വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും നിങ്ങളെ വിളിച്ചറിയിക്കുന്നു

നിങ്ങളുടെ വസ്‌ത്രധാരണവും ചമയവും നിങ്ങളെ വിളിച്ചറിയിക്കുന്നു

അധ്യായം 7

നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​വും ചമയവും നിങ്ങളെ വിളി​ച്ച​റി​യി​ക്കു​ന്നു

1-4. നാം വസ്‌ത്ര​ധാ​രണം ചെയ്യുന്ന രീതി നാം അകമെ എങ്ങനെ​യു​ള​ള​വ​രാണ്‌ എന്ന്‌ വെളി​വാ​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഉദാഹ​ര​ണങ്ങൾ നൽകുക.

 ഒരു വയലിൽ വിരിഞ്ഞു നിൽക്കുന്ന വസന്തപു​ഷ്‌പ​ങ്ങ​ളു​ടെ വർണ്ണ വൈവി​ധ്യ​ങ്ങൾ കണ്ട്‌ നിങ്ങൾ വിസ്‌മ​യ​ഭ​രി​ത​രാ​യി​ട്ടു​ണ്ടോ? അല്ലെങ്കിൽ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശത്തെ മൽസ്യ​ങ്ങ​ളിൽ കാണുന്ന സുന്ദര​മായ വർണ്ണവ്യ​ത്യാ​സങ്ങൾ കണ്ട്‌ നിങ്ങൾ അതിശ​യി​ച്ചി​ട്ടു​ണ്ടോ? ഈ കാഴ്‌ചകൾ നമ്മുടെ സ്രഷ്‌ടാവ്‌ വൈവി​ദ്ധ്യ​വും സൗന്ദര്യ​വും വിലമ​തി​ക്കു​ന്നു എന്ന്‌ നമ്മെ ബോദ്ധ്യ​പ്പെ​ടു​ത്തു​ന്നു. എല്ലാം വിരസ​വും നിറം മങ്ങിയ​തും ഒരേ തരത്തി​ലു​ള​ള​തു​മാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നില്ല. ലോക​ത്താ​ക​മാ​ന​മു​ളള ആളുകൾക്കി​ട​യി​ലെ അനേകം വ്യത്യസ്‌ത വസ്‌ത്ര​ധാ​രണ രീതികൾ നിരീ​ക്ഷി​ക്കു​ന്നത്‌ എത്ര രസകര​മാണ്‌! എന്നാൽ നിങ്ങൾ പുറമേ കാണ​പ്പെ​ടു​ന്നത്‌ അകമേ നിങ്ങൾ എങ്ങനെ​യു​ളള ആളാണ്‌ എന്ന്‌ എത്രമാ​ത്രം വെളി​പ്പെ​ടു​ത്തും എന്ന്‌ ചിന്തി​ക്കാൻ നിങ്ങൾ സമയ​മെ​ടു​ത്തി​ട്ടു​ണ്ടോ?

2 നിങ്ങൾ വളരെ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി ഒരുപക്ഷേ നിങ്ങൾ ഏതുതരം വ്യക്തി​യാണ്‌ എന്നത്‌ അത്ര ഏറെ വെളി​പ്പെ​ടു​ത്തി​യില്ല. നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളാണ്‌ നിങ്ങൾക്കു വേണ്ട വസ്‌ത്രം തെര​ഞ്ഞെ​ടു​ക്കു​ക​യും നിങ്ങളു​ടെ മുടി ചീകു​ക​യും മററും ചെയ്‌തി​രു​ന്നത്‌. എന്നാൽ നിങ്ങൾ അല്‌പം​കൂ​ടി വളർന്ന​പ്പോൾ നിങ്ങളു​ടെ വസ്‌ത്രങ്ങൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​തും കേശാ​ല​ങ്കാ​ര​വും മററും സംബന്ധിച്ച്‌ കൂടു​ത​ലാ​യി സ്വന്തം തീരു​മാ​നങ്ങൾ ചെയ്യാൻ അവർ നിങ്ങളെ അനുവ​ദി​ച്ചു. അപ്പോൾ നിങ്ങൾ നിങ്ങളു​ടെ അഭിരു​ചി​കൾ പ്രകട​മാ​ക്കാൻ തുടങ്ങി. നിങ്ങൾ അകമേ എങ്ങനെ​യി​രി​ക്കു​ന്നു, നിങ്ങളു​ടെ വ്യക്തി​ത്വം എങ്ങനെ​യു​ള​ളത്‌ എന്ന്‌ നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി കൂടുതൽ കൂടുതൽ പ്രതി​ഫ​ലി​പ്പി​ക്കാൻ തുടങ്ങി. നിങ്ങളു​ടെ വസ്‌ത്ര​ങ്ങ​ളും നിങ്ങളു​ടെ ചമയവും നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

സമനില പാലി​ക്കു​ക

3 തങ്ങളെ​പ്പ​റ​റി​ത്തന്നെ ദുരഭി​മാ​ന​മു​ള​ള​യാ​ളു​കൾ പലപ്പോ​ഴും അവരുടെ ഫാഷൻഭ്ര​മ​ത്താൽ അതു പ്രകട​മാ​ക്കു​ന്നു. തങ്ങളുടെ വസ്‌ത്ര​ധാ​ര​ണ​ത്താ​ലും രൂപഭം​ഗി​യാ​ലും മററു​ള​ള​വരെ “വെല്ലാൻ” അവർ ആഗ്രഹി​ക്കു​ന്നു. എന്നാൽ ചമയങ്ങ​ളിൽ അങ്ങേയ​ററം അശ്രദ്ധ കാണി​ച്ചു​കൊ​ണ്ടും ഒരുവന്‌ ദുരഭി​മാ​ന​വും സ്വാർത്ഥ​ത​യും പ്രകട​മാ​ക്കാൻ കഴിയും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഇങ്ങനെ അശ്രദ്ധ കാണി​ക്കു​ന്നവൻ അപ്രകാ​രം ചെയ്യു​ന്നത്‌ അലസത കൊണ്ടാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും അപ്പോൾപോ​ലും തന്റെ ചമയം മററു​ള​ള​വ​രു​ടെ​മേൽ ഉളവാ​ക്കുന്ന ഫലം സംബന്ധിച്ച്‌ സ്വാർത്ഥ​പ​ര​മായ, “എനിക്ക​തൊ​രു പ്രശ്‌നമല്ല” എന്ന മനോ​ഭാ​വ​വും ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ തന്നെപ്പ​റ​റി​ത്തന്നെ വലിപ്പം വിചാ​രി​ക്കാ​ത്ത​വ​നും മററു​ള​ള​വ​രോട്‌ പരിഗണന ഉളളവ​നു​മായ ആൾ ഈ രണ്ട്‌ അമിത​ത്വ​ങ്ങൾക്കും ഇടക്കാ​യി​രി​ക്കും. അയാളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി നല്ല അഭിരു​ചി​യും മിതത്വ​വും പ്രകട​മാ​ക്കും.

4 വെറും പഴഞ്ചനാ​യി കാണ​പ്പെ​ടാ​തി​രി​ക്കാൻ ഏററം ആധുനി​ക​മായ വസ്‌ത്ര​ധാ​ര​ണ​രീ​തി​കൾ സ്വീക​രി​ക്കണം എന്നാണ്‌ ചില യുവജ​നങ്ങൾ വിചാ​രി​ക്കു​ന്നത്‌. എന്നാൽ “അറുപ​ഴ​ഞ്ച​നും” “അത്യന്താ​ധു​നി​കനു”മായി​രി​ക്കു​ന്ന​തിന്‌ ഇടയ്‌ക്കു ഒരു നിലയുണ്ട്‌. നിങ്ങൾ അവിടെ നിൽക്കു​ന്നു​വെ​ങ്കിൽ എപ്പോ​ഴും ഉചിത​മാ​യി വസ്‌ത്ര​ധാ​രണം ചെയ്യു​ക​യും അതേ സമയം ചരടു വലിക്കു​മ്പോ​ഴൊ​ക്കെ ചാടി​ക്ക​ളി​ക്കുന്ന ഒരു പാവ​യെ​പ്പോ​ലെ ഓരോ ഫാഷനും മാറു​ന്ന​ത​നു​സ​രിച്ച്‌ മാറാ​തി​രി​ക്ക​യും ചെയ്യും.

5-7. (എ) ഒരുവൻ വസ്‌ത്ര​ധാ​ര​ണ​ത്തി​ലെ അത്യന്താ​ധു​നിക രീതി​കൾക്കൊ​ത്തു പോകാൻ ശ്രമി​ക്കു​മ്പോൾ ആർക്കാണ്‌ യഥാർത്ഥ​ത്തിൽ നേട്ടമു​ണ്ടാ​കു​ന്നത്‌? (ബി) ഒരുവന്‌ ഏറെ പണമി​ല്ലെ​ങ്കി​ലും അവന്റെ വസ്‌ത്ര​ധാ​രണം എങ്ങനെ​യാണ്‌ അവന്‌ ആത്മാഭി​മാ​നം ഉണ്ട്‌ എന്ന്‌ തെളി​യി​ക്കു​ന്നത്‌? (സി) ഫിലി​പ്യർ 2:3, 4-ലും റോമർ 15:2-ലും കാണ​പ്പെ​ടുന്ന തത്വം നമ്മുടെ വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ ബാധക​മാ​കാ​വു​ന്ന​തെ​ങ്ങനെ?

5 നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: എന്റെ ഫാഷൻ ഭ്രമം​കൊണ്ട്‌ ഏതായാ​ലും ആർക്കാണ്‌ നേട്ടമു​ണ്ടാ​വുക? വാസ്‌ത​വ​ത്തിൽ വാണി​ജ്യ​ലോ​ക​മാണ്‌ പുതിയ ഫാഷനു​കൾക്ക്‌ തുടക്ക​മി​ടു​ന്ന​തും പ്രോ​ത്സാ​ഹനം കൊടു​ക്കു​ന്ന​തും. അവർക്ക്‌ ഒരു വലിയ താല്‌പ​ര്യ​മുണ്ട്‌: പണമു​ണ്ടാ​ക്കുക എന്നതു​തന്നെ. നാം അവരുടെ കയ്യി​ലേക്കു കളിച്ചു കൊടു​ത്താ​ലോ? അത്‌ അവർക്ക്‌ നേട്ടമു​ണ്ടാ​ക്കും. നമുക്കോ, യാതൊ​രു യഥാർത്ഥ പ്രയോ​ജ​ന​വും ലഭിക്ക​യു​മില്ല.

6 ചമയങ്ങ​ളു​ടെ കാര്യ​ത്തി​ലു​ളള അശ്രദ്ധ പണപര​മാ​യി നിങ്ങൾക്ക്‌ ലാഭ​മെന്ന്‌ തോന്നി​യേ​ക്കാം. എന്നാൽ മററു വിധങ്ങ​ളിൽ അതു നിങ്ങൾക്കു വളരെ നഷ്ടം വരുത്തു​ന്നു. അതു മൂലം നിങ്ങൾക്ക്‌ ഒരു ജോലി ലഭിക്കാ​തെ പോ​യേ​ക്കാം. അല്ലെങ്കിൽ മററു​ള​ള​വ​രു​ടെ ആദരവ്‌ നഷ്ടമാ​യേ​ക്കാം. ഒരുവന്റെ വസ്‌ത്രങ്ങൾ അത്ര വിലപി​ടി​പ്പു​ള​ള​ത​ല്ലെ​ങ്കിൽ കൂടി അതു വൃത്തി​യാ​യും ഭംഗി​യാ​യും സൂക്ഷി​ക്കു​ന്നു​വെ​ങ്കിൽ അയാൾ ആത്‌മാ​ഭി​മാ​ന​മു​ള​ള​വ​നാണ്‌ എന്ന്‌ അത്‌ തെളി​യി​ക്കും. അങ്ങനെ​യു​ള​ള​വനെ മററു​ള​ളവർ കൂടുതൽ ആദരി​ക്ക​യും അവനിൽ വിശ്വാ​സം അർപ്പി​ക്കു​ക​യും ചെയ്യും.

7 നമ്മുടെ ജീവി​ത​ത്തി​ലെ സകല കാര്യ​ങ്ങ​ളി​ലും നാം അനുവർത്തി​ക്കേണ്ട ഒരു നല്ല നിയമം റോമർക്കു​ളള ലേഖനം 15:2-ൽ കാണ​പ്പെ​ടു​ന്നു: “നമ്മിൽ ഓരോ​രു​ത്തൻ കൂട്ടു​കാ​രനെ നൻമയ്‌ക്കാ​യിട്ട്‌ ആത്‌മിക വർദ്ധന​യ്‌ക്കു​വേണ്ടി പ്രസാ​ദി​പ്പി​ക്കണം.” നാം നമ്മെത്തന്നെ കാണു​ന്ന​തി​ലും കൂടു​ത​ലാ​യി മററു​ള​ള​വ​രാണ്‌ നമ്മെ കാണു​ന്നത്‌, എങ്കിൽ അവർക്ക്‌ കാണാൻ കൊള​ളാ​വുന്ന തരത്തി​ലാ​യി​രി​ക്കാൻ നാം ശ്രമി​ക്കേണ്ടേ? അവർക്ക്‌ അവരു​ടെ​തന്നെ വേഷം സംബന്ധിച്ച്‌ ലജ്ജ തോന്നാ​നി​ട​യാ​ക്കുന്ന തരത്തിൽ അല്ല, മറിച്ച്‌, നാം അവരുടെ വികാ​ര​ങ്ങളെ മാനി​ക്കു​ന്നു എന്ന്‌ പ്രകട​മാ​ക്കുന്ന രീതി​യിൽ തന്നെ.

വസ്‌ത്ര​ത്താൽ തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു

8-11. (എ) വിവിധ ഗണത്തി​ലോ തരത്തി​ലോ ഉളള ആളുകൾ അവരുടെ വസ്‌ത്ര​ത്താൽ തിരി​ച്ച​റി​യ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യാണ്‌? (ബി) അതു​കൊണ്ട്‌ ഒരുവന്റെ വസ്‌ത്ര​ധാ​രണ രീതി​യിൽനിന്ന്‌ ആളുകൾ എന്തു നിഗമനം ചെയ്‌തേ​ക്കാം; ഇതു പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചേ​ക്കാ​വു​ന്ന​തെ​ങ്ങനെ?

8 നിങ്ങളു​ടെ വസ്‌ത്ര​ധാ​രണ രീതി മറെറാ​രു പ്രകാ​ര​ത്തി​ലും നിങ്ങ​ളെ​ക്കു​റി​ച്ചു ചിലതു വെളി​പ്പെ​ടു​ത്തു​ന്നു. നിങ്ങൾ ഒരു പ്രത്യേക കൂട്ടത്തിൽ അല്ലെങ്കിൽ വിഭാ​ഗ​ത്തിൽപ്പെ​ട്ട​വ​നാണ്‌ എന്ന്‌ അതു തിരി​ച്ച​റി​യി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുൻപ്‌ ബൈബിൾ എഴുത​പ്പെട്ട കാലത്തും ഇത്‌ സത്യമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ രണ്ടു രാജാ​ക്കൻമാർ എന്ന ബൈബിൾ പുസ്‌ത​ക​ത്തിൽ അഹസ്യാ​വു രാജാ​വി​നോട്‌ അദ്ദേഹ​ത്തി​ന്റെ സേവകൻമാർ തങ്ങൾ കണ്ടുമു​ട്ടി​യ​തും തങ്ങൾക്ക്‌ ഒരു സന്ദേശം തന്നയച്ച​തു​മായ ഒരു മനുഷ്യ​നെ​പ്പ​റ​റി​പ്പ​റ​യു​ന്നത്‌ നാം വായി​ക്കു​ന്നു. രാജാവ്‌ ചോദി​ച്ചു: “ആ മമനു​ഷ്യ​ന്റെ വേഷം എന്തായി​രു​ന്നു?” അവർ അവന്റെ വേഷം വിവരി​ച്ച​പ്പോൾ രാജാവ്‌ ഉടനെ പറഞ്ഞു: “അത്‌ ഏലിയാവ്‌ ആയിരു​ന്നു.” അദ്ദേഹം അത്‌ എങ്ങനെ അറിഞ്ഞു? ഏലിയാവ്‌ ഒരു പ്രവാ​ച​കന്റെ പ്രത്യേക വേഷം ധരിച്ചി​രു​ന്ന​തി​നാൽ തന്നെ.—2 രാജാ​ക്കൻമാർ 1:2, 5-8.

9 ഒരു പ്രവാ​ച​ക​നാ​യി തിരി​ച്ച​റി​യ​പ്പെ​ടുക എന്നത്‌ ഒരു ബഹുമ​തി​ത​ന്നെ​യാ​യി​രു​ന്നു. എന്നാൽ ഒരാളു​ടെ വസ്‌ത്ര​ധാ​രണ രീതിക്ക്‌ ആ വ്യക്തിയെ അപമാ​ന​ക​ര​മായ കാര്യ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടു​ത്താൻ കഴിയും എന്നാണ്‌ ബൈബി​ളിൽനി​ന്നു​ളള മറെറാ​രു ഉദാഹ​രണം തെളി​യി​ക്കു​ന്നത്‌. ഒരു പ്രത്യേക കാര്യ​സാ​ദ്ധ്യ​ത്തി​നു​വേണ്ടി യഹൂദാ​യു​ടെ മകന്റെ ഭാര്യ ഒരു വിധവ​യാ​യി തന്നെ തിരി​ച്ച​റി​യി​ക്കുന്ന വസ്‌ത്രം നീക്കി ഒരു പുതപ്പും മൂടു​പ​ട​വും ധരിച്ച്‌ പാതവ​ക്കിൽ ഇരുന്നു. യഹൂദാ അതുവഴി വന്നപ്പോൾ, രേഖ പറയു​ന്ന​പ്ര​കാ​രം “അവൾ [മൂടു​പ​ടം​കൊണ്ട്‌] മുഖം മൂടി​യി​രു​ന്ന​തി​നാൽ ഒരു വേശ്യ​യെന്ന്‌ നിരൂ​പി​ച്ചു.” അവളുടെ വസ്‌ത്രം, അവൾ ആ കാലത്തെ ഒരു വേശ്യ​യാ​യി തോന്നാ​നി​ട​യാ​ക്കി.—ഉല്‌പത്തി 38:13-15.

10 അന്നത്തെ​പ്പോ​ലെ​തന്നെ ഇന്നും നമ്മുടെ വസ്‌ത്ര​ധാ​ര​ണ​രീ​തിക്ക്‌ ചില പ്രത്യേ​ക​തരം ആളുക​ളു​മാ​യി, നാം അവരെ​പ്പോ​ലെ പ്രവർത്തി​ക്ക​യോ വിശ്വ​സി​ക്ക​യോ ചെയ്യു​ന്നി​ല്ലെ​ങ്കിൽക്കൂ​ടി, നമ്മേ ബന്ധപ്പെ​ടു​ത്താൻ കഴിയും. അത്തരത്തിൽ വസ്‌ത്ര​ധാ​രണം ചെയ്യു​ന്ന​വ​രോട്‌ നമുക്ക്‌ അനുഭാ​വ​മു​ണ്ടെ​ന്നെ​ങ്കി​ലും ആളുകൾ അനുമാ​നി​ക്കും. നമുക്ക്‌ അതിന്‌ അവരെ കുററ​പ്പെ​ടു​ത്താൻ കഴിയു​മോ?

11 വസ്‌ത്ര​ധാ​രണ രീതി പോലീ​സു​കാ​രെ​യോ അഗ്നിശ​മ​ന​ക്കാ​രെ​യോ നേഴ്‌സു​മാ​രെ​യോ മാത്രമല്ല തിരി​ച്ച​റി​യി​ക്കു​ന്നത്‌; അവമാ​ന​ക​ര​മായ തൊഴി​ലു​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വ​രേ​യും അതു തിരി​ച്ച​റി​യി​ക്കും. ഏതാണ്ട്‌ മൂവാ​യി​രത്തി അഞ്ഞൂറ്‌ വർഷങ്ങൾക്ക്‌ മുൻപ്‌ കനാനിൽ ചെയ്‌തി​രു​ന്ന​തു​പോ​ലെ ഇന്ന്‌ വേശ്യകൾ പുതപ്പോ മൂടു​പ​ട​മോ ധരിക്കാ​റില്ല. എന്നാൽ തുറന്നു​കാ​ട്ടു​ന്ന​തും വശീക​രി​ക്ക​ത്ത​ക്ക​തു​മായ അവരുടെ വസ്‌ത്ര​ധാ​രണം ഇപ്പോൾ അവരുടെ തൊഴി​ലി​നെ കൂടുതൽ വ്യക്തമാ​ക്കി കാട്ടുന്നു. പുരു​ഷൻമാർക്കി​ട​യിൽ വിപ്ലവ​ത്തെ​യോ വിപ്ലവ​ക​ര​മായ രാഷ്‌ട്രീയ നീക്കങ്ങ​ളെ​യോ അനുകൂ​ലി​ക്കു​ന്ന​വ​രും അതു​പോ​ലെ സ്വവർഗ്ഗ​സം​ഭോ​ഗി​ക​ളും ചില പ്രത്യേക തരം വസ്‌ത്രം ധരിക്കു​ന്നു. ഇങ്ങനെ​യു​ള​ള​വ​രു​മാ​യി ബന്ധപ്പെ​ടു​ത്തി മററു​ള​ളവർ നമ്മേ വീക്ഷി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നു​ണ്ടോ? നാം അവരെ​പ്പോ​ലെ വസ്‌ത്ര​ധാ​രണം ചെയ്യു​ന്നു​വെ​ങ്കിൽ അതിന്റെ ഫലമായി—നാം ഒരു തൊഴിൽ അന്വേ​ഷി​ക്കു​മ്പോ​ഴോ ക്രിസ്‌തീയ സഭയിലെ ചില പദവി​കൾക്കു അർഹത സമ്പാദി​ക്കാൻ ശ്രമി​ക്കു​മ്പോ​ഴോ—നമുക്കു പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​ന്നു​വെ​ങ്കിൽ അതിൽ ആശ്ചര്യം തോ​ന്നേ​ണ്ട​തു​ണ്ടോ?

കേശാ​ല​ങ്കാര മാതൃക നിർണ്ണ​യി​ക്കേ​ണ്ടത്‌ എന്തിന്റെ അടിസ്ഥാ​ന​ത്തിൽ

12-15. (എ) ഇക്കാലത്ത്‌ ഏതുതരം കേശാ​ല​ങ്കാ​ര​രീ​തി​കൾ വളരെ​യ​ധി​കം ശ്രദ്ധ ആകർഷി​ക്കും എന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? എന്തു​കൊണ്ട്‌? (ബി) 1 പത്രോസ്‌ 3:3-ൽ നൽക​പ്പെ​ട്ടി​രി​ക്കുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ മുഖ്യാ​ശ​യ​മെന്ത്‌? (സി) 1 കൊരി​ന്ത്യർ 11:14, 15-ന്റെ അർത്ഥ​മെന്ത്‌? ഇപ്പോ​ഴത്തെ പ്രവണ​ത​ക​ളോ​ടു​ളള ബന്ധത്തിൽ നിങ്ങളത്‌ എങ്ങനെ ബാധക​മാ​ക്കും? (ഡി) പുരു​ഷൻമാർ സ്‌ത്രീ​ക​ളെ​പ്പോ​ലെ മുടി നീട്ടി ധരിക്കു​ന്നു​വെ​ങ്കിൽ അതു അവരെ സംബന്ധിച്ച്‌ എന്തിന്റെ സൂചന​യാ​യി മററു​ള​ള​വർക്കു തോന്നി​യേ​ക്കാം?

12 നിങ്ങൾക്ക്‌ വിവിധ രീതി​യിൽ നിങ്ങളു​ടെ മുടി ക്രമീ​ക​രി​ക്കാൻ കഴിയും. നൂററാ​ണ്ടു​ക​ളി​ലൂ​ടെ കേശാ​ല​ങ്കാര രീതികൾ വിവിധ രാജ്യ​ങ്ങ​ളി​ലും വിവിധ കാലഘ​ട്ട​ങ്ങ​ളി​ലും വ്യത്യ​സ്‌ത​ങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ നിങ്ങൾ എന്തു മാതൃക സ്വീക​രി​ക്കു​ന്നു എന്നത്‌ ഏതെങ്കി​ലും വ്യത്യാ​സം ഉളവാ​ക്കു​ന്നു​വോ? ഉവ്വ്‌, മനുഷ്യ​രു​ടെ അഹങ്കാരം ചില​പ്പോൾ അങ്ങേയ​റ​റത്തെ ചില കേശാ​ല​ങ്കാര മാതൃ​ക​കൾക്ക്‌ കാരണ​മാ​യി​രു​ന്നി​ട്ടുണ്ട്‌. ഇക്കാര​ണ​ത്താൽ ക്രിസ്‌തീയ അപ്പോ​സ്‌ത​ലൻമാ​രായ പത്രോ​സും പൗലോ​സും ക്രിസ്‌തീയ സ്‌ത്രീ​കളെ അമിത​ത്വ​ങ്ങൾ ഒഴിവാ​ക്കാ​നും കേശാ​ല​ങ്കാ​ര​ത്തിന്‌ അമിത പ്രാധാ​ന്യം കൊടു​ക്കാ​തി​രി​ക്കാ​നും ഉപദേ​ശി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ കണ്ടെത്തി. പത്രോസ്‌ എഴുതി: “നിങ്ങളു​ടെ അലങ്കാരം തലമുടി പിന്നു​ന്ന​തും സ്വർണ്ണാ​ഭ​ര​ണങ്ങൾ അണിയു​ന്ന​തും പോലെ പുറ​മേ​യു​ള​ള​താ​യി​രി​ക്ക​രുത്‌.”—1 പത്രോസ്‌ 3:3.

13 എന്നാൽ ഈ അടുത്ത​കാ​ലത്ത്‌ യുവാ​ക്ക​ളു​ടെ കേശാ​ല​ങ്കാര രീതികൾ—പ്രത്യേ​കി​ച്ചും നീണ്ട മുടി​യും നീണ്ടകൃ​താ​വും—വിശേ​ഷാൽ ശ്രദ്ധയാ​കർഷി​ച്ചി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും ബൈബിൾ കാലങ്ങ​ളിൽ പുരു​ഷൻമാർ സാധാ​ര​ണ​യാ​യി ഇന്നു മിക്ക രാജ്യ​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്ന​തി​ലും നീളത്തിൽ മുടി ധരിച്ചി​രു​ന്നി​ല്ലേ? നിസം​ശ​യ​മാ​യും അവർ ധരിച്ചി​ട്ടുണ്ട്‌. എന്നാൽ മറെറാ​രു കാര്യ​വും കൂടി തീർച്ച​യാണ്‌. അതെന്താണ്‌? സ്‌ത്രീ​ക​ളു​ടേ​തി​നേ​ക്കാൾ എല്ലായ്‌പ്പോ​ഴും പുരു​ഷൻമാ​രു​ടെ മുടിക്ക്‌ നീളം കുറവാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ പൗലോ​സിന്‌ ഗ്രീസ്സി​ലെ കൊരി​ന്ത്യ സഭയ്‌ക്ക്‌ എഴുതി​യ​പ്പോൾ ഇങ്ങനെ പറയാൻ കഴിഞ്ഞത്‌. “പുരുഷൻ മുടി നീട്ടി​യാൽ അത്‌ അവന്‌ അപമാ​ന​മെ​ന്നും സ്‌ത്രീ മുടി നീട്ടി​യാ​ലോ അത്‌ അവൾക്ക്‌ മാനം എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പി​ക്കു​ന്നി​ല്ല​യോ?” (1 കൊരി​ന്ത്യർ 11:14, 15) “പ്രകൃതി” എങ്ങനെ​യാണ്‌ ഇതു നമ്മേ പഠിപ്പി​ക്കു​ന്നത്‌?

14 ഒരു സംഗതി, പൗലോസ്‌ ആർക്കെ​ഴു​തി​യോ അവരുടെ ഇടയിൽ, ശേമ്യ​രേ​യും യൂറോ​പ്യ​രേ​യും പോലെ ചുരുണ്ട മുടി​യു​ളള ആളുകൾക്കി​ട​യിൽ, സ്‌ത്രീ​ക​ളു​ടെ​യും പുരു​ഷൻമാ​രു​ടെ​യും മുടി സ്വാഭാ​വി​ക​മാ​യി എത്ര​ത്തോ​ളം വളരാം എന്ന കാര്യ​ത്തിൽ സാരമായ വ്യത്യാ​സ​മുണ്ട്‌. മിക്കവ​രു​ടെ​യും കാര്യ​ത്തിൽ പ്രകൃ​ത്യാ തന്നെ പുരു​ഷൻമാ​രു​ടെ മുടിക്കു നീളം കുറവാണ്‌. അതേ സമയം സ്‌ത്രീ​ക​ളു​ടേ​തി​നേ​ക്കാൾ കുറച്ച്‌ ഒരു മിതമായ നീളത്തിൽ പുരു​ഷൻമാ​രു​ടെ മുടി വെട്ടി നിറു​ത്തു​ന്ന​താണ്‌ “സ്വഭാ​വിക”വും ഉചിത​വും യോഗ്യ​വു​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ ആളുകൾ പരക്കെ അംഗീ​ക​രി​ച്ചി​രി​ക്കു​ന്നു. ഒരു പുരു​ഷ​നോ ബാല്യ​ക്കാ​ര​നോ ഒരു സ്‌ത്രീ​യാ​ണെന്ന്‌ തോന്നാൻ തക്കവണ്ണം മുടി​നീ​ട്ടു​ന്നത്‌ സ്വാഭാ​വി​കമല്ല. മറിച്ച്‌ അത്‌ സ്വവർഗ്ഗ​സം​ഭോ​ഗം വർദ്ധിച്ചു വരുന്ന ഒരു കാലഘ​ട്ട​ത്തി​ന്റെ​യും അത്തരം പ്രദേ​ശ​ങ്ങ​ളു​ടെ​യും ഒരു പ്രത്യേ​ക​ത​യാണ്‌. സ്വവർഗ്ഗ​സം​ഭോ​ഗം “പ്രകൃതി വിരുദ്ധ”മാണെ​ന്നും അതു ദൈവ​ദൃ​ഷ്ടി​യിൽ അയോ​ഗ്യ​വും വെറു​ക്ക​ത്ത​ക്ക​തും ആണെന്നും ബൈബിൾ പ്രകട​മാ​ക്കു​ന്നു.—റോമർ 1:26, 27.

15 ഇതു നമ്മെ കഠിന​മാ​യി നിയ​ന്ത്രി​ക്കു​ന്നു​വോ? ഇല്ല. എന്തു​കൊ​ണ്ടെ​ന്നാൽ വസ്‌ത്ര​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അസ്വാ​ഭാ​വി​ക​മോ ലജ്ജാക​ര​മോ ആയിരി​ക്കാ​തെ​തന്നെ തൃപ്‌തി​ക​ര​മാ​യും ആകർഷ​ക​മാ​യും മുടി ക്രമീ​ക​രി​ക്കു​ന്ന​തിന്‌ വളരെ വൈവി​ധ്യ​മാർന്ന അനേകം രീതി​ക​ളുണ്ട്‌. ദൈവ​ദൃ​ഷ്ടി​യിൽ സ്വീകാ​ര്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ അതിർ ലംഘി​ക്കാ​തെ​തന്നെ രസാവ​ഹ​മായ വൈവി​ധ്യ​ങ്ങ​ളാ​സ്വ​ദി​ക്കാൻ കഴിയും.

സൗന്ദര്യ വർദ്ധക വസ്‌തു​ക്കൾ സംബന്ധി​ച്ചെന്ത്‌?

16-19. (എ) സൗന്ദര്യ​വർദ്ധ​ക​വ​സ്‌തു​ക്ക​ളു​ടെ ഉപയോ​ഗം സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? (ബി) അവയ്‌ക്ക്‌ ചില​പ്പോൾ എന്തു മോശ​മായ ഫലങ്ങൾ ഉണ്ടാ​യേ​ക്കാം? (സി) ഇക്കാര്യ​ത്തിൽ ബൈബിൾ തത്വങ്ങൾ എപ്രകാ​ര​മാണ്‌ ഒരു സന്തുലി​ത​മായ മാർഗ്ഗ​നിർദ്ദേശം നൽകു​ന്നത്‌?

16 അതിപു​രാ​ത​ന​കാ​ലങ്ങൾ മുതൽ മനുഷ്യർ സൗന്ദര്യ വർദ്ധക വസ്‌തു​ക്കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ എന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു. ആളുകൾ വസ്‌ത്രം ധരിക്കു​ന്നത്‌ വെറുതെ ശരീരം മറയ്‌ക്കാൻ മാത്രമല്ല, മറിച്ച്‌ ആകർഷ​ക​മാ​യി പ്രത്യ​ക്ഷ​പ്പെ​ടാൻ കൂടി​യാണ്‌ എന്ന്‌ നമുക്ക​റി​യാം. തങ്ങളുടെ സാന്നി​ദ്ധ്യം അതിലു​പരി സുഖദാ​യ​ക​മാ​ക്കാൻ വേണ്ടി പുരാതന എബ്രായർ പലപ്പോ​ഴും സുഗന്ധ​ദ്ര​വ്യ​ങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നു. ത്വക്കിന്റെ വരൾച്ച അകററു​ന്ന​തി​നും സൗന്ദര്യം വർദ്ധി​പ്പി​ക്കു​ന്ന​തി​നും ചില സൗന്ദര്യ​വർദ്ധക വസ്‌തു​ക്കൾ, പ്രത്യേ​കിച്ച്‌ ലേപനങ്ങൾ അവർ ഉപയോ​ഗി​ച്ചി​രു​ന്നു എന്നുള​ള​തിന്‌ തെളി​വുണ്ട്‌.

17 എങ്കിൽ ഇന്ന്‌ ദൈവാം​ഗീ​കാ​രം നേടി​ത്ത​രുന്ന കാര്യങ്ങൾ ചെയ്യാ​നാ​ഗ്ര​ഹി​ക്കുന്ന യുവതി​കളെ നയിക്കു​ന്നത്‌ എന്തായി​രി​ക്കണം? എല്ലാ കാര്യ​വും “ലജ്ജാശീ​ല​ത്തോ​ടും സുബോ​ധ​ത്തോ​ടും, മനസ്സിന്റെ [ആരോ​ഗ്യ​ത്തോ​ടും]” കൂടെ ചെയ്യാ​നും “നിങ്ങളു​ടെ അലങ്കാരം ദൈവ​സ​ന്നി​ധി​യിൽ വില​യേ​റിയ സൗമ്യ​ത​യും സാവധാ​ന​ത​യു​മു​ളള മനസ്സ്‌ എന്ന അക്ഷയ ഭൂഷണ​മായ ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യൻ ആയിരി​ക്ക​ണ​മെ​ന്നും” ഉളള നല്ല ഉപദേശം അവർ അനുസ​രി​ക്കേ​ണ്ട​തുണ്ട്‌.—1 തിമൊ​ഥെ​യോസ്‌ 2:9, 10; 1 പത്രോസ്‌ 3:3, 4.

18 സൗന്ദര്യ​വർദ്ധക വസ്‌തു​ക്കൾക്ക്‌ പലപ്പോ​ഴും ഗുണ​ത്തേ​ക്കാ​ളേറെ ദോഷം ചെയ്യാൻ കഴിയും എന്ന്‌ പെൺകു​ട്ടി​കൾ തിരി​ച്ച​റി​യു​ന്നത്‌ തീർച്ച​യാ​യും നല്ലതാണ്‌. സൗന്ദര്യ​മു​ള​ള​വ​രു​ടെ സൗന്ദര്യം നശിപ്പി​ക്കാ​നോ സൗന്ദര്യം കുറഞ്ഞ​വ​രു​ടെ മുഖം കൂടുതൽ വിരൂ​പ​മാ​ക്കാ​നോ അവയ്‌ക്കു കഴിയും. കൂടാതെ സൗന്ദര്യ​വർദ്ധക വസ്‌തു​ക്കൾ, അവ സൃഷ്ടി​ക്കുന്ന കൃത്രിമ സൗന്ദര്യ​ത്തേ​ക്കാൾ സുന്ദര​മായ യൗവന​ത്തി​ന്റെ പ്രസരിപ്പ്‌ മറയ്‌ക്കു​ന്നു.

19 പെൺകു​ട്ടി​കൾ സൗന്ദര്യ​വർദ്ധക വസ്‌തു​ക്കൾ അമിത​മാ​യി ഉപയോ​ഗി​ക്കു​ന്നത്‌ പലപ്പോ​ഴും അവരുടെ ബലഹീന വശങ്ങളി​ലേക്കു ശ്രദ്ധയാ​കർഷി​ക്കാ​നേ ഉപകരി​ക്ക​യു​ളളു. അതിലും മോശ​മാ​യി അതു (സൗന്ദര്യ​ത്തേ​ക്കാൾ ആകർഷ​ക​വും കൂടുതൽ നിലനിൽക്കു​ന്ന​തു​മായ) വ്യക്തിത്വ ഗുണം പ്രകട​മാ​ക്കു​ന്ന​തും ശ്രദ്ധി​ക്ക​പ്പെ​ടു​ന്ന​തും തടഞ്ഞേ​ക്കാം. ഇത്തരം വസ്‌തു​ക്ക​ളു​ടെ അമിത​മായ ഉപയോ​ഗം മററു​ള​ള​വ​രു​ടെ ദൃഷ്ടി​യിൽ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തെ വികൃ​ത​മാ​ക്കു​ക​യും കാല​ക്ര​മ​ത്തിൽ അതുവഴി നിങ്ങൾ പ്രദർശി​പ്പി​ക്കുന്ന വിലകു​റഞ്ഞ മാതൃ​ക​യ്‌ക്കൊ​ത്ത​വണ്ണം നിങ്ങളു​ടെ വ്യക്തി​ത്വം രൂപ​പ്പെ​ടു​ത്താൻ ചായ്‌വ്‌ വരുത്തു​ക​യും ചെയ്‌തേ​ക്കാം.

ശരിയായ മാർഗ്ഗ​നിർദ്ദേശം അനുസ​രി​ക്കു​ക

20-22. (എ) വസ്‌ത്ര​ത്തെ​യും ചമയങ്ങ​ളെ​യും സംബന്ധിച്ച നിയമ​ങ്ങൾക്കു പകരം എന്താണ്‌ നാം ബൈബി​ളിൽ കാണു​ന്നത്‌? അതു​കൊണ്ട്‌ ഇവ ബാധക​മാ​ക്കാൻ നമ്മിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? (സദൃശ​വാ​ക്യ​ങ്ങൾ 2:10, 11) (ബി) മക്കൾക്കു വേണ്ടി കൂടു​ത​ലായ മാർഗ്ഗ​നിർദ്ദേ​ശങ്ങൾ നൽകാൻ മാതാ​പി​താ​ക്കൾക്ക്‌ അവകാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

20 ദൈവ​വ​ച​ന​ത്തിൽ ഈ കാര്യങ്ങൾ സംബന്ധിച്ച്‌ കൃത്യ​മായ നിയമ​ങ്ങ​ളില്ല. എന്നാൽ പകരം നല്ല മാർഗ്ഗ​നിർദ്ദേ​ശങ്ങൾ നൽക​പ്പെ​ട്ടി​ട്ടുണ്ട്‌. യുവജ​നങ്ങൾ ഒരു സന്തുലിത വീക്ഷണം ഉണ്ടായി​രി​ക്കാൻ ശ്രമി​ക്കേ​ണ്ട​തുണ്ട്‌. ബൈബിൾ അതിന്‌ അവരെ സഹായി​ക്കും.

21 കൂടു​ത​ലായ മാർഗ്ഗ​നിർദ്ദേ​ശങ്ങൾ നൽകാൻ സ്വാഭാ​വി​ക​മാ​യും നിങ്ങളു​ടെ മാതാ​പി​താ​ക്കൻമാർക്ക്‌ അവകാ​ശ​മുണ്ട്‌. നിങ്ങൾ വസിക്കുന്ന വീട്‌ ഒട്ടും യോജി​ക്കാ​ത്ത​തും വിചി​ത്ര​വു​മായ ചായക്കൂ​ട്ടു​കൾ കൊണ്ട്‌ പൂശി​യി​രു​ന്നെ​ങ്കിൽ വീട്ടു​ട​മ​യ്‌ക്കോ അയാളു​ടെ ഭാര്യ​യ്‌ക്കോ അല്‌പ​മെ​ങ്കി​ലും ബോധ​മു​ണ്ടോ എന്ന്‌ ആളുകൾ സംശയി​ക്കു​മാ​യി​രു​ന്നു. അല്ലെങ്കിൽ വീട്‌ ഉപേക്ഷിച്ച നിലയി​ലും ഇടിഞ്ഞു പൊളി​ഞ്ഞും കിടന്നാൽ ആ വീട്ടു​ട​മ​യെ​പ്പ​ററി ആർക്കും ഒരു ബഹുമാ​ന​വും തോന്നു​ക​യില്ല. വീടി​നേ​ക്കാൾ കൂടു​ത​ലാ​യി നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്കൻമാ​രെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു. നിങ്ങൾ അവരുടെ പേരി​നോട്‌ ബന്ധപ്പെട്ട്‌ അറിയ​പ്പെ​ടു​ന്നു. നിങ്ങൾ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങൾപോ​ലെ​തന്നെ നിങ്ങളു​ടെ ചമയങ്ങ​ളും അവർ ഏതുതരം ആളുക​ളാ​ണെ​ന്നും നിങ്ങൾക്ക്‌ ഏതുതരം പരിശീ​ലനം നൽകി​യി​രി​ക്കു​ന്നു എന്നും കാണി​ക്കു​ന്നു. അതിലും പ്രധാ​ന​മാ​യി നിങ്ങൾ ദൈവ​ത്തി​ന്റെ ദാസൻമാ​രി​ലൊ​രാ​ളാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു​വെ​ങ്കിൽ നിങ്ങൾ ദൈവ​ത്തേ​യും പ്രതി​നി​ധാ​നം ചെയ്യുന്നു. നിങ്ങളു​ടെ ചമയങ്ങൾ ആ അവകാ​ശ​വാ​ദ​ത്തിന്‌ യോജി​ക്കു​ന്നു​വോ?

22 യേശു​വി​ന്റെ വാക്കുകൾ പരിചി​ന്തി​ക്കുക: “ഇതു നിങ്ങൾ അറിയു​ന്നു​വെ​ങ്കിൽ ചെയ്‌താൽ ഭാഗ്യ​വാൻമാർ.” (യോഹ​ന്നാൻ 13:17) നിങ്ങൾക്കു​തന്നെ ബൈബിൾ ഉപദേ​ശി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ പൊരുൾ മനസ്സി​ലാ​ക്കാൻ കഴിയു​ന്നു​ണ്ടോ? ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം നിങ്ങളു​ടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ യഥാർത്ഥ ഉൾക്കാ​ഴ്‌ച​യും ശക്തമായ ഒരു വ്യക്തി​ത്വ​വു​മു​ണ്ടെന്ന്‌ പ്രകട​മാ​ക്കാൻ കഴിയും. അപ്പോൾ നിങ്ങൾ ദൈവ​ത്തി​ന്റെ​യും അവന്റെ പുത്ര​ന്റെ​യും അവനെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ​യും മുൻപിൽ സ്വീകാ​ര്യ​രാണ്‌ എന്നറി​യു​ന്ന​തിൽ ഉളള സന്തോഷം നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും.

[അധ്യയന ചോദ്യ​ങ്ങൾ]

[53-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നിങ്ങളുടെ വസ്‌ത്ര​ധാ​രണ രീതി നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു പറയുന്നു?