വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളെ ശൈശവം മുതൽ പരിശീലിപ്പിക്കുക

കുട്ടികളെ ശൈശവം മുതൽ പരിശീലിപ്പിക്കുക

അധ്യായം 9

കുട്ടികളെ ശൈശവം മുതൽ പരിശീലിപ്പിക്കുക

1-4. ഒരു കൊച്ചുകുട്ടിക്ക്‌ പഠനത്തിനുളള വമ്പിച്ച പ്രാപ്‌തിയുണ്ടെന്നുളളതിന്‌ എന്തു തെളിവുണ്ട്‌?

 പിറന്നു വീണ ഒരു ശിശുവിന്റെ മനസ്സിനെ യാതൊന്നും എഴുതിയിട്ടില്ലാത്ത ഒരു കടലാസിനോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്‌. യഥാർത്ഥത്തിൽ, ശിശു അതിന്റെ മാതാവിന്റെ ഗർഭപാത്രത്തിലായിരുന്നപ്പോൾത്തന്നെ അതിന്റെ മനസ്സിൽ ധാരാളം ധാരണകൾ പതിഞ്ഞിട്ടുണ്ട്‌. ചില വ്യക്തിത്വ സവിശേഷതകൾ ജനിതക അവകാശാനുഭവത്തിലൂടെ അതിൽ മായാത്തവിധം പതിപ്പിക്കപ്പെടുന്നു. എന്നാൽ ജനനനിമിഷം മുതൽ പഠനത്തിനുളള വമ്പിച്ച പ്രാപ്‌തിയുണ്ട്‌. ഒരൊററ പേജിനുപകരം ഒരു മുഴുലൈബ്രറിയും അതിന്റെ പേജുകളിൽ വിജ്ഞാനമുദ്രണങ്ങൾ സ്വീകരിക്കാൻ കാത്തിരിക്കുന്നതുപോലെയാണത്‌.

2 ജനനത്തിങ്കൽ ഒരു ശിശുവിന്റെ തലച്ചോറിന്‌, പ്രായമാകുമ്പോഴുളളതിന്റെ നാലിലൊന്നു തൂക്കമേയുളളു. എന്നാൽ വെറും രണ്ടു വർഷംകൊണ്ട്‌ പ്രായപൂർത്തിയാകുമ്പോഴത്തെ തൂക്കത്തിന്റെ നാലിൽമൂന്ന്‌ ആകത്തക്കവണ്ണം അത്ര സത്വരമാണ്‌ തലച്ചോറു വളരുന്നത്‌! ബുദ്ധിപരമായ വളർച്ച ഒപ്പം നിൽക്കുന്നു. ഒരു കുട്ടിയുടെ ബുദ്ധിശക്തി ജീവിതത്തിന്റെ ആദ്യത്തെ നാലു വർഷങ്ങളിൽ അടുത്ത പതിമൂന്നു വർഷങ്ങളിലേതിനോളം വളരുമെന്ന്‌ ഗവേഷകൻമാർ പറയുന്നു. യഥാർത്ഥത്തിൽ ചിലർ പ്രസ്‌താവിക്കുന്നത്‌ “കുട്ടി അവന്റെ അഞ്ചാമത്തെ ജൻമദിവസത്തിനു മുൻപ്‌ പഠിക്കുന്ന ആശയങ്ങൾ അവൻ നേരിടുന്നതിലേക്കും ഏററവും പ്രയാസമുളളവയിൽ ഉൾപ്പെടുന്നു” എന്നാണ്‌.

3 ഇടതും വലതും, മുകളിലും താഴെയും, നിറഞ്ഞതും ഒഴിഞ്ഞതും, അതുപോലെതന്നെ വലിപ്പത്തിന്റെയും തൂക്കത്തിന്റെയും താരതമ്യനിലകൾ എന്നിങ്ങനെയുളള അടിസ്ഥാനാശയങ്ങളെല്ലാം നമുക്കു വളരെ സ്വാഭാവികമായി തോന്നും. എന്നാൽ ഒരു കുട്ടി ഇവയും മററനേകം ആശയങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. സംസാരത്തിന്റെ ആശയം തന്നെ ശിശുവിന്റെ മനസ്സിൽ പതിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്‌.

4 “ഒരുപക്ഷേ ഒരു മനുഷ്യൻ കൈവരിക്കുന്നതിന്‌ ആഹ്വാനം ചെയ്യപ്പെടുന്നതിലേക്കും ഏററവും പ്രയാസമുളള ബുദ്ധിപരമായ നേട്ടമാണ്‌” ഭാഷയെന്ന്‌ ചിലർ കണക്കാക്കുന്നു. ഒരു പുതിയ ഭാഷ പഠിക്കാൻ നിങ്ങൾ എന്നെങ്കിലും അത്യധികം ശ്രമം ചെയ്‌തിട്ടുണ്ടെങ്കിൽ നിങ്ങൾ ഇതിനോടു യോജിക്കാനിടയുണ്ട്‌. എന്നാൽ ഭാഷ എങ്ങനെ വർത്തിക്കുന്നുവെന്നറിയുന്നതിന്റെ പ്രയോജനമെങ്കിലും നിങ്ങൾക്കുണ്ട്‌. ഒരു കുട്ടിക്ക്‌ അതില്ല. എന്നിരുന്നാലും ഭാഷയുടെ സങ്കൽപം ഗ്രഹിക്കുന്നതിനും പ്രായോഗികമാക്കുന്നതിനും അതിന്റെ മനസ്സ്‌ പ്രാപ്‌തമാണ്‌. അതു മാത്രമല്ല, രണ്ടു ഭാഷകൾ സംസാരിക്കുന്ന വീടുകളിലെയോ പ്രദേശങ്ങളിലെയോ ഇളംപ്രായത്തിലുളള കുട്ടികൾ രണ്ടുഭാഷകൾ അനായാസം സംസാരിച്ചേക്കാം—അവർ സ്‌ക്കൂളിൽ പോകാൻ തുടങ്ങുന്നതിനു മുൻപുതന്നെ! അതുകൊണ്ട്‌, ബുദ്ധിശക്തി, വികസിതമാകാൻ കാത്തിരുന്നുകൊണ്ട്‌ അവിടെ സ്ഥിതിചെയ്യുന്നുണ്ട്‌.

തുടങ്ങാനുളള സമയം ഉടൻതന്നെയാണ്‌!

5. ഒരു കുട്ടിയുടെ പരിശീലനം എത്ര പെട്ടെന്നു തുടങ്ങണം?

5 അപ്പോസ്‌തലനായ പൗലോസ്‌ തന്റെ സഹപ്രവർത്തകനായ തിമൊഥെയോസിനെഴുതിയപ്പോൾ, അവൻ “ശൈശവം മുതൽ” വിശുദ്ധ എഴുത്തുകൾ അറിഞ്ഞിരുന്നുവെന്ന്‌ അവനെ ഓർമ്മപ്പെടുത്തി. (2 തിമൊഥെയോസ്‌ 3:15) പഠിക്കാനുളള ഒരു ശിശുവിന്റെ സ്വാഭാവിക വിശപ്പ്‌ തിരിച്ചറിയുന്ന മാതാപിതാക്കൻമാർ ബുദ്ധിമാൻമാരാണ്‌. ശിശുക്കൾ നല്ല നിരീക്ഷണപടുക്കളാണ്‌, എല്ലായിടത്തും കണ്ണും കാതും ഉളളവരാണ്‌. മാതാപിതാക്കൻമാർ അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കുഞ്ഞുങ്ങൾ തിരക്കോടെ വിവരങ്ങൾ ഉൾക്കൊളളുകയും സംഭരിച്ചുവെക്കുകയും, അവയോടു കൂട്ടിച്ചേർക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, മാതാപിതാക്കൻമാർ ജാഗ്രതയുളളവരല്ലെങ്കിൽ, ശിശു അതിന്റെ ഇച്ഛാനുസരണം അവയെ കൈകാര്യം ചെയ്യാൻ അൽപകാലംകൊണ്ട്‌ അസാധാരണമാംവിധം നന്നായി പഠിച്ചേക്കാം. അതുകൊണ്ട്‌ ദൈവവചനത്തിൽ നൽകപ്പെട്ടിരിക്കുന്ന ബുദ്ധിയുപദേശം ജനനം മുതൽ ബാധകമാകുന്നു: “ബാലനെ അവനുവേണ്ടിയുളള വഴിയനുസരിച്ച്‌ പരിശീലിപ്പിക്കുക; അവന്‌ പ്രായമാകുമ്പോൾപോലും അവൻ അതിൽനിന്ന്‌ മാറിപ്പോകുകയില്ല.” (സദൃശവാക്യങ്ങൾ 22:6) തീർച്ചയായും ആദ്യപാഠങ്ങൾ സ്‌നേഹപൂർവ്വകമായ ധാരാളം ശുശ്രൂഷയും വാൽസല്യവും സഹിതം സ്‌നേഹത്തെ സംബന്ധിച്ചുളളവയാണ്‌. എന്നാൽ ഇതോടുകൂടെ ആവശ്യാനുസൃതം സൗമ്യമായും എന്നാൽ ദൃഢതയോടെയും പ്രയോഗിക്കപ്പെടുന്ന തിരുത്തലും ഉണ്ടായിരിക്കേണ്ടതാണ്‌.

6. (എ) ഒരു കുട്ടിയോട്‌ ഏതു തരത്തിലുളള സംസാരമാണ്‌ ഏററവും നല്ലത്‌? (ബി) ഒരു കുട്ടി ഉന്നയിച്ചേക്കാവുന്ന അനേകം ചോദ്യങ്ങളെ സംബന്ധിച്ച്‌ ഏതു വീക്ഷണമാണ്‌ കൈക്കൊളേളണ്ടത്‌?

6 ശിശുവിനോട്‌ “കൊഞ്ചിപ്പറ”യാതെ, മുതിർന്നവരുടെ രീതിയിൽ ലളിതമായി സംസാരിക്കുക, ശിശു അതു പഠിക്കാനാണ്‌ നിങ്ങളാഗ്രഹിക്കുന്നത്‌. കൊച്ചുകുട്ടി സംസാരിക്കാൻ പഠിക്കുമ്പോൾ അവൻ നിങ്ങളെ ചോദ്യങ്ങളുടെ പ്രളയത്തിലാഴ്‌ത്തും: ‘മഴ പെയ്യുന്നതെന്തുകൊണ്ടാണ്‌? ഞാൻ എങ്ങനെ ഉണ്ടായി? നക്ഷത്രങ്ങൾ പകൽ സമയത്ത്‌ എവിടെ പോകുന്നു? നിങ്ങൾ എന്തു ചെയ്യുകയാണ്‌? ഇതെന്തുകൊണ്ടാണ്‌? അതെന്തുകൊണ്ടാണ്‌?’ അവ അനന്തമായി പ്രവഹിക്കുകയാണ്‌! അവ ശ്രദ്ധിക്കുക, എന്തുകൊണ്ടെന്നാൽ ചോദ്യങ്ങൾ പഠനത്തിനായുളള കുട്ടിയുടെ ഏററവും നല്ല പണിയായുധങ്ങളിൽപെട്ടവയാണ്‌. ചോദ്യങ്ങളെ ഞെരുക്കുന്നത്‌ മാനസിക വികാസത്തെ ഞെരുക്കിയേക്കാം.

7. ഒരു കൊച്ചു കുട്ടിയുടെ ചോദ്യങ്ങൾക്ക്‌ ഏററവും നന്നായി എങ്ങനെ ഉത്തരം കൊടുക്കാം, എന്തുകൊണ്ട്‌?

7 എന്നാൽ അപ്പോസ്‌തലനെപ്പോലെ, “ഞാൻ ഒരു ശിശു ആയിരുന്നപ്പോൾ ഞാൻ ഒരു ശിശുവിനേപ്പോലെ സംസാരിക്കുകയും ഒരു ശിശുവിനെപ്പോലെ ചിന്തിക്കുകയും ഒരു ശിശുവിനെപ്പോലെ ന്യായവാദം ചെയ്യുകയും ചെയ്‌തിരുന്നു”വെന്നോർക്കുക. (1 കൊരിന്ത്യർ 13:11) നിങ്ങളാൽ കഴിയുന്നതുപോലെ ചോദ്യങ്ങൾക്കുത്തരം കൊടുക്കുക, എന്നാൽ ലളിതമായും ഹ്രസ്വമായും വേണം. ‘മഴപെയ്യുന്നതെന്തുകൊണ്ടാണ്‌?’ എന്നു ഒരു കുട്ടി ചോദിക്കുമ്പോൾ അത്‌ സങ്കീർണ്ണവും വിശദവുമായ ഒരു ഉത്തരം ആഗ്രഹിക്കുന്നില്ല. ‘മേഘങ്ങൾക്ക്‌ വെളളത്താൽ ഭാരം കൂടുകയും വെളളം താഴോട്ടു വീഴുകയും ചെയ്യുന്നു’ എന്നോ മറേറാ ഉളള മറുപടി തൃപ്‌തിപ്പെടുത്തിയേക്കാം. ഒരു കുട്ടിയുടെ ശ്രദ്ധാദൈർഘ്യം ഹ്രസ്വമാണ്‌; അതുപെട്ടെന്ന്‌ മററു മണ്ഡലങ്ങളിലേക്കു നീങ്ങുന്നു. കട്ടിയായ ആഹാരത്തിലേക്ക്‌ പുരോഗമിക്കുന്നതുവരെ നിങ്ങൾ കുട്ടിക്ക്‌ പാൽ കൊടുക്കുന്നതുപോലെ, കൂടുതൽ വിശദമായ അറിവ്‌ ഗ്രഹിക്കാൻ അതിനു കഴിയുന്നതുവരെ ലളിതമായ വിവരങ്ങൾ കൊടുക്കുക.—എബ്രായർ 5:13, 14 താരതമ്യപ്പെടുത്തുക.

8, 9. ഒരു കുട്ടിയെ ക്രമാനുഗതമായി വായിക്കാൻ പഠിപ്പിക്കുന്നതിന്‌ എന്ത്‌ ചെയ്യാൻ കഴിയും?

8 പഠനം ക്രമാനുഗതം ആയിരിക്കണം. പ്രസ്‌താവിച്ചതുപോലെ, തിമൊഥെയോസിനു ശൈശവം മുതൽ തിരുവെഴുത്തുകൾ പരിചിതമായിരുന്നു. പ്രസ്‌പഷ്ടമായി, അവന്റെ കുട്ടിക്കാലം മുതലുളള ഏററവും ആദിമമായ ഓർമ്മകളിൽ ബൈബിളിൽനിന്ന്‌ പഠിപ്പിക്കപ്പെടുന്നത്‌ ഉൾപ്പെട്ടിരുന്നു. തീർച്ചയായും ഇത്‌ ക്രമാനുഗതമായിരുന്നു, അധികമായി ഒരു പിതാവോ മാതാവോ ഇന്ന്‌ ഒരു കുട്ടിയെ വായിക്കാൻ പഠിപ്പിച്ചുതുടങ്ങുന്നതുപോലെതന്നെ. നിങ്ങളുടെ കുട്ടിയെ വായിച്ചുകേൾപ്പിക്കുക. അവൻ ഒരു ശിശു ആയിരിക്കുമ്പോൾ അവനെ നിങ്ങളുടെ മടിയിൽ എടുത്ത്‌ കൈകൊണ്ട്‌ അവനെ ചുററിപ്പിടിച്ച്‌ ഒരു ഇമ്പകരമായ ശബ്ദത്തിൽ വായിക്കുക. അവന്‌ സുരക്ഷിതത്വത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഊഷ്‌മളമായ ബോധമുണ്ടായിരിക്കും, അവൻ ഗ്രഹിക്കുന്നത്‌ എത്ര കുറച്ചായിരുന്നാലും വായന ഒരു ഉല്ലാസപ്രദമായ അനുഭവമായിരിക്കും. പിന്നീട്‌, ഒരുപക്ഷേ ഒരു വിനോദം പോലെ നിങ്ങൾക്ക്‌ അവനെ അക്ഷരമാല പഠിപ്പിക്കാവുന്നതാണ്‌. പിന്നെ വാക്കുകൾ നിർമ്മിക്കുക, ഒടുവിൽ വാക്കുകളെ വാചകങ്ങളായി രൂപപ്പെടുത്തുക. പഠനപ്രക്രിയ സാധ്യമാകുന്നിടത്തോളം സന്തോഷപ്രദമാക്കുക.

9 ദൃഷ്ടാന്തമായി, ഒരു ദമ്പതികൾ തങ്ങളുടെ മൂന്നു വയസ്സുളള കുട്ടി ഓരോ വാക്കും പിന്തുടരത്തക്കവണ്ണം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഉച്ചത്തിൽ വായിക്കും. ചില വാക്കുകൾ വരുമ്പോൾ അവർ നിർത്തും, കുട്ടി “ദൈവം” “യേശു” “മനുഷ്യൻ” “വൃക്ഷം” എന്നിങ്ങനെയുളള വാക്കുകൾ അപ്പോൾ പറയും. ക്രമേണ അവന്‌ പറയാൻ കഴിഞ്ഞ വാക്കുകളുടെ എണ്ണം വർദ്ധിച്ചു. നാലു വയസ്സായപ്പോഴേക്ക്‌ അവൻ മിക്കവാറും എല്ലാ വാക്കുകളും വായിക്കുന്നുണ്ടായിരുന്നു. വായനയോടുകൂടെ എഴുത്തും വരുന്നു, ആദ്യം ഒററപ്പെട്ട അക്ഷരങ്ങളും അനന്തരം പൂർണ്ണപദങ്ങളും. സ്വന്തം പേർ എഴുതുന്നത്‌ ഒരു കുട്ടിയെ പുളകം കൊളളിക്കുന്നു!

10. ഓരോ കുട്ടിയേയും അതിന്റെ സ്വന്തം പ്രാപ്‌തി വികസിപ്പിക്കാൻ സഹായിക്കുന്നതു ബുദ്ധിയായിരിക്കുന്നതെന്തുകൊണ്ട്‌?

10 ഓരോ കുട്ടിയും വ്യത്യസ്‌തമാണ്‌, അനുപമമായ വ്യക്തിത്വത്തോടുകൂടിയതാണ്‌. ഓരോ കുട്ടിയും അവകാശപ്പെടുത്തിയ വ്യക്തിഗതമായ പ്രാപ്‌തിക്കും വാസനയ്‌ക്കും അനുയോജ്യമായി വികാസം പ്രാപിക്കാൻ സഹായിക്കപ്പെടുകയും വേണം. നിങ്ങൾ ഓരോ കുട്ടിയെയും അതിന്റെ അവകാശപ്പെടുത്തിയ ശക്തികളും പ്രാപ്‌തികളും വികസിപ്പിച്ചെടുക്കാൻ പരിശീലിപ്പിക്കുന്നുവെങ്കിൽ മററു കുട്ടികളുടെ നേട്ടങ്ങളിൽ അതിന്‌ അസൂയ തോന്നേണ്ട ആവശ്യമുണ്ടാകുകയില്ല. ഓരോ കുട്ടിയും അതിനായിത്തന്നെ സ്‌നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും വേണം. തെററായ ചായ്‌വുകളെ തരണം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ അതിനെ സഹായിക്കുമ്പോൾ മുൻനിർണ്ണയിക്കപ്പെട്ട ഒരു മൂശയിലേക്ക്‌ അതിനെ തളളിക്കയററാൻ ശ്രമിക്കരുത്‌. പകരം അതിന്റെ സ്വന്തമായ നല്ല വ്യക്തിത്വ സവിശേഷതകളുടെ അത്യുത്തമമായ വിനിയോഗത്തിലേക്ക്‌ അതിനെ നയിക്കുക.

11. ഒരു കുട്ടിയെ മറെറാരു കുട്ടിയോട്‌ പ്രതികൂലമായി താരതമ്യപ്പെടുത്തുന്നത്‌ ബുദ്ധികേടായിരിക്കുന്നതെന്തുകൊണ്ട്‌?

11 മറെറാരു കുട്ടിയോടുളള താരതമ്യത്തിൽ ഒരു കുട്ടിയുടെ ശ്രേഷ്‌ഠതയെ അല്ലെങ്കിൽ അപകർഷതയെ സൂചിപ്പിക്കുന്നതിനാൽ ഒരു പിതാവിനോ മാതാവിനോ സ്വാർത്ഥപരമായ ഒരു മൽസരത്തിന്റെ ആത്മാവ്‌ വളർത്താൻ കഴിയും. കൊച്ചുകുട്ടികൾ ജീവിതത്തിന്റെ പ്രാരംഭത്തിൽത്തന്നെ ജൻമസിദ്ധമായ സ്വാർത്ഥതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെന്നിരിക്കെ, അവർ ആദ്യം സ്ഥാനത്തിന്റെയും ശ്രേഷ്‌ഠതയുടെയും സ്വപ്രാധാന്യത്തിന്റെ വിചാരങ്ങളുടെയും ആശയങ്ങളിൽനിന്ന്‌ വിമുക്തരാണ്‌. അതുകൊണ്ടാണ്‌ യേശുവിന്റെ ശിഷ്യൻമാർ ഒരു പ്രത്യേക സന്ദർഭത്തിൽ പ്രകടമാക്കിയ അതിമോഹത്തിന്റെ ആത്മാവിനെയും വ്യക്തിപരമായ പ്രാധാന്യത്തിലുളള താല്‌പര്യത്തെയും തിരുത്തുന്നതിന്‌ ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ഒരു കൊച്ചുകുട്ടിയെ അവന്‌ ഉപയോഗിക്കാൻ കഴിഞ്ഞത്‌. (മത്തായി 18:1–4) അതുകൊണ്ട്‌ ഒരു കുട്ടിയെ മറെറാരു കുട്ടിയോടു പ്രതികൂലമായി താരതമ്യപ്പെടുത്തുന്നത്‌ ഒഴിവാക്കുക. കുട്ടി ഇത്‌ ഒരു പരിത്യജിക്കലായി എടുത്തേക്കാം. ആദ്യം അതിന്‌ മനോവേദന അനുഭവപ്പെടും; ഈ പെരുമാററം തുടരുന്നുവെങ്കിൽ അതു ശത്രുതയിലേക്കു നീങ്ങിയേക്കാം. മറിച്ച്‌ ശ്രേഷ്‌ഠനായി അവതരിപ്പിക്കപ്പെട്ട കുട്ടി അഹങ്കാരിയായിത്തീരുകയും മററുളളവരുടെ അപ്രീതി സമ്പാദിക്കുകയും ചെയ്‌തേക്കാം. മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങളുടെ സ്‌നേഹവും അംഗീകാരവും ഒരിക്കലും ഒരു കുട്ടി മറെറാരു കുട്ടിയോടുളള താരതമ്യത്തിൽ എങ്ങനെയിരിക്കുന്നുവെന്നുളളതിനെ ആശ്രയിച്ചിരിക്കരുത്‌. വൈവിധ്യം സന്തോഷപ്രദമാണ്‌. ഒരു ഓർക്കെസ്‌ത്രായിക്ക്‌ വൈവിധ്യവും കൊഴുപ്പും വർദ്ധിപ്പിക്കുന്നതിന്‌ വ്യത്യസ്‌ത തരത്തിലുളള അനേകം ഉപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നു, എന്നാൽ എല്ലാം താളൈക്യത്തിലാണ്‌. വ്യത്യസ്‌ത വ്യക്തിത്വങ്ങൾ കുടുംബവൃത്തത്തിന്‌ രസവും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു, എന്നാൽ എല്ലാവരും തങ്ങളുടെ സ്രഷ്ടാവിന്റെ ശരിയായ തത്വങ്ങളോടു തങ്ങളേത്തന്നെ അനുരൂപപ്പെടുത്തുമ്പോൾ ഐക്യത്തിനു തകരാറു സംഭവിക്കുകയില്ല.

വളരാൻ നിങ്ങളുടെ കുട്ടയെ സഹായിക്കുക

12. ഒരു കുട്ടിക്ക്‌ ഉചിതമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന്‌ മുതിർന്നവരെ സംബന്ധിച്ചുളള എന്തു വസ്‌തുതകൾ പ്രകടമാക്കുന്നു?

12 ‘നടക്കുന്ന മനുഷ്യനുളളതല്ല അവന്റെ ചുവടുകളെ നയിക്കുന്നത്‌’ എന്ന്‌ ദൈവവചനം പറയുന്നു. (യിരെമ്യാവ്‌ 10:23) ആണെന്നാണ്‌ മനുഷ്യർ പറയുന്നത്‌. അതുകൊണ്ട്‌ അവർ ദിവ്യമാർഗ്ഗനിർദ്ദേശത്തെ നിരസിക്കുകയും മാനുഷമാർഗ്ഗനിർദ്ദേശം സ്വീകരിക്കുകയും ഒന്നിനു പിറകെ ഒന്നായി പ്രയാസങ്ങളിൽ ചെന്നു ചാടുകയും എല്ലാററിനും ശേഷം ദൈവം സത്യവാനെന്നു തെളിയിച്ചുകൊണ്ട്‌ കലാശിക്കുകയും ചെയ്യുന്നു. ഒരു വഴി മനഷ്യനു ചൊവ്വായി തോന്നുന്നുവെന്നും അതിന്റെ അവസാനം മരണവഴിയാണെന്നും യഹോവയാം ദൈവം പറയുന്നു. (സദൃശവാക്യങ്ങൾ 14:12) മനുഷ്യർക്കു ചൊവ്വുളളതെന്നു തോന്നിയ വഴി അവർ ദീർഘനാളായി സ്വീകരിച്ചിരിക്കുന്നു, എന്നാൽ അത്‌ അവരെ യുദ്ധത്തിലേക്കും ക്ഷാമത്തിലേക്കും രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചിരിക്കുന്നു. മുതിർന്ന പരിചയസമ്പന്നനായ ഒരു മനുഷ്യന്‌ ശരിയെന്നു തോന്നുന്ന വഴി മരണത്തിൽ കാലാശിക്കുന്നുവെങ്കിൽ ഒരു കുട്ടിക്ക്‌ ശരിയെന്നു തോന്നുന്ന വഴിക്കു മറെറവിടെ കലാശിക്കാൻ കഴിയും? തന്റെ കാൽചുവടുകളെ നയിക്കുന്നത്‌ നടക്കുന്ന മനുഷ്യനുളളതല്ലെങ്കിൽ പിച്ചവച്ചു നടക്കുന്ന കുട്ടിയുടെ ജീവിതവഴിയെ നയിക്കുന്നത്‌ അതിനുളളതായിരിക്കാൻ എങ്ങനെ കഴിയും? സ്രഷ്ടാവ്‌ തന്റെ വചനത്തിലൂടെ മാതാപിതാക്കൻമാർക്കും കുട്ടിക്കും മാർഗ്ഗനിർദ്ദേശങ്ങൾ പ്രദാനം ചെയ്യുന്നു.

13, 14. ആവർത്തനം 6:6, 7-ൽ കാണപ്പെടുന്ന ബുദ്ധിയുപദേശത്തിനു ചേർച്ചയായി മാതാപിതാക്കൻമാർക്ക്‌ എങ്ങനെ കുട്ടികളെ പ്രബോധിപ്പിക്കാം?

13 മാതാപിതാക്കൻമാരോടു ദൈവവചനം പറയുന്നു: “ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിലുണ്ടെന്നു തെളിയണം; നീ അവ നിന്റെ പുത്രനെ ഉദ്‌ബോധിപ്പിക്കുകയും നീ നിന്റെ വീട്ടിൽ ഇരിക്കുമ്പോഴും നീ വഴിയിൽ നടക്കുമ്പോഴും നീ കിടക്കുമ്പോഴും നീ എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം.” (ആവർത്തനം 6:6, 7) ഉചിതമായ അവസരങ്ങൾ ലഭിക്കുമ്പോഴൊക്കെയും, ഏതു സമയത്തും എല്ലാ സമയങ്ങളിലും, പ്രബോധനം കൊടുക്കപ്പെടണം. പലർക്കും ജോലിക്കോ സ്‌കൂളിനോ വേണ്ടി ഒരുങ്ങുന്നതു നിമിത്തം രാവിലെ തിരക്കുളള സമയമായിരിക്കാമെങ്കിലും കുടുംബം ഒരുമിച്ചു പ്രഭാതഭക്ഷണം കഴിക്കുന്നുവെങ്കിൽ ഭക്ഷണത്തിനുവേണ്ടിയുളള ഒരു നന്ദിപ്രകടനം ചിന്തകളെ സ്രഷ്ടാവിലേക്കു നയിക്കുന്നതായിരിക്കും, അതിൽ കുടുംബത്തിന്‌ ആത്മീയമൂല്യമുളള മററാശയങ്ങൾ ഉൾക്കൊളളിക്കാവുന്നതാണ്‌. അന്നു ചെയ്യാനുളള പ്രവർത്തനങ്ങളെക്കുറിച്ചോ സ്‌കൂളിനേക്കുറിച്ചോ ഉളള എന്തെങ്കിലും പ്രസ്‌താവനയ്‌ക്കും സംജാതമാകാനിടയുളള പ്രശ്‌നങ്ങളെ നേരിടുന്നതിനുളള നല്ല ബുദ്ധിയുപദേശത്തിനും സമയം ലഭിച്ചേക്കാം. മാതാപിതാക്കൻമാർ, കിടക്കുന്ന സമയത്ത്‌ കുട്ടികൾക്ക്‌ കൂടുതലായ കുറെ ശ്രദ്ധ കൊടുക്കുന്നുവെങ്കിൽ, “നീ കിടക്കുമ്പോൾ” അത്‌ ഒരു സന്തുഷ്ടസമയമായിരിക്കാൻ കഴിയും. കിടക്കുന്ന സമയത്തെ കഥകൾ കുഞ്ഞുങ്ങൾക്ക്‌ വളരെ പ്രധാനമായിരിക്കാൻ കഴിയും, അവ ഒരു നല്ല പഠിപ്പിക്കൽ മാർഗ്ഗമായിരിക്കാവുന്നതാണ്‌, കുട്ടിക്ക്‌ വളരെ ആസ്വാദ്യമാക്കിത്തീർക്കാൻ മാതാപിതാക്കൻമാരുടെ സാമർത്ഥ്യവും ഉത്സാഹവും മാത്രം ആവശ്യമുളള വിവരങ്ങൾകൊണ്ട്‌ ബൈബിൾ നിറഞ്ഞിരിക്കുകയാണ്‌. നിങ്ങളുടെ സ്വന്തം ജീവിതത്തിൽനിന്നുളള വ്യക്തിപരമായ അനുഭവങ്ങൾക്ക്‌ നിങ്ങളുടെ കുട്ടികളെ സംബന്ധിച്ച്‌ പ്രത്യേക ആകർഷണം ഉണ്ടായിരിക്കും. അവയ്‌ക്കു ചില നല്ല പാഠങ്ങൾ പഠിപ്പിക്കാൻ കഴിയും. പുതിയ കഥകൾ പറയാൻ കണ്ടെത്തുന്നത്‌ ഒരു വെല്ലുവിളിയായി തോന്നിയേക്കാമെങ്കിലും മിക്കപ്പോഴും കുട്ടി ഒരേ കഥകൾ വീണ്ടുംവീണ്ടും കേൾക്കാനിഷ്ടപ്പെടുന്നുവെന്ന്‌ നിങ്ങൾ കണ്ടെത്തും. കൂടുതലായ ഈ സമയത്തിന്റെ വിനിയോഗത്താൽ നിങ്ങളുടെ കുട്ടിയുമായുളള ആശയവിനിമയ മാർഗ്ഗങ്ങൾ വളരെയധികം തുറക്കപ്പെടുമെന്ന്‌ നിങ്ങൾ കണ്ടെത്തിയേക്കാം. കുഞ്ഞുങ്ങളുമായി കിടക്കുന്ന സമയത്തെ പ്രാർത്ഥനയ്‌ക്കും അവരെ നയിക്കാനും സംരക്ഷിക്കാനും ഏററവുമധികം സഹായിക്കാൻ കഴിയുന്നവനുമായി നേരത്തെയുളള ആശയവിനിമയബന്ധം സ്ഥാപിക്കുന്നതിനു സഹായിക്കാൻ കഴിയും.—എഫേസ്യർ 3:20; ഫിലിപ്പ്യർ 4:6, 7.

14 നിങ്ങൾ എവിടെയായാലും, ‘വീട്ടിലിരിക്കുകയോ’ ‘വഴിയിൽ’ സഞ്ചരിക്കുകയോ ആയാലും, രസകരവും ഫലകരവുമായ വിധങ്ങളിൽ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കാനുളള അവസരങ്ങൾ നിങ്ങൾക്കുണ്ട്‌. ഇവയിൽ ചിലത്‌ കുട്ടികൾക്ക്‌ ഒരു വിനോദത്തിന്റെ രൂപത്തിലായിരിക്കാവുന്നതാണ്‌. ബൈബിളദ്ധ്യയനത്തിനുവേണ്ടിയുളള ഒരു യോഗത്തിൽ നിന്നുളള ആശയങ്ങൾ ഓർത്തിരിക്കുന്നതിന്‌ കുട്ടികളെ സഹായിക്കുന്നതിന്‌ ഇതെങ്ങനെ പ്രയോജനപ്പെട്ടുവെന്നുളള പിൻവരുന്ന വിവരണം ഒരു ദമ്പതിമാർ നൽകിയതാണ്‌:

‘ഒരു വൈകുന്നേരത്ത്‌ ആറു വയസ്സു പ്രായമുളള ഒരു ആൺകുട്ടിയെ ഞങ്ങൾ കൊണ്ടുപോയി, അവൻ സാധാരണയായി യോഗങ്ങളിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഹാളിലേക്കു പോയപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു: “നമുക്ക്‌, ഒരു കളി നടത്താം. വീട്ടിലേക്ക്‌ മടങ്ങിപ്പോകുന്ന വഴിക്ക്‌ പാടിയ പാട്ടുകളും യോഗത്തിൽ ചർച്ചചെയ്‌ത ചില മുഖ്യ ആശയങ്ങളും നമുക്ക്‌ ഓർക്കാൻ കഴിയുമോ എന്നു നോക്കാം.” വീട്ടിലേക്ക്‌ പോയപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. സാധാരണയായി ശ്രദ്ധയില്ലാഞ്ഞ ഏററവും ഇളയ കുട്ടിക്ക്‌ സംസാരിക്കുന്നതിനുളള ആദ്യ അവസരം കൊടുക്കപ്പെട്ടു. അവൻ പല ആശയങ്ങൾ ഓർത്തു. പിന്നീട്‌ ഞങ്ങളുടെ കുട്ടികൾ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. ഒടുവിൽ മുതിർന്ന ഞങ്ങൾ രണ്ടുപേരും അഭിപ്രായങ്ങൾ പറഞ്ഞു. അവർക്ക്‌ ഇതു ജോലിക്കു പകരം തമാശയായിരുന്നു.’

15. ഒരു കുട്ടിയുടെ നേട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിന്‌ അവനെ എങ്ങനെ പ്രോത്സാഹിപ്പിക്കാവുന്നതാണ്‌?

15 ഒരു കുട്ടി വളർന്ന്‌ പ്രായം കൂടിവരുമ്പോൾ അവൻ ആശയങ്ങൾ പ്രകാശിപ്പിക്കാനും, വസ്‌തുക്കൾ വരയ്‌ക്കാനും ചില ജോലികൾ ചെയ്യാനും ഏതെങ്കിലും സംഗീതോപകരണം അല്‌പമായി വായിക്കാനും പഠിക്കും. അവന്‌ നേട്ടത്തിന്റെ ഒരു ബോധം തോന്നുന്നു. ഒരർത്ഥത്തിൽ അവന്റെ ജോലി അവന്റെതന്നെ ഒരു വികസനമാണ്‌. അത്‌ അവന്‌ വളരെ വ്യക്തിപരമാണ്‌. നിങ്ങൾ അതു നോക്കി ‘കൊളളാം’ എന്നു പറഞ്ഞാൽ അവന്റെ ഊർജ്ജസ്വലത കുതിച്ചുയരുന്നു. നിങ്ങൾക്ക്‌ ആത്മാർത്ഥമായി പ്രശംസിക്കാൻ കഴിയുന്ന എന്തെങ്കിലും അവന്റെ വേലയിൽ കണ്ടെത്തുക, എന്നാൽ അവൻ പ്രോത്സാഹിതനാകും. അതിനെ കർക്കശമായി വിമർശിക്കുക, എന്നാൽ അവൻ മ്‌ളാനവദനനായി നിരുത്സാഹിതനാകാനിടയുണ്ട്‌. ആവശ്യമെങ്കിൽ അതിന്റെ ഒരു വശം സംബന്ധിച്ച്‌ ഒരു ചോദ്യം ഉന്നയിക്കുക, എന്നാൽ അത്‌ അവന്റെ വേലയുടെ ഒരു നിരസനമായിത്തീരാനനുവദിക്കരുത്‌. ദൃഷ്ടാന്തമായി, അവൻ വരച്ച ചിത്രമെടുത്ത്‌ അതു നന്നാക്കുന്നതിനുപകരം നിങ്ങൾക്കു മറെറാരു കടലാസിൽ എന്തെങ്കിലും മേൻമ വരുത്തി വരച്ചുകാണിക്കാവുന്നതാണ്‌. അവൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്‌ അവന്റെ സ്വന്തം പടം ശരിപ്പെടുത്തുന്നതിന്‌ അവനെ അനുവദിക്കുന്നു. അവന്റെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ നിങ്ങൾ അവന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു; അവനെ പരുഷമായി വിമർശിക്കുന്നതിനാൽ നിങ്ങൾ അവനെ നിരുത്സാഹപ്പെടുത്തുകയോ, ശ്രമിക്കാനുളള അവന്റെ ആഗ്രഹത്തെ വീർപ്പുമുട്ടിക്കുകയോ ചെയ്‌തേക്കാം: ഉവ്വ്‌, ഗലാത്യർ 6:4-ലെ തത്വം കുട്ടികൾക്കും ബാധകമാകാം: “അവൻ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവന്‌ തന്നേക്കുറിച്ചുമാത്രം ആഹ്‌ളാദിക്കുന്നതിനു കാരണമുണ്ടായിരിക്കും, അല്ലാതെ മറേറയാളിനോടുളള താരതമ്യത്തിലായിരിക്കയില്ല.” ഒരു കുട്ടിക്ക്‌ വിശേഷാൽ അവന്റെ ആദ്യശ്രമങ്ങൾക്ക്‌ പ്രോത്സാഹനം ആവശ്യമാണ്‌. പ്രവർത്തനം അവന്റെ പ്രായത്തെ അപേക്ഷിച്ചു നന്നായിരിക്കുമ്പോൾ അതിനെ പ്രശംസിക്കുക! നല്ലതല്ലെങ്കിൽ ശ്രമത്തിനുവേണ്ടി പ്രശംസിക്കുകയും മറെറാരു ശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഏതായാലും അവൻ ആദ്യശ്രമം കൊണ്ടുതന്നെ നടക്കാൻ പഠിച്ചില്ല.

ഞാൻ ലൈംഗികവിഷയം എങ്ങനെ വിശദീകരിക്കും?

16. ബൈബിൾ പറയുന്നതിന്റെ വീക്ഷണത്തിൽ ലൈംഗിക കാര്യങ്ങളെക്കുറിച്ചുളള കുട്ടിയുടെ ചോദ്യങ്ങൾക്ക്‌ ഏതുതരം ഉത്തരങ്ങൾ കൊടുക്കണം?

16 നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം കൊടുക്കുകയും ആശയവിനിയമം ചെയ്യാൻ അവനെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളോടു ലൈംഗികവിഷയത്തെക്കുറിച്ചു പെട്ടെന്നു ചോദിക്കപ്പെടുന്നു. നിങ്ങൾ സ്വതന്ത്രമായി ഉത്തരം കൊടുക്കുന്നുവോ അതോ കുഞ്ഞാങ്ങളയെ അല്ലെങ്കിൽ കുഞ്ഞുപെങ്ങളെ ആശുപത്രിയിൽ നിന്ന്‌ വാങ്ങിച്ചതാണ്‌ എന്നു പറയുന്നതുപോലെ വഴിതെററിക്കുന്ന എന്തെങ്കിലും ഉത്തരം നിങ്ങൾ കൊടുക്കുന്നുവോ? നിങ്ങൾ ശരിയായ അറിവു പറഞ്ഞുകൊടുക്കുമോ, അതോ പ്രായക്കൂടുതലുളള കുട്ടികളിൽനിന്ന്‌ ഒരുപക്ഷേ ഒരു സഭ്യമല്ലാത്ത സന്ദർഭത്തിൽ മോശപ്പെട്ട, തെററുപോലുമായ, ഉത്തരം ലഭിക്കാൻ കുട്ടികളെ അനുവദിക്കുന്നുവോ? ലൈംഗികതയോടോ ലൈംഗികാവയവങ്ങളോടോ ബന്ധപ്പെട്ട നിരവധി കാര്യങ്ങളെക്കുറിച്ചുളള സ്വതന്ത്രമായ പരാമർശങ്ങൾ ബൈബിളിലടങ്ങിയിട്ടുണ്ട്‌. (ഉല്‌പത്തി 17:11; 18:11; 30:16, 17; ലേവ്യപുസ്‌തകം 15:2) ദൈവവചനം വായിക്കാനുളളടമായ സമ്മേളനങ്ങളെക്കുറിച്ച്‌ തന്റെ ജനത്തെ പ്രബോധിപ്പിച്ചപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “ജനത്തെ, പുരുഷൻമാരെയും സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും വിളിച്ചു കൂട്ടുക. അവർ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യേണ്ടതിനുതന്നെ.” (ആവർത്തനം 31:12) അതുകൊണ്ട്‌ കൊച്ചുകുട്ടികൾ “തെരുവുസംസാര”ത്തിന്റെ രൂപത്തിലല്ല, പിന്നെയോ ഗൗരവാവഹവും മാന്യവുമായ അന്തരീക്ഷത്തിൽ അത്തരം ഏതു പരാമർശനങ്ങളും കേൾക്കുമായിരുന്നു.

17-19. ലൈംഗിക കാര്യങ്ങളുടെ വിശദീകരണങ്ങൾ ക്രമാനുഗതമായി എങ്ങനെ കൊടുക്കാം?

17 യഥാർത്ഥത്തിൽ, ലൈംഗിക വിഷയത്തിന്റെ വിശദീകരണം അനേകം മാതാപിതാക്കൻമാർ സങ്കൽപ്പിക്കുന്നതുപോലെ പ്രയാസകരമായിരിക്കേണ്ടതില്ല. കുട്ടികൾ വിവിധഭാഗങ്ങൾ കണ്ടുപിടിച്ചുകൊണ്ട്‌ വളരെ നേരത്തെതന്നെ അവരുടെ ശരീരങ്ങളെക്കുറിച്ച്‌ അറിവുളളവരായിത്തീരുന്നു. നിങ്ങൾ കുട്ടിക്കുവേണ്ടി അവയുടെ പേർ പറയുന്നു: കൈകൾ, പാദങ്ങൾ, മൂക്ക്‌, വയറ്‌, നിതംബം, പുരുഷജനനേന്ദ്രിയം, സ്‌ത്രീലിംഗം. നിങ്ങൾ പെട്ടെന്ന്‌ വിഷയം മാററി ലൈംഗികാവയവങ്ങളെ രഹസ്യമാക്കിവെക്കാത്തപക്ഷം കൊച്ചുകുട്ടിക്കു ബുദ്ധിമുട്ടുതോന്നുകയില്ല. ചോദ്യം തുടങ്ങുമ്പോൾ തങ്ങൾക്ക്‌ എല്ലാം വിശദീകരിക്കേണ്ടിവരുമെന്നു ചിന്തിക്കുന്നതാണ്‌ മാതാപിതാക്കൻമാരെ ഭയപ്പെടുത്തുന്നത്‌. യഥാർത്ഥത്തിൽ, കുട്ടി വളർച്ചയുടെ വ്യത്യസ്‌തഘട്ടങ്ങളിലെത്തുമ്പോൾ തുണ്ടുതുണ്ടായിട്ടാണ്‌ ചോദ്യങ്ങൾ വരുന്നത്‌. വ്യത്യസ്‌തഘട്ടങ്ങളിലെത്തുമ്പോൾ നിങ്ങൾ ഉചിതമായ പദസഞ്ചയവും വളരെ ലളിതവും സാമാന്യവുമായ വിശദീകരണങ്ങളും കൊടുക്കേണ്ട ആവശ്യമേയുളളു.

18 ദൃഷ്ടാന്തമായി, ‘കുഞ്ഞുങ്ങൾ എവിടെനിന്നാണ്‌ വരുന്നത്‌?’ എന്നാണ്‌ നിങ്ങളോടു ചോദിക്കുന്നത്‌. ‘അവർ അവരുടെ അമ്മമാരുടെ വയറിനുളളിൽ വളരുന്നു’ എന്നോ മറേറാ മാത്രം പറഞ്ഞ്‌ നിങ്ങൾക്ക്‌ ഉത്തരം കൊടുക്കാൻ കഴിയും. സാധാരണയായി, അതു മാത്രമേ ഇപ്പോൾ ആവശ്യമായിരിക്കുന്നുളളു. പിന്നീട്‌ ‘കുഞ്ഞ്‌ എങ്ങനെയാണ്‌ പുറത്തു വരുന്നത്‌?’ എന്നു നിങ്ങളുടെ കുട്ടി ചോദിച്ചേക്കാം. ‘ഒരു പ്രത്യേക ദ്വാരം അതിനുണ്ട്‌.’ സാധാരണയായി, തൽക്കാലം അതു തൃപ്‌തിപ്പെടുത്തുന്നു.

19 കുറെക്കാലം കഴിഞ്ഞ്‌ ‘കുഞ്ഞ്‌ എങ്ങനെയാണ്‌ ഉണ്ടായത്‌?’ എന്ന ചോദ്യം ഉണ്ടായേക്കാം. നിങ്ങളുടെ ഉത്തരം ഇങ്ങനെയായിരിക്കാം: ‘ഒരു അപ്പനും അമ്മയും ഒരു കുട്ടി വേണമെന്നാഗ്രഹിക്കുന്നു. അപ്പനിൽ നിന്നുളള ഒരു വിത്ത്‌ അമ്മയിലെ ഒരു അണ്ഡകോശവുമായി കൂടിച്ചേരുകയും കുഞ്ഞു വളരാൻ തുടങ്ങുകയും ചെയ്യുന്നു, നിലത്തെ ഒരു വിത്ത്‌ ഒരു പുഷ്‌പമോ ഒരു വൃക്ഷമോ ആയി വളരുന്നതുപോലെതന്നെ’. അങ്ങനെ, അത്‌ ഒരു തുടർച്ചയായ കഥയാണ്‌, ഓരോ ഭാഗവും കുട്ടിയെ തൽക്കാലത്തേക്ക്‌ തൃപ്‌തിപ്പെടുത്താൻ മതിയായതാണ്‌. ‘അപ്പന്റെ വിത്ത്‌ അമ്മയിൽ പ്രവേശിക്കുന്നതെങ്ങനെയാണ്‌?’ എന്ന്‌ കുട്ടി പിന്നീട്‌ ചോദിച്ചേക്കാം. നിങ്ങൾക്കു കേവലം ഇങ്ങനെ പറയാവുന്നതാണ്‌: ‘ഒരു ആൺകുട്ടി എങ്ങനെയാണെന്ന്‌ നിനക്കറിയാമല്ലോ. അവന്‌ ഒരു ലിംഗമുണ്ട്‌. അതു കടക്കുന്ന ഒരു ദ്വാരം പെൺകുട്ടിക്ക്‌ അവളുടെ ശരീരത്തിലുണ്ട്‌. വിത്തു നടുന്നു. ശിശുക്കൾ ഉത്ഭവിക്കാനും അമ്മയുടെ ഉളളിൽ വളരാനും ഒടുവിൽ ഒരു ശിശുവായി പുറത്തുവരാനും കഴിയത്തക്കവണ്ണമാണ്‌ ആളുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌.’

20. ലൈംഗികവിഷയം സംബന്ധിച്ച വിശദീകരണങ്ങൾ മാതാപിതാക്കൻമാർതന്നെ തങ്ങളുടെ കുട്ടികൾക്കു കൊടുക്കുന്നതു നല്ലതായിരിക്കുന്നതെന്തുകൊണ്ട്‌?

20 ഈ സത്യസന്ധമായ സമീപനം തീർച്ചയായും കളളക്കഥകളേക്കാൾ മെച്ചമാണ്‌, അല്ലെങ്കിൽ വിഷയത്തെ അരോചകമായ എന്തോപോലെ തോന്നിക്കുന്ന “പരമരഹസ്യ”മാക്കിവെക്കുന്ന പ്രതികരണത്തെക്കാൾ മെച്ചമാണ്‌. (തീത്തോസ്‌ 1:15 താരതമ്യപ്പെടുത്തുക.) കുട്ടി വസ്‌തുതകൾ അതിന്റെ മാതാപിതാക്കൻമാരിൽനിന്ന്‌ കേൾക്കുന്നതും മെച്ചമാണ്‌, കാരണം അന്യോന്യം സ്‌നേഹിക്കുന്നവരും ശിശുവിനെ സ്‌നേഹിക്കാനും പരിപാലിക്കാനുമുളള ഉത്തരവാദിത്തം ഏറെറടുത്തിട്ടുളളവരുമായ വിവാഹിതരിൽ നിന്നുമാത്രം ശിശുക്കൾ ഉളവാകേണ്ടതിന്റെ കാരണങ്ങൾ അവർക്ക്‌ അവരുടെ വിശദീകരണങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്‌. ഇത്‌ എല്ലാം അശുദ്ധമെന്നു തോന്നിക്കുന്ന ഒരു രംഗസംവിധാനത്തിൽ ഈ വിഷയം പഠിക്കുന്നതിനുപകരം അതിനെ ആരോഗ്യാവഹവും ആത്മീയവുമായ ഒരു തലത്തിൽ പ്രതിഷ്‌ഠിക്കുന്നു.

ജീവിതത്തിലെ അത്യന്തം പ്രധാനപ്പെട്ട പാഠങ്ങൾ നൽകുന്നു

21. കുട്ടികളിലെ ഏതു പ്രവണതയുടെ വീക്ഷണത്തിൽ മാതാപിതാക്കൻമാർ തങ്ങളുടെ സന്താനങ്ങൾക്കുവേണ്ടി നല്ല ദൃഷ്ടാന്തം വെക്കുന്നത്‌ പ്രധാനമാണ്‌?

21 ഒരിക്കൽ യേശു തന്റെ കാലത്തെ ആളുകളെ “ചന്തകളിലിരുന്ന്‌ ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, എന്നാൽ നിങ്ങൾ നൃത്തം ചെയ്‌തില്ല; ഞങ്ങൾ വിലപിച്ചു, എന്നാൽ നിങ്ങൾ അലച്ചില്ല’” എന്ന്‌ പറഞ്ഞുകൊണ്ട്‌ തങ്ങളുടെ കളിത്തോഴരോട്‌ ഉൽക്രോശിക്കുന്ന കൊച്ചുകുട്ടികളോട്‌ ഉപമിച്ചു. (മത്തായി 11:16, 17) കുട്ടികളുടെ കളികൾ പ്രായമായവരേയും അവരുടെ ഉത്‌സവങ്ങളെയും ശവസംസ്‌കാരങ്ങളെയും അനുകരിച്ചുകൊണ്ടായിരുന്നു. അനുകരിക്കാനുളള കുട്ടികളുടെ സ്വാഭാവിക പ്രവണത നിമിത്തം മാതാപിതാക്കൻമാരുടെ മാതൃക ഒരു കുട്ടിയുടെ പരിശീലനത്തിൽ മർമ്മപ്രധാനമായ പങ്കു വഹിക്കുന്നു.

22. മാതാപിതാക്കൻമാരുടെ നടത്തയ്‌ക്ക്‌ അവരുടെ മക്കളുടെ മേൽ എന്തു ഫലമുണ്ടായിരിക്കാം?

22 ജനനസമയം മുതൽ നിങ്ങളുടെ ശിശു നിങ്ങളിൽനിന്നു പഠിക്കുന്നുണ്ട്‌—നിങ്ങൾ പറയുന്നതിൽ നിന്നു മാത്രമല്ല, നിങ്ങൾ അത്‌ എങ്ങനെ പറയുന്നുവെന്നതിൽ നിന്നും നിങ്ങൾ ശിശുവിനോടു തന്നെയും നിങ്ങളുടെ ഇണയോടും മററുളളവരോടും സംസാരിക്കുമ്പോഴുപയോഗിക്കുന്ന സ്വരത്തിൽനിന്നും പഠിക്കുന്നുണ്ട്‌. മാതാപിതാക്കൻമാർ അന്യോന്യവും കുടുബത്തിലെ മററംഗങ്ങളോടും സന്ദർശകരോടും ഇടപെടുന്ന വിധങ്ങളെയും അതു നിരീക്ഷിക്കുന്നു. ഇവയിലുളള നിങ്ങളുടെ ദൃഷ്ടാന്തത്തിന്‌ നിങ്ങളുടെ കുട്ടി നടക്കാനോ എണ്ണാനോ പഠിക്കുന്നതിനേക്കാൾ അല്ലെങ്കിൽ അക്ഷരങ്ങൾ പഠിക്കുന്നതിനേക്കാൾ വളരെയേറെ മർമ്മപ്രധാനമായ പാഠങ്ങൾ പഠിപ്പിച്ചു തുടങ്ങാൻ കഴിയും. അതിന്‌ യഥാർത്ഥ ജീവിത സൗഭാഗ്യത്തിലേക്ക്‌ നയിക്കുന്ന അറിവിനും വിവേകത്തിനും അടിസ്ഥാനമിടാൻ കഴിയും. ആ ദൃഷ്ടാന്തത്തിന്‌ കുട്ടിക്ക്‌ സംസാരത്താലും വായനയാലും പഠിപ്പിക്കപ്പെടാൻ തക്ക പ്രായമാകുമ്പോൾ അതിനെ നീതിപ്രമാണങ്ങളുടെ ആശയവിനിമയത്തിന്‌ സ്വീകാര്യക്ഷമതയുളളവനാക്കിത്തീർക്കാൻ കഴിയും.

23, 24. തങ്ങളുടെ മക്കൾ ചില നിലവാരങ്ങളിലെത്തണമെന്ന്‌ മാതാപിതാക്കൻമാരാഗ്രഹിക്കുന്നുവെങ്കിൽ, അവർതന്നെ എന്തു ചെയ്യാൻ മനസ്സുളളവരായിരിക്കണം?

23 “പ്രിയമക്കൾ എന്നപോലെ, ദൈവത്തിന്റെ അനുകാരികളായിത്തീരുകയും സ്‌നേഹത്തിൽ നടക്കുകയും ചെയ്യുക” എന്നാണ്‌ ക്രിസ്‌ത്യാനികളോടുളള അപ്പോസ്‌തലന്റെ പ്രബോധനം. ഇതിനു തൊട്ടുമുമ്പ്‌, ദൈവത്തെ അനുകരിക്കുന്നതിന്‌ എന്താവശ്യമാണെന്ന്‌ പ്രകടമാക്കിക്കൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ദ്രോഹപൂർവ്വകമായ എല്ലാ കയ്‌പും കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും സകല വഷളത്വത്തോടുംകൂടെ നിങ്ങളിൽനിന്ന്‌ നീക്കപ്പെടട്ടെ. എന്നാൽ ദൈവവും ക്രിസ്‌തു മുഖാന്തിരം നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെ അന്യോന്യം സൗജന്യമായി ക്ഷമിച്ചുകൊണ്ട്‌ അന്യോന്യം ദയയും കരുണാർദ്രമായ അനുകമ്പയുമുളളവരായിത്തീരുക. അതുകൊണ്ട്‌ . . . പ്രിയമക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികളായിത്തീരുക.” (എഫേസ്യർ 4:31, 32; 5:1, 2) ഒരു ശിശു കേൾക്കുന്ന ശബ്ദങ്ങൾ അല്ലെങ്കിൽ കാണുന്ന പ്രവൃത്തികൾ ഉച്ചത്തിലുളള രൂക്ഷമായ സംസാരവും പിറുപിറുത്തുകൊണ്ടുളള പരാതിയും ധാർഷ്ട്യവും പൊട്ടിത്തെറിക്കുന്ന കോപവും പോലെ പ്രകോപനത്തിന്റെ പാഠങ്ങൾ ആണ്‌ പഠിപ്പിക്കുന്നതെങ്കിൽ, മായിക്കാൻ പ്രയാസമായ ഒരു ധാരണയാണ്‌ ഉളവാക്കപ്പെടുന്നത്‌. നിങ്ങൾ എല്ലാവരോടും ദയയും പരിഗണനയുമുളളയാളാണെങ്കിൽ, നിങ്ങളുടെ ധാർമ്മികപ്രമാണങ്ങൾ ഉയർന്നതും നിങ്ങളുടെ തത്വങ്ങൾ നല്ലതുമാണെങ്കിൽ, അപ്പോൾ നിങ്ങളുടെ കുട്ടി ഇതിൽ നിങ്ങളെ അനുകരിക്കാൻ ചായ്‌വു കാണിക്കും. നിങ്ങളുടെ മക്കൾ പ്രവർത്തിക്കാൻ നിങ്ങളാഗ്രഹിക്കുന്ന വിധത്തിൽ പ്രവർത്തിക്കുക, നിങ്ങളുടെ മക്കൾ ആയിത്തീരാൻ നിങ്ങളാഗ്രഹിക്കുന്ന വിധത്തിൽ ആയിരിക്കുക.

24 മാതാപിതാക്കൻമാർക്ക്‌ രണ്ടുതരം തത്വങ്ങളുണ്ടായിരിക്കരുത്‌, ഒന്നു പ്രസംഗിക്കാനും ഒന്നു പ്രാവർത്തികമാക്കാനും, ഒന്നു കുട്ടികൾക്കുവേണ്ടിയും മറേറതു തങ്ങൾക്കുവേണ്ടിയും. നിങ്ങൾതന്നെ കളളം പറയുന്നുവെങ്കിൽ കളളം പറയരുതെന്ന്‌ നിങ്ങളുടെ കുട്ടികളോടു പറയുന്നതുകൊണ്ട്‌ എന്തു പ്രയോജനം? അവരോടുളള നിങ്ങളുടെ വാഗ്‌ദാനങ്ങളെ നിങ്ങൾ ലംഘിക്കുകയാണെങ്കിൽ നിങ്ങളോടുളള അവരുടെ വാഗ്‌ദാനങ്ങൾ അവർ പാലിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? മാതാപിതാക്കൻമാർ അന്യോന്യം ആദരവുളളവരല്ലെങ്കിൽ അവരുടെ കുട്ടി എങ്ങനെ ആദരവു പഠിക്കാൻ അവർക്കു പ്രതീക്ഷിക്കാൻ കഴിയും? കുട്ടി അവന്റെ അപ്പനോ അമ്മയോ ഒരിക്കലും താഴ്‌മ പ്രകടിപ്പിക്കുന്നതു കേൾക്കുന്നില്ലെങ്കിൽ, താഴ്‌മക്ക്‌ അവന്റെ പ്രമാണമായിത്തീരാൻ എങ്ങനെ കഴിയും? ഒരു പിതാവ്‌ താൻ എപ്പോഴും ശരിയാണെന്നുളള ധാരണ കൊടുക്കുന്നതിന്റെ ഗുരുതരമായ ഒരു അപകടം, അപൂർണ്ണവും പാപപൂർണ്ണവുമായ സ്വഭാവം പ്രത്യക്ഷമാക്കുന്നതും തെററുമായ കാര്യങ്ങൾ ചെയ്യുമ്പോൾപോലും പിതാവു ചെയ്യുന്നതെല്ലാം ശരിയാണെന്ന്‌ കുട്ടി വിചാരിച്ചേക്കാമെന്നുളളതാണ്‌. പറയുന്നതല്ലാതെ ചെയ്യാതിരിക്കുന്നത്‌ കപടഭക്തരായ പരീശൻമാരെപ്പോലെയാകുകയാണ്‌, അവരെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “അവർ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുകയും അനുഷ്‌ഠിക്കുകയും ചെയ്യുക, എന്നാൽ അവരുടെ പ്രവൃത്തികൾക്കനുസൃതമായി ചെയ്യരുത്‌, എന്തുകൊണ്ടെന്നാൽ അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” അതുകൊണ്ട്‌ മാതാപിതാക്കൻമാരേ, നിങ്ങളുടെ കുടുബത്തിൽ കൊച്ചുപരീശൻമാരെ നിങ്ങളാഗ്രഹിക്കുന്നില്ലെങ്കിൽ വലിയ പരീശൻമാരായിരിക്കരുത്‌!—മത്തായി 23:3.

25. സ്‌നേഹത്തെക്കുറിച്ച്‌ കുട്ടികളെ എങ്ങനെ പഠിപ്പിക്കണം?

25 കുട്ടികൾ സ്‌നേഹം കാണുന്നതിനാൽ ആദ്യം അതിനെക്കുറിച്ചു പഠിക്കുന്നു, അവർ സ്‌നേഹം സ്വീകരിക്കുന്നതിനാൽ അത്‌ കൊടുക്കാൻ പഠിക്കുന്നു. സ്‌നേഹം വിലയ്‌ക്ക്‌ വാങ്ങാൻ കഴികയില്ല. മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക്‌ സമ്മാനങ്ങൾ ധാരാളമായി കൊടുത്തേക്കാം. എന്നാൽ സ്‌നേഹം മുഖ്യമായി ഒരു ആത്മീയസംഗതിയാണ്‌, ഹൃദയത്തിന്റേതാണ്‌. അല്ലാതെ പേഴ്‌സിന്റേതല്ല. സമ്മാനങ്ങൾക്കു മാത്രം ഒരിക്കലും യഥാർത്ഥ സ്‌നേഹത്തിന്‌ പകരമായിരിക്കാൻ കഴിയുകയില്ല. സ്‌നേഹം വിലയ്‌ക്ക്‌ വാങ്ങാൻ ശ്രമിക്കുന്നതു അതിന്റെ വില കുറയ്‌ക്കുന്നു. ഭൗതികസമ്മാനങ്ങളെക്കാളധികമായി, നിങ്ങളെത്തന്നെ, നിങ്ങളുടെ സമയവും ഊർജ്ജവും സ്‌നേഹവും, കൊടുക്കുക. നിങ്ങൾക്ക്‌ സമാനമായ അളവിൽ കിട്ടും. (ലൂക്കോസ്‌ 6:38) ദൈവത്തോടുളള നമ്മുടെ സ്‌നേഹത്തെക്കുറിച്ച്‌ 1 യോഹന്നാൻ 4:19 പറയുന്നതുപോലെ: “അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട്‌ നാം സ്‌നേഹിക്കുന്നു.”

26, 27. കൊടുക്കുന്നതിൽ നിന്ന്‌ ലഭിക്കുന്ന സന്തോഷം കുട്ടികൾക്ക്‌ എങ്ങനെ മനസ്സിലാക്കിക്കൊടുക്കാം?

26 സ്വീകരിക്കുന്നതിനാൽ കുട്ടികൾക്കു കൊടുക്കലിനെക്കുറിച്ച്‌ പഠിക്കാൻ കഴിയും. കൊടുക്കുന്നതിന്റെ, സേവിക്കുന്നതിന്റെ, പങ്കുവെയ്‌ക്കുന്നതിന്റെ, സന്തോഷം മനസ്സിലാക്കാൻ അവരെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക്‌, മററു കുട്ടികൾക്ക്‌, മുതിർന്നവർക്ക്‌, കൊടുക്കുന്നതിൽ സന്തോഷമുണ്ടെന്നു കാണാൻ അവരെ സഹായിക്കുക. മിക്കപ്പോഴും മുതിർന്നവർ കുട്ടികൾ നൽകുന്ന സമ്മാനങ്ങൾ അവർതന്നെ എടുത്തുകൊളളാൻ അനുവദിക്കുന്നത്‌ സ്‌നേഹം പ്രകടമാക്കുന്നതാണെന്ന്‌ തെററായി ചിന്തിച്ചുകൊണ്ട്‌ അവരുടെ സമ്മാനങ്ങൾ സ്വീകരിക്കാനാഗ്രഹിക്കുന്നില്ല. ഒരു മനുഷ്യൻ ഇങ്ങനെ പ്രസ്‌താവിച്ചു:

“ഒരു കുട്ടി അവന്റെ മിഠായിയിൽ കുറെ എനിക്കു തന്നപ്പോൾ ഞാൻ നിരസിച്ചിരുന്നു. അവന്‌ വളരെയധികം ഇഷ്ടമുളളതെന്ന്‌ എനിക്കറിയാമായിരുന്നതു സ്വീകരിക്കാതിരിക്കുന്നതിനാൽ ഞാൻ ദയ കാണിക്കുകയാണെന്ന്‌ ഞാൻ വിചാരിച്ചു. എന്നാൽ ഞാൻ വിസമ്മതിക്കുകയും അതെല്ലാം അവൻതന്നെ എടുത്തുകൊളളാൻ അനുവദിക്കുകയും ചെയ്‌തപ്പോൾ, കുട്ടി പ്രകടമാക്കുമെന്നു ഞാൻ വിചാരിച്ച സന്തോഷം ഞാൻ കണ്ടില്ല. അപ്പോൾ ഞാൻ അവന്റെ ഔദാര്യത്തെ, അവന്റെ സമ്മാനങ്ങളെ, അവനെ, നിരസിക്കുകയാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. പിന്നീട്‌ ഞാൻ കൊടുക്കലിന്റെ സന്തോഷം അവൻ അറിയാനിടയാക്കുന്നതിന്‌ എല്ലായ്‌പ്പോഴും അങ്ങനെയുളള സമ്മാനങ്ങൾ സ്വീകരിച്ചു.”

27 ഒരു കുടുംബത്തിലെ മാതാപിതാക്കൻമാർ ബൈബിളിൽ 1 തിമൊഥെയോസ്‌ 6:18–ൽ വർണ്ണിച്ചിരിക്കുന്നവരെപ്പോലെ “ഔദാര്യമുളളവനും പങ്കുവെക്കാൻ ഒരുക്കമുളളവനു”മായിത്തീരാൻ തങ്ങളുടെ കൊച്ചു പുത്രനെ സഹായിക്കാനാഗ്രഹിച്ചു. അതുകൊണ്ട്‌ ബൈബിൾ പഠനത്തിനുളള ഒരു സ്ഥലത്തു ഹാജരാകുമ്പോൾ അവർ സംഭാവന ചെയ്യാനിരിക്കുന്ന പണം സംഭാവനപ്പെട്ടിയിലിടാൻ അവനെ അനുവദിച്ചുകൊണ്ട്‌ പണം അവനെ ഏൽപ്പിക്കുമായിരുന്നു. ഇത്‌ ആത്മീയകാര്യങ്ങൾക്കു പിൻതുണ കൊടുക്കുന്നതിന്റെയും അവയിൽ ഉൾപ്പെട്ടിരിക്കാവുന്ന ഏതു ഭൗതികാവശ്യങ്ങളും സാധിച്ചുകൊടുക്കുന്നതിന്റെയും മൂല്യം അവനെ ബോദ്ധ്യപ്പെടുത്താൻ സഹായിച്ചു.

28, 29. തെററുകൾക്കു ക്ഷമായാചനം ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ എങ്ങനെ പഠിപ്പിക്കാം?

28 ശരിയായ പ്രബോധനത്തോടുകൂടെ നല്ല മാതൃകയുമുണ്ടെങ്കിൽ കുട്ടികൾക്കു സ്‌നേഹിക്കാൻ പഠിക്കുന്നതിനു കഴിയും, അതുപോലെ തന്നെ ഉചിതമായിരിക്കുമ്പോൾ ക്ഷമായാചനം ചെയ്യുന്നതിനും അവർക്കു പഠിക്കാൻ കഴിയും. ഒരു പിതാവ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ കുട്ടികളോട്‌ ഒരു തെററു ചെയ്യുമ്പോൾ ഞാൻ അത്‌ അവരുടെ മുമ്പാകെ സമ്മതിക്കുന്നു. ഞാൻ എന്തുകൊണ്ടാണ്‌ തെററു ചെയ്‌തതെന്നും ഞാൻ തെററിപ്പോയി എന്നും വളരെ ഹ്രസ്വമായി ഞാൻ അവരോടു പറയുന്നു. ഇതു ഞാൻ പൂർണ്ണനല്ലെന്നും എനിക്കു കാര്യം മനസ്സിലാകുമെന്നും അറിഞ്ഞുകൊണ്ട്‌ അവരുടെ തെററുകൾ സമ്മതിക്കുന്നത്‌ അവർക്ക്‌ കൂടുതൽ സുകരമാക്കിത്തീർക്കുന്നു. ഒരു അപരിചിതൻ ഒരു കുടുംബത്തെ സന്ദർശിക്കുകയും പിതാവ്‌ കുടുംബാംഗങ്ങളെ അയാൾക്കു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്‌ത ഒരു സന്ദർഭം ഈ വീക്ഷണഗതിയെ ഉദാഹരിക്കുന്നതായിരുന്നു. സന്ദർശകൻ ഇങ്ങനെ പ്രസ്‌താവിച്ചു:

“സന്നിഹിതരായിരുന്ന എല്ലാവരേയും പരിചയപ്പെടുത്തി. അപ്പോൾ ഒരു കൊച്ചുകുട്ടി ചിരിച്ചുകൊണ്ട്‌ മുറിയിലേക്കു വന്നു. പിതാവ്‌, ‘ഇതാണ്‌ ഞങ്ങളുടെ ഒടുവിലത്തെ പുത്രൻ, ഷർട്ടിൽ ജാമും തേച്ചുവന്നിരിക്കുന്നവൻ’ എന്നു പറഞ്ഞു. കുട്ടിയുടെ പുഞ്ചിരി അപ്രത്യക്ഷമായി, അവന്റെ മുഖത്ത്‌ വേദന നിഴലിച്ചു. ആകുലത കണ്ണുനീർ വരുത്തുമെന്നുകണ്ട്‌ പിതാവ്‌ പെട്ടെന്ന്‌ കുട്ടിയെ തന്റെ അടുക്കലേക്കു വലിച്ചു അവനോട്‌: ‘ഞാൻ അങ്ങനെ പറയരുതായിരുന്നു, എനിക്കു ഖേദമുണ്ട്‌’ എന്നു പറഞ്ഞു. കുട്ടി ഒരു നിമിഷം വിങ്ങിക്കരഞ്ഞിട്ടു മുറിവിട്ടുപോയി. എന്നാൽ പെട്ടെന്നു തിരിച്ചുവന്നു, കുറേക്കൂടെ വലിയ പുഞ്ചിരിയോടെ—അവൻ പുതുമയുളള, ശുദ്ധമായ ഒരു ഷർട്ട്‌ ധരിച്ചിരുന്നു.”

29 തീർച്ചയായും അത്തരം താഴ്‌ചയാൽ വാത്സല്യത്തിന്റെ ബന്ധങ്ങൾ ബലിഷ്‌ഠമാക്കപ്പെടുന്നു. തീർച്ചയായും, പിന്നീട്‌ ചെറുതും വലുതുമായ ജീവിതപ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ഒരു സന്തുലിത വീക്ഷണം എങ്ങനെ സ്വീകരിക്കണമെന്ന്‌ ഒരു പിതാവിന്‌ കുട്ടിയോടു വിശദീകരിക്കാൻ കഴിയും. നിസ്സാരസംഗതികളെ വളരെ ഗൗരവമായി വീക്ഷിക്കാതെ തങ്ങളെക്കുറിച്ചുതന്നെ ചിരിക്കാൻ പ്രാപ്‌തരായിരിക്കുന്നതിനും, അവരിൽനിന്നുതന്നെ പൂർണ്ണത പ്രതീക്ഷിക്കാൻ അവരാഗ്രഹിക്കാത്തതുപോലെ മററുളളവരിൽനിന്ന്‌ അത്‌ ഒരിക്കലും പ്രതീക്ഷിക്കാതിരിക്കാനും പഠിക്കുന്നതിന്‌ അയാൾക്ക്‌ തന്റെ കുട്ടികളെ സഹായിക്കാൻ കഴിയും.

യഥാർത്ഥമൂല്യങ്ങളുടെ ഒരു സംഹിതകൊടുക്കുക

30-32. ജീവിതത്തിലെ യഥാർത്ഥമൂല്യങ്ങൾ തിരിച്ചറിയാൻ തങ്ങളുടെ മക്കളെ സഹായിക്കാൻ മാതാപിതാക്കൻമാർ വളരെ നേരത്തെ ആരംഭമിടുന്നതു മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

30 ഇന്ന്‌ യഥാർത്ഥ ജീവിത മൂല്യങ്ങൾ എന്താണെന്നുളളത്‌ സംബന്ധിച്ച്‌ അനേകം മാതാപിതാക്കൻമാർ കുഴഞ്ഞുപോയിരിക്കുകയാണ്‌. തൽഫലമായി, അനേകം കുട്ടികൾക്ക്‌ ഒരിക്കലും മൂല്യങ്ങളുടെ ഒരു സംഹിത കൊടുക്കപ്പെടുന്നില്ല. ചില മാതാപിതാക്കൻമാർ തങ്ങളുടെ മക്കളുടെ മനോഭാവങ്ങളെ രൂപപ്പെടുത്തുന്നതിനുളള തങ്ങളുടെ അവകാശത്തെ സംശയിക്കുക പോലും ചെയ്യുന്നു. മാതാപിതാക്കൻമാർ രൂപപ്പെടുത്തുന്നില്ലെങ്കിൽ മററുകുട്ടികളും അയൽക്കാരും ചലച്ചിത്രങ്ങളും റെറലിവിഷനും രൂപപ്പെടുത്തും. തലമുറവിടവുകൾ, യുവജന വിപ്‌ളവങ്ങൾ, മയക്കുമരുന്നുകൾ, പുതിയ ധാർമ്മിക നിഷ്‌ഠകൾ, ലൈംഗികവിപ്‌ളവങ്ങൾ—ഇവയെല്ലാം മാതാപിതാക്കൻമാരെ ഭയചകിതരാക്കുന്നു. എന്നാൽ ഈ പ്രശ്‌നങ്ങൾ അതിന്റെ ജീവിതത്തിൽ സംജാതമായിത്തുടങ്ങുന്നതിനു മുൻപേതന്നെ കുട്ടിയുടെ വ്യക്തിത്വം വളരെയധികം വികാസം പ്രാപിച്ചിരിക്കുന്നുവെന്നതാണ്‌ സത്യം.

31 “ഒരുവന്റെ വ്യക്തിത്വത്തിന്റെ കൂടിയ ഭാഗം വിദ്യാലയാരംഭത്തിനു മുമ്പേ സ്ഥാപിതമാകുന്നു. സ്‌കൂൾപ്രായത്തിനുമുമ്പുളള കുട്ടികളുടെ മനസ്സിൽ ആശയങ്ങൾ അനായാസം പതിയുന്നുവെന്നും അവരെ എങ്ങനെയും രൂപപ്പെടുത്താമെന്നുമുളളത്‌ തീർച്ചയായും പൊതു അറിവാണ്‌ . . . എന്നിരുന്നാലും അവർ തങ്ങളുടെ ബാല്യത്തിൽ മനോഭാവങ്ങളും അനുഭവങ്ങളുമായി അഭിമുഖീകരിച്ചവ മിക്കപ്പോഴും നിലനിൽക്കുന്നതും ചിലപ്പോൾ മാററാൻ പാടില്ലാത്തതുമായ പെരുമാററമാതൃകകൾ സ്ഥാപിക്കുന്നുവെന്ന്‌ ഞങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു” എന്നാണ്‌ ഒരു ശാസ്‌ത്രീയ മാസികയിൽ റിപ്പോർട്ടു ചെയ്‌ത പഠനങ്ങൾ പറയുന്നത്‌.

32 തെററായ മാതൃകകൾ മാററാൻ കഴിയും, എന്നാൽ വിലപ്പെട്ട വർഷങ്ങൾ വഴുതിപ്പോകാനനുവദിച്ചാൽ എന്തു സംഭവിക്കുന്നുവെന്ന്‌ മറെറാരു ഗവേഷകൻ വിശദീകരിക്കുന്നു: “കുട്ടി അവന്റെ ആദ്യത്തെ ഏഴു വർഷങ്ങളിൽ രൂപപ്പെടുത്താവുന്ന അവസ്ഥയിൽ സ്ഥിതി ചെയ്യുന്നു, എന്നാൽ നിങ്ങൾ എത്ര ദീർഘമായി താമസിക്കുന്നുവോ അത്ര സമൂലമായി നിങ്ങൾ അവന്റെ ചുററുപാടിനെ മാറേറണ്ടതുണ്ട്‌—തുടർച്ചയായ ഓരോ വർഷത്തിലും മാററത്തിന്റെ സംഭവ്യത അല്‌പാൽപം കുറഞ്ഞുവരുന്നു.”

33. കുട്ടികളെ പഠിപ്പിക്കേണ്ട അതിപ്രധാനമായ ആശയങ്ങളേവ?

33 കൊച്ചുകുട്ടികൾ അനേകം അടിസ്ഥാനാശയങ്ങൾ പഠിക്കേണ്ടതുണ്ട്‌, എന്നാൽ ഏററവും വലിയ പ്രാധാന്യമുളളവ സത്യമെന്ത്‌, വ്യാജമെന്ത്‌, ശരിയെന്ത്‌, തെറെറന്ത്‌, എന്നിങ്ങനെയുളളവയാണ്‌. എഫേസ്യക്രിസ്‌ത്യാനികൾക്കെഴുതിയപ്പോൾ അപ്പോസ്‌തലനായ പൗലോസ്‌ സൂക്ഷ്‌മപരിജ്ഞാനം നേടാൻ അവരെ പ്രോത്‌സാഹിപ്പിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: “മേലാൽ നാം മനുഷ്യരുടെ കൗശലം മുഖാന്തരം, അബദ്ധം ചിന്തിക്കുന്നതിലുളള ചാതുര്യം മുഖാന്തരം, ഉളള ഉപദേശത്തിന്റെ ഓരോ കാററിനാൽ തിരമാലകളാലെന്നപോലെ അങ്ങുമിങ്ങും അടിച്ചുനീക്കപ്പെടുന്ന ശിശുക്കളാകാതിരിക്കുന്നതിനുവേണ്ടിത്തന്നെ. എന്നാൽ സത്യം സംസാരിച്ചുകൊണ്ട്‌ ക്രിസ്‌തു എന്ന തലയോളം നമുക്ക്‌ എല്ലാററിലും സ്‌നേഹത്താൽ വളർന്നു വരാം.” (എഫേസ്യർ 4:13-15) സത്യത്തോടും പരമാർത്ഥതയോടുമുളള സ്‌നേഹം, ശരിയും നല്ലതുമായതിനോടുളള സ്‌നേഹം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കൻമാർ പിന്നോക്കമാണെങ്കിൽ കുട്ടികൾ അബദ്ധത്തിനും തെററിനുമെതിരെ സംരക്ഷണമില്ലാത്തവരായി വിടപ്പെടും. മാതാപിതാക്കൻമാർ മിക്കവാറും തിരിച്ചറിയുന്നതിനു മുൻപേതന്നെ സ്‌കൂൾപ്രായത്തിനു മുമ്പുളള വർഷങ്ങൾ കടന്നുപോകുന്നു. അവ വഴുതി പോകാനനുവദിക്കരുത്‌; ആദ്യത്തെ ആ മർമ്മപ്രധാനമായ ചുരുക്കം ചില സ്വഭാവരൂപവൽക്കരണ വർഷങ്ങളെ കുട്ടികൾക്കു യഥാർത്ഥ മൂല്യങ്ങളുടെ ഒരു സംഹിതകൊടുക്കാൻ ഉപയോഗിക്കുക. നിങ്ങൾ പിൽക്കാല വർഷങ്ങളിൽ ഹൃദയവേദന ഒഴിവാക്കിയേക്കാം.—സദൃശവാക്യങ്ങൾ 29:15, 17.

34. സ്ഥിരതയുളള പ്രമാണങ്ങൾ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌, അത്തരം പ്രമാണങ്ങളുടെ ഏററവും നല്ല ഉറവേത്‌?

34 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌” എന്ന്‌ നിശ്വസ്‌ത അപ്പോസ്‌തലൻ എഴുതി; അതു തീർച്ചയായും ഭൗതികവും വൈകാരികവും ധാർമ്മികവുമായ അതിന്റെ നിലവാരങ്ങളെ സംബന്ധിച്ചു സത്യമാണ്‌. (1 കൊരിന്ത്യർ 7:31) ലോകത്തിന്‌ സ്ഥിരതയില്ല. തങ്ങൾ മനുഷ്യരാകയാൽ തങ്ങൾക്കും ഈ കാര്യത്തിൽ പരാജയം സംഭവിക്കാമെന്ന്‌ മാതാപിതാക്കൻമാർ തിരിച്ചറിയേണ്ടതാണ്‌. അവർക്കു തങ്ങളുടെ കുട്ടികളുടെ അത്യുത്തമതാൽപ്പര്യങ്ങൾ ഹൃദയത്തിലുണ്ടെങ്കിൽ , യഥാർത്ഥത്തിൽ അവരുടെ ഭാവിസന്തുഷ്ടിയിൽ തൽപ്പരരാണെങ്കിൽ, അവർ തങ്ങളുടെ കുട്ടികൾക്ക്‌ യഥാർത്ഥത്തിൽ സ്ഥിരതയുളള പ്രമാണങ്ങളുടെ ഒരു സംഹിത ചൂണ്ടിക്കാണിച്ചുകൊടുക്കും. ഏതു പ്രശ്‌നം പൊന്തിവന്നാലും, ഏതു പ്രശ്‌നത്തിനു പരിഹാരമാവശ്യമായിരുന്നാലും, നിർണ്ണായകവും ഏററവും സഹായകവുമായ ഉത്തരങ്ങൾക്കുവേണ്ടി ദൈവത്തിന്റെ എഴുതപ്പെട്ട വചനമായ ബൈബിളിലേക്കാണു തിരിയേണ്ടതെന്ന്‌ ശൈശവം മുതൽ തങ്ങളുടെ മക്കളെ ബോദ്ധ്യപ്പെടുത്തുന്നതിനാൽ അവർക്ക്‌ ഇതു ചെയ്യാൻ കഴിയും. ജീവിതം എത്ര കുഴയ്‌ക്കുന്നതോ അസ്‌പഷ്‌ടമോ ആണെന്നു തോന്നാൻ സാഹചര്യം ചില സമയങ്ങളിൽ ഇടയാക്കിയാലും ആ വചനം ‘അവരുടെ പാദങ്ങൾക്ക്‌ ഒരു വിളക്കും പാതയ്‌ക്കു ഒരു പ്രകാശവു’മായി തുടരും.—സങ്കീർത്തനം 119:105.

35. ഒരുവന്റെ കുട്ടികളുടെ പരിശീലനം എത്ര പ്രധാനമാണ്‌?

35 അതെ, നിങ്ങളുടെ കുട്ടികളുടെ ആയുഷ്‌പര്യന്തം അവരെ താങ്ങിനിർത്താൻ കഴിയുന്ന മൂല്യങ്ങളുടെ ഒരു സംഹിത അവരിൽ കെട്ടുപണി ചെയ്‌തുതുടങ്ങാനുളള നിങ്ങളുടെ സുവർണ്ണാവസരമാണിത്‌. നിങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്നതിനേക്കാൾ വലിയ ജീവിതവൃത്തി, പ്രാധാന്യമുളള ജോലി, ഇല്ലതന്നെ. അതു തുടങ്ങാനുളള സമയം അവർ ജനിക്കുന്നയുടനെയാണ്‌, അവരുടെ ശൈശവത്തിൽത്തന്നെ!

[അധ്യയന ചോദ്യങ്ങൾ]

[117-ാം പേജിലെ ചിത്രം]

പഠനം ഒരു ഉല്ലാസകരമായ അനുഭവമാക്കിത്തീർക്കുക