വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുന്നതിന്റെ മൂല്യം

സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുന്നതിന്റെ മൂല്യം

അധ്യായം 10

സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുന്നതിന്റെ മൂല്യം

1. ഒരുവന്റെ കുട്ടികൾ അനുസരണമുളളവരായിരിക്കണമെങ്കിൽ എന്താണാവശ്യമായിരിക്കുന്നത്‌?

 അനുസരണവും സ്‌നേഹവും സൽശീലങ്ങളുമുളള കുട്ടികൾ വെറുതെ ഉണ്ടാകുന്നില്ല. അവർ ദൃഷ്ടാന്തത്താലും ശിക്ഷണത്താലും കരുപ്പിടിപ്പിക്കപ്പെടുന്നു.

2. അനേകം ശിശുമനഃശാസ്‌ത്രജ്ഞൻമാരുടെ വീക്ഷണങ്ങൾ ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു വിരുദ്ധമായിരിക്കുന്നതെങ്ങനെ?

2 അനേകം ശിശുമനഃശാസ്‌ത്രജ്ഞൻമാർ “തൊടരുത്‌” എന്ന ഒരു അടയാളം കുട്ടികളുടെ മേൽ വെക്കുന്നു. അങ്ങനെ ചെയ്‌ത ഒരാൾ ഇങ്ങനെയാണു പറഞ്ഞത്‌: “നിങ്ങളുടെ കുട്ടിയെ നിങ്ങളടിക്കുന്ന ഓരോ പ്രാവശ്യവും നിങ്ങൾ നിങ്ങളുടെ കുട്ടിയെ വെറുക്കുന്നുവെന്നാണു പ്രകടമാക്കുന്നതെന്നു അമ്മമാരായ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?” എന്നാൽ ദൈവം തന്റെ വചനത്തിൽ ഇങ്ങനെ പറയുന്നു: “വടി ഒഴിവാക്കുന്നവൻ തന്റെ പുത്രനെ ദ്വേഷിക്കുന്നു, എന്നാൽ അവനെ സ്‌നേഹിക്കുന്നവൻ അവനു ശിക്ഷണം കൊടുക്കുന്നതിൽ ഉത്സുകനാണ്‌.” (സദൃശവാക്യങ്ങൾ 13:24, റിവൈസ്‌ഡ്‌ സ്‌ററാൻഡേർഡ്‌ വേർഷ്യൻ) ഏതാനും ചില ദശാബ്ദങ്ങൾക്കു മുൻപ്‌ വിശേഷിച്ചു പാശ്ചാത്യരാഷ്‌ട്രങ്ങളിൽ തങ്ങളുടെ സർവ്വാനുവാദസിദ്ധാന്തങ്ങൾ സഹിതമുളള ശിശുപരിശീലനത്തിന്റെ പുസ്‌തകങ്ങൾ കമ്പോളങ്ങളിലേക്കു പ്രവഹിച്ചു. ശിക്ഷണം കുട്ടിയെ ഭയപ്പെടുത്തുമെന്നും അതിന്റെ വികാസത്തെ മുരടിപ്പിക്കുമെന്നും മനഃശാസ്‌ത്രജ്ഞൻമാർ പറഞ്ഞു. തല്ലുന്നതു സംബന്ധിച്ചാണെങ്കിൽ, ആ ചിന്തതന്നെ അവരെ ഭയപ്പെടുത്തുന്നതായിരുന്നു. അവരുടെ സിദ്ധാന്തങ്ങൾ യഹോവയാം ദൈവത്തിന്റെ ബുദ്ധിയുപദേശവുമായി നേരിട്ട്‌ ഏററുമുട്ടി. ‘നിങ്ങൾ വിതക്കുന്നതുതന്നെ കൊയ്യുന്നു’വെന്ന്‌ അവന്റെ വചനം പറയുന്നു. (ഗലാത്യർ 6:7) സർവ്വാനുവാദത്തിന്റെ വിത്തുകൾ വിതച്ച ചുരുക്കം ചില ദശാബ്ദങ്ങൾ എന്തു തെളിയിച്ചിരിക്കുന്നു?

3, 4. ഭവനത്തിലെ ഉചിതമായ ശിക്ഷണത്തിന്റെ അഭാവം നിമിത്തം എന്തു ഫലമുണ്ടായിരിക്കുന്നു, അതുകൊണ്ട്‌ അനേകർ എന്തു ശുപാർശ ചെയ്യുന്നു?

3 കുററകൃത്യത്തിന്റെയും ദുഷ്‌കൃത്യത്തിന്റെയും വമ്പിച്ച വിളവ്‌ സുവിദിതമാണ്‌. യുവജന കുററകൃത്യം അനേകം വ്യവസായവൽകൃത രാഷ്‌ട്രങ്ങളിലെ ഗുരുതരമായ കുററകൃത്യങ്ങളുടെ 50 ശതമാനത്തിലധികത്തിനും കാരണമായിത്തീരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്‌കൂൾ പരിസരങ്ങൾ ക്ലാസ്സ്‌ ശിഥിലീകരണങ്ങളുടെയും ശണ്‌ഠകളുടെയും വാക്കേററങ്ങളുടെയും അസഭ്യസംസാരങ്ങളുടെയും നശീകരണപ്രവണതയുടെയും കയ്യേററങ്ങളുടെയും പിടിച്ചുപറിയുടെയും കൊളളിവെപ്പിന്റെയും കവർച്ചകളുടെയും ബലാൽസംഗങ്ങളുടെയും മയക്കുമരുന്നുകളുടെയും കൊലപാതകങ്ങളുടെയും വിളനിലങ്ങളാണ്‌. ഒരു പ്രമുഖരാജ്യത്തിലെ അദ്ധ്യാപക ഫെഡറേഷന്റെ ഒരു വക്താവ്‌ ശിക്ഷണപ്രശ്‌നം ഇളംപ്രായത്തിൽ കുട്ടികളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതിലുളള സ്‌കൂളുകളുടെ പരാജയം നിമിത്തമാണെന്ന്‌ കണ്ടുപിടിക്കുകയും ദുഷ്‌കൃത്യങ്ങൾ കുടുംബത്തിന്റെ അധഃപതനവും തങ്ങളുടെ മക്കൾക്കുവേണ്ടി ന്യായമായ പെരുമാററനിലവാരങ്ങൾ വെക്കുന്നതിലുളള മാതാപിതാക്കൻമാരുടെ മനസ്സില്ലായ്‌മയും നിമിത്തമാണെന്ന്‌ കുററപ്പെടുത്തുകയും ചെയ്‌തു. ‘ചില കുടുംബാംഗങ്ങൾ കുററപ്പുളളികളായിത്തീരാതിരിക്കെ ചിലർ അങ്ങനെയായിത്തീരുന്നതെന്തുകൊണ്ട്‌’ എന്ന പ്രശ്‌നം പരിചിന്തിച്ചുകൊണ്ട്‌ എൻസൈക്‌ളോപീഡിയ ബ്രിട്ടനിക്കാ പറയുന്നു: “കുടുംബശിക്ഷണ നയങ്ങൾ തീരെ അയഞ്ഞതോ വളരെ കഠിനമോ അത്യന്തം പരസ്‌പരവിരുദ്ധമോ ആയിരിക്കാം. വികലമായ ശിക്ഷണത്തെ കുററകൃത്യപ്രവണതയുളളവരുടെ 70 ശതമാനത്തോടു ബന്ധപ്പെടുത്താമെന്ന്‌ അമേരിക്കൻ ഗവേഷണം സൂചിപ്പിച്ചിരിക്കുന്നു.”

4 അനുഭവപ്പെട്ട ഫലങ്ങൾ അനേകർ അഭിപ്രായം നേരേ തിരിക്കുന്നതിലേക്കും ശിക്ഷണത്തിലേക്കു തിരികെ പോകുന്നതിലേക്കും നയിച്ചിരിക്കുന്നു.

ശിക്ഷണത്തിന്റെ വടി

5. അടിക്കുന്നതു സംബന്ധിച്ചുളള ബൈബിളിന്റെ വീക്ഷണമെന്താണ്‌?

5 ഒരു അടി കുട്ടിയുടെ ജീവൻ രക്ഷിച്ചേക്കാം, എന്തുകൊണ്ടെന്നാൽ ദൈവവചനം ഇങ്ങനെ പറയുന്നു: “വെറും ബാലനിൽനിന്ന്‌ ശിക്ഷണം പിൻവലിക്കരുത്‌. നീ അവനെ വടികൊണ്ടടിച്ചാൽ അവൻ മരിച്ചുപോകയില്ല. വടികൊണ്ടു നീ തന്നെ അവനെ അടിക്കണം, നീ അവന്റെ ദേഹിയെ ഷിയോളിൽനിന്ന്‌ [ശവക്കുഴി] വിടുവിക്കേണ്ടതിനുതന്നെ.” വീണ്ടും, “ഒരു ബാലന്റെ ഹൃദയത്തോടു ഭോഷത്വം ബന്ധിക്കപ്പെട്ടിരിക്കുന്നു; ശിക്ഷണത്തിന്റെ വടിയാണ്‌ അതിനെ അവനിൽനിന്ന്‌ ദൂരെയകററുന്നത്‌.” (സദൃശവാക്യങ്ങൾ 23:13, 14; 22:15) മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികളുടെ ജീവിതതാൽപര്യങ്ങളെ പ്രിയങ്കരമായി കരുതുന്നുവെങ്കിൽ അവർ ദുർബലമായോ അശ്രദ്ധമായോ ശിക്ഷണ നടപടി തങ്ങളുടെ കൈകളിൽനിന്ന്‌ വഴുതിപ്പോകാൻ അനുവദിക്കയില്ല. സ്‌നേഹം, ആവശ്യമായിത്തീരുമ്പോൾ ജ്ഞാനപൂർവ്വകവും ഉചിതവുമായ നടപടി സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കും.

6. ശിക്ഷണത്തിൽ എന്തുൾപ്പെടുന്നു?

6 ശിക്ഷണത്തെ സംബന്ധിച്ചടത്തോളം അത്‌ ശിക്ഷയിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ശിക്ഷണത്തിന്റെ അടിസ്ഥാന അർത്ഥം ‘ഒരു പ്രത്യേക ക്രമത്തോടോ ചട്ടക്കൂടിനോടോ പററിനിൽക്കുന്ന പ്രബോധനവും പരിശീലനവും’ എന്നാണ്‌. അതുകൊണ്ടാണ്‌ ‘ശിക്ഷണം അനുഭവിക്കുക’യെന്നല്ല, പിന്നെയോ “ശിക്ഷണത്തിനു ചെവി കൊടുക്കുകയും ജ്ഞാനിയായിത്തീരുകയും ചെയ്യുക” എന്ന്‌ സദൃശവാക്യങ്ങൾ 8:33 പറയുന്നത്‌. 2 തിമൊഥെയോസ്‌ 2:24, 25 അനുസരിച്ച്‌, ക്രിസ്‌ത്യാനി “എല്ലാവരോടും ശാന്തനും പഠിപ്പിക്കാൻ യോഗ്യനും തിൻമയിൽ നിയന്ത്രണം പാലിക്കുന്നവനും അനുകൂല സ്വഭാവമില്ലാത്തവരെ സൗമ്യതയോടെ പ്രബോധിപ്പിക്കുന്നവനും ആയിരിക്കേണ്ടയാവശ്യമുണ്ട്‌.” ഇവിടെ “പ്രബോധിപ്പിക്കുക” എന്ന പദം ശിക്ഷണം എന്നതിന്റെ ഗ്രീക്കുപദത്തിൽ നിന്നാണ്‌ വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അതേ പദം എബ്രായർ 12:9-ൽ അങ്ങനെതന്നെ ഭാഷാന്തരം, ചെയ്യപ്പെട്ടിരിക്കുന്നു: “നമുക്കു ശിക്ഷണം നൽകിയ ഭൗമിക പിതാക്കൻമാർക്ക്‌ നാം ഉചിതമായ ബഹുമാനം കൊടുത്തു; നാം നമ്മുടെ ആത്മീയ പിതാവിന്‌ കൂടുതൽ സന്നദ്ധതയോടെ കീഴ്‌പ്പെടുകയും അങ്ങനെ ജീവൻ പ്രാപിക്കുകയും ചെയ്യേണ്ടതല്ലേ?”—ന്യൂ ഇംഗീഷ്‌ ബൈബിൾ.

7. മാതാപിതാക്കൻമാരാലുളള ശിക്ഷണത്തിൽ നിന്ന്‌ എന്തുപ്രയോജനങ്ങൾ ലഭിക്കുന്നു?

7 ശിക്ഷണം നൽകുന്നതിൽ പരാജയപ്പെടുന്ന മാതാപിതാക്കൻമാർ കുട്ടിയുടെ ആദരവു നേടുകയില്ല, ഭരണാധികാരികൾ ദുഷ്‌പ്രവൃത്തി ശിക്ഷാവിമുക്തമായി തുടരാൻ അനുവദിക്കുമ്പോൾ അവർ പൗരൻമാരുടെ ആദരവ്‌ നേടുകയില്ലാത്തതുപോലെതന്നെ. ശരിയായി കൊടുക്കപ്പെടുന്ന ശിക്ഷണം മാതാപിതാക്കൻമാർ കുട്ടിയെക്കുറിച്ച്‌ കരുതുന്നുണ്ടെന്നുളളതിന്‌ അവനു ലഭിക്കുന്ന തെളിവാണ്‌. അത്‌ പ്രശാന്തമായ ഒരു കുടുംബത്തിനു സംഭാവന ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ “അതിനാൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നവർക്ക്‌ അതു നീതിയെന്ന സമാധാനഫലം നൽകുന്നു.” (എബ്രായർ 12:11) അനുസരണംകെട്ട, ദുഷിച്ച പെരുമാററമുളള കുട്ടികൾ ഏതുവീട്ടിലും ശല്യത്തിന്റെ ഒരു ഉറവാണ്‌. അത്തരം കുട്ടികൾ ഒരിക്കലും യഥാർത്ഥമായി സന്തുഷ്ടരല്ല, തങ്ങളിൽത്തന്നെ പോലും. “നിന്റെ മകനെ ശിക്ഷിക്കുക, എന്നാൽ അവൻ നിനക്കു വിശ്രമം കൈവരുത്തുകയും നിന്റെ ദേഹിക്ക്‌ വളരെയധികം ഉല്ലാസം നൽകുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 29:17) ദൃഢവും എന്നാൽ സ്‌നേഹപൂർവ്വകവുമായ തിരുത്തലിനുശേഷം ഒരു കുട്ടിക്ക്‌ ഏറെക്കുറെ ഒരു പുതിയ വീക്ഷണവും ഒരു പുതിയ ആരംഭവും ലഭിക്കാൻ കഴിയും. മിക്കപ്പോഴും പിന്നീട്‌ അവൻ വളരെയേറെ ഉല്ലാസപ്രദനായ ചങ്ങാതിയായിരിക്കും. തീർച്ചയായും, ശിക്ഷണം “സമാധാനഫലം നൽകുന്നു.”

8. മാതാപിതാക്കൻമാർക്ക്‌ സ്‌നേഹത്തിൽ എങ്ങനെ ശിക്ഷണം കൊടുക്കാൻ കഴിയും?

8 “യഹോവ സ്‌നേഹിക്കുന്നവന്‌ അവൻ ശിക്ഷണം കൊടുക്കുന്നു.” (എബ്രായർ 12:6) യഥാർത്ഥമായി തന്റെ കുട്ടികളുടെ അത്യുത്തമ താൽപ്പര്യങ്ങൾ ഹൃദയത്തിലുളള പിതാവിനെ അല്ലെങ്കിൽ മാതാവിനെ സംബന്ധിച്ച്‌ അങ്ങനെയാണ്‌. ശിക്ഷണം സ്‌നേഹപൂർവ്വം കൊടുക്കപ്പെടേണ്ടതാണ്‌. ഒരു കുട്ടിയുടെ ദുഷ്‌പ്രവൃത്തിയാൽ ഒരുവൻ പ്രകോപിതനാകുമ്പോൾ കോപം സാധാരണമായിരിക്കാം, എന്നാൽ ബൈബിൾ പ്രകടമാക്കുന്ന പ്രകാരം “ഒരുവൻ തിൻമയിൽ നിയന്ത്രണം പാലിക്കുന്നവനാ”യിരിക്കണം. (2 തിമൊഥെയോസ്‌ 2:24) ഒരു വ്യക്തി ശാന്തനായശേഷം ഒരു ബാലിശമായ പാപം വളരെ വലുതാണെന്നു തോന്നാതിരുന്നേക്കാം: “ഒരു മമനുഷ്യന്റെ ഉൾക്കാഴ്‌ച തീർച്ചയായും അവന്റെ കോപത്തെ ശമിപ്പിക്കുന്നു. ലംഘനത്തെ അവഗണിക്കുന്നത്‌ അവന്റെ ഭാഗത്തു ഭൂഷണമാണ്‌.” (സദൃശവാക്യങ്ങൾ 19:11; സഭാപ്രസംഗി 7:8, 9 കൂടെ കാണുക.) ഗൗരവം കുറയ്‌ക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കാം: ഒരുപക്ഷേ കുട്ടി വളരെയേറെ ക്ഷീണിതനായേക്കാം, അല്ലെങ്കിൽ അവനു സുഖമില്ലായിരിക്കാം. അവൻ യഥാർത്ഥത്തിൽ അവനോടു പറഞ്ഞിരുന്നതു മറന്നുപോയിരിക്കാം. മുതിർന്നവരും മറക്കുന്നു, ഇല്ലേ? എന്നാൽ ഏതെങ്കിലും തെററ്‌ അവഗണിക്കാവുന്നതല്ലെങ്കിൽപ്പോലും ശിക്ഷണം അനിയന്ത്രിതമായ ഒരു പൊട്ടിത്തെറിക്കലോ മാതാപിതാക്കൻമാരുടെ വൈകാരിക സമ്മർദ്ദത്തിനു ശമനം വരുത്തുന്ന ഒരു പ്രഹരമോ ആയിരിക്കരുത്‌. ശിക്ഷണത്തിൽ പ്രബോധനം ഉൾപ്പെടുന്നു. ഒരു കുപിതമായ പൊട്ടിത്തെറിക്കലിനാൽ കുട്ടി ആത്മനിയന്ത്രണത്തിന്റെയല്ല, അതിന്റെ അഭാവത്തിന്റെ ഒരു പാഠമാണു പഠിക്കുന്നത്‌. നന്നായി കൊടുക്കപ്പെടുന്ന ശിക്ഷണത്തിൽ കുട്ടിക്ക്‌ അനുഭവപ്പെടുന്ന പരിപാലനബോധം പൊട്ടിത്തെറിക്കലിൽ കാണപ്പെടുന്നില്ല. അതുകൊണ്ട്‌ സമനില അത്യന്താപേക്ഷിതമാണ്‌, അതു സമാധാനം വർദ്ധിപ്പിക്കുന്നു.

ദൃഢമായ നിയന്ത്രണങ്ങൾ വെക്കുക

9. സദൃശവാക്യങ്ങൾ 6:20-23-നു ചേർച്ചയായി മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക്‌ എന്തുകൊടുക്കണം?

9 മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികൾക്ക്‌ മാർഗ്ഗദർശക രേഖകൾ കൊടുക്കേണ്ടതാണ്‌. “എന്റെ മകനെ, നിന്റെ അപ്പന്റെ കല്‌പന അനുസരിക്കുക, നിന്റെ അമ്മയുടെ നിയമം മറക്കയുമരുത്‌. അവയെ നിന്റെ ഹൃദയത്തിൽ നിരന്തരം കെട്ടിക്കൊൾക; നിന്റെ കണ്‌ഠത്തിൽ അവയെ ബന്ധിക്കുക. നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും; നീ കിടക്കുമ്പോൾ അതു നിനക്കു കാവൽ നിൽക്കും; നീ ഉണർന്നു കഴിയുമ്പോൾ അതുതന്നെ നിന്നെ അതിന്റെ താൽപ്പര്യമാക്കും. എന്തെന്നാൽ കല്‌പന ഒരു വിളക്കും നിയമം ഒരു വെളിച്ചവും ആകുന്നു, ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗമാകുന്നു.” മാതാപിതാക്കൻമാരുടെ ഈ ശാസനകൾ ഒരു കുട്ടിയെ വഴിനടത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്‌.’ അവ കുട്ടിയുടെ ക്ഷേമത്തിലും സന്തുഷ്ടിയിലുമുളള മാതാപിതാക്കൻമാരുടെ താല്‌പര്യത്തെ പ്രതിഫലിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 6:20-23.

10. മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക്‌ ശിക്ഷണം കൊടുക്കുന്നതിൽ പരാജയപ്പെടുമ്പോൾ എന്തു സംഭവിക്കാം?

10 ഇതിൽ പരാജയപ്പെടുന്ന പിതാവ്‌ ഉത്തരവാദിത്തം വഹിക്കുന്നു. പുരാതന യിസ്രായേലിലെ ഒരു മഹാപുരോഹിതനായിരുന്ന ഏലി തന്റെ പുത്രൻമാർ അത്യാഗ്രഹത്തിലും അനാദരവിലും ദുർമാർഗ്ഗത്തിലും ഏർപ്പെടാനനുവദിച്ചു: അവൻ അവരോട്‌ കുറെ പ്രതിഷേധം പ്രകടിപ്പിച്ചുവെങ്കിലും അവരുടെ ദുഷ്‌പ്രവൃത്തിക്കു വിരാമം ഇടാൻ യഥാർത്ഥ നടപടിയൊന്നും സ്വീകരിച്ചില്ല. “അവന്റെ പുത്രൻമാർ ദൈവത്തെ ശപിക്കുന്നതിനാലും അവൻ അവരെ ശാസിച്ചിട്ടില്ലാത്തതിനാലും, അവൻ അറിഞ്ഞിരിക്കുന്ന അകൃത്യത്തിന്‌ ഞാൻ അവന്റെ ഗൃഹത്തെ അനിശ്ചിതകാലത്തേക്കു ന്യായംവിധിക്കുകയാണെ”ന്ന്‌ ദൈവം പറഞ്ഞു. (1 ശമുവേൽ 2:12-17; 22-25; 3:13) അതുപോലെതന്നെ, ഒരു മാതാവ്‌ അവളുടെ ചുമതലയിൽ പരാജയപ്പെടുന്നുവെങ്കിൽ അവൾ അപമാനം വഹിക്കുന്നു: “വടിയും ശാസനയുമാണ്‌ ജ്ഞാനം നൽകുന്നത്‌; എന്നാൽ അഴിച്ചുവിടപ്പെട്ടിരിക്കുന്ന ഒരു ബാലൻ [അല്ലെങ്കിൽ ബാലിക] അമ്മയ്‌ക്കു ലജ്ജ വരുത്തുന്നതായിരിക്കും.”—സദൃശവാക്യങ്ങൾ 29:15.

11. കുട്ടികൾക്കു നിയന്ത്രണങ്ങൾ വെക്കേണ്ടയാവശ്യമുളളതെന്തുകൊണ്ട്‌?

11 കുട്ടികൾക്കു നിയന്ത്രണങ്ങൾ വയ്‌ക്കേണ്ടയാവശ്യമുണ്ട്‌. അവയില്ലാത്തപ്പോൾ അവർ അസ്വസ്ഥരാണ്‌. അവ ഉണ്ടായിരിക്കുന്നതും അനുസരിക്കുന്നതും കുട്ടികൾ ഒരു കൂട്ടത്തിന്റെ ഭാഗമാണെന്നു വിചാരിക്കാനിടയാക്കുന്നു; അവർ അതിൽ ഉൾപ്പെട്ടിരിക്കുകയും അതിനാൽ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ അവർ അതിന്റെ വ്യവസ്ഥകളോടു അനുരൂപപ്പെടുന്നു. സർവ്വാനുവാദം ചെറുപ്പക്കാരെ കൈവിടുകയും തനിയെ കുഴങ്ങുമാറാക്കുകയും ചെയ്യുന്നു. നിയന്ത്രണങ്ങളെക്കുറിച്ച്‌ ഉറച്ച ബോധ്യം ഉളളവരും അവ ഏർപ്പെടുത്തുന്നവരുമായ മുതിർന്നവർ ഉണ്ടായിരിക്കേണ്ടത്‌ കുട്ടികൾക്ക്‌ ആവശ്യമാണെന്ന്‌ ഫലങ്ങൾ പ്രകടമാക്കുന്നു. ഭൂമിയിൽ എല്ലാവർക്കും നിയന്ത്രണങ്ങൾ ഉണ്ടെന്നും അതു വ്യക്തിപരമായ സന്തുഷ്ടിയിലും നൻമയിലും കലാശിക്കുന്നുവെന്നും കുട്ടികൾ തിരിച്ചറിയേണ്ട ആവശ്യമുണ്ട്‌. മററുളളവർ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ മേഖലയേയും നാം അവരുടെ മേഖലയേയും തിരിച്ചറിയുമ്പോൾ മാത്രമേ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയൂ. ഉചിതമായ പരിധികളുടെ അതിലംഘനം അനിവാര്യമായി അർത്ഥമാക്കുന്നത്‌ തെററുകാരൻ ‘തന്റെ സഹോദരന്റെ അവകാശങ്ങൾക്ക്‌ ഹാനിവരുത്തുകയും അവ കയ്യേറുകയും ചെയ്യുന്ന ഘട്ടത്തോളം’ പോകുന്നുവെന്നാണ്‌.—1 തെസ്സലോനിക്യർ 4:6.

12. ആത്മശിക്ഷണം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌? അതു വളർത്തിയെടുക്കാൻ മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം?

12 ഉചിതമായ നിയന്ത്രണങ്ങളെ ധിക്കരിക്കുന്നത്‌ ഏതെങ്കിലും തരത്തിലുളള ശിക്ഷണം കൈവരുത്തുന്നുവെന്ന്‌ കുട്ടികൾ മനസ്സിലാക്കുമ്പോൾ അവർ സ്വന്തം നിയന്ത്രണങ്ങൾ തിരിച്ചറിയാനിടയാകുന്നു. മാതാപിതാക്കൻമാരുടെ നിശ്ചയദാർഢ്യത്താലും മാർഗ്ഗനിർദ്ദേശത്താലും അവർ സംതൃപ്‌തികരമായ ജീവിതം നയിക്കുന്നതിനാവശ്യമായ ആത്മശിക്ഷണം വളർത്തിയെടുക്കുന്നു. ഒന്നുകിൽ നാം ഉളളിൽനിന്ന്‌ നമുക്കുതന്നെ ശിക്ഷണം കൊടുക്കുന്നു, അല്ലെങ്കിൽ നമുക്ക്‌ ഏതെങ്കിലും ബാഹ്യകേന്ദ്രത്തിൽനിന്ന്‌ ശിക്ഷണം നൽകപ്പെടും. (1 കൊരിന്ത്യർ 9:25, 27) നാം ആന്തരികശിക്ഷണം വളർത്തിയെടുക്കുകയും അതുതന്നെ ചെയ്യുന്നതിന്‌ നമ്മുടെ കുട്ടികളെ സഹായിക്കുകയുമാണെങ്കിൽ നമ്മുടെയും അവരുടെയും ജീവിതം സന്തുഷ്ടിയേറിയതും കുഴപ്പങ്ങളിൽനിന്നും ഹൃദയവേദനകളിൽനിന്നും വിമുക്തവുമായിരിക്കും.

13. തങ്ങളുടെ മക്കൾക്കുവേണ്ടി മാർഗ്ഗരേഖകൾ വെക്കുമ്പോൾ മാതാപിതാക്കൻമാർ മനസ്സിൽ പിടിക്കേണ്ട ചില പ്രധാന ഘടകങ്ങളേവ?

13 കുട്ടികൾക്കായുളള മാർഗ്ഗരേഖകളും നിയന്ത്രണങ്ങളും അവർക്കു വ്യക്തവും ഉചിതവും കരുണാപൂർവ്വകമായ സൗജന്യങ്ങളോടുകൂടിയതുമായിരിക്കണം. വളരെയധികമോ തീരെക്കുറച്ചോ പ്രതീക്ഷിക്കരുത്‌. അവരുടെ പ്രായം ഓർക്കുക, കാരണം അവർ അതിനനുസൃതമായിരിക്കും വർത്തിക്കുക. അവർ ചെറിയ തോതിലുളള മുതിർന്നവരായിരിക്കാൻ പ്രതീക്ഷിക്കരുത്‌. താൻ ഒരു ശിശുവായിരുന്നപ്പോൾ, ശിശുവിനെപ്പോലെ വർത്തിച്ചുവെന്ന്‌ അപ്പോസ്‌തലൻ പറയുകയുണ്ടായി. (1 കൊരിന്ത്യർ 13:11) ന്യായമായ ചട്ടങ്ങൾ ഏർപ്പെടുത്തുകയും നിങ്ങളുടെ കുട്ടികൾക്ക്‌ അവ മനസ്സിലാകുകയും ചെയ്‌തുകഴിഞ്ഞാൽ അവയെ കൃത്യമായും പരസ്‌പരയോജിപ്പിലും പ്രാബല്യത്തിലാക്കുക. “നിങ്ങളുടെ വാക്ക്‌ ഉവ്വ്‌ ഉവ്വെന്നും ഇല്ല ഇല്ലെന്നും അർത്ഥമാക്കട്ടെ.” (മത്തായി 5:37) കുട്ടികൾ യഥാർത്ഥത്തിൽ വാക്കുപാലിക്കുന്നവരും പൊരുത്തമുളളവരും പ്രകൃതം മുൻകൂട്ടി അറിയാവുന്നവരുമായ മാതാപിതാക്കൻമാരെ വിലമതിക്കുന്നു, എന്തുകൊണ്ടെന്നാൽ തങ്ങളെ പാലിക്കുന്നതിലുളള മാതാപിതാക്കൻമാരുടെ ശക്തി അവർക്കു ബോദ്ധ്യപ്പെടുന്നു. കുഴപ്പമുണ്ടാകുമ്പോഴും അവർക്കു സഹായം ആവശ്യമായിരിക്കുമ്പോഴും ആ ശക്തിയിൽ തങ്ങൾക്കാശ്രയിക്കാൻ കഴിയുമെന്നും അവർക്കു ബോധ്യമുണ്ട്‌. മാതാപിതാക്കൻമാർ തെററായ ചെയ്‌തിയെ തിരുത്തുന്നതിൽ ന്യായബോധമുളളവരും സംശയാതീതരുമാണെങ്കിൽ അതു കുട്ടികൾക്ക്‌ സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും ഒരു ബോധം കൊടുക്കുന്നു. കുട്ടികൾ തങ്ങൾ എവിടെ നിലകൊളളുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു, അങ്ങനെയുളള മാതാപിതാക്കൻമാരുളളപ്പോൾ അവർ അത്‌ അറിയുകതന്നെ ചെയ്യുന്നു.

14. കുട്ടികൾ മാതാപിതാക്കൻമാരിൽനിന്നുളള മാർഗ്ഗനിർദ്ദേശത്തിനു ചെവി കൊടുക്കാത്തപ്പോൾ ദൃഢത ആവശ്യമായിരിക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

14 കുട്ടി മാതാപിതാക്കൻമാരുടെ ആജ്ഞ അനുസരിക്കുന്നതിൽ പ്രതിഷേധിക്കുമ്പോൾ അവരുടെ ഭാഗത്ത്‌ സ്ഥിരത പ്രകടമാക്കാനുളള നിശ്ചയദാർഢ്യം ആവശ്യമാണ്‌. ചില മാതാപിതാക്കൻമാർ അപ്പോൾ കൊടുക്കാൻ സാധ്യതയുളള ശിക്ഷയുടെ ഭീഷണിയെ ആശ്രയിക്കുന്നു. അല്ലെങ്കിൽ കുട്ടിയുമായി നിഷ്‌ഫലമായ വാദത്തിലേർപ്പെടുകയോ കുട്ടിയോടു ചെയ്യാൻ അവർ പറഞ്ഞ കാര്യം ചെയ്യുന്നതിന്‌ അതിനു കൈക്കൂലി കൊടുക്കാനുളള ശ്രമങ്ങളിലേക്കു തിരിയുകയോ ചെയ്യുന്നു. മിക്കപ്പോഴും വളരെ ഉറച്ച നിലപാടു സ്വീകരിച്ചുകൊണ്ട്‌ കുട്ടി അതു ചെയ്‌തേ തീരൂ എന്നും ഇപ്പോൾതന്നെ ചെയ്യണമെന്നും ദൃഢവിശ്വാസത്തോടെ പറയുകമാത്രമേ ആവശ്യമായിരിക്കുന്നുളളൂ. ഒരു കുട്ടി പാഞ്ഞുവരുന്ന ഒരു കാറിന്റെ മുമ്പിലേക്ക്‌ ചുവടുവച്ചേക്കുമെങ്കിൽ എന്തു ചെയ്യണമെന്ന്‌ സുനിശ്ചിതമായി മാതാപിതാക്കൻമാർ അതിനോടു പറയും. ഈ വിഷയം സംബന്ധിച്ച്‌ ചില ഗവേഷകൻമാർ ചൂണ്ടിക്കാണിക്കുന്നതുപോലെ: “മിക്കവാറും എല്ലാ മാതാപിതാക്കൻമാരും തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കുകയും, . . . പല്ലുതേപ്പിക്കുകയും മേൽപ്പുരയിൽ കയററാതിരിക്കുകയും കുളിപ്പിക്കുകയും മററും ചെയ്യുന്നു. കുട്ടികൾ മിക്കപ്പോഴും എതിർക്കുന്നു. എന്നാൽ മാതാപിതാക്കൻമാർ കാര്യമായിത്തന്നെ എടുക്കുന്നുവെന്നറിയുന്നതുകൊണ്ട്‌ അവർ അനുസരിക്കുന്നു.” നിങ്ങൾ നിങ്ങളുടെ മാർഗ്ഗരേഖകളേയും ആജ്ഞകളേയും സ്ഥിരമായി സുദൃഢമാക്കുന്നുവെങ്കിൽ മാത്രമേ അവർ ‘അവയെ തങ്ങളുടെ ഹൃദയത്തിൽ നിരന്തരം ബന്ധിക്കുന്നതിനു’ പ്രതീക്ഷിക്കാൻ കഴികയുളളൂ.—സദൃശവാക്യങ്ങൾ 6:21.

15. മാർഗ്ഗരേഖകൾ നടപ്പിലാക്കുന്നതിൽ മാതാപിതാക്കൻമാർ പൊരുത്തമുളളവരല്ലാത്തപ്പോൾ, കുട്ടികളെ എങ്ങനെ ബാധിച്ചേക്കാം?

15 മാതാപിതാക്കൻമാർ ഓരോ നിമിഷത്തിലേയും തോന്നലോ ഭാവമോ അനുസരിച്ചു വല്ലപ്പോഴും മാർഗ്ഗനിർദ്ദേശകതത്വങ്ങൾ പ്രാബല്യത്തിലാക്കുമ്പോൾ, അല്ലെങ്കിൽ അനുസരണക്കേടിനുളള ശിക്ഷണം ദീർഘമായി താമസിപ്പിക്കുമ്പോൾ, കുട്ടികൾ തങ്ങൾക്ക്‌ എത്രത്തോളം പോകാൻ കഴിയുമെന്നും എത്രയധികം രക്ഷപെട്ടു നിൽക്കാൻ കഴിയുമെന്നും കാണാൻ ചില ലംഘനങ്ങൾ ചെയ്‌തുനോക്കാൻ ധൈര്യപ്പെടുന്നു. ശിക്ഷ താമസിക്കുന്നതായി തോന്നുമ്പോൾ, ദുഷ്‌പ്രവൃത്തിക്കു ധൈര്യപ്പെടുന്നതിൽ കുട്ടികൾ മുതിർന്നവരെപ്പോലെയാണ്‌. “ഒരു ദുഷ്‌പ്രവൃത്തിക്കെതിരായ വിധി സത്വരം നടപ്പിലാക്കാത്തതുകൊണ്ടാണ്‌ മനുഷ്യപുത്രൻമാരുടെ ഹൃദയം വഷളത്വം പ്രവർത്തിക്കാൻ അവരിൽ പൂർണ്ണമായി ഉറച്ചിരിക്കുന്നത്‌.” (സഭാപ്രസംഗി 8:11) അതുകൊണ്ടു നിങ്ങൾ അർത്ഥം ആക്കുന്നതു പറയുകയും പറയുന്നതു അർത്ഥമാക്കുകയും ചെയ്യുക. അപ്പോൾ വാസ്‌തവം അതാണെന്ന്‌ നിങ്ങളുടെ കുട്ടി തിരിച്ചറിയുകയും ചിറി കോട്ടുന്നതുകൊണ്ടോ വാദിക്കുന്നതുകൊണ്ടോ നിങ്ങൾ ക്രൂരനോ സ്‌നേഹരഹിതനോ ആണെന്ന്‌ അവൻ വിചാരിക്കുന്നതുപോലെ വർത്തിക്കുന്നതുകൊണ്ടോ യാതൊരു പ്രയോജനവുമില്ലെന്ന്‌ മനസ്സിലാക്കുകയും ചെയ്യും.

16. അന്യായമായ ആജ്ഞകൾ കൊടുക്കുന്നതൊഴിവാക്കാൻ മാതാപിതാക്കൻമാർ എന്തു ചെയ്യണം?

16 ഇതിനു പ്രവർത്തിക്കുന്നതിനുമുമ്പേ ചിന്തിക്കേണ്ടതാവശ്യമാണ്‌. തിടുക്കത്തിൽ ഉണ്ടാക്കുന്ന ചട്ടങ്ങളോ ആജ്ഞകളോ മിക്കപ്പോഴും ന്യായരഹിതമാണ്‌. “കേൾവിക്കു വേഗത, സംസാരത്തിനു താമസം, കോപത്തിനു താമസം, ഉണ്ടായിരിക്കട്ടെ.” (യാക്കോബ്‌ 1:19) ശിക്ഷണം ന്യായവും പരസ്‌പരയോജിപ്പും ഉളളതല്ലെങ്കിൽ കുട്ടികൾക്കുളള സ്വാഭാവികനീതിബോധം വ്രണിതമാകുകയും നീരസം വളരുകയും ചെയ്യും.

വിനോദത്തെ നിയന്ത്രിക്കുക

17. ജോലിയും കളിയും സംബന്ധിച്ച എന്തു വീക്ഷണം കുട്ടികൾ വിലമതിക്കാനിടയാകണം?

17 കളി ഒരു കുട്ടിയുടെ ജീവിതത്തിന്റെ ഒരു സ്വാഭാവിക ഭാഗമാണ്‌. (സെഖര്യാവ്‌ 8:5) മാതാപിതാക്കൻമാർ ഇതു തിരിച്ചറിയുകയും അതേസമയം കുട്ടിയുടെ ജീവിതത്തിലേക്ക്‌ വേലയെക്കുറിച്ചുളള ഒരു വിലമതിപ്പും ഒരു ഉത്തരവാദിത്വബോധവും ക്രമേണ അവതരിപ്പിക്കുകയും ചെയ്യേണ്ടതാണ്‌. പിന്നീട്‌, കുട്ടിക്ക്‌ ഏതു വീട്ടുജോലി ഉണ്ടായിരിക്കാൻ ഇടയായാലും അതു സാധാരണയായി ആദ്യം ചെയ്യുന്നതാണ്‌ ഏററവും നല്ലത്‌. കളിക്കു രണ്ടാം സ്ഥാനമാണുളളത്‌.

18. കൂട്ടുകാർക്ക്‌ കുട്ടികളുടെമേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?

18 ചില കുട്ടികൾ മറെറവിടെയെങ്കിലും വിനോദം തേടുന്നതു നിമിത്തം “തെരുവുസന്താനങ്ങൾ” അല്ലെങ്കിൽ വീട്ടിൽ യഥാർത്ഥ അന്യർ ആയിത്തീരുന്നു. സഹവാസങ്ങൾ മോശമാണെങ്കിൽ ഫലങ്ങളും മോശമായിരിക്കും. (1 കൊരിന്ത്യർ 15:33) തീർച്ചയായും ആളുകളെക്കുറിച്ച്‌ വിശാലമായ ഒരു ഗ്രാഹ്യം വളരത്തക്കവണ്ണം ഭവനത്തിനു പുറത്തെ കുറെ സഹവാസം കുട്ടികൾക്ക്‌ പ്രയോജനപ്രദമാണ്‌. എന്നാൽ വളരെയധികം ബാഹ്യസഹവാസമുളളപ്പോൾ അല്ലെങ്കിൽ അത്‌ അനിയന്ത്രിതമായി വിടപ്പെടുമ്പോൾ കുടുംബവൃത്തം ദുർബ്ബലമോ ശിഥിലം പോലുമോ ആയിത്തീരുന്നു.

19. തങ്ങൾ ഭവനത്തെ കുട്ടികൾക്ക്‌ ആസ്വാദ്യമായ സ്ഥലമാക്കിത്തീർക്കുന്നുണ്ടോയെന്നു നിർണ്ണയിക്കാൻ മാതാപിതാക്കൻമാർക്ക്‌ പുനരവലോകനം ചെയ്യാവുന്ന ചില കാര്യങ്ങളേവ?

19 ഇതു ശരിയാക്കുന്നതിന്‌ മാതാപിതാക്കൻമാർ കൊടുക്കുന്ന ശിക്ഷണത്തോടുകൂടെ തങ്ങളുടെ കുട്ടികൾക്ക്‌ ഭവനത്തെ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നതിന്‌ തങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ മാതാപിതാക്കൻമാർ തങ്ങളോടുതന്നെ ചോദിക്കുന്നതു നല്ലതാണ്‌; കുട്ടികൾക്കു പ്രബോധനവും ശിക്ഷണവും കൊടുക്കുന്നതിൽ മാത്രമല്ല, അവരുടെ യഥാർത്ഥ സ്‌നേഹിതരും പങ്കാളികളുമായിരിക്കുന്നതിൽ വേണ്ടത്ര സമയം അവരോടുകൂടെ ചെലവഴിക്കുന്നുണ്ടോയെന്നും ചോദിക്കുന്നതു കൊളളാം. സാധാരണയായി നിങ്ങളുടെ കുട്ടികളോടുകൂടെ സമയം ചെലവഴിക്കാനും കളിക്കാനും കഴിയാത്തവിധം നിങ്ങൾ അത്ര “ജോലിത്തിരക്കി”ലാണോ? ഒരിക്കൽ നഷ്‌ടപ്പെട്ടു കഴിഞ്ഞാൽ, ഒരു കുട്ടിയോടൊത്തു കാര്യങ്ങൾ ചെയ്യാനുളള അവസരങ്ങൾ തിരികെ വരികയില്ല. സമയം ഏകദിശാത്‌മകമാണ്‌, കുട്ടി നിശ്ചലമായി നിൽക്കാതെ വളർന്നുകൊണ്ടും വ്യത്യാസപ്പെട്ടുകൊണ്ടും ഇരിക്കുന്നു. കാലങ്ങൾ ഒഴുകിവരുന്നു, നിങ്ങളുടെ കുട്ടി നടക്കാൻ പഠിക്കുന്ന ഒരു ശിശുവായിരുന്നത്‌ ഇന്നലെയായിരുന്നുവെന്നു തോന്നിയേക്കാമെങ്കിലും അവൻ ഒരു യുവാവായിത്തീരുകയാണെന്നും നിങ്ങളുടെ കൊച്ചുബാലിക ഒരു യുവതിയായി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും നിങ്ങൾ പെട്ടെന്നു തിരിച്ചറിയുന്നു. നിങ്ങൾ നല്ല സമനില പാലിക്കുകയും നിങ്ങളുടെ സമയത്തിന്റെ സ്വന്തം ഉപയോഗം സംബന്ധിച്ച്‌ നിങ്ങൾക്കുതന്നെ ശിക്ഷണം കൊടുക്കുകയും ചെയ്യുന്നുവെങ്കിൽ മാത്രമേ ഈ വിലയേറിയ കാലഘട്ടം വാഗ്‌ദാനം ചെയ്യുന്ന അവസരങ്ങളെ അവഗണിക്കുന്നത്‌ ഒഴിവാക്കാൻ കഴിയുകയുളളു—അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ ഇളം പ്രായത്തിൽ തന്നെ നിങ്ങളിൽ നിന്ന്‌ അകന്നു മാറുന്നത്‌ കാണുന്നതിനെ തടയാൻ കഴിയുകയുളളു.—സദൃശവാക്യങ്ങൾ 3:27.

20, 21. വീട്ടിൽ റെറലിവിഷനുണ്ടെങ്കിൽ മാതാപിതാക്കൻമാർ എന്ത്‌ ഉത്തരവാദിത്തം ഏൽക്കണം, എന്തുകൊണ്ട്‌?

20 റെറലിവിഷൻ വിനോദത്തിന്റെ ഒരു സാധാരണ ഉറവായിരിക്കുന്നടത്ത്‌ അതിന്റെ ഉപയോഗം സംബന്ധിച്ച്‌ നിയന്ത്രണം വെയ്‌ക്കേണ്ടയാവശ്യം ഉണ്ടായിരിക്കാം. ചില മാതാപിതാക്കൻമാർ റെറലിവിഷനെ ശിശുപരിപാലകനായി ഉപയോഗിക്കുന്നുണ്ട്‌. അതു സൗകര്യപ്രദമായിരിക്കാം, ചെലവു കുറഞ്ഞതെന്നു തോന്നുകയും ചെയ്‌തേക്കാം; എന്നാൽ അത്‌ യഥാർത്ഥത്തിൽ വളരെ ചെലവുളളതാണെന്നു തെളിഞ്ഞേക്കാം. ടെലിവിഷൻ പരിപാടികൾ മിക്കപ്പോഴും അക്രമത്താലും ലൈംഗികതയാലും പൂരിതമാണ്‌, നൽകപ്പെടുന്ന ധാരണ അക്രമം പ്രശ്‌നപരിഹാരത്തിനുളള ഒരു അംഗീകൃതമാർഗ്ഗമാണെന്നാണ്‌. നിയമവിരുദ്ധ ലൈംഗികത അനുദിനജീവിതത്തിന്റെ ഒരു അംഗീകാരയോഗ്യമായ ഭാഗം പോലെ കാണപ്പെടുന്നു. ഇതിന്‌ ഒരു വ്യക്തിയെ, വിശേഷിച്ച്‌ യുവാക്കളെ, അത്തരം നടപടികൾ സംബന്ധിച്ച്‌ അചേതനരാക്കാൻ കഴിയുമെന്ന്‌ അനേകം അവലോകനങ്ങൾ പ്രകടമാക്കുന്നു. നിങ്ങളുടെ കുട്ടികൾ ദുഷിക്കാത്ത ആരോഗ്യാവഹമായ ആഹാരം കഴിക്കണമെന്ന്‌ നിങ്ങൾക്കു താൽപ്പര്യമുണ്ട്‌. അവരുടെ മനസ്സുകളെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്തിനാലാണെന്നുളളതിൽ നിങ്ങൾ അതിലധികം തൽപ്പരരായിരിക്കണം. യേശു പ്രകടമാക്കിയതുപോലെ, ഭക്ഷണം നിങ്ങളുടെ ഹൃദയത്തിലേക്ക്‌ പോകുന്നില്ല, എന്നാൽ നാം നമ്മുടെ മനസ്സിലേക്കു സ്വീകരിക്കുന്നത്‌ നമ്മുടെ ഹൃദയത്തിലേക്കു പ്രവേശിച്ചേക്കാം.—മർക്കോസ്‌ 7:18-23.

21 വീക്ഷിക്കപ്പെടുന്ന പരിപാടികളുടെ തരം സംബന്ധിച്ച നിയന്ത്രണവും റെറലിവിഷന്റെ മുമ്പാകെ ചെലവഴിക്കപ്പെടുന്ന സമയത്തിന്റെ അളവും ഒരു കുട്ടിയുടെ വികാസത്തിൽ വലിയ വ്യത്യാസങ്ങൾ ഉളവാക്കിയേക്കാം. റെറലിവിഷന്‌ ആസ്വാദ്യമായ കുറെ വിനോദവും വിദ്യാഭ്യാസവും പോലും പ്രദാനം ചെയ്യാൻ കഴിയും; എന്നാൽ നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ അതിന്‌ വളരെയേറെ സമയം കളയുന്ന ഒരു ആസക്തിയായിത്തീരാൻ കഴിയും. സമയം ജീവിതമാണ്‌, തീർച്ചയായും ആ സമയത്തിൽ കുറെ പ്രയോജനമേറിയ മററു വിധങ്ങളിൽ ചെലവഴിക്കാൻ കഴിയും. കാരണം റെറലിവിഷൻ പ്രവർത്തനത്തിനു പകരം വെറും കാഴ്‌ചയാണ്‌. അത്‌ ശാരീരികപ്രവർത്തനത്തെ മാത്രമല്ല, വായനയേയും സംഭാഷണത്തേയും പുറംതളളുന്നു. ഒരു കുടുംബത്തിന്‌ ആശയവിനിമയവും അടുപ്പവും ആവശ്യമാണ്‌, എന്നാൽ റെറലിവിഷൻ കണ്ടുകൊണ്ട്‌ ഒരേ മുറിയിൽ നിശബ്ദമായി വെറുതെ ഒന്നിച്ചിരിക്കുന്നത്‌ ആ ആവശ്യത്തെ നിറവേററുന്നില്ല. അമിതമായ റെറലിവിഷൻ കാഴ്‌ച ഒരു പ്രശ്‌നമായിരിക്കുന്നടത്ത്‌ മാതാപിതാക്കൻമാർക്ക്‌ തങ്ങളുടെ കുട്ടികളിൽ റെറലിവിഷനു പകരം ആരോഗ്യാവഹമായ കളി, വായന, കുടുംബപ്രവർത്തനങ്ങൾ എന്നിങ്ങനെ മററു പ്രവർത്തനങ്ങളോടുളള ഒരു വിലമതിപ്പ്‌ വളർത്താൻ കഴിയും, വിശേഷിച്ച്‌ മാതാപിതാക്കൻമാർ തന്നെ നേതൃത്വം എടുക്കുകയും മാതൃകവെക്കുകയും ചെയ്യുന്നുവെങ്കിൽ.

നിങ്ങൾ ശിക്ഷണം കൊടുക്കുമ്പോൾ ആശയവിനിയമം ചെയ്യുക!

22. മാതാപിതാക്കൻമാർ ഉപയോഗിക്കുന്ന വാക്കുകൾ അവരുടെ കുട്ടികൾ മനസ്സിലാക്കുന്നത്‌ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

22 ഒരു പിതാവ്‌ ഈ അനുഭവം പറയുന്നു:

“എന്റെ മകന്‌ വെറും മൂന്നുവയസ്സുണ്ടായിരുന്നപ്പോൾ ഞാൻ അവനോട്‌ സദൃശവാക്യങ്ങൾ 6:16-19-ഉം മററു തിരുവെഴുത്തുകളും ഉപയോഗിച്ച്‌, വ്യാജം പറയുന്നതിനെക്കുറിച്ചും ദൈവം വ്യാജം പറയുന്നവരെ എങ്ങനെ വെറുക്കുന്നുവെന്നും ഒരു പ്രസംഗംതന്നെ നടത്തി. അവൻ ശ്രദ്ധിക്കുകയും ശരിയായ മറുപടികൾ നൽകുന്നതായി കാണപ്പെടുകയും ചെയ്‌തു. എന്നാൽ അവന്‌ ആശയം മനസ്സിലായില്ലെന്ന്‌ എനിക്ക്‌ ഒരു തോന്നലുണ്ടായി. അതുകൊണ്ട്‌, ‘മകനേ, വ്യാജം എന്നാലെന്താണെന്ന്‌ നിനക്കറിയാമോ?’ എന്നു ഞാൻ ചോദിച്ചു. ‘ഇല്ല’ എന്ന്‌ അവൻ ഉത്തരം പറഞ്ഞു. അതിനുശേഷം വാക്കുകളുടെ അർത്ഥമെന്താണെന്നും അവനു ശിക്ഷണം കൊടുക്കുന്നതെന്തുകൊണ്ടാണെന്നും അവന്‌ അറിയാമെന്നു ഞാൻ ഉറപ്പു വരുത്തി.”

23. ഒരു പ്രത്യേക പ്രവർത്തനഗതിയുടെ ഔചിത്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ എന്തുൾപ്പെട്ടിരുന്നേക്കാം?

23 കുട്ടികൾ ശിശുക്കളായിരിക്കുമ്പോൾ ചൂടായിരിക്കുന്ന ഒരു സ്‌റേറാവിൽ തൊടുന്നതുപോലെയുളള കാര്യങ്ങൾ “പാടില്ലാത്ത”വയായി ശിശുക്കളെ ചൂണ്ടിക്കാണിക്കാൻ മാത്രമേ മാതാപിതാക്കൻമാർക്ക്‌ കഴിയുകയുളളൂ. എന്നാൽ ലളിതമായ ആ ആദ്യ മുന്നറിയിപ്പുകളോടുകൂടെ പോലും കാരണങ്ങൾ പറഞ്ഞു കൊടുക്കാവുന്നതാണ്‌. അത്‌ കേവലം സ്‌റേറാ “ചൂടാണ്‌!” തൊട്ടാൽ “പൊളളും” എന്നായിരിക്കാം. എന്നിരുന്നാലും ആരംഭം മുതൽ ഉൾപ്പെട്ടിരിക്കുന്ന സംഗതി കുട്ടികളുടെ നൻമക്കുവേണ്ടിയാണെന്നുളള തത്വം കുട്ടിയുടെ മുമ്പാകെ വയ്‌ക്കുക; അനന്തരം ദയ, മര്യാദ, സ്‌നേഹം എന്നിങ്ങനെയുളള ഗുണങ്ങളുടെ അഭിലഷണീയതയെ ഊന്നിപ്പറയുക. ഉചിതമായ എല്ലാ വ്യവസ്ഥകളിലും അഥവാ നിയന്ത്രണങ്ങളിലും ഈ ഗുണങ്ങൾ അന്തർഭവിച്ചിരിക്കുന്നുവെന്നഭിമതിക്കാൻ കുട്ടിയെ സഹായിക്കുക. കൂടാതെ ഒരു പ്രത്യേക പ്രവർത്തനം ഈ അഭിലഷണീയമായ സ്വഭാവവിശേഷതകളെ പ്രകടമാക്കുന്നതോ പ്രകടമാക്കാത്തതോ എന്തുകൊണ്ടെന്ന്‌ ഊന്നിപ്പറയുക. ഇതു സ്ഥിരമായി ചെയ്യുമ്പോൾ നിങ്ങൾക്കു കുട്ടിയുടെ മനസ്സിലേക്കു മാത്രമല്ല, ഹൃദയത്തിലേക്കും ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞേക്കും.—മത്തായി 7:12; റോമർ 13:10.

24. ഒരു കുട്ടി അധികാരത്തെ ആദരിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

24 അതുപോലെതന്നെ അധികാരത്തോടുളള അനുസരണത്തിന്റെയും ആദരവിന്റെയും ആവശ്യം തുടർച്ചയായി ഉൽബോധിപ്പിക്കേണ്ടതാണ്‌. ജീവിതത്തിന്റെ ആദ്യവർഷത്തിൽ മുതിർന്നവരുടെ ആജ്ഞകൾക്കു ചെവി കൊടുക്കാനുളള കുട്ടിയുടെ മനസ്സൊരുക്കം അല്ലെങ്കിൽ മനസ്സില്ലായ്‌മ പ്രകടമായിത്തുടങ്ങും. കുട്ടിയുടെ മാനസ്സികവികാസം അനുവദിക്കുന്നയുടൻ ദൈവത്തോടുളള മാതാപിതാക്കൻമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ചുളള ഒരു വിലമതിപ്പ്‌ അവനിൽ ഉളവാക്കുക. ഇതിനു കുട്ടിയുടെ പ്രതിവർത്തനത്തിൽ വലിയ വ്യത്യാസം ഉളവാക്കാൻ കഴിയും. ഇതില്ലെങ്കിൽ, തങ്ങളുടെ മാതാപിതാക്കൻമാർ വലിപ്പവും ശക്തിയും ഏറിയവരായതുകൊണ്ടു മാത്രം പ്രകടമാക്കേണ്ടതെന്ന നിലയിൽ അനുസരണത്തെ കുട്ടികൾ വീക്ഷിച്ചേക്കാം. പകരം, മാതാപിതാക്കൻമാർ സ്വന്തം ആശയം പ്രകടമാക്കുകയല്ല, പിന്നെയോ സ്രഷ്ടാവു പറയുന്നവ, അവന്റെ വചനം പറയുന്നവ, ആണു പ്രകടമാക്കുന്നതെന്ന്‌ കാണാൻ കുട്ടിയെ സഹായിച്ചാൽ ഇതിന്‌ മാതാപിതാക്കൻമാരുടെ ബുദ്ധിയുപദേശത്തിനും മാർഗ്ഗനിർദ്ദേശത്തിനും മററു യാതൊന്നിനും കഴിയാത്ത ഒരു ബലം കൊടുക്കാൻ കഴിയും. ഒരു കുട്ടിയുടെ ഇളം പ്രായത്തിൽ പ്രയാസഘട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴും പരീക്ഷയേയോ സമ്മർദ്ദത്തേയോ ഗണ്യമാക്കാതെ ശരിയായ തത്വങ്ങളോട്‌ പററിനിൽക്കുന്നതിന്റെ ക്ലേശവും ആയാസവും അനുഭവിച്ചു തുടങ്ങുമ്പോഴും ആവശ്യമായിരിക്കുന്ന ശക്തിയുടെ ഒരു യഥാർത്ഥ ഉറവായിരിക്കാൻ അതിനു കഴിയും.—സങ്കീർത്തനം 119:109-111; സദൃശവാക്യങ്ങൾ 6:20-22.

25. സദൃശവാക്യങ്ങൾ 17:9-ലെ ബുദ്ധിയുപദേശം ശരിയായ രീതിയിൽ തങ്ങളുടെ മക്കൾക്കു ശിക്ഷണം കൊടുക്കുന്നതിന്‌ മാതാപിതാക്കൻമാരെ എങ്ങനെ സഹായിച്ചേക്കാം?

25 “ലംഘനം മറയ്‌ക്കുന്നവൻ സ്‌നേഹം തേടുകയാകുന്നു, ഒരു സംഗതിയെക്കുറിച്ചു സംസാരിച്ചുകൊണ്ടേയിരിക്കുന്നവൻ അന്യോന്യം പരിചയം ഉളളവരെ വേർപിരിക്കുകയാണ്‌.” (സദൃശവാക്യങ്ങൾ 17:9) മാതാപിതാക്കളും കുട്ടിയും തമ്മിലുളള ബന്ധങ്ങളിലും ഇതു സത്യമാണ്‌. ഒരു കുട്ടി അവന്റെ തെററിനെക്കുറിച്ച്‌ ബോധവാനാക്കപ്പെടുകയും അവന്‌ ശിക്ഷണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ മനസ്സിലാക്കുകയും ശിക്ഷണം കൊടുത്തു കഴിയുകയും ചെയ്‌താൽ പിന്നെ ലംഘനത്തേക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ഒഴിവാക്കാൻ സ്‌നേഹം മാതാപിതാക്കൻമാരെ പ്രേരിപ്പിക്കേണ്ടതാണ്‌. എന്തു ചെയ്‌താലും നിങ്ങൾ കുട്ടിയേയല്ല, തെററിനേയാണ്‌ വെറുക്കുന്നതെന്ന്‌ തീർച്ചയായും വ്യക്തമാക്കുക. (യൂദാ 23) കുട്ടി ‘കഷായം കുടിച്ചിറക്കി’ എന്ന്‌ വിചാരിച്ചേക്കാം, ആ സംഭവത്തെ കൂടെക്കൂടെ പരാമർശിക്കുന്നത്‌ അനാവശ്യമായ അപമാനിക്കലാണെന്ന്‌ വീക്ഷിക്കുകയും ചെയ്‌തേക്കാം. അതു മാതാപിതാക്കൻമാരിൽനിന്നോ കുടുംബത്തിലെ മററുകുട്ടികളിൽനിന്നോ അവൻ അന്യപ്പെടുന്നതിൽ കലാശിച്ചേക്കാം. ഒരു തെററായ മാതൃക വികാസം പ്രാപിക്കുന്നതിൽ മാതാപിതാക്കൻമാർ ഉൽക്കണ്‌ഠപ്പെടുന്നുവെങ്കിൽ അപ്പോൾ പിന്നീടൊരു കുടുംബചർച്ചയിൽ സംഗതി കൈകാര്യം ചെയ്യാവുന്നതാണ്‌. വെറുതെ കഴിഞ്ഞകാല ചെയ്‌തികളെ ആവർത്തിക്കുകയും പുനരവലോകനം ചെയ്യുകയും ചെയ്യാതെ, ഉൾപ്പെട്ടിരിക്കുന്ന തത്വങ്ങൾ എങ്ങനെ ബാധകമാകുന്നുവെന്നും നിലനിൽക്കുന്ന സന്തുഷ്‌ടിക്ക്‌ അവ വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ടെന്നും പരിചിന്തിക്കുക.

ശിക്ഷണം കൊടുക്കാൻ വ്യത്യസ്‌തമാർഗ്ഗങ്ങൾ

26. ഒരേ തരത്തിലുളള ശിക്ഷണത്തോട്‌ എല്ലാ കുട്ടികളും അഭികാമ്യമായ വിധത്തിൽ പ്രതിവർത്തിക്കാത്തതെന്തുകൊണ്ട്‌?

26 “ഭോഷനെ നൂറുപ്രാവശ്യം അടിക്കുന്നതിനേക്കാൾ വിവേകിയിൽ ഒരു ശകാരം ആഴത്തിൽ പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 17:10) വ്യത്യസ്‌തരായ കുട്ടികൾക്ക്‌ വ്യത്യസ്‌ത വിധങ്ങളിൽ ശിക്ഷണം കൊടുക്കേണ്ടതാവശ്യമായിരിക്കാം. ഓരോ കുട്ടിയുടെയും പ്രകൃതവും സ്വഭാവവും പരിഗണിക്കേണ്ടതാണ്‌. ഒരു കുട്ടി വളരെ മൃദുപ്രകൃതമുളളവനായിരിക്കാം. അടിപോലെയുളള ശാരീരികശിക്ഷ എല്ലായ്‌പ്പോഴും ആവശ്യമില്ലായിരിക്കാം. മറെറാരുകുട്ടിക്ക്‌ അടി ഫലപ്രദമല്ലായിരിക്കാം. അല്ലെങ്കിൽ ഒരു കുട്ടി സദൃശവാക്യങ്ങൾ 29:19-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന ദാസനെപ്പോലെയായിരിക്കാം, അവൻ “വെറും വാക്കുകളാൽ തിരുത്തപ്പെടാൻ തന്നേത്തന്നെ അനുവദിക്കുകയില്ല, എന്തുകൊണ്ടെന്നാൽ അവനു മനസ്സിലാകുന്നുവെങ്കിലും അവൻ ചെവിക്കൊളളുന്നില്ല.” അങ്ങനെയുളള സന്ദർഭത്തിൽ ഒരു കുട്ടിയ്‌ക്ക്‌ ശാരീരികശിക്ഷ ആവശ്യമായിത്തീരും.

27. തന്റെ കൊച്ചുകുട്ടിയെ ഭിത്തിയിൽ വരയ്‌ക്കുന്നതു നിർത്താൻ ഒരു പിതാവ്‌ സഹായിച്ചതെങ്ങനെ?

27 ഒരു മാതാവ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:

“എന്റെ മകൻ രണ്ടു വയസ്സിൽ താഴ്‌ന്ന പ്രായത്തിൽ ഭിത്തിയിലെഴുതി—തറയിൽനിന്ന്‌ അകലത്തിലല്ലാതെ ചെറിയ ചെമന്ന വരകൾ. അവന്റെ അപ്പൻ അവ അവനു കാണിച്ചുകൊടുക്കുകയും അവയെക്കുറിച്ച്‌ അവനോടു ചോദിക്കുകയും ചെയ്‌തു. ഉവ്വ്‌ എന്നോ ഇല്ലെന്നോ പറയാതെ വെണ്ടക്കണ്ണുകൾ കൊണ്ടൊരു തുറിച്ചുനോട്ടം മാത്രമായിരിന്നു അദ്ദേഹത്തിനു ലഭിച്ചത്‌. ഒടുവിൽ അവന്റെ അപ്പൻ ഇങ്ങനെ പറഞ്ഞു: ‘മകനേ, ഞാൻ നിന്റെ പ്രായത്തിൽ ഒരു ഭിത്തിയിലെഴുതി. അത്‌ രസമാണ്‌, അല്ലേ?’ കൊളളാം. കൊച്ചു കുട്ടി ഇപ്പോൾ സ്വസ്ഥനായി, അവന്റെ മുഖത്തു പുഞ്ചിരി കളിയാടി. അത്‌ എത്ര രസമാണെന്നുളളതിനെക്കുറിച്ചു അവൻ സജീവമായ ഒരു സംഭാഷണം തുടങ്ങി. ഡാഡിക്കു മനസ്സിലായെന്ന്‌ അവൻ അറിഞ്ഞു! എന്നിരുന്നാലും, അതു രസമാണെങ്കിലും വരയ്‌ക്കാനുളള സ്ഥലം ഭിത്തിയല്ലെന്ന്‌ വിശദീകരിക്കപ്പെട്ടു. ആശയവിനിയമം സ്ഥാപിക്കപ്പെട്ടു. ഈ കുട്ടിയെ സംബന്ധിച്ച്‌ കൂടുതലായ കുറെ ന്യായവാദം മാത്രമേ ആവശ്യമായിരുന്നുളളു.”

28. ഒരു പിതാവിനോ മാതാവിനോ കുട്ടിയുമായി വാദിക്കുന്നതൊഴിവാക്കാൻ എങ്ങനെ കഴിയും?

28 ശിക്ഷണം കൊടുക്കുമ്പോൾ പഠിപ്പിക്കാനും പ്രബോധിപ്പിക്കാനുമായി കാരണങ്ങൾ പറഞ്ഞുകൊടുക്കുന്നത്‌ നല്ലതാണ്‌, എന്നാൽ ഒരു കുട്ടിയുമായി വാദിക്കുന്നത്‌ സാധാരണയായി ബുദ്ധിപൂർവ്വകമല്ല. ഒരു മാതാവ്‌ അവളുടെ കുട്ടി ഒരു പ്രത്യേക ജോലി ചെയ്യുന്നതു സംബന്ധിച്ച്‌ വാദിച്ചപ്പോൾ അവർ കേവലം ഇങ്ങനെ പറഞ്ഞു: “നീ അതു ചെയ്‌തു കഴിയുമ്പോൾ നമുക്കു പാർക്കിൽ പോകാം.” അതു കുട്ടിയ്‌ക്കു അന്നു സംതൃപ്‌തി നൽകുന്ന ഒരു വിനോദയാത്ര ആയിരിക്കുമായിരുന്നു, നിർദ്ദിഷ്ട ജോലി പൂർത്തിയാക്കുന്നതുവരെ എന്തെങ്കിലും ഉല്ലാസമോ വിനോദയാത്രയോ പിൻവലിക്കപ്പെടും. അവൾ പരിശോധിക്കാൻ തിരിച്ചുവരുമ്പോൾ ജോലി ചെയ്‌തിട്ടില്ലെന്നു കണ്ടാൽ, “ആഹാ, ഇതുവരെ ചെയ്‌തില്ലേ? ചെയ്‌തുതീർക്കുമ്പോൾ നമുക്കു പോകാം” എന്നു പറയും. അവൾ വാദിച്ചില്ല, എന്നാൽ അവൾക്കു ഫലം കിട്ടി.

29. തന്റെ ദുഷ്‌പ്രവൃത്തിയുടെ അനഭിലഷണീയമായ പരിണതഫലങ്ങൾ ഒരു കുട്ടി അനുഭവിച്ചറിയാനിടയാക്കുന്നതിന്‌ എന്തു ചെയ്യാൻ കഴിയും?

29 തെററായ പ്രവൃത്തികളുടെ അനഭിലഷണീയമായ പരിണതഫലങ്ങൾ അനുഭവിച്ചറിയുന്നത്‌ ശരിയായ തത്വങ്ങളുടെ ജ്ഞാനം ഗ്രഹിക്കുന്നതിന്‌ കുട്ടികളെ സഹായിച്ചേക്കാം. ഒരു കുട്ടി എന്തെങ്കിലും വൃത്തികേടാക്കിയോ? അവൻതന്നെ അതു വൃത്തിയാക്കേണ്ടിവരുന്നത്‌ അതിശക്തമായ ധാരണയുളവാക്കും. അവൻ മര്യാദയില്ലാത്തവനോ പരുഷനോ ആയിരുന്നോ? ഒരു തെററായ പ്രവണതയെ തിരുത്തുന്നതിന്‌ ക്ഷമായാചനം ചെയ്യാൻ പഠിക്കുന്നത്‌ ഏററവുമധികം പ്രയോജനകരമായിരിക്കാം. അവൻ കോപത്തിന്റെ ഒരു നിമിഷത്തിൽ എന്തെങ്കിലും പൊട്ടിച്ചിരിക്കാം. അവന്‌ വേണ്ടത്ര പ്രായം ഉണ്ടെങ്കിൽ പകരം വാങ്ങാനുളള പണമുണ്ടാക്കാൻ അവനോട്‌ ആവശ്യപ്പെടാവുന്നതാണ്‌. ചില കുട്ടികളുടെ കാര്യത്തിൽ കുറേ കാലത്തേയ്‌ക്ക്‌ പ്രത്യേക പദവികൾ കൊടുക്കാതിരിക്കുന്നത്‌ ആവശ്യമായ പാഠം ബോധ്യപ്പെടുത്തിയേക്കാം. ക്രിസ്‌തീയ സഭയിൽ സൗഹാർദ്ദപരമായ സഹവാസത്തിന്റെ പിൻവലിക്കൽ ചില ദുഷ്‌പ്രവൃത്തിക്കാരെ ലജ്ജിപ്പിക്കുന്നതിന്‌ ഉപയോഗിക്കപ്പെടുന്ന ഒരു മാർഗ്ഗമാണ്‌. (2 തെസ്സലോനിക്യർ 3:6, 14, 15) യുവാക്കളുടെ സംഗതിയിൽ, കുടുംബസഹവാസത്തിൽ നിന്നുളള താൽക്കാലിക ബഹിഷ്‌കരണം തല്ലിനേക്കാൾ ഫലപ്രദമായിരിക്കാൻ കഴിയും. എന്നിരുന്നാലും, കുട്ടിയെ പുറത്തിറക്കി വീടുപൂട്ടുന്നതുപോലെയുളള അതിരുകടന്ന നടപടികൾ സ്‌നേഹം ആജ്ഞാപിക്കുന്നതിലും കടന്നുപോകുന്നു. ഉപയോഗിക്കപ്പെടുന്ന രീതിയെന്തായാലും, തങ്ങളുടെ പെരുമാററത്തിന്റെ പരിണിതഫലങ്ങൾ തങ്ങൾ സഹിക്കേണ്ടതാണെന്ന്‌ കുട്ടികൾക്ക്‌ പ്രകടമാക്കിക്കൊടുക്കേണ്ടയാവശ്യമുണ്ട്‌. ഇത്‌ അവരെ ഉത്തരവാദിത്വം പഠിപ്പിക്കുന്നു.

സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുക

30. മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്കുവേണ്ടി മാർഗ്ഗരേഖകൾ നൽകുമ്പോൾ സമനില പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌?

30 “ഉയരത്തിൽ നിന്നുളള ജ്ഞാനം . . . ന്യായബോധമുളള”താണെന്ന്‌ മനസ്സിൽ പിടിച്ചുകൊണ്ട്‌ “പ്രാധാന്യമേറിയ കാര്യങ്ങൾ തിട്ടപ്പെടുത്തുക.” (ഫിലിപ്യർ 1:10; യാക്കോബ്‌ 3:17) കൊച്ചുകുട്ടികൾ പുറത്തുചാടാൻ ബദ്ധപ്പെടുന്ന ഊർജ്ജത്തിന്റെ ഇരിപ്പിടങ്ങളാണെന്ന്‌ ഓർക്കുക. അവർ പഠിക്കുന്നതിനും പര്യവേഷണം നടത്തുന്നതിനും പുതിയ കാര്യങ്ങൾ പരീക്ഷിച്ചു നോക്കുന്നതിനും തൃഷ്‌ണയുളളവരാണ്‌. നിയന്ത്രണങ്ങളും മാർഗ്ഗരേഖകളും ഏർപ്പെടുത്തുന്നതിൽ നല്ല വിവേചന പ്രകടമാക്കുക, അവ തിരഞ്ഞെടുക്കുക. അത്യന്താപേക്ഷിതമായവയും അല്ലാത്തവയും തമ്മിൽ സമനിലപാലിക്കേണ്ടതുണ്ട്‌. അപ്പോൾ പരിധികൾ അറിയിച്ചശേഷം ഓരോ സൂക്ഷ്‌മ വിശദാംശത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനുപകരം, ആ പരിധികൾക്കുളളിൽ സ്വതന്ത്രമായും ധീരമായും സഞ്ചരിക്കുന്നത്‌ ആസ്വദിക്കാൻ കുട്ടിയെ അനുവദിക്കുക. (സദൃശവാക്യങ്ങൾ 4:11, 12) അതല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ തീർച്ചയായും ‘പ്രകോപിതരും’ “നിരുൻമേഷവാൻമാരു”മായിത്തീർന്നേക്കാം. നിങ്ങൾ യഥാർത്ഥത്തിൽ യാതൊരു പ്രത്യേക ഭവിഷ്യത്തും കൈവരുത്താത്തകാര്യങ്ങൾ വിവാദപ്രശ്‌നങ്ങളാക്കുന്നതുനിമിത്തം ക്ഷീണിതരായിത്തീർന്നേക്കാം.—കൊലോസ്യർ 3:21.

31. യഹോവയാം ദൈവം ശിക്ഷണം കൊടുക്കുന്നതിൽ എന്തു ദൃഷ്‌ടാന്തം വെച്ചിരിക്കുന്നു?

31 അതുകൊണ്ട്‌ മാതാപിതാക്കൻമാരേ, “പ്രത്യാശയുളളടത്തോളം നിങ്ങളുടെ പുത്രനെ [അല്ലെങ്കിൽ പുത്രിയെ] ശിക്ഷിക്കുക,” എന്നാൽ ദൈവത്തിന്റെ വിധത്തിൽ സ്‌നേഹത്തിൽ അതു ചെയ്യുക. അവനെ അനുകരിക്കുക: “യഹോവ താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു, ഒരു പിതാവു തനിക്കു പ്രസാദമുളള പുത്രനോടു ചെയ്യുന്നതുപോലെതന്നെ.” നിങ്ങളുടെ ശിക്ഷണം നിങ്ങളുടെ സ്രഷ്ടാവിന്റേതുപോലെ വിലയേറിയതും സ്‌നേഹമസൃണവുമാക്കിത്തീർക്കുക, എന്തുകൊണ്ടെന്നാൽ അത്തരം “ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗമാകുന്നു.”—സദൃശവാക്യങ്ങൾ 19:18; 3:12; 6:23.

[അധ്യയന ചോദ്യങ്ങൾ]