​ളം സമയം ചെലവ​ഴി​ക്കു​ന്നു​വെ​ന്ന​താ​ണു നമ്മൾ കണക്കി​ലെ​ടു​ക്കേണ്ട മറ്റൊരു കാര്യം. വിനോ​ദ​ത്തി​നു നമ്മൾ എത്ര​ത്തോ​ളം പ്രാധാ​ന്യം കൊടു​ക്കു​ന്നെന്ന്‌ അതിൽനിന്ന്‌ മനസ്സി​ലാ​ക്കാം. ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ ദൈവ​സേ​വ​ന​മാ​ണു നമ്മുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​കാ​ര്യം. (മത്തായി 6:33 വായി​ക്കുക.) പക്ഷേ ഇതു തിരി​ച്ച​റി​യാ​തെ, നമ്മുടെ സമയത്തി​ന്റെ ഭൂരി​ഭാ​ഗ​വും നമ്മൾ വിനോ​ദ​ത്തി​നു​വേണ്ടി ചെലവ​ഴി​ച്ചേ​ക്കാം. പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ ഉപദേശം കൊടു​ത്തു: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.” (എഫെസ്യർ 5:15, 16) അതു​കൊണ്ട്‌ വിനോ​ദ​ത്തി​നു​വേണ്ടി നമ്മൾ ചെലവ​ഴി​ക്കുന്ന സമയത്തി​നു നമ്മൾ പരിധി​വെ​ക്കണം. അതോ​ടൊ​പ്പം ദൈവ​സേ​വ​ന​മാ​ണു നമ്മുടെ ജീവി​ത​ത്തിൽ ഒന്നാമ​തെന്ന്‌ ഉറപ്പാ​ക്കു​ക​യും വേണം.​—ഫിലി​പ്പി​യർ 1:10.

15. വിനോ​ദങ്ങൾ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ ബാധി​ക്കാ​തി​രി​ക്കാൻ നമ്മൾ എന്തു ചെയ്യുന്നു?

15 യഹോ​വയ്‌ക്ക്‌ ഇഷ്ടമി​ല്ലെന്നു നമുക്ക്‌ അറിയാ​വുന്ന വിനോ​ദങ്ങൾ നമ്മൾ ഉറപ്പാ​യും ഒഴിവാ​ക്കണം. പക്ഷേ, നമുക്കു സംശയ​മു​ണ്ടെ​ങ്കി​ലോ? അപ്പോൾ എന്തു ചെയ്യാം? ഇങ്ങനെ​യൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ. നിങ്ങൾ ഒരു മലഞ്ചെ​രു​വി​ലൂ​ടെ പോകു​ക​യാ​ണെ​ങ്കിൽ ആ വഴിയു​ടെ ഏറ്റവും അരികി​ലൂ​ടെ നടക്കു​മോ? ഇല്ല. നിങ്ങൾ ജീവനു വില കല്‌പി​ക്കു​ന്നെ​ങ്കിൽ അപകട​ത്തിൽനിന്ന്‌ അകന്നു നടക്കും. വിനോ​ദം തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തി​ലും ഇതേ ശ്രദ്ധ കാണി​ക്കണം. “നിന്റെ കാലുകൾ തിന്മയിൽനിന്ന്‌ അകറ്റുക” എന്നു ദൈവ​വ​ചനം പറയുന്നു. (സുഭാ​ഷി​തങ്ങൾ 4:25-27) അതു​കൊണ്ട്‌ തെറ്റാ​ണെന്ന്‌ അറിയാ​വുന്ന വിനോ​ദങ്ങൾ മാത്രമല്ല, നമുക്കു ദോഷം ചെയ്യു​മെ​ന്നോ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ ബാധി​ക്കു​മെ​ന്നോ തോന്നുന്ന വിനോ​ദ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കും.

യഹോ​വ​യു​ടെ വീക്ഷണം മനസ്സി​ലാ​ക്കു​ക

16. (എ) യഹോവ വെറു​ക്കുന്ന ചില കാര്യങ്ങൾ ഏതൊ​ക്കെ​യാണ്‌? (ബി) യഹോവ വെറു​ക്കുന്ന കാര്യങ്ങൾ നമ്മളും വെറു​ക്കു​ന്നെന്നു കാണി​ക്കു​ന്നത്‌ എങ്ങനെ?

16 സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ!” (സങ്കീർത്തനം 97:10) യഹോ​വ​യു​ടെ ചിന്തക​ളെ​ക്കു​റി​ച്ചും വികാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും ബൈബി​ളിൽനിന്ന്‌ പഠിക്കാൻ കഴിയും. പഠിച്ച വിവരങ്ങൾ യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ കാര്യ​ങ്ങളെ വീക്ഷി​ക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു സ്വയം ചോദി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, “നുണ പറയുന്ന നാവ്‌, നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യുന്ന കൈകൾ, ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം, ദ്രോഹം ചെയ്യാൻ ധൃതി​യിൽ ഓടുന്ന കാൽ” ഇതൊക്കെ യഹോവ വെറു​ക്കു​ന്നെന്നു നമുക്ക്‌ അറിയാം. (സുഭാ​ഷി​തങ്ങൾ 6:16-19) “ലൈം​ഗിക അധാർമി​കത, . . . വിഗ്ര​ഹാ​രാ​ധന, ഭൂതവി​ദ്യ, . . . അസൂയ, ക്രോധം, . . . മത്സരം, മുഴു​ക്കു​ടി, വന്യമായ ആഘോ​ഷങ്ങൾ എന്നിവ​യും ഇതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും” നമ്മൾ ഒഴിവാ​ക്ക​ണ​മെ​ന്നും നമുക്ക്‌ അറിയാം. (ഗലാത്യർ 5:19-21) ഈ ബൈബിൾത​ത്ത്വ​ങ്ങൾ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നിങ്ങളെ എങ്ങനെ സഹായി​ക്കു​ന്നെന്നു മനസ്സി​ലാ​യോ? ജീവി​ത​ത്തി​ലെ എല്ലാ വശങ്ങളി​ലും, മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​ണെ​ങ്കി​ലും ഒറ്റയ്‌ക്കാ​ണെ​ങ്കി​ലും നമ്മൾ യഹോ​വ​യു​ടെ നിലവാ​രങ്ങൾ പിൻപ​റ്റാ​നാണ്‌ ആഗ്രഹി​ക്കു​ന്നത്‌. (2 കൊരി​ന്ത്യർ 3:18) സത്യത്തിൽ, നമ്മൾ ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ എടുക്കുന്ന തീരു​മാ​നങ്ങൾ മിക്ക​പ്പോ​ഴും നമ്മൾ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു കാണി​ക്കു​ന്നു.​—സങ്കീർത്തനം 11:4; 16:8.

17. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പു സ്വയം ഏതു ചോദ്യ​ങ്ങൾ ചോദി​ക്കണം?

17 അതു​കൊണ്ട്‌, വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഇങ്ങനെ ചോദി​ക്കുക: ‘എന്റെ തിര​ഞ്ഞെ​ടുപ്പ്‌ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധത്തെ എങ്ങനെ ബാധി​ക്കും? അത്‌ എന്റെ മനസ്സാ​ക്ഷി​യെ എങ്ങനെ ബാധി​ക്കും?’ വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ നമ്മളെ സഹായി​ക്കുന്ന മറ്റു ചില തത്ത്വങ്ങൾ നോക്കാം.

18, 19. (എ) ക്രിസ്‌ത്യാ​നി​കൾക്കു പൗലോസ്‌ എന്ത്‌ ഉപദേശം കൊടു​ത്തു? (ബി) വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ ഏതു തത്ത്വങ്ങൾ സഹായി​ക്കും?

18 നമ്മൾ വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ, മനസ്സിൽ എന്തു നിറയ്‌ക്ക​ണ​മെ​ന്നു​കൂ​ടി നമ്മൾ തിര​ഞ്ഞെ​ടു​ക്കു​ക​യാണ്‌. പൗലോസ്‌ ഇങ്ങനെ എഴുതി: “സത്യമാ​യ​തും ഗൗരവം അർഹി​ക്കു​ന്ന​തും നീതി​നിഷ്‌ഠ​മാ​യ​തും നിർമ​ല​മാ​യ​തും സ്‌നേഹം ജനിപ്പി​ക്കു​ന്ന​തും സത്‌കീർത്തി​യു​ള്ള​തും അത്യു​ത്ത​മ​മാ​യ​തും പ്രശം​സ​നീ​യ​മാ​യ​തും ആയ കാര്യങ്ങൾ എന്തൊ​ക്കെ​യാ​ണോ അതെല്ലാം തുടർന്നും ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കുക.” (ഫിലി​പ്പി​യർ 4:8) ഇത്തരം നല്ല കാര്യ​ങ്ങൾകൊണ്ട്‌ മനസ്സു നിറയ്‌ക്കു​മ്പോൾ നമുക്ക്‌ ഇങ്ങനെ പറയാൻ കഴിയും: “യഹോവേ, എന്റെ വായിലെ വാക്കു​ക​ളും ഹൃദയ​ത്തി​ലെ ധ്യാന​വും അങ്ങയെ പ്രസാ​ദി​പ്പി​ക്കട്ടെ.”​—സങ്കീർത്തനം 19:14.

19 സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എങ്ങനെ​യുള്ള കാര്യ​ങ്ങൾകൊ​ണ്ടാ​ണു ഞാൻ മനസ്സു നിറയ്‌ക്കു​ന്നത്‌? ഒരു സിനി​മ​യോ പരിപാ​ടി​യോ കണ്ടതിനു ശേഷം മനസ്സിൽ നല്ല ചിന്തക​ളാ​ണോ വരുന്നത്‌? നല്ല മനസ്സാ​ക്ഷി​യും മനസ്സമാ​ധാ​ന​വും ഉണ്ടോ? (എഫെസ്യർ 5:5; 1 തിമൊ​ഥെ​യൊസ്‌ 1:5, 19) യഹോ​വ​യോ​ടു മനസ്സു തുറന്നു പ്രാർഥി​ക്കാൻ എനിക്കു കഴിയു​ന്നു​ണ്ടോ? അതോ എനിക്ക്‌ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു തോന്നു​ന്നു​ണ്ടോ? വിനോ​ദ​ത്തി​നു ശേഷം അക്രമ​ത്തെ​ക്കു​റി​ച്ചും അധാർമി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ആണോ എന്റെ ചിന്ത? (മത്തായി 12:33; മർക്കോസ്‌ 7:20-23) എന്നെ “വ്യവസ്ഥി​തി . . . അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ” അനുവ​ദി​ക്കുന്ന തരത്തി​ലുള്ള വിനോ​ദ​മാ​ണോ ഞാൻ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌?’ (റോമർ 12:2) യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറു​ത്തു​ന്ന​തിന്‌ എന്തു ചെയ്യണ​മെന്നു മനസ്സി​ലാ​ക്കാൻ ഈ ചോദ്യ​ങ്ങൾക്കുള്ള സത്യസ​ന്ധ​മായ മറുപടി സഹായി​ക്കും. “ഒരു ഗുണവു​മി​ല്ലാത്ത കാര്യങ്ങൾ കാണാ​തി​രി​ക്കാൻ എന്റെ നോട്ടം തിരി​ച്ചു​വി​ടേ​ണമേ” എന്നു പ്രാർഥിച്ച സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ പ്രാർഥി​ക്കാൻ നമ്മളും ആഗ്രഹി​ക്കു​ന്നു. *​—സങ്കീർത്തനം 119:37.

നമ്മുടെ തീരു​മാ​നങ്ങൾ മറ്റുള്ള​വരെ ബാധി​ക്കും

20, 21. വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ മറ്റുള്ള​വ​രു​ടെ മനസ്സാക്ഷി കണക്കി​ലെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 നമ്മൾ മനസ്സിൽപ്പി​ടി​ക്കേണ്ട മറ്റൊരു പ്രധാ​ന​ത​ത്ത്വം ഇതാണ്‌: “എല്ലാം അനുവ​ദ​നീ​യ​മാണ്‌; പക്ഷേ എല്ലാം ബലപ്പെ​ടു​ത്തു​ന്നില്ല. തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.” (1 കൊരി​ന്ത്യർ 10:23, 24) ഒരു കാര്യം ചെയ്യാൻ നമുക്കു സ്വാത​ന്ത്ര്യ​മു​ണ്ടെന്നു കരുതി നമ്മൾ അതു ചെയ്യണ​മെന്നു നിർബ​ന്ധ​മില്ല. നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ എങ്ങനെ ബാധി​ക്കു​മെന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ ശ്രദ്ധാ​പൂർവം ചിന്തി​ക്കേ​ണ്ട​താണ്‌.

21 കാരണം എല്ലാവ​രു​ടെ​യും മനസ്സാക്ഷി ഒരു​പോ​ലെയല്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു ടിവി പരിപാ​ടി കാണാൻ നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങളെ അനുവ​ദി​ച്ചേ​ക്കാം. പക്ഷേ, ആ പരിപാ​ടി നിങ്ങളു​ടെ ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ മനസ്സാ​ക്ഷി​യെ അസ്വസ്ഥ​മാ​ക്കു​ന്നെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു. നിങ്ങൾ എന്തു ചെയ്യും? അതു കാണാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും നിങ്ങൾ ആ പരിപാ​ടി കാണ​ണ്ടെ​ന്നു​വെ​ച്ചേ​ക്കാം. എന്തു​കൊണ്ട്‌? കാരണം, ‘സഹോ​ദ​ര​ങ്ങൾക്കെ​തി​രെ പാപം ചെയ്യാൻ’ അങ്ങനെ ‘ക്രിസ്‌തു​വിന്‌ എതി​രെ​പോ​ലും പാപം ചെയ്യാൻ’ നിങ്ങൾ ആഗ്രഹി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 8:12) സഹക്രിസ്‌ത്യാ​നി​യു​ടെ മനസ്സാ​ക്ഷി​യെ അസ്വസ്ഥ​മാ​ക്കുന്ന ഒന്നും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.​—റോമർ 14:1; 15:1; 1 കൊരി​ന്ത്യർ 10:32.

22. മറ്റു ക്രിസ്‌ത്യാ​നി​കൾ വ്യത്യസ്‌ത​മായ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്തു​മ്പോൾ നമ്മൾ ന്യായ​ബോ​ധം ഉള്ളവരാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കും?

22 നേരെ​മ​റിച്ച്‌ മറ്റുള്ളവർ കാണു​ന്ന​തും വായി​ക്കു​ന്ന​തും ചെയ്യു​ന്ന​തും ആയ ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങളു​ടെ മനസ്സാക്ഷി നിങ്ങളെ അനുവ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? സഹോ​ദ​രനെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ അതേ തീരു​മാ​നങ്ങൾ എടുക്കാൻ നിങ്ങൾ അദ്ദേഹത്തെ നിർബ​ന്ധി​ക്കില്ല. മറ്റുള്ളവർ തന്നെക്കാൾ വേഗത്തിൽ വണ്ടി ഓടി​ച്ചാ​ലും പതുക്കെ വണ്ടി ഓടി​ച്ചാ​ലും അവരും നല്ല ഡ്രൈ​വർമാ​രാ​ണെന്ന കാര്യം ഒരു ഡ്രൈ​വ​റിന്‌ അറിയാം. ഇതു​പോ​ലെ, നിങ്ങളും മറ്റൊരു സഹോ​ദ​ര​നും ഒരേ ബൈബിൾത​ത്ത്വ​ങ്ങ​ളാ​ണു പിൻപ​റ്റു​ന്ന​തെ​ങ്കി​ലും, ഏതൊക്കെ വിനോ​ദങ്ങൾ ആസ്വദി​ക്കാം എന്ന കാര്യ​ത്തിൽ നിങ്ങൾക്കു വ്യത്യസ്‌ത അഭി​പ്രാ​യങ്ങൾ കണ്ടേക്കാം.​—സഭാ​പ്ര​സം​ഗകൻ 7:16; ഫിലി​പ്പി​യർ 4:5.

23. വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു നടത്താൻ എന്തു സഹായി​ക്കും?

23 അങ്ങനെ​യാ​ണെ​ങ്കിൽ വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നല്ല തിര​ഞ്ഞെ​ടു​പ്പു നടത്താൻ നിങ്ങളെ എന്തു സഹായി​ക്കും? ബൈബിൾത​ത്ത്വ​ങ്ങ​ളാൽ പരിശീ​ലി​പ്പി​ക്ക​പ്പെട്ട മനസ്സാക്ഷി ഉപയോ​ഗി​ക്കു​ക​യും നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കണക്കി​ലെ​ടു​ക്കു​ക​യും ചെയ്‌താൽ നല്ല തിര​ഞ്ഞെ​ടു​പ്പു നടത്താം. ‘എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി ചെയ്യുന്നു’ എന്നതിന്റെ സന്തോ​ഷ​വും നമുക്കു​ണ്ടാ​കും.

^ വിനോദങ്ങൾ തിര​ഞ്ഞെ​ടു​ക്കാൻ സഹായി​ക്കുന്ന കൂടുതൽ തത്ത്വങ്ങൾ, സുഭാ​ഷി​തങ്ങൾ 3:31; 13:20; എഫെസ്യർ 5:3, 4; കൊ​ലോ​സ്യർ 3:5, 8, 20 എന്നീ വാക്യ​ങ്ങ​ളിൽ കാണാം.