വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതിയായി സ്‌നേഹിക്കപ്പെടുന്ന ഭാര്യ

അതിയായി സ്‌നേഹിക്കപ്പെടുന്ന ഭാര്യ

അധ്യായം 5

അതിയായി സ്‌നേഹിക്കപ്പെടുന്ന ഭാര്യ

1-4. തങ്ങൾക്ക്‌ സ്‌നേഹത്തിന്റെ ഉറപ്പു നൽകുന്നതു സംബന്ധിച്ച്‌ ഭാര്യമാർ ഭർത്താക്കൻമാരെ സംബന്ധിച്ച്‌ ചിലപ്പോൾ ഏതു പരാതി പറയുന്നു?

 ‘എന്റെ ഭർത്താവ്‌ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ എനിക്കറിയാം, എന്നാൽ അദ്ദേഹം അത്‌ ഒരിക്കലും പറയുന്നില്ല. ഓ, ചിലപ്പോഴൊക്കെ, ഞാൻ നിർബന്ധിച്ചാൽ പറയും, എന്നാൽ എന്റെ പ്രേരണ കൂടാതെ തന്നെ അദ്ദേഹം പറയുമായിരുന്നെങ്കിൽ അതു കൂടുതൽ അർത്ഥവത്തായിരിക്കുമായിരുന്നു’ എന്ന്‌ ഒരു സ്‌ത്രീ മറെറാരുത്തിയോട്‌ പരാതി പറയുകയുണ്ടായി.

2 ‘എനിക്കറിയാം, പുരുഷൻമാർ അങ്ങനെയാണ്‌. എന്നെ സ്‌നേഹിക്കുന്നുണ്ടോയെന്ന്‌ ഒരിക്കൽ ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചു. “ഞാൻ നിന്നെ വിവാഹം കഴിച്ചില്ലേ? ഞാൻ നിനക്കു ചെലവിനു തരുന്നു, ഞാൻ നിന്നോടുകൂടെ താമസിക്കുന്നു; ഞാൻ നിന്നെ സ്‌നേഹിക്കുന്നില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ചെയ്യുകയില്ലായിരുന്നു” എന്ന്‌ അദ്ദേഹം പറഞ്ഞു’ എന്നു മറേറ സ്‌ത്രീ മറുപടി പറഞ്ഞു.

3 അവൾ ഒരു നിമിഷം നിന്നിട്ടു തുടർന്നു: ‘എന്നിരുന്നാലും കഴിഞ്ഞ സായാഹ്നത്തിൽ വളരെ ഹൃദയസ്‌പൃക്കായ ഒരു സംഭവമുണ്ടായി. ഞാൻ അദ്ദേഹത്തിന്റെ പഠനമുറി വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഡസ്‌ക്ക്‌ ഡ്രോയറിൽ ഒരു ഫോട്ടോ കണ്ടു. അത്‌ എന്റെ ഒരു പഴയ കുടുംബ ആൽബത്തിൽനിന്ന്‌ ഞാൻ അദ്ദേഹത്തെ കാണിച്ചിരുന്നതായിരുന്നു. എനിക്ക്‌ ഏഴുവയസ്സുണ്ടായിരുന്നപ്പോൾ ബെയ്‌ത്തിംഗ്‌സൂട്ടിൽ എടുത്ത എന്റെ പടമായിരുന്നു അത്‌. അദ്ദേഹം അത്‌ ആൽബത്തിൽനിന്ന്‌ വലിച്ചുപറിച്ചെടുത്ത്‌ അദ്ദേഹത്തിന്റെ ഡസ്‌ക്ക്‌ ഡ്രോയറിൽ വച്ചിരുന്നു.’

4 അത്‌ അനുസ്‌മരിച്ചപ്പോൾ അവൾ പുഞ്ചിരിതൂകുന്നുണ്ടായിരുന്നു, പിന്നീട്‌ തന്റെ സ്‌നേഹിതയെ നോക്കി. ‘അന്നു വൈകുന്നേരം അദ്ദേഹം ജോലികഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഞാൻ അതുമായി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം ഫോട്ടോ കൈയിലെടുത്തുകൊണ്ട്‌ പുഞ്ചിരിക്കുകയും “ഞാൻ ഈ കൊച്ചു പെൺകുട്ടിയെ സ്‌നേഹിക്കുന്നു” എന്നു പറയുകയും ചെയ്‌തു. പിന്നീട്‌ അദ്ദേഹം അത്‌ താഴെവച്ചിട്ട്‌ രണ്ട്‌ കൈകൾകൊണ്ടും എന്റെ മുഖം തഴുകിക്കൊണ്ട്‌ “അവൾ ആയിത്തീർന്നിരിക്കുന്നതിനേയും ഞാൻ സ്‌നേഹിക്കുന്നു” എന്നു പറയുകയുണ്ടായി. അദ്ദേഹം എന്നെ സ്‌നേഹപൂർവ്വം ചുംബിച്ചു. എന്റെ കണ്ണുകൾ അശ്രുപൂർണ്ണങ്ങളായി.’

5. തന്റെ ഭർത്താവിനാൽ അതിയായി സ്‌നേഹിക്കപ്പെടുന്നതിന്‌ ഭാര്യ എങ്ങനെ നടക്കണം?

5 തന്റെ ഭർത്താവിന്‌ താൻ പ്രിയപ്പെട്ടവളാണെന്നറിയാവുന്ന ഭാര്യക്ക്‌ ഉളളിൽ സൗഹാർദ്ദവും ഭദ്രതയും അനുഭവപ്പെടുന്നു. തങ്ങളുടെ ഭാര്യമാരോട്‌ അത്തരം സ്‌നേഹമുണ്ടായിരിക്കാൻ ദൈവവചനം പുരുഷൻമാരെ ബുദ്ധിയുപദേശിക്കുന്നു. “ഭർത്താക്കൻമാർ സ്വന്തം ശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കേണ്ടതാണ്‌. തന്റെ ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്തന്നെ സ്‌നേഹിക്കുന്നു, എന്തുകൊണ്ടെന്നാൽ യാതൊരു മനുഷ്യനും ഒരിക്കലും സ്വന്തം ജഡത്തെ ദ്വേഷിച്ചിട്ടില്ലല്ലോ. എന്നാൽ . . . അതിനെ പോററിപ്പുലർത്തുകയത്രെ ചെയ്യുന്നത്‌ . . . ഇരുവരും ഏകജഡമായിത്തീരും.” (എഫേസ്യർ 5:28, 29, 31) നാം പരിചിന്തിച്ചുകഴിഞ്ഞതുപോലെ ഭാര്യയ്‌ക്കു ഭർത്താവിനോടു ആഴമായ ബഹുമാനം ഉണ്ടായിരിക്കണം, എന്നാൽ ആ ബഹുമാനം ആർജ്ജിക്കത്തക്കവിധത്തിൽ ഭർത്താവു വർത്തിക്കേണ്ടതാണ്‌. നിങ്ങളെ സ്‌നേഹിക്കാനും പരിപാലിക്കാനും നിങ്ങളുടെ ഭർത്താവിനെ ബുദ്ധിയുപദേശിച്ചിരിക്കുന്ന ഈ സംഗതിയിലും ഇതുതന്നെ സത്യമാണ്‌: ഹൃദയപൂർവ്വം അങ്ങനെ ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്ന വിധത്തിൽ നടക്കുക.

നിങ്ങൾ പിന്തുണകൊടുക്കുന്നുവോ?

6, 7. (എ) ഉല്‌പത്തി 2:18-ൽ താൻ ഏതു ധർമ്മം നിറവേററാൻ സ്‌ത്രീയെ ഉണ്ടാക്കിയെന്ന്‌ യഹോവ പറയുന്നു? (ബി) ഒരു ഭാര്യ ഭർത്താവിന്‌ യഥാർത്ഥ സഹായിയായിരിക്കുന്നതിന്‌ അവളിൽ നിന്ന്‌ എന്താവശ്യപ്പെട്ടിരിക്കുന്നു?

6 ഒരു ഭാര്യ അതിയായി സ്‌നേഹിക്കപ്പെടുന്നതിന്‌ ഭർത്താവിന്റെ ശിരഃസ്ഥാനത്തോടുളള കീഴ്‌പ്പെടലിനേക്കാളധികം ആവശ്യമാണ്‌. നല്ല പരിശീലനം ലഭിച്ചതും കീഴ്‌പ്പെട്ടിരിക്കുന്നതുമായ ഒരു കുതിരയോ പട്ടിയോ അയാൾക്കുണ്ടായിരിക്കാൻ കഴിയും. ആദാമിന്‌ ഏദൻ തോട്ടത്തിൽ അവനോടുകൂടെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവ അവനു കീഴ്‌പ്പെട്ടിരുന്നു. എന്നാൽ അവൻ അപ്പോഴും അവന്റെ തരത്തിൽ ഏകനായിരുന്നു. അവന്‌ ഒരു പൂരകവും അവനോടുകൂടെ വേല ചെയ്യാനുളള ഒരു സഹായിയുമായിരിക്കുന്ന ബുദ്ധിശക്തിയുളള ഒരു മാനുഷസഖി ആവശ്യമായിരുന്നു. “മനുഷ്യൻ തനിയെ തുടരുന്നത്‌ അവനു നന്നല്ല. ഞാൻ അവന്റെ ഒരു പൂരകമായി അവനുവേണ്ടി ഒരു സഹായിയെ നിർമ്മിക്കാൻ പോകുകയാണ്‌” എന്ന്‌ യഹോവയാം ദൈവം പറഞ്ഞു.—ഉല്‌പത്തി 2:18.

7 ഒരു ഭർത്താവിനാവശ്യമായിരിക്കുന്നത്‌ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകമാത്രമല്ല, പിന്നെയോ താൻ ചെയ്യുന്ന തീരുമാനങ്ങളിൽ തന്നെ പിൻതാങ്ങി ഒരു യഥാർത്ഥ തുണയായിരിക്കുകയും ചെയ്യുന്ന ഒരു ഭാര്യയെയാണ്‌. ഒരുമിച്ചുളള ചർച്ചകൾക്ക്‌ ശേഷം തീരുമാനങ്ങളോട്‌ പരസ്‌പരം യോജിക്കുമ്പോൾ ഇതു പ്രയാസമല്ല. എന്നാൽ നിങ്ങളോട്‌ ആലോചിക്കാതെയോ നിങ്ങൾ യോജിക്കാതെയോ വരുമ്പോൾ അത്‌ അത്ര എളുപ്പമല്ലായിരിക്കാം. അങ്ങനെയുളള സന്ദർഭത്തിൽ നിങ്ങൾക്കു ശക്തിപൂർവ്വം നിങ്ങളുടെ ഭർത്താവിനെ പിൻതാങ്ങാൻ കഴിയുമോ—അതു നിയമവിരുദ്ധമോ തിരുവെഴുത്തുവിരുദ്ധമോ ആയ ഒരു പ്രവർത്തനമല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ തീരുമാനത്തെ വിജയിപ്പിക്കാൻ നിങ്ങളുടെ പരമാവധി പ്രവർത്തിക്കുമോ? അതോ, ‘ഞാൻ പറഞ്ഞില്ലേ?’ എന്നു നിങ്ങൾക്കു പറയാൻ കഴിയത്തക്കവണ്ണം അയാൾ പരാജയപ്പെടുന്നതു കാണാൻ ആശിച്ചുകൊണ്ട്‌ ശാഠ്യപൂർവ്വം മാറിനിൽക്കാൻ നിങ്ങൾ ചായ്‌വുളളവളായിരിക്കുമോ? നിങ്ങളുടെ ഭയാശങ്കകൾ ഗണ്യമാക്കാതെ പദ്ധതിയുടെ വിജയത്തിനുവേണ്ടി നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യുന്നത്‌ അയാൾ കാണുന്നുവെങ്കിൽ, നിങ്ങളുടെ ഭാഗത്തെ വിശ്വസ്‌തമായ അത്തരം പിന്തുണ അയാൾ നിങ്ങളെ പൂർവ്വാധികം സ്‌നേഹിക്കാനിടയാക്കുമെന്ന്‌ നിങ്ങൾ വിചാരിക്കുന്നില്ലേ?

8. ഒരു ഭാര്യയ്‌ക്ക്‌ ഉചിതമായി ശിരഃസ്‌ഥാനം പ്രയോഗിക്കാൻ, തന്റെ ഭർത്താവിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതെങ്ങനെ?

8 എല്ലാററിനുമുപരിയായി, അയാളുടെ ശിരഃസ്ഥാനം കവർന്നെടുക്കാൻ ശ്രമിക്കരുത്‌! നിങ്ങൾ വിജയിക്കുന്നുവെങ്കിൽ നിങ്ങൾക്ക്‌ അയാളെ ഇഷ്ടപ്പെടുകയില്ല; അയാൾ നിങ്ങളെയോ തന്നെത്തന്നെയോ ഇഷ്ടപ്പെടുകയില്ല. ഒരുപക്ഷേ അയാൾ കഴിയുന്നത്ര നേതൃത്വം വഹിക്കുന്നില്ലായിരിക്കാം. അങ്ങനെ ചെയ്യാൻ നിങ്ങൾക്ക്‌ പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? നേതൃത്വം വഹിക്കുന്നതിൽ അയാൾ ചെയ്യുന്ന ഏതു ശ്രമത്തിനും നിങ്ങൾ വിലമതിപ്പു പ്രകടിപ്പിക്കുന്നുവോ? അയാൾ മുൻകൈയെടുത്ത്‌ എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾ അയാളുമായി സഹകരിക്കുകയും അയാളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നുവോ? അതോ അയാൾക്കു തെററു പററിയെന്നും അയാളുടെ പദ്ധതി വിജയിക്കുകയില്ലെന്നും നിങ്ങൾ പറയുന്നുവോ? ചിലപ്പോൾ ഭർത്താവ്‌ നേതൃത്വം വഹിക്കുന്നില്ലെങ്കിൽ ഭാര്യ അതിന്റെ കുററത്തിൽ പങ്കു പറേറണ്ടിയിരിക്കുന്നു—ദൃഷ്ടാന്തമായി, അവൾ അയാളുടെ ആശയങ്ങളെ നിസ്സാരീകരിക്കുകയോ ശ്രമങ്ങളെ എതിർക്കുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ പദ്ധതിക്കു പൂർണ്ണത കുറയുമ്പോൾ ‘അതു വിജയിക്കുകയില്ലെന്നു ഞാൻ പറഞ്ഞില്ലേ’ എന്നു പ്രതികരണം കാട്ടുമ്പോൾ. ഇതിന്‌ ഒടുവിൽ ഭർത്താവിനെ ഉറപ്പില്ലാത്തവനും തീരുമാനശേഷിയില്ലാത്തവനുമാക്കിത്തീർക്കാൻ കഴിയും. മറിച്ച്‌, നിങ്ങളുടെ ഭക്തിയും പിന്തുണയും അയാളിലുളള നിങ്ങളുടെ ആശ്രയവും വിശ്വാസവും അയാളെ ശക്തീകരിക്കുകയും അയാളുടെ വിജയത്തിന്‌ സംഭാവന ചെയ്യുകയും ചെയ്യും.

“പ്രാപ്‌തിയുളള ഒരു ഭാര്യ”

9. ഒരു പ്രാപ്‌തിയുളള ഭാര്യയെക്കുറിച്ച്‌ സദൃശവാക്യങ്ങൾ 31:10 എന്തു പറയുന്നു?

9 അതിയായി സ്‌നേഹിക്കപ്പെടുന്ന ഒരു ഭാര്യയായിരിക്കുന്നതിന്‌ നിങ്ങൾ ഭവനത്തിലെ ഉത്തരവാദിത്തങ്ങളിൽ നന്നായി ശ്രദ്ധിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്‌. അങ്ങനെയുളള ഒരു സ്‌ത്രീയെ സംബന്ധിച്ച്‌, “അവളുടെ വില പവിഴങ്ങളെക്കാൾ വളരെക്കൂടുതലാണ്‌” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 31:10) നിങ്ങൾ അങ്ങനെയുളള ഒരു ഭാര്യയാണോ? അങ്ങനെയായിരിക്കാൻ ആഗ്രഹിക്കുന്നുവോ?

10, 11. ഒരു ഭാര്യയ്‌ക്കു താൻ സദൃശവാക്യങ്ങൾ 31:15-ലെ വർണ്ണനയ്‌ക്ക്‌ യോജിക്കുന്നുവെന്ന്‌ എങ്ങനെ പ്രകടമാക്കാം?

10 ഒരു “പ്രാപ്‌തിയുളള ഭാര്യ”യുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ സദൃശവാക്യങ്ങൾ എന്ന പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “അവൾ രാത്രിയിൽത്തന്നെ എഴുന്നേൽക്കുകയും അവളുടെ വീട്ടുകാർക്ക്‌ ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.” (സദൃശവാക്യങ്ങൾ 31:15) തങ്ങളുടെ അമ്മമാർ പാചകം ചെയ്യാൻ പഠിപ്പിക്കാഞ്ഞതുകൊണ്ട്‌ അനേകം യുവതികൾ ഒരു വൈഷമ്യത്തോടെയാണ്‌ വിവാഹജീവിതത്തിനു തുടക്കമിടുന്നത്‌; എന്നാൽ അവർക്കു പഠിക്കാൻ കഴിയും. ബുദ്ധിയുളള സ്‌ത്രീ അതു നന്നായി പഠിക്കും! പാചകം ഒരു കലയാണ്‌. ഒരു ഭക്ഷണം നന്നായി തയ്യാറാക്കുമ്പോൾ അതു വയറു നിറയ്‌ക്കുന്നുവെന്നു മാത്രമല്ല, ഹൃദയത്തിൽ നിന്ന്‌ പ്രതികരണം കൈവരുത്തുകയും ചെയ്യുന്നു.

11 ഭക്ഷണം തയ്യാറാക്കുന്നതു സംബന്ധിച്ച്‌ വളരെയധികം പഠിക്കാൻ കഴിയും. നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയത്തക്കവണ്ണം പോഷകമൂല്യത്തിന്റെ അടിസ്ഥാനതത്വങ്ങൾ അറിഞ്ഞിരിക്കുന്നതു പ്രയോജനകരമാണ്‌. എന്നാൽ കേവലം പോഷകാഹാരം നിങ്ങളുടെ ഭർത്താവിന്റെ മുമ്പിൽ നിരത്തിവയ്‌ക്കുന്നത്‌ അയാളുടെ പ്രശംസ നേടണമെന്നില്ല. ഭർത്താവിന്‌ ഇഷ്ടപ്പെടത്തക്കവിധത്തിൽ “രുചികരമായ” രീതിയിൽ ഭക്ഷണം തയ്യാറാക്കാൻ യിസ്‌ഹാക്കിന്റെ ഭാര്യയായ റിബേക്കയ്‌ക്കു അറിയാമായിരുന്നുവെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (ഉല്‌പത്തി 27:14) അവളുടെ ദൃഷ്ടാന്തത്തിൽനിന്ന്‌ അനേകം ഭാര്യമാർക്ക്‌ പ്രയോജനമനുഭവിക്കാൻ കഴിയും.

12. ഒരു സ്‌ത്രീ സദൃശവാക്യങ്ങൾ 31:14-ന്‌ ചേർച്ചയായി പ്രവർത്തിക്കുന്നതിൽ എന്ത്‌ ഉൾപ്പെടുത്താവുന്നതാണ്‌?

12 ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്‌ത്രീകൾ ദിവസവും രാവിലെ അന്നത്തേയ്‌ക്കാവശ്യമുളള സാധനങ്ങൾ വാങ്ങാൻ ചന്തയിൽ പോകുന്നു. മററു ചിലടങ്ങളിൽ, ഒരുപക്ഷേ, അവർ വാരത്തിൽ ഒരിക്കൽ സാധനങ്ങൾ വാങ്ങുകയും ചീത്തയായി പോകാവുന്നവ റെഫ്രിജറേറററിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എങ്ങനെയായാലും കുടുംബഫണ്ട്‌ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുകയും കുടുംബബജററിനെ ആദരിക്കുകയും ചെയ്യുന്ന ഒരു ഭാര്യയെ ഭർത്താവിനു വിലമതിക്കാതിരിക്കാൻ നിർവ്വാഹമില്ല. നല്ല ഗുണമുളള ഭക്ഷ്യവസ്‌തുക്കളും വസ്‌ത്രവും തിരിച്ചറിയാൻ അവൾ പഠിക്കുകയും അവയുടെ മൂല്യം അറിയുകയുമാണെങ്കിൽ അവൾ എല്ലായ്‌പ്പോഴും ആദ്യം കാണുന്നവ വാങ്ങുകയില്ല. പകരം സദൃശവാക്യങ്ങൾ 31:14 പറയുന്നതുപോലെ “അവൾ ഒരു വ്യാപാരിയുടെ കപ്പൽ പോലെയാകുന്നുവെന്നു തെളിയിച്ചിരിക്കുന്നു. അവൾ ദൂരെനിന്ന്‌ തന്റെ ആഹാരം കൊണ്ടുവരുന്നു.”

13. സദൃശവാക്യങ്ങൾ 31:27 അനുസരിച്ച്‌, ഭവനപരിപാലനത്തോടുളള ബന്ധത്തിൽ ഒരു പ്രാപ്‌തിയുളള ഭാര്യയിൽനിന്ന്‌ എന്ത്‌ പ്രതീക്ഷിക്കാൻ കഴിയും?

13 അവളുടെ ജോലിയെക്കുറിച്ചുളള ആ ബോധപൂർവ്വമായ താല്‌പര്യം അവളുടെ ഭവനത്തിന്റെ അവസ്ഥയിലും പ്രതിബിംബിക്കേണ്ടതാണ്‌. ഒരു ഭാര്യയെ പ്രാപ്‌തയെന്ന്‌ തിരിച്ചറിയിക്കുന്നതെന്തെന്ന്‌ കൂടുതലായി പ്രസ്‌താവിക്കുകയിൽ സദൃശവാക്യങ്ങൾ 31:27 പറയുന്നു: “അവൾ തന്റെ വീട്ടുകാരുടെ ഗമനങ്ങളെ സൂക്ഷിക്കുന്നു, അലസതയുടെ അപ്പം അവൾ തിന്നുന്നില്ല.” താമസിച്ച്‌ ഉറങ്ങുന്ന ശീലവും അയൽക്കാരുമായി വ്യർത്ഥസംസാരത്തിന്‌ അത്യധികം സമയം ചെലവഴിക്കുന്നതും—ഇവ അവൾക്കുളളതല്ല. രോഗമോ മുൻകൂട്ടിക്കാണാത്ത സാഹചര്യങ്ങളോ അവളുടെ വീട്ടുജോലി ചിലപ്പോൾ പിറകിലാകാനിടയാക്കിയേക്കാമെങ്കിലും പൊതുവേ അവളുടെ വീട്‌ ഭംഗിയും വൃത്തിയുമുളളതായിരിക്കും. സുഹൃത്തുക്കൾ സന്ദർശിച്ചാൽ തങ്ങളുടെ വീടിന്റെ രൂപം നിമിത്തം തനിക്ക്‌ ബുദ്ധിമുട്ടുണ്ടാകയില്ലെന്ന്‌ അവളുടെ ഭർത്താവിന്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

14, 15. വേഷവും അലങ്കാരവും സംബന്ധിച്ച്‌ സ്‌ത്രീകളോടുളള ബൈബിളിന്റെ ബുദ്ധിയുപദേശം എന്താണ്‌?

14 മിക്ക സ്‌ത്രീകളോടും അവരുടെ വ്യക്തിപരമായ ചമയത്തിനു ശ്രദ്ധകൊടുക്കുന്നതു പ്രധാനമാണെന്ന്‌ പറയേണ്ടയാവശ്യമില്ല, എന്നാൽ ചിലർക്ക്‌ ഒരു ഓർമ്മിപ്പിക്കൽ ആവശ്യം തന്നെയാണ്‌. തന്റെ ചമയത്തെക്കുറിച്ചു വളരെയധികം ശ്രദ്ധിക്കാത്ത ഒരുവളോടു പ്രിയം തോന്നുന്നത്‌ എളുപ്പമല്ല. സ്‌ത്രീകൾ “ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ നന്നായി ക്രമീകരിക്കപ്പെട്ട വസ്‌ത്രത്താൽ തങ്ങളെത്തന്നെ അലങ്കരിക്കണ”മെന്ന്‌ ബൈബിൾ ശുപാർശ ചെയ്യുന്നു. എന്നാൽ കേശാലങ്കാരത്തിനും ധരിക്കുന്നയാളിലേക്ക്‌ അനുചിതമായ ശ്രദ്ധയാകർഷിക്കുന്ന ആഭരണത്തിനും വിലയേറിയ വസ്‌ത്രങ്ങൾക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നതിനെതിരായും അതു ബുദ്ധിയുപദേശിക്കുന്നു.—1 തിമൊഥെയോസ്‌ 2:9.

15 അത്തരം വേഷത്തെക്കാൾ വളരെ വിലയേറിയതാണ്‌ അതു ധരിക്കുന്നയാളുടെ സ്വഭാവം. “ശാന്തവും സൗമ്യവുമായ ആത്മാവ്‌ . . . ദൈവദൃഷ്ടിയിൽ വളരെ വിലയുളളതാണെ”ന്ന്‌ അപ്പോസ്‌തലനായ പത്രോസ്‌ ക്രിസ്‌തീയഭാര്യമാരോടു പറയുന്നു. (1 പത്രോസ്‌ 3:3, 4) പ്രാപ്‌തിയുളള ഒരു ഭാര്യയുടെ സവിശേഷഗുണങ്ങൾ വിവരിക്കുമ്പോൾ “അവളുടെ കൈകൾ അവൾ ദരിദ്രനിലേക്കു നീട്ടിയിരിക്കുന്നു” എന്നും “സ്‌നേഹദയയുടെ നിയമം അവളുടെ നാവിൻമേൽ ഉണ്ടെന്നും” സദൃശവാക്യങ്ങൾ കൂട്ടിച്ചേർക്കുന്നു. അവൾ സ്വാർത്ഥമതിയോ “ദ്രോഹബുദ്ധി”യോ അല്ല, പിന്നെയോ “ഔദാര്യവും” “ദയ”യുമുളളവളാകുന്നു. (സദൃശവാക്യങ്ങൾ 31:20, 26) വർണ്ണന തുടരുന്നു, “സൗന്ദര്യം വ്യാജവും ലാവണ്യം വ്യർത്ഥവുമായിരിക്കാം; എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്‌ത്രീയാണ്‌ അവൾക്കുവേണ്ടിത്തന്നെ പ്രശംസ നേടുന്നത്‌.”—സദൃശവാക്യങ്ങൾ 31:30.

16. വിലമതിപ്പുളള ഒരു ഭർത്താവ്‌ അത്തരമൊരു ഭാര്യയെ സംബന്ധിച്ച്‌ എന്തു വിചാരിക്കും?

16 ഉവ്വ്‌, സ്രഷ്ടാവിന്റെ വീക്ഷണഗതിയിൽ പങ്കുപററുന്ന ഏതു ഭർത്താവും അങ്ങനെയുളള ഒരു സ്‌ത്രീയെ അതിയായി സ്‌നേഹിക്കും. അയാൾ സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ പ്രസ്‌താവിച്ചതുപോലെ തന്റെ ഭാര്യയെക്കുറിച്ച്‌ വിചാരിക്കും: “പ്രാപ്‌തി പ്രകടമാക്കിയിട്ടുളള അനേകം പുത്രിമാരുണ്ട്‌, എന്നാൽ നീ—അവരുടെയെല്ലാം മീതെ ഉയർന്നിരിക്കുന്നു.” (സദൃശവാക്യങ്ങൾ 31:28, 29) താൻ ആ വിധത്തിൽ വിചാരിക്കുന്നുവെന്ന്‌ വളരെയേറെ പ്രേരണകൂടാതെ തന്റെ ഭാര്യയെ അറിയിക്കാൻ അയാൾ പ്രേരിതനാകും.

ലൈംഗികതയെക്കുറിച്ചുളള നിങ്ങളുടെ വീക്ഷണം വ്യത്യാസമുളവാക്കുന്നു

17, 18. ഭാര്യയുടെ ലൈംഗികവീക്ഷണത്തിന്‌ അവളുടെ ഭർത്താവിന്‌ അവളോടുളള വിചാരത്തെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?

17 അസംതൃപ്‌തമായ ലൈംഗികവേഴ്‌ചകളാണ്‌ അനേകം വിവാഹപ്രശ്‌നങ്ങളുടെ മൂലകാരണം. ചില ദൃഷ്ടാന്തങ്ങളിൽ, ഇത്‌ ഭാര്യയുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾ സംബന്ധിച്ച ഭർത്താവിന്റെ പരിഗണനയുടെയും ഗ്രാഹ്യത്തിന്റെയും അഭാവം നിമിത്തമാണ്‌. മററു ചില ദൃഷ്‌ടാന്തങ്ങളിൽ തന്റെ ഭർത്താവിനോടുകൂടെ ഈ അനുഭവത്തിൽ ശാരീരികമായും വൈകാരികമായും പങ്കുപററുന്നതിലുളള ഭാര്യയുടെ പരാജയമാണ്‌. ഭർത്താവും ഭാര്യയും മനസ്സോടെയും സ്‌നേഹപുരസ്സരവും പങ്കുപററുന്ന ലൈംഗിക ക്രിയ അവർക്ക്‌ അന്യോന്യം തോന്നുന്ന സ്‌നേഹത്തിന്റെ ഒരു സ്വകാര്യ പ്രകടനമായിരിക്കണം.

18 ഭാര്യയുടെ ലൈംഗികമായ നിർവ്വികാരത അവളുടെ ഭർത്താവിന്റെ പരിഗണനയില്ലായ്‌മ ഹേതുവായിട്ടായിരിക്കാം. എന്നാൽ ഒരു ഭാര്യയുടെ ഉദാസീനത ഭർത്താവിനെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. വിരക്തി പ്രകടനം അയാളുടെ വീര്യത്തെ കെടുത്തുകയോ അയാൾ മററാരിലേക്കെങ്കിലും ആകർഷിക്കപ്പെടാനിടയാക്കുകപോലുമോ ചെയ്‌തേക്കാം. ഭാര്യ അശ്രദ്ധമായ മനോഭാവത്തോടെ കേവലം വഴങ്ങുകയാണെങ്കിൽ, ഭാര്യ തന്നെക്കുറിച്ച്‌ കരുതുന്നില്ലെന്നുളളതിന്റെ തെളിവായി ഭർത്താവ്‌ ഇതിനെ വ്യാഖ്യാനിച്ചേക്കാം. ലൈംഗികമായ പ്രതികരണത്തെ ഭരിക്കുന്നത്‌ വികാരങ്ങളാണ്‌; ഭാര്യ പ്രതികരണമില്ലാത്തവളാണെങ്കിൽ അവൾ ലൈംഗികത സംബന്ധിച്ച സ്വന്തം മനോഭാവം പുനരവലോകനം ചെയ്യേണ്ട ആവശ്യം ഉണ്ടായിരിക്കാം.

19. (എ) ഒരാളുടെ ഇണയ്‌ക്ക്‌ ദീർഘകാലഘട്ടങ്ങളിലേക്ക്‌ ലൈംഗികബന്ധങ്ങൾ നിരസിക്കുന്നത്‌ തെററാണെന്ന്‌ ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) ലൈംഗികകാര്യങ്ങളിൽ ഒരു ദമ്പതികളുടെ നടത്തയുടെ ഔചിത്യത്തെ വിധിക്കാൻ വിവാഹബന്ധത്തിനു പുറത്തുളളവരോട്‌ അപേക്ഷിക്കേണ്ടയാവശ്യമുണ്ടായിരിക്കരുതാത്തതെന്തുകൊണ്ട്‌?

19 “അത്‌ അന്യോന്യം കൊടുക്കാതിരിക്കരു”തെന്ന്‌ ബൈബിൾ ഭർത്താവിനെയും ഭാര്യയെയും ബുദ്ധിയുപദേശിക്കുന്നു. വാരങ്ങളിലോ മാസങ്ങളിൽ പോലുമോ ഭാര്യ ഭർത്താവിന്‌ അതു നിരസിക്കുന്നതുപോലെ, ഇണയെ ശിക്ഷിക്കുന്നതിനോ നീരസം പ്രകടിപ്പിക്കുന്നതിനോ ഉളള മാർഗ്ഗമായി ലൈംഗികതയെ ഉപയോഗിക്കുന്നതിന്‌ ദൈവവചനം അനുവദിക്കുന്നില്ല. അയാൾ ഭാര്യയ്‌ക്ക്‌ “അവളുടെ അവകാശം കൊടുക്കേ”ണ്ടതുപോലെ അവളും “അതുപോലെതന്നെ അവളുടെ ഭർത്താവിന്‌ ചെയ്യേണ്ട”താണ്‌. (1 കൊരിന്ത്യർ 7:3–5) ഇതിനു ധാർമ്മികമായി അറയ്‌ക്കത്തക്കതെന്ന്‌ ഭാര്യ കണ്ടെത്തുന്ന ഏതെങ്കിലും അസാധാരണ നടപടിക്ക്‌ അവൾ വഴങ്ങാൻ പ്രതീക്ഷിക്കണമെന്നർത്ഥമില്ല; തന്റെ ഭാര്യയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭർത്താവ്‌ അങ്ങനെ ചെയ്യാൻ അവളോട്‌ ആവശ്യപ്പെടുകയില്ല. “സ്‌നേഹം അയോഗ്യമായി പെരുമാറുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) ഇണകളുടെ നടത്തയുടെ ഔചിത്യത്തെയോ അനൗചിത്യത്തെയോ ഭരിക്കാൻ ദാമ്പത്യബന്ധത്തിനു പുറത്തുളള ആരോടെങ്കിലും ചോദിക്കേണ്ടത്‌ ആവശ്യമായിരിക്കരുത്‌. യഹോവയാം ദൈവത്തിന്റെ ആരാധകർക്ക്‌ വിലക്കപ്പെട്ടിരിക്കുന്ന നടപടികളെ 1 കൊരിന്ത്യർ 6:9–11ൽ ബൈബിൾ വ്യക്തമായി വിവരിക്കുന്നു: പരസംഗം, വ്യഭിചാരം, സ്വവർഗ്ഗസംഭോഗം എന്നിവതന്നെ. (ലേവ്യപുസ്‌തകം 18:1–23 താരതമ്യപ്പെടുത്തുക.) ഒരു “പുതിയ സൻമാർഗ്ഗം”—യഥാർത്ഥത്തിൽ ദുർമാർഗ്ഗം—ആചരിക്കുന്ന ചില ആധുനിക സ്വാതന്ത്ര്യവാദികൾ ഈ വിലക്കപ്പെട്ട ലൈംഗിക നടപടികളിൽ ചിലത്‌ അംഗീകരിക്കുന്നതിന്‌ മുറവിളികൂട്ടുന്നു. അതേസമയം വളരെ യാഥാസ്ഥിതികരായിരിക്കുന്നവർ ഈ വിലക്കുകളോട്‌ കൂടുതലായി കൂട്ടുന്നു. ബൈബിൾ സന്തുലിതമായ വീക്ഷണം നൽകുന്നു. പൊതുവേ പറഞ്ഞാൽ, വിവാഹത്തിലെ മറെറല്ലാ ബന്ധങ്ങളും നല്ലതാണെങ്കിൽ സ്‌നേഹവും ബഹുമാനവും നല്ല ആശയവിനിമയവും ധാരണയുമുണ്ടെങ്കിൽ, അപ്പോൾ അപൂർവ്വമായേ ലൈംഗികത ഒരു പ്രശ്‌നമായിരിക്കുകയുളളു.

20. ഒരു ഭാര്യ വിലപേശലിന്റെ ഉദ്ദേശ്യങ്ങൾക്ക്‌ ലൈംഗികതയെ ഉപയോഗിക്കുന്നുവെങ്കിൽ ഫലമെന്താണ്‌?

20 അതിയായി സ്‌നേഹിക്കപ്പെടുന്ന ഒരു ഭാര്യ വിലപേശലിന്റെ ഉദ്ദേശ്യങ്ങൾക്ക്‌ ലൈംഗികതയെ ഉപയോഗിക്കുകയില്ല. തീർച്ചയായും എല്ലാ ഭാര്യമാരും ലൈംഗികത ഉപയോഗിച്ചു വിലപേശുന്നില്ല, എന്നാൽ ചിലർ ചെയ്യുന്നു. അവർ ഉപായമാർഗ്ഗേണ തങ്ങളുടെ ഭർത്താവിൽ നിന്ന്‌ സൗജന്യങ്ങൾ നേടാൻ ലൈംഗികതയെ ഉപയോഗിക്കുന്നു. ഫലമെന്താണ്‌? ശരി, നിങ്ങൾക്ക്‌ ഒരു ഡ്രസ്‌ വിൽക്കുന്ന ആളോട്‌ നിങ്ങൾക്ക്‌ പ്രീതിവാത്സല്യം തോന്നുന്നില്ല, ഉണ്ടോ? തന്നിൽ നിന്നുളള സൗജന്യങ്ങൾക്കുവേണ്ടി ലൈംഗികതയുടെ കച്ചവടം നടത്തുന്ന ഭാര്യയോട്‌ ഭർത്താവിനു പ്രീതിവാത്സല്യം തോന്നുന്നില്ല. ഇതു ചെയ്യുന്ന ഭാര്യ ഭൗതികമായി നേട്ടം ഉണ്ടാക്കിയേക്കാം, എന്നാൽ അവൾ വൈകാരികമായും ആത്മീയമായും നഷ്ടം അനുഭവിക്കുന്നു.

കരയുന്നവർ, കലമ്പുന്നവർ

21-23. ശിംശോന്റെ കാര്യത്തിൽ ചിത്രീകരിക്കപ്പെട്ടതുപോലെ ഒരു സ്‌ത്രീയുടെ കരച്ചിലിനും കലമ്പലിനും സന്തുഷ്ടി നശിപ്പിക്കാൻ കഴിയുന്നതെങ്ങനെ?

21 ശിംശോൻ ശക്തനായ ഒരു മനുഷ്യനായിരുന്നു. എന്നാൽ കാര്യം കാണാൻ കരച്ചിലിനെയോ കലമ്പലിനെയോ ഉപയോഗിച്ച സ്‌ത്രീകളുടെ സമ്മർദ്ദത്തെ ചെറുത്തുനിൽക്കാൻ അവനു കഴിഞ്ഞില്ല. ഒരു സന്ദർഭത്തിൽ അവന്റെ ഭാര്യയാകാനിരുന്ന സ്‌ത്രീയുടെ കരച്ചിലിന്റെ ആക്രമണത്തെ അവൻ അഭിമുഖീകരിച്ചു. ന്യായാധിപൻമാർ 14:16, 17–ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം അവൾ “അവനെച്ചൊല്ലി കരയാനും ‘നീ എന്നെ സ്‌നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുകമാത്രമേ ചെയ്യുന്നുളളു. നീ എന്റെ ജനത്തിന്റെ പുത്രൻമാരോട്‌ ഒരു കടം പറഞ്ഞു, എന്നാൽ എന്നോടു നീ അതു പറഞ്ഞിട്ടില്ല’ എന്നു പറയാനും തുടങ്ങി. ഇതിങ്കൽ അവൻ അവളോട്‌: ‘എന്തിന്‌, എന്റെ സ്വന്തം അപ്പനോടും അമ്മയോടും ഞാൻ അതു പറഞ്ഞിട്ടില്ല, ഞാൻ അതു നിന്നോടു പറയേണമോ?’ എന്നു പറഞ്ഞു.” ശിംശോന്റെ യുക്തിവാദം ഫലിച്ചില്ല. വികാരം മുററി നിൽക്കുമ്പോൾ അത്‌ അപൂർവ്വമായേ ഫലിക്കുകയുളളു. “അവർക്കുവേണ്ടി വിരുന്നുനടന്നുകൊണ്ടിരുന്ന ഏഴു ദിവസവും അവൾ അവന്റെമേൽ അവനെച്ചൊല്ലി കരഞ്ഞുകൊണ്ടിരുന്നു, അവൾ അവന്റെമേൽ സമ്മർദ്ദം ചെലുത്തിയിരുന്നതുകൊണ്ട്‌ ഒടുവിൽ ഏഴാം ദിവസം അവൻ അവളോടു പറഞ്ഞു. പിന്നീട്‌ അവൾ അവളുടെ ജനത്തിന്റെ പുത്രൻമാരോട്‌ കടം പറഞ്ഞുകൊടുത്തു.”

22 നിങ്ങളുടെ ഭർത്താവ്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ സ്വന്ത ഇഷ്ടം സാധിക്കാത്തതുകൊണ്ടുമാത്രം നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നു വിചാരിക്കരുത്‌. ശിംശോന്റെ ഭാര്യയാകാനിരുന്നവൾ അവൻ അവളെ സ്‌നേഹിക്കുന്നില്ലെന്നു കുററപ്പെടുത്തി, എന്നാൽ യഥാർത്ഥത്തിൽ അവളായിരുന്നു അവനെ സ്‌നേഹിക്കാഞ്ഞത്‌. അവൾ മേലാൽ സഹിക്കാൻ കഴിയാതാകുന്നതുവരെ അവന്റെമേൽ സമ്മർദ്ദം ചെലുത്തി. അവൻ അവൾക്കു കടം പറഞ്ഞുകൊടുത്തപ്പോൾ, അവൾ അവന്റെ രഹസ്യം അവന്റെ ശത്രുക്കളോടു പറയാൻ ഓടിപ്പോയി പെട്ടെന്നുതന്നെ അതു വെളിപ്പെടുത്തി. ഒടുവിൽ അവൾ മറെറാരു പുരുഷന്റെ ഭാര്യയായിത്തീർന്നു.

23 പിന്നീടു, ശിംശോൻ ദലീല എന്നു പേരുണ്ടായിരുന്ന മറെറാരു സ്‌ത്രീയിൽ ആകൃഷ്ടനായി. അവൾ ശാരീരികമായി അഴകുളളവളായിരുന്നിരിക്കാം, എന്നാൽ അവൾ അവനെ യഥാർത്ഥത്തിൽ അതിയായി സ്‌നേഹിക്കാൻ കൊളളാവുന്ന ഒരു സ്‌ത്രീയാണെന്നു തെളിഞ്ഞോ? ശിംശോനെ മയക്കി സ്വാർത്ഥ പ്രയോജനത്തിനുവേണ്ടി അവൾക്ക്‌ ഉപയോഗിക്കാൻ കഴിയുമായിരുന്ന വിവരങ്ങൾ ചോർത്തിയെടുക്കുന്നതിന്‌ ദലീല തന്റെ ആയുധമായി കലമ്പൽ ഉപയോഗിച്ചു. വിവരണം പറയുന്നു: “അവൾ സർവ്വസമയവും അവളുടെ സംസാരംകൊണ്ട്‌ അവന്റെമേൽ സമ്മർദ്ദം ചെലുത്തുകയും അവനെ നിർബന്ധിച്ചുകൊണ്ടിരിക്കുകയും ചെയ്‌തുകൊണ്ട്‌ അവന്റെ ദേഹി മരണത്തോളം അക്ഷമമായിത്തീർന്നു.” അന്തിമഫലങ്ങൾ വിപൽക്കരമായിരുന്നു.—ന്യായാധിപൻമാർ 16:16.

24-27. (എ) ഒരു ഭാര്യയുടെ കലമ്പലിന്റെ ഫലത്തെക്കുറിച്ച്‌ സദൃശവാക്യങ്ങളുടെ പുസ്‌തകം എന്തു പറയുന്നു? (ബി) അത്‌ ഈ ബുദ്ധിയുപദേശത്തിനുവേണ്ടി സ്‌ത്രീകളെ ഒററപ്പെടുത്തുന്നതെന്തുകൊണ്ട്‌? (സി) തന്റെ ഭാര്യയ്‌ക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതിന്‌ ഒരു ഭർത്താവിനെ പ്രേരിപ്പിക്കാനിടയുളളതെന്ത്‌?

24 കരച്ചിലും കലമ്പലും ബുദ്ധിപൂർവ്വകമല്ല. അവ ദാമ്പത്യബന്ധത്തിന്‌ ഹാനികരമാണ്‌. അവ ഭർത്താവിനെ അകററുന്നു. ന്യൂ ഇംഗ്‌ളീഷ്‌ ബൈബിളിൽ നിന്ന്‌ ഉദ്ധരിച്ചിരിക്കുന്ന പിൻവരുന്ന തിരുവെഴുത്തുകളിലെന്നപോലെ, ബൈബിൾ അങ്ങനെയുളള നടപടികൾക്കെതിരായി മുന്നറിയിപ്പു നൽകുന്നു: “എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കുന്നവൻ സഖിത്വത്തെ തകർത്തു കളയുന്നു.” “കലമ്പലുളള ഒരു ഭാര്യ അനന്തമായി ഇററിററു വീഴുന്ന വെളളം പോലെയാകുന്നു.” “കലമ്പലും ദുഃശീലവുമുളള ഒരു ഭാര്യയോടുകൂടെ പാർക്കുന്നതിലും മെച്ചം ഒരു മരുഭൂമിയിൽ ഒററയ്‌ക്കു ജീവിക്കുന്നതാണ്‌.” “മഴയുളള ഒരു ദിവസത്തിലെ അനന്തമായ തുളളിവീഴ്‌ച്ച—അതുപോലെയാണ്‌ കലമ്പലുളള ഒരു ഭാര്യ. അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്‌ കാററിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌! ഒരുവന്റെ വിരലുകളിൽ എണ്ണ എടുക്കാൻ ശ്രമിക്കുന്നതുപോലെതന്നെ!”—സദൃശവാക്യങ്ങൾ 17:9; 19:13; 21:19; 27:15, 16.

25 തിരുവെഴുത്തുകൾ ഈ ബുദ്ധിയുപദേശത്തിനുവേണ്ടി ഭാര്യയെമാത്രം ഒററതിരിക്കുന്നതെന്തുകൊണ്ട്‌? സ്‌ത്രീകൾ പൊതുവേ കൂടുതൽ വികാരതരളിതരും തങ്ങളുടെ വികാരങ്ങൾ നിർബാധം പ്രകടിപ്പിക്കാൻ കൂടുതൽ ചായ്‌വുളളവരുമായതുകൊണ്ടായിരിക്കാം, വിശേഷിച്ച്‌ അവർ എന്തെങ്കിലും സംബന്ധിച്ച്‌ അസ്വസ്ഥരായിരിക്കുമ്പോൾ. കൂടാതെ, തങ്ങൾക്കുളള ഏക ആയുധം അതാണെന്ന്‌ അവർ വിചാരിച്ചേക്കാം. ഭവനത്തലവൻ എന്ന നിലയിൽ ഭർത്താവ്‌ സ്വേച്ഛാപരമായി സ്വന്തം ഇഷ്ടം നടപ്പിലാക്കിയേക്കാം. തന്നിമിത്തം താൻ വൈകാരിക സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നുവെന്ന്‌ ഭാര്യ വിചാരിച്ചേക്കാം. ഭാര്യയായ നിങ്ങൾ അത്തരം നയങ്ങൾ പ്രയോഗിക്കരുത്‌, എന്നാൽ നിങ്ങളുടെ ഭർത്താവ്‌ നിങ്ങളങ്ങനെ ചെയ്യാൻ നിർബന്ധിതയാക്കരുത്‌.

26 നിങ്ങൾക്ക്‌ സുഖമില്ലാത്ത സമയങ്ങൾ ഉണ്ടായിരിക്കാം. നിങ്ങൾ ആഗ്രഹിക്കാത്തപ്പോൾപോലും നിങ്ങൾ കണ്ണുനീർ പൊഴിക്കുന്നതായി കണ്ടെത്തിയേക്കാം. എന്നാൽ അത്‌ കേവലം നിങ്ങളുടെ ഇഷ്ടം സാധിക്കുന്നതിന്‌ അത്യന്തം വികാരവിവശമായ രംഗങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌.

27 ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നുവെങ്കിൽ, വ്യക്തിപരമായ അഭീഷ്ടങ്ങൾ ഉൾപ്പെട്ടിരിക്കുന്നിടത്ത്‌, മിക്ക ഭർത്താക്കൻമാരും തങ്ങളേക്കാൾ തങ്ങളുടെ ഭാര്യമാരെ അനുകൂലിക്കും. നിങ്ങളുടെ ഭർത്താവിനെ പ്രസാദിപ്പിക്കുക, എന്നാൽ അയാൾ നിങ്ങളെ പ്രസാദിപ്പിക്കാനുളള അവസരങ്ങൾ തേടാൻ ഇടയുണ്ട്‌.

മൗനമായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവും

28-35. (എ) ഒരു ഭർത്താവിന്‌ തന്റെ ഭാര്യയുമായി സംസാരിക്കുന്നത്‌ പ്രയാസമാക്കിത്തീർത്തേക്കാവുന്ന സംഭാഷണശീലങ്ങൾ വർണ്ണിക്കുക. (ബി) ഭർത്താവും ഭാര്യയുമായുളള സംഭാഷണത്തെ മെച്ചപ്പെടുത്താൻ എന്ത്‌ ചെയ്യാൻ കഴിയും?

28 ‘എന്റെ ഭർത്താവ്‌ ഒരിക്കലും എന്നോട്‌ സംസാരിക്കുന്നില്ലെ’ന്ന്‌ അനേകം ഭാര്യമാർ പരാതി പറയുന്നു. കുററം അയാളുടേതായിരിക്കാം. എന്നിരുന്നാലും, മിക്കപ്പോഴും ഭർത്താവു ഭാര്യയുമായി സംസാരിക്കാനാഗ്രഹിക്കും, എന്നാൽ അവൾ അത്‌ സുകരമാക്കുന്നില്ല. ഏതു വിധത്തിൽ? എല്ലാ സ്‌ത്രീകളും ഒരുപോലെയല്ല. എന്നാൽ ഈ വർണ്ണനകളിലൊന്നിന്‌ നിങ്ങൾ യോജിക്കുന്നുവോ എന്നു നിങ്ങളോടുതന്നെ ചോദിക്കുക:

29 ഒന്നാമത്തേത്‌ അയലത്തെ മററു സ്‌ത്രീകളോടു സംസാരിക്കുന്നതിന്‌ യാതൊരു പ്രയാസവുമില്ലാത്ത ഒരു സ്‌ത്രീയാണ്‌. എന്നാൽ അവളുടെ രീതി എന്താണ്‌? മററു സ്‌ത്രീകൾ ശ്വാസം വലിക്കാൻ ഇടയ്‌ക്കൊന്നു നിർത്തുമ്പോൾ അവൾ ഇടയ്‌ക്കു കയറുകയായി. അവൾ ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചേക്കാം. അല്ലെങ്കിൽ തികച്ചും വ്യത്യസ്‌തമായ ഒരു വിഷയം അവൾ എടുത്തിട്ടേക്കാം. തടസം നേരിട്ടവൾ പെട്ടെന്ന്‌ ഇടയ്‌ക്കു കയറി കുറേ സമയത്തേയ്‌ക്കു വീണ്ടും സംഭാഷണം ഏറെറടുക്കുന്നു. ആരും തന്നെ സർവ്വസ്വതന്ത്രമായ ഈ സംഭാഷണം കാര്യമാക്കുന്നില്ലെന്നു തോന്നുന്നു.

30 ഇപ്പോൾ അവളുടെ ഭർത്താവു വീട്ടിലേക്കു വരുന്നു, അയാൾക്കു ചില വാർത്തകൾ പറയാനുണ്ട്‌. അയാൾ വാതിലിൽ പ്രവേശിക്കുമ്പോൾ അയാൾ തുടങ്ങുന്നു, ‘ജോലിസ്ഥലത്ത്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ നിനക്ക്‌ ഒരിക്കലും’ . . . അയാൾ ഒരിക്കലും കൂടുതലായി മുന്നോട്ടു പോകുന്നില്ല. ‘നിങ്ങൾ ആ ഉടുപ്പിൽ എങ്ങനെയാണാ കറ പററിച്ചത്‌? സൂക്ഷിച്ചുവേണം നടക്കാൻ ഞാൻ തറ വൃത്തിയാക്കിയിട്ടേയുളളു’ എന്നിങ്ങനെ ഇടയ്‌ക്കു കയറിപ്പറഞ്ഞ്‌ തടസ്സപ്പെടുത്തുകയാണവൾ. അയാൾ തന്റെ കഥ വീണ്ടും എടുക്കാൻ മടിച്ചേക്കാം.

31 അല്ലെങ്കിൽ, ഒരുപക്ഷേ അവർ സുഹൃത്തുക്കളുമായി സംഭാഷിച്ചുകൊണ്ടിരിക്കുകയാണ്‌. അയാൾ ഒരു അനുഭവം വിവരിക്കുകയാണ്‌. എന്നാൽ അയാൾ ചില വിശദാംശങ്ങൾ വിട്ടുപോകുന്നു, അല്ലെങ്കിൽ എല്ലാം കൃത്യമായി പറയുന്നില്ല. അയാളുടെ ഭാര്യ ഇടയ്‌ക്കു കയറുന്നു, ആദ്യം തെററുകൾ തിരുത്താനും പിന്നീടു കഥ മുഴുമിപ്പിക്കാനും. അധികം താമസിയാതെ ഒരു ദീർഘശ്വാസം വിട്ടിട്ട്‌ ‘എന്നാൽ നീ പറ’ എന്ന്‌ അയാൾ പറയുന്നു.

32 മറെറാരു സ്‌ത്രീ തന്റെ ഭർത്താവിനെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരക്കാരിയാണ്‌. അശ്രദ്ധ നടിക്കാൻ ശ്രമിച്ചുകൊണ്ട്‌, എന്നാൽ ജിജ്ഞാസയാൽ വികാരഭരിതയായി അവൾ ചോദിക്കുന്നു: ‘നിങ്ങൾ എവിടെയായിരുന്നു?’ ‘ആരാണവിടെ വന്നത്‌?’ ‘എന്തു സംഭവിച്ചു?’ ജീവിതത്തിലെ മുറപ്രകാരമുളള കാര്യങ്ങളല്ല, പിന്നെയോ കൂടുതൽ രഹസ്യസ്വഭാവത്തിലുളളവയെന്നു തോന്നുന്നവയിലാണ്‌ അവൾക്കു ജിജ്ഞാസ. അവൾക്ക്‌ ചോർത്തിയെടുക്കാൻ കഴിയുന്ന വിവരങ്ങളുടെ ഭാഗങ്ങൾ അവൾ കൂട്ടിപ്പിടിപ്പിക്കുകയും അല്‌പം ഭാവനയാൽ വിടവുകൾ നികത്തുകയും ചെയ്യുന്നു. ഒരുപക്ഷേ, അതിൽ ചിലത്‌ അവളുടെ ഭർത്താവ്‌ വെളിപ്പെടുത്തരുതാത്തതായിരുന്നു. അയാളുടെ ഭാര്യയുമായുളള ചർച്ചയ്‌ക്ക്‌ മററു കാര്യങ്ങൾ ഉചിതമായിരിക്കുമായിരുന്നു, എന്നാൽ ഇവ രഹസ്യമായി അവളോടു പറയപ്പെട്ടു. ഇപ്പോൾ അവൾ അതിനെക്കുറിച്ച്‌ മററുളളവരോടു സംസാരിക്കുന്നുവെങ്കിൽ രഹസ്യം പരസ്യമാക്കപ്പെടും. “മറെറാരാളുടെ രഹസ്യസംസാരം വെളിപ്പെടുത്തരുത്‌” എന്ന്‌ സദൃശവാക്യങ്ങൾ 25:9 മുന്നറിയിപ്പു നൽകുന്നു. എന്നാൽ അവൾ വെളിപ്പെടുത്തിയാൽ അതു പ്രശ്‌നങ്ങൾക്കിടയാക്കിയേക്കാം. ഭാവിയിൽ അയാൾ അവളോട്‌ എത്രമാത്രം സ്വതന്ത്രമായി സംസാരിക്കാൻ കഴിയുമെന്നാണ്‌ വിചാരിക്കുക?

33 ഇനിയും മൂന്നാമതൊരു തരത്തിലുളള സ്‌ത്രീ വലിയ സംസാരിയല്ല. വീട്ടിൽ ആവശ്യമുളള ജോലി ചെയ്യാൻ അവൾക്കറിയാം, എന്നാൽ അവൾ ചുരുക്കം ചില വാക്കുകളിലധികം അപൂർവ്വമായേ സംസാരിക്കൂ. അവളുമായി സംഭാഷിക്കാനാഗ്രഹിക്കുന്ന ഏതൊരാളും മുഴുസംസാരവും നിർവ്വഹിക്കേണ്ടതുണ്ട്‌. ഒരുപക്ഷേ അവൾക്ക്‌ ഭയമായിരിക്കാം. അല്ലെങ്കിൽ അവൾ കുട്ടിയായിരുന്നപ്പോൾ വിദ്യാഭ്യാസത്തിന്‌ അവസരം ലഭിച്ചില്ലായിരിക്കാം. കാരണമെന്തായാലും അവളുമായുളള സംഭാഷണത്തിനുളള ശ്രമങ്ങൾ പരാജയപ്പെടുന്നു.

34 എന്നാൽ മാററങ്ങൾ വരുത്താൻ കഴിയും. സംഭാഷണകല പഠിക്കാൻ കഴിയും. ഒരു സ്‌ത്രീ അവളുടെ ഗൃഹജോലി മാത്രമല്ല, പ്രയോജനകരമായ വായനയും മററുളളവർക്കായുളള ദയാപ്രവൃത്തികളും നിർവ്വഹിക്കുന്നുവെങ്കിൽ, അവൾക്കു തന്റെ ഇണയുമായി പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങൾ പങ്കുവെക്കാനുണ്ടായിരിക്കും. വിജയകരമായസംസാരത്തിന്‌ പങ്കുപററൽ ആവശ്യമാണ്‌. അതിന്‌ ബഹുമാനം—അയാൾ പറയുന്നതു പൂർത്തീകരിക്കാനനുവദിക്കുന്നതിനും അയാളുടെ സ്വന്തമായ വിധത്തിൽ അതു പറയാനനുവദിക്കുന്നതിനും സൂക്ഷിക്കേണ്ട ഒരു രഹസ്യമുളളതെപ്പോഴെന്നറിയുന്നതിനും മതിയായ ബഹുമാനം തന്നെ—ആവശ്യമാണ്‌. സഭാപ്രസംഗി 3:7 പറയുന്ന പ്രകാരം “മൗനമായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവുമുണ്ട്‌.”

35 അതുകൊണ്ട്‌, നിങ്ങളുടെ ഭർത്താവ്‌ അപൂർവ്വമായേ നിങ്ങളോട്‌ സംസാരിക്കുന്നുളളുവെന്ന്‌ പരാതി പറയുന്നതിനു പകരം സംസാരിക്കുന്നത്‌ അയാൾക്കൊരുല്ലാസമാക്കിത്തീർക്കാൻ ശ്രമിക്കരുതോ? അയാൾ ചെയ്യുന്ന കാര്യങ്ങളിൽ തൽപ്പരയായിരിക്കുക. അയാൾ സംസാരിക്കുമ്പോൾ ഏകാഗ്രമായി ശ്രദ്ധിക്കുക. നിങ്ങളുടെ പ്രതികരണം നിങ്ങൾക്കയാളോടുളള ഊഷ്‌മള സ്‌നേഹത്തേയും ബഹുമാനത്തേയും പ്രതിഫലിപ്പിക്കട്ടെ. നിങ്ങൾ മിക്കവാറും സംസാരിക്കുന്ന കാര്യങ്ങൾ ക്രിയാത്മകവും പരിപുഷ്ടിപ്പെടുത്തുന്നതുമായ സ്വഭാവത്തിലുളളവയാണെന്ന്‌ ഉറപ്പുണ്ടായിരിക്കുക. സംഭാഷണം നിങ്ങളിരുവർക്കും ഉല്ലാസപ്രദമാണെന്ന്‌ നിങ്ങൾ പെട്ടെന്നു കണ്ടെത്തിയേക്കാം.

ഒരു വാക്കും കൂടാതെ നേടുക

36-38. ഒരു സഹവിശ്വാസിയല്ലാത്ത ഇണയുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാനുളള ചില മാർഗ്ഗങ്ങളേവ?

36 ചില സമയങ്ങളിൽ, പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു, വിശേഷിച്ച്‌ ദൈവവചനത്തിന്റെ സഹവിശ്വാസികളല്ലാത്ത ഭർത്താക്കൻമാരെ സംബന്ധിച്ച്‌ അങ്ങനെതന്നെയാണ്‌. അവരെ സംബന്ധിച്ച്‌ അപ്പോസ്‌തലനായ പത്രോസ്‌ ഇങ്ങനെ പറഞ്ഞു: “ആഴമായ ബഹുമാനത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടത്തയുടെ ദൃക്‌സാക്ഷികളാകയാൽ തങ്ങളുടെ ഭാര്യമാരുടെ നടത്ത മുഖാന്തിരം ഒരു വാക്കും കൂടാതെ അവരെ നേടേണ്ടതിന്‌.” (1 പത്രോസ്‌ 3:1, 2) അവിശ്വാസികളായ അനേകം ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാർ തങ്ങളോട്‌ “പ്രസംഗിക്കുക”യാണെന്നു പരാതി പറഞ്ഞിട്ടുണ്ട്‌, അവർ അതിൽ നീരസപ്പെടുന്നു. ഇതിനു വിപരീതമായി, ദൈവവചനത്തിലെ സത്യം തങ്ങളുടെ ഭാര്യമാരിൽ വരുത്തിയ മാററങ്ങൾ കണ്ടുകൊണ്ട്‌ മററു ചിലർ വിശ്വാസികളായിത്തീർന്നിട്ടുണ്ട്‌. ആളുകൾക്കു മിക്കപ്പോഴും ഒരു പ്രഭാഷണം കേൾക്കുന്നതിനേക്കാൾ അതു കാണുന്നതിനാലാണ്‌ ബോധ്യം വരുന്നത്‌.

37 നിങ്ങൾ നിങ്ങളുടെ അവിശ്വാസിയായ ഇണയോടു സംസാരിക്കുമ്പോൾ “നിങ്ങളുടെ സംസാരം എല്ലായ്‌പ്പോഴും കൃപയോടു കൂടിയത്‌,” നല്ല രുചിയുളളത്‌, അല്ലെങ്കിൽ തിരുവെഴുത്തു പറയുന്നതുപോലെ, “ഉപ്പിനാൽ രുചിവരുത്തപ്പെട്ടത്‌” ആയിരിക്കട്ടെ. സംസാരിക്കാൻ ഒരു സമയമുണ്ട്‌. “വെളളിത്താലങ്ങളിലെ സ്വർണ്ണ ആപ്പിളുകൾപോലെയാണ്‌ തക്കസമയത്തു പറയുന്ന ഒരു വാക്ക്‌” എന്ന്‌ ബൈബിൾ പറയുന്നു. അയാൾ എന്തിനെക്കുറിച്ചെങ്കിലും നിരുൽസാഹപ്പെട്ടിരിക്കുകയാണോ? ഒരുപക്ഷേ ജോലി സ്ഥലത്ത്‌ എന്തോ കുഴപ്പം ഉണ്ടായി. ഇപ്പോൾ വിവേകപൂർവ്വകമായ ചുരുക്കം ചില വാക്കുകളെ അയാൾ വിലമതിച്ചേക്കാം. “സന്തോഷകരമായ മൊഴികൾ . . . ദേഹിക്കു മധുരവും അസ്ഥികൾക്കു സൗഖ്യവുമാകുന്നു.” (കൊലോസ്യർ 4:6; സദൃശവാക്യങ്ങൾ 25:11; 16:24) അല്ലെങ്കിൽ സാഹചര്യത്തെ ആശ്രയിച്ച്‌ അയാളുടെ കരം ഗ്രഹിക്കുന്നത്‌: ഞാൻ മനസ്സിലാക്കുന്നുണ്ട്‌, ഞാൻ നിങ്ങളുടെ പക്ഷത്തുണ്ട്‌, എനിക്കു കഴിയുമെങ്കിൽ ഞാൻ സഹായിക്കാം എന്നെല്ലാം പ്രകടമാക്കിയേക്കാം.

38 അയാൾ നിങ്ങളോടുകൂടെ വിശ്വാസത്തിൽ ഒന്നായിരിക്കുന്നില്ലെങ്കിലും, നിങ്ങൾ അപ്പോഴും അയാൾക്ക്‌ കീഴ്‌പ്പെട്ടിരിക്കേണ്ടതാണെന്ന്‌ ദൈവവചനം പ്രകടമാക്കുന്നു. അയാൾ നിങ്ങളുടെ വിശ്വാസത്തിൽ പങ്കുപററത്തക്കവണ്ണം കാലക്രമത്തിൽ നിങ്ങളുടെ നല്ലനടത്ത അയാളെ നേടിയേക്കാം. അത്‌ എത്ര സന്തുഷ്ടമായ ദിവസമായിരിക്കും! ആ കാലം ആഗതമാകുന്നുവെങ്കിൽ നിങ്ങളെ സ്‌നേഹിക്കാൻ അയാൾ അറിഞ്ഞിരുന്നതിലധികം കാരണങ്ങളുണ്ടെന്ന്‌ അയാൾ തിരിച്ചറിയും. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ഭക്തിയും ശരിയാണെന്നറിഞ്ഞിരുന്നതു സംബന്ധിച്ച നിങ്ങളുടെ സ്ഥിരതയും “യഥാർത്ഥ ജീവൻ” കരസ്ഥമാക്കുന്നതിന്‌ അയാളെ സഹായിച്ചിരിക്കും.—1 കൊരിന്ത്യർ 7:13–16; 1 തിമൊഥെയോസ്‌ 6:19.

39, 40. തീത്തോസ്‌ 2:4, 5-ൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഏതു ഗുണങ്ങൾ ഒരു ഭാര്യയെ അവളുടെ ഭർത്താവിന്‌ മാത്രമല്ല, പിന്നെയോ യഹോവയ്‌ക്കും വിലയേറിയവളാക്കിത്തീർക്കുന്നു?

39 തങ്ങളുടെ ഭർത്താക്കൻമാർ വിശ്വാസികളായിരുന്നാലും അവിശ്വാസികളായിരുന്നാലും “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്‌ തങ്ങളുടെ ഭർത്താക്കൻമാരെ സ്‌നേഹിക്കുന്നതിനും തങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നതിനും സുബോധമുളളവരും നിർമ്മലരും വീട്ടുജോലി ചെയ്യുന്നവരും നല്ലവരും സ്വന്തഭർത്താക്കൻമാർക്ക്‌ കീഴ്‌പ്പെട്ടിരിക്കുന്നവരു”മായിരിക്കാൻ തിരുവെഴുത്തുകൾ ക്രിസ്‌തീയ ഭാര്യമാരെ പ്രോത്‌സാഹിപ്പിക്കുന്നു.—തീത്തോസ്‌ 2:4, 5.

40 ഭാര്യയായ നിങ്ങൾ നിങ്ങളുടെ പ്രാപ്‌തിയുടെ പരമാവധി ഇതു ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ ഭർത്താവിനാൽ മാത്രമല്ല, യഹോവയാം ദൈവത്താലും നിങ്ങൾ അതിയായി സ്‌നേഹിക്കപ്പെടും.

[അധ്യയന ചോദ്യങ്ങൾ]

[57-ാം പേജിലെ ചിത്രം]

“ഒരു പ്രാപ്‌തിയുളള ഭാര്യ . . . അവളുടെ വില പവിഴങ്ങളെക്കാൾ വളരെ കൂടുതൽ.”—സദൃശവാക്യങ്ങൾ 31:10.

[64-ാം പേജിലെ ചിത്രം]

ശിംശോന്റെ ജീവിതത്തിലെ സ്‌ത്രീകൾ