ഒരു നിത്യ ഭാവിക്കുവേണ്ടി ഒരു കുടുംബമെന്ന നിലയിൽ കെട്ടുപണിചെയ്യുക
അധ്യായം 14
ഒരു നിത്യ ഭാവിക്കുവേണ്ടി ഒരു കുടുംബമെന്ന നിലയിൽ കെട്ടുപണിചെയ്യുക
1. കുടുംബസന്തുഷ്ടി വർദ്ധിപ്പിക്കുന്നതിന് ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്?
സമയം നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഭൂതകാലം പ്രിയങ്കരങ്ങളായ അനേകം ഓർമ്മകൾ നമുക്കുവേണ്ടി കരുതിവെച്ചേക്കാം, എന്നാൽ നമുക്ക് ഭൂതകാലത്ത് ജീവിക്കാൻ സാധ്യമല്ല. കഴിഞ്ഞകാല തെററുകളുൾപ്പെടെയുളള ഭൂതകാലത്തിൽനിന്ന് നമുക്കു പാഠങ്ങൾ പഠിക്കാൻ കഴിയും, എന്നാൽ നമുക്ക് വർത്തമാനകാലത്ത് മാത്രമേ ജീവിക്കാൻ കഴിയൂ. എന്നിരുന്നാലും, ഒരു കുടുംബം വർത്തമാനകാലത്ത് നന്നായി കഴിഞ്ഞാലും വർത്തമാനകാലം ക്ഷണികം മാത്രമാണെന്നുളള വസ്‌തുതയെ നാം അഭിമുഖീകരിക്കേണ്ടതാണ്. ഇന്ന് പെട്ടെന്ന് ഇന്നലെയായിത്തീരുന്നു. വർത്തമാനകാലം പെട്ടെന്ന് ഭൂതകാലമായിത്തീരുന്നു. അതുകൊണ്ട് നാം ഭാവിയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നതും അതിനുവേണ്ടി ഒരുങ്ങുന്നതും ആസൂത്രണം ചെയ്യുന്നതും കുടുംബസന്തുഷ്ടിക്ക് മർമ്മപ്രധാനമാണ്. നമുക്കും നമ്മോട് അടുപ്പമുളളവർക്കും ഭാവി എങ്ങനെയിരിക്കുമെന്നുളളത് ഒരു വലിയ അളവിൽ നാം ഇപ്പോൾ ചെയ്യുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.
2. (എ) അനേകർ ഭാവിയെക്കുറിച്ചു ചിന്തിക്കാനാഗ്രഹിക്കാത്തതെന്തുകൊണ്ട്? (ബി) നാം ഒരു സന്തുഷ്ടഭാവി ആഗ്രഹിക്കുന്നുവെങ്കിൽ നാം ആരെ കേട്ടനുസരിക്കണം?
2 പ്രതീക്ഷകൾ എന്താണ്? മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷത്തിനും ഭാവിയെ സംബന്ധിച്ചുളള ചിന്തകൾ മിക്കപ്പോഴും ചുരുക്കം ചില ഹ്രസ്വവർഷങ്ങളിലേക്കു മാത്രമേ വ്യാപിക്കുന്നുളളൂ. ഭാവിയിലേക്കു വളരെദൂരം നോക്കാതിരിക്കാനാണ് അനേകർ കൂടുതലിഷ്ടപ്പെടുന്നത്. എന്തുകൊണ്ടെന്നാൽ കുടുംബവൃത്തം മരണത്തിൽ തകരുന്ന അസുഖകരമായ ഒരു അവസാനം മാത്രമാണ് അവർക്കു മുൻകൂട്ടി കാണാൻ കഴിയുന്നത്. അനേകരെ സംബന്ധിച്ചും അവരുടെ സന്തുഷ്ടിയുടെ നിമിഷങ്ങൾ ജീവിതത്തിന്റെ ഉൽക്കണ്‌ഠകളാൽ പെട്ടെന്നു നിഴലിടപ്പെടുന്നു. എന്നാൽ “സ്വർഗ്ഗത്തിലും ഭൂമിയിലുമുളള ഏതു കുടുംബവും അതിന്റെ നാമത്തിനുവേണ്ടി കടപ്പെട്ടിരിക്കുന്നവനായ”വനെ അനുസരിക്കുന്നതിനാൽ ജീവിതത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരിക്കാൻ കഴിയും.—എഫേസ്യർ 3:14, 15.
3. (എ) ആദ്യമനുഷ്യരുടെ മുമ്പാകെ ദൈവം എന്തു പ്രതീക്ഷകൾ വെച്ചു? (ബി) കാര്യങ്ങൾ വ്യത്യസ്‌തമായി പരിണമിച്ചതെന്തുകൊണ്ട്?
3 ഒന്നാമത്തെ മാനുഷജോടി സൃഷ്ടിക്കപ്പെട്ടപ്പോൾ അവരോ അവരുടെ ഭാവിമക്കളോ കുഴപ്പം നിറഞ്ഞ ചുരുക്കം ചില വർഷങ്ങളിൽ ജീവിച്ചിട്ട് മരിക്കണമെന്നുളളതു ദൈവോദ്ദേശ്യമായിരുന്നില്ല. അവൻ അവർക്ക് ഒരു പറുദീസാഭവനം കൊടുക്കുകയും അവരുടെ മുമ്പാകെ അനന്തജീവന്റെ പ്രതീക്ഷ വെക്കുകയും ചെയ്‌തു. (ഉല്‌പത്തി 2:7-9, 15-17) എന്നാൽ അവർ തങ്ങളുടെ ജീവൻ ആശ്രയിച്ചിരുന്ന ദൈവനിയമത്തെ കരുതിക്കൂട്ടി ലംഘിച്ചതിനാൽ തങ്ങൾക്കും തങ്ങളുടെ സന്തതികൾക്കും ആ പ്രതീക്ഷ നഷ്ടപ്പെടുത്തി. ബൈബിൾ അത് ഈ വിധത്തിൽ വിശദീകരിക്കുന്നു: “ഏകമനുഷ്യനാൽ (ആദാം) പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, ഇങ്ങനെ എല്ലാവരും പാപം ചെയ്‌തിരുന്നതുകൊണ്ട് മരണം സകല മനുഷ്യരിലേക്കും പരന്നു.”—റോമർ 5:12.
4. മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച തന്റെ ആദ്യ ഉദ്ദേശ്യം സാക്ഷാത്‌ക്കരിക്കപ്പെടത്തക്കവണ്ണം യഹോവയാം ദൈവം എന്തു ക്രമീകരണം ചെയ്‌തിരിക്കുന്നു?
4 എന്നിരുന്നാലും, മാനുഷകുടുംബത്തെ വീണ്ടെടുക്കാൻ ദൈവം സ്‌നേഹപൂർവ്വം ക്രമീകരണം ചെയ്‌തു. അവന്റെ സ്വന്തം പുത്രനായ യേശുക്രിസ്‌തു ആദാമിന്റെ സകല സന്തതികൾക്കുംവേണ്ടി തന്റെ പൂർണ്ണ മാനുഷജീവൻ അർപ്പിച്ചു. (1 തിമൊഥെയോസ് 2:5, 6) ഇങ്ങനെ ആദാം നമുക്കു നഷ്ടപ്പെടുത്തിയത് യേശു തിരികെവാങ്ങി അഥവാ വീണ്ടെടുത്തു. ഈ ഏർപ്പാടിൽ വിശ്വാസം പ്രകടിപ്പിക്കുന്നവർക്ക്, ഒന്നാമത്തെ മാനുഷജോഡിയുടെ മുമ്പാകെ ദൈവം വെച്ചിരുന്ന ജീവന്റെ അതേ അവസരം ലഭിക്കുന്നതിന് വഴി തുറക്കപ്പെട്ടു. ഇന്ന് ജീവിതത്തിൽ നേരത്തെ ഗുരുതരമായ രോഗം ബാധിക്കുകയോ അപകടത്തിൽപെടുകയോ ചെയ്‌തില്ലെങ്കിൽ ഒരു വ്യക്തി 70-ഓ 80-ഓ വർഷം ജീവിച്ചേക്കാം, ചുരുക്കം ചിലർ അല്‌പകാലം കൂടെ ജീവിക്കുന്നു. “എന്നാൽ ദൈവം നൽകുന്ന ദാനം നമ്മുടെ കർത്താവായ ക്രിസ്‌തുയേശു മുഖാന്തരമുളള നിത്യജീവനാണ്.”—റോമർ 6:23.
5-7. (എ) നാം ഇപ്പോൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നുവെങ്കിൽ നമുക്ക് ഭാവിയിൽ എന്തിനായി നോക്കിപ്പാർത്തിരിക്കാൻ കഴിയും? (ബി) നിങ്ങളുടെ കുടുംബത്തെ സഹായിക്കുന്നതു സംബന്ധിച്ച് നിങ്ങൾക്ക് എന്തു ചോദ്യം ഉന്നയിക്കാവുന്നതാണ്?
5 ഇതിന് നിങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് എന്തർത്ഥമാക്കാൻ കഴിയും? ദൈവകല്‌പനകൾ കേട്ടനുസരിക്കുന്ന ആളുകൾക്ക് നിത്യഭാവി കൈവരുത്താൻ അതിനു കഴിയും. (യോഹന്നാൻ 3:36) ഇപ്പോഴത്തെ മർദ്ദകവ്യവസ്ഥിതിയെ നീക്കം ചെയ്‌തിട്ട് താൻ തന്നെ പ്രദാനം ചെയ്യുന്നതായി, പൂർണ്ണതയും നീതിയുമുളള ഒരു ഗവൺമെൻറിനാൽ മനുഷ്യവർഗ്ഗത്തിന്റെ സകല കാര്യങ്ങളും നിർവ്വഹിക്കപ്പെടാൻ താൻ ഇടയാക്കുമെന്ന് ദൈവം തന്റെ പരാജയപ്പെടാത്ത വചനത്തിൽ വാഗ്‌ദത്തം ചെയ്യുന്നു. (ദാനിയേൽ 2:44) ഇതു തെളിയിച്ചുകൊണ്ട്, “സ്വർഗ്ഗങ്ങളിലുളളവയും ഭൂമിയിലുളളവയുമായി എല്ലാം ക്രിസ്‌തുവിൽ വീണ്ടും കൂട്ടിച്ചേർക്കാൻ” താൻ ഉദ്ദേശിച്ചുവെന്ന് അവന്റെ വചനം നമ്മോട് പറയുന്നു. (എഫേസ്യർ 1:10) അതെ, അന്ന് സാർവ്വത്രികമായ ഐക്യമുണ്ടായിരിക്കും. മാനുഷകുടുംബം വർഗ്ഗീയ വഴക്കുകളിൽനിന്നും രാഷ്‌ട്രീയ ഭിന്നതകളിൽനിന്നും ഹൃദയശൂന്യമായ കുററകൃത്യത്തിൽനിന്നും യുദ്ധത്തിന്റെ അക്രമത്തിൽനിന്നും വിമുക്തമായി ഭൂവ്യാപകമായി ഏകീകൃതരാകും. കുടുംബങ്ങൾ സുരക്ഷിതമായി വസിക്കും, “അവരെ വിറപ്പിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.” (സങ്കീർത്തനം 37:29, 34; മീഖാ 4:3, 4) കാരണം അന്നു ജീവിക്കുന്ന എല്ലാവരും “പ്രിയ മക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികൾ” ആയിത്തീർന്നിരിക്കുന്നവർ ആയിരിക്കും. അവർ “സ്‌നേഹത്തിൽ തുടർന്നു നടക്കും.”—എഫേസ്യർ 5:1, 2.
6 ദൈവത്തിന്റെ രാജ്യഭരണത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം, സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്ന പറുദീസാവസ്ഥയിൽ ഭൂമിയെ, സകല മനുഷ്യവർഗ്ഗത്തിനും സമൃദ്ധമായി ആഹാരം പ്രദാനംചെയ്യുന്ന ഒരു ഉദ്യാനഭവനമാക്കിത്തീർക്കുന്ന സന്തോഷകരമായ പദ്ധതിയിൽ മാനുഷകുടുംബം അന്ന് ഏകീകൃതരായി പ്രവർത്തിക്കും. സർവ്വ ഭൂമിയിലേയും വിവിധ പക്ഷികളുടെയും മത്സ്യത്തിന്റെയും മൃഗജാലങ്ങളുടെയും വലിയ സമൂഹം മനുഷ്യരുടെ ദയാപുരസ്സരമായ ഭരണത്തിൻകീഴിൽ വരുകയും അവരുടെ ഉല്ലാസത്തിന് ഉതകുകയും ചെയ്യും, എന്തുകൊണ്ടെന്നാൽ അത് ദൈവത്തിന്റെ പ്രസ്‌താവിതോദ്ദേശ്യമാണ്. (ഉല്‌പത്തി 2:9; 1:26-28) മേലാൽ രോഗമോ വേദനയോ വാർദ്ധക്യത്തിന്റെ ദുർബലീകരിക്കുന്ന ഫലങ്ങളോ മരണഭീതിയോ മാനുഷകുടുംബത്തിന്റേ ജീവിതാസ്വാദനത്തെ തടസ്സപ്പെടുത്തുകയില്ല. “സ്‌മാരകക്കല്ലറകളിലുളളവർ”പോലും അന്നു ജീവൻ പ്രദാനം ചെയ്യുന്ന മഹത്തായ അവസരങ്ങളിൽ പങ്കുപററുന്നതിന് തിരികെ വരും.—യോഹന്നാൻ 5:28, 29; വെളിപ്പാട് 21:1-5.
7 ഈ പ്രതീക്ഷകളുടെ നിവൃത്തി അനുഭവവേദ്യമാക്കുന്നതിന് നിങ്ങളുടെ കുടുംബത്തെ സഹായിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
നാം എന്താണ് ചെയ്യേണ്ടത്?
8. ദൈവത്തിന്റെ അംഗീകാരം നേടുന്നതിന് നമ്മിൽനിന്ന് എന്താവശ്യപ്പെട്ടിരിക്കുന്നു?
8 കേവലം നമ്മുടെ വീക്ഷണമനുസരിച്ചുളള ഒരു “നല്ല ജീവിതം” നയിക്കുന്നതിനാൽ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ ജീവൻ പ്രാപിക്കുന്നവരിൽ നാം ഉൾപ്പെടുമെന്ന് നമ്മിലാരും തെററായി നിഗമനം ചെയ്യരുത്. വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് നിശ്ചയിക്കേണ്ടത് നമ്മളല്ല; ദൈവമാണ് ഉചിതമായി അതു ചെയ്യുന്നത്. ഒരു ദിവസം യേശു ഗലീലയിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഒരു മനുഷ്യൻ “എന്തു ചെയ്യുന്നതിനാൽ എനിക്കു നിത്യജീവൻ അവകാശമാക്കുവാൻ കഴിയും?” എന്നു ചോദിച്ചു. ഉത്തരമിതായിരുന്നു: “‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണഹൃദയത്തോടും നിന്റെ പൂർണ്ണ ദേഹിയോടും നിന്റെ പൂർണ്ണ ശക്തിയോടും നിന്റെ പൂർണ്ണ മനസ്സോടുംകൂടെയും,’ ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും’ സ്‌നേഹിക്കണം.” (ലൂക്കോസ് 10:25-28) വ്യക്തമായി, നാം ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു വെറുതെ പറയുകയോ ബൈബിളിന്റെ ചർച്ച നടക്കുന്ന യോഗങ്ങൾക്ക് കാലാകാലങ്ങളിൽ പോകുകയോ ചിലർക്കുവേണ്ടി ദയാപ്രവൃത്തികൾ ചെയ്യുകയോ ചെയ്യുന്നതിലുപരി വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. പകരം നാം വച്ചുപുലർത്തുന്ന വിശ്വാസം ഓരോ ദിവസത്തിലും, ഉടനീളം, നമ്മുടെ ചിന്തകളേയും ആഗ്രഹങ്ങളേയും പ്രവർത്തനങ്ങളെയും ആഴമായി സ്വാധീനിക്കേണ്ടതാണ്.
9. ജീവിതത്തിലെ സാധാരണ കാര്യങ്ങൾ സംബന്ധിച്ച് നമ്മുടെ വീക്ഷണത്തിൽ സമനിലയുളളവരായിരിക്കാൻ ഏതു തിരുവെഴുത്തുതത്വങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും?
9 ദൈവത്തോടുളള നമ്മുടെ ബന്ധം മനസ്സിൽ പിടിച്ചുകൊളളുന്നതും അതിനെ വിലമതിക്കുന്നതും ജ്ഞാനപൂർവ്വം പ്രവർത്തിക്കുന്നതിനു നമ്മെ സഹായിക്കുകയും അവന്റെ അംഗീകാരത്തിനും സഹായത്തിനും ഉറപ്പുനൽകുകയും ചെയ്യും. (സദൃശവാക്യങ്ങൾ 4:10) ജീവിതകാര്യങ്ങളെല്ലാം അവനോടും അവന്റെ ഉദ്ദേശ്യങ്ങളോടും ബന്ധപ്പെടുന്നതായി വീക്ഷിക്കുന്നതിനാൽ നാം നമ്മുടെ ജീവിതത്തെ ഉപയോഗിക്കുന്നവിധം സംബന്ധിച്ച് നല്ല സമനില പാലിക്കാൻ നാം പ്രാപ്‌തരാകും. നാം നമ്മുടെ ശാരീരികാവശ്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് ജോലി ചെയ്യണം. എന്നാൽ ഉൽക്കണ്‌ഠയും ഭൗതികവസ്‌തുക്കളുടെ ആകാംക്ഷാപൂർവ്വമായ തേട്ടവും നമ്മുടെ ആയുസ്സിനെ അല്‌പം പോലും ദീർഘിപ്പിക്കുകയില്ലെന്ന് ദൈവപുത്രൻ നമ്മെ അനുസ്‌മരിപ്പിക്കുന്നു; ദൈവരാജ്യത്തിന്റെയും അതിന്റെ നീതിയുടെയും ഒന്നാമതായുളള അന്വേഷണം അതിനെ അനന്തമായി ദീർഘിപ്പിക്കും. (മത്തായി 6:25-33; 1 തിമൊഥെയോസ് 6:7-12; എബ്രായർ 13:5) നാം നമ്മുടെ കുടുംബജീവിതം പൂർണ്ണമായി ആസ്വദിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു. എന്നാൽ കുടുംബവൃത്തത്തിനു പുറത്തുളളവരോട് യഥാർത്ഥ സ്‌നേഹം പ്രകടമാക്കുന്നതിൽ നാം പരാജയപ്പെടത്തക്കവണ്ണം കുടുംബകാര്യങ്ങളിൽ വളരെയധികം ആമഗ്നരാകുന്നത് സ്വയം തോൽപ്പിക്കലായിരിക്കും. അതു നമ്മുടെ കുടുംബത്തിന് ഒരു ഇടുങ്ങിയ ജീവിതവീക്ഷണം കൊടുക്കുകയും നമ്മിൽനിന്ന് ദൈവാനുഗ്രഹം കവർന്നുകളയുകയും ചെയ്യും. ദൈവത്തോടുളള സ്‌നേഹത്തെ പിന്തളളാൻ ഒരിക്കലും അനുവദിക്കാതെ ഉചിതമായ സ്ഥാനത്തു നിർത്തുമ്പോൾ കുടുംബതമാശയും വിനോദവും ഏററവും വലിയ ആസ്വാദനം കൈവരുത്തുന്നു. (1 കൊരിന്ത്യർ 7:29-31; 2 തിമൊഥെയോസ് 3:4, 5) ഒരു കുടുംബമെന്ന നിലയിലോ വ്യക്തികളെന്ന നിലയിലോ എല്ലാ കാര്യങ്ങളും ദൈവവചനത്തിലെ നല്ലതത്വങ്ങൾക്കനുയോജ്യമായി ചെയ്യുന്നതിനാൽ നമ്മുടെ ജീവിതം യഥാർത്ഥ നേട്ടത്തിന്റെ അനുഭൂതിയോടെ അഗാധമായ സംതൃപ്‌തി നൽകുന്നതായിരിക്കും, നാം നിത്യഭാവിക്കുളള ഒരു നല്ല അടിസ്ഥാനവും ഇടുന്നതായിരിക്കും. അതുകൊണ്ട്, “നിങ്ങൾ എന്തുതന്നെ ചെയ്‌താലും മുഴുദേഹിയോടെ യഹോവയ്‌ക്കെന്നപോലെ അതിൽ ഏർപ്പെടുക . . . എന്തുകൊണ്ടെന്നാൽ അവകാശമെന്ന തക്കപ്രതിഫലം നിങ്ങൾക്ക് കിട്ടുന്നത് യഹോവയിൽനിന്നാണെന്ന് നിങ്ങൾ അറിയുന്നു.”—കൊലോസ്യർ 3:18-24.
ഒരു കുടുംബം എന്ന നിലയിൽ കെട്ടപണി ചെയ്യുക
10. ഭവനത്തിൽ ക്രമമായ ബൈബിൾ ചർച്ച എത്ര പ്രധാനമാണ്?
10 ഒരു കുടുംബത്തിലെ അംഗങ്ങൾ ഒരേ ലക്ഷ്യങ്ങൾക്കായി തുടർന്നു പ്രവർത്തിക്കണമെങ്കിൽ ദൈവവചനത്തിന്റെ ഭവനചർച്ചകൾ വളരെ വിലയേറിയതാണ്, യഥാർത്ഥത്തിൽ അത്യന്താപേക്ഷിതമാണ്. ഓരോ ദിവസവും കാണപ്പെടുന്നതും ചെയ്യപ്പെടുന്നതുമായ കാര്യങ്ങളെ സ്രഷ്ടാവിന്റെ ഉദ്ദേശ്യങ്ങളോടു ബന്ധപ്പെടുത്തുന്നതിന് ഒരു വ്യക്തിക്ക് അനേകം അവസരങ്ങൾ ലഭ്യമാകുന്നു. (ആവർത്തനം 6:4-9) ഒരുപക്ഷേ ബൈബിളിനെ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ബൈബിൾ വായിക്കുന്നതിലും ചർച്ചചെയ്യുന്നതിലും എല്ലാവർക്കും ഒന്നിച്ച് ചേരുന്നതിന് ക്രമമായ സമയങ്ങൾ വേർതിരിക്കുന്നത് നല്ലതാണ്. ഇതിന് കുടുംബത്തിനുമേൽ ഏകീകരിക്കുന്ന ഒരു ഫലമുണ്ട്. അപ്പോൾ പൊന്തിവന്നേക്കാവുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിന് അന്യോന്യം സഹായിക്കാൻ കുടുംബാംഗങ്ങൾക്ക് ദൈവവചനം ഉപയോഗിക്കാൻ കഴിയും. മാതാപിതാക്കൻമാർ അങ്ങനെയുളള കുടുംബബൈബിൾ ചർച്ചയുടെ സമയങ്ങളെ മററു താൽപര്യങ്ങൾ ആക്രമിക്കാൻ അനുവദിക്കാതെ നല്ല മാതൃക വെക്കുമ്പോൾ അതു ദൈവവചനത്തോടുളള ആഴമായ ആദരവിന്റെയും വിലമതിപ്പിന്റെയും ജീവൽപ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നു. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, പിന്നെയോ യഹോവയുടെ വായ്‌മുഖാന്തരം വരുന്ന സകല അരുളപ്പാടുകൊണ്ടും ജീവിക്കേണ്ടതാണ്” എന്ന് അവന്റെ പുത്രൻ പറഞ്ഞു.—മത്തായി 4:4.
11. ആത്മീയപുരോഗതിയുടെ സംഗതിയിൽ കുടുംബത്തിൽ ഏതു പ്രവണത ഒഴിവാക്കപ്പെടണം?
11 ഒരു ശരീരത്തിൽ, “ഭിന്നതയുണ്ടായിരിക്കരുത്,” എന്നാൽ “അതിന്റെ അവയവങ്ങൾക്ക് അന്യോന്യം ഒരേ കരുതൽ ഉണ്ടായിരിക്കണം.” (1 കൊരിന്ത്യർ 12:25) അത് ഒരു കുടുംബ ശരീരത്തെക്കുറിച്ചും സത്യമായിരിക്കണം. ഒരു ഇണ തന്റെ വിവാഹപങ്കാളിയുടെ അറിവിലും ഗ്രാഹ്യത്തിലുമുളള ആത്മീയാഭിവൃദ്ധിയിൽ ആത്മാർത്ഥമായ താല്‌പര്യം പ്രകടമാക്കുന്നതിൽ പരാജയപ്പെടത്തക്കവണ്ണം അവയിലുളള സ്വന്തം ആത്മീയാഭിവൃദ്ധിയിൽ അത്ര ലയിച്ചിരിക്കരുത്. ദൃഷ്ടാന്തമായി, ഒരു ഭർത്താവ് തന്റെ ഭാര്യയുടെ ആത്മീയാവശ്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പ്രകടമാക്കുന്നില്ലെങ്കിൽ അവൾ കാലക്രമത്തിൽ അയാളുടെതന്നെ ലക്ഷ്യങ്ങൾ വെച്ചുപുലർത്താതെ വന്നേക്കാം. മാതാപിതാക്കൻമാർ ദൈവവചനത്തിലെ തത്വങ്ങൾ എങ്ങനെ ബാധകമാകുന്നുവെന്നും അവയ്‌ക്കു ജീവിതത്തിൽ ഏററവും വലിയ സന്തുഷ്ടി കൈവരുത്താൻ എങ്ങനെ കഴിയുമെന്നും കാണാൻ മക്കളെ സഹായിച്ചുകൊണ്ട് അവരുടെ ആത്മീയ വളർച്ചയിൽ വ്യക്തിപരമായി വേണ്ടത്ര താൽപര്യം എടുക്കുന്നില്ലെങ്കിൽ അവരുടെ ഹൃദയവും മനസ്സും തങ്ങളുടെ ചുററുമുളള ലോകത്തിന്റെ ഭൗതികാസക്തമായ ആത്മാവിനാൽ വലിച്ചകററപ്പെടുമെന്ന് അവർ കണ്ടെത്തിയേക്കാം. നിങ്ങളുടെ മുഴുകുടുംബത്തിന്റെയും നിത്യനൻമക്കായി ദൈവവചനത്തിൽ നിന്നുളള പരിജ്ഞാനസമ്പാദനത്തെ നിങ്ങളുടെ കുടുംബജീവിതത്തിന്റെ നിരന്തരവും മർമ്മപ്രധാനവുമായ ഭാഗമാക്കിത്തീർക്കുക.
12. നാം ആരുമായുളള സഹവാസം അവഗണിക്കരുത്?
12 തീർച്ചയായും, ‘സ്‌നേഹം വീട്ടിൽ തുടങ്ങുന്നു’വെങ്കിൽ അത് അവിടെ അവസാനിക്കരുത്. ഈ ഏതൽക്കാല വ്യവസ്ഥിതിയിൽപോലും ദൈവത്തിന്റെ യഥാർത്ഥദാസൻമാർ സഹോദരീ സഹോദരൻമാരുടെ ഒരു ആഗോള കുടുംബമായിത്തീരുമെന്ന് അവന്റെ വചനം മുൻകൂട്ടിപ്പറഞ്ഞു. “നമുക്ക് അനുകൂല സമയമുളളടത്തോളം നാൾ” നാം “എല്ലാവർക്കും, വിശേഷാൽ നമ്മോടു വിശ്വാസത്തിൽ ബന്ധപ്പെട്ടവർക്ക്,” “ലോകത്തിലെ [നമ്മുടെ] സഹോദരൻമാരുടെ മുഴു സമൂഹത്തിനും,” “നൻമ ചെയ്യണ”മെന്ന് അവൻ നമ്മോടു പറയുന്നു. (ഗലാത്യർ 6:10; 1 പത്രോസ് 5:9) ഒരു കുടുംബമെന്നനിലയിൽ, ആ വലിപ്പമേറിയ “കുടുംബ”ത്തിലുളളവരുമായി ക്രമമായി ഒന്നിച്ചുകൂടുന്നത് ഒരു സന്തോഷമായിരിക്കേണ്ടതാണ്, അത് മററു താൽപര്യങ്ങൾക്കുവേണ്ടി അനായാസം നഷ്ടപ്പെടുത്തുന്ന ഒന്നായിരിക്കരുത്.—എബ്രായർ 10:23-25; ലൂക്കോസ് 21:34-36.
13. ക്രിസ്‌തീയസഭയ്‌ക്കു പുറത്തുളളവരോട് നമുക്ക് എന്തു ഉത്തരവാദിത്തമുണ്ട്?
13 എന്നാൽ നമ്മുടെ സ്‌നേഹം ഇപ്പോൾത്തന്നെ “ദൈവത്തിന്റെ കുടുംബ”മായിരിക്കുന്ന അവന്റെ സഭയിൽപെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. (1 തിമൊഥെയോസ് 3:15) ദൈവപുത്രൻ പറഞ്ഞതുപോലെ, നമ്മെ സ്‌നേഹിക്കുന്നവരെ, നമ്മുടെ സഹോദരൻമാരെ, മാത്രമേ നാം സ്‌നേഹിക്കുന്നുളളുവെങ്കിൽ ‘എന്തു അസാധാരണ സംഗതിയാണ് നാം ചെയ്‌തിരിക്കുന്നത്?’ നമ്മുടെ സ്വർഗ്ഗീയ പിതാവിനെപ്പോലെയായിരിക്കുന്നതിന് നാം മുഴുഹൃദയത്തോടെ എല്ലാ ആളുകളോടും ബന്ധം സ്ഥാപിച്ച് മുൻകൈ എടുത്ത് അവരുമായി ദൈവരാജ്യസുവാർത്ത പങ്കിടുന്നതിന് സദാ ശ്രമിച്ചുകൊണ്ട് എല്ലാവരോടും ദയയും സഹായ മനഃസ്ഥിതിയും പ്രകടമാക്കണം. ഒരു കുടുംബമെന്ന നിലയിൽ നാം ഈ വിധത്തിൽ ദൈവികസ്‌നേഹം പ്രകടമാക്കുമ്പോൾ നമ്മുടെ ജീവിതത്തിന് യഥാർത്ഥ അർത്ഥവും ഉദ്ദേശ്യവും കൈവരുന്നു. നമ്മളെല്ലാം, മാതാപിതാക്കളും മക്കളും ഒരുപോലെ, ദൈവം പ്രകടമാക്കുന്നവിധത്തിൽ പൂർണ്ണ വ്യാപ്‌തിയിൽ സ്‌നേഹം പ്രകടമാക്കുന്നതിന്റെ അർത്ഥം അനുഭവിച്ചറിയുന്നു. (മത്തായി 5:43-48; 24:14) മുഴുഹൃദയത്തോടുകൂടിയ അങ്ങനെയുളള കൊടുക്കലിനുമാത്രം കൈവരുത്താൻ കഴിയുന്ന പൂർണ്ണസന്തുഷ്ടിയിലും നാം പങ്കു പററുന്നു.—പ്രവൃത്തികൾ 20:35.
14. ഏതു ബുദ്ധിയുപദേശത്തിന്റെ ബാധകമാക്കൽ സന്തുഷ്ടകുടുംബജീവിതത്തെ പുരോഗമിപ്പിക്കുന്നു?
14 അത്തരം സ്‌നേഹം പ്രകടമാക്കുന്ന കുടുംബങ്ങൾക്ക് എത്ര മഹത്തായ പ്രതീക്ഷകൾ മുന്നിൽ സ്ഥിതിചെയ്യുന്നു! അവരുടെ കുടുംബജീവിതം സന്തുഷ്ടമാക്കുന്നതിനുളള മാർഗ്ഗം ദൈവവചനത്തിലെ ബുദ്ധിയുപദേശം പ്രായോഗികമാക്കുകയാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. എല്ലാ ആളുകളെയും ബാധിക്കുന്ന ജീവിതപ്രശ്‌നങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നാലും, അത്തരം കുടുംബങ്ങൾക്ക് അങ്ങനെ ചെയ്യുന്നതിൽനിന്ന് അനേകം സൽഫലങ്ങൾ ഇപ്പോൾത്തന്നെ അനുഭവപ്പെടുന്നുണ്ട്. എന്നാൽ അവർ ഏതൽക്കാലത്തിനപ്പുറത്തേക്ക് നോക്കുകയാണ്, മരണം അവസാനിപ്പിക്കുന്നതിന് മുമ്പുളള ചുരുക്കം ചില ജീവിതവർഷങ്ങളുടെ അടിസ്ഥാനത്തിലല്ല അവർ ചിന്തിക്കുന്നത്. ദൈവത്തിന്റെ വാഗ്‌ദത്തങ്ങളുടെ വിശ്വാസ്യതയിലുളള ഉറപ്പോടെ കുടുംബത്തിലെ ഓരോ അംഗവും സന്തോഷപൂർവ്വം ഒരു നിത്യഭാവിക്കുവേണ്ടി കെട്ടുപണി ചെയ്യും.
15. ഈ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്ന തിരുവെഴുത്തുപരമായ ഏതു മാർഗ്ഗദർശകരേഖകളുടെ പ്രയോജനങ്ങളെക്കുറിച്ച് ഏതു ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കാവുന്നതാണ്?
15 ഭൂമിയെ സൃഷ്ടിച്ചതിലുളള ദൈവത്തിന്റെ ഉദ്ദേശ്യം അതു നിവസിക്കപ്പെടണമെന്നുളളതാണെന്ന് ഈ പുസ്‌തകം ബൈബിളിൽനിന്ന് കാണിച്ചുതന്നിരിക്കുന്നു. ഇതു സാധിക്കുന്നതിന് അവൻ കുടുംബം സ്ഥാപിച്ചു. യഹോവയാം ദൈവം പിതാക്കൻമാർക്കും മാതാക്കൾക്കും കുട്ടികൾക്കും മാർഗ്ഗദർശകരേഖകളും നൽകി, ഇവ പരിചിന്തിക്കപ്പെട്ടിരിക്കുന്നു. ഈ തത്വങ്ങളിൽ ചിലതു നിങ്ങളുടെ കുടുംബത്തിൽ ബാധകമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടിയേറിയതാക്കാൻ അവ നിങ്ങളെ സഹായിച്ചിട്ടുണ്ടോ? ഞങ്ങൾ അങ്ങനെ പ്രത്യാശിക്കുന്നു. എന്നാൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഭാവി എന്തു കൈവരുത്താനിരിക്കുന്നു?
16-18. യഹോയാം ദൈവം ഏതു മഹത്തായ അവസ്ഥകൾ ഈ ഭൂമിക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്നു?
16 ഭൂമിയെ പരിപാലിക്കുന്നതിലും അതിലെ വയലുകൾ വമ്പിച്ച വിളവുൽപ്പാദിപ്പിക്കുന്നതിനും അതിലെ മരുഭൂമികൾ പുഷ്‌പിക്കുന്നതിനും ഇടയാക്കുന്നതിലും സഹായിക്കാൻ നിങ്ങളാഗ്രഹിക്കുന്നുവോ? മുളളും പറക്കാരയും പഴത്തോപ്പുകൾക്കും ഗംഭീരമായ വനങ്ങൾക്കും വഴിമാറിക്കൊടുക്കുന്നത് കാണാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും തോക്കുകളും ചാട്ടകളും ഉരുക്കു കമ്പികളും കൊണ്ടല്ല, പിന്നെയോ സ്‌നേഹത്താലും പരസ്‌പര വിശ്വാസത്താലും മൃഗങ്ങളുടെമേൽ ആധിപത്യം നടത്തുന്നത് സന്തോഷപ്രദമായിരിക്കുമോ?
17 വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കുകയും മേലാൽ ബോംബു നിർമ്മാതക്കളോ യുദ്ധം ഇളക്കിവിടുന്നവരോ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്തിനായി നിങ്ങളുടെ ഹൃദയം വാഞ്‌ഛിക്കുന്നുവെങ്കിൽ, നിങ്ങൾ യഹോവയുടെ പുതിയ വ്യവസ്‌ഥിതിയിൽ സന്തോഷിക്കും. മർദ്ദക രാഷ്‌ട്രീയഭരണവും വ്യാപാരപരമായ അത്യാർത്തിയും മതപരമായ കപടഭക്തിയും കഴിഞ്ഞകാല സംഗതികളായിരിക്കും. ഓരോ കുടുംബവും സ്വന്തം മുന്തിരിവളളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ സമാധാനത്തിൽ വസിക്കും. ഭൂമി പുനരുത്ഥാനം പ്രാപിച്ച കുട്ടികളുടെ സന്തോഷഘോഷങ്ങളാലും അനേകം പക്ഷികളുടെ ഉത്തേജകമായ പാട്ടുകളാലും മുഴങ്ങും. വായു വ്യാവസായിക മലിനീകരണത്താൽ ശ്വാസം മുട്ടിക്കുന്നതിനു പകരം പുഷ്‌പങ്ങളുടെ സൗരഭ്യത്താൽ ഉൻമേഷപ്രദമായിരിക്കും.—മീഖാ 4:1-4.
18 മുടന്തൻ മാനിനെപ്പോലെ ചാടുന്നതു കാണാനും ഊമന്റെ നാവ് ഗാനമാലപിക്കുന്നത് കേൾക്കാനും കുരുടരുടെ കണ്ണു തുറക്കുന്നതു നിരീക്ഷിക്കാനും ചെകിടരുടെ ചെവി തുറക്കുന്നുവെന്ന് മനസ്സിലാക്കാനും നെടുവീർപ്പും മുറവിളിയും പുഞ്ചിരിക്കും, കണ്ണുനീരും വിലാപവും ആഹ്‌ളാദത്തിനും, വേദനയും മരണവും ആരോഗ്യത്തിനും നിത്യജീവനും വഴിമാറിക്കൊടുക്കുന്നത് നേരിൽ കാണാനും, നിങ്ങൾ ഹൃദയംഗമമായി പ്രത്യാശിക്കുന്നുവെങ്കിൽ, അങ്ങനെയുളള അവസ്ഥകൾ എന്നേക്കും സ്ഥിതി ചെയ്യാൻ പോകുന്ന യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിങ്ങളെത്തന്നെയും നിങ്ങളുടെ കുടുംബത്തെയും സഹായിക്കുന്നതിന് നിങ്ങളുടെ പരമാവധി പ്രവർത്തിക്കുക.—വെളിപ്പാട് 21:1-4.
19. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരിൽ എങ്ങനെ ഉൾപ്പെടാവുന്നതാണ്?
19 ആ കാലത്ത് ഭൂമിയെ നിറയ്‌ക്കുന്ന സന്തുഷ്ട ജനസമൂഹങ്ങളിൽ നിങ്ങളുടെ കുടുംബം ഉൾപ്പെടുമോ? അതു നിങ്ങൾ തീരുമാനിക്കേണ്ടതാണ്. ഇപ്പോൾ കുടുംബജീവിതത്തിനുവേണ്ടിയുളള യഹോവയുടെ നിർദ്ദേശങ്ങളനുസരിക്കുക. നിങ്ങൾ ആ പുതിയ വ്യവസ്ഥിതിയിലെ ജീവിതരീതിക്ക് അനുയോജ്യരാകുമെന്ന് തെളിയിക്കാൻ ഇപ്പോൾ ഒരു കുടുംബമെന്ന നിലയിൽ പ്രവർത്തിക്കുക. ദൈവവചനം പഠിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അതു ബാധകമാക്കുകയും ചെയ്യുക. മുമ്പിലുളള പ്രത്യാശയെക്കുറിച്ചു മററുളളവരോടു പറയുക. അങ്ങനെ ചെയ്യുന്നതിനാൽ, ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ദൈവത്തിങ്കൽ ഒരു “നല്ലപേർ” സമ്പാദിക്കുന്നതായിരിക്കും. “ഒരു നല്ല പേർ ധനസമൃദ്ധിയേക്കാൾ ഇഷ്ടപ്പെടേണ്ടതാണ്; പ്രീതി വെളളിയേക്കാളും പൊന്നിനെക്കാളും പോലും മെച്ചമാണ്.” അത്തരമൊരു പേർ യഹോവ മറക്കുകയില്ല: “നീതിമാന്റെ ഓർമ്മയ്‌ക്ക് ഒരു അനുഗ്രഹം കിട്ടേണ്ടതുതന്നെയാണ്.” (സദൃശവാക്യങ്ങൾ 22:1, മാർജിൻ; 10:7) യഹോവയുടെ അനർഹദയയാൽ നിങ്ങളും നിങ്ങളുടെ കുടുംബവും പരമോന്നതസന്തുഷ്ടിയുടെ നിത്യഭാവിയാൽ അനുഗൃഹീതരായേക്കാം.
[അധ്യയന ചോദ്യങ്ങൾ]
[189-ാം പേജ് നിറയെയുള്ള ചിത്രം]