വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 7

ദൈവ​ത്തെ​പ്പോ​ലെ നിങ്ങളും ജീവനെ മൂല്യ​വ​ത്താ​യി കാണുന്നുണ്ടോ?

ദൈവ​ത്തെ​പ്പോ​ലെ നിങ്ങളും ജീവനെ മൂല്യ​വ​ത്താ​യി കാണുന്നുണ്ടോ?

“ജീവന്റെ ഉറവ്‌ അങ്ങാണ​ല്ലോ.”​—സങ്കീർത്തനം 36:9

1, 2. യഹോവ നമുക്ക്‌ അമൂല്യ​മായ ഏതു സമ്മാന​മാണ്‌ തന്നിരി​ക്കു​ന്നത്‌?

 യഹോവ നമുക്ക്‌ എല്ലാവർക്കും ഒരു അമൂല്യ​മായ സമ്മാനം തന്നിട്ടുണ്ട്‌. ജീവൻ എന്ന സമ്മാനം. (ഉൽപത്തി 1:27) നമ്മൾ ഏറ്റവും നല്ല രീതി​യിൽ ജീവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ നമ്മളെ പഠിപ്പി​ക്കുന്ന തത്ത്വങ്ങൾ യഹോവ തന്നിട്ടുണ്ട്‌. ‘ശരിയും തെറ്റും വേർതി​രി​ച്ച​റി​യാൻ’ നമ്മളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ ഈ തത്ത്വങ്ങൾ ഉപയോ​ഗി​ക്കണം. (എബ്രായർ 5:14) അങ്ങനെ ചെയ്യു​മ്പോൾ നന്നായി ചിന്തി​ക്കു​ന്ന​തി​നുള്ള പരിശീ​ലനം തരാൻ നമ്മൾ യഹോ​വയെ അനുവ​ദി​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ തത്ത്വങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​മ്പോൾ നമ്മുടെ ജീവിതം മെച്ച​പ്പെ​ടും. അപ്പോൾ ആ തത്ത്വങ്ങൾ എത്ര നല്ലതാ​ണെന്നു നമുക്കു മനസ്സി​ലാ​കും.

2 ജീവിതം ചില​പ്പോൾ അതിസ​ങ്കീർണ​മാ​യി പോ​യേ​ക്കാം. ചില സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യണ​മെന്നു പറയുന്ന കൃത്യ​മായ നിയമങ്ങൾ ബൈബി​ളിൽ കണ്ടെന്നു​വ​രില്ല. ഉദാഹ​ര​ണ​ത്തിന്‌, രക്തത്തിന്റെ ഉപയോ​ഗം വരുന്ന ഒരു ചികി​ത്സ​യു​ടെ കാര്യ​ത്തിൽ നമുക്കു തീരു​മാ​നം എടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അപ്പോൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന ഒരു തീരു​മാ​നം എങ്ങനെ എടുക്കാം? യഹോവ ജീവ​നെ​യും രക്തത്തെ​യും എങ്ങനെ കാണുന്നു എന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌. നമ്മൾ ഈ തത്ത്വങ്ങൾ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും നല്ല മനസ്സാക്ഷി നിലനി​റു​ത്താ​നും കഴിയും. (സുഭാ​ഷി​തങ്ങൾ 2:6-11) ആ തത്ത്വങ്ങ​ളിൽ ചിലതു നമുക്കു നോക്കാം.

ദൈവം രക്തത്തെ​യും ജീവ​നെ​യും എങ്ങനെ കാണുന്നു?

3, 4. (എ) രക്തത്തെ​ക്കു​റി​ച്ചുള്ള വീക്ഷണം ദൈവം വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ബി) രക്തം എന്തിനെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു?

3 രക്തം പവി​ത്ര​മാ​ണെ​ന്നാ​ണു ബൈബിൾ പഠിപ്പി​ക്കു​ന്നത്‌. കാരണം അത്‌ ജീവനെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു. ജീവൻ യഹോ​വയ്‌ക്കു വില​പ്പെ​ട്ട​താണ്‌. കയീൻ അനിയ​നായ ഹാബേ​ലി​നെ കൊന്ന​പ്പോൾ യഹോവ പറഞ്ഞു: “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തു​നിന്ന്‌ എന്നോടു നിലവി​ളി​ക്കു​ന്നു.” (ഉൽപത്തി 4:10) ആ രക്തം ഹാബേ​ലി​ന്റെ ജീവനെ പ്രതി​നി​ധാ​നം ചെയ്‌തു. കയീൻ ഹാബേ​ലി​നെ കൊന്ന​പ്പോൾ കയീൻ ഹാബേ​ലി​ന്റെ ജീവൻ എടു​ത്തെന്നു പറയാം.

4 നോഹ​യു​ടെ കാലത്തെ പ്രളയ​ത്തി​നു ശേഷം മാംസം കഴിക്കാ​നുള്ള അനുവാ​ദം ദൈവം മനുഷ്യർക്കു നൽകി. എന്നാൽ ഒരു കാര്യം എടുത്തു​പ​റഞ്ഞു: “അവയുടെ പ്രാണ​നായ രക്തത്തോ​ടു​കൂ​ടെ നിങ്ങൾ മാംസം തിന്നരുത്‌.” (ഉൽപത്തി 9:4) നമ്മൾ ഉൾപ്പെ​ടെ​യുള്ള നോഹ​യു​ടെ പിൻത​ല​മു​റ​ക്കാർക്കെ​ല്ലാം ഈ കല്‌പന ബാധക​മാണ്‌. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ രക്തം ജീവനെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു. നമ്മുടെ വീക്ഷണ​വും ഇതായി​രി​ക്കണം.​—സങ്കീർത്തനം 36:9.

5, 6. ജീവ​നെ​യും രക്തത്തെ​യും കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം മോശ​യു​ടെ നിയമ​ത്തിൽനിന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

5 യഹോവ മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ ഇങ്ങനെ പറയുന്നു: “ഒരു ഇസ്രാ​യേൽഗൃ​ഹ​ക്കാ​ര​നോ നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന ഒരു അന്യ​ദേ​ശ​ക്കാ​ര​നോ ഏതെങ്കി​ലും തരം രക്തം കഴിക്കു​ന്നെ​ങ്കിൽ ഞാൻ അവന്‌ എതിരെ തിരി​യും. പിന്നെ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല. കാരണം ഏതൊരു ജീവി​യു​ടെ​യും പ്രാണൻ രക്തത്തി​ലാണ്‌.”​—ലേവ്യ 17:10, 11.

6 ആരെങ്കി​ലും ആഹാര​ത്തി​നു​വേണ്ടി ഒരു മൃഗത്തെ കൊന്നാൽ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ചു​ക​ള​യ​ണ​മെന്നു മോശ​യു​ടെ നിയമം പറയുന്നു. അങ്ങനെ ചെയ്യു​ന്നത്‌ ആ മൃഗത്തി​ന്റെ ജീവൻ അതിന്റെ സ്രഷ്ടാ​വായ യഹോ​വയ്‌ക്കു തിരി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നെ സൂചി​പ്പി​ച്ചു. (ആവർത്തനം 12:16; യഹസ്‌കേൽ 18:4) മൃഗത്തി​ന്റെ രക്തം കളയു​ന്ന​തി​നു​വേണ്ടി ഇസ്രാ​യേ​ല്യർ പ്രാ​യോ​ഗി​ക​മാ​യി ചെയ്യാൻ കഴിയു​ന്ന​തൊ​ക്കെ ചെയ്യാനേ യഹോവ പ്രതീ​ക്ഷി​ച്ചു​ള്ളൂ. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ അവർക്ക്‌ ശുദ്ധമായ മനസ്സാ​ക്ഷി​യോ​ടെ അതു കഴിക്കാ​മാ​യി​രു​ന്നു. മൃഗത്തി​ന്റെ രക്തത്തോട്‌ ആദരവ്‌ കാണി​ക്കു​മ്പോൾ, ജീവൻ നൽകിയ യഹോ​വയെ അവർ ആദരി​ക്കു​ന്നെന്നു കാണിച്ചു. പാപങ്ങൾ മറയ്‌ക്കു​ന്ന​തി​നു മൃഗബ​ലി​കൾ അർപ്പി​ക്കാ​നും നിയമം ഇസ്രാ​യേ​ല്യ​രോ​ടു കല്‌പി​ച്ചി​രു​ന്നു.​—പിൻകു​റിപ്പ്‌ 19, 20 കാണുക.

7. ദാവീദ്‌ രക്തത്തോട്‌ ആദരവ്‌ കാണി​ച്ചത്‌ എങ്ങനെ?

7 ഫെലിസ്‌ത്യ​രു​മാ​യി പോരാ​ടിയ സമയത്ത്‌, ദാവീദ്‌ ചെയ്‌ത ഒരു കാര്യ​ത്തിൽനിന്ന്‌ രക്തത്തിന്റെ മൂല്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാം. ദാവീ​ദി​നു നല്ല ദാഹമു​ണ്ടെന്നു കൂടെ​യു​ള്ള​വർക്കു മനസ്സി​ലാ​യ​പ്പോൾ അവർ ജീവൻ പണയ​പ്പെ​ടു​ത്തി ശത്രു​ദേ​ശത്തു ചെന്ന്‌ വെള്ളം കൊണ്ടു​വന്നു. എന്നാൽ ദാവീ​ദിന്‌ അതു കൊടു​ത്ത​പ്പോൾ അദ്ദേഹം അതു കുടി​ക്കാ​തെ “യഹോ​വ​യു​ടെ സന്നിധി​യിൽ നിലത്ത്‌ ഒഴിച്ചു.” ദാവീദ്‌ പറഞ്ഞു: “ഇതു കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല. സ്വന്തം ജീവൻ പണയം​വെച്ച്‌ പോയ ഈ പുരു​ഷ​ന്മാ​രു​ടെ രക്തം ഞാൻ കുടി​ക്കാ​നോ!” ദൈവ​ത്തി​നു ജീവനും രക്തവും എത്ര വില​പ്പെ​ട്ട​താ​ണെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു.​—2 ശമുവേൽ 23:15-17.

8, 9. ക്രിസ്‌ത്യാ​നി​കൾ ഇന്നു രക്തത്തെ എങ്ങനെ വീക്ഷി​ക്കണം?

8 ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ തുടക്കം​മു​തൽ ദൈവ​ജനം മൃഗബ​ലി​കൾ അർപ്പി​ക്കേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. എങ്കിലും അപ്പോ​ഴും അവർക്കു രക്തത്തെ​ക്കു​റിച്ച്‌ ശരിയായ വീക്ഷണം വേണമാ​യി​രു​ന്നു. മോശ​യു​ടെ നിയമ​ത്തിൽനിന്ന്‌ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ക്കാൻ യഹോവ ആവശ്യ​പ്പെട്ട ചില കാര്യ​ങ്ങ​ളിൽ ഒന്നായി​രു​ന്നു “രക്തം . . . ഒഴിവാ​ക്കുക” എന്നത്‌. അധാർമി​ക​ത​യും വിഗ്ര​ഹാ​രാ​ധ​ന​യും ഒഴിവാ​ക്കു​ന്ന​തു​പോ​ലെ അത്ര പ്രധാ​ന​മാ​യി​രു​ന്നു ഇതും.​—പ്രവൃ​ത്തി​കൾ 15:28, 29.

രക്തത്തിന്റെ ഘടകാം​ശ​ങ്ങ​ളു​ടെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചുള്ള എന്റെ തീരു​മാ​നം ഞാൻ എങ്ങനെ വിശദീ​ക​രി​ക്കും

9 ഇന്നും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. യഹോ​വ​യാ​ണു ജീവന്റെ ഉറവെ​ന്നും ജീവനു​ള്ള​തെ​ല്ലാം യഹോ​വയ്‌ക്കു​ള്ള​താ​ണെ​ന്നും ക്രിസ്‌ത്യാ​നി​ക​ളായ നമുക്ക്‌ അറിയാം. കൂടാതെ, രക്തം പവി​ത്ര​മാ​ണെ​ന്നും അതു ജീവനെ പ്രതി​നി​ധാ​നം ചെയ്യു​ന്നെ​ന്നും നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ രക്തം ഉൾപ്പെ​ടുന്ന ഏതെങ്കി​ലും ചികി​ത്സാ​രീ​തി​യെ​ക്കു​റിച്ച്‌ തീരു​മാ​നം എടു​ക്കേ​ണ്ടി​വ​രു​മ്പോൾ ബൈബിൾത​ത്ത്വ​ങ്ങൾ കണക്കി​ലെ​ടു​ക്കു​ന്നു​ണ്ടെന്നു നമ്മൾ ഉറപ്പു​വ​രു​ത്തണം.

ചികി​ത്സ​യിൽ രക്തത്തിന്റെ ഉപയോ​ഗം

10, 11. (എ) രക്തമോ അതിന്റെ നാലു പ്രധാ​ന​ഘ​ട​ക​ങ്ങ​ളോ സ്വീക​രി​ക്കു​ന്ന​തി​നെ യഹോ​വ​യു​ടെ സാക്ഷികൾ എങ്ങനെ വീക്ഷി​ക്കു​ന്നു? (ബി) ഓരോ ക്രിസ്‌ത്യാ​നി​യും സ്വന്തമാ​യി എന്തു തീരു​മാ​നങ്ങൾ നടത്തണം?

10 “രക്തം . . . ഒഴിവാ​ക്കുക” എന്നു പറയു​മ്പോൾ അത്‌ കഴിക്കാ​തി​രി​ക്കു​ന്ന​തോ കുടി​ക്കാ​തി​രി​ക്കു​ന്ന​തോ മാത്രമല്ല ഉൾപ്പെ​ടു​ന്ന​തെന്നു യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അറിയാം. രക്തം ദാനം ചെയ്യാ​തി​രി​ക്കു​ന്ന​തും സ്വീക​രി​ക്കാ​തി​രി​ക്കു​ന്ന​തും പിന്നീട്‌ ശരീര​ത്തി​ലേക്കു കയറ്റു​ന്ന​തി​നു​വേണ്ടി സ്വന്തം രക്തം സൂക്ഷി​ച്ചു​വെ​ക്കാ​തി​രി​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. രക്തത്തിന്റെ ഘടകങ്ങ​ളായ അരുണ​ര​ക്താ​ണു​ക്കൾ, ശ്വേത​ര​ക്താ​ണു​ക്കൾ, പ്ലേറ്റ്‌ലെ​റ്റു​കൾ, പ്ലാസ്‌മ എന്നിവ സ്വീക​രി​ക്കാ​തി​രി​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.

11 രക്തത്തിന്റെ ഈ നാലു പ്രധാ​ന​ഘ​ട​ക​ങ്ങളെ വിഭജിച്ച്‌ ചെറിയ ഘടകങ്ങ​ളാ​ക്കാം. ഇതിനെ രക്തത്തിന്റെ ഘടകാം​ശങ്ങൾ എന്നാണു വിളി​ക്കു​ന്നത്‌. ഇവ സ്വീക​രി​ക്ക​ണോ വേണ്ടയോ എന്ന്‌ ഓരോ ക്രിസ്‌ത്യാ​നി​യും തീരു​മാ​നി​ക്കണം. സ്വന്തം രക്തം ഉപയോ​ഗി​ച്ചുള്ള ചില ചികി​ത്സാ​രീ​തി​ക​ളു​ടെ കാര്യ​ത്തി​ലും (രക്തം മുന്നമേ സൂക്ഷിച്ച്‌ വെക്കാ​ത്തി​ട​ത്തോ​ളം) ഓരോ വ്യക്തി​യു​മാണ്‌ തീരു​മാ​നം എടു​ക്കേ​ണ്ടത്‌. ശസ്‌ത്ര​ക്രി​യ​യു​ടെ ഭാഗമാ​യോ വൈദ്യ​പ​രി​ശോ​ധ​ന​യി​ലോ അല്ലെങ്കിൽ പ്രചാ​ര​ത്തി​ലുള്ള ചികി​ത്സാ​രീ​തി​യു​ടെ ഭാഗമാ​യോ സ്വന്തം രക്തം ഉപയോ​ഗി​ക്കേ​ണ്ടി​വ​രുന്ന സാഹച​ര്യ​ങ്ങൾ ഇതിന്‌ ഉദാഹ​ര​ണ​മാണ്‌.​—പിൻകു​റിപ്പ്‌ 21 കാണുക.

12. (എ) മനസ്സാ​ക്ഷി​പൂർവം നമ്മൾ എടുക്കുന്ന തീരു​മാ​ന​ത്തിൽ യഹോ​വയ്‌ക്കു താത്‌പ​ര്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌? (ബി) ചികി​ത്സ​യു​ടെ കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ ജ്ഞാനപൂർവം തീരു​മാ​നങ്ങൾ എടുക്കാം?

12 മനസ്സാ​ക്ഷി​ക്കു വിട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളി​ലുള്ള നമ്മുടെ തീരു​മാ​നത്തെ യഹോവ ശ്രദ്ധി​ക്കു​ന്നു​ണ്ടോ? ഉണ്ട്‌. നമ്മുടെ ചിന്തക​ളി​ലും ഉദ്ദേശ്യ​ങ്ങ​ളി​ലും യഹോ​വയ്‌ക്കു താത്‌പ​ര്യ​മുണ്ട്‌. (സുഭാ​ഷി​തങ്ങൾ 17:3; 24:12 വായി​ക്കുക.) അതു​കൊണ്ട്‌ ചികി​ത്സ​യു​ടെ കാര്യ​ത്തിൽ തീരു​മാ​നം എടുക്കു​മ്പോൾ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യും ആ ചികി​ത്സ​യെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും വേണം. എന്നിട്ട്‌ ബൈബിൾപ​രി​ശീ​ലിത മനസ്സാ​ക്ഷി​യു​ടെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നം എടുക്കണം. ‘എന്റെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്‌തേനേ’ എന്നു മറ്റുള്ള​വ​രോ​ടു നമ്മൾ ചോദി​ക്ക​രുത്‌. നമ്മുടെ തീരു​മാ​നത്തെ സ്വാധീ​നി​ക്കാൻ മറ്റുള്ള​വരെ അനുവ​ദി​ക്കാ​നും പാടില്ല. ഓരോ ക്രിസ്‌ത്യാ​നി​യും “സ്വന്തം ചുമടു ചുമക്ക​ണ​മ​ല്ലോ.”​—ഗലാത്യർ 6:5; റോമർ 14:12.

യഹോ​വ​യു​ടെ നിയമങ്ങളിൽ നമ്മളോടുള്ള സ്‌നേഹം കാണാം

13. രക്തത്തെ​ക്കു​റി​ച്ചുള്ള നിയമ​ങ്ങ​ളിൽനി​ന്നും തത്ത്വങ്ങ​ളിൽനി​ന്നും യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാം?

13 യഹോവ നമ്മളോ​ടു ചെയ്യാൻ പറയു​ന്ന​തെ​ന്തും യഹോ​വയ്‌ക്കു നമ്മളോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യും ആണ്‌. (സങ്കീർത്തനം 19:7-11) എന്നാൽ നമുക്കു പ്രയോ​ജനം ചെയ്യു​ന്ന​തു​കൊ​ണ്ടു മാത്രമല്ല നമ്മൾ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നത്‌. യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണു നമ്മൾ അനുസ​രി​ക്കു​ന്നത്‌. യഹോ​വ​യോ​ടുള്ള സ്‌നേഹം രക്തപ്പകർച്ച ഒഴിവാ​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 15:20) അതു നമ്മുടെ ആരോ​ഗ്യ​ത്തെ​യും സംരക്ഷി​ക്കു​ന്നു. രക്തം സ്വീക​രി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ഇന്നു മിക്കവർക്കും അറിയാം. രക്തം ഉപയോ​ഗി​ക്കാ​തെ ശസ്‌ത്ര​ക്രിയ നടത്തു​ന്ന​താ​ണു രോഗി​യു​ടെ ആരോ​ഗ്യ​ത്തി​നു നല്ലതെന്നു പല ഡോക്ടർമാ​രും വിശ്വ​സി​ക്കു​ന്നു. ചുരു​ക്ക​ത്തിൽ, യഹോവ പറയു​ന്നത്‌ അനുസ​രി​ക്കു​ന്ന​താണ്‌ ജ്ഞാനം. യഹോ​വയ്‌ക്കു നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ തെളി​വാണ്‌ ഇത്തരം കല്‌പ​ന​ക​ളെന്നു വ്യക്തം.​—യശയ്യ 55:9 വായി​ക്കുക; യോഹ​ന്നാൻ 14:21, 23.

14, 15. (എ) തന്റെ ജനത്തെ സംരക്ഷി​ക്കു​ന്ന​തിന്‌ യഹോവ ഏതൊക്കെ നിയമങ്ങൾ കൊടു​ത്തു? (ബി) ആ നിയമ​ങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ബാധക​മാ​ക്കാം?

14 ദൈവ​ത്തി​ന്റെ നിയമങ്ങൾ എല്ലാ കാലത്തും ദൈവ​ജ​ന​ത്തി​ന്റെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. ഗുരു​ത​ര​മായ അപകട​ങ്ങ​ളിൽനി​ന്നുള്ള സംരക്ഷ​ണ​ത്തി​നാ​യി യഹോവ പണ്ട്‌ ഇസ്രാ​യേ​ല്യർക്കു നിയമങ്ങൾ കൊടു​ത്തി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വീടിന്റെ മുകളിൽനിന്ന്‌ ആരും താഴേക്കു വീഴാ​തി​രി​ക്കാൻ വീടിനു കൈമ​തിൽ പണിയ​ണ​മെന്ന നിയമ​മു​ണ്ടാ​യി​രു​ന്നു. (ആവർത്തനം 22:8) മറ്റൊരു നിയമം മൃഗങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താണ്‌. ഒരാൾക്ക്‌ കുത്തുന്ന ഒരു കാളയു​ണ്ടെ​ങ്കിൽ, അത്‌ ആളുകളെ ആക്രമി​ക്കാ​തെ​യും കൊല്ലാ​തെ​യും നോക്കു​ന്ന​തി​നുള്ള ഉത്തരവാ​ദി​ത്വം അയാൾക്കാണ്‌. (പുറപ്പാട്‌ 21:28, 29) ഒരു ഇസ്രാ​യേ​ല്യൻ ഈ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌ ഒരാൾ മരിച്ചു​പോ​യാൽ അതിന്റെ കുറ്റക്കാ​രൻ അയാളാ​യി​രി​ക്കും.

15 ഈ നിയമ​ങ്ങ​ളിൽനിന്ന്‌, ജീവൻ യഹോ​വയ്‌ക്കു വില​പ്പെ​ട്ട​താ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാം. ഇത്‌ അറിയു​ന്നതു നമ്മളെ എങ്ങനെ സ്വാധീ​നി​ക്കും? നമ്മുടെ വീടും വണ്ടിയും പരിപാ​ലി​ക്കുന്ന വിധം, നമ്മൾ വണ്ടി ഓടി​ക്കുന്ന വിധം, വിനോ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുന്ന വിധം ഇക്കാര്യ​ങ്ങ​ളി​ലെ​ല്ലാം നമുക്ക്‌ ജീവ​നോട്‌ ആദരവു​ണ്ടെന്നു നമ്മൾ കാണി​ക്കും. ചിലർ, പ്രത്യേ​കിച്ച്‌ ചെറു​പ്പ​ക്കാർ, കുഴപ്പ​മൊ​ന്നും വരി​ല്ലെന്നു വിചാ​രിച്ച്‌ സാഹസം കാണി​ക്കാൻ മുതി​രു​ക​യും സാധ്യ​ത​യുള്ള അപകട​ങ്ങൾക്കു നേരെ കണ്ണടയ്‌ക്കു​ക​യും ചെയ്യുന്നു. പക്ഷേ നമ്മൾ അങ്ങനെ​യാ​യി​രി​ക്കാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. എല്ലാ ജീവനും—നമ്മു​ടേ​തും മറ്റുള്ള​വ​രു​ടേ​തും—വില​പ്പെ​ട്ട​താ​യി നമ്മൾ കാണാൻ യഹോവ ആഗ്രഹി​ക്കു​ന്നു.​—സഭാ​പ്ര​സം​ഗകൻ 11:9, 10.

16. ഗർഭച്ഛി​ദ്രത്തെ യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

16 എല്ലാവ​രു​ടെ​യും ജീവൻ യഹോ​വയ്‌ക്കു പ്രധാ​ന​മാണ്‌. ഒരു ഗർഭസ്ഥ​ശി​ശു​വി​ന്റെ ജീവൻപോ​ലും യഹോ​വയ്‌ക്കു വില​പ്പെ​ട്ട​താണ്‌. മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌, ഒരാൾ അറിയാ​തെ ഒരു ഗർഭി​ണിക്ക്‌ പരി​ക്കേൽപ്പി​ച്ചിട്ട്‌ ആ സ്‌ത്രീ​യോ ഗർഭസ്ഥ​ശി​ശു​വോ മരിച്ചു​പോ​യാൽ യഹോവ ആ വ്യക്തിയെ കൊല​പാ​ത​കി​യാ​യി കണക്കാ​ക്കും. അങ്ങനെ അബദ്ധത്തി​ലാ​ണെ​ങ്കിൽപ്പോ​ലും ആരെങ്കി​ലും കൊല്ല​പ്പെ​ട്ടാൽ ജീവനു പകരം ജീവൻ നൽകണ​മാ​യി​രു​ന്നു. (പുറപ്പാട്‌ 21:22, 23 വായി​ക്കുക.) ദൈവ​ത്തിന്‌ ഒരു ഗർഭസ്ഥ​ശി​ശു​പോ​ലും ജീവനുള്ള ഒരു വ്യക്തി​യാണ്‌. അപ്പോൾ, യഹോവ ഗർഭച്ഛി​ദ്രത്തെ എങ്ങനെ​യാ​യി​രി​ക്കും വീക്ഷി​ക്കു​ന്നത്‌? ഓരോ വർഷവും ഇങ്ങനെ ലക്ഷക്കണ​ക്കി​നു കുഞ്ഞുങ്ങൾ കൊല്ല​പ്പെ​ടു​മ്പോൾ യഹോ​വയ്‌ക്ക്‌ എന്തായി​രി​ക്കും തോന്നുക?

17. യഹോ​വയെ അറിയു​ന്ന​തി​നു മുമ്പ്‌ ഗർഭച്ഛി​ദ്രം ചെയ്‌ത ഒരു സ്‌ത്രീ​യെ ഏതു കാര്യം ആശ്വസി​പ്പി​ക്കും?

17 ഗർഭച്ഛി​ദ്രത്തെ യഹോവ കാണു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പ്‌, ഒരു സ്‌ത്രീ ഗർഭച്ഛി​ദ്രം ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലോ? യേശു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വയ്‌ക്കു തന്നോടു ക്ഷമിക്കാൻ കഴിയു​മെന്ന്‌ ആ സ്‌ത്രീ​ക്കു വിശ്വ​സി​ക്കാം. (ലൂക്കോസ്‌ 5:32; എഫെസ്യർ 1:7) ആത്മാർഥ​മായ പശ്ചാത്താ​പ​മു​ണ്ടെ​ങ്കിൽ പണ്ട്‌ അങ്ങനെ ഒരു തെറ്റു ചെയ്‌തെന്ന്‌ ഓർത്ത്‌ വിഷമി​ക്കേണ്ട കാര്യ​മില്ല. ‘യഹോവ കരുണാ​മ​യ​നും അനുക​മ്പ​യു​ള്ള​വ​നും ആണ്‌. സൂര്യോ​ദയം സൂര്യാസ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.’​—സങ്കീർത്തനം 103:8-14.

വിദ്വേ​ഷ​ചി​ന്തകൾ ഒഴിവാ​ക്കു​ക

18. വിദ്വേ​ഷ​ചി​ന്തകൾ ഒഴിവാ​ക്കാൻ നമ്മൾ ചെയ്യാ​വു​ന്ന​തെ​ല്ലാം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 ദൈവ​ത്തി​ന്റെ ദാനമായ ജീവ​നോ​ടുള്ള ആദരവ്‌ തുടങ്ങു​ന്നത്‌ നമ്മുടെ ഉള്ളിന്റെ ഉള്ളിൽനി​ന്നാണ്‌. ഇതിൽ മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നമ്മൾ എന്തു ചിന്തി​ക്കു​ന്നു എന്നതും ഉൾപ്പെ​ടു​ന്നു. “സഹോ​ദ​രനെ വെറു​ക്കു​ന്നവൻ കൊല​പാ​ത​കി​യാണ്‌ ” എന്ന്‌ അപ്പോസ്‌ത​ല​നായ യോഹ​ന്നാൻ എഴുതി. (1 യോഹ​ന്നാൻ 3:15) സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ ഇഷ്ടക്കേടു പകയാ​യി​ത്തീർന്നേ​ക്കാം. മറ്റുള്ള​വ​രോട്‌ അനാദ​ര​വോ​ടെ ഇടപെ​ടു​ന്ന​തി​നും അവരെ​ക്കു​റിച്ച്‌ തെറ്റായ ആരോ​പ​ണങ്ങൾ നടത്തു​ന്ന​തി​നും അവർ മരിച്ചി​രു​ന്നെ​ങ്കിൽ എന്നു ചിന്തി​ക്കു​ന്ന​തി​നു​പോ​ലും പക ഇടയാ​ക്കി​യേ​ക്കാം. ഓർക്കുക: മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. (ലേവ്യ 19:16; ആവർത്തനം 19:18-21; മത്തായി 5:22) നമുക്ക്‌ ആരെക്കു​റി​ച്ചെ​ങ്കി​ലും വിദ്വേ​ഷ​ചി​ന്ത​ക​ളു​ണ്ടെ​ങ്കിൽ അതു മാറ്റാൻ നമ്മൾ കഠിന​മാ​യി ശ്രമി​ക്കണം.​—യാക്കോബ്‌ 1:14, 15; 4:1-3.

19. അക്രമ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം നമ്മളെ എങ്ങനെ ബാധി​ക്കണം?

19 നമ്മൾ ജീവനെ വില​പ്പെ​ട്ട​താ​യി കാണു​ന്നെന്നു തെളി​യി​ക്കു​ന്ന​തി​നു മറ്റൊരു വഴിയുണ്ട്‌. സങ്കീർത്തനം 11:5-ൽനിന്ന്‌, “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വനെ ദൈവം വെറു​ക്കു​ന്നു” എന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അക്രമം നിറഞ്ഞ വിനോ​ദ​മാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ നമ്മൾ അക്രമം ഇഷ്ടപ്പെ​ടു​ന്നെന്നു കാണി​ക്കു​ക​യാ​യി​രി​ക്കും. മോശ​മായ വാക്കു​ക​ളും ആശയങ്ങ​ളും ചിത്ര​ങ്ങ​ളും കൊണ്ട്‌ നമ്മുടെ മനസ്സു നിറയ്‌ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. പകരം, ശുദ്ധവും സമാധാ​നം തരുന്ന​തും ആയ ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌.​—ഫിലി​പ്പി​യർ 4:8, 9 വായി​ക്കുക.

ജീവനെ ആദരിക്കാത്ത സംഘടനകളുടെ ഭാഗമാ​ക​രുത്‌

20-22. (എ) യഹോവ സാത്താന്റെ ലോകത്തെ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) തങ്ങൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ ദൈവ​ജ​ന​ത്തിന്‌ എങ്ങനെ തെളി​യി​ക്കാം?

20 സാത്താന്റെ ലോകം ജീവ​നോട്‌ ആദരവ്‌ കാണി​ക്കു​ന്നില്ല. യഹോവ ഇതിനെ രക്തപാ​ത​ക​മാ​യാണ്‌ കാണു​ന്നത്‌. അതായത്‌, കൊല​പാ​ത​ക​മാ​യി. നൂറ്റാ​ണ്ടു​ക​ളാ​യി രാഷ്‌ട്രീ​യ​ശ​ക്തി​കൾ യഹോ​വ​യു​ടെ ദാസർ ഉൾപ്പെടെ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ മരണത്തി​നു കാരണ​മാ​യി​ട്ടുണ്ട്‌. ഈ ശക്തികളെ അഥവാ ഗവൺമെ​ന്റു​കളെ അക്രമ​കാ​രി​യായ ഭീകര​ജീ​വി​ക​ളാ​യി​ട്ടാണ്‌ ബൈബിൾ വർണി​ച്ചി​രി​ക്കു​ന്നത്‌. (ദാനി​യേൽ 8:3, 4, 20-22; വെളി​പാട്‌ 13:1, 2, 7, 8) ഇന്ന്‌ ആയുധ​ങ്ങ​ളു​ടെ വില്‌പന വലിയ ഒരു കച്ചവട​മാണ്‌. മാരകാ​യു​ധങ്ങൾ വിറ്റു​കൊണ്ട്‌ ആളുകൾ വൻലാഭം ഉണ്ടാക്കു​ന്നു. “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌ ” എന്ന കാര്യം വ്യക്തമാണ്‌.​—1 യോഹ​ന്നാൻ 5:19.

21 എന്നാൽ സത്യ​ക്രിസ്‌ത്യാ​നി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല.” യഹോ​വ​യു​ടെ ജനം രാഷ്ട്രീ​യ​ത്തി​ലും യുദ്ധത്തി​ലും നിഷ്‌പ​ക്ഷ​രാണ്‌. കൊല ചെയ്യാ​ത്ത​തു​പോ​ലെ​തന്നെ അവർ ആളുകളെ കൊല്ലുന്ന സംഘട​ന​കളെ പിന്തു​ണയ്‌ക്കു​ന്നു​മില്ല. (യോഹ​ന്നാൻ 15:19; 17:16) ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉപദ്രവം ഏൽക്കു​മ്പോൾ അവർ തിരിച്ച്‌ ആക്രമി​ക്കു​ന്നില്ല. ശത്രു​ക്ക​ളെ​പ്പോ​ലും സ്‌നേ​ഹി​ക്കാ​നാണ്‌ യേശു പഠിപ്പി​ച്ചത്‌.​—മത്തായി 5:44; റോമർ 12:17-21.

22 ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ മരണത്തി​നു മതവും കാരണ​ക്കാ​രാ​യി​ട്ടുണ്ട്‌. വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതി​യെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “പ്രവാ​ച​ക​ന്മാ​രു​ടെ​യും വിശു​ദ്ധ​രു​ടെ​യും ഭൂമി​യിൽ കൊല്ല​പ്പെട്ട എല്ലാവ​രു​ടെ​യും രക്തം ഈ നഗരത്തി​ലാ​ണു കണ്ടത്‌.” “അവളിൽനിന്ന്‌ പുറത്ത്‌ കടക്ക്‌ ”എന്ന്‌ യഹോവ കല്‌പി​ക്കു​ന്ന​തി​ന്റെ കാരണം നിങ്ങൾക്കു മനസ്സി​ലാ​യോ? യഹോ​വയെ ആരാധി​ക്കു​ന്നവർ വ്യാജ​മ​ത​ത്തി​ന്റെ ഭാഗമല്ല.​—വെളി​പാട്‌ 17:6; 18:2, 4, 24.

23. ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ ‘പുറത്ത്‌ കടക്കു​ന്ന​തിൽ’ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

23 ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ ‘പുറത്ത്‌ കടക്കു​ന്ന​തിൽ,’ നമ്മൾ ഒരു വ്യാജ​മ​ത​ത്തി​ന്റെ​യും ഭാഗമ​ല്ലെന്നു വ്യക്തമാ​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഏതെങ്കി​ലും മതത്തിലെ അംഗമാ​ണെന്നു കാണി​ക്കുന്ന ഒരു രേഖയു​ണ്ടെ​ങ്കിൽ അതിൽനിന്ന്‌ നമ്മുടെ പേര്‌ നീക്കം ചെയ്‌തി​ട്ടു​ണ്ടെന്നു നമ്മൾ ഉറപ്പു​വ​രു​ത്തണം. എന്നാൽ അതു മാത്രം പോരാ. വ്യാജ​മതം ചെയ്യുന്ന മോശ​മായ കാര്യങ്ങൾ നമ്മൾ വെറു​ക്കു​ക​യും ഒഴിവാ​ക്കു​ക​യും വേണം. വ്യാജ​മതം അധാർമി​ക​ത​യും രാഷ്‌ട്രീ​യ​വും അത്യാ​ഗ്ര​ഹ​വും അനുവ​ദി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 97:10 വായി​ക്കുക; വെളി​പാട്‌ 18:7, 9, 11-17) അതിന്റെ ഫലമായി ലക്ഷക്കണ​ക്കി​നാ​ളു​ക​ളു​ടെ ജീവനാണ്‌ ഇതുവരെ നഷ്ടമാ​യി​രി​ക്കു​ന്നത്‌.

24, 25. യഹോ​വയെ അറിയു​ന്നത്‌ സമാധാ​ന​വും നല്ല മനസ്സാ​ക്ഷി​യും തരുന്നത്‌ എങ്ങനെ?

24 സാത്താന്റെ ലോകം ചെയ്യുന്ന മോശ​മായ കാര്യ​ങ്ങളെ, യഹോ​വയെ അറിയു​ന്ന​തി​നു മുമ്പ്‌ നമ്മൾ ഏതെങ്കി​ലും വിധത്തിൽ പിന്തു​ണ​ച്ചി​ട്ടുണ്ട്‌. എന്നാൽ ഇപ്പോൾ നമ്മൾ അങ്ങനെയല്ല. നമ്മൾ മോച​ന​വില സ്വീക​രി​ക്കു​ക​യും ജീവിതം ദൈവ​ത്തി​നു സമർപ്പി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ‘യഹോ​വ​യു​ടെ ഉന്മേഷ​കാ​ലങ്ങൾ’ നമ്മൾ അനുഭ​വി​ച്ച​റി​യു​ന്നു. ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു എന്ന്‌ അറിയു​ന്ന​തി​ലൂ​ടെ നമുക്ക്‌ സമാധാ​ന​വും നല്ല മനസ്സാ​ക്ഷി​യും ലഭിക്കു​ന്നു.​—പ്രവൃ​ത്തി​കൾ 3:19; യശയ്യ 1:18.

25 മുമ്പു നമ്മൾ ജീവനെ ആദരി​ക്കാത്ത സംഘട​ന​യു​ടെ ഭാഗമാ​യി​രു​ന്നെ​ങ്കി​ലും മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വയ്‌ക്കു നമ്മളോ​ടു ക്ഷമിക്കാൻ കഴിയും. ജീവൻ എന്ന യഹോ​വ​യു​ടെ ദാനത്തെ നമ്മൾ അതിയാ​യി വിലമ​തി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നും സാത്താന്റെ ലോകം ഉപേക്ഷിച്ച്‌ ദൈവ​ത്തി​ന്റെ അടുത്ത കൂട്ടു​കാ​രാ​കാ​നും നമ്മളാൽ കഴിയുന്ന വിധങ്ങ​ളി​ലെ​ല്ലാം മറ്റുള്ള​വരെ നമ്മൾ സഹായി​ക്കു​ന്നു.​—2 കൊരി​ന്ത്യർ 6:1, 2.

ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക

26-28. (എ) യഹോവ യഹസ്‌കേ​ലിന്‌ ഏതു പ്രത്യേ​ക​നി​യ​മനം കൊടു​ത്തു? (ബി) നമ്മൾ ഇന്ന്‌ എന്തു ചെയ്യാ​നാണ്‌ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌?

26 യരുശ​ലേം ഉടനെ നശിക്കു​മെന്ന്‌ മുന്നറി​യി​പ്പു കൊടു​ക്കാ​നും രക്ഷപ്പെ​ടു​ന്ന​തിന്‌ ആളുകൾ ചെയ്യേ​ണ്ടത്‌ എന്താ​ണെന്ന്‌ അവരെ പഠിപ്പി​ക്കാ​നും യഹോവ യഹസ്‌കേൽ പ്രവാ​ച​ക​നോ​ടു പറഞ്ഞു. യഹസ്‌കേൽ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തി​ല്ലെ​ങ്കിൽ അവരുടെ ജീവന്‌ യഹോവ യഹസ്‌കേ​ലി​നോ​ടു കണക്കു ചോദി​ക്കു​മാ​യി​രു​ന്നു. (യഹസ്‌കേൽ 33:7-9) പ്രധാ​ന​പ്പെട്ട ആ സന്ദേശം അറിയി​ക്കാൻ തന്നെ​ക്കൊ​ണ്ടു കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ ജീവനെ വില​പ്പെ​ട്ട​താ​യി കാണു​ന്നെന്ന്‌ യഹസ്‌കേൽ തെളി​യി​ച്ചു.

27 യഹോവ നമുക്കും ഒരു നിയമനം തന്നിട്ടുണ്ട്‌. സാത്താന്റെ ലോകം ഉടനെ നശിക്കു​മെന്ന്‌ ആളുകൾക്ക്‌ മുന്നറി​യി​പ്പു കൊടു​ക്കണം. കൂടാതെ യഹോ​വയെ അറിയാ​നും പുതിയ ലോക​ത്തി​ലേക്കു കടക്കാ​നും ആളുകളെ സഹായി​ക്കു​ക​യും വേണം. (യശയ്യ 61:2; മത്തായി 24:14) ഈ സന്ദേശം ആളുകളെ അറിയി​ക്കാൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. പൗലോ​സി​നെ​പ്പോ​ലെ പറയാ​നാണ്‌ നമ്മളും ആഗ്രഹി​ക്കു​ന്നത്‌: “ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ഞാൻ കുറ്റക്കാ​രനല്ല. ഒന്നും മറച്ചു​വെ​ക്കാ​തെ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയി​ച്ചി​ട്ടുണ്ട്‌.”​—പ്രവൃ​ത്തി​കൾ 20:26, 27.

28 ജീവി​ത​ത്തി​ന്റെ മറ്റു ചില മേഖല​ക​ളി​ലും നമ്മൾ ശുദ്ധരാ​യി​രി​ക്കണം. അതിൽ ചിലതു നമുക്ക്‌ അടുത്ത അധ്യാ​യ​ത്തിൽ നോക്കാം.