വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ

നിങ്ങളുടെ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ

അധ്യായം 12

നിങ്ങളുടെ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിക്കൽ

1. ഒരുവന്റെ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്നത്‌ ഉചിതമായിരിക്കുന്നതെന്തുകൊണ്ട്‌?

 നാംഇപ്പോഴും വളരെ ചെറുപ്പമോ പ്രായപൂർത്തിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നവരോ ആയിരുന്നാലും അല്ലെങ്കിൽ ഇപ്പോൾ വളർച്ച പ്രാപിച്ച സ്‌ത്രീപുരുഷൻമാരായിരുന്നാലും നമ്മളെല്ലാം ആരുടെയെങ്കിലും മക്കളാണ്‌. ശൈശവം മുതൽ പ്രായപൂർത്തിയാകുന്നതുവരെയുളള ഇരുപതോളം വർഷങ്ങളിൽ നമ്മിൽ മിക്കവർക്കുംവേണ്ടി ചെലവഴിക്കപ്പെട്ടിരിക്കുന്ന ശ്രദ്ധയുടെയും വേലയുടെയും പണത്തിന്റെയും ആത്മത്യാഗപരമായ ശ്രമത്തിന്റെയും മൂല്യം കണക്കാക്കുക പ്രയാസമായിരിക്കും. യഥാർത്ഥത്തിൽ, നമ്മുടെ മാതാപിതാക്കൻമാർ ഒരുപക്ഷേ അവർക്കു തിരികെ കൊടുക്കാൻ നമുക്കു കഴിയാത്ത ഒന്നാണ്‌ നമ്മിലോരോരുത്തർക്കും നൽകിയിരിക്കുന്നത്‌. എന്തുകൊണ്ടെന്നാൽ നാം അവരോട്‌ മറെറന്തിനെല്ലാം വേണ്ടി കടപ്പെട്ടിരുന്നാലും ഇപ്പോഴത്തെ ജീവനുവേണ്ടി നാം കടപ്പെട്ടിരിക്കുന്നത്‌ അവരോടാണ്‌. അവരെ കൂടാതെ നാം ഉണ്ടായിരിക്കുമായിരുന്നില്ല. “നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” എന്ന ദിവ്യകൽപന അനുസരിക്കുന്നതിന്‌ ഈ സ്‌പഷ്ടമായ സത്യം അതിൽതന്നെ വേണ്ടതിലധികമായ കാരണമായിരിക്കേണ്ടതാണ്‌, “അത്‌ ‘നിനക്കു ശുഭം വരേണ്ടതിനും നീ ഭൂമിയിൽ ദീർഘകാലം നിലനിൽക്കേണ്ടതിനും’ എന്ന വാഗ്‌ദത്തത്തോടുകൂടിയ ആദ്യ കൽപ്പനയാകുന്നു.”—എഫേസ്യർ 6:2, 3.

2. നാം നമ്മുടെ മാതാപിതാക്കൻമാരോട്‌ കടപ്പാടുളളവരായിരിക്കേണ്ടതെന്തുകൊണ്ട്‌?

2 സകല ജീവന്റെയും യഥാർത്ഥ ഉറവെന്നനിലയിൽ നാം ഒന്നാമതായി ദൈവത്തോടു കടപ്പെട്ടിരിക്കെ നമ്മുടെ മാതാപിതാക്കൻമാരോട്‌ നമുക്കു ആഴമായ ഒരു കടപ്പാട്‌ തോന്നേണ്ടതാണ്‌. അവർ നമുക്കു നൽകിയതിനുപകരം നമുക്ക്‌ എന്ത്‌ അവർക്കു കൊടുക്കാൻ കഴിയും? ലോകത്തിലെ സകല സ്വത്തുക്കളും കൊണ്ട്‌ ജീവൻ വാങ്ങാൻ സാധ്യമല്ലെന്ന്‌ ദൈവപുത്രൻ പറയുകയുണ്ടായി, എന്തുകൊണ്ടെന്നാൽ നിങ്ങൾക്കു ജീവന്റെമേൽ കേവലം ഒരു വിലക്കുറിപ്പ്‌ വെക്കാൻ കഴിയുകയില്ല. (മർക്കോസ്‌ 8:36, 37; സങ്കീർത്തനം 49:6-8) ദൈവത്തിന്റെ വചനം നമ്മോടു പറയുന്നു: “അന്യോന്യം സ്‌നേഹിക്കാനല്ലാതെ മറെറാന്നും നിങ്ങൾ ആരോടും കടപ്പെട്ടിരിക്കരുത്‌.” (റോമർ 13:8) മാതാപിതാക്കൻമാരും നമ്മളും ജീവിക്കുന്നിടത്തോളംകാലം, അവരോടു കടപ്പെട്ടിരിക്കുന്നവരെന്ന നിലയിൽ അവർക്കു സ്‌നേഹം കൊടുത്തുകൊണ്ടിരിക്കാൻ ഒരു പ്രത്യേകവിധത്തിൽ നാം പ്രേരിതരായിരിക്കേണ്ടതാണ്‌. അവർ നമുക്കു നൽകിയവിധത്തിൽ അവർക്കു ജീവൻ കൊടുക്കാൻ നമുക്കു കഴിയുകയില്ലെന്നിരിക്കെ, ജീവനെ ജീവിക്കാൻതക്ക വിലയുളളതാക്കിത്തീർക്കുന്ന ഒന്ന്‌ അവർക്കു സംഭാവന ചെയ്യാൻ നമുക്കു കഴിയും. അവരുടെ സന്തോഷത്തിനും ആഴമായ സംതൃപ്‌തിക്കും സംഭാവന ചെയ്യാൻ നമുക്കു കഴിയും. ഒരുപക്ഷേ മററു യാതൊരുത്തർക്കും കഴിയാത്ത ഒരു പ്രത്യേകവിധത്തിൽ നമുക്കത്‌ ചെയ്യാൻ കഴിയും, എന്തുകൊണ്ടെന്നാൽ നാം അവരുടെ മക്കളാകുന്നു.

3. സദൃശവാക്യങ്ങൾ 23:24, 25 അനുസരിച്ച്‌ ഒരു കുട്ടിയിലെ ഏതു ഗുണങ്ങൾക്ക്‌ അവന്റെ മാതാപിതാക്കൻമാരുടെ സന്തോഷത്തിനു സംഭാവന ചെയ്യാൻ കഴിയും?

3 സദൃശവാക്യങ്ങൾ 23:24, 25 പറയുന്നതുപോലെ: “ഒരു നീതിമാന്റെ അപ്പൻ തീർച്ചയായും സന്തുഷ്ടനായിരിക്കും; ഒരു ജ്ഞാനിയുടെ അപ്പനായിത്തീരുന്നവനും അവനിൽ സന്തോഷിക്കും. നിന്റെ അപ്പനും നിന്റെ അമ്മയും സന്തോഷിക്കും, നിന്നെ പ്രസവിച്ചവൾ സന്തോഷവതിയായിരിക്കും.” തങ്ങളുടെ മക്കൾ ചെയ്യുന്നതിൽ അഭിമാനിക്കാൻ, അവരിൽ സന്തോഷം കണ്ടെത്താൻ കഴിയണമെന്നുളളത്‌ മാതാപിതാക്കൻമാരുടെ ഒരു സ്വാഭാവികവാഞ്‌ഛയാണ്‌. നിങ്ങളുടെ മാതാപിതാക്കൻമാരെ സംബന്ധിച്ച്‌ അതു വാസ്‌തവമാണോ?

4. കൊലോസ്യർ 3:20 എന്തുചെയ്യാൻ കുട്ടികളോട്‌ നിർദ്ദേശിക്കുന്നു?

4 ഒരു വലിയ അളവിൽ അത്‌ ആശ്രയിച്ചിരിക്കുന്നത്‌ നാം യഥാർത്ഥമായി അവരുടെ സ്ഥാനത്തെ ബഹുമാനിക്കുകയും അവരുടെ ബുദ്ധിയുപദേശം കേട്ടനുസരിക്കുകയും ചെയ്യുന്നുണ്ടോ എന്നതിനെയാണ്‌. ഇപ്പോഴും ചെറുപ്പമായിരിക്കുന്നവരോട്‌ ദൈവത്തിന്റെ ബുദ്ധിയുപദേശം ഇതാണ്‌: “മക്കളേ, നിങ്ങളുടെ മാതാപിതാക്കൻമാരെ സകലത്തിലും അനുസരിക്കുക, എന്തുകൊണ്ടെന്നാൽ അതു കർത്താവിൽ സുപ്രസാദകരമാകുന്നു.” (കൊലോസ്യർ 3:20) “സകലത്തിലും” എന്നതിന്‌ ദൈവവചനത്തോടു ചേർച്ചയിലല്ലാത്ത കാര്യങ്ങളാവശ്യപ്പെടുന്നതിന്‌ മാതാപിതാക്കൻമാർക്ക്‌ അധികാരമുണ്ടെന്ന്‌ അർത്ഥമില്ലെന്ന്‌ വ്യക്തമാണ്‌. എന്നാൽ നാം കുട്ടികളായിരിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നമ്മെ വഴിനടത്താൻ അവർ ഉത്തരവാദികളാണെന്ന്‌ അതു പ്രകടമാക്കുക തന്നെ ചെയ്യുന്നു.—സദൃശവാക്യങ്ങൾ 1:8.

5. ഒരു ചെറുപ്പക്കാരനു തന്റെ സ്വന്തം മക്കളിൽനിന്ന്‌ പ്രതീക്ഷിക്കുന്നതുസംബന്ധിച്ച്‌ തന്നോടുതന്നെ എന്തുചോദിക്കാവുന്നതാണ്‌?

5 നിങ്ങൾ ഇപ്പോൾ ചെറുപ്പമാണോ? ഒരിക്കൽ നിങ്ങൾ ഒരു പിതാവോ മാതാവോ ആയിത്തീർന്നേക്കാം. നിങ്ങളോട്‌ ആദരപൂർവ്വം പെരുമാറുന്ന കുട്ടികളെയാണോ നിങ്ങളാഗ്രഹിക്കുന്നത്‌, അതോ ധിക്കാരികളും, ഒരുപക്ഷേ അനുസരിക്കുന്നതായി നടിക്കുന്നവരും നിങ്ങളുടെ കാഴ്‌ചയിൽനിന്നു മാറുമ്പോൾ അനുസരിക്കാതിരിക്കുന്നവരുമായ കുട്ടികളെയാണോ? സന്തോഷം കൈവരുത്തുന്നതിനുപകരം, സദൃശവാക്യങ്ങൾ 17:25 പറയുന്നു: “ഭോഷനായ ഒരു മകൻ അവന്റെ അപ്പന്‌ ഒരു ശല്യവും അവനെ പ്രസവിച്ചവൾക്ക്‌ അതിദുഃഖവുമാകുന്നു.” (ദ ബൈബിൾ ഇൻ ലിവിംഗ്‌ ഇംഗ്‌ളീഷ്‌) നിങ്ങളുടെ മാതാപിതാക്കൻമാരെ സന്തുഷ്ടരാക്കാൻ നിങ്ങൾക്ക്‌ പ്രത്യേക പ്രാപ്‌തിയുളളതുപോലെ, മററാരേക്കാളുമധികമായി, അവർക്ക്‌ അഗാധ ദുഃഖവും നിരാശയും കൈവരുത്താനും നിങ്ങൾക്ക്‌ കഴിയും. അത്‌ ഏതുവിധത്തിലായിരിക്കുമെന്ന്‌ നിങ്ങളുടെ നടത്തയാണ്‌ നിശ്‌ചയിക്കുന്നത്‌.

ജ്ഞാനസമ്പാദനത്തിന്‌ സമയമാവശ്യം

6. സാധാരണയായി പ്രായത്തോടുകൂടെ ജ്ഞാനം വരുന്നുവെന്ന്‌ ഏതു ഉദാഹരിക്കൽ പ്രകടമാക്കുന്നു?

6 ജ്ഞാനസമ്പാദനത്തിൽ പ്രായം ഒരു പ്രധാനഘടകമാണെന്ന്‌ യുവാക്കൾ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. നിങ്ങൾക്ക്‌ ഇപ്പോൾ 10 വയസ്സു പ്രായമുണ്ടോ? നിങ്ങൾക്ക്‌ അഞ്ചുവയസ്സായിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ അറിയാമെന്ന്‌ നിങ്ങൾക്ക്‌ കാണാൻ കഴിയും, ഇല്ലേ? നിങ്ങൾക്ക്‌ 15 വയസ്സായോ? നിങ്ങൾക്ക്‌ 10 വയസ്സായിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതൽ നിങ്ങൾക്കറിയാം, അല്ലേ? നിങ്ങൾ 20-നോട്‌ അടുത്തുകൊണ്ടിരിക്കുകയാണോ? നിങ്ങൾക്ക്‌ 15 വയസ്സായിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതൽ അറിയാമെന്ന്‌ നിങ്ങൾ മനസ്സിലാക്കേണ്ടതാണ്‌. പ്രായം നിങ്ങളെ ജ്ഞാനമേറിയവരാക്കുന്നുവെന്ന്‌ അനായാസം പിറകോട്ടുതിരിഞ്ഞുനോക്കിക്കാണാവുന്നതാണ്‌. എന്നാൽ മുമ്പോട്ടുനോക്കി ഈ സത്യം അംഗീകരിക്കുക പ്രയാസമാണ്‌. ചെറുപ്പക്കാർ എത്ര ജ്ഞാനികളാണെന്നു വിചാരിച്ചാലും ഭാവിക്ക്‌ കൂടുതൽ ജ്ഞാനം കൈവരുത്താൻ കഴിയും, കഴിയേണ്ടതാണ്‌, എന്ന്‌ അവർ തിരിച്ചറിയണം.

7. രെഹബെയാം രാജാവിനു കൊടുക്കപ്പെട്ട ഉപദേശത്തിൽ നിന്ന്‌ ജ്ഞാനം സംബന്ധിച്ച്‌ എന്തു പാഠം നമുക്കു പഠിക്കാൻ കഴിയും?

7 ഇതിന്റെ ആശയം എന്താണ്‌? നിങ്ങളുടെ മാതാപിതാക്കൻമാർക്ക്‌ നിങ്ങളേക്കാൾ പ്രായക്കൂടുതലും നിങ്ങളേക്കാൾ അനുഭവപരിചയവും ഉളളതുകൊണ്ട്‌ ജീവിതപ്രശ്‌നങ്ങളെ നേരിടുന്നതിൽ അവർ ന്യായമായി നിങ്ങളേക്കാൾ ജ്ഞാനമേറിയവരായിരിക്കും എന്നുതന്നെ. ഇത്‌ അനേകം ചെറുപ്പക്കാർക്ക്‌ സമ്മതിക്കാൻ പ്രയാസമാണ്‌. അവർ പ്രായമേറിയവരെ “പഴഞ്ചൻമാർ” എന്നു പരാമർശിച്ചേക്കാം. ചിലർ അങ്ങനെയായിരിക്കാം, എന്നാൽ അനേകരും അങ്ങനെയല്ല, ചില ചെറുപ്പക്കാർ ഉത്തരവാദിത്തമില്ലാത്തവരായതുകൊണ്ട്‌മാത്രം എല്ലാ ചെറുപ്പക്കാരും അങ്ങനെയല്ലാത്തതുപോലെതന്നെ. ചെറുപ്പക്കാർ പ്രായമുളളവരേക്കാൾ ബുദ്ധിമാൻമാരാണെന്ന്‌ വിചാരിക്കുന്നത്‌ അസാധാരണമല്ല. യിസ്രായേലിലെ ഒരു രാജാവ്‌ ഈ അബദ്ധം ചെയ്‌തു, വിപൽക്കരമായിരുന്നു ഫലം. 41 വയസ്സുണ്ടായിരുന്ന രെഹബെയാം തന്റെ പിതാവായ ശലോമോന്റെ പിൻഗാമിയായി രാജാവായിത്തീർന്നപ്പോൾ തങ്ങളുടെ ഭാരങ്ങൾ ലഘൂകരിച്ചുകിട്ടണമെന്ന്‌ ജനങ്ങൾ അപേക്ഷിച്ചു. രെഹബെയാം പ്രായമേറിയ പുരുഷൻമാരോട്‌ ആലോചന കഴിച്ചു, അവർ സൗമ്യതയും ദയയും പ്രകടമാക്കാൻ ഉപദേശിച്ചു. അനന്തരം അവൻ ചെറുപ്പക്കാരുടെ അടുക്കൽചെന്നു, അവർ പരുഷമായ നടപടികൾ ഉപദേശിച്ചുകൊടുത്തു. അവൻ അവരുടെ ഉപദേശം സ്വീകരിച്ചു. ഫലമോ? 12 ഗോത്രങ്ങളിൽ പത്തും മത്സരിച്ചു. രെഹബെയാമിന്‌ അവന്റെ രാജ്യത്തിന്റെ ആറിലൊന്നു മാത്രമേ അവശേഷിച്ചുളളൂ. ചെറുപ്പക്കാരല്ല, പ്രായമുളളവരായിരുന്നു നല്ല ആലോചന പറഞ്ഞുകൊടുത്തത്‌. “പ്രായമുളളവരുടെ ഇടയിൽ ജ്ഞാനവും ആയുർദൈർഘ്യത്തിൽ വിവേകവുമില്ലയോ?”—ഇയ്യോബ്‌ 12:12; 1 രാജാക്കൻമാർ12:1-16; 14:21.

8. മാതാപിതാക്കൻമാർ ഉൾപ്പെടെ പ്രായമേറിയവരോടുളള ഏതു മനോഭാവത്തിന്‌ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു?

8 നിങ്ങളുടെ മാതാപിതാക്കൻമാർ മേലാൽ യുവാക്കളല്ലാത്തതുകൊണ്ടു മാത്രം അവരുടെ ബുദ്ധിയുപദേശം കാലഹരണപ്പെട്ടതാണെന്ന്‌ വിചാരിക്കരുത്‌. പകരം, ദൈവവചനം പറയുന്നതുപോലെ: “നീ ജനിക്കാനിടയാക്കിയ നിന്റെ അപ്പനെ കേട്ടനുസരിക്കുക, നിന്റെ അമ്മ വൃദ്ധയായിരിക്കുന്നതുകൊണ്ടുമാത്രം അവളെ അവഹേളിക്കരുത്‌.” പ്രായം ബഹുമാനം അർഹിക്കുന്നു. “നരച്ചമുടിയുടെ മുമ്പാകെ നീ എഴുന്നേൽക്കണം, ഒരു വൃദ്ധനോട്‌ നീ പരിഗണന കാണിക്കേണ്ടതാണ്‌. നീ നിന്റെ ദൈവത്തെ ഭയപ്പെടണം. ഞാൻ യഹോവ ആകുന്നു.” അനേകം യുവജനങ്ങൾ ഈ കല്‌പനകളെ അവഗണിക്കുന്നുവെന്നത്‌ സത്യംതന്നെ. എന്നാൽ ആ നടപടി സന്തുഷ്ടി കൈവരുത്തിയിട്ടില്ല—അവർക്കുതന്നെയും തീർച്ചയായും അവരുടെ മാതാപിതാക്കൻമാർക്കും.—സദൃശവാക്യങ്ങൾ 23:22; ലേവ്യപുസ്‌തകം 19:32.

നിങ്ങളുടെ പങ്ക്‌ നിർവ്വഹിക്കുക

9. ആവശ്യമില്ലാതെ ഒരു കുടുംബാംഗം പരാതി പറയുകയോ മത്സരിക്കുകയോ ചെയ്യുമ്പോൾ കുടുംബം എങ്ങനെ ബാധിക്കപ്പെടുന്നു?

9 നിങ്ങൾ ചെയ്യുന്നത്‌ മററുളളവരെ ബാധിക്കുന്നു—അത്‌ അവഗണിക്കാവുന്നതല്ല. കുടുംബത്തിലെ ഒരംഗം കഷ്ടപ്പെടുന്നുവെങ്കിൽ, എല്ലാവരും അസ്വസ്ഥരാകുന്നു. കൂടാതെ, ഒരുവൻ ഒരു പരാതിക്കാരനോ മത്സരിയോ ആകുന്നുവെങ്കിൽ മുഴുകുടുംബത്തിന്റെയും സമാധാനം ഭഞ്‌ജിക്കപ്പെടുന്നു. ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കുന്നതിന്‌ ഓരോരുത്തരും തന്റെ ഭാഗം നിർവ്വഹിക്കണം.—1 കൊരിന്ത്യർ 12:26 താരതമ്യപ്പെടുത്തുക.

10. കുട്ടികൾ നല്ലവേലചെയ്യാൻ പഠിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്‌?

10 നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ക്രിയാത്മകമായ, നിർമ്മാണാത്മകമായ, കാര്യങ്ങളുണ്ട്‌. മാതാപിതാക്കൻമാർ കുടുംബത്തിന്റെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന്‌ കഠിനവേല ചെയ്യുന്നു. നിങ്ങൾ ചെറുപ്പവും വീട്ടിൽ വസിക്കുന്നവരും ആണെങ്കിൽ, നിങ്ങൾക്കു സഹായിക്കാൻ കഴിയും. ജീവിതത്തിന്റെ അധികപങ്കും വേലയിൽ ചെലവഴിക്കപ്പെടുന്നു. ചിലയാളുകൾ അതു സംബന്ധിച്ചു പരാതി പറയുന്നു. എന്നാൽ നിങ്ങൾ നല്ല ആന്തരത്തോടെ നല്ല ജോലി ചെയ്യാൻ പഠിക്കുന്നുവെങ്കിൽ അത്‌ യഥാർത്ഥ സംതൃപ്‌തി കൈവരുത്തും. മറിച്ച്‌, തന്റെ പങ്കു നിർവ്വഹിക്കാതെ തനിക്കുവേണ്ടി മററുളളവർ എല്ലാം ചെയ്യുന്നതിന്‌ പ്രതീക്ഷിക്കുന്ന ഒരു വ്യക്തി ഒരിക്കലും ആ സംതൃപ്‌തി അറിയുന്നില്ല. ആ വ്യക്തി ബൈബിൾ പറയുന്നതുപോലെ, ‘ഒരുവന്റെ കണ്ണുകളിൽ പുകപോലെ’ മററുളളവർക്ക്‌ ശല്യത്തിന്റെ ഒരു ഉറവാണ്‌. (സദൃശവാക്യങ്ങൾ 10:26; സഭാപ്രസംഗി 3:12, 13) അതുകൊണ്ട്‌ വീട്ടിൽ നിങ്ങൾക്കു ജോലികൾ തരുമ്പോൾ അവ ചെയ്യുക. നന്നായി ചെയ്യുക. നിങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ മാതാപിതാക്കൻമാർക്ക്‌ സന്തോഷം കൈവരുത്താനാഗ്രഹിക്കുന്നുവെങ്കിൽ പറയാതെ തന്നെ കൂടുതലായി ചില ജോലികൾ ചെയ്യുക. ഒരുപക്ഷേ ആ ജോലി എല്ലാററിലും വച്ച്‌ ആസ്വാദ്യമണെന്ന്‌ നിങ്ങൾ കണ്ടെത്തും—എന്തുകൊണ്ടെന്നാൽ അവർക്കു സന്തുഷ്ടി കൈവരുത്താനുളള നിങ്ങളുടെ ഹൃദയവാഞ്‌ഛകൊണ്ടുമാത്രമാണ്‌ നിങ്ങൾ അതു ചെയ്‌തത്‌.

11. ഒരു കുട്ടിയുടെ വാക്കുകൾക്കോ പ്രവൃത്തികൾക്കോ അവന്റെ മാതാപിതാക്കൻമാരെ എങ്ങനെ അനുകൂലമായി പ്രതിഫലിപ്പിക്കാൻ കഴിയും?

11 ആളുകൾക്ക്‌ ഒരു കുട്ടിയിൽ മതിപ്പുണ്ടാകുമ്പോൾ അവർ മിക്കവാറും എല്ലായ്‌പ്പോഴും അവൻ അല്ലെങ്കിൽ അവൾ ആരുടെ കുട്ടിയാണെന്നറിയാൻ ആഗ്രഹിക്കുന്നു. യുവാവായിരുന്ന ദാവീദ്‌ എടുത്തുപറയത്തക്ക ധൈര്യവും വിശ്വാസവും പ്രകടമാക്കിയപ്പോൾ ശൗൽരാജാവ്‌ “ആ ബാലൻ ആരുടെ മകനാണ്‌?” എന്ന്‌ ഉടൻ തന്നെ ചോദിച്ചു. (1 ശമുവേൽ 17:55-58) നിങ്ങൾ നിങ്ങളുടെ കുടുംബപ്പേർ വഹിക്കുന്നു. നിങ്ങൾ ചെയ്യുന്നതും നിങ്ങൾ ഏതുതരം വ്യക്തിയാണെന്നുളളതും ആളുകൾ ആ പേരിനെയും നിങ്ങൾക്ക്‌ അത്‌ നൽകിയ മാതാപിതാക്കൻമാരെയും വീക്ഷിക്കുന്ന വിധത്തെ ബാധിക്കും. നിങ്ങളുടെ പരിസരത്തും സ്‌കൂളിലും മററുളളവരോട്‌ ദയയും സഹായമനഃസ്ഥിതിയും ആദരവും സൗഹൃദവും പ്രകടമാക്കിക്കൊണ്ട്‌ നിങ്ങളുടെ മാതാപിതാക്കൻമാർക്ക്‌ ബഹുമതി കൈവരുത്താൻ നിങ്ങൾക്കു കഴിയുന്ന അനേകം മാർഗ്ഗങ്ങളുണ്ട്‌. അതേസമയം അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിനും ബഹുമതി കൈവരുത്തുന്നു.—സദൃശവാക്യങ്ങൾ 20:11; എബ്രായർ 13:16.

12. കുട്ടികൾ തങ്ങളെ പരിശീലിപ്പിക്കാനുളള മാതാപിതാക്കൻമാരുടെ ശ്രമങ്ങളോട്‌ സഹകരിക്കുന്നത്‌ നല്ലതായിരിക്കുന്നതെന്തുകൊണ്ട്‌?

12 നിങ്ങളുടെ മാതാപിതാക്കൻമാരുടെ സന്തുഷ്ടി നിങ്ങളുടെ സ്വന്തം സന്തുഷ്ടിയോടു ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളെ പരിശീലിപ്പിക്കുന്നതിനുളള അവരുടെ ശ്രമങ്ങൾ ജീവിതപന്‌ഥാവിൽ നിങ്ങൾക്ക്‌ ഒരു നല്ല തുടക്കം ഇട്ടുതരുന്നതിനു ലക്ഷ്യം വെച്ചുകൊണ്ടുളളതാണ്‌. അവരുമായി സഹകരിക്കുക, അപ്പോൾ നിങ്ങൾ അവർക്ക്‌ വലിയസന്തോഷം കൈവരുത്തും, എന്തുകൊണ്ടെന്നാൽ അവർ നിങ്ങൾക്കുവേണ്ടി അത്യുത്തമമായത്‌ ആഗ്രഹിക്കുന്നു. നിശ്വസ്‌ത എഴുത്തുകാരൻ പ്രസ്‌താവിച്ചതുപോലെ “എന്റെ മകനെ, നിന്റെ ഹൃദയം ജ്ഞാനമുളളതായിത്തീർന്നിട്ടുണ്ടെങ്കിൽ, എന്റെ ഹൃദയം സന്തോഷിക്കും.” (സദൃശവാക്യങ്ങൾ 23:15) നിങ്ങളുടെ മാതാപിതാക്കൻമാർ യഥാർത്ഥ ജ്ഞാനത്തിന്റെ മാർഗ്ഗങ്ങളിൽ നിങ്ങളെ നയിക്കുന്നതിന്‌ ദൈവമുമ്പാകെ അവർക്കുളള ഉത്തരവാദിത്തത്തെ തിരിച്ചറിയുന്നുവെങ്കിൽ ആ ഉത്തരവാദിത്തം വിശ്വസ്‌തതയോടെ നിറവേററാൻ അവരെ സഹായിക്കുക. “നിന്റെ ഭാവിയിൽ നീ ജ്ഞാനിയായിത്തീരേണ്ടതിന്‌ ആലോചന കേട്ട്‌ ശിക്ഷണം കൈക്കൊൾക.”—സദൃശവാക്യങ്ങൾ 19:20.

13. മാതാപിതാക്കൻമാർ വെക്കുന്ന നിയന്ത്രണങ്ങളോട്‌ ശരിയായ വീക്ഷണമുണ്ടായിരിക്കാൻ ഒരു കുട്ടിയെ എന്തു സഹായിച്ചേക്കാം?

13 നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങളിൽനിന്ന്‌ വളരെയധികം ആവശ്യപ്പെടുന്നുവെന്നോ നിയന്ത്രണങ്ങൾ വളരെയധികമാണെന്നോ നിങ്ങൾ വിചാരിക്കുന്ന സമയങ്ങൾ ഉണ്ടായിരിക്കാം. ശിക്ഷണകാര്യങ്ങളിൽ ശരിയായ സമനില നേടുന്നത്‌ എളുപ്പമല്ല. നിങ്ങൾക്ക്‌ ഒരു കുടുബമുണ്ടെങ്കിൽ ഒരിക്കൽ നിങ്ങൾ ഇതേ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. നിങ്ങളുടെ മാതാപിതാക്കൻമാർ ചില യുവാക്കളുമായുളള നിങ്ങളുടെ സഹവാസത്തെ നിയന്ത്രിക്കുകയോ മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെ നിങ്ങളെ സംരക്ഷിക്കുകയോ ചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവരോടുളള നിങ്ങളുടെ സഹവാസത്തെ കുറെ അളവിൽ പരിമിതപ്പെടുത്തുന്നുവെങ്കിൽ ശ്രദ്ധിക്കാത്ത മാതാപിതാക്കൻമാരേക്കാൾ ശിക്ഷണം നൽകുന്ന മാതാപിതാക്കൻമാർ ഉണ്ടായിരിക്കുന്നത്‌ എത്ര മെച്ചമാണെന്നു നിന്നു ചിന്തിക്കുക! (സദൃശവാക്യങ്ങൾ 13:20; 3:31) അവരുടെ ശിക്ഷണം ചെവിക്കൊളളുക. നിങ്ങൾ നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുകയും അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 6:23; 13:1; 15:5; എബ്രായർ 12:7-11.

14, 15. കുടുംബാംഗങ്ങളുടെ ഇടയിൽ പ്രശ്‌നങ്ങൾ സംജാതമാകുമ്പോൾ ഏതു ബൈബിൾ തത്വങ്ങളുടെ ബാധകമാക്കൽ സമാധാനം നിലനിർത്താൻ ഒരു കുട്ടിയെ സഹായിച്ചേക്കാം.?

14 തീർച്ചയായും ഭവനത്തിൽ ഉളവാകുന്ന അനേകം സാഹചര്യങ്ങൾ നിങ്ങളുടെ സ്വന്തം നിർമ്മിതിയല്ല. എന്നാൽ നിങ്ങൾ പ്രതിവർത്തിക്കുന്ന വിധം കുടുംബാന്തരീക്ഷത്തെ സ്വാധീനിക്കുന്നു. ബൈബിൾ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “സാദ്ധ്യമെങ്കിൽ, നിങ്ങളെ ആശ്രയിച്ചിരിക്കുന്നിടത്തോളം സകല മനുഷ്യരോടും സമാധാനത്തിലിരിക്കുക.” (റോമർ 12:18) ഇതു ചെയ്യുന്നത്‌ എപ്പോഴും എളുപ്പമല്ല. നമ്മളെല്ലാം വ്യത്യസ്‌തരാണ്‌; നാം കാര്യങ്ങൾ വ്യത്യസ്‌തമായി കാണുന്നു; വ്യത്യസ്‌തമായി പ്രതിവർത്തിക്കുന്നു, വിരുദ്ധാഭിപ്രായങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരിക്കും. വൈരുദ്ധ്യം നിങ്ങളുടെ സഹോദരനോടൊ സഹോദരിയോടൊ ആണെന്നിരിക്കട്ടെ. മറേറയാൾ സ്വാർത്ഥമതിയാണെന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. നിങ്ങൾ എന്തുചെയ്യും?

15 ചിലകുട്ടികൾ പെട്ടെന്നുതന്നെ ഒരു കുററാരോപണം ആക്രോശിക്കുകയും അവരുടെ മാതാപിതാക്കൻമാരിലൊരാൾ ഇടപെടണമെന്നാവശ്യപ്പെടുകയും ചെയ്യും. അല്ലെങ്കിൽ അവർ കാര്യം സാധിക്കുന്നതിന്‌ തളളുകയും തല്ലുകയും ചെയ്‌തുകെണ്ട്‌ കാര്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്‌തേക്കാം. എന്നാൽ “ഒരു മമനുഷ്യന്റെ ഉൾക്കാഴ്‌ച തീർച്ചയായും അയാളുടെ കോപത്തെ ശമിപ്പിക്കുന്നു” എന്ന്‌ ഒരു നിശ്വസ്‌ത സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 19:11) ഏതു വിധത്തിൽ? അത്‌ ഗൗരവം കുറയ്‌ക്കുന്ന സാഹചര്യങ്ങളെ പരിഗണിക്കാനിടയാക്കുന്നതിനാൽ. (ഒരുപക്ഷേ ആ പ്രവൃത്തി മനഃപൂർവ്വമല്ലായിരിക്കാം.) അത്‌ താൻതന്നെ തെററു ചെയ്‌തിരുന്ന അനേകം സന്ദർഭങ്ങളെക്കുറിച്ച്‌ അവൻ ഓർക്കാൻ ഇടയാക്കുന്നു. (ദൈവത്തിന്റെ ക്ഷമ കിട്ടിയതിൽ അവൻ എത്ര നന്ദിയുളളവനാണ്‌!) തന്റെ സഹോദരനോ സഹോദരിക്കോ ആണ്‌ തെററുപററിയതെങ്കിൽപോലും, മുഴുകുടുംബത്തിന്റെയും സമാധാനത്തെ ഭഞ്‌ജിക്കാൻ തന്റെ കോപത്തെ അനുവദിക്കുന്നത്‌ തന്റെ ഭാഗത്ത്‌ അപ്പോഴും തെററായിരിക്കുമെന്ന്‌ അവൻ തിരിച്ചറിയാനും അതിടയാക്കിയേക്കാം. അത്തരം ഉൾക്കാഴ്‌ചയുളള ഒരു വ്യക്തിയെക്കുറിച്ച്‌ സദൃശവാക്യം ഇങ്ങനെ തുടർന്നു പറയുന്നു: “ലംഘനം അവഗണിക്കുന്നത്‌ അയാളുടെ ഭാഗത്ത്‌ ഭൂഷണമാകുന്നു.”—കൊലോസ്യർ 3:13, 14 കൂടെ കാണുക.

16. തങ്ങളുടെ മക്കളുടെ ഭാഗത്തെ ഏതു നടത്ത ദൈവഭയമുളള മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നു?

16 അടിസ്ഥാനപരമായി, ദൈവഭയമുളള മാതാപിതാക്കൻമാരെ സന്തോഷിപ്പിക്കുന്നത്‌ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതുതന്നെയാണ്‌. അവരെ വ്രണപ്പെടുത്തുന്നത്‌ അവനെ വ്രണപ്പെടുത്തുന്നതുതന്നെയാണ്‌. (സങ്കീർത്തനം 78:36-41) യഹോവയാം ദൈവത്തിന്റെ മനസ്സറിയാൻപാടില്ലാത്ത മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾ ലോകത്തിൽ ജനസമ്മതിയുളളവരായിത്തീരുകയും പേർ സമ്പാദിക്കുകയും ധാരാളം പണമുണ്ടാക്കുകയും മററും ചെയ്യുമ്പോൾ സന്തോഷിച്ചേക്കാം, എന്നിരുന്നാലും, യഹോവ തങ്ങളുടെ ദൈവമായുളള മാതാപിതാക്കൻമാർക്ക്‌ “ഈ ലോകവും അതിന്റെ മോഹങ്ങളും നീങ്ങിപ്പോകുകയാണെന്നും എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും നിലനിൽക്കുന്നു”വെന്നും അറിയാം. (1 യോഹന്നാൻ 2:15-17) അതുകൊണ്ട്‌, യഥാർത്ഥമായി അവരെ സന്തുഷ്ടരാക്കുന്നത്‌ അവരുടെ മക്കൾ തങ്ങളുടെ സ്രഷ്ടാവിനെ അനുസരിക്കുന്നതും അവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതും കാണുന്നതാണ്‌. തങ്ങളുടെ മക്കൾ സ്‌കൂളിൽ നന്നായി പഠിക്കുമ്പോൾ ദൈവഭക്തിയുളള മാതാപിതാക്കൻമാർ സന്തുഷ്ടരാണെന്നുളളത്‌ സത്യമാണ്‌. എന്നാൽ സ്‌കൂളിലേയും മററുളളടങ്ങളിലേയും അവരുടെ നടത്ത ദൈവത്തിന്റെ പ്രമാണങ്ങളോടുളള ഭക്തിയേയും അവനെ പ്രസാദിപ്പിക്കാനുളള ആഗ്രഹത്തെയും പ്രതിഫലിപ്പിക്കുമ്പോൾ അവർ അധികം സന്തുഷ്ടിയുളളവരാണ്‌. ആ മക്കൾ പ്രായപൂർത്തിയായശേഷമുളള അവരുടെ ജീവിതത്തിലുടനീളം യഹോവയുടെ വഴികളിൽ തുടർന്ന്‌ ഉല്ലാസം കണ്ടെത്തുമ്പോൾ അവർ വിശേഷാൽ സന്തുഷ്ടരാണ്‌.

മാതാപിതാക്കളെ പരിപാലിക്കാനുളള ഉത്തരവാദിത്തം

17-19. മുതിർന്ന പുത്രീപുത്രൻമാർക്ക്‌ തങ്ങൾ മാതാപിതാക്കളെ വിലമതിക്കുന്നുവെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

17 നാം മുതിർന്നവരായിത്തീരുമ്പോൾ വീടുവിട്ടുപോകുന്നുവെങ്കിൽ നമ്മുടെ മാതാപിതാക്കൻമാരോടുളള നമ്മുടെ താൽപര്യം തണുത്തുപോകരുത്‌. നാം അവരുടെ ജീവതത്തിലുടനീളം അവർ സന്തുഷ്ടരായിരിക്കാനാഗ്രഹിക്കുന്നു. അവർ അനേകവർഷക്കാലം നമ്മുടെ ആവശ്യങ്ങൾക്ക്‌ ശുശ്രൂഷചെയ്‌തു, മിക്കപ്പോഴും ഗണ്യമായ ത്യാഗങ്ങൾ സഹിച്ചുകൊണ്ടുതന്നെ. നാം വിലമതിപ്പുളളവരാണെന്ന്‌ പ്രകടമാക്കാൻ ഇപ്പോൾ നമുക്ക്‌ എന്തുചെയ്യാൻ കഴിയും?

18 “നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” എന്ന ദൈവികവ്യവസ്ഥ നമുക്കു മനസ്സിൽ പിടിക്കാൻ കഴിയും. (മത്തായി 19:19) നാം തിരക്കുളളവരായിരിക്കാം, എന്നാൽ നമ്മിൽനിന്ന്‌ വിവരം കിട്ടുന്നതും നാം സന്ദർശിക്കുന്നതും മാതാപിതാക്കൻമാർക്ക്‌ വലിയ കാര്യമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്‌.

19 വർഷങ്ങൾ കടന്നുപോകുമ്പോൾ, മററു വിധങ്ങളിൽ “ബഹുമാനം” പ്രകടമാക്കാൻ കഴിയും. ഭൗതികസഹായത്തിന്റെ ആവശ്യമുണ്ടെങ്കിൽ, അവർ നിങ്ങൾക്കുവേണ്ടി ചെയ്‌ത എല്ലാററിനോടുമുളള വിലമതിപ്പു പ്രകടമാക്കുക, യഹോവയുടെ നീതിയുളള വ്യവസ്ഥകളോടും. പ്രായമേറിയവരെ സംബന്ധിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “ഏതെങ്കിലും വിധവയ്‌ക്ക്‌ മക്കളോ മക്കളുടെ മക്കളോ, ഉണ്ടെങ്കിൽ അവരുടെ സ്വന്തം കുടുംബത്തിൽ ദൈവികഭക്തി ആചരിക്കാനും അവരുടെ അമ്മയപ്പൻമാർക്കും വല്യമ്മവല്യപ്പൻമാർക്കും തക്ക പ്രതിഫലം കൊടുത്തുകൊണ്ടിരിക്കാനും അവർ ആദ്യം പഠിക്കട്ടെ, എന്തുകൊണ്ടെന്നാൽ അത്‌ ദൈവദൃഷ്ടിയിൽ സ്വീകാര്യമാകുന്നു.”—1 തിമൊഥെയോസ്‌ 5:3, 4.

20, 21. (എ) മത്തായി 15:1-6 അനുസരിച്ച്‌ ഒരുവന്റെ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു? (ബി) ഈ വിധത്തിൽ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്നതിൽ നിന്ന്‌ ഒരു വ്യക്തിയെ ഒഴിവാക്കുന്ന എന്തെങ്കിലുമുണ്ടോ?

20 ഒരുവന്റെ മാതാപിതാക്കൻമാരോടുളള “ബഹുമാന”ത്തിൽ ഭൗതികസഹായം ഉൾപ്പെട്ടേക്കാമെന്നുളള വസ്‌തുത തിരുവെഴുത്തുകളിൽ വ്യക്തമായി തെളിയിക്കപ്പെടുന്നുണ്ട്‌. ഒരു സന്ദർഭത്തിൽ പരീശൻമാർ യേശുവിന്റെ അടുക്കൽവന്ന്‌ അവന്റെ ശിഷ്യൻമാർ പാരമ്പര്യങ്ങളെ ലംഘിക്കുന്നതായി കുററപ്പെടുത്തി. യേശു മറുചോദ്യം ചോദിച്ചു: “നിങ്ങളുടെ പാരമ്പര്യം നിമിത്തം നിങ്ങളും ദൈവകൽപനയെ അതിലംഘിക്കുന്നതെന്ത്‌? ദൃഷ്ടാന്തമായി, ‘നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക’ എന്നും ‘അപ്പനേയോ അമ്മയേയോ നിന്ദിക്കുന്നവൻ മരണത്തിൽ കലാശിക്കട്ടെ’ എന്നും ദൈവം പറഞ്ഞു. എന്നാൽ, ‘തന്റെ അപ്പനോടോ അമ്മയോടോ: “എന്നിൽനിന്ന്‌ നിങ്ങൾക്ക്‌ ഉപകാരമായിത്തീരേണ്ടതായി എനിക്കുളള എന്തും ദൈവത്തിന്‌ അർപ്പിക്കപ്പെട്ട ഒരു വഴിപാടാകുന്നു” എന്നു പറയുന്നതാരോ അവൻ തന്റെ അപ്പനെ അശേഷം ബഹുമാനിക്കേണ്ടതില്ല’ എന്നു നിങ്ങൾ പറയുന്നു. അങ്ങനെ നിങ്ങളുടെ പാരമ്പര്യം നിമിത്തം നിങ്ങൾ ദൈവവചനത്തെ അസാധുവാക്കിയിരിക്കുന്നു.”—മത്തായി 15:1-6.

21 അവർ തങ്ങളുടെ പണമോ വസ്‌തുവോ “ദൈവത്തിന്‌ അർപ്പിക്കപ്പെട്ട ഒരു വഴിപാടാകുന്നു” എന്ന്‌ പ്രഖ്യാപിക്കുന്നതിനാൽ, അവരുടെ പാരമ്പര്യപ്രകാരം, അവർ മാതാപിതാക്കൻമാരെ പരിപാലിക്കുന്നതിനുളള ഉത്തരവാദിത്തത്തിൽനിന്ന്‌ വിമുക്തരായിത്തീർന്നിരുന്നു. എന്നാൽ യേശു യോജിച്ചില്ല. ഇന്നു നാം ഇത്‌ ഗൗരവമായി എടുക്കേണ്ട ആവശ്യമുണ്ട്‌. അനേകം രാജ്യങ്ങളിലുളള “സാമൂഹ്യക്തേമ”ഫലമായി പ്രായമുളള മാതാപിതാക്കൻമാരുടെ ചില ആവശ്യങ്ങൾ പരിപാലിക്കപ്പെട്ടേക്കാം. എന്നാൽ ആ കരുതൽ യഥാർത്ഥത്തിൽ മതിയായതാണോ? മതിയായതല്ലെങ്കിൽ, അഥവാ അങ്ങനെയുളള കരുതലൊന്നുമില്ലെങ്കിൽ, തങ്ങളുടെ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്ന മക്കൾ യഥാർത്ഥത്തിലുളള ഏതു കുറവും നികത്തുന്നതിന്‌ തങ്ങളാലാവതു ചെയ്യും. തീർച്ചയായും, ഞെരുക്കമുളള വൃദ്ധമാതാപിതാക്കൻമാരെ പരിപാലിക്കുന്നത്‌ അപ്പോസ്‌തലനായ പൗലോസ്‌ പറഞ്ഞതുപോലെ, “ദൈവികഭക്തി”യുടെ, കുടുംബ ക്രമീകരണത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തോടുതന്നെയുളള ഒരുവന്റെ ഭക്തിയുടെ, ഒരു തെളിവാണ്‌.

22. ഭൗതികവസ്‌തുക്കൾക്കു പുറമേ എന്ത്‌ നാം നമ്മുടെ മാതാപിതാക്കൻമാർക്ക്‌ കൊടുക്കണം?

22 എന്നിരുന്നാലും, മാതാപിതാക്കൻമാർക്ക്‌ പിൽക്കാലവർഷങ്ങളിൽ പര്യാപ്‌തമായ ആഹാരവും വസ്‌ത്രവും വീടും ഉണ്ടെങ്കിൽ മറെറാന്നും ആവശ്യമില്ലെന്നു നാം ഒരിക്കലും വിചാരിക്കരുത്‌. അവർക്ക്‌ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളുമുണ്ട്‌. അവർക്ക്‌ സ്‌നേഹവും ഉറപ്പേകുന്ന ശ്രദ്ധയും ആവശ്യമാണ്‌, പലപ്പോഴും അത്യധികം ആവശ്യമാണ്‌. നമ്മുടെ ജീവിതത്തിലെല്ലാം നമ്മോട്‌ ആർക്കെങ്കിലും സ്‌നേഹമുണ്ടെന്നും നാം ആരുടേതെങ്കിലുമാണെന്നും നാം ഒററയ്‌ക്കല്ലെന്നും നാം അറിയേണ്ട ആവശ്യമുണ്ട്‌. മക്കൾ തങ്ങളുടെ പ്രായമുളള മാതാപിതാക്കൻമാരിൽനിന്ന്‌ അവരുടെ ശാരീരികമോ വൈകാരികമോ ആയ ആവശ്യങ്ങൾ സംബന്ധിച്ച്‌ അകന്നുമാറിക്കളയരുത്‌. “അപ്പനോടു ക്രൂരമായി പെരുമാറുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നത്‌ ലജ്ജാവഹമായും അപമാനകരമായും പ്രവർത്തിക്കുന്ന ഒരു പുത്രനാകുന്നു.”—സദൃശവാക്യങ്ങൾ 19:26.

23. ഒരു കുട്ടിക്ക്‌ അവന്റെ മാതാപിതാക്കൻമാർക്ക്‌ സന്തോഷത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയുന്നതെങ്ങനെ?

23 യൗവനം മുതൽ പ്രായപൂർത്തിയായ ജീവിതം വരെ മക്കൾക്ക്‌ തങ്ങളുടെ മാതാപിതാക്കൻമാരുടെ ജീവിതത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്‌. അനേകം മക്കൾ സങ്കടത്തിന്റെയും നൈരാശ്യത്തിന്റെയും ഉറവായിട്ടാണിരിക്കുന്നത്‌. എന്നാൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരുടെ സ്ഥാനത്തെ ആദരിക്കുകയും അവരുടെ ബുദ്ധിയുപദേശം കേട്ടനുസരിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ അവരോട്‌ യഥാർത്ഥ സ്‌നേഹവും പ്രിയവും പ്രകടിപ്പിക്കുന്നുവെങ്കിൽ, നിങ്ങൾക്ക്‌ അവരുടെ ഹൃദയങ്ങൾക്ക്‌ സന്തോഷത്തിന്റെ അനുദിന ഉറവായിരിക്കാൻ കഴിയും. അതെ, “നിന്റെ അപ്പനും അമ്മയ്‌ക്കും ആഹ്‌ളാദത്തിനു കാരണമുണ്ടാക്കുക, നിന്നെ പ്രസവിച്ചവൾ സന്തോഷിക്കട്ടെ.”—സദൃശവാക്യങ്ങൾ 23:25, ന്യൂ ഇംഗ്ലഷ്‌ ബൈബിൾ.

[അധ്യയന ചോദ്യങ്ങൾ]