വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 16

പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക

പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക

“പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും.”​—യാക്കോബ്‌ 4:7.

1, 2. നമ്മൾ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും കുറിച്ച്‌ എന്തു മനസ്സി​ലാ​ക്കണം?

 യഹോവ കൊണ്ടു​വ​രുന്ന പുതിയ ലോക​ത്തി​ലെ ജീവിതം രസമു​ള്ള​താ​യി​രി​ക്കും. നമ്മൾ എങ്ങനെ ജീവി​ക്കാ​നാ​ണോ ദൈവം ഉദ്ദേശി​ച്ചത്‌ അതു​പോ​ലൊ​രു ജീവിതം. പക്ഷേ നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നതു സാത്താ​നും ഭൂതങ്ങ​ളും നിയ​ന്ത്രി​ക്കുന്ന ഒരു ലോക​ത്താണ്‌. (2 കൊരി​ന്ത്യർ 4:4) നമുക്ക്‌ അവരെ കാണാൻ പറ്റി​ല്ലെ​ങ്കി​ലും അവർ സ്ഥിതി ചെയ്യു​ന്നുണ്ട്‌, വളരെ ശക്തരു​മാണ്‌.

2 യഹോ​വ​യോ​ടു പറ്റിനി​ന്നു​കൊണ്ട്‌ സാത്താ​നിൽനിന്ന്‌ എങ്ങനെ നമ്മളെ​ത്തന്നെ സംരക്ഷി​ക്കാം എന്ന്‌ ഈ അധ്യാ​യ​ത്തിൽ നമ്മൾ ചർച്ച ചെയ്യും. നമ്മളെ സഹായി​ക്കു​മെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. എന്നാൽ സാത്താ​നും ഭൂതങ്ങ​ളും എങ്ങനെ​യുള്ള തന്ത്രങ്ങ​ളും ആക്രമ​ണ​ങ്ങ​ളും ആണ്‌ കൊണ്ടു​വ​രു​ന്ന​തെന്നു നമ്മൾ മനസ്സി​ലാ​ക്കണം.

‘അലറുന്ന സിംഹം’

3. എന്താണു പിശാ​ചി​ന്റെ ആഗ്രഹം?

3 മനുഷ്യർ യഹോ​വയെ ആരാധി​ക്കു​ന്നതു സ്വാർഥ​മായ കാരണ​ങ്ങൾകൊ​ണ്ടാ​ണെ​ന്നും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യു​മെ​ന്നും ആണ്‌ സാത്താന്റെ വാദം. (ഇയ്യോബ്‌ 2:4, 5 വായി​ക്കുക.) ആരെങ്കി​ലും യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ ആഗ്രഹം കാണി​ച്ചാൽ അതിൽനിന്ന്‌ അയാളെ തടയാൻ സാത്താ​നും ഭൂതങ്ങ​ളും എന്തു ശ്രമവും ചെയ്യും. ഒരാൾ യഹോ​വയ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്നത്‌ അവർക്കു ദേഷ്യ​മാണ്‌. “ആരെ വിഴു​ങ്ങണം എന്നു നോക്കി” നടക്കുന്ന ‘അലറുന്ന സിംഹ​ത്തോ​ടാ​ണു’ ബൈബിൾ പിശാ​ചി​നെ ഉപമി​ക്കു​ന്നത്‌. (1 പത്രോസ്‌ 5:8) യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കുക എന്നതാണു സാത്താന്റെ ആഗ്രഹം.​—സങ്കീർത്തനം 7:1, 2; 2 തിമൊ​ഥെ​യൊസ്‌ 3:12.

യഹോവയ്‌ക്കു നമ്മളെ​ത്തന്നെ സമർപ്പി​ക്കു​ന്നതു സാത്താനു ദേഷ്യ​മാണ്‌

4, 5. (എ) സാത്താന്‌ എന്തു ചെയ്യാൻ കഴിയില്ല? (ബി) “പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക” എന്നതിന്റെ അർഥം എന്താണ്‌?

4 എന്നാൽ നമ്മൾ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും പേടി​ക്കേണ്ട കാര്യ​മില്ല. അവർക്കു നമ്മളോ​ടു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക്‌ യഹോവ പരിധി വെച്ചി​ട്ടുണ്ട്‌. സത്യ​ക്രിസ്‌ത്യാ​നി​ക​ളിൽനിന്ന്‌ “ഒരു മഹാപു​രു​ഷാ​രം” ‘മഹാക​ഷ്ട​തയെ’ അതിജീ​വി​ക്കു​മെന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. (വെളി​പാട്‌ 7:9, 14) ഇതു തടയാൻ സാത്താന്‌ ഒരുവി​ധ​ത്തി​ലും കഴിയില്ല. കാരണം തന്റെ ജനത്തെ സംരക്ഷി​ക്കാൻ യഹോ​വ​യുണ്ട്‌.

5 നമ്മൾ യഹോ​വ​യോ​ടു പറ്റിനിൽക്കു​ക​യാ​ണെ​ങ്കിൽ സാത്താന്‌ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കാൻ കഴിയില്ല. “നിങ്ങൾ ദൈവ​മായ യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കു​ന്നി​ട​ത്തോ​ളം കാലം ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും” എന്നു ദൈവ​വ​ചനം നമുക്ക്‌ ഉറപ്പു തരുന്നു. (2 ദിനവൃ​ത്താ​ന്തം 15:2; 1 കൊരി​ന്ത്യർ 10:13 വായി​ക്കുക.) ഹാബേൽ, ഹാനോക്ക്‌, നോഹ, സാറ, മോശ എന്നിവ​രെ​പ്പോ​ലുള്ള വിശ്വസ്‌ത​രായ അനേകം പഴയകാല ദൈവ​ദാ​സർ യഹോ​വ​യോ​ടു പറ്റിനി​ന്നു​കൊണ്ട്‌ പിശാ​ചി​നെ എതിർത്തു. (എബ്രായർ 11:4-40) നമുക്കും അങ്ങനെ ചെയ്യാം. “പിശാ​ചി​നോട്‌ എതിർത്തു​നിൽക്കുക. അപ്പോൾ പിശാച്‌ നിങ്ങളെ വിട്ട്‌ ഓടി​പ്പോ​കും” എന്നു ദൈവ​വ​ചനം ഉറപ്പു തരുന്നു.​—യാക്കോബ്‌ 4:7.

“നമ്മുടെ പോരാ​ട്ടം”

6. സാത്താൻ നമ്മളെ ആക്രമി​ക്കു​ന്നത്‌ എങ്ങനെ?

6 സാത്താനു നമ്മളോ​ടു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങൾക്ക്‌ യഹോവ പരിധി​കൾ വെച്ചി​ട്ടു​ണ്ടെന്ന കാര്യം സാത്താ​നും അറിയാം. എങ്കിലും ദൈവ​വു​മാ​യുള്ള നമ്മുടെ ബന്ധം ദുർബ​ല​മാ​ക്കാൻ സാത്താൻ എന്തും ചെയ്യും. ഇന്നു പല വിധങ്ങ​ളിൽ പിശാച്‌ നമ്മളെ ആക്രമി​ക്കു​ന്നുണ്ട്‌. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ഉപയോ​ഗി​ച്ചു​വ​രുന്ന തന്ത്രങ്ങ​ളും സാത്താൻ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. അവയിൽ ചിലത്‌ ഏതാണ്‌?

7. സാത്താൻ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

7 “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌ ” എന്ന്‌ അപ്പോസ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. (1 യോഹ​ന്നാൻ 5:19) ഈ ദുഷ്ട​ലോ​കം നിയ​ന്ത്രി​ക്കുന്ന സാത്താൻ യഹോ​വ​യു​ടെ ജനത്തെ​യും നിയ​ന്ത്രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (മീഖ 4:1; യോഹ​ന്നാൻ 15:19; വെളി​പാട്‌ 12:12, 17) തനിക്ക്‌ ഇനി അധികം സമയമി​ല്ലെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തോട്‌ അവിശ്വ​സ്‌തത കാണി​ക്കാൻ സാത്താൻ നമ്മൾ ഓരോ​രു​ത്ത​രു​ടെ മേലും കടുത്ത സമ്മർദം ചെലു​ത്തു​ന്നു. ചില​പ്പോൾ പിശാ​ചി​ന്റെ ആക്രമ​ണങ്ങൾ നേരി​ട്ടു​ള്ള​താ​യി​രി​ക്കും, മറ്റു ചില​പ്പോൾ പെട്ടെന്നു ശ്രദ്ധയിൽപ്പെ​ടാത്ത വിധത്തി​ലു​മാ​യി​രി​ക്കും.

8. ഓരോ ക്രിസ്‌ത്യാ​നി​യും എന്തു മനസ്സി​ലാ​ക്കണം?

8 എഫെസ്യർ 6:12-ൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: ‘നമ്മുടെ പോരാ​ട്ടം (“മല്‌പി​ടി​ത്തം” അടിക്കു​റിപ്പ്‌) സ്വർഗീ​യ​സ്ഥ​ല​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​ക​ളോ​ടാണ്‌.’ സാത്താ​നും ഭൂതങ്ങ​ളും ആയി ഓരോ ക്രിസ്‌ത്യാ​നി​ക്കും വ്യക്തി​പ​ര​മായ ഒരു പോരാ​ട്ട​മുണ്ട്‌. യഹോ​വയ്‌ക്കു സമർപ്പി​ക്കു​ന്ന​വ​രെ​ല്ലാം ഈ പോരാ​ട്ട​ത്തി​ലാ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കണം. അതു​കൊ​ണ്ടാണ്‌ എഫെസ്യർക്കുള്ള കത്തിൽ ‘ഉറച്ചു​നിൽക്കാ​നും’ സാത്താ​നോട്‌ ‘എതിർത്തു​നിൽക്കാ​നും’ ക്രിസ്‌ത്യാ​നി​ക​ളോട്‌ അപ്പോസ്‌ത​ല​നായ പൗലോസ്‌ പറഞ്ഞത്‌.​—എഫെസ്യർ 6:11, 13, 15.

9. നമ്മളെ എന്തു ചെയ്യാ​നാ​ണു സാത്താ​നും ഭൂതങ്ങ​ളും ശ്രമി​ക്കു​ന്നത്‌?

9 സാത്താ​നും ഭൂതങ്ങ​ളും പല വിധങ്ങ​ളിൽ നമ്മളെ കെണി​യി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു. സാത്താന്റെ ഒരു തന്ത്രത്തെ ചെറു​ത്തു​നിൽക്കാൻ കഴി​ഞ്ഞെന്നു കരുതി മറ്റൊ​ന്നിൽ നമ്മൾ വീഴില്ല എന്ന്‌ അതിന്‌ അർഥമില്ല. നമ്മളെ വീഴി​ക്കാൻ പറ്റുന്ന കെണി ഒരുക്കു​ന്ന​തി​നു സാത്താൻ നമ്മുടെ ബലഹീ​ന​തകൾ കണ്ടെത്താൻ ശ്രമി​ക്കും. എന്നാൽ സൂക്ഷി​ച്ചാൽ നമുക്ക്‌ ആ കെണി​യിൽ വീഴാ​തി​രി​ക്കാം. കാരണം സാത്താന്റെ കെണി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നുണ്ട്‌. (2 കൊരി​ന്ത്യർ 2:11; പിൻകു​റിപ്പ്‌ 31 കാണുക.) അതിൽ ഒന്നാണു ഭൂതവി​ദ്യ.

ഭൂതങ്ങ​ളിൽനിന്ന്‌ അകന്നു​നിൽക്കു​ക

10. (എ) എന്താണു ഭൂതവിദ്യ? (ബി) യഹോവ ഭൂതവിദ്യയെ എങ്ങനെ വീക്ഷിക്കുന്നു?

10 ഭാഗ്യം​പ​റ​ച്ചിൽ, മന്ത്രവാ​ദം, ബാധ​യൊ​ഴി​പ്പി​ക്കൽ, മരിച്ച​വ​രോ​ടു സംസാ​രി​ക്കാൻ ശ്രമി​ക്കു​ന്നത്‌ തുടങ്ങി​യ​വ​പോ​ലെ ഒരാളെ ഭൂതങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരുത്തുന്ന പ്രകൃ​ത്യാ​തീ​ത​കാ​ര്യ​ങ്ങ​ളാ​ണു ഭൂതവി​ദ്യ​യിൽ ഉൾപ്പെ​ടു​ന്നത്‌. ഭൂതവി​ദ്യ യഹോ​വയ്‌ക്ക്‌ ‘അറപ്പാ​ണെ​ന്നും’ നമുക്കു ഭൂതവി​ദ്യ​യിൽ ഉൾപ്പെ​ടാ​നും അതേസ​മയം യഹോ​വയെ ആരാധി​ക്കാ​നും കഴിയി​ല്ലെ​ന്നും ബൈബിൾ പറയുന്നു. (ആവർത്തനം 18:10-12; വെളി​പാട്‌ 21:8) ക്രിസ്‌ത്യാ​നി​കൾ എല്ലാ തരത്തി​ലുള്ള ഭൂതവി​ദ്യ​യും പൂർണ​മാ​യി ഒഴിവാ​ക്കണം.​—റോമർ 12:9.

11. പ്രകൃ​ത്യാ​തീ​ത​കാ​ര്യ​ങ്ങ​ളോ​ടുള്ള താത്‌പ​ര്യം നമ്മളെ എവിടെ എത്തി​ച്ചേ​ക്കാം?

11 നമുക്കു പ്രകൃ​ത്യാ​തീ​ത​കാ​ര്യ​ങ്ങ​ളോ​ടു താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ നമ്മളെ എളുപ്പം ഭൂതവി​ദ്യ​യി​ലേക്കു വീഴ്‌ത്താ​നാ​കു​മെന്നു സാത്താന്‌ അറിയാം. ഏതുത​ര​ത്തി​ലുള്ള ഭൂതവി​ദ്യ​യും യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കും.

സാത്താൻ നമ്മളെ കെണി​യി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു

12. സാത്താൻ നമ്മുടെ ചിന്തയെ ഏതു വിധത്തിൽ സ്വാധീ​നി​ക്കാൻ ശ്രമി​ക്കു​ന്നു?

12 ആളുകളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നു. ആളുകൾ “നല്ലതിനെ മോശ​മെ​ന്നും മോശ​മാ​യ​തി​നെ നല്ലതെ​ന്നും” വിളി​ക്കാൻ ഇടയാ​ക്കുന്ന അളവോ​ളം സാത്താൻ ആളുക​ളിൽ പതി​യെ​പ്പ​തി​യെ സംശയങ്ങൾ ജനിപ്പി​ക്കു​ന്നു. (യശയ്യ 5:20) ബൈബി​ളി​ന്റെ ഉപദേ​ശങ്ങൾ ഫലിക്കി​ല്ലെ​ന്നും ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ വിട്ട്‌ ജീവി​ച്ചാൽ കൂടുതൽ സന്തോഷം കിട്ടു​മെ​ന്നും ഉള്ള ആശയമാ​ണു പിശാച്‌ പ്രചരി​പ്പി​ക്കു​ന്നത്‌.

13. സാത്താൻ സംശയങ്ങൾ ജനിപ്പി​ക്കാൻ ശ്രമി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

13 സാത്താൻ ഉപയോ​ഗി​ക്കുന്ന ഏറ്റവും ഫലപ്ര​ദ​മായ രീതി​ക​ളിൽ ഒന്നാണു സംശയം തോന്നി​പ്പി​ക്കു​ന്നത്‌. കാലങ്ങ​ളാ​യി സാത്താൻ ഇത്‌ ഉപയോ​ഗി​ച്ചു​പോ​രു​ന്നു. ഏദെൻ തോട്ട​ത്തിൽ ഹവ്വയോട്‌ ഇങ്ങനെ ചോദി​ച്ചു​കൊണ്ട്‌ സാത്താൻ സംശയം ജനിപ്പി​ക്കാൻ ശ്രമിച്ചു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ?” (ഉൽപത്തി 3:1) പിന്നീട്‌ ഇയ്യോ​ബി​ന്റെ കാലത്ത്‌ ദൂതന്മാ​രു​ടെ മുമ്പിൽവെച്ച്‌ സാത്താൻ യഹോ​വ​യോട്‌ ഇങ്ങനെ ചോദി​ച്ചു: “വെറു​തേ​യാ​ണോ ഇയ്യോബ്‌ ദൈവ​ത്തോട്‌ ഇത്ര ഭയഭക്തി കാട്ടു​ന്നത്‌?” (ഇയ്യോബ്‌ 1:9) യേശു​വി​ന്റെ സ്‌നാ​ന​ത്തി​നു ശേഷം സാത്താൻ യേശു​വി​നെ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: “നീ ഒരു ദൈവ​പു​ത്ര​നാ​ണെ​ങ്കിൽ ഈ കല്ലുക​ളോട്‌ അപ്പമാ​കാൻ പറയൂ.”​—മത്തായി 4:3.

14. ‘ഭൂതവി​ദ്യ അത്രയ്‌ക്കു മോശ​മാ​ണോ’എന്നു ചിന്തി​ക്കാൻ സാത്താൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

14 ഇന്നും സാത്താൻ സംശയങ്ങൾ സൃഷ്ടി​ക്കു​ന്നുണ്ട്‌. ഭൂതവി​ദ്യ​യു​ടെ ചില രൂപങ്ങൾ ഒരു കുഴപ്പ​വു​മി​ല്ലെന്നു തോന്നുന്ന രീതി​യിൽ അവതരി​പ്പി​ച്ചു​കൊണ്ട്‌, ‘ഭൂതവി​ദ്യ അത്രയ്‌ക്കു മോശ​മാ​ണോ’ എന്നു ആളുക​ളെ​ക്കൊ​ണ്ടു ചിന്തി​പ്പി​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നു. ചില ക്രിസ്‌ത്യാ​നി​കൾപോ​ലും അതിന്റെ അപകടങ്ങൾ മനസ്സി​ലാ​ക്കാ​തെ​പോ​യി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 11:3) അതു​കൊണ്ട്‌ അതിൽനിന്ന്‌ നമ്മളെ സംരക്ഷി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? നമ്മൾ സാത്താന്റെ തന്ത്രങ്ങ​ളിൽ അകപ്പെ​ടു​ന്നി​ല്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം? സാത്താൻ കെണി​യൊ​രു​ക്കി​യേ​ക്കാ​വുന്ന രണ്ടു മേഖലകൾ നോക്കാം: വിനോ​ദ​വും ചികി​ത്സ​യും.

നമ്മുടെ ആഗ്രഹ​ങ്ങളെ സാത്താൻ മുത​ലെ​ടു​ത്തേ​ക്കാം

15. വിനോ​ദ​ങ്ങ​ളി​ലൂ​ടെ നമ്മൾ എങ്ങനെ ഭൂതങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വന്നേക്കാം?

15 ഇന്നത്തെ പല സിനി​മ​ക​ളും വീഡി​യോ​ക​ളും ടിവി പരിപാ​ടി​ക​ളും കമ്പ്യൂട്ടർ ഗെയി​മു​ക​ളും വെബ്‌സൈ​റ്റു​ക​ളും ഭൂതവി​ദ്യ, മന്ത്രവാ​ദം, പ്രകൃ​ത്യാ​തീ​ത​ശ​ക്തി​കൾ എന്നിവ പ്രമേ​യ​മാ​ക്കി​യു​ള്ള​താണ്‌. പലരും ഇതിനെ കുഴപ്പ​മി​ല്ലാത്ത ഒരു നേര​മ്പോ​ക്കാ​യി​ട്ടാ​ണു കാണു​ന്നത്‌. സ്വന്തം ജീവി​ത​ത്തി​ലേക്കു ഭൂതങ്ങളെ ക്ഷണിക്കു​ന്ന​തി​ന്റെ അപകടം അവർ തിരി​ച്ച​റി​യു​ന്നില്ല. ജ്യോ​തി​ഷം, കൈ​നോ​ട്ടം, സഫ്‌ടി​ക​ഗോ​ളം നോക്കു​ന്നത്‌, ചീട്ടെ​ടു​ക്കൽ ഇവയി​ലൂ​ടെ​യും ഒരു വ്യക്തി ഭൂതവി​ദ്യ​യിൽ ഉൾപ്പെ​ട്ടേ​ക്കാം. പിശാച്‌ അവയുടെ അപകടങ്ങൾ മറച്ചു​വെ​ച്ചു​കൊണ്ട്‌ അവ നിഗൂ​ഢ​വും ആകർഷ​ക​വും രസകര​വും ആയി തോന്നി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നു. ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടാ​ത്തി​ട​ത്തോ​ളം കാലം ഭൂതങ്ങ​ളു​മാ​യും പ്രകൃ​ത്യാ​തീ​ത​ശ​ക്തി​ക​ളു​മാ​യും ബന്ധപ്പെട്ട എന്തെങ്കി​ലും കാണു​ന്ന​തിൽ കുഴപ്പ​മി​ല്ലെ​ന്നു​പോ​ലും ഒരാൾ ചിന്തി​ച്ചേ​ക്കാം. ഈ ചിന്ത അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?​—1 കൊരി​ന്ത്യർ 10:12.

16. പ്രകൃ​ത്യാ​തീ​ത​കാ​ര്യ​ങ്ങൾ അടങ്ങിയ വിനോ​ദങ്ങൾ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 സാത്താ​നും ഭൂതങ്ങൾക്കും നമ്മുടെ മനസ്സു വായി​ക്കാ​നുള്ള കഴിവില്ല. എന്നാൽ, വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ഉൾപ്പെടെ നമുക്കു​വേ​ണ്ടി​യും കുടും​ബ​ത്തി​നു​വേ​ണ്ടി​യും നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ നിരീ​ക്ഷി​ച്ചു​കൊണ്ട്‌ നമ്മുടെ ആഗ്രഹ​ങ്ങ​ളും ചിന്തയും മനസ്സി​ലാ​ക്കാൻ അവർക്കു കഴിയും. ആത്മാക്ക​ളു​ടെ ഉപദേശം തേടൽ, മന്ത്രവാ​ദം, കൂടോ​ത്രം, ഭൂതബാധ, പ്രേതം ഇതു​പോ​ലുള്ള വിഷയങ്ങൾ അടങ്ങിയ സിനി​മ​യോ സംഗീ​ത​മോ പുസ്‌ത​ക​മോ ആണ്‌ നമ്മൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ അക്കാര്യ​ങ്ങ​ളിൽ നമുക്കു താത്‌പ​ര്യ​മു​ണ്ടെന്നു സാത്താ​നും ഭൂതങ്ങ​ളും മനസ്സി​ലാ​ക്കും. അങ്ങനെ നമ്മളെ ഭൂതവി​ദ്യ​യിൽ കൂടു​ത​ലാ​യി ഉൾപ്പെ​ടു​ത്താ​നുള്ള ശ്രമങ്ങൾ നടത്താൻ അവർക്കു കഴിയും.​—ഗലാത്യർ 6:7 വായി​ക്കുക.

17. ആരോ​ഗ്യ​ത്തോ​ടി​രി​ക്കാ​നുള്ള നമ്മുടെ ആഗ്രഹത്തെ സാത്താൻ എങ്ങനെ മുത​ലെ​ടു​ത്തേ​ക്കാം?

17 ആരോ​ഗ്യ​ത്തോ​ടി​രി​ക്കാ​നുള്ള നമ്മുടെ ആഗ്രഹ​ത്തെ​യും സാത്താൻ മുത​ലെ​ടു​ത്തേ​ക്കാം. ഇന്നു പലരു​ടെ​യും ആരോ​ഗ്യ​നില മോശ​മാണ്‌. പല ചികി​ത്സകൾ മാറി​മാ​റി പരീക്ഷി​ച്ചി​ട്ടും ചില​പ്പോൾ ഒരാൾക്കു ഫലമു​ണ്ടാ​യെന്നു വരില്ല. (മർക്കോസ്‌ 5:25, 26) വല്ലാതെ നിരാ​ശ​നാ​യിട്ട്‌ ആരോ​ഗ്യ​ത്തി​നു​വേണ്ടി എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാ​യേ​ക്കാം. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ “മന്ത്ര​പ്ര​യോ​ഗങ്ങൾ” ഉൾപ്പെ​ടുന്ന ചികി​ത്സകൾ ഒഴിവാ​ക്കാൻ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം.​—യശയ്യ 1:13.

രോഗം വരു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക

18. എങ്ങനെ​യുള്ള ചികി​ത്സകൾ ഒരു ക്രിസ്‌ത്യാ​നി ഒഴിവാ​ക്കണം?

18 പുരാതന ഇസ്രാ​യേ​ലിൽ “മന്ത്ര​പ്ര​യോ​ഗങ്ങൾ” നടത്തുന്ന ചിലരു​ണ്ടാ​യി​രു​ന്നു. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കൈകൾ വിരി​ച്ചു​പി​ടി​ക്കു​മ്പോൾ ഞാൻ എന്റെ കണ്ണ്‌ അടച്ചു​ക​ള​യും. നിങ്ങൾ എത്രതന്നെ പ്രാർഥി​ച്ചാ​ലും ഞാൻ ശ്രദ്ധി​ക്കില്ല.” (യശയ്യ 1:15) ഒന്നു ചിന്തി​ക്കുക: യഹോവ അവരുടെ പ്രാർഥ​ന​പോ​ലും കേൾക്കി​ല്ലാ​യി​രു​ന്നു! യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിനു ക്ഷതമേൽപ്പി​ക്കു​ന്ന​തും നമ്മളെ സഹായി​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയു​ന്ന​തും ആയ ഒരു കാര്യ​വും ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല; പ്രത്യേ​കിച്ച്‌ രോഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോൾ. (സങ്കീർത്തനം 41:3) അതു​കൊണ്ട്‌ നമ്മൾ നടത്താൻ പോകുന്ന ചികി​ത്സയ്‌ക്കു ഭൂതങ്ങ​ളു​മാ​യോ പ്രകൃ​ത്യാ​തീ​ത​ശ​ക്തി​ക​ളു​മാ​യോ ഏതെങ്കി​ലും വിധത്തിൽ ബന്ധമു​ണ്ടോ എന്നു പരി​ശോ​ധി​ക്കണം. (മത്തായി 6:13) അങ്ങനെ എന്തെങ്കി​ലും ബന്ധമു​ണ്ടാ​കാൻ സാധ്യ​ത​യു​ണ്ടെ​ങ്കിൽ നമ്മൾ അത്‌ ഒഴിവാ​ക്കണം.​—പിൻകു​റിപ്പ്‌ 32 കാണുക.

ഭൂതക​ഥ​കൾ

19. പിശാച്‌ എങ്ങനെ​യാണ്‌ അനേകം ആളുകളെ ഭയപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

19 പിശാ​ചും ഭൂതങ്ങ​ളും വെറും സാങ്കല്‌പിക കഥാപാ​ത്ര​ങ്ങ​ളാ​ണെന്നു ചിലർ ചിന്തി​ക്കു​ന്നു. എന്നാൽ തങ്ങൾക്കു​ണ്ടായ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ പിശാ​ചും ഭൂതങ്ങ​ളും ശരിക്കും സ്ഥിതി ചെയ്യു​ന്നു​ണ്ടെന്നു മറ്റു ചിലർ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. പലരും ദുഷ്ടാ​ത്മാ​ക്കളെ ഭയന്നും അന്ധവി​ശ്വാ​സ​ങ്ങൾക്ക്‌ അടിമ​ക​ളാ​യും ആണ്‌ ജീവി​ക്കു​ന്നത്‌. ഭൂതങ്ങൾ മനുഷ്യ​രെ പേടി​പ്പിച്ച കഥകൾ പറഞ്ഞു​കൊണ്ട്‌ മറ്റു ചിലർ ഭീതി പരത്തുന്നു. ഈ കഥകളിൽ രസംപി​ടി​ക്കുന്ന ആളുകൾ മിക്ക​പ്പോ​ഴും ആവേശ​ത്തോ​ടെ അതു മറ്റുള്ള​വ​രോ​ടും പറയുന്നു. അത്‌ ആളുകൾക്കു പിശാ​ചി​നോ​ടു പേടി തോന്നാൻ ഇടയാ​ക്കു​ന്നു.

20. നമ്മൾ എങ്ങനെ സാത്താന്റെ നുണകൾ പ്രചരി​പ്പി​ച്ചേ​ക്കാം?

20 ആളുകൾ തന്നെ പേടി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. (2 തെസ്സ​ലോ​നി​ക്യർ 2:9, 10) ഭൂതവി​ദ്യ​യി​ലേക്കു നീങ്ങുന്ന ആളുക​ളു​ടെ മനസ്സിനെ സ്വാധീ​നി​ക്കാ​നും സത്യമ​ല്ലാത്ത കാര്യങ്ങൾ സത്യമാ​ണെന്ന്‌ അവരെ​ക്കൊണ്ട്‌ വിശ്വ​സി​പ്പി​ക്കാ​നും മിടു​ക്കുള്ള ഒരു നുണയ​നാ​ണു സാത്താൻ. അങ്ങനെ​യു​ള്ളവർ, അവർ ചിന്തി​ച്ച​തും കണ്ടതും കേട്ടതും വെച്ച്‌ കഥകളു​ണ്ടാ​ക്കി പറഞ്ഞേ​ക്കാം. ഈ കഥകൾ കേൾക്കു​ന്നവർ അവ ഊതി​പ്പെ​രു​പ്പിച്ച്‌ മറ്റുള്ള​വ​രോ​ടും പറഞ്ഞേ​ക്കാം. അത്തരം കഥകൾ പറഞ്ഞ്‌ ഭീതി പരത്തി​ക്കൊണ്ട്‌ സാത്താനെ സന്തോ​ഷി​പ്പി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.​—യോഹ​ന്നാൻ 8:44; 2 തിമൊ​ഥെ​യൊസ്‌ 2:16.

21. ഭൂതക​ഥ​കൾക്കു പകരം നമുക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാം?

21 യഹോ​വ​യു​ടെ ജനത്തിൽ ആർക്കെ​ങ്കി​ലും ഭൂതങ്ങ​ളു​മാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും അനുഭവം ഉണ്ടായി​ട്ടു​ണ്ടെ​ങ്കിൽ മറ്റുള്ള​വരെ രസിപ്പി​ക്കു​ന്ന​തി​നു​വേണ്ടി അയാൾ അതു പറയില്ല. പിശാ​ചി​നും ഭൂതങ്ങൾക്കും ചെയ്യാൻ കഴിയുന്ന ഒരു കാര്യ​ത്തെ​യും യഹോ​വ​യു​ടെ ജനം ഭയക്കേ​ണ്ട​തില്ല. പകരം, യേശു​വി​ലേ​ക്കും യേശു​വിന്‌ യഹോവ നൽകിയ ശക്തിയി​ലേ​ക്കും ശ്രദ്ധ തിരി​ക്കണം. (എബ്രായർ 12:2) ഭൂതക​ഥകൾ പറഞ്ഞ്‌ യേശു ശിഷ്യ​ന്മാ​രെ രസിപ്പി​ച്ചില്ല. യേശു​വി​ന്റെ ശ്രദ്ധ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്ദേശ​ത്തി​ലും ‘ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങ​ളി​ലും’ ആയിരു​ന്നു.​—പ്രവൃ​ത്തി​കൾ 2:11; ലൂക്കോസ്‌ 8:1; റോമർ 1:11, 12.

22. എന്താണു നിങ്ങളു​ടെ തീരു​മാ​നം?

22 യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കുക എന്നതാണു സാത്താന്റെ ലക്ഷ്യം എന്ന കാര്യം നമുക്കു മറക്കാ​തി​രി​ക്കാം. അതിനു​വേണ്ടി സാത്താൻ എന്തും ചെയ്യും. എന്നാൽ പിശാ​ചി​ന്റെ തന്ത്രങ്ങളെ നമുക്ക്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ ഏതുത​ര​ത്തി​ലുള്ള ഭൂതവി​ദ്യ​യും ഒഴിവാ​ക്കുക എന്നതാണു നമ്മുടെ ഉറച്ച തീരു​മാ​നം. ആ തീരു​മാ​നത്തെ ദുർബ​ല​മാ​ക്കാൻ നമ്മൾ “പിശാ​ചിന്‌ അവസരം കൊടു​ക്ക​രുത്‌.” (എഫെസ്യർ 4:27 വായി​ക്കുക.) നമ്മൾ പിശാ​ചി​നോട്‌ എതിർത്തു​നി​ന്നാൽ പിശാ​ചി​ന്റെ കെണി​ക​ളിൽ അകപ്പെ​ടാ​തി​രി​ക്കാ​നും യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൻകീ​ഴിൽ സുരക്ഷി​ത​രാ​യി​രി​ക്കാ​നും നമുക്കു കഴിയും.​—എഫെസ്യർ 6:11.