വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ പ്രശ്‌നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?

നമ്മുടെ പ്രശ്‌നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?

നമ്മുടെ പ്രശ്‌നങ്ങൾ അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?

രാമു പരുക്കൻ റോഡിലൂടെ അയൽക്കാരന്റെ ഭവനത്തിലേക്ക്‌ പോകവേ കാർമേഘങ്ങൾ ഉരുണ്ടു കൂടുകയായിരുന്നു. അവന്‌ ശങ്ക തോന്നി. പരീക്ഷാകാലം അടുത്തു, കണക്കിൽ അവന്റെ ചില പാഠങ്ങൾ അവന്‌ മനസ്സിലാകുന്നില്ലായിരുന്നു. സഹായം തേടി അവരുടെ അയൽക്കാരനെ സമീപിക്കാൻ അവന്റെ അമ്മ അവനെ നിർബന്ധിച്ചു. എന്നാൽ നഗരത്തിലെ ഒരു സ്‌കൂളിൽ കണക്ക്‌ പഠിപ്പിച്ചുകൊണ്ടിരുന്ന സാറിനോട്‌ രാമു അതുവരെ സംസാരിച്ചിട്ടില്ലായിരുന്നു. അവർ സ്‌നേഹമുളള ഒരു കുടുംബം ആണെന്നും സഹായിക്കാൻ സന്തോഷമുളളവരായിരിക്കുമെന്നും അമ്മ പറഞ്ഞിരുന്നു. അവരുടെ അവസ്ഥ മനസ്സിലാക്കി, റേഷൻ കടയിൽനിന്ന്‌ അമ്മയുടെ അരിയുംകൂടെ സാറിന്റെ ഭാര്യ കൊണ്ടുവന്നുതന്നില്ലേ?

രാമു തന്റെ അമ്മയെക്കുറിച്ചും പ്രഭാതം മുതൽ പ്രദോഷം വരെ അവർ എത്ര കഠിനാദ്ധ്വാനം ചെയ്‌തിരുന്നുവെന്നും ആലോചിച്ചു. ആഹാരംകൊടുക്കാനും വസ്‌ത്രം ഉടുപ്പിക്കാനും പരിപാലിക്കാനും പെട്ടെന്നുതന്നെ കുടുംബത്തിൽ മറെറാരംഗംകൂടെ ഉണ്ടാകും. നന്നായി പഠിക്കാനും അങ്ങനെ ഒരു നല്ല ജോലി സമ്പാദിച്ച്‌ കുടുംബത്തെ പോററാൻ സഹായിക്കാനും അവന്റെ അച്ഛൻ അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നതിൽ അതിശയിക്കാനില്ല.

അവൻ സാറിന്റെ ഭവനത്തിൽ എത്തി. അവൻ വാതിൽക്കൽ മടിച്ചു നിൽക്കുമ്പോൾ സൗമ്യമായ ഒരു ശബ്ദം പറഞ്ഞു, “ഹലൊ, അകത്തേക്കു വരൂ,” രാമു അകത്തേക്കു കടക്കുകയും ചെയ്‌തു.

കുറച്ചു സമയം കഴിഞ്ഞ്‌ രാമുവിന്റെ അച്ഛൻ, ആനന്ദ്‌ ജോലികഴിഞ്ഞ്‌ തിരിച്ചു വരികയായിരുന്നു. തന്റെ മകൻ സാറിന്റെ ഭവനത്തിൽ നിന്ന്‌ ഇറങ്ങിപ്പോകുന്നത്‌ അയാൾ കണ്ടു. രാമു സന്തുഷ്ടനാണെന്ന്‌ തോന്നി, അവൻ തുളളിച്ചാടി പോകുകയായിരുന്നു. ആനന്ദ്‌ സാറിന്റെ ഭവനത്തിനടുത്തെത്തിയപ്പോൾ ആകാശം തുറന്നു, വൻമഴയുണ്ടായി. രാമു വീട്ടിലേക്ക്‌ ഓടിപ്പോകുന്നത്‌ നോക്കിക്കൊണ്ടിരുന്ന സ്‌കൂൾ അദ്ധ്യാപകൻ ആനന്ദിനെ വീടിനുളളിലേക്ക്‌ വിളിച്ചു കയററുകയും മഴവെളളം അടിച്ചുകയറാതെ പെട്ടെന്ന്‌ വാതിൽ അടക്കുകയും ചെയ്‌തു.

നമ്മെയെല്ലാം അഭിമുഖീകരിക്കുന്ന പ്രശനങ്ങൾ

സൈക്കിൾ കേടുപോക്കുന്ന തന്റെ കടയിൽ പകൽ മുഴുവൻ വേലചെയ്‌ത്‌ തളർന്ന ആനന്ദ്‌, സാറിന്റെ ഭാര്യയായ മറിയം ഉണ്ടാക്കിക്കൊടുത്ത ഒരു കപ്പ്‌ ചൂടുചായ സന്തോഷപൂർവ്വം സ്വീകരിച്ചു. മറിയം തന്റെ തയ്യൽ മെഷീനടുത്തേക്ക്‌ തിരിച്ചു പോവുകയും സാറിന്റെ മക്കളായ പൗലോസും റാഹേലും അവരുടെ ഗൃഹപാഠത്തിൽ വ്യാപൃതരാവുകയും ചെയ്യുമളവിൽ അയാൾ വൃത്തിയുളള ആ മുറിയിൽ ചുററും ഒന്ന്‌ കണ്ണോടിച്ചു. പെട്ടെന്നുതന്നെ ആനന്ദ്‌ വിദ്വേഷം നിറഞ്ഞവനായി പൊട്ടിത്തെറിച്ചു, “ഞാൻ അനുദിനം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കില്ലെന്ന്‌ എനിക്കു കാണുവാൻ കഴിയും. നിങ്ങളെല്ലാം വളരെ ശാന്തരും സംതൃപ്‌തരും ആണ്‌. എനിക്ക്‌ നിങ്ങളോട്‌ എത്ര അസൂയ തോന്നുന്നു!” സാർ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു, “കൊളളാം, ആനന്ദ്‌ ഞങ്ങൾക്കും ഞങ്ങളുടേതായ പ്രശ്‌നങ്ങൾ ഉണ്ട്‌. എന്നാൽ താങ്കളെ പ്രത്യേകിച്ചും ശല്യപ്പെടുത്തുന്നതെന്താണ്‌?”

സാറിന്റെ ദയാപുരസ്സരമായ താൽപ്പര്യത്താൽ ഉൻമേഷവാനായി ആനന്ദ്‌ തന്റെ ഹൃദയം പകരാൻ തുടങ്ങി. പണം, അതാണ്‌ മുഖ്യസംഗതി. കഴിഞ്ഞുകൂടാൻ വേണ്ടത്‌ ഒരിക്കലും ഇല്ലായിരുന്നു. മുതലാളി വാടക കൂട്ടിക്കൊണ്ടിരുന്നു; സ്‌കൂൾ ഫീസും പുസ്‌തകങ്ങളുടെയും യൂണിഫോമിന്റെയും വിലയും എന്നും കുതിച്ചുയരുകയായിരുന്നു. തന്റെ ഭാര്യയായ നിർമ്മല ചന്തയിൽ പോയി വരുന്ന ഓരോ സമയത്തും നിത്യോപയോഗ സാധനങ്ങളുടെപോലും വിലവർദ്ധന സംബന്ധിച്ച്‌ അവൾ പരാതി പറഞ്ഞു. ഇപ്പോൾ അവൾ വീണ്ടും ഗർഭിണിയാണ്‌, അവൾക്ക്‌ ക്ഷീണവും രക്തക്കുറവും ഉളളതിനാൽ ടോണിക്‌ കഴിക്കണമെന്ന്‌ ഡോക്ടർ പറഞ്ഞു. പണം എവിടെ നിന്നു കിട്ടും? തന്റെ മകൻ രാമു സ്‌കൂൾ പഠനം പൂർത്തിയാക്കുന്നതിന്‌ ഇനിയും കുറേ വർഷങ്ങൾകൂടെ എടുക്കും, അവനെ ഒരു നല്ല സ്‌കൂളിൽ അയക്കുന്നതിനുളള ചെലവോ, അവന്‌ ഒരു നല്ല ജോലി കിട്ടുമെന്ന്‌ എന്തുറപ്പാണുളളത്‌? എന്തിന്‌ പല ഡിഗ്രികൾ ഉളള കോളജ്‌ ബിരുദധാരികൾപോലും തൊഴിൽരഹിതരാണ്‌. ഒരു സൈക്കിൾ നന്നാക്കലുകാരന്റെ മകന്‌ അവരുടെ ജീവിതഭാഗധേയം മെച്ചപ്പെടുത്താൻ കഴിയുന്ന ജോലി കണ്ടെത്താൻ കഴിയുമെന്ന്‌ എന്തു പ്രതീക്ഷയാണുളളത്‌? സ്‌ത്രീധനം കൊടുക്കാൻ പണമില്ലാതെ തന്റെ പെൺമക്കൾക്ക്‌ ഭർത്താക്കൻമാരെ കണ്ടെത്താൻ അയാൾക്ക്‌ എങ്ങനെ പ്രത്യാശിക്കാൻ കഴിയും? ഇത്‌ നിയമവിരുദ്ധമാണെങ്കിലും ഒരു രൂപത്തിലല്ലെങ്കിൽ മറെറാരു രൂപത്തിൽ ആളുകൾ ഇപ്പോഴും അത്‌ ആവശ്യപ്പെടുന്നു.

ആനന്ദ്‌ സത്യസന്ധനായ ഒരു മനുഷ്യനായി സ്വയം കരുതുന്നു. മോഷ്ടിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്‌ അയാളുടെ മാതാപിതാക്കൾ അയാളെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ അത്‌ അയാളെ എവിടെ എത്തിച്ചു? അയാൾ അഴിമതി ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ സത്യസന്ധമായ മാർഗ്ഗങ്ങളിലൂടെ ഒരിക്കലും മുന്നേറാൻ കഴിയാതിരുന്നേക്കാമെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. സൈക്കിൾ നന്നാക്കുന്ന മററുളളവർ മോഷ്ടിച്ചുകൊണ്ടു വരുന്ന സൈക്കിളുകൾ വിററു, പഴയ സ്‌പെയർ പാർട്ടുകൾ പുതിയതെന്ന്‌ പറഞ്ഞ്‌ വിൽപ്പന നടത്തി, അവരുടെ വ്യാപാരം തഴച്ചു വളരുകയായിരുന്നു. അയാൾക്കും എന്തുകൊണ്ട്‌ അത്‌ ചെയ്‌തുകൂടാ? അൽപ്പംകൂടെ പണം അയാളുടെ ഭാരങ്ങളിൽ പലതും കുറയ്‌ക്കുമായിരുന്നു.

ആനന്ദ്‌ തന്റെ കഷ്ടപ്പാടുകളുടെ കഥ പറഞ്ഞു തീരുന്നതുവരെ സാർ ക്ഷമയോടെയും അനുകമ്പയോടെയും കേട്ടിരുന്നു.

അയാൾ ചോദിച്ചു, “ആനന്ദ്‌, പണം താങ്കളുടെ പ്രശ്‌നങ്ങളെ പരിഹരിക്കുമെന്ന്‌ താങ്കൾ യഥാർത്ഥമായി വിചാരിക്കുന്നുണ്ടോ? ധനികരായ എല്ലാ ആളുകളും സന്തുഷ്ടരും സുരക്ഷിതരും പ്രശ്‌നമൊന്നുമില്ലാത്തവരും ആണെന്ന്‌ താങ്കൾ കരുതുന്നുണ്ടോ? അവർക്ക്‌ ഒരിക്കലും രോഗം ഉണ്ടാകുന്നില്ലേ? അവരുടെ മക്കൾ മയക്കുമരുന്നാസക്തരോ ദുർമ്മാർഗ്ഗികളോ മൽസരികളോ ആയിത്തീരുന്നതു സംബന്ധിച്ചെന്ത്‌? പണം ധാരാളമുളള വികസിത രാഷ്‌ട്രങ്ങളിൽ അഴിമതി, കൈക്കൂലി, തൊഴിലില്ലായ്‌മ, അക്രമത്തിന്റെ വർദ്ധനവ്‌ എന്നിവയെക്കുറിച്ച്‌ നാം കേൾക്കുന്നില്ലേ? ഇല്ല, ആനന്ദ്‌, എന്റെയോ താങ്കളുടെയോ പ്രശ്‌നങ്ങൾ പണംതന്നെ പരിഹരിക്കുമെന്നതിനോട്‌ എനിക്ക്‌ യോജിക്കാൻ കഴിയുന്നില്ല.”

“താങ്കളുടെ പ്രശ്‌നങ്ങൾ, എന്താണവ?” ആനന്ദ്‌ ചോദിച്ചു.

“അവ താങ്കളുടേതു തന്നെയാണ്‌, ആനന്ദ്‌. താങ്കൾക്ക്‌ അറിയാവുന്നതുപോലെ, നമ്മിൽ മിക്കവർക്കും ഒരേ പ്രശ്‌നങ്ങൾതന്നെയാണുളളത്‌.”

“എന്നാൽ താങ്കൾ എന്നെപ്പോലെ അസ്വസ്ഥനല്ല. താങ്കളുടെ കുടുംബം പ്രശാന്തവും സന്തുഷ്ടവും ആണെന്ന്‌ ഞാൻ കാണുന്നു. സാർ, എന്താണിതിന്റെ രഹസ്യം?”

“കൊളളാം ആനന്ദ്‌, ഒരാൾ പെട്ടെന്നുതന്നെ നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ പോകുന്നുവെന്ന്‌ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക്‌ ബോദ്ധ്യമുണ്ട്‌.”

“എന്താ, ഒരു ഭാഗ്യക്കുറി കിട്ടുമെന്ന്‌ നിങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണോ?”

“അല്ല, അതല്ല,” സാർ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. “അല്ല, ആനന്ദ്‌, വളരെ പെട്ടെന്നുതന്നെ ദൈവം ലോകകാര്യങ്ങളിൽ ഇടപെടാനും മാന്യരും സമാധാന പ്രിയരുമായ ആളുകൾ വിലവർദ്ധനവൊ രോഗമൊ കുററകൃത്യമൊ പാർപ്പിടപ്രശ്‌നങ്ങളൊ തൊഴിലില്ലായ്‌മയൊ അക്രമമൊ അരക്ഷിതത്വമൊ സംബന്ധിച്ച്‌ മേലാൽ വ്യാകുലപ്പെടേണ്ടതില്ലാത്ത തരം ഒരു മാററം കൈവരുത്താനും പോവുകയാണെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു.”

ആനന്ദ്‌ ആശ്ചര്യത്തോടെ നോക്കി. “താങ്കൾ പറയുന്നത്‌ എന്റെ അമ്മയെപ്പോലെയാണ്‌: ‘സകലവും ദൈവത്തിന്‌ വിട്ടുകൊടുക്കുക; നിന്റെ വിധി അവന്റെ കരങ്ങളിലാണ്‌.’ സാർ, അങ്ങയെപ്പോലെ വിദ്യാസമ്പന്നനായ ഒരാളിൽ നിന്ന്‌ ഞാൻ അത്തരം ഒരു ചിന്താഗതി പ്രതീക്ഷിച്ചില്ല. താങ്കൾ ഒരു ക്രിസ്‌ത്യാനിയാണെന്ന്‌ എനിക്കറിയാം, എന്നാൽ എനിക്കറിയാവുന്ന മററു ക്രിസ്‌ത്യാനികൾ താങ്കളെപ്പോലെ വിചാരിക്കുന്നില്ല. അവർ തങ്ങളുടെ സ്വന്തം ശ്രമങ്ങളാൽ അവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ട്‌ രാഷ്‌ട്രീയത്തിലും പ്രകടനങ്ങളിലും സജീവമായി പങ്കെടുക്കുന്നു; കാര്യാദികൾക്ക്‌ മാററം വരുത്താൻ അവർ വെറുതെ ‘ദൈവത്തെ ഏൽപ്പിക്കുന്നില്ല.’”

“പക്ഷേ, ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നതും സഭകൾ പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന്‌ പറയേണ്ടിയിരിക്കുന്നു, ആനന്ദ്‌. ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന, അതായത്‌ തങ്ങൾ ക്രിസ്‌തുവിനെയും ബൈബിളിലെ ഉപദേശങ്ങളെയും പിൻപററുന്നു എന്നു പറയുന്ന, അനേകം വ്യത്യസ്‌ത സമൂഹങ്ങൾ ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്ന്‌ താങ്കൾക്ക്‌ അറിയാമല്ലൊ. എങ്കിലും, നിങ്ങൾ അവരുടെ വിശ്വാസങ്ങൾ പരിശോധിക്കുമ്പോൾ അവരുടെ ഉപദേശങ്ങളിൽ അനേകവും ക്രിസ്‌തുവിന്റെ ഉപദേശങ്ങളിൽ നിന്ന്‌ വിഭിന്നമാണെന്ന്‌ നിങ്ങൾ കണ്ടെത്തുന്നു. ഉദാഹരണമായി, തങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കാനും അക്രമരഹിതരായിരിക്കാനും ക്രിസ്‌തു തന്റെ അനുഗാമികളെ പഠിപ്പിച്ചു. ക്രിസ്‌തീയ ജനതകൾ ആയി അറിയപ്പെടുന്നവർ ഈ ഉപദേശം പിൻപററുന്നുണ്ടോ? രണ്ടു ലോകയുദ്ധങ്ങളിലും ആണവായുധങ്ങളുടെ നിർമ്മാണത്തിലും അവർ നേതൃത്വം എടുത്തില്ലേ? സഭകൾ അവരെ പിന്താങ്ങിയതായും രേഖ പ്രകടമാക്കുന്നു. അതുകൊണ്ട്‌ അക്രൈസ്‌തവ ജനതകളിലേക്ക്‌ അവർ തങ്ങളുടെ മിഷനറിമാരെ അയക്കുമ്പോൾ അവർ എല്ലായ്‌പ്പോഴും ക്രിസ്‌തുവിന്റെ ഉപദേശങ്ങളല്ല ആനയിക്കുന്നത്‌.

“എന്നിരുന്നാലും, ഞങ്ങളെപ്പോലെ ദൈവം പെട്ടെന്നുതന്നെ നമ്മുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കൈവരുത്തുമെന്ന്‌ വിശ്വസിക്കുന്ന ആളുകൾ ലോകമെമ്പാടുമുണ്ട്‌. ഞങ്ങൾ, ദീർഘകാലം മുമ്പ്‌ ബൈബിളിൽ എഴുതിവച്ച പ്രവചനങ്ങളിൽ ഞങ്ങളുടെ പ്രത്യാശയർപ്പിക്കുന്നു. ഒരു ലോകമാററം വളരെ അടുത്തെത്തിയിരിക്കുന്നുവെന്ന്‌ ഇവ ഞങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു, ഞങ്ങളുടെ അയൽക്കാരുമായി ഈ സുവാർത്ത പങ്കുവയ്‌ക്കാൻ ഞങ്ങൾക്കു കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നു. ഈ മാററം വാഗ്‌ദത്തംചെയ്യുന്ന ബൈബിളിലെ ദൈവം യഹോവ എന്ന്‌ വിളിക്കപ്പെടുന്നതുകൊണ്ട്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നു.”

“കൊളളാം, സാർ, ഇത്‌ എന്നെ സംബന്ധിച്ചടത്തോളം പുതുമയാണ്‌. മറെറാരു സമയത്ത്‌ താങ്കൾ അതിനെക്കുറിച്ച്‌ കൂടുതലായി എന്നോടു പറയണം.”

 മിയിൽ സന്തുഷ്ടരായിരിക്കാനുളള ആഗ്രഹം

“അവർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ട്‌,” നിർമ്മല തന്റെ അമ്മായിയച്ഛനോട്‌ പറഞ്ഞു.

“നീ എന്തിനെക്കുറിച്ചാണ്‌ പറയുന്നത്‌, നിർമ്മലേ?”

“സാറും അയാളുടെ കുടുംബവും അമ്പലത്തിലോ മോസ്‌ക്കിലോ പളളിയിലോ ഒരിക്കലും പോകാത്തതുകൊണ്ടും അവരുടെ ഭവനത്തിൽ പ്രതിമകളോ മതപരമായ ചിത്രങ്ങളോ ഇല്ലാത്തതുകൊണ്ടും അവർ ദൈവത്തിൽ വിശ്വസിക്കുന്നില്ലായിരിക്കണം എന്ന്‌ അങ്ങ്‌ കരുതി. എന്നാൽ അവർ വിശ്വസിക്കുന്നുണ്ട്‌. ജനിക്കാനിരിക്കുന്ന ശിശുവിന്‌ എങ്ങനെ വസ്‌ത്രങ്ങൾ ഉണ്ടാക്കണമെന്ന്‌ എന്നെ പഠിപ്പിക്കുമളവിൽ മറിയം എനിക്കത്‌ വിശദീകരിച്ചു തന്നു. അവർ യഹോവ എന്ന്‌ നാമമുളള സകലവും സൃഷ്ടിച്ച ഏക ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന്‌ അവൾ പറഞ്ഞു. അവൻ അദൃശ്യനായതുകൊണ്ടും ആരും ഒരിക്കലും അവനെ കണ്ടിട്ടില്ലാത്തതുകൊണ്ടും അവർ അവന്റെ പ്രതിമകളൊ ചിത്രങ്ങളൊ ഉണ്ടാക്കുന്നില്ല. “ദൈവം ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്ന്‌ അവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ പറയുന്നതായി അവൾ എന്നോട്‌ പറഞ്ഞു. (യോഹന്നാൻ 4:24) അതുകൊണ്ട്‌ നോക്കിയിരിക്കുന്നതിന്‌ ഏതെങ്കിലും ദൃശ്യവസ്‌തു ഉപയോഗിക്കാതെ അവർ ദൈവത്തോട്‌ പ്രാർത്ഥിക്കുന്നു. അവർ തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികൾ എന്ന്‌ വിളിക്കുന്നു.

“സത്യത്തോടുകൂടെ ദൈവത്തെ ആരാധിക്കുന്നതു സംബന്ധിച്ച്‌ അവൾ വളരെ രസകരമായ ഒരു കാര്യം പറഞ്ഞു. സങ്കൽപ്പമോ ഭാവനയോ അല്ല, കാര്യങ്ങളുടെ യഥാർത്ഥ സ്ഥിതിയാണ്‌ സത്യം എന്ന്‌ അവൾ പറഞ്ഞു. അതുകൊണ്ട്‌ യഥാർത്ഥ വസ്‌തുതകൾക്ക്‌ നിരക്കാത്ത മനുഷ്യനിർമ്മിത തത്വശാസ്‌ത്രം അവർ വിശ്വസിക്കുന്നില്ല. (മർക്കോസ്‌ 7:7, 8) ഒരു ഉദാഹരണമെന്ന നിലയിൽ, നമ്മുടെ അന്തിമ ലാക്ക്‌ ഭൂമിയെ വിട്ട്‌ ദൈവത്തോട്‌ ചേരാനോ മരണാനന്തരം ഏതെങ്കിലും ആത്മജീവന്റെ പ്രതിഫലം പ്രാപിക്കാനോ ആണെന്ന്‌ മിക്ക മതങ്ങളും പഠിപ്പിക്കുന്നുവെന്നിരിക്കെ, മമനുഷ്യന്റെ സ്വാഭാവിക ചായ്‌വ്‌ ഇതല്ലാത്തതുകൊണ്ട്‌ ഇതു വസ്‌തുതകളോട്‌ യോജിക്കുന്നില്ലെന്ന്‌ അവൾ പറഞ്ഞു. മനുഷ്യൻ ഏററവുമധികം ആഗ്രഹിക്കുന്നത്‌ ഒരു നല്ല ഭവനവും നല്ല ആരോഗ്യവും ഒരു സന്തുഷ്ട കുടുംബവും സ്‌നേഹമുളള സുഹൃത്തുക്കളും ആണെന്ന്‌ അവൾ ഊന്നിപ്പറഞ്ഞു. ആളുകൾ സന്തുഷ്ടരായിരിക്കുമ്പോൾ അവർ മരിച്ച്‌ സ്വർഗ്ഗത്തിൽ പോകാനോ അവരുടെ വ്യക്തിത്വം നഷ്ടപ്പെടുത്തി വ്യക്തികളെന്നനിലയിൽ ആസ്‌തിക്യമില്ലാത്തവരായിത്തീർന്നുകൊണ്ട്‌ നിർവ്വാണം അഥവാ മോക്ഷം പ്രാപിക്കാനോ ആഗ്രഹിക്കുന്നില്ല. ‘ഭൂമിയിൽ സന്തോഷമായി ജീവിക്കാനുളള ഈ ആഗ്രഹം മനുഷ്യന്‌ നൽകിയത്‌ ആരായിരിക്കണം?’ അവൾ എന്നോടു ചോദിച്ചു. അത്‌ അവനെ സൃഷ്ടിച്ചവനായിരിക്കണം. അതുകൊണ്ട്‌, ഇവിടെ ഈ ഭൂമിയിൽ എന്നേക്കും സന്തോഷത്തോടെ ജീവിക്കാൻ യഹോവയാം ദൈവം മനുഷ്യനെ ഉണ്ടാക്കിയെന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. ഇത്‌ മമനുഷ്യന്റെ സ്വാഭാവിക ആഗ്രഹം ആയതുകൊണ്ട്‌ ബൈബിളിന്റെ ഈ ഉപദേശം കാര്യാദികളെ അവ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ വർണ്ണിക്കുന്നുവെന്നും അതുകൊണ്ട്‌ അതിനെ സത്യമെന്ന്‌ വിളിക്കാമെന്നും അവൾ അവകാശപ്പെട്ടു.”

“കൊളളാം നിർമ്മലെ, അത്‌ സത്യമാണെങ്കിൽ, അപ്പോൾ ദൈവം തന്റെ ഉദ്ദേശ്യത്തിൽ പരാജയപ്പെട്ടു. ആളുകൾ ഭൂമിയിൽ സന്തുഷ്ടരല്ല. ഭൗമികജീവിതത്തിൽ പ്രശ്‌നങ്ങളും കഷ്ടപ്പാടും ഉണ്ട്‌, നാം ഈ ഭൂമിയിൽ നിന്ന്‌ രക്ഷപെടുന്നെങ്കിൽ മാത്രമെ നമുക്ക്‌ ആശ്വാസം ലഭിക്കുകയുളളു. ഏതായാലും സാറും അയാളുടെ കുടുംബവും ഇന്നു രാത്രിയിൽ നമ്മെ സന്ദർശിക്കുന്നുണ്ടെന്ന്‌ ആനന്ദ്‌ പറയുന്നു. ഇതേക്കുറിച്ച്‌ അയാൾ എന്തു പറയുന്നുവെന്ന്‌ നമുക്ക്‌ നോക്കാം.”

എല്ലാ പ്രശനങ്ങളും പരിഹരിക്കാമെന്ന വാഗ്‌ദത്തം ചെയ്യുന്നവൻ

കാലാവസ്ഥയെക്കുറിച്ചും കുട്ടികളുടെ വരാൻ പോകുന്ന പരീക്ഷകളെക്കുറിച്ചും അൽപ്പം സംസാരിച്ചശേഷം മുത്തച്ഛൻ, അയാൾ മുമ്പ്‌ പകൽസമയത്ത്‌ നിർമ്മലയുടെ അടുത്ത്‌ ഉന്നയിച്ച വാദഗതി കൊണ്ടുവന്നു. സാർ ഏതാനും നിമിഷം ആലോചിച്ചിട്ട്‌ ആനന്ദിന്റെ അമ്മയോട്‌ ചോദിച്ചു, “മുത്തശ്ശീ, കുടുംബത്തിൽ ആർക്കെങ്കിലും മലമ്പനി ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യുന്നു?”

ആശ്ചര്യഭരിതയായി അവൾ മറുപടി പറഞ്ഞു, “ഞാൻ തീർച്ചയായും അവർക്ക്‌ മരുന്നു നൽകുന്നു. നമുക്ക്‌ അത്‌ പലപ്പോഴും ഉണ്ടാകുന്നു, അതുകൊണ്ട്‌ മരുന്നു കടയിൽ എന്താവശ്യപ്പെടണമെന്ന്‌ എനിക്കറിയാം.”

ആനന്ദിന്റെ അച്ഛനിലേക്ക്‌ തിരിഞ്ഞ്‌ സാർ പറഞ്ഞു, “കണ്ടൊ, മുത്തച്ഛാ, നിങ്ങൾക്കു രോഗം ബാധിക്കുമ്പോൾ ചെയ്യുന്ന യുക്തിപൂർവ്വകമായ കാര്യം അതാണ്‌; സൗഖ്യം പ്രാപിക്കുന്നതിന്‌ നിങ്ങൾ മരുന്നു കഴിക്കുന്നു. ‘ഞാൻ മരിച്ച്‌ ഭൂമിയിൽ നിന്ന്‌ പോയേക്കാം’ എന്ന്‌ നിങ്ങൾ പറയുന്നില്ല. എന്നാൽ നമ്മുടെ എല്ലാ ദുരിതാനുഭവവും നീക്കാനും ഇവിടെ ഭൂമിയിലുളള നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും നമുക്ക്‌ പററിയ ‘മരുന്ന്‌’ ഉണ്ടെന്നിരിക്കട്ടെ. മരിച്ച്‌ നമ്മുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചുപോകുന്നതിനു പകരം നാം ഇവിടെ സ്ഥിതിചെയ്യാൻ ഇഷ്ടപ്പെടുകയില്ലേ?

“മനുഷ്യന്‌ അവന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുളള പ്രാപ്‌തിയില്ലെന്നുളളത്‌ സ്‌പഷ്ടം തന്നെ. അതുകൊണ്ട്‌ ദീർഘകാലമായി മനുഷ്യർ ഭൂമിയിൽ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ കലിയുഗത്തിൽ, ഭൂമിയിൽ സത്യയുഗം ആനയിക്കാൻ ദൈവം അവതാരമെടുക്കുമെന്ന്‌ നിങ്ങളുടെതന്നെ വിശ്വാസം പഠിപ്പിക്കുന്നില്ലേ? a ആ ഉപദേശം വികസിപ്പിച്ചെടുത്ത പുരാതന തത്വജ്ഞാനികളും മനുഷ്യൻ ഭൂമിയിൽ സന്തുഷ്ടനായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നതായി വിശ്വസിച്ചിരുന്നുവെന്ന്‌ അത്‌ തെളിയിക്കുന്നില്ലേ?

“മുത്തച്ഛാ, ഈ കോളനിയെക്കുറിച്ച്‌ ചിന്തിച്ചു നോക്കൂ. അത്‌ ആദ്യം നിർമ്മിക്കപ്പെട്ടപ്പോൾ അതൊരു നല്ല കോളനിയായിരുന്നു, അല്ലേ? എന്നാൽ ഇന്ന്‌ അതു നോക്കൂ. മററുളളവരെ പരിഗണിക്കാത്ത അനേകം താമസക്കാർ വന്നു. അവർ തെരുവുവിളക്കുകൾ തകർത്തു, ചപ്പുചവറുകൾ അവർക്ക്‌ തോന്നിയ സ്ഥലത്തിട്ടു, ജനാലകൾ തകർത്തു, ടാപ്പുകൾ മോഷ്ടിക്കുകയും ചെയ്‌തു. അങ്ങനെ ജലം നഷ്ടപ്പെടുത്തുകയും വീഥികൾ ചെളിക്കുണ്ടുകൾ ആക്കുകയും ചെയ്‌തു. ഇപ്പോൾ എന്തു ചെയ്യേണ്ടിയിരിക്കുന്നു? കൊളളരുതാത്ത താമസക്കാരെ നീക്കം ചെയ്യുകയും കോളനിസൗകര്യങ്ങൾ കേടുപോക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക്‌ ഇവിടെ ജീവിതം ആസ്വദിക്കാൻ കഴിയില്ലേ? ദൈവം മുഴു ഭൂമിയിലും ചെയ്യാമെന്ന്‌ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നത്‌ ഇതാണ്‌.

“ബൈബിൾ പറയുന്നതനുസരിച്ച്‌ ദൈവം മനുഷ്യനെ പൂർണ്ണനും ആരോഗ്യവാനും സന്തുഷ്ടനുമായി സൃഷ്ടിച്ചു. എന്നാൽ ദൈവനിയമങ്ങൾ അനുസരിക്കാതെ മനുഷ്യർ ദ്രോഹകരമായി പ്രവർത്തിക്കുകയും വികലരായിത്തീരുകയും ചെയ്‌തിരിക്കുന്നു. (ആവർത്തനം 32:4, 5) മാത്രമല്ല, അവർ ഇന്ന്‌ ദൈവത്തിന്റെ സൃഷ്ടിയായ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകപോലുമാണ്‌. അതുകൊണ്ട്‌ ദൈവം ആദ്യം ദുഷ്ടൻമാരായ ‘താമസക്കാരെ’ ഭൂമിയിൽ നിന്ന്‌ നീക്കം ചെയ്യുമെന്നും അതിനുശേഷം സന്തോഷകരമായ അവസ്ഥകൾ പുന:സ്ഥാപിക്കാൻ നല്ലയാളുകളെ സഹായിക്കുമെന്നും ബൈബിൾ പറയുന്നു.”—വെളിപ്പാട്‌ 11:18.

“എന്നാൽ സാർ, കുറച്ചുകാലത്തിനു ശേഷം സംഗതികൾ വീണ്ടും വഷളാകും. അതുകൊണ്ടാണ്‌ ദൈവം ഭൂമിയെ ശുദ്ധീകരിക്കുകയും സത്യയുഗം കൈവരുത്തുകയും ചെയ്‌തശേഷം ദുഷിച്ച അവസ്ഥകൾ വീണ്ടും ഉണ്ടാവുകയും പിന്നെയും കലിയുഗത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നത്‌. അതുകൊണ്ട്‌ ഭൂമിയിൽ നിന്നുളള രക്ഷപെടലിനു മാത്രമെ നിലനിൽക്കുന്ന സമാധാനം കൈവരുത്താൻ കഴിയൂ. ഉദാഹരണത്തിന്‌, ഞാൻ കാലാകാലങ്ങളിൽ എന്റെ കുടുംബത്തിന്റെ ചില പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്‌, എന്നാൽ അവ വീണ്ടും ഉണ്ടായി, അല്ലെങ്കിൽ അവയുടെ സ്ഥാനത്ത്‌ മററു ചില പ്രശ്‌നങ്ങൾ വന്നു.”

“അതെ, അത്‌ നമുക്ക്‌ എല്ലാവർക്കും സംഭവിക്കുന്നു. എന്നാൽ ദൈവത്തിന്റെ കാര്യത്തിൽ അതു സംഭവിക്കുകയില്ല. അവന്‌ പ്രശ്‌നങ്ങൾ പരിഹരിക്കാനുളള പ്രാപ്‌തിയുണ്ടെന്നു മാത്രമല്ല അവ വീണ്ടും ഒരിക്കലും ഉടലെടുക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്താനുളള കഴിവും ആഗ്രഹവുമുണ്ട്‌; ഭൂവ്യാപകമായി സ്ഥിരം സമാധാനവും സുരക്ഷിതത്വവും നിലനിർത്താനുളള പ്രാപ്‌തി അവനുണ്ട്‌.”—നഹൂം 1:9.

ഈ സന്ദർഭത്തിൽ, ചർച്ച ശാന്തമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ആനന്ദ്‌ ഇടയ്‌ക്കുകയറി പറഞ്ഞു: “സാർ, ഞാൻ താങ്കളോട്‌ ഒട്ടും യോജിക്കുന്നില്ല. നമുക്ക്‌ ഇത്ര ദീർഘകാലമായി നമ്മുടെ പ്രശ്‌നങ്ങൾ സഹിക്കേണ്ടി വന്നു, ദൈവം ഇടപെട്ടോ? ഇല്ല! മനുഷ്യരായ നമുക്കു മാത്രമേ മാററം വരുത്താൻ കഴിയുകയുളളുവെന്ന്‌ ഞാൻ കരുതുന്നു. നാം മുഴുവ്യവസ്ഥിതിക്കും മാററം വരുത്തണം, ധനികർക്കും അഴിമതിക്കാർക്കും എതിരെ നാം പോരാടണം, അവരെ അധികാരത്തിൽ നിന്ന്‌ നീക്കുകയും വേണം. ലോകത്തെമ്പാടുമുളള മർദ്ദിതർ മർദ്ദനത്തിനെതിരെ ഉണരുന്നെങ്കിൽ നമുക്ക്‌ ഒരു മാററം കൈവരുത്താൻ കഴിയും. അപ്പോൾ ഒരുപക്ഷേ വലിയൊരു സംഭാവന നൽകാതെ, അല്ലെങ്കിൽ സ്വാധീനം ഉപയോഗിച്ച്‌ സമ്മർദ്ദം പ്രയോഗിക്കാതെ എനിക്ക്‌ രാമുവിനെയും പ്രിയയെയും ഒരു നല്ല സ്‌കൂളിൽ അയക്കാൻ കഴിഞ്ഞേക്കും.”

“താങ്കളുടെ ചിന്ത എനിക്ക്‌ വിലമതിക്കാൻ കഴിയും, ആനന്ദ്‌. യഥാർത്ഥത്തിൽ, നൂററാണ്ടുകളായി ‘മനുഷ്യൻ അവന്റെ ദ്രോഹത്തിനായി മനുഷ്യന്റെമേൽ ആധിപത്യം പ്രയോഗിച്ചിരിക്കുന്നു’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ബൈബിൾ ഈ അവസ്ഥയെക്കുറിച്ച്‌ സംസാരിക്കുന്നു.”—സഭാപ്രസംഗി 8:9.

“എന്നാൽ അതല്ലേ ദൈവം ഉദ്ദേശിച്ചത്‌?” ആനന്ദ്‌ ചോദിച്ചു. “ആരാധനാസ്ഥലങ്ങളിൽപോലും പണക്കാർക്ക്‌ പാവങ്ങളേക്കാൾ മുൻഗണന ലഭിക്കുന്നു, അവരുടെമേൽ അവർ ആധിപത്യം പുലർത്തുന്നു.”

“അല്ല, ആനന്ദ്‌, ദൈവം ഉദ്ദേശിച്ചത്‌ ഇതല്ലായിരുന്നു. സഹമനുഷ്യരുടെമേലല്ല പിന്നെയോ താഴ്‌ന്ന ജീവരൂപങ്ങളുടെമേൽ—മൃഗങ്ങളുടെയും മൽസ്യങ്ങളുടെയും പക്ഷികളുടെയും മേൽ മാത്രം—ആധിപത്യം പ്രയോഗിക്കാൻ ദൈവം മനുഷ്യനെ നിർമ്മിച്ചുവെന്ന്‌ ബൈബിൾ വിവരണം പറയുന്നു.”—ഉൽപ്പത്തി 1:28.

“നല്ലതു തന്നെ. അപ്പോൾ അത്തരം ആധിപത്യം ദൈവേഷ്ടത്തിന്‌ വിരുദ്ധമാണെങ്കിൽ, വിപ്ലവകാരികൾ അഴിമതിക്കാരും അധികാര ദുർവ്വിനിയോഗികളുമായ ആളുകളെ നശിപ്പിക്കുമ്പോൾ അവർ ദൈവേഷ്ടം നടപ്പാക്കുകയല്ലേ ചെയ്യുന്നത്‌?”

“എന്നാൽ വിപ്ലവകാരികൾ അത്തരക്കാരെ നീക്കം ചെയ്‌തശേഷം എന്താണ്‌ സംഭവിക്കുന്നത്‌? അവർ നിയന്ത്രണം കയ്യേൽക്കുകയും അവർതന്നെ മർദ്ദകരായിത്തീരുകയും ചെയ്യുന്നു, അങ്ങനെ നാം തുടങ്ങിയ ഇടത്തുതന്നെ വീണ്ടും എത്തുന്നു. അല്ല, എല്ലാ ദുഷ്ട ആധിപത്യവും നീക്കം ചെയ്‌ത്‌ ദിവ്യഭരണം സ്ഥാപിച്ചുകൊണ്ട്‌ നിലനിൽക്കുന്ന സമാധാനം കൈവരുത്താൻ ദൈവത്തിനു മാത്രമേ കഴിയുകയുളളു. യഹോവയാം ദൈവം വളരെപെട്ടെന്നു തന്നെ ചെയ്യുമെന്ന്‌ ബൈബിൾ പറയുന്നത്‌ ഇതാണ്‌. എന്റെ കുടുംബവും അനേകായിരം വരുന്ന യഹോവയുടെ സാക്ഷികളും ഉറച്ചു വിശ്വസിക്കുന്നത്‌ ഇതാണ്‌. അത്‌ ഞങ്ങൾക്ക്‌ ഭാവിയിലേക്ക്‌ ഒരു അത്ഭുതകരമായ പ്രത്യാശ നൽകുകയും ചെയ്യുന്നു.”

പ്രശ്‌നങ്ങൾ എപ്പോൾ പരിഹരിക്കപ്പെടും?

“അത്‌ വളരെ ശരിയാണെന്നു തോന്നുന്നു,” ആനന്ദ്‌ പറഞ്ഞു, “എന്നാൽ ഭൂമിയിൽ പുരോഗമനത്തിന്റെ അഥവാ മാററത്തിന്റെ യാതൊരു അടയാളവും എനിക്ക്‌ കാണാൻ കഴിയുന്നില്ല. എന്റെ ആയുഷ്‌ക്കാലത്ത്‌ ദൈവം ഒരു മാററം വരുത്താൻ പോകയാണെന്ന്‌ എനിക്കെങ്ങനെ വിശ്വസിക്കാൻ കഴിയും?”

“ആനന്ദ്‌, താങ്കൾ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഞാൻ നിങ്ങളുടെ തോട്ടത്തിൽ ഒരു മാങ്ങായണ്ടി നട്ടിട്ടുണ്ടെന്ന്‌ ഞാൻ താങ്കളോട്‌ പറയുന്നുവെന്നു കരുതുക. താങ്കൾ വെളിയിൽ പോയി നോക്കുന്നു, എന്നാൽ താങ്കൾക്ക്‌ യാതൊന്നും, മണ്ണ്‌ ഇളകിയിരിക്കുന്നതുപോലും, കാണാൻ കഴിയുന്നില്ല. ഞാൻ താങ്കൾക്ക്‌ ഒരു അപരിചിതനാണ്‌. നിങ്ങൾ ഇങ്ങനെ വിചാരിച്ചേക്കാം: ‘ഈ അപരിചിതൻ എന്റെ തോട്ടത്തിൽ വന്ന്‌ ഒരു മാങ്ങായണ്ടി നടുന്നതിന്‌ എന്തിന്‌ ബദ്ധപ്പെടണം?’ ഞാൻ ചെയ്‌തതായി അവകാശപ്പെട്ടത്‌ യഥാർത്ഥത്തിൽ ചെയ്‌തിട്ടുണ്ടെന്ന്‌ വിശ്വസിക്കാൻ താങ്കൾക്ക്‌ ചായ്‌വു തോന്നുമോ?”

“ഇല്ല, ഞാൻ വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. താങ്കൾ അത്‌ ചെയ്‌തോ എന്നതു സംബന്ധിച്ച്‌ ഞാൻ കുറഞ്ഞപക്ഷം വളരെ സംശയമുളളവനായിരിക്കും.”

“ഉവ്വ്‌, എനിക്കത്‌ വിശ്വസിക്കാൻ കഴിയും. ഇപ്പോൾ, കുറച്ചുകാലത്തിനുശേഷം ഒരു ചെടി വളരാൻ തുടങ്ങുന്നുവെന്ന്‌ സങ്കൽപ്പിക്കുക. താങ്കൾ വീട്ടിലില്ലാത്തപ്പോൾ ആരോ അറിയാതെ ചെടിക്ക്‌ വെളളമൊഴിക്കുന്നതായി താങ്കൾ മനസ്സിലാക്കുന്നു. കാലം കടന്നുപോകുന്നു, വർഷങ്ങൾതന്നെ കടന്നുപോകുന്നു. അത്‌ യഥാർത്ഥത്തിൽ ഒരു മാവാണെന്ന്‌ നിങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നു. പിന്നീട്‌ ഒരു വർഷം നിങ്ങൾ ആ വൃക്ഷം നിറയെ പൂക്കൾ കാണുന്നു. ഇപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നും?”

“കൊളളാം, താങ്കൾ പറഞ്ഞത്‌ സത്യമായിരുന്നുവെന്ന്‌ ഞാൻ മനസ്സിലാക്കും. താങ്കൾ ദയയുളളവനാണെന്നും എനിക്കുവേണ്ടി യഥാർത്ഥത്തിൽ കരുതുന്നുവെന്നും ഞാൻ മനസ്സിലാക്കും. പഴത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരുന്നുകൊണ്ട്‌ ഞാൻ വൃക്ഷത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കും.”

“കൃത്യമാണ്‌. താങ്കളുടെ പ്രതികരണം തന്നെയാണ്‌ ഒരുവൻ പ്രതീക്ഷിക്കുന്നത്‌. ഇപ്പോൾ, യഹോവയുടെ സാക്ഷികൾ വളരെ പെട്ടെന്നുതന്നെ ഒരു വമ്പിച്ച ലോകമാററം പ്രതീക്ഷിക്കുന്നതെന്തുകൊണ്ടെന്ന്‌ താങ്കൾക്ക്‌ മനസ്സിലാക്കിത്തരാനുളള ഒരു ദൃഷ്ടാന്തമാണിത്‌. ഞാൻ വിശദീകരിച്ചു തരാം.

“ബൈബിൾ എഴുതുന്നതിന്‌ ഏകദേശം 1,600 വർഷങ്ങൾ എടുത്തു. നാൽപ്പതിലധികം വ്യത്യസ്‌ത മനുഷ്യർ 66 ചെറുപുസ്‌തകങ്ങളായി അതെഴുതി, അവ ഒരു വലിയ പുസ്‌തകമായി കൂട്ടിച്ചേർക്കപ്പെട്ടു. എഴുത്തുകാരിൽ ആരും സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കുന്നതായി അവകാശപ്പെട്ടില്ല. എന്തെഴുതണമെന്ന്‌ ദൈവം അവരോട്‌ പറഞ്ഞിരുന്നെന്നും വിവരം അവനിൽ നിന്നായിരുന്നെന്നും അവർ പ്രസ്‌താവിച്ചു. മദ്ധ്യപൂർവ്വദേശത്ത്‌ ഭരണം നടത്തിയ രാജാവായിരുന്ന ഒരെഴുത്തുകാരൻ പറഞ്ഞു, ‘എന്നിലൂടെ സംസാരിച്ചത്‌ യഹോവയുടെ ആത്മാവായിരുന്നു, എന്റെ നാവിൽ അവന്റെ വചനമായിരുന്നു.’—2 ശമുവേൽ 23:2.

“ആദ്യത്തെ പുസ്‌തകംതന്നെ സൃഷ്ടിപ്രവർത്തനം വർണ്ണിക്കുന്നു; യഹോവയാം ദൈവം മനുഷ്യനെ പൂർണ്ണനായി സൃഷ്ടിച്ചുവെന്നും അവനെ നയിക്കുന്നതിന്‌ നിയമങ്ങൾ നൽകിയെന്നും അത്‌ പറയുന്നു. എന്നാൽ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കണമോ വേണ്ടയോ എന്ന്‌ അവന്‌ തെരഞ്ഞെടുക്കാൻ കഴിയേണ്ടതിന്‌ ദൈവം അവന്‌ ഇച്ഛാസ്വാതന്ത്ര്യവും നൽകി; ഈ നിയമങ്ങൾ അനുസരിക്കുന്നത്‌ സന്തുഷ്ടി കൈവരുത്തുമായിരുന്നു. അവ ലംഘിക്കുന്നത്‌ ശിക്ഷ കൈവരുത്തുമായിരുന്നു. മനുഷ്യൻ ദൈവനിയമങ്ങൾ ലംഘിക്കുന്നതിനെ തെരഞ്ഞെടുത്തു. അങ്ങനെ തനിക്കും തന്റെ സന്താനങ്ങൾക്കും മരണവും ദുരിതാനുഭവവും കൈവരുത്തി. എന്നാൽ ദൈവം ഇപ്പോൾ ഒരു ‘വിത്ത്‌’ നട്ടു. അതെ, ഒരു ദിവസം അവൻ നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും മനുഷ്യവർഗ്ഗത്തിന്‌ സമാധാനവും സന്തുഷ്ടിയും പുന:സ്ഥാപിക്കുമെന്നുമുളള പ്രത്യാശയുടെ ഒരു ‘വിത്ത്‌’ തന്നെ.

“ഈ ‘വിത്ത്‌’ ദൈവം ഒരു മാററം കൈവരുത്തുമെന്നുളള ഒരു വാഗ്‌ദത്തത്തിന്റെ രൂപത്തിലായിരുന്നു. ഇപ്പോൾ ചരിത്രത്തിലുടനീളം മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷത്തിനും ദൈവം ഒരു ‘അപരിചിതൻ’ ആയിരുന്നിട്ടുണ്ട്‌. യഹോവ ആ ആദിമ വാഗ്‌ദത്തം നടത്തിയപ്പോൾ അഥവാ ആ ‘വിത്ത്‌’ നട്ടപ്പോൾ നിങ്ങളും ഞാനും ഇന്നു ജീവിക്കുന്ന ആളുകൾ ആരും ഉണ്ടായിരുന്നില്ല. തന്റെ വാഗ്‌ദത്തം ആവർത്തിച്ചുകൊണ്ടും നൂററാണ്ടുകളിൽ കൂടുതൽ വിശദാംശങ്ങൾ നൽകി അത്‌ വിപുലീകരിച്ചുകൊണ്ടും അവൻ വിത്ത്‌ ‘നനച്ചു’കൊണ്ടിരുന്നപ്പോഴും നാം ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന്റെ ഒരു വിവരണം ബൈബിളിൽ കണ്ടെത്തുന്നു, വിവിധ പുസ്‌തകങ്ങളിൽ വ്യാപിച്ചുകിടക്കുന്നതായിത്തന്നെ. ബൈബിൾ പൂർത്തിയായപ്പോൾ, ദൈവം മനുഷ്യവർഗ്ഗത്തിന്റെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന്‌ അത്‌ പൂർണ്ണമായി വിശദീകരിച്ചിരുന്നു.

“അതുകൊണ്ട്‌ എന്റെ ദൃഷ്ടാന്തത്തിലെ ആശയം ഇതാണ്‌, ആനന്ദ്‌. നാം ‘വിത്ത്‌’—ദൈവത്തിന്റെ ആദിമോദ്ദേശ്യം—നടുന്നതൊ ദൈവം നൽകിയ കൂടുതലായ വിവരത്തിലൂടെ അതിനെ നനക്കുന്നതോ നിരീക്ഷിച്ചില്ലെങ്കിൽതന്നെയും നമുക്കിന്ന്‌ പൂത്തു നിൽക്കുന്ന പൂർണ്ണവളർച്ചയെത്തിയ വൃക്ഷം കാണുവാൻ കഴിയും. അതുകൊണ്ട്‌ ഫലം വരുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.”

“താങ്കൾ എന്താണർത്ഥമാക്കുന്നത്‌? ഞാൻ മുമ്പ്‌ പറഞ്ഞതുപോലെ, ഒരു മാററം വരുന്നുവെന്ന്‌ സൂചിപ്പിക്കുന്ന യാതൊന്നും എനിക്ക്‌ കാണാൻ കഴിയുന്നില്ല.”

“ഉവ്വ്‌, താങ്കൾക്ക്‌ കഴിയും. എന്നാൽ എന്തിനുവേണ്ടി നോക്കണമെന്ന്‌ ആരും നിങ്ങളോട്‌ പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ താങ്കൾ അത്‌ തിരിച്ചറിയുന്നില്ലെന്നു മാത്രം. ദൈവം ഇടപെടുന്ന സമയത്ത്‌ ഭൂമിയിൽ ഏതവസ്ഥകൾ ആയിരിക്കുമെന്നതിന്റെ വിശദമായ ഒരു വർണ്ണന ബൈബിൾ നൽകുന്നു. ജനങ്ങളുടെ ഒരു തലമുറ മുന്തിനിൽക്കുന്ന ഒട്ടനവധി കാര്യങ്ങൾ കാണുമെന്നും ഈ ‘അടയാളം’ കാണുന്ന അതേ തലമുറ ദുഷ്ടതയുടെ അവസാനവും സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിന്റെ തുടക്കവും കാണുമെന്നും അത്‌ വ്യക്തമായി പറയുന്നു. (മത്തായി 24:3) ഇപ്പോൾ ആനന്ദ്‌, നിങ്ങൾക്ക്‌ സ്വയം വിധി പറയാൻ കഴിയേണ്ടതിനും ഈ കാര്യങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന്‌ നിങ്ങൾക്ക്‌ കാണാൻ കഴിയേണ്ടതിനും ബൈബിൾ പറയുന്നതെന്തെന്നറിയാൻ നിങ്ങൾക്ക്‌ ഇഷ്ടമായിരിക്കുകയില്ലേ?”

“തീർച്ചയായും എനിക്കിഷ്ടമാണ്‌.”

“അടയാളം”

“കഴിഞ്ഞ ദിവസം സന്ധ്യക്ക്‌, പ്രദേശത്ത്‌ അക്രമം വർദ്ധിച്ചുവരുന്നതിനെക്കുറിച്ച്‌ നാം ചർച്ചചെയ്‌തതും ഇരുട്ടായശേഷം സ്‌ത്രീകളും കുട്ടികളും പുറത്തുപോകരുതെന്നതിനോട്‌ നാം യോജിച്ചതും താങ്കൾ ഓർക്കുന്നുണ്ടോ? അതുകൊണ്ട്‌, മുമ്പ്‌ നഗരത്തിന്റെ സമാധാനപൂർണ്ണമായ ഒരു ഭാഗമായിരുന്ന ഈ പ്രദേശത്ത്‌ അനേകം ആളുകൾ ആക്രമണത്തിനും കവർച്ചക്കും വിധേയരായിരിക്കുന്നു. കൊളളാം, ഇത്‌ അടയാളത്തിന്റെ ഭാഗമാണ്‌. ‘നിയമരാഹിത്യത്തിന്റെ വർദ്ധനവ്‌’ ഉണ്ടായിരിക്കുമെന്നും ആളുകൾ ‘പണസ്‌നേഹികളും . . . ആത്മനിയന്ത്രണമില്ലാത്തവരും, ഉഗ്രൻമാരും’ ആയിത്തീരുമെന്നും ബൈബിൾ പറയുന്നു. വ്യാജമരുന്നുനിർമ്മാതാക്കളെ ഈയിടെ റെയ്‌ഡ്‌ ചെയ്‌തതായും നാം സംസാരിച്ചു—താങ്കൾ ഓർക്കുന്നുണ്ടോ? പണമുണ്ടാക്കാൻവേണ്ടി ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നത്‌ എന്തൊരു ക്രൂരതയാണ്‌! സ്വാഭാവികമായി രോഗികളോട്‌ മനുഷ്യർക്ക്‌ സഹാനുഭൂതി തോന്നുന്നു, എന്നാൽ ഈ ദുഷ്ടലോകത്തിന്റെ അന്ത്യനാളുകളിൽ ആളുകൾ ‘സ്വസ്‌നേഹികളും, . . . സ്വാഭാവിക പ്രിയമില്ലാത്തവരും, . . . നൻമപ്രിയമില്ലാത്തവരും’ ആയിത്തീരുമളവിൽ കാലം വളരെ ദുർഘടമായിരിക്കുമെന്ന്‌ ബൈബിൾ പറയുന്നു.”—മത്തായി 24:12; 2 തിമൊഥെയോസ്‌ 3:1-3.

രാമു പെട്ടെന്ന്‌ ശബ്ദമുയർത്തി പറഞ്ഞു, “കലിയുഗത്തിന്റെ അടയാളമായി മുത്തശ്ശി ഞങ്ങളോട്‌ പറയുന്നതും ഇതുതന്നെ; കലിയുഗത്തിൽ ആളുകൾ സ്വാർത്ഥരും അത്യാഗ്രഹികളും ആയിത്തീരുമെന്ന്‌ അവർ പറയുന്നു. എന്നാൽ സത്യയുഗം വരാൻ ഇനിയും ദീർഘകാലം എടുക്കുമെന്ന്‌, അവരുടെ ആയുഷ്‌ക്കാലത്ത്‌ അത്‌ വരുകയില്ലെന്ന്‌, അവർ പറയുന്നു.”

“കൊളളാം, രാമു, മുത്തശ്ശി ചിന്തിക്കുന്നതുപോലെയാണ്‌ അനേകർ കരുതുന്നത്‌. അവസ്ഥകൾ വളരെ വഷളാണെന്ന്‌ അവർ തിരിച്ചറിയുന്നു, അവർ ഒരു മാററം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അത്‌ എപ്പോൾ വരുമെന്നതു സംബന്ധിച്ച്‌ പല ഭിന്ന ആശയങ്ങൾ ഉണ്ട്‌. ഇവിടെയാണ്‌ ബൈബിൾ നമ്മെ സഹായിക്കുന്നത്‌. മാററം നമ്മുടെ ആയുഷ്‌ക്കാലത്ത്‌ വരുമെന്ന്‌ അത്‌ വളരെ വ്യക്തമായി പറയുന്നു. മമനുഷ്യന്റെ വ്യക്തിത്വം വഷളാകുന്നതിനുപുറമെ അടയാളത്തിൽ വളരെയധികംകൂടെയുണ്ട്‌.

“മത്തായി എന്ന ബൈബിൾ പുസ്‌തകത്തിൽ 24-ാം അദ്ധ്യായം 7-ാം വാക്യത്തിൽ അത്‌ പറയുന്നു, ‘ജനത ജനതക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും, ഭക്ഷ്യദൗർലഭ്യങ്ങളും ഭൂകമ്പങ്ങളും അവിടവിടെ ഉണ്ടാകും.’ ദുഷ്ടതയുടെ അന്ത്യനാളുകൾ വന്നെത്തിയെന്നും ദൈവത്തിൽ നിന്നുളള നാശം അടുത്തിരിക്കുന്നുവെന്നും പ്രകടമാക്കാൻ യേശുക്രിസ്‌തു നൽകിയ അടയാളത്തിന്റെ ഭാഗമാണിത്‌. ഇപ്പോൾ, വെളിപ്പാട്‌ എന്ന്‌ വിളിക്കപ്പെടുന്ന ബൈബിളിന്റെ അവസാനപുസ്‌തകത്തിൽ നൽകിയിരിക്കുന്ന അതേ കാലഘട്ടത്തിന്റെ ഒരു വർണ്ണനയോട്‌ ഇത്‌ താരതമ്യം ചെയ്യുക. ആറാം അദ്ധ്യായത്തിന്റെ 4-8 വാക്യങ്ങളിൽ, ഈ അവസ്ഥകൾ ലോകവ്യാപകമായിരിക്കുമെന്ന്‌ നാം കണ്ടെത്തുന്നു. യുദ്ധത്തെ വർണ്ണിക്കുകയിൽ ‘ഭൂമിയിൽ നിന്ന്‌ സമാധാനം’ എടുത്തുകളയുന്നതിനെക്കുറിച്ച്‌ അത്‌ പറയുന്നു. രാമു, ഒന്നാം ലോകമഹായുദ്ധം തുടങ്ങിയത്‌ 1914 എന്ന വർഷത്തിലായിരുന്നുവെന്ന്‌ നിന്റെ ചരിത്രപാഠങ്ങളിൽ നീ പഠിച്ചിട്ടുണ്ടാകുമെന്നതിന്‌ സംശയമില്ല. അത്‌ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നുവെന്ന്‌ ചരിത്രകാരൻമാർ നമ്മോടു പറയുന്നു, എന്തുകൊണ്ടെന്നാൽ അന്നുമുതൽ നാം ഒന്നിനു പിറകെ മറെറാന്നായി യുദ്ധം കണ്ടിരിക്കുന്നു, മുഴുഭൂമിയിൽ നിന്നും സമാധാനം പൂർണ്ണമായി എടുത്തു മാററപ്പെട്ടിരിക്കുന്നു.

“അതേ അദ്ധ്യായം യേശു സംസാരിച്ച ഭക്ഷ്യദൗർലഭ്യങ്ങളെക്കുറിച്ച്‌ കൂടുതൽ വിശദാംശങ്ങൾ നൽകുന്നു. ഒരു മുഴുദിവസത്തെ കൂലികൊണ്ട്‌ ഒരു ചെറിയ അളവുമാത്രം ഗോതമ്പ്‌ ലഭിക്കുന്നതിനെക്കുറിച്ച്‌ അത്‌ പറയുന്നു. നിർമ്മല ചന്തയിൽ പോകുമ്പോൾ അവൾ പരാതി പറയുന്നത്‌ അതിനേക്കുറിച്ചുതന്നെയല്ലേ, ആനന്ദ്‌? നിത്യോപയോഗസാധനങ്ങളുടെ വിലകൾപോലും നിരന്തരം കുതിച്ചുയരുകയല്ലേ? ആഫ്രിക്കയുടെയും ഏഷ്യയുടെയും പല ഭാഗങ്ങളിൽ വരൾച്ച നിമിത്തമുണ്ടായ ഭയങ്കര ഭക്ഷ്യദൗർലഭ്യം നോക്കു. ലക്ഷക്കണക്കിന്‌ ആളുകൾ അത്താഴം കഴിക്കാതെ ഉറങ്ങുന്നു. വികലപോഷണത്താലുളള രോഗങ്ങൾ നിമിത്തം കുട്ടികൾ മരിക്കുന്നു. അതെ, ഭക്ത്യ ദൗർലഭ്യങ്ങൾ നമ്മുടെ നാളിൽ ലോകവ്യാപകമായ ഒരു ഭീഷണിയാണ്‌.

“അതേ അടയാളത്തിന്റെ മറെറാരു ഭാഗം വ്യാധി അല്ലെങ്കിൽ രോഗമാണ്‌. വൈദ്യശാസ്‌ത്ര മണ്ഡലത്തിൽ മനുഷ്യൻ കൈവരിച്ച എല്ലാ പുരോഗതിയും ഉണ്ടായിരുന്നിട്ടും, നമ്മിൽ മലമ്പനിയും മററ്‌ രോഗങ്ങളും പരത്തുന്ന കൊതുകിനെ നിർമ്മാർജ്ജനം ചെയ്യാൻ അവന്‌ ഇപ്പോഴും കഴിയുന്നില്ല. നമുക്ക്‌ ടൈഫോയ്‌ഡോ കോളറയോ മഞ്ഞപ്പിത്തമോ അതിസാരമോ വിരശല്യമോ ഉണ്ടാകാതിരിക്കത്തക്കവണ്ണം ശുദ്ധമായ കുടിവെളളം എല്ലാവർക്കും നൽകാൻ മനുഷ്യന്‌ ഇപ്പോഴും കഴിയുന്നില്ല. ഈ രോഗങ്ങൾ വിരളമായ, വികസിത രാജ്യങ്ങൾ എന്നു വിളിക്കപ്പെടുന്നിടത്ത്‌ കാൻസറും ഹൃദ്‌രോഗവും ലൈംഗികമായി പകരുന്ന രോഗങ്ങളും മററ്‌ പല വ്യാധികളും വർദ്ധിച്ച അളവിലുണ്ട്‌.

“ഇപ്പോൾ, യഥാർത്ഥത്തിൽ അവസാനം വരുന്ന കാലഘട്ടത്തെ ബൈബിൾ ചൂണ്ടിക്കാണിക്കുന്നത്‌ ഇവിടെയാണ്‌. പ്രിയെ, മത്തായിയുടെ പുസ്‌തകത്തിൽ നിന്ന്‌ 24-ാം അദ്ധ്യായം 32-34 വാക്യങ്ങൾ നമുക്കുവേണ്ടി വായിക്കരുതോ.”

“ഇപ്പോൾ ഒരു ഉപമയെന്ന നിലയിൽ അത്തിമരത്തിൽ നിന്ന്‌ ഈ ആശയം പഠിപ്പിൻ: അതിന്റെ ഇളംകൊമ്പുകൾ മൃദുലമാവുകയും അത്‌ തളിർക്കുകയും ചെയ്യുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നുവെന്ന്‌ നിങ്ങൾ ഉടൻതന്നെ അറിയുന്നു. അതുപോലെതന്നെ നിങ്ങൾ ഇവയെല്ലാം കാണുമ്പോൾ, അവൻ അടുക്കെ വാതിൽക്കൽ എത്തിയിരിക്കുന്നുവെന്ന്‌ അറിഞ്ഞുകൊൾവിൻ. ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു വിധേനയും കടന്നുപോവുകയില്ല എന്ന്‌ ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”

“പ്രിയക്ക്‌ നന്ദി. ഇത്‌ എന്തർത്ഥമാക്കുന്നുവെന്ന്‌ നിനക്ക്‌ മനസ്സിലാകുന്നുണ്ടോ? വൃക്ഷം പൂക്കുമ്പോൾ വേനൽ അടുത്തുവെന്ന്‌ നിങ്ങൾ മനസ്സിലാക്കുന്നു. അടയാളം—അടയാളമായിത്തീരുന്ന എല്ലാ വ്യത്യസ്‌തകാര്യങ്ങളും സംഭവിക്കുന്നതായി—നിങ്ങൾ കാണുന്നു, ലോകകാര്യങ്ങൾ കയ്യേൽക്കാനുളള ദൈവത്തിന്റെ സമയം അടുത്തുവെന്നും നിങ്ങൾക്കറിയാം. എത്ര അടുത്തു? ‘ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ യാതൊരു വിധേനയും കടന്നുപോവുകയില്ല’ എന്ന്‌ യേശു പറയുന്നു. ഏതു തലമുറ? എന്തിന്‌, അടയാളം മുഴുവനും കാണുന്ന തലമുറതന്നെ. അല്ലാത്തപക്ഷം അടയാളത്തിന്റെ പ്രസക്തി എന്തായിരിക്കും? ഇത്‌ അക്കാലത്ത്‌ ജീവിക്കുന്ന ആളുകൾക്ക്‌ ഒരു മുന്നറിയിപ്പാണ്‌, തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന്‌ അവർ നടപടിയെടുക്കുന്നതിനു തന്നെ. റെയിൽവെ പ്ലാററ്‌ഫോമിൽ മണി മുഴങ്ങുമ്പോൾ അതിന്റെ അർത്ഥം ട്രെയിൻ നാളെ വരും എന്നാണോ? നാം എവിടെയെങ്കിലും ഇരുന്ന്‌ ഉറങ്ങാൻ തുടങ്ങുമോ? ഇല്ല. നാം നമ്മുടെ ബാഗുകൾ എടുത്ത്‌ തയ്യാറായി നിൽക്കുന്നു, എന്തുകൊണ്ടെന്നാൽ ട്രെയിൻ ഉടൻതന്നെ പ്ലാററ്‌ഫോമിൽ വന്നുചേരുമെന്ന്‌ നമുക്കറിയാം. അതുകൊണ്ട്‌ മുന്നറിയിപ്പിൻ അടയാളം കാണുന്ന ആളുകളുടെ തലമുറ, ഈ ദുഷ്ടലോകത്തിന്റെ പൂർണ്ണമായ അവസാനം കാണുന്ന തലമുറ തന്നെയായിരിക്കുമെന്ന്‌ യേശു പറയുകയായിരുന്നു. മററ്‌ വാക്കുകളിൽ പറഞ്ഞാൽ, 1914-ൽ അടയാളത്തിന്റെ ആദ്യഭാഗം പ്രത്യക്ഷപ്പെട്ടപ്പോൾ അന്ന്‌ ജീവിച്ചിരുന്ന്‌ സംഭവിക്കുന്നതിനെക്കുറിച്ച്‌ മനസ്സിലാക്കിയ ചിലയാളുകൾ അവസാനം വരുമ്പോഴും ജീവിച്ചിരിപ്പുണ്ടാവും.”

“മുത്തച്ഛാ, 1914-ൽ അങ്ങ്‌ ജീവിച്ചിരുന്നോ?”

“ഇല്ല, രാമു, എനിക്ക്‌ അത്രയും പ്രായമില്ല. എന്നാൽ ഞാൻ ജനിച്ചത്‌ അതിനുശേഷം വളരെ കഴിഞ്ഞല്ല, ഒന്നാം ലോകയുദ്ധാനന്തരം ഉണ്ടായ ഒരു ഭയങ്കര രോഗം ബാധിച്ച്‌ എന്റെ അച്ഛനും പല കുടുംബാംഗങ്ങളും മരിച്ചതുകൊണ്ട്‌ ഞങ്ങൾ ദരിദ്രരായിരുന്നുവെന്ന്‌ ഞാൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ എന്റെ അമ്മ എന്നോട്‌ പറഞ്ഞിരുന്നത്‌ ഞാൻ ഓർക്കുന്നു. അത്‌ സ്‌പാനിഷ്‌ പകർച്ചപ്പനി എന്നറിയപ്പെട്ടിരുന്നു. അതുനിമിത്തം ലോകവ്യാപകമായി ദശലക്ഷക്കണക്കിനാളുകൾ മരിച്ചു.”

“കണ്ടൊ, മുത്തച്ഛാ, അത്‌ അടയാളത്തിന്റെ മറെറാരു ഭാഗമാണ്‌. താങ്കൾ അതേക്കുറിച്ച്‌ അറിയത്തക്കവണ്ണം ആ പകർച്ചവ്യാധി അത്രയധികം മുന്തിയതായിരുന്നു, ഏതാണ്ട്‌ 70 വർഷം മുമ്പാണ്‌ അത്‌ സംഭവിച്ചതെങ്കിലും താങ്കൾ അതിന്റെ ഫലങ്ങൾ ഓർക്കുകയും ചെയ്യുന്നു.

“എന്നുവരികിലും, ദൈവം തന്റെ ദയയിൽ നിന്ന്‌ താൻ എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന്‌ അത്ര വ്യക്തമായ ഒരു മുന്നറിയിപ്പ്‌ നൽകുന്നെങ്കിൽപോലും മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും മുന്നറിയിപ്പിനെ അവഗണിക്കുമെന്ന്‌ ബൈബിൾ പറയുന്നു. മിക്കയാളുകളും, തങ്ങൾ എന്തു തിന്നുകയും കുടിക്കുകയും ചെയ്യും, തങ്ങളുടെ മക്കൾ ആരെ വിവാഹം കഴിക്കും, എന്നിങ്ങനെയുളള മററ്‌ സ്വാഭാവിക കാര്യങ്ങൾ സംബന്ധിച്ചു മാത്രം ചിന്തയുളളവരായിരുന്നുകൊണ്ട്‌ അവരുടെ അനുദിനകാര്യാദികളിൽമാത്രം മുഴുകുമെന്നും അവരുടെമേൽ പെട്ടെന്നു നാശം വന്നു വീഴുന്നതുവരെ അവർ ഗൗനിക്കുകയില്ലെന്നും അത്‌ നമ്മോടു പറയുന്നു. ഈ ദുഷ്ടലോകത്തിന്‌ വരാൻ പോകുന്ന അവസാനത്തെക്കുറിച്ച്‌ പറയുമ്പോൾ അനേകർ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുമെന്നുപോലും ബൈബിൾ പ്രവചിക്കുന്നു. അതുകൊണ്ട്‌ ഭൂരിപക്ഷത്തെപ്പോലെ ആയിരിക്കാതെ ഈ മുന്നറിയിപ്പ്‌ ഗൗരവമായെടുക്കാൻ അത്‌ ആത്മാർത്ഥതയുളള വിനീതരായ ആളുകൾക്ക്‌ മുന്നറിയിപ്പു നൽകുന്നു.—മത്തായി 24:38, 39; ലൂക്കോസ്‌ 21:34-36; 2 പത്രോസ്‌ 3:3, 4.

“ഇതാണ്‌ 212 രാജ്യങ്ങളിലായി 40 ലക്ഷത്തിലധികം ആളുകൾ ചെയ്‌തിരിക്കുന്നത്‌. അവർ ഈ മുന്നറിയിപ്പ്‌ വിശ്വസിക്കുകയും ഈ വൻനാശത്തെ അതിജീവിക്കാനും ദൈവം മനുഷ്യന്‌ നൽകിയിരിക്കുന്ന ഈ മനോഹരഭവനത്തിന്‌ യോജിച്ച ‘താമസക്കാർ’ ആയി ഭൂമിയിൽ ശേഷിച്ചിരിക്കാനും തങ്ങൾ യോഗ്യരാണെന്ന്‌ തെളിയിക്കുന്നതിന്‌ തങ്ങൾക്കു കഴിയുന്നതെല്ലാം പ്രവർത്തിക്കുകയും ചെയ്യുന്നു. എവിടെ ജീവിച്ചിരുന്നാലും യഹോവയുടെ സാക്ഷികൾ ജാതിയൊ വർഗ്ഗമൊ വർണ്ണമൊ സംബന്ധിച്ച്‌ യാതൊരു വ്യത്യാസവും കൽപ്പിക്കുന്നില്ലെന്ന്‌ നിങ്ങൾ കണ്ടെത്തും; അവർ ഒരു വലിയ ലോകവ്യാപക കുടുംബമാണ്‌. ദൈവനിയമങ്ങളോടുളള അനുസരണത്തിൽ അവർ യുദ്ധത്തിലൊ അക്രമത്തിലൊ വിപ്ലവങ്ങളിലൊ ലോകത്തിൽ മാററം വരുത്താനുളള ശ്രമത്തിൽ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലൊ പങ്കെടുക്കുന്നില്ല. പകരം അവർ എല്ലാവരോടും സ്‌നേഹം ആചരിക്കുന്നു, ആളുകളെ വീടുതോറും സന്ദർശിക്കുന്നതിനും ദൈവത്തിന്റെ സമാധാനപൂർണ്ണമായ പുതിയലോകത്തിൽ അവർക്കും ജീവിതം ആസ്വദിക്കാൻ കഴിയേണ്ടതിന്‌ ദൈവത്തിന്റെ മുന്നറിയിപ്പുകൾ ഗൗനിക്കാൻ അവരെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെല്ലാവരും ചെലവഴിക്കുന്ന സമയവും ശ്രമവും പണവും ആ സ്‌നേഹത്തിന്റെ ഏററവും വലിയ പ്രകടനമാണ്‌.”

ഒരു പുതിയലോകം—എത്ര വ്യത്യസ്‌തം?

“സാർ, അങ്ങ്‌ ഒരു പുതിയലോകത്തെക്കുറിച്ചും ദൈവം മാററം വരുത്തുന്നതിനെക്കുറിച്ചും പറയുന്നു,” രാമു പറഞ്ഞു. “ദൈവം ഏതു തരം മാററം വരുത്തും? ഞാൻ അർത്ഥമാക്കുന്നത്‌, ഈ പുതിയ ലോകത്തിൽ എന്തായിരിക്കും വ്യത്യാസം?”

“അതേക്കുറിച്ച്‌ പറയുവാൻ നമുക്ക്‌ റാഹേലിനോട്‌ ആവശ്യപ്പെടാം, രാമു. ദൈവം മനുഷ്യകാര്യാദികളിൽ ഇടപെടുമ്പോൾ ഭൂമിയിലെ അവസ്ഥകൾ സംബന്ധിച്ച്‌ നീ ബൈബിളിൽ നിന്ന്‌ വായിച്ചിട്ടുളള ചില കാര്യങ്ങൾ എന്താണ്‌, റാഹേൽ? നിനക്ക്‌ ആകർഷകമായി തോന്നിയ ചില സംഗതികൾ ഞങ്ങളോട്‌ പറയൂ.”

“എനിക്ക്‌ മൃഗങ്ങളോടുകൂടെ കളിക്കാൻ ഇഷ്ടമായതുകൊണ്ട്‌ ഞാൻ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വാക്യം ഇതാണ്‌,” റാഹേൽ പറഞ്ഞു. “ഞാൻ അതു വായിക്കട്ടെ? അത്‌ യെശയ്യായുടെ പുസ്‌തകത്തിൽ നിന്ന്‌ 11-ാം അദ്ധ്യായം 6-8 വാക്യങ്ങൾ ആണ്‌. അത്‌ പറയുന്നു: ‘ചെന്നായ്‌ യഥാർത്ഥത്തിൽ കുറേസമയം ആണാട്ടിൻകുട്ടിയോടുകൂടെ വസിക്കും, പുളളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും കുഞ്ചിരോമമുളള ബാലസിംഹവും നന്നായി പോഷിപ്പിച്ച മൃഗവും എല്ലാം ഒരുമിച്ചു പാർക്കും; വെറും ഒരു ബാലൻ അവയുടെമേൽ നായകനായിരിക്കും. പശുവും കരടിയും തനിയെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. സിംഹം പോലും കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു തീർച്ചയായും മൂർഖന്റെ പൊത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ ഒരു കുട്ടി യഥാർത്ഥത്തിൽ ഒരു വിഷപ്പാമ്പിന്റെ പോതിൽ കയ്യിടും.’ സിംഹം ആക്രമിക്കുമെന്നോ പാമ്പ്‌ കടിക്കുമെന്നോ ഭയം കൂടാതെ നമുക്ക്‌ വനത്തിൽ പോകാൻ കഴിയുമ്പോൾ അത്‌ അത്ഭുതകരമായിരിക്കുമെന്ന്‌ ഞാൻ കരുതുന്നു; നമുക്ക്‌ എല്ലാ മൃഗങ്ങളോടുംകൂടെ ഒരുമിച്ച്‌ കളിക്കാൻ കഴിയും.

“എനിക്ക്‌ പകർച്ചപ്പനിയോ മലമ്പനിയോ കടുത്ത ഒരു ജലദോഷംപോലുമൊ വരുമ്പോൾ ‘“എനിക്ക്‌ രോഗമാണ്‌” എന്ന്‌ ഒരു നിവാസിയും പറയുകയില്ല’ എന്ന വാക്യത്തെക്കുറിച്ച്‌ ഞാൻ ചിന്തിക്കുന്നു. (യെശയ്യാ 33:24) കൊച്ചുകുട്ടിയായിരുന്നപ്പോൾ തളർവാതം വന്ന്‌ മുടന്തു ബാധിച്ച ഒരു പെൺകുട്ടി സ്‌കൂളിലുണ്ട്‌. അവൾ വളരെ കഷ്ടപ്പെടുന്നു, ഞങ്ങളോടൊത്ത്‌ കളിക്കാൻ അവൾക്ക്‌ കഴിയുന്നുമില്ല. ഒരു ദിവസം ഞാൻ സ്‌കൂളിൽ എന്റെ ബൈബിൾ കൊണ്ടുപോയി യെശയ്യാ 35:5, 6-ൽ നിന്ന്‌ അവളെ ഇത്‌ വായിച്ചു കേൾപ്പിച്ചു: ‘അക്കാലത്ത്‌ അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും, ബധിരരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. അക്കാലത്ത്‌ മുടന്തൻ മാനിനെപ്പോലെ കുതിച്ചുകയറും, മൂകന്റെ നാവ്‌ സന്തോഷിച്ച്‌ ഘോഷിക്കുകയും ചെയ്യും.’ അത്‌ കേൾക്കുന്നത്‌ അവൾക്ക്‌ വളരെ സന്തോഷമായിരുന്നു.

“അടുത്ത വാക്യം ഞാൻ വായിച്ചു കേൾപ്പിച്ചപ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽ താമസിക്കുന്ന ഒരു കർഷകനായ എന്റെ അമ്മാവനും സന്തോഷമായിരുന്നു: ‘വരണ്ട നിലം ഒരു പൊയ്‌കയായും ദാഹിച്ചിരുന്ന ഭൂമി നീരുറവുകളായും തീർന്നിരിക്കും.’ (യെശയ്യാ 35:7) കാലവർഷം കിട്ടാതിരിക്കുകയും വിളവ്‌ കുറയുകയും ചെയ്യുമ്പോൾ അയാൾക്ക്‌ വളരെ ക്ലേശം ഉണ്ടായിരുന്നു. എന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ എല്ലാവർക്കും സമൃദ്ധമായ ആഹാരം ഉണ്ടായിരിക്കും എന്ന്‌ ബൈബിൾ പറയുന്നു—അപ്പോൾ വിളനഷ്ടം ഉണ്ടാവുകയില്ല! യഹോവയാം ദൈവം ‘എല്ലാ ജനങ്ങൾക്കും വേണ്ടി . . . നന്നായി എണ്ണ ചേർത്ത ഭോജ്യങ്ങൾകൊണ്ട്‌ ഒരു വിരുന്ന്‌ ഒരുക്കും’ എന്നും ‘ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടാകും’ എന്നും അത്‌ പറയുന്നു. (യെശയ്യാ 25:6; സങ്കീർത്തനം 72:16) യെഹെസ്‌ക്കേൽ 34:27 നമ്മോടു പറയുന്നു: ‘വയലിലെ വൃക്ഷം അതിന്റെ ഫലം നൽകും, ദേശം തന്നെ അതിന്റെ വിളവു നൽകും, അവർ യഥാർത്ഥത്തിൽ തങ്ങളുടെ മണ്ണിൽ സുരക്ഷിതരായിരിക്കുകയും ചെയ്യും.’ അത്‌ അത്ഭുതകരമല്ലേ?”

“എനിക്ക്‌ യഥാർത്ഥത്തിൽ ഒരു സിംഹത്തോടുകൂടെ കളിക്കാൻ കഴിഞ്ഞാൽ അത്‌ തീർച്ചയായും അത്ഭുതകരമായിരിക്കും,” ആനന്ദിന്റെ ഇളയമകൾ ആശ പറഞ്ഞു. “ഞാൻ അവയെ മൃഗശാലയിൽ കണ്ടിട്ടുണ്ട്‌, അവ വളരെ പേടിപ്പിക്കുന്ന രൂപത്തിലായിരുന്നു.”

“നീ അത്‌ ആസ്വദിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌ ആശെ,” സാർ പറഞ്ഞു. “ഇപ്പോൾ ആനന്ദ്‌, യഹോവയാം ദൈവം നമ്മുടെ പ്രത്യേക പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതായും അവ നീക്കം ചെയ്യാമെന്ന്‌ വാഗ്‌ദത്തം ചെയ്യുന്നതായും ബൈബിൾ എങ്ങനെ തെളിയിക്കുന്നുവെന്ന്‌ താങ്കൾ മനസ്സിലാക്കിയോ? രോഗം, മഴക്കുറവും വിളനഷ്ടവും നിമിത്തമുളള ഭക്ഷ്യദൗർലഭ്യം, ഇവ നമ്മെയെല്ലാം ബാധിക്കുന്ന കാര്യങ്ങളാണ്‌. മോശമായ പാർപ്പിട സൗകര്യങ്ങളും ഒരു പ്രധാന പ്രശ്‌നമാണ്‌. ഉയർന്ന വാടകയും തിങ്ങിപ്പാർക്കുന്ന അവസ്ഥയും, ദൈവത്തിന്റെ പുതിയ ലോകത്തിൽ ഈ കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല. യെശയ്യാ 65:21, 22-ൽ പാർപ്പിട സൗകര്യത്തെക്കുറിച്ച്‌ അത്‌ ഇപ്രകാരം പറയുന്നു: ‘അവർ തീർച്ചയായും വീടുകൾ പണിയുകയും അവയിൽ പാർക്കുകയും ചെയ്യും; അവർ തീർച്ചയായും മുന്തിരിത്തോട്ടങ്ങൾ വച്ചുപിടിപ്പിച്ച്‌ അവയുടെ ഫലം ഭക്തിക്കും. അവർ പണിയുകയും മററാരെങ്കിലും അതിൽ പാർക്കുകയും ഇല്ല. അവർ നടുകയും അപരൻ ഭക്ഷിക്കുകയുമില്ല.’ അങ്ങനെ ദൈവം ഭൂമിയിൽ എല്ലാവർക്കും ഭവനങ്ങളും തോട്ടങ്ങളും വാഗ്‌ദത്തം ചെയ്യുന്നു.

“എന്നിരുന്നാലും, യുദ്ധം നടത്തുകയും അക്രമം പ്രവർത്തിക്കുകയും ചെയ്യുന്ന ദുഷ്ട മനുഷ്യരുളളതുകൊണ്ട്‌ നമുക്ക്‌ അരക്ഷിതാവസ്ഥയുണ്ടെങ്കിൽ ഈ അത്ഭുതകരമായ അവസ്ഥകൾ ആസ്വദിക്കാൻ കഴിയില്ല. ദൈവം നശിപ്പിക്കാൻ പോകുന്നത്‌ ഇവരെയാണ്‌. സങ്കീർത്തനം 37:10 ഇപ്രകാരം പ്രസ്‌താവിക്കുന്നു: ‘അൽപ്പകാലവുംകൂടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കുകയില്ല; നീ തീർച്ചയായും അവന്റെ സ്ഥലത്ത്‌ ശ്രദ്ധിച്ചു നോക്കും, അവൻ ഉണ്ടായിരിക്കുകയുമില്ല.’ ദുഷ്ടമനുഷ്യർ നശിപ്പിക്കപ്പെടുമെന്നതുകൊണ്ട്‌, ‘അവൻ ഭൂമിയുടെ അതിർത്തിയോളം യുദ്ധങ്ങൾ നിറുത്തൽ ചെയ്യുന്നു’ എന്ന വാഗ്‌ദത്തത്തിൽ നമുക്ക്‌ വിശ്വാസമുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 46:9.

“ബൈബിൾ ദൈവരാജ്യം എന്ന്‌ വിളിക്കുന്ന ഒരു ഗവൺമെൻറ്‌ മുഖാന്തരം ഇത്‌ സാക്ഷാത്‌ക്കരിക്കുമെന്ന്‌ യഹോവയാം ദൈവം വാഗ്‌ദത്തം ചെയ്യുന്നു. ഈ ഗവൺമെൻറ്‌ ഏതു മാനുഷഗവൺമെൻറിൽ നിന്നും പല വിധങ്ങളിൽ വ്യത്യസ്‌തമായിരിക്കും. ഒരു സംഗതി, അത്‌ ഒരു സ്വർഗ്ഗീയ ഗവൺമെൻറായിരിക്കും, അതുകൊണ്ട്‌ അത്‌ ദുഷിപ്പിക്കപ്പെടുക അസാദ്ധ്യമായിരിക്കും. രണ്ടാമത്‌, അത്‌ അധികാരമുളളവർക്കും ധനികർക്കും മാത്രമല്ല, എല്ലാവർക്കും നീതി ഉറപ്പുനൽകും. ഈ ഗവൺമെൻറ്‌ പ്രവർത്തനത്തിലിരിക്കുന്നതിന്റെ ഒരു മനോഹരമായ വർണ്ണന ഞാൻ ബൈബിളിൽ നിങ്ങളെ കാണിച്ചുതരട്ടെ: ‘അവൻ നീതിയോടെ എളിയവരെ ന്യായം വിധിക്കും, ഭൂമിയിലെ സൗമ്യർക്ക്‌ അവൻ നേരോടെ ശാസന നൽകും. . . . നീതി അവന്റെ നടുക്കെട്ടും വിശ്വസ്‌തത അവന്റെ അരക്കച്ചയും ആയിരിക്കും.’—യെശയ്യാ 11:4, 5.

“ഒടുവിൽ, ദൈവരാജ്യം മറെറല്ലാ ഗവൺമെൻറുകളെയും നീക്കം ചെയ്യും, അത്‌ ഒരു യഥാർത്ഥ ലോകഗവൺമെൻറായിരിക്കുന്നതിനു തന്നെ. ഇത്‌ ദാനിയേൽ പുസ്‌തകത്തിലെ ശ്രദ്ധാർഹമായ ഒരു പ്രവചനത്തിൽ പ്രകടമാക്കിയിരിക്കുന്നു: ‘ആ രാജാക്കൻമാരുടെ നാളുകളിൽ സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജത്വം സ്ഥാപിക്കും. രാജത്വം മറേറതെങ്കിലും ജനത്തിന്‌ കൈമാറപ്പെടുകയില്ല. അത്‌ ഈ രാജത്വങ്ങളെയെല്ലാം തകർത്തു നശിപ്പിക്കുകയും അതുതന്നെ അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.’ (ദാനിയേൽ 2:44) അതെ, ദൈവരാജ്യം പൂർണ്ണനിയന്ത്രണം ഏൽക്കുമ്പോൾ കാര്യങ്ങൾ വളരെ മെച്ചമായിരിക്കും. അതിന്റെ വരവിനായി നോക്കിപ്പാർത്തിരിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്‌ ഒട്ടും അതിശയമല്ല. ‘നിന്റെ രാജ്യം വരേണമെ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമെ’ എന്ന്‌ ദൈവത്തോട്‌ പ്രാർത്ഥിക്കാൻപോലും അവൻ അവരെ പഠിപ്പിച്ചു.—മത്തായി 6:10.

“അതുകൊണ്ട്‌ യഹോവ എന്ന്‌ നാമമുളള സർവ്വശക്തനായ ദൈവം നമ്മുടെ പ്രയാസങ്ങൾ പൂർണ്ണമായി അറിയുന്നവനാണെന്നും നമ്മോട്‌ സഹാനുഭൂതിയുളളവനാണെന്നും നിങ്ങൾക്ക്‌ കാണാൻ കഴിയും. വളരെ പെട്ടെന്നുതന്നെ നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ അവൻ നമുക്ക്‌ ഉറപ്പു നൽകുന്നു.”

ജ്ഞാനപൂർവ്വകമായ ഉപദേശത്തിൽ നിന്ന ഇപ്പോഴുളള പ്രയോജനങ്ങൾ

“അതെല്ലാം വളരെ നല്ലതാണെന്നു തോന്നുന്നു, സാർ, എന്നാൽ ദൈവം ഒരു മാററം വരുത്താൻ വെറുതെ കാത്തിരിക്കുന്നതിനാൽ എന്റെ മക്കൾക്ക്‌ ഇന്ന്‌ ആഹാരവും വസ്‌ത്രവും കിട്ടാൻ പോകുന്നില്ല. നാം ജോലി ചെയ്‌തേ തീരൂ. നമ്മുടെ ജീവിത ഭാഗധേയം മെച്ചപ്പെടുത്താൻ നാംതന്നെ ശ്രമം ചെലുത്തിയേ മതിയാവൂ.”

“നാം തീർച്ചയായും ജോലി ചെയ്യണം, ആനന്ദ്‌. നമ്മെ ആശ്രയിച്ചിരിക്കുന്നവർക്കായി കരുതുവാൻ പ്രയാസങ്ങളുടെ മദ്ധ്യേപോലും കഠിനാദ്ധ്വാനം ചെയ്യാൻ ബൈബിൾ നമ്മോടു പറയുന്നു. (1 തിമൊഥെയോസ്‌ 5:8) ‘ആരെങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവൻ തിന്നാതെയുമിരിക്കട്ടെ’ എന്ന്‌ അത്‌ വ്യക്തമായി പറയുന്നു. (2 തെസ്സലോനീക്യർ 3:10) നാം അനുസരിക്കുന്നെങ്കിൽ നമ്മുടെ ആരോഗ്യത്തിനും സന്തുഷ്ടിക്കും പ്രയോജനപ്രദമായ നിയമങ്ങളും തത്വങ്ങളും ബുദ്ധ്യുപദേശവും അത്‌ നമുക്ക്‌ നൽകുന്നു. ദൃഷ്ടാന്തത്തിന്‌, അതിഭക്ഷണവും ലഹരിപാനീയങ്ങളുടെ അമിത ഉപയോഗവും ദൈവം അംഗീകരിക്കുന്നില്ലെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. ഈ രണ്ടു കാര്യങ്ങൾക്കും നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ഹനിക്കാനും അദ്ധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുത്താനും കഴിയുമെന്ന്‌ നമുക്കറിയാം.

“അതുപോലെതന്നെ, ഡോക്ടർമാർ സമ്മതിക്കുന്നതുപോലെ നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ക്ഷയിപ്പിക്കുന്നതും, കടങ്ങൾ വീട്ടാനോ നമ്മുടെ കുടുംബത്തിനായി ആഹാരസാധനങ്ങൾ വാങ്ങാനോ ചെലവിടാൻ കഴിയുന്ന പണം നാനാവിധമാക്കുന്നതുമായ പുകയിലയും അടയ്‌ക്കായും ഒഴിവാക്കാൻ ബൈബിൾ തത്വങ്ങൾ നമ്മെ പഠിപ്പിക്കുന്നു. (2 കൊരിന്ത്യർ 7:1) കൂടാതെ, ബൈബിളിന്റെ ഉയർന്ന ധാർമ്മിക പ്രമാണങ്ങളും ആരോഗ്യരക്ഷ സംബന്ധിച്ച ജ്ഞാനപൂർവ്വകമായ ബുദ്ധ്യുപദേശവും പിൻപററുന്നത്‌ വൈകാരികമായി നമ്മെ സന്തുഷ്ടരായി നിലനിർത്തുകയും പല രോഗങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ബൈബിളിൽ യഹോവയാം ദൈവം ‘നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യാൻ നിങ്ങളെ പഠിപ്പിക്കുന്നവൻ’ എന്ന നിലയിൽ തന്നെക്കുറിച്ചു തന്നെ സംസാരിക്കുന്നത്‌. അവൻ തുടർന്നു പറയുന്നു, ‘അയ്യോ, നിങ്ങൾ എന്റെ കൽപ്പനകൾക്ക്‌ ശ്രദ്ധ നൽകിയിരുന്നെങ്കിൽ! അപ്പോൾ നിങ്ങളുടെ സമാധാനം ഒരു നദിപോലെയും നിങ്ങളുടെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആയിത്തീരുമായിരുന്നു.’—യെശയ്യാ 48:17, 18.

“എന്നുവരികിലും, ജ്ഞാനപൂർവ്വകമായ ഉപദേശം അനുസരിച്ചുകൊണ്ട്‌ നമുക്കിന്ന്‌ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം വലിയ അളവിൽ മെച്ചപ്പെടുത്താൻ കഴിയുമെങ്കിൽപോലും നമുക്കപ്പോഴും അനീതി, അഴിമതി, ജാതിയുടെയും വർഗ്ഗത്തിന്റെയും മുൻവിധി, മുഖപക്ഷം, ഗുരുതരമായ രോഗം, മരണം എന്നീ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന്‌ നാം സമ്മതിച്ചേ തീരൂ. ഇവ എന്നെന്നേക്കുമായി നീക്കം ചെയ്യുന്നതിന്‌ ദൈവം തന്നെ ഇടപെട്ടേ തീരൂ.”

“നമ്മുടെതന്നെ സൽപ്രവൃത്തികൾകൊണ്ട്‌ വലിയ മാററങ്ങൾ വരുത്താൻ കഴിയുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു,” മുത്തശ്ശി ഇടയ്‌ക്കുകയറി പറഞ്ഞു. “നമ്മുടെ സൽക്കർമ്മങ്ങൾ മററാളുകളെയും ബാധിക്കുന്നു, ദൈനംദിന ധ്യാനത്തിലൂടെ നമുക്ക്‌ ആന്തരിക സമാധാനം നേടാനും നമുക്ക്‌ ഏതു പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും അസ്വസ്ഥരാകാതിരിക്കാനും കഴിയും.”

“മുത്തശ്ശീ, നിങ്ങളെപ്പോലെതന്നെയാണ്‌ അനേകമാളുകൾ വിചാരിക്കുന്നത്‌, എന്നാൽ ഒരു കാര്യം തീർച്ചയാണ്‌. നമ്മുടെ പ്രവൃത്തികൾ എത്ര നല്ലതാണെങ്കിലും നമുക്ക്‌ ഭൂമിയിൽ നിന്ന്‌ ദുഷ്ടത നീക്കം ചെയ്യാൻ കഴിയില്ല. നമ്മുടെ സൽപ്രവൃത്തികൾ നൻമചെയ്യാൻ മററുളളവരെ സ്വാധീനിച്ചേക്കാം, എന്നാൽ ചിലയാളുകൾ മാററം വരുത്തുകയില്ല. വാസ്‌തവത്തിൽ, ചിലർ കൂടുതൽ ദ്രോഹം ചെയ്യാൻ നിങ്ങളുടെ നൻമയെ മുതലെടുത്തേക്കാം.

“ദൈവം അവതാരമെടുക്കുന്നതിനാൽ മാത്രമെ സത്യയുഗം വരുത്താൻ കഴിയൂ എന്ന്‌ മിക്ക ഹിന്ദുക്കളും വിശ്വസിക്കുന്നുവെന്നതിനോട്‌ നിങ്ങൾ യോജിക്കും. ഭൂരിപക്ഷം മനുഷ്യരും ദുഷ്‌ക്കർമ്മങ്ങൾ ചെയ്യുമ്പോൾ ദൈവത്തിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്ന്‌ അവർ കരുതുന്നു. മുത്തശ്ശി ഒന്നു ചിന്തിച്ചുനോക്കൂ, ധ്യാനത്തിലൂടെ നിങ്ങൾക്ക്‌ ആന്തരിക സമാധാനം ഉണ്ടെങ്കിലും കുടുംബത്തിന്റെ ആഹാരത്തിനും വസ്‌ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ട പണം ആനന്ദ്‌ ഉണ്ടാക്കുമെന്ന്‌ അത്‌ ഉറപ്പുനൽകുമോ? അത്‌ ഉറപ്പു നൽകുകയില്ല, അല്ലേ?

“ധ്യാനത്തെക്കുറിച്ച്‌ നിങ്ങൾ പറഞ്ഞത്‌ വളരെ രസകരമാണ്‌. എന്നാൽ, ഒന്നാമതായി ശരിയായി ധ്യാനിക്കാൻ നാം പഠിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, ധ്യാനിക്കുവാൻ നമുക്ക്‌ ആദ്യമായി വിവരം ഉണ്ടായിരിക്കണം. അതുകൊണ്ടാണ്‌ നാം മക്കളെ സ്‌കൂളിൽ അയക്കുന്നത്‌; അവരെ പഠിപ്പിക്കുവാൻ കൂടുതൽ വിവരമുളള ആരെങ്കിലും അവർക്ക്‌ ആവശ്യമാണ്‌. അപ്പോൾ കുട്ടികൾക്ക്‌ അവർ പഠിക്കുന്നതു സംബന്ധിച്ച്‌ ധ്യാനിക്കാൻ കഴിയും. വെറുതെ വീട്ടിലിരുന്ന്‌ ധ്യാനിക്കുകയെന്നും അവരുടെ ഉളളിൽ നിന്ന്‌ പരിജ്ഞാനം ഉളവായിവരട്ടെയെന്നും നാം അവരോട്‌ പറയുകയില്ല. നമുക്ക്‌ അറിയാവുന്നതിനേക്കാൾ കൂടുതൽ അറിയാവുന്ന ഒരു അദ്ധ്യാപകന്റെ അഥവാ ഗുരുവിന്റെ ആവശ്യം നാം തിരിച്ചറിയുന്നു. അതുകൊണ്ട്‌, മനുഷ്യനെ സൃഷ്ടിച്ചവനെക്കാൾ കൂടുതലായി അവനെക്കുറിച്ചും അവന്റെ പ്രശ്‌നങ്ങളെക്കുറിച്ചും അറിയാവുന്ന ആരുണ്ട്‌? അപ്പോൾ തീർച്ചയായും നമ്മുടെ സ്രഷ്ടാവ്‌ നമ്മുടെ ഉപദേഷ്ടാവായി പ്രവർത്തിക്കാനും നമ്മുടെ പ്രശ്‌നങ്ങളുടെ പരിഹാരം നമ്മെ കാണിച്ചു തരാനും നമുക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌. നാം നമ്മുടെ മക്കളെ സ്‌നേഹിക്കുന്നതുകൊണ്ട്‌ അവർക്ക്‌ വിദ്യാഭ്യാസം നൽകുന്നു. സ്‌നേഹവാനായ സർവ്വശക്തനായ ഒരു സ്വർഗ്ഗീയ പിതാവ്‌ അതുതന്നെ ചെയ്യുകയില്ലേ?”

“താങ്കൾ ബോദ്ധ്യം വരുത്തുന്നുവെന്ന്‌ ഞാൻ പറയേണ്ടിയിരിക്കുന്നു, സാർ,” മുത്തച്ഛൻ ഇടയ്‌ക്കുകയറി പറഞ്ഞു, “എന്നാൽ താങ്കൾ കാര്യങ്ങൾ വിശദീകരിച്ചു തന്ന രീതി വളരെ ലളിതമാണ്‌. ഞങ്ങളുടെ മതത്തിൽ വളരെ അഗാധമായ തത്വശാസ്‌ത്രം ഉണ്ട്‌. ഞങ്ങളുടെ പുണ്യാത്മാക്കളും ഋഷിമാരും ജീവന്റെ അർത്ഥം സംബന്ധിച്ച്‌ ധ്യാനിച്ച്‌ വർഷങ്ങൾ ചെലവഴിച്ചിരിക്കുന്നു. ഞാൻ തന്നെ എന്റെ ജീവിതകാലം മുഴുവൻ വിശുദ്ധഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട്‌, എന്നാൽ എനിക്ക്‌ ഇപ്പോഴും പ്രപഞ്ചത്തിന്റെ എല്ലാ രഹസ്യങ്ങളും, ജീവനും അതിന്റെ ഉദ്ദേശ്യവും സംബന്ധിച്ച അർത്ഥം ഗ്രഹിക്കാൻ കഴിയുന്നില്ല.”

“മുത്തച്ഛാ, ദൈവത്തിന്റെ ജ്ഞാനം നമ്മുടേതിനേക്കാൾ വളരെ ശ്രേഷ്‌ഠമാണെന്നുളളത്‌ തീർച്ചയായും സത്യമാണ്‌. ദൈവത്തെയും അവന്റെ സൃഷ്ടിയെയും സംബന്ധിച്ച്‌ ദീർഘകാലം അഗാധമായി ചിന്തിച്ചശേഷം, ‘നോക്കൂ! ഇവ അവന്റെ വഴികളുടെ അററങ്ങളാകുന്നു, അവനെക്കുറിച്ച്‌ ഒരു ശ്രുതി മാത്രമാണ്‌ കേട്ടിരിക്കുന്നത്‌!’ എന്നു സമ്മതിച്ച ഇയ്യോബ്‌ എന്നു വിളിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച്‌ ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 26:14) എന്നാൽ നമുക്ക്‌ നമ്മുടെ കഴിവു കുറഞ്ഞ മനസ്സുകൾകൊണ്ട്‌ ദൈവത്തെക്കുറിച്ച്‌ അറിയാനുളള എല്ലാകാര്യങ്ങളും ഗ്രഹിക്കാൻ കഴിയില്ലെങ്കിൽപോലും അവൻ ആഗ്രഹിക്കുന്ന പക്ഷം നാം അറിയേണ്ടതായ കാര്യങ്ങളെങ്കിലും നമ്മെ പഠിപ്പിക്കാൻ അവന്‌ കഴിയില്ലേ?

“ഉദാഹരണത്തിന്‌, ഒരു മികച്ച ഗണിതശാസ്‌ത്രജ്ഞൻ എന്ന്‌ ഖ്യാതി നേടിയ വളരെ പഠിപ്പുളള ഒരു ഗണിതശാസ്‌ത്രപ്രൊഫസർ ഒരു ഫീസും കൂടാതെ രാമുവിനെ പഠിപ്പിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്യുന്നെങ്കിൽ, ‘അയാൾ അറിവിൽ വളരെ മുന്തിനിൽക്കുന്നവനാണ്‌; അയാൾക്ക്‌ അറിയാവുന്ന സകലതും ഗ്രഹിക്കാൻ രാമുവിന്‌ ഒരിക്കലും കഴിയില്ല’ എന്ന്‌ പറഞ്ഞുകൊണ്ട്‌ നിങ്ങൾ വാഗ്‌ദാനം നിരസിക്കുമോ? തീർച്ചയായും ഇല്ല! ഒരു പണ്ഡിതൻ എത്രതന്നെ ബുദ്ധിശാലിയാണെങ്കിലും അയാൾ ഒരു നല്ല അദ്ധ്യാപകനാണെങ്കിൽ അയാൾക്ക്‌ കിൻഡർഗാർട്ടൻ കുട്ടികളെപ്പോലും അവർക്ക്‌ ഗ്രഹിക്കാവുന്ന വിധത്തിൽ പഠിപ്പിക്കാൻ കഴിയുമെന്ന്‌ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ സർവ്വജ്ഞാനിയായ ഒരു ദൈവത്തിന്‌ അവന്റെ മക്കളായ നമ്മെ നമുക്ക്‌ ഗ്രഹിക്കാൻ കഴിയുന്ന ലളിതമായ ഭാഷയിൽ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ലേ? അവൻ അങ്ങനെ ചെയ്യുന്നുണ്ടെന്ന്‌ ബൈബിൾ പറയുന്നു. അത്‌ പറയുന്നു: ‘നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ടവരാകും.’ (യെശയ്യാ 54:13) ബൈബിളിന്റെ ഉപദേശം ലളിതവും മനുഷ്യരായ നമുക്ക്‌ ഗ്രഹിക്കാവുന്നതും ആയി നിങ്ങൾ കണ്ടെത്തുന്നത്‌ അതുകൊണ്ടാണ്‌. അതിൽ നിറയെ ദൃഷ്ടാന്തങ്ങളാണ്‌, സാധാരണ ജനങ്ങളുടെ രേഖ അടങ്ങിയിരിക്കുന്നു, നമുക്ക്‌ ആർക്കും മനസ്സിലാക്കാൻ കഴിയുന്ന ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്ന അനുദിനജീവിതത്തിന്റെ വിവരണങ്ങളും അടങ്ങിയിരിക്കുന്നു. വളരെ ഉയർന്ന ബുദ്ധിശക്തിയുളള ഒരു വ്യക്തി നമ്മുടെ പ്രശ്‌നങ്ങളുടെ പരിഹാരം നമ്മെ കാണിച്ചു തരുന്നതിനുളള ഏററവും മികച്ച ഒരു മാർഗ്ഗമാണിത്‌.

“എന്നാൽ ഞങ്ങൾക്ക്‌ പോകാൻ സമയമായി. ഒരുമിച്ച്‌ ചെലവഴിച്ച ഈ സമയം ഞങ്ങൾ യഥാർത്ഥത്തിൽ ആസ്വദിക്കുകയുണ്ടായി, നിങ്ങളുടെ ആതിഥ്യം വിലമതിക്കുകയും ചെയ്യുന്നു.”

പ്രബോധനത്തിന്റെ ഒരു പുസ്‌തകം

ഏതാനും ദിവസം കഴിഞ്ഞ്‌ നിർമ്മലയും മറിയമും കൂടെ മറിയമിന്റെ കേടുവന്ന തയ്യൽമെഷീനിന്റെ നിർദ്ദേശങ്ങളടങ്ങിയ പുസ്‌തകം പരിശോധിക്കുകയായിരുന്നു. കേടുപോക്കിക്കഴിഞ്ഞപ്പോൾ മറിയം നിർമ്മലയോട്‌ ചോദിച്ചു, “നമുക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പരിശോധിക്കാൻ കഴിയേണ്ടതിന്‌ നമ്മെ നിർമ്മിച്ച ദൈവം നിർദ്ദേശങ്ങളടങ്ങിയ ഒരു പുസ്‌തകം നമുക്ക്‌ നൽകുമെന്ന്‌ നിങ്ങൾ വിചാരിക്കുന്നില്ലേ?”

“നിങ്ങൾ എന്താണ്‌ അർത്ഥമാക്കുന്നത്‌, മറിയം?” ആശ്ചര്യത്തോടെ നിർമ്മല ചോദിച്ചു.

“ഞങ്ങൾ ഈ തയ്യൽമെഷീൻ വാങ്ങിയപ്പോൾ നിർമ്മാതാവ്‌ നിർദ്ദേശങ്ങളടങ്ങിയ ഒരു പുസ്‌തകം ഞങ്ങൾക്കു നൽകി. അതുപോലെ മമനുഷ്യന്റെ നിർമ്മാതാവായ ദൈവം, മനുഷ്യർ ഈ നിർദ്ദേശങ്ങൾ പിൻപററുന്നെങ്കിൽ അവർക്ക്‌ പ്രയോജനം ചെയ്യുന്നതരം നിർദ്ദേശങ്ങൾ നൽകുമെന്നുളളത്‌ ന്യായയുക്തമല്ലേ?”

“നിർദ്ദേശങ്ങളുടെ ആ പുസ്‌തകം ബൈബിളാണെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നതായി ഞാൻ കരുതട്ടെ?”

“അതെ, ഞാൻ അങ്ങനെ വിശ്വസിക്കുന്നു നിർമ്മലെ. വിശുദ്ധഗ്രന്ഥങ്ങൾ എന്ന്‌ വിളിക്കപ്പെടുന്ന പല പുസ്‌തകങ്ങളുണ്ട്‌. ഇവയിൽ ചിലത്‌ ഐതിഹ്യങ്ങളായും, ചിലത്‌ ചരിത്രത്തിൽ ഒരു പ്രത്യേകകാലത്ത്‌ ജീവിച്ചിരുന്ന വ്യക്തികൾ അവരുടെ സ്വന്തം ചിന്താഗതിയിൽ വികസിപ്പിച്ചെടുത്ത തത്വശാസ്‌ത്രമായും അംഗീകരിക്കപ്പെടുന്നു. മററുളളവ ഒരു പ്രത്യേകകാലത്ത്‌ ഒരു പ്രത്യേക പ്രദേശത്തിനു യോജിച്ച ഒരു ധാർമ്മികനിയമസംഹിതയും സാമൂഹ്യ നിയമങ്ങളും നൽകുന്നു. ഈ പുസ്‌തകങ്ങളെല്ലാം വിഭിന്ന കാര്യങ്ങൾ പഠിപ്പിക്കുന്നു, ഒരു സ്‌ത്രീ ഏതു നിറത്തിലുളള സാരി ധരിക്കണമെന്ന്‌ സ്വയം തെരഞ്ഞെടുക്കുന്നതുപോലെ ആളുകൾ തങ്ങൾക്ക്‌ ആകർഷകമായത്‌ പിൻപററുവാൻ തെരഞ്ഞെടുക്കുന്നു.

“എന്നിരുന്നാലും ബൈബിൾ വ്യത്യസ്‌തമാണ്‌. നാം മുമ്പ്‌ ചർച്ചചെയ്‌തതുപോലെ എഴുത്തുകാരിൽ ആരും ചിന്താഗതി തങ്ങളുടെ സ്വന്തമാണെന്ന്‌ അവകാശപ്പെട്ടില്ല. ഒരു എഴുത്തുകാരൻ വിശദീകരിച്ചതുപോലെ, ബൈബിളിന്റെ സന്ദേശം ‘മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, പിന്നെയോ മനുഷ്യർ ദൈവത്തിൽനിന്ന്‌ സംസാരിച്ചതത്രെ.’ (2 പത്രോസ്‌ 1:21) ബൈബിളിന്റെ ബുദ്ധ്യുപദേശം അത്‌ എഴുതിയ കാലത്ത്‌ പ്രായോഗികമായിരുന്നെങ്കിലും ഇന്ന്‌ 20-ാം നൂററാണ്ടിലും അത്‌ പ്രായോഗികമാണ്‌. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ മാർഗ്ഗനിർദ്ദേശം നിത്യമായി പ്രയോജനപ്രദമാണ്‌, അവന്റെ പ്രമാണങ്ങൾ മാറുന്നുമില്ല. അത്‌ എല്ലായ്‌പ്പോഴും അത്‌ അനുസരിക്കുന്നവരുടെ ജീവിതത്തിൽ നൻമയിലേക്കുളള ഒരു സ്വാധീനശക്തിയായിരുന്നിട്ടുണ്ട്‌, അവരുടെ ജീവിതത്തിൽ വലിയ മാററങ്ങൾ വരുത്താൻ അവരെ സഹായിച്ചുകൊണ്ടുതന്നെ. അതുകൊണ്ടാണ്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ ജീവിച്ചിരുന്ന ഒരു നിയമജ്ഞൻ ഇപ്രകാരം പറഞ്ഞത്‌: ‘ദൈവത്തിന്റെ വചനം ജീവനുളളതും ശക്തി പ്രയോഗിക്കുന്നതുമാകുന്നു.’—എബ്രായർ 4:12.

“എങ്കിലും നിർമ്മലെ, ഇന്ന്‌ ജീവിച്ചിരിക്കുന്ന നമുക്ക്‌ ബൈബിളിന്റെ ഏററവും മികച്ച മൂല്യം, ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന മാററം കാണുന്ന തലമുറ നമ്മുടേതാണെന്ന്‌ അത്‌ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുവെന്നുളളതാണ്‌. കഴിഞ്ഞ ദിവസം സന്ധ്യക്ക്‌ നാം ചർച്ചചെയ്‌തുകൊണ്ടിരുന്ന ‘അടയാളം’ അത്‌ നമുക്ക്‌ നൽകുന്നു. ബൈബിളെഴുത്തുകാർ ഈ കാലത്തിനായി നോക്കിപ്പാർത്തിരുന്നു, എന്നാൽ ദൈവം എങ്ങനെ മമനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നതു സംബന്ധിച്ച്‌ അവർ വളരെ താൽപ്പര്യമുളളവർ ആയിരുന്നെങ്കിലും അവർ രേഖപ്പെടുത്തിയ പ്രവചനങ്ങളുടെ അർത്ഥം അവരിൽ പലരും ഗ്രഹിച്ചില്ല. ഉദാഹരണത്തിന്‌ ഒരു എഴുത്തുകാരനായിരുന്ന ദാനിയേൽ അവനോട്‌ എഴുതാൻ ആവശ്യപ്പെട്ട കാര്യങ്ങളുടെ ഒരു വിശദീകരണം ചോദിച്ചു. എന്നാൽ അവന്‌ ലഭിച്ച ഉത്തരം നോക്കൂ: ‘ദാനിയേലെ, പൊയ്‌ക്കൊൾക, എന്തെന്നാൽ ഈ വചനങ്ങൾ അന്ത്യകാലം വരെ രഹസ്യമാക്കി മുദ്രവെച്ചിരിക്കുന്നു . . . ഉൾക്കാഴ്‌ചയുളളവർ ഗ്രഹിക്കും.’ അന്ത്യകാലത്തെക്കുറിച്ച്‌ അവനോട്‌ ഇതുംകൂടെ പറഞ്ഞു, ‘പലരും അങ്ങുമിങ്ങും ചുററിത്തിരിയും, സത്യമായ പരിജ്ഞാനം സമൃദ്ധമായിത്തീരുകയും ചെയ്യും.’—ദാനിയേൽ 12:4, 8-10.

“ഇന്ന്‌ യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതാണ്‌. നൂററാണ്ടുകളോളം ബൈബിൾ ആദിമഭാഷകളിൽ മാത്രമെ ലഭ്യമായിരുന്നുളളു, പിന്നീട്‌ മററ്‌ ഒന്നോ രണ്ടോ ഭാഷകളിലും. ഇന്ന്‌ നമുക്ക്‌ ബൈബിൾ മുഴുവനായോ ഭാഗികമായോ 1,900-ലധികം ഭാഷകളിൽ ലഭ്യമാണ്‌, 200 കോടിയിലധികം പ്രതികൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ബൈബിൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ഏതാണ്ട്‌ 40 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ വീടുതോറും പോയിക്കൊണ്ടിരിക്കുന്നുവെന്ന വസ്‌തുതയും അതിനോടു കൂട്ടുക. ആ പ്രവചനം എങ്ങനെ നിറവേറുന്നുവെന്ന്‌ നിങ്ങൾക്ക്‌ കാണാൻ കഴിയും. ‘സത്യമായ പരിജ്ഞാനം’ ‘അന്ത്യകാലത്ത്‌’ വർദ്ധിക്കുമളവിൽ ‘രഹസ്യമാക്കിവെച്ച’ കാര്യങ്ങൾ ഇപ്പോൾ ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുന്നതിന്‌ ദൈവത്തിന്റെ നിർദ്ദേശങ്ങൾ ആളുകളെ അറിയിക്കണമെങ്കിൽ ഇത്‌ മർമ്മപ്രധാനമാണ്‌. ബൈബിൾ പഠിക്കുന്നതിനാൽ കഴിഞ്ഞകാലത്ത്‌ ദൈവം മുൻകൂട്ടിപറഞ്ഞ കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചുവെന്ന്‌ ആളുകൾക്ക്‌ മനസ്സിലാക്കാൻ കഴിയും, അതുകൊണ്ട്‌ നമ്മുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കൈവരുത്തുന്ന ഒരു പുതിയലോകത്തെക്കുറിച്ചുളള അവന്റെ വാഗ്‌ദത്തം അവർക്ക്‌ വിശ്വസിക്കാൻ കഴിയും.”

അതിജീവിക്കാൻ നാം ചെയ്യേണ്ടത

മറിയം നിർമ്മലയോടുകൂടെ വീട്ടിലേക്ക്‌ നടന്നുചെല്ലുമ്പോൾ മുത്തശ്ശി അവരുടെ സന്ധ്യാപ്രാർത്ഥന കഴിച്ചതേയുണ്ടായിരുന്നുളളു. ജനിക്കാൻ പോകുന്ന ശിശുവിനുളള മനോഹരമായ വസ്‌ത്രങ്ങളെ ശ്ലാഘിച്ചശേഷം മുത്തശ്ശി പെട്ടെന്നുതന്നെ വിഷയം മാററി.

“സാർ പറഞ്ഞത്‌ ശരിയാണെങ്കിൽ, ദൈവം പെട്ടെന്നുതന്നെ ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻ പോകയാണെങ്കിൽ, ഞങ്ങൾ സുരക്ഷിതരായിരിക്കും,” എന്ന്‌ അവർ പറഞ്ഞു. “ഞങ്ങൾ ചതിക്കുകയോ നുണപറയുകയോ ചെയ്യുന്നില്ല, ഞങ്ങൾ അമ്പലത്തിൽ പോവുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു, ഞങ്ങൾ ഒരു ധാർമ്മിക ജീവിതം നയിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കുടുംബത്തിന്‌ യാതൊരു ദ്രോഹവും വരുകയില്ല.”

“മുത്തശ്ശീ, ദുഷ്ടമനുഷ്യരുടെ നാശത്തെ അതിജീവിക്കുന്നതിന്‌ ഒരു ധാർമ്മിക ജീവിതം നയിക്കുന്നത്‌ തീർച്ചയായും ആവശ്യമായിരിക്കും,” മറിയം പ്രതികരിച്ചു. “നുണ പറയുകയും ചതിക്കുകയും കൊല്ലുകയും ചെയ്യുന്ന ആളുകൾ തന്റെ പുതിയ ലോകത്തിൽ ഉണ്ടായിരിക്കാൻ ദൈവം ആഗ്രഹിക്കുകയില്ല, അല്ലാത്തപക്ഷം അത്‌ ഇപ്പോഴത്തെ ലോകത്തിൽ നിന്ന്‌ ഒട്ടും വ്യത്യസ്‌തമായിരിക്കുകയില്ല, ആയിരിക്കുമോ? എന്നാൽ മുത്തശ്ശീ, ഒന്നു ചിന്തിച്ചു നോക്കൂ. പ്രളയം പോലുളള പ്രകൃതിവിപത്തുകളുടെ കാലത്ത്‌ ഗവൺമെൻറ്‌ അതിജീവനത്തിന്‌ നമുക്ക്‌ നിശ്ചിത നിർദ്ദേശങ്ങൾ നൽകുന്നു. ഇവ യഥാർത്ഥ അവസ്ഥ സംബന്ധിച്ച അവരുടെ അറിവിന്റെയും എന്തു സംഭവിക്കാൻ പോകുന്നുവെന്ന്‌ അവർ അറിയുന്നതിന്റെയും അടിസ്ഥാനത്തിലാണ്‌. നാം വീട്ടിലിരുന്നുകൊണ്ട്‌, ‘ഞാൻ ഒരു നല്ലയാളാണ്‌, അതുകൊണ്ട്‌ ഞാൻ മുങ്ങിച്ചാവുകയില്ല’ എന്ന്‌ പറയുകയില്ല, പറയുമോ? ഇപ്പോൾ ദൈവം ഒരു പ്രളയത്തെക്കാൾ വളരെ വലിയ ഒരു വിപത്ത്‌ വരുത്താൻ പോവുകയാണ്‌. അവൻ, ബൈബിളിൽ അർമ്മഗെദ്ദോൻ എന്നു വിളിക്കുന്ന ഒരു യുദ്ധം വരുത്തുകയാണ്‌, അത്‌ ഭൂമിയിലുളള ഓരോ വ്യക്തിയെയും ബാധിക്കും. (വെളിപ്പാട്‌ 16:14-16) ധാർമ്മികമായി നല്ലവരായിരിക്കുന്നത്‌ അതിജീവനത്തിന്റെ ഒരു അടിസ്ഥാന ആവശ്യം ആണെന്ന്‌ വിശുദ്ധതിരുവെഴുത്തുകൾ നമ്മോടു പറയുന്നു. എന്നാൽ അവസ്ഥ സംബന്ധിച്ച തന്റെ അറിവിന്റെ അടിസ്ഥാനത്തിൽ ദൈവം മററ്‌ നിശ്ചിത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്‌. നാം അതിജീവിക്കണമെങ്കിൽ ഇവയും നാം പിൻപറേറണ്ടിയിരിക്കുന്നു. ദൈവത്തിന്റെ നിർദ്ദേശങ്ങൾ പിൻപററുന്നവർ, ദൈവം ദുഷ്ടരെ നശിപ്പിക്കുമ്പോൾ ഭൂമിയിൽ ശേഷിച്ചിരിക്കുമെന്ന്‌ ബൈബിൾ പറയുന്ന ‘നീതിമാൻമാരും’ ‘നേരുളളവരും’ ‘നിഷ്‌ക്കളങ്കരും’ ആയി പരിഗണിക്കപ്പെടും.”—സദൃശവാക്യങ്ങൾ 2:20-22.

ഈ സമയത്ത്‌ മുത്തച്ഛൻ പ്രതികരിച്ചു: “എന്നാൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിജീവിക്കാൻ വേണ്ടത്ര നീതിമാൻമാരായി നമുക്ക്‌ എങ്ങനെ പരിഗണിക്കപ്പെടാൻ കഴിയും?”

മറിയം ഉത്തരം നൽകി, “മനുഷ്യനെ സഹായിക്കാൻ യഹോവയാം ദൈവം അത്ഭുതകരമായ ഒരു നിയമനടപടി സ്വീകരിച്ചു. ഞാൻ അതൊരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കാം. നിർമ്മലെ, നിങ്ങൾ ഒരു കിലൊ പഞ്ചസാര വാങ്ങാൻ പത്തുരൂപയും കൊടുത്ത്‌ രാമുവിനെ അയക്കുന്നുവെന്നു കരുതുക. മാർഗ്ഗമദ്ധ്യേ അവൻ കളിക്കാൻ നിൽക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യുന്നു. അവൻ കടയിൽ ചെല്ലുമ്പോൾ കടക്കാരൻ അവന്‌ പഞ്ചസാര നൽകുമോ?”

“ഇല്ല, തീർച്ചയായും ഇല്ല,” നിർമ്മല പറഞ്ഞു.

“രാമു കരഞ്ഞുകൊണ്ട്‌ നിൽക്കുന്നു. പണം നഷ്ടപ്പെട്ടതുകൊണ്ട്‌ മുഴുകുടുംബവും കഷ്ടപ്പെടുമെന്ന്‌ അവനറിയാം. അടുത്തുനിന്ന ദയാലുവായ ഒരു മാന്യൻ അവനോട്‌ അനുകമ്പ തോന്നി അവന്‌ പത്തുരൂപ നൽകുന്നു. പഞ്ചസാരക്കു വേണ്ടി ഇത്‌ കടക്കാരന്‌ നൽകപ്പെടുന്നു, നിങ്ങളുടെ കുടുംബത്തിന്‌ അത്‌ ഉപയോഗിക്കാൻ കഴിയുന്നു.

“ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യജോടി അവരുടെ ഇച്ഛാസ്വാതന്ത്ര്യം ദുർവിനിയോഗിക്കുകയും ദൈവത്തിന്റെ ജ്ഞാനപൂർവ്വകമായ നിർദ്ദേശങ്ങൾ ലംഘിക്കാൻ തീരുമാനിക്കുകയും ചെയ്‌തപ്പോൾ നമ്മുടെ പ്രശ്‌നങ്ങൾ ആരംഭിച്ചുവെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു, അങ്ങനെ ചെയ്യുന്നതിന്റെ ശിക്ഷയെക്കുറിച്ചും ദൈവം അവർക്ക്‌ മുന്നറിയിപ്പു നൽകിയിരുന്നു—പൂർണ്ണതയുടെ നഷ്ടവും അവരുടെ പരദീസാഭവനത്തിന്റെ നഷ്ടവും ഭൂമിയിൽ എന്നേക്കും തുടർന്നുജീവിക്കാനുളള അവരുടെ അവകാശത്തിന്റെ നഷ്ടവും തന്നെ. ദൈവം അവന്റെ നിയമങ്ങൾ നീതിപൂർവ്വം നടപ്പാക്കി. തങ്ങൾക്കുവന്ന വലിയ നഷ്ടം നിമിത്തം ഇത്‌ അവരുടെ സന്താനത്തെ കരഞ്ഞുനിൽക്കുന്ന അവസ്ഥയിലാക്കി. എന്നാൽ ദൈവം തന്റെ നീതിയെ സ്‌നേഹത്താൽ മയപ്പെടുത്തുന്നതുകൊണ്ട്‌ ആദ്യജോടി നഷ്ടപ്പെടുത്തിയത്‌ വീണ്ടും പ്രാപിക്കാൻ മനുഷ്യർക്ക്‌ അവസരം നൽകുന്നതിന്‌ അവൻ ക്രമീകരിച്ചു. ദൃഷ്ടാന്തത്തിലെ ദയാലുവായ മാന്യനെപ്പോലെ, ദൈവം നഷ്ടപ്പെട്ടതിന്റെ തുല്യവില പ്രദാനം ചെയ്‌തു. ഭൂമിയിൽ യേശുക്രിസ്‌തു എന്ന്‌ അറിയപ്പെട്ട ഒരു മനുഷ്യനായി ജനിക്കാൻ തന്റെ സ്വന്തം ആത്മപുത്രനെ സ്വർഗ്ഗത്തിൽ നിന്ന്‌ അയച്ചുകൊണ്ട്‌ ദൈവം ഇത്‌ ചെയ്‌തു. ആദ്യമനുഷ്യനായ ആദാം നഷ്ടപ്പെടുത്തിയ ജീവന്‌ തുല്യമായ തന്റെ പൂർണ്ണമനുഷ്യജീവൻ യേശു മനസ്സോടെ ബലികഴിക്കുകയും മൂല്യം ദൈവത്തിന്‌ സമർപ്പിക്കുകയും ചെയ്‌തപ്പോൾ മനുഷ്യവർഗ്ഗത്തിന്‌ നഷ്ടപ്പെട്ടത്‌, അതായത്‌ ഒരു പറുദീസാഭൂമിയിലെ പൂർണ്ണതയുളള അനന്തജീവൻ, തിരിച്ചുവാങ്ങാൻ അത്‌ ഉപയോഗിക്കാൻ കഴിയുമായിരുന്നു.”

ചർച്ചയുടെ ഈ ഘട്ടത്തിൽ, അൽപ്പം മുൻപ്‌ ആനന്ദിനോടുകൂടെ പ്രവേശിച്ച സാർ പങ്കുചേരുന്നു. “അതുകൊണ്ട്‌ മറിയം പറഞ്ഞുകൊണ്ടിരുന്നതിൽ നിന്ന്‌ യേശു ദൈവത്തിന്റെ ഒരു അവതാരം അല്ലെന്നും പിന്നെയോ ആദ്യ മനുഷ്യജോടിയുടെ അനുസരണക്കേടുനിമിത്തം മനുഷ്യർക്ക്‌ നഷ്ടമായത്‌ വീണ്ടും പ്രാപിക്കാൻ വഴിയൊരുക്കിക്കൊണ്ട്‌ തന്റെ പൂർണ്ണ ജീവൻ അവർക്കുവേണ്ടി അർപ്പിക്കാൻ ഒരു മനുഷ്യനായി ജനിച്ച ദൈവത്തിന്റെ ഒരു ആത്മപുത്രനാണെന്നും നിങ്ങൾക്ക്‌ കാണാൻ കഴിയും. ദൈവം ഏർപ്പെടുത്തിയ ഈ ക്രമീകരണത്തെ നാം സ്വീകരിക്കുമ്പോൾ, അപ്പോൾ നാം ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കാനും സമാധാനപൂർണ്ണമായ, പ്രശ്‌നരഹിതമായ ഒരു ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനും കഴിയുന്ന പാതയിൽ ആകുന്നു. ലോകത്തെവിടെയുമുളള യഹോവയുടെ സാക്ഷികൾ അതേക്കുറിച്ച്‌ പഠിക്കാൻ സകല ജനതകളിലെയും ആളുകളെ സഹായിക്കുന്നതിന്‌ കഠിനാദ്ധ്വാനം ചെയ്യത്തക്കവണ്ണം ഈ പ്രത്യാശ അത്ര അത്ഭുതകരമാണ്‌. ഈ പ്രത്യാശ ആശ്രയയോഗ്യമാണെന്ന്‌ കണ്ടെത്താൻ ശ്രമം ആവശ്യമാണെന്നുളളത്‌ സത്യം തന്നെ, എന്നാൽ നമുക്ക്‌ നീട്ടിത്തന്നിരിക്കുന്ന പ്രതിഫലങ്ങൾ തീർച്ചയായും ശ്രമത്തെ, തക്ക മൂല്യമുളളതാക്കിത്തീർക്കുന്നു.”

ഒരു ശോഭനമായ ഭാവി

ആനന്ദ്‌ നിർമ്മലയെയും നവജാതശിശുവിനെയും ആശുപത്രിയിൽ നിന്ന്‌ വീട്ടിലേക്ക്‌ കൊണ്ടുവന്നപ്പോൾ സൂര്യൻ തെളിഞ്ഞ നീലാകാശത്തിൽ വെട്ടിത്തിളങ്ങുകയായിരുന്നു. മഴക്കാലം മിക്കവാറും കഴിഞ്ഞതായി തോന്നി. കുടുംബത്തിൽ വളരെ ഉണർവ്വുണ്ടായിരുന്നു, ശിശുവിനെ കാണാൻ അയൽക്കാർ വന്നു. ആനന്ദ്‌ മെല്ലെ പറമ്പിലേക്ക്‌ നീങ്ങി, ഒരു കുരുവി കൂടുണ്ടാക്കാൻ വൈക്കോൽ കഷണങ്ങൾ ശേഖരിക്കുന്നത്‌ നോക്കിക്കൊണ്ടിരുന്നു. ‘അവൾ എന്നെപ്പോലെതന്നെ അവളുടെ കുടുംബത്തിന്‌ ഒരു സുരക്ഷിതഭാവി ആഗ്രഹിക്കുന്നു,’ അയാൾ ചിന്തിച്ചു.

സാർ പറഞ്ഞുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളും സത്യമാണെങ്കിൽ എന്ത്‌? അപ്പോൾ തന്റെ കുടുംബത്തിലെ ഈ പുതിയ കുട്ടിക്ക്‌ അതിന്റെ മുമ്പിൽ ഒരു അത്ഭുതകരമായ ഭാവിയുണ്ട്‌. ഏതാനും ദിവസംമുമ്പ്‌ അവർ തമ്മിൽ സംസാരിച്ചപ്പോഴത്തെ സാറിന്റെ അവസാനവാക്കുകൾ ആനന്ദ്‌ ഓർമ്മിച്ചു. അയാൾ പറഞ്ഞത്‌ ഇതായിരുന്നു, “രാമു, അവന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി കഴിയുമ്പോൾ നിങ്ങൾ പത്രത്തിൽ ഒരു ജോലിയുടെ പരസ്യം കാണുന്നുവെന്ന്‌ സങ്കൽപ്പിക്കുക. അത്‌ രാമുവിന്റെ യോഗ്യതകളുളള ഒരാൾക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നല്ല ശമ്പളം, അയാൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന തരം സ്ഥലം, നല്ല താമസസൗകര്യം ലഭ്യം, ജോലി അയാൾ ആസ്വദിക്കുന്ന തരത്തിലുളള ഒന്നുമാണ്‌. നിങ്ങൾ എന്തുചെയ്യും? ആ പരസ്യം അവഗണിക്കുമോ, അതോ ആ ജോലി സമ്പാദിക്കാൻ നിങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യുമോ?” ‘കൊളളാം, അതിനുളള ഉത്തരം സ്‌പഷ്ടമായിരുന്നു,’ ആനന്ദ്‌ ചിന്തിച്ചു.

അതുകൊണ്ട്‌, ഇന്നു ജീവിക്കുന്ന ആളുകളോട്‌ ദൈവം വാഗ്‌ദാനം ചെയ്യുന്നതായി ബൈബിൾ പറയുന്ന കാര്യങ്ങൾ സംബന്ധിച്ചെന്ത്‌? ഒരു പറുദീസാഭൂമി, ഒരു നല്ല ഭവനം, ഭക്ഷിക്കാൻ ധാരാളം, സംതൃപ്‌തികരമായ തൊഴിൽ, പൂർണ്ണ ആരോഗ്യം, കൂടാതെ പൂർണ്ണ സുരക്ഷിതത്വവും. അത്‌ സത്യമാണെന്ന്‌ സങ്കൽപ്പിക്കുക. ആനന്ദ്‌ ദീർഘസമയം ആലോചിച്ചു.

സൂര്യൻ മഹത്തായ വർണ്ണപ്പൊലിമയോടെ അസ്‌തമിക്കാൻ തുടങ്ങിയപ്പോൾ അയാൾ തീരുമാനമെടുത്തു. അയാൾ സ്വയം പറഞ്ഞു, ‘അതെ, ഈ മാററം യഥാർത്ഥത്തിൽ വരുമൊ എന്നതു സംബന്ധിച്ച്‌ തെളിവ്‌ പൂർണ്ണമായി പരിശോധിക്കാൻ എനിക്ക്‌ എന്നോടുതന്നെയും എന്റെ കുടുംബത്തോടും കടപ്പാടുണ്ട്‌. എനിക്ക്‌ തൃപ്‌തിവന്നാൽ, ദുഷ്ടതയുടെ അന്ത്യത്തെ അതിജീവിക്കാനും ഞങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമ്പോൾ ഒരു സന്തുഷ്ടഭാവി ആസ്വദിക്കാനും യോഗ്യരെന്ന്‌ തെളിയിക്കുന്നതിന്‌ ഞങ്ങൾക്ക്‌ കഴിയുന്നതെല്ലാം ചെയ്യുകയും വേണം.’

[അടിക്കുറിപ്പുകൾ]

a [The English footnotes were only printed in English brochure, but have been copied here for proper synchronization]

Respectful term for a schoolteacher.

Grandfather.

Grandmother.

കലിയുഗം “ഇരുണ്ട യുഗം” അഥവാ ദുഷ്ടതയുടെ കാലഘട്ടം ആണ്‌. സത്യയുഗം സത്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും യുഗമാണ്‌.

A lakh equals 100,000.

Deeds, or actions.

200 crore equals 2,000,000,000.

പുനരവലോകന ചോദ്യങ്ങൾ

നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?

രാമു സാറിനെ സന്ദർശിച്ചതെന്തിന്‌?

സാർ ആനന്ദിനെ തന്റെ ഭവനത്തിലേക്ക്‌ ക്ഷണിക്കാൻ ഇടയാക്കിയതെന്ത്‌?

നമ്മെയെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ

ആനന്ദ്‌ വിദ്വേഷം നിറഞ്ഞവനായത്‌ എന്തുകൊണ്ട്‌?

അയാളുടെ പ്രശ്‌നങ്ങളിൽ ചിലത്‌ ഏവ?

കഷ്ടാവസ്ഥയെക്കുറിച്ചുളള ആനന്ദിന്റെ കഥയോട്‌ സാറിന്റെ പ്രതികരണം എന്തായിരുന്നു?

സാറിന്റെ കുടുംബം സന്തുഷ്ടമായിരുന്നതെന്തുകൊണ്ട്‌?

സാറിന്റെ കുടുംബം ആചരിച്ചിരിക്കുന്ന മതം സഭകളുടേതുപോലെതന്നെയായിരുന്നുവോ? എന്തുകൊണ്ടല്ല?

ഭൂമിയിൽ സന്തുഷ്ടരായിരിക്കാനുളള ആഗ്രഹം

മറിയം നിർമ്മലയോട്‌ ദൈവത്തെക്കുറിച്ച്‌ എന്തു വിശദീകരിച്ചു?

“സത്യം” എന്താണ്‌?

മമനുഷ്യന്റെ സ്വാഭാവിക പ്രവണത എവിടെ ജീവിക്കാനാണ്‌?

എല്ലാ പ്രശനങ്ങളും പരിഹരിക്കാമെന്ന വാഗ്‌ദത്തം ചെയ്യുന്നവൻ

മമനുഷ്യന്റെ പ്രവണത ഭൂമിയിൽ ജീവിക്കാനാണെന്നു തെളിയിക്കാൻ സാർ നൽകുന്ന ദൃഷ്ടാന്തം പറയുക.

മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളും ആർ പരിഹരിക്കുമെന്ന്‌ സാർ പറയുന്നു, എത്ര കാലത്തേക്ക്‌?

ആനന്ദ്‌ ഇതിനോട്‌ വിയോജിക്കുന്നതെന്തുകൊണ്ട്‌?

അക്രമത്തിന്‌ മമനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന്‌ സാർ എങ്ങനെ തെളിയിക്കുന്നു?

പ്രശ്‌നങ്ങൾ എപ്പോൾ പരിഹരിക്കപ്പെടും?

മാവിനെക്കുറിച്ചുളള സാറിന്റെ ദൃഷ്ടാന്തത്തിലെ ആശയം എന്തായിരുന്നു?

വിശുദ്ധ ബൈബിളിനെക്കുറിച്ച്‌ ചില വസ്‌തുതകൾ നൽകുക.

“അടയാളം”

“അടയാള”ത്തിന്റെ ചില വശങ്ങൾ ഏവയാണ്‌, (എ) 2 തിമൊഥെയോസ്‌ 3:1-3-ൽ; (ബി) മത്തായി 24:7-ൽ; (സി) വെളിപ്പാട്‌ 6:4-8-ൽ?

യഥാർത്ഥത്തിൽ അവസാനം വരുന്ന കാലഘട്ടത്തെ മത്തായി 24:32-34 കൃത്യമായി ചൂണ്ടിക്കാണിക്കുന്നതെങ്ങനെ?

ദൈവം പെട്ടെന്നുതന്നെ ദുഷ്ടൻമാരോട്‌ എന്തു ചെയ്യുമെന്നുളള മുന്നറിയിപ്പിനോട്‌ മിക്കവരും എങ്ങനെ പ്രതികരിക്കുന്നു?

യഹോവയുടെ സാക്ഷികൾ എങ്ങനെ വ്യത്യസ്‌തരാണ്‌?

ഒരു പുതിയലോകം—എത്ര വ്യത്യസ്‌തം?

ദൈവത്തിന്റെ പുതിയ ലോകത്തെ സംബന്ധിച്ച്‌ റാഹേലിനെ ആകർഷിച്ച ചില കാര്യങ്ങൾ ഏവ?

നമ്മുടെ പ്രത്യേക പ്രശ്‌നങ്ങൾ ദൈവം തിരിച്ചറിയുന്നുവെന്നും അവ നീക്കുമെന്ന്‌ വാഗ്‌ദത്തം ചെയ്യുന്നുവെന്നും ബൈബിളിൽനിന്ന്‌ തെളിയിക്കുക.

ജ്ഞാനപൂർവ്വകമായ ഉപദേശത്തിൽ നിന്ന ഇപ്പോഴുളള പ്രയോജനങ്ങൾ

വേല സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബിളിന്റെ നിയമങ്ങളും തത്വങ്ങളും എങ്ങനെ പ്രയോജനപ്രദമാണ്‌?

ബൈബിളുപദേശം ലളിതവും സുഗ്രാഹ്യവും ആയിരിക്കുന്നതെന്തുകൊണ്ട്‌?

പ്രബോധനത്തിന്റെ ഒരു പുസ്‌തകം

ബൈബിൾ ദൈവത്തിന്റെ പ്രബോധന ഗ്രന്ഥം ആണെന്ന്‌ മറിയമിന്‌ ഉറപ്പുളളതെന്തുകൊണ്ട്‌?

അതിന്‌ ഇന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയും?

അതിജീവിക്കാൻ നാം ചെയ്യേണ്ടത

അതിജീവനത്തിന്‌ ധാർമ്മികമായി നല്ലവരായിരിക്കുന്നത്‌ മാത്രം മതിയോ?

മറിയം ഇതെങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു?

നമ്മെത്തന്നെ വീണ്ടെടുക്കുന്നതിന്‌ വേണ്ടത്ര സൽപ്രവൃത്തികൾ ചെയ്യാൻ നമുക്ക്‌ ആർക്കും കഴിയാത്തതുകൊണ്ട്‌ അതിജീവനത്തിന്‌ ദൈവം നമുക്കുവേണ്ടി ഏത്‌ നിയമകരുതൽ ചെയ്‌തു?

ഒരു ശോഭനമായ ഭാവി

പുതിയ കുട്ടിയെ വീട്ടിലേക്ക്‌ കൊണ്ടുവന്ന ശേഷം ആനന്ദ്‌ എന്തിനേക്കുറിച്ച്‌ ധ്യാനിച്ചു?

[5-ാം പേജിലെ ആകർഷകവാക്യം]

“ഞാൻ അനുദിനം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കില്ലെന്ന്‌ എനിക്കു കാണുവാൻ കഴിയും. നിങ്ങളെല്ലാം വളരെ ശാന്തരും സംതൃപ്‌തരും ആണ്‌. എനിക്ക്‌ നിങ്ങളോട്‌ എത്ര അസൂയ തോന്നുന്നു!”

[7-ാം പേജിലെ ആകർഷകവാക്യം]

മനുഷ്യൻ ഏററവും അധികം ആഗ്രഹിക്കുന്നത്‌ ഒരു നല്ല ഭവനവും നല്ല ആരോഗ്യവും ഒരു സന്തുഷ്ട കുടുംബവും സ്‌നേഹമുളള സുഹൃത്തുക്കളും ആണ്‌

[13-ാം പേജിലെ ആകർഷകവാക്യം]

മമനുഷ്യന്റെ വ്യക്തിത്വം വഷളാകുന്നതിനു പുറമെ അടയാളത്തിൽ വളരെയധികംകൂടെ ഉണ്ട്‌

[20-ാം പേജിലെ ആകർഷകവാക്യം]

കൊളളരുതാത്ത താമസക്കാരെ നീക്കം ചെയ്യുകയും കോളനിസൗകര്യങ്ങൾ കേടുപോക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക്‌ ഇവിടെ ജീവിതം ആസ്വദിക്കാൻ കഴിയില്ലേ? മുഴുഭൂമിയിലും ചെയ്യാമെന്ന്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്നത്‌ ഇതാണ്‌

[23-ാം പേജിലെ ആകർഷകവാക്യം]

“ദൈവത്തിന്റെ ജ്ഞാനം നമ്മുടേതിനേക്കാൾ വളരെ ശ്രേഷ്‌ഠമാണെന്നുളളത്‌ തീർച്ചയായും സത്യമാണ്‌”

[27-ാം പേജിലെ ആകർഷകവാക്യം]

“നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിജീവിക്കാൻ വേണ്ടത്ര നീതിമാൻമാരായി നമുക്ക്‌ എങ്ങനെ പരിഗണിക്കപ്പെടാൻ കഴിയും?”

[8-ാം പേജിലെ ചിത്രം]

ദീർഘകാലമായി, മനുഷ്യർ ഭൂമിയിൽ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നു

[9-ാം പേജിലെ ചിത്രം]

അവർക്ക്‌ സന്തുഷ്ട ഭാവിക്കായി ഒരവസരം നൽകുന്നതിന്‌ ഒരു വിപ്ലവം ആവശ്യമോ?

[14, 15 പേജുകളിലെ ചിത്രങ്ങൾ]

വൃക്ഷം പൂക്കുന്നത്‌ നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തുവെന്ന്‌ നിങ്ങൾ അറിയുന്നു. അതുപോലെതന്നെ, മുഴു അടയാളവും നിവൃത്തി യേറുമ്പോൾ അവസാനം അടുത്തു

[16, 17 പേജുകളിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ മുന്നറിയിപ്പുകൾ ഗൗരവമായെടുക്കാൻ ആത്മാർത്ഥതയുളള, വിനീതരായ ആളുകൾക്ക്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നു

[25-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ വചനം നിത്യമായതുകൊണ്ട്‌ ബൈബിളിന്റെ ബുദ്ധ്യുപദേശം ഇന്ന്‌ പ്രായോഗികമാണ്‌

[29-ാം പേജിലെ ചിത്രം]

“തെളിവ്‌ പരിശോധിക്കാൻ എനിക്ക്‌ എന്നോടുതന്നെയും എന്റെ കുടുംബത്തോടും കടപ്പാടുണ്ട്‌”