കളികളും വിനോദങ്ങളും
അധ്യായം 16
കളികളും വിനോദങ്ങളും
1, 2. (എ) നിങ്ങൾ പ്രത്യേകാൽ ആസ്വദിക്കുന്നത് ഏതുതരം കളികളും വിനോദങ്ങളുമാണ്? (ബി) നാം ജീവിതം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്നതിനുളള എന്തു സൂചനയാണ് അവന്റെ കൈവേലയിൽ കാണപ്പെടുന്നത്? (സങ്കീർത്തനം 104:14-24)
വിവിധ തരം കളികളിലും വിനോദങ്ങളിലും ലോകവ്യാപകമായ താല്പര്യമാണ് ഇന്നുളളത്. ഓരോ വർഷവും അവ ആസ്വദിക്കുന്നതിനായി ശതകോടിക്കണക്കിന് രൂപ ചെലവിടപ്പെടുന്നു. നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ താല്പര്യമുണ്ടോ? ഉദാഹരണമായി മഞ്ഞിന്റെ മുകളിലൂടെ തെന്നി നടക്കുന്നതിലോ തോണി തുഴയുന്നതിലോ നിങ്ങൾക്ക് താല്പര്യമുണ്ടോ? നീന്തലോ ടെന്നീസ് കളിയോ മറേറതെങ്കിലും കളികളിൽ പങ്കെടുക്കുന്നതോ നിങ്ങൾ ആസ്വദിക്കുന്നുവോ? അല്ലെങ്കിൽ ഒരുപക്ഷേ സിനിമയ്ക്കു പോകുന്നതിലോ ടെലിവിഷൻ പരിപാടികൾ വീക്ഷിക്കുന്നതിലോ നിങ്ങൾ ആസ്വാദനം കണ്ടെത്തുന്നുവോ?
2 അത്തരം ആസ്വാദനങ്ങൾ തെററാണ് എന്ന് ചിലർ പറഞ്ഞേക്കാം. നിങ്ങൾ എന്തു വിചാരിക്കുന്നു? എന്തിന്, ബൈബിൾ അത്തരം കാര്യങ്ങളെ കുററംവിധിക്കുന്നു എന്നുപോലും ചിലർ അവകാശവാദം ചെയ്തേക്കാം. എന്നാൽ വാസ്തവത്തിൽ അത്തരം ആളുകൾ ബൈബിളിനെയും അതിന്റെ ഉല്പാദകനായ യഹോവയാം ദൈവത്തെയും കുറിച്ച് തെററായ ധാരണകൾ ഉളവാക്കുന്നു. യുവജനങ്ങൾ കളികളിൽ ഉല്ലാസം കണ്ടെത്തുന്നതിനനുകൂലമായി ദൈവവചനം സംസാരിക്കുന്നു. ഉദാഹരണത്തിന് ദൈവത്തിന്റെ അനുഗൃഹീതരായ ആളുകളെപ്പററി വിവരിക്കയിൽ ബൈബിൾ പറയുന്നു: “നഗരവീഥികൾ അതിൽ കളിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും.” അതുപോലെ “നൃത്തം ചെയ്യാനൊരു കാലം” ഉണ്ടെന്നും അതു പറയുന്നു. (സെഖര്യാവ് 8:5; സഭാപ്രസംഗി 3:4 ന്യൂ ഇംഗ്ലീഷ് ബൈബിൾ) വ്യക്തമായും, നാം ആരോഗ്യാവഹമായ കളികളിൽ നിന്ന് സന്തോഷം, ആസ്വദിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരിക്കുന്നു. ദൈവാത്മാവിന്റെ ഫലങ്ങളിലൊന്ന് “സന്തോഷ”മാണ്. (ഗലാത്യർ 5:22) ആരോഗ്യാവഹമായ കളികൾ ആസ്വദിക്കുന്നത് സാധാരണവും സ്വാഭാവികവുമാണ്.
സന്തോഷം വർദ്ധിപ്പിക്കാനുളള മാർഗ്ഗനിർദ്ദേശം
3-8. (എ) കളികളെ സംബന്ധിച്ച് എന്തു സന്തുലിതമായ ബുദ്ധിയുപദേശമാണ് 1 തിമൊഥെയോസ് 4:7, 8-ൽ കാണപ്പെടുന്നത്? (ബി) “ശാരീരിക പരിശീലനം” പ്രയോജനമുളളതായിരിക്കുന്നതെങ്ങനെ? എന്നാൽ ഒരുവൻ അതിനെ വളരെ ഗൗരവമായി എടുക്കുമ്പോൾ എന്തു സംഭവിച്ചേക്കാം? (സി) ഒരു സ്കൂൾ ടീമിൽ കളിക്കാനിടയാകുന്നുവെങ്കിൽ ഒരുവൻ എന്തു പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം? താൻ അതാണോ ചെയ്യേണ്ടതെന്ന് ജ്ഞാനപൂർവ്വം തീരുമാനം ചെയ്യാൻ എന്ത് അയാളെ സഹായിക്കേണ്ടതാണ്?
3 അത്തരം പ്രവർത്തനങ്ങളിൽനിന്ന് സന്തോഷം ആസ്വദിക്കുന്നതിന് നമ്മെ സഹായിക്കാൻ ദൈവം സ്നേഹപൂർവ്വം നമുക്ക് മാർഗ്ഗനിർദ്ദേശം നൽകിയിരിക്കുന്നു. ഉദാഹരണത്തിന് അമിതാഹാരത്തിന്റെ അനാരോഗ്യകരമായ ഫലങ്ങൾ ഒഴിവാക്കേണ്ടതിന് ദൈവവചനം ബുദ്ധിയുപദേശിക്കുന്നു: “നീ . . . മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.” (സദൃശവാക്യങ്ങൾ 23:20) അതുപോലെ കളികളോടുളള ബന്ധത്തിലും അവൻ നമുക്കു ജ്ഞാനപൂർവ്വകമായ ഈ ഉപദേശം നൽകുന്നു: “ദൈവികഭക്തിയെ ലക്ഷ്യമാക്കിക്കൊണ്ടു നിന്നെത്തന്നെ പരിശീലിപ്പിക്കുക. എന്തെന്നാൽ ശാരീരിക പരിശീലനം അല്പപ്രയോജനമുളളതാകുന്നു. എന്നാൽ ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുളളതാകയാൽ സകലത്തിനും പ്രയോജനകരമാകുന്നു.” 1 തിമൊഥെയോസ് 4:7, 8.
4 അതുകൊണ്ട് കളികളിൽ നിന്ന് നമുക്കു ലഭിക്കുന്ന തരം “ശാരീരിക പരിശീലന”ത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ബൈബിൾ പ്രകടമാക്കുന്നു. അത് നമുക്ക് പ്രയോജനമുളളതാണ്; ശാരീരികസമീകരണവും വഴക്കവും പേശികൾക്ക് വീര്യവും ശക്തിയും വികസിപ്പിക്കുന്നതിന് അത് സഹായകമാണ്. കൂടാതെ നാം വളരെ സമയം പഠനത്തിനായി ചെലവിടുന്നെങ്കിൽ അത്തരം കളികൾ നമ്മുടെ മനസ്സിന് നവോൻമേഷം പകരുന്നു. എന്നാൽ “ശാരീരിക പരിശീലനം അല്പപ്രയോജനമുളളതാകുന്നു,” എന്ന് ബൈബിൾ അനുശാസിക്കുന്നുവെന്ന് ശ്രദ്ധിക്കുക. എന്നാൽ ബൈബിളിന്റെ അത്തരം മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് നിങ്ങൾ കളികളിൽ മുഴുവനായി മുഴുകുന്നുവെങ്കിൽ എന്താണു സംഭവിക്കാവുന്നത്?
5 സ്വാഗതാർഹമായ ഒരു ഉല്ലാസം എന്നതിലുപരി അതു “ഗൗരവമേറിയ ഒരു തൊഴിലാക്കി”ത്തീർത്തുകൊണ്ട് അതിൽനിന്ന് ലഭിക്കാവുന്ന രസം നശിപ്പിക്കാം എന്നതാണ് ഒരു സംഗതി. മത്സരക്കളികൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിന്റെ ഫലങ്ങളെക്കുറിച്ച് കളികൾ സംബന്ധിച്ച ഒരു മനഃശാസ്ത്രജ്ഞനായ ബ്രൂസ് ഓഗിൾവി പറയുന്നു: “ഞാൻ ഒരിക്കൽ പത്തു പ്രമുഖ ലീഗ് ബെയിസ്ബോൾ ക്യാമ്പുകളിലെ നവാഗതരായ കളിക്കാരുമായി അഭിമുഖസംഭാഷണങ്ങൾ നടത്തി. രസകരമായിരുന്ന ഒരു കളിയിലെ സകല സന്തോഷവും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അത്തരം ലീഗ് മത്സരങ്ങളിൽ ചേരാതിരുന്നിരുന്നെങ്കിൽ എന്ന് ആശിക്കുന്നതായി അവരിൽ 87 ശതമാനം പേരും പറഞ്ഞു.”
6 കൂടാതെ ഫുട്ട്ബോൾ പോലെയുളള ചില കളികൾ അപകടകരമായിരിക്കാം, പ്രത്യേകിച്ച് നിങ്ങളുടെ ശരീരം വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ. കളികളിൽ ഏർപ്പെടുക മൂലം ഏതാണ്ട് 1,20,00,000 അമേരിക്കൻ കുട്ടികൾക്ക് പതിനെട്ടു വയസ്സാകുന്നതിനു മുൻപ് ശാരീരികമായി സ്ഥായിയായ തകരാറു സംഭവിക്കുന്നു! എന്ന് സയൻസ് ഡൈജസ്ററ് റിപ്പോർട്ടു ചെയ്യുന്നു. പ്രൊഫഷനൽ ഫുട്ട്ബോൾ കളിക്കാരിൽ ഒരു പ്രമുഖൻ തന്റെ രണ്ടു പുത്രൻമാർ കുട്ടികളുടെ ഫുട്ട്ബോൾ ലീഗ് മത്സരങ്ങളിൽ കളിക്കാൻ അനുവദിച്ചിരുന്നില്ല. “ഒരു കുട്ടിക്ക് സംഭവിച്ചേക്കാവുന്ന തകരാറുകളെപ്പററി ചിന്തിക്കാൻ പലപ്പോഴും മാതാപിതാക്കൾ മിനക്കെടാറില്ല,” അദ്ദേഹം പറഞ്ഞു. “അവൻ കയ്യിൽ നിറയെ പല്ലുകളുമായി വീട്ടിലേക്കു വന്നേക്കാം എന്നതാണ് ഒരു സംഗതി.” ചില കളികളെ ഇത്രമാത്രം അപകടകരമാക്കിത്തീർക്കുന്നത് അങ്ങേയററത്തെ മത്സരമനോഭാവമാണ്—എന്തു വിലകൊടുത്തും ജയിക്കാനാണ്—മിക്കപ്പോഴും ആളുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത്.
7 കണക്കിലെടുക്കേണ്ട മറെറാരു സംഗതി ഇത്തരം കളികളിലേർപ്പെടുന്നതിനാൽ നിങ്ങൾ ഏതുതരം കൂട്ടുകെട്ടുകളിൽ ഉൾപ്പെടുന്നു എന്നതാണ്. അവർക്കിടയിലെ സംസാരം പലപ്പോഴും അനാശാസ്യമാണ് എന്നത് പരക്കെ അറിവുളളതാണ്. കൂടാതെ മറെറാരു സ്കൂളുമായി മാച്ചു കളിക്കേണ്ടതിന് ദീർഘയാത്ര ചെയ്യേണ്ടിവരുമ്പോൾ ദൈവത്തോടു വിശ്വസ്തത പുലർത്തുന്ന കാര്യത്തിൽ ഒട്ടും താല്പര്യമില്ലാത്തവരോടൊത്ത് ഏറെസമയം കൂടിക്കഴിയേണ്ടിവരുന്നു. ഇതു പരിചിന്തനം അർഹിക്കുന്ന ഒരു സംഗതിയാണ്. കാരണം “ദൈവികഭക്തിയെ ലക്ഷ്യമാക്കി നിന്നെത്തന്നെ പരിശീലിപ്പിക്കുന്നതിന്” ദൈവവചനം നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നു. എളുപ്പത്തിൽ നിങ്ങളുടെ ധാർമ്മികനിഷ്ഠയേയും യഹോവയാം ദൈവവുമായുളള നിങ്ങളുടെ ബന്ധത്തെയും തകർക്കാവുന്ന എന്തിലെങ്കിലും ഉൾപ്പെടുന്നത് എത്രമാത്രം പ്രായോഗികമായിരിക്കും?
8 അതുകൊണ്ട് ഒരു സന്തുലിതാവസ്ഥയിൽ നിർത്തപ്പെട്ടാൽ, നിങ്ങളെ അപകടത്തിലാക്കുകയോ അതിലും പ്രധാന കാര്യങ്ങളെ പിൻതളളാൻ തക്കവണ്ണം നിങ്ങളുടെ ജീവിതത്തെ കീഴടക്കുകയോ ചെയ്യാതിരുന്നാൽ, കളികളും, മററു പലതും എന്നപോലെ നല്ലതാണ്. ഗതിവേഗം ആവശ്യമായിരിക്കുന്ന ഒരു കളിയിൽ ഏർപ്പെടുന്നതും അവസരത്തിനൊത്തു നമ്മുടെ ശരീരം അതിശയകരമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്നതും അനുഭവിക്കാൻ കഴിയുന്നത് എത്രയോ പുളകപ്രദമാണ്! ദീർഘകാലം ഓർമ്മയിൽ നിൽക്കുന്നതരം സന്തോഷവും സംതൃപ്തിയും കൈവരുത്താൻ അതിനു കഴിയും. അത്തരം കാര്യങ്ങൾ ചെയ്യാനുളള പ്രാപ്തിയോടെ നമ്മെ സൃഷ്ടിച്ച മഹൽസ്രഷ്ടാവിനെ വിലമതിക്കാനും അതു നമ്മെ സഹായിക്കും.
സിനിമയും ടെലിവിഷനും
9-14. (എ) ഒരു ചലച്ചിത്രമോ ടെലിവിഷൻ പരിപാടിയോ വീക്ഷിക്കാൻ തെരഞ്ഞെടുക്കുമ്പോൾ എന്തിനെതിരെ ഒരുവൻ ജാഗ്രത പുലർത്തേണ്ടതാണ്? (ബി) ധാർമ്മികമായി അധ:പതിച്ച തരത്തിലുളള കലാപരിപാടികൾ വീക്ഷിച്ചാൽ അത് ഏതുവിധത്തിൽ ഒരു വ്യക്തിയെ ബാധിച്ചേക്കാം? എന്തുകൊണ്ട്? അത്തരം കാര്യങ്ങൾ തെററാണെന്ന് നമുക്കറിയാമെങ്കിലും അതു വീക്ഷിക്കുന്നതിനാൽ നമ്മുടെ മേലുണ്ടാകാവുന്ന ഫലത്തെ നാം താഴ്ത്തി മതിക്കരുതാത്തതെന്തുകൊണ്ട്?
9 നാം ഏതുതരം ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടിയും തെരഞ്ഞെടുക്കുന്നു എന്നതിനും ദൈവവുമായുളള നമ്മുടെ ബന്ധത്തെ ബാധിക്കാൻ കഴിയും. ചിലതരം സിനിമകളും ടെലിവിഷൻ പരിപാടികളും രസകരമായ വിനോദമാണ്; ചിലത് നമ്മുടെ സ്രഷ്ടാവിന്റെ അത്ഭുതകരമായ കൈവേലയെ സംബന്ധിച്ച നമ്മുടെ വിലമതിപ്പ് വർദ്ധിപ്പിക്കുകപോലും ചെയ്തേക്കാം. എന്നാൽ ഇവയിൽ പലതും വ്യഭിചാരവും പരസംഗവും സ്ത്രീകൾ തമ്മിലും പുരുഷൻമാർ തമ്മിലുമുളള സ്വവർഗ്ഗസംഭോഗവും അക്രമവും കൂട്ടക്കൊലയും മുഖ്യമായി പ്രദർശിപ്പിക്കുന്ന കഥകൾ നിറഞ്ഞവയാണെന്ന് തീർച്ചയായും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അവ വിനോദങ്ങളായി വീക്ഷിക്കപ്പെട്ടേക്കാം. എന്നാൽ അവ ഒരു വ്യക്തിയെ എങ്ങനെയാണ് ബാധിക്കുക?
10 കൊളളാം, നിങ്ങൾ എങ്ങനെ ഇപ്പോൾ ആയിരിക്കുന്ന വ്യക്തിയായിത്തീർന്നു? എന്ന് നിങ്ങളോടുതന്നെ ചോദിക്കുക. അതു നിങ്ങളുടെ ചുററുപാടുകളിൽ നിന്നും നിങ്ങളുടെ വിദ്യാഭ്യാസത്തിൽ നിന്നുമല്ലേ? മുഖ്യമായും നിങ്ങളുടെ കണ്ണുകളിലൂടെയും ചെവികളിലൂടെയും നിങ്ങളുടെ മനസ്സിലേക്കു സ്വീകരിച്ചവയിൽ നിന്നല്ലേ? അതെ, വലിയൊരളവുവരെ നിങ്ങളുടെ മനസ്സിനെ നിങ്ങൾ എന്തുകൊണ്ട് പോഷിപ്പിക്കുന്നുവോ അതാണ് നിങ്ങൾ. എത്ര കൂടുതലായി നിങ്ങൾ എന്തിന്റെയെങ്കിലും സ്വാധീനത്തിലായിരിക്കുന്നുവോ അത്രകണ്ട് അത് നിങ്ങളുടെ ഭാഗമായിത്തീരുന്നു.
11 ചീഞ്ഞളിഞ്ഞ ചപ്പുചവറ് നിങ്ങളുടെ ആഹാരമാക്കാൻ നിങ്ങൾ ആഗ്രഹിക്കില്ല, ഉവ്വോ? എങ്കിൽ മാനസികമായ ചപ്പുചവറിന്റെ സ്വാധീനത്തിൽ നിങ്ങളെത്തന്നെ സ്ഥിരമായി നിർത്തുന്നുവെങ്കിലോ? അതു തീർച്ചയായും നിങ്ങളുടെ ചിന്തയുടെ ഭാഗമായിത്തീരുകതന്നെ ചെയ്യും. ഒരു ചലച്ചിത്രം വീക്ഷിക്കുമ്പോൾ ഫലത്തിൽ നിങ്ങൾ ആ സ്ക്രീനിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന തരത്തിലുളള ആളുകളുമായി സഹവസിക്കുകയാണ്. പലപ്പോഴും ദുഷ്പ്രവൃത്തിക്കാരോട്—പരസംഗക്കാരോടും സ്വവർഗ്ഗസംഭോഗികളോടും കൊലപാതകികളോടും—സഹതാപം ഉണർത്തിക്കൊണ്ട് നിങ്ങളെ വൈകാരികമായി അതിൽ ഉൾപ്പെടുത്താൻ മനഃപൂർവ്വം ഉദ്ദേശിച്ചു തന്നെയാണ് അത്തരം സിനിമകൾ സംവിധാനം ചെയ്തിരിക്കുന്നത്. സ്വവർഗ്ഗഭോഗികളായ സ്ത്രീപുരുഷൻമാരോടും പരസംഗക്കാരോടും വ്യഭിചാരികളോടും കുററവാളികളോടും അത്തരത്തിൽ അടുത്തു ബന്ധപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
12 എങ്കിലും ലൈംഗിക ദുർന്നടത്തയോ അക്രമപ്രവൃത്തിയോ സിനിമയിൽ വീക്ഷിക്കുമ്പോൾ നിങ്ങൾ വിചാരിച്ചേക്കാം: “ഹേയ്, ഞാൻ ഒരിക്കലും അങ്ങനെയൊരു സംഗതി ചെയ്യുകയില്ല!” ശരിയാണ്, നിങ്ങൾ അയൽക്കാരിൽനിന്ന് മോഷ്ടിക്കണമെന്നോ സുഹൃത്തുക്കളോട് കളളംപറയണമെന്നോ പരസംഗം ചെയ്യണമെന്നോ ആരെങ്കിലും ഈ സമയത്ത് നിർദ്ദേശിച്ചാൽ നിങ്ങൾക്കത് അരോചകമായിത്തോന്നിയേക്കാം. എന്നാൽ നിങ്ങൾ മോഷ്ടാക്കളോടും പരസംഗക്കാരോടും സ്വവർഗ്ഗസംഭോഗികളോടും കൂടെ ദീർഘകാലം സഹവസിക്കുകയും അവരുടെ വികലമായ വീക്ഷണങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നെങ്കിലെന്ത്? കാലക്രമത്തിൽ നിങ്ങൾക്ക് അവരോട് സഹാനുഭൂതി തോന്നിയേക്കാം. ആദ്യമൊക്കെ അരോചകമായി തോന്നിയത് കാലക്രമത്തിൽ അങ്ങനെ അല്ലാതായിത്തീരുന്നു. ഇതു പരിചിന്തിക്കുക: സ്വവർഗ്ഗസംഭോഗികളിൽ ഭൂരിഭാഗവും അങ്ങനെയായിത്തീർന്നത് എപ്രകാരമാണ്? അത്തരം കാര്യങ്ങളെപ്പററി ചിന്തിക്കാൻ സമയം ചെലവഴിച്ചതിനാലും അത്തരത്തിലുളളവരുമായുളള സഹവാസത്താലുംതന്നെ.
13 നിങ്ങൾ അധാർമ്മിക പ്രവൃത്തികളിൽ ഏർപ്പെടുകയില്ല എന്ന് നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നിങ്ങൾ എതിർലിംഗവർഗ്ഗത്തിൽപ്പെട്ട ആളുകളുമായി സിനിമയ്ക്കു പോകയും അതിൽ ആളുകൾ ആവർത്തിച്ച് ആശ്ളേഷിക്കുന്നതും ചുംബിക്കുന്നതും അധാർമ്മികപ്രവൃത്തികളിലേർപ്പെടുന്നതും വീക്ഷിക്കുകയും ചെയ്യുന്നെങ്കിലോ? അത്തരം സിനിമകൾ കണ്ടശേഷം നിങ്ങൾ എന്തുചെയ്യാനാണ് സാദ്ധ്യത, പ്രത്യേകിച്ചും വിലക്കുകൾ മറക്കാൻ തക്കവണ്ണം ലഹരിപാനീയങ്ങൾ നിങ്ങളുടെ എത്തുപാടിലാണെങ്കിൽ? ഉത്തരം നിങ്ങൾക്കറിയാം. ഇന്നത്തെ അനേകം സിനിമകളും ഫലത്തിൽ ഇങ്ങനെ വിളിച്ചുപറയുന്നു: “ഞങ്ങൾ ചീത്ത കാര്യങ്ങൾ ചെയ്യാൻ പോകയാണ്! ഞങ്ങൾ എല്ലാ നിയമങ്ങളും ലംഘിക്കാൻ പോകയാണ്, ദൈവത്തിന്റെ പോലും!” അത്തരം സ്വാധീനങ്ങൾ നിങ്ങളുടെമേൽ പ്രയോഗിക്കപ്പെടാനാണോ നിങ്ങളാഗ്രഹിക്കുന്നത്?
14 ചീത്ത സ്വാധീനങ്ങളാൽ വഷളാക്കപ്പെടാൻ വയ്യാത്തവണ്ണം നിങ്ങൾ അവയ്ക്കതീതരാണെന്ന് സത്യസന്ധമായി നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മാന്യൻമാരും കഠിനാദ്ധ്വാനികളുമായിരുന്ന ദശലക്ഷക്കണക്കിന് യൂറോപ്യൻമാർ മനുഷ്യത്വത്തിനെതിരായ ഭീകര കുററകൃത്യങ്ങൾ ചെയ്യുന്നതിനും അവയെ പിൻതാങ്ങുന്നതിനും നാസിപ്രചരണങ്ങളാൽ “മസ്തിഷ്ക പ്രക്ഷാളനം” ചെയ്യപ്പെട്ടു എന്ന് ഓർമ്മിക്കുക. അതുകൊണ്ട് ലൈംഗികതയെയും കുററകൃത്യങ്ങളെയും സംബന്ധിച്ച ചലച്ചിത്രങ്ങളാൽ ഉളള പ്രചരണത്തിന് നിങ്ങളുടെമേൽ ഉണ്ടായിരിക്കാവുന്ന ഫലത്തെ താഴ്ത്തി മതിക്കരുത്.
ഉല്ലാസങ്ങൾക്കുളള ആവശ്യം നിറവേററുക
15-19. വിനോദത്തിനു വേണ്ടിയുളള നമ്മുടെ ആവശ്യത്തെ തൃപ്തിപ്പെടുത്താനുതകുന്ന ആരോഗ്യാവഹങ്ങളായ ചില പ്രവർത്തനങ്ങളേവ?
15 ഉല്ലാസകരമായ വിശ്രമവേളകൾക്കുളള ആവശ്യത്തോടെയാണ് നമ്മുടെ സ്രഷ്ടാവ് നമ്മേ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ അത് മ്ലേച്ഛകാര്യങ്ങളെയോ അക്രമപ്രവർത്തനങ്ങളേയോ അവന്റെ നിയമങ്ങൾ ലംഘിക്കുന്നതിനെയോ ചുററിപ്പററിയായിരിക്കണമെന്ന് അവൻ ഉദ്ദേശിച്ചില്ല. ഇത്തരം കാര്യങ്ങൾ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും നിങ്ങൾ വർജ്ജിക്കയാണെങ്കിൽ നിങ്ങൾ വളരെയേറെ ചിത്രങ്ങളും പരിപാടികളും വർജ്ജിക്കേണ്ടിവരുമെന്നത് സത്യംതന്നെ. എന്നാൽ നിങ്ങൾക്ക് ആസ്വദിക്കാവുന്ന ആരോഗ്യാവഹമായ വിനോദങ്ങൾ ധാരാളം ഉണ്ട്.
16 അവസാനം ഉൻമേഷം തോന്നുന്നതിനു പകരം മാനസികാസ്വാസ്ഥ്യവും തകർച്ചയുമാണനുഭവപ്പെടുന്നതെങ്കിൽ ഒരു പഴഞ്ചൊല്ലു പറയും പ്രകാരം, ‘വായിൽ ഒരരുചിമാത്രം’ അവശേഷിപ്പിക്കുന്നെങ്കിൽ, അത്തരം ഉല്ലാസമോ വിനോദമോ കൊണ്ട് എന്തു പ്രയോജനം? ആരെങ്കിലും കാണാൻ ഭംഗിയുളളതും തിൻമാൻ രുചിയുളളതുമായ എന്തെങ്കിലും നിങ്ങൾക്ക് ഭക്ഷിക്കാൻ തന്നു; എന്നാൽ ഭക്ഷിച്ചശേഷം നിങ്ങൾക്ക് അസുഖം അനുഭവപ്പെടുന്നെങ്കിൽ ‘വീണ്ടു’മതു ഭക്ഷിക്കാൻ നിങ്ങൾ തയ്യാറാകുമോ? ഉല്ലാസത്തിനും വിനോദത്തിനുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതു സംബന്ധിച്ച് ഉചിതമായ തെരഞ്ഞെടുപ്പ് നടത്തുക. ലഭ്യമായ എന്തെങ്കിലും വിനോദങ്ങളിലേർപ്പെട്ടുകൊണ്ട് “സമയം കൊല്ലുന്ന”വരായിരിക്കാതെ നിങ്ങളുടെ വിശ്രമവേളകളെ യഥാർത്ഥ സന്തോഷവും ഉൻമേഷവും നൽകുന്നതരത്തിൽ പിന്നീടും സന്തോഷത്തോടെ സ്മരിക്കാൻ കഴിയും വിധത്തിൽ സജീവമാക്കുക.
17 നിങ്ങൾക്ക് തുറസ്സായ സ്ഥലങ്ങളിൽ ആസ്വദിക്കാവുന്നതരം വിനോദങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. അനേകം ആളുകൾ മണിക്കൂറുകളോളം കാട്ടുപ്രദേശങ്ങളിലൂടെ കാൽനടയാത്ര നടത്തിക്കൊണ്ടോ പന്തു തട്ടുകയോ ബാഡ്മിൻറൺ അല്ലെങ്കിൽ അത്തരം ഏതെങ്കിലും കളികളിലേർപ്പെടുകയോ ചെയ്തുകൊണ്ടോ ആസ്വാദനം കണ്ടെത്തുന്നു. മററു ചിലർ ടേബിൾ ടെന്നീസ്, ബില്ല്യാർഡ്സ് മുതലായവ കളിക്കുന്നതിനുളള സൗകര്യം വീടുകളിലേർപ്പെടുത്തിക്കൊണ്ട് അതിൽ പങ്കുചേരാൻ തങ്ങളുടെ സുഹൃത്തുക്കളെക്കൂടി ക്ഷണിക്കുന്നു. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ അഭിപ്രായം ആരായുന്നെങ്കിൽ അവർ അതിനെ സ്വാഗതം ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
18 കൂടാതെ വിനോദത്തിനും വിവരങ്ങൾ ശേഖരിക്കുന്നതിനും ഉതകുന്ന കാഴ്ചബംഗ്ലാവുകളോ അതുപോലുളള മററു സ്ഥലങ്ങളോ സന്ദർശിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഒരു കോഴിവളർത്തൽ കേന്ദ്രമോ കാലിവളർത്തൽ കേന്ദ്രമോ സാധനങ്ങൾ ലേലം ചെയ്തു വിൽക്കുന്നിടമോ ഒരു അച്ചടിശാലയോ നിങ്ങൾ സന്ദർശിച്ചിട്ടുണ്ടോ? നിങ്ങൾ ഒരു നഗരത്തിലാണ് വസിക്കുന്നതെങ്കിൽ ഇത്തരം സ്ഥലങ്ങളെപ്പററി വിവരം നൽകാൻ കഴിയുന്ന ഗവൺമെൻറ് ഡിപ്പാർട്ടുമെൻറുകൾതന്നെ അവിടെ പ്രവർത്തിക്കുന്നുണ്ടായിരിക്കാം. സന്ദർശകരെ സ്വാഗതം ചെയ്യുന്നതും നിങ്ങളുടെ സമീപത്തുളളതുമായ വ്യവസായശാലകളെപ്പററി അവർ നിങ്ങളോടു പറഞ്ഞേക്കാം. കൂടാതെ തടാകങ്ങളും പർവ്വതങ്ങളും കടലോരങ്ങളും പോലെ സുന്ദരമായ പ്രദേശങ്ങൾ പ്രത്യേകിച്ചും കുടുംബസമേതം സന്ദർശിക്കാൻ കഴിയുന്നെങ്കിൽ അതും വളരെ ആസ്വാദ്യകരമായ ഒരനുഭവമായിരിക്കും.
19 എന്നാൽ ഇത്തരം വിനോദങ്ങൾ ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാക്കാതെയും അതുവഴി അതിൽനിന്ന് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നതിൽ പരാജയപ്പെടാതെയുമിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ നമ്മുടെ സ്രഷ്ടാവ് വിവിധങ്ങളായ ഇത്രയധികം കളികളിലും വിനോദങ്ങളിലും പങ്കുപററാനും അവ ആസ്വദിക്കാനും കഴിയത്തക്കവണ്ണം നമ്മെ സൃഷ്ടിച്ചിരിക്കുന്നതിൽ നമുക്ക് എത്രയധികം നന്ദിയുളളവരായിരിക്കാൻ കഴിയും! ഇവയ്ക്കു തീർച്ചയായും നമ്മുടെ ജീവിതത്തെ കൂടുതൽ വിലപ്പെട്ടതാക്കാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
[121-ാം പേജിലെ ചിത്രം]
നിങ്ങൾ നിരീക്ഷിക്കുന്നതിന് നിങ്ങളുടെമേൽ എന്തെങ്കിലും ഫലമുണ്ടോ?