വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങളുടെ ധർമ്മം

മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങളുടെ ധർമ്മം

അധ്യായം 8

മാതാപിതാക്കൻമാരെന്ന നിലയിൽ നിങ്ങളുടെ ധർമ്മം

1-3. (എ) ഒരു ശിശുവിന്റെ ജനനത്തിന്‌ മാതാപിതാക്കൻമാരുടെ മേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും? (ബി) പിതാവും മാതാവും മാതാപിതാക്കൻമാരെന്ന നിലയിലുളള തങ്ങളുടെ ധർമ്മം മനസ്സിലാക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

 ജീവിതത്തിൽ അനേകം സംഭവങ്ങൾ നമ്മെ വളരെ പരിമിതമായ അളവിലാണു ബാധിക്കുന്നത്‌. മററു ചിലതിന്‌ വലുതും നിലനിൽക്കുന്നതുമായ ഫലമുണ്ട്‌. ഒരു ശിശുവിന്റെ ജനനം വ്യക്തമായി ഒടുവിൽ പറഞ്ഞവയിൽപെട്ട ഒന്നാണ്‌. ഒരു ഭർത്താവിനും ഭാര്യയ്‌ക്കും അതിനുശേഷം ജീവിതം ഒരിക്കലും പഴയപടി ആയിരിക്കുകയില്ല. വീട്ടിലെ ഒരു പുതിയ വ്യക്തി, വളരെ ചെറുതെങ്കിലും, അവഗണിക്കാൻ പാടില്ലാത്ത ശബ്ദത്തോടും സാന്നിദ്ധ്യത്തോടും കൂടെ അതിനെത്തന്നെ അനുഭവഗോചരമാക്കും.

2 മാതാപിതാക്കൻമാർക്ക്‌ ജീവിതം കൂടുതൽ സമ്പന്നവും സന്തുഷ്ടവുമായിരിക്കണം. എന്നാൽ അത്‌ ഒരു വെല്ലുവിളിയായിത്തീരുന്നു. ഏററവും നല്ല ഫലങ്ങൾ ലഭിക്കാൻ മാതാപിതാക്കൻമാർ ഇരുവരും ആ വെല്ലുവിളിയെ നേരിടേണ്ടതുണ്ട്‌. കുട്ടിയെ ഉളവാക്കാൻ നിങ്ങൾ രണ്ടുപേരും വേണമായിരുന്നു. നിങ്ങളുടെ കുട്ടിയുടെ ജനനം മുതലുളള വികാസത്തിൽ നിങ്ങളിരുവരും മർമ്മപ്രധാനമായ ഒരു പങ്കുവഹിക്കേണ്ടതാണ്‌. ആത്മാർത്ഥവും ഏകീകൃതവും–വിനീതവും–ആയ സഹകരണത്തിന്റെ ആവശ്യം മുമ്പൊരിക്കലും ഇത്ര വലുതായിരുന്നിട്ടില്ല.

3 മാതാപിതാക്കൻമാരിൽ ഓരോരുത്തരുടെയും ധർമ്മവും ഈ ധർമ്മങ്ങൾക്ക്‌ എങ്ങനെ പൊരുത്തമുണ്ടായിരിക്കാൻ കഴിയുമെന്നും മനസ്സിലാക്കുന്നത്‌ സന്തുഷ്ടഫലങ്ങൾ ഉളവാക്കിക്കൊണ്ട്‌ നിങ്ങളുടെ ശിശുവിന്റെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന്‌ അതിയായി സഹായിക്കേണ്ടതാണ്‌. സമനില ആവശ്യമാണ്‌. മനസ്സു ന്യായബോധം പ്രകടമാക്കാൻ കഠിനശ്രമം ചെയ്യുന്നുവെങ്കിലും മിക്കപ്പോഴും വികാരങ്ങൾ കാര്യങ്ങളുടെ സമനില തെററിക്കുന്നു. നാം അതിർ കടന്നു പോകാൻ ചായ്‌വ്‌ കാണിച്ചേക്കാം, അത്യല്‌പത്തിൽ നിന്ന്‌ അത്യധികത്തിലേക്കും തിരിച്ച്‌ വീണ്ടും അത്യല്‌പത്തിലേക്കും. പിതാവു ശിരഃസ്ഥാനം പ്രയോഗിക്കുന്നത്‌ അഭികാമ്യമാണ്‌, എന്നാൽ അയാൾ അത്‌ അമിതമായി ചെയ്യുന്നുവെങ്കിൽ അയാൾ ധിക്കാരിയാകുകയാണ്‌. അമ്മ മക്കളെ പരിശീലിപ്പിക്കുന്നതിലും ശിക്ഷണം കൊടുക്കുന്നതിലും പങ്കുപററുന്നത്‌ നല്ലതാണ്‌, എന്നാൽ പിതാവിനെ ഒഴിവാക്കിക്കൊണ്ട്‌ ഈ കർത്തവ്യങ്ങൾ ഏറെറടുക്കുന്നത്‌ കുടുംബഘടനയ്‌ക്കു തുരങ്കം വെയ്‌ക്കുകയാണ്‌. നല്ലതു നല്ലതാണ്‌, എന്നാൽ അമിതമായാൽ നൻമ തിൻമയായിത്തീർന്നേക്കാം.—ഫിലിപ്യർ 4:5.

അമ്മയുടെ സർവ്വപ്രധാനമായ ധർമ്മം

4. ഒരു ശിശുവിന്‌ അതിന്റെ അമ്മയിൽനിന്ന്‌ ആവശ്യമായിരിക്കുന്ന ചില കാര്യങ്ങളേവ?

4 പുതുതായി ജനിച്ച ഒരു ശിശു അതിന്റെ സത്വരമായ ആവശ്യങ്ങൾക്ക്‌ അമ്മയെ തികച്ചും ആശ്രയിക്കേണ്ടിയിരിക്കുന്നു. അവൾ ഈ ആവശ്യങ്ങൾ സ്‌നേഹപൂർവ്വം സാധിച്ചുകൊടുക്കുന്നുവെങ്കിൽ ശിശുവിന്‌ സുരക്ഷിതത്വം അനുഭവപ്പെടുന്നു. (സങ്കീർത്തനം 22:9, 10) അതിനെ നന്നായി പോററുകയും ശുചിയായി സൂക്ഷിക്കുകയും ചൂടേകുകയും ചെയ്യേണ്ടതാണ്‌; എന്നാൽ ഭൗതികാവശ്യങ്ങൾ സാധിച്ചുകൊടുത്താൽ മാത്രം പോരാ. വൈകാരികാവശ്യങ്ങളും അത്ര തന്നെ പ്രധാനമാണ്‌. ശിശുവിനു സ്‌നേഹം ലഭിക്കുന്നില്ലെങ്കിൽ അത്‌ അരക്ഷിതമായിത്തീരുന്നു. ശിശു ശ്രദ്ധയ്‌ക്കുവേണ്ടി ആഹ്വാനം ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ആവശ്യം എത്ര വലുതാണെന്ന്‌ നിർണ്ണയിക്കാൻ പെട്ടെന്നുതന്നെ അമ്മയ്‌ക്കു പഠിക്കാൻ കഴിയും. എന്നാൽ അതിന്റെ കരച്ചിലിനെ സ്ഥിരമായി അവഗണിച്ചാൽ അതിനു രോഗം ബാധിച്ചേക്കാം. ഒരു കാലഘട്ടത്തോളം അതിനെ വൈകാരികമായി കവർന്നാൽ അതിന്റെ ആയുസ്സിന്റെ ശേഷിച്ച കാലത്ത്‌ അത്‌ വൈകാരികമായി മുരടിച്ചതായിത്തീർന്നേക്കാം.

5-7. അടുത്ത കാലത്തെ ഗവേഷണമനുസരിച്ച്‌, ഒരു ശിശു അതിന്റെ അമ്മയുടെ സ്‌നേഹത്താലും വാത്സല്യത്താലും ബാധിക്കപ്പെടുന്നതെങ്ങനെ?

5 അനേകം വ്യത്യസ്‌ത സ്ഥലങ്ങളിൽ നടത്തപ്പെട്ട പരീക്ഷണങ്ങൾ ഈ വസ്‌തുതയെ സ്ഥിരീകരിച്ചിരിക്കുന്നു. സംസാരത്താലും സ്‌പർശനത്താലും താലോലിക്കലിനാലും ആശ്ലേഷത്താലും സ്‌നേഹം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ശിശുക്കൾ രോഗബാധിതരായിത്തീരുന്നു, മരിക്കുകപോലും ചെയ്യുന്നു. (യെശയ്യാവ്‌ 66:12; 1 തെസ്സലോനിക്യർ 2:7 ഇവ താരതമ്യപ്പെടുത്തുക.) മററുളളവർക്ക്‌ ഇതു ചെയ്യാവുന്നതാണെങ്കിലും, ആരുടെ ഗർഭപാത്രത്തിൽ ശിശു ജീവനിലേക്ക്‌ വരികയും ജീവിതത്തിലെ ആദ്യമാസങ്ങളിൽ വളർത്തപ്പെടുകയും ചെയ്‌തോ ആ അമ്മയാണ്‌ ഇതു ചെയ്യാൻ ന്യായമായി യോഗ്യതയുളളവൾ എന്നത്‌ സംശയമററ സംഗതിയാണ്‌. അമ്മയും കുഞ്ഞും തമ്മിൽ ഒരു സ്വാഭാവിക പരസ്‌പര പ്രവർത്തനം നടക്കുന്നുണ്ട്‌. ചോരക്കുഞ്ഞിനെ തന്നോട്‌ അടുപ്പിച്ചു പിടിക്കാനുളള അമ്മയുടെ സഹജമായ വാഞ്‌ഛ അവളുടെ മുലകൾക്കുവേണ്ടിയുളള ശിശുവിന്റെ സഹജമായ അന്വേഷണവുമായി ഒത്തു വരുന്നു.

6 ഒരു ശിശുവിന്റെ തലച്ചോർ വളരെ സജീവമാണെന്നും അതിന്റെ സ്‌പർശനത്തിന്റെയും കേൾവിയുടെയും കാഴ്‌ചയുടെയും ഘ്രാണത്തിന്റെയും ഇന്ദ്രിയബോധങ്ങൾ ഉത്തേജിക്കപ്പെടുമ്പോൾ മാനസിക വികാസം ഊർജ്ജിതപ്പെടുത്തപ്പെടുന്നുവെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്‌. ഒരു ശിശു മുല കുടിക്കുമ്പോൾ അതിന്‌ അമ്മയുടെ ത്വക്കിന്റെ ചൂടും മണവും അനുഭവവേദ്യമാകുന്നു. അവൾ അതിനെ കുടിപ്പിക്കുമ്പോൾ അത്‌ മിക്കവാറും തുടർച്ചയായി അവളുടെ മുഖത്തു നോക്കുന്നു. അവൾ അതിനോടു സംസാരിക്കുമ്പോഴോ പാട്ടുപാടുമ്പോഴോ അവളുടെ ശബ്ദം മാത്രമല്ല ഗർഭപാത്രത്തിലായിരുന്നപ്പോൾ അതു കേട്ടിരുന്ന ഒരു ശബ്ദമായ അവളുടെ ഹൃദയസ്‌പന്ദനവും അതു കേൾക്കുന്നു. ഒരു നോർവീജിയൻ പ്രസിദ്ധീകരണത്തിൽ ശിശു മനഃശാസ്‌ത്രജ്ഞയായ ആനിമെറിററ്‌ ഡുവേ ഇങ്ങനെ പ്രസ്‌താവിക്കുന്നു:

“കൃഷ്‌ണമണികളുടെ പ്രവർത്തനം വ്യക്തമായി മസ്‌തിഷ്‌കപ്രവർത്തനത്തിന്റെ അളവിനെ പ്രകടമാക്കുന്നതുകൊണ്ട്‌ ഉയർന്ന അളവിലുളള ചർമ്മോത്തേജനത്തിന്‌, ഉയർന്ന അളവിലുളള ഒരു സമ്പർക്കത്തിന്‌—മുലയൂട്ടലിനോടു ബന്ധപ്പെട്ട സമ്പർക്കം ഏററവും കുറഞ്ഞതാണെന്നല്ല—മാനസികപ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ കഴിയും, അതിന്‌ ക്രമത്തിൽ പ്രായപൂർത്തിയാകുമ്പോൾ വർദ്ധിച്ച ബുദ്ധിവൈഭവത്തിലേക്കു നയിക്കാൻ കഴിയും.”

7 അതുകൊണ്ട്‌, അമ്മ ശിശുവിനെ എടുക്കുമ്പോഴും അതിനെ ആശ്ലേഷിക്കുകയോ കുളിപ്പിച്ചു തുവർത്തുകയോ ചെയ്യുമ്പോഴും അമ്മയുടെ സ്‌പർശനം കൂടെക്കൂടെ അനുഭവപ്പെടുമ്പോൾ അതിനു ലഭിക്കുന്ന ഉത്തേജനം അതിന്റെ വളർച്ചയിലും പില്‌ക്കാല ജീവിതത്തിൽ അതെങ്ങനെയായിരിക്കുമെന്നതിലും ഒരു പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. കരയുന്ന കുഞ്ഞിനെ രാത്രിയിൽ എഴുന്നേററ്‌ ആശ്വസിപ്പിക്കുന്നതിന്‌ സമയം ചെലവഴിക്കുന്നത്‌ ഏററവും ആസ്വാദ്യമായ വിനോദമല്ലായിരിക്കാമെങ്കിലും പിൽക്കാലപ്രയോജനങ്ങളെക്കുറിച്ചുളള അറിവിന്‌ ഉറക്കനഷ്ടത്തിന്‌ ഗണ്യമായ പരിഹാരം വരുത്താൻ കഴിയും.

സ്‌നേഹിക്കപ്പെടുന്നതിനാൽ സ്‌നേഹം പഠിക്കൽ

8-10. (എ) ഒരു ശിശു അതിന്റെ അമ്മയുടെ സ്‌നേഹത്തിൽനിന്ന്‌ എന്തു പഠിക്കുന്നു? (ബി) ഇതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

8 ശിശു സ്‌നേഹിക്കപ്പെടുന്നത്‌ അതിന്റെ വൈകാരിക വളർച്ചയ്‌ക്കു മർമ്മപ്രധാനമാണ്‌. സ്‌നേഹിക്കപ്പെടുന്നതിനാൽ, സ്‌നേഹത്തിന്റെ ദൃഷ്ടാന്തങ്ങൾക്ക്‌ വിധേയമാക്കപ്പെടുന്നതിനാൽ, അതു സ്‌നേഹിക്കാൻ പഠിക്കുന്നു. ദൈവത്തോടുളള സ്‌നേഹത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട്‌ 1 യോഹന്നാൻ 4:19പറയുന്നു, “അവൻ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട്‌ നാം സ്‌നേഹിക്കുന്നു.” സ്‌നേഹത്തിന്റെ ആദ്യപാഠങ്ങൾ മുഖ്യമായി അമ്മയാണ്‌ പഠിപ്പിക്കേണ്ടത്‌. ഒരു അമ്മ ഒരു ശിശുവിന്റെ കിടക്കയിൽ ശിശുവിൻമീതെ ചായുകയും അതിന്റെ നെഞ്ചിൽ അവളുടെ കൈ വെക്കുകയും അതിനെ പതുക്കെ കുലുക്കിക്കൊണ്ട്‌ തന്റെ മുഖം അതിന്റെ മുഖത്തോടടുപ്പിച്ച്‌ അതിനോട്‌ ‘ഞാൻ കാണുന്നുണ്ടെടാ! ഞാൻ കാണുന്നുണ്ടെടാ!’ എന്നു പറയുകയും ചെയ്യുന്നു. തീർച്ചയായും ശിശുവിന്‌ ആ വാക്കുകൾ അറിയാൻ പാടില്ല (അവ ഏതായാലും വിശേഷാൽ യുക്തിപൂർവ്വകമല്ല). എന്നാൽ അതു സന്തോഷത്താൽ ഞെളിഞ്ഞു പിരിയുകയും മധുരമായി മുറുമുറുക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ കളിമട്ടിലുളള കൈയും സ്വരവും ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു! ഞാൻ നിന്നെ സ്‌നേഹിക്കുന്നു!’ എന്നു വ്യക്തമായി അതിനോടു പറയുകയാണെന്ന്‌ അതിനറിയാം. അതിന്‌ വീണ്ടും ഉറപ്പു ലഭിക്കുന്നു, സുരക്ഷിതത്വം തോന്നുന്നു.

9 സ്‌നേഹം പ്രകടമാക്കപ്പെടുന്ന ശിശുക്കളും കൊച്ചുകുട്ടികളും അതു വിലമതിക്കുന്നു. ആ സ്‌നേഹത്തെ അനുകരിച്ച്‌ അവർ അമ്മയുടെ കഴുത്തിൽ കുഞ്ഞിക്കൈകൾ ഇടുകയും ഉത്സാഹപൂർവ്വം ഉമ്മ കൊടുക്കുകയും ചെയ്‌തുകൊണ്ട്‌ സ്‌നേഹം പ്രാവർത്തികമാക്കുന്നു. തൽഫലമായി അവരുടെ അമ്മയിൽനിന്ന്‌ അവർക്കു ലഭിക്കുന്ന ഹൃദ്യമായ വൈകാരിക പ്രതിവർത്തനത്തിൽ അവർ സന്തുഷ്ടരായിത്തീരുന്നു. സ്‌നേഹം കൊടുക്കുന്നതിലും സ്‌നേഹം സ്വീകരിക്കുന്നതിലും സന്തുഷ്ടിയുണ്ടെന്നും സ്‌നേഹം വിതയ്‌ക്കുന്നതിനാൽ അവർ അത്‌ തിരികെ കൊയ്‌തെടുക്കുന്നുവെന്നുമുളള മർമ്മപ്രധാനമായ പാഠം അവർ പഠിച്ചു തുടങ്ങുന്നു. (പ്രവൃത്തികൾ 20:35; ലൂക്കോസ്‌ 6:38) അമ്മയോടു നേരത്തെതന്നെ ഒരു ബന്ധം സ്ഥാപിക്കുന്നില്ലെങ്കിൽ പിന്നീട്‌ മററുളളവരോട്‌ ഹൃദയംഗമമായ ബന്ധങ്ങളിലും കരണങ്ങളിലും ഏർപ്പെടുന്നത്‌ വളരെ പ്രയാസമാണെന്ന്‌ കുട്ടി കണ്ടെത്തുന്നുവെന്നാണ്‌ തെളിവു പ്രകടമാക്കുന്നത്‌.

10 കുട്ടികൾ ജനനശേഷം ഉടൻതന്നെ പഠിച്ചുതുടങ്ങുന്നതിനാൽ ആദ്യത്തെ ഏതാനും ചില വർഷങ്ങളാണ്‌ ഏററവും ജീവൽപ്രധാനമായവ. ആ വർഷങ്ങളിൽ അമ്മയുടെ സ്‌നേഹം സർവ്വപ്രധാനമാണ്‌. കൊഞ്ചിക്കലല്ല, സ്‌നേഹം പ്രകടമാക്കുന്നതിലും പഠിപ്പിക്കുന്നതിലും അവൾ വിജയിക്കുന്നുവെങ്കിൽ അവൾക്ക്‌ നിലനിൽക്കുന്ന നൻമ ചെയ്യാൻ കഴിയും; അവൾ പരാജയപ്പെടുന്നുവെങ്കിൽ അവൾക്ക്‌ നിലനിൽക്കുന്ന ദ്രോഹം ചെയ്യാൻ കഴിയും. ഒരു നല്ല അമ്മയായിരിക്കുക എന്നത്‌ ഒരു സ്‌ത്രീക്ക്‌ ഉണ്ടായിരിക്കാൻ കഴിയുന്ന ഏററവുമധികമായ വെല്ലുവിളിരൂപത്തിലുളളതും പ്രതിഫലദായകവുമായ ജോലികളിലൊന്നാണ്‌. അതിന്റെ ക്‌ളേശങ്ങളും ആവശ്യങ്ങളുമുണ്ടെങ്കിലും ലോകം വാഗ്‌ദാനം ചെയ്യുന്ന ഏതു “ജീവിതവൃത്തി”ക്കാണ്‌ പ്രാധാന്യത്തിലും നിലനിൽക്കുന്ന സംതൃപ്‌തിയിലും അതിനോട്‌ അടുത്തുവരാൻ കഴിയുന്നത്‌?

പിതാവിന്റെ മർമ്മപ്രധാനമായ ധർമ്മം

11. (എ) പിതാവിന്‌ കുട്ടിയുടെ മനസ്സിൽ തന്റെ ധർമ്മം പ്രതിഷ്‌ഠിക്കാൻ കഴിയുന്നതെങ്ങനെ? (ബി) ഇതു മർമ്മപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

11 ശൈശവത്തിന്റെ പ്രാരംഭത്തിൽ അമ്മ കുട്ടിയുടെ ജീവിതത്തിൽ പ്രാമുഖ്യമേറിയ ധർമ്മം നിറവേററുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ പിതാവും ശിശുവിന്റെ ജനനം മുതൽ അതിന്റെ ലോകത്തിന്റെ ഒരു ഭാഗം ആയിരിക്കണം. കുട്ടി ഒരു ശിശു ആയിരിക്കുമ്പോൾ പോലും ചിലപ്പോൾ കുട്ടിയെ ശുശ്രൂഷിച്ചുകൊണ്ടും അതിനോടുകൂടെ കളിച്ചുകൊണ്ടും അതു കരയുമ്പോൾ ആശ്വസിപ്പിച്ചുകൊണ്ടും പിതാവിന്‌ ഉൾപ്പെടാൻ കഴിയും, ഉൾപ്പെടേണ്ടതാണ്‌. ഈ വിധത്തിൽ പിതാവ്‌ കുട്ടിയുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നു. കാലം കടന്നുപോകുമ്പോൾ പിതാവിന്റെ കർത്തവ്യം ക്രമേണ പ്രാമുഖ്യമേറിയതായിത്തീരണം. അയാൾ ആരംഭമിടുന്നതിന്‌ അമിതമായി കാലതാമസം വരുത്തുന്നുവെങ്കിൽ, അതിന്‌ കുട്ടി ഒരു യുവാവായിത്തീരുകയും ശിക്ഷണം കൂടുതൽ പ്രയാസമായിത്തീരുകയും ചെയ്യുമ്പോൾ വിശേഷാൽ പൊന്തിവരുന്ന ഒരു പ്രശ്‌നത്തിന്റെ തുടക്കമായിരിക്കാൻ കഴിയും. യുവപ്രായത്തിലുളള പുത്രന്‌ വിശേഷാൽ പിതാവിന്റെ സഹായം ആവശ്യമായിത്തീർന്നേക്കാം. എന്നാൽ നേരത്തെ ഒരു നല്ലബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിൽ പല വർഷങ്ങൾകൊണ്ട്‌ ഉളവായ വിടവ്‌ ഏതാനും ചില ആഴ്‌ചകൾകൊണ്ട്‌ നികത്താൻ സാധ്യമാകുകയില്ല.

12, 13. (എ) കുടുംബത്തിൽ പിതാവിന്റെ ധർമ്മം എന്താണ്‌? (ബി) ഒരു പിതാവിന്റെ ഉത്തരവാദിത്വങ്ങളുടെ ശരിയായ വിധത്തിലുളള നിവർത്തിക്കലിന്‌, അധികാരത്തോടുളള കുട്ടികളുടെ വീക്ഷണത്തെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?

12 കുട്ടി ആണായാലും പെണ്ണായാലും പിതാവിന്റെ പുരുഷത്വഗുണങ്ങളുടെ സ്വാധീനത്തിന്‌ തികവും സമനിലയുമുളള വ്യക്തിത്വത്തിന്റെ വികാസത്തിന്‌ മർമ്മപ്രധാനമായ സംഭാവന ചെയ്യാൻ കഴിയും. പിതാവു കുടുംബത്തലവനായിരിക്കണമെന്ന്‌ ദൈവവചനം പ്രകടമാക്കുന്നു. കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാൻ അയാൾ ഉത്തരവാദിയാണ്‌. (1 കൊരിന്ത്യർ 11:3; 1 തിമൊഥെയോസ്‌ 5:8) എന്നിരുന്നാലും, “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, പിന്നെയോ യഹോവയുടെ വായിലെ ഓരോ മൊഴിയാലുമാണ്‌ ജീവിക്കുന്നത്‌.” അയാളുടെ മക്കളെ സംബന്ധിച്ചാണെങ്കിൽ “അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടിരിക്കാനും” പിതാവിനോടു കല്‌പിക്കപ്പെട്ടിരിക്കുന്നു. (ആവർത്തനം 8:3; എഫേസ്യർ 6:4) തന്റെ സന്താനത്തോടുളള സ്വാഭാവികവാത്സല്യം അയാളെ പ്രേരിപ്പിക്കണമെങ്കിലും, എല്ലാററിനുമുപരിയായി തന്റെ, ദിവ്യനിയോഗം നിറവേററുന്നതിന്‌ തന്റെ പരമാവധി ചെയ്യാൻ അയാളെ പ്രേരിപ്പിക്കേണ്ടത്‌ തന്റെ സ്രഷ്ടാവിനോടുളള ഒരു ഉത്തരവാദിത്തബോധമാണ്‌.

13 ഒരു അമ്മ പ്രകടമാക്കുന്ന സ്‌നേഹത്തോടും ശ്രദ്ധയോടും അനുകമ്പയോടുംകൂടെ പിതാവിന്‌ ശക്തിയുടെയും ജ്ഞാനപൂർവ്വകമായ മാർഗ്ഗനിർദ്ദേശത്തിന്റെയും ഒരു സ്ഥിരീകരണസ്വാധീനം സംഭാവന ചെയ്യാൻ കഴിയും. ദൈവദത്തമായ തന്റെ നിയോഗം അയാൾ കൈകാര്യം ചെയ്യുന്ന വിധത്തിന്‌ അയാളുടെ മക്കൾ മാനുഷികവും ദിവ്യവുമായ അധികാരത്തോട്‌ പിൽക്കാലത്തു പുലർത്തുന്ന മനോഭാവത്തിൻമേൽ ഗണ്യമായ ഫലമുണ്ടായിരിക്കാൻ കഴിയും, അവർ അതിനെ ആദരിക്കുന്നുവോയെന്നതും ക്ഷോഭമോ മത്സരമോ കൂടാതെ മറെറാരാളുടെ നിർദ്ദേശത്തിൻകീഴിൽ അവർക്ക്‌ എത്ര നന്നായി പ്രവർത്തിക്കാൻ കഴിയും എന്നതും സംബന്ധിച്ചുതന്നെ.

14. പിതാവിന്റെ നല്ല ദൃഷ്ടാന്തത്തിന്‌ തന്റെ പുത്രന്റെയോ പുത്രിയുടെയോമേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?

14 ഒരു ആൺകുട്ടിയുണ്ടെങ്കിൽ, പിതാവിന്റെ മാതൃകയ്‌ക്കും കാര്യങ്ങളുടെ കൈകാര്യം ചെയ്യലിനും, അവൻ ദുർബലനും തീരുമാനശേഷിയില്ലാത്തവനുമായി വളരുമോ അതോ പുരുഷത്വവും സ്ഥിരതയുമുളളവനും ബോധ്യധീരതയും ഉത്തരവാദിത്വം വഹിക്കാനുളള മനസ്സൊരുക്കവും പ്രകടമാക്കുന്നവനുമായ ഒരു വ്യക്തിയായി വളരുമോയെന്നും തീരുമാനിക്കുന്നതിൽ വളരെയധികം സഹായം ചെയ്യാൻ കഴിയും. അതിന്‌ പുത്രൻ കാലക്രമത്തിൽ ആയിത്തീരുന്നത്‌ ഏതുതരം ഭർത്താവോ പിതാവോ ആണെന്നുളളതിനെ ബാധിക്കാൻ കഴിയും—കർക്കശനും ന്യായരഹിതനും പരുഷനുമോ അതോ സമനിലയും വിവേചനയും ദയയുമുളളവനോ? കുടുംബത്തിൽ ഒരു പെൺകുട്ടിയുണ്ടെങ്കിൽ അവളുടെ പിതാവിന്റെ സ്വാധീനത്തിനും ബന്ധത്തിനും പുരുഷവർഗ്ഗത്തോടുളള അവളുടെ മുഴുവീക്ഷണത്തെയും സ്വാധീനിക്കാൻ കഴിയും, അവളുടെ ഭാവിവിവാഹവിജയത്തിനു സംഭാവന ചെയ്യാനോ പ്രതിബന്ധം സൃഷ്‌ടിക്കാനോ കഴിയും. ഈ പിതൃസ്വാധീനത്തിന്റെ ഫലം ശൈശവത്തിൽ തുടങ്ങുന്നു.

15, 16. (എ) ബൈബിൾ പിതാവിന്റെമേൽ പഠിപ്പിക്കലിന്റെ എന്ത്‌ ഉത്തരവാദിത്തം വെക്കുന്നു? (ബി) ഇത്‌ എങ്ങനെ നിർവ്വഹിക്കാൻ കഴിയും?

15 പഠിപ്പിക്കാനുളള പിതാവിന്റെ ഉത്തരവാദിത്തത്തിന്റെ വ്യാപ്‌തി ആവർത്തനം 6:6, 7–ൽ തന്റെ ജനത്തിനു കൊടുത്ത ദൈവത്തിന്റെ നിർദ്ദേശങ്ങളിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നു: “ഇന്നു ഞാൻ നിന്നോടു കല്‌പ്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിലുണ്ടെന്നു തെളിയണം; നീ അവ നിന്റെ പുത്രനെ ഉദ്‌ബോധിപ്പിക്കുകയും നീ നിന്റെ വീട്ടിൽ ഇരിക്കുമ്പോഴും നീ വഴിയിൽ നടക്കുമ്പോഴും നീ കിടക്കുമ്പോഴും നീ എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച്‌ സംസാരിക്കുകയും വേണം.”

16 ദൈവവചനത്തിൽ കാണപ്പെടുന്ന വചനങ്ങൾ മാത്രമല്ല, പിന്നെയോ അവ വഹിക്കുന്ന സന്ദേശവും കുട്ടിയുടെ മനസ്സിൽ ദൈനംദിനം പതിപ്പിക്കേണ്ടതാണ്‌. അവസരങ്ങൾ എല്ലായ്‌പ്പോഴുമുണ്ട്‌. ഉദ്യാനങ്ങളിലെ പൂക്കളും വായുവിലെ പ്രാണികളും വൃക്ഷങ്ങളിലെ പക്ഷികളും അണ്ണാനും കടൽത്തീരത്തെ കടൽകാക്കകളും പർവ്വതങ്ങളിലെ പൈൻശിഖരങ്ങളും രാത്രിയിൽ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും—ഈ അത്ഭുതങ്ങളെല്ലാം സ്രഷ്ടാവിനെക്കുറിച്ചു സംസാരിക്കുന്നു, അവയുടെ ഭാഷണത്തിന്റെ അർത്ഥം നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കു വ്യാഖ്യാനിച്ച്‌ കൊടുക്കണം. സങ്കീർത്തനക്കാരൻ പറയുന്നു: “ആകാശങ്ങൾ ദൈവത്തിന്റെ മഹത്വം പ്രസ്‌താവിക്കുന്നു; അവന്റെ കൈകളുടെ പ്രവൃത്തിയെക്കുറിച്ച്‌ ആകാശവിരിവു പറയുന്നു. ഒരു ദിവസത്തിനുശേഷം മറെറാരു ദിവസം ഭാഷണം പൊന്തിവരാനിടയാക്കുന്നു, ഒരു രാത്രിക്കുശേഷം മറെറാരു രാത്രി പരിജ്ഞാനം പ്രകടമാക്കുന്നു.” (സങ്കീർത്തനം 19:1, 2) ഇവ ഉപയോഗിക്കാനും വിശേഷാൽ ശരിയായ തത്വങ്ങൾ വിശദമാക്കുന്നതിലും ഊന്നിപ്പറയുന്നതിലും ദൈവത്തിന്റെ ആലോചനയുടെ ജ്ഞാനവും പ്രയോജനവും പ്രകടമാക്കുന്നതിലും അനുദിനജീവിതകാര്യങ്ങളെ പ്രയോജനപ്പെടുത്താനും ജാഗ്രതയുണ്ടായിരിക്കുന്നതിനാൽ പിതാവിനു കുട്ടിയുടെ മനസ്സിലും ഹൃദയത്തിലും ഭാവിക്കായി അത്യന്തം അനിവാര്യമായ അടിസ്ഥാനം—ദൈവമുണ്ടെന്നു മാത്രമല്ല, ‘അവൻ തന്നെ ആത്മാർത്ഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകനായിത്തീരുന്നു’വെന്നുമുളള ബോധ്യം കെട്ടുപണിചെയ്യാൻ കഴിയും.—എബ്രായർ 11:6.

17, 18. (എ) ഒരു പിതാവ്‌ തന്റെ മക്കൾക്ക്‌ എങ്ങനെ ശിക്ഷണം കൊടുക്കണം? (ബി) അനേകം ചട്ടങ്ങളുണ്ടാക്കുന്നതിനേക്കാൾ ഫലകരമായിരിക്കുന്നതെന്താണ്‌?

17 ശിക്ഷണവും പിതാവിന്റെ കർത്തവ്യത്തിന്റെ ഭാഗമാണ്‌. “പിതാവ്‌ ശിക്ഷണം നൽകാത്തത്‌ ഏതു പുത്രനാണ്‌?” എന്നാണ്‌ എബ്രായർ 12:7–ൽ ചോദിച്ചിരിക്കുന്ന ചോദ്യം. എന്നാൽ വെറുപ്പോ ശല്യം പോലുമോ തോന്നുമാറ്‌ അമിതമായി തിരുത്തിക്കൊണ്ട്‌ അതിർ കടന്നുപോകാത്തവിധത്തിൽ ശിക്ഷണം കൊടുക്കേണ്ടത്‌ പിതാവിന്റെ കടമയാണ്‌. പിതാക്കൻമാരോട്‌ ദൈവവചനം പറയുന്നു: “നിങ്ങളുടെ മക്കൾ നിരുത്‌സാഹിതരായിത്തീരാതിരിക്കേണ്ടതിന്‌ അവരെ പ്രകോപിപ്പിച്ചുകൊണ്ടിരിക്കരുത്‌.” (കൊലോസ്യർ 3:21) നിയന്ത്രണങ്ങളാവശ്യമാണ്‌, എന്നാൽ ചിലപ്പോൾ ഭാരവും നിരുത്സാഹജനകവുമായിത്തീരത്തക്കവണ്ണം ചട്ടങ്ങളെ പെരുക്കാനും വിപുലീകരിക്കാനും നമുക്കു കഴിയും.

18 പുരാതനകാലങ്ങളിലെ പരീശൻമാർ ചട്ടപ്രേമികളായിരുന്നു; അവർ അവ കൂനകൂട്ടുകയും കപടഭക്തരുടെ വിളവ്‌ ഉൽപ്പാദിപ്പിക്കുകയും ചെയ്‌തു. കേവലം കൂടുതലായ ചട്ടങ്ങൾ ഉണ്ടാക്കുന്നതിനാൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന്‌ വിചാരിക്കുന്നത്‌ ഒരു മാനുഷദൗർബ്ബല്യമാണ്‌; എന്നാൽ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതാണ്‌ യഥാർത്ഥ താക്കോലെന്ന്‌ ജീവിതാനുഭവങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട്‌ ചട്ടങ്ങൾ കുറയ്‌ക്കുക; പകരം ദൈവംതന്നെ വെയ്‌ക്കുന്ന ദിശയിൽ ലക്ഷ്യം വെച്ചുകൊണ്ട്‌ തത്വങ്ങൾ ഉദ്‌ബോധിപ്പിക്കാൻ ശ്രമിക്കുക: “ഞാൻ എന്റെ നിയമങ്ങളെ അവരുടെ മനസ്സിൽ ആക്കും; അവരുടെ ഹൃദയങ്ങളിൽ ഞാൻ അവ എഴുതും.”—എബ്രായർ 8:10.

പിതാവും മാതാവും പങ്കാളികളാണ്‌

19. ഭവനത്തിൽ നല്ല ആശയവിനിമയത്തിന്‌ ഉറപ്പുവരുത്താൻ എന്തു ചെയ്യാവുന്നതാണ്‌?

19 സാധാരണയായി പിതാവാണ്‌ ഉപജീവനമാർഗ്ഗം തേടുന്നത്‌. അയാൾ ജോലി കഴിഞ്ഞ്‌ വീട്ടിൽ വരുമ്പോൾ ക്ഷീണിതനായിരിക്കാം. അയാൾക്ക്‌ മററു കർത്തവ്യങ്ങൾ പിന്നെയും നിർവ്വഹിക്കാനുണ്ടായിരിക്കാം. എന്നാൽ അയാൾ ഭാര്യയോടും മക്കളോടുംകൂടെ ചെലവഴിക്കാൻ സമയമുണ്ടാക്കണം. അയാൾ തന്റെ കുടുംബവുമായി ആശയവിനിയമം ചെയ്യുകയും കുടുംബചർച്ചകൾക്കും കുടുംബപദ്ധതികൾക്കും കുടുംബ തമാശയ്‌ക്കും അല്ലെങ്കിൽ വിനോദയാത്രകൾക്കുംവേണ്ടി സമയം വേർതിരിക്കുകയും ചെയ്യണം. ഈ വിധത്തിൽ കുടുംബ ഐക്യവും ആദർശൈക്യവും കെട്ടുപണി ചെയ്യപ്പെടുന്നു. ഒരുപക്ഷേ കുട്ടികൾ ജനിക്കുന്നതിനു മുൻപ്‌ അയാളും ഭാര്യയും വീടിനു വെളിയിൽ വളരെയധികം സമയം ചെലവഴിച്ചിരിക്കും. എന്നാൽ അവർ അങ്ങുമിങ്ങും ഓടിനടന്നുകൊണ്ടും ഒരുപക്ഷേ രാത്രിയിൽ വളരെയധികം സമയം ചെലവഴിച്ചുകൊണ്ടും ആ വിധത്തിൽ തുടരുന്നത്‌ മാതാപിതാക്കൻമാരുടെ ഉത്തരവാദിത്തങ്ങൾക്കനുസൃതമായി ജീവിക്കുകയായിരിക്കുകയില്ല. അതു തികച്ചും അവരുടെ സന്താനങ്ങളോടു കാണിക്കുന്ന അപമര്യാദയായിരിക്കും. പെട്ടെന്നോ താമസിച്ചോ മാതാപിതാക്കൻമാർ തങ്ങളുടെ ക്രമമില്ലായ്‌മയ്‌ക്കും ഉത്തരവാദിത്തരാഹിത്യത്തിനും പിഴ ഒടുക്കും. മുതിർന്നവരേപ്പോലെ, കുട്ടികളുടെയും ജീവിതത്തിന്‌ ഒരു സ്ഥിരതയും ക്രമവും ഉളളപ്പോൾ അവർ മെച്ചമായി വർത്തിക്കുന്നു; ഇത്‌ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന്‌ സംഭാവന ചെയ്യുന്നു. കുടുംബജീവിതത്തിന്റെ അനുദിന ക്രമത്തിന്‌ മാതാപിതാക്കൻമാർ അനുചിതമായി വർദ്ധിപ്പിക്കേണ്ടതില്ലാതെ തന്നെ അതിന്റെ ഉയർച്ചതാഴ്‌ചകൾ ഉണ്ടായിരിക്കും.—മത്തായി 6:34; കൊലോസ്യർ 4:5 താരതമ്യപ്പെടുത്തുക.

20. കുട്ടികളുടെ ശിക്ഷണത്തിന്റെ സംഗതിയിൽ, മാതാപിതാക്കൻമാരുടെ ശ്രമങ്ങൾ സംബന്ധിച്ച്‌ ഏകീകൃതരായിരിക്കാൻ അവർക്ക്‌ എന്തു ചെയ്യാൻ കഴിയും?

20 മക്കളെ പഠിപ്പിച്ചുകൊണ്ടും അവർക്കു നിയന്ത്രണങ്ങൾ വച്ചുകൊണ്ടും ശിക്ഷണം കൊടുത്തുകൊണ്ടും സ്‌നേഹിച്ചുകൊണ്ടും അവരോട്‌ ഇടപെടുന്നതിൽ അപ്പനും അമ്മയും സഹകരിക്കേണ്ടതാണ്‌. ‘അതിൽത്തന്നെ ഛിദ്രിച്ച ഒരു വീടിന്‌ നിലനിൽക്കാൻ കഴിയുകയില്ല.’ (മർക്കോസ്‌ 3:25) അനുസരിക്കേണ്ട അച്ചടക്കം മാതാപിതാക്കൻമാർ ചർച്ച ചെയ്യുന്നത്‌ നല്ലതാണ്‌; അപ്പോൾ ശിക്ഷണം സംബന്ധിച്ച ഏതെങ്കിലും അനൈക്യം കുട്ടികൾ നേരിൽ കാണുന്നതിനെ ഒഴിവാക്കാൻ അവർക്കു കഴിയും. മററു പ്രകാരത്തിൽ ചെയ്‌താൽ അത്‌ ‘ഭിന്നിപ്പിച്ചു ജയിച്ചടക്കാൻ’ ശ്രമിക്കുന്നതിന്‌ കുട്ടികളെ ക്ഷണിച്ചേക്കാം. ചില സന്ദർഭങ്ങളിൽ മാതാപിതാക്കൻമാരിലൊരാൾ ധൃതഗതിയിലോ കുപിതമായോ പ്രതികരിക്കുകയും അതിർകടന്നതോ എല്ലാ വസ്‌തുതകളും പരിചിന്തിക്കുമ്പോൾ ഒരുപേക്ഷ അശേഷം ആവശ്യമില്ലാഞ്ഞതോ ആയ ശിക്ഷണം കൊടുക്കുകയും ചെയ്‌തേക്കാമെന്നുളളതു സത്യം തന്നെ. മാതാപിതാക്കൻമാർക്ക്‌ അതിനെക്കുറിച്ച്‌ സ്വകാര്യമായി സംസാരിക്കുക സാധ്യമായേക്കാം; അനന്തരം ബുദ്ധിഹീനമായി പ്രവർത്തിച്ചയാൾക്ക്‌ കുട്ടിയുമായി കാര്യം നേരെയാക്കുന്നതിന്‌ വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്‌. അല്ലെങ്കിൽ, ഈ സ്വകാര്യസംസാരം സാധ്യമാകാത്തിടത്ത്‌, ഇണയെ പിന്താങ്ങുന്നത്‌ ഒരു അനീതിയെ പിന്താങ്ങുകയാണെന്ന്‌ വിചാരിക്കുന്നയാൾക്ക്‌ ഏതാണ്ടിതുപോലെ പറയാം, ‘നീ കോപിക്കുന്നതെന്തുകൊണ്ടാണെന്ന്‌ എനിക്കു മനസ്സിലാകുന്നുണ്ട്‌, ഞാനും അങ്ങനെ തന്നെയാണ്‌ വിചാരിക്കുന്നത്‌. എന്നാൽ നീ ഓർക്കാത്ത ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. അതായത്‌ . . .’ എന്നു പറഞ്ഞുകൊണ്ട്‌ അവഗണിക്കപ്പെട്ടിരിക്കാവുന്ന എന്തെങ്കിലും വ്യക്തമാക്കിക്കൊടുക്കുക. ഇതിന്‌ ശിക്ഷണം കൊടുക്കപ്പെട്ട കുട്ടിയുടെ സാന്നിദ്ധ്യത്തിൽ ഭിന്നതയോ വിയോജിപ്പോ പ്രകടമാക്കാതെ സാന്ത്വനപ്പെടുത്തുന്ന ഒരു സ്വാധീനമുണ്ടായിരിക്കാൻ കഴിയും. നിശ്വസ്‌ത സദൃശവാക്യങ്ങൾ പറയുന്നതുപോലെ: “ധിക്കാരത്താൽ ഒരുവൻ വഴക്കിനിടയാക്കുക മാത്രമേ ചെയ്യുന്നുളളു, എന്നാൽ കൂടിയാലോചിക്കുന്നവർക്കു ജ്ഞാനമുണ്ട്‌.”—സദൃശവാക്യങ്ങൾ 13:10; സഭാപ്രസംഗി 7:8 കൂടെ കാണുക.

21. ശിക്ഷണം മാതാപിതാക്കൻമാരിൽ ഒരാളിന്‌ വിടപ്പെടണമോ? എന്തുകൊണ്ട്‌ അല്ലെങ്കിൽ എന്തുകൊണ്ട്‌ പാടില്ല?

21 ശിക്ഷണം ഒരു സംയുക്ത ധർമ്മമാണെന്നു എബ്രായതിരുവെഴുത്തുകൾ പ്രകടമാക്കുന്നു: “എന്റെ മകനെ, നിന്റെ അപ്പന്റെ ശിക്ഷണം കേട്ടനുസരിക്കുക, നിന്റെ അമ്മയുടെ നിയമത്തെ ഉപേക്ഷിക്കരുത്‌.” ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളും അതുതന്നെ ചെയ്യുന്നു: “കുട്ടികളെ, കർത്താവിനോടുളള ഐക്യത്തിൽ നിങ്ങളുടെ മാതാപിതാക്കൻമാരെ അനുസരിക്കുക, എന്തെന്നാൽ ഇതു നീതിയാണ്‌.” ചിലപ്പോൾ മക്കൾക്കു ശിക്ഷണം കൊടുക്കുന്നത്‌ തന്റെ ഭാര്യയുടെ ജോലിയാണെന്ന്‌ പിതാവു വീക്ഷിക്കുന്നു. അല്ലെങ്കിൽ ഒരു ഭാര്യ വിപരീതവീക്ഷണം സ്വീകരിക്കുകയും കുസൃതി കാണിക്കുന്ന കുട്ടിയെ ‘നിന്റെ അപ്പനിങ്ങു വരട്ടെ’ എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിലധികമൊന്നും ചെയ്യാതിരിക്കുകയും ചെയ്‌തേക്കാം. എന്നാൽ കുടുംബസന്തുഷ്ടി ഉണ്ടായിരിക്കണമെങ്കിൽ, മാതാപിതാക്കൻമാരിൽ ഓരോരുത്തർക്കും കുട്ടികളുടെ സ്‌നേഹവും ആദരവും ലഭിക്കണമെങ്കിൽ, ഈ കർത്തവ്യം പങ്കുവെക്കേണ്ടതാണ്‌.—സദൃശവാക്യങ്ങൾ 1:8; എഫേസ്യർ 6:1.

22. ഒരു കുട്ടിയുടെ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ എന്തു ഒഴിവാക്കണം?

22 മക്കൾ ഇതിൽ തങ്ങളുടെ മാതാപിതാക്കൻമാരുടെ ഏകീകൃതമായ സഹകരണവും ഉത്തരവാദിത്തം പങ്കു വെക്കാനുളള ഓരോരുത്തരുടെയും സന്നദ്ധതയും കാണേണ്ട ആവശ്യമുണ്ട്‌. അഭ്യർത്ഥിക്കുന്ന ഒരു കുട്ടി ‘പോയി നിന്റെ അമ്മയോടു ചോദിക്കൂ’ എന്ന്‌ തന്റെ പിതാവു പറയുന്നത്‌ എല്ലായ്‌പ്പോഴും കേൾക്കുന്നുവെങ്കിൽ, അല്ലെങ്കിൽ മാതാവു സ്ഥിരമായി തീരുമാനം പിതാവിലേക്കു കൈമാറുന്നുവെങ്കിൽ, അപേക്ഷ ‘ഇല്ല’ എന്ന്‌ ഉത്തരം പറയേണ്ടതാവശ്യമാക്കിത്തീർക്കുന്നതായി കണ്ടെത്തുന്ന പിതാവിന്‌ അല്ലെങ്കിൽ മാതാവിന്‌ വില്ലന്റെ റോൾ കൊടുക്കപ്പെടുകയാണ്‌. തീർച്ചയായും പിതാവിന്‌, ‘ഉവ്വ്‌’ നിനക്ക്‌ അല്‌പസമയം പുറത്തുപോകാവുന്നതാണ്‌—എന്നാൽ അത്താഴം എപ്പോൾ തയ്യാറാകുമെന്ന്‌ അറിയാൻ ആദ്യം നിന്റെ അമ്മയോടു തിരക്കുക’ എന്നു പറയാവുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കാം. അല്ലെങ്കിൽ ചില അപേക്ഷകൾ തനിക്ക്‌ എതിർപ്പുളളവയല്ലെങ്കിലും തന്റെ ഭർത്താവ്‌ ആ കാര്യം സംബന്ധിച്ച്‌ അഭിപ്രായം പറയേണ്ടതാണെന്ന്‌ അമ്മയ്‌ക്കു ചില സമയങ്ങളിൽ തോന്നിയേക്കാം. എന്നാൽ തന്റെ ലക്ഷ്യം നേടുന്നതിനു മാതാപിതാക്കൻമാരിൽ ഒരാളെ മറേറയാൾക്കെതിരായി തിരിക്കാൻ കുട്ടിയെ യാതൊരു വിധത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കുന്നതിനോ അനുവദിക്കാതിരിക്കുന്നതിനോ ഇരുവരും ജാഗ്രത പാലിക്കുന്നതായിരിക്കും. ബുദ്ധിയുളള ഭാര്യ തന്റെ ഭർത്താവിനെ നഷ്ടപ്പെടുത്തി ലാളിക്കൽ മുഖേന കുട്ടിയുടെ പ്രീതിയുടെ സിംഹഭാഗവും നേടാൻ ശ്രമിച്ചുകൊണ്ട്‌ ഒരു മത്സര രീതിയിൽ തന്റെ അധികാരത്തിന്റെ പങ്കു വിനിയോഗിക്കുന്നതിനെതിരെ സൂക്ഷിക്കുകയും ചെയ്യും.

23. ഒരു കുടുംബത്തിൽ, തീരുമാനം ചെയ്യൽ അവശ്യം പിതാവിൽ പരിമിതപ്പെട്ടിരിക്കുന്നുവോ?

23 യഥാർത്ഥത്തിൽ, കുടുംബതീരുമാനങ്ങളിൽ ഓരോ അംഗത്തിന്റെയും തീരുമാനം പ്രത്യേക പരിഗണന അർഹിക്കുന്ന മണ്ഡലങ്ങൾ അവർക്കോരോരുത്തർക്കും ഉണ്ടായിരിക്കാം. കുടുംബത്തിന്റെ ആകമാനമായ ക്ഷേമം ഉൾപ്പെടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ തീരുമാനം ചെയ്യാനുളള ഉത്തരവാദിത്തമാണ്‌ പിതാവിനുളളത്‌. മററുളളവരോടു ചർച്ച ചെയ്‌തതിനുശേഷവും അവരുടെ ആഗ്രഹങ്ങൾക്കും അഭീഷ്ടങ്ങൾക്കും പരിഗണന കൊടുത്തശേഷവുമായിരിക്കും മിക്കപ്പോഴും ഇവ തീരുമാനിക്കുന്നത്‌. അടുക്കളക്കാര്യം സംബന്ധിച്ചും മററനേകം വീട്ടുകാര്യങ്ങൾ സംബന്ധിച്ചും അമ്മയ്‌ക്കു തീരുമാനം ചെയ്യാവുന്നതാണ്‌. (സദൃശവാക്യങ്ങൾ 31:11, 27) കുട്ടികൾ വളർന്നു വരുമ്പോൾ അവരുടെ കളിയുടെ മണ്ഡലങ്ങളും വസ്‌ത്രത്തിന്റെ തെരഞ്ഞെടുപ്പും സംബന്ധിച്ചും അല്ലെങ്കിൽ വ്യക്തിപരമായ മററു ചില കാര്യങ്ങൾ സംബന്ധിച്ചും ചില തീരിമാനങ്ങളെടുക്കാൻ അവരെ അനുവദിക്കാവുന്നതാണ്‌. എന്നാൽ നല്ല തത്വങ്ങൾ അനുസരിക്കപ്പെടുന്നുണ്ടെന്നും കുട്ടികളുടെ ഭദ്രത അപകടത്തിലാക്കപ്പെടുന്നില്ലെന്നും മററുളളവരുടെ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താൻ മാതാപിതാക്കൻമാരുടെ മേൽനോട്ടം വേണ്ടത്ര ഉണ്ടായിരിക്കണം. ഇതിന്‌ കുട്ടികൾക്ക്‌ തീരുമാനം ചെയ്യലിൽ ക്രമേണയുളള ഒരു ആരംഭം ഇട്ടുകൊടുക്കാൻ കഴിയും.

മാതാപിതാക്കളായ നിങ്ങളെ ബഹുമാനിക്കുന്നത്‌ സുകരമോ?

24. മക്കൾ തങ്ങളുടെ അപ്പനേയും അമ്മയേയും ബഹുമാനിക്കണമെന്നുളള വസ്‌തുത മാതാപിതാക്കൻമാരുടെ മേൽ എന്ത്‌ ഉത്തരവാദിത്തം വെക്കുന്നു?

24 “നിങ്ങളുടെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക” എന്ന്‌ കുട്ടികളോടു പറയപ്പെട്ടിരിക്കുന്നു. (എഫേസ്യർ 6:2; പുറപ്പാട്‌ 20:12) അവർ ഇതു ചെയ്യുന്നത്‌ ദൈവത്തിന്റെ കല്‌പനയെ ആദരിക്കലുമാണ്‌. നിങ്ങൾ ഇത്‌ അവർക്ക്‌ സുകരമാക്കിത്തീർക്കുന്നുവോ? ഭാര്യയേ, നിങ്ങളോട്‌ നിങ്ങളുടെ ഭർത്താവിനെ ബഹുമാനിക്കാനും ആദരിക്കാനും പറയപ്പെട്ടിരിക്കുന്നു. ദൈവവചനം അയാളോട്‌ ആവശ്യപ്പെടുന്നതനുസരിച്ച്‌ ജീവിക്കാൻ അയാൾ ഒട്ടുംതന്നെ ശ്രമിക്കുന്നില്ലെങ്കിൽ, അയാളെ അനുസരിക്കുന്നത്‌ നിങ്ങൾക്കു വളരെ പ്രയാസമല്ലേ? ഭർത്താവേ, നിങ്ങൾ നിങ്ങളുടെ ഭാര്യയെ പ്രിയപ്പെട്ട സഹധർമ്മിണിയെന്ന നിലയിൽ പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതാണ്‌. അവൾ തുണയായിരിക്കുന്നില്ലെങ്കിൽ അതു പ്രയാസമല്ലയോ? അപ്പോൾ കുട്ടികൾ നിങ്ങളെ, അവരുടെ മാതാപിതാക്കൻമാരെ, ബഹുമാനിക്കണമെന്നുളള ദൈവകൽപ്പന അനുസരിക്കുന്നത്‌ അവർക്ക്‌ സുകരമാക്കിത്തീർക്കുക. പ്രശാന്തമായ ഒരു ഭവനവും പ്രമാണങ്ങളുടെ ഒരു നല്ല സംഹിതയും നിങ്ങളുടെ സ്വന്തം നടത്തയിലെ നല്ല ദൃഷ്ടാന്തങ്ങളും നല്ല പഠിപ്പിക്കലും പരിശീലനവും, ആവശ്യമായിരിക്കുമ്പോൾ സ്‌നേഹപൂർവ്വകമായ ശിക്ഷണവും പ്രദാനം ചെയ്‌തുകൊണ്ട്‌ അവരുടെ ആദരവു നേടുക.

25. കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കണമെന്നതു സംബന്ധിച്ച്‌ മാതാപിതാക്കൻമാർ ഐക്യമുളളവരല്ലെങ്കിൽ ഏതു പ്രശ്‌നങ്ങൾ സംജാതമായേക്കാം?

25 “ഇരുവർ ഒരുവനെക്കാൾ മെച്ചമാകുന്നു” എന്ന്‌ ശലോമോൻ രാജാവ്‌ പ്രസ്‌താവിച്ചു. “എന്തുകൊണ്ടെന്നാൽ അവരുടെ കഠിനവേലയ്‌ക്ക്‌ അവർക്കൊരു നല്ല പ്രതിഫലമുണ്ട്‌.” (സഭാപ്രസംഗി 4:9) രണ്ടുപേർ ഒരുമിച്ചു നടക്കുകയും ഒരാൾ വീഴുകയും ചെയ്യുമ്പോൾ എഴുന്നേൽപ്പിക്കാൻ മറേറയാൾ അവിടെയുണ്ട്‌. അങ്ങനെതന്നെ കുടുംബത്തിൽ ഭർത്താവിനും ഭാര്യയ്‌ക്കും അവരുടെ യഥാക്രമധർമ്മങ്ങളിൽ അന്യോന്യം പിന്താങ്ങാനും പ്രോത്സാഹിപ്പിക്കാനും കഴിയും. പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും അനേകം മണ്ഡലങ്ങളിൽ ആ ധർമ്മങ്ങൾ പരസ്‌പരം കവിഞ്ഞുകിടക്കുന്നു. ഇതു കുടുംബത്തിലെ ഐക്യത്തിനു നല്ലതാണ്‌. കുട്ടികൾ മാതാപിതാക്കൻമാരെ ഒരു പൊതു പരിശീലനവേലയിൽ സംഘടിപ്പിച്ചുകൊണ്ട്‌ അവരെ കൂടുതൽ അടുപ്പിക്കേണ്ടതാണ്‌. എന്നാൽ ചിലപ്പോൾ കുട്ടിക്ക്‌ എങ്ങനെ പരിശീലനവും ശിക്ഷണവും കൊടുക്കണമെന്നുളളതു സംബന്ധിച്ച്‌ ഭിന്നിപ്പിക്കുന്ന പ്രശ്‌നങ്ങൾ പൊന്തിവന്നേയ്‌ക്കാം. ചിലപ്പോൾ ഭാര്യ കുട്ടിയുടെമേൽ വളരെയധികം ശ്രദ്ധ ചെലുത്തുകയും തന്നിമിത്തം ഭർത്താവ്‌ അവഗണിക്കപ്പെടുന്നതായി വിചാരിച്ച്‌ നീരസപ്പെടുകയും പോലും ചെയ്‌തേക്കാം. ഇതിനു കുട്ടിയോടുളള അയാളുടെ മനോഭാവത്തെ ബാധിക്കാൻ കഴിയും. അയാൾ അതിനോടു വിരക്തനായേക്കാം, അല്ലെങ്കിൽ, പകരം, അതിനോടു വളരെയേറെ വാത്സല്യം കാണിക്കുകയും ഭാര്യയിലുളള ശ്രദ്ധ കുറയ്‌ക്കുകയും ചെയ്‌തേക്കാം. ഭർത്താവിന്റെയോ ഭാര്യയുടെയോ സമനില തെററുമ്പോൾ വലിയ വില കൊടുക്കപ്പെടുന്നു.

26. ഒരു പുതിയ ശിശുവിനുവേണ്ടി മാതാവിന്റെ അധികം സമയവും വിനിയോഗിക്കേണ്ടതുളളപ്പോൾ ഒരു മൂത്തകുട്ടിക്ക്‌ അസൂയ തോന്നാതെ തടയാൻ എന്തു ചെയ്യാവുന്നതാണ്‌?

26 ഒരു പുതിയ ശിശു ജനിക്കുകയും ഒരു മൂത്ത കുട്ടി ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ മറെറാരു പ്രശ്‌നം സംജാതമായേക്കാം. അമ്മ പുതിയ ശിശുവിനുവേണ്ടി വളരെയധികം സമയം ചെലവഴിക്കേണ്ടതാണ്‌. മൂത്ത കുട്ടിക്ക്‌ അവഗണന അനുഭവപ്പെടാതെയും അസൂയ തോന്നാതെയും സൂക്ഷിക്കുന്നതിന്‌ പിതാവിന്‌ മൂത്ത കുട്ടിയിൽ കൂടുതലായ ശ്രദ്ധചെലുത്താവുന്നതാണ്‌.

27. വിവാഹ ഇണകളിൽ ഒരാൾ അവിശ്വാസിയായിരിക്കുമ്പോൾ കുട്ടികളെ ആത്മീയമായി എങ്ങനെ സഹായിക്കാൻ കഴിയും?

27 തീർച്ചയായും ഇരുവർ ഒരുവനേക്കാൾ മെച്ചമാണ്‌. എന്നാൽ ഒരുവൻ ആരുമില്ലാതിരിക്കുന്നതിലും മെച്ചമാണ്‌. സാഹചര്യത്താൽ ഒരു പിതാവിന്റെ സഹായം കൂടാതെ മക്കളെ വളർത്തേണ്ടത്‌ മാതാവായിരിക്കാം. അല്ലെങ്കിൽ പിതാവ്‌ ഇതേ വെല്ലുവിളിയെ അഭിമുഖീകരിച്ചേക്കാം. മിക്കപ്പോഴും ഭവനങ്ങൾ മതപരമായി ഛിദ്രിച്ചവയാണ്‌. അതായത്‌ മാതാപിതാക്കൻമാരിൽ ഒരാൾ യഹോവയാം ദൈവത്തിന്റെ ഒരു ദാസനോ ദാസിയോ എന്ന നിലയിൽ, ബൈബിളിന്റെ ബുദ്ധിയുപദേശത്തിൽ പൂർണ്ണവിശ്വാസമുളളയാൾ ആയിരിക്കും, മറേറയാൾ അങ്ങനെയല്ലായിരിക്കും. സമർപ്പിത ക്രിസ്‌ത്യാനി ഭർത്താവായിരിക്കുന്നിടത്ത്‌, കുടുംബത്തലവനെന്ന നിലയിൽ അയാൾക്ക്‌ കുട്ടികളുടെ പരിശീലനത്തിലും ശിക്ഷണത്തിലും പിന്തുടരേണ്ട ഗതി സംബന്ധിച്ച്‌ കൂടുതൽ നിയന്ത്രണമുണ്ട്‌. എന്നുവരികിലും, അയാൾ വലിയ ക്ഷമയും ആത്മനിയന്ത്രണവും സഹിഷ്‌ണുതയും പ്രകടമാക്കേണ്ടതുണ്ടായിരിക്കാം; ഒരു ഗൗരവമുളള വിവാദപ്രശ്‌നം സ്ഥിതിചെയ്യുന്നടത്ത്‌ അയാൾ ദൃഢതയുളളവനായിരിക്കണം, എന്നാൽ പ്രകോപനത്തിൻകീഴിൽ പോലും ന്യായബോധവും ദയയുമുളളവനുമായിരിക്കണം, സാഹചര്യങ്ങൾ അനുവദിക്കുന്നടത്തെല്ലാം അയവു കാണിക്കുന്നവനുമായിരിക്കണം. വിശ്വാസി ഭാര്യയാണെങ്കിൽ—തന്നിമിത്തം ഭർത്താവിനു കീഴ്‌പ്പെട്ടിരിക്കുന്നതിനാൽ—അവളുടെ നീക്കത്തിന്റെ രീതി അതിയായി അയാളുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും. അയാൾക്കു കേവലം ബൈബിളിൽ താൽപ്പര്യമില്ലന്നേയുളേളാ, അതോ അയാൾ ഭാര്യയുടെ വിശ്വാസാചാരങ്ങളെയും, മക്കളെ അവ പഠിപ്പിക്കാനുളള അവളുടെ ശ്രമങ്ങളേയും എതിർക്കുന്നുണ്ടോ? അയാൾ അവളെ എതിർക്കുന്നുവെങ്കിൽ അവൾ അപ്പോസ്‌തലൻ വിവരിച്ച ഗതിയെ ആശ്രയിക്കണം: ഭാര്യയുടെ മാതൃകാപരമായ കർത്തവ്യനിർവ്വഹണത്താലും ആദരപൂർവ്വകമായ മനോഭാവത്താലും അവളുടെ ഭർത്താവിനെ “ഒരു വാക്കും കൂടാതെ നേടാൻ കഴിഞ്ഞേക്കും.” അവളുടെ മക്കളെ ബൈബിൾ തത്വങ്ങളനുസരിച്ച്‌ പരിശീലിപ്പിക്കാൻ അവൾക്കു ലഭ്യമാകുന്ന അവസരങ്ങളെ അവൾ വിനിയോഗിക്കുകയും ചെയ്യും.—1 പത്രോസ്‌ 3:1-4.

ഭവന ചുററുപാട്‌

28, 29. ഏതുതരം ഭവന ചുററുപാട്‌ അഭിലക്ഷണീയമാണ്‌, എന്തുകൊണ്ട്‌?

28 മാതാപിതാക്കൻമാർ ഇരുവരുടെയും ചുമതല സ്‌നേഹത്തിന്റെ ഒരു ഭവനാന്തരീക്ഷം പ്രദാനം ചെയ്യുകയാണ്‌. മക്കൾക്ക്‌ ഇതു ബോധ്യമാകുകയാണെങ്കിൽ, മാതാപിതാക്കൻമാരോടു പറയാനുളള ഭയം നിമിത്തം അവരുടെ അനിശ്ചിതത്വങ്ങളോ, തെററുകളോ അവരുടെ ഉളളിൽ കുന്നുകൂടുകയില്ല. അവർക്ക്‌ ആശയവിനിയമം ചെയ്യാമെന്നും അവരുടെ കാര്യം ഗ്രഹിക്കുമെന്നും കാര്യങ്ങൾ സ്‌നേഹപൂർവ്വകമായ താല്‌പര്യത്തോടെ കൈകാര്യം ചെയ്യപ്പെടുമെന്നും അവർക്കറിയാം. (1 യോഹന്നാൻ 4:17-19; എബ്രായർ 4:15, 16 താരതമ്യപ്പെടുത്തുക.) ഭവനം ഒരു അഭയസ്ഥാനം മാത്രമല്ല, ഒരു രക്ഷാസങ്കേതവുമായിരിക്കും. മാതാപിതാക്കൻമാരുടെ വാത്സല്യം കുട്ടികളുടെ ഊർജ്ജസ്വലത തഴച്ചുവളരാനിടയാക്കും.

29 നിങ്ങൾക്ക്‌ ഒരു സ്‌പഞ്ച്‌ വിനാഗിരിക്കകത്തിട്ടിട്ട്‌ അത്‌ വെളളം കൊണ്ട്‌ നിറയാൻ പ്രതീക്ഷിക്കാവുന്നതല്ല. അതിന്റെ ചുററുപാടുമുളളതിനെ മാത്രമേ അതിന്‌ വലിച്ചെടുക്കാൻ കഴിയൂ. വെളളത്തിൽ മുക്കിയിട്ടെങ്കിൽ മാത്രമേ സ്‌പഞ്ച്‌ വെളളം വലിച്ചെടുക്കുകയുളളൂ. കുട്ടികളും അവരുടെ ചുററുപാടുകളെ വലിച്ചെടുക്കുന്നു. അവർ തങ്ങളുടെ ചുററുപാടുമുളള മനോഭാവങ്ങളെ വേഗമറിയുകയും ആചരിക്കപ്പെടുന്ന കാര്യങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നു, ഇവയെ അവർ സ്‌പഞ്ചുപോലെ വലിച്ചെടുക്കുന്നു. നാഡിസംബന്ധമായ പിരിമുറുക്കങ്ങളായാലും വിശ്രമത്തോടുകൂടിയ പ്രശാന്തതയായാലും നിങ്ങളുടെ വികാരങ്ങളെ കുട്ടികൾ വേഗമറിയുന്നു. ശിശുക്കൾപോലും ഭവനാന്തരീക്ഷത്തിന്റെ ഗുണങ്ങളെ ഉൾക്കൊളളുന്നു, തന്നിമിത്തം വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ആത്‌മീയതയുടെയും യഹോവയാം ദൈവത്തിലുളള ആശ്രയത്തിന്റെയും ഒരു അന്തരീക്ഷം വിലതീരാത്തതാണ്‌.

30. തങ്ങൾ മക്കൾക്ക്‌ നല്ല മാർഗ്ഗനിർദ്ദേശം കൊടുക്കുന്നുണ്ടോയെന്നു നിർണ്ണയിക്കാൻ മാതാപിതാക്കൻമാർക്ക്‌ എന്തു ചോദ്യങ്ങൾ തങ്ങളോടുതന്നെ ചോദിക്കാവുന്നതാണ്‌?

30 നിങ്ങളോടുതന്നെ ചോദിക്കുക: നിങ്ങളുടെ കുട്ടി ഏതു നിലവാരങ്ങളിലെത്താൻ നിങ്ങൾ പ്രതീക്ഷിക്കുന്നു? മാതാപിതാക്കൻമാരായ നിങ്ങളിരുവരും അവയ്‌ക്കൊപ്പം എത്തുന്നുണ്ടോ? നിങ്ങളുടെ കുടുംബം എന്തിനുവേണ്ടി നിലകൊളളുന്നു? നിങ്ങൾ കുട്ടിക്ക്‌ ഏതുതരം മാതൃക വെക്കുന്നു? നിങ്ങൾ പരാതിപറയുകയും കുററം കണ്ടുപിടിക്കുകയും വിമർശിക്കുകയും നിഷേധാത്മകമായ ആശയങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നുവോ? അത്തരം മക്കളെയാണോ നിങ്ങൾക്ക്‌ വേണ്ടത്‌? അതോ നിങ്ങളുടെ കുടുംബത്തിനു വേണ്ടി നിങ്ങൾക്കു സമുന്നതമായ നിലവാരങ്ങളുണ്ടോ? അവയനുസരിച്ച്‌ നിങ്ങൾ ജീവിക്കുന്നുണ്ടോ? നിങ്ങളുടെ കുട്ടികൾ അതുപോലെ ചെയ്യാൻ പ്രതീക്ഷിക്കുന്നുണ്ടോ? ഈ കുടുംബത്തിൽ ഉൾപ്പെടുന്നതിന്‌ ചില വ്യവസ്ഥകൾ പാലിക്കേണ്ടതാണെന്നും ചിലതരം നടത്ത സ്വീകാര്യമാണെന്നും ചില പ്രവർത്തനങ്ങളും മനോഭാവങ്ങളും സ്വീകാര്യമല്ലെന്നും അവർക്കു മനസ്സിലാകുന്നുണ്ടോ? കുട്ടികൾ ഉടമസ്ഥതയുടെ സുരക്ഷിതത്വം അനുഭവിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട്‌ അവർ കുടുബനിലവാരങ്ങളിലെത്തുമ്പോൾ അവർ നിങ്ങളുടെ അംഗീകാരവും സ്വീകാരവും അനുഭവിക്കട്ടെ. ആളുകൾക്ക്‌ അവരിൽ നിന്ന്‌ പ്രതീക്ഷിക്കുന്നതനുസരിച്ച്‌ ജീവിക്കുന്നതിനുളള ഒരു പ്രവണതയുണ്ട്‌. നിങ്ങളുടെ കുട്ടി ചീത്തയാണെന്ന്‌ കണക്കാക്കുക, അപ്പോൾ ഒരുപക്ഷേ നിങ്ങൾ ശരിയാണന്നു അവൻ തെളിയിക്കും. അവനിൽ നിന്നു നൻമ പ്രതീക്ഷിക്കുക, അപ്പോൾ നിങ്ങൾ അതനുസരിച്ചു ജീവിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയാണ്‌.

31. മാതാപിതാക്കൻമാരുടെ മാർഗ്ഗനിർദ്ദേശത്തെ എല്ലായ്‌പ്പോഴും എന്തു പിന്താങ്ങേണ്ടതാണ്‌?

31 ആളുകൾ അവരുടെ വാക്കുകളേക്കാളുപരി പ്രവൃത്തികളാലാണ്‌ വിധിക്കപ്പെടുന്നത്‌. കുട്ടികളും പ്രവൃത്തികളോളം ശ്രദ്ധ വാക്കുകൾക്കു കൊടുക്കാതിരുന്നേക്കാം. അവർ മിക്കപ്പോഴും ഏതു കപടഭാവവും കണ്ടുപിടിക്കാൻ ജാഗ്രതയുളളവരാണ്‌. കണക്കിലധികം വാക്കുകൾ കുട്ടികളെ കുഴപ്പത്തിലാക്കിയേക്കാം. നിങ്ങളുടെ വാക്കുകൾ പ്രാവർത്തികമാക്കുന്നതിനാൽ അവയ്‌ക്കു പിൻബലം കൊടുക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തുക.—1 യോഹന്നാൻ 3:18.

32. ആരുടെ ബുദ്ധിയുപദേശം എല്ലായ്‌പ്പോഴും അനുസരിക്കപ്പെടണം?

32 നിങ്ങൾ ഒരു അപ്പനായാലും അമ്മയായാലും നിങ്ങളുടെ ധർമ്മം ഒരു വെല്ലുവിളിയാണ്‌. എന്നാൽ ജീവദാതാവിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാൽ ആ വെല്ലുവിളിയെ സന്തുഷ്ടഫലങ്ങളോടെ നേരിടാൻ കഴിയും. അവനുവേണ്ടിയെന്നപോലെ നിങ്ങളുടെ നിയമിത കർത്തവ്യം മനഃസാക്ഷിപൂർവ്വം നിറവേററുക. (കൊലോസ്യർ 3:17) അമിതത്വങ്ങൾ ഒഴിവാക്കുക. സമനില പാലിക്കുക. നിങ്ങളുടെ കുട്ടികൾ ഉൾപ്പെടെ “എല്ലാവർക്കും നിങ്ങളുടെ ന്യായബോധം അറിയപ്പെടട്ടെ.”—ഫിലിപ്യർ 4:5.

[അധ്യയന ചോദ്യങ്ങൾ]

[100-ാം പേജിലെ ചിത്രം]

ഒരു അമ്മയുടെ നോട്ടവും സ്‌പർശനവും സ്വരവും അവളുടെ ശിശുവിനോട്‌ “ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്നു പറയുന്നു

[104-ാം പേജിലെ ചിത്രം]

നിങ്ങൾ നിങ്ങളുടെ കുട്ടികളുമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുവോ?