വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കൾ—ഒരു ഉത്തരവാദിത്തവും പ്രതിഫലവും

മക്കൾ—ഒരു ഉത്തരവാദിത്തവും പ്രതിഫലവും

അധ്യായം 7

മക്കൾ—ഒരു ഉത്തരവാദിത്തവും പ്രതിഫലവും

1-4. (എ)ഗർഭാശയത്തിലെ ശിശുവിന്റെ വളർച്ചയെസംബന്ധിച്ച അത്ഭുതകരമായ ചില സവിശേഷതകളേവ? (ബി) ഈ കാര്യങ്ങൾ സംബന്ധിച്ച അറിവ്‌ സങ്കീർത്തനം 127:3-നെ വിലമതിക്കാൻ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

 മക്കളെ പ്രസവിക്കുന്നത്‌ പുളകപ്രദവും ഗൗരവാവഹവുമായ ഒരു പ്രതീക്ഷയാണ്‌. അതു മനഷ്യവർഗ്ഗത്തിന്റെ ഇടയിൽ ഒരു അനുദിനസംഭവമാണെന്നുളളതു സത്യംതന്നെ. എന്നിരുന്നാലും ഓരോ ജനനവും അത്ഭുതകരമായി സങ്കീർണ്ണമായ പ്രക്രിയകളുടെ അനന്തരഫലമാണ്‌. നാം ഇവയെക്കുറിച്ച്‌ അല്‌പം മനസ്സിലാക്കുമ്പോൾ “നോക്കൂ! പുത്രൻമാർ യഹോവയിൽനിന്നുളള ഒരു അവകാശമാകുന്നു; ഉദരഫലം ഒരു പ്രതിഫലമാകുന്നു” എന്നു പറയാൻ നിശ്വസ്‌ത സങ്കീർത്തനക്കാരൻ പ്രേരിതനായത്‌ എന്തുകൊണ്ടെന്ന്‌ നമുക്കു മെച്ചമായി മനസ്സിലാക്കാൻ കഴിയും. (സങ്കീർത്തനം 127:3) എന്തു സംഭവിക്കുന്നുവെന്ന്‌ പരിചിന്തിക്കുക.

2 ഒരു പുരുഷനിൽനിന്നുളള ഒരു ബീജകോശം ഒരു സ്‌ത്രീയിലെ അണ്ഡകോശവുമായി സംയോജിക്കുന്നു. രണ്ടു കോശങ്ങളും ഒന്നായിത്തീരുന്നു. ആ ഒന്ന്‌ സ്വയം വിഭജിക്കാൻ തുടങ്ങുന്നു. അതു രണ്ടായിത്തീരുന്നു, രണ്ടു നാലായിത്തീരുന്നു, നാല്‌ എട്ടായിത്തീരുന്നു. ഒടുവിൽ ഈ ഒരെണ്ണം, കണക്കാക്കപ്പെട്ട പ്രകാരം പ്രായപൂർത്തിയായ ഒരാളിൽ 60,000,000,000,000 കോശങ്ങളായിത്തീർന്നിരിക്കുന്നു! ആദ്യം പുതിയ കോശങ്ങളെല്ലാം സമാനമായിരുന്നു, പിന്നീട്‌ അവ വ്യത്യസ്‌തതരങ്ങളായി—അസ്ഥികോശങ്ങൾ, മാംസപേശികോശങ്ങൾ, നാഡീകോശങ്ങൾ, കരൾകോശങ്ങൾ, നേത്രകോശങ്ങൾ, ചർമ്മകോശങ്ങൾ മുതലായവയായി—മാറിത്തുടങ്ങി.

3 പുനരുല്‌പാദനത്തിന്റെയും വിഭേദനത്തിന്റെയും ചില മർമ്മങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്‌, എന്നാൽ അനേകവും അവശേഷിക്കുകയാണ്‌. മൂലകോശം സ്വയം വിഭജിച്ചുതുടങ്ങാനിടയാക്കുന്നതെന്താണ്‌? വിഭജിക്കൽ തുടരുമ്പോൾ കോശങ്ങൾ അനേകം വ്യത്യസ്‌ത തരങ്ങളായി മാറിത്തുടങ്ങാനിടയാക്കുന്നതെന്താണ്‌? ഈ വ്യത്യസ്‌ത തരങ്ങൾ ഒരു കരളും ഒരു മൂക്കും ഒരു ചെറിയ കാൽവിരലുമായിത്തീരാൻ പ്രത്യേക ആകൃതികളിലും വലിപ്പങ്ങളിലും ധർമ്മങ്ങളിലും സംഘടിക്കാനിടയാക്കുന്നതെന്താണ്‌? ഈ മാററങ്ങൾ മുന്നമേ നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ സംഭവിച്ചുതുടങ്ങുന്നു. സമയപ്പട്ടികകളെ നിയന്ത്രിക്കുന്നതെന്താണ്‌? കൂടാതെ മാതാവിന്റെ ഗർഭാശയത്തിൽ വളരുന്ന ഈ ഭ്രൂണം അവളുടെ ജനിതകഘടനയിൽ നിന്ന്‌ വ്യത്യസ്‌തമായ ജനിതകഘടനയോടുകൂടിയ ഒരു ശരീരമാണ്‌. സാധാരണ ഗതിയിൽ അവളുടെ ശരീരം, ഒട്ടിക്കുന്ന ചർമ്മമോ മററുളളവരിൽ നിന്ന്‌ പറിച്ചു നടുന്ന അവയവമോ പോലെയുളള അന്യകലകളെ പുറംതളളുന്നു. അത്‌ ജനിതകമായി അന്യമായ ഈ ഭ്രൂണത്തെ ഏതാണ്ട്‌ 280 ദിവസം പോഷിപ്പിക്കുന്നതിനു പകരം പുറന്തളളാത്തതെന്തുകൊണ്ടാണ്‌?

4 ബീജത്താലും അണ്ഡത്താലും നിർമ്മിതമായ ഏകകോശത്തിൽ ഈ അത്ഭുതകരമായ പ്രവർത്തനങ്ങളെല്ലാം യഹോവയാം ദൈവം ആസൂത്രണം ചെയ്‌തിരിക്കുന്നതുകൊണ്ടാണ്‌ അവ കൃത്യസമയത്ത്‌ നടക്കുന്നത്‌. “നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെപ്പോലും കണ്ടു, അതിന്റെ ഭാഗങ്ങളെല്ലാം നിർമ്മിക്കപ്പെട്ടതും അവയുടെ ഇടയിൽ ഒന്നും ഇല്ലാതിരുന്നതുമായ നാളുകൾ സംബന്ധിച്ച്‌ അവയെല്ലാം നിന്റെ പുസ്‌തകത്തിൽ എഴുതപ്പെട്ടിരുന്നു” എന്നു സ്രഷ്ടാവിനോട്‌ പറയുമ്പോൾ സങ്കീർത്തനക്കാരൻ ഇതു സൂചിപ്പിക്കുന്നു.—സങ്കീർത്തനം 139:16.

വളർച്ചയും ജനനവും

5-8. ഗർഭധാരണത്തിന്റെ നാലാമത്തെ ആഴ്‌ചയ്‌ക്കും ശിശുവിന്റെ ജനനത്തിനുമിടയ്‌ക്ക്‌ ഗർഭാശയത്തിൽ സംഭവിക്കുന്ന ചില സംഗതികളേവ?

5 ഭ്രൂണം പെട്ടെന്നു വികാസം പ്രാപിക്കുന്നു. നാലാമത്തെ ആഴ്‌ചയാകുമ്പോഴേക്ക്‌ അതിന്‌ ഒരു തലച്ചോറും ഒരു നാഡിവ്യവസ്ഥയും, അപ്പോഴേക്കും സ്ഥാപിക്കപ്പെട്ട കുഴലുകളിലൂടെ രക്തം പമ്പുചെയ്യുന്ന ഒരു ഹൃദയം സഹിതം ഒരു രക്തചംക്രമണവ്യവസ്ഥയും ഉണ്ട്‌. ആറാഴ്‌ചക്കാലത്തേക്ക്‌ മഞ്ഞക്കരുകോശമാണ്‌ രക്തം നിർമ്മിക്കുന്നത്‌; പിന്നീട്‌ കരളും ഒടുവിൽ അസ്ഥിമജ്ജയും ഈ പ്രവർത്തനം ഏറെറടുക്കുന്നു. അഞ്ചാമത്തെ ആഴ്‌ചയിൽ കൈകളും കാലുകളും രൂപം പ്രാപിച്ചു തുടങ്ങുന്നു; മൂന്നാഴ്‌ചകൾകൂടെ കഴിയുമ്പോൾ കൈവിരലുകളും കാൽവിരലുകളും പ്രത്യക്ഷപ്പെടുന്നു. ഏഴാമത്തെ ആഴ്‌ച ആകുന്നതോടെ മുഖ്യമാംസപേശിക്കൂട്ടങ്ങളും അവയോടുകൂടെ കണ്ണുകളും ചെവികളും മൂക്കും വായും നിർമ്മിക്കപ്പെട്ടിരിക്കും.

6 “ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെട്ടപ്പോൾ എന്റെ അസ്ഥികൾ നിന്നിൽനിന്ന്‌ മറഞ്ഞിരുന്നില്ല” എന്ന്‌ സങ്കീർത്തനക്കാരൻ യഹോവയാം ദൈവത്തോട്‌ തുടർന്നു പറയുന്നു. (സങ്കീർത്തനം 139:15) ഒൻപതാമത്തെ ആഴ്‌ചയിൽ അസ്ഥിപഞ്‌ജരം രൂപം പ്രാപിക്കുമ്പോൾ തരുണാസ്ഥി അസ്ഥിയായിത്തീരുന്നു. വികാസം പ്രാപിക്കുന്ന ശിശു ഇപ്പോൾ ഭ്രൂണത്തിനു പകരം ഗർഭസ്ഥശിശു എന്നു വിളിക്കപ്പെടുന്നു. “നീ തന്നെ എന്റെ വൃക്കകളെ ഉളവാക്കി.” (സങ്കീർത്തനം 139:13) ഇതിനെ ഭരിക്കുന്ന ദിവ്യപ്രക്രിയകൾ നാലാം മാസത്തിലാണ്‌ സംഭവിക്കുന്നത്‌, അപ്പോൾ വൃക്കകൾ രക്തത്തെ അരിക്കുന്നു.

7 ഈ സമയമാകുമ്പോഴേക്ക്‌ വികാസം പ്രാപിക്കുന്ന ശിശു ചലിക്കുകയും തിരിയുകയും അതിന്റെ കൈപ്പത്തിയിലോ ഉളളങ്കാലിലോ ഒരു ഇക്കിളി അനുഭവപ്പെടുമ്പോൾ അതിന്റെ വിരലുകളോ കാൽവിരലുകളോ ചുരുട്ടുകയും ചെയ്യുന്നു. അത്‌ വിരലും തളളവിരലും ഉപയോഗിച്ച്‌ വസ്‌തുക്കളെ പിടിക്കുകയും അതിന്റെ തളളവിരൽ നുകരുകയും അങ്ങനെ മാതാവിന്റെ മുലകുടിക്കുന്നതിന്‌ പിന്നീട്‌ ഉപയോഗിക്കാനുളള മാംസപേശികൾക്ക്‌ വ്യായാമം കൊടുക്കുകയും ചെയ്യുന്നു. അതിന്‌ എക്കിളുണ്ടാകുന്നു; അതിന്റെ മാതാവിന്‌ അതിന്റെ ചാട്ടം അനുഭവപ്പെടുന്നു. ആറാംമാസംകൊണ്ട്‌ വാസ്‌തവത്തിൽ പല അവയവങ്ങൾ പൂർണ്ണമാകുന്നു. നാസാരന്ധ്രങ്ങൾ തുറന്നു, പുരികങ്ങൾ പ്രത്യക്ഷപ്പെട്ടു, പെട്ടെന്നുതന്നെ കണ്ണുകൾ തുറക്കും, ചെവികൾ പ്രവർത്തിക്കും, തന്നിമിത്തം ഗർഭാശയത്തിൽ വച്ചുതന്നെ ഉച്ചത്തിലുളള ശബ്ദങ്ങളാൽ ശിശു ഞെട്ടിപ്പോകാം.

8 നാൽപത്‌ ആഴ്‌ചകളാകുമ്പോൾ പ്രസവവേദന തുടങ്ങുന്നു. തളളയുടെ ഗർഭാശയപേശികൾ ചുരുങ്ങുകയും ശിശു ലോകത്തിലേക്കുളള അതിന്റെ വഴിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ മിക്കപ്പോഴും അതിന്റെ തലയ്‌ക്ക്‌ ഞെരുക്കമനുഭവപ്പെട്ട്‌ ആകൃതിവ്യത്യാസം സംഭവിക്കുന്നു. എന്നാൽ അതിന്റെ തലയോട്ടിയിലെ അസ്ഥികൾ കൂടിച്ചേർന്നിട്ടില്ലാത്തതുകൊണ്ട്‌ പ്രസവാനന്തരം തല അതിന്റെ സാധാരണ ആകൃതി വീണ്ടും കൈക്കൊളളുന്നു. ഈ സമയം വരെയും മാതാവ്‌ ശിശുവിനുവേണ്ടി സകലവും ചെയ്‌തിരിക്കുന്നു: ഓക്‌സിജനും ആഹാരവും സംരക്ഷണവും ചൂടും പാഴ്‌വസ്‌തുക്കളുടെ നീക്കത്തിനുളള ക്രമീകരണവും പ്രദാനം ചെയ്‌തു. ഇപ്പോൾ ശിശു സ്വന്തമായ വേല ചെയ്യണം, പെട്ടെന്നുതന്നെ, അല്ലെങ്കിൽ അതു മരിക്കും.

9. ഒരു ശിശു ഗർഭാശയത്തിനു പുറത്തു ജീവിക്കുന്നതിന്‌ ഏതു മാററങ്ങൾ പെട്ടെന്നു നടക്കണം?

9 ശ്വാസകോശങ്ങൾ രക്തത്തിലേക്ക്‌ ഓക്‌സിജൻ കടത്തിവിടേണ്ടതിന്‌ അത്‌ ശ്വാസോച്ഛ്വാസം തുടങ്ങണം. എന്നാൽ ഇതു ചെയ്യുന്നതിന്‌ മറെറാരു തീവ്രമായ പരിവർത്തനം തൽക്ഷണം നടക്കേണ്ടതാണ്‌; ചംക്രമണം ചെയ്യുന്ന രക്തത്തിന്റെ പഥം മാറണം! ഗർഭസ്ഥശിശു ഗർഭാശയത്തിലായിരുന്നപ്പോൾ അതിന്റെ ഹൃദയഭിത്തിയിൽ ഒരു ദ്വാരമുണ്ടായിരുന്നു. ആ ഭിത്തി ഇടത്തും വലത്തുമുളള അറകളെ തമ്മിൽ വേർതിരിക്കുകയും ശിശുവിന്റെ രക്തത്തിലധികവും ശ്വാസകോശങ്ങളുടെ നേരേ ഒരിക്കലും പോകാതെ സൂക്ഷിക്കുകയും ചെയ്‌തു. അങ്ങോട്ടുപോയ രക്തത്തിലധികവും ശ്വാസകോശങ്ങളെ ഒഴിഞ്ഞുമാറിപ്പോകാൻ ഒരു വലിയ കുഴൽ ഇടയാക്കി. ഗർഭാശയത്തിൽവച്ച്‌ ഏതാണ്ട്‌ 10 ശതമാനം രക്തം മാത്രമേ ശ്വാസകോശങ്ങളിലൂടെ കടന്നുപോകുന്നുളളു; ജനനശേഷം അതെല്ലാം അതിലെ കടന്നുപോകേണ്ടതാണ്‌, പെട്ടെന്നുതന്നെ! ഇതു സാധിക്കുന്നതിന്‌ ശ്വാസകോശങ്ങളെ ഒഴിഞ്ഞുമാറിപ്പോയ കുഴൽ ജനനശേഷം നിമിഷങ്ങൾക്കുളളിൽ ചുരുങ്ങുകയും അതിലൂടെ പോയ രക്തം ശ്വാസകോശങ്ങളിലേക്ക്‌ പോകുകയും ചെയ്യുന്നു. ഇതിനിടയിൽ ഹൃദയഭിത്തിയിലെ ദ്വാരം അടയുന്നു, ഹൃദയത്തിന്റെ വലതുവശത്തുനിന്ന്‌ പമ്പു ചെയ്യപ്പെട്ട രക്തം മുഴുവൻ ഇപ്പോൾ ഓക്‌സിജൻ കലർത്തപ്പെടുന്നതിന്‌ ശ്വാസകോശങ്ങളിലേക്കു പോകുന്നു; ശിശു ശ്വസിക്കുന്നു, രക്തത്തിൽ ഓക്‌സിജൻ കലരുന്നു. നാടകീയ മാററങ്ങൾ വരുത്തപ്പെട്ടിരിക്കുന്നു; ശിശു ജീവിക്കുന്നു! നിശ്വസ്‌തസങ്കീർത്തനക്കാരൻ വളരെ മനോഹരമായി സംഗ്രഹിക്കുന്നതുപോലെ: “നീ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ മറച്ചുസൂക്ഷിച്ചു. ഒരു ഭയജനകമായ വിധത്തിൽ ഞാൻ അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്‌ ഞാൻ നിന്നെ കീർത്തിക്കും.”—സങ്കീർത്തനം 139:13, 14.

10. ഗർഭാശയത്തിലെ ശിശുവിന്റെ അത്ഭുതകരമായ വികാസം പരിഗണിക്കുമ്പോൾ മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികളെക്കുറിച്ച്‌ എങ്ങനെ വിചാരിക്കണം?

10 വിവാഹിതരായ ഇണകൾ യഹോവയിൽ നിന്നുളള ഈ ദാനത്തെ എത്ര നന്ദിയോടെ വീക്ഷിക്കേണ്ടതാണ്‌! ഒരു മാനുഷജീവിയെ, ഇരുവരുടെയും ഭാഗമെങ്കിലും ഇരുവരിൽ നിന്നും വ്യത്യസ്‌തമായ ഒരു ശിശുവിനെ, ഉളവാക്കാനുളള ശക്തി യഥാർത്ഥത്തിൽ, “യഹോവയിൽ നിന്നുളള ഒരു അവകാശം!”

“അവകാശ”ത്തെ പരിപാലിക്കൽ

11. ഒരു കുടുംബം ഉളവാക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നവർ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം, എന്തുകൊണ്ട്‌?

11 ലൈംഗികവേഴ്‌ചകൾ വിവാഹിത ഇണകളിൽ പരിമിതപ്പെടുത്തണമെന്നുളള നിയമം യഹോവയാം ദൈവം ഏർപ്പെടുത്താനിടയാക്കിയത്‌ ധാർമ്മികതയെക്കാൾ കവിഞ്ഞ കാരണത്താലായിരുന്നു. മക്കളുടെ ആഗമനവും അവന്റെ മനസ്സിലുണ്ടായിരുന്നു. ഒരു കുട്ടിക്ക്‌ അന്യോന്യം സ്‌നേഹിക്കുന്നവരും തങ്ങളുടെ സന്താനത്തെ സ്‌നേഹിക്കുന്നവരും പരിപാലിക്കുന്നവരുമായ ഒരു പിതാവും ഒരു മാതാവും ആവശ്യമാണ്‌. പുതുതായി ജനിക്കുന്ന ശിശുവിന്‌ അവനെ ആവശ്യമുളളവരും അവന്റെ വളർച്ചയ്‌ക്കും വ്യക്തിത്വവികാസത്തിനും ആവശ്യമായ ചുററുപാട്‌ പ്രദാനം ചെയ്യുന്നവരുമായ ഒരു പിതാവും മാതാവും സഹിതമുളള ഒരു ഭവനത്തിലെ സ്‌നേഹവും സുരക്ഷിതത്വവും ആവശ്യമാണ്‌. ഒരു കുട്ടി വേണമെന്നു ചിന്തിക്കുന്ന ഒരു ഭർത്താവും ഭാര്യയും തങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കണം: നമുക്ക്‌ ഒരു കുട്ടി ആവശ്യമാണോ? നമുക്ക്‌ ശാരീരികമായി മാത്രമല്ല, വൈകാരികമായും ആത്മീയമായുമുളള അതിന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ കഴിയുമോ? നമ്മൾ അതിനെ ഉചിതമായി പരിശീലിപ്പിക്കുകയും അതിന്‌ അനുസരിക്കാൻ ശരിയായ മാതൃക വെക്കുകയും ചെയ്യുമോ? പിതൃത്വവും മാതൃത്വവും കൈവരുത്തുന്ന ഉത്തരവാദിത്തങ്ങൾ സ്വീകരിക്കാൻ, ഉൾപ്പെട്ടിരിക്കുന്ന ത്യാഗങ്ങൾ സഹിക്കാൻ, നാം സന്നദ്ധരാണോ? നമ്മുടെ മാതാപിതാക്കൻമാർ കുട്ടികളെന്ന നിലയിൽ നമ്മെ വരിഞ്ഞുകെട്ടിയെന്ന്‌ നാം വിചാരിച്ചിരിക്കാം, എന്നാൽ മാതാപിതാക്കൻമാരായിത്തീരുമ്പോൾ, മക്കളെ വളർത്തൽ യഥാർത്ഥത്തിൽ എത്ര സമയമെടുക്കുന്ന ഒരു പദ്ധതിയാണെന്നു നാം കണ്ടെത്തുന്നു. എന്നിരുന്നാലും മാതാപിതാക്കൻമാരുടെ, ഉത്തരവാദിത്തത്തോടുകൂടെ വലിയ സന്തോഷം ലഭ്യമാകാൻ കഴിയും.

12-14. ഒരു സ്‌ത്രീ ഗർഭിണിയായിക്കഴിഞ്ഞാൽ, അവൾക്ക്‌ (എ) അവളുടെ ഭക്ഷണക്രമത്താൽ (ബി) മദ്യം, പുകയില, മയക്കുമരുന്ന്‌ എന്നിവ സംബന്ധിച്ച്‌ അവൾ ചെയ്യുന്നതിനാൽ (സി) അവളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിനാൽ ആരോഗ്യമുളള ഒരു ശിശുവിന്റെ വികാസത്തിന്‌ എങ്ങനെ സംഭാവന ചെയ്യാൻ കഴിയും?

12 മാതാപിതാക്കൻമാരാലായാലും ജീവശാസ്‌ത്രപരമായ സാഹചര്യങ്ങളാലായാലും തീരുമാനം ചെയ്യപ്പെട്ടിരിക്കുന്നു. ഭാര്യയായ നിങ്ങൾ ഗർഭിണിയാണ്‌. “യഹോവയിൽ നിന്നുളള ഈ അവകാശ”ത്തിന്റെ പരിപാലനം നിങ്ങൾ തുടങ്ങുകയായി. ചില വസ്‌തുക്കൾ നിങ്ങൾ ഭക്ഷിക്കണം, മററു ചിലത്‌ നിങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ഇരുമ്പിന്റെ a അംശം ധാരാളമുളള ഭക്ഷ്യങ്ങൾ പ്രധാനമാണ്‌, എന്തുകൊണ്ടെന്നാൽ ശിശു ജനനശേഷം ആറു മാസത്തേക്കാവശ്യമുളള ഇരുമ്പ്‌ ഗർഭാശയത്തിൽവച്ച്‌ ശേഖരിച്ചു വെക്കുന്നു. അസ്ഥി നിർമ്മിക്കുന്നതിന്‌ നിങ്ങളുടെ ശിശുവിനാവശ്യമായ കാൽസ്യം ലഭിക്കുന്നതിന്‌ നിങ്ങൾക്കു കൂടുതൽ പാൽ ആവശ്യമാണ്‌. (പാൽക്കട്ടിയും നല്ലതാണ്‌) അമിതമായ തൂക്കവർദ്ധനവ്‌ ഒഴിവാക്കാൻ കാർബോഹൈഡ്രേററിന്റെ ഒരു സമീകൃതമായ ഉൾക്കൊളളൽ b സഹായിക്കും. രണ്ടുപേർക്കുവേണ്ടിയാണ്‌ നിങ്ങൾ ഭക്ഷിക്കുന്നതെന്നുളളത്‌ സത്യം തന്നെ, എന്നാൽ നിങ്ങളിൽ ഒരാൾ വളരെ വളരെ ചെറുതാണ്‌!

13 നിങ്ങളുടെ ജീവിത രീതിയെ ആശ്രയിച്ച്‌ മററു ഘടകങ്ങൾ പരിചിന്തിക്കുകയോ പരിചിന്തിക്കാതിരിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരിക്കാം. ലഹരിപാനീയങ്ങൾ ഗർഭസ്ഥശിശുവിലേക്കു മദ്യം എത്തിക്കുന്നു, അതു കൂടിപ്പോയാൽ മാനസികവും ശാരീരികവുമായ മാന്ദ്യം ഉളവാക്കാമെന്നുളളതുകൊണ്ട്‌ ജാഗ്രത ആവശ്യമാണ്‌. അമ്മമാർ വലിയ മദ്യപാനികളായിരുന്നതുകൊണ്ട്‌ ചില ശിശുക്കൾ മത്തരായി ജനിച്ചിട്ടുണ്ട്‌. പുകവലി ഗർഭസ്ഥശിശുവിന്റെ രക്തപ്രവാഹത്തിലേക്ക്‌ നിക്കോട്ടിൻ കടത്തി വിടുന്നു, അതിന്റെ രക്തത്തിൽ ഓക്‌സിജനു പകരം കാർബൺമോണോക്‌സൈഡ്‌ ഉണ്ടാകാനും ഇടയാക്കുന്നു. അങ്ങനെ, സാധാരണഗതിയിലുളള ആരോഗ്യം ഉണ്ടായിരിക്കാനുളള ശിശുവിന്റെ പ്രതീക്ഷകൾക്ക്‌ അതു ജനിക്കുന്നതിനു മുമ്പുതന്നെ അപരിഹാര്യമായ തകരാറു സംഭവിച്ചേക്കാം. പുകവലിക്കുന്ന സ്‌ത്രീകളുടെ ഇടയിൽ അനൈച്‌ഛിക ഗർഭച്ഛിദ്രവും ചാപിളള ജനനങ്ങളും വളരെ കൂടുതലാണ്‌. മാതാവു കഴിക്കുന്ന ആസക്തിയുളവാക്കുന്ന മയക്കുമരുന്നുകൾക്ക്‌ ശിശു ആസക്തിയുളളതായി ജനിക്കാൻ ഇടയാക്കാൻ കഴിയും. ഔഷധമായി കഴിക്കുന്ന ആസക്തിയുളവാക്കാത്ത ചില മയക്കുമരുന്നുകളും ഒരുപക്ഷേ ശിശുവിനു വൈകല്യമുളവാക്കിക്കൊണ്ട്‌ അപകടകരമെന്നു തെളിഞ്ഞേക്കാം. അമിതമായ കാപ്പികുടിപോലും ചില തകരാറുകൾക്കിടയാക്കുന്നതായി സംശയിക്കപ്പെടുന്നു.

14 അതിനും പുറമേ, മാതാവിലെ വൈകാരിക സമ്മർദ്ദത്തിന്‌ അവളുടെ ഹോർമോൺ ഉല്‌പാദനത്തിൽ മാററം വരുത്താനും ഗർഭസ്ഥശിശുവിനെ അമിതമായി പ്രവർത്തനനിരതമാക്കാനും അങ്ങനെ ജനിക്കുന്ന ശിശുവിനെ അസ്വസ്ഥതയും ശുണ്‌ഠിയുമുളളതാക്കാനും കഴിയും. വളരുന്ന ശിശു ‘അതിന്റെ മാതാവിന്റെ ഉദരത്തിൽ മറച്ചു സൂക്ഷിക്കപ്പെട്ടേക്കാം,’ എന്നാൽ അത്‌ അതിന്റെ ചുററുപാടുമുളള ലോകത്തിൽനിന്ന്‌ തികച്ചും വേർപെട്ടിരിക്കുന്നുവെന്ന്‌ വിചാരിക്കുന്നത്‌ തെററായിരിക്കും. അമ്മയിലൂടെ അതു ബാധിക്കപ്പെട്ടേക്കാം; അവളാണ്‌ ബാഹ്യലോകവുമായുളള അതിന്റെ ബന്ധത്തിന്റെ ഏക കണ്ണി; ഫലം നല്ലതോ ചീത്തയോ എന്നതു സംബന്ധിച്ച്‌ അതു മുഖ്യമായി അവളെ നിർണ്ണായകസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുന്നു. അവൾ തന്നേത്തന്നെ പരിപാലിക്കുന്ന വിധവും അവൾ പരിതഃസ്ഥിതികളോടു പ്രതികരിക്കുന്ന വിധവും വ്യത്യാസമുളവാക്കും. ഇതിൽ അവൾക്ക്‌ ചുററുപാടുമുളളവരുടെ സഹകരണം, വിശേഷിച്ച്‌ ഭർത്താവിന്റെ സ്‌നേഹവും പരിപാലനവും ആവശ്യമാണെന്ന്‌ പറയേണ്ടതില്ല.—1 ശമുവേൽ 4:19 താരതമ്യപ്പെടുത്തുക.

നിങ്ങൾ ചെയ്യേണ്ട തീരുമാനങ്ങൾ

15, 16. ശിശുപ്രസവത്തിന്റെ സ്ഥലവും രീതിയും സംബന്ധിച്ച്‌ എന്തു തീരുമാനങ്ങൾ ചെയ്യേണ്ടതുണ്ടായിരിക്കാം?

15 നിങ്ങൾ ഒരു ആശുപത്രിയിലായിരിക്കുമോ വീട്ടിലായിരിക്കുമോ പ്രസവിക്കുന്നത്‌? ചിലരുടെ സംഗതിയിൽ എവിടെയെന്നു തെരഞ്ഞെടുക്കേണ്ടതില്ലായിരിക്കാം. അനേകം പ്രദേശങ്ങളിൽ ആശുപത്രികൾ ലഭ്യമേ അല്ലായിരിക്കാം. മററു ചില പ്രദേശങ്ങളിൽ വീട്ടിൽ പ്രസവിക്കുന്നത്‌ അപൂർവ്വമായിരിക്കാം; ഒരു മിഡ്‌വൈഫിന്റേതുപോലെയുളള പരിചയ സമ്പന്നമായ സഹായത്തിന്റെ അഭാവം നിമിത്തം അപകടകരവുമായിരിക്കാം. സാദ്ധ്യമാകുന്നിടത്തെല്ലാം സാധാരണഗതിയിലുളള ഒരു പ്രസവമാണോ അതോ കുഴപ്പങ്ങളോടുകൂടിയ ഒന്നാണോ പ്രതീക്ഷിക്കാവുന്നതെന്നറിയാൻ ഗർഭകാലത്ത്‌ ഒരു ഡോക്ടറാൽ പരിശോധിക്കപ്പെടുന്നത്‌ എല്ലായ്‌പ്പോഴും നല്ലതാണ്‌.

16 ബോധം കെടുത്തിയുളള പ്രസവത്താലാണോ സ്വാഭാവിക പ്രസവത്താലാണോ നിങ്ങളുടെ കുട്ടി ജനിക്കുന്നത്‌? ഗുണങ്ങളും ദോഷങ്ങളും തൂക്കിനോക്കിയശേഷം നിങ്ങളും ഭർത്താവും കൂടെ തീരുമാനിക്കണം. സ്വാഭാവിക ശിശുപ്രസവസമയത്ത്‌ ഈ ഗൗരവാവഹമായ സംഭവത്തിൽ ഭർത്താവിന്‌ ഉൾപ്പെടാവുന്നതാണ്‌. ശിശു പെട്ടെന്നുതന്നെ അതിന്റെ മാതാവിനോടുകൂടെ ആക്കപ്പെടുന്നു. പ്രസവത്തിന്‌ കുഴപ്പങ്ങൾ ഉണ്ടായിരിക്കുകയില്ലെന്ന്‌ പരിശോധനകൾ സൂചിപ്പിക്കുന്നുവെങ്കിൽ ഇവ പരിചിന്തിക്കേണ്ട പ്രയോജനങ്ങളാണെന്ന്‌ ചിലർ വിശ്വസിക്കുന്നു. സ്വാഭാവികശിശുപ്രസവത്തിന്റെ കൂടുതൽ പ്രശാന്തമായ അവസ്‌ഥകളിൽ ജനിക്കുന്ന ശിശുക്കൾക്ക്‌ വൈകാരിക പ്രശ്‌നങ്ങളും മാനസിക—ശാരീരിക രോഗങ്ങളും കുറഞ്ഞിരിക്കുമെന്ന്‌ ചില ഗവേഷകൻമാർ വാദിക്കുന്നു.

17-19. ജനനശേഷം എത്രയും പെട്ടെന്ന്‌ ശിശു മാതാവിനോട്‌ കൂടെയായിരിക്കുന്നതിന്റെ ബുദ്ധിപൂർവ്വകത സംബന്ധിച്ച്‌ ഗവേഷണം എന്തു വെളിപ്പെടുത്തിയിരിക്കുന്നു?

17 സൈക്കോളജി ററുഡേ എന്ന മാസികയുടെ 1977 ഡിസംബർ ലക്കം ഇങ്ങനെ പ്രസ്‌താവിക്കുന്നു:

“ഒരു ശിശുവിന്റെ ജീവിതത്തിലെ ആദ്യവർഷത്തിന്‌ അവന്റെ മാനസികവും ശാരീരികവുമായ പിൽക്കാലവികസനത്തിൻമേൽ നിലനിൽക്കുന്ന ഒരു സ്വാധീനം ഉണ്ടായിരിക്കാൻ കഴിയുമെന്ന്‌ മനഃശാസ്‌ത്രജ്‌ഞൻമാർ ദശാബ്ദങ്ങളായി മനസ്സിലാക്കിയിട്ടുണ്ട്‌. ശിശുവിന്റെ ആദ്യദിവസം—ഒരുപക്ഷേ അവന്റെ ആദ്യത്തെ 60 മിനിററുകൾ പോലും—അത്ര തന്നെ സർവ്വപ്രധാനമായിരിക്കാമെന്ന്‌ ഇപ്പോൾ കാണപ്പെടുന്നു. മാതാവ്‌ കുട്ടിയുമായി ഉണ്ടാക്കുന്ന വൈകാരിക ബന്ധവും അവൾ അവനു കൊടുത്തുതുടങ്ങുന്ന പരിപാലനത്തിന്റെ തരവും പ്രസവശേഷം വിശേഷാൽ പ്രധാനമാണ്‌. ആദ്യമണിക്കൂറുകൾക്ക്‌ കുട്ടിയോടുളള മാതാവിന്റെ മനോഭാവത്തെ രൂപപ്പെടുത്തുന്നതിനോടും അവനോടുളള അവളുടെ അർപ്പണബോധത്തിന്റെ ശക്തിയോടും മാതാവായിരിക്കാനുളള അവളുടെ പ്രാപ്‌തിയോടും വളരെയേറെ ബന്ധമുണ്ടായിരിക്കാമെന്നും അടുത്ത കാലത്തെ പഠനങ്ങൾ പ്രകടമാക്കുന്നു.”

18 ജനനസമയത്ത്‌ മാതാവിന്റെ സാമാന്യമായ ബോധം കെടുത്തലില്ലെങ്കിൽ ശിശു ജാഗ്രതയുളളതായിരിക്കും, അതിന്റെ കണ്ണുകൾ തുറന്നിരിക്കും, അതു ചുററും നോക്കുകയും ചലനങ്ങളെ പിന്തുടരുകയും മാനുഷശബ്ദങ്ങളുടെ നേരെ തിരിയുകയും ഉയർന്ന സ്ഥായിയിലുളള പെൺശബ്ദത്തെക്കുറിച്ചു വിശേഷാൽ ബോധമുളളതായിരിക്കുകയും ചെയ്യും. മാതാവും കുട്ടിയുമായുളള ദൃഷ്ടിസമ്പർക്കം പെട്ടെന്നു സ്ഥാപിക്കാൻ കഴിയും. ഇതു പ്രധാനമാണെന്നു കാണപ്പെടുന്നു, തങ്ങളുടെ ശിശു തങ്ങളെ നോക്കിക്കഴിഞ്ഞപ്പോൾ തങ്ങൾക്ക്‌ അതിനോട്‌ കൂടുതൽ അടുപ്പം തോന്നിയെന്ന്‌ ചില പഠനങ്ങളിൽ മാതാക്കൾ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. ജനനശേഷം ഉടൻതന്നെ മാതാവും ശിശുവുമായുളള ശരീരസമ്പർക്കം, ത്വക്കും ത്വക്കും തമ്മിലുളള സമ്പർക്കം ഇരുവർക്കും പ്രയോജനകരമാണെന്ന്‌ പരിഗണിക്കപ്പെടുന്നു.

19 മെഡിക്കൽ സെൻറററുകളാൽ കൈകാര്യം ചെയ്യപ്പെട്ട ശിശുക്കളുടെ പ്രശ്‌നങ്ങൾ ചിലപ്പോൾ ജീവതത്തിലെ ആദ്യത്തെ ഏതാനും ചില മണിക്കൂറുകളിലേതാണെന്ന്‌ കണ്ടുപിടിക്കാൻ കഴിയുമെന്ന്‌ ഗവേഷകൻമാർ അവകാശപ്പെടുന്നു. ജനനത്തിങ്കൽ നിലവാരപ്പെട്ട ആശുപത്രി പരിചരണം കൊടുക്കപ്പെട്ട ശിശുക്കളും പെട്ടെന്നുതന്നെ മാതാക്കളോടുകൂടെ ആക്കപ്പെട്ട മററുശിശുക്കളും തമ്മിലുളള താരതമ്യപഠനങ്ങൾ സൂചിപ്പിക്കുന്നത്‌ സ്വാഭാവിക പ്രസവം ലഭിച്ച ശിശുക്കൾ ഒരു മാസത്തിനുശേഷം മെച്ചമായി വർത്തിച്ചുകൊണ്ടിരുന്നുവെന്നാണ്‌. “അമ്മമാരുമായി ദീർഘിച്ച സമ്പർക്കമുണ്ടായിരുന്ന കുട്ടികൾക്ക്‌, നിലവാരപ്പെട്ട ആശുപത്രി നടപടികളനുസരിച്ച്‌ കൈകാര്യം ചെയ്യപ്പെട്ട കുട്ടികളെക്കാൾ ഗണ്യമായ ഉയർന്ന ബുദ്ധിയുടെ തെളിവും (IQ’s) ഭാഷാപരീക്ഷകളിൽ കൂടിയ മാർക്കും അഞ്ചു വയസ്സിൽ ഉണ്ടായിരിക്കുന്നുവെന്നത്‌ അധികം ശ്രദ്ധേയമായിരുന്നു” എന്ന്‌ സൈക്കോളജി ററുഡേ പ്രസ്‌താവിക്കുന്നു.

20. ഈ കാര്യങ്ങൾ സംബന്ധിച്ച്‌ ബുദ്ധിപൂർവ്വമായ ഒരു തീരുമാനം ചെയ്യുന്നതിന്‌ മറെറന്തുകൂടെ മനസ്സിൽ കരുതിക്കൊളളണം?

20 എന്നിരുന്നാലും, ഇതിലെല്ലാം സാഹചര്യങ്ങൾ ഗൗരവമായി പരിചിന്തിക്കേണ്ടതാണ്‌. നമ്മുടെ ആദ്യമാതാപിതാക്കൻമാർ നമുക്ക്‌ അപൂർണ്ണതയാകുന്ന പൈതൃകസ്വത്ത്‌ നൽകിയിട്ടുണ്ടെന്നുളള വസ്‌തുത നമ്മുടെ കാഴ്‌ചപ്പാടിൽനിന്ന്‌ വിട്ടുപോകരുത്‌. ഇത്‌ ഇന്ന്‌ അനിവാര്യമായി “സ്വാഭാവിക ജനന”ത്തിൽ നിന്ന്‌ അതിന്റെ സ്വാഭാവികതയിൽ കുറെ കവർന്നുകളയുന്നു. അവകാശപ്പെടുത്തിയ നമ്മുടെ വൈകല്യങ്ങൾക്ക്‌ കുഴപ്പങ്ങൾക്കിടയാക്കാൻ കഴിയും. (ഉല്‌പത്തി 3:16; 35:16-19; 38:27-29) നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളാലും നിങ്ങളുടെ കാര്യത്തിൽ ഏററവും ബുദ്ധിപൂർവ്വകമെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നതിനാലും ഭരിക്കപ്പെടട്ടെ, ഇതു മററുളളവർ ലാക്കു വെച്ചേക്കാവുന്ന “ഉത്തമ”ജനനത്തോട്‌ സമാനമായാലും അല്ലെങ്കിലും.

21, 22. മുലയൂട്ടലിന്റെ ചില പ്രയോജനങ്ങളേവ?

21 നിങ്ങൾ നിങ്ങളുടെ ശിശുവിനെ മുലയൂട്ടുമോ? നിങ്ങൾക്കും നിങ്ങളുടെ ശിശുവിനും പല പ്രയോജനങ്ങളുണ്ട്‌. തളളയുടെ മുലപ്പാൽ ശിശുക്കളുടെ സമ്പൂർണ്ണാഹാരമാണ്‌. അത്‌ എളുപ്പം ദഹിക്കുന്നു. അതു രോഗബാധയിൽനിന്നും കുടൽസംബന്ധമായ ക്രമക്കേടുകളിൽനിന്നും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളിൽനിന്നും സംരക്ഷിക്കുന്നു. ആദ്യത്തെ ഏതാനും ചില ദിവസങ്ങളിൽ മുലകൾ ശിശുക്കൾക്കു വിശേഷാൽ നല്ലതായ കൊളോസ്‌ത്രം എന്ന മഞ്ഞദ്രാവകം സ്രവിപ്പിക്കുന്നു; കാരണം (1) അതിൽ കൊഴുപ്പുകളും കാർബോഹൈഡ്രേററുകളും കുറവാകയാൽ എളുപ്പം ദഹിക്കുന്നു, (2) അതു ചുരുക്കം ചില ദിവസങ്ങൾക്കുളളിൽ വരുന്ന മുലപ്പാലിനേക്കാൾ രോഗപ്രതിരക്ഷാസംബന്ധമായ ഘടകങ്ങളാൽ സമൃദ്ധമാണ്‌ (3) അതിന്‌ ജനനത്തിന്‌ മുൻപ്‌ ശിശുവിന്റെ കുടലുകളിൽ അടിഞ്ഞുകൂടിയ കോശങ്ങളും ശ്ലേഷ്‌മവും പിത്തനീരും നീക്കം ചെയ്യുന്നതിനു സഹായിക്കുന്ന അല്‌പമായ വിരേചന ഉളവാക്കുന്ന ഫലമുണ്ട്‌.

22 മുലയൂട്ടൽ മാതാവിനും പ്രയോജനകരമാണ്‌. ശിശുവിന്റെ മുലനുകരൽ ഗർഭാശയം ചുരുങ്ങാൻ പ്രചോദനം കൊടുക്കുന്നതുകൊണ്ട്‌ അത്‌ അമ്മയുടെ രക്തസ്രാവം കുറയ്‌ക്കുന്നു. നുകരൽ കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കാനും മുലകൾക്ക്‌ ഉത്തേജനം കൊടുക്കുന്നു. വേണ്ടത്ര പാൽ ഉൽപ്പാദിപ്പിക്കാൻ തങ്ങൾക്കു കഴിവില്ലെന്നു ഭയപ്പെട്ട അമ്മമാർ പാലിന്‌ കുറവില്ലെന്നു കണ്ടെത്തുന്നു. നിരന്തരമായ മുലയൂട്ടൽ ചിലരുടെ കാര്യത്തിൽ അണ്ഡരൂപവൽക്കരണത്തിന്റെ പുനരാരംഭത്തെയും ആർത്തവചക്രത്തെയും നീട്ടിവെക്കുന്നു, അത്രത്തോളം അത്‌ ഒരു സ്വാഭാവിക ഗർഭനിരോധനോപാധിയായിരിക്കുന്നു. “മുലയൂട്ടുന്ന അമ്മമാർക്ക്‌ മുലയിലെ കാൻസർ കുറച്ചേ പിടിപെടുന്നുളളു” എന്ന്‌ അമേരിക്കൻ കാൻസർ സൊസൈററി പറയുന്നു. മുലയൂട്ടൽ കുടുംബബജററിനും പ്രയോജനകരമാണ്‌!

ശിശു വളർച്ചനിങ്ങൾ എങ്ങനെ അസ്‌ത്രം എയ്യും?

23. ശിശുപരിശീലനം സംബന്ധിച്ച ഏതു തത്വങ്ങൾ സങ്കീർത്തനം 127:4, 5-ൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു?

23 “ഒരു യോദ്ധാവിന്റെ കൈയിലെ അസ്‌ത്രങ്ങൾ പോലെയാണ്‌ ഒരുവന്റെ യൗവനത്തിലെ മക്കൾ. അവരെക്കൊണ്ടു തന്റെ ആവനാഴി നിറച്ചിരിക്കുന്ന മനുഷ്യൻ എത്ര സന്തുഷ്ടനാകുന്നു!” (സങ്കീർത്തനം 127:4, 5 ഒരു അമേരിക്കൻ ഭാഷാന്തരം) ഒരു അസ്‌ത്രം വില്ലിൽനിന്നു വിടുമ്പോൾ അത്‌ എത്ര നന്നായി ഉന്നം വെച്ചിരിക്കുന്നുവെന്നതിനാലാണ്‌ അതിന്റെ മൂല്യം നിർണ്ണയിക്കപ്പെടുന്നത്‌. ലക്ഷ്യത്തിൽ കൊളളത്തക്കവണ്ണം ശ്രദ്ധയോടും വൈദഗ്‌ദ്ധ്യത്തോടും കൂടെയാണ്‌ അസ്‌ത്രം എയ്‌തുവിടേണ്ടത്‌. അപ്രകാരംതന്നെ, മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ കുട്ടിക്ക്‌ ജീവിതത്തിൽ ഇട്ടുകൊടുക്കുന്ന ആരംഭം എങ്ങനെയുളളതായിരിക്കണമെന്ന്‌ ബുദ്ധിപൂർവ്വവും പ്രാർത്ഥനാപൂർവ്വവും വിചിന്തനം ചെയ്യുന്നത്‌ ജീവൽപ്രധാനമാണ്‌. നിങ്ങളുടെ പരിപാലനത്തിൻകീഴിൽ നിന്ന്‌ പോയിക്കഴിഞ്ഞാൽ അവൻ അല്ലെങ്കിൽ അവൾ മററുളളവരാൽ ബഹുമാനിക്കപ്പെടുകയും ദൈവത്തിന്‌ ബഹുമാനം കൈവരുത്തുകയും ചെയ്യുന്ന, സമനിലയും പക്വതയുമുളള ഒരു മുതിർന്നയാളായിത്തീരുമോ?

24. (എ)മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികൾക്കുവേണ്ടി ഏതുതരം ഭവനചുററുപാട്‌ ഉളവാക്കാൻ കഠിനശ്രമം ചെയ്യണം? (ബി) ഇതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

24 ശിശുവിന്റെ പരിപാലനവും പരിശീലനവും സംബന്ധിച്ച തീരുമാനങ്ങൾ അതിന്റെ ജനനത്തിന്‌ മുൻപ്‌ ചെയ്യപ്പെടണം. അടിസ്ഥാനപരമായി മാതാപിതാക്കൻമാരാണ്‌ ആദ്യജാതശിശുവിന്റെ മുഴുലോകവും. ആ ലോകം എങ്ങനെയുളളതായിരിക്കും? മാതാപിതാക്കൻമാർ ദൈവവചനത്തിൽ നിന്നുളള ഈ ബുദ്ധിയുപദേശത്തെ കാര്യമായി സ്വീകരിച്ചിട്ടുണ്ടെന്ന്‌ അത്‌ പ്രകടമാക്കുമോ: “ദ്രോഹപൂർവ്വകമായ എല്ലാ കയ്‌പും കോപവും ക്രോധവും അലർച്ചയും അസഭ്യസംസാരവും സകല വഷളത്വത്തോടുംകൂടെ നിങ്ങളിൽനിന്നു നീക്കപ്പെടട്ടെ. എന്നാൽ ദൈവവും ക്രിസ്‌തു മുഖാന്തരം നിങ്ങളോടു സൗജന്യമായി ക്ഷമിച്ചതുപോലെ, അന്യോന്യം ദയയും കരുണാർദ്രമായ അനുകമ്പയുമുളളവരായിത്തീരുക”? (എഫേസ്യർ 4:31, 32) ഗൃഹജീവിതം എന്തുതന്നെയായിരുന്നാലും അതു ശിശുവിൽ പ്രതിഫലിക്കും. നിങ്ങളുടെ ശിശുവിന്റെ ലോകം സമാധാനവും സുരക്ഷിതത്വവും ഊഷ്‌മളതയും സ്‌നേഹവുമുളളതാക്കിത്തീർക്കാൻ കഠിനശ്രമം ചെയ്യുക. പരിപാലിക്കപ്പെടുന്ന ഒരു ശിശു ഈ ഗുണങ്ങളെ ഉൾക്കൊളളുകയും അവയനുസരിച്ച്‌ അതിന്റെ വികാരങ്ങളെ രൂപപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങൾ ഗ്രഹിക്കുകയും നിങ്ങളുടെ ദൃഷ്ടാന്തം അനുസരിക്കുകയും ചെയ്യും. നമ്മുടെ സ്രഷ്ടാവിന്റെ ജനിതകനിയമങ്ങൾ ഗർഭാശയത്തിലെ ശിശുവിന്റെ വളർച്ചക്കുവേണ്ടി അത്ഭുതകരമായി കരുതൽ ചെയ്‌തു; നിങ്ങൾ ഗർഭാശയത്തിന്‌ പുറത്ത്‌ അതിനെ എങ്ങനെ രൂപപ്പെടുത്തും? വളരെയധികം ആശ്രയിച്ചിരിക്കുന്നത്‌ നിങ്ങൾ പ്രദാനം ചെയ്യുന്ന ഗൃഹാവസ്ഥകളെയാണ്‌. പാരമ്പര്യ വാഹികളെപ്പോലെ ഇതും ശിശു ഏതുതരം മുതിർന്നയാളായിത്തീരുമെന്നു നിർണ്ണയിക്കുന്നു. “ബാലനെ അവനുവേണ്ടിയുളള വഴിയനുസരിച്ച്‌ പരിശീലിപ്പിക്കുക; അവൻ പ്രായമാകുമ്പോൾപോലും അവൻ അതിൽ നിന്ന്‌ മാറിപ്പോകുകയില്ല.”—സദൃശവാക്യങ്ങൾ 22:6.

25, 26. മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക്‌ വളരെയധികം സമയവും ശ്രദ്ധയും കൊടുക്കുന്നത്‌ ന്യായയുക്തമായിരിക്കുന്നതെന്തുകൊണ്ട്‌?

25 ഒരു പുരുഷനോ സ്‌ത്രീക്കോ പുല്ലിന്റെ ഒരൊററ ഇലപോലും ഉളവാക്കാൻ കഴികയില്ല. എന്നാൽ അവർക്ക്‌ ഒത്തുചേർന്ന്‌ അതിരററ സങ്കീർണ്ണതയുളള, ഭൂമിയിലെ മറേറതൊരുവ്യക്തിയിൽനിന്നും വ്യത്യസ്‌തനായ, മറെറാരു മനുഷ്യനെ ഉളവാക്കാൻകഴിയും! അത്ഭുതകരമായ ഒരുനേട്ടം തന്നെ, അതിനോടുകൂടെ വരുന്ന ഉത്തരവാദിത്വത്തിന്റെ പവിത്രതയെ വിലമതിക്കുന്നതിൽ അനേകരും ഇന്ന്‌ പരാജയപ്പെടുന്നതു വിശ്വസിക്കാൻ പ്രയാസമായിരിക്കത്തക്കവണ്ണം അത്ര അത്ഭുതകരംതന്നെ! ആളുകൾ പുഷ്‌പിക്കുന്ന ചെടികൾ നടുകയും നനയ്‌ക്കുകയും വളമിടുകയും കളകൾ പറിച്ചു മാററുകയും ചെയ്യും—എല്ലാം രമണീയമായ ഒരു പൂന്തോട്ടം ഉണ്ടാക്കാൻതന്നെ. മക്കളെ വിശിഷ്ടരാക്കിത്തീർക്കാൻ നാം വളരെയേറെ സമയമെടുക്കുകയും കൂടുതൽ ശ്രമം ചെലുത്തുകയും ചെയ്യേണ്ടതല്ലേ?

26 വിവാഹിതരായ ഇണകൾക്ക്‌ മക്കളെ ജനിപ്പിക്കാൻ അവകാശമുണ്ട്‌. അവരുടെ മക്കൾക്ക്‌ പേരിൽ മാത്രമല്ല, യഥാർത്ഥമായി, മാതാപിതാക്കൻമാരുണ്ടായിരിക്കാൻ തത്തുല്യമായ ഒരു അവകാശമുണ്ട്‌. ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്രിസ്‌ത്യാനി ഒരു ശിഷ്യനെ ഉളവാക്കാനുളള പ്രത്യാശയോടെ ബൈബിൾ പരിജ്ഞാനം പങ്കുവെയ്‌ക്കുന്നതിന്‌ വളരെയധികം സമയവും ഊർജ്ജവും ചെലവഴിച്ചേക്കാം, എന്നാൽ എല്ലായ്‌പ്പോഴും വിജയിക്കുന്നില്ല. ക്രിസ്‌തീയമാതാപിതാക്കൻമാർ ‘സ്വന്തം മക്കളെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവൽക്കരണത്തിലും വളർത്തുന്നതിന്‌’ അതിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതല്ലേ? (എഫേസ്യർ 6:4) അവർ ജീവദാതാവായ യഹോവയാം ദൈവത്തിന്റെ ഒരു നല്ല ദാസനായി ഒരു കുട്ടിയെ വളർത്തിയെടുക്കുന്നുവെങ്കിൽ അതു വലിയ സന്തോഷത്തിനുളള കാരണമല്ലയോ? അപ്പോൾ, തീർച്ചയായും, അവർ ആ പുത്രനെയോ പുത്രിയേയോ ജനിപ്പിച്ചതിന്‌ സമൃദ്ധമായ പ്രതിഫലം ലഭിച്ചതായി തെളിയും.—സദൃശവാക്യങ്ങൾ 23:24, 25.

27. ഒരു കുട്ടിയുടെ വളർച്ചയെ നയിക്കുമ്പോൾ, കുട്ടിയുടെ സ്വന്തം വ്യക്തിത്വത്തെ പരിഗണിക്കേണ്ടതെന്തുകൊണ്ട്‌?

27 സങ്കീർത്തനം 128:3-മക്കളെ ഒലിവുചെടികളോട്‌ ഉപമിക്കുന്നു: “നിന്റെ ഭാര്യ നിന്റെ വീടിന്റെ ഉൾഭാഗങ്ങളിൽ ഫലം കായിക്കുന്ന മുന്തിരിപോലെയായിരിക്കും. നിന്റെ പുത്രൻമാർ നിന്റെ മേശയ്‌ക്കു ചുററുമെല്ലാം ഒലിവുമരങ്ങളുടെ തൈകൾപോലെയായിരിക്കും.” വൃക്ഷങ്ങളെ ആകൃതിപ്പെടുത്തിക്കൊണ്ട്‌ വ്യത്യസ്‌തവിധങ്ങളിൽ രൂപപ്പെടുത്താൻ കഴിയും. ചിലത്‌ ഒരു മതിലിനെതിരെ പന്തലിച്ച്‌ വളരാൻ ഇടയാക്കപ്പെടുന്നു. മററു ചിലത്‌ നിലത്തിനുമീതെ താണു പടരുന്നു. ചിലത്‌ വേരുകൾ മുറിച്ചുകളയുന്നതിനാലും വളർച്ചയ്‌ക്ക്‌ പ്രതിബന്ധമുണ്ടാക്കുന്നതിനാലും ബോൺസായ്‌മരം പോലെ ചെറുതും മുരടിച്ചതുമാക്കപ്പെടുന്നു. ആദ്യകാലപരിശീലനം ഒരു കുട്ടിയേയും എങ്ങനെ രൂപപ്പെടുത്തുമെന്ന്‌ ഒരു പഴമൊഴി ഊന്നിപ്പറയുന്നു: “മുള എങ്ങോട്ടു ചായിക്കുന്നുവോ ആ വഴിക്ക്‌ വൃക്ഷം വളരും.” ഇവിടെ ഒരു സമനിലാബോധം ആവശ്യമാണ്‌. ഒരു പക്ഷത്ത്‌, കുട്ടി നീതിപ്രമാണങ്ങളോട്‌ അനുരൂപപ്പെടത്തക്കവണ്ണം അതിന്‌ മാർഗ്ഗനിർദ്ദേശം ആവശ്യമായിരിക്കുന്നു. അതേസമയം അതു പ്രകടമാക്കേണ്ട കൃത്യമായ വ്യക്തിത്വം സംബന്ധിച്ച്‌ മാതാപിതാക്കൻമാർക്കുളള ഏതെങ്കിലും മുൻധാരണപ്രകാരമുളള ഭാവനാസൃഷ്ടിയോട്‌ അത്‌ അനുരൂപപ്പെടാൻ പ്രതീക്ഷിക്കരുത്‌. ഒരു ഒലിവുമരം അത്തിപ്പഴം കായിക്കാനിടയാക്കാൻ നിങ്ങൾക്ക്‌ സാധ്യമല്ല. നിങ്ങളുടെ കുട്ടിയെ ശരിയായ മാർഗ്ഗങ്ങളിൽ പരിശീലിപ്പിക്കുക, എന്നാൽ അതിന്റെ വ്യതിരിക്തമായ വ്യക്തിത്വത്തിനും ജൻമനായുളള വാസനകൾക്കും സാധാരണഗതിയിലുളള പ്രകാശനം അനുവദിക്കാത്ത മുൻനിർണ്ണയിക്കപ്പെട്ട ഒരു മൂശയിലേക്ക്‌ അതിനെ തളളിക്കയററരുത്‌. നിങ്ങൾ ഉല്‌പാദിപ്പിച്ചിരിക്കുന്ന ഈ കുട്ടിയെ അറിയുന്നതിന്‌ നിങ്ങൾക്കുതന്നെ സമയം അനുവദിക്കുക. പിന്നീട്‌ ഒരു വൃക്ഷത്തൈയുടെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനും ശരിയായ ദിശയിൽ അതിനെ പുലർത്തുന്നതിനും ശക്തമായ മാർഗ്ഗദർശനം അതിന്‌ കൊടുക്കുക, എന്നാൽ അത്‌ നൻമയ്‌ക്കുവേണ്ടിയുളള കുട്ടിയുടെ പൂർണ്ണപ്രാപ്‌തിയോളമുളള വികാസത്തെ ഞെരുക്കാത്തവിധം സൗമ്യമായിരിക്കണം.

യഹോവയിൽനിന്നുളള ഒരു പ്രതിഫലം

28. തന്റെ കുട്ടികളെ സംബന്ധിച്ചുളള യാക്കോബിന്റെ താൽപ്പര്യത്തെക്കുറിച്ച്‌ ഉല്‌പത്തി 33:5, 13, 14 പറയുന്നതിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?

28 പുരാതന കാലത്തെ യാക്കോബ്‌ തന്റെ മക്കളുടെ പരിപാലനത്തിലുളള തന്റെ താല്‌പര്യം പ്രകടമാക്കി. ഒരു യാത്രയെക്കുറിച്ചു ഒരു നിർദ്ദേശം വെക്കപ്പെട്ടപ്പോൾ—അതിന്റെ ഗതിവേഗം അവർക്ക്‌ വളരെയധികമായിരുന്നിരിക്കാം—നിർദ്ദേശം വെച്ചയാളോട്‌ യാക്കോബ്‌ ഇങ്ങനെ പറഞ്ഞു: “കുട്ടികൾ ദുർബലരാണെന്നും കറവയുളള ആടുകളുടെയും കന്നുകാലികളുടെയും മേൽനോട്ടം എനിക്കുണ്ടെന്നും യജമാനന്‌ അറിയാമല്ലോ. അവയെ ഒരു ദിവസം മുഴുവൻ അവർ പെട്ടെന്ന്‌ ഓടിച്ചുകൊണ്ടുപോയാൽ തീർച്ചയായും മുഴു ആട്ടിൻകൂട്ടവും ചാകും. ദയവായി, യജമാനൻ തന്റെ ദാസനുമുമ്പായി കടന്നുപോയാലും; എന്നാൽ എന്നോടുകൂടെയുളള കന്നുകാലികളുടെയും കുട്ടികളുടെയും ഗതിവേഗമനുസരിച്ച്‌ തിടുക്കം കൂടാതെ ഞാൻ യാത്ര തുടർന്നുകൊളളട്ടെ.” അവന്റെ സഹോദരനായ ഏശാവിനെ കണ്ടു മുട്ടിയപ്പോൾ നേരത്തെ “നിന്നോടുകൂടെയുളള ഇവർ ആരാണ്‌?” എന്ന്‌ അവനോട്‌ ചോദിക്കപ്പെട്ടു. യാക്കോബിന്റെ മറുപടി, “ദൈവം നിന്റെ ദാസന്‌ നൽകി അനുഗ്രഹിച്ചിരിക്കുന്ന മക്കൾ” എന്നായിരുന്നു. (ഉല്‌പത്തി 33:5, 13, 14) ഇന്നു മാതാപിതാക്കൻമാർ, യാക്കോബ്‌ ചെയ്‌തതുപോലെ തങ്ങളുടെ മക്കളോട്‌ കരുണാപൂർവ്വകമായ പരിഗണന കാണിക്കണമെന്നു മാത്രമല്ല, അവൻ അവരെ വീക്ഷിച്ചതുപോലെ—യഹോവയിൽ നിന്നുളള ഒരു അനുഗ്രഹമായി—അവരെ വീക്ഷിക്കുകയും വേണം. തീർച്ചയായും, വിവാഹം കഴിക്കുന്നതിനു മുൻപ്‌ ഒരു പുരുഷൻ തനിക്ക്‌ ഒരു ഭാര്യയെയും മക്കളേയും പോററാൻ കഴിയുമോയെന്ന്‌ ഗൗരവപൂർവ്വം പരിചിന്തിക്കണം. “ആദ്യം വെളിയിൽ എല്ലാം ക്രമീകരിക്കുകയും നിലത്ത്‌ എല്ലാം ഒരുക്കുകയും ചെയ്യുക; പിന്നീട്‌ നിന്റെ വീടും ഭവനവും സ്ഥാപിക്കുക” എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 24:27, ന്യൂ ഇംഗ്‌ളീഷ്‌ ബൈബിൾ) ഈ പ്രായോഗിക ബുദ്ധിയുപദേശത്തിനനുയോജ്യമായി, ഒരു പുരുഷൻ നേരത്തെതന്നെ വിവാഹത്തിനും കുടുംബജീവിതത്തിനും വേണ്ടി ഒരുക്കം ചെയ്യണം. അപ്പോൾ, ആസൂത്രിതമല്ലാത്ത ഒരു ഗർഭധാരണംപോലും സന്തോഷപൂർവ്വം സ്വീകരിക്കപ്പെടും, ഒരു സാമ്പത്തികഭാരമെന്ന നിലയിൽ ഭയപ്പെടുകയില്ല.

29. കുട്ടികളെ വളർത്തുന്ന സംഗതി സംബന്ധിച്ച്‌ മുന്നമേ ഗൗരവമായി പരിചിന്തിക്കേണ്ടതെന്തുകൊണ്ട്‌?

29 മക്കളെ വളർത്തുന്ന സംഗതി വ്യക്തമായി വളരെ ഗൗരവപൂർവ്വം പരിചിന്തിക്കപ്പെടാൻ അർഹമാണ്‌, ആദ്യജാതനെക്കുറിച്ചുമാത്രമല്ല, പിന്നീടുളള ഏതിനെക്കുറിച്ചും. മാതാപിതാക്കൻമാർ തങ്ങൾക്കിപ്പോൾത്തന്നെയുളള മക്കളെ പോററുന്നതിനും പരിപാലിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രയാസമാണെന്നു കണ്ടെത്തുന്നുവോ? അങ്ങനെയെങ്കിൽ, തങ്ങളുടെ സ്രഷ്ടാവിനോടുളള ആദരവും സ്‌നേഹമെന്ന ഗുണവും കുടംബത്തിലെ കൂടുതലായ വർദ്ധനവിനെ മന്ദീഭവിപ്പിക്കാൻ എന്ത്‌ ആത്മനിയന്ത്രണം പ്രകടമാക്കാൻ തങ്ങൾക്ക്‌ കഴിയുമെന്ന്‌ പരിചിന്തിക്കാൻ അവരെ തീർച്ചയായും പ്രേരിപ്പിക്കേണ്ടതാണ്‌.

30. (എ) ഒരു കുട്ടി യഥാർത്ഥത്തിൽ ദൈവത്തിന്റേതാണെന്ന്‌ നമുക്ക്‌ പറയാൻ കഴിയുന്നതെന്തുകൊണ്ട്‌? (ബി) ഇത്‌ മാതാപിതാക്കൻമാരുടെ വീക്ഷണത്തെ ബാധിക്കേണ്ടതെങ്ങനെ?

30 യഥാർത്ഥത്തിൽ അത്‌ ആരുടെ കുട്ടിയാണ്‌? ഒരർത്ഥത്തിൽ നിങ്ങളുടേത്‌. എന്നാൽ മറെറാരർത്ഥത്തിൽ കുട്ടി സ്രഷ്‌ടാവിന്റേതാണ്‌. അതിന്റെ പരിപാലനം നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുകയാണ്‌, നിങ്ങളുടെ മാതാപിതാക്കളെ ഒരു കുട്ടിയെന്ന നിലയിൽ നിങ്ങളുടെ പരിപാലനം ഭരമേൽപ്പിച്ചതുപോലെതന്നെ. എന്നാൽ നിങ്ങളുടെ മാതാപിതാക്കൻമാർക്ക്‌ യഥേഷ്ടം കൈകാര്യം ചെയ്യാൻ യഥാർത്ഥത്തിൽ നിങ്ങൾ അവരുടെ വകയായിരുന്നില്ല; ആ അർത്ഥത്തിൽ നിങ്ങളുടെ കുട്ടിയും നിങ്ങളുടെ വകയല്ല. മാതാപിതാക്കൻമാർക്ക്‌ ഗർഭധാരണത്തിന്റെ നിമിഷത്തെയോ ഗർഭാശയത്തിലെ ശിശുവിന്റെ വികാസത്തെയോ നയിക്കാനോ നിയന്ത്രിക്കാനോ കഴിയുകയില്ല. ഉൾപ്പെട്ടിരിക്കുന്ന വിസ്‌മയകരമായ പ്രക്രിയകൾ കാണാനോ പൂർണ്ണമായി ഗ്രഹിക്കാനോ പോലും അവർക്കു സാദ്ധ്യമല്ല. (സങ്കീർത്തനം 139:13, 15; സഭാപ്രസംഗി 11:5) ഏതെങ്കിലും ശാരീരകാപൂർണ്ണത ഒരു ഗർഭമലസലിനോ ഒരു ചാപിളളജനനത്തിനോ ഇടയാക്കുന്നുവെങ്കിൽ അവർക്ക്‌ മരിച്ച കുട്ടിയെ ജീവിപ്പിക്കാൻ കഴികയില്ല. ഇപ്രകാരം, ദൈവമാണ്‌ നമ്മുടെ എല്ലാവരുടെയും ജീവദാതാവെന്നും നമ്മളെല്ലാം അവനുളളവരാണെന്നും നാം വിനീതരായി തിരിച്ചറിയേണ്ട ആവശ്യമുണ്ട്‌. “ഭൂമിയും അതിനെ നിറക്കുന്നതും ഫലപുഷ്ടിയുളള ദേശവും അതിൽ വസിക്കുന്നവരും യഹോവയ്‌ക്കുളളതാകുന്നു.”—സങ്കീർത്തനം 24:1.

31, 32. (എ)മാതാപിതാക്കൻമാർക്ക്‌ ദൈവമുമ്പാകെ എന്ത്‌ ഉത്തരവാദിത്വമുണ്ട്‌? (ബി) ആ ഉത്തരവാദിത്തം ഉചിതമായി നിറവേററുന്നതിൽ നിന്ന്‌ എന്തു ഫലമുണ്ടാകുന്നു?

31 നിങ്ങൾ ലോകത്തിലേക്ക്‌ ആനയിക്കുന്ന മക്കൾക്ക്‌ നിങ്ങൾ ഉത്തരവാദിയാണ്‌, നിങ്ങൾ അവരെ വളർത്തുന്നവിധം സംബന്ധിച്ചു സ്രഷ്ടാവിനോടു കണക്കു ബോധിപ്പിക്കേണ്ടതുമുണ്ട്‌. അവൻ ഭൂമിയെ സൃഷ്ടിക്കുകയും അതു നിവസിക്കപ്പെടണമെന്ന്‌ ഉദ്ദേശിക്കുകയും ആ ഉദ്ദേശ്യം സാധിക്കുന്നതിന്‌ നമ്മുടെ ആദ്യ മാനുഷമാതാപിതാക്കൻമാരെ പ്രത്യുൽപ്പാദനശക്തിയാൽ സജ്ജീകൃതരാക്കുകയും ചെയ്‌തു. ദൈവത്തിൽനിന്നുളള അവരുടെ കൂറുമാററം സ്വർഗ്ഗത്തിലും ഭൂമിയിലുമുളള അവന്റെ സൃഷ്ടികളുടെ കുടുംബത്തിൻമേലുളള അവന്റെ ന്യായയുക്തമായ പരമാധികാരപ്രയോഗത്തെ വെല്ലുവിളിച്ച എതിരാളിയുടെ പക്ഷത്ത്‌ അവരെ ആക്കിവെച്ചു. നിങ്ങളുടെ മക്കളെ തങ്ങളുടെ സ്രഷ്ടാവിനോടു നിർമ്മലതയുളള ആളുകളായി വളരാൻ പരിശീലിപ്പിക്കുന്നതിനാൽ ആ എതിരാളിയെ അസത്യവാദിയെന്നും യഹോവയാം ദൈവത്തെ സത്യവാനെന്നും തെളിയിക്കാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കഴിയും. സദൃശവാക്യങ്ങൾ 27:11 പ്രസ്‌താവിക്കുന്നതുപോലെ: “എന്റെ മകനെ, എന്നെ നിന്ദിക്കുന്നവന്‌ ഞാൻ ഒരു മറുപടി കൊടുക്കേണ്ടതിന്‌ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.”

32 ദൈവത്തോടുളള നിങ്ങളുടെ ഉത്തരവാദിത്തത്തോടുകൂടെ നിങ്ങളുടെ മക്കളോടുളള കടപ്പാടു നിറവേററുന്നത്‌ ജീവിതത്തിൽ യഥാർത്ഥ നേട്ടത്തിന്റെ ഒരുബോധം കൈവരുത്തും. “ഉദരഫലം ഒരു പ്രതിഫലമാകുന്നു”വെന്ന സങ്കീർത്തനം 127:3-ലെ വചനത്തിന്റെ മുഴുഹൃദയത്തോടും കൂടിയ വിലമതിപ്പിൽ പങ്കു ചേരാൻ നിങ്ങൾ പ്രാപ്‌തരാകും.

[അടിക്കുറിപ്പുകൾ]

a മാംസവും പച്ചസസ്യങ്ങളും മഞ്ഞസസ്യങ്ങളും മററും

b അന്നജമുളള ഭക്ഷ്യങ്ങളും ഗണ്യമായി പഞ്ചസാര അടങ്ങിയിട്ടുളളവയും

[അധ്യയന ചോദ്യങ്ങൾ]

[93-ാം പേജിലെ ചിത്രം]

ഇപ്പോഴത്തെ അടുപ്പം പിന്നത്തെ തലമുറവിടവിനെ ഒഴിവാക്കുന്നു