വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടുക

ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടുക

അധ്യായം 11

ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടുക

1, 2. ആശയവിനിമയമെന്നാലെന്ത്‌, അതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

 ആശയവിനിയമം വെറും സംസാരത്തേക്കാൾ കവിഞ്ഞതാണ്‌. അപ്പോസ്‌തലനായ പൗലോസ്‌ പ്രസ്‌താവിക്കുന്ന പ്രകാരം: നിങ്ങളുടെ വാക്കുകൾ കേൾവിക്കാരനു മനസ്സിലാകുന്നില്ലെങ്കിൽ, “നിങ്ങൾ യഥാർത്ഥത്തിൽ വായുവിലേക്കു സംസാരിക്കുകയായിരിക്കും.” (1 കൊരിന്ത്യർ 14:9) നിങ്ങൾ പറയുന്നത്‌ നിങ്ങളുടെ കുട്ടികൾക്ക്‌ മനസ്സിലാകുന്നുണ്ടോ, അവർ നിങ്ങളോടു പറയാൻ ശ്രമിക്കുന്നത്‌ നിങ്ങൾക്ക്‌ യഥാർത്ഥത്തിൽ മനസ്സിലാകുന്നുണ്ടോ?

2 യഥാർത്ഥ ആശയവിനിമയത്തിന്‌, ഒരു മനസ്സിൽ നിന്ന്‌ മറെറാന്നിലേക്ക്‌ ചിന്തകളുടെയും ആശയങ്ങളുടെയും അനുഭൂതികളുടെയും ഒരു പകർച്ച ഉണ്ടായിരിക്കണം. സ്‌നേഹത്തെ സന്തുഷ്ട കുടുംബജീവിതത്തിന്റെ ഹൃദയം എന്നു വിളിക്കാമെങ്കിൽ ആശയവിനിമയത്തെ അതിലെ ജീവരക്തം എന്നു വിളിക്കാവുന്നതാണ്‌. വിവാഹഇണകൾ തമ്മിലുളള ആശയവിനിമയത്തകർച്ച കുഴപ്പം വരുത്തിക്കൂട്ടുന്നു; അത്‌ മാതാപിതാക്കൻമാരും കുട്ടികളും തമ്മിലാകുമ്പോൾ, അധികമായിട്ടല്ലെങ്കിൽ, തുല്യമായി ഗൗരവാവഹമാണ്‌.

ഒരു ദീർഘവ്യാപ്‌തിയിലുളള വീക്ഷണം കൈക്കൊളളൽ

3. ഒരു കുട്ടിയുടെ ജീവിതത്തിന്റെ ഏതു കാലഘട്ടത്തിൽ മാതാപിതാക്കൻമാർ കുടുംബ ആശയവിനിമയത്തിൽ പ്രശ്‌നങ്ങൾ പ്രതീക്ഷിക്കേണ്ടതാണ്‌?

3 മാതാപിതാക്കൻമാരും മക്കളും തമ്മിലുളള ആശയവിനിമയ ബന്ധങ്ങൾക്ക്‌ ഏററവും വലിയ ഉലച്ചിൽതട്ടുന്നതു ഒരു കുട്ടിയുടെ പ്രാരംഭജീവിതവർഷങ്ങളിലല്ല, പിന്നെയോ യൗവനത്തിലാണ്‌—പതിമൂന്നുമുതൽ പത്തൊൻപതുവരെയുളള വയസ്സിലാണ്‌. വാസ്‌തവം ഇതായിരിക്കുമെന്ന്‌ മാതാപിതാക്കൻമാർ തിരിച്ചറിയണം. കുട്ടിയുടെ പ്രാരംഭവർഷങ്ങൾ ആപേക്ഷികമായി കുഴപ്പങ്ങളിൽ നിന്നു വിമുക്തമായിരുന്നതുകൊണ്ട്‌ ആ പിൽക്കാലവർഷങ്ങളും അങ്ങനെ ആയിരിക്കുമെന്ന്‌ അവർ പ്രതീക്ഷിക്കുന്നതവാസ്‌തവികമാണ്‌. പ്രശ്‌നങ്ങൾ തീർച്ചയായും ഉണ്ടാകും. അവയെ പരിഹരിക്കുന്നതിൽ അല്ലെങ്കിൽ കുറയ്‌ക്കുന്നതിൽ വ്യക്തവും ഫലകരവുമായ ആശയവിനിയമം ഒരു പ്രമുഖഘടകമായിരിക്കാൻ കഴിയും. ഇതു തിരിച്ചറിഞ്ഞുകൊണ്ട്‌ മാതാപിതാക്കൻമാർ മുമ്പോട്ടുനോക്കുകയും മുന്നമേ ചിന്തിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്‌. എന്തുകൊണ്ടെന്നാൽ “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ പിന്നീട്‌ അതിന്റെ അന്ത്യം മെച്ചമാകുന്നു.”—സഭാപ്രസംഗി 7:8.

4. സകല കുടുംബ ആശയവിനിമയവും സംഭാഷണരൂപത്തിലായിരിക്കണമോ? വിശദീകരിക്കുക.

4 കുടുംബപരമായ ആശയവിനിമയബന്ധങ്ങൾ സ്ഥാപിക്കുന്നതിലും പുഷ്ടിപ്പെടുത്തുന്നതിലും പ്രവർത്തനനിരതമായി നിലനിർത്തുന്നതിലും അനേകം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. പലവർഷങ്ങൾകൊണ്ട്‌ ഒരു പുരുഷനും സ്‌ത്രീക്കും വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും പരസ്‌പരധാരണയുടെയും അഗാധത വളർത്തിയെടുക്കാൻ കഴിയും. അത്‌ വാക്കുകൾ കൂടാതെ തന്നെ ആശയവിനിയമം സാധ്യമാക്കിത്തീർക്കുന്നു—വെറുമൊരു നോട്ടത്തിനോ ഒരു പുഞ്ചിരിക്കോ ഒരു സ്‌പർശനത്തിനോ അവർക്കുവേണ്ടി ഒട്ടേറെ സംസാരിക്കാൻ കഴിയും. അവർ തങ്ങളുടെ കുട്ടികളുമായുളള ആശയവിനിമയത്തിന്‌ ശക്തമായ അതേ അടിസ്ഥാനം കെട്ടുപണിചെയ്യാൻ ലക്ഷ്യം വയ്‌ക്കേണ്ടതാണ്‌. ഒരു ശിശുവിന്‌ സംസാരം മനസ്സിലാകുന്നതിനു മുൻപ്‌ മാതാപിതാക്കൻമാർ അതിനെ സുരക്ഷിതത്വത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭൂതികൾ ധരിപ്പിക്കുന്നു. കുട്ടികൾ വളർന്നുകൊണ്ടിരിക്കുമ്പോൾ കുടുംബം ഒരുമിച്ചു ജോലി ചെയ്യുകയും കളിക്കുകയും അതിൽപരമായി ആരാധിക്കുകയും ചെയ്യുന്നുവെങ്കിൽ, അപ്പോൾ ശക്തമായ ആശയവിനിമയബന്ധങ്ങൾ സ്ഥാപിക്കപ്പെടുന്നു. എന്നിരുന്നാലും ആ ബന്ധങ്ങൾ തുടർന്ന്‌ പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതിന്‌ യഥാർത്ഥശ്രമവും ജ്ഞാനവും ആവശ്യമാണ്‌.

ആശയപ്രകടനം നടത്താൻ നിങ്ങളുടെ കുട്ടയെ പ്രോൽസാഹിപ്പിക്കൽ

5-7. (എ) ഒരു കുട്ടിയുടെ സംഭാഷണം നിർത്തുന്നതു സംബന്ധിച്ച്‌ മാതാപിതാക്കൻമാർ ശ്രദ്ധയുളളവരായിരിക്കുന്നതു നല്ലതായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) മാതാപിതാക്കൻമാർക്ക്‌ വിനയത്തെയും മര്യാദയേയും കുറിച്ച്‌ കുട്ടികളെ എങ്ങനെ പഠിപ്പിക്കാൻ കഴിയും?

5 “കുട്ടികളെ കാണണം, കേൾക്കേണ്ട” എന്നാണ്‌ പഴമൊഴി. ചിലപ്പോൾ സത്യം തന്നെ. ദൈവവചനം പറയുന്നതുപോലെ “മൗനമായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവും” ഉണ്ടെന്ന്‌ കുട്ടികൾ മനസ്സിലാക്കേണ്ട ആവശ്യം ഉണ്ട്‌. (സഭാപ്രസംഗി 3:7) എന്നാൽ കുട്ടികൾ ശ്രദ്ധയ്‌ക്കുവേണ്ടി വാഞ്‌ഛിക്കുന്നു. മാതാപിതാക്കൻമാർ അനാവശ്യമായി സ്വതന്ത്രമായ ആശയപ്രകടനത്തെ അടിച്ചമർത്തുന്നതിനെതിരെ ജാഗ്രത പുലർത്തണം. അനുഭവങ്ങളോടുളള ഒരു കൊച്ചുകുട്ടിയുടെ പ്രതിവർത്തനം ഒരു മുതിർന്നയാളിന്റേതുതന്നെയായിരിക്കാൻ പ്രതീക്ഷിക്കരുത്‌. മുതിർന്നയാൾ ഒരു ഒററപ്പെട്ട സംഭവത്തെ ജീവിതത്തിന്റെ വിശാല ദൃശ്യത്തിന്റെ വെറുമൊരു ഭാഗമായി കാണുന്നു. ഒരു കുട്ടി വളരെ ഉദ്വേഗഭരിതനായി സത്വരതാൽപര്യമുളള ഏതെങ്കിലും കാര്യത്തിൽ മുഴുവനായി ലയിച്ചുപോകുന്നതിനാൽ അവൻ മറെറല്ലാംതന്നെ മറന്നുപോകുന്നു. ഒരു കൊച്ചുകുട്ടി മുറിയിലേക്കു പാഞ്ഞുകയറി അപ്പനോടൊ അമ്മയോടൊ ഏതെങ്കിലും സംഭവം ആവേശപൂർവ്വം വിവരിച്ചു തുടങ്ങിയേക്കാം. മാതാവോ പിതാവോ അസഹ്യപ്പെട്ടുകൊണ്ട്‌ “മിണ്ടാതിരിക്കൂ” എന്നു പറഞ്ഞ്‌ അവനെ തടയുന്നുവെങ്കിൽ, അല്ലെങ്കിൽ മറെറന്തെങ്കിലും കുപിതമായ പ്രസ്‌താവന ചെയ്യുന്നുവെങ്കിൽ കുട്ടിയുടെ ഉത്സാഹം തകർക്കപ്പെട്ടേക്കാം. കുട്ടിയുടെ ജൽപനം വളരെയധികം ആശയസമ്പുഷ്ടമായി തോന്നാതിരുന്നേക്കാം. എന്നാൽ, നിങ്ങളുടെ മക്കളിൽനിന്നുളള സ്വാഭാവിക ആശയപ്രകടനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, പിന്നീടുളള ജീവിതത്തിൽ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതും അറിയേണ്ട ആവശ്യമുളളതുമായ കാര്യങ്ങൾ അവർ തങ്ങളിൽതന്നെ ഒതുക്കി വയ്‌ക്കുന്നതിൽനിന്ന്‌ അവരെ തടഞ്ഞേക്കാം.

6 വിനയവും മര്യാദയും നല്ല ആശയവിനിമയത്തിനു സംഭാവന ചെയ്യുന്നു. കുട്ടികൾ വിനയമുളളവരായിരിക്കാൻ പഠിക്കണം. മാതാപിതാക്കൻമാർ മക്കളുമായുളള അവരുടെ സ്വന്തം ആശയവിനിമയത്തിലും മററുവിധങ്ങളിലും അവർക്കുവേണ്ടി മാതൃക വയ്‌ക്കണം. ശാസന ആവശ്യമാണ്‌, ആവശ്യമായി വരുമ്പോൾ കഠിനമായിപോലും ശാസനകൊടുക്കുകയും വേണം. (സദൃശവാക്യങ്ങൾ 3:11, 12; 15:31, 32; തീത്തോസ്‌ 1:13) എന്നിരുന്നാലും, കുട്ടികളെ പതിവായി തടയുകയും തുടർച്ചയായി തിരുത്തുകയും, അല്ലെങ്കിൽ അതിലും മോശമായി അവർ സംസാരിക്കുമ്പോൾ മാതാപിതാക്കൻമാരിലാരെങ്കിലും അവരെ അവമതിക്കുകയും പരിഹസിക്കുകയുംപോലും ചെയ്യുന്നുവെങ്കിൽ അവർ ഒഴിഞ്ഞു മാറുന്നവരായിത്തീരാൻ ഇടയുണ്ട്‌—അല്ലെങ്കിൽ അവർ സംസാരിക്കാനാഗ്രഹിക്കുമ്പോൾ മററാരുടെയെങ്കിലും അടുക്കലേക്ക്‌ പോകും. മകനോ മകൾക്കോ പ്രായം കൂടിവരുമ്പോൾ അധികമായി ഇങ്ങനെ തന്നെയാണ്‌. എന്തുകൊണ്ട്‌ ഇതു ചെയ്‌തുകൂടാ—ഈ ദിവസത്തിന്റെ അന്ത്യത്തിൽ നിങ്ങളുടെ പുത്രനോടൊ പുത്രിയോടൊ ഉളള നിങ്ങളുടെ സംഭാഷണങ്ങളെ ഇരുന്ന്‌ പുനരവലോകനം ചെയ്യുകയും അനന്തരം നിങ്ങളോടുതന്നെ: ഞാൻ എത്ര പ്രാവശ്യം വിലമതിപ്പോ പ്രോത്സാഹനമോ അഭിനന്ദനമോ പ്രശംസയോ പ്രകടമാക്കിയ കാര്യങ്ങൾ പറഞ്ഞുവെന്നു ചോദിക്കുകയും ചെയ്യുക. നേരെമറിച്ച്‌, ഇതിനു വിപരീതം സൂചിപ്പിച്ച കാര്യങ്ങൾ ‘അവനെയോ അവളെയോ അടിച്ചമർത്താനിടയാക്കിയ’ കാര്യങ്ങൾ, അസംതൃപ്‌തിയോ ദ്വേഷമോ കോപമോ സൂചിപ്പിച്ച കാര്യങ്ങൾ, ഞാൻ എത്ര പ്രാവശ്യം പറഞ്ഞു? നിങ്ങളുടെ പുനരവലോകനം വെളിപ്പെടുത്തുന്ന വസ്‌തുതയിൽ നിങ്ങളതിശയിച്ചു പോയേക്കാം.—സദൃശവാക്യങ്ങൾ 12:18.

7 മാതാപിതാക്കൻമാരുടെ ക്ഷമയും ആത്മനിയന്ത്രണവും കൂടെക്കൂടെ ആവശ്യമാണ്‌. യുവാക്കൾ എടുത്തുചാടാൻ പ്രവണതയുളളവരാണ്‌. അവർ ഒരുപക്ഷേ, മുതിർന്നവരുടെ ഒരു സംഭാഷണത്തെ വിഘ്‌നപ്പെടുത്തിക്കൊണ്ട്‌ തങ്ങളുടെ മനസ്സിലുളളത്‌ തുറന്നടിച്ച്‌ പറഞ്ഞേക്കാം. ഒരു പിതാവോ മാതാവോ ഒരു കുട്ടിയെ പരുഷമായി ശാസിച്ചേക്കാം. എന്നാൽ ചിലപ്പോൾ വിനയപൂർവ്വം ശ്രദ്ധിക്കുന്നതും അങ്ങനെ ആത്മനിയന്ത്രണത്തിന്റെ മാതൃക വെച്ചുകൊണ്ട്‌, പിന്നീട്‌ ചുരുക്കമായി ഉത്തരം പറഞ്ഞശേഷം മര്യാദയും പരിഗണനയുമുളളവനായിരിക്കേണ്ടതിന്റെ ആവശ്യം കുട്ടിയെ അനുസ്‌മരിപ്പിക്കുന്നതും കൂടുതൽ ബുദ്ധിപൂർവ്വകമായിരിക്കാം. അതുകൊണ്ട്‌, വീണ്ടും ഇവിടെയും “കേൾവിക്കു വേഗത, സംസാരത്തിനു താമസം, കോപത്തിനു താമസം” ഉണ്ടായിരിക്കാനുളള ബുദ്ധിയുപദേശം ബാധകമായേക്കാം.—യാക്കോബ്‌ 1:19.

8. മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി തങ്ങളെ സമീപിക്കാൻ മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?

8 നിങ്ങളുടെ മക്കൾക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുമ്പോൾ നിങ്ങളുടെ മാർഗ്ഗനിർദ്ദേശം നേടാൻ അവർക്കു പ്രേരണ തോന്നണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നു. നിങ്ങളും ജീവിതത്തിൽ മാർഗ്ഗനിർദ്ദേശം തേടുന്നുണ്ടെന്നും നിങ്ങൾ കീഴ്‌വഴക്കത്തോടെ നോക്കുന്ന ഒരാൾ ഉണ്ടെന്നും പ്രകടമാക്കിക്കൊണ്ട്‌ അതു ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. മക്കൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾതന്നെ താൻ അവരുമായി നല്ല ആശയവിനിയമം സ്ഥാപിക്കുന്ന ഒരു വിധത്തെക്കുറിച്ച്‌ ഒരു പിതാവ്‌ ഇങ്ങനെ പറഞ്ഞു:

“മിക്കവാറും എല്ലാ രാത്രിയിലും കിടക്കുന്ന സമയത്ത്‌ ഞാൻ കുട്ടികളോടുകൂടെ പ്രാർത്ഥിക്കുന്നു. അവർ സാധാരണയായി അവരുടെ കിടക്കയിലാണ്‌, ഞാൻ അവരുടെ അടുക്കൽ മുട്ടുകുത്തുകയും അവരെ എന്റെ കൈകൾകൊണ്ട്‌ പിടിക്കുകയും ചെയ്യുന്നു. ഞാൻ ഒന്നു പ്രാർത്ഥിക്കുന്നു. മിക്കപ്പോഴും പിന്നീട്‌ അവർ ഒന്നു പ്രാർത്ഥിക്കുന്നു. അവർ എന്നെ ചുംബിച്ചുകൊണ്ട്‌ ‘ഡാഡീ, ഞാൻ ഡാഡിയെ സ്‌നേഹിക്കുന്നു’ എന്നു പറയുന്നതും അനന്തരം അവരുടെ ഹൃദയത്തിലുളള എന്തെങ്കിലും വെളിപ്പെടുത്തുന്നതും അസാധാരണമല്ല. അവരുടെ കിടക്കയിലെ ചൂടിലും അവരുടെ പിതാവിന്റെ ആശ്‌ളേഷത്തിന്റെ സുരക്ഷിതത്വത്തിലും അവർക്ക്‌ സഹായം ആവശ്യമുളള എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നം അവർ പറഞ്ഞേക്കാം, അല്ലെങ്കിൽ ഒരു പ്രീതിപ്രകടനം നടത്തിയേക്കാം.”

ഭക്ഷണവേളകളിലേയും മററു സന്ദർഭങ്ങളിലേയും നിങ്ങളുടെ പ്രാർത്ഥനകൾ ദിനചര്യയായിരിക്കാതെ അർത്ഥവത്തായി ഹൃദയത്തിൽനിന്നു പറയുന്നതും നിങ്ങളുടെ സ്വർഗ്ഗീയ സ്രഷ്ടാവും പിതാവും ആയവനോടുളള യഥാർത്ഥമായ ഒരു വ്യക്തിപരബന്ധത്തെ പ്രതിഫലിപ്പിക്കുന്നതുമാണെങ്കിൽ ഇതിന്‌ നിങ്ങളുടെ സന്താനങ്ങളുമായുളള ഒരു ഉൽകൃഷ്ടബന്ധത്തിന്‌ അളവററ സംഭാവന ചെയ്യാൻ കഴിയും.—1 യോഹന്നാൻ 3:21; 4:17, 18.

പരിവർത്തന വർഷങ്ങൾ

9. യുവാക്കളുടെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും കുറിച്ച്‌ പ്രായക്കുറവുളള കുട്ടികളുടേതിനോടുളള താരതമ്യത്തിൽ എന്തു പറയാൻ കഴിയും?

9 കൗമാരം പരിവർത്തനത്തിന്റെ ഒരു സമയമാണ്‌, നിങ്ങളുടെ മകനോ മകളോ മേലാൽ ഒരു കുട്ടിയല്ല, എന്നാൽ മുതിർന്നയാൾ ആയിട്ടുമില്ല. കൗമാരശരീരങ്ങൾ മാററങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു, ഇത്‌ വികാരങ്ങളെ ബാധിക്കുന്നു. പതിമൂന്നിനും പത്തൊൻപതിനും ഇടയ്‌ക്കു പ്രായമുളളവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അതിനുമുമ്പുളള പ്രായത്തിലുളളവരുടേതിൽനിന്നു വ്യത്യസ്‌തമാണ്‌. അതുകൊണ്ട്‌ ആ പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടുമുളള മാതാപിതാക്കൻമാരുടെ സമീപനം പൊരുത്തപ്പെടണം, എന്തുകൊണ്ടെന്നാൽ ബാല്യപ്രായത്തിലുളളവർക്കു പ്രാവർത്തികമായിരുന്നവ യുവാക്കൾക്ക്‌ എല്ലായ്‌പോഴും പ്രാവർത്തികമാവുകയില്ല. ന്യായങ്ങൾ കൂടുതലായി കൊടുക്കേണ്ട ആവശ്യമുണ്ട്‌, ഇത്‌ കുറച്ചല്ല, കൂടുതൽ ആശയവിനിയമം ആവശ്യമാക്കിത്തീർക്കുന്നു.

10. (എ) ലൈംഗികവിഷയത്തെക്കുറിച്ചുളള ലളിതമായ വിശദീകരണങ്ങൾ യുവാക്കൾക്ക്‌ അപര്യാപ്‌തമായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ കുട്ടിയുമായി ലൈംഗികകാര്യങ്ങളുടെ ചർച്ചയിലേക്ക്‌ എങ്ങനെ പ്രവേശിക്കാം?

10 ദൃഷ്ടാന്തമായി, ലൈംഗികവിഷയത്തെക്കുറിച്ച്‌ നിങ്ങളുടെ കൊച്ചുകുട്ടിക്ക്‌ നിങ്ങൾ കൊടുത്തിരുന്ന ലളിതമായ വിശദീകരണങ്ങൾ യുവാക്കളുടെ ആവശ്യങ്ങൾ നിറവേററുകയില്ല. ലൈംഗിക പ്രേരണകൾ അവർക്ക്‌ അനുഭവപ്പെടുന്നുണ്ട്‌, എന്നാൽ ചോദ്യങ്ങളുമായി അവരുടെ അപ്പനേയോ അമ്മയേയോ സമീപിക്കുന്നതിൽനിന്ന്‌ മിക്കപ്പോഴും ബുദ്ധിമുട്ട്‌ അവരെ പിന്തിരിപ്പിക്കുന്നു. മാതാപിതാക്കൻമാർ മുൻകൈ എടുക്കണം, അവർ ജോലിയിലും കളിയിലും വിശേഷാൽ തങ്ങളുടെ കുട്ടികളുടെ സ്‌നേഹമുളള പങ്കാളികളായിരുന്നുകൊണ്ട്‌ നല്ല ആശയവിനിമയബന്ധങ്ങൾ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്‌തിട്ടില്ലെങ്കിൽ ഇത്‌ സുകരമായിരിക്കുകയില്ല. മുൻകൂട്ടി വിശദീകരിച്ചിട്ടുണ്ടെങ്കിൽ ആൺകുട്ടിയുടെ ബീജസ്‌ഖലനങ്ങളുടെയും പെൺകുട്ടികളുടെ ആർത്തവത്തിന്റെയും തുടക്കം അത്രതന്നെ അന്ധാളിപ്പിക്കുന്നതായിരിക്കുകയില്ല. (ലേവ്യപുസ്‌തകം 15:16, 17; 18:19) ഒരുപക്ഷേ മകനോടൊത്തു നടക്കുന്ന സമയത്ത്‌ പിതാവിന്‌ സ്വയംഭോഗത്തിന്റെ സംഗതി ആനയിക്കാവുന്നതും മിക്ക യുവാക്കൻമാർക്കും അതു സംബന്ധിച്ച്‌ അല്‌പമെങ്കിലും പ്രശ്‌നമുണ്ടെന്ന്‌ പറഞ്ഞുകൊണ്ട്‌ ‘അത്‌ സംബന്ധിച്ച്‌ നിന്റെ നില എന്താണ്‌?’ എന്നോ ‘അതൊരു പ്രശ്‌നമാണെന്ന്‌ നീ കണ്ടിരിക്കുന്നുവോ?’ എന്നോ ചോദിക്കാവുന്നതുമാണ്‌. ചില കുടുംബ ചർച്ചാവേളകളിൽ പോലും ബന്ധപ്പെട്ട യൗവനത്തിന്റെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാവുന്നതും സ്വസ്ഥവും എന്നാൽ സ്വതന്ത്രവുമായ വിധത്തിൽ അപ്പനും അമ്മയ്‌ക്കും തങ്ങളുടെ ബുദ്ധിയുപദേശം കൊടുക്കാവുന്നതുമാണ്‌.

യുവാക്കളുടെ ആവശ്യങ്ങൾ ഗ്രഹിക്കൽ

11. യുവാക്കൾ ഏതു വിധങ്ങളിൽ മുതിർന്നവരിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കുന്നു?

11 “ജ്ഞാനം സമ്പാദിക്കുക; നിന്റെ സകല സമ്പാദ്യത്താലും വിവേകം സമ്പാദിക്കുക.” (സദൃശവാക്യങ്ങൾ 4:7) മാതാപിതാക്കൻമാരെന്ന നിലയിൽ ചെറുപ്പക്കാരുടെ രീതികളിൽ ജ്ഞാനികളായിരിക്കുക; അവരുടെ വികാരങ്ങൾ സംബന്ധിച്ച്‌ ഉൾക്കാഴ്‌ച പ്രകടമാക്കുക. നിങ്ങൾ ചെറുപ്പമായിരുന്നത്‌ എങ്ങനെയായിരുന്നുവെന്ന്‌ മറക്കരുത്‌. പ്രായമേറിയ ഓരോ വ്യക്തിയും ഒരിക്കൽ ചെറുപ്പമായിരുന്നുവെന്നും അത്‌ എങ്ങനെയായിരുന്നുവെന്ന്‌ അറിയാമെന്നുമിരിക്കെ, യാതൊരു ചെറുപ്പക്കാരനും ഒരിക്കലും വാർദ്ധക്യം അനുഭവിച്ചിട്ടില്ല. യുവാവ്‌ മേലാൽ ഒരു കുട്ടിയെപ്പോലെ കരുതപ്പെടാനാഗ്രഹിക്കുന്നില്ല, എന്നാൽ അവൻ ഇപ്പോഴും മുതിർന്നയാൾ ആയിട്ടില്ല, ഇപ്പോഴും മുതിർന്നവരുടെ അനേകം താൽപ്പര്യങ്ങൾ ഉണ്ടായിട്ടില്ല ഇപ്പോഴും അവന്‌ തന്നിൽത്തന്നെ ധാരാളം കളിവിനോദം ഉണ്ട്‌, അതിന്‌ കുറെ സമയം ആവശ്യവുമാണ്‌.

12. യുവാക്കൾ തങ്ങളുടെ മാതാപിതാക്കൻമാരാൽ എങ്ങനെ കരുതപ്പെടാൻ ആഗ്രഹിക്കുന്നു?

12 ഈ ജീവിതദശയിൽ യുവാക്കൾ വിശേഷാൽ മാതാപിതാക്കൻമാരിൽനിന്നാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്‌. അവർ മനസ്സിലാക്കപ്പെടാൻ ആഗ്രഹിക്കുന്നു; എന്നത്തേതിലുമധികമായി വ്യക്തികളെന്ന നിലയിൽ കരുതപ്പെടാൻ അവർ ആഗ്രഹിക്കുന്നു; അവർക്ക്‌ പൂർവ്വാപരയോജിപ്പുളളതും പ്രായപൂർത്തിയിലേക്കുളള അവരുടെ സമീപനത്തെ കണക്കിലെടുക്കുന്നതുമായ മാർഗ്ഗരേഖകളും നടത്തിപ്പും ആവശ്യമാണ്‌; അവർ തങ്ങളെക്കൊണ്ടുളള ആവശ്യബോധം തോന്നാനും വിലമതിക്കപ്പെടാനും വളരെയധികം ആഗ്രഹിക്കുന്നു.

13. യുവപ്രായത്തിലുളള മക്കൾ മാതാപിതാക്കൻമാരുടെ നിയന്ത്രണങ്ങളോട്‌ എങ്ങനെ പ്രതികരിച്ചേക്കാം, എന്തുകൊണ്ട്‌?

13 യുവപ്രായത്തിൽ നിയന്ത്രണങ്ങളോട്‌ ഒരളവിലുളള എതിർപ്പ്‌ ദൃശ്യമായി തുടങ്ങുന്നതിൽ മാതാപിതാക്കൻമാർ ആശ്ചര്യപ്പെടരുത്‌. ഇത്‌ യുവാവിന്റെ അന്തിമ സ്വാതന്ത്ര്യത്തോടുളള സമീപനവും പ്രവർത്തനത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും വിപുലമായ സ്വാതന്ത്ര്യത്തിനുവേണ്ടി സാധാരണഗതിയിലുളള ആഗ്രഹവും നിമിത്തമാണ്‌. നിസ്സഹായരായ ശിശുക്കൾക്ക്‌ മാതാപിതാക്കൻമാരുടെ നിരന്തര ശ്രദ്ധ ആവശ്യമാണ്‌. കൊച്ചു കുട്ടികൾക്ക്‌ ശ്രദ്ധാപൂർവ്വമായ സംരക്ഷണമാവശ്യമാണ്‌, എന്നാൽ അവർക്ക്‌ പ്രായം കൂടിവരുമ്പോൾ പ്രവർത്തനമണ്ഡലം വിപുലമായിതീരുന്നു; കുടുംബവൃത്തത്തിനു പുറത്തുളളവരോടുളള ബന്ധങ്ങൾ വർദ്ധിക്കുകയും ബലിഷ്‌ഠമാകുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനായുളള യത്‌നങ്ങൾ ഒരു പുത്രനോടോ പുത്രിയോടോ ഇടപെടുന്നത്‌ ഏറെക്കുറെ പ്രയാസമാക്കിത്തീർത്തേക്കാം. മാതാപിതാക്കൻമാർക്കു തങ്ങളുടെ മക്കളുടെ സ്വന്തം നൻമയ്‌ക്കുവേണ്ടി തങ്ങളുടെ അധികാരം അവഗണിക്കപ്പെടാനോ അസാധുവാക്കപ്പെടാനോ അനുവദിക്കാവുന്നതല്ല. എന്നാൽ ഒരു പക്ഷേ അസ്വസ്ഥതാജനകമായ ഈ നടത്തയ്‌ക്കു പ്രേരിപ്പിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിൽ പിടിക്കുന്നുവെങ്കിൽ അവർക്ക്‌ ജ്ഞാനപൂർവ്വം നേരിടാനും ആശയവിനിയമം നിലനിർത്താനും കഴിയും.

14. വർദ്ധിച്ച സ്വാതന്ത്ര്യത്തിനുവേണ്ടിയുളള കുട്ടിയുടെ ആഗ്രഹത്തെ മാതാപിതാക്കൻമാർക്ക്‌ വിജയപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാം?

14 വർദ്ധിച്ച സ്വാതന്ത്ര്യത്തിനായുളള മകന്റെയോ മകളുടെയോ അഭിനിവേശത്തെ അഭിമുഖീകരിക്കുമ്പോൾ മാതാപിതാക്കൻമാർ എന്താണു ചെയ്യേണ്ടത്‌? ആ അഭിനിവേശം കൈയിൽ അമർത്തിപ്പിടിച്ചിരിക്കുന്ന ഒരു സ്‌പ്രിംഗ്‌ പോലെയാണ്‌. പെട്ടെന്നു വിട്ടാൽ അത്‌ അനിയന്ത്രിതമായി മുൻകൂട്ടിപറയാൻ കഴിയാത്ത ദിശയിൽ തെറിക്കും. അതു സുദീർഘമായി പിടിച്ചുകൊണ്ടിരുന്നാൽ നിങ്ങൾ നിങ്ങളെത്തന്നെ ക്ഷീണിപ്പിക്കുകയും അതിനെ ദുർബ്ബലീകരിക്കുകയും ചെയ്യുന്നു. എന്നാൽ നിയന്ത്രിതമായ ഒരു വിധത്തിൽ അതു ക്രമേണ അയച്ചുവിട്ടാൽ അത്‌ അതിന്റെ ഉചിതമായ സ്ഥാനത്ത്‌ നിൽക്കും.

15. പ്രായപൂർത്തിയിലേക്കുളള യേശുവിന്റെ വളർച്ച മാതാപിതാക്കൻമാരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന്‌ എന്ത്‌ പ്രകടമാക്കുന്നു?

15 ഒരു ബാലനെന്നുളള നിലയിൽ യേശുവിന്റെ സംഗതിയിൽ സ്വാതന്ത്ര്യത്തിലേക്കുളള ഇത്തരം നിയന്ത്രിത വളർച്ചയുടെ ഒരു ദൃഷ്ടാന്തം നാം കാണുന്നുണ്ട്‌. പതിമൂന്നുവയസ്സിനു മുമ്പത്തെ അവന്റെ വർഷങ്ങളെ സംബന്ധിച്ച്‌ ലൂക്കോസ്‌ 2:40-ലെ ചരിത്രവിവരണം പറയുന്നപ്രകാരം “ബാലൻ ജ്ഞാനം നിറഞ്ഞവനായി വളർന്നു ബലപ്പെടുന്നതിൽ തുടർന്നു. ദൈവത്തിന്റെ അനുഗ്രഹവും അവന്റെമേൽ തുടർന്നു.” അവന്റെ വളർച്ചയിൽ അവന്റെ മാതാപിതാക്കൻമാർ ഒരു മുഖ്യപങ്കു വഹിച്ചുവെന്നതിന്‌ സംശയമില്ല, എന്തുകൊണ്ടെന്നാൽ അവൻ പൂർണ്ണനായിരുന്നെങ്കിലും അവന്റെ ജ്ഞാനം സ്വയം പ്രവർത്തകമായിരിക്കുകയില്ല. വിവരണം തുടർന്ന്‌ പ്രതിപാദിക്കുന്നപ്രകാരം അവർ അവന്റെ പരിശീലനത്തിനുവേണ്ടിയുളള ആത്മീയ കാലാവസ്ഥ ക്രമമായി പ്രദാനം ചെയ്‌തു. 12-ാമത്തെ വയസ്സിൽ, കുടുംബം യരൂശലേമിൽ പെസഹാപെരുന്നാളിൽ സംബന്ധിച്ചുകൊണ്ടിരിക്കെ യേശു ആലയത്തിലേക്കു പോകുകയും അവിടെ മതോപദേഷ്ടാക്കൻമാരുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്‌തു. പ്രസ്‌പഷ്ടമായി അവന്റെ മാതാപിതാക്കൾ തങ്ങളുടെ 12 വയസ്സുളള പുത്രന്‌ ഈ അളവിലുളള പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചു. അവനെ പിമ്പിൽ വിട്ടിരിക്കുകയാണെന്നു തിരിച്ചറിയാതെ ഒരു പക്ഷേ മടങ്ങിപ്പോരുന്ന മററു സ്‌നേഹിതരുടെയോ ബന്ധുക്കളുടെയോ കൂട്ടത്തിൽ അവൻ ഉണ്ടായിരിക്കുമെന്ന്‌ സങ്കൽപ്പിച്ചുകൊണ്ട്‌, അവർ യരൂശലേമിൽനിന്ന്‌ തിരിച്ചുപോന്നു. 3 ദിവസം കഴിഞ്ഞ്‌ അവർ അവനെ ആലയത്തിൽ കണ്ടെത്തി. അവൻ അവന്റെ മൂത്തവരെ പഠിപ്പിക്കാൻ ശ്രമിക്കാതെ “അവരെ ശ്രദ്ധിക്കുകയും അവരോടു ചോദിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.” അവന്റെ അമ്മ അവർക്ക്‌ അനുഭവപ്പെട്ട മനോവേദന ചൂണ്ടിക്കാണിച്ചു. യേശു, അവർ തിരികെ പോകാനൊരുങ്ങിയപ്പോൾ തന്നെ എവിടെ കണ്ടെത്താമെന്ന്‌ അവർക്ക്‌ തീർച്ചയായും അറിയാമെന്ന്‌ വിചാരിച്ചുവെന്ന്‌ ഫലത്തിൽ അനാദരവുകൂടാതെ അവൻ മറുപടി പറഞ്ഞു. അവൻ കുറേ പ്രവർത്തനസ്വാതന്ത്ര്യം വിനിയോഗിച്ചുവെങ്കിലും പിന്നീട്‌ യേശു കൗമാരത്തിലേക്കു പ്രവേശിച്ചപ്പോൾ അവരുടെ മാർഗ്ഗരേഖകളോടും നിയന്ത്രണങ്ങളോടും പൊരുത്തപ്പെട്ടുകൊണ്ട്‌ “അവർക്കു കീഴ്‌പ്പട്ടിരിക്കുന്നതിൽ തുടർന്നു”വെന്നും “അവൻ ജ്ഞാനത്തിലും ശാരീരികവളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും തുടർന്നു പുരോഗമിച്ചു”വെന്നും വിവരണം പറയുന്നു.—ലൂക്കോസ്‌ 2:41-52.

16. ഒരു യുവാവിന്റെ കാര്യത്തിൽ മാതാപിതാക്കൻമാർക്ക്‌ പ്രശ്‌നങ്ങളനുഭവപ്പെടുമ്പോൾ അവർ എന്തു മനസ്സിൽ കരുതിക്കൊളളണം?

16 അതുപോലെതന്നെ, മാതാപിതാക്കൻമാർ യൗവനപ്രായത്തിലുളള പുത്രീപുത്രൻമാർക്ക്‌ ഒരളവിലുളള സ്വാതന്ത്ര്യം അനുവദിക്കുകയും അവർ പ്രായപൂർത്തിയോടടുക്കുമ്പോൾ ക്രമേണ അതു വർദ്ധിപ്പിക്കുകയും മാതാപിതാക്കൻമാരുടെ മാർഗ്ഗ നിർദ്ദേശത്തിലും മേൽനോട്ടത്തിലും അധികമധികമായി വ്യക്തിപരമായ തീരുമാനങ്ങൾ ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യണം. പ്രയാസങ്ങൾ സംജാതമാകുമ്പോൾ കാരണം മനസ്സിലാക്കുന്നത്‌ നിസ്സാരകാര്യങ്ങളെ വലിയ പ്രശ്‌നങ്ങളാക്കുന്നത്‌ ഒഴിവാക്കാൻ മാതാപിതാക്കൻമാരെ സഹായിക്കും. പലപ്പോഴും ഒരു യുവാവ്‌ മനഃപൂർവ്വം അവന്റെ മാതാപിതാക്കൻമാർക്കെതിരായി മത്സരിക്കുന്നില്ല. എന്നാൽ എങ്ങനെ നീങ്ങണമെന്നറിയാതെ അവൻ ഒരളവിലുളള സ്വാതന്ത്ര്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണ്‌. അതുകൊണ്ട്‌, ഒരുപക്ഷേ, തെററായ സംഗതികളെക്കുറിച്ച്‌ പ്രശ്‌നം ഉളവാക്കിക്കൊണ്ട്‌ മാതാപിതാക്കൻമാർ തെററുചെയ്‌തേക്കാം. സംഗതി വളരെ ഗൗരവമുളളതല്ലെങ്കിൽ അത്‌ അവഗണിക്കുക. എന്നാൽ അത്‌ ഗൗരവമുളളതാണെങ്കിൽ ദൃഢചിത്തരായിരിക്കുക. ‘കൊതുകിനെ അരിച്ചെടുക്കുകയോ’ ‘ഒട്ടകങ്ങളെ വിഴുങ്ങുകയോ’ ചെയ്യരുത്‌.—മത്തായി 23:24.

17. യുവപ്രായത്തിലുളള മക്കളുടെമേൽ നിയന്ത്രണങ്ങൾ വെക്കുമ്പോൾ മാതാപിതാക്കൻമാർ ഏതു ഘടകങ്ങൾ പരിചിന്തിക്കണം?

17 തങ്ങളുടെ യുവപ്രായത്തിലുളള പുത്രൻമാരുടെമേലും പുത്രിമാരുടെമേലും വയ്‌ക്കുന്ന നിയന്ത്രണങ്ങളിൽ നല്ല സമനില പ്രകടമാക്കുന്നതിനാൽ അവരുമായുളള നല്ലബന്ധത്തിന്റെ തുടർച്ചയ്‌ക്കു മാതാപിതാക്കൻമാർക്ക്‌ സഹായിക്കാൻ കഴിയും. “ഉയരത്തിൽനിന്നുളള ജ്ഞാനം ഒന്നാമത്‌ നിർമ്മല”മായിരിക്കെ അതു “ന്യായബോധമുളളതും” “കരുണനിറഞ്ഞതും” “കപടഭാവമില്ലാത്തതും” ആകുന്നുവെന്നോർക്കുക. (യാക്കോബ്‌ 3:17) തികച്ചും അസ്വീകാര്യമെന്നു ബൈബിൾ പ്രകടമാക്കുന്ന ചില കാര്യങ്ങളുണ്ട്‌, അവയിൽ മോഷണം, പരസംഗം, വിഗ്രഹാരാധന എന്നിവയും സമാനമായ ഗുരുതരമായ ദുഷ്‌പ്രവർത്തികളും ഉൾപ്പെടുന്നു. (1 കൊരിന്ത്യർ 6:9, 10) മററനേകം കാര്യങ്ങളെ സംബന്ധിച്ചിടത്തോളം തെറേറാ ശരിയോ ആശ്രയിച്ചിരിക്കുന്നത്‌, ആ സംഗതി എത്രത്തോളം അല്ലെങ്കിൽ എത്ര തീവ്രമായി നിർവ്വഹിക്കപ്പെടുന്നു എന്നതിലാണ്‌. ആഹാരം നല്ലതാണ്‌, എന്നാൽ നാം വളരെയധികം ഭക്ഷിക്കുന്നുവെങ്കിൽ നാം പെരുവയറൻമാരായിത്തീരുന്നു. അങ്ങനെതന്നെയാണ്‌ ഡാൻസ്‌, കളികൾ, എന്നിവപോലുളള വിനോദരൂപങ്ങളുടെയും വിരുന്നുകൾ നടത്തുന്നതിന്റെയും തൽസമാനമായ പ്രവർത്തനങ്ങളുടെയും സംഗതി. പലപ്പോഴും എന്തുചെയ്യുന്നുവെന്നതല്ല, പിന്നെയോ അതു ചെയ്യുന്ന വിധവും അത്‌ ആരോടുളള സഹവാസത്തിൽ ചെയ്യുന്നുവെന്നതുമാണ്‌. അതുകൊണ്ട്‌ നാം യഥാർത്ഥത്തിൽ അതിഭക്ഷണത്തെ അർത്ഥമാക്കുമ്പോൾ നാം ഭക്ഷിക്കലിനെ കുററം വിധിക്കുകയില്ലാത്തതുപോലെ, യഥാർത്ഥ പ്രതിഷേധം ഏതെങ്കിലും യുവത്വപ്രവർത്തനം ചിലർ നടത്തുന്നതിന്റെ അതിരുകടന്ന രൂപത്തോടൊ അളവിനോടൊ ആണെങ്കിൽ, അല്ലെങ്കിൽ ഉളവായേക്കാവുന്ന ചില അനഭിലഷണീയമായ സാഹചര്യങ്ങളോടാണെങ്കിൽ അത്തരം പ്രവർത്തനത്തെ ഒന്നടങ്കം കുററം വിധിക്കാൻ മാതാപിതാക്കൻമാരാഗ്രഹിക്കുകയില്ല.—കൊലോസ്യർ 2:23 താരതമ്യപ്പെടുത്തുക.

18. മാതാപിതാക്കൻമാർക്ക്‌ സ്‌നേഹിതരെ സംബന്ധിച്ച്‌ തങ്ങളുടെ കുട്ടികൾക്ക്‌ എങ്ങനെ മുന്നറിയിപ്പ്‌ കൊടുക്കാവുന്നതാണ്‌?

18 എല്ലായുവജനങ്ങൾക്കും സുഹൃത്തുക്കൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ബോദ്ധ്യമാകുന്നുണ്ട്‌. “ഉത്തമരായി” കരുതപ്പെടുന്നവർ ആരുംതന്നെ ഉണ്ടായിരിക്കുകയില്ല, എന്നാൽ നിങ്ങളുടെ സ്വന്തം കുട്ടികൾക്ക്‌ ബലഹീനവശങ്ങളില്ലേ? ഉപദ്രവകാരികളായിരിക്കാൻ സാധ്യതയുളളവരായി വീക്ഷിക്കുന്നതുനിമിത്തം ചില യുവാക്കളോടുളള അവരുടെ സഹവാസത്തെ നിയന്ത്രിക്കാൻ നിങ്ങളാഗ്രഹിച്ചേക്കാം. (സദൃശവാക്യങ്ങൾ 13:20; 2 തെസ്സലോനിക്യർ 3:13, 14; 2 തിമൊഥെയോസ്‌ 2:20, 21) മററു ചിലരിൽ നിങ്ങളിഷ്ടപ്പെടുന്ന ചില കാര്യങ്ങളും നിങ്ങളിഷ്ടപ്പെടാത്ത ചില കാര്യങ്ങളും കണ്ടേക്കാം. ഏതെങ്കിലും കുറവു നിമിത്തം ഒരാളെ പൂർണ്ണമായി ഒഴിവാക്കുന്നതിനുപകരം, നിങ്ങളുടെ കുട്ടികളുടെ സ്‌നേഹിതന്റെ നല്ല ഗുണങ്ങൾക്കുവേണ്ടി നിങ്ങളുടെ കുട്ടികളോട്‌ വിലമതിപ്പ്‌ പ്രകടിപ്പിക്കാവുന്നതും അതേസമയം ദുർബ്ബലവശങ്ങളിൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുകയും സ്‌നേഹിതന്റെ നിലനിൽക്കുന്ന നൻമക്കായി ആ വശങ്ങളിൽ ഒരു നല്ല സ്വാധീനമെന്നു തെളിയിക്കാൻ നിങ്ങളുടെ മകനെയോ മകളെയോ പ്രോൽസാഹിപ്പിക്കുകയും ചെയ്യാവുന്നതുമാണ്‌.

19. ലൂക്കോസ്‌ 12:48-ൽ വിവരിച്ചിരിക്കുന്ന തത്വത്തിനു ചേർച്ചയായി സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ശരിയായ വീക്ഷണമുണ്ടായിരിക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?

19 വർദ്ധിച്ച സ്വാതന്ത്ര്യത്തെ സംബന്ധിച്ച ശരിയായ വീക്ഷണം വളർത്താൻ നിങ്ങളുടെ യുവപ്രായത്തിലുളള മകനേയോ മകളേയോ സഹായിക്കാനുളള ഒരു മാർഗ്ഗം വലിയ സ്വാതന്ത്ര്യത്തോടുകൂടെ വലിയ ഉത്തരവാദിത്വവും വരുന്നുവെന്നു കാണാൻ അവനെ അല്ലെങ്കിൽ അവളെ സഹായിക്കുകയാണ്‌. “അധികം കൊടുക്കപ്പെട്ടവനോട്‌ അധികം ആവശ്യപ്പെടും.” (ലൂക്കോസ്‌ 12:48) കുട്ടികൾ എത്രയധികം ഉത്തരവാദിത്വം ഉളളവരെന്നു പ്രകടമാക്കുന്നുവോ അത്രയധികം വിശ്വാസം മാതാപിതാക്കൻമാർക്ക്‌ അവരിൽ അർപ്പിക്കാവുന്നതാണ്‌.—ഗലാത്യർ 5:13; 1 പത്രോസ്‌ 2:16.

ബുദ്ധിയുപദേശവും തിരുത്തലും ഗ്രഹിപ്പിക്കൽ

20. ആശയവിനിമയത്തകർച്ച തടയുന്നതിന്‌ മക്കളുടെമേലുളള നിയന്ത്രണത്തിനോ അധികാരത്തിനോ പുറമെ എന്താവശ്യമാണ്‌?

20 ഒരു വ്യക്തി നിങ്ങളെ ബുദ്ധിയുപദേശിക്കുകയും എന്നാൽ നിങ്ങളുടെ നിലപാടു മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ബുദ്ധിയുപദേശം പ്രായോഗികമല്ലെന്നു നിങ്ങൾ വിചാരിക്കുന്നു. അയാളുടെ ആജ്ഞകൾ അനുസരിക്കാൻ നിങ്ങളെ നിർബ്ബന്ധിതനാക്കാനുളള അധികാരം അയാൾക്കുണ്ടെങ്കിൽ, ഇത്‌ അനീതിയാണെന്നുളളതുപോലെ നിങ്ങൾ നീരസ്സപ്പെട്ടേക്കാം. “വിവേകമുളള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്ന ഒന്നാണെ”ന്നും “പരിജ്ഞാനമുളള മനുഷ്യൻ അധികാരത്തെ ബലവത്താക്കുന്നു”വെന്നും മാതാപിതാക്കൻമാർ മനസ്സിൽ കരുതിക്കൊളളണം. (സദൃശവാക്യങ്ങൾ 15:14; 24:5) നിങ്ങൾക്ക്‌ നിങ്ങളുടെ കുട്ടികളുടെമേൽ അധികാരം ഉണ്ടായിരിക്കാം, എന്നാൽ അത്‌ പരിജ്ഞാനത്താലും വിവേകത്താലും ബലവത്താക്കപ്പെടുന്നുവെങ്കിൽ അവരുമായി ആശയവിനിയമം ചെയ്യുന്നതിൽ നിങ്ങൾ കൂടുതൽ ഫലപ്രദരായിരിക്കും. യുവാക്കളെ തിരുത്തുമ്പോൾ വിവേകം പ്രകടിപ്പിക്കുന്നതിലുളള പരാജയത്തിന്‌ ഒരു “തലമുറവിടവി”ലേക്കും ആശയവിനിമയത്തകർച്ചയിലേക്കും നയിക്കാൻ കഴിയും.

21. ഗുരുതരമായ ദുഷ്‌പ്രവൃത്തിയിലേർപ്പെടുന്ന കുട്ടികളെ മാതാപിതാക്കൻമാർ എങ്ങനെ കൈകാര്യം ചെയ്യണം?

21 നിങ്ങളുടെ കുട്ടി കുഴപ്പത്തിലാകുകയോ ഗുരുതരമായ ഒരു തെററു ചെയ്യുകയോ നിങ്ങളെ ഭ്രമിപ്പിക്കുന്ന എന്തെങ്കിലും തെററു ചെയ്യുകയോ ചെയ്‌താൽ നിങ്ങളെന്തുചെയ്യും? നിങ്ങളൊരിക്കലും തെററിനെ അവഗണിക്കരുത്‌. (യെശയ്യാവ്‌ 5:20; മലാഖി 2:17) എന്നാൽ എല്ലാ സമയങ്ങളിലും വച്ച്‌ ഇപ്പോഴാണ്‌ നിങ്ങളുടെ പുത്രനോ പുത്രിക്കോ വിവേകപൂർവ്വകമായ സഹായവും സമർത്ഥമായ മാർഗ്ഗനിർദ്ദേശവും ആവശ്യമായിരിക്കുന്നത്‌ എന്നു തിരിച്ചറിയുക. യഹോവയാം ദൈവത്തെപ്പോലെ, ‘വരൂ നമുക്ക്‌ കാര്യങ്ങൾ നേരേയാക്കാം; സാഹചര്യം ഗുരുതരമാണ്‌, എന്നാൽ യാതൊരു പ്രകാരത്തിലും അപരിഹാര്യമല്ല’ എന്ന്‌ ഫലത്തിൽ നിങ്ങൾക്കു പറയാവുന്നതാണ്‌. (യെശയ്യാവ്‌ 1:18) കോപാകുലമായ ആക്രോശങ്ങളോ പരുഷമായ കുററംവിധിക്കലുകളോ ആശയവിനിമയത്തെ ഞെരുക്കിയേക്കാം. തെററിപ്പോകുന്ന ഒട്ടേറെ യുവാക്കൾ ‘എനിക്ക്‌ എന്റെ മാതാപിതാക്കൻമാരോട്‌ സംസാരിക്കാൻ കഴിയുമായിരുന്നില്ല, അവർ എന്നോട്‌ കോപിക്കുമായിരുന്നു’ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. “നിങ്ങൾ കോപിഷ്ടനാണെങ്കിൽ, കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാൻ അനുവദിക്കരുത്‌” എന്ന്‌ എഫേസ്യർ 4:26 പറയുന്നു. (ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) നിങ്ങളുടെ പുത്രനോ പുത്രിക്കോ പറയാനുളളത്‌ നിങ്ങൾ കേൾക്കുമ്പോൾ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. അപ്പോൾ ശ്രദ്ധിച്ചതിലുളള നിങ്ങളുടെ ഔചിത്യം നിങ്ങൾ കൊടുക്കുന്ന തിരുത്തൽ സ്വീകരിക്കുന്നത്‌ കൂടുതലെളുപ്പമാക്കിത്തീർക്കും.

22. മാതാപിതാക്കൻമാർ തങ്ങളുടെ മക്കളെ കൈവിട്ടുവെന്ന്‌ ഒരിക്കലും സൂചിപ്പിക്കരുതാത്തതെന്തുകൊണ്ട്‌?

22 ഒരുപക്ഷേ അത്‌ ഒരൊററ സംഭവമല്ലായിരിക്കാം, പിന്നെയോ അനഭിലഷണീയമായ ഏതെങ്കിലും സ്വഭാവവിശേഷത പ്രത്യക്ഷമാക്കുന്ന രീതി, പ്രയാസത്തിന്റെ ഒരു കാലഘട്ടം, ആയിരിക്കാം. ശിക്ഷണം അത്യന്താപേക്ഷിതമാണെങ്കിലും മാതാപിതാക്കൻമാർ കുട്ടിയെ കൈവിട്ടുവെന്ന്‌ വാക്കിനാലോ മനോഭാവത്താലോ ഒരിക്കലും സൂചിപ്പിക്കരുത്‌. നിങ്ങളുടെ ദീർഘക്ഷമ നിങ്ങളുടെ അഗാധ സ്‌നേഹത്തിന്റെ ഒരളവായിരിക്കും. (1 കൊരിന്ത്യർ 13:4) തിൻമയെ തിൻമകൊണ്ട്‌ എതിരിടരുത്‌, എന്നാൽ നൻമകൊണ്ട്‌ അതിനെ ജയിച്ചടക്കുക. (റോമർ 12:21) ഒരു ചെറുപ്പക്കാരൻ “മടിയനാ”ണ്‌, “മത്സരി”യാണ്‌, “കഴകത്തില്ലാത്തവനാ”ണ്‌, അല്ലെങ്കിൽ “ആശയററവ”നാണ്‌ എന്നിങ്ങനെയുളള പ്രസ്‌താവനകളാൽ അവനെ മററുളളവരുടെ മുമ്പാകെ താഴ്‌ത്തുന്നതിനാൽ ദോഷം മാത്രമേ ഉണ്ടാകുന്നുളളു. സ്‌നേഹം പ്രത്യാശിക്കൽ നിർത്തുന്നില്ല. (1 കൊരിന്ത്യർ 13:7) ഒരു യുവാവ്‌ പിഴച്ച്‌ വീടുവിട്ടുപോയേക്കാം, യാതൊരു പ്രകാരത്തിലും അംഗീകാരം പ്രകടമാക്കിക്കൊണ്ടല്ലെങ്കിലും, മാതാപിതാക്കൻമാർക്ക്‌ അവന്റെ മടങ്ങിവരവിന്‌ വാതിൽ തുറന്നിടാവുന്നതാണ്‌. എങ്ങനെ? അവർ അവന്റെ പ്രവർത്തനഗതിയെ ആണ്‌, അവനെയല്ല നിരസിക്കുന്നതെന്ന്‌ പ്രകടമാക്കുന്നതിനാൽ. അവനിൽ നല്ല ഗുണങ്ങൾ ഉണ്ടെന്നുളള അവരുടെ വിശ്വാസവും അവ വിജയിക്കുമെന്നുളള അവരുടെ പ്രത്യാശയും അവങ്കൽ പ്രകടിപ്പിക്കുന്നതിൽ തുടരാവുന്നതാണ്‌. അതു വാസ്‌തവമെന്നു തെളിയുന്നുവെങ്കിൽ യേശുവിന്റെ ഉപമയിലെ മുടിയനായ പുത്രനേപ്പോലെ, തന്റെ അനുതാപത്തോടുകൂടിയ മടങ്ങിവരവ്‌ പാരുഷത്താലോ വിരക്തിയാലോ സ്വീകരിക്കപ്പെടുകയില്ലെന്നുളള ഉറപ്പോടെ അവന്‌ വീട്ടിലേക്കു മടങ്ങിവരാൻ കഴിയും.—ലൂക്കോസ്‌ 15:11-32.

വ്യക്തിപരമായ മൂല്യത്തിന്റെ ഒരു ബോധം

23. യുവാക്കൾ തങ്ങൾ കുടുംബത്തിലെ വിലയേറിയ അംഗങ്ങളാണെന്ന്‌ വിചാരിക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

23 സകല മാനുഷജീവികൾക്കും കുറെ അംഗീകാരം, സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടത്‌, തങ്ങൾ സ്വന്തം ആണെന്ന്‌ വിചാരിക്കേണ്ടത്‌, ആവശ്യമാണ്‌. തീർച്ചയായും ആവശ്യമായിരിക്കുന്ന സ്വീകാര്യതയും അംഗീകാരവും കിട്ടണമെങ്കിൽ ഒരു വ്യക്തിക്ക്‌ വളരെ സ്വതന്ത്രനായിത്തീരാൻ കഴികയില്ല. അയാൾ ഉൾപ്പെടുന്ന കൂട്ടത്താൽ അംഗീകരിക്കപ്പെടുന്ന നടത്തയുടെ അതിരുകൾക്കുളളിൽ അയാൾ നിലകൊളേളണ്ടതാണ്‌. പതിമൂന്നുമുതൽ പത്തൊൻപതുവരെ വയസ്സു പ്രായമുളള യുവാക്കൾക്ക്‌ തങ്ങൾ കുടുംബത്തിന്റെ സ്വന്തമായിരിക്കേണ്ടതിന്റെ ആ ആവശ്യം തോന്നുന്നു. കുടുംബത്തിന്റെ ചില ആസൂത്രണങ്ങളിലും തീരുമാനങ്ങളിലും പങ്കെടുക്കാൻ അനുവദിക്കപ്പെട്ടുകൊണ്ടുപോലും തങ്ങൾ കുടുംബക്ഷേമത്തിനു സംഭാവന ചെയ്യുന്ന കുടുംബവൃത്തത്തിലെ വിലയേറിയ അംഗങ്ങളാണെന്ന്‌ അവർ വിചാരിക്കാനിടയാക്കുക.

24. ഒരു കുട്ടി മറെറാരു കുട്ടിയോട്‌ അസൂയാലുവായിത്തീരാതിരിക്കാൻ മാതാപിതാക്കൻമാർ എന്തു ചെയ്യുന്നതു ഒഴിവാക്കണം?

24 “അന്യോന്യം മത്സരം ഇളക്കിവിട്ടുകൊണ്ട്‌ അന്യോന്യം അസൂയപ്പെട്ടുകൊണ്ട്‌, നമുക്ക്‌ അഹംഭാവികളായിത്തീരാതിരിക്കാം” എന്ന്‌ അപ്പോസ്‌തലൻ പറയുന്നു. (ഗലാത്യർ 5:26) ഒരു പുത്രനോ പുത്രിയോ നന്നായി ചെയ്യുമ്പോൾ മാതാവിൽനിന്നോ പിതാവിൽനിന്നോ ഉളള പ്രശംസ അങ്ങനെയുളള ഒരു ആത്മാവ്‌ ഉയർന്നുവരുന്നതിനെ തടയാൻ സഹായിക്കും; എന്നാൽ കൂടെക്കൂടെ ശ്രേഷ്‌ഠനായി കരുതപ്പെടുന്ന മറെറാരാളോട്‌ ഒരു യുവാവിനെ പ്രതികൂലമായി താരതമ്യപ്പെടുത്തുന്നത്‌ അസൂയയോ നീരസമോ സൃഷ്ടിക്കും. ഒരോരുത്തരും “സ്വന്തം പ്രവൃത്തിയെന്തെന്ന്‌ തെളിയി”ക്കണമെന്ന്‌ അപ്പോസ്‌തലൻ പറഞ്ഞു, “അപ്പോൾ അയാൾക്ക്‌ മറേറയാളിനോടുളള താരതമ്യത്തിലല്ല, തന്നേക്കുറിച്ചുമാത്രം ആഹ്‌ളാദിക്കുന്നതിന്‌ കാരണമുണ്ടായിരിക്കും.” (ഗലാത്യർ 6:4) യുവാവ്‌ താൻതന്നെ എന്തായിരിക്കുന്നുവെന്നതിനും ആരായിരിക്കുന്നുവെന്നതിനും, തനിക്കു ചെയ്യാൻ കഴിയുന്നതിനും വേണ്ടി അംഗീകരിക്കപ്പെടാനും അവ നിമിത്തം മാതാപിതാക്കൻമാരാൽ സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു.

25. ഒരു മൂല്യബോധം വളർത്താൻ മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?

25 എല്ലാ മണ്ഡലങ്ങളിലും ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ കയ്യേൽക്കാൻ മകനേയൊ മകളെയോ പരിശീലിപ്പിച്ചുകൊണ്ട്‌ ഒരു മൂല്യബോധം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക്‌ അവരെ സഹായിക്കാൻ കഴിയും. ശൈശവം മുതൽ അവർ തങ്ങളുടെ കുട്ടികളെ സത്യസന്ധതയും സത്യതയും മററുളളവരോടുളള ശരിയായ പെരുമാററവും സംബന്ധിച്ച്‌ പരിശീലിപ്പിച്ചുകൊണ്ടാണിരുന്നിട്ടുളളത്‌. ഈ ഗുണങ്ങൾ മനുഷ്യസമുദായത്തിൽ എങ്ങനെ ബാധകമാകുന്നുവെന്ന്‌ പ്രകടമാക്കിക്കൊണ്ടു അവർ ഈ മുൻ അടിസ്ഥാനത്തിൻമേൽ കെട്ടുപണി ചെയ്യുന്നു. ഒരു ജോലിയുടെ ഉത്തരവാദിത്തം ഏറെറടുക്കുന്നതും അതിൽ ആശ്രയിക്കാവുന്നവനായിരിക്കുന്നതും എങ്ങനെയെന്നുളളത്‌ ഉൾപ്പെടുത്തുന്നു. ഒരു യുവാവെന്ന നിലയിൽ “ജ്ഞാനത്തിൽപുരോഗമി”ക്കുന്നതിൽ യേശു വളർത്തപ്പനായ യോസേഫിന്റെയടുക്കൽ ഒരു തൊഴിൽ അഭ്യസിച്ചിരുന്നുവെന്നു സ്‌പഷ്ടമാണ്‌, എന്തുകൊണ്ടെന്നാൽ അവൻ 30 വയസ്സിലെത്തിയപ്പോൾ പോലും ആളുകൾ അവനെ “തച്ചൻ” എന്നു പരാമർശിച്ചു. (മർക്കോസ്‌ 6:3) യുവപ്രായത്തിൽ, വിശേഷിച്ചു യുവാക്കൻമാർ, സന്ദേശവാഹകരായി പ്രവർത്തിക്കുന്നതുപോലെ ലളിതസ്വഭാവത്തിലുളളതാണ്‌ ജോലിയെന്നിരുന്നാൽ പോലും, ജോലി ചെയ്യുന്നതിന്റെയും ഒരു മുതലാളിയേയോ ഒരു പതിവുകാരെനെയോ തൃപ്‌തിപ്പെടുത്തുന്നതിന്റെയും അർത്ഥം എന്തെന്ന്‌ മനസ്സിലാക്കണം. ഉത്സാഹവും ഗൗരവവുമുളള ആശ്രയിക്കാവുന്ന ജോലിക്കാരായിരിക്കുന്നതിനാൽ അവർ ആത്മാഭിമാനവും മററുളളവരുടെ ആദരവും വിലമതിപ്പും നേടുന്നുവെന്ന്‌ അവരെ കാണിച്ചുകൊടുക്കാവുന്നതാണ്‌; അവർ തങ്ങളുടെ മാതാപിതാക്കൻമാർക്കും കുടുംബത്തിനും ഒരു ബഹുമതിയായിരിക്കുന്നുവെന്നു മാത്രമല്ല, പിന്നെയോ അവർ “സകലത്തിലും തങ്ങളുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കുന്നു”വെന്നും കാണിച്ചുകൊടുക്കാവുന്നതാണ്‌.—തീത്തോസ്‌ 2:6-10.

26. പുത്രി കുടുംബത്തിലെ വിലപ്പെട്ട അംഗമായിരുന്നുവെന്ന്‌ ഏതു പുരാതന ആചാരം അംഗീകരിച്ചു?

26 പുത്രിമാർക്കും ഗൃഹപരിപാലനത്തിന്റെയും വീട്ടുഭരണത്തിന്റെയും കല പഠിക്കാവുന്നതും കുടുംബത്തിനുളളിലും പുറത്തും വിലമതിപ്പും പ്രശംസയും നേടാവുന്നതുമാണ്‌. ഒരു പുത്രിയെ വിവാഹത്തിനു കൊടുക്കുമ്പോൾ ഒരു സ്‌ത്രീധനമോ മണവാട്ടി വിലയോ ഈടാക്കുന്ന ബൈബിൾ കാലങ്ങളിലെ ആചാരം അവളുടെ കുടംബത്തിൽ അവൾക്കുളള പ്രബലമായ മൂല്യത്തെയാണ്‌ ചിത്രീകരിക്കുന്നത്‌. നിസ്സംശയമായി ഇത്‌ കുടുംബത്തിലെ അവളുടെ സേവനങ്ങളുടെ ഒരു നഷ്ടപരിഹാരമായി വീക്ഷിക്കപ്പെട്ടിരുന്നു.—ഉൽപ്പത്തി 34:11, 12; പുറപ്പാട്‌ 22:16.

27. വിദ്യാഭ്യാസാവസരങ്ങളെ പ്രയോജനപ്രദമായി ഉപയോഗിക്കേണ്ടതെന്തുകൊണ്ട്‌?

27 ഏതൽക്കാല വ്യവസ്ഥിതിയിലെ ജീവിതവെല്ലുവിളികളെ നേരിടുന്നതിന്‌ ചെറുപ്പക്കാരെ സജ്ജരാക്കുന്നതിന്‌ വിദ്യാഭ്യാസാവസരങ്ങൾ പ്രയോജനകരമായി ഉപയോഗിക്കപ്പെടേണ്ടതാണ്‌. “നമ്മുടെ ആളുകളും ഫലമില്ലാത്തവരായിരിക്കാതിരിക്കേണ്ടതിന്‌ തങ്ങളുടെ അത്യാവശ്യകാര്യങ്ങൾ സാധിക്കുന്നതിന്‌ നല്ലജോലികൾ (സത്യസന്ധമായ തൊഴിൽ, ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) നിലനിർത്താൻ പഠിക്കട്ടെ” എന്നുളള അപ്പോസ്‌തലന്റെ പ്രോത്സാഹനത്തിൽ അങ്ങനെയുളള ചെറുപ്പക്കാർ ഉൾപ്പെടുന്നു.—തീത്തോസ്‌ 3:14.

ബൈബിളിന്റെ ധാർമ്മിക നിയമസംഹിതയുടെ സംരക്ഷണം

28, 29. (എ) സഹവാസങ്ങളെക്കുറിച്ചു ബൈബിൾ എന്തു ബുദ്ധിയുപദേശം നൽകുന്നു? (ബി) ഈ ബുദ്ധിയുപദേശമനുസരിക്കുന്നതിന്‌ മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?

28 സാഹചര്യങ്ങൾ, ഒരുപക്ഷേ അവർ ജീവിക്കുന്ന പരിസരം അല്ലെങ്കിൽ അവരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പിഴയാളികളും സ്വവിനാശകൻമാരുമായ ചില യുവാക്കളോടു സഹവസിക്കാൻ തങ്ങളുടെ കുട്ടികളെ നിർബ്ബദ്ധരാക്കുമ്പോൾ മാതാപിതാക്കൻമാർ ഉൽകണ്‌ഠപ്പെടുന്നത്‌ മനസ്സിലാക്കാവുന്നതാണ്‌. “ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്നുളള ബൈബിളിലെ പ്രസ്‌താവനയുടെ സത്യതയെ മാതാപിതാക്കൻമാർ തിരിച്ചറിഞ്ഞേക്കാം. അതുകൊണ്ട്‌ ‘മറെറല്ലാവരും അതു ചെയ്യുന്നു; എനിക്ക്‌ എന്തുകൊണ്ട്‌ അതു പാടില്ലാ’ എന്നുളള കെഞ്ചുന്ന കുട്ടിയുടെവാദം സ്വീകരിക്കാൻ അവർ മനസ്സുളളവരല്ല. ഒരുപക്ഷേ എല്ലാവരും ചെയ്യുന്നില്ല, എന്നാൽ അങ്ങനെയാണെങ്കിൽത്തന്നെ, അതു തെറേറാ ബുദ്ധിശൂന്യതയോ ആണെങ്കിൽ നിങ്ങളുടെ കുട്ടി അതു ചെയ്യുന്നതിന്‌ അതു കാരണമായിരിക്കുന്നില്ല. “ദുഷ്ടമനുഷ്യരോട്‌ [അല്ലെങ്കിൽ കുട്ടികളോട്‌] അസൂയപ്പെടരുത്‌, അവരോടുകൂടെ പ്രവേശിക്കാൻ വാഞ്‌ഛിക്കുന്നതായി പ്രകടമാക്കരുത്‌. എന്തുകൊണ്ടെന്നാൽ അവരുടെ ഹൃദയം ധ്യാനിച്ചുകൊണ്ടിരിക്കുന്നത്‌ കൊളളയെക്കുറിച്ചാണ്‌, അവരുടെ സ്വന്തം അധരങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ കുഴപ്പത്തെക്കുറിച്ചാണ്‌. ജ്ഞാനത്താൽ ഒരു കുടുംബം കെട്ടുപണി ചെയ്യപ്പെടുന്നു, വിവേചനയാൽ അത്‌ സ്ഥിരമായി സ്ഥാപിതമെന്ന്‌ തെളിയും.”—1 കൊരിന്ത്യർ 15:33; സദൃശവാക്യങ്ങൾ 24:1-3.

29 നിങ്ങൾക്കു നിങ്ങളുടെ കുട്ടികളെ സ്‌കൂളിലൂടെയോ ജീവിതത്തിലൂടെയോ വലിച്ചുകൊണ്ടുപോകാൻ സാധ്യമല്ല. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തെ ജ്ഞാനംകൊണ്ടു കെട്ടുപണി ചെയ്യുന്നതിനാൽ, മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നിങ്ങൾക്ക്‌ ഒരു നല്ല ധാർമ്മിക നിയമസംഹിതയും ശരിയായ തത്വങ്ങളും അവരോടുകൂടെ അയക്കാൻ കഴിയും. “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോലുകൾപോലെയാകുന്നു.” (സഭാപ്രസംഗി 12:11) പുരാതനകാലങ്ങളിൽ ഈ കോലുകൾ കൂർത്ത അററങ്ങളോടുകൂടിയ നീണ്ട വടികളായിരുന്നു. അവ ശരിയായ ദിശയിൽ നീങ്ങാൻ മൃഗങ്ങളെ കുത്തിയിളക്കിവിടാൻ ഉപയോഗിക്കപ്പെട്ടിരുന്നു. ദൈവത്തിന്റെ ജ്ഞാനമൊഴികൾ നമ്മെ ശരിയായവഴിയിൽ നയിച്ചുകൊണ്ടിരിക്കും. നാം വഴിവിട്ടുപോയാൽ നമ്മുടെ ഗതിക്ക്‌ മാററം വരുത്തുന്നതിന്‌ നമ്മുടെ മനഃസാക്ഷി നമ്മെ കുത്താനും അവയിടയാക്കും. നിങ്ങളുടെ കുട്ടികളുടെ നിലനിൽക്കുന്ന ക്ഷേമത്തിനുവേണ്ടി അവരോടുകൂടെ അത്തരം ജ്‌ഞാനം കൊടുത്തയയ്‌ക്കുക. വാക്കിനാലും മാതൃകയാലും അത്തരം ജ്ഞാനം അവർക്കു പ്രദാനം ചെയ്യുക. യഥാർത്ഥമൂല്യങ്ങളുടെ ഒരു സംഹിത അവരിൽ നിവേശിപ്പിക്കുക. അതായിരിക്കും നിങ്ങളുടെ കുട്ടികൾ വ്യക്തിപരമായ പങ്കാളികളെന്ന നിലയിൽ തിരഞ്ഞെടുക്കുന്നവരിൽ അവർ അന്വേഷിക്കുന്നത്‌.—സങ്കീർത്തനം 119:9, 63.

30. മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ മക്കൾക്ക്‌ ദൈവദത്തമായ ഒരു ധാർമ്മിക നിയമസംഹിത കൊടുക്കാൻ കഴിയുന്നതെങ്ങനെ?

30 ഇതിലെല്ലാം, ആ തത്വങ്ങൾ ആദരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഗൃഹാന്തരീക്ഷം ഉണ്ടെങ്കിൽ ധാർമ്മികമൂല്യങ്ങൾ ഉത്‌ബോധിപ്പിക്കപ്പെടാൻ വളരെയേറെ സാധ്യതയുണ്ടെന്ന്‌ ഓർക്കുക. നിങ്ങളുടെ കുട്ടികൾക്കുണ്ടായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്ന മനോഭാവം പുലർത്തുക. നിങ്ങളുടെ സ്വന്തം ഭവനത്തിൽ, കുടുംബവൃത്തത്തിൽ, നിങ്ങളുടെ കുട്ടികൾ മുതിർന്നവരുടേതായ വിവേകവും സ്‌നേഹവും ക്ഷമയും സ്വാതന്ത്ര്യത്തിന്റെയും സ്വൈര്യത്തിന്റെയും ഒരു ഭദ്രമായ അളവും, അതോടുകൂടെ ന്യായവും ഔചിത്യവും അവർക്ക്‌ ആവശ്യമായിരിക്കുന്ന അംഗീകാരബോധവും സ്വന്തം എന്നുളള ബോധവും കണ്ടെത്തുന്നുവെന്ന്‌ ഉറപ്പ്‌ വരുത്തുക. ഈ വിധങ്ങളിൽ, കുടുംബവൃത്തത്തിനപ്പുറത്തേക്ക്‌ തങ്ങളോടുകൂടെ കൊണ്ടുപോകാൻ അവർക്ക്‌ ദൈവദത്തമായ ഒരു ധാർമ്മികനിയമസംഹിത പ്രദാനം ചെയ്യുക. ഇതിലും വിശിഷ്ടമായ ഒരു പൈതൃകസ്വത്ത്‌ അവർക്ക്‌ കൊടുക്കാൻ നിങ്ങൾക്കു സാധ്യമല്ല.—സദൃശവാക്യങ്ങൾ 20:7.

[അധ്യയന ചോദ്യങ്ങൾ]