വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിൻകു​റി​പ്പു​കൾ

പിൻകു​റി​പ്പു​കൾ

 1 തത്ത്വങ്ങൾ

ദൈവ​ത്തി​ന്റെ നിയമങ്ങൾ തത്ത്വങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌. ബൈബി​ളിൽ കാണുന്ന അടിസ്ഥാ​ന​സ​ത്യ​ങ്ങ​ളാണ്‌ ഈ തത്ത്വങ്ങൾ. ഒരു കാര്യത്തെ യഹോവ എങ്ങനെ കാണു​ന്നെ​ന്നും അതെക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നു​ന്നെ​ന്നും മനസ്സി​ലാ​ക്കാൻ തത്ത്വങ്ങൾ സഹായി​ക്കു​ന്നു. നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​നും ശരിയാ​യി പ്രവർത്തി​ക്കു​ന്ന​തി​നും ഈ തത്ത്വങ്ങൾ നമ്മളെ സഹായി​ക്കും. ബൈബി​ളിൽ വ്യക്തമായ നിയമങ്ങൾ ഇല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽ ഇത്തരം തത്ത്വങ്ങൾ പ്രത്യേ​കി​ച്ചും സഹായ​ക​മാണ്‌.

അധ്യായം 1, ഖണ്ഡിക 8

 2 അനുസ​ര​ണം

ദൈവം പറയുന്ന കാര്യങ്ങൾ മനസ്സോ​ടെ ചെയ്യു​ന്ന​താണ്‌ യഹോ​വ​യോ​ടുള്ള അനുസ​രണം. ആ അനുസ​രണം തന്നോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാ​യി​രി​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌. (1 യോഹ​ന്നാൻ 5:3) യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ എളുപ്പ​മ​ല്ലാത്ത സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ ഉപദേ​ശങ്ങൾ നമ്മൾ അനുസ​രി​ക്കും. അതാണു നമുക്കു നല്ലത്‌. ഇപ്പോൾത്തന്നെ നല്ല രീതി​യിൽ എങ്ങനെ ജീവി​ക്കാ​മെന്ന്‌ യഹോവ പഠിപ്പി​ക്കു​ന്നു. കൂടാതെ, ഭാവി​യിൽ ധാരാളം അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​കു​മെ​ന്നും ദൈവം ഉറപ്പു തരുന്നു.—യശയ്യ 48:17.

അധ്യായം 1, ഖണ്ഡിക 10

 3 ഇച്ഛാസ്വാ​ത​ന്ത്ര്യം

ഓരോ​രു​ത്തർക്കും യഹോവ ഇച്ഛാസ്വാ​ത​ന്ത്ര്യം അഥവാ തീരു​മാ​നം എടുക്കാ​നുള്ള പ്രാപ്‌തി നൽകി​യി​ട്ടുണ്ട്‌. യന്ത്രമ​നു​ഷ്യ​നെ​പ്പോ​ലെയല്ല യഹോവ നമ്മളെ സൃഷ്ടി​ച്ചത്‌. (ആവർത്തനം 30:19; യോശുവ 24:15) ഇച്ഛാസ്വാ​ത​ന്ത്ര്യം ഉപയോ​ഗിച്ച്‌ നമുക്കു നല്ല തീരു​മാ​നങ്ങൾ എടുക്കാൻ കഴിയും. എന്നാൽ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ എടുക്കുന്ന തീരു​മാ​നങ്ങൾ തെറ്റി​പ്പോ​കാ​നും സാധ്യ​ത​യുണ്ട്‌. ഇച്ഛാസ്വാ​ത​ന്ത്ര്യം ഉള്ളതു​കൊണ്ട്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ എന്നും യഹോ​വയെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നും നമ്മൾ ഓരോ​രു​ത്ത​രും തെളി​യി​ക്കണം.

അധ്യായം 1, ഖണ്ഡിക 12

 4 ധാർമി​ക​നി​ല​വാ​രങ്ങൾ

നമ്മൾ എങ്ങനെ പെരു​മാ​റണം, പ്രവർത്തി​ക്കണം എന്നതി​നുള്ള ധാർമി​ക​നി​ല​വാ​രങ്ങൾ യഹോവ വെച്ചി​ട്ടുണ്ട്‌. അവ ഏതാ​ണെ​ന്നും നല്ല ജീവിതം നയിക്കാൻ അവ എങ്ങനെ സഹായി​ക്കു​മെ​ന്നും ബൈബി​ളിൽ കാണാം. (സുഭാ​ഷി​തങ്ങൾ 6:16-19; 1 കൊരി​ന്ത്യർ 6:9-11) യഹോവ ശരിയാ​യി കാണു​ന്നത്‌ എന്താണ്‌, തെറ്റായി കാണു​ന്നത്‌ എന്താണ്‌ എന്നു മനസ്സി​ലാ​ക്കാൻ ഈ മാർഗ​രേ​ഖകൾ നമ്മളെ സഹായി​ക്കും. എങ്ങനെ സ്‌നേ​ഹ​മുള്ള വ്യക്തി​യാ​യി​രി​ക്കാം, എങ്ങനെ നല്ല തീരു​മാ​നങ്ങൾ എടുക്കാം, എങ്ങനെ മറ്റുള്ള​വ​രോ​ടു ദയയോ​ടെ ഇടപെ​ടാം ഇവയൊ​ക്കെ മനസ്സി​ലാ​ക്കാൻ അവ സഹായി​ക്കും. ലോക​ത്തി​ന്റെ നിലവാ​രം താഴ്‌ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെങ്കി​ലും യഹോ​വ​യു​ടെ നിലവാ​രം മാറു​ന്നില്ല. (ആവർത്തനം 32:4-6; മലാഖി 3:6) അവ പിൻപ​റ്റു​ന്നതു ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ പല അപകട​ങ്ങ​ളിൽനി​ന്നും നമ്മളെ സംരക്ഷി​ക്കു​ന്നു.

അധ്യായം 1, ഖണ്ഡിക 17

 5 മനസ്സാക്ഷി

ശരിയും തെറ്റും തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കുന്ന ഒന്നാണു നമ്മുടെ മനസ്സാക്ഷി. നമുക്ക്‌ ഓരോ​രു​ത്തർക്കും യഹോവ മനസ്സാക്ഷി തന്നിട്ടുണ്ട്‌. (റോമർ 2:14, 15) മനസ്സാക്ഷി ശരിയാ​യി പ്രവർത്തി​ക്ക​ണ​മെ​ങ്കിൽ യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ അതിനെ പരിശീ​ലി​പ്പി​ക്കണം. അപ്പോൾ ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന തീരു​മാ​നങ്ങൾ എടുക്കാൻ മനസ്സാക്ഷി നമ്മളെ സഹായി​ക്കും. (1 പത്രോസ്‌ 3:16) തെറ്റായ ഒരു തീരു​മാ​നം എടുക്കാൻ പോകു​മ്പോൾ നമ്മുടെ മനസ്സാക്ഷി നമുക്കു മുന്നറി​യി​പ്പു തന്നേക്കാം. അതു​പോ​ലെ നമ്മൾ തെറ്റായ ഒരു കാര്യം ചെയ്‌തു​പോ​യാൽ മനസ്സാക്ഷി നമ്മളെ കുത്തി​വേ​ദ​നി​പ്പി​ക്കും. ചില​പ്പോൾ നമ്മുടെ മനസ്സാക്ഷി ദുർബ​ല​മാ​യേ​ക്കാം. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ അതു വീണ്ടും ശക്തമാ​ക്കാ​നാ​കും. നമുക്കു നല്ല മനസ്സാ​ക്ഷി​യു​ണ്ടെ​ങ്കിൽ മനസ്സമാ​ധാ​ന​വും ആത്മാഭി​മാ​ന​വും തോന്നും.

അധ്യായം 2, ഖണ്ഡിക 3

 6 ദൈവ​ഭ​യം

ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടാത്ത ഒരു കാര്യ​വും ചെയ്യാൻ ആഗ്രഹി​ക്കാത്ത അളവോ​ളം ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്ന​താ​ണു ദൈവ​ഭയം. കൂടാതെ ദൈവ​ഭയം നന്മ ചെയ്യാ​നും തിന്മ ചെയ്യു​ന്നതു നിറു​ത്താ​നും നമ്മളെ സഹായി​ക്കു​ന്നു. (സങ്കീർത്തനം 111:10) ദൈവ​ഭയം, യഹോവ പറയുന്ന ഓരോ കാര്യ​ങ്ങ​ളും ശ്രദ്ധ​യോ​ടെ കേൾക്കാ​നും ദൈവ​ത്തി​നു വാക്കു കൊടു​ത്തി​രി​ക്കുന്ന കാര്യങ്ങൾ ചെയ്യാ​നും നമ്മളെ സഹായി​ക്കും. കാരണം നമ്മൾ ദൈവത്തെ ആഴമായി ബഹുമാ​നി​ക്കു​ന്നു. നമ്മൾ എങ്ങനെ ചിന്തി​ക്കു​ന്നു, മറ്റുള്ള​വ​രോട്‌ എങ്ങനെ ഇടപെ​ടു​ന്നു എന്നീ കാര്യ​ങ്ങ​ളെ​യും ദിവസ​വും നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളെ​യും ദൈവ​ഭയം സ്വാധീ​നി​ക്കും.

അധ്യായം 2, ഖണ്ഡിക 9

 7 പശ്ചാത്താ​പം

ചെയ്‌തു​പോ​യ ഒരു തെറ്റി​നെ​ക്കു​റിച്ച്‌ ഒരാൾക്കു തോന്നുന്ന ആഴമായ ദുഃഖ​ത്തെ​യാ​ണു പശ്ചാത്താ​പം എന്നു പറയു​ന്നത്‌. ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ല​ല്ലാത്ത ഒരു കാര്യം ചെയ്‌തെന്നു ദൈവത്തെ സ്‌നേ​ഹി​ക്കുന്ന ഒരു വ്യക്തി തിരി​ച്ച​റി​യു​മ്പോൾ അതിൽ അയാൾക്ക്‌ ആഴമായ ദുഃഖം തോന്നും. നമ്മൾ എന്തെങ്കി​ലും തെറ്റു ചെയ്‌താൽ യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യോ​ടു ക്ഷമയ്‌ക്കു​വേണ്ടി യാചി​ക്കണം. (മത്തായി 26:28; 1 യോഹ​ന്നാൻ 2:1, 2) നമ്മൾ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും തെറ്റ്‌ ആവർത്തി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ യഹോവ നമ്മളോ​ടു ക്ഷമിക്കു​മെന്ന കാര്യ​ത്തിൽ പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കാം. പിന്നെ ആ തെറ്റിനെ ഓർത്ത്‌ ദുഃഖി​ക്കേണ്ട ആവശ്യ​മില്ല. (സങ്കീർത്തനം 103:10-14; 1 യോഹ​ന്നാൻ 1:9; 3:19-22) നമ്മുടെ തെറ്റിൽനിന്ന്‌ പാഠം പഠിക്കാൻ ശ്രമി​ക്കണം. തെറ്റായ ചിന്തകൾക്കു മാറ്റം വരുത്തണം. യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കണം.

അധ്യായം 2, ഖണ്ഡിക 18

 8 പുറത്താ​ക്കൽ

ഗുരു​ത​ര​മാ​യ പാപം ചെയ്‌ത ഒരാൾ പശ്ചാത്ത​പിച്ച്‌ യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ അയാൾക്കു സഭയിലെ ഒരംഗ​മാ​യി തുടരാ​നാ​കില്ല, അയാളെ പുറത്താ​ക്കേണ്ടി വരും. ഒരാളെ പുറത്താ​ക്കി​യാൽ പിന്നെ നമ്മൾ അയാളു​മാ​യി ഇടപഴ​കാ​നോ സംസാ​രി​ക്കാ​നോ പോകില്ല. (1 കൊരി​ന്ത്യർ 5:11; 2 യോഹ​ന്നാൻ 9-11) പുറത്താ​ക്കൽന​ട​പടി യഹോ​വ​യു​ടെ പേരി​നെ​യും സഭയെ​യും കളങ്ക​മേൽക്കാ​തെ സംരക്ഷി​ക്കു​ന്നു. (1 കൊരി​ന്ത്യർ 5:6) പശ്ചാത്ത​പി​ക്കേ​ണ്ട​തി​ന്റെ ആവശ്യം മനസ്സി​ലാ​ക്കാ​നും അങ്ങനെ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാ​നും ഒരാളെ സഹായി​ക്കുന്ന ശിക്ഷണം​കൂ​ടി​യാ​ണു പുറത്താ​ക്കൽ.​—ലൂക്കോസ്‌ 15:17.

അധ്യായം 3, ഖണ്ഡിക 19

 9 ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും

യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും സഹായി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടാ​ണു ബൈബി​ളി​ലൂ​ടെ​യും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രി​ലൂ​ടെ​യും യഹോവ നമുക്ക്‌ ഉപദേ​ശ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും തരുന്നത്‌. അപൂർണ​രാ​യ​തു​കൊണ്ട്‌ നമുക്ക്‌ ഈ സഹായം അത്യാ​വ​ശ്യ​മാണ്‌. (യിരെമ്യ 17:9) നമ്മളെ നയിക്കാൻ യഹോവ ഉപയോ​ഗി​ക്കു​ന്ന​വരെ ആദര​വോ​ടെ ശ്രദ്ധി​ക്കു​മ്പോൾ നമ്മൾ യഹോ​വയെ ആദരി​ക്കു​ന്നെ​ന്നും അനുസ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും ആണ്‌ കാണി​ക്കു​ന്നത്‌.​—എബ്രായർ 13:7.

അധ്യായം 4, ഖണ്ഡിക 2

 10 അഹങ്കാ​ര​വും താഴ്‌മ​യും

അപൂർണ​രാ​യ​തു​കൊണ്ട്‌ നമ്മൾ എളുപ്പം സ്വാർഥ​രും അഹങ്കാ​രി​ക​ളും ആയേക്കാം. പക്ഷേ നമ്മൾ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​മാ​യി നമ്മളെ താരത​മ്യം ചെയ്യു​മ്പോ​ഴാ​ണു നമ്മൾ എത്ര നിസ്സാ​ര​രാ​ണെന്നു പലപ്പോ​ഴും നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌. (ഇയ്യോബ്‌ 38:1-4) നമ്മളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നെ​ക്കാൾ മറ്റുള്ള​വ​രെ​ക്കു​റി​ച്ചും അവർക്കു ഗുണം ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​ന്ന​താ​ണു താഴ്‌മ​യിൽ ഉൾപ്പെ​ടുന്ന മറ്റൊരു കാര്യം. അഹങ്കാരം ഒരാളെ താൻ മറ്റുള്ള​വ​രെ​ക്കാൾ മികച്ച​വ​നാ​ണെന്നു ചിന്തി​പ്പി​ക്കും. താഴ്‌മ​യുള്ള ഒരു വ്യക്തിക്ക്‌ അയാ​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കും. തന്റെ കഴിവു​ക​ളെ​ക്കു​റിച്ച്‌ മാത്രമല്ല കുറവു​ക​ളെ​ക്കു​റി​ച്ചും അദ്ദേഹം ബോധ​വാ​നാ​യി​രി​ക്കും. തെറ്റു സമ്മതി​ക്കാ​നും ക്ഷമ ചോദി​ക്കാ​നും അഭി​പ്രാ​യ​ങ്ങ​ളും ഉപദേ​ശ​ങ്ങ​ളും സ്വീക​രി​ക്കാ​നും അദ്ദേഹ​ത്തി​നു മടി കാണില്ല. താഴ്‌മ​യു​ള്ള​യാൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യും.​—1 പത്രോസ്‌ 5:5.

അധ്യായം 4, ഖണ്ഡിക 4

 11 അധികാ​രം

കല്‌പ​ന​കൾ പുറ​പ്പെ​ടു​വി​ക്കാ​നും തീരു​മാ​നങ്ങൾ എടുക്കാ​നും ഉള്ള അവകാ​ശ​മാണ്‌ അധികാ​രം. സ്വർഗ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും ഏറ്റവും വലിയ അധികാ​രി യഹോ​വ​യാണ്‌. കാരണം യഹോ​വ​യാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌. ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തനായ വ്യക്തി​യാണ്‌ യഹോവ. എപ്പോ​ഴും മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യാണ്‌ യഹോവ തന്റെ അധികാ​രം ഉപയോ​ഗി​ക്കു​ന്നത്‌. നമ്മുടെ കാര്യങ്ങൾ നോക്കാൻ യഹോവ ചില ആളുകൾക്ക്‌ ഉത്തരവാ​ദി​ത്വം കൊടു​ത്തി​രി​ക്കു​ന്നു; ഉദാഹ​ര​ണ​ത്തിന്‌, മാതാ​പി​താ​ക്കൾ, മൂപ്പന്മാർ, ഗവൺമെ​ന്റു​കൾ. നമ്മൾ ഇവരോ​ടെ​ല്ലാം സഹകരി​ക്കണം. (റോമർ 13:1-5; 1 തിമൊ​ഥെ​യൊസ്‌ 5:17) എന്നാൽ മനുഷ്യ​രു​ടെ നിയമങ്ങൾ ദൈവ​നി​യ​മ​ങ്ങൾക്ക്‌ എതിരാ​യി വരു​മ്പോൾ മനുഷ്യ​രെയല്ല, ദൈവത്തെ നമ്മൾ അനുസ​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 5:29) യഹോവ ഉപയോ​ഗി​ക്കു​ന്ന​വ​രു​ടെ അധികാ​രത്തെ അംഗീ​ക​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ തീരു​മാ​ന​ങ്ങ​ളോ​ടു നമ്മൾ ആദരവ്‌ കാണി​ക്കു​ക​യാണ്‌.

അധ്യായം 4, ഖണ്ഡിക 7

 12 മൂപ്പന്മാർ

സഭയെ പരിപാ​ലി​ക്കാൻ യഹോവ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങളെ, മൂപ്പന്മാ​രെ, ഉപയോ​ഗി​ക്കു​ന്നു. (ആവർത്തനം 1:13; പ്രവൃ​ത്തി​കൾ 20:28) ഈ സഹോ​ദ​ര​ന്മാർ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറു​ത്താൻ സഹായി​ക്കു​ന്നു. സമാധാ​ന​പ​ര​മായ അന്തരീ​ക്ഷ​ത്തിൽ, സംഘടി​ത​മായ വിധത്തിൽ യഹോ​വയെ ആരാധി​ക്കാ​നും നമ്മളെ സഹായി​ക്കു​ന്നു. (1 കൊരി​ന്ത്യർ 14:33, 40) ഒരു വ്യക്തിയെ പരിശു​ദ്ധാ​ത്മാവ്‌ മൂപ്പനാ​യി നിയമി​ക്ക​ണ​മെ​ങ്കിൽ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ അദ്ദേഹം എത്തി​ച്ചേ​രണം. (1 തിമൊ​ഥെ​യൊസ്‌ 3:1-7; തീത്തോസ്‌ 1:5-9; 1 പത്രോസ്‌ 5:2, 3) നമ്മൾ ദൈവ​ത്തി​ന്റെ സംഘട​നയെ വിശ്വ​സി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടു​തന്നെ സന്തോ​ഷ​ത്തോ​ടെ മൂപ്പന്മാ​രു​മാ​യി സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നു.​—സങ്കീർത്തനം 138:6; എബ്രായർ 13:17.

അധ്യായം 4, ഖണ്ഡിക 8

 13 കുടും​ബ​ത്തി​ന്റെ തല

മക്കളെ​യും വീട്ടി​ലു​ള്ള​വ​രെ​യും നോക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മാതാ​പി​താ​ക്കൾക്കാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌. കുടും​ബ​ത്തി​ന്റെ തല ഭർത്തവാ​ണെന്നു ബൈബിൾ പറയു​ന്നെ​ങ്കി​ലും പിതാ​വി​ല്ലെ​ങ്കിൽ ആ സ്ഥാനം അമ്മയ്‌ക്കാണ്‌. കുടും​ബ​ത്തി​നു​വേണ്ടി ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം എന്നിവ കരുതാ​നുള്ള ഉത്തരവാ​ദി​ത്വം കുടും​ബ​നാ​ഥ​നാണ്‌. കൂടാതെ, ഒരു കുടും​ബ​നാ​ഥൻ യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ കുടും​ബത്തെ സഹായി​ക്കു​ക​യും അക്കാര്യ​ത്തിൽ നേതൃ​ത്വം എടുക്കു​ക​യും ചെയ്യേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. അതായത്‌ കുടും​ബ​ത്തി​ലെ എല്ലാവ​രും യോഗ​ങ്ങൾക്കു ക്രമമാ​യി പോകു​ന്നു​ണ്ടെ​ന്നും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കു​ന്നു​ണ്ടെ​ന്നും അവർ ഒരുമിച്ച്‌ ബൈബിൾ പഠിക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം ഉറപ്പു​വ​രു​ത്തു​ന്നു. തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​മ്പോൾ മുൻ​കൈ​യെ​ടു​ക്കു​ന്നു. എപ്പോ​ഴും യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ ദയയോ​ടെ​യും ന്യായ​ബോ​ധ​ത്തോ​ടെ​യും അദ്ദേഹം ഇടപെ​ടു​ന്നു. ഒരിക്ക​ലും ക്രൂര​മാ​യോ പരുഷ​മാ​യോ പ്രവർത്തി​ക്കില്ല. അപ്പോൾ കുടും​ബ​ത്തിൽ സ്‌നേ​ഹ​ത്തി​ന്റെ ഒരു അന്തരീ​ക്ഷ​മു​ണ്ടാ​കും. കുടും​ബാം​ഗ​ങ്ങൾക്കു സുരക്ഷി​ത​ത്വം തോന്നും. യഹോ​വ​യു​മാ​യുള്ള ബന്ധത്തിൽ അവർ വളരും.

അധ്യായം 4, ഖണ്ഡിക 12

 14 ഭരണസം​ഘം

തന്റെ ജനത്തെ നയിക്കാൻ യഹോവ ഉപയോ​ഗി​ക്കുന്ന ഒരു കൂട്ടം പുരു​ഷ​ന്മാ​രാ​ണു ഭരണസം​ഘം. സ്വർഗ​ത്തിൽ ജീവി​ക്കാ​നാണ്‌ അവരുടെ പ്രത്യാശ. യഹോ​വയെ ആരാധി​ക്കു​ന്ന​തി​ലും സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ലും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭയെ നയിക്കാൻ യഹോവ ഒരു ഭരണസം​ഘത്തെ ഉപയോ​ഗി​ച്ചു. (പ്രവൃ​ത്തി​കൾ 15:2) ഇന്ന്‌ അതേ വിധത്തിൽ ഒരു കൂട്ടം സഹോ​ദ​ര​ന്മാർ ഭരണസം​ഘ​മാ​യി പ്രവർത്തി​ക്കു​ന്നു. അവർ ദൈവ​ജ​നത്തെ സംരക്ഷി​ക്കു​ന്ന​തി​ലും വഴിന​യി​ക്കു​ന്ന​തി​ലും നേതൃ​ത്വം വഹിക്കു​ന്നു. അവർ തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ദൈവ​വ​ച​ന​ത്തി​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും മാർഗ​നിർദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ന്നു. അഭിഷി​ക്ത​രായ ഈ കൂട്ടത്തെ യേശു “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” എന്നാണു വിളി​ച്ചത്‌.—മത്തായി 24:45-47.

അധ്യായം 4, ഖണ്ഡിക 15

 15 ശിരോ​വ​സ്‌ത്രം

സഭയിൽ ഒരു സഹോ​ദരൻ ചെയ്യേണ്ട കാര്യം ചില​പ്പോൾ ഒരു സഹോ​ദ​രി​ക്കു ചെയ്യേണ്ട സാഹച​ര്യം വന്നേക്കാം. ഇക്കാര്യം ചെയ്യു​മ്പോൾ യഹോവ വെച്ചി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളോട്‌ ആദരവ്‌ കാണി​ച്ചു​കൊണ്ട്‌ ആ സഹോ​ദരി തല മൂടുന്നു. എന്നാൽ ചില സാഹച​ര്യ​ങ്ങ​ളിൽ മാത്രമേ ഇതിന്റെ ആവശ്യ​മു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, ഭർത്താ​വി​ന്റെ സാന്നി​ധ്യ​ത്തി​ലോ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​രന്റെ സാന്നി​ധ്യ​ത്തി​ലോ ബൈബിൾപ​ഠനം നടത്തു​ന്ന​തു​പോ​ലുള്ള സാഹച​ര്യ​ങ്ങ​ളിൽ.—1 കൊരി​ന്ത്യർ 11:11-15.

അധ്യായം 4, ഖണ്ഡിക 17

 16 നിഷ്‌പക്ഷത

നിഷ്‌പക്ഷരാണെങ്കിൽ നമ്മൾ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കില്ല. (യോഹ​ന്നാൻ 17:16) യഹോ​വ​യു​ടെ ജനം യഹോ​വ​യു​ടെ രാജ്യത്തെ പിന്തു​ണ​യ്‌ക്കു​ന്നു. യേശു​വി​നെ​പ്പോ​ലെ ലോക​ത്തി​ന്റെ കാര്യ​ങ്ങ​ളിൽ നമ്മൾ നിഷ്‌പ​ക്ഷ​രാണ്‌.

‘ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രി​ക്കാൻ’ യഹോവ നമ്മളോ​ടു കല്‌പി​ക്കു​ന്നു. (തീത്തോസ്‌ 3:1, 2; റോമർ 13:1-7) എന്നാൽ കൊല ചെയ്യരു​തെ​ന്നും ദൈവ​നി​യമം പറയു​ന്നുണ്ട്‌. അതു​കൊണ്ട്‌ യുദ്ധത്തി​നു പോകാൻ ഒരു ക്രിസ്‌ത്യാ​നി​യെ മനസ്സാക്ഷി അനുവ​ദി​ക്കില്ല. സൈനി​ക​സേ​വ​ന​ത്തി​നു പകരം പൊതു​ജ​ന​സേ​വനം ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മു​ണ്ടെ​ങ്കിൽ, അതിനു തന്റെ മനസ്സാക്ഷി അനുവ​ദി​ക്കു​ന്നു​ണ്ടോ എന്ന്‌ ഒരു ക്രിസ്‌ത്യാ​നി ചിന്തി​ക്കണം.

നമ്മൾ യഹോ​വയെ മാത്രമേ ആരാധി​ക്കൂ. കാരണം യഹോ​വ​യാ​ണു നമ്മുടെ സ്രഷ്ടാവ്‌. ദേശീ​യ​ചി​ഹ്ന​ങ്ങ​ളോട്‌ ആദരവ്‌ കാണി​ക്കു​മെ​ങ്കി​ലും നമ്മൾ പതാകയെ വന്ദിക്കു​ക​യോ ദേശീ​യ​ഗാ​നം പാടു​ക​യോ ഇല്ല. (യശയ്യ 43:11; ദാനി​യേൽ 3:1-30; 1 കൊരി​ന്ത്യർ 10:14) ഏതെങ്കി​ലും രാഷ്‌ട്രീ​യ​പ്പാർട്ടി​ക്കോ സ്ഥാനാർഥി​ക്കോ വോട്ടു ചെയ്യി​ല്ലെ​ന്നും യഹോ​വ​യു​ടെ ജനത്തിൽ ഓരോ​രു​ത്ത​രും തീരു​മാ​നി​ക്കു​ന്നു. കാരണം നമ്മൾ ഇപ്പോൾത്തന്നെ ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​ന്റെ പക്ഷത്താണ്‌.​—മത്തായി 22:21; യോഹ​ന്നാൻ 15:19; 18:36.

അധ്യായം 5, ഖണ്ഡിക 2

 17 ലോകത്തിന്റെ ആത്മാവ്‌

ലോകം സാത്താന്റെ ചിന്താ​രീ​തി​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും അനുക​രി​ക്കു​ക​യും ചെയ്യാത്ത, യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്കു വില കല്‌പി​ക്കാത്ത ആളുക​ളിൽ ഈ ചിന്താ​രീ​തി സർവസാ​ധാ​ര​ണ​മാണ്‌. (1 യോഹ​ന്നാൻ 5:19) ഇത്തരം ചിന്ത​യെ​യും അതിന്റെ ഫലമാ​യു​ണ്ടാ​കുന്ന പ്രവർത്ത​ന​ങ്ങ​ളെ​യും ലോക​ത്തി​ന്റെ ആത്മാവ്‌ എന്നാണു വിശേ​ഷി​പ്പി​ക്കു​ന്നത്‌. (എഫെസ്യർ 2:2) ഈ ആത്മാവ്‌ തങ്ങളെ കീഴട​ക്കു​ന്നി​ല്ലെന്ന്‌ യഹോ​വ​യു​ടെ ജനം ഉറപ്പു​വ​രു​ത്തു​ന്നു. (എഫെസ്യർ 6:10-18) അതിലും അധിക​മാ​യി നമ്മൾ യഹോ​വ​യു​ടെ വഴികളെ സ്‌നേ​ഹി​ക്കു​ക​യും യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു.

അധ്യായം 5, ഖണ്ഡിക 7

 18 വിശ്വാസത്യാഗം

ബൈബിൾസത്യങ്ങൾക്ക്‌ എതിരെ നിലപാ​ടെ​ടു​ക്കു​ന്ന​തി​നെ​യാ​ണു വിശ്വാ​സ​ത്യാ​ഗ​മെന്നു പറയു​ന്നുത്‌. വിശ്വാ​സ​ത്യാ​ഗി​കൾ യഹോ​വ​യ്‌ക്കും ദൈവ​രാ​ജ്യ​ത്തി​ന്റെ നിയമി​ത​രാ​ജാ​വായ യേശു​വി​നും എതിരെ മത്സരി​ക്കു​ക​യും അതിനു​വേണ്ടി മറ്റുള്ള​വരെ വശത്താ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. (റോമർ 1:25) യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​ടെ മനസ്സിൽ സംശയ​ങ്ങ​ളു​ണ്ടാ​ക്കാൻ അവർ ശ്രമി​ക്കു​ന്നു. ആദ്യകാ​ലത്തെ ക്രിസ്‌തീ​യ​സ​ഭ​യി​ലെ ചിലർ വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി​ത്തീർന്നു. ഇന്നും അങ്ങനെ​യുള്ള ചിലരുണ്ട്‌. (2 തെസ്സ​ലോ​നി​ക്യർ 2:3) എന്നാൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വർക്കു വിശ്വാ​സ​ത്യാ​ഗി​ക​ളു​മാ​യി യാതൊ​രു ബന്ധവു​മില്ല. ആകാംക്ഷ കാരണ​മോ മറ്റുള്ള​വ​രു​ടെ സമ്മർദം കാരണ​മോ നമ്മൾ ഒരിക്ക​ലും വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ ആശയങ്ങൾ വായി​ക്കു​ക​യോ കേട്ടു​നിൽക്കു​ക​യോ ഇല്ല. നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാണ്‌, യഹോ​വയെ മാത്രമേ ആരാധി​ക്കു​ക​യും ഉള്ളൂ.

അധ്യായം 5, ഖണ്ഡിക 9

 19 പാപപരിഹാരം

മോശയുടെ നിയമ​ത്തിൽ പറഞ്ഞത​നു​സ​രിച്ച്‌ ഇസ്രാ​യേൽ ജനം അവരുടെ പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യി യഹോ​വ​യോട്‌ അപേക്ഷി​ച്ചി​രു​ന്നു. പാപപ​രി​ഹാ​ര​യാ​ഗ​ത്തി​നാ​യി ധാന്യ​മോ എണ്ണയോ മൃഗങ്ങ​ളെ​യോ അവർ ആലയത്തിൽ കൊണ്ടു​വ​രു​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്ക്‌, ഒരു ജനതയെന്ന നിലയി​ലും വ്യക്തി​ക​ളെന്ന നിലയി​ലും അവരുടെ പാപങ്ങൾ ക്ഷമിക്കാൻ മനസ്സാ​ണെന്ന്‌ ഈ ക്രമീ​ക​രണം അവരെ ഓർമി​പ്പി​ച്ചു. എന്നാൽ യേശു നമ്മുടെ പാപങ്ങ​ളു​ടെ ക്ഷമയ്‌ക്കാ​യി ജീവൻ ബലി തന്നപ്പോൾ പാപപ​രി​ഹാ​ര​ത്തി​നുള്ള ബലിക​ളു​ടെ ആവശ്യ​മി​ല്ലാ​താ​യി. യേശു പൂർണ​ത​യുള്ള ബലി “ഒരിക്ക​ലാ​യിട്ട്‌ ” അർപ്പിച്ചു.​—എബ്രായർ 10:1, 4, 10.

അധ്യായം 7, ഖണ്ഡിക 6

 20 ജീവജാലങ്ങളോടുള്ള പെരു​മാ​റ്റം

മോശയുടെ നിയമം മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും ഒക്കെ ഭക്ഷിക്കാൻ അനുവാ​ദം നൽകി​യി​രു​ന്നു. മൃഗബ​ലി​കൾ അർപ്പി​ക്കാ​നും ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ലേവ്യ 1:5, 6) എന്നാൽ ജീവജാ​ല​ങ്ങ​ളോട്‌ ഒരിക്ക​ലും ക്രൂര​മാ​യി ഇടപെ​ടാൻ യഹോവ അനുവാ​ദം കൊടു​ത്തി​രു​ന്നില്ല. (സുഭാ​ഷി​തങ്ങൾ 12:10) മൃഗങ്ങ​ളോ​ടും പക്ഷിക​ളോ​ടും ക്രൂരത കാണി​ക്കു​ന്ന​തിന്‌ എതിരെ നിയമ​ങ്ങൾപോ​ലും മോശ​യു​ടെ നിയമ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കൂടാതെ ജീവജാ​ല​ങ്ങളെ ശരിയായ വിധത്തിൽ പരിപാ​ലി​ക്കു​ന്ന​തി​നുള്ള കല്‌പന ഇസ്രാ​യേ​ല്യർക്കു കൊടു​ത്തി​രു​ന്നു.​—ആവർത്തനം 22:6, 7.

അധ്യായം 7, ഖണ്ഡിക 6

 21 രക്തത്തിന്റെ ഘടകാം​ശ​ങ്ങ​ളും വൈദ്യ​ന​ട​പ​ടി​ക​ളും

രക്തത്തിന്റെ ഘടകാം​ശങ്ങൾ. രക്തത്തിൽ നാലു പ്രാഥ​മി​ക​ഘ​ട​കങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു: അരുണ​ര​ക്താ​ണു​ക്കൾ, ശ്വേത​ര​ക്താ​ണു​ക്കൾ, പ്ലേറ്റ്‌ലെ​റ്റു​കൾ, പ്ലാസ്‌മ. രക്തത്തിന്റെ ഈ നാലു പ്രാഥ​മി​ക​ഘ​ട​ക​ങ്ങളെ വീണ്ടും വിഭജി​ക്കു​മ്പോൾ രക്തത്തിന്റെ ഘടകാം​ശങ്ങൾ ലഭിക്കു​ന്നു. *

ക്രിസ്‌ത്യാനികൾ രക്തം അതേപ​ടി​യോ അതിന്റെ നാലു പ്രാഥ​മി​ക​ഘ​ട​ക​ങ്ങ​ളിൽ ഏതെങ്കി​ലു​മോ ശരീര​ത്തിൽ കയറ്റു​ന്നില്ല. എന്നാൽ ഘടകാം​ശങ്ങൾ അവർ സ്വീക​രി​ക്കു​മോ? അതെക്കു​റിച്ച്‌ ബൈബിൾ വ്യക്തമായ വിശദാം​ശങ്ങൾ നൽകി​യി​ട്ടില്ല. അതു​കൊണ്ട്‌ ഓരോ ക്രിസ്‌ത്യാ​നി​യും ബൈബിൾ പരിശീ​ലി​ത​മ​ന​സ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ സ്വന്തമാ​യി ഒരു തീരു​മാ​നം എടുക്കണം.

ചില ക്രിസ്‌ത്യാ​നി​കൾ രക്തത്തിന്റെ ഒരു ഘടകാം​ശ​വും ഉപയോ​ഗി​ക്കേണ്ടാ എന്നു തീരു​മാ​നി​ക്കു​ന്നു. മൃഗത്തി​ന്റെ രക്തം “നിലത്ത്‌ ” ഒഴിച്ചു​ക​ള​യണം എന്ന്‌ ഇസ്രാ​യേ​ല്യർക്കു ദൈവം കൊടുത്ത നിയമ​ത്തിൽ ആവശ്യ​പ്പെ​ടു​ന്നു. ഒരുപക്ഷേ ഇതായി​രി​ക്കാം അവരുടെ തീരു​മാ​ന​ത്തിന്‌ അടിസ്ഥാ​നം.​—ആവർത്തനം 12:22-24.

മറ്റുള്ളവർ വ്യത്യ​സ്‌ത​മായ തീരു​മാ​നം എടുക്കു​ന്നു. അവരുടെ മനസ്സാക്ഷി രക്തത്തിന്റെ ചില ഘടകാം​ശങ്ങൾ സ്വീക​രി​ക്കാൻ അവരെ അനുവ​ദി​ക്കു​ന്നു. അവർ ചിന്തി​ക്കു​ന്നത്‌ ഒരു ജീവി​യു​ടെ രക്തത്തിൽനിന്ന്‌ ഘടകാം​ശം വേർതി​രി​ച്ചെ​ടു​ത്താൽ മേലാൽ ആ ഘടകാം​ശങ്ങൾ ആ ജീവി​യു​ടെ ജീവനെ പ്രതി​നി​ധാ​നം ചെയ്യു​ന്നില്ല എന്നാണ്‌.

രക്തത്തിന്റെ ഘടകാം​ശങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ തീരു​മാ​നം എടുക്കു​മ്പോൾ പിൻവ​രുന്ന കാര്യങ്ങൾ കണക്കി​ലെ​ടു​ക്കുക:

  • രക്തത്തിന്റെ എല്ലാ ഘടകാം​ശ​ങ്ങ​ളും ഒഴിവാ​ക്കു​മ്പോൾ രോഗം ഭേദമാ​ക്കു​ന്ന​തി​നോ രക്തവാർച്ച നിറു​ത്തു​ന്ന​തി​നോ ഉള്ള ചില മരുന്നു​ക​ളും കൂടി​യാ​ണു ഞാൻ ഒഴിവാ​ക്കു​ന്നത്‌ എന്ന കാര്യം എനിക്ക്‌ അറിയാ​മോ?

  • രക്തത്തിന്റെ ഏതെങ്കി​ലും ഘടകാം​ശങ്ങൾ ഞാൻ സ്വീക​രി​ക്കു​ന്ന​തി​ന്റെ​യോ സ്വീക​രി​ക്കാ​ത്ത​തി​ന്റെ​യോ കാരണം ഡോക്ട​റോ​ടു വിശദീ​ക​രി​ക്കാൻ എനിക്ക്‌ അറിയാ​മോ?

വൈദ്യനടപടികൾ. ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമ്മൾ രക്തം ദാനം ചെയ്യില്ല, അല്ലെങ്കിൽ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്ക്‌ ആഴ്‌ച​കൾക്കു മുമ്പ്‌ നമ്മു​ടെ​തന്നെ രക്തം സൂക്ഷി​ച്ചു​വെ​ക്കു​ക​യു​മില്ല. എങ്കിലും രോഗി​യു​ടെ രക്തം ഉപയോ​ഗി​ക്കുന്ന മറ്റു ചില നടപടി​ക​ളു​മുണ്ട്‌. ശസ്‌ത്ര​ക്രി​യ​യു​ടെ ഭാഗമാ​യോ വൈദ്യ​പ​രി​ശോ​ധ​ന​യി​ലോ അല്ലെങ്കിൽ പ്രചാ​ര​ത്തി​ലുള്ള ചികി​ത്സാ​രീ​തി​യു​ടെ ഭാഗമാ​യോ സ്വന്തം രക്തം എങ്ങനെ ഉപയോ​ഗി​ക്കണം എന്ന കാര്യം തീരു​മാ​നി​ക്കേ​ണ്ടത്‌ ഓരോ ക്രിസ്‌ത്യാ​നി​യു​മാണ്‌. മേൽപ്പറഞ്ഞ നടപടി​ക്ര​മ​ങ്ങ​ളിൽ ചില​പ്പോൾ രോഗി​യു​ടെ രക്തം ഒരു നിശ്ചി​ത​സ​മ​യ​ത്തേക്കു ശരീര​ത്തിൽനിന്ന്‌ മാറ്റു​ന്നത്‌ ഉൾപ്പെ​ട്ടേ​ക്കാം.​—കൂടുതൽ വിവര​ങ്ങൾക്കാ​യി 2000 ഒക്ടോബർ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 30, 31 പേജുകൾ കാണുക.

ഉദാഹരണത്തിന്‌, ഹീമോ​ഡൈ​ലൂ​ഷൻ (രക്തം നേർപ്പി​ക്കൽ) എന്ന പ്രക്രി​യ​യിൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു തൊട്ടു​മുമ്പ്‌ രോഗി​യു​ടെ രക്തം മാറ്റി പകരം വ്യാപ്‌ത​വർധി​നി കയറ്റുന്നു. പിന്നീട്‌ ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്തോ ശസ്‌ത്ര​ക്രിയ കഴിഞ്ഞ ഉടനെ​യോ ആ രക്തം വീണ്ടും രോഗി​യി​ലേക്കു കയറ്റുന്നു.

സെൽ സാൽവേജ്‌ ആണ്‌ മറ്റൊരു പ്രക്രിയ. ഈ പ്രക്രി​യ​യിൽ ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്ത്‌ നഷ്ടമാ​കുന്ന രക്തം എടുത്ത്‌ ശുദ്ധീ​ക​രി​ക്കു​ക​യും പിന്നീട്‌ ശസ്‌ത്ര​ക്രി​യ​യു​ടെ സമയത്തോ ശസ്‌ത്ര​ക്രിയ കഴിഞ്ഞ ഉടനെ​യോ വീണ്ടും രക്തം ആ രോഗി​യി​ലേക്കു കയറ്റു​ക​യും ചെയ്യും.

ഓരോ ഡോക്ടർമാ​രും ഈ പ്രക്രി​യകൾ ചെയ്യു​ന്ന​തിൽ അൽപ്പസ്വൽപ്പം വ്യത്യാ​സങ്ങൾ കണ്ടേക്കാം. അതു​കൊണ്ട്‌ ഏതെങ്കി​ലും ശസ്‌ത്ര​ക്രി​യാ​ന​ട​പ​ടി​യോ വൈദ്യ​പ​രി​ശോ​ധ​ന​യോ നിലവി​ലുള്ള ഏതെങ്കി​ലും ചികി​ത്സ​യോ സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌ സ്വന്തം രക്തം എങ്ങനെ ഉപയോ​ഗി​ക്കും എന്ന്‌ ഒരു ക്രിസ്‌ത്യാ​നി അറിഞ്ഞി​രി​ക്കണം.

സ്വന്തം രക്തം ഉൾപ്പെ​ടുന്ന വൈദ്യ​ന​ട​പ​ടി​ക​ളു​ടെ കാര്യ​ത്തിൽ തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ പിൻവ​രുന്ന ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക:

  • എന്റെ രക്തത്തിൽ കുറച്ച്‌ ശരീര​ത്തി​നു വെളി​യി​ലുള്ള ഒരു ഉപകര​ണ​ത്തി​ലേക്കു തിരി​ച്ചു​വി​ടു​ക​യും ഒരുപക്ഷേ കുറച്ച്‌ നേര​ത്തേക്ക്‌ അതിന്റെ ഒഴുക്കു തടസ്സ​പ്പെ​ടു​ക​യും ചെയ്യു​ന്നെ​ങ്കിൽ, ആ രക്തത്തെ എന്റെ ശരീര​ത്തി​ലൂ​ടെ ഒഴുകുന്ന രക്തമാ​യി​ത്തന്നെ കാണാ​നും അതു ‘നിലത്ത്‌ ഒഴിച്ചു​ക​ള​യേണ്ട’ ആവശ്യ​മി​ല്ലെന്നു കരുതാ​നും മനസ്സാക്ഷി എന്നെ അനുവ​ദി​ക്കു​മോ?​—ആവർത്തനം 12:23, 24.

  • ചികി​ത്സ​യ്‌ക്കി​ടെ എന്റെ രക്തത്തിൽ കുറെ പുറ​ത്തെ​ടുത്ത്‌ അതിൽ എന്തെങ്കി​ലും മാറ്റം വരുത്തി​യിട്ട്‌ ശരീര​ത്തി​ലേക്കു തിരികെ കയറ്റാൻ എന്റെ ബൈബിൾ പരിശീ​ലി​ത​മ​ന​സ്സാ​ക്ഷി എന്നെ അനുവ​ദി​ക്കു​മോ?

  • എന്റെ രക്തത്തിന്റെ ഉപയോ​ഗം ഉൾപ്പെ​ടുന്ന എല്ലാ വൈദ്യ​ന​ട​പ​ടി​ക​ളും നിരസി​ച്ചാൽ, ഞാൻ രക്തപരി​ശോ​ധ​ന​യോ ഡയാലി​സി​സോ ഹൃദയ​ശ​സ്‌ത്ര​ക്രി​യ​യു​ടെ സമയത്ത്‌ രക്തചം​ക്ര​മണം നിലനി​റു​ത്തുന്ന യന്ത്രത്തി​ന്റെ (heart-lung bypass machine) സഹായ​മോ വേണ്ടെന്നു പറയു​ക​യാ​ണെന്ന്‌ എനിക്ക്‌ അറിയാ​മോ?

രക്തത്തിന്റെ ഘടകാം​ശ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തി​ന്റെ​യും സ്വന്തം രക്തം ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള വൈദ്യ​ന​ട​പ​ടി​ക​ളു​ടെ​യും കാര്യ​ത്തിൽ ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി നമ്മൾ പ്രാർഥി​ക്കണം. എന്നിട്ട്‌ അതെക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം. (യാക്കോബ്‌ 1:5, 6) അതിനു ശേഷം നമ്മുടെ ബൈബിൾ പരിശീ​ലി​ത​മ​ന​സ്സാ​ക്ഷി ഉപയോ​ഗിച്ച്‌ ഒരു തീരു​മാ​നം എടുക്കണം. ‘എന്റെ സാഹച​ര്യ​ത്തിൽ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്‌തേനേ’ എന്നു നമ്മൾ മറ്റുള്ള​വ​രോ​ടു ചോദി​ക്ക​രുത്‌. നമ്മുടെ തീരു​മാ​ന​ങ്ങളെ സ്വാധീ​നി​ക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്കു​ക​യും ചെയ്യരുത്‌.​—റോമർ 14:12; ഗലാത്യർ 6:5.

അധ്യായം 7, ഖണ്ഡിക 11

 22 ധാർമികശുദ്ധി

ധാർമികമായി ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കുക എന്നു പറഞ്ഞാൽ ദൈവ​ത്തി​ന്റെ മുമ്പാകെ നമ്മുടെ സ്വഭാ​വ​വും പ്രവൃ​ത്തി​ക​ളും ശുദ്ധമാ​യി​രി​ക്കണം എന്നാണ്‌. അതിൽ നമ്മൾ ചിന്തി​ക്കു​ന്ന​തും പറയു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും ആയ കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. എല്ലാ തരത്തി​ലു​മുള്ള ലൈം​ഗിക അശുദ്ധി​യും അധാർമി​ക​ത​യും ഒഴിവാ​ക്കാൻ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (സുഭാ​ഷി​തങ്ങൾ 1:10; 3:1) തെറ്റായ കാര്യങ്ങൾ ചെയ്യാ​നുള്ള പ്രലോ​ഭ​ന​മു​ണ്ടാ​കു​ന്ന​തി​നു മുമ്പു​തന്നെ നമ്മൾ യഹോ​വ​യു​ടെ ശുദ്ധമായ നിലവാ​രങ്ങൾ അനുസ​രി​ക്കു​മെന്നു തീരു​മാ​നി​ച്ചു​റ​യ്‌ക്കണം. മനസ്സു ശുദ്ധമാ​യി കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നുള്ള സഹായ​ത്തി​നാ​യി നമ്മൾ നിരന്തരം പ്രാർഥി​ക്കണം. അതോ​ടൊ​പ്പം, അധാർമി​ക​കാ​ര്യ​ങ്ങൾ ചെയ്യാ​നുള്ള പ്രലോ​ഭ​ന​ങ്ങളെ തള്ളിക്ക​ള​യാൻ നമ്മൾ ദൃഢനി​ശ്ച​യ​മു​ള്ള​വ​രും ആയിരി​ക്കണം.​—1 കൊരി​ന്ത്യർ 6:9, 10, 18; എഫെസ്യർ 5:5.

അധ്യായം 8, ഖണ്ഡിക 11

 23 ധിക്കാരത്തോടെയുള്ള പെരു​മാ​റ്റം, അശുദ്ധി

ഒരു നാണവു​മി​ല്ലാ​തെ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു തികച്ചും വിരു​ദ്ധ​മാ​യി സംസാ​രി​ക്കു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യു​ന്നതു ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റ​ത്തിൽ ഉൾപ്പെ​ടു​ന്നു. ഇങ്ങനെ ചെയ്യുന്ന ഒരാൾ യഹോ​വ​യു​ടെ നിയമ​ങ്ങ​ളോട്‌ ആദരവി​ല്ലെന്നു കാണി​ക്കു​ക​യാണ്‌. ഒരാൾ ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്ന​തിൽ കുറ്റക്കാ​ര​നാ​ണെ​ങ്കിൽ നീതി​ന്യാ​യ​ക്ക​മ്മി​റ്റി ഇതു കൈകാ​ര്യം ചെയ്യും. അശുദ്ധി​യിൽ പല തരത്തി​ലുള്ള തെറ്റുകൾ ഉൾപ്പെ​ടു​ന്നു. സാഹച​ര്യ​ത്തി​ന്റെ ഗൗരവം അനുസ​രിച്ച്‌ അശുദ്ധി ഉൾപ്പെ​ടുന്ന ചില കാര്യങ്ങൾ സഭയിലെ നീതി​ന്യാ​യ​ക്ക​മ്മി​റ്റി കൈകാ​ര്യം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം.​—ഗലാത്യർ 5:19-21; എഫെസ്യർ 4:19. കൂടുതൽ വിവര​ങ്ങൾക്ക്‌, 2006 ജൂലൈ 15 വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

അധ്യായം 9, ഖണ്ഡിക 7; അധ്യായം 12, ഖണ്ഡിക 10

 24 സ്വയം​ഭോ​ഗം

ഭാര്യാഭർത്താക്കന്മാർക്കിടയിലെ ശുദ്ധമായ സ്‌നേ​ഹ​പ്ര​ക​ട​ന​ത്തി​ന്റെ ഭാഗമാ​യാണ്‌ യഹോവ ലൈം​ഗി​കത വെച്ചി​രി​ക്കു​ന്നത്‌. എന്നാൽ ഒരാൾ സ്വയം​ഭോ​ഗം ചെയ്യു​മ്പോൾ, അതായത്‌ ലൈം​ഗി​ക​സു​ഖ​ത്തി​നാ​യി ലൈം​ഗി​കാ​വ​യ​വങ്ങൾ ദുരു​പ​യോ​ഗം ചെയ്യു​മ്പോൾ, ആ വ്യക്തി ലൈം​ഗി​ക​തയെ അശുദ്ധ​മാ​ക്കു​ക​യാണ്‌. ഈ ശീലം യഹോ​വ​യു​മാ​യുള്ള ഒരാളു​ടെ ബന്ധത്തെ ബാധി​ക്കും. മാത്രമല്ല അധമമായ മോഹങ്ങൾ ജനിപ്പി​ക്കാ​നും അതിനു കഴിയും. അയാൾ ലൈം​ഗി​ക​തയെ വികൃ​ത​മാ​യി വീക്ഷി​ക്കാ​നും തുടങ്ങി​യേ​ക്കാം. (കൊ​ലോ​സ്യർ 3:5) ഈ ശീലമുള്ള ആർക്കെ​ങ്കി​ലും അതു നിറു​ത്താൻ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ മടുത്ത്‌ പിന്മാ​റ​രുത്‌. (സങ്കീർത്തനം 86:5; 1 യോഹ​ന്നാൻ 3:20) നിങ്ങളു​ടെ അവസ്ഥ ഇതാ​ണെ​ങ്കിൽ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. അശുദ്ധ​മായ ചിന്തകൾക്കു വഴി​വെ​ക്കുന്ന അശ്ലീലം​പോ​ലുള്ള കാര്യങ്ങൾ ഒഴിവാ​ക്കുക. നിങ്ങളു​ടെ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്ക​ളിൽ ഒരാ​ളോ​ടോ യഹോ​വ​യു​ടെ നിയമങ്ങൾ ആദരി​ക്കുന്ന പക്വത​യുള്ള ഒരു സുഹൃ​ത്തി​നോ​ടോ സംസാ​രി​ക്കുക. (സുഭാ​ഷി​തങ്ങൾ 1:8, 9; 1 തെസ്സ​ലോ​നി​ക്യർ 5:14; തീത്തോസ്‌ 2:3-5) ധാർമി​ക​മാ​യി ശുദ്ധരാ​യി​രി​ക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ കാണു​ന്നെ​ന്നും വിലമ​തി​ക്കു​ന്നെ​ന്നും നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.​—സങ്കീർത്തനം 51:17; യശയ്യ 1:18.

അധ്യായം 9, ഖണ്ഡിക 9

 25 ബഹുപങ്കാളിത്വം

ഒന്നിലധികം പേരെ വിവാഹം കഴിക്കുന്ന രീതി ചില സ്ഥലങ്ങളി​ലുണ്ട്‌. എന്നാൽ ഒരു പുരു​ഷ​നും ഒരു സ്‌ത്രീ​യും തമ്മിലുള്ള ബന്ധമാണ്‌ വിവാ​ഹ​ത്തി​ലൂ​ടെ യഹോവ ഉദ്ദേശി​ച്ചത്‌. പുരാതന ഇസ്രാ​യേ​ലിൽ ഒന്നിൽ കൂടുതൽ ഭാര്യ​മാ​രു​ണ്ടാ​യി​രി​ക്കാൻ പുരു​ഷ​ന്മാ​രെ അനുവ​ദി​ച്ചു. പക്ഷേ ഇത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല. ഇന്ന്‌ യഹോവ തന്റെ ജനത്തിന്‌ ഇടയിൽ ബഹുപ​ങ്കാ​ളി​ത്വം അനുവ​ദി​ക്കു​ന്നില്ല. ഒരു ഭർത്താ​വിന്‌ ഒരു ഭാര്യ​യും ഒരു ഭാര്യക്ക്‌ ഒരു ഭർത്താ​വു​മേ ഉണ്ടാകാൻ പാടുള്ളൂ.​—മത്തായി 19:9; 1 തിമൊ​ഥെ​യൊസ്‌ 3:2.

അധ്യായം 10, ഖണ്ഡിക 12

 26 വിവാഹമോചനം, വേർപി​രി​യൽ

ഭാര്യാഭർത്താക്കന്മാർ ജീവി​ത​കാ​ലം മുഴുവൻ ഒന്നിച്ച്‌ ജീവി​ക്കാ​നാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌. (ഉൽപത്തി 2:24; മലാഖി 2:15, 16; മത്തായി 19:3-6; 1 കൊരി​ന്ത്യർ 7:39) വിവാ​ഹ​മോ​ച​ന​ത്തി​നു ദൈവം അനുവാ​ദം നൽകി​യി​ട്ടുള്ള ഒരേ ഒരു കാരണം ഇണയുടെ വ്യഭി​ചാ​ര​മാണ്‌. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ വിവാ​ഹ​മോ​ചനം ചെയ്യണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാ​നുള്ള അവകാശം നിരപ​രാ​ധി​യായ ഇണയ്‌ക്ക്‌ യഹോവ കൊടു​ത്തി​രി​ക്കു​ന്നു.​—മത്തായി 19:9.

ചില സാഹച​ര്യ​ങ്ങ​ളിൽ അധാർമി​ക​ത​യൊ​ന്നും ഉൾപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ചില ക്രിസ്‌ത്യാ​നി​കൾ ഇണയിൽനിന്ന്‌ വേർപി​രിഞ്ഞ്‌ ജീവി​ക്കാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. (1 കൊരി​ന്ത്യർ 7:11) പിൻവ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ ഒരു ക്രിസ്‌ത്യാ​നി അങ്ങനെ തീരു​മാ​നി​ച്ചേ​ക്കാം.

  • മനഃപൂർവം കുടും​ബം നോക്കാ​തി​രി​ക്കു​ന്നത്‌: കുടും​ബ​ത്തിൽ പണമോ ഭക്ഷണമോ ഇല്ലാതെ വരുന്ന അളവോ​ളം ഒരു ഭർത്താവ്‌ മനഃപൂർവം കുടും​ബം നോക്കാ​തി​രി​ക്കു​ന്നു.​—1 തിമൊ​ഥെ​യൊസ്‌ 5:8.

  • കടുത്ത ശാരീ​രിക ഉപദ്രവം: സ്വന്തം ആരോ​ഗ്യ​ത്തി​നോ ജീവനോ ഭീഷണി ആണെന്ന്‌ ഒരു ഇണ കരുതുന്ന അളവോ​ളം ശാരീ​രി​ക​മാ​യി ഉപദ്ര​വി​ക്കു​ന്നു.​—ഗലാത്യർ 5:19-21.

  • യഹോ​വ​യു​മാ​യുള്ള ബന്ധത്തിനു കടുത്ത ഭീഷണി​യാ​കു​ന്നത്‌: ഇണ യഹോ​വയെ സേവി​ക്കു​ന്നത്‌ അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു.​—പ്രവൃ​ത്തി​കൾ 5:29.

അധ്യായം 11, ഖണ്ഡിക 19

 27 അഭിനന്ദനവും പ്രോ​ത്സാ​ഹ​ന​വും

നമുക്കെല്ലാവർക്കും അഭിന​ന്ദ​ന​വും പ്രോ​ത്സാ​ഹ​ന​വും ആവശ്യ​മാണ്‌. (സുഭാ​ഷി​തങ്ങൾ 12:25; 16:24) സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും പറയുന്ന വാക്കുകൾ പരസ്‌പരം ബലപ്പെ​ടു​ത്തു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യും. വലിയ പ്രയാ​സ​ങ്ങൾക്കു മധ്യേ​പോ​ലും സഹനശ​ക്തി​യോ​ടെ യഹോ​വയെ സേവി​ക്കാൻ ഇതു നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 12:18; ഫിലി​പ്പി​യർ 2:1-4) ആരെങ്കി​ലും നിരു​ത്സാ​ഹി​ത​നാ​യി കാണു​ന്നെ​ങ്കിൽ അദ്ദേഹം പറയു​ന്നതു നമ്മൾ ആദര​വോ​ടെ ശ്രദ്ധി​ക്കണം. അദ്ദേഹ​ത്തി​ന്റെ ഉള്ളിലുള്ള വിഷമങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം. അദ്ദേഹത്തെ സഹായി​ക്കാൻ എന്തു പറയണം, എന്തു ചെയ്യണം എന്നു തീരു​മാ​നി​ക്കാൻ അതു സഹായി​ക്കും. (യാക്കോബ്‌ 1:19) നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ശരിക്കും അടുത്ത്‌ അറിയാൻ ഒരു ലക്ഷ്യം വെക്കുക. അപ്പോഴേ അവർക്ക്‌ എന്താണ്‌ ആവശ്യ​മെന്ന്‌ യഥാർഥ​മാ​യി മനസ്സി​ലാ​ക്കാ​നാ​കൂ. അപ്പോൾ സകല ആശ്വാ​സ​ത്തി​ന്റെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ​യും ഉറവി​ലേക്ക്‌ അവരെ നയിക്കാൻ നിങ്ങൾക്കു കഴിയും. അവിടെ അവർക്ക്‌ യഥാർഥ​ന​വോ​ന്മേഷം കണ്ടെത്താ​നാ​കും.​—2 കൊരി​ന്ത്യർ 1:3, 4; 1 തെസ്സ​ലോ​നി​ക്യർ 5:11.

അധ്യായം 12, ഖണ്ഡിക 16

 28 വിവാഹച്ചടങ്ങുകൾ

വിവാഹം എങ്ങനെ നടത്തണ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ കൃത്യ​മായ നിയമ​ങ്ങ​ളൊ​ന്നും ബൈബിൾ വെക്കു​ന്നില്ല. നാട്ടു​ന​ട​പ്പും നിയമ​ങ്ങ​ളും ഓരോ ദേശത്തും വ്യത്യ​സ്‌ത​മാണ്‌. (ഉൽപത്തി 24:67; മത്തായി 1:24; 25:10; ലൂക്കോസ്‌ 14:8) വിവാ​ഹ​ത്തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട ഭാഗം യഹോ​വ​യു​ടെ മുമ്പാകെ ദമ്പതികൾ നടത്തുന്ന വിവാ​ഹ​പ്ര​തി​ജ്ഞ​യാണ്‌. പല ദമ്പതി​ക​ളും തങ്ങളുടെ വിവാ​ഹ​പ്ര​തി​ജ്ഞ​യു​ടെ സമയത്ത്‌ കുടും​ബാം​ഗ​ങ്ങ​ളും ഉറ്റസു​ഹൃ​ത്തു​ക്ക​ളും അവിടെ ഉണ്ടായി​രി​ക്കാ​നും അതോ​ടൊ​പ്പം ഒരു മൂപ്പൻ ബൈബി​ളി​ധി​ഷ്‌ഠിത പ്രസംഗം നടത്താ​നും ആഗ്രഹി​ക്കു​ന്നു. വിവാ​ഹ​ശേഷം സത്‌കാ​രം നടത്തു​ന്നു​ണ്ടെ​ങ്കിൽ, അത്‌ എങ്ങനെ നടത്തണ​മെന്നു തീരു​മാ​നി​ക്കേ​ണ്ടതു ദമ്പതി​ക​ളാണ്‌. (ലൂക്കോസ്‌ 14:28; യോഹ​ന്നാൻ 2:1-11) വിവാഹം എങ്ങനെ നടത്താൻ തീരു​മാ​നി​ച്ചാ​ലും അത്‌ യഹോ​വ​യ്‌ക്കു മഹത്ത്വം നൽകു​ന്ന​താ​ണെന്നു ദമ്പതികൾ ഉറപ്പു​വ​രു​ത്തണം. (ഉൽപത്തി 2:18-24; മത്തായി 19:5, 6) നല്ല തീരു​മാ​നങ്ങൾ എടുക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾ അവരെ സഹായി​ക്കും. (1 യോഹ​ന്നാൻ 2:16, 17) വിവാ​ഹ​സ​ത്‌കാ​ര​ത്തിൽ മദ്യം വിളമ്പു​ന്നു​ണ്ടെ​ങ്കിൽ അതിനു ശരിയായ മേൽനോ​ട്ട​മു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. (സുഭാ​ഷി​തങ്ങൾ 20:1; എഫെസ്യർ 5:18) അവർ ഏതെങ്കി​ലും സംഗീ​ത​മോ വിനോ​ദ​പ​രി​പാ​ടി​യോ ഉൾപ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അത്‌ യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കു​ന്ന​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തണം. പരസ്‌പ​ര​മുള്ള ബന്ധത്തി​നും തങ്ങൾക്കു ദൈവ​വു​മാ​യുള്ള ബന്ധത്തി​നും ആണ്‌ ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ മുൻതൂ​ക്കം കൊടു​ക്കേ​ണ്ടത്‌, അല്ലാതെ വിവാ​ഹ​ദി​ന​ത്തി​നല്ല.​—സുഭാ​ഷി​തങ്ങൾ 18:22; കൂടുതൽ നിർദേ​ശ​ങ്ങൾക്കു 2006 ഒക്ടോബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-31 പേജുകൾ കാണുക.

അധ്യായം 13, ഖണ്ഡിക 18

 29 ജ്ഞാനപൂർവം തീരു​മാ​നങ്ങൾ എടുക്കുക

ദൈവവചനത്തിൽ കാണുന്ന തത്ത്വങ്ങൾക്കു ചേർച്ച​യിൽ നമ്മൾ നല്ല തീരു​മാ​നങ്ങൾ എടുക്കണം. ഉദാഹ​ര​ണ​ത്തിന്‌, ലോക​ത്തി​ന്റേ​തായ ഒരു വിശേ​ഷ​ദി​വ​സ​ത്തിൽ, ബന്ധുക്ക​ളോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ സാക്ഷി​യ​ല്ലാത്ത ഇണ ഒരു ക്രിസ്‌ത്യാ​നി​യെ ക്ഷണിക്കു​ന്നെന്നു വിചാ​രി​ക്കുക. ഈ സാഹച​ര്യ​ത്തിൽ നിങ്ങളാ​ണെ​ങ്കിൽ എന്തു ചെയ്യും? പോകാൻ നിങ്ങളു​ടെ മനസ്സാക്ഷി അനുവ​ദി​ക്കു​ന്നെ​ങ്കിൽ, ഒരു കാര്യം ഇണയോ​ടു വിശദീ​ക​രി​ക്കാം: അവിടെ ഏതെങ്കി​ലും തരത്തി​ലുള്ള വ്യാജ​മ​താ​ച​രങ്ങൾ നടത്തു​ന്നു​ണ്ടെ​ങ്കിൽ അതിൽ പങ്കെടു​ക്കില്ല എന്ന കാര്യം. കൂടാതെ, നിങ്ങൾ ആ ഭക്ഷണത്തി​നു പോകു​ന്നെ​ങ്കിൽ അതു മറ്റാരു​ടെ​യെ​ങ്കി​ലും വിശ്വാ​സ​ത്തിന്‌ ഇടർച്ച വരുത്തു​മോ എന്ന കാര്യ​വും പരിഗ​ണി​ക്കണം.​—1 കൊരി​ന്ത്യർ 8:9; 10:23, 24.

ഇനി, ഒരു ആഘോ​ഷ​കാ​ലത്ത്‌ നിങ്ങളു​ടെ തൊഴി​ലു​ടമ നിങ്ങൾക്കു ബോണസ്‌ നൽകു​ന്നെ​ന്നി​രി​ക്കട്ടെ. നിങ്ങൾ അത്‌ നിരസി​ക്കു​മോ? തീരു​മാ​നം നിങ്ങളു​ടേ​താണ്‌. ആ തീരു​മാ​നം ഒരു പരിധി​വരെ നിങ്ങളു​ടെ തൊഴി​ലു​ടമ അതിനെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. അദ്ദേഹം ബോണ​സി​നെ ആഘോ​ഷ​ത്തി​ന്റെ ഭാഗമാ​യാ​ണോ കാണു​ന്നത്‌? അതോ നിങ്ങളു​ടെ ജോലി​യോ​ടുള്ള വിലമ​തി​പ്പു കാണി​ക്കാൻവേണ്ടി മാത്ര​മാ​ണോ അതു തരുന്നത്‌? ഇതും ഇതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളും വിലയി​രു​ത്തി​യിട്ട്‌, ബോണസ്‌ സ്വീക​രി​ക്ക​ണോ വേണ്ടയോ എന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം.

മറ്റൊരു സാഹച​ര്യം ഇതാണ്‌: ഒരു ആഘോ​ഷ​കാ​ലത്ത്‌ ആരെങ്കി​ലും നിങ്ങൾക്ക്‌ ഒരു സമ്മാനം തന്നിട്ട്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ ഇത്‌ ആഘോ​ഷി​ക്കി​ല്ലെന്ന്‌ എനിക്ക്‌ അറിയാം. എങ്കിലും ഇത്‌ ഇരിക്കട്ടെ.” ചില​പ്പോൾ അദ്ദേഹ​ത്തി​ന്റെ നല്ല മനസ്സു​കൊണ്ട്‌ തന്നതാ​കാം. എന്നാൽ ഇതുകൂ​ടി ചിന്തി​ക്കുക: അദ്ദേഹം നിങ്ങളു​ടെ വിശ്വാ​സം പരി​ശോ​ധി​ക്കു​ന്ന​തി​നോ നിങ്ങളെ ആഘോ​ഷ​ത്തിൽ പങ്കെടു​പ്പി​ക്കു​ന്ന​തി​നോ മനഃപൂർവം ശ്രമി​ക്കു​ക​യാ​ണോ? ഇതൊക്കെ കണക്കി​ലെ​ടു​ത്ത​തി​നു ശേഷം ആ സമ്മാനം സ്വീക​രി​ക്ക​ണോ വേണ്ടയോ എന്ന കാര്യം നിങ്ങൾക്കു തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌. നമ്മുടെ എല്ലാ തീരു​മാ​ന​ങ്ങ​ളി​ലും നല്ല മനസ്സാ​ക്ഷി​യും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യും കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു.​—പ്രവൃ​ത്തി​കൾ 23:1.

അധ്യായം 13, ഖണ്ഡിക 22

 30 ബിസിനെസ്സും നിയമ​പ​ര​മായ കാര്യ​ങ്ങ​ളും

അഭിപ്രായഭിന്നതകൾ ശരിയായ വിധത്തി​ലും സമാധാ​ന​പ​ര​മാ​യും പരിഹ​രി​ച്ചാൽ മിക്ക​പ്പോ​ഴും അതു വലിയ പ്രശ്‌ന​ങ്ങ​ളാ​കില്ല. (മത്തായി 5:23-26) എല്ലാ ക്രിസ്‌ത്യാ​നി​ക​ളും യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കു​ന്ന​തി​നും സഭയുടെ ഐക്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ആയിരി​ക്കണം മുൻതൂ​ക്കം കൊടു​ക്കേ​ണ്ടത്‌.​—യോഹ​ന്നാൻ 13:34, 35; 1 കൊരി​ന്ത്യർ 13:4, 5.

ക്രിസ്‌ത്യാനികൾ തമ്മിൽ ബിസി​നെസ്സ്‌ സംബന്ധ​മായ എന്തെങ്കി​ലും അഭി​പ്രാ​യ​ഭി​ന്ന​തകൾ വന്നാൽ കോട​തി​യിൽ പോകാ​തെ അവർതന്നെ പരിഹ​രി​ക്കാൻ ശ്രമി​ക്കണം. ക്രിസ്‌ത്യാ​നി​കൾ തമ്മിലുള്ള ഒരു പ്രശ്‌ന​ത്തി​നു കോട​തി​യിൽ പോകു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നൽകിയ ഉപദേശം 1 കൊരി​ന്ത്യർ 6:1-8-ൽ കാണാം. നമ്മുടെ സഹോ​ദ​രനെ കോടതി കയറ്റു​ന്നത്‌ യഹോ​വ​യു​ടെ​യും സഭയു​ടെ​യും പേരിനെ മോശ​മാ​യി ബാധി​ക്കും. പരദൂ​ഷ​ണ​മോ വഞ്ചനയോ പോലുള്ള ഗുരു​ത​ര​മായ പ്രശ്‌ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾ പിൻപ​റ്റേണ്ട മൂന്നു പടികൾ മത്തായി 18:15-17-ൽ കൊടു​ത്തി​ട്ടുണ്ട്‌. (1) ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വർതന്നെ പ്രശ്‌നം പരിഹ​രി​ക്കാൻ ആദ്യം ശ്രമി​ക്കണം. (2) അതു നടക്കു​ന്നി​ല്ലെ​ങ്കിൽ സഭയിലെ പക്വത​യുള്ള ഒന്നോ രണ്ടോ വ്യക്തി​ക​ളു​ടെ സഹായം ചോദി​ക്കാൻ കഴിയും. (3) എന്നിട്ടും പ്രശ്‌നം തീർപ്പാ​കു​ന്നി​ല്ലെ​ങ്കിൽ, വേണ​മെ​ങ്കിൽ സഭയിലെ മൂപ്പന്മാ​രു​ടെ സംഘ​ത്തോട്‌ അതു കൈകാ​ര്യം ചെയ്യാൻ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. സാഹച​ര്യം അത്ര​ത്തോ​ള​മാ​യെ​ങ്കിൽ, സമാധാ​ന​പ​ര​മായ ഒരു ഒത്തുതീർപ്പിൽ എത്തുന്ന​തി​നു​വേണ്ടി അവരെ സഹായി​ക്കാൻ മൂപ്പന്മാർ ബൈബിൾത​ത്ത്വ​ങ്ങൾ ഉപയോ​ഗി​ക്കും. എന്നാൽ ഈ കേസിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ആരെങ്കി​ലും ബൈബിൾനി​ല​വാ​രങ്ങൾ പിൻപ​റ്റാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ മൂപ്പന്മാർക്ക്‌ അദ്ദേഹ​ത്തിന്‌ എതിരെ നീതി​ന്യാ​യ നടപടി​കൾ എടു​ക്കേ​ണ്ടി​വ​ന്നേ​ക്കും.

കോടതിയിൽ പോയി തീർക്കേണ്ട കേസു​ക​ളും ഉണ്ടാകാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​മോ​ചനം, കുട്ടി​ക​ളു​ടെ സംരക്ഷ​ണാ​വ​കാ​ശം, ജീവനാം​ശം, ഇൻഷ്വ​റൻസ്‌ തുക, പാപ്പരത്തം, വിൽപ്പ​ത്രം എന്നിവ ഉൾപ്പെ​ടുന്ന കേസുകൾ. ഒരു ക്രിസ്‌ത്യാ​നി, ഇത്തരം കേസുകൾ സമാധാ​ന​പ​ര​മാ​യി ഒത്തുതീർപ്പാ​ക്കാൻ നിയമ​സ​ഹാ​യം തേടു​ന്നെ​ങ്കിൽ പൗലോ​സി​ന്റെ ഉപദേശം ലംഘി​ക്കു​കയല്ല.

ബലാത്സംഗം, കുട്ടി​ക​ളോ​ടുള്ള ദുഷ്‌പെ​രു​മാ​റ്റം, ആക്രമണം, കവർച്ച, കൊല​പാ​തകം തുടങ്ങി​യ​വ​പോ​ലുള്ള ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ങ്ങൾ ഒരു ക്രിസ്‌ത്യാ​നി അധികാ​രി​കളെ അറിയി​ച്ചാൽ അതു പൗലോസ്‌ നൽകിയ ഉപദേ​ശ​ത്തി​ന്റെ ലംഘന​മാ​കു​ന്നില്ല.

അധ്യായം 14, ഖണ്ഡിക 14

 31 സാത്താന്റെ തന്ത്രങ്ങൾ

ഏദെൻ തോട്ടം മുതൽ സാത്താൻ ആളുകളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (ഉൽപത്തി 3:1-6; വെളി​പാട്‌ 12:9) നമ്മുടെ ചിന്തയെ വികല​മാ​ക്കാൻ പറ്റിയാൽ നമ്മളെ​ക്കൊണ്ട്‌ ചീത്ത കാര്യങ്ങൾ ചെയ്യി​ക്കാൻ പറ്റു​മെന്നു സാത്താന്‌ അറിയാം. (2 കൊരി​ന്ത്യർ 4:4; യാക്കോബ്‌ 1:14, 15) തന്റെ ചിന്താ​ഗതി പ്രചരി​പ്പി​ക്കു​ന്ന​തി​നും അതു സ്വീകാ​ര്യ​മാ​യി തോന്നി​പ്പി​ക്കു​ന്ന​തി​നും സാത്താൻ രാഷ്‌ട്രീ​യ​വും മതവും വാണി​ജ്യ​വും വിനോ​ദ​വും വിദ്യാ​ഭ്യാ​സ​വും ഉപയോ​ഗി​ക്കു​ന്നു.​—യോഹ​ന്നാൻ 14:30; 1 യോഹ​ന്നാൻ 5:19.

ആളുകളെ വഴി​തെ​റ്റി​ക്കാൻ ഇനി കുറച്ച്‌ സമയമേ ഉള്ളൂ എന്നു സാത്താന്‌ അറിയാം. അതു​കൊണ്ട്‌ കഴിയു​ന്നത്ര ആളുകളെ വഴി​തെ​റ്റി​ക്കാൻ കഴിയു​ന്ന​തെ​ല്ലാം സാത്താൻ ചെയ്യു​ക​യാണ്‌. യഹോ​വയെ സേവി​ക്കു​ന്ന​വ​രെ​യാ​ണു സാത്താൻ പ്രത്യേ​കം ലക്ഷ്യമി​ട്ടി​രി​ക്കു​ന്നത്‌. (വെളി​പാട്‌ 12:12) ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ സാത്താൻ നമ്മുടെ ചിന്തയെ പതി​യെ​പ്പ​തി​യെ വികല​മാ​ക്കി​യേ​ക്കാം. (1 കൊരി​ന്ത്യർ 10:12) ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹ​ബന്ധം നിലനിൽക്കുന്ന ഒന്നായി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (മത്തായി 19:5, 6, 9) പക്ഷേ ഇന്നു പലരും, എപ്പോൾ വേണ​മെ​ങ്കി​ലും ലംഘി​ക്കാ​വുന്ന ഒരു കരാറാ​യി മാത്ര​മാ​ണു വിവാ​ഹത്തെ കാണു​ന്നത്‌. പല സിനി​മ​ക​ളും ടിവി പരിപാ​ടി​ക​ളും ഈ ആശയത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വീക്ഷണം നമ്മളെ സ്വാധീ​നി​ക്കു​ന്നി​ല്ലെന്നു നമ്മൾ ഉറപ്പു​വ​രു​ത്തണം.

സാത്താൻ നമ്മളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കുന്ന മറ്റൊരു വിധം സ്വത​ന്ത്ര​ചി​ന്താ​ഗതി പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:4) സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ, യഹോവ അധികാ​ര​ത്തിൽ വെച്ചി​രി​ക്കു​ന്ന​വ​രോട്‌ ആദരവ്‌ കാണി​ക്കാത്ത സ്വഭാ​വ​രീ​തി നമ്മളിൽ വളർന്നു​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദരൻ മൂപ്പന്മാ​രു​ടെ നിർദേ​ശ​ങ്ങ​ളോ​ടു മറുത്തു​നിൽക്കാൻ തുടങ്ങി​യേ​ക്കാം. (എബ്രായർ 12:5) അല്ലെങ്കിൽ ഒരു സഹോ​ദരി കുടും​ബ​ത്തി​ലെ യഹോ​വ​യു​ടെ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണത്തെ ചോദ്യം ചെയ്യാൻ തുടങ്ങി​യേ​ക്കാം.​—1 കൊരി​ന്ത്യർ 11:3.

നമ്മുടെ ചിന്തയെ സ്വാധീ​നി​ക്കാൻ പിശാ​ചി​നെ അനുവ​ദി​ക്കി​ല്ലെന്നു നമ്മൾ ഉറച്ച തീരു​മാ​നം എടുക്കണം. യഹോ​വയെ അനുക​രി​ക്കാ​നും ‘ഉന്നതങ്ങ​ളി​ലു​ള്ള​വ​യിൽ മനസ്സു​റ​പ്പി​ക്കാ​നും’ ആണ്‌ നമ്മുടെ ആഗ്രഹം.​—കൊ​ലോ​സ്യർ 3:2; 2 കൊരി​ന്ത്യർ 2:11.

അധ്യായം 16, ഖണ്ഡിക 9

 32 ചികിത്സ

നമ്മളെല്ലാവരും ആരോ​ഗ്യ​ത്തോ​ടി​രി​ക്കാ​നും അസുഖം വന്നാൽ നല്ല ചികിത്സ ലഭിക്കാ​നും ആണ്‌ ആഗ്രഹി​ക്കു​ന്നത്‌. (യശയ്യ 38:21; മർക്കോസ്‌ 5:25, 26; ലൂക്കോസ്‌ 10:34) ഇന്നു ധാരാളം ചികി​ത്സ​ക​ളും വൈദ്യ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും നിലവി​ലുണ്ട്‌. ഏതു ചികിത്സ സ്വീക​രി​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോൾ നമ്മൾ ബൈബിൾത​ത്ത്വ​ങ്ങൾ പിൻപ​റ്റേ​ണ്ടതു പ്രധാ​ന​മാണ്‌. നമ്മളെ എന്നേക്കു​മാ​യി സുഖ​പ്പെ​ടു​ത്താൻ ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ കഴിയൂ എന്ന കാര്യം നമ്മൾ മറക്കു​ന്നില്ല. ആരാധ​നയെ പിന്നി​ലാ​ക്കുന്ന വിധത്തിൽ ആരോ​ഗ്യ​ത്തി​നു ശ്രദ്ധ കൊടു​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല.​—യശയ്യ 33:24; 1 തിമൊ​ഥെ​യൊസ്‌ 4:16.

ഭൂതശക്തി ഉൾപ്പെ​ട്ടി​ട്ടു​ണ്ടെന്നു തോന്നുന്ന ഏതൊരു ചികി​ത്സ​യും നമ്മൾ ശ്രദ്ധാ​പൂർവം ഒഴിവാ​ക്കണം. (ആവർത്തനം 18:10-12; യശയ്യ 1:13) ഏതൊരു ചികി​ത്സ​യും മരുന്നും സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌, അതിന്റെ പിന്നി​ലു​ള്ളത്‌ എന്താ​ണെ​ന്നും അത്‌ എങ്ങനെ​യുള്ള ചിന്താ​ഗ​തി​യാ​ണു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും കണ്ടെത്താൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യണം. (സുഭാ​ഷി​തങ്ങൾ 14:15) നമ്മളെ കബളി​പ്പി​ച്ചു​കൊണ്ട്‌ ഭൂതവി​ദ്യ​യിൽ ഉൾപ്പെ​ടു​ത്താൻ സാത്താൻ ആഗ്രഹി​ക്കു​ന്നെന്ന കാര്യം നമ്മൾ മറക്കരുത്‌. ഏതെങ്കി​ലും ഒരു ചികി​ത്സ​യ്‌ക്കു ഭൂതവി​ദ്യ​യു​മാ​യി ബന്ധമു​ണ്ടെന്നു സംശയം തോന്നി​യാൽ അത്‌ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലത്‌.​—1 പത്രോസ്‌ 5:8.

അധ്യായം 16, ഖണ്ഡിക 18

^ ചില ഡോക്ടർമാർ രക്തത്തിന്റെ നാലു പ്രാഥ​മി​ക​ഘ​ട​ക​ങ്ങളെ ഘടകാം​ശ​ങ്ങ​ളാ​യി കാണുന്നു. അതു​കൊ​ണ്ടു​തന്നെ നിങ്ങളു​ടെ വ്യക്തി​പ​ര​മായ തീരു​മാ​നം, അതായത്‌, രക്തം അതേപ​ടി​യോ അല്ലെങ്കിൽ രക്തത്തിന്റെ നാലു പ്രാഥ​മി​ക​ഘ​ട​ക​ങ്ങ​ളായ അരുണ​ര​ക്താ​ണു​ക്കൾ, ശ്വേത​ര​ക്താ​ണു​ക്കൾ, പ്ലേറ്റ്‌ലെ​റ്റു​കൾ, പ്ലാസ്‌മ എന്നിവ​യോ ശരീര​ത്തി​ലേക്കു കയറ്റാൻ അനുവ​ദി​ക്കി​ല്ലെന്ന കാര്യം ഡോക്ടർമാ​രോ​ടു വിശദീ​ക​രി​ക്കേണ്ടി വന്നേക്കാം.