വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

യഹോ​വ​യെ​യും ദൈവ​വ​ച​ന​മായ ബൈബി​ളി​നെ​യും സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌:

“നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും” എന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 8:32) ബൈബിളിൽനിന്ന്‌ സത്യം മനസ്സി​ലാ​ക്കി​യ​പ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നിയതെന്നു ചിന്തിക്കൂ! നുണകൾ നിറഞ്ഞ ഒരു ലോകത്ത്‌ സത്യം പഠിക്കാ​നാ​കും എന്ന്‌ അറിഞ്ഞത്‌ ആവേശ​മു​ണർത്തുന്ന ഒരു അനുഭ​വ​മാ​യി​രു​ന്നു.​—2 തിമൊ​ഥെ​യൊസ്‌ 3:1.

നമ്മൾ സത്യം അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. ആളുകളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ അതി​നെ​ക്കു​റിച്ച്‌ അവരോ​ടു പറയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. പക്ഷേ ദൈവത്തെ സേവി​ക്കു​ന്ന​തിൽ ഇതു മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. യഹോ​വ​യു​ടെ തത്ത്വങ്ങ​ളോട്‌ ആഴമായ ആദരവു​ള്ള​തു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാൻ പരമാ​വധി നമ്മൾ ശ്രമി​ക്കണം. ദൈവ​ത്തോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു തെളി​യി​ക്കാ​നാ​കുന്ന ഒരു പ്രധാ​ന​വി​ധ​ത്തെ​ക്കു​റിച്ച്‌ യേശു വിശദീ​ക​രി​ച്ചു. യേശു പറഞ്ഞു: “ഞാൻ പിതാ​വി​ന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കു​ന്നു. അതു​പോ​ലെ, നിങ്ങളും എന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കും.”​—യോഹ​ന്നാൻ 15:10.

യേശു​വി​നു പിതാ​വി​നോട്‌ യഥാർഥസ്‌നേ​ഹ​മുണ്ട്‌. പിതാവ്‌ പറയു​ന്ന​തെ​ല്ലാം യേശു ചെയ്യു​ന്നു​മുണ്ട്‌. നമ്മൾ യേശു​വി​നെ അനുക​രി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമുക്ക്‌ യഥാർഥ​സ​ന്തോ​ഷം ലഭിക്കു​ക​യും ചെയ്യും. യേശു പറഞ്ഞതു​പോ​ലെ, “ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.”​—യോഹ​ന്നാൻ 13:17.

ബൈബിൾസ​ത്യ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ പഠിക്കാ​നും ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​ത്തീ​രാ​നും ഈ പുസ്‌തകം നിങ്ങളെ സഹായി​ക്കു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. ദൈവ​ത്തോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം വളർന്നു​വ​ര​ണ​മെ​ന്നും നിങ്ങൾ ‘നിത്യ​ജീ​വന്റെ പ്രത്യാ​ശ​യോ​ടെ ദൈവസ്‌നേ​ഹ​ത്തിൽ നിലനിൽക്ക​ണ​മെ​ന്നും’ ആണ്‌ ഞങ്ങളുടെ പ്രാർഥന.​—യൂദ 20, 21.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം