വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിയുടെ അടിസ്ഥാന തത്വം കണ്ടെത്തൽ

കുടുംബസന്തുഷ്ടിയുടെ അടിസ്ഥാന തത്വം കണ്ടെത്തൽ

അധ്യായം 1

കുടുംബസന്തുഷ്ടിയുടെ അടിസ്ഥാന തത്വം കണ്ടെത്തൽ

1, 2. ക്ഷേമകരമായ കുടുംബജീവിതത്തിന്‌ ഏതു നല്ല കാര്യങ്ങൾ പ്രദാനം ചെയ്യാൻ കഴിയും? അതുകൊണ്ട്‌ ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം?

 സന്തുഷ്ടിക്കായുളള അനേകം മാനുഷാവശ്യങ്ങൾക്ക്‌ കുടുംബവൃത്തത്തിൽ പരിഹാരം കണ്ടെത്താൻ കഴിയും. അവിടെ നമ്മേക്കൊണ്ടുളള ആവശ്യം, നമ്മോടുളള വിലമതിപ്പ്‌, നമ്മോടുളള സ്‌നേഹം എന്നിങ്ങനെ നമ്മളെല്ലാം സാധാരണഗതിയിൽ അഭിലഷിക്കുന്ന കാര്യങ്ങൾ നമുക്ക്‌ കണ്ടെത്താവുന്നതാണ്‌. സ്‌നേഹനിർഭരമായ ഒരു കുടുംബബന്ധത്തിന്‌ ഈ വാഞ്‌ഛകളെ അതിശയകരമായ വിധത്തിൽ നിറവേററാൻ കഴിയും. അതിന്‌ വിശ്വാസത്തിന്റെയും ധാരണയുടെയും അനുകമ്പയുടെയും ഒരു അന്തരീക്‌ഷം ഉളവാക്കാൻ കഴിയും. അപ്പോൾ കുടുംബം പുറത്തെ കുഴപ്പങ്ങളിൽനിന്നും കലക്കത്തിൽനിന്നുമുളള ഒരു യഥാർത്ഥവിശ്രമസങ്കേതമായിത്തീരുന്നു. കുട്ടികൾക്ക്‌ സുരക്ഷിതത്വം തോന്നാൻ കഴിയും, അവരുടെ വ്യക്തിത്വങ്ങൾക്ക്‌ പൂർണ്ണവികാസം പ്രാപിക്കാൻ കഴിയും.

2 ഇതാണ്‌ നാം കാണാനാഗ്രഹിക്കുന്ന തരത്തിലുളള കുടുംബജീവിതം. എന്നാൽ ഇതൊന്നും സ്വതേ കൈവരുന്നില്ല. ഇത്‌ എങ്ങനെ നേടാൻ കഴിയും? ഇന്നു ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ കുടുംബജീവിതം ഇത്രയധികം കുഴപ്പത്തിലായിരിക്കുന്നതെന്തുകൊണ്ട്‌? വിവാഹസന്തുഷ്ടിയും വിവാഹദുരിതവും തമ്മിലും സ്‌നേഹനിർഭരവും ഏകീകൃതവുമായ ഒരു കുടുംബവും വിരക്തവും ഛിദ്രിച്ചതുമായ ഒരു കുടുംബവും തമ്മിലുമുളള വ്യത്യാസത്തിനിടയാക്കുന്ന അടിസ്ഥാന സംഗതി എന്താണ്‌?

3. കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ചരിത്രവസ്‌തുതകൾ എന്തു വെളിപ്പെടുത്തുന്നു?

3 നിങ്ങളുടെ കുടുംബത്തിന്റെ ക്ഷേമത്തിലും വിജയത്തിലും നിങ്ങൾക്ക്‌ ആഴമായ താൽപര്യം തോന്നുന്നുവെങ്കിൽ അതിന്‌ നല്ല കാരണമുണ്ട്‌. കുടുംബക്രമീകരണത്തിന്റെ പ്രാധാന്യത്തെ വർണ്ണിച്ചുകൊണ്ട്‌ വേൾഡ്‌ ബുക്ക്‌ എൻസൈക്‌ളോപീഡിയാ (1973) പറയുന്നു:

“കുടുംബം ഏററവും പഴക്കമുളള മാനുഷവ്യവസ്ഥാപനമാണ്‌. അനേകം വിധങ്ങളിൽ അത്‌ അതിപ്രധാനവുമാണ്‌. അത്‌ സമുദായത്തിന്റെ അടിസ്ഥാനഘടകമാണ്‌. കുടുംബജീവിതം ബലിഷ്‌ഠമായിരുന്നോ അതോ ദുർബലമായിരുന്നോ എന്നതിനെ ആശ്രയിച്ച്‌ മുഴു നാഗരികത്വങ്ങളും നിലനിന്നിട്ടുണ്ട്‌, അല്ലെങ്കിൽ അപ്രത്യക്ഷമായിട്ടുണ്ട്‌.”

4, 5. അനേകം കുടുംബങ്ങളിൽ നിങ്ങൾ അനഭികാമ്യമായ എന്തു മനോഭാവങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്‌?

4 എന്നാൽ ഇന്ന്‌ എത്ര കുടുംബങ്ങൾ ശക്തമായ സ്‌നേഹബന്ധങ്ങളോടെ അടുത്തുചേർന്നു നിൽക്കുന്നുണ്ട്‌? ദയയുടെയും നന്ദിയുടെയും ഔദാര്യത്തിന്റെയും പരസ്‌പരപ്രകടനങ്ങൾ കൈവരുത്തുന്ന ഊഷ്‌മളത എത്രപേർ ആസ്വദിക്കുന്നുണ്ട്‌? “സ്വീകരിക്കുന്നതിലുളളതിനെക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്‌” എന്ന മൊഴിയുടെ സത്യം എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട്‌?

5 ഇന്നു വളരെ വ്യത്യസ്‌തമായ ഒരു ആത്മാവ്‌ ഭൂമിയിലെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. പാശ്ചാത്യലോകത്തിലാണ്‌ അതു മുന്തി നിൽക്കുന്നതെങ്കിലും പരമ്പരാഗതമായി കുടുംബജീവിതം തികച്ചും സ്ഥിരതയുളളതായിരുന്നിട്ടുളള പൗരസ്‌ത്യദേശങ്ങളിലേക്കും മററു രാജ്യങ്ങളിലേക്കും അതു തുളച്ചു കടക്കുകയാണ്‌. നിലവിലുളള വീക്ഷണങ്ങളിൽ ഉൾപ്പെടുന്നതാണിവ: ‘നിങ്ങളാഗ്രഹിക്കുന്നതു ചെയ്യുക, മററുളളവർ അവരുടെ കാര്യം നോക്കട്ടെ.’ ‘ശിക്ഷണം പഴഞ്ചനാണ്‌; കുട്ടികൾ അവരുടെ സ്വന്തം ഗതി തെരഞ്ഞെടുക്കട്ടെ.’ ‘ശരിയോ തെറേറാ എന്തെന്ന്‌ വിധിക്കാതിരിക്കുക.’ അധികമധികം രാജ്യങ്ങളിൽ വിവാഹമോചനവും ബാലജന ദുഷ്‌കൃത്യവും മുതിർന്നവരുടെ ദുർമ്മാഗ്ഗവും അസഹ്യപ്പെടുത്തുന്ന നിരക്കിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്‌. മനഃശാസ്‌ത്രജ്ഞൻമാരും മനോരോഗവിദഗ്‌ദ്ധൻമാരും വൈദികരും മററ്‌ ആലോചനക്കാരും ബുദ്ധിയുപദേശം കൊടുക്കുന്നുണ്ട്‌. എന്നാൽ കുടുംബത്തിന്റെ ഐക്യത്തെ ഉറപ്പിക്കുന്നതിനു പകരം മോഹഭംഗത്തിൽനിന്ന്‌ വിമുക്തരാകുന്നതിനുളള ഒരു മാർഗ്ഗമായി അനേകം ഉപദേശകൻമാർ ദുർമ്മാർഗ്ഗത്തെ അനുവദിക്കുകയോ ശുപാർശ ചെയ്യുക പോലുമോ ചെയ്യുന്നു. ഇതിന്റെയെല്ലാം ദുഷിച്ച വിളവ്‌ “ഒരു മനുഷ്യൻ വിതക്കുന്നത്‌ എന്തുതന്നെയായാലും അതു അവൻ കൊയ്യുകയും ചെയ്യും” എന്ന വചനത്തെ സ്ഥിരീകരിക്കുന്നു.

ചരിത്രം കുടുംബക്രമീകരണത്തെ പിന്താങ്ങുന്നു

6. പുരാതനഗ്രീസിലും റോമായിലും സംഭവിച്ചത്‌ കുടുംബത്തിന്റെ പ്രാധാന്യത്തെ ദൃഷ്ടാന്തീകരിക്കുന്നതെങ്ങനെ?

6 കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ചരിത്രം പഠിപ്പിക്കുന്ന പാഠങ്ങൾ ഗൗരവമായ ശ്രദ്ധ അർഹിക്കുന്നു. നാഗരകത്വത്തിന്റെ കഥ (ഇംഗ്ലീഷ്‌) ഭാഗം II-ൽ ചരിത്രകാരനായ വിൽഡൂറൻറ്‌ പുരാതന ഗ്രീസിലെ കുടുംബത്തകർച്ചയെ വർണ്ണിക്കുകയും അനന്തരം ഇങ്ങനെ തുടരുകയും ചെയ്യുന്നു: “ഗ്രീസിന്റെ റോമൻ ജയിച്ചടക്കലിന്റെ മൂലകാരണം ഗ്രീക്കു നാഗരികത്വത്തിന്റെ ഉളളിൽനിന്നുളള ശിഥിലീകരണമായിരുന്നു.” അനന്തരം റോമായുടെ ശക്തി കുടുംബമായിരുന്നുവെന്നും എന്നാൽ ലൈംഗികദുർമ്മാർഗ്ഗം നിമിത്തം കുടുംബക്രമീകരണം തകർന്നപ്പോൾ സാമ്രാജ്യം അധഃപതനത്തിലായി എന്നും അദ്ദേഹം തുടർന്നു പ്രകടമാക്കുന്നു.

7. റോമൻസാമ്രാജ്യത്തിലെ ചിലയാളുകൾക്ക്‌ ഗുരുതരമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരുന്നപ്പോൾ മററു ചിലർ ആരോഗ്യാവഹമായ കുടുംബജീവിതം ആസ്വദിച്ചതെന്തുകൊണ്ട്‌?

7 “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല” എന്ന പുരാതനമൊഴിയെ യഥാർത്ഥത്തിൽ ചരിത്രം സ്ഥിരീകരിക്കുന്നു. എന്നാൽ കുടുംബഘടകം അഭിവൃദ്ധിപ്പെടുമാറ്‌ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നോക്കാൻ കഴിയുന്ന, മാനുഷജ്ഞാനത്തിനതീതമായ ഒരു ഉറവുണ്ടെന്നും ചരിത്രം സൂചിപ്പിക്കുന്നു. റോമാസാമ്രാജ്യം അധഃപതിച്ചപ്പോൾ “യഹൂദൻമാരുടെ കുടുംബജീവിതം മാതൃകാപരമായിരുന്നുവെന്നും ചെറിയ ക്രിസ്‌തീയ സമുദായങ്ങൾ അവയുടെ ഭക്തിയാലും മാന്യതയാലും, ഉല്ലാസഭ്രാന്തുപിടിച്ച പുറജാതിലോകത്തെ ശല്യപ്പെടുത്തുകയായിരുന്നുവെന്നും” ചരിത്രകാരൻമാർ റിപ്പോർട്ടു ചെയ്യുന്നു. (നാഗരികത്വത്തിന്റെ കഥ (ഇംഗ്ലീഷ്‌), ഭാഗം III പേ. 366) ഈ കുടുംബങ്ങളെ വ്യത്യസ്‌തമാക്കിയതെന്തായിരുന്നു? അവയ്‌ക്കു മാർഗ്ഗനിർദ്ദേശത്തിന്റെ ഒരു വ്യത്യസ്‌ത ഉറവുണ്ടായിരുന്നു, ബൈബിൾ. അവ ദൈവവചനമെന്ന നിലയിൽ അതിന്റെ ബുദ്ധിയുപദേശത്തെ എത്രത്തോളം ബാധകമാക്കിയോ അത്രത്തോളം അവ സുഖകരവും സമാധാനപ്രദവുമായ കുടുംബങ്ങൾ ആസ്വദിച്ചു. ആ ഫലങ്ങൾ ക്ഷയിച്ചുകൊണ്ടിരുന്ന റോമൻ ലോകത്തിനു കുററവിചാരങ്ങൾ കൈവരുത്തി.

8. കുടുംബപ്രശ്‌നങ്ങളെ പരിഹരിക്കുന്ന കാര്യത്തിൽ ബൈബിൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നതെന്തുകൊണ്ട്‌? (സങ്കീർത്തനം 119:100–105)

8 മുൻഖണ്ഡികകളിൽ ഉദ്ധരിച്ച വചനങ്ങളും ബൈബിളിൽ നിന്നാണ്‌. സ്വീകരിക്കുന്നതിലുളളതിനേക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ടെന്നുളള യേശുക്രിസ്‌തുവിന്റെ വാക്കുകളും, നാം വിതയ്‌ക്കുന്നതു നാം കൊയ്യും എന്നുളള നിശ്വസ്‌ത പൗലോസപ്പോസ്‌തലന്റെ പ്രസ്‌താവനയും തന്റെ ചുവടുകളെ നയിക്കുന്നതു മനുഷ്യനുളളതല്ലെന്നുളള, ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവിന്റെ പ്രഖ്യാപനവും നാം ആ പുസ്‌തകത്തിൽ കണ്ടെത്തുന്നു. (പ്രവൃത്തികൾ 20:35; ഗലാത്യർ 6:7; യിരെമ്യാവ്‌ 10:23) ഈ ബൈബിൾ തത്വങ്ങൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു. “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിനിഷ്‌ഠമെന്നു തെളിയിക്കപ്പെടുന്നു” എന്നും യേശു പറഞ്ഞു. (മത്തായി 11:19) കുടുംബപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിൽ ബൈബിളിന്റെ ബുദ്ധിയുപദേശം യഥാർത്ഥത്തിൽ പ്രാവർത്തികമാകുന്നുവെങ്കിൽ അതു നമ്മുടെ ആദരവോടുകൂടിയ ശ്രദ്ധ അർഹിക്കുന്നില്ലേ?

9, 10. (എ) ഒരു സന്തുഷ്ടകുടുംബജീവിതം ആസ്വദിക്കാൻ ഒരുവനെ പ്രാപ്‌തനാക്കുന്നതിന്‌ സഹായകമായ നിർദ്ദേശങ്ങളും സ്വാഭാവികപ്രിയവും മതിയാകാത്തതെന്തുകൊണ്ട്‌? (ബി) വേറെ എന്ത്‌ ആവശ്യമാണ്‌? (വെളിപ്പാട്‌ 4:11)

9 ഇന്ന്‌ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങളുണ്ട്‌. മിക്കതിലും സഹായകമായ കുറെ വിവരങ്ങളെങ്കിലുമുണ്ട്‌. എന്നിട്ടും കുടുംബജീവിതം അധഃപതിച്ചുകൊണ്ടേയിരിക്കുകയാണ്‌. കൂടുതലായ ചിലത്‌ ആവശ്യമാണ്‌, ഇപ്പോൾ കുടുംബവൃത്തത്തെ ഭീഷണിപ്പെടുത്തുന്ന സമ്മർദ്ദങ്ങളെ ചെറുത്തു നിൽക്കാനുളള ശക്തി നൽകുന്ന എന്തെങ്കിലും ആവശ്യമാണ്‌. ഒരു ഭർത്താവും ഭാര്യയും തമ്മിലും മാതാപിതാക്കൻമാരും മക്കളും തമ്മിലുമുളള സ്വാഭാവികപ്രിയം ശക്തി നൽകുന്നു. എന്നാൽ പ്രതിസന്ധിഘട്ടങ്ങൾ വന്നെത്തുമ്പോൾ അനേകം കുടുംബങ്ങളെ സംയോജിപ്പിച്ചു നിർത്തുന്നതിനു ഇതു പോലും മതിയായതാണെന്നു തെളിയുന്നില്ല. എന്തുംകൂടെ ആവശ്യമാണ്‌?

10 ഒരുവന്റെ ഇണയോടോ മക്കളോടോ മാതാപിതാക്കൻമാരോടോ ഉളള ഒരു ഉത്തരവാദിത്തബോധവും വിശ്വസ്‌തതയും മാത്രമല്ല, അതോടുകൂടെ “സ്വർഗ്ഗത്തിലും ഭൂമിയിലുമുളള ഏതു കുടുംബവും അതിന്റെ പേരിനു വേണ്ടി കടപ്പെട്ടിരിക്കുന്ന പിതാവ്‌” എന്നു ബൈബിൾ പറയുന്നവനോടുളള കൂടിയ ഉത്തരവാദിത്തബോധം തന്നെ ഉണ്ടായിരിക്കേണ്ട ആവശ്യമുണ്ട്‌. അവനാണ്‌ വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും കാരണഭൂതൻ, മനുഷ്യവർഗ്ഗത്തിന്റെ സ്രഷ്ടാവ്‌, യഹോവയാം ദൈവം.—എഫേസ്യർ 3:14, 15.

കുടുംബക്രമീകരണത്തിലുളള ദൈവത്തിന്റെ താല്‌പര്യം

11-13. ഭൂമിയെയും മാനുഷകുടുംബത്തെയും സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്‌?

11 യഹോവയാം ദൈവത്തിന്‌ മനുഷ്യവർഗ്ഗത്തിന്റെ ആവശ്യങ്ങൾ അറിയാം. നാം സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ കുടുംബജീവിതം സംബന്ധിച്ച്‌ അവൻ നമുക്ക്‌ ബുദ്ധിയുപദേശം നൽകുന്നു. എന്നാൽ കുടുംബങ്ങളോടുളള അവന്റെ താൽപ്പര്യത്തിൽ ഇതിലും മഹത്തരമായ ഒരു ഉദ്ദേശ്യം പ്രതിഫലിക്കുന്നുണ്ട്‌. ആ ഉദ്ദേശ്യം എന്താണെന്ന്‌ ബൈബിൾ വിശദീകരിക്കുന്നു. ഭൂമി യാദൃച്ഛിക സംഭവത്താൽ ഉണ്ടായതല്ലെന്ന്‌ അത്‌ പ്രകടമാക്കുന്നു. നാം യാദൃച്ഛിക സംഭവത്താൽ ഉണ്ടായതല്ല. യഹോവയാം ദൈവം ഭൂമിയെ സൃഷ്ടിക്കുകയും അത്‌ എന്നേക്കും സ്ഥിതിചെയ്യണമെന്നും എന്നേക്കും നിവസിക്കപ്പെടണമെന്നും ഉദ്ദേശിക്കുകയും ചെയ്‌തു. പ്രവാചകനായ യെശയ്യാവ്‌ ഇങ്ങനെ രേഖപ്പെടുത്തി: “അതിനെ ഉറപ്പായി സ്ഥാപിച്ചവൻ, അതിനെ വ്യർത്ഥമായി സൃഷ്ടിക്കാഞ്ഞവൻ, . . . നിവസിക്കപ്പെടാൻ തന്നെ അതിനെ നിർമ്മിച്ചു.”—യെശയ്യാവ്‌ 45:18.

12 തന്റെ ഉദ്ദേശ്യം സാധിക്കുന്നതിന്‌, ദൈവം ആദ്യമാനുഷജോടിയെ സൃഷ്ടിക്കുകയും ഒരു കുടുംബത്തെ ഉളവാക്കാൻ അവരോടു പറയുകയും ചെയ്‌തു: “ആണും പെണ്ണുമായി അവൻ അവരെ സൃഷ്ടിച്ചു. കൂടാതെ, ദൈവം അവരെ അനുഗ്രഹിക്കുകയും: ‘സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറക്കുക’ എന്ന്‌ ദൈവം അവരോട്‌ പറയുകയും ചെയ്‌തു.” (ഉല്‌പത്തി 1:27, 28) അവരും അവരുടെ സന്തതിയും അവനെ അനുസരിക്കാനും ഭൂമിയെ പരിപാലിക്കാനും അവന്റെ ഉദ്ദേശ്യം കൂടുതലായി ആവശ്യപ്പെട്ടു. ഉല്‌പത്തി 2:15 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹോവയാം ദൈവം ഏദൻതോട്ടത്തിൽ കൃഷി ചെയ്യുന്നതിനും അതിനെ പരിപാലിക്കുന്നതിനും വേണ്ടി മനുഷ്യനെ കൊണ്ടുപോയി അവിടെ ആക്കാൻ പുറപ്പെട്ടു.” ഒടുവിൽ ആ ഉദ്യാനതുല്യമായ അവസ്ഥകൾ മുഴുഗോളത്തേയും ഉൾപ്പെടുത്താൻ തക്കവണ്ണം വികസിപ്പിക്കപ്പെടുമായിരുന്നു. ഭൂമിയുടെ പരിപാലനവും അതിലെ വിഭവങ്ങളുടെ ഉപയോഗിക്കലും മനുഷ്യവർഗ്ഗത്തിന്റെ ഭൂവ്യാപകമായ കുടുംബത്തിന്‌ പഠിക്കുന്നതിനും തങ്ങളുടെ പ്രാപ്‌തികൾ വിനിയോഗിക്കുന്നതിൽ സംതൃപ്‌തി കണ്ടെത്തുന്നതിനുമുളള അനന്തമായ അവസരങ്ങൾ പ്രദാനം ചെയ്യുമായിരുന്നു.

13 ഇപ്പോൾ ഭൂമിയിൽ 4,00,00,00,000-യിൽപരമാളുകൾ ഉണ്ട്‌, എന്നാൽ ഈ പുരുഷാരങ്ങൾ ഭൂമിയെ സംബന്ധിച്ചുളള യഹോവയുടെ ഉദ്ദേശ്യം നിറവേററുന്നില്ല. ഭൂരിപക്ഷവും അവനെ അനുസരിക്കുന്നില്ല, അവർ ഭൂമിയെ പരിപാലിക്കുന്നുമില്ല. പകരം, അവർ അതിലെ വായുവിനെയും വെളളത്തെയും മണ്ണിനെയും മലിനീകരിച്ചുകൊണ്ട്‌ അതിനെ നശിപ്പിക്കുകയാണ്‌. ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്‌ അനുയോജ്യമായി, അവൻ ഇതിനെല്ലാം വിരാമമിടുമെന്ന്‌ മാത്രമല്ല, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്നും അവൻ മുൻകൂട്ടിപ്പറഞ്ഞു.—വെളിപ്പാട്‌ 11:18.

നാം അഭിമുഖീകരിക്കേണ്ട ആവശ്യമുളള ചോദ്യങ്ങൾ

14. കുടുംബജീവിതത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം പരാജയപ്പെടുകയില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്‌?

14 ഭൂമിയേയും കുടുംബജീവിതത്തേയും സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം പരാജയപ്പെടുകയില്ല. “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . നിഷ്‌ഫലമായി എന്നിലേക്കു മടങ്ങി വരുകയില്ല. എന്നാൽ അതു തീർച്ചയായും ഞാൻ പ്രസാദിച്ചിട്ടുളളത്‌ അനുഷ്‌ഠിക്കും,” എന്ന്‌ അവൻ പ്രസ്‌താവിക്കുന്നു. (യെശയ്യാവ്‌ 55:11) ദൈവമാണ്‌ കുടുംബക്രമീകരണം ഏർപ്പെടുത്തിയതും അതിന്റെ പ്രവർത്തനത്തിനുവേണ്ടിയുളള ബുദ്ധിയുപദേശം നൽകിയതും. അവന്റെ മാർഗ്ഗരേഖകൾ കുടുംബജീവിതം സംബന്ധിച്ച്‌ യഥാർത്ഥത്തിൽ പ്രാധാന്യമുളള ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു—അവയിൽ ചിലതിനെ നിങ്ങൾ അഭിമുഖീകരിച്ചേക്കാം.

15-17. (എ) കുടുംബജീവിതം സംബന്ധിച്ച്‌ യഥാർത്ഥത്തിൽ പ്രാധാന്യമുളള ചില ചോദ്യങ്ങൾ ഏവയെന്ന്‌ നിങ്ങൾ കരുതുന്നു? (ബി) ഈ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരങ്ങൾ കണ്ടുപിടിക്കുന്നത്‌ നല്ലതായിരിക്കുന്നതെന്തുകൊണ്ട്‌?

15 ദൃഷ്ടാന്തമായി: ഒരു വ്യക്‌തി ഒരു അനുയോജ്യ വിവാഹ ഇണയെ കണ്ടെത്തുന്നതെങ്ങനെ? വിവാഹത്തിൽ വിഷമപ്രശ്‌നങ്ങൾ സംബന്ധിച്ച്‌ എങ്ങനെ യോജിപ്പിലെത്താം? രണ്ടു മനസ്സുകൾ ഒന്നിനേക്കാൾ മെച്ചമാണ്‌, എന്നാൽ കൂടിയാലോചനയ്‌ക്കുശേഷം ആരാണ്‌ തീരുമാനങ്ങൾ ചെയ്യുന്നത്‌? ഒരു ഭർത്താവിന്‌ തന്റെ ഭാര്യയുടെ ആദരവ്‌ എങ്ങനെ നേടാൻ കഴിയും, ഇത്‌ അയാൾക്ക്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌? ഒരു ഭാര്യയ്‌ക്ക്‌ ഭർത്താവിന്റെ സ്‌നേഹം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്‌, അതിന്‌ ഉറപ്പു വരുത്താൻ അവൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

16 നിങ്ങൾ കുട്ടികളെ എങ്ങനെ വീക്ഷിക്കുന്നു? ചിലർ അവരെ അന്തസ്സിന്റെ ഒരു പ്രതീകമായിട്ടോ ചെലവില്ലാത്ത അദ്ധ്വാനത്തിന്റെ ഒരു ഉറവായിട്ടോ ഒരു വാർദ്ധക്യകാല ഇൻഷ്വറൻസായിട്ടോ വീക്ഷിക്കുന്നു: മററു ചിലർ അവരെ ഒരു ഭാരമായി വീക്ഷിക്കുന്നു. എന്നാൽ ബൈബിൾ അവരെ ഒരു അനുഗ്രഹമെന്നു വിളിക്കുന്നു; അവർ അങ്ങനെ ആയിത്തീരുമോയെന്നു നിർണ്ണയിക്കുന്നതെന്താണ്‌? അവരുടെ പരിശീലനം എപ്പോൾ തുടങ്ങണം? ശിക്ഷണം വേണമോ? വേണമെങ്കിൽ എത്രയധികം, ഏതുതരം? കുടുംബത്തിനുളളിൽ ഒരു തലമുറ വിടവ്‌ ഉണ്ടായിരിക്കണമോ? അതു നികത്താൻ കഴിയുമോ? അതിലും മെച്ചമായി, എന്നെങ്കിലും തുടക്കമിടാതെ അതിനെ തടയാൻ കഴിയുമോ?

17 ഈ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരങ്ങൾ കണ്ടെത്തുന്നത്‌ നിങ്ങളുടെ കുടുംബജീവിതത്തിന്റെ സന്തുഷ്ടിക്ക്‌ ഉറപ്പ്‌ വരുത്താൻ വളരെയധികം സഹായിക്കും. അതിലുപരി, ആവശ്യമുളള ഏതു സമയത്തും നിങ്ങൾക്ക്‌ സമീപിക്കാൻ കഴിയുന്നവനും നിങ്ങളുടെ കുടുംബത്തെ ഒരിക്കലും അവസാനിക്കാത്ത സന്തുഷ്ടിയിലേക്ക്‌ നയിക്കാൻ കഴിയുന്നവനുമായി ഏററം മികച്ച ശക്തിയും ദയയും ജ്ഞാനവുമുളള ഒരുവനുണ്ടെന്നുളള ഉറപ്പ്‌ നിങ്ങൾക്കു നൽകാൻ അതിനു കഴിയും.

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജ്‌ നിറയെയുള്ള ചിത്രം]