വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 5

ലോക​ത്തിൽനിന്ന്‌ എങ്ങനെ വേർപെ​ട്ടി​രി​ക്കാം?

ലോക​ത്തിൽനിന്ന്‌ എങ്ങനെ വേർപെ​ട്ടി​രി​ക്കാം?

“നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല.”​—യോഹ​ന്നാൻ 15:19.

1. മരണത്തി​ന്റെ തലേരാ​ത്രി എന്തി​നെ​ക്കു​റിച്ച്‌ ഓർത്താ​യി​രു​ന്നു യേശു​വി​ന്റെ ഉത്‌കണ്‌ഠ?

 യേശു​വി​ന്റെ മരണത്തി​ന്റെ തലേരാ​ത്രി. ശിഷ്യ​ന്മാ​രെ വിട്ട്‌ പോകാ​നുള്ള സമയം അടു​ത്തെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അവരുടെ ഭാവി​യെ​ക്കു​റിച്ച്‌ ഓർത്ത്‌ യേശു​വിന്‌ ഉത്‌കണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ​ന്നാൻ 15:19) പിന്നെ ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യേശു തന്റെ പിതാ​വി​നോട്‌ അവർക്കു​വേണ്ടി പ്രാർഥി​ച്ചു: “ഞാൻ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​പോ​ലെ​തന്നെ അവരും ലോക​ത്തി​ന്റെ ഭാഗമല്ല.” (യോഹ​ന്നാൻ 17:15, 16) എന്താണ്‌ യേശു ഉദ്ദേശി​ച്ചത്‌?

2. യേശു പറഞ്ഞ ‘ലോകം’ എന്താണ്‌?

2 ഇവിടെ ‘ലോകം’ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ ദൈവത്തെ അറിയാത്ത, സാത്താന്റെ കീഴി​ലുള്ള ആളുക​ളെ​യാണ്‌. (യോഹ​ന്നാൻ 14:30; എഫെസ്യർ 2:2; യാക്കോബ്‌ 4:4; 1 യോഹ​ന്നാൻ 5:19) നമുക്ക്‌ എങ്ങനെ ‘ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കാൻ’ കഴിയും? ഈ അധ്യാ​യ​ത്തിൽ അതിനുള്ള പല വിധങ്ങൾ കാണാം: നമ്മൾ ദൈവ​രാ​ജ്യ​ത്തെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​ന്നു. നമ്മൾ നിഷ്‌പ​ക്ഷ​രും ആണ്‌, അതായത്‌, രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ പക്ഷം പിടി​ക്കു​ന്നില്ല. നമ്മൾ ഈ ലോക​ത്തി​ന്റെ ആത്മാവി​നെ ചെറു​ക്കു​ന്നു. വസ്‌ത്ര​ധാ​ര​ണ​വും ഒരുക്ക​വും മാന്യ​മാ​യി​രി​ക്കാൻ ശ്രദ്ധി​ക്കു​ന്നു. പണത്തിന്റെ കാര്യ​ത്തിൽ നമുക്ക്‌ സമനി​ല​യുള്ള ഒരു വീക്ഷണ​മാ​ണു​ള്ളത്‌. അതോ​ടൊ​പ്പം ദൈവം തന്നിരി​ക്കുന്ന പടക്കോ​പ്പും നമ്മൾ ധരിക്കു​ന്നു.​—പിൻകു​റിപ്പ്‌ 16 കാണുക.

ദൈവ​രാ​ജ്യ​ത്തോട്‌ വിശ്വസ്‌ത​രാ​യി​രി​ക്കുക

3. യേശു രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങളെ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

3 യേശു ഭൂമി​യി​ലാ​യി​രുന്ന സമയത്ത്‌, ആളുകൾക്കു വളരെ​യ​ധി​കം പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ന്നും അതു​കൊണ്ട്‌ അവരുടെ ജീവിതം ബുദ്ധി​മു​ട്ടാ​ണെ​ന്നും മനസ്സി​ലാ​ക്കി. യേശു അവരെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യി​രു​ന്നു. അവരെ സഹായി​ക്കാ​നും ആഗ്രഹി​ച്ചു. അതിനു​വേണ്ടി യേശു ഒരു രാഷ്‌ട്രീ​യ​നേ​താ​വാ​യോ? ഇല്ല. ആളുകൾക്ക്‌ യഥാർഥ​ത്തിൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ ദൈവ​രാ​ജ്യം, അഥവാ ദൈവ​ത്തി​ന്റെ ഗവൺമെ​ന്റാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. യേശു​വാ​യി​രി​ക്കും ആ രാജ്യ​ത്തി​ന്റെ രാജാവ്‌. ഈ രാജ്യ​മാ​യി​രു​ന്നു യേശു​വി​ന്റെ പ്രസം​ഗ​ങ്ങ​ളി​ലെ പ്രധാ​ന​വി​ഷയം. (ദാനി​യേൽ 7:13, 14; ലൂക്കോസ്‌ 4:43; 17:20, 21) യേശു രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​തെ എപ്പോ​ഴും നിഷ്‌പ​ക്ഷ​നാ​യി നിന്നു. റോമൻ ഗവർണ​റായ പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​നു മുന്നിൽ നിന്ന​പ്പോൾ യേശു പറഞ്ഞത്‌ “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമല്ല” എന്നാണ്‌. (യോഹ​ന്നാൻ 18:36) യേശു​വി​ന്റെ ശിഷ്യ​ന്മാ​രും നിഷ്‌പ​ക്ഷ​രാ​യി​രു​ന്നു. നാഗരി​ക​ത​യി​ലേ​ക്കുള്ള പാതയിൽ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ആദ്യകാ​ല​ക്രിസ്‌ത്യാ​നി​കൾ “രാഷ്‌ട്രീ​യ​സ്ഥാ​നങ്ങൾ വഹിച്ചി​രു​ന്നില്ല” എന്നു പറയുന്നു. ഇന്നത്തെ സത്യ​ക്രിസ്‌ത്യാ​നി​ക​ളും അങ്ങനെ​ത​ന്നെ​യാണ്‌. നമ്മൾ ദൈവ​രാ​ജ്യ​ത്തെ വിശ്വസ്‌ത​മാ​യി പിന്തു​ണയ്‌ക്കു​ക​യും ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കു​ക​യും ചെയ്യുന്നു.​—മത്തായി 24:14.

ദൈവരാജ്യത്തെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുന്നത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ നിങ്ങൾക്കു കഴിയുമോ?

4. സത്യ​ക്രിസ്‌ത്യാ​നി​കൾ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണയ്‌ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

4 സ്വന്തം രാജ്യ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​യി വിദേ​ശ​രാ​ജ്യ​ത്തു സേവി​ക്കു​ന്ന​വ​രാ​ണു സ്ഥാനപ​തി​കൾ. അതു​കൊണ്ട്‌ അവർ ആ വിദേ​ശ​രാ​ജ്യ​ത്തെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഇടപെ​ടാ​റില്ല. ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാൻ പ്രത്യാ​ശ​യുള്ള അഭിഷി​ക്ത​രും ഇവരെ​പ്പോ​ലെ​യാണ്‌. പൗലോസ്‌ ഈ അഭിഷി​ക്ത​ക്രിസ്‌ത്യാ​നി​കളെ ‘ക്രിസ്‌തു​വി​ന്റെ പകരക്കാ​രായ സ്ഥാനപ​തി​കൾ’ എന്നാണു വിളി​ച്ചത്‌. (2 കൊരി​ന്ത്യർ 5:20) അഭിഷി​ക്തർ ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​ന്റെ പ്രതി​നി​ധി​ക​ളാണ്‌. അതു​കൊണ്ട്‌ അവർ ഈ ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​മോ ഭരണപ​ര​മോ ആയ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നില്ല. (ഫിലി​പ്പി​യർ 3:20) പകരം, അഭിഷി​ക്തർ ദൈവ​ത്തി​ന്റെ ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ലക്ഷക്കണ​ക്കിന്‌ ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള ‘വേറെ ആടുകൾ’ ഈ അഭിഷി​ക്തരെ പിന്തു​ണയ്‌ക്കു​ന്നു. അവരും നിഷ്‌പ​ക്ഷ​രാണ്‌. (യോഹ​ന്നാൻ 10:16; മത്തായി 25:31-40) വ്യക്തമാ​യി പറഞ്ഞാൽ, ഒരു സത്യ​ക്രിസ്‌ത്യാ​നി​യും ഈ ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടില്ല.​—യശയ്യ 2:2-4 വായി​ക്കുക.

5. ക്രിസ്‌ത്യാ​നി​കൾ യുദ്ധത്തിൽ ഏർപ്പെ​ടാ​ത്ത​തി​ന്റെ ഒരു കാരണം എന്താണ്‌?

5 സത്യ​ക്രിസ്‌ത്യാ​നി​കൾ സഹവി​ശ്വാ​സി​കളെ കുടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണു കാണു​ന്നത്‌. രാജ്യ​മോ പശ്ചാത്ത​ല​മോ വ്യത്യസ്‌ത​മാ​യി​രു​ന്നാ​ലും അവർ ഒരു കുടും​ബം​ത​ന്നെ​യാണ്‌. (1 കൊരി​ന്ത്യർ 1:10) നമ്മൾ യുദ്ധത്തി​നു പോകു​ക​യാ​ണെ​ങ്കിൽ, യേശു സ്‌നേ​ഹി​ക്കാൻ പറഞ്ഞ നമ്മുടെ സ്വന്തം കുടും​ബ​ത്തി​നും സഹവി​ശ്വാ​സി​കൾക്കും എതിരെ പോരാ​ടു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും. (യോഹ​ന്നാൻ 13:34, 35; 1 യോഹ​ന്നാൻ 3:10-12) ശത്രു​ക്ക​ളെ​പ്പോ​ലും സ്‌നേ​ഹി​ക്കാ​നാ​ണു യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌.​—മത്തായി 5:44; 26:52.

6. യഹോ​വ​യു​ടെ സമർപ്പി​ത​ദാ​സർ ഗവൺമെ​ന്റു​കളെ എങ്ങനെ കാണുന്നു?

6 ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നിഷ്‌പ​ക്ഷ​രാ​ണെ​ങ്കി​ലും, നല്ല പൗരന്മാ​രാ​യി​രി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, നിയമങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടും നികു​തി​കൾ അടച്ചു​കൊ​ണ്ടും നമ്മൾ ഗവൺമെ​ന്റി​നോട്‌ ആദരവ്‌ കാണി​ക്കു​ന്നു. എന്നാൽ ‘ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നു’ കൊടു​ക്കു​ന്നു​ണ്ടെ​ന്നും നമ്മൾ എപ്പോ​ഴും ഉറപ്പു​വ​രു​ത്തു​ന്നു. (മർക്കോസ്‌ 12:17; റോമർ 13:1-7; 1 കൊരി​ന്ത്യർ 6:19, 20) ‘ദൈവ​ത്തി​നു​ള്ള​തിൽ’ നമ്മുടെ സ്‌നേ​ഹ​വും അനുസ​ര​ണ​വും ആരാധ​ന​യും ഉൾപ്പെ​ടു​ന്നു. ജീവനു ഭീഷണി​യാ​യാൽപ്പോ​ലും ദൈവത്തെ അനുസ​രി​ക്കു​ന്ന​താ​ണു നമുക്കു പ്രധാനം.​—ലൂക്കോസ്‌ 4:8; 10:27; പ്രവൃ​ത്തി​കൾ 5:29; റോമർ 14:8 വായി​ക്കുക.

‘ലോക​ത്തി​ന്റെ ആത്മാവി​നെ’ ചെറുത്തുനിൽക്കുക

7, 8. എന്താണു ‘ലോക​ത്തി​ന്റെ ആത്മാവ്‌,’ അത്‌ ആളുകളെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

7 സാത്താന്റെ ലോക​ത്തിൽനിന്ന്‌ വേർപെ​ട്ടി​രി​ക്കുക എന്നു പറഞ്ഞാൽ നമ്മളെ നിയ​ന്ത്രി​ക്കാൻ ‘ലോക​ത്തി​ന്റെ ആത്മാവി​നെ’ അനുവ​ദി​ക്ക​രുത്‌ എന്നാണ്‌. ആ ആത്മാവ്‌ സാത്താ​നിൽനിന്ന്‌ വരുന്ന ചിന്താ​രീ​തി​യും പെരു​മാ​റ്റ​വും ആണ്‌. യഹോ​വയെ സേവി​ക്കാ​ത്ത​വരെ അതു നിയ​ന്ത്രി​ക്കു​ന്നു. എന്നാൽ ക്രിസ്‌ത്യാ​നി​കൾ അതിനെ ചെറു​ത്തു​നിൽക്കു​ന്നു. പൗലോസ്‌ പറഞ്ഞതു​പോ​ലെ, “നമുക്കു കിട്ടി​യി​രി​ക്കു​ന്നതു ലോക​ത്തി​ന്റെ ആത്മാവല്ല ദൈവ​ത്തിൽനി​ന്നുള്ള ആത്മാവാണ്‌.”​—1 കൊരി​ന്ത്യർ 2:12; എഫെസ്യർ 2:2, 3; പിൻകു​റിപ്പ്‌ 17 കാണുക.

8 ലോക​ത്തി​ന്റെ ആത്മാവ്‌ ആളുകളെ അഹങ്കാ​രി​ക​ളും സ്വാർഥ​രും ധിക്കാ​രി​ക​ളും ആക്കുന്നു, ദൈവത്തെ അനുസ​രി​ക്കേണ്ട കാര്യ​മി​ല്ലെന്ന്‌ അവരെ​ക്കൊണ്ട്‌ ചിന്തി​പ്പി​ക്കു​ന്നു. പ്രത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തെ തങ്ങൾക്കു തോന്നി​യ​തെ​ല്ലാം ആളുകൾ ചെയ്യണ​മെ​ന്നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം” ഇതൊ​ക്കെ​യാ​ണു ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​കാ​ര്യ​ങ്ങ​ളെന്ന്‌ ആളുകൾ ചിന്തി​ക്ക​ണ​മെ​ന്നും സാത്താൻ ആഗ്രഹി​ക്കു​ന്നു. (1 യോഹ​ന്നാൻ 2:16; 1 തിമൊ​ഥെ​യൊസ്‌ 6:9, 10) യഹോ​വ​യു​ടെ ദാസരെ വഴി​തെ​റ്റി​ക്കാ​നാ​ണു പിശാച്‌ പ്രധാ​ന​മാ​യും ശ്രമി​ക്കു​ന്നത്‌. അവനെ​പ്പോ​ലെ നമ്മളും ചിന്തി​ക്കു​ന്ന​തി​നാ​യി അവൻ പല തന്ത്രങ്ങ​ളും പ്രയോ​ഗി​ക്കു​ന്നു.​—യോഹ​ന്നാൻ 8:44; പ്രവൃ​ത്തി​കൾ 13:10; 1 യോഹ​ന്നാൻ 3:8.

9. ലോക​ത്തി​ന്റെ ആത്മാവ്‌ നമ്മളെ എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം?

9 ശ്വസി​ക്കുന്ന വായു​പോ​ലെ ഈ ലോക​ത്തി​ന്റെ ആത്മാവ്‌ നമുക്കു ചുറ്റും എല്ലായി​ട​ത്തു​മുണ്ട്‌. അതിനെ ചെറു​ക്കാൻ നമ്മൾ കഠിന​മാ​യി ശ്രമി​ച്ചി​ല്ലെ​ങ്കിൽ അതു നമ്മളെ സ്വാധീ​നി​ക്കും. (സുഭാ​ഷി​തങ്ങൾ 4:23 വായി​ക്കുക.) ഒരു കുഴപ്പ​വു​മി​ല്ലെന്നു തോന്നുന്ന വിധത്തി​ലാ​യി​രി​ക്കാം അതിന്റെ തുടക്കം. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വയെ സേവി​ക്കാ​ത്ത​വ​രു​ടെ ചിന്തയും മനോ​ഭാ​വ​വും നമ്മളെ സ്വാധീ​നി​ക്കാൻ നമ്മൾ അനുവ​ദി​ച്ചേ​ക്കാം. (സുഭാ​ഷി​തങ്ങൾ 13:20; 1 കൊരി​ന്ത്യർ 15:33) അല്ലെങ്കിൽ അശ്ലീലം, വിശ്വാ​സ​ത്യാ​ഗം, കടുത്ത മത്സരം നിറഞ്ഞ കായി​ക​പ​രി​പാ​ടി​കൾ തുടങ്ങി​യവ നമ്മളെ സ്വാധീ​നി​ച്ചേ​ക്കാം.—പിൻകു​റിപ്പ്‌ 18 കാണുക.

10. ലോക​ത്തി​ന്റെ ആത്മാവി​നെ നമുക്ക്‌ എങ്ങനെ ചെറു​ത്തു​നിൽക്കാം?

10 അങ്ങനെ​യെ​ങ്കിൽ, ലോക​ത്തി​ന്റെ ആത്മാവ്‌ നമ്മളെ നിയ​ന്ത്രി​ക്കാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? നമ്മൾ യഹോ​വ​യോ​ടു പറ്റിനിൽക്കു​ക​യും യഹോ​വ​യു​ടെ ജ്ഞാന​മൊ​ഴി​കൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും വേണം. നമ്മൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി നിരന്തരം പ്രാർഥി​ക്കു​ക​യും ദൈവ​സേ​വ​ന​ത്തിൽ സജീവ​മാ​യി ഏർപ്പെ​ടു​ക​യും വേണം. ഈ പ്രപഞ്ച​ത്തി​ലെ ഏറ്റവും ശക്തനായ വ്യക്തി യഹോ​വ​യാണ്‌. അതു​കൊണ്ട്‌ ഈ ലോക​ത്തി​ന്റെ ആത്മാവി​നെ ചെറു​ത്തു​നിൽക്കാൻ ദൈവ​ത്തി​നു നമ്മളെ സഹായി​ക്കാ​നാ​കു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.​—1 യോഹ​ന്നാൻ 4:4.

ദൈവ​ത്തി​നു മഹത്ത്വം കരേറ്റുന്ന വസ്‌ത്ര​ധാ​ര​ണം

11. ആളുക​ളു​ടെ വസ്‌ത്ര​ധാ​ര​ണത്തെ ലോക​ത്തി​ന്റെ ആത്മാവ്‌ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു?

11 വേഷവി​ധാ​ന​ത്തി​ലൂ​ടെ​യും നമ്മൾ ഈ ലോക​ത്തി​ന്റെ ഭാഗമ​ല്ലെന്നു കാണി​ക്കു​ന്നു. ലോക​ത്തി​ലുള്ള പലരു​ടെ​യും വസ്‌ത്ര​ധാ​ര​ണ​രീ​തി, മറ്റുള്ള​വ​രു​ടെ ശ്രദ്ധ ആകർഷി​ക്കു​ക​യോ മറ്റുള്ള​വ​രിൽ അധാർമി​ക​ചി​ന്തകൾ ഉളവാ​ക്കു​ക​യോ സമൂഹ​ത്തി​ന്റെ ചിട്ടവ​ട്ട​ങ്ങ​ളോ​ടുള്ള വെറുപ്പു കാണി​ക്കു​ക​യോ തങ്ങൾ എത്ര പണക്കാ​രാ​ണെന്നു കാണി​ക്കു​ക​യോ ചെയ്യുന്ന വിധത്തി​ലാണ്‌. മറ്റു ചിലർക്കു തങ്ങളുടെ വേഷവി​ധാ​ന​ത്തെ​ക്കു​റിച്ച്‌ ഒട്ടും ചിന്തയില്ല. അവർ അലങ്കോ​ല​മാ​യോ വൃത്തി​കേ​ടാ​യോ വസ്‌ത്രം ധരി​ച്ചേ​ക്കാം. എന്നാൽ ഈ രണ്ടു ചിന്താ​ഗ​തി​യും നമുക്കു പറ്റില്ല.

എന്റെ വസ്‌ത്ര​ധാ​രണം യഹോ​വയ്‌ക്കു മഹത്ത്വം നൽകുന്ന വിധത്തി​ലു​ള്ള​താ​ണോ?

12, 13. എന്തു ധരിക്കണം എന്നു തീരു​മാ​നി​ക്കു​മ്പോൾ ഏതു തത്ത്വം കണക്കി​ലെ​ടു​ക്കണം?

12 യഹോ​വ​യു​ടെ ദാസരായ നമ്മൾ വൃത്തി​യും വെടി​പ്പും ഉള്ള വസ്‌ത്രം ധരിക്കും. കൂടാതെ സാഹച​ര്യ​ത്തിന്‌ ഇണങ്ങു​ന്ന​തും പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തും ആയ വസ്‌ത്ര​ങ്ങ​ളാ​ണു നമ്മൾ ധരിക്കുക. “ദൈവ​ഭക്തി” പ്രകട​മാ​ക്കു​ന്ന​തി​നു നമ്മൾ “മാന്യ​മാ​യി, സുബോ​ധ​ത്തോ​ടെ” വസ്‌ത്രം ധരിക്കും.​—1 തിമൊ​ഥെ​യൊസ്‌ 2:9, 10; യൂദ 21.

13 നമ്മുടെ വസ്‌ത്ര​ധാ​ര​ണ​രീ​തി, യഹോ​വ​യെ​യും യഹോ​വ​യു​ടെ ജനത്തെ​യും കുറി​ച്ചുള്ള മറ്റുള്ള​വ​രു​ടെ വീക്ഷണത്തെ ബാധി​ക്കും. “എല്ലാം ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു​വേണ്ടി” ചെയ്യാ​നാ​ണു നമ്മൾ ആഗ്രഹി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 10:31) മാന്യ​ത​യിൽ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളെ​യും അഭി​പ്രാ​യ​ങ്ങ​ളെ​യും മാനി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ വസ്‌ത്രം തിര​ഞ്ഞെ​ടു​ക്കു​മ്പോ​ഴും ഏതു വിധത്തിൽ ഒരുങ്ങണം എന്നു തീരു​മാ​നി​ക്കു​മ്പോ​ഴും നമ്മുടെ തീരു​മാ​നങ്ങൾ മറ്റുള്ള​വരെ ബാധി​ക്കു​മെന്ന കാര്യം നമ്മൾ മനസ്സിൽപ്പി​ടി​ക്കു​ന്നു.​—1 കൊരി​ന്ത്യർ 4:9; 2 കൊരി​ന്ത്യർ 6:3, 4; 7:1.

14. ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങൾക്കു​വേണ്ടി വസ്‌ത്രം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ എന്തു ചിന്തി​ക്കണം?

14 സഭാ​യോ​ഗ​ങ്ങൾക്കു പോകു​മ്പോ​ഴും വയൽസേ​വ​ന​ത്തി​നു പോകു​മ്പോ​ഴും എങ്ങനെ​യുള്ള വസ്‌ത്ര​ങ്ങ​ളാ​ണു ധരിക്കു​ന്നത്‌? നമ്മളി​ലേക്ക്‌ അമിത​മാ​യി ശ്രദ്ധ ആകർഷി​ക്കുന്ന വിധത്തി​ലാ​ണോ നമ്മുടെ വസ്‌ത്ര​ധാ​രണം? നമ്മുടെ വസ്‌ത്രം കണ്ടാൽ മറ്റുള്ള​വർക്ക്‌ അസ്വസ്ഥത തോന്നു​മോ? ‘ഞാൻ എന്ത്‌ ഇടണ​മെന്നു ഞാനാണു തീരു​മാ​നി​ക്കു​ന്നത്‌, മറ്റുള്ള​വരല്ല’ എന്നാണോ നമ്മൾ ചിന്തി​ക്കു​ന്നത്‌? (ഫിലി​പ്പി​യർ 4:5; 1 പത്രോസ്‌ 5:6) ആകർഷ​ണീ​യ​രാ​യി​രി​ക്കാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നു. എന്നാൽ നമ്മളെ ശരിക്കും ആകർഷ​ണീ​യ​രാ​ക്കു​ന്നത്‌ ക്രിസ്‌തീ​യ​ഗു​ണ​ങ്ങ​ളാണ്‌. യഹോവ നമ്മളിൽ നോക്കു​ന്നത്‌ ഈ ഗുണങ്ങ​ളാണ്‌. നമ്മൾ അകമേ ആരാ​ണെന്ന്‌, നമ്മളിലെ ‘ആന്തരി​ക​മ​നു​ഷ്യ​നെ,’ അതു കാണി​ക്കു​ന്നു. “അതിനാ​ണു ദൈവ​മു​മ്പാ​കെ വിലയു​ള്ളത്‌.”​—1 പത്രോസ്‌ 3:3, 4.

15. നമ്മുടെ വസ്‌ത്ര​വും വേഷവി​ധാ​ന​വും എങ്ങനെ​യാ​യി​രി​ക്ക​ണ​മെന്ന്‌ യഹോവ കൃത്യ​മാ​യി പറയാ​ത്തത്‌ എന്തു​കൊണ്ട്‌?

15 എന്തു ധരിക്കണം എന്തു ധരിക്ക​രുത്‌ എന്ന ഒരു പട്ടിക യഹോവ നമുക്കു തന്നിട്ടില്ല. പകരം നല്ല തീരു​മാ​നങ്ങൾ എടുക്കാൻ സഹായി​ക്കുന്ന ബൈബിൾത​ത്ത്വ​ങ്ങൾ യഹോവ തന്നിട്ടുണ്ട്‌. (എബ്രായർ 5:14) നമ്മൾ എടുക്കുന്ന തീരു​മാ​നം ചെറു​താ​യാ​ലും വലുതാ​യാ​ലും അതു തന്നോ​ടും മറ്റുള്ള​വ​രോ​ടും ഉള്ള സ്‌നേ​ഹ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (മർക്കോസ്‌ 12:30, 31 വായി​ക്കുക.) ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ ജനം അവരവ​രു​ടെ സംസ്‌കാ​ര​ത്തി​നും താത്‌പ​ര്യ​ത്തി​നും അനുസ​രിച്ച്‌ വ്യത്യസ്‌ത​വി​ധ​ങ്ങ​ളി​ലാ​ണു വസ്‌ത്രം ധരിക്കു​ന്നത്‌. ഈ വൈവി​ധ്യം മനോ​ഹ​ര​വും രസകര​വും ആണ്‌.

പണത്തെ​ക്കു​റിച്ച്‌ സമനി​ല​യുള്ള വീക്ഷണം

16. പണത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം യേശു പഠിപ്പിച്ചതിൽനിന്ന്‌ വിപരീ​ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? നമ്മൾ സ്വയം ഏതു ചോദ്യ​ങ്ങൾ ചോദി​ക്കണം?

16 പണവും വസ്‌തു​വ​ക​ക​ളും ആണ്‌ സന്തോഷം തരുന്ന​തെന്ന്‌ ആളുകൾ ചിന്തി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു. പക്ഷേ, ഇതു സത്യമ​ല്ലെന്ന്‌ യഹോ​വ​യു​ടെ ദാസർക്ക്‌ അറിയാം. കാരണം യേശു പറഞ്ഞത്‌ “ഒരാൾക്ക്‌ എത്ര സമ്പത്തു​ണ്ടെ​ങ്കി​ലും അതൊ​ന്നു​മല്ല അയാൾക്കു ജീവൻ നേടി​ക്കൊ​ടു​ക്കു​ന്നത്‌ ” എന്നാണ്‌. (ലൂക്കോസ്‌ 12:15) പണത്തിന്‌ യഥാർഥ​സ​ന്തോ​ഷം തരാൻ കഴിയില്ല. യഥാർഥ​സു​ഹൃ​ത്തു​ക്ക​ളെ​യോ യഥാർഥ​മ​ന​സ്സ​മാ​ധാ​ന​മോ നിത്യ​ജീ​വ​നോ തരാൻ പണത്തിനു കഴിയില്ല. പക്ഷേ, കുറച്ച്‌ വസ്‌തു​വ​കകൾ വേണ​മെ​ന്ന​തും നമ്മൾ ജീവിതം ആസ്വദി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ന്ന​തും സത്യമാണ്‌. എന്നാൽ ദൈവ​വു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കു​ക​യും നമ്മൾ ആരാധ​നയ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ക​യും ചെയ്‌താൽ നമുക്കു സന്തോഷം ലഭിക്കു​മെ​ന്നാ​ണു യേശു പഠിപ്പി​ച്ചത്‌. (മത്തായി 5:3; 6:22, അടിക്കു​റിപ്പ്‌) നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘പണത്തെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വീക്ഷണം എന്നെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടോ? പണത്തെ​ക്കു​റി​ച്ചാ​ണോ ഞാൻ പ്രധാ​ന​മാ​യും ചിന്തി​ക്കു​ന്ന​തും സംസാ​രി​ക്കു​ന്ന​തും?’​—ലൂക്കോസ്‌ 6:45; 21:34-36; 2 യോഹ​ന്നാൻ 6.

17. പണത്തെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വീക്ഷണം ഒഴിവാ​ക്കു​ന്നതു നിങ്ങളു​ടെ ജീവിതം എങ്ങനെ മെച്ച​പ്പെ​ടു​ത്തും?

17 പണത്തെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ വീക്ഷണം ഒഴിവാ​ക്കി ദൈവത്തെ ആരാധി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചാൽ നമ്മുടെ ജീവിതം അർഥപൂർണ​മാ​കും. (മത്തായി 11:29, 30) നമ്മൾ സംതൃപ്‌ത​രാ​യി​രി​ക്കും, മനസ്സമാ​ധാ​ന​വു​മു​ണ്ടാ​യി​രി​ക്കും. (മത്തായി 6:31, 32; റോമർ 15:13) വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ അമിത​മായ ഉത്‌കണ്‌ഠ കാണില്ല. (1 തിമൊ​ഥെ​യൊസ്‌ 6:9, 10 വായി​ക്കുക.) കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം നമ്മൾ ആസ്വദി​ക്കും. (പ്രവൃ​ത്തി​കൾ 20:35) സ്‌നേ​ഹി​ക്കു​ന്ന​വ​രോ​ടൊ​പ്പം ചെലവ​ഴി​ക്കാൻ കൂടുതൽ സമയവും കിട്ടും. നിങ്ങൾക്കു നന്നായി ഉറങ്ങാ​നും സാധി​ച്ചേ​ക്കും.​—സഭാ​പ്ര​സം​ഗകൻ 5:12.

“സമ്പൂർണ​പ​ട​ക്കോപ്പ്‌”

18. സാത്താൻ എന്തിനു​വേ​ണ്ടി​യാ​ണു ശ്രമി​ക്കു​ന്നത്‌?

18 യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കാൻ സാത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ ആ ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ നമ്മളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യണം. ‘ദുഷ്ടാ​ത്മ​സേ​ന​ക​ളോട്‌ ’ നമുക്ക്‌ ഒരു പോരാ​ട്ട​മുണ്ട്‌. (എഫെസ്യർ 6:12) നമ്മൾ സന്തോ​ഷ​ത്തോ​ടി​രി​ക്കാ​നോ എന്നേക്കും ജീവി​ക്കാ​നോ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ആഗ്രഹി​ക്കു​ന്നില്ല. (1 പത്രോസ്‌ 5:8) ഈ ശക്തരായ ശത്രുക്കൾ നമുക്ക്‌ എതിരെ പോരാ​ടു​ക​യാണ്‌. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ നമുക്കു പോരാ​ട്ട​ത്തിൽ വിജയി​ക്കാൻ കഴിയും.

19. ഒരു ക്രിസ്‌ത്യാ​നി​യു​ടെ ‘പടക്കോ​പ്പി​നെ​ക്കു​റിച്ച്‌ ’ എഫെസ്യർ 6:14-18 എന്തു പറയുന്നു?

19 പുരാ​ത​ന​കാ​ലത്ത്‌, യുദ്ധത്തി​നു പോകുന്ന പടയാ​ളി​കൾ സംരക്ഷ​ണ​ത്തി​നു​വേണ്ടി പടക്കോ​പ്പു ധരിച്ചി​രു​ന്നു. ഇതു​പോ​ലെ യഹോവ തന്നിരി​ക്കുന്ന “പടക്കോപ്പ്‌ ” നമ്മളും ധരിക്കണം. (എഫെസ്യർ 6:13) അതു നമ്മളെ സംരക്ഷി​ക്കും. ഈ പടക്കോ​പ്പി​നെ​ക്കു​റിച്ച്‌ എഫെസ്യർ 6:14-18-ൽ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “അതു​കൊണ്ട്‌ സത്യം അരയ്‌ക്കു കെട്ടി നീതി എന്ന കവചം മാറിൽ ധരിച്ച്‌ സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഒരുക്കം ചെരി​പ്പാ​യി അണിഞ്ഞ്‌ ഉറച്ചു​നിൽക്കുക. ഇതി​നെ​ല്ലാം പുറമേ ദുഷ്ടന്റെ തീയമ്പു​കളെ മുഴുവൻ കെടു​ത്തി​ക്ക​ള​യാൻ സഹായി​ക്കുന്ന വിശ്വാ​സം എന്ന വലിയ പരിച​യും പിടി​ക്കണം. രക്ഷ എന്ന പടത്തൊ​പ്പി അണിഞ്ഞ്‌ ദൈവ​വ​ചനം എന്ന ദൈവാ​ത്മാ​വി​ന്റെ വാളും എടുക്കുക. ഏതു സാഹച​ര്യ​ത്തി​ലും എല്ലാ തരം പ്രാർഥ​ന​ക​ളോ​ടും ഉള്ളുരു​കി​യുള്ള അപേക്ഷ​ക​ളോ​ടും കൂടെ ദൈവാ​ത്മാ​വിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും വേണം.”

20. “പടക്കോപ്പ്‌ ” നമ്മളെ സംരക്ഷി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

20 ഒരു പടയാളി പടക്കോ​പ്പി​ലെ ഏതെങ്കി​ലും ഒന്ന്‌ ധരിക്കാൻ മറന്നാൽ ശരീര​ത്തി​ന്റെ ആ ഭാഗത്തി​നു സംരക്ഷണം ലഭിക്കില്ല. ശത്രു ആക്രമി​ക്കു​ന്ന​തും അവി​ടെ​ത്ത​ന്നെ​യാ​യി​രി​ക്കും. “പടക്കോപ്പ്‌ ” നമ്മളെ സംരക്ഷി​ക്ക​ണ​മെ​ങ്കിൽ അതിലുള്ള എല്ലാം എപ്പോ​ഴും ധരിച്ചി​രി​ക്കണം, അവയ്‌ക്കു കേടു​പാ​ടൊ​ന്നും സംഭവി​ച്ചി​ട്ടി​ല്ലെ​ന്നും ഉറപ്പു​വ​രു​ത്തണം. സാത്താന്റെ ലോകം നശിച്ച്‌, അവനെ​യും അവന്റെ ഭൂതങ്ങ​ളെ​യും ഭൂമി​യിൽനിന്ന്‌ നീക്കം ചെയ്യു​ന്ന​തു​വരെ നമ്മുടെ പോരാ​ട്ടം തുടരും. (വെളി​പാട്‌ 12:17; 20:1-3) അതു​കൊണ്ട്‌, നമ്മൾ ബലഹീ​ന​ത​കൾക്കോ തെറ്റായ മോഹ​ങ്ങൾക്കോ എതിരെ പോരാ​ടു​ക​യാ​ണെ​ങ്കിൽ മടുത്ത്‌ പിന്മാ​റ​രുത്‌!​—1 കൊരി​ന്ത്യർ 9:27.

21. നമ്മുടെ പോരാ​ട്ട​ത്തിൽ എങ്ങനെ വിജയി​ക്കാം?

21 നമ്മൾ പിശാ​ചി​നെ​ക്കാൾ ശക്തരല്ല. എന്നാൽ യഹോവ കൂടെ​യു​ണ്ടെ​ങ്കിൽ നമ്മൾ പിശാ​ചി​നെ​ക്കാൾ ശക്തരാ​കും! വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും ദൈവ​വ​ചനം പഠിക്കു​ക​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ക​യും വേണം. (എബ്രായർ 10:24, 25) ഇതൊക്കെ ദൈവ​ത്തോ​ടു വിശ്വസ്‌ത​രാ​യി​രി​ക്കാ​നും വിശ്വാ​സ​ത്തി​നു​വേണ്ടി സംസാ​രി​ക്കാ​നും നമ്മളെ സഹായി​ക്കും.

വിശ്വാ​സ​ത്തി​നു​വേണ്ടി സംസാ​രി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക

22, 23. (എ) നമ്മുടെ വിശ്വാ​സ​ത്തി​നു​വേണ്ടി സംസാ​രി​ക്കാൻ എപ്പോ​ഴും എങ്ങനെ ഒരുങ്ങി​യി​രി​ക്കാം? (ബി) അടുത്ത അധ്യാ​യ​ത്തിൽ എന്തു ചർച്ച ചെയ്യും?

22 വിശ്വാ​സ​ത്തി​നു​വേണ്ടി സംസാ​രി​ക്കാൻ നമ്മൾ എപ്പോ​ഴും തയ്യാറാ​യി​രി​ക്കണം. (യോഹ​ന്നാൻ 15:19) ചില കാര്യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ മറ്റുള്ള​വ​രിൽനിന്ന്‌ തികച്ചും വ്യത്യസ്‌ത​മായ നിലപാ​ടാണ്‌ എടുക്കു​ന്നത്‌. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘നമ്മൾ ഈ നിലപാട്‌ എടുത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ എനിക്കു വ്യക്തമാ​ണോ? ബൈബി​ളും വിശ്വസ്‌ത​നും വിവേ​കി​യും ആയ അടിമ​യും പറയു​ന്നത്‌ ശരിയാ​ണെന്ന്‌ എനിക്കു ബോധ്യ​മു​ണ്ടോ? യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കു​ന്ന​തിൽ ഞാൻ അഭിമാ​നി​ക്കു​ന്നു​ണ്ടോ? (സങ്കീർത്തനം 34:2; മത്തായി 10:32, 33) എന്റെ വിശ്വാ​സങ്ങൾ മറ്റുള്ള​വ​രോ​ടു വിശദീ​ക​രി​ക്കാൻ എനിക്ക്‌ അറിയാ​മോ?’​—മത്തായി 24:45; യോഹ​ന്നാൻ 17:17; 1 പത്രോസ്‌ 3:15 വായി​ക്കുക.

23 മിക്ക സാഹച​ര്യ​ങ്ങ​ളി​ലും ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തി​രി​ക്കാൻ എന്തു ചെയ്യണ​മെ​ന്നതു വ്യക്തമാണ്‌. പക്ഷേ, ചില സാഹച​ര്യ​ങ്ങ​ളിൽ അത്‌ അത്ര വ്യക്തമാ​യി​രി​ക്കില്ല. സാത്താൻ നമ്മളെ പല വിധങ്ങ​ളിൽ കുടു​ക്കാൻ ശ്രമി​ക്കു​ന്നു. അതിൽ ഒന്ന്‌ വിനോ​ദ​മാണ്‌. നമുക്കു വിനോ​ദം എങ്ങനെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കാം? അതു നമ്മൾ അടുത്ത അധ്യാ​യ​ത്തിൽ കാണും.