വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 10

വിവാഹം​—ദൈവ​ത്തി​ന്റെ സമ്മാനം

വിവാഹം​—ദൈവ​ത്തി​ന്റെ സമ്മാനം

“മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല.”​—സഭാ​പ്ര​സം​ഗകൻ 4:12.

1, 2. (എ) നവദമ്പ​തി​ക​ളു​ടെ പ്രതീക്ഷ എന്താണ്‌? (ബി) ഈ അധ്യാ​യ​ത്തിൽ ഏതൊക്കെ ചോദ്യ​ങ്ങൾ നമ്മൾ ചർച്ച ചെയ്യും?

 വിവാഹദിവസം അണിഞ്ഞൊരുങ്ങി നിറപുഞ്ചിരിയോടെ നിൽക്കുന്ന വധൂവ​ര​ന്മാ​രെ മനസ്സിൽ സങ്കൽപ്പി​ക്കുക. ഇപ്പോൾ അവർ ആവേശ​ഭ​രി​ത​രാണ്‌. ഭാവി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള പ്രതീ​ക്ഷ​ക​ളും സ്വപ്‌ന​ങ്ങ​ളും ആണ്‌ അവരുടെ മനസ്സു നിറയെ. വിവാ​ഹ​ജീ​വി​തം എന്നും സന്തോ​ഷ​മാ​യി​രി​ക്കു​മെന്ന്‌ അവർ കരുതു​ന്നു.

2 എങ്കിലും നന്നായി തുടങ്ങുന്ന പല വിവാ​ഹ​ജീ​വി​ത​വും എന്നും അങ്ങനെ നിലനിൽക്കു​ന്നില്ല. നീണ്ടു​നിൽക്കുന്ന, സന്തോഷം നിറഞ്ഞ ഒരു വിവാ​ഹ​ജീ​വി​ത​ത്തി​നു ദമ്പതി​കൾക്കു ദൈവ​ത്തി​ന്റെ മാർഗ​നിർദേശം ആവശ്യ​മാണ്‌. അതു​കൊണ്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം നമുക്കു നോക്കാം: വിവാഹം കഴിക്കു​ന്ന​തി​ന്റെ ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌? നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഒരു നല്ല ഇണയെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം? എങ്ങനെ ഒരു നല്ല ഭാര്യ​യോ ഭർത്താ​വോ ആയിരി​ക്കാം? ദാമ്പത്യം നിലനിൽക്കാൻ സഹായി​ക്കു​ന്നത്‌ എന്താണ്‌?​—സുഭാ​ഷി​തങ്ങൾ 3:5, 6 വായി​ക്കുക.

ഞാൻ വിവാഹം കഴിക്ക​ണോ?

3. വിവാഹം കഴിച്ചാ​ലേ ഒരാൾക്കു സന്തോഷം കിട്ടൂ എന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക.

3 വിവാഹം കഴിച്ചി​ല്ലെ​ങ്കിൽ സന്തോ​ഷ​ത്തോ​ടി​രി​ക്കാ​നാ​കി​ല്ലെന്നു ചിലർ വിചാ​രി​ക്കു​ന്നു. പക്ഷേ, അതു സത്യമല്ല. ഏകാകി​ത്വം ഒരു വരമാ​ണെന്നു യേശു പറഞ്ഞു. (മത്തായി 19:11, 12) ഏകാകി​യാ​യി​രു​ന്നാൽ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടെന്ന്‌ അപ്പോസ്‌ത​ല​നായ പൗലോ​സും പറഞ്ഞു. (1 കൊരി​ന്ത്യർ 7:32-38) കല്യാണം കഴിക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കേ​ണ്ടതു നിങ്ങളാണ്‌. അല്ലാതെ കൂട്ടു​കാ​രോ കുടും​ബാം​ഗ​ങ്ങ​ളോ അല്ല. അവരുടെ നിർബ​ന്ധം​കൊ​ണ്ടോ നാട്ടു​ന​ട​പ്പി​ന്റെ അടിസ്ഥാ​ന​ത്തി​ലോ ആയിരി​ക്ക​രുത്‌ നിങ്ങൾ കല്യാണം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നത്‌.

4. നല്ല ദാമ്പത്യ​ത്തി​ന്റെ ചില പ്രയോ​ജ​നങ്ങൾ എന്താണ്‌?

4 വിവാ​ഹ​വും ദൈവ​ത്തി​ന്റെ ഒരു സമ്മാന​മാ​ണെന്നു ബൈബിൾ പറയുന്നു. വിവാ​ഹം​കൊണ്ട്‌ ചില പ്രയോ​ജ​ന​ങ്ങ​ളു​ണ്ടെ​ന്നും ബൈബിൾ കാണി​ക്കു​ന്നു. ആദ്യമ​നു​ഷ്യ​നായ ആദാമി​നെ​ക്കു​റിച്ച്‌ ദൈവം പറഞ്ഞു: “മനുഷ്യൻ ഏകനായി കഴിയു​ന്നതു നല്ലതല്ല. ഞാൻ അവനു പൂരക​മാ​യി ഒരു സഹായി​യെ ഉണ്ടാക്കി​ക്കൊ​ടു​ക്കും.” (ഉൽപത്തി 2:18) യഹോവ ആദാമി​നു ഹവ്വയെ ഭാര്യ​യാ​യി കൊടു​ത്തു. അവരാണ്‌ ആദ്യത്തെ മനുഷ്യ​കു​ടും​ബം. ദമ്പതി​കൾക്കു മക്കളു​ണ്ടെ​ങ്കിൽ അവരെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ പറ്റിയ ഒരു ചുറ്റു​പാട്‌ കുടും​ബ​ത്തിൽ ഉണ്ടായി​രി​ക്കണം. എന്നാൽ കുട്ടി​കളെ ജനിപ്പി​ക്കുക എന്നതു മാത്രമല്ല ദാമ്പത്യ​ത്തി​ന്റെ ഉദ്ദേശ്യം.​—സങ്കീർത്തനം 127:3; എഫെസ്യർ 6:1-4.

5, 6. ദാമ്പത്യം “മുപ്പി​രി​ച്ച​രടു”പോ​ലെ​യാ​കു​ന്നത്‌ എങ്ങനെ?

5 ശലോ​മോൻ രാജാവ്‌ ഇങ്ങനെ എഴുതി: “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്തി​നു നല്ല പ്രതി​ഫ​ല​മുണ്ട്‌. ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ. പക്ഷേ എഴു​ന്നേൽപ്പി​ക്കാൻ ആരും കൂടെ​യി​ല്ലെ​ങ്കിൽ വീണയാ​ളു​ടെ അവസ്ഥ എന്താകും? . . . മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല.”​—സഭാ​പ്ര​സം​ഗകൻ 4:9-12.

6 അന്യോ​ന്യം സഹായി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യുന്ന രണ്ടു പേർ തമ്മിലുള്ള ഏറ്റവും അടുത്ത സുഹൃദ്‌ബ​ന്ധ​മാ​ണു നല്ലൊരു ദാമ്പത്യം. സ്‌നേ​ഹ​ത്തിന്‌ ഒരു ദാമ്പത്യ​ത്തെ ശക്തമാ​ക്കാ​നാ​കും. എന്നാൽ ഭാര്യ​യും ഭർത്താ​വും യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ അവരുടെ ദാമ്പത്യം കൂടുതൽ ശക്തമാ​കും. അപ്പോൾ മൂന്ന്‌ ഇഴകൾ കൂട്ടി​പ്പി​രിച്ച ശക്തമായ ഒരു “മുപ്പി​രി​ച്ച​രടു”പോ​ലെ​യാ​കും അവരുടെ ദാമ്പത്യം. ഇങ്ങനെ​യുള്ള ഒരു കയർ രണ്ട്‌ ഇഴയുള്ള കയറി​നെ​ക്കാൾ ബലമു​ള്ള​താ​യി​രി​ക്കും. വിവാ​ഹ​ജീ​വി​ത​ത്തിൽ യഹോ​വയെ ഉൾപ്പെ​ടു​ത്തു​ന്നെ​ങ്കിൽ ആ ദാമ്പത്യം ശക്തമാ​യി​രി​ക്കും.

7, 8. വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ പൗലോസ്‌ എന്ത്‌ ഉപദേശം നൽകി?

7 വിവാ​ഹ​ത്തി​നു ശേഷം, ദമ്പതി​കൾക്ക്‌ അവരുടെ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ അന്യോ​ന്യം തൃപ്‌തി​പ്പെ​ടു​ത്താ​നാ​കും. (സുഭാ​ഷി​തങ്ങൾ 5:18) പക്ഷേ, ഒരാൾ വിവാഹം കഴിക്കു​ന്നത്‌ ഇങ്ങനെ​യുള്ള ആഗ്രഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ മാത്ര​മാ​ണെ​ങ്കിൽ അയാൾ നല്ലൊരു ഇണയെ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സാധ്യത കുറവാണ്‌. അതു​കൊ​ണ്ടാ​ണു ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ശക്തമാ​യി​രി​ക്കുന്ന “നവയൗ​വനം” പിന്നി​ട്ട​ശേഷം വിവാഹം കഴിക്കാൻ ബൈബിൾ പറയു​ന്നത്‌. (1 കൊരി​ന്ത്യർ 7:36) നവയൗ​വ​ന​ത്തി​ലു​ണ്ടാ​കുന്ന വികാ​രങ്ങൾ ശമിക്കു​ന്ന​തു​വരെ കാത്തി​രി​ക്കു​ന്ന​താ​ണു ബുദ്ധി. അപ്പോൾ ഒരാൾക്കു നന്നായി ചിന്തി​ക്കാ​നും നല്ല തീരു​മാ​നം എടുക്കാ​നും കഴിയും.​—1 കൊരി​ന്ത്യർ 7:9; യാക്കോബ്‌ 1:15.

8 നിങ്ങൾ വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ എല്ലാ വിവാ​ഹ​ത്തി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മെന്ന യാഥാർഥ്യം അറിഞ്ഞി​രി​ക്കു​ന്നതു നല്ലതാണ്‌. വിവാഹം കഴിക്കു​ന്ന​വർക്കു “ജഡത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകും” എന്നു പൗലോസ്‌ പറഞ്ഞു. (1 കൊരി​ന്ത്യർ 7:28) ഏറ്റവും നല്ല ദാമ്പത്യ​ത്തിൽപ്പോ​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും. അതു​കൊണ്ട്‌ വിവാഹം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ ഇണയെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കുക.

ഞാൻ ആരെ വിവാഹം കഴിക്കണം?

9, 10. നമ്മൾ ദൈവത്തെ ആരാധി​ക്കാത്ത ഒരാളെ വിവാഹം കഴിച്ചാൽ എന്തു സംഭവി​ക്കും?

9 ഇണയെ തിരഞ്ഞ​ടു​ക്കു​മ്പോൾ ഓർക്കേണ്ട പ്രധാ​ന​പ്പെട്ട ഒരു ബൈബിൾത​ത്ത്വം ഇതാണ്‌: “അവിശ്വാ​സി​ക​ളോ​ടൊ​പ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.” (2 കൊരി​ന്ത്യർ 6:14) കൃഷി​യു​മാ​യി ബന്ധപ്പെട്ട ഒരു ദൃഷ്ടാ​ന്ത​മാണ്‌ ഇത്‌. വലുപ്പ​ത്തി​ന്റെ​യോ കരുത്തി​ന്റെ​യോ കാര്യ​ത്തിൽ വളരെ​യ​ധി​കം വ്യത്യാ​സ​മുള്ള രണ്ടു മൃഗങ്ങളെ ഒരു കൃഷി​ക്കാ​രൻ ഒരു നുകത്തി​ന്റെ കീഴിൽ കെട്ടില്ല. അത്‌ ആ മൃഗങ്ങ​ളോ​ടുള്ള ക്രൂര​ത​യാ​യി​രി​ക്കും. കാരണം രണ്ടും കഷ്ടപ്പെ​ടും. ഇതു​പോ​ലെ യഹോ​വയെ സേവി​ക്കുന്ന ഒരാളും സേവി​ക്കാത്ത ഒരാളും തമ്മിൽ വിവാഹം കഴിച്ചാൽ പല പ്രശ്‌ന​ങ്ങ​ളും ഉണ്ടാകാൻ ഇടയുണ്ട്‌. അതു​കൊണ്ട്‌, വിവാഹം “കർത്താ​വിൽ മാത്രമേ ആകാവൂ” എന്ന ഉപദേശം ബൈബിൾ തരുന്നു.​—1 കൊരി​ന്ത്യർ 7:39.

10 യഹോ​വയെ സേവി​ക്കാത്ത ഒരാളെ വിവാഹം കഴി​ക്കേ​ണ്ടി​വ​ന്നാ​ലും, അതാണ്‌ ഒറ്റയ്‌ക്കു ജീവി​ക്കു​ന്ന​തി​ലും നല്ലതെന്നു ചിലർ ചിന്തി​ച്ചി​രി​ക്കു​ന്നു. എന്നാൽ ബൈബി​ളി​ന്റെ ഉപദേശം ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കിൽ മിക്ക​പ്പോ​ഴും വേദന​യും നിരാ​ശ​യും ആയിരി​ക്കാം ഫലം. യഹോ​വ​യു​ടെ ആരാധ​ക​രായ നമുക്കു ദൈവ​സേ​വ​ന​മാ​ണു ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​കാ​ര്യം. ഈ സുപ്ര​ധാ​ന​സേ​വ​ന​ത്തിൽ ഇണയോ​ടൊ​പ്പം ഏർപ്പെ​ടാൻ പറ്റുന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു തോന്നും? യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യാത്ത ഒരാളെ വിവാഹം കഴിക്കു​ന്ന​തി​നു പകരം ഏകാകി​യാ​യി​ത്തന്നെ നിൽക്കാൻ പലരും തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.​—സങ്കീർത്തനം 32:8 വായി​ക്കുക.

11. നിങ്ങൾക്കു നല്ലൊരു ഇണയെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാം?

11 ഇതിന്‌ അർഥം യഹോ​വയെ സേവി​ക്കുന്ന ഏതൊ​രാ​ളും നിങ്ങൾക്കു പറ്റിയ ഭർത്താ​വോ ഭാര്യ​യോ ആയിരി​ക്കു​മെന്നല്ല. നിങ്ങൾ വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കു ശരിക്കും ഇഷ്ടപ്പെ​ടുന്ന, ഒത്തു​പോ​കാൻ പറ്റിയ ഒരാളെ നോക്കുക. ജീവി​ത​ത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കുന്ന അതേ കാര്യങ്ങൾ ചെയ്യാൻ താത്‌പ​ര്യ​പ്പെ​ടുന്ന, ദൈവ​സേ​വനം ഒന്നാമതു വെക്കുന്ന ഒരാളെ കണ്ടെത്തു​ന്ന​തു​വരെ കാത്തി​രി​ക്കുക. വിശ്വസ്‌ത​നായ അടിമ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ തരുന്ന സഹായ​ക​മായ നിർദേ​ശങ്ങൾ വായി​ക്കാ​നും ധ്യാനി​ക്കാ​നും സമയ​മെ​ടു​ക്കുക.​—സങ്കീർത്തനം 119:105 വായി​ക്കുക.

12. മാതാ​പി​താ​ക്കൾ മക്കൾക്കു​വേണ്ടി വിവാഹം ആലോ​ചി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

12 ചില സംസ്‌കാ​ര​ങ്ങ​ളിൽ മക്കൾക്കു​വേണ്ടി വിവാഹം ആലോ​ചി​ക്കു​ന്നതു മാതാ​പി​താ​ക്ക​ളാണ്‌. മക്കൾക്കു പറ്റിയത്‌ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ അറിയാ​വു​ന്നതു മാതാ​പി​താ​ക്കൾക്കാണ്‌ എന്നാണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌. ബൈബിൾക്കാ​ല​ങ്ങ​ളി​ലും ഇതേ രീതി​യു​ണ്ടാ​യി​രു​ന്നു. ഈ രീതി പിൻപ​റ്റാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ എങ്ങനെ​യുള്ള ഒരാളെ നോക്ക​ണ​മെന്നു മനസ്സി​ലാ​ക്കാൻ മാതാ​പി​താ​ക്കളെ ബൈബിൾ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, അബ്രാ​ഹാം തന്റെ മകനായ യിസ്‌ഹാ​ക്കിന്‌ ഒരു ഭാര്യയെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ പണമോ സമൂഹ​ത്തി​ലെ നിലയോ അല്ല നോക്കി​യത്‌. പെൺകു​ട്ടി യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ഒരാളാ​ണോ എന്നാണു നോക്കി​യത്‌.​—ഉൽപത്തി 24:3, 67; പിൻകു​റിപ്പ്‌ 25 കാണുക.

വിവാ​ഹ​ത്തി​നുള്ള പക്വതയിലെത്താൻ ഞാൻ എന്തു ചെയ്യണം?

13-15. (എ) ഒരു പുരു​ഷനു നല്ലൊരു ഭർത്താ​വാ​കാൻ എങ്ങനെ തയ്യാ​റെ​ടു​ക്കാം? (ബി) ഒരു സ്‌ത്രീ​ക്കു നല്ലൊരു ഭാര്യ​യാ​കാൻ എങ്ങനെ തയ്യാ​റെ​ടു​ക്കാം?

13 വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അതിനുള്ള പക്വത​യു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. നിങ്ങൾക്കു പക്വത​യു​ണ്ടെന്ന്‌ ഒരുപക്ഷേ നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ വിവാ​ഹ​ത്തി​നു വേണ്ട പക്വത എന്നു പറഞ്ഞാൽ ശരിക്കും എന്താ​ണെന്നു നോക്കാം. ഉത്തരം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

വിവാഹത്തെക്കുറിച്ച്‌ ദൈവ​വ​ചനം തരുന്ന നിർദേശങ്ങൾ വായിക്കാനും ധ്യാനി​ക്കാ​നും സമയ​മെ​ടു​ക്കു​ക

14 കുടും​ബ​ത്തിൽ ഭാര്യ​ക്കും ഭർത്താ​വി​നും വ്യത്യസ്‌ത ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ണ്ടെന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ വിവാ​ഹ​ത്തി​നു വേണ്ട പക്വത പ്രാപി​ക്കു​ന്ന​തിന്‌ ഒരു സ്‌ത്രീ​യും പുരു​ഷ​നും വ്യത്യസ്‌ത​കാ​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കാം ശ്രദ്ധി​ക്കേ​ണ്ടത്‌. ഒരു പുരുഷൻ വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​ന്നെ​ങ്കിൽ കുടും​ബ​ത്തി​ന്റെ തലയാ​കാൻ വേണ്ട പക്വത തനിക്ക്‌ ഉണ്ടോ എന്നു സ്വയം ചോദി​ക്കണം. ഒരു ഭർത്താവ്‌ ഭാര്യ​ക്കും മക്കൾക്കും ചെലവി​നു കൊടു​ക്കാ​നും വൈകാ​രി​ക​മാ​യി നല്ല പിന്തുണ കൊടു​ക്കാ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌. ഏറ്റവും പ്രധാ​ന​മാ​യി, ദൈവത്തെ ആരാധി​ക്കുന്ന കാര്യ​ത്തിൽ കുടും​ബ​ത്തിൽ അദ്ദേഹം നേതൃ​ത്വ​മെ​ടു​ക്കണം. കുടും​ബ​ത്തി​നു​വേണ്ടി കരുതാത്ത ഒരാളെ ‘അവിശ്വാ​സി​യെ​ക്കാൾ മോശ​മായ’ ഒരാളാ​യി​ട്ടാ​ണു ബൈബിൾ പറയു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 5:8) നിങ്ങൾ വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ആലോ​ചി​ക്കുന്ന ഒരു പുരു​ഷ​നാ​ണെ​ങ്കിൽ പിൻവ​രുന്ന ബൈബിൾത​ത്ത്വം എങ്ങനെ ബാധക​മാ​ക്കാ​മെന്നു ചിന്തി​ക്കുക: “വെളി​യി​ലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാ​ക്കുക; പിന്നെ നിന്റെ വീടു പണിയുക.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ നിങ്ങൾക്ക്‌ യഹോവ പ്രതീ​ക്ഷി​ക്കുന്ന തരം ഒരു ഭർത്താ​വാ​കാൻ കഴിയു​മെന്നു വിവാ​ഹ​ത്തി​നു മുമ്പേ ഉറപ്പു​വ​രു​ത്തുക.​—സുഭാ​ഷി​തങ്ങൾ 24:27.

15 വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുന്ന ഒരു സ്‌ത്രീ താൻ ഒരു ഭാര്യ​യു​ടെ​യും ഒരുപക്ഷേ ഒരു അമ്മയു​ടെ​യും ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ ഒരുങ്ങി​യി​ട്ടു​ണ്ടോ എന്നു സ്വയം ചോദി​ക്കണം. നല്ലൊരു ഭാര്യ ഭർത്താ​വി​നു​വേ​ണ്ടി​യും മക്കൾക്കു​വേ​ണ്ടി​യും കരുതുന്ന പല വിധങ്ങ​ളിൽ ചിലതു ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 31:10-31) വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന പല സ്‌ത്രീ​പു​രു​ഷ​ന്മാ​രും അവരുടെ ഇണ തങ്ങൾക്കു​വേണ്ടി എന്തു ചെയ്യു​മെന്നു മാത്ര​മാ​ണു ചിന്തി​ക്കു​ന്നത്‌. എന്നാൽ ഇണയ്‌ക്കു​വേണ്ടി എന്തു ചെയ്യാൻ പറ്റു​മെന്നു നമ്മൾ ചിന്തി​ക്ക​ണ​മെ​ന്നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.

16, 17. വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കിൽ നിങ്ങൾ എന്തു ചിന്തി​ക്കണം?

16 നിങ്ങൾ വിവാഹം കഴിക്കു​ന്ന​തി​നു മുമ്പു​തന്നെ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെ​ക്കു​റിച്ച്‌ യഹോവ എന്തു പറയു​ന്നെന്ന കാര്യം ചിന്തി​ക്കുക. കുടും​ബ​ത്തി​ന്റെ തലയാ​യി​രി​ക്കുക എന്നു പറഞ്ഞാൽ ഭാര്യ​യെ​യും മക്കളെ​യും വിരട്ടി നിറു​ത്തുക എന്നല്ല, സംസാ​ര​ത്തി​ലും ഇടപെ​ട​ലി​ലും അങ്ങനെ​യാ​യി​രി​ക്ക​രുത്‌. നല്ലൊരു കുടും​ബ​നാ​ഥൻ യേശു​വി​നെ അനുക​രി​ക്കും. യേശു തന്റെ കീഴി​ലു​ള്ള​വരെ എപ്പോ​ഴും സ്‌നേ​ഹി​ക്കു​ക​യും അവരോ​ടു ദയയോ​ടെ പെരു​മാ​റു​ക​യും ചെയ്‌തു. (എഫെസ്യർ 5:23) ഭർത്താ​വി​ന്റെ തീരു​മാ​ന​ങ്ങളെ പിന്തു​ണയ്‌ക്കുക, അദ്ദേഹ​വു​മാ​യി സഹകരി​ച്ചു​പോ​കുക എന്നൊക്കെ പറഞ്ഞാൽ എന്താ​ണെന്ന്‌ ഒരു സ്‌ത്രീ ചിന്തി​ക്കണം. (റോമർ 7:2) ഒരു സ്‌ത്രീക്ക്‌ ഇങ്ങനെ ചോദി​ക്കാം: ‘സന്തോ​ഷ​ത്തോ​ടെ ഒരു അപൂർണ​മ​നു​ഷ്യ​നു കീഴ്‌പെ​ട്ടി​രി​ക്കാൻ എനിക്കു പറ്റുമോ?’ അതിനു പറ്റി​ല്ലെന്നു തോന്നുന്ന ഒരു സ്‌ത്രീ തത്‌കാ​ലം ഏകാകി​യാ​യി തുടരാൻ തീരു​മാ​നി​ച്ചേ​ക്കാം.

17 ഭാര്യ​യും ഭർത്താ​വും സ്വന്തം സന്തോ​ഷ​ത്തെ​ക്കാൾ ഇണയുടെ സന്തോ​ഷ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കണം. (ഫിലി​പ്പി​യർ 2:4 വായി​ക്കുക.) “നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം. അതേസ​മയം ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കു​ക​യും വേണം” എന്നു പൗലോസ്‌ എഴുതി. (എഫെസ്യർ 5:21-33) തനിക്കു സ്‌നേ​ഹ​വും ആദരവും ലഭിക്കു​ന്നു​ണ്ടെന്നു സ്‌ത്രീ​ക്കും പുരു​ഷ​നും തോന്നണം. ദാമ്പത്യം നന്നായി മുന്നോ​ട്ടു പോക​ണ​മെ​ങ്കിൽ ഭാര്യ തന്നെ ആദരി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു പുരു​ഷ​നും, ഭർത്താവ്‌ തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു സ്‌ത്രീ​ക്കും മനസ്സി​ലാ​കണം.

18. പരസ്‌പരം അടുത്ത്‌ അറിയാൻ ഒന്നിച്ച്‌ സമയം ചെലവ​ഴി​ക്കു​മ്പോൾ ഒരു പുരു​ഷ​നും സ്‌ത്രീ​യും ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

18 വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തിൽ പരസ്‌പരം അടുത്ത്‌ അറിയാൻ ഒന്നിച്ച്‌ സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ അതു സന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കണം. ആ സമയത്ത്‌ സത്യസ​ന്ധ​മാ​യി സംസാ​രി​ക്കുക, വസ്‌തു​തകൾ ശരിയാ​യി വിലയി​രു​ത്താൻ ശ്രമി​ക്കുക. അപ്പോൾ ഇരുവർക്കും ഒന്നിച്ച്‌ ജീവി​ക്ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ കഴിയും. ഒരു പുരു​ഷ​നും സ്‌ത്രീ​യും പരസ്‌പരം ആശയവി​നി​മയം നടത്താൻ പഠിക്കു​ക​യും മറ്റേയാ​ളു​ടെ ഹൃദയ​ത്തിൽ ശരിക്കും എന്താണു​ള്ള​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും വേണം. അങ്ങനെ അവരുടെ ബന്ധത്തിന്റെ ആഴം കൂടു​മ്പോൾ സ്വാഭാ​വി​ക​മാ​യും അവർക്കു തമ്മിൽ ശാരീ​രി​ക​മായ ആകർഷണം തോന്നും. വിവാ​ഹ​ത്തി​നു മുമ്പ്‌ ഇത്തരം വികാ​രങ്ങൾ പ്രകടി​പ്പി​ക്കുന്ന കാര്യ​ത്തിൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അധാർമി​ക​ത​യിൽ ഏർപ്പെ​ടാൻ സാധ്യ​ത​യുണ്ട്‌. യഥാർഥസ്‌നേഹം ആത്മനി​യ​ന്ത്രണം പാലി​ക്കാ​നും അവർ തമ്മിലുള്ള ബന്ധവും അവർക്ക്‌ യഹോ​വ​യു​മാ​യുള്ള ബന്ധവും തകരാ​തി​രി​ക്കാ​നും സഹായി​ക്കും.​—1 തെസ്സ​ലോ​നി​ക്യർ 4:6.

പരസ്‌പരം അടുത്ത്‌ അറിയുന്ന സമയത്ത്‌, ഒരു പുരു​ഷ​നും സ്‌ത്രീ​ക്കും ആശയവി​നി​മയം ചെയ്യാൻ പഠിക്കാ​നാ​കും

ദാമ്പത്യം നിലനിൽക്കുന്നതാക്കാൻ എനിക്ക്‌ എന്തു ചെയ്യാം?

19, 20. ക്രിസ്‌ത്യാ​നി​കൾ വിവാ​ഹത്തെ എങ്ങനെ​യാ​ണു കാണു​ന്നത്‌?

19 പല പുസ്‌ത​ക​ങ്ങ​ളി​ലും സിനി​മ​ക​ളി​ലും കഥ അവസാ​നി​ക്കു​ന്നതു വലിയ, സന്തോ​ഷ​ക​ര​മായ വിവാ​ഹ​ത്തോ​ടെ​യാണ്‌. എന്നാൽ യഥാർഥ​ജീ​വി​ത​ത്തിൽ വിവാഹം ഒരു തുടക്കം മാത്ര​മാണ്‌. വിവാഹം ഒരു നിലനിൽക്കുന്ന ബന്ധമാ​യി​രി​ക്കാ​നാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌.​—ഉൽപത്തി 2:24.

20 ഇന്നു പലരും വിവാ​ഹത്തെ ഒരു താത്‌കാ​ലി​ക​ക്ര​മീ​ക​ര​ണ​മാ​യി​ട്ടാ​ണു കാണു​ന്നത്‌. വിവാഹം കഴിക്കാ​നും വിവാ​ഹ​മോ​ചനം നേടാ​നും ഇന്ന്‌ എളുപ്പ​മാണ്‌. പ്രശ്‌നങ്ങൾ തുടങ്ങു​മ്പോൾ, ഇണയെ ഉപേക്ഷിച്ച്‌ വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കാ​നുള്ള സമയമാ​യെ​ന്നാ​ണു ചിലർ വിചാ​രി​ക്കു​ന്നത്‌. എന്നാൽ മൂന്നു പിരി​യുള്ള, ബലമുള്ള കയറിന്റെ ബൈബിൾദൃ​ഷ്ടാ​ന്തം ഓർക്കുക. ഇങ്ങനെ​യുള്ള ഒരു കയർ അത്ര പെട്ടെ​ന്നൊ​ന്നും പൊട്ടില്ല. വിവാഹം നിലനിൽക്ക​ണ​മെ​ങ്കിൽ യഹോ​വ​യു​ടെ സഹായം തേടണം. യേശു പറഞ്ഞു: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”​—മത്തായി 19:6.

21. പരസ്‌പരം സ്‌നേ​ഹി​ക്കാൻ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെ എന്തു സഹായി​ക്കും?

21 നമു​ക്കെ​ല്ലാം കഴിവു​ക​ളും കുറവു​ക​ളും ഉണ്ട്‌. മറ്റുള്ള​വ​രു​ടെ കുറവു​കൾ ശ്രദ്ധി​ക്കാൻ എളുപ്പ​മാണ്‌, പ്രത്യേ​കി​ച്ചും നമ്മുടെ ഇണയു​ടേത്‌. എന്നാൽ നമ്മൾ ഇങ്ങനെ ചെയ്‌താൽ നമുക്കു സന്തോഷം കിട്ടില്ല. നേരെ മറിച്ച്‌ ഇണയുടെ നല്ല ഗുണങ്ങൾ നമ്മൾ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ നമ്മുടെ വിവാ​ഹ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​യി​രി​ക്കും. അപൂർണ​ത​യുള്ള ഒരാളു​ടെ നല്ല ഗുണങ്ങൾ മാത്രം ശ്രദ്ധി​ക്കാൻ പറയു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കു​ന്ന​താ​ണോ? അതെ! നമ്മൾ എത്ര​ത്തോ​ളം അപൂർണ​രാ​ണെന്ന്‌ യഹോ​വയ്‌ക്ക്‌ അറിയാം. എന്നിട്ടും യഹോവ നമ്മുടെ നല്ല ഗുണങ്ങ​ളി​ലാ​ണു ശ്രദ്ധി​ക്കു​ന്നത്‌. ദൈവം അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കി​ലോ? സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, തെറ്റു​ക​ളി​ലാണ്‌ അങ്ങ്‌ ശ്രദ്ധ വെക്കു​ന്ന​തെ​ങ്കിൽ യാഹേ, ആർക്കു പിടി​ച്ചു​നിൽക്കാ​നാ​കും?” (സങ്കീർത്തനം 130:3) ഇണയിലെ നന്മ കാണാൻ ശ്രമി​ച്ചു​കൊ​ണ്ടും പെട്ടെന്നു ക്ഷമിച്ചു​കൊ​ണ്ടും ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ യഹോ​വയെ അനുക​രി​ക്കാം.​—കൊ​ലോ​സ്യർ 3:13 വായി​ക്കുക.

22, 23. അബ്രാ​ഹാ​മും സാറയും വിവാ​ഹി​തർക്ക്‌ ഒരു നല്ല മാതൃക വെച്ചത്‌ എങ്ങനെ?

22 വർഷങ്ങൾ കടന്നു​പോ​കു​ന്തോ​റും വിവാ​ഹ​ബന്ധം കൂടുതൽ ശക്തമാ​യേ​ക്കാം. അബ്രാ​ഹാ​മി​ന്റെ​യും സാറയു​ടെ​യും വിവാ​ഹ​ജീ​വി​തം അങ്ങനെ​യുള്ള ഒന്നായി​രു​ന്നു, വളരെ സന്തോ​ഷ​ക​ര​വു​മാ​യി​രു​ന്നു. ഊർ നഗരത്തി​ലെ വീടു വിട്ടു​പോ​കാൻ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞ​പ്പോൾ സാറയ്‌ക്കു സാധ്യ​ത​യ​നു​സ​രിച്ച്‌ 60 വയസ്സിനു മേൽ പ്രായ​മു​ണ്ടാ​യി​രു​ന്നു. സുഖസൗ​ക​ര്യ​മുള്ള വീടു വിട്ട്‌ കൂടാ​ര​ങ്ങ​ളിൽ താമസി​ക്കുക എന്നതു സാറയ്‌ക്ക്‌ എത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കാം എന്നു ചിന്തി​ച്ചു​നോ​ക്കൂ. എന്നാൽ സാറ തന്റെ ഭർത്താ​വി​ന്റെ നല്ല സുഹൃ​ത്തും പങ്കാളി​യും ആയിരു​ന്നു. അബ്രാ​ഹാ​മി​നോ​ടു നല്ല ആദരവു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ സാറ അബ്രാ​ഹാ​മി​ന്റെ തീരു​മാ​ന​ങ്ങളെ പിന്തു​ണയ്‌ക്കു​ക​യും അവ വിജയി​പ്പി​ക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു.​—ഉൽപത്തി 18:12; 1 പത്രോസ്‌ 3:6.

23 നല്ലൊരു വിവാ​ഹ​ജീ​വി​തം എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌ ഭാര്യാ​ഭർത്താ​ക്ക​ന്മാർക്ക്‌ എല്ലാ കാര്യ​ത്തി​ലും എല്ലായ്‌പോ​ഴും ഒരേ അഭി​പ്രാ​യം ഉണ്ടായി​രി​ക്കും എന്നല്ല. ഒരിക്കൽ അബ്രാ​ഹാ​മി​നു സാറയു​മാ​യി ഒരു കാര്യ​ത്തിൽ യോജി​ക്കാൻ പറ്റാതെ വന്നപ്പോൾ “സാറ പറയു​ന്നതു കേൾക്കുക” എന്ന്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു. അബ്രാ​ഹാം അങ്ങനെ ചെയ്‌തു, അതു​കൊ​ണ്ടു ഗുണവു​മു​ണ്ടാ​യി. (ഉൽപത്തി 21:9-13) നിങ്ങളും ഇണയും തമ്മിൽ വിയോ​ജി​പ്പു​കൾ ഉണ്ടാകു​ന്നെ​ങ്കിൽ നിരു​ത്സാ​ഹ​പ്പെ​ട​രുത്‌. ഏറ്റവും പ്രധാ​ന​കാ​ര്യം, വിയോ​ജി​പ്പു​ള്ള​പ്പോൾപ്പോ​ലും പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ​യും ആദര​വോ​ടെ​യും വേണം നിങ്ങൾ ഇടപെ​ടാൻ എന്നതാണ്‌.

ദൈവവചനം തുടക്കം​മു​തലേ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​ക്കു​ക

24. നമ്മുടെ വിവാ​ഹ​ജീ​വി​തം യഹോ​വയ്‌ക്കു മഹത്ത്വം നൽകി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

24 ക്രിസ്‌തീ​യ​സ​ഭ​യിൽ സന്തോ​ഷ​മുള്ള ആയിര​ക്ക​ണ​ക്കിന്‌ ദമ്പതി​ക​ളുണ്ട്‌. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഇക്കാര്യം ഓർക്കുക: ഇണയെ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണു നിങ്ങൾ ജീവി​ത​ത്തിൽ എടു​ത്തേ​ക്കാ​വു​ന്ന​തി​ലും​വെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​ന​ങ്ങ​ളി​ലൊന്ന്‌. അതു നിങ്ങളു​ടെ പിന്നീ​ടുള്ള ജീവി​തത്തെ ബാധി​ക്കും. അതു​കൊണ്ട്‌ മാർഗ​നിർദേ​ശ​ത്തി​നു​വേണ്ടി യഹോ​വ​യി​ലേക്കു നോക്കുക. അപ്പോൾ നിങ്ങൾക്കു ജ്ഞാനപൂർവം ഇണയെ കണ്ടെത്താ​നും വിവാ​ഹ​ത്തി​നാ​യി നന്നായി തയ്യാ​റെ​ടു​ക്കാ​നും യഹോ​വയ്‌ക്കു മഹത്ത്വം നൽകുന്ന ശക്തമായ സ്‌നേ​ഹ​ബന്ധം ഇണയു​മാ​യി വളർത്തി​യെ​ടു​ക്കാ​നും കഴിയും.