വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിവാഹത്തിന്‌ ഒരു നല്ല അടിസ്ഥാനമിടുക

നിങ്ങളുടെ വിവാഹത്തിന്‌ ഒരു നല്ല അടിസ്ഥാനമിടുക

അധ്യായം 2

നിങ്ങളുടെ വിവാഹത്തിന്‌ ഒരു നല്ല അടിസ്ഥാനമിടുക

1-3. മത്തായി 7:24–27 അനുസരിച്ച്‌, ജീവിതത്തിലെ യഥാർത്ഥവിജയം എന്തിൽ ആശ്രയിച്ചിരിക്കുന്നു?

 ഒരു വീടിനോ ഒരു ജീവിതത്തിനോ ഒരു വിവാഹത്തിനോ അതു സ്ഥിതിചെയ്യുന്ന അടിസ്ഥാനം എത്ര നല്ലതാണോ അത്രയ്‌ക്കുളള മേൻമയാണുളളത്‌. യേശു തന്റെ ദൃഷ്ടാന്തങ്ങളിലൊന്നിൽ രണ്ടു മനുഷ്യരെക്കുറിച്ചു പറഞ്ഞു—ഉറപ്പുളള പാറയിൽ തന്റെ വീടുവെച്ച ബുദ്ധിയുളള മനുഷ്യനെക്കുറിച്ചും മണലിൻമേൽ വീടുവെച്ച മൂഢനായ മനുഷ്യനെക്കുറിച്ചും. ഒരു കൊടുങ്കാററുണ്ടായി വീടുകളിൻമേൽ പ്രളയജലവും കാററും ആഞ്ഞടിച്ചപ്പോൾ ഉറച്ച പാറയിൽ പണിതിരുന്നതു ചെറുത്തു നിന്നു, മണലിൻമേൽ പണിതിരുന്നത്‌ വലിയ ശബ്ദത്തോടെ നിലംപതിച്ചു.

2 യേശു വീടു പണിയേണ്ടതെങ്ങനെയെന്ന്‌ ആളുകളെ പഠിപ്പിക്കുകയായിരുന്നില്ല. അവൻ നല്ല അടിസ്ഥാനത്തിൻമേൽ തങ്ങളുടെ ജീവിതത്തെ കെട്ടുപണി ചെയ്യേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയായിരുന്നു. ദൈവത്തിന്റെ സന്ദേശവാഹകനെന്ന നിലയിൽ അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്ന ഏവനും” ഉറച്ച പാറയിൻമേൽ പണിയുന്ന മനുഷ്യനെപ്പോലെയാകുന്നു. എന്നാൽ “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്ത ഏവനും” മണലിൻമേൽ പണിയുന്നവനെപ്പോലെയാകുന്നു.—മത്തായി 7:24–27.

3 രണ്ടു സംഗതികളിലും ബുദ്ധിപൂർവ്വകമായ ഉപദേശം കേൾക്കുകയും എന്തു ചെയ്യണമെന്ന്‌ അറിയുകയും ചെയ്യുന്ന സംഗതി മാത്രമല്ലെന്ന്‌ യേശു പ്രകടമാക്കുന്നുവെന്നു ശ്രദ്ധിക്കുക. പരാജയപ്പെടാതെ വിജയിക്കുന്നതിനിടയാക്കുന്നത്‌ ബുദ്ധിപൂർവ്വകമായ ഉപദേശം കേട്ടു ചെയ്യുന്നതാണ്‌. “നിങ്ങൾ ഇവ അറിയുന്നുവെങ്കിൽ അവ ചെയ്‌താൽ നിങ്ങൾ സന്തുഷ്ടരാകുന്നു.”—യോഹന്നാൻ 13:17.

4. ഒന്നാമത്തെ മാനുഷജോടിയുടെ വിവാഹത്തിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന ചില കാര്യങ്ങളേവ? (ഉല്‌പത്തി 2:22-3:19)

4 വിവാഹത്തെ സംബന്ധിച്ച്‌ ഇത്‌ തീർച്ചയായും സത്യമാണ്‌. നാം പാറതുല്യമായ ഒരു അടിസ്ഥാനത്തിൽ നമ്മുടെ വിവാഹത്തെ കെട്ടുപണി ചെയ്യുന്നുവെങ്കിൽ അതു ജീവിതത്തിലെ സമ്മർദ്ദങ്ങളെ ചെറുത്തു നിൽക്കും. എന്നാൽ ഈ നല്ല അടിസ്ഥാനം എവിടെ നിന്നാണ്‌ ഉളവാകുന്നത്‌? വിവാഹത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽ നിന്നാണ്‌. അവൻ ആദ്യമനുഷ്യനെയും സ്‌ത്രീയെയും ഭർത്താവും ഭാര്യയുമെന്ന നിലയിൽ കൂട്ടിച്ചേർത്തപ്പോൾ അവൻ വിവാഹത്തിന്‌ ആരംഭമിട്ടു. അനന്തരം അവൻ അവരുടെ സ്വന്തം നൻമയ്‌ക്കുവേണ്ടി ബുദ്ധിപൂർവ്വകമായ നിർദ്ദേശങ്ങൾ കൊടുത്തു. ഈ ബുദ്ധിപൂർവ്വകമായ നിർദ്ദേശങ്ങളെ അവർ അനുസരിച്ചോയെന്നുളളത്‌ അവർക്ക്‌ മഹത്തായ ഒരു നിത്യഭാവി ഉണ്ടായിരിക്കുമോ അതോ അശേഷം ഭാവി ഇല്ലായിരിക്കുമോ എന്നു നിർണ്ണയിക്കുമായിരുന്നു. രണ്ടു പേർക്കും ദൈവത്തിന്റെ നിർദ്ദേശങ്ങൾ അറിയാമായിരുന്നു. എന്നാൽ, പരിതാപകരമായി, ഈ മാർഗ്ഗരേഖകൾ അനുസരിക്കുന്നതിൽ നിന്ന്‌ തങ്ങളെ തടയാൻ അവർ സ്വാർത്ഥതയെ അനുവദിച്ചു. അവർ ബുദ്ധിയുപദേശത്തെ അവഗണിക്കാൻ തീരുമാനിച്ചു. തൽഫലമായി അവരുടെ വിവാഹവും അവരുടെ ജീവിതവും മണലിൻമേൽ പണിയപ്പെട്ടിട്ട്‌ കൊടുങ്കാററടിച്ച ഒരു വീടുപോലെ തകർന്നു വീണു.

5, 6. വിവാഹിതർക്കും വിവാഹത്തെക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരിക്കുന്നവർക്കും ദൈവം എന്തു സഹായം നൽകുന്നു?

5 യഹോവയാം ദൈവമായിരുന്നു ആ ആദ്യജോടിയെ വിവാഹത്തിൽ കൂട്ടിച്ചേർത്തത്‌, എന്നാൽ ഇന്നത്തെ ഇണകൾക്കുവേണ്ടി അവൻ വ്യക്തിപരമായി വിവാഹക്രമീകരണങ്ങൾ ചെയ്യുന്നില്ല. എന്നിരുന്നാലും, സന്തുഷ്ട വിവാഹങ്ങൾക്കുവേണ്ടിയുളള അവന്റെ ബുദ്ധിയുപദേശങ്ങൾ ഇപ്പോഴും ലഭ്യമാണ്‌. ഇന്ന്‌ വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഓരോ വ്യക്തിയുമാണ്‌ ആ ബുദ്ധിയുപദേശം തനിക്ക്‌ ബാധകമാക്കുമോയെന്നു തീരുമാനിക്കേണ്ടത്‌. ഒരു ഭാവി ഇണയെ സംബന്ധിച്ച്‌ ഒരു ബുദ്ധിപൂർവ്വകമായ തീരുമാനം ചെയ്യുന്നതിൽ സഹായത്തിനുവേണ്ടി നമുക്ക്‌ അവനോട്‌ അപേക്ഷിക്കാമെന്നും ദൈവവചനം പ്രകടമാക്കുന്നു.—യാക്കോബ്‌ 1:5, 6.

6 തീർച്ചയായും ഭൂമിയുടെ വിവിധഭാഗങ്ങളിൽ സാഹചര്യങ്ങൾ ഗണ്യമായി വ്യത്യസ്‌തമായിരിക്കുന്നു. ഇന്ന്‌ അനേകം സ്ഥലങ്ങളിൽ സ്‌ത്രീപുരുഷൻമാർ സ്വന്തം വിവാഹഇണയെ തെരഞ്ഞെടുക്കുന്നു. എന്നാൽ ഭൂമിയിലെ ജനസംഖ്യയിൽ ഗണ്യമായ ഒരു ഭാഗത്തിന്റെ ഇടയിൽ മാതാപിതാക്കൻമാർ, ചിലപ്പോൾ ഒരു “വിവാഹദല്ലാൾ” മുഖേന വിവാഹം ആലോചിച്ചുറപ്പിക്കുന്നു. ചില പ്രദേശങ്ങളിൽ ഭാര്യയുടെ മാതാപിതാക്കൻമാർക്ക്‌ ഒരു “മണവാട്ടിവില” കൊടുത്തശേഷമേ പുരുഷനു ഭാര്യയെ കിട്ടുന്നുളളു. വിലയുടെ വലിപ്പം വിവാഹത്തെ പുരുഷനു അപ്രാപ്യം പോലുമാക്കിയേക്കാം. എന്നിരുന്നാലും, സാഹചര്യങ്ങൾ എന്തായിരുന്നാലും ഒരു വിവാഹത്തിന്റെ നിലനിൽക്കുന്ന വിജയത്തിന്‌ സഹായിക്കാൻ കഴിയുന്ന ബുദ്ധിയുപദേശം ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്‌.

ആദ്യം നിങ്ങളെത്തന്നെ അറിയുക

7-10. (എ) വിവാഹത്തെക്കുറിച്ച്‌ ആലോചിക്കുമ്പോൾ, ഒരു വ്യക്തി തന്നേക്കുറിച്ചുതന്നെ എന്ത്‌ അറിയേണ്ട ആവശ്യമുണ്ട്‌? അയാൾക്ക്‌ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും? (ബി) വിവാഹം ചെയ്യുന്നതിനുളള കാരണങ്ങളുടെ സാധുതസംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു?

7 നിങ്ങൾ വിവാഹത്തിൽ നിന്ന്‌ എന്താഗ്രഹിക്കുന്നു? ശാരീരികമായും വൈകാരികമായും ആത്മീയമായും നിങ്ങളുടെ ആവശ്യങ്ങൾ എന്താണ്‌? നിങ്ങളുടെ മൂല്യങ്ങളും നിങ്ങളുടെ ലാക്കുകളും അവയിൽ എത്തുന്നതിനുളള നിങ്ങളുടെ വിധങ്ങളും എന്താണ്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതിന്‌ നിങ്ങൾ നിങ്ങളെത്തന്നെ അറിയണം. ഇത്‌ ഒരുവൻ വിചാരിച്ചേക്കാവുന്നതുപോലെ എളുപ്പമല്ല. നമ്മേത്തന്നെ പരിശോധിക്കുന്നതിന്‌ വൈകാരിക പക്വത ആവശ്യമാണ്‌, അപ്പോൾ പോലും എല്ലാ വിശദാംശങ്ങളിലും നാം യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ നമ്മേത്തന്നെ കാണുക സാദ്ധ്യമല്ല. 1 കൊരിന്ത്യർ 4:4-ൽ “എനിക്കെതിരായ യാതൊന്നിനെക്കുറിച്ചും ഞാൻ ബോധവാനല്ല; എന്നിരുന്നാലും, ഇതിനാൽ ഞാൻ നീതിമാനെന്നു തെളിയുന്നില്ല, എന്നാൽ എന്നെ പരിശോധിക്കുന്നവൻ യഹോവയാണ്‌” എന്ന്‌ ക്രിസ്‌തീയാപ്പോസ്‌തലനായ പൗലോസ്‌ എഴുതിയപ്പോൾ അവൻ ഇതു സൂചിപ്പിക്കുകയുണ്ടായി.

8 ഒരു പ്രത്യേക സന്ദർഭത്തിൽ ഇയ്യോബ്‌ എന്ന മനുഷ്യൻ വിവേചിക്കുന്നതിൽ പരാജയപ്പെട്ട ചില വസ്‌തുതകൾ അവൻ തിരിച്ചറിയണമെന്ന്‌ സ്രഷ്ടാവ്‌ ആഗ്രഹിച്ചു. “ഞാൻ നിന്നോട്‌ ചോദിക്കട്ടെ, നീ എന്നെ അറിയിക്കുക” എന്ന്‌ ദൈവം അവനോടു പറഞ്ഞു. (ഇയ്യോബ്‌ 38:3) നമ്മേത്തന്നെ അറിയുന്നതിനും ആന്തരങ്ങൾ കണ്ടുപിടിക്കുന്നതിനും ചോദ്യങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും. അതുകൊണ്ട്‌ വിവാഹത്തിലുളള നിങ്ങളുടെ താൽപ്പര്യം സംബന്ധിച്ച്‌ നിങ്ങളെത്തന്നെ ചോദ്യം ചെയ്യുക.

9 ഭക്ഷണം, വസ്‌ത്രം, അഭയം എന്നീ ശാരീരികാവശ്യങ്ങളെ തൃപ്‌തിപ്പെടുത്താനാണോ നിങ്ങൾ വിവാഹം ചെയ്യാനാഗ്രഹിക്കുന്നത്‌? ”ആഹാരവും വസ്‌ത്രവും ഉണ്ടെങ്കിൽ നാം അവകൊണ്ട്‌ തൃപ്‌തരായിരിക്കും” എന്നു ബൈബിൾ പറയുന്ന പ്രകാരം ഈ ആവശ്യങ്ങൾ നമുക്കെല്ലാം അടിസ്ഥാനപരമായി ഉളളതാണ്‌. ലൈംഗികാവശ്യമോ? അതും സാധാരണഗതിയിലുളള ഒരു ആഗ്രഹമാണ്‌. “വികാരത്താൽ ജ്വലിക്കുന്നതിനേക്കാൾ വിവാഹം ചെയ്യുന്നതാണ്‌ മെച്ചം.” (1 തിമൊഥെയോസ്‌ 6:8; 1 കൊരിന്ത്യർ 7:9) അതു സഖിത്വത്തിനുവേണ്ടിയാണോ? ദൈവം വിവാഹക്രമീകരണം സ്ഥാപിച്ചതിന്റെ ഒരു മുഖ്യകാരണം അതായിരുന്നു. മറെറാന്ന്‌ വേലയിൽ രണ്ടുപേർ ഒരുമിച്ച്‌ സഹകരിക്കുകയെന്നതായിരുന്നു. (ഉല്‌പത്തി 2:18; 1:26-28) നല്ല വേലയുടെ പൂർത്തീകരണം സംതൃപ്‌തിയുടെ ഒരു ഉറവാണ്‌; അതിന്‌ പ്രതിഫലവും ലഭ്യമായിരിക്കണം: “ഏതു മനുഷ്യനും തിന്നുകയും തീർച്ചയായും കുടിക്കുകയും തന്റെ കഠിനവേലക്കെല്ലാം പ്രയോജനം കണ്ടെത്തുകയും വേണം. അത്‌ ദൈവത്തിന്റെ ദാനമാണ്‌.”—സഭാപ്രസംഗി 3:13.

10 സ്‌നേഹബദ്ധരായ ആളുകൾ ദീർഘകാലമായി ഹൃദയത്തെ തങ്ങളുടെ വികാരങ്ങളുടെ ഒരു പ്രതീകമായി വീക്ഷിച്ചിട്ടുണ്ട്‌. എന്നിരുന്നാലും ബൈബിൾ ഹൃദയത്തെ സംബന്ധിച്ച്‌ കുഴക്കുന്ന ഒരു ചോദ്യം ചോദിക്കുന്നു: “ആർക്ക്‌ അതിനെ അറിയാൻ കഴിയും?” (യിരെമ്യാവ്‌ 17:9) നിങ്ങളുടെ ഹൃദയത്തിലുളളതെന്തെന്ന്‌ നിങ്ങൾക്ക്‌ അറിയാമെന്നു തീർച്ചയുണ്ടോ?

11. വിവാഹത്തിൽ വൈകാരികമായ ഏത്‌ ആവശ്യങ്ങൾ നിറവേററപ്പെടണം?

11 മിക്കപ്പോഴും, ശാരീരികാകർഷണം മററ്‌ വൈകാരികാവശ്യങ്ങൾ സംബന്ധിച്ച്‌ നമ്മെ അന്ധരാക്കുന്നു. ഒരു ഇണയെ അന്വേഷിക്കുമ്പോൾ ധാരണയും ദയയും അനുകമ്പയും ലഭിക്കുന്നത്‌ സംബന്ധിച്ച നിങ്ങളുടെ ആവശ്യത്തിന്‌ നിങ്ങൾ വേണ്ടത്ര ഘനം കൊടുക്കുന്നുണ്ടോ? നമ്മുടെയെല്ലാം അടിസ്‌ഥാനപരമായ ആവശ്യമാണ്‌ അടുത്തു സ്‌ഥിതിചെയ്യാനും വിശ്വസിക്കാനും ഉപദ്രവഭീതി കൂടാതെ നമ്മെത്തന്നെ വെളിപ്പെടുത്താനുമുളള ഒരാൾ, “തന്റെ കരുണാർദ്ര ദയകളുടെ വാതിൽ” അടയ്‌ക്കുകയില്ലാത്ത ഒരാൾ. (1 യോഹന്നാൻ 3:17) ഇതെല്ലാം നിങ്ങളുടെ ഇണയ്‌ക്കു കൊടുക്കാൻ നിങ്ങൾക്കു കഴിയുമോ? അയാൾ അല്ലെങ്കിൽ അവൾ നിങ്ങൾക്ക്‌ ഇതു തിരിച്ചു തരുമോ?

12. ഒരു സന്തുഷ്ട വിവാഹത്തിന്‌ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങളുടെ നിറവേററൽ മതിയാകാത്തതെന്തുകൊണ്ട്‌?

12 “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച്‌ ബോധമുളളവർ സന്തുഷ്ടരാകുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 5:3) നിങ്ങളുടെ ആത്മീയാവശ്യം എന്താണ്‌? അതിന്‌ ഒരു ജീവിതവൃത്തി തേടുന്നതിനോടു ബന്ധമുണ്ടോ? ധനമോ ഭൗതിക സ്വത്തുക്കളോ തേടുന്നതിനോടോ? ശരി, ഈ വ്യാപാരങ്ങൾ ആന്തരികസമാധാനവും സംതൃപ്‌തിയും കൈവരുത്തുന്നുവോ? സാധാരണയായി അവ കൈവരുത്തുന്നില്ല. അതുകൊണ്ട്‌ സകല ശാരീരികാവശ്യങ്ങളും നിറവേററപ്പെട്ട ശേഷവും അവശേഷിക്കുന്ന ആത്മാവിന്റെ ഒരു വിശപ്പ്‌ എല്ലാ ആളുകളിലുമുണ്ടെന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ആത്മാവ്‌ താദാത്മ്യത്തിനുവേണ്ടി—നാം ആരാണെന്നും എന്താണെന്നും നാം ഇവിടെ സ്‌ഥിതിചെയ്യുന്നതെന്തുകൊണ്ടാണെന്നും എവിടേക്കു പോകുന്നുവെന്നും അറിയാൻ—അതിയായി ആഗ്രഹിക്കുന്നു. ഈ ആത്മീയാവശ്യങ്ങളെക്കുറിച്ചും അവ നിറവേററാനുളള മാർഗ്ഗത്തെക്കുറിച്ചും നിങ്ങൾ ബോധവാൻമാരാണോ?

പൊരുത്തം

13. ഒരു സന്തുഷ്ടവിവാഹത്തിന്‌ നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കു പുറമേ നിങ്ങൾ എന്തു തിരിച്ചറിയണം?

13 ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഈ ആവശ്യങ്ങളെല്ലാം നിങ്ങൾക്കു മനസ്സിലാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭാവി ഇണയ്‌ക്കും അവ മനസ്സിലാകുന്നുണ്ടെന്ന്‌ നിങ്ങൾക്കറിയാമോ? വിവാഹസന്തുഷ്ടി സംബന്ധിച്ച നിങ്ങളുടെ സ്വന്തം പ്രത്യേകാവശ്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണമെന്നു മാത്രമല്ല നിങ്ങളുടെ ഇണയുടെ ആവശ്യങ്ങളെ തിരിച്ചറിയുകയും വേണം. തീർച്ചയായും നിങ്ങളുടെ ഇണയും സന്തുഷ്ടയായിരിക്കാൻ നിങ്ങളാഗ്രഹിക്കുന്നു. ഒരാളുടെ അസന്തുഷ്ടി ഇരുവർക്കും അസന്തുഷ്ടി കൈവരുത്തും.

14. അനേകം വിവാഹങ്ങളിൽ, തങ്ങൾ പൊരുത്തമില്ലാത്തവരാണെന്ന്‌ ഇണകൾ കണ്ടെത്തുന്നതെന്തുകൊണ്ട്‌?

14 പൊരുത്തമില്ലായ്‌മ ഹേതുവായി അനേകം വിവാഹങ്ങൾ അസന്തുഷ്ടിയിലോ വിവാഹമോചനത്തിലോ കലാശിക്കുന്നു. പൊരുത്തമില്ലായ്‌മ എന്നത്‌ വിപുലമായ ഒരു പദമാണ്‌, എന്നാൽ വിവാഹത്തിൽ അതിന്റെ പ്രാധാന്യം വൈപുല്യമേറിയതാണ്‌. രണ്ടു പേർ ഒരു ററീം എന്ന നിലയിൽ നല്ല യോജിപ്പുളളവരല്ലെങ്കിൽ മുമ്പോട്ടുളള ഗതി പ്രയാസമായിരിക്കാം. ഇങ്ങനെയുളള ഒരു സാഹചര്യം വ്യത്യസ്‌ത ശരീരഘടനയും ശക്തിയുമുളള രണ്ടു മൃഗങ്ങളെ ഒന്നിച്ചു പൂട്ടുന്നതു സൃഷ്ടിക്കുന്ന പ്രയാസം നിമിത്തം കരുണാപൂർവ്വം അതു നിരോധിച്ച മോശൈകനിയമത്തിലെ വ്യവസ്ഥയെ അനുസ്‌മരിപ്പിക്കുന്നു. (ആവർത്തനം 22:10) നല്ല ചേർച്ചയില്ലാഞ്ഞിട്ടും വിവാഹത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ഒരു പുരുഷനെയും സ്‌ത്രീയെയും സംബന്ധിച്ചും അതു പ്രയാസം സൃഷ്ടിക്കും. ഇണകൾക്ക്‌ വ്യത്യസ്‌ത താല്‌പര്യങ്ങളും സ്‌നേഹിതരും വിനോദപ്രവർത്തനങ്ങളും സംബന്ധിച്ച വ്യത്യസ്‌ത അഭിരുചികളും ഉളളപ്പോഴും പൊതുവിലുളള കാര്യങ്ങളൊന്നും ഇല്ലാത്തപ്പോഴും വിവാഹബന്ധങ്ങൾ വലിയ ക്‌ളേശത്തിലായിത്തീരുന്നു.

15, 16. ഒരു ഭാവി വിവാഹഇണയുമായി ചർച്ചചെയ്യേണ്ട ചില കാര്യങ്ങളേവ, എങ്ങനെ?

15 “വിശ്വസ്‌ത സംസാരമില്ലാത്തടത്ത്‌ പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്‌” എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (സദൃശവാക്യങ്ങൾ 15:22) വിവാഹത്തെക്കുറിച്ചുളള പരിചിന്തനത്തിൽ പ്രായോഗിക കാര്യങ്ങൾ ചർച്ച ചെയ്‌തോ? പുരുഷന്റെ ജോലി വിവാഹവുമായി എങ്ങനെ പൊരുത്തപ്പെടും? അതാണ്‌ നിങ്ങൾ എവിടെ വസിക്കുമെന്നും പ്രായോഗികാവശ്യങ്ങൾ നിറവേററുന്നതിന്‌ എത്രമാത്രം പണം കിട്ടുമെന്നും നിശ്‌ചയിക്കുന്നത്‌. വരവുചെലവു കണക്കുകൾ ആർ കൈകാര്യം ചെയ്യും? ഭാര്യ ജോലിക്കു പോകേണ്ട ആവശ്യമുണ്ടോ? അത്‌ അഭികാമ്യമാണോ? വിവാഹം മൂലമുണ്ടാകുന്ന ബന്ധുക്കളോട്‌, വിശിഷ്യാ ഇരുകക്ഷികളുടെയും മാതാപിതാക്കൻമാരോട്‌, ഉളള ബന്ധം എന്തായിരിക്കണം? ഓരോരുത്തരും ലൈംഗികതയേയും കുട്ടികളെയും കുട്ടികളുടെ പരിശീലനത്തെയും കുറിച്ച്‌ എങ്ങനെ വിചാരിക്കുന്നു? ഒരാൾ മറേറയാളെ ഭരിക്കാൻ ആഗ്രഹിക്കുന്നുവോ? അതോ ദയാപൂർവ്വകമായ പരിഗണന ബന്ധത്തെ ഭരിക്കുമോ?

16 ഈ എല്ലാ ചോദ്യങ്ങളും അതുപോലെതന്നെ മററുളളവയും ശാന്തമായും യുക്തിയുക്തമായും ചർച്ച ചെയ്യാനും നിങ്ങളിരുവർക്കും സുഖകരമായി ഒന്നിച്ചു ജീവിക്കാൻ കഴിയത്തക്ക വിധത്തിൽ തീരുമാനത്തിലെത്താനും കഴിയുമോ? പ്രശ്‌നങ്ങളെ ഒന്നിച്ച്‌ അഭിമുഖീകരിക്കാനും പരിഹരിക്കാനും കഴിയുമോ? ആശയവിനിമയമാർഗ്ഗം എപ്പോഴും തുറന്നിടുമോ? അതാണ്‌ വിജയപ്രദമായ ഒരു വിവാഹത്തിന്റെ രക്ഷാചരട്‌.

17-19. വിവാഹ പൊരുത്തത്തോട്‌ കുടുംബപശ്ചാത്തലങ്ങൾക്ക്‌ ഒരു ബന്ധമുളളതെന്തുകൊണ്ട്‌?

17 സാധാരണയായി സമാനപശ്ചാത്തലങ്ങളിലുളള രണ്ടാളുകൾ തമ്മിൽ കൂടിയ പൊരുത്തം ഉണ്ട്‌. ബൈബിൾ കാലങ്ങളിലെ വിവാഹത്തെ സംബന്ധിച്ച്‌ ബൈബിൾ ഗ്രാഹ്യ സഹായി എന്ന പുസ്‌തകത്തിൽ 1114-ാം പേജിൽ ഇങ്ങനെ പ്രസ്‌താവിക്കുന്നു:

“ഒരു പുരുഷൻ അയാളുടെ സ്വന്തം ബന്ധുക്കളുടെയോ ഗോത്രത്തിന്റെയോ വൃത്തത്തിൽ നിന്ന്‌ ഒരു ഭാര്യയെ തെരയുന്നത്‌ പൊതു ആചാരമായിരുന്നതായി തോന്നുന്നു. ഈ തത്വം യാക്കോബിനോടുളള ലാബാന്റെ പ്രസ്‌താവനയാൽ സൂചിപ്പിക്കപ്പെടുന്നു: ‘ഞാൻ മറെറാരു പുരുഷന്‌ (എന്റെ മകളെ) കൊടുക്കുന്നതിനെക്കാൾ മെച്ചമാണ്‌ നിനക്ക്‌ ഞാൻ അവളെ തരുന്നത്‌.’ (ഉല്‌പത്തി 29:19) യഹോവയുടെ ആരാധകരുടെ ഇടയിൽ ഇതു വിശേഷാൽ അനുസരിക്കപ്പെട്ടിരുന്നു. അബ്രഹാം ആരോടുകൂടെ വസിച്ചിരുന്നോ ആ കനാന്യരുടെ പുത്രിമാരിൽ നിന്ന്‌ തന്റെ പുത്രനായ യിസഹാക്കിനുവേണ്ടി ഒരു ഭാര്യയെ എടുക്കുന്നതിനു പകരം തന്റെ സ്വന്തം രാജ്യത്തിലെ ബന്ധുക്കളുടെ അടുക്കലേക്ക്‌ ആളയച്ച അബ്രഹാമിനാൽ ദൃഷ്ടാന്തീകരിക്കപ്പെടുന്നതുപോലെതന്നെ.” (ഉല്‌പത്തി 24:3, 4)

18 തീർച്ചയായും, ഒരു വ്യക്തി ഇന്ന്‌ വളരെ അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിക്കുന്നത്‌ ബുദ്ധിപൂർവ്വകമാണെന്ന്‌ ഇതിനർത്ഥമില്ല, എന്തുകൊണ്ടെന്നാൽ ഇത്‌ വികലസന്തതിയെ ഉളവാക്കിയേക്കാവുന്ന ജനിതകപ്രശ്‌നങ്ങൾ കൈവരുത്തിയേക്കാം. എന്നാൽ കുടുംബപശ്ചാത്തലങ്ങൾക്ക്‌ ആളുകൾക്കുളള മൂല്യസംഹിതയോട്‌ വളരെയധികം ബന്ധമുണ്ട്‌. ബാല്യകാലത്തും യൗവനകാലത്തും ഒരു വ്യക്തിയുടെ നടത്തയും വികാരങ്ങളും സ്വഭാവികമായി കുടുംബാന്തരീക്ഷത്താൽ സ്വാധീനിക്കപ്പെടുന്നു. ഇരുകക്ഷികളുടെയും പശ്ചാത്തലങ്ങൾ സമാനമായിരിക്കുമ്പോൾ ‘ഒരേ മണ്ണിൽ ഒരേ കാലാവസ്ഥയിൽ തഴച്ചു വളരുന്നത്‌’ കൂടുതൽ എളുപ്പമാണെന്ന്‌ അവർ സാധാരണയായി കണ്ടെത്തുന്നു. എന്നിരുന്നാലും, വ്യത്യസ്‌ത പശ്ചാത്തലങ്ങളിലും ഉത്ഭവങ്ങളിലുമുളള ആളുകൾക്കും വിവാഹത്തിൽ നല്ല പൊരുത്തം വരുത്താൻ കഴിയും, വിശേഷിച്ച്‌ ഇരുവരും വൈകാരികമായി പക്വതയുളളവരായിരിക്കുമ്പോൾ.

19 തീർച്ചയായും നിങ്ങളുടെ ഭാവി ഇണയുടെ കുടുംബത്തെ സംബന്ധിച്ച്‌ കുറച്ചെന്തെങ്കിലും അറിയാൻ കഴിയുമെങ്കിൽ അതു പ്രയോജനകരമാണ്‌. എന്നാൽ അയാളോ അവളോ കുടുംബത്തോട്‌—മാതാപിതാക്കൻമാരോടും സഹോദരൻമാരോടും സഹോദരിമാരോടും—എങ്ങനെ ബന്ധപ്പെടുന്നുവെന്നും കാണുക. അയാളോ, അവളോ പ്രായമേറിയ ആളുകളോട്‌ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ കൊച്ചുകുട്ടികളോട്‌ എങ്ങനെ ഇണങ്ങി കഴിയുന്നു?

20, 21. ഒരു ഇണയെ തെരഞ്ഞെടുക്കുന്നതിൽ, വ്യക്തിപരമായ ദൗർബല്യങ്ങളെക്കുറിച്ച്‌ ഏതു വീക്ഷണം കൈക്കൊളളണം?

20 സകല മുൻകരുതലുകളും സ്വീകരിച്ചാലും നിങ്ങൾ ഇതു പിന്നെയും ഓർത്തിരിക്കണം: രണ്ടാളുകൾ തമ്മിലുളള പൊരുത്തം ഒരിക്കലും പൂർണ്ണമായിരിക്കുകയില്ല. ഇരുവർക്കും കുറവുകൾ ഉണ്ടായിരിക്കും. അവർ വിവാഹത്തിനു മുൻപ്‌ ചില കുറവുകളെക്കുറിച്ച്‌ മനസ്സിലാക്കിയേക്കാം; എന്നാൽ ചിലതിനെക്കുറിച്ചു പിന്നീടായിരിക്കാം അവർ അറിയുന്നത്‌. അപ്പോഴെന്ത്‌?

21 കുറവുകൾ തന്നെയല്ല വിവാഹങ്ങൾ പരാജയപ്പെടാനിടയാക്കുന്നത്‌. പിന്നെയോ പങ്കാളി അവയെക്കുറിച്ചു വിചാരിക്കുന്ന വിധമാണ്‌. നൻമ ന്യൂനതകളെ കവിയുന്നുവെന്ന്‌ കാണാൻ നിങ്ങൾക്ക്‌ കഴിയുമോ? അതോ നിങ്ങൾ ദൂഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെക്കുറിച്ചുതന്നെ സംസാരിച്ചുകൊണ്ടിരിക്കുകയുമാണോ? നിങ്ങൾക്കുവേണ്ടി വിട്ടുവീഴ്‌ച ചെയ്യേണ്ട ആവശ്യമുളളതുപോലെതന്നെ, നിങ്ങൾ അത്‌ ആഗ്രഹിക്കുന്നതുപോലെതന്നെ, നിങ്ങൾ വിട്ടുവീഴ്‌ച ചെയ്യാൻ തക്കവണ്ണം അയവുളളയാളാണോ? “സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്‌ക്കുന്നു” എന്ന്‌ അപ്പോസ്‌തലനായ പത്രോസ്‌ പറഞ്ഞു. (1 പത്രോസ്‌ 4:8) നിങ്ങൾ വിവാഹം കഴിക്കാനാലോചിക്കുന്നയാളോട്‌ നിങ്ങൾക്ക്‌ ഇത്തരം സ്‌നേഹം ഉണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ആ ആളെ വിവാഹം കഴിക്കാതിരിക്കുന്നതായിരിക്കും മെച്ചം.

‘എനിക്ക്‌ അയാളിൽ മാററം വരുത്താൻ കഴിയും‘

22-24. തന്റെ വഴികൾക്കു മാററം വരുത്താമെന്നുളള വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തിലോ, അയാൾക്കു മാററം വരുത്താൻ ശ്രമിക്കുന്നതിനുളള ഉദ്ദേശ്യത്തോടെയോ ആരെയെങ്കിലും വിവാഹം കഴിക്കുന്നത്‌ ബുദ്ധികേടായിരിക്കുന്നതെന്തുകൊണ്ട്‌?

22 എനിക്ക്‌ അയാളിൽ’ അല്ലെങ്കിൽ ‘അവളിൽ മാററം വരുത്താൻ കഴിയും’ എന്നു നിങ്ങൾ പറയുന്നുവോ? എന്നാൽ നിങ്ങൾ ആരെയാണു സ്‌നേഹിക്കുന്നത്‌? അയാളെയോ അവളെയോ ആണോ അതോ നിങ്ങളുടെ നവീകരണശ്രമങ്ങൾക്കുശേഷമുളള ആളെയാണോ? നമ്മിൽത്തന്നെ മാററം വരുത്താൻ പ്രയാസമാണ്‌. മററുളളവരിൽ മാററം വരുത്തുക അതിലും പ്രയാസമാണ്‌. എന്നിരുന്നാലും ദൈവവചനത്തിൽനിന്നുളള ശക്തമായ സത്യങ്ങൾക്ക്‌ വ്യക്തി തന്നിൽത്തന്നെ മാററംവരുത്താനിടയാക്കാൻ കഴിയും. ഒരു വ്യക്തിക്ക്‌ “പഴയ വ്യക്തിത്വത്തെ നീക്കി” മനസ്സിനെ പ്രവർത്തനനിരതമാക്കുന്ന ശക്തിയിൽ പുതുക്കപ്പെടാൻ കഴിയും. (എഫേസ്യർ 4:22, 23) എന്നാൽ നിങ്ങൾക്കുവേണ്ടി പെട്ടെന്ന്‌ ഒരു മാററം വരുത്താമെന്നുളള ഭാവി ഇണയുടെ വാഗ്‌ദാനത്തെക്കുറിച്ച്‌ വളരെ സംശയാലുവായിരിക്കുക! ദുഷിച്ച ശീലങ്ങളെ തിരുത്താനോ നന്നാക്കാനോ കഴിയുമെങ്കിലും അതിനു സമയമെടുത്തേക്കാം, വർഷങ്ങൾതന്നെ എടുത്തേക്കാം. അവകാശപ്പെടുത്തിയ സ്വഭാവവിശേഷതകളും പരിസരസംബന്ധമായ ഘടകങ്ങളും നമുക്ക്‌ പ്രത്യേക പ്രകൃതങ്ങൾ നൽകുകയും നമ്മെ വ്യത്യസ്‌ത വ്യക്തികളാക്കുന്നതിന്‌ നമ്മെ ചില വിധങ്ങളിൽ കരുപ്പിടിക്കുകയും ചെയ്‌തിട്ടുണ്ടെന്നുളള വസ്‌തുതയേയും നമുക്ക്‌ അവഗണിക്കാവുന്നതല്ല. യഥാർത്ഥ സ്‌നേഹത്തിന്‌ മെച്ചപ്പെടുന്നതിനും ബലഹീനതകളെ തരണം ചെയ്യന്നതിനും അന്യോന്യം സഹായിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയും, എന്നാൽ ഇണയുടെ വ്യക്തിത്വത്തെ ഞെരിക്കുന്ന പുതിയതും അസ്വഭാവികവുമായ ഒരു മൂശയിലേയ്‌ക്ക്‌ ഇണയെ തളളിക്കയററാൻ ശ്രമിക്കുന്നതിന്‌ അത്‌ നമ്മെ പ്രേരിപ്പിക്കുകയില്ല.

23 ചിലർക്കു തങ്ങളുടെ ഭാവനാസൃഷ്ടിയായ ഒരു പ്രതിരൂപം മനസ്സിലുണ്ടായിരിക്കാം. അവർ തങ്ങളുടെ ക്ഷണികമായ ഏതു വൈകാരികമോഹത്തെയും ഈ പ്രതിരൂപത്തോടു സംബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. തീർച്ചയായും യാതൊരുത്തർക്കും അസാദ്ധ്യമായ ഒരു സ്വപ്‌നത്തിനൊത്തു യോഗ്യത നേടാൻ കഴിയുകയില്ല. എന്നാൽ വികാരഭരിതനായ ആൾ മർക്കടമുഷ്ടി പിടിക്കുകയും അതുനിറവേററാൻ മറേറയാളെ നിർബന്ധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതു പരാജയപ്പെടുമ്പോൾ അയാൾ അല്ലെങ്കിൽ അവൾ മിഥ്യാബോധത്തിൽ നിന്ന്‌ വിമുക്തി പ്രാപിക്കുകയും ആ അയഥാർത്ഥ മനോരഥസൃഷ്ടിയെ കണ്ടെത്താൻ വേറെ എവിടെയെങ്കിലും നോക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങനെയുളളവർ ഒരിക്കലും തങ്ങളുടെ മനോരഥസൃഷ്ടിയെ കണ്ടെത്തുന്നില്ല. അവരുടെ സ്വന്തം മനഃസങ്കൽപ്പങ്ങളിലല്ലാതെ സ്ഥിതിചെയ്യുന്നില്ലാത്ത ഒരു ഭാവനാവ്യക്തിയെയാണ്‌ അവർ അന്വേഷിക്കുന്നത്‌. അങ്ങനെ ചിന്തിക്കുന്ന ആളുകൾ വിവാഹത്തിനു കൊളളാവുന്നവരല്ല.

24 ഒരുപക്ഷേ നിങ്ങൾക്ക്‌ അത്തരം സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം. നമ്മിൽ മിക്കവർക്കും നമ്മുടെ ജീവിതത്തിൽ ചില സമയങ്ങളിൽ അവ ഉണ്ട്‌; അനേകം യുവജനങ്ങൾക്കുണ്ട്‌. എന്നാൽ വർദ്ധിച്ച വൈകാരിക പക്വതയിലെത്തുമ്പോൾ അത്തരം മനഃസങ്കല്‌പങ്ങൾ അപ്രായോഗികമെന്ന നിലയിൽ തളളിക്കളയേണ്ടതാണെന്നു നാം തിരിച്ചറിയുന്നു. വിവാഹത്തിൽ യാഥാർത്ഥ്യമാണ്‌ ഗണ്യമായിട്ടുളളത്‌, വെറും സങ്കൽപ്പമല്ല.

25. യഥാർത്ഥ സ്‌നേഹവും കാമവും തമ്മിലുളള വ്യത്യാസമെന്ത്‌?

25 യഥാർത്ഥ സ്‌നേഹം അനേകർ വിചാരിക്കുന്നതുപോലെ അന്ധമല്ല. അത്‌ ഒട്ടേറെ ദൗർബല്യങ്ങളെ പൊറുക്കും, എന്നാൽ യഥാർത്ഥ സ്‌നേഹം അവയെ ശ്രദ്ധിക്കാതിരിക്കുന്നില്ല. സ്‌നേഹമല്ല, കാമമാണ്‌ അന്ധമായിട്ടുളളത്‌, മററുളളവർക്ക്‌ മുൻകൂട്ടിക്കാണാൻ കഴിയുന്ന പ്രശ്‌നങ്ങളെ കാണാൻ വിസമ്മതിക്കുന്നത്‌. അത്‌ അലട്ടുന്ന അതിന്റെ സ്വന്തം സംശയങ്ങളെ മുക്കിക്കളയുകപോലും ചെയ്യുന്നു; എന്നാൽ അവ പിന്നീട്‌ പൊങ്ങിവരുമെന്ന്‌ തീർച്ചപ്പെടുത്തിക്കൊളളുക. വിവാഹാഭ്യർത്ഥനക്കാലത്ത്‌ അഹിതകരമായ വസ്‌തുതകൾ സംബന്ധിച്ച്‌ കണ്ണടച്ചാൽ നിങ്ങൾ തീർച്ചയായും വിവാഹാനന്തരം അവയെ അഭിമുഖീകരിക്കും. നാം പ്രസാദിപ്പിക്കാനോ ആകർഷിക്കാനോ ആശിക്കുന്ന ആരുടെയെങ്കിലും മുമ്പാകെ ഏററവും മെച്ചമായി പ്രത്യക്ഷപ്പെടാനാണ്‌ നമ്മുടെ സ്വാഭാവിക പ്രവണത, എന്നാൽ കാലക്രമത്തിൽ പൂർണ്ണവും യഥാർത്ഥവുമായ ചിത്രം കാണപ്പെടുന്നു. അയാളെയോ അവളെയോ യഥാർത്ഥത്തിൽ ആയിരിക്കുന്ന പ്രകാരം കാണുന്നതിന്‌ അത്രയും സമയം നിങ്ങൾക്ക്‌ അനുവദിക്കുക. നിങ്ങൾ യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ നിങ്ങളെത്തന്നെ അവതരിപ്പിക്കുന്നതിൽ സത്യസന്ധനായിരിക്കുക. 1 കൊരിന്ത്യർ 14:20–ലെ അപ്പോസ്‌തലന്റെ പ്രബോധനത്തിന്‌ ഒരു ഇണയെ അന്വേഷിക്കുന്നതിലും ബാധകമാകാൻ കഴിയും: “കുഞ്ഞുങ്ങളാകരുത്‌ . . . ഗ്രഹണശക്തിയിൽ മുതിർന്നവരായിത്തീരുക.”

വിവാഹത്തിൽ ചെയ്യുന്ന പ്രതിജ്ഞകൾ

26. തിരുവെഴുത്തുകളനുസരിച്ച്‌, വിവാഹബന്ധം എത്ര കടപ്പാടുളളതാണ്‌? (റോമർ 7:2, 3)

26 വിവാഹത്തിൽ ചെയ്യുന്ന പ്രതിജ്ഞകളെക്കുറിച്ച്‌ ഒരുവൻ ഗൗരവമായി പരിചിന്തിക്കേണ്ടതുണ്ട്‌. ഏതെങ്കിലുമൊരു വ്യക്തിയുടെ പ്രതിജ്ഞ ശക്തവും ഉറപ്പുളളതുമല്ലെങ്കിൽ വിവാഹം ഇളക്കമുളള അടിസ്ഥാനത്തിലായിരിക്കും സ്ഥിതിചെയ്യുന്നത്‌. ഇന്ന്‌ ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ വിവാഹങ്ങൾ നടക്കുകയും അനന്തരം പെട്ടെന്ന്‌ തകരുകയും ചെയ്യുന്നു. മിക്കപ്പോഴും വിവാഹത്തിലേർപ്പെടുന്നയാളുകൾ പ്രതിജ്‌ഞയെ ധാർമ്മികമായി കടപ്പാടുളളതെന്നു വീക്ഷിക്കുന്നതിനുപകരം ‘അതു വിജയിക്കുന്നില്ലെങ്കിൽ ഞാൻ അതു അവസാനിപ്പിക്കും’ എന്ന നിലപാടു സ്വീകരിക്കുന്നതു നിമിത്തമാണിത്‌. ആ വീക്ഷണം സ്‌ഥിതി ചെയ്യുന്നടത്ത്‌ വിവാഹം മിക്കവാറും ആരംഭം മുതൽതന്നെ തകരാൻ വിധിക്കപ്പെട്ടിരിക്കുകയാണ്‌. സന്തുഷ്ടി കൈവരുത്തുന്നതിനു പകരം സാധാരണയായി അത്‌ ഹൃദയവേദന മാത്രമാണ്‌ ഉളവാക്കുന്നത്‌. ഇതിൽനിന്നു വ്യത്യസ്‌തമായി, വിവാഹം ഒരു ആജീവനാന്ത ബന്ധമായിരിക്കണമെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. ഇരുവരും “ഏകജഡമായിത്തീരണ” മെന്ന്‌ ഒന്നാമത്തെ ജോടിയെ സംബന്ധിച്ച്‌ ദൈവം പറയുകയുണ്ടായി. (ഉല്‌പത്തി 2:18, 23, 24) പുരുഷന്‌ മറെറാരു സ്‌ത്രീ ഉണ്ടായിരിക്കരുതായിരുന്നു. സ്‌ത്രീക്ക്‌ മറെറാരു പുരുഷനും ഉണ്ടായിരിക്കരുതായിരുന്നു. ദൈവപുത്രൻ ഇതിനെ വീണ്ടും സ്ഥിരീകരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “അവർ മേലാൽ രണ്ടല്ല, ഏകജഡമാണ്‌. അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നതിനെ യാതൊരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” ലൈംഗികമായ അവിശ്വസ്‌തത മാത്രമായിരിക്കും ദാമ്പത്യബന്ധത്തെ അഴിക്കുന്നതിനുളള ഒരു ന്യായമായ അടിസ്ഥാനം.—മത്തായി 19:3-9.

27-29. (എ) ഒരു ഭാവി വിവാഹഇണയിൽ എന്തിനുവേണ്ടി നോക്കുന്നത്‌ ഒരു സ്‌ത്രീക്ക്‌ നന്നായിരിക്കും? (ബി) ഒരു പുരുഷന്‌ ബുദ്ധിപൂർവ്വം ഒരു ഭാവി വിവാഹഇണയിൽ എന്തിനുവേണ്ടി നോക്കാവുന്നതാണ്‌?

27 വിവാഹത്തിന്റെ ഗൗരവത്തിന്റെ വീക്ഷണത്തിൽ, അതിൽ വിജയിക്കാനാഗ്രഹിക്കുന്ന ഒരു സ്‌ത്രീ തനിക്കു ബഹുമാനിക്കാൻ കഴിയുന്ന—സ്ഥിരതയും സമനിലയും നല്ല വിവേചനയുമുളളവനും ഉത്തരവാദിത്തം കൈകാര്യം ചെയ്യാൻ പ്രാപ്‌തനും സഹായകമായ വിമർശനം സ്വീകരിക്കാൻ തക്ക പക്വതയുളളവനുമായ—ഒരു പുരുഷനെ മാത്രം വിവാഹം കഴിക്കുന്നത്‌ നന്നായിരിക്കും. നിങ്ങളോടുതന്നെ ചോദിക്കുക: അയാൾ ഒരു നല്ല ദാതാവും വിവാഹബന്ധത്തിന്റെ അനുഗ്രഹമായി ഉണ്ടായേക്കാവുന്ന മക്കളുടെ ഒരു നല്ല പിതാവും ആയിരിക്കുമോ? നിങ്ങളിരുവർക്കും വിവാഹശയ്യയെ മാന്യവും നിർമ്മലവുമാക്കി സൂക്ഷിക്കുന്നതിന്‌ ദൃഢനിശ്ചയമുളളവരായിരിക്കാൻ കഴിയത്തക്കവണ്ണം അയാൾക്ക്‌ ഉയർന്ന ധാർമ്മിക പ്രമാണങ്ങൾ ഉണ്ടോ? അയാൾ താഴ്‌മയും മര്യാദയും പ്രത്യക്ഷമാക്കുന്നുവോ? അതോ അയാൾ അഹങ്കാരിയും മർക്കടമുഷ്ടിക്കാരനുമാണോ? തന്റെ ശിരസ്‌ഥാനത്തിന്റെ പ്രതാപം കാട്ടാനാഗ്രഹിക്കുന്നയാളാണോ? എല്ലായ്‌പോഴും തന്റെ ഭാഗം ശരിയാണെന്നു വിചാരിക്കുകയും കാര്യങ്ങളെക്കുറിച്ചു ന്യായവാദം ചെയ്യാൻ വിമുഖനായിരിക്കുകയും ചെയ്യുന്നയാളാണോ? വിവാഹത്തിനു മുൻപ്‌ മതിയായ കാലത്തേക്ക്‌ ആ മനുഷ്യനുമായി സഹവസിക്കുന്നതിനാൽ ഈ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും, വിശേഷിച്ച്‌ തീരുമാനത്തിനുളള പ്രമാണമായി ബൈബിൾ തത്വങ്ങളോടു പററിനിൽക്കുന്നുവെങ്കിൽ.

28 അതുപോലെതന്നെ, തന്റെ വിവാഹവിജയത്തെ ഗൗരവമായി കരുതുന്ന പുരുഷൻ തനിക്കു സ്വന്തം ജഡത്തെപ്പോലെ സ്‌നേഹിക്കാൻ കഴിയുന്ന ഒരു ഭാര്യയെ അന്വേഷിക്കും. അവൾ ഒരു കുടുംബം സ്ഥാപിക്കുന്നതിൽ ഒരു പങ്കാളിയെന്നപോലെ അയാൾക്കു പൂരകമായിരിക്കണം. (ഉല്‌പത്തി 2:18) ഒരു നല്ല ഗൃഹനായികയായിരിക്കുകയെന്നത്‌ വിവിധ ഉത്തരവാദിത്തങ്ങളോടുകൂടിയ, കാര്യശേഷി ആവശ്യമാക്കിത്തീർക്കുന്ന, ഒരു ജീവിതവൃത്തിയാണ്‌, അത്‌ ഒരു പാചകക്കാരിയും അലങ്കാര വിദഗ്‌ദ്ധയും സാമ്പത്തിക വിദഗ്‌ദ്ധയും മാതാവും അദ്ധ്യാപികയും എന്ന നിലകളിലുളള പ്രാപ്‌തികളും അതിലധികവും പ്രകടിപ്പിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. അവളുടെ ധർമ്മം സൃഷ്‌ടിപരവും വെല്ലുവിളിയായതും വ്യക്തിപരമായ വളർച്ചയ്‌ക്കും നേട്ടത്തിനുമുളള അനേകം അവസരങ്ങൾ പ്രദാനം ചെയ്യുന്നതും ആയിരിക്കാൻ കഴിയും. ഒരു വിലയുളള ഭർത്താവിനെപ്പോലെ ഒരു നല്ല ഭാര്യ ഒരു വേലക്കാരിയാണ്‌: “അവൾ അവളുടെ വീട്ടുകാരുടെ ഗമനങ്ങൾ സൂക്ഷിക്കുന്നു, അവൾ അലസതയുടെ അപ്പം തിന്നുന്നില്ല.”—സദൃശവാക്യങ്ങൾ 31:27.

29 നിങ്ങൾ ഇരുവരും കാണുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതു നന്നായിരിക്കും. വ്യക്തിപരമായ ശുചിത്വത്തിന്റെയും ക്രമത്തിന്റെയും തെളിവു നിങ്ങൾ കണ്ടേക്കാം. അല്ലെങ്കിൽ അവയുടെ അഭാവം ഉണ്ടായിരിക്കാം. ഉത്സാഹത്തിന്റെയോ മടിയുടെയോ തെളിവ്‌ ഉണ്ടായിരിക്കാം. ശാഠ്യത്തിനും അഹന്തക്കും വിരുദ്ധമായി ന്യായബോധത്തിന്റെയും പരിഗണനയുടെയും തെളിവായിരിക്കാം നിങ്ങൾ കാണുന്നത്‌. മിതവ്യയത്തിന്റെയും ധാരാളിത്വത്തിന്റെയും തെളിവ്‌ ദൃശ്യമായിരിക്കാം. മാനസികാലസത ജീവിതത്തെ അനുദിന ശാരീരകാവശ്യങ്ങൾ മാത്രം നോക്കുന്ന വിരസമായ നടപടിക്രമമാക്കിത്തീർക്കുന്നു. അതിൽനിന്നു വ്യത്യസ്‌തമായി ആസ്വാദ്യമായ സംഭാഷണത്തിനും ആത്മീയ സമ്പന്നതയ്‌ക്കും ഇടയാക്കുന്ന ചിന്താപ്രാപ്‌തി പ്രകടമായിരിക്കാം. ഏതായാലും നിങ്ങൾ കാണുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതു നന്നായിരിക്കും.

30, 31. വിവാഹാഭ്യർത്ഥനക്കാലത്തെ ദുർന്നടത്തയ്‌ക്ക്‌ ഒരുവൻ ഒരു നല്ല ദാമ്പത്യബന്ധം ആസ്വദിക്കുന്നതിന്‌ പ്രതിബന്ധമുണ്ടാക്കാൻ കഴിയുന്നതെന്തുകൊണ്ട്‌?

30 അന്യോന്യമുളള ആത്മാർത്ഥമായ ബഹുമാനം വിജയപ്രദമായ വിവാഹത്തിന്റെ ഒരു അടിസ്ഥാനഘടകമാണ്‌. ഇത്‌ വിവാഹാഭ്യർത്ഥനക്കാലത്തെ പ്രീതിപ്രകടനങ്ങൾക്കും ബാധകമാകുന്നു. അനുചിതമായ അടുപ്പത്തിനോ കടിഞ്ഞാണില്ലാത്ത വികാരത്തിനോ ദാമ്പത്യബന്ധം തുടങ്ങുന്നതിനുമുൻപ്‌ അതിനെ വിലകുറഞ്ഞതാക്കിത്തീർക്കാൻ കഴിയും. ലൈംഗികദുർമ്മാർഗ്ഗം വിവാഹം കെട്ടുപണി ചെയ്‌തു തുടങ്ങാനുളള നല്ല അടിസ്‌ഥാനമായിരിക്കുന്നില്ല. അത്‌ മറേറ വ്യക്തിയുടെ ഭാവിസന്തുഷ്ടിയോടുളള സ്വാർത്ഥപരമായ താൽപര്യമില്ലായ്‌മയെ പ്രകടമാക്കുന്നു. ഒരു അഭേദ്യമായ ബന്ധം ഉളവാക്കുന്നതെന്നു ക്ഷണികമായി തോന്നിക്കുന്ന കാമവികാരത്തിന്റെ ഉഗ്രമായ ചൂട്‌ പെട്ടെന്ന്‌ തണുത്തുപോകാവുന്നതാണ്‌. ആഴ്‌ചകൾക്കുളളിലോ ദിവസങ്ങൾക്കുളളിലോ വിവാഹം തകർന്നു പോയേക്കാം.—2 ശമുവേൽ 13:1-19-ൽ പ്രതിപാദിച്ചിരിക്കുന്ന താമാറിനോടുളള അമ്‌നോന്റെ കാമവികാരത്തെക്കുറിച്ചുളള വിവരണം താരതമ്യപ്പെടുത്തുക.

31 വിവാഹാഭ്യർത്ഥനക്കാലത്തെ വികാരപ്രകടനങ്ങൾക്ക്‌ വിവാഹത്തിന്റെ യഥാർത്ഥ ആന്തരം സംബന്ധിച്ച്‌ പിൽക്കാലത്ത്‌ അനിശ്ചിതത്വത്തിനിടയാക്കുന്ന സംശയത്തിന്റെ വിത്തുകൾ പാകാൻ കഴിയും. അത്‌ കാമവികാരത്തിന്‌ ഒരു പോംവഴിയുണ്ടാക്കാൻ മാത്രമായിരുന്നോ, അതോ ഒരു വ്യക്തിയെന്ന നിലയിൽ യഥാർത്ഥത്തിൽ വിലമതിക്കപ്പെടുന്നതും സ്‌നേഹിക്കപ്പെടുന്നതുമായ ആരെങ്കിലുമായി ജീവിതം പങ്കിടുന്നതിനായിരുന്നോ? വിവാഹത്തിനു മുമ്പത്തെ ആത്മനിയന്ത്രണത്തിന്റെ അഭാവം മിക്കപ്പോഴും വിവാഹത്തിനുശേഷമുളളതിന്റെ അഭാവത്തെ മുൻനിഴലാക്കി കാണിക്കുകയാണു ചെയ്യുന്നത്‌, അവിശ്വസ്‌തതയും അസന്തുഷ്ടിയുമാണ്‌ ഫലം. (ഗലാത്യർ 5:22, 23) വിവാഹത്തിനു മുമ്പത്തെ ദുർമ്മാർഗ്ഗത്താൽ അവശേഷിക്കപ്പെടുന്ന ചീത്ത ഓർമ്മകൾക്ക്‌ പ്രാരംഭഘട്ടങ്ങളിൽ ദാമ്പത്യബന്ധവുമായുളള നിർബാധമായ വൈകാരികപൊരുത്തപ്പെടലിനെ തടസ്സപ്പെടുത്താൻ കഴിയും.

32. വിവാഹാഭ്യർത്ഥനക്കാലത്തെ ദുർന്നടത്തയ്‌ക്ക്‌, ദൈവത്തോടുളള ഒരുവന്റെ ബന്ധത്തെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?

32 അതിലും ഗുരുതരമായി അത്തരം ദുർമ്മാർഗ്ഗം നമ്മുടെ സ്രഷ്ടാവുമായുളള ഒരുവന്റെ ബന്ധത്തിനു കേടുവരുത്തുന്നു, അവന്റെ സഹായമാണല്ലോ നമുക്ക്‌ ഗൗരവമായി ആവശ്യമായിരിക്കുന്നത്‌. “എന്തുകൊണ്ടെന്നാൽ ഇതാകുന്നു ദൈവം ഇഷ്ടപ്പെടുന്നത്‌, നിങ്ങളുടെ വിശുദ്ധീകരണം, നിങ്ങൾ പരസംഗത്തെ വർജ്ജിക്കുന്നതുതന്നെ; . . . ഈ കാര്യത്തിൽ ആരും ഉപദ്രവിക്കുന്ന ഘട്ടംവരെ പോകുകയും തന്റെ സഹോദരന്റെ [അല്ലെങ്കിൽ ന്യായയുക്തമായി ഒരുവന്റെ സഹോദരിയുടെ] അവകാശങ്ങളെ കൈയേറുകയും ചെയ്യരുത്‌ . . . ആ സ്ഥിതിക്ക്‌, അനാദരവു പ്രകടമാക്കുന്ന മനുഷ്യൻ മനുഷ്യനെയല്ല, പിന്നെയോ നിങ്ങളിൽ തന്റെ പരിശുദ്ധാത്മാവിനെ നൽകുന്ന ദൈവത്തെയാണ്‌ അനാദരിക്കുന്നത്‌.”—1 തെസ്സലോനിക്യർ 4:3–8.

ഒരു പാറയടിസ്ഥാനം

33, 34. ഒരുവൻ വിവാഹഇണയെ തെരഞ്ഞെടക്കുമ്പോൾ ശാരീരിക കാഴ്‌ചയെക്കാൾ വളരെയേറെ പ്രധാനം ഏതുഗുണങ്ങളാണെന്ന്‌ തിരുവെഴുത്തുകൾ പ്രകടമാക്കുന്നു?

33 നിങ്ങളുടെ കുടുംബം പാറമേലുളള അടിസ്ഥാനത്തിൽ സ്ഥിതിചെയ്യുമോ? അതോ മണലിൻമേലുളള അടിസ്ഥാനത്തിലാണോ? ഭാഗികമായി അത്‌ ആശ്രയിച്ചിരിക്കുന്നത്‌ ഒരു ഇണയെ തെരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കപ്പെടുന്ന ജ്ഞാനത്തിന്റെ അളവിലാണ്‌. സൗന്ദര്യവും ലൈംഗികതയും പോരാ. അവ മാനസികവും ആത്മീയവുമായ പൊരുത്തമില്ലായ്‌മയെ തുടച്ചുനീക്കുന്നില്ല. ദൈവവചനത്തിലെ ബുദ്ധിയുപദേശമാണ്‌ വിവാഹത്തിന്‌ ഒരു പാറതുല്യമായ അടിസ്ഥാനം നൽകുന്നത്‌.

34 ആന്തരികവ്യക്തി ബാഹ്യകാഴ്‌ചയെക്കാൾ പ്രധാനമാണെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. “സൗന്ദര്യം വ്യാജവും ലാവണ്യം വ്യർത്ഥവുമായിരിക്കാം, എന്നാൽ യഹോവയെ ഭയപ്പെടുന്ന സ്‌ത്രീയാണ്‌ അവൾക്കു വേണ്ടി പ്രശംസ നേടുന്നത്‌” എന്ന്‌ നിശ്വസ്‌ത സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 31:30) വിവാഹിതനായ ഒരു മനുഷ്യനായിരുന്ന അപ്പോസ്‌തലനായ പത്രോസ്‌ “ഹൃദയത്തിന്റെ ഗൂഢവ്യക്തി”യെയും “ശാന്തവും സൗമ്യവുമായ ആത്മാവിനെ”യും കുറിച്ച്‌ “ദൈവത്തിന്റെ ദൃഷ്ടിയിൽ വലിയ വിലയുളള”തെന്ന്‌ പറയുന്നു. (1 പത്രോസ്‌ 3:4) ‘ദൈവം ഒരു മമനുഷ്യന്റെ ബാഹ്യകാഴ്‌ചപ്രകാരം നയിക്കപ്പെടുന്നില്ല.’ നമുക്ക്‌ ഒരു ഭാവി ഇണയുടെ ബാഹ്യചമയത്താൽമാത്രം അനുചിതമായി സ്വാധീനിക്കപ്പെടുന്നതിനെതിരെ ജാഗരൂകരായിരുന്നുകൊണ്ട്‌ അവന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പ്രയോജനമനുഭവിക്കാൻ കഴിയും.—1 ശമുവേൽ 16:7.

35, 36. (എ) ദൈവത്തിലും അവന്റെ വചനത്തിലും വിശ്വാസമുളള ഒരാളെ വിവാഹം ചെയ്യുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌? (ബി) ഒരു ഭാവി ഇണ എത്രത്തോളം ആ വിശ്വാസം പ്രകടമാക്കാൻ നിങ്ങൾ പ്രതീക്ഷിക്കും?

35 ജ്ഞാനിയായ ശലോമോൻ രാജാവ്‌ ജീവിതത്തെക്കുറിച്ച്‌ ധ്യാനിക്കുകയും ഈ നിഗമനത്തിലെത്തുകയും ചെയ്‌തു: “സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപനകളനുസരിക്കുകയും ചെയ്യുക. എന്തെന്നാൽ ഇതാണു മമനുഷ്യന്റെ മുഴു കടപ്പാട്‌.” (സഭാപ്രസംഗി 12:13) ദൈവനിയമം അനുസരിക്കാൻ ഉടമ്പടി ചെയ്‌തിരുന്ന യിസ്രായേല്യർ, തങ്ങളെ സത്യദൈവത്തിൽനിന്ന്‌ അകററിക്കളയാതിരിക്കേണ്ടതിന്‌ തങ്ങളുടെ ആരാധനാരീതിയിൽ പങ്കുപററാഞ്ഞ ആളുകളുമായി വിവാഹത്തിലേർപ്പെടരുതെന്ന്‌ വിശേഷാൽ കൽപ്പിക്കപ്പെട്ടിരുന്നു. “നീ അവരുമായി വിവാഹബന്ധം സ്ഥാപിക്കരുത്‌, നിന്റെ പുത്രിയെ നീ അവന്റെ പുത്രന്‌ കൊടുക്കരുത്‌, അവന്റെ പുത്രിയെ നീ നിന്റെ പുത്‌ന്രനുവേണ്ടി എടുക്കരുത്‌. എന്തുകൊണ്ടെന്നാൽ അവൻ എന്നെ അനുസരിക്കുന്നതിൽനിന്ന്‌ നിന്റെ പുത്രനെ തിരിച്ചുകളയും, അവർ തീർച്ചയായും മററു ദൈവങ്ങളെ സേവിക്കും.”—ആവർത്തനം 7:3, 4.

36 സമാനമായ കാരണങ്ങളാൽ ദൈവത്തിന്റെ “പുതിയനിയമ”ത്തിലായിരുന്നവർക്ക്‌, ക്രിസ്‌തീയസഭയിൽപെട്ടിരുന്നവർക്ക്‌ “കർത്താവിൽ” മാത്രം വിവാഹം ചെയ്യാൻ ബുദ്ധിയുപദേശം കൊടുക്കപ്പെട്ടിരുന്നു. (യിരെമ്യാവ്‌ 31:31-33; 1 കൊരിന്ത്യർ 7:39) ഇതു മതഭ്രാന്തായിരിക്കുന്നതിനുപകരം ജ്ഞാനത്താലും സ്‌നേഹത്താലും പ്രേരിതമാണ്‌. സ്രഷ്ടാവിനോടുളള സംയുക്തഭക്തിയേക്കാളധികമായി യാതൊന്നിനും വിവാഹബന്ധങ്ങൾക്ക്‌ കൂടിയ ബലം കൊടുക്കാൻ കഴിയുകയില്ല. ദൈവത്തിലും അവന്റെ വചനത്തിലും വിശ്വാസമുളള ഒരാളെ, നിങ്ങളെപ്പോലെ അതു ഗ്രഹിക്കുന്ന ഒരാളെ, നിങ്ങൾ വിവാഹം കഴിക്കുന്നുവെങ്കിൽ, അപ്പോൾ നിങ്ങൾക്ക്‌ ബുദ്ധിയുപദേശത്തിന്‌ ഒരു പൊതുപ്രമാണം ഉണ്ടായിരിക്കും. ഇത്‌ ജീവൽപ്രധാനമാണെന്ന്‌ നിങ്ങൾ വിചാരിക്കാതിരുന്നേക്കാം, എന്നാൽ “വഴിതെററിക്കപ്പെടരുത്‌. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33) എന്നിരുന്നാലും ക്രിസ്‌തീയസഭയ്‌ക്കുളളിൽപോലും ഒരു ഭാവി ഇണ ക്രിസ്‌ത്യാനിത്വത്തിന്റെ വക്കിൽ ജീവിക്കാൻ ശ്രമിക്കുകയും അതേസമയം ലോകത്തിന്റെ മനോഭാവങ്ങളിലേക്കും ആചാരങ്ങളിലേക്കും കാര്യമായി ചായുകയും ചെയ്യുന്ന ആളായിരിക്കുന്നതിനുപകരം യഥാർത്ഥത്തിൽ പൂർണ്ണഹൃദയത്തോടുകൂടിയ ഒരു ദൈവദാസനാണെന്നു തിട്ടപ്പെടുത്തുന്നത്‌ ഒരുവന്‌ നന്നായിരിക്കും. നിങ്ങൾക്ക്‌ ദൈവത്തോടുകൂടെ നടക്കാനും ലോകത്തോടുകൂടെ നീങ്ങാനും കഴിയുകയില്ല.—യാക്കോബ്‌ 4:4.

37, 38. (എ) ഒരുവൻ വിവാഹാഭ്യർത്ഥനയിലേയ്‌ക്കോ വിവാഹത്തിലേക്കോ എടുത്തു ചാടുന്നത്‌ ഒഴിവാക്കേണ്ടതെന്തുകൊണ്ട്‌? (ബി) വിവാഹത്തെക്കുറിച്ചു പരിചിന്തിക്കുന്നവർ ആരുടെ ബുദ്ധിയുപദേശം ശ്രദ്ധിക്കുന്നത്‌ നന്നാണ്‌?

37 “നിങ്ങളിൽ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്ന ആരാണ്‌ അതു പൂർത്തിയാക്കാൻ വേണ്ടത്ര തനിക്കുണ്ടോയെന്നറിയാൻ ആദ്യം ഇരുന്നു ചെലവു കണക്കു കൂട്ടാത്തത്‌?” എന്ന്‌ യേശു ചോദിച്ചു. “അതല്ലെങ്കിൽ, അയാൾ അതിന്റെ അടിസ്ഥാനമിട്ടിട്ട്‌ പൂർത്തീകരിക്കാൻ കഴിയാതിരുന്നേക്കാം.” (ലൂക്കോസ്‌ 14:28, 29) ഇതേ തത്വം വിവാഹത്തിനു ബാധകമാകുന്നു. ദൈവം വിവാഹത്തെ ഒരു ആജീവനാന്ത ബന്ധമായി വീക്ഷിക്കുന്നതുകൊണ്ട്‌ ഒരു ഇണയുടെ തെരഞ്ഞെടുപ്പിന്‌ തീർച്ചയായും ധൃതഗതി പാടില്ല. നിങ്ങൾതന്നെ തുടങ്ങിയിരിക്കുന്നത്‌ പൂർത്തീകരിക്കാൻ തയ്യാറാണെന്ന്‌ തിട്ടപ്പെടുത്തുക. വിവാഹാഭ്യർത്ഥനപോലും ഒരു കളിപോലെ നിസ്സാരമായി എടുക്കേണ്ടതല്ല. മറെറാരാളുടെ സ്‌നേഹത്തെ പന്താടുന്നത്‌ ഒരു ക്രൂരവിനോദമാണ്‌, അത്‌ വരുത്തിക്കൂട്ടുന്ന മുറിവുകളും ഹൃദയവേദനയും ദീർഘനാൾ നീണ്ടു നിന്നേക്കാം.—സദൃശവാക്യങ്ങൾ 10:23; 13:12.

38 വിവാഹത്തെക്കുറിച്ച്‌ പരിചിന്തിക്കുന്ന വിവേകശാലികളായ യുവജനങ്ങൾ പ്രായമേറിയവരുടെ, വിശേഷിച്ച്‌, നിങ്ങളുടെ ഉത്തമതാൽപ്പര്യങ്ങൾ ഹൃദയത്തിലുളളവരെന്നു പ്രകടമാക്കിയിട്ടുളളവരുടെ, ആലോചന കേട്ടനുസരിക്കുന്നതു നന്നാണ്‌. “വൃദ്ധൻമാരുടെ ഇടയിൽ ജ്ഞാനവും ആയുർദൈർഘ്യത്തിൽ വിവേകവുമില്ലയോ?” എന്നു ചോദിച്ചുകൊണ്ട്‌ ഇയ്യോബ്‌ 12:12 ഇതിന്റെ മൂല്യം നമ്മെ അനുസ്‌മരിപ്പിക്കുന്നു. അനുഭവ പരിചയത്തിന്റെ ഈ ശബ്ദങ്ങൾ കേട്ടനുസരിക്കുക. എല്ലാററിനുമുപരിയായി, “നിന്റെ പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക, നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്‌. നിന്റെ എല്ലാ വഴികളിലും അവനെ പരിഗണിക്കുക, അവൻ തന്നെ നിന്റെ പാതകളെ നേരെയാക്കും.”—സദൃശവാക്യങ്ങൾ 3:5, 6.

39. ഇപ്പോൾത്തന്നെ വിവാഹിതരായിരിക്കുന്നവർക്ക്‌ ബൈബിൾ സഹായകമായിരിക്കാൻ കഴിയുന്നതെങ്ങനെ?

39 ഈ വാക്കുകൾ വായിക്കുന്ന അനേകർ ഇപ്പോൾത്തന്നെ വിവാഹിതരായിരുന്നേക്കാം. ഒരു പരിധിവരെ ഇപ്പോൾത്തന്നെ നിങ്ങളുടെ അടിസ്ഥാനം ഇടപ്പെട്ടിരിക്കുന്നുവെങ്കിലും പ്രതിഫലദായകമായ ഫലങ്ങളോടെ ആവശ്യമായിരിക്കുന്നിടത്ത്‌ ക്രമീകരണങ്ങൾ ചെയ്യാൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങളുടെ വിവാഹത്തിന്റെ അവസ്ഥ എന്തുതന്നെയായിരുന്നാലും, കുടുംബസന്തുഷ്ടി സംബന്ധിച്ച സ്രഷ്ടാവിന്റെ ബുദ്ധിയുപദേശത്തെക്കുറിച്ചുളള കൂടുതലായ വിചിന്തനത്താൽ അതിന്റെ മൂല്യം വർദ്ധിപ്പിക്കാൻ കഴിയും.

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

നിങ്ങളുടെ വിവാഹത്തിന്‌ പ്രക്‌ഷുബ്ധ സമയങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുമോ?