വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഴമായ ബഹുമാനം നേടുന്ന ഒരു ഭർത്താവ്‌

ആഴമായ ബഹുമാനം നേടുന്ന ഒരു ഭർത്താവ്‌

അധ്യായം 4

ആഴമായ ബഹുമാനം നേടുന്ന ഒരു ഭർത്താവ്‌

1, 2. ആദരവു നേടുന്നതെങ്ങനെ, യേശുക്രിസ്‌തുവിന്റെ സംഗതിയിൽ ഇതു നന്നായി ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?

 നിങ്ങളെ ബഹുമാനിക്കാൻ ആരോടെങ്കിലും കേവലം ആജ്ഞാപിക്കുന്നതിനാൽ ബഹുമാനം നേടുന്നില്ല. നിങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധത്താലും നിങ്ങളുടെ വ്യക്തിത്വത്താലും നിങ്ങൾ ആദരവു സമ്പാദിക്കേണ്ടതാണ്‌.

2 ഇതു ക്രിസ്‌തുയേശുവിന്റെ സംഗതിയിൽ ദൃഷ്ടാന്തീകരിക്കപ്പെട്ടിരിക്കുന്നു. അവൻ തന്റെ പഠിപ്പിക്കൽ രീതിയിലാണ്‌ ഒരു ഉപദേഷ്ടാവെന്ന നിലയിൽ ബഹുമാനം നേടിയത്‌. അവന്റെ ഗിരിപ്രഭാഷണശേഷം “ജനക്കൂട്ടങ്ങൾ അവന്റെ പഠിപ്പിക്കൽവിധത്തിൽ അതിശയിച്ചുപോയെന്നുളളതായിരുന്നു ഫലം.” അവന്‌ ആ ബഹുമാനം നേടിക്കൊടുത്തത്‌ എന്തായിരുന്നു? മററു മനുഷ്യരുടെ അഭിപ്രായങ്ങൾക്കു പകരം ദൈവവചനമായ ബൈബിളിലുളള അവന്റെ ആശ്രയം. അവന്റെ മുഴു ആധികാരികതയും യഹോവയാം ദൈവവും അവന്റെ സത്യവചനവുമായിരുന്നു. യേശു മിത്രത്തിൽനിന്നും ശത്രുവിൽനിന്നും ബഹുമാനം സമ്പാദിച്ചുകൊണ്ടാണ്‌ അതു നേടിയത്‌.—മത്തായി 7:28, 29; 15:1-9; യോഹന്നാൻ 7:32, 45, 46.

3. എഫേസ്യർ 5:33 ഒരു ഭാര്യയുടെ മേൽ എന്തു കടപ്പാടു വെക്കുന്നു, ഇതു ഒരു ഭർത്താവിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?

3 “ഭാര്യയ്‌ക്കു അവളുടെ ഭർത്താവിനോട്‌ ആഴമായ ബഹുമാനം ഉണ്ടായിരിക്കണം” എന്നുളളതാണ്‌ എഫേസ്യർ 5:33-ൽ നൽകപ്പെട്ടിരിക്കുന്ന നിർദ്ദേശം. എന്നാൽ ഈ ബഹുമാനത്തിന്‌ അർഹനായിരിക്കാൻ ഭർത്താവ്‌ ഉൽസാഹമുളളവനായിരിക്കണം; അതല്ലെങ്കിൽ ഈ നിർദ്ദേശം അനുസരിക്കാൻ ഭാര്യയ്‌ക്ക്‌ വളരെ പ്രയാസമായിരിക്കും. ഇങ്ങനെയുളള ബഹുമാനം നേടത്തക്കവണ്ണം ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒരു ഭർത്താവിന്‌ തന്റെ ധർമ്മം എങ്ങനെ നിറവേററാൻ കഴിയും?

ഉചിതമായ ശിരഃസ്ഥാനം പ്രയോഗിക്കുന്നതിനാൽ

4. ബൈബിൾ ഭർത്താവിന്‌ എന്തു സ്ഥാനം നിയമിച്ചു കൊടുക്കുന്നു?

4 വിവാഹക്രമീകരണത്തിൽ ബൈബിൾ ഭർത്താവിനെ ഒരു ശിരഃസ്ഥാനത്തു നിയമിക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്‌: “ഭാര്യമാർ കർത്താവിനെന്നപോലെ, തങ്ങളുടെ ഭർത്താക്കൻമാർക്ക്‌ കീഴ്‌പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ക്രിസ്‌തുവും ശരീരത്തിന്റെ രക്ഷകനായി സഭയുടെ തലയായിരിക്കുന്നതുപോലെ, ഒരു ഭർത്താവ്‌ അയാളുടെ ഭാര്യയുടെ തലയാകുന്നു. യഥാർത്ഥത്തിൽ, സഭ ക്രിസ്‌തുവിനു കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ, ഭാര്യമാരും എല്ലാററിലും തങ്ങളുടെ ഭർത്താക്കൻമാർക്കു കീഴ്‌പ്പെട്ടിരിക്കട്ടെ.” (എഫേസ്യർ 5:22-24) ഈ ക്രമീകരണം യഥാർത്ഥത്തിൽ കുടുംബസന്തുഷ്ടിക്ക്‌ സംഭാവനചെയ്യുമോ? ചില സ്‌ത്രീകൾ പുരുഷമേധാവിത്വം എന്നു തങ്ങൾ വർണ്ണിക്കുന്നതിനെതിരായി, അതായത്‌ ചില പുരുഷൻമാർക്ക്‌ സ്‌ത്രീകളോടുളള ബന്ധത്തിൽ തങ്ങളുടെ സ്ഥാനം സംബന്ധിച്ചുളള വ്യർത്ഥമോ അതിർകടന്നതോ ആയ വീക്ഷണത്തിനെതിരായിത്തന്നെ, സംസാരിക്കുന്നു. എന്നാൽ ബൈബിളിന്റെ ഉപദേശങ്ങൾ അത്തരം പുരുഷമേധാവിത്വത്തെ പിന്താങ്ങുന്നില്ലെന്ന്‌ തുടക്കത്തിൽത്തന്നെ ഞങ്ങൾ പറഞ്ഞുകൊളളട്ടെ.

5. ശിരഃസ്ഥാനം സംബന്ധിച്ച്‌ ഒരു ഭർത്താവ്‌ എന്തു തിരിച്ചറിയണം, അയാൾ ആരുടെ ദൃഷ്ടാന്തങ്ങൾ പിന്തുടരണം?

5 സ്‌ത്രീ മാത്രമല്ല, പുരുഷനും ശിരഃസ്ഥാനത്തിൻ കീഴിലാണെന്നുളള വസ്‌തുതയെ ബൈബിൾ ഊന്നിപ്പറയുന്നു. ബൈബിൾപുസ്‌തകമായ 1 കൊരിന്ത്യർ 11-ാം അദ്ധ്യായം 3-ാം വാക്യത്തിലേക്കു തിരിയുമ്പോൾ അപ്പോസ്‌തലനായ പൗലോസ്‌ കൊരിന്തിലെ സഭയ്‌ക്കു ഈ വാക്കുകൾ എഴുതിയതായി നാം കണ്ടെത്തുന്നു: “ഏതു പുരുഷന്റെയും തല ക്രിസ്‌തു ആകുന്നുവെന്ന്‌ നിങ്ങൾ അറിയണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു; ക്രമത്തിൽ സ്‌ത്രീയുടെ തല പുരുഷനാകുന്നു; ക്രമത്തിൽ ക്രിസ്‌തുവിന്റെ തല ദൈവമാകുന്നു.” പുരുഷന്‌ തന്റെ തലയായി ക്രിസ്‌തു ഉണ്ട്‌, ഭർത്താക്കൻമാരായ നിങ്ങൾ മാതൃകായോഗ്യരും ഉപദേഷ്ടാക്കൻമാരുമെന്ന നിലയിൽ ദൈവത്തിൽനിന്നും ക്രിസ്‌തുവിൽ നിന്നുമാണ്‌ ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത്‌ എങ്ങനെയെന്ന്‌ പഠിക്കേണ്ടത്‌.

6. ഭർത്താക്കൻമാർക്ക്‌ യഹോവയാം ദൈവത്തിൽനിന്നും യേശുക്രിസ്‌തുവിൽനിന്നും ശിരഃസ്ഥാനം സംബന്ധിച്ച്‌ എന്തു പഠിക്കാൻ കഴിയും?

6 ക്രിസ്‌തുവിൻമേലുളള യഹോവയുടെ ശിരഃസ്ഥാനം സ്‌നേഹദയയോടെയാണ്‌ പ്രയോഗിക്കപ്പെട്ടത്‌, “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ പ്രിയപ്പെട്ടിരിക്കുന്നു” എന്നായിരുന്നു ക്രിസ്‌തുവിന്റെ പ്രതികരണം. (സങ്കീർത്തനം 40:8; എബ്രായർ 10:7) യേശുക്രിസ്‌തുവിന്റെ ശിരഃസ്ഥാനവും സ്‌നേഹപൂർവ്വകമാണ്‌. തന്റെ ശിഷ്യൻമാരായിത്തീരുന്നവരോട്‌: “ഞാൻ സൗമ്യനും ഹൃദയത്തിൽ താഴ്‌മയുളളവനും ആകുന്നു, നിങ്ങൾ നിങ്ങളുടെ ദേഹികൾക്കു നവോൻമേഷം കണ്ടെത്തുകയും ചെയ്യും” എന്ന്‌ അവൻ പറയുകയുണ്ടായി. (മത്തായി 11:29) തിരുവെഴുത്തുകൾ ഒരു മണവാട്ടിയോടുപമിക്കുന്ന തന്റെ സഭയുടെ അംഗങ്ങൾ തീർച്ചയായും അവന്റെ ശിരഃസ്ഥാനത്തിൻ കീഴിൽ അങ്ങനെയുളള നവോൻമേഷം കണ്ടെത്തിയിരിക്കുന്നു. അവൻ അവരെ ചൂഷണം ചെയ്‌തിട്ടില്ല, പിന്നെയോ അവന്റെ സ്‌നേഹത്തിൽ അവൻ ആത്മത്യാഗിയായിരുന്നു. ഇത്തരം ശിരഃസ്ഥാനം തന്നെയാണ്‌ ഭർത്താവു ഭാര്യയുടെ മേൽ പ്രയോഗിക്കേണ്ടതും: “ഭർത്താക്കൻമാരെ, ക്രിസ്‌തുവും സഭയെ സ്‌നേഹിക്കുകയും തന്നേത്തന്നെ അതിനുവേണ്ടി ഏൽപിച്ചുകൊടുക്കുകയും ചെയ്‌തതുപോലെ നിങ്ങളുടെ ഭാര്യമാരെ തുടർന്നു സ്‌നേഹിക്കുക . . . ഈ വിധത്തിൽ ഭർത്താക്കൻമാർ സ്വന്തം ശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കേണ്ടതാണ്‌. തന്റെ ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നേത്തന്നെ സ്‌നേഹിക്കുന്നു, എന്തുകൊണ്ടെന്നാൽ യാതൊരു മനുഷ്യനും ഒരിക്കലും സ്വന്തം ജഡത്തെ ദ്വേഷിച്ചിട്ടില്ലല്ലോ; എന്നാൽ ക്രിസ്‌തുവും സഭയോടു ചെയ്യുന്നതുപോലെ, അതിനെ പോററിപ്പുലർത്തുകയത്രെ ചെയ്യുന്നത്‌ . . . നിങ്ങളിൽ ഓരോരുത്തനും വ്യക്തിപരമായി അങ്ങനെ തന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്‌നേഹിക്കട്ടെ; മറിച്ച്‌ ഭാര്യയ്‌ക്കു അവളുടെ ഭർത്താവിനോട്‌ ആഴമായ ബഹുമാനം ഉണ്ടായിരിക്കണം.” (എഫേസ്യർ 5:25-29, 33) നിങ്ങൾ ക്രിസ്‌തുവിന്റെ ശിരഃസ്ഥാനത്തോടുളള കീഴ്‌പ്പെടലിന്റെ മാതൃക കാട്ടുന്നുവെങ്കിൽ തന്റെ ഭർത്താവെന്ന നിലയിൽ നിങ്ങളുടെ ശിരഃസ്ഥാനത്തോട്‌ നിങ്ങളുടെ ഭാര്യയ്‌ക്ക്‌ ആഴമായ ബഹുമാനം പ്രകടമാക്കുന്നത്‌ പ്രയാസമുളള സംഗതി ആയിരിക്കുകയില്ല—യഥാർത്ഥത്തിൽ അത്‌ ഒരു ഉല്ലാസമായിരിക്കാവുന്നതാണ്‌.

7, 8. ചില ഭർത്താക്കൻമാർ ഉചിതമായ ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ പരാജയപ്പെടുന്ന ചില വിധങ്ങൾ പറയുക.

7 കുടുംബത്തലവൻ എന്ന നിലയിൽ ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, അപൂർണ്ണതയും ജൻമനായുളള സ്വാർത്ഥതയും നിമിത്തം, തന്റെ ഭാര്യയോട്‌ ആവശ്യമായ സ്‌നേഹവും പരിഗണനയും പ്രകടമാക്കുന്നതിൽ ഭർത്താവു പരാജയപ്പെടുന്ന സമയങ്ങളുണ്ടെന്നുളളതാണ്‌ വലിയ പ്രശ്‌നം. മിക്കപ്പോഴും തന്റെ ഭർത്താവു തന്നെ സ്‌നേഹിക്കുന്നുണ്ടെന്നു തോന്നുന്നില്ലെന്നും അയാളുടെ ഏക താല്‌പര്യം സ്വന്തം ഉല്ലാസവും സംതൃപ്‌തിയും ആണെന്നും ഒരു ഭാര്യ പറഞ്ഞേക്കാം. കൂടാതെ, തങ്ങളുടെ ഭർത്താക്കൻമാർ മേധാവിത്വം പ്രയോഗിക്കുന്നവരാണെന്ന്‌ ചില ഭാര്യമാർ പരാതി പറയുന്നു. ഒരുപക്ഷേ, ഭാര്യ അയാളുടെ ശിരഃസ്ഥാനത്തെ കവർന്നെടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ ചെറുത്തുനിന്നതിന്റെ ഫലമായിരിക്കാം അത്‌. അല്ലെങ്കിൽ, അനേകം ഭർത്താക്കൻമാർ അഹങ്കാരികളും മേധാവിത്വം പുലർത്തുന്നവരുമായിരിക്കുന്ന ഒരു ചുററുപാടിലായിരിക്കാം ആ പുരുഷൻ വളർന്നത്‌. കാരണമെന്തായാലും, അത്തരം ശിരഃസ്ഥാനത്തിന്റെ ദുരുപയോഗം ആരുടെയും ബഹുമാനം നേടുന്നില്ല.

8 മറിച്ച്‌, ശിരഃസ്ഥാനത്തെ ദുരുപയോഗപ്പെടുത്തുന്നതിനു പകരം ചില ഭർത്താക്കൻമാർ ശിരഃസ്ഥാനം വെച്ചൊഴിയുകയാണ്‌. അവർ എല്ലാ തീരുമാനങ്ങളും ഭാര്യമാർക്കു വിട്ടുകൊടുക്കുകയാണ്‌. അല്ലെങ്കിൽ ഭാര്യയോട്‌ ‘തിടുക്കംകൂട്ടരു’തെന്നു പറയുമ്പോൾ അവർ കുടുംബതാല്‌പര്യങ്ങൾക്ക്‌ ഹാനി തട്ടത്തക്കവണ്ണം കാര്യങ്ങൾ നീട്ടിവെയ്‌ക്കുന്നു. അവർ മടിയരോ ശാരീരികമായി അലസരോ അല്ലായിരിക്കാം, എന്നാൽ അവർ മാനസ്സികശ്രമങ്ങളിൽ നിന്ന്‌ ലജ്ജിച്ചുമാറുകയാണെങ്കിൽ ഫലങ്ങൾ സദൃശവാക്യങ്ങൾ 24:33, 34-ൽ വർണ്ണിക്കപ്പെട്ടവതന്നെയായിരിക്കാം: “അല്‌പം ഉറക്കം, അല്‌പം മയക്കം, അല്‌പം കൈകെട്ടിക്കിടപ്പ്‌, എന്നാൽ ദാരിദ്ര്യം ഒരു കവർച്ചക്കാരനെപ്പോലെയും ഞെരുക്കം ഒരു സായുധമനുഷ്യനെപ്പോലെയും നിന്റെ മേൽവരും.”—റിവൈസ്‌ഡ്‌ സ്‌ററാൻഡേർഡ്‌ വേർഷ്യൻ.

9, 10. കുടുംബത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുമ്പോൾ ഒരു ഭർത്താവ്‌ ആരുടെ വീക്ഷണങ്ങൾ പരിഗണിക്കണം?

9 നിങ്ങൾ സ്‌ഥിരതയും ശക്തിയുമുളളവനും തീരുമാനങ്ങളെടുക്കാൻ പ്രാപ്‌തനുമാണെന്നു തെളിയിച്ചാൽ നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ ബഹുമാനം നേടും. എന്നാൽ കുടുംബത്തിലെ മററാരോടും ആലോചിക്കേണ്ടതില്ലെന്നോ നിങ്ങളുടെ അഭിപ്രായത്തോടു യോജിക്കാത്തതുകൊണ്ടുമാത്രം ഭാര്യയുടെ അഭിപ്രായത്തെ ഗൗരവമായി പരിഗണിക്കേണ്ടതില്ലെന്നോ ഇതിനർത്ഥമില്ല. അബ്രഹാമിന്റെയും സാറായുടെയും പുത്രനായ യിസഹാക്കും ദാസിയായിരുന്ന ഹാഗാറിന്റെ മകനും ഉൾപ്പെട്ടിരിന്ന ഒരു ഗൗരവമായ പ്രശ്‌നം അവരുടെ കുടുംബത്തിലുണ്ടായതായി നാം ബൈബിൾരേഖയുടെ ആദ്യഭാഗത്തു വായിക്കുന്നുണ്ട്‌. സാറ ഒരു പരിഹാരമാർഗ്ഗം ശുപാർശചെയ്‌തു. അത്‌ അതുസംബന്ധിച്ച അബ്രഹാമിന്റെ വികാരങ്ങളോട്‌ പൊരുത്തപ്പെട്ടില്ല. “എന്നാൽ അവളുടെ വാക്കനുസരിക്കുക” എന്നാണ്‌ ദൈവം അബ്രഹാമിനോടു പറഞ്ഞത്‌.—ഉല്‌പത്തി 21:9-12.

10 ഇതിൽനിന്ന്‌ ഒരു ഭർത്താവ്‌ എല്ലായ്‌പോഴും തന്റെ ഭാര്യയുടെ ആഗ്രഹങ്ങൾക്ക്‌ വഴങ്ങണമെന്ന്‌ നാം നിഗമനം ചെയ്യേണ്ടതില്ല. എന്നാൽ കുടുംബത്തെ ബാധിക്കുന്ന തീരുമാനങ്ങളെക്കുറിച്ച്‌ അവളുമായി ചർച്ചചെയ്യുന്നതും അവളുടെ ആശയങ്ങളും വിചാരങ്ങളും യഥേഷ്ടം പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും പ്രയോജനകരമായിരിക്കാൻ കഴിയും. ആശയവിനിമയമാർഗ്ഗങ്ങൾ തുറന്നിടുക. എല്ലായ്‌പോഴും സമീപിക്കാവുന്നവരായിരിക്കുക. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ അവളുടെ അഭീഷ്ടങ്ങൾ ശ്രദ്ധാപൂർവ്വം പരിചിന്തിക്കുക. ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ ഒരിക്കലും മേധാവിത്വം പ്രയോഗിക്കുകയോ ക്രൂരൻമാരായിരിക്കുകയോ ചെയ്യരുത്‌. എന്നാൽ താഴ്‌മ പ്രകടമാക്കുക. നിങ്ങൾ പൂർണ്ണനല്ല, നിങ്ങൾ തെററുകൾ ചെയ്യും, നിങ്ങൾ തെററു ചെയ്യുമ്പോൾ നിങ്ങളുടെ ഭാര്യയുടെ വിവേകം നിങ്ങളാഗ്രഹിക്കും. അങ്ങനെയുളള സാഹചര്യങ്ങൾ പൊന്തിവരുമ്പോൾ താഴ്‌മയുളള ഭർത്താവുളള ഭാര്യ അയാളുടെ ശിരഃസ്ഥാനത്തെ ആദരിക്കുന്നത്‌ അഹങ്കാരിയായ ഇണയുളളവളെക്കാൾ അനായാസകരമാണെന്നു കണ്ടെത്തും.

ഒരു നല്ല ദാതാവായിരുന്നുകൊണ്ട്‌

11, 12. (എ) ഭൗതികജീവിതാവശ്യങ്ങൾ പ്രദാനം ചെയ്യുന്നതു സംബന്ധിച്ച ഭർത്താവിന്റെ ഉത്തരവാദിത്വമെന്താണ്‌? (ബി) അത്തരം കരുതലുകൾ ചെയ്യപ്പെടുന്നത്‌ യഥാർത്ഥത്തിൽ സംയുക്തശ്രമത്താലായിരിക്കുന്നതെങ്ങനെ?

11 കുടുംബത്തിന്റെ ഭൗതിക ജീവിതാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നത്‌ ഭർത്താവിന്റെ ഉത്തരവാദിത്വമാണ്‌; 1 തിമൊഥെയോസ്‌ 5:8 ഇതു പ്രകടമാക്കുന്നു: “തീർച്ചയായും ആരെങ്കിലും സ്വന്തക്കാർക്കു വേണ്ടിയും, വിശേഷിച്ച്‌ തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയും കരുതുന്നില്ലെങ്കിൽ, അയാൾ വിശ്വാസം തളളിക്കളഞ്ഞ്‌ വിശ്വാസമില്ലാത്തയാളേക്കാൾ അധമനായിരിക്കുന്നു.” അനേകം രാജ്യങ്ങളിൽ ഇന്നു ജീവിക്കുന്നതിന്‌ ധാരാളം പണം ആവശ്യമാണ്‌; ഭർത്താവെന്ന നിലയിൽ ഈ ആവശ്യം സാധിക്കുന്നതിനെ ഭരിക്കുന്ന തീരുമാനങ്ങൾ നിങ്ങൾ ചെയ്യണം. നിങ്ങൾ സമ്പാദിക്കുന്ന പണം വീട്ടിൽ കൊണ്ടവരുന്നതിനു പുറമേ നിങ്ങൾക്കു രണ്ടുപേർക്കും മനസ്സിലാകുന്ന ഒരു ബജററ്‌ നിങ്ങൾ ഭാര്യയുമൊത്ത്‌ തയ്യാറാക്കേണ്ടതുണ്ടെന്നു നിങ്ങൾ കണ്ടെത്താൻ ഇടയുണ്ട്‌. നിയന്ത്രിതമായ ചെലവാക്കലിനുവേണ്ടിയുളള ഒരു ക്രമീകരണമുണ്ടായിരിക്കുകയെന്നു മാത്രമേ ഇതിനർത്ഥമുളളു. നിങ്ങളുടെ വരവിനനുസൃതമായി ജീവിക്കുന്നതു നിങ്ങൾക്ക്‌ സഹായകരമായിരിക്കും. ശമ്പളം കിട്ടുന്നതിനുമുമ്പ്‌ പണം തീരുമ്പോൾ ചില സമയങ്ങളിൽ ഉണ്ടാകുന്നതരം സംവാദം ഒഴിവാക്കുന്നതിനും അതിന്‌ വളരെയധികം സഹായിക്കാൻ കഴിയും.

12 മിക്കിടത്തും കുടുംബാവശ്യങ്ങൾക്കുളള പണം ഭർത്താവാണു കൊണ്ടുവരുന്നതെങ്കിലും അതു സംയുക്ത ശ്രമത്താലാണ്‌ സമ്പാദിക്കുന്നതെന്ന്‌ മറക്കരുത്‌. നിങ്ങൾ തന്നെയാണ്‌ ഇതു ചെയ്യുന്നതെന്ന്‌ ഭർത്താവായ നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അപ്പോൾ സാധനങ്ങൾ വാങ്ങുന്ന ഒരു കാര്യസ്ഥനേയും പാചകക്കാരനേയും പാത്രം കഴുകുന്നയാളേയും വീടു സൂക്ഷിപ്പുകാരനേയും അലങ്കാരവിദഗ്‌ദ്ധനേയും പരിചാരികയേയും മററും കൂലിക്കു നിർത്തുന്നതിന്‌ എന്തു ചെലവാകുമെന്ന്‌ കണക്കുകൂട്ടുക. സാധാരണ ഗതിയിൽ, നിങ്ങളുടെ ഭാര്യ ഈ വേല ചെയ്‌തുകൊണ്ട്‌ ചെലവു കുറയ്‌ക്കുന്നു. തീർച്ചയായും വിവാഹപങ്കാളിയെന്ന നിലയിൽ അത്‌ അവളുടെ പങ്കാണ്‌. അവൾ വീട്ടുചെലവുകളുടെ ഒട്ടേറെ രേഖകൾ സൂക്ഷിക്കുന്നുവെങ്കിൽ മുൻലിസ്‌ററിനോട്‌ “അക്കൗണ്ടൻറ്‌” കൂടെ ചേർക്കാവുന്നതാണ്‌. സദൃശവാക്യങ്ങൾ 18:22 വളരെ സത്യമാണ്‌: “ഒരുവൻ ഒരു നല്ല ഭാര്യയെ കണ്ടെത്തിയിരിക്കുന്നുവോ? ഒരുവൻ ഒരു നല്ല സംഗതി കണ്ടെത്തിയിരിക്കുന്നു.”

13. ഭൗതികവസ്‌തുക്കളുടെ കാര്യത്തിൽ, വിവാഹഇണകൾ ഏതുവീക്ഷണം ഒഴിവാക്കണം, അവർക്ക്‌ ഇത്‌ എങ്ങനെ പ്രയോജനം ചെയ്‌തേക്കാം?

13 ഭൗതികമായി കരുതുന്നതിൽ ഒരു ഭൗതികവീക്ഷണത്തിലേക്കും ജീവിതസമീപനത്തിലേക്കും വഴുതിവീഴുന്നതിന്റെ അപകടം എക്കാലത്തും ഉണ്ട്‌—നിങ്ങൾക്കും നിങ്ങളുടെ ഭാര്യയ്‌ക്കും ഇതിനെപ്പോലെ കുടുംബസന്തുഷ്ടിയുടെ അടിസ്ഥാനത്തെ ‘കാർന്നുതിന്നുന്ന’ അധികം കാര്യങ്ങളില്ല. “നാം ലോകത്തിലേക്കു യാതൊന്നും കൊണ്ടുവന്നിട്ടില്ല, യാതൊന്നും നമുക്ക്‌ പുറത്തേയ്‌ക്കു കൊണ്ടുപോകാനും കഴിയുകയില്ല” എന്ന്‌ ബൈബിൾ എഴുത്തുകാരനായ പൗലോസ്‌ പറയുന്നു. “അതുകൊണ്ട്‌ ആഹാരവും വസ്‌ത്രവും ഉണ്ടെങ്കിൽ നാം അവയാൽ തൃപ്‌തരായിരിക്കും. എന്നുവരികിലും, ധനികരാകാൻ നിശ്ചയിച്ചിരിക്കുന്നവർ പരീക്ഷയിലും കെണിയിലും, മനുഷ്യരെ നാശത്തിലേക്കും കെടുതിയിലേക്കും ആഴ്‌ത്തിക്കളയുന്ന, നിരർത്ഥകവും ഹാനികരവുമായ ആഗ്രഹങ്ങളിലും വീണു പോകുന്നു. എന്തുകൊണ്ടെന്നാൽ പണസ്‌നേഹം സകലതരം ദോഷങ്ങൾക്കും കാരണമാകുന്നു. ചിലർ ഈ സ്‌നേഹം കാംക്ഷിച്ച്‌ വിശ്വാസം വിട്ടുഴലുകയും അനേകം വേദനകളോടെ തങ്ങളെത്തന്നെ ആസകലം മുറിവേൽപ്പിക്കുകയും ചെയ്‌തിരിക്കുന്നു.” ഒരു ഭൗതികജീവിതരീതി എന്തെല്ലാം വകകൾ നേടിത്തന്നാലും അതിനു കുടുംബബന്ധങ്ങൾ ദുർബലമായി തകരുന്നതു കാണുന്നതിലുളള വേദനയ്‌ക്കു പരിഹാരം വരുത്താൻ കഴിയുകയില്ല. ഭൗതികനേട്ടത്തേക്കാൾ വളരെയേറെ ഘനം തൂങ്ങുന്നതാണ്‌ ആത്മീയവും വൈകാരികവുമായ നഷ്ടം.—1 തിമൊഥെയോസ്‌ 6:7-10.

14. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഭൗതികവസ്‌തുക്കൾ വളരെയധികം പ്രധാനമാണോയെന്ന്‌ നിർണ്ണയിക്കുന്നതെന്ത്‌?

14 ഭൗതികാസക്തി, കേവലം ഭൗതികസ്വത്തുക്കൾ ഉണ്ടായിരിക്കുന്നതല്ല, പിന്നെയോ അവയോടുളള സ്‌നേഹമാണ്‌. ഒരു വ്യക്തിക്ക്‌ ദരിദ്രനും ഭൗതികാസക്തനുമായിരിക്കാൻ കഴിയും, അല്ലെങ്കിൽ ധനികനും ആത്മീയമനസ്സുളളവനുമായിരിക്കാൻ കഴിയും. അത്‌ അയാളുടെ ഹൃദയം എവിടെയാണെന്നുളളതിനെ ആശ്രയിച്ചിരിക്കുന്നു. യേശു പറഞ്ഞു: “പുഴുവും തുരുമ്പും തിന്നുകയും കളളൻമാർ ഭേദിച്ചുകടന്ന്‌ മോഷ്ടിക്കുകയും ചെയ്യുന്ന ഭൂമിയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ സംഭരിച്ചു വയ്‌ക്കുന്നതു നിർത്തുക. പകരം, പുഴുവും തുരുമ്പും തിന്നുകയും കളളൻമാർ ഭേദിച്ചുകടന്നു മോഷ്ടിക്കുകയും ചെയ്യാത്തടമായ സ്വർഗ്ഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ സംഭരിച്ചുവയ്‌ക്കുക. എന്തുകൊണ്ടെന്നാൽ നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.”—മത്തായി 6:19-21.

15, 16. ഒരു സന്തുഷ്ടകുടുംബം നിലനിർത്തുന്നതിന്‌ ഭൗതികാവശ്യങ്ങൾ നന്നായി നിറവേററുന്നതിനു പുറമേ, മറെറന്തുകൂടെ ഒരു ഭർത്താവു ചെയ്യണം?

15 ഭൗതികാവശ്യങ്ങളുടെ ഒരു നല്ല ദാതാവായിരിക്കുന്ന ഭർത്താവ്‌ അങ്ങനെയുളള തിരുവെഴുത്തുപരമായ ബുദ്ധിയുപദേശത്തെക്കുറിച്ച്‌ വിചിന്തനം ചെയ്യുകയും ഭൗതികമായി ആവശ്യമായവ കരുതുന്നതിനു പുറമേ തന്റെ കുടുംബത്തിനുവേണ്ടി ആത്മീയമായി കരുതൽ ചെയ്യുന്നതിന്‌ സമയം വിനിയോഗിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തെ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതിന്‌ നിങ്ങൾക്ക്‌ സമയവും ഊർജ്ജവും ശേഷിക്കാത്തവണ്ണം ജീവിതത്തിലെ ഭൗതികവസ്‌തുക്കൾ സമ്പാദിക്കുന്നതിന്‌ ലൗകികജോലിയിൽ വളരെയധികം സമയം ചെലവിടുന്നതുകൊണ്ട്‌ എന്തു പ്രയോജനം? ജീവിതപ്രശ്‌നങ്ങളെ വിജയകരമായി നേരിടുന്നതിനുളള ജ്ഞാനം ലഭിക്കാൻ ശരിയായ തത്വങ്ങളോടുളള ശക്തമായ ഭക്തി കുടുംബത്തിൽ കെട്ടുപണി ചെയ്യുന്നതിന്‌ സമയം ചെലവഴിക്കേണ്ടതാണ്‌. ദൈവവചനം വായിക്കുന്നതിനും ഒരുമിച്ചിരുന്ന്‌ അതിനെക്കുറിച്ച്‌ സംസാരിക്കുന്നതിനും നിങ്ങളുടെ ജീവിതത്തിൽ സ്‌ഥാനമുണ്ടാക്കിയാൽ അതു ചെയ്യാൻ കഴിയും. ഏകോപിച്ചുളള പ്രാർത്ഥനയ്‌ക്കും അതു ചെയ്യാൻ കഴിയും. കുടുംബത്തലവനെന്ന നിലയിൽ ഭർത്താവായ നിങ്ങളാണ്‌ ഇതിൽ നേതൃത്വം വഹിക്കേണ്ടത്‌. സമയത്തിന്റെയും ശ്രമത്തിന്റെയും ചെലവിനേക്കാൾ വളരെ മുൻതൂക്കമുണ്ട്‌ പ്രയോജനങ്ങൾക്ക്‌. “നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക, അവൻ തന്നെ നിന്റെ പാതകളെ നേരെയാക്കും” എന്ന ദൈവത്തിന്റെ വാഗ്‌ദത്തം പരാജയപ്പെടുകയില്ല.—സദൃശവാക്യങ്ങൾ 3:6.

16 തന്റെ ചുവടുകളെ നയിക്കാൻ സ്രഷ്ടാവിലേക്ക്‌ നോക്കുന്ന ഒരു ഭർത്താവ്‌ സഭാപ്രസംഗി 7:12-ൽ കാണപ്പെടുന്ന ബുദ്ധിയുപദേശത്തിലെ സമനിലയെ വിലമതിക്കുന്നു: “പണം ഒരു സംരക്ഷണത്തിനു വേണ്ടിയായിരിക്കുന്നതുപോലെ ജ്ഞാനം ഒരു സംരക്ഷണത്തിനു വേണ്ടിയാണ്‌; എന്നാൽ അറിവിന്റെ പ്രയോജനം അതുളളവരെ ജ്ഞാനംതന്നെ ജീവനോടെ കാത്തു സൂക്ഷിക്കുന്നുവെന്നതാണ്‌.” അങ്ങനെ ഒരു നല്ല ദാതാവെന്ന നിലയിൽ അയാൾ തന്റെ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾ സാധിച്ചുകൊടുക്കുന്നതിന്‌ കഠിനാദ്ധ്വാനം ചെയ്യുന്നു. എന്നിരുന്നാലും, അയാൾ “അനിശ്‌ചിതമായ ധനത്തിലല്ല, പിന്നെയോ ദൈവത്തിൽ” പ്രത്യാശ വെയ്‌ക്കുന്നു. അയാൾക്കും ഭാര്യയ്‌ക്കും “യഥാർത്ഥ ജീവന്റെമേൽ ഒരു ദൃഢമായ പിടി ലഭിക്കേണ്ടതിന്‌” ആത്മീയ താൽപര്യങ്ങൾക്ക്‌ മുഖ്യമായ ഊന്നൽ കൊടുക്കുന്നതിൽ അയാൾ മാതൃക വെക്കുന്നു. (1 തിമൊഥെയോസ്‌ 6:17-19) അങ്ങനെ ഭൗതികമായും ആത്മീയമായും കരുതൽ ചെയ്യുന്നതിനുളള ഭർത്താവിന്റെ ശ്രമങ്ങൾ ദൈവഭയമുളള ഒരു ഭാര്യയുടെ ആദരവു നേടും.

അവളെ ബഹുമാനിക്കുന്നതിനാൽ

17-19. ഒരു ഭാര്യയ്‌ക്ക്‌ “ബഹുമാനം” കൊടുക്കാനുളള ബൈബിളിന്റെ ബുദ്ധിയുപദേശം ലൈംഗികവേഴ്‌ചകളോടുളള ബന്ധത്തിൽ എങ്ങനെ ബാധകമാക്കാം?

17 അപ്പോസ്‌തലനായ പത്രോസ്‌ ഭർത്താക്കൻമാരോട്‌ അവരുടെ ഭാര്യമാരെക്കുറിച്ച്‌ സംസാരിക്കുകയും “സ്‌ത്രീയായവൾക്ക്‌ ദൗർബല്യമേറിയ ഒരു പാത്രത്തിനെന്നപോലെ ബഹുമാനം കൊടുക്കാൻ” അവരോടു പറയുകയും ചെയ്യുന്നു. (1 പത്രോസ്‌ 3:7) ഭാര്യയോടുകൂടെ വസിക്കുന്ന ഭർത്താവായ നിങ്ങൾ “അറിവിൻപ്രകാരം” അവൾക്ക്‌ ഈ ബഹുമാനം കൊടുക്കണമെന്ന്‌ അതേ വാക്യം ചൂണ്ടിക്കാണിക്കുന്നു.

18 ഇതു തീർച്ചയായും ലൈംഗികവേഴ്‌ചകൾക്കു ബാധകമാകുന്നു. ഭാര്യമാരിൽ ലൈംഗികമായി കാണുന്ന അനാസക്‌തിയിലധികവും സ്‌ത്രീയുടെ ശാരീരികവും വൈകാരികവുമായ ഘടനയെക്കുറിച്ച്‌ അജ്ഞരായ ഭർത്താക്കൻമാർ നിമിത്തമുളളതാണ്‌. “ഭർത്താവ്‌ തന്റെ ഭാര്യയ്‌ക്കു അവളുടെ അവകാശം കൊടുക്കട്ടെ,” എന്നാൽ അത്‌ ‘അറിവിൻപ്രകാരം, ഒരു ദൗർബല്യമേറിയ പാത്രത്തിനെന്നപോലെ അവൾക്കു ബഹുമാനം കൊടുത്തുകൊണ്ട്‌ ചെയ്യപ്പെടട്ടെ‘യെന്ന്‌ ദൈവവചനം ബുദ്ധിയുപദേശിക്കുന്നു. (1 കൊരിന്ത്യർ 7:3) നിങ്ങൾ യഥാർത്ഥമായി ‘അവൾക്ക്‌ ബഹുമാനം കൊടുക്കുന്നു‘വെങ്കിൽ അവൾ വളരെ ക്ഷീണിതയായിരിക്കുമ്പോഴോ മാസത്തിലെ പ്രയാസമുളള സമയങ്ങളിലോ, സ്വന്തം വികാരങ്ങളെ തൃപ്‌തിപ്പെടുത്തുന്നതിൽ ശാഠ്യം പിടിച്ചുകൊണ്ട്‌ നിങ്ങൾ പരുഷനോ കടുംപിടുത്തക്കാരനോ ആയിരിക്കുകയില്ല. (ലേവ്യപുസ്‌തകം 20:18 താരതമ്യപ്പെടുത്തുക.) നിങ്ങൾ വേഴ്‌ചകളിലേർപ്പെടുമ്പോൾ അവളുടെ ആവശ്യങ്ങളെ അവഗണിക്കത്തക്കവണ്ണം നിങ്ങൾ നിങ്ങളുടെ സ്വന്തം ഉല്ലാസത്തിൽ അത്ര ആസക്തനായിരിക്കുകയില്ല. ഈ ജീവിതമണ്ഡലത്തിൽ സ്‌ത്രീ സാധാരണയായി പുരുഷനേക്കാൾ സാവധാനത്തിലാണ്‌ പ്രതികരിക്കുന്നത്‌. അവൾക്ക്‌ പ്രീതിവാത്സല്യങ്ങളുടെ പ്രത്യേക ആവശ്യമുണ്ട്‌. “ഭാര്യക്ക്‌ അവളുടെ അവകാശം കൊടുക്കാൻ ” ഭർത്താവിനോടു പറയുമ്പോൾ ബൈബിൾ വാങ്ങുന്നതിനല്ല, കൊടുക്കുന്നതിനാണ്‌ ദൃഢത കൊടുക്കുന്നത്‌.

19 തീർച്ചയായും അത്തരം കൊടുക്കൽ ഒരുവന്റെ സ്വന്തം വിവാഹഇണയ്‌ക്കുവേണ്ടി സംവരണം ചെയ്യേണ്ടതാണ്‌. ഇന്ന്‌ അനേകം പുരുഷൻമാർക്ക്‌ മററു സ്‌ത്രീകളുമായി “ഇടപാടുകൾ” ഉണ്ടെന്നുളളത്‌ സത്യമാണ്‌. എന്നാൽ ഒടുവിൽ അവർ എന്താണ്‌ നേടുന്നത്‌? അവർ കേവലം തങ്ങളുടെ സ്വന്ത ഭവനത്തിലെ സന്തോഷത്തിനു തുരങ്കം വെയ്‌ക്കുകയാണു ചെയ്യുന്നത്‌. അവർ തങ്ങളുടെ ഭാര്യമാർക്ക്‌ ‘ബഹുമാനം കൊടുക്കുന്നില്ല,’ തന്നിമിത്തം തങ്ങളെ ബഹുമാനിക്കുന്നതിന്‌ ഭാര്യമാർക്ക്‌ അടിസ്ഥാനം നൽകുന്നില്ല. അതിലുപരി, അവർ ദൈവത്തിൽനിന്നുൽഭവിച്ച ഒരു ക്രമീകരണമായ വിവാഹത്തെത്തന്നെ അപമാനിക്കുകയാണ്‌. ഇതു കൈവരുത്തുന്ന ഹൃദയവേദനയുടെയെല്ലാം വീക്ഷണത്തിൽ എബ്രായർ 13:4 ഇങ്ങനെ ശക്തിമത്തായി ഉപദേശിക്കുന്നത്‌ മനസ്സിലാക്കാവുന്നതാണ്‌: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ. എന്തുകൊണ്ടെന്നാൽ പരസംഗക്കാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.”

20. എഫേസ്യർ 5:28-ൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം വേറെ ഏതു വിധങ്ങളിൽ ഭാര്യയോട്‌ ബഹുമാനം കാണിക്കണം?

20 ഒരുവന്റെ ഭാര്യയോടുളള ബഹുമാനം ലൈംഗികവേഴ്‌ചകൾകൊണ്ട്‌ അവസാനിക്കുന്നില്ല. മററു കാര്യങ്ങളിലും യഥാർത്ഥത്തിൽ ബഹുമാനിക്കപ്പെടുന്ന ഭർത്താവ്‌ തന്റെ ഭാര്യയോട്‌ തനിക്ക്‌ അതിയായ ആദരവുണ്ടെന്ന്‌ പ്രകടമാക്കുന്നു. അയാൾ അവളെ ഒരു മഹോന്നതസ്ഥാനത്തു പ്രതിഷ്‌ഠിക്കുകയും അവളുടെ അടിമയായിത്തീരുകയും ചെയ്യുന്നുവെന്നതിനർത്ഥമില്ല. പകരം, അതു നാം നേരത്തെ എഫേസ്യർ 5:28-ൽ വായിച്ചപ്രകാരമാണ്‌: “ഭർത്താക്കൻമാർ സ്വന്തം ശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കേണ്ടതാണ്‌. തന്റെ ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നേത്തന്നെ സ്‌നേഹിക്കുന്നു.” ഇതു ചെയ്യുന്ന പുരുഷൻ തീർച്ചയായും ഭാര്യ ഒരു താഴ്‌ന്ന വ്യക്തിയാണെന്നുളളതുപോലെ അവളോടു പെരുമാറുകയില്ല. ഭക്ഷണസമയങ്ങളിൽ ഏററവും നല്ല അംശങ്ങൾക്കെല്ലാം തന്റെ ശരീരത്തിനാണർഹതയുളളതെന്നും അവളുടെ ശരീരത്തിന്‌ ശേഷിപ്പ്‌ മാത്രം കിട്ടിയാൽ മതിയെന്നും തീർച്ചയായും അയാൾ വിചാരിക്കുകയില്ല—അയാൾ ‘തന്റെ സ്വന്തം ശരീരത്തെപ്പോലെ’ അവളെ സ്‌നേഹിക്കുന്നുവെങ്കിൽ അങ്ങനെ വിചാരിക്കുകയില്ല. സ്വന്തം ചമയത്തെക്കുറിച്ച്‌ സ്വാർത്ഥചിന്തയുണ്ടായിരിക്കാതെ അയാൾ ഭാര്യയുടെ ചമയത്തിലും അത്രത്തോളമോ അധികമോ ശ്രദ്ധാലുവായിരിക്കുകയും അവളുടെ വേഷം സംബന്ധിച്ച്‌ സംതൃപ്‌തയായിരിക്കാൻ അവളെ സഹായിക്കുന്നതിന്‌ തന്നാലാവതു ചെയ്യുകയും ചെയ്യും. ഒരു പുരുഷൻ താൻ ഇഷ്ടപ്പെടുന്നതുപോലെ ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ തന്നെതന്നെ പ്രഹരിക്കുന്നില്ല. തന്റെ ഭാര്യ തന്റെ പ്രതീക്ഷകളിൽ ചിലപ്പോൾ കുറവുളളതായിത്തീരുന്നതുകൊണ്ടുമാത്രം ഒരു ക്രിസ്‌തീയ ഭർത്താവ്‌ അവളോടും അങ്ങനെ ചെയ്യുകയില്ല. തികച്ചും വിരുദ്ധമായി, ആരെങ്കിലും അവളോടു പരുഷമായി പെരുമാറിയാൽ അയാൾ വിശ്വസ്‌തതയോടെ അവളുടെ സഹായത്തിനെത്തും. അയാൾ സ്വന്തം ശരീരത്തെപ്പോലെ അവളെ സ്‌നേഹിക്കുന്നു.

21, 22. ഒരു ഭാര്യയുടെ ധർമ്മം നിറവേററുന്നതിൽ ഒരു ഭർത്താവിന്‌ അവളെ എങ്ങനെ സഹായിക്കാൻ കഴിയും?

21 നിങ്ങളുടെ ആവശ്യങ്ങൾ സമാനമായിരിക്കുന്ന മണ്ഡലങ്ങളെ വിലമതിക്കുമ്പോൾതന്നെ, നിങ്ങൾ നിങ്ങളുടെ ഭാര്യയ്‌ക്ക്‌ ‘ബഹുമാനം കൊടുക്കണ’മെങ്കിൽ നിങ്ങളിരുവരും തമ്മിലുളള മനഃശാസ്‌ത്രപരമായ വ്യത്യാസങ്ങളും മനസ്സിലാക്കേണ്ട ആവശ്യമുണ്ട്‌. അടിസ്ഥാനപരമായി, സ്‌ത്രീകൾ ഒരു അധികാരവിതാനത്തിൻ കീഴിൽ പ്രവർത്തിക്കാനിഷ്ടപ്പെടുന്നു, അത്‌ ഉചിതമായി പ്രയോഗിക്കപ്പെടണമെന്നുമാത്രം. ഈ വിധത്തിലാണ്‌ യഹോവയാം ദൈവം അവരെ സൃഷ്ടിച്ചത്‌. സ്‌ത്രീ ‘മമനുഷ്യന്റെ ഒരു പൂരകമെന്ന നിലയിൽ അവന്‌ ഒരു സഹായി’യായിട്ടാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. (ഉല്‌പത്തി 2:18) എന്നാൽ മേൽനോട്ടം വളരെ കർശനമാണെങ്കിൽ, മുൻകൈ എടുത്ത്‌ അവളുടെ സ്വന്തപ്രാപ്‌തികൾ വിനിയോഗിക്കാനവസരമില്ലെങ്കിൽ, തന്റെ ജീവിതാസ്വാദനം ഞെരുക്കപ്പെടുകയാണെന്ന്‌ സ്‌ത്രീ വിചാരിച്ചു തുടങ്ങിയേക്കാം. നീരസവും വളർന്നുവന്നേക്കാം.

22 ശ്രദ്ധയാവശ്യമുളള മർമ്മപ്രധാനമായ മറെറാരു ഘടകം, തന്നെക്കൊണ്ട്‌ ആവശ്യമുണ്ടെന്നു തോന്നാനുളള സ്‌ത്രീയുടെ സ്വാഭാവികാഭിലാഷമാണ്‌. സഹായം ചെയ്യുന്ന ഒരു ഭർത്താവ്‌ മിക്ക ഭാര്യമാരാലും വിലമതിക്കപ്പെടുന്നു. എന്നാൽ തന്റെ ഭാര്യയെ വെറുതെ തളളിമാററി കാര്യങ്ങൾ ഏറെറടുക്കുന്ന ഒരുവൻ നൻമയേക്കാൾ ദ്രോഹമാണ്‌ ചെയ്‌തിരിക്കുന്നതെന്നു കണ്ടെത്തിയേക്കാം. നിങ്ങൾ ദയയും വിലമതിപ്പുമുളളവനായി, അവളെക്കൊണ്ടാവശ്യമുണ്ടെന്നും നിങ്ങൾ അവളെ ബഹുമാനിക്കുന്നുണ്ടെന്നും നിങ്ങൾ ഒരു ററീമായിട്ടാണ്‌ പ്രവർത്തിക്കുന്നതെന്നും “ഞാനും” “നീയു”മോ “എന്റേതും” “നിന്റേതു”മോ അല്ല “നമ്മളും” “നമ്മുടേതു”മാണെന്നും അവളെ അറിയിക്കുകയാണെങ്കിൽ നിങ്ങൾ അവളുടെ ഭക്തി നേടാൻ വളരെയധികം ചെയ്യുകയാണ്‌. നിങ്ങൾ ഭാര്യയെ എത്രയധികം വിലമതിക്കുന്നുണ്ടെന്നും അവൾ എത്രയധികം ആവശ്യമുളളവളാണെന്നും അവളെ നിങ്ങൾ യഥാർത്ഥത്തിൽ അറിയിക്കുന്നുണ്ടോ? അവൾക്ക്‌ ഒരു ശമ്പളം കൊടുക്കുന്നതിനാലല്ല ഇതു ചെയ്യേണ്ടത്‌; മററുവിധങ്ങളിൽ നിങ്ങൾ അതു പ്രകടമാക്കേണ്ടതാണ്‌.

അവളുടെ സ്‌ത്രീത്വ ഗുണങ്ങളെ വിലമതിക്കുക

23. പൊതുവെ പറഞ്ഞാൽ, വികാരങ്ങൾ സംബന്ധിച്ച്‌ സ്‌ത്രീകളും പുരുഷൻമാരും എങ്ങനെ വ്യത്യസ്‌തരായിരിക്കുന്നു?

23 ഒരു മനഃശാസ്‌ത്രവിദഗ്‌ദ്ധ ഇങ്ങനെ എഴുതുകയുണ്ടായി: “അടിസ്ഥാനപരമായി, പുരുഷൻമാർ ചിന്തിക്കുമ്പോൾ സ്‌ത്രീകൾ വിചാരിക്കുന്നു.” ഈ സ്വഭാവവിശേഷത്തിൽ ഒന്ന്‌ അതിൽത്തന്നെ മറേറതിനേക്കാൾ മെച്ചമല്ല; അവ കേവലം വ്യത്യസ്‌തമാണെന്നേയുളളു. വിചാരമില്ലാത്തയാളുകളെ നാം കൂട്ടാക്കുന്നില്ല; ചിന്താശൂന്യരായവരേയും ഇഷ്ടപ്പെടുന്നില്ല. പ്രസ്‌പഷ്ടമായി, സ്‌ത്രീകൾക്ക്‌ വിചാരിക്കുന്നതിനും ചിന്തിക്കുന്നതിനുമുളള പ്രാപ്‌തിയുണ്ട്‌, പുരുഷൻമാരെ സംബന്ധിച്ചും അതു സത്യമാണ്‌. എന്നാൽ, പൊതുവേ പറഞ്ഞാൽ സ്‌ത്രീയുടെ വികാരങ്ങൾ എളുപ്പം മുൻപന്തിയിലേക്കു വരുന്നു; അതേസമയം പുരുഷൻ കാര്യങ്ങളോടുളള യുക്തിപൂർവ്വമായ സമീപനമെന്ന്‌ താൻ പരിഗണിക്കുന്നതിനനുകൂലമായി വികാരത്തെ കീഴ്‌പ്പെടുത്തുന്നതിനു ശ്രമിക്കാൻ സാധാരണയായി അധികം ചായ്‌വുളളവനാണ്‌. തീർച്ചയായും വ്യത്യസ്‌തതകൾ കാണപ്പെടുന്നുണ്ടെങ്കിലും, ഭർത്താവും ഭാര്യയും അന്യോന്യം പൂരകമാക്കിത്തീർക്കുന്ന മറെറാരു വ്യത്യാസമാണിത്‌. അടിസ്ഥാനപരമായി, വികാരമേറിയ അവളുടെ ഘടനയോടുകൂടെ ആളുകളിലുളള അവളുടെ ശക്തമായ താല്‌പര്യം മിക്കപ്പോഴും പുരുഷനേക്കാൾ കൂടുതൽ അവൾ സംസാരിക്കാനിടയാക്കുന്നു. തിരിച്ച്‌ സംസാരിക്കുന്നതിന്‌ അവൾക്ക്‌ ഒരാൾ ആവശ്യമാണ്‌. ഇവിടെയാണ്‌ പല ഭർത്താക്കൻമാരും കുറവുളളവരായിത്തീരുന്നത്‌.

24. ഒരു ഭർത്താവ്‌ ഭാര്യയെ ശ്രദ്ധിക്കുന്നതും അവളുമായി സംസാരിക്കുന്നതും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

24 നിങ്ങൾ ഭാര്യയോടു സംസാരിക്കുന്നുണ്ടോ? നിങ്ങളുടെ ജോലിയെക്കുറിച്ചു മാത്രമല്ല, അവളുടേതിനേക്കുറിച്ചും? നിങ്ങൾ അതിൽ തൽപരനാണോ, നിങ്ങൾ തൽപ്പരനാണെന്നു അവൾക്ക്‌ പ്രകടമാക്കുന്നുണ്ടോ? അവളുടെ ആ ദിവസം അവൾക്ക്‌ എങ്ങനെയിരുന്നു? മക്കൾക്ക്‌ എന്തു സംഭവിച്ചു? വീട്ടിലേക്കു വന്ന്‌ ‘ഇന്ന്‌ എന്താണ്‌ അത്താഴത്തിനുളളത്‌?’ എന്നു ചോദിക്കരുത്‌. ഭക്ഷിച്ചശേഷം ഒരു പത്രത്തിൽ തലയും മറച്ചിരിക്കരുത്‌. സംസാരിക്കാനുളള അവളുടെ ശ്രമങ്ങളോടുളള പ്രതികരണമായി മുറുമുറുക്കുകയും ചെയ്യരുത്‌. നിങ്ങളുടെ ഭാര്യയിൽ, അവളുടെ ചിന്തകളിൽ, അവളുടെ പ്രവർത്തനങ്ങളിൽ, കാര്യങ്ങൾ സംബന്ധിച്ച അവളുടെ വികാരങ്ങളിൽ, തൽപ്പരനായിരിക്കുക. അവളുടെ പദ്ധതികളിൽ അവളെ പ്രോത്സാഹിപ്പിക്കുക, അവളുടെ നേട്ടങ്ങളിൽ അവളെ അഭിനന്ദിക്കുക. അവൾ ചെയ്യുന്നതിൽ അവളെ ശ്‌ളാഘിക്കുകയാണെങ്കിൽ, അവൾ അവഗണിച്ചിരുന്ന മററു ജോലികൾ അവൾ ചെയ്‌തു തുടങ്ങിയേക്കാം. വിമർശനം വഞ്ചകമായ ഒരു വിഷവും വിഷാദഹേതുവുമായിരിക്കാൻ കഴിയും. എന്നാൽ അർഹിക്കുമ്പോൾ കൊടുക്കപ്പെടുന്ന പ്രശംസ ഒരു ഔഷധവും ഊർജ്ജസ്വലത കുതിച്ചുയരാൻ ഇടയാക്കുന്ന ഒരു പ്രചോദനവും ആയിരിക്കാൻ കഴിയും!—സദൃശവാക്യങ്ങൾ 12:18; 16:24.

25, 26. (എ) ഒരു സമ്മാനം ഒരു ഭാര്യയ്‌ക്ക്‌ എന്തു സന്ദേശം എത്തിച്ചു കൊടുക്കുന്നു? (ബി) അവൾക്ക്‌ ഏതുതരം കൊടുക്കൽ അതിപ്രധാനമാണ്‌?

25 നിങ്ങൾ അവൾക്കുവേണ്ടി ചിലപ്പോഴൊക്കെ ഒരു സമ്മാനം കൊണ്ടുവരുന്നുവോ? അവശ്യം വിലകൂടിയ ഒന്നായിരിക്കണമെന്നില്ല—ഒരുപക്ഷേ, എനിക്ക്‌ ‘നിന്നെക്കുറിച്ച്‌ ചിന്തയുണ്ടായിരുന്നു’ എന്നറിയിക്കുന്ന ചെറിയ ഒരു സാധനം മതി. നിങ്ങൾ ഇതു ചെയ്യുന്നത്‌ അവശ്യം ഒരു പ്രത്യേക അവസരത്തിനു വേണ്ടിയായിരിക്കാതെ സ്വാത്മപ്രചോദിതമായ നിങ്ങളുടെ ആഗ്രഹം നിമിത്തം മാത്രമാണോ? ഹൃദ്യമായ ആശ്ചര്യങ്ങൾ എല്ലായ്‌പ്പോഴും ഉല്ലാസകരമാണ്‌. നിങ്ങൾക്കിഷ്ടമുളള എന്തെങ്കിലും പ്രത്യേക ആഹാരം തയ്യാറാക്കിക്കൊണ്ട്‌ അവൾ നിങ്ങളെ ആശ്ചര്യപ്പെടുത്തുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നില്ലേ? ആശ്ചര്യത്തിനു പകരം ആശ്ചര്യം കൊടുക്കുക. അവളെ പ്രസാദിപ്പിക്കുക. സ്‌നേഹത്താൽ പ്രേരിതമായ ചെറിയ ഉപസ്‌മരണകൾ പതിവിൻപടി—വിദ്വേഷപൂർവ്വം പോലും—കൊടുക്കപ്പെടുന്ന ചെലവേറിയ സമ്മാനങ്ങളെക്കാൾ അർത്ഥവത്താണ്‌. “സന്തോഷപൂർവ്വം കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) ഭാര്യമാരും അങ്ങനെ ചെയ്യുന്നു. ഭക്ഷണം വിശേഷാൽ ഉളളതല്ലെങ്കിൽപോലും, “സ്‌നേഹമുളളടത്തു ഒരു സസ്യഭോജനം പുൽത്തൊട്ടിയിൽ പോഷിപ്പിച്ച കാളയെയും അതോടുകൂടെ വിദ്വേഷത്തെയുംകാൾ മെച്ചമാണ്‌.”—സദൃശവാക്യങ്ങൾ 15:17.

26 ഏററവും പ്രധാനപ്പെട്ട കൊടുക്കൽ നിങ്ങളെത്തന്നെ—നിങ്ങളുടെ സമയവും ഊർജ്ജവും ശ്രദ്ധയും, വിശേഷാൽ നിങ്ങളുടെ ഹൃദയത്തിലെ അതിപ്രിയങ്കരങ്ങളായ ചിന്തകളും—കൊടുക്കുന്നതാണ്‌. ഇതു പ്രയാസമാണെന്ന്‌ അനേകം പുരുഷൻമാർ കണ്ടെത്തുന്നു. സ്‌നേഹപ്രകടനങ്ങൾ മൗഢ്യമായ വികാരപ്രകടനവും, ഏതുവിധേനയും പുരുഷത്വമില്ലായ്‌മയും പോലെ അവർക്ക്‌ തോന്നിയേക്കാം. എന്നാൽ നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്‌നേഹിക്കുന്നുവെങ്കിൽ ഒരു നോട്ടവും ഒരു സ്‌പർശനവും ഒരു വാക്കും ഒരു സ്‌ത്രീക്ക്‌ എത്ര അർത്ഥവത്തായിരിക്കാമെന്ന്‌ നിങ്ങൾ മനസ്സിൽ പിടിക്കും. എന്നാൽ ഇവയുടെ അഭാവത്തിന്‌ അവളെ മുൻകോപിയും ക്ഷീണിതയും അസന്തുഷ്ടയുമാക്കാൻ കഴിയും. അതുകൊണ്ട്‌ ബൈബിളിലെ ശലോമോന്റെ ഗീതത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൃഷ്ടാന്തം പിന്തുടരുക. മററുളളവരോടു പരിഗണനയും പ്രിയവും പ്രകടമാക്കുന്നത്‌ അങ്ങനെ ചെയ്യുന്നയാൾക്ക്‌ ഗുണകരമാണ്‌. ആളുകൾ സ്‌നേഹമുളള ആളുകളോട്‌ അപ്രതിരോധ്യമായി ആകർഷിക്കപ്പെടുന്നു. സ്‌നേഹമുളളയാൾ എന്നാലെന്താണ്‌? തന്റെ വികാരങ്ങളും ഉത്സാഹവും തനിക്ക്‌ കരുതലുളളവരോടു വെളിപ്പെടുത്തുന്നയാൾ. അങ്ങനെയുളള സ്‌നേഹം പകരുന്നതാണ്‌; അതു ദാതാവിനു തിരികെ കിട്ടും.—ശലോമോന്റെ ഗീതം 1:2, 15; ലൂക്കോസ്‌ 6:38.

27, 28. (എ) ഒരു ഭർത്താവ്‌ ഉചിതമായ വിധത്തിൽ ശിരഃസ്ഥാനം പ്രയോഗിക്കുന്നുണ്ടോയെന്നു നിർണ്ണയിക്കാൻ തന്നോടുതന്നെ എന്തു ചോദിക്കേണ്ടതാണ്‌? (ബി) ഈ കാര്യത്തിൽ തൽപ്പരനായിരിക്കുന്നതു നന്നായിരിക്കുന്നതെന്തുകൊണ്ട്‌?

27 ഭർത്താവേ, നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ ശിരഃസ്ഥാനത്തെ ബഹുമാനിക്കുന്നത്‌ എന്റെ ഭാര്യയ്‌ക്ക്‌ എളുപ്പമാണോ? അവളെ ഞാൻ എന്നേപ്പോലെതന്നെ സ്‌നേഹിക്കുന്നുണ്ടോ? അതോ ഞാൻ മുഖ്യമായി എന്റെ സ്വന്തം സംതൃപ്‌തിയിലും ആഗ്രഹങ്ങളിലും മാത്രം തൽപ്പരനാണോ? ഞാൻ അവളുടെ ആവശ്യങ്ങളെ എത്രത്തോളം പരിഗണിക്കുന്നു? ഞാൻ കുടുംബതീരുമാനങ്ങൾ ചെയ്യുന്നതിനുമുമ്പ്‌ അവളുടെ വീക്ഷണങ്ങളെ ശ്രദ്ധിക്കുകയും ആഗ്രഹങ്ങളെ പരിഗണിക്കുകയും ചെയ്യുന്നുണ്ടോ? ഞാൻ അവളുടെ ക്ഷേമത്തിന്റെ വീക്ഷണത്തിലാണോ തീരുമാനങ്ങൾ ചെയ്യുന്നത്‌? അധികം ദുർബ്ബലമായ ഒരു പാത്രത്തിനെന്നപോലെ, സ്‌ത്രീയായ അവൾക്ക്‌ ഞാൻ ബഹുമാനം കൊടുക്കുന്നുണ്ടോ? ഞാൻ അവളോടു ആശയവിനിയമം ചെയ്യുന്നുണ്ടോ? എന്റെ ഹൃദയം അവളുടെ മുമ്പാകെ തുറക്കുന്നുണ്ടോ?

28 നിങ്ങൾ പൂർണ്ണമായി യോഗ്യനാകാൻ പ്രാപ്‌തനായിരിക്കുകയില്ല. എന്നാൽ നിങ്ങൾ സ്ഥിരവും വിനീതവുമായ ശ്രമം ചെയ്യുന്നുവെങ്കിൽ നിങ്ങളെ ഭാര്യയുടെ ആഴമായ ബഹുമാനവും ദൈവത്തിന്റെ അംഗീകാരവും നേടുന്ന ഒരു ഭർത്താവാക്കിത്തീർക്കാൻ അതു വളരെയേറെ സഹായകമായിരിക്കുമെന്ന്‌ നിങ്ങൾക്കുറപ്പുണ്ടായിരിക്കാൻ കഴിയും.

[അധ്യയന ചോദ്യങ്ങൾ]

[49-ാം പേജിലെ ചിത്രം]

ചെറിയ കാര്യങ്ങൾ വളരെ അർത്ഥവത്ത്‌