ഡെയിററിംഗും കോർട്ടിംഗും
അധ്യായം 19
ഡെയിററിംഗും കോർട്ടിംഗും
1-4. (എ) ഡെയിററിംഗ് സാധാരണമായത് എത്ര അടുത്തൊരു കാലത്തു മാത്രമാണ്? (ബി) ഡെയിററിംഗിന്റെ സമ്പ്രദായം ഇല്ലാത്തിടത്ത് വിവാഹം എങ്ങനെയാണ് ക്രമീകരിക്കപ്പെടുന്നത്? (സി) അന്തിമ വിശകലനത്തിൽ ഒരു ആചാരം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നതെന്ത്?
സാധാരണ മനുഷ്യരെല്ലാവരുംതന്നെ ജീവിതത്തിൽ നിന്ന് യഥാർത്ഥ സന്തോഷം ലഭിക്കാനാഗ്രഹിക്കുന്നു. സന്തോഷത്തെ ദൈവാത്മാവിന്റെ “ഫലങ്ങളി”ലൊന്നായി പട്ടികപ്പെടുത്തിക്കൊണ്ട് ഈ ആഗ്രഹം ഉചിതമാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. (ഗലാത്യർ 5:22) അനേകം യുവജനങ്ങൾ, വിശേഷിച്ച് പാശ്ചാത്യ നാടുകളിൽ, സന്തോഷം കണ്ടെത്തുന്നതിനുളള ഒരു മുഖ്യ ഉപാധിയായി ഡെയിററിംഗിനെ വീക്ഷിക്കുന്നു. മുതിർന്നയാളുകളുടെ അസാന്നിദ്ധ്യത്തിൽ വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി സമയം ചെലവഴിക്കാൻ അവർ ക്രമീകരിക്കുന്നു. ഇതേപ്പററി എന്തുപറയാൻ കഴിയും?
2 പല സ്ഥലങ്ങളിലും അതു സർവ്വസാധാരണമായിരിക്കുന്നതിനാൽ അതിൽ കുഴപ്പമൊന്നുമില്ല എന്നു നിങ്ങൾ വിചാരിച്ചേക്കാം. ദി ഫാമിലി ഇൻ സോഷ്യൽ കോൺടെക്സ്ററ് എന്ന പുസ്തകം വിശദീകരിക്കുന്ന പ്രകാരം അതു എന്നും അങ്ങനെ ആയിരുന്നില്ല. “ഇന്നു നാം മനസ്സിലാക്കുന്ന തരത്തിലുളള ഡെയിററിംഗ് മിക്കവാറും ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമാണ് നിലവിൽ വന്നത്.” അനേക രാജ്യങ്ങളിൽ അത് ഇന്നും ഒരാചാരമായിട്ടില്ല. വാസ്തവത്തിൽ ഭാവിവരനും വധുവും അവരുടെ വിവാഹദിവസംവരെ തമ്മിൽ കാണാതെപോലുമിരുന്നേക്കാം. അവരുടെ വിവാഹത്തിനുളള ക്രമീകരണങ്ങൾ അവരുടെ മാതാപിതാക്കളോ അല്ലെങ്കിൽ ഒരു “വിവാഹദല്ലാളോ” ഒരു “ഇടനിലക്കാരനോ” ചെയ്യുന്നു.
3 തീർച്ചയായും ഡെയിററിംഗും കോർട്ടിംഗും സാധാരണയെന്നനിലയിൽ സ്വീകരിക്കപ്പെടുന്ന ഒരു രാജ്യത്താണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ചില രാജ്യങ്ങളിൽ ഈ സമ്പ്രദായങ്ങൾ ഇല്ല എന്ന വസ്തുത മനസ്സിലാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ ആ രാജ്യങ്ങളിലെ ആളുകൾക്ക് നിങ്ങൾ ജീവിക്കുന്ന നാട്ടിലെ ആചാരങ്ങൾ അത്രതന്നെ അമ്പരപ്പ് ഉളവാക്കിയേക്കാം. ഡെയിററിംഗും കോർട്ടിംഗും ബുദ്ധിശൂന്യമോ ദ്രോഹപരമോ പോലുമായി അവർ വീക്ഷിച്ചേക്കാം. ഇൻഡ്യയിൽനിന്നുമുളള ഒരു പെൺകുട്ടി പ്രശസ്തനായ ഒരു പാശ്ചാത്യ വിവാഹ ഉപദേഷ്ടാവിനോട് വിശദീകരിച്ചു: “ഞങ്ങൾ കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും ചെയ്ത ഒരു യുവാവിന്റെ സ്വഭാവം എപ്രകാരമുളളതാണെന്ന് നിർണ്ണയിക്കാൻ ഞങ്ങൾക്കെങ്ങനെയാണ് കഴിയുക? ഞങ്ങൾ ചെറുപ്പക്കാരും പരിചയമില്ലാത്തവരുമാണ്. ഞങ്ങളുടെ മാതാപിതാക്കളാണെങ്കിൽ പ്രായക്കൂടുതലുളളവരും കൂടുതൽ ജ്ഞാനമുളളവരുമാണ്. ഞങ്ങളെപ്പോലെ അത്ര എളുപ്പത്തിൽ അവർ കബളിപ്പിക്കപ്പെടുകയില്ല. ഞാൻ വിവാഹം കഴിക്കുന്ന യുവാവ് യോഗ്യനായിരിക്കണമെന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഞാൻതന്നെ ആളെ കണ്ടുപിടിക്കേണ്ടിവരുകയാണെങ്കിൽ എനിക്കൊരു തെററുപററുക വളരെ എളുപ്പമാണ്.”
4 അതുകൊണ്ട് നിങ്ങളുടെ പ്രദേശത്തുളളവർ ചെയ്യുന്ന രീതി മാത്രമേ ശരിയായിട്ടുളളു എന്നു വിചാരിച്ചുകൊണ്ട് ഒരു ഇടുങ്ങിയ വീക്ഷണം പുലർത്തുന്നതിലും നല്ലത് നിങ്ങളുടെ ചിന്താരീതി കൂടുതൽ വിശാലമാക്കുകയാണ്. ഏതായാലും അന്തിമ വിശകലനത്തിൽ ഒരു സമ്പ്രദായം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് കാര്യങ്ങൾ എങ്ങനെ പര്യവസാനിക്കുന്നു അല്ലെങ്കിൽ അതിന്റെ ഫലം എന്താണ് എന്നു നോക്കിയായിരിക്കണം. ബൈബിളിൽ സഭാപ്രസംഗി 7:8-ൽ നാം വായിക്കുന്നു: “ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്.” ഡെയിററിംഗും കോർട്ടിംഗും സമ്പ്രദായങ്ങൾ നിലവിലുളള രാജ്യങ്ങളിൽ ഒരു വലിയ ശതമാനം വിവാഹങ്ങൾ ശുഭകരമാകുന്നില്ല; മറിച്ച് മോചനത്തിൽ അവസാനിക്കുന്നു എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു.
അപ്പോൾ, ഡെയിററിംഗ് സംബന്ധിച്ചെന്ത്?
5-8. (എ) സഭാപ്രസംഗി 11:9, 10-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ പെരുമാററം സംബന്ധിച്ച് ഒരു ദീർഘവീക്ഷണമുണ്ടായിരിക്കാൻ നമ്മേ സഹായിക്കുന്നതെങ്ങനെ? (ബി) അനേകം യുവജനങ്ങളും ഡെയിററിംഗ് ആഗ്രഹിക്കുന്നതെന്തുകൊണ്ട്?
5 നിങ്ങൾ യുക്തിപൂർവ്വം കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ വിശ്വസിക്കുന്നയാളാണെങ്കിൽ ഡെയിററിംഗിന്റെ സമീപകാല ഫലങ്ങളെ മാത്രമല്ല ദീർഘകാല ഫലങ്ങളെക്കൂടി കണക്കിലെടുക്കാൻ നിങ്ങളാഗ്രഹിക്കും. അത്തരം ദീർഘദൃഷ്ടിയോടെ കാര്യങ്ങളെ നോക്കിക്കാണാൻ നമ്മുടെ സ്രഷ്ടാവ് നമ്മെ സഹായിക്കുന്നു. യഥാർത്ഥവും നിലനിൽക്കുന്നതുമായ സന്തോഷം നമുക്കുണ്ടായിരിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്റെ വചനത്തിലൂടെ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കിഷ്ടമുളള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക. എന്നാൽ ഇവയൊക്കെയും നിമിത്തം സത്യദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക. ആകയാൽ നിന്റെ ഹൃദയത്തിൽനിന്ന് ശല്യം അകററി, നിന്റെ ദേഹത്തിൽനിന്ന് വിപത്തു നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.” (സഭാപ്രസംഗി 11:9, 10) ഇതിന്റെ അർത്ഥമെന്താണ്?
6 നിങ്ങൾ നിങ്ങളുടെ യൗവനം ആസ്വദിക്കണമെന്നും അതേസമയം നിങ്ങളുടെ പിൽക്കാല ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളിലേർപ്പെടരുതെന്നും സ്രഷ്ടാവ് ആഗ്രഹിക്കുന്നു എന്നാണതിന്റെ അർത്ഥം. ആധുനിക നാളിലെ ഒരെഴുത്തുകാരൻ പ്രസ്താവിച്ച പ്രകാരം, നിർഭാഗ്യവശാൽ പലപ്പോഴും അതുതന്നെ സംഭവിക്കുന്നു: “മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷവും തങ്ങളുടെ അവസാനവർഷങ്ങൾ സങ്കടകരമാക്കിത്തീർക്കാൻ ആദ്യവർഷങ്ങളെ ഉപയോഗിക്കുന്നു.” നിങ്ങൾക്കതു സംഭവിക്കാൻ നിങ്ങളാഗ്രഹിക്കുന്നില്ല, ഉണ്ടോ? അങ്ങനെ സംഭവിക്കാൻ ദൈവവും ആഗ്രഹിക്കുന്നില്ല. എന്നാൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് ദൈവം യുവജനങ്ങളെ ഉത്തരവാദികളാക്കുന്നു എന്നും സഭാപ്രസംഗിയിൽ ബൈബിൾ പ്രകടമാക്കുന്നു. തങ്ങൾ തെരഞ്ഞെടുക്കുന്ന ഗതിയുടെ ഫലങ്ങൾ അനുഭവിക്കുന്നതിന് അവരുടെ യൗവനം ഒരു ഒഴികഴിവായിരിക്കയില്ല.
7 ഇതെല്ലാം ഡെയിററിംഗ് എന്ന സംഗതിയോട് ബന്ധപ്പെട്ടിരിക്കുന്നു. എങ്ങനെ? കൊളളാം, നിങ്ങളോടുതന്നെ ചോദിക്കുക: “ഞാൻ ഡെയിററിംഗ് ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? ഒരു കൂട്ടത്തിന്റെ ഭാഗമെന്നനിലയിൽ എനിക്ക് ആസ്വദിക്കാൻ കഴിയാത്ത എന്താണ് ഞാൻ അന്വേഷിക്കുന്നത്? വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി ജോടി തിരിഞ്ഞു പോകാൻ ഞാൻ ആഗ്രഹിക്കുന്നതെന്തിന്?” എതിർലിംഗവർഗ്ഗത്തിൽപ്പെട്ടവരോടുളള നിങ്ങളുടെ വർദ്ധിച്ചുവരുന്ന ആകർഷണമല്ലേ അതിന്റെ അടിസ്ഥാന കാരണം? ഒരാളുമായി “ഡെയിററിംഗ്” ആഗ്രഹിക്കാനുളള മുഖ്യഘടകം സാധാരണയായി ശാരീരികമായ ആകർഷകത്വമാണെന്ന വസ്തുതയിൽനിന്നും ഇതു വ്യക്തമാണ്.
8 ഡെയിററിംഗ് നടത്തുന്ന അനേകം യുവജനങ്ങളും ഇപ്പോൾ വിവാഹത്തെപ്പററി ഗൗരവമായി ചിന്തിക്കുകയോ ഇപ്പോൾ ഡെയിററിംഗ് നടത്തുന്നയാളെ അവശ്യം വിവാഹ ഇണയായി ആഗ്രഹിക്കുകയോ ചെയ്യുന്നവരല്ല. ഡെയിററിംഗ് ഒരു ആചാരമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളിലും അതു ഒരു വിനോദമായി, ഒരു സായാഹ്നമോ ഒരു വാരാന്ത്യമോ ചെലവഴിക്കാനുളള ഒരു രീതിയായി വീക്ഷിക്കപ്പെടുന്നു. “വ്യത്യസ്ത”രായി വീക്ഷിക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ട് അവരുടെ, പ്രായത്തിൽപ്പെട്ട മററുളളവർ അങ്ങനെ ചെയ്യുന്നതുകൊണ്ട്, ചിലർ ഡെയിററിംഗു നടത്തുന്നു. എന്നാൽ ഡെയിററിംഗ് “ശല്യ”ത്തിലേക്കോ “വിപത്തി”ലേക്കുപോലുമോ നയിച്ചേക്കാം. എന്തുകൊണ്ടെന്നു നമുക്ക് നോക്കാം.
ശാരീരിക സ്പർശനത്തിന്റെ ഫലങ്ങൾ
9-11. (എ) ഡെയിററിംഗിൽ ഏതുതരം ശാരീരിക സ്പർശനമാണ് ഉൾപ്പെട്ടിരിക്കുന്നത്? അതു ക്രമേണ കൂടുതൽ കൂടുതൽ അടുപ്പത്തിലേക്കു നീങ്ങാനുളള ചായ്വുളളതെന്തുകൊണ്ട്? (ബി) അവിവാഹിതരായവരുടെ കാര്യത്തിൽ അതു പിരിമുറുക്കത്തിനു ഇടയാക്കിയേക്കാവുന്നതെന്തുകൊണ്ട്? (സി) ഇത്തരം സ്പർശനങ്ങൾ പരസംഗത്തിലേക്ക് നയിക്കുന്നുവെങ്കിൽ അതു പലതരത്തിലുളള അത്യാഹിതങ്ങൾക്കിടയാക്കാവുന്നതെന്തുകൊണ്ട്?
9 മിക്കപ്പോഴും ഡെയിററിംഗിൽ കരം ഗ്രസിക്കുന്നതോ ചുംബിക്കുന്നതോ അതിലപ്പുറം പോലുമോ ആയ ശാരീരികസ്പർശനം ഉൾപ്പെടുന്നു. ആദ്യമൊക്കെ മറെറയാളിന്റെ കൈകളിൽ സ്പർശിക്കുന്നതു തന്നെ രോമാഞ്ചജനകമാംവണ്ണം രസകരമായിരുന്നേക്കാം. എന്നാൽ കുറേക്കഴിയുമ്പോൾ പുതുമ നശിച്ച് അതേ ഫലം ഉളവാക്കാതാകുന്നു. അതിലുപരിയായി ചുംബനം ആകർഷകമായി തോന്നിയേക്കാം. എന്നാൽ പിന്നീട് അതിന്റെയും പുതുമ നശിച്ച് ഒരു സാധാരണസംഗതിയായി മാറുന്നു. അതെന്തുകൊണ്ടാണ്?
10 കാരണം ലൈംഗികാഗ്രഹം ഉൾപ്പെട്ടിരിക്കുന്നിടത്ത് ഇതൊക്കെയും ഒരു പ്രത്യേക ഫലത്തിലേക്കു നയിക്കാനുദ്ദേശിക്കപ്പെട്ടിട്ടുളള ഒരു സംഭവപരമ്പരയുടെ ഭാഗങ്ങളാണ്. അതിന്റെ ആദ്യകണ്ണിയാണ് ആദ്യസ്പർശനം. അതിന്റെ അവസാനം വിവാഹിത ഇണകൾക്കു മാത്രം അവകാശപ്പെട്ടതെന്ന് ദൈവവചനം വ്യക്തമാക്കുന്ന ലൈംഗികബന്ധമാണ്. അതിനിടക്കുളളതിനെല്ലാം ശൃംഖലയിലെ അവസാനകണ്ണിയിലേക്കു നയിക്കാൻ കഴിയും. അപ്പോൾ നിങ്ങൾ വിവാഹിതരല്ലെങ്കിൽ ആദ്യകണ്ണിയിലോ മറേറതെങ്കിലും കണ്ണിയിലോ ആരംഭമിടുന്നത് ബുദ്ധിപൂർവ്വകമായിരിക്കുമോ? അങ്ങനെ ചെയ്താൽ അതു മിക്കവാറും “ശല്യം” കൈവരുത്തിയേക്കാം. എന്തുകൊണ്ട്? കാരണം ഇപ്പോൾ ലഭിക്കരുതാത്ത ആ അവസാന കണ്ണിക്കുവേണ്ടി നിങ്ങളുടെ ശരീരം തയ്യാറെടുക്കാൻ പോവുകയാണ്. ലൈംഗിക ബന്ധത്തിനുളള ആഗ്രഹം ഉണർത്തിയിട്ട് അതു സഫലീകരിക്കാതെ പോകുന്നത് മോഹഭംഗത്തിലേക്കും പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം.
11 “പരസംഗം” ശല്യം അവസാനിപ്പിക്കുകയില്ല, മറിച്ച് അതു “വിപത്തി”ലേക്കു നയിച്ചേക്കാം. എങ്ങനെ? പലേ വിധങ്ങളിൽ. അതിന്റെ ഫലമായി ലൈംഗിക രോഗങ്ങൾ പിടിപെട്ടേക്കാം. പെൺകുട്ടി ഗർഭം ധരിച്ചേക്കാം. അതു അവരുടെ ഭാവി സന്തോഷത്തെ ദോഷകരമായി ബാധിക്കാൻ തക്കവണ്ണം അവർ വേണ്ടത്ര തയ്യാറെടുപ്പു കൂടാതെ വിവാഹിതരാകാൻ അവരുടെമേൽ നിർബന്ധം ചെലുത്തിയേക്കാം. അല്ലെങ്കിൽ യുവാവ് വിവാഹത്തിന് വിസമ്മതിച്ചിട്ട് യുവതി ഭർത്താവിനെ കൂടാതെ ആ കുഞ്ഞിനെ വളർത്തിക്കൊണ്ടു വരാൻ നിർബന്ധിതയായേക്കാം. അതുമല്ലെങ്കിൽ അവൾ ഒരു തരത്തിലുളള കൊലപാതകമെന്ന് ബൈബിൾ ചൂണ്ടിക്കാണിക്കുന്ന ഗർഭച്ഛിദ്രത്തിന് വിധേയയാകാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അത് ഒരു “വിപത്ത”ല്ലേ? ഡെയിററിംഗിന് നിങ്ങളുടെ മേൽ ഇത്തരം പരിണതഫലങ്ങൾ ഉണ്ടാകുകയില്ലെന്ന് നിങ്ങൾക്ക് തീർച്ചയുണ്ടായിരിക്കാം. എന്നാൽ നിങ്ങളെപ്പോലെ തന്നെ നിശ്ചയമുണ്ടായിരുന്ന അനേകർ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട അവസ്ഥയിൽ ചെന്നു ചാടി. അപ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ വിവാഹത്തിനു തയ്യാറാണോ അല്ലയോ എന്ന ചോദ്യത്തിലേക്കു നാം തിരിച്ചു വരുന്നു.
നിങ്ങളുടെ വ്യക്തിത്വ വികാസം
12, 13. ഡെയിററിംഗ് ഒരുവന്റെ വളർച്ചയെ എങ്ങനെ തടസ്സപ്പെടുത്തിയേക്കാം? അതുകൊണ്ട് ഏതുതരത്തിലുളള ബന്ധങ്ങളായിരിക്കാം കൂടുതൽ പ്രയോജനകരം?
12 ഡെയിററിംഗ് നേരിട്ട് ഒരു “വിപത്തി”ലേക്ക് നയിക്കാത്തപ്പോൾപോലും അതിന് മററ് ബുദ്ധിമുട്ടുകൾക്കിടയാക്കാൻ കഴിയും. അതിലൊന്ന് വളരെ വേഗം നിങ്ങളുടെ താൽപര്യം ഒരാളിലൊതുങ്ങി നിൽക്കാൻ തക്കവണ്ണം ഇടുങ്ങിയതാകാൻ ചായ്വ് കാണിക്കുന്നു എന്നതാണ്. അത് നിങ്ങൾ വൈകാരിക പക്വതയിലേക്കു വളരുന്നതിന് വളരെയധികം വ്യത്യസ്ത തരത്തിലുളള ആളുകളുമായി സഹവസിക്കേണ്ട ആവശ്യമുളള സമയത്താണുതാനും. നിങ്ങൾ ഒരു യുവാവാണെങ്കിൽ ആദ്യം ഒരു യഥാർത്ഥ പുരുഷനായി വളരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിങ്ങളുടെ സഹവാസം ശരിയായതിനോട് ആദരവുളള മററു പുരുഷൻമാരുമായിട്ടായിരിക്കരുതോ? നിങ്ങൾക്ക് പുരുഷത്വ ഗുണങ്ങളും രീതികളും അവരിൽനിന്ന് പഠിക്കാൻ കഴിയും. നിങ്ങൾ ഒരു യുവതിയാണെങ്കിൽ ആദ്യം ഒരു നല്ല സ്ത്രീയായിത്തീരാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്നവരോട് സഹവസിച്ച് സ്ത്രീസഹജമായ പ്രാപ്തികളും രീതികളും വികസിപ്പിക്കുന്നതിൽ എന്തുകൊണ്ട് താൽപര്യമെടുത്തുകൂടാ? ഡെയിററിംഗ് യഥാർത്ഥത്തിൽ അത്തരം വളർച്ചയെ തടസ്സപ്പെടുത്തുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
13 ഡെയിററിംഗ് ഒരു ആചാരമെന്ന നിലയിൽ പ്രചാരത്തിൽ വരുന്നതിന് മുമ്പ് യുവജനങ്ങൾക്ക് സന്തോഷം കൈവരുത്തുന്ന ധാരാളം കാര്യങ്ങളുണ്ടായിരുന്നു. നിങ്ങൾക്കും അങ്ങനെ ഉണ്ടായിരിക്കാൻ കഴിയും. സംഭാഷിക്കുന്നതിലും പഠിക്കുന്നതിലും പ്രാപ്തികൾ വികസിപ്പിക്കുന്നതിലും ഏതെങ്കിലും പദ്ധതികൾ പ്രാവർത്തികമാക്കുന്നതിലും കളികളിലേർപ്പെടുന്നതിലും സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും കാഴ്ചകൾ കാണുന്നതിലും നിങ്ങൾക്ക് യഥാർത്ഥ സന്തോഷം കണ്ടെത്താൻ കഴിയും. ഈ വക കാര്യങ്ങൾ സ്വന്ത ലിംഗവർഗ്ഗത്തിൽപെട്ട ഒരാളുമായോ ഒരു കൂട്ടത്തോടൊത്തോ ചെയ്യുന്നതിൽ വളരെയധികം ആസ്വാദ്യത കണ്ടെത്താൻ കഴിയും. ഗ്രൂപ്പിൽപെട്ടവർ എത്രമാത്രം വ്യത്യസ്തരായിരിക്കുന്നുവോ—ചിലർ നിങ്ങളുടെ പ്രായത്തിലുളളവരും ചിലർ നിങ്ങളേക്കാൾ മൂത്തവരും ചിലർ ഇളയവരുമായിരിക്കാം—അത്രകണ്ട് നിങ്ങളുടെ ആസ്വാദ്യത ഏറിയിരിക്കും.
വിവാഹിതരാകേണ്ടതെപ്പോൾ?
14, 15. (എ) കൗമാരപ്രായത്തിലുളള വിവാഹത്തിന്റെ ഔചിത്യത്തെപ്പററി നിങ്ങൾ എന്തു വിചാരിക്കുന്നു? (ബി) വിവാഹിതരാകാനുളള തങ്ങളുടെ മക്കളുടെ ആഗ്രഹത്തോടുളള ബന്ധത്തിൽ മാതാപിതാക്കൾക്ക് എന്ത് ഉത്തരവാദിത്വമാണുളളത്?
14 എന്നാൽ സ്വാഭാവികമായും ഒരു യുവാവോ യുവതിയോ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന സമയം വന്നെത്തുന്നു. അതിന് ഏററവും ഉചിതമായ സമയം എപ്പോഴാണ്—അതു നിങ്ങൾ കൗമാര പ്രായത്തിലായിരിക്കുമ്പോൾ തന്നെയാണോ? പൊതുവേ പറഞ്ഞാൽ അങ്ങനെയായിരിക്കുന്നില്ല. കാരണം കൗമാര പ്രായത്തിലെ വിവാഹങ്ങൾ ഒരാളോ രണ്ടു പേരുമോ കുറച്ചുകൂടി പക്വതയിലെത്തിയതിനു ശേഷമുളള വിവാഹങ്ങളോളം വിജയിക്കുന്നില്ല എന്ന് കഠിന യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നു. ഒരു മാനവ സമുദായ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടപ്രകാരം: “പൊതുവേ നോക്കിയാൽ കൗമാരപ്രായത്തിലെ വിവാഹങ്ങളുടെ സവിശേഷത കുറച്ചുകൂടി പ്രായമായവരുടെ ഇടയിലെ വിവാഹത്തിലേതിനേക്കാൾ കൂടിയ നിരക്കിൽ വിവാഹമോചനവും അസന്തുഷ്ടിയും ഉണ്ട് എന്നതാണ് എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.”
15 നേരെ മറിച്ച്, അത്തരം ചെറുപ്പക്കാർക്കിടയിലെ വിവാഹങ്ങൾ കർശനമായി വിലക്കുന്നതിന് തിരുവെഴുത്തുപരമായ അടിസ്ഥാനമൊന്നുമില്ല. സാധാരണയായി ഓരോ രാജ്യത്തെയും നിയമങ്ങൾ തങ്ങളുടെ കുട്ടികളുടെ പരമാവധി പ്രയോജനത്തിലേക്കും സന്തുഷ്ടിയിലേക്കും നയിക്കുന്നതും അവരുടെ ഉത്തമ താൽപര്യങ്ങൾക്ക് ഉതകുന്നതെന്ന് തങ്ങൾ വിശ്വസിക്കുന്നതുമായ തീരുമാനങ്ങൾ ചെയ്യുന്നതിന് തങ്ങളുടെ വിവേചന ഉപയോഗിക്കാൻ മാതാപിതാക്കളെ അനുവദിക്കുന്നു. തങ്ങളുടെ അധികാരത്തിൻ കീഴിലുളള പുത്രീപുത്രൻമാരുടെ വിവാഹം അനുവദിക്കുന്നതിനോ അനുവദിക്കാതിരിക്കുന്നതിനോ അവർ തീരുമാനം ചെയ്തേക്കാം. തീർച്ചയായും നമ്മുടെ നാളുകളിലെ അനേകം പ്രശ്നങ്ങളും വിവാഹങ്ങളുടെ ഉയർന്ന പരാജയനിരക്കും അവർ വളരെയധികം ജാഗ്രത പുലർത്താൻ ഇടയാക്കേണ്ടതാണ്. ‘വേഗത്തിൽ വിവാഹിതരാവുകയും സാവകാശം പശ്ചാത്തപിക്കുകയും’ ചെയ്യുന്നതിലും മെച്ചമായി, ചിന്തിക്കുന്ന യുവജനങ്ങളെ ജാഗ്രത പുലർത്താൻ അതു ഇടയാക്കേണ്ടതാണ്. ഒരു വാതിലിനപ്പുറത്ത് എന്താണുളളത് എന്ന് നിശ്ചയമില്ലാത്തപ്പോൾ തുറന്നു കിടക്കുന്നു എന്ന കാരണത്താൽ അതിലേക്കു പാഞ്ഞുകയറുന്നത് മൗഢ്യമാണ്.
ഒരു വിവാഹ ഇണയെ തെരഞ്ഞെടുക്കൽ
16-19. (എ) കോർട്ടിംഗ് അനുവദിക്കപ്പെട്ടിരിക്കുന്നിടങ്ങളിൽ ഗലാത്യർ 5:13-ലെ തത്വത്തിന്റെ ബാധകമാക്കൽ പ്രയോജനകരമെന്ന് തെളിയുന്നതെങ്ങനെ? (ബി) കോർട്ടിംഗിന്റെ ലക്ഷ്യമെന്തായിരിക്കണം? അതുകൊണ്ട് അതിൽ ഏർപ്പെടുന്നവർ എന്തിന് തയ്യാറായിരിക്കണം? (സി) വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി പരിചയപ്പെടുന്നത് ഒററയ്ക്കായിരിക്കുമ്പോഴായിരിക്കാതെ ഒരു കൂട്ടത്തിന്റെ ഭാഗമായിരിക്കുന്നത് നിങ്ങൾക്ക് ഒരു നേട്ടമായിരിക്കുന്നതെന്തുകൊണ്ട്?
16 ചില സ്ഥലങ്ങളിൽ മാതാപിതാക്കളിലൊരാളുടെയോ അല്ലെങ്കിൽ മറെറാരു മുതിർന്നയാളിന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമേ ഒരു യുവാവിനെ ഒരു പെൺകുട്ടിയോടൊപ്പം ആയിരിക്കാൻ അനുവദിക്കുകയുളളു. എന്നാൽ പലേ പാശ്ചാത്യ നാടുകളിലും അങ്ങനെയൊരാളുടെ സാന്നിദ്ധ്യത്തിലല്ലാതെതന്നെ മിക്കപ്പോഴും യുവജനങ്ങൾ ഒന്നിച്ചുകൂടുന്നു. അപ്പോൾ കൂടുതലായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരിക്കുന്നിടത്ത് തന്റെ കോർട്ടിംഗ് യഥാർത്ഥത്തിൽ സന്തോഷകരവും വിജയപ്രദവുമായ ഒരു വിവാഹത്തിലേക്കു നയിക്കുമെന്ന് ഉറപ്പുവരുത്താൻ ഒരു യുവാവിനോ യുവതിക്കോ എന്തുചെയ്യാൻ കഴിയും എന്നതാണ് പ്രശ്നം.
17 സ്വാതന്ത്ര്യം എല്ലായ്പ്പോഴും അതോടൊപ്പം ഉത്തരവാദിത്വവും കൈവരുത്തുന്നു. മേൽപ്പറഞ്ഞ പ്രശ്നമാണ് നിങ്ങൾ ഇപ്പോൾ അഭിമുഖീകരിക്കുന്നതെങ്കിൽ ബൈബിളിൽ ഗലാത്യർ 5:13-ൽ പറഞ്ഞിരിക്കുന്ന തത്വം മനസ്സിൽ പിടിക്കുന്നത് നന്നായിരിക്കും. ക്രിസ്തീയ മതം ആശ്ലേഷിക്കുന്നവർക്ക് അതു കൈവരുത്തുമായിരുന്ന ആത്മീയ സ്വാതന്ത്ര്യത്തെപ്പററിയായിരുന്നു പൗലോസ് അവിടെ സംസാരിച്ചത്. എന്നാൽ ആ തത്വം എല്ലാത്തരം സ്വാതന്ത്ര്യത്തിനും ബാധകമാണ്. വിശേഷിച്ചും നാം അതുവഴി നല്ല ഫലങ്ങളും ദൈവാംഗീകാരവും നേടാൻ ആഗ്രഹിക്കുന്നെങ്കിൽ. അപ്പോസ്തലൻ എഴുതുന്നു: “സഹോദരൻമാരെ, നിങ്ങൾ തീർച്ചയായും സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് പ്രോത്സാഹനമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.” യഥാർത്ഥ സ്നേഹം ദൈവത്തോടും നാം പ്രേമാഭ്യർത്ഥനയുമായി സമീപിക്കുന്ന ആൾ ഉൾപ്പെടെയുളള സഹമനുഷ്യരോടുമുളള സ്നേഹം നമുക്കുളള സ്വാതന്ത്ര്യം സ്വാർത്ഥപരമായും ഉപദ്രവകരമായും ഉപയോഗിക്കാതിരിക്കാൻ നമ്മെ സഹായിക്കും.
18 ഉചിതമായും വിവാഹം ലക്ഷ്യമാക്കി വേണം കോർട്ടിംഗ് നടത്താൻ. അതുകൊണ്ട് ഒരു വ്യക്തി വിവാഹജീവിതത്തിന്റേതായ ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ തയ്യാറാകുന്നതുവരെ അത് ആരംഭിക്കരുത്. തീർച്ചയായും ആരംഭത്തിൽതന്നെ ഒരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നോ എന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുകയില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രം ശ്രദ്ധവയ്ക്കാൻ ധൃതി കൂട്ടാതിരിക്കുന്നത് ബുദ്ധിപൂർവ്വകമായിരിക്കും. എന്നാൽ വെറും തമാശക്കു വേണ്ടിമാത്രം “കോർട്ടിംഗ്” നടത്തുകയോ പലരുടെയടുത്തും മാറിമാറി പ്രേമലീലകൾ കാട്ടുകയോ ചെയ്യുന്നത് ന്യായയുക്തമായിരിക്കുന്നില്ല.
19 നിങ്ങൾക്ക് ആരിലെങ്കിലും പ്രത്യേക “താല്പര്യ”മുണ്ടെങ്കിലും കുറേക്കാലത്തേക്ക് ഒരു കൂട്ടത്തിന്റെ ഭാഗമായി കൂട്ടായ പ്രവർത്തനങ്ങളിൽ ആ ആളുമായുളള സഹവാസം ഒതുക്കി നിർത്താൻ ശ്രമിക്കുന്നത് ബുദ്ധിപൂർവ്വകമായിരിക്കും. എന്തുകൊണ്ട്? കാരണം അങ്ങനെയുളള സാഹചര്യങ്ങളിൽ മിക്കപ്പോഴും അയാൾ യഥാർത്ഥത്തിൽ എപ്രകാരമുളള ഒരു വ്യക്തിയാണെന്നത് സംബന്ധിച്ച് മെച്ചമായ ഒരു ധാരണ നിങ്ങൾക്ക് ലഭിക്കും. എന്തുകൊണ്ടെന്നാൽ മററാരും നമ്മെ പ്രത്യേകാൽ ശ്രദ്ധിക്കുന്നു എന്ന തോന്നലിന്റെ സമ്മർദ്ദം ഇല്ലാത്തപ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ “ആയിരിക്കുന്നതുപോലെ” പ്രത്യക്ഷപ്പെടാൻ ചായ്വ് കാണിക്കുന്നത്. എന്നാൽ രണ്ടു പേർ കൂട്ടം വിട്ടുമാറിക്കഴിയുമ്പോൾ നിങ്ങൾ എന്തായിരിക്കാൻ മറേറയാൾ ആഗ്രഹിക്കുന്നുവോ അത്തരത്തിൽ പ്രത്യക്ഷപ്പെടാൻ, ഒരുപക്ഷേ മറേറയാളിന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രതിബിംബിപ്പിക്കാനാണ് സ്വാഭാവികമായി ചായ്വ് കാണിക്കാറ്. ചിലപ്പോൾ ഇതിന് ഒരാളുടെ യഥാർത്ഥ വ്യക്തിത്വത്തെ മറച്ചു വയ്ക്കാൻ കഴിഞ്ഞേക്കും. ജോടി തിരിഞ്ഞു കഴിയുമ്പോൾ ആളുകൾ കൂടുതൽ വൈകാരികമായി അടുക്കാൻ ഇടയാകുന്നു. അവർ പരസ്പരം ഒരു “റോസ് കണ്ണാടിയിലൂടെ” കാണാൻ തുടങ്ങുന്നു. അത്തരം ഒരു വികാരത്തളളലിന്റെ ഫലമായി രണ്ടു പേർ വിവാഹിതരാകുന്നുവെങ്കിൽ മിക്കപ്പോഴും അവർ ചില പരുക്കൻ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.
20-22. (എ) കോർട്ടിംഗിനോടുളള സത്യസന്ധവും നിസ്വാർത്ഥവുമായ സമീപനം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) നിങ്ങളുടെ ഭാവി ഇണയെ സംബന്ധിച്ച് കോർട്ടിംഗിലൂടെ നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയും? ഒരു ഇണയിൽ ഏതു ഗുണങ്ങളായിരിക്കും നിങ്ങൾ വിശേഷാൽ ആഗ്രഹിക്കുക?
20 സാധാരണയായി ഒരു സ്ത്രീയിൽ താല്പര്യം പ്രകടമാക്കിക്കൊണ്ട് ഒരു പുരുഷനാണ് പ്രേമാഭ്യർത്ഥന നടത്തുന്നതിൽ മുൻകൈ എടുക്കുന്നത്. അയാൾ സത്യസന്ധനും അതു സംബന്ധിച്ച് ഗൗരവമുളളവനുമാണെങ്കിൽ ആ സ്ത്രീക്ക് അയാൾ വിവാഹത്തെപ്പററി ചിന്തിക്കുകയെങ്കിലും ചെയ്യുന്നു എന്ന് വിശ്വസിക്കാൻ മതിയായ കാരണമുണ്ട്. എങ്കിൽ എന്ത്? കൊളളാം അവൾ അയാളുമായി വിവാഹിതയാകാൻ ആഗ്രഹിക്കുന്നതായി വിശ്വസിക്കുന്നുവോ എന്ന് തന്നോടുതന്നെ ചോദിക്കാനുളള കടപ്പാട് അവൾക്കുണ്ട്. തന്റെ ഭാവി ഭർത്താവായി അയാളെ കരുതാൻ സാദ്ധ്യമല്ല എന്ന് അവൾക്ക് തീർച്ചയുണ്ടെങ്കിൽ തന്നിൽ അയാൾ ആഴമായ താൽപര്യം വളർത്താൻ അനുവദിക്കുന്നത് അവളുടെ ഭാഗത്ത് ക്രൂരതയായിരിക്കും. ചിലർ പ്രേമാഭ്യർത്ഥനകൾക്ക് സമ്മതിക്കുന്നത് അത് മററുളളവരുടെ ദൃഷ്ടിയിൽ അവരുടെ ജനസമ്മതിയും യോഗ്യതയും വർദ്ധിപ്പിക്കുമെന്നും അതുവഴി മററു യുവാക്കൾ അവരെ ശ്രദ്ധിക്കാനിടയാക്കുമെന്നും പ്രതീക്ഷിച്ചാണ്. തങ്ങൾക്ക് “രംഗത്ത് ഒന്നു ശോഭിക്കാമെന്നും” രസിക്കാമെന്നും കാര്യങ്ങൾ വളരെ ഗൗരവത്തിലാകുന്നതിനു മുമ്പ് രംഗം വിടാമെന്നും വിചാരിച്ച് ചില യുവാക്കളും അതുപോലെ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ അത്തരം സ്വാർത്ഥപരമായ ഉപയോഗം വലിയ ദ്രോഹത്തിനിടയാക്കുന്നു. അത് സുഖപ്പെടാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവന്നേക്കാവുന്നതരം ആഴമായ മുറിവുകളേൽപ്പിക്കുന്നു.
21 കോർട്ടിംഗിനുളള സ്വാതന്ത്ര്യം നിസ്വാർത്ഥമായി ഉപയോഗിക്കുന്നെങ്കിൽ മാത്രമേ അതു പ്രയോജനം കൈവരുത്തുകയുളളു. നിങ്ങൾ ജീവിതശിഷ്ടം ഒത്തുജീവിക്കാൻ ആഗ്രഹിക്കുന്ന ആളുമായി അടുത്തു പരിചയപ്പെടാനുളള അവസരം അതു പ്രദാനം ചെയ്യുന്നു. അന്യോന്യം എത്രത്തോളം സത്യസന്ധരായിരിക്കുന്നു എന്നതിനെ ആശ്രയിച്ച് നിങ്ങൾക്ക് ഇഷ്ടാനിഷ്ടങ്ങളും നിലവാരങ്ങളും സ്വഭാവരീതികളും വീക്ഷണങ്ങളും അതെ, പ്രകൃതവും മാനസികാവസ്ഥയും പ്രശ്നങ്ങളോടും പ്രയാസങ്ങളോടുമുളള പ്രതിവർത്തനവും എല്ലാം പഠിക്കാൻ കഴിയും. ഉചിതമായും നിങ്ങൾ ഇത്തരം കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കും: അവൻ അല്ലെങ്കിൽ അവൾ ദയയുളളയാളാണോ, മററുളളവരോട് മഹാമനസ്കതയും പരിഗണനയുമുളളയാളാണോ? മാതാപിതാക്കളോടും പ്രായമായവരോടുമുളള ബഹുമാനം സംബന്ധിച്ചെന്ത്? വിനയത്തിന്റെയും എളിമയുടെയും വ്യക്തമായ തെളിവുണ്ടോ, അതോ വമ്പുപറച്ചിലും മർക്കടമുഷ്ടിയുമുളളയാളാണോ? ഞാൻ എന്താണ് കാണുന്നത്, ആത്മനിയന്ത്രണവും സമനിലയുമാണോ, അതോ ദൗർബ്ബല്യവും ബാലിശത്വവും ഒരുപക്ഷേ ദുർമ്മുഖം കാട്ടലും കോപാവേശം പോലുമോ ആണോ? ജീവിതത്തിൽ ഒരു വലിയ അംശം ജോലിയായിരിക്കുന്നതിനാൽ, അലസതയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പണം ദുർവ്യയം ചെയ്യുന്നതിന്റെയും ലക്ഷണങ്ങൾ കാണാനുണ്ടോ? ഭാവി പദ്ധതികൾ സംബന്ധിച്ചെന്ത്? കുടുംബം പുലർത്താൻ ആഗ്രഹമുണ്ടോ? അതോ ഏതെങ്കിലും പ്രത്യേക തൊഴിലിനോട് അഭിരുചിയുണ്ടോ? “കോർട്ടിംഗിലെ അപകട സൂചനകൾ” എന്ന ശീർഷകത്തോടു കൂടിയ ഒരു ലേഖനത്തിൽ ഒരെഴുത്തുകാരൻ പറഞ്ഞിരിക്കുന്നു: “വിവാഹസമ്മതം നടത്തിയവരെയും സന്തുഷ്ടരും അസന്തുഷ്ടരുമായ വിവാഹിതരെയും സംബന്ധിച്ചുളള ഞങ്ങളുടെ പഠനം തെളിയിച്ചിരിക്കുന്നത് വിവാഹിതരിൽ അസന്തുഷ്ടരായവർ ജീവിത ലക്ഷ്യങ്ങളെ സംബന്ധിച്ചും മൂല്യങ്ങളെ സംബന്ധിച്ചും ഒട്ടുംതന്നെ യോജിപ്പിലെത്താൻ കഴിയാത്തവരായിരുന്നു എന്നാണ്.”
22 എല്ലാററിലുമുപരി ദൈവോദ്ദേശ്യങ്ങൾക്ക് മറേറയാളിന്റെ താല്പര്യങ്ങളിലും പദ്ധതികളിലും എന്തു സ്ഥാനമാണുളളത് എന്നറിയാൻ നിങ്ങൾ ആഗ്രഹിക്കേണ്ടതാണ്. അതെ, ചിത്രം പൂർത്തീകരിക്കുമ്പോൾ നിങ്ങൾ അന്യോന്യം എത്രമാത്രം യോജിച്ചവരാണ്? ഗൗരവതരമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വിവാഹം കൊണ്ട് സ്വയമേ എല്ലാം നേരെ ആയിക്കൊളളും എന്ന് വിചാരിച്ച് സ്വയം വഞ്ചിതരാകരുത്. അത് അവയിലുളള ഉരസൽ കൂടുതൽ രൂക്ഷമാക്കാൻ മാത്രമായിരിക്കും ഉപകരിക്കുക.
കോർട്ടിംഗിലെ മാന്യമായ നടത്ത
23-26. (എ) വിവാഹിതരാകാൻ ആലോചിച്ചിരിക്കുന്നവർ തമ്മിൽ കരം ഗ്രസിക്കുന്നതും ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സംബന്ധിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? (ബി) “അയഞ്ഞ നടത്തയും” “അശുദ്ധിയും” സംബന്ധിച്ച് ഒരുവൻ കുററക്കാരനായിത്തീർന്നേക്കാവുന്നതെങ്ങനെ? അത്തരം കാര്യങ്ങൾ ഒഴിവാക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ഗലാത്യർ 5:19, 21)
23 മുതിർന്നയാളുകളുടെ സാന്നിദ്ധ്യം കൂടാതെ സ്വതന്ത്രമായ സഹവാസം മാതാപിതാക്കൾ അനുവദിച്ചുകൊടുത്തിട്ടുളള രാജ്യങ്ങളിൽ കോർട്ടിംഗിൽ ഏർപ്പെടുന്ന ജോടികൾ മിക്കപ്പോഴും സ്നേഹത്തിന്റെ പ്രകടനമായി കരം ഗ്രസിക്കലിലും ചുംബനത്തിലും ആലിംഗനത്തിലും ഏർപ്പെടുന്നു. തങ്ങളുടെ പുത്രീപുത്രൻമാരുടെ പെരുമാററത്തിൽ ഉണ്ടായിരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന നിലവാരം സംബന്ധിച്ച് നിർദ്ദേശം കൊടുക്കാനുളള ഉത്തരവാദിത്വം തീർച്ചയായും മാതാപിതാക്കൾക്കുണ്ട്. ക്രിസ്തീയ സഭയിലെ മൂപ്പൻമാർക്ക് ദൈവവചനത്തിൽ കാണപ്പെടുന്ന ശരിയായ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലേക്ക് യുവജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാവുന്നതാണ്. ജീവിതത്തിൽ ജ്ഞാനപൂർവ്വകമായ ഒരു ഗതി തെരഞ്ഞെടുക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഏതൊരാളും സ്വമനസ്സാലെയും സന്തോഷത്തോടെയും അത്തരം ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കും.
24 വിവാഹ വാഗ്ദാനം ചെയ്തവർ ഉൾപ്പെടെ അവിവാഹിതർക്കിടയിലെ ലൈംഗികബന്ധമായ പരസംഗത്തെ ബൈബിൾ വ്യക്തമായും കുററംവിധിക്കുന്നതു കൂടാതെ അതു കോർട്ടിംഗിനിടയിൽ ഉണ്ടാകാവുന്ന അധാർമ്മികതക്കും “അശുദ്ധി”ക്കുമെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. (ഗലാത്യർ 5:19-21) ഈ മുന്നറിയിപ്പിന് ശ്രദ്ധ കൊടുക്കുന്നവർ വളരെ ദുഃഖത്തിൽനിന്ന് തങ്ങളെത്തന്നെ രക്ഷിക്കുന്നു. കൂടാതെ അവരുടെ ഏതെങ്കിലും ദുഷ്പെരുമാററത്തിന്റെ ഓർമ്മകൾ അവരെ ശല്യപ്പെടുത്തുന്നതിന്റെ അപകടത്തിൽ നിന്നും അവർ ഒഴിവുളളവരായിരിക്കും. എന്നാൽ ബൈബിൾ നിലവാരമനുസരിച്ച് അശുദ്ധമായ പെരുമാററമെന്താണ്? അതിൽ എന്തെല്ലാം ഉൾപ്പെടാം?
25 പരസ്പരം വിവാഹബന്ധത്തിലേർപ്പെടാൻ ആലോചിക്കുന്നവർ തമ്മിൽ കരം ഗ്രസിക്കുന്നത് സ്നേഹത്തിന്റെ നിർമ്മലമായ ഒരു പ്രകടനമായിരിക്കാൻ കഴിയും. അതിന് ഉത്തേജിപ്പിക്കുന്ന ഒരു ഫലമുണ്ടെന്നത് സത്യംതന്നെ. എന്നാൽ അത് സ്വാഭാവികമാണ്. അത് അവശ്യം തെററായിരിക്കുന്നില്ല. ഒരാൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളെ കാണുന്നതുതന്നെ ഉത്തേജജനകമായിരിക്കാം. അതു ‘ഹൃദയമിടിപ്പിനു വേഗത കൂട്ടിയേക്കാം.’ (ഉത്തമഗീതം 4:9) എന്നാലും മാനുഷ പ്രകൃതിയനുസരിച്ച് ശാരീരിക സ്പർശനം ലൈംഗികമായ ആകർഷണം “വർദ്ധിപ്പിക്കുന്നു.” അതുകൊണ്ട് അതിനാലുണ്ടാകാവുന്ന അനന്തരഫലങ്ങളുടെ സാദ്ധ്യത തിരിച്ചറിയുന്നതിനാൽ ചിലർ കോർട്ടിംഗിന്റെ സമയത്ത് ശാരീരിക സ്പർശനം സംബന്ധിച്ച് കർശനമായ നിയന്ത്രണങ്ങൾ സ്വീകരിച്ചേക്കാം. അവരുടെ മനസ്സാക്ഷിപൂർവ്വകമായ ആ നിലപാട് സംബന്ധിച്ച് ആരും അവരെ തരംതാഴ്ത്തുകയോ കളിയാക്കുകയോ ചെയ്യേണ്ടതില്ല.
26 വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ തമ്മിൽ ചുംബിക്കുന്നതും സ്നേഹത്തിന്റെ നിർമ്മലമായ ഒരു പ്രകടനമായിരിക്കാം—അല്ലാതെയുമിരിക്കാം. ഏതളവിൽ ലൈംഗികമായ ഉത്തേജനം ഉണ്ടാകുന്നു എന്നതാണ് പ്രശ്നം. പരസ്പരം ലൈംഗികമായി ഉണർത്തത്തക്കരീതിയിൽ ചുംബിക്കാൻ കഴിയും. ഇത്തരം ഉണർത്തൽ അവരെ ലൈംഗിക ബന്ധത്തിന് ഒരുക്കുന്നു. എന്നാൽ ആ പദവി ദൈവവചനപ്രകാരം വിവാഹിതർക്കു മാത്രമായി വേർതിരിച്ചിരിക്കുന്നതാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പരം ലൈംഗികാവയവങ്ങളിൽ തൊട്ടും തലോടിയുമോ മററു വിധങ്ങളിലോ ലൈംഗികാസക്തി ഉണർത്താൻ തക്കവണ്ണം പെരുമാറിക്കൊണ്ട് മനഃപൂർവ്വമായും ധിക്കാരപൂർവ്വവും ദൈവനിയമങ്ങളെ കാററിൽ പറത്തുന്നുവെങ്കിൽ അവർ “അശുദ്ധിയും” “അഴിഞ്ഞ നടത്തയും” സംബന്ധിച്ച് കുററക്കാരാണ്.
27-30. വിവാഹത്തിനു മുൻപ് ആസക്തി ഉളവാക്കുന്നതരം പെരുമാററം ഒഴിവാക്കുന്നതിന് എന്തു നല്ല കാരണങ്ങളാണുളളത്?
27 നാം നമ്മോടുതന്നെ സത്യസന്ധരായിരിക്കേണ്ടതുണ്ട്. നമുക്ക് ശക്തമായ ആത്മനിയന്ത്രണം ഇല്ല എന്ന് നമുക്കുതന്നെ അറിയാമെങ്കിൽ നമ്മുടെയും മറെറയാളിന്റെയും ഭാവി അപകടത്തിലാക്കാൻ തക്കവണ്ണം ഭാഗ്യപരീക്ഷണത്തിന് നാം തയ്യാറാകരുത്. നിങ്ങളുടെ കാറിന്റെ ബ്രേക്ക് തകരാറിലാണെന്നറിഞ്ഞുകൊണ്ട് കിഴുക്കാംതൂക്കായ കുന്നിൻചെരിവിലൂടെ നിങ്ങൾ കാറോടിക്കുമോ? ആലോചിച്ച് തീരുമാനമെടുക്കേണ്ടത് തുടങ്ങുന്നതിന് മുൻപാണ് അതിനുശേഷമല്ല. ലൈംഗികമായി ആസക്തി ഉണരാൻ തുടങ്ങിക്കഴിഞ്ഞാൽ സാധാരണയായി അതിന്റെ വികാസത്തെ തടയുക വളരെ പ്രയാസമാണ്. ലൈംഗികബന്ധം ആഗ്രഹിക്കുന്ന പരിധിവരെ ആസക്തി വളരാൻ അനുവദിക്കുന്നവർ വിവാഹം മൂലം ഉളള അവകാശം ഇല്ലാത്തപ്പോൾ തങ്ങൾക്കുതന്നെ പിരിമുറുക്കത്തിനും ഇച്ഛാഭംഗത്തിനും ഇടയാക്കുന്നു. അതു വളരെ രസകരമായ ഒരു പുസ്തകം വായിച്ചിട്ട് അതിന്റെ അവസാന അദ്ധ്യായം നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തുന്നതുപോലെയാണ്.
28 പ്രേമാഭ്യർത്ഥനയുടെ കാലഘട്ടത്തിൽ തങ്ങളുടെ ബന്ധങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നവർ കൂടെക്കൂടെ നിയന്ത്രണം വിട്ട് അടുപ്പം കാണിക്കുന്നവരെക്കാൾ മെച്ചമായ രീതിയിൽ തങ്ങളുടെ വിവാഹ ജീവിതത്തിന് തുടക്കം കുറിക്കുന്നു. തന്നിൽനിന്ന് ‘അകററി നിർത്താൻവേണ്ടി താൻ ബദ്ധപ്പെടേണ്ടിവരുന്ന’ ഒരാളോട് എന്തു ബഹുമാനമാണ് ഒരു പെൺകുട്ടിക്ക് തോന്നുക? എന്നാൽ ആദരപൂർവ്വകമായ നിയന്ത്രണവും ആത്മബലവും പ്രകടമാക്കുന്ന ഒരു യുവാവ് ബഹുമാനം ആർജ്ജിക്കുന്നു. അത് ഒരു പെൺകുട്ടിയെ സംബന്ധിച്ചും സത്യമാണ്. അവളുടെ വികാരങ്ങൾ ഉണർത്താൻ കുറച്ചു സമയം ആവശ്യമായിരുന്നേക്കാമെങ്കിലും ഒരു പുരുഷന്റെ സ്ഥിതി അതല്ല എന്ന് ഒരു പെൺകുട്ടി വിശേഷാൽ തിരിച്ചറിയേണ്ടതുണ്ട്. അയാൾ വളരെ എളുപ്പത്തിലും വേഗത്തിലും ലൈംഗികമായി ഉണർത്തപ്പെടാൻ കഴിയും.
29 കൂടെക്കൂടെയുളളതും കൂടുതൽ തീവ്രതരമായതുമായ വൈകാരിക പ്രകടനങ്ങൾ അകാലികമായ വിവാഹത്തിലേക്ക് നയിച്ചേക്കാം. താരുണ്യവും യൗവനവും എന്ന പുസ്തകം പറയുന്നു: “കോർട്ടിംഗിന്റെ ആദ്യഘട്ടം അസാദ്ധ്യമാംവണ്ണം ശൃംഗാരപരമാണ്. ആ ഘട്ടത്തിൽ വിവാഹത്തിൽ ഏർപ്പെടുന്ന വ്യക്തി ഒരു വിവാഹത്തിൽനിന്ന് ലഭിക്കാത്ത പലതും പ്രതീക്ഷിക്കാൻ ഇടയായേക്കാം. ദീർഘമായ കോർട്ടിംഗ് മറേറയാളെ കുറച്ചുകൂടി ന്യായയുക്തമായ രീതിയിൽ മനസ്സിലാക്കുന്നതിന് ഇടയാക്കുന്നു. തൽഫലമായി പരസ്പരധാരണയോടുകൂടിയ ഒരു വിവാഹം സാദ്ധ്യമാണ്.” എന്നാൽ ദീർഘമായ കോർട്ടിംഗിന് ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്. അല്ലാഞ്ഞാൽ ലൈംഗികാസക്തി അപകടകരമാംവണ്ണം വികാസം പ്രാപിച്ചേക്കാം.
30 കോർട്ടിംഗിന്റെ കാലത്ത് നിയന്ത്രണം വിട്ട് വികാരപ്രകടനത്തിനിട നൽകിയാൽ അത് വിവാഹാനന്തര ജീവിതത്തിൽ ഗൗരവതരമായ സംശയങ്ങളും ആശങ്കകളും ഉണർത്തിയേക്കാം. ഞങ്ങൾ യഥാർത്ഥ സ്നേഹത്തിന്റെ പേരിലാണോ വിവാഹിതരായത്? അതോ ഞങ്ങൾ വികാരത്തളളലിൽ മുങ്ങിപ്പോയതാണോ? അതു ബുദ്ധിപൂർവ്വകമായ ഒരു തീരുമാനമായിരുന്നോ? എന്നിങ്ങനെ ദമ്പതികൾ സംശയിക്കാൻ തുടങ്ങിയേക്കാം. ഒരു വ്യക്തിയെന്നനിലയിൽ തന്നെ കണക്കാക്കാതെ തന്റെ ശാരീരികാകർഷണം കൊണ്ടുമാത്രമായിരുന്നില്ലേ ഭർത്താവ് തന്നെ വിവാഹം കഴിച്ചത് എന്ന് ചിന്തിച്ചുകൊണ്ട് ഒരു പെൺകുട്ടി ഭർത്തൃസ്നേഹത്തിന്റെ ആത്മാർത്ഥതയെ സംശയിക്കാൻ ചിലപ്പോൾ ചായ്വ് കാണിച്ചേക്കാം.
31, 32. തങ്ങളുടെ കോർട്ടിംഗിനെ വികലമാക്കുന്നതരം വികാരോദ്ദീപകമായ പെരുമാററം ഒഴിവാക്കാൻ പ്രണയബദ്ധർക്ക് എന്ത് സഹായകമായിരുന്നേക്കാം?
31 അതുകൊണ്ട് നിങ്ങളെയും നിങ്ങളുടെ ഭാവി സന്തുഷ്ടിയെയും സംരക്ഷിക്കുന്നതിന് വികാരപ്രകടനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ഏകാന്തവും ഇരുണ്ടതുമായ സ്ഥലങ്ങൾ നിങ്ങളുടെ കോർട്ടിംഗ് മാന്യമായിരിക്കാൻ സഹായകമല്ല. അതുപോലെതന്നെ അന്യോന്യം ശൃംഗാരചേഷ്ടകൾ കാട്ടുകയല്ലാതെ മറെറാന്നും ചെയ്യാനില്ലാത്ത സാഹചര്യങ്ങളും സഹായകമായിരിക്കയില്ല. എന്നാൽ സ്കെയിററിംഗ്, ടെന്നീസ് എന്നിവപോലുളള കളികൾ, ഒരു നേരം ഒരുമിച്ച് ഒരു ഹോട്ടലിൽനിന്ന് ആഹാരം കഴിക്കൽ ഒരു കാഴ്ചബംഗ്ലാവോ മററതുപോലെ സുന്ദരവും രസകരവുമായ ഒരു സ്ഥലം സന്ദർശിക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിർമ്മലമായ ധാരാളം ആസ്വാദ്യത കണ്ടെത്താൻ കഴിയും. അടുത്ത പരിചയക്കാരിൽനിന്ന് അകന്നിരിക്കുന്നതിനാൽ ഒരളവിലുളള സ്വകാര്യത ആസ്വദിക്കാനും അതേ സമയം സകലരിൽ നിന്നും ഒററപ്പെട്ടിരിക്കാത്തതിനാലുളള സംരക്ഷണം ആസ്വദിക്കാനും നിങ്ങൾക്കു കഴിയും.
32 കൂടാതെ ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ നിങ്ങൾക്ക് “നഷ്ടമാകുന്ന”തിനേപ്പററി ചിന്തിക്കാതെ ഭാവിയിലേക്ക് നിങ്ങൾ എന്തിനായി തയ്യാറെടുക്കുന്നു എന്ന് ചിന്തിക്കുക. അപ്പോൾ ഭാവികാലത്തെല്ലാം നിങ്ങളുടെ കോർട്ടിംഗിലേക്ക് വെറുപ്പോടെയും കുററബോധത്തോടെയും അല്ല സന്തോഷത്തോടെയും സംതൃപ്തിയോടെയും നിങ്ങൾക്ക് പിന്തിരിഞ്ഞു നോക്കാൻ കഴിയും.
[അധ്യയന ചോദ്യങ്ങൾ]
[153-ാം പേജിലെ ചിത്രം]
കോർട്ടിംഗ് നിയന്ത്രണമില്ലാത്ത കാമചേഷ്ടകളുടെ ഒരു പരമ്പരയാണെങ്കിൽ വിജയകരമായ വിവാഹത്തെ സംബന്ധിച്ച ഭാവി പ്രതീക്ഷകളെ അതെങ്ങനെ ബാധിക്കും?
[155-ാം പേജിലെ ചിത്രം]
യുവജനങ്ങൾക്ക് പങ്കുപററാവുന്ന നിർമ്മലമായ ആസ്വാദനങ്ങൾ ധാരാളം ഉണ്ട്