നിങ്ങളുടെ ശരീരത്തെ പരിപാലിക്കൽ
അധ്യായം 6
നിങ്ങളുടെ ശരീരത്തെ പരിപാലിക്കൽ
1, 2. ഏതെല്ലാം വിധങ്ങളിലാണ് മാനുഷശരീരം യഥാർത്ഥത്തിൽ ഒരു അത്ഭുത നിർമ്മിതിയായിരിക്കുന്നത്?
ജ്ഞാനിയായ ശലോമോൻ മാനുഷശരീരത്തെ വാതിലുകളും ജനലുകളുമുളള ഒരു വീടിനോട് ഉപമിച്ചിരിക്കുന്നു. നൂററാണ്ടുകൾക്കുശേഷം ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് അതിനെ “ഈ വാസഗൃഹം” എന്നു വിളിച്ചു. (സഭാപ്രസംഗി 12:3-7; 2 കൊരിന്ത്യർ 5:1, 2) ഒരു വീടിന്റെ കാര്യത്തിലെന്നപോലെ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിൽനിന്ന് പൂർണ്ണപ്രയോജനം ലഭിക്കണമെങ്കിൽ അതിന് ശരിയായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
2 നിങ്ങളുടെ ശരീരത്തെ പരിപാലിക്കുന്ന കാര്യത്തിൽ നിങ്ങൾ ഏതുതരം വീടു സൂക്ഷിപ്പുകാരനാണ്? നിങ്ങളുടെ ശരീരത്തെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? നിങ്ങൾ വിലമതിക്കേണ്ടതാണ്. കാരണം മാനുഷശരീരം യഥാർത്ഥത്തിൽ എല്ലാ ഭൗമികസൃഷ്ടികളിലും വച്ച് അത്യത്ഭുതകരമായ ഒരു നിർമ്മിതിതന്നെ. ഇന്നോളം കണ്ടുപിടിക്കപ്പെട്ടിട്ടുളള ഏതൊരു കംപ്യൂട്ടറിനേക്കാളും യന്ത്രോപകരണത്തേക്കാളും സങ്കീർണ്ണമാണ് നിങ്ങളുടെ ശരീരം. അത് അനായാസം പ്രവർത്തിക്കുന്നതും അത്ഭുതകരമായ കാര്യക്ഷമതയുളളതും പരമാവധി വഴക്കമുളളതുമാണ്. മാനുഷശരീരത്തിലെ എല്ലാ അസ്ഥികളും മാംസപേശികളും രക്തധമനികളും ഒരു വലപോലെയുളള നാഡീവ്യൂഹങ്ങളും അതോടൊപ്പം മററ് അവയവങ്ങളും ശരീരഭാഗങ്ങളും എല്ലാം ചേർന്നു ഒററ ഘടകമെന്നപോലെ യോജിപ്പിൽ പ്രവർത്തിക്കുന്നതോർത്താൽ അതു നമ്മേ അമ്പരപ്പിക്കുന്നു. അപ്പോസ്തലനായ പൗലോസ് എഴുതിയപ്രകാരം അവയവങ്ങൾ പലതുണ്ടെങ്കിലും “ശരീരം ഒന്നു” മാത്രം. നാം ഇതു ഓർമ്മയിൽ വയ്ക്കുന്നതും “ഒരു അവയവം കഷ്ടം അനുഭവിക്കുന്നുവെങ്കിൽ അവയവങ്ങൾ ഒക്കെയും കഷ്ടം അനുഭവിക്കുന്നു” എന്നുളള അവന്റെ പ്രസ്താവനയുടെ അർത്ഥം ഗ്രഹിക്കുന്നതും ഉചിതമായിരിക്കും. അതെ, ഒരു ശരീരത്തിൽ ശതകോടിക്കണക്കിന് കോശങ്ങളുണ്ടെങ്കിലും ശരീരം ഒന്നുതന്നെ. നിങ്ങളുടെ യൗവനവും മുഴുജീവിതവും പരമാവധി ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗത്തെയും അവഗണിക്കുക സാദ്ധ്യമല്ല.—1 കൊരിന്ത്യർ 12:12, 14-26.
3-5. (എ) നിങ്ങൾ നിങ്ങളുടെ ശരീരത്തിന് എങ്ങനെ ശ്രദ്ധകൊടുക്കുന്നു എന്നതു ആരെയാണ് ബാധിക്കുന്നത്? (റോമർ 14:7, 8) (ബി) ‘നാം വിതക്കുന്നതു നാം കൊയ്യും’ എന്ന തത്വം നാം ശരീരത്തിന് ശ്രദ്ധകൊടുക്കുന്ന കാര്യത്തിൽ എപ്രകാരമാണ് സത്യമായിരിക്കുന്നത്?
3 എന്നാൽ നിങ്ങളുടെ ശരീരത്തിന് നിങ്ങളാലാവുന്നത്ര മെച്ചമായ ശ്രദ്ധ കൊടുക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കാൻ ഇതിലും കൂടുതലായ, ശക്തമായ കാരണവുമുണ്ട്. അത് നിങ്ങളുടെ സ്രഷ്ടാവിനും നിങ്ങളുടെ മാതാപിതാക്കൾക്കും ബഹുമതി കൈവരുത്താനും നിങ്ങളുടെ അയൽക്കാർക്ക് നൻമ ചെയ്യാൻ കഴിയേണ്ടതിനുമാണ്. മോശമായ നിലയിൽ ഇട്ടിരിക്കുന്ന ഒരു വീട് അതിന്റെ രൂപസംവിധായകനും നിർമ്മാതാവിനും ബഹുമതി കൈവരുത്തുന്നില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലും വൃത്തിഹീനമായും ദുർഗന്ധം വമിക്കുംവിധവുമായിരുന്നാൽ അത് അടുത്ത ചുററുപാടുകളെപ്പോലും മോശമായി ബാധിക്കും. നാം നമ്മുടെ ശരീരത്തെ ശരിയായി പാലിക്കാതിരുന്നാലും സ്ഥിതി അതുതന്നെ.
4 ‘നാം വിതയ്ക്കുന്നതു നാം കൊയ്യും’ എന്ന ബൈബിൾ തത്വം നമ്മുടെ ശരീരത്തിന് ശ്രദ്ധ കൊടുക്കുന്ന കാര്യത്തിലും സത്യമാണ്. (ഗലാത്യർ 6:7) “വിളവ്” നന്നായിരിക്കുന്നതോ മോശമായിരിക്കുന്നതോ നമ്മേത്തന്നെ ആശ്രയിച്ചിരിക്കും. കൊയ്ത്താരംഭിക്കാൻ ഒരുവൻ അല്ലെങ്കിൽ ഒരുവൾ പ്രായമാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. അതിലും വളരെ വളരെ വേഗം, ചിലപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ അത് ആരംഭിക്കും.
5 അത് “അസുഖം ബാധിക്കുന്നതിനെ” ഒഴിവാക്കുന്ന ഒരു സംഗതി മാത്രമല്ല. നല്ല ആരോഗ്യം ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കണം. അത് സന്തോഷത്തിനും സൽപ്രവൃത്തികൾക്കും തെളിവായ ചിന്തയ്ക്കും സഹായകമാണ്. അത് മററുളളവർ നിങ്ങളുടെ സാന്നിദ്ധ്യം ആഗ്രഹിക്കാൻ തക്കവണ്ണം ഹൃദ്യമായ ഒരു വ്യക്തിത്വമുണ്ടായിരിക്കാൻ നിങ്ങളെ സഹായിക്കും. എങ്കിൽ, ക്രമമായ ശ്രദ്ധ അർഹിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
സമീകൃതാഹാരത്തിന്റെ പ്രാധാന്യം
6-8. താഴെപ്പറയുന്നവയോടുളള ബന്ധത്തിൽ ഒരു സമീകൃതാഹാരക്രമത്തിന്റെ പ്രാധാന്യത്തെപ്പററി ചില വിശദാംശങ്ങൾ നൽകുക (എ) ധാന്യകം, (ബി) മാംസ്യം, (സി) ധാതുക്കൾ, (ഡി) ജീവകങ്ങൾ.
6 നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്നതിലും അപ്പുറം കൂടുതലായി ചിലതു ചെയ്യുന്നു. നിങ്ങളുടെ ശരീരത്തെ പരിരക്ഷിച്ചു നിലനിർത്തുന്നതിനാവശ്യമായ നിർമ്മാണ വസ്തുക്കൾ അതു നൽകുന്നു. പഞ്ചസാരയിലും റൊട്ടിയിലും ഉരുളക്കിഴങ്ങിലും മററും കണ്ടുവരുന്ന ധാന്യകം നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണം മിക്കവാറും അത്തരം സാധനങ്ങൾ മാത്രം അടങ്ങിയതാണെങ്കിലെന്ത്? മധുരപാനീയങ്ങളും മധുരവസ്തുക്കളും ഭക്ഷിച്ചു കഴിയാൻ ശ്രമിച്ചാലോ? അനുദിനം നടക്കേണ്ട കേടുപോക്കലിനാവശ്യമായ വസ്തുക്കളുടെ പോരായ്മകൊണ്ട് ശരീരത്തിന് തകരാറ് സംഭവിക്കാൻ തുടങ്ങുന്നു.
7 പാലിലും പാലടയിലും പയറിലും മാംസത്തിലും മൽസ്യത്തിലും മററും കാണുന്നയിനം മാംസ്യം ക്രമമായി നിങ്ങൾക്ക് ആവശ്യമാണ്. അവ ഇല്ലാഞ്ഞാൽ നിങ്ങളുടെ മാംസപേശികൾ ബലവും ഉറപ്പും ഇല്ലാത്തതായിത്തീരുകയും വളർച്ച മുരടിച്ചുപോകയും ചെയ്യുന്നു. ധാതുക്കളും നിങ്ങൾക്കാവശ്യമാണ്. അവ ലഭിക്കാഞ്ഞാൽ നിങ്ങളുടെ പല്ലുകൾ ക്ഷയിക്കുകയും അസ്ഥികൾ ബലഹീനമാവുകയും ചെയ്യും. ഇലക്കറികളിൽ ധാതുക്കൾ സമൃദ്ധമായുണ്ട്. നിങ്ങൾക്ക് ജീവകങ്ങൾ ആവശ്യമാണ്. കാരണം അവയാണ് ശരീരത്തിന്റെ രാസഘടനയെ നിയന്ത്രിക്കുന്നത്. കൂടാതെ അവ നമ്മെ ചിലയിനം രോഗങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ജീവകങ്ങൾ മുഖ്യമായും ലഭിക്കുന്നത് പഴങ്ങളിൽനിന്നും ധാന്യങ്ങളിൽ നിന്നുമാണ്. കൂടാതെ നിങ്ങൾക്ക് ജലം ധാരാളം ആവശ്യമാണ്. കാരണം അതാണ് രക്തത്തിന്റെയും കോശദ്രാവകങ്ങളുടെയും അടിസ്ഥാനം.
8 നിങ്ങൾക്ക് അറുപതോ എഴുപതോ വയസ്സു പ്രായമാകുമ്പോൾ മാത്രമല്ല നിങ്ങളുടെ നവയൗവനത്തിൽതന്നെ നല്ല ഭക്ഷണക്രമത്തിന്റെയോ മോശമായ ഭക്ഷണക്രമത്തിന്റെയോ ഫലങ്ങൾ കൊയ്യാൻ കഴിയും. വിദ്യാർത്ഥികൾക്ക് നല്ല ക്രമീകൃതാഹാരം നൽകിയപ്പോൾ പഠിക്കാനുളള അവരുടെ പ്രാപ്തി മെച്ചപ്പെട്ടതായി ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു. ഗുണം കുറഞ്ഞ ഭക്ഷണം സാധാരണയായി കാര്യക്ഷമതയും കുറയ്ക്കുന്നു. മാത്രമല്ല ആളുകൾ അപകടങ്ങളിൽ ചെന്നു ചാടുന്നതിനുളള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അത് ശരീരത്തിന്റെ ആരോഗ്യത്തുടിപ്പും സ്വാഭാവിക സൗന്ദര്യവും കവർന്നുകളയുന്നു.
ശുചിത്വം ആരോഗ്യത്തിനു സംഭാവന ചെയ്യുന്നു
9-14. (എ) കൂടെക്കൂടെ കുളിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് സംരക്ഷിക്കുക? (ബി) ശാരീരിക ശുദ്ധി സംബന്ധിച്ച നിങ്ങളുടെ ശീലങ്ങൾ മററുളളവർ നിങ്ങളെ വീക്ഷിക്കുന്ന വിധത്തെ ബാധിക്കാവുന്നതെങ്ങനെ, എന്തുകൊണ്ട്? (സി) ക്രമമായും ശ്രദ്ധാപൂർവ്വവും ദന്തശുദ്ധിവരുത്തുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട് (ഡി) ശുചിത്വം സംബന്ധിച്ച് ബൈബിൾതന്നെ എന്തു പറയുന്നു? (പുറപ്പാട് 30:17-21; മത്തായി 6:17, 18)
9 വൃത്തിയുളള ഒരു ഭവനത്തിൽ വസിക്കുന്നത് കൂടുതൽ ആസ്വാദ്യകരമായിരിക്കുന്നതുപോലെതന്നെ നമ്മുടെ ശരീരം ശുചിയായി സൂക്ഷിക്കുന്നതിനാൽ നമുക്ക് ജീവിതം കൂടുതൽ മെച്ചമായി ആസ്വദിക്കാൻ കഴിയും. കൂടെക്കൂടെ കുളിക്കുന്നത് ഉൻമേഷപ്രദവും ആരോഗ്യപ്രദവുമാണ്. വായുവിലും നിങ്ങൾ സ്പർശിക്കുന്ന വസ്തുക്കളിലും ഉളള സൂഷ്മാണുക്കളുമായി നിങ്ങളുടെ ശരീരം നിരന്തരം സമ്പർക്കത്തിൽ വരുന്നു. ഇവയിൽ ചിലത് രോഗങ്ങൾക്കിടയാക്കിയേക്കാം. സോപ്പ് ഒരു അണുനാശിനിയായി പ്രവർത്തിക്കുന്നു. ജലം അവയെ കഴുകിക്കളയാനും ഉപകരിക്കുന്നു. നിങ്ങളുടെ കൈകൾക്ക് പ്രത്യേകിച്ചും കൂടെക്കൂടെയുളള ശ്രദ്ധയാവശ്യമാണ്. കാരണം അവകൊണ്ട് ഭക്ഷണം കഴിക്കുന്നു; അതുപോലെ മററുളളവരേയും അവർ ഉപയോഗിക്കുന്ന സാധനങ്ങളെയും സ്പർശിക്കുന്നു.
10 നിങ്ങൾ ശുചിത്വം പാലിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഉൻമേഷം തോന്നുന്നു എന്നു മാത്രമല്ല നിങ്ങളെ കാണുന്നവർക്കും നിങ്ങളെ സമീപിക്കുന്നവർക്കും ജീവിതം കൂടുതൽ ഉല്ലാസപ്രദമാക്കുന്നു. വൃത്തിഹീനമായും അടുക്കും ചിട്ടയുമില്ലാതെയും കിടക്കുന്ന ഒരു വീടു കാണുമ്പോൾ അതിൽ വസിക്കുന്നവരെക്കുറിച്ച് നിങ്ങൾക്ക് എന്ത് അഭിപ്രായമാണ് തോന്നുക? അതുപോലെതന്നെ നിങ്ങളുടെ വേഷവിധാനങ്ങളിൽനിന്ന് നിങ്ങളെപ്പററി അഭിപ്രായം രൂപീകരിക്കാൻ ആളുകൾ ചായ്വ് കാണിക്കുന്നു. നിങ്ങളുടെ മുഖത്തും ചെവിയിലും കഴുത്തിലും തലമുടിയിലും കൈയിലും നഖങ്ങൾക്കിടയിലും അടിഞ്ഞുകൂടുന്ന അഴുക്ക് മററുളളവരുടെ സൗഹൃദവും ബഹുമാനവും ആർജ്ജിക്കുന്നതിന് തടസ്സമായേക്കാം. കൂടാതെ നിങ്ങൾ ശുചിത്വം പാലിക്കുന്നുവെങ്കിൽ നിങ്ങൾക്ക് കൂടുതൽ ആത്മാഭിമാനം തോന്നാനും അത് ഇടയാക്കും.
11 ഒരുവൻ അധികം വ്യായാമമോ ജോലിയോ ഒന്നും ചെയ്യാത്തപ്പോൾ പോലും ശരീരം വിയർക്കുന്നു. വിയർപ്പ് അധികമാകുമ്പോൾ അത് നിങ്ങളുടെ ശരീരത്തിന് ഒരു ദുർഗന്ധം ഉണ്ടാകാൻ ഇടയാക്കുന്നു. കൂടെക്കൂടെ കുളിക്കുന്നതും കക്ഷവും അതുപോലുളള ശരീരഭാഗങ്ങളും കഴുകുന്നതും നിങ്ങളുടെ സാന്നിദ്ധ്യം മററുളളവർക്ക് ആസ്വാദ്യകരമാക്കിത്തീർക്കാൻ നിങ്ങളെ സഹായിക്കും. ശുചിത്വവും നല്ല ആഹാരക്രമവും നിങ്ങളുടെ മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ഉപകരിക്കുന്നു.
12 പ്രത്യേകാൽ ശ്രദ്ധ ആവശ്യമായിരിക്കുന്ന ഒരു ഭാഗമാണ് നിങ്ങളുടെ പല്ല്. പല്ലുകളിൻമേലോ പല്ലുകൾക്കിടയിലോ ഭക്ഷണപദാർത്ഥങ്ങളുടെ അംശങ്ങൾ പററിപ്പിടിച്ചിരിക്കാം. അവയിൽനിന്നുണ്ടാകുന്ന അമ്ളങ്ങൾ നിങ്ങളുടെ പല്ലിന്റെ കവടിയെ ആക്രമിക്കുന്നു. ആവർത്തിച്ചുളള ആക്രമണത്തിന്റെ ഫലമായി ചിലപ്പോൾ ഏതാനും മാസങ്ങൾക്കുളളിൽ കട്ടിയായ കവടിയിൽ സുഷിരങ്ങൾ ഉണ്ടാവുകയും പല്ലുകൾ ദ്രവിക്കാനാരംഭിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ ചിലപ്പോൾ മോണയ്ക്ക് പഴുപ്പുണ്ടാക്കുകയും അതുമൂലം കാലക്രമത്തിൽ പല്ലുകൾക്ക് ഇളക്കം തട്ടുകയും ചെയ്തേക്കാം. നിങ്ങൾക്ക് അവയിൽ ചിലത് നഷ്ടമായേക്കാം. പല്ല് ദ്രവിക്കുന്നതും നഷ്ടമാകുന്നതും നിങ്ങളുടെ സൗന്ദര്യത്തെ കുറയ്ക്കുന്നു.
13 വായ് ശുചിയായി സൂക്ഷിക്കുന്നത് വായ് നാററം ഉണ്ടാകുന്നതിനെതിരെ ഒരു സംരക്ഷണമാണ്. എന്നും ധാരാളം വെളളം കുടിക്കുന്നതും സഹായകമാണ്. നിങ്ങളുടെ വായ് ഏതാണ്ട് ഒരു വീടിന്റെ വാതിൽ പോലെയാണെന്ന് ഓർമ്മിക്കുക. ഒരു വീടിന്റെ പുറമേനിന്നുളള കാഴ്ചയും അതിന്റെ വാതിൽക്കൽ നിന്നു വരുന്ന ഗന്ധവും നല്ലതല്ലെങ്കിൽ ആളുകൾ അതിനെ ഒഴിഞ്ഞുപോകുന്നതിന് ചായ്വുളളവരായിരിക്കും.
14 (ഇക്കാര്യത്തിൽ ചിലർ ചെയ്യുന്നതുപോലെ) അങ്ങേയററം പോകാതിരിക്കെത്തന്നെ, ദൈവവചനമായ ബൈബിൾ ശുചിത്വം പാലിക്കാൻ ഉപദേശിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. ഒരുവൻ ആത്മീയമായി ശുചിത്വവും നൈർമ്മല്യവും ഉളളവനായിരിക്കുന്നതിനെ സൂചിപ്പിക്കാൻ ശുദ്ധമായ കരങ്ങളും കുളിച്ചു ശുദ്ധിയാക്കപ്പെട്ട ശരീരവും പലപ്പോഴും ഉപയോഗിക്കപ്പെട്ടിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ബുദ്ധിയുപദേശിച്ചു: “നമുക്ക് ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊളളാം.” (2 കൊരിന്ത്യർ 7:1) നാം നമ്മുടെ ഉളളിൽ, ഹൃദയത്തിലും മനസ്സിലും ശുദ്ധിയുളളവരാണോ? ആണെങ്കിൽ നാം പുറമേയും ശുദ്ധിയുളളവരായിരിക്കാൻ പരിശ്രമിക്കണം.
ശരിയായ വിശ്രമത്തിന്റെ ആവശ്യം
15-18. (എ) മാനുഷ ശരീരത്തിന് വിശ്രമവും നിദ്രയും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) തുടർന്നു പ്രവർത്തിക്കുന്നതിനുളള ഊർജ്ജം ഉണ്ടെന്നു നിങ്ങൾക്കു തോന്നിയേക്കാമെങ്കിലും വേണ്ടത്ര വിശ്രമമില്ലാതിരുന്നാൽ അതു നിങ്ങളെ എങ്ങനെ ബാധിക്കും? (സി) നാം നമ്മുടെ ശരീരത്തെ പരിപാലിക്കുന്നത് നമുക്ക് ദൈവത്തോടുളള ആദരവ് പ്രകടമാക്കുന്നതെങ്ങനെ?
15 ഓരോ ദിവസവും ദശലക്ഷക്കണക്കിന് ശരീരകോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് പുതിയവ നിർമ്മിക്കപ്പെടണം. വ്യായാമത്തിന്റെയും ജോലിയുടെയും ഫലമായി നിങ്ങളുടെ ശരീരത്തിൽ ചില പാഴ്വസ്തുക്കൾ ഉണ്ടാകുന്നു. അവ മാംസപേശികളിൽ അടിഞ്ഞുകൂടുന്നു. ഈ പാഴ് വസ്തുക്കളാണ് നിങ്ങൾക്ക് ക്ഷീണം തോന്നാനിടയാക്കുന്നത്. ഇങ്ങനെ അടിഞ്ഞുകൂടിയിരിക്കുന്ന പാഴ് വസ്തുക്കളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സ്വതന്ത്രമാക്കുന്നതിനും അതിനെ കേടുപോക്കി നല്ല നിലയിൽ സംരക്ഷിക്കുന്നതിനാവശ്യമായ പുതിയ കോശങ്ങൾ നിർമ്മിക്കുന്നത് സാദ്ധ്യമാക്കിത്തീർക്കുന്നതിനും വേണ്ടത്ര വിശ്രമം ആവശ്യമാണ്. നിങ്ങളുടെ കേന്ദ്രനാഡീ വ്യൂഹത്തിനും മസ്തിഷ്ക്കത്തിനും വിശ്രമം ലഭിക്കേണ്ടതുണ്ട്. അവയ്ക്കു വിശ്രമം ലഭിക്കണമെങ്കിൽ നിങ്ങൾ ഉറങ്ങിയേ മതിയാവു.
16 യുവപ്രായമായതിനാൽ, കുറച്ചുറങ്ങിയാലും നിങ്ങൾക്ക് കുഴപ്പമൊന്നും കൂടാതെ മുൻപോട്ടു പോകാം എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ യൗവനത്തിലെ ഊർജ്ജസ്വലതയും ശക്തിയും നിങ്ങളെ തെററിദ്ധരിപ്പിക്കാനിടയുണ്ട്. വേണ്ടത്ര വിശ്രമം ലഭിക്കാത്തതിൽ നിന്നുളവാകുന്ന സാരമായ തകരാറിന്റെ ലക്ഷണങ്ങൾ മറച്ചു വയ്ക്കാൻ അവയ്ക്കു കഴിഞ്ഞേക്കാം. വാസ്തവത്തിൽ, യുവപ്രായക്കാരുടെ വളർന്നുകൊണ്ടിരിക്കുന്ന ശരീരത്തിന് മുതിർന്നവരുടേതിനേക്കാൾ കുറവല്ല, കൂടുതൽ നിദ്രയാണ് ആവശ്യമായിരിക്കുന്നത്. വേണ്ടത്ര ഉറക്കമില്ലാഞ്ഞാൽ അത് ഒരുവന്റെ ചിന്താപ്രാപ്തിയെ തകരാറിലാക്കുകയും മറവി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതു നമ്മുടെ ശ്രദ്ധയും ശരീരത്തിന്റെ പ്രതികർമ്മ പ്രാപ്തിയും കുറയ്ക്കുന്നു. അതു നിങ്ങൾക്ക് പിരിമുറുക്കവും അസ്വസ്ഥതയും ശുണ്ഠിയും തോന്നാനിടയാക്കുന്നു. സമ്മർദ്ദങ്ങൾ അനുഭവപ്പെടുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യേകിച്ചും അത് മററുളളവർ നിങ്ങളോടൊത്തു പോകുന്നത് പ്രയാസകരമാക്കിത്തീർക്കുന്നു.
17 അതുകൊണ്ട് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം അതിന് കൊടുത്തുകൊണ്ട് അതിനോട് സഹകരിക്കുക. നിങ്ങൾ ഇന്ന സമയത്തിനുളളിൽ ഉറങ്ങണം എന്ന് നിങ്ങളുടെ മാതാപിതാക്കൾ നിർദ്ദേശിക്കുമ്പോൾ അതിന്റെ ന്യായയുക്തത തിരിച്ചറിയുക. ഓരോ രാത്രിയിലും വേണ്ടത്ര ഉറക്കം ലഭിക്കുന്നതിനാൽ നിങ്ങൾ ചെയ്യുന്ന ജോലി കൂടുതൽ മെച്ചമായും വേഗത്തിലും ചെയ്യാൻ നിങ്ങൾക്കു കഴിയും. ജീവിതം നിങ്ങൾക്കു കൂടുതൽ ആസ്വാദ്യകരമായി തോന്നും. നിങ്ങൾക്കു പരാതികൾ ഏറെ ഉണ്ടായിരിക്കയില്ല.
18 നമ്മുടെ ശരീരത്തിൽ നാം ആസ്വദിക്കുന്ന ജീവന്റെ ദാനത്തെ നാം വിലമതിക്കുന്നുവെങ്കിൽ നാം അതു നമ്മുടെ സ്രഷ്ടാവിന്റെയും നമുക്കു നിത്യജീവൻ ഉണ്ടാകേണ്ടതിന് ജീവനെ നല്കിയ അവന്റെ പുത്രന്റെയും മഹത്വത്തിനായി ഉപയോഗിക്കേണ്ടതാണ്. നാം സ്വാർത്ഥപരമായ കാരണങ്ങളാലോ ഭോഷത്വത്താലോ വെറും അശ്രദ്ധയാലോ നമ്മുടെ ശരീരത്തെ അവഗണിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യരുത്. അല്ലാഞ്ഞാൽ നാം ജീവനുവേണ്ടി കടപ്പെട്ടിരിക്കുന്നവനോടുളള ആദരവില്ലായ്മയായിരിക്കും പ്രകടമാക്കുന്നത്. നമുക്ക് ബൈബിളിന്റെ ബുദ്ധിയുപദേശം അനുസരിക്കാം: “നിങ്ങൾ തിന്നാലും കുടിച്ചാലും മറെറന്തുതന്നെ ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്വിൻ.” തന്റെ സ്നേഹപൂർവ്വകമായ കരുതലുകളോടു നിങ്ങൾ കാണിക്കുന്ന വിലമതിപ്പിനെ അവൻ അനുഗ്രഹിക്കുകയും സമൃദ്ധമായ പ്രതിഫലം നല്കുകയും ചെയ്യും.—1 കൊരിന്ത്യർ 10:31.
[അധ്യയന ചോദ്യങ്ങൾ]
[46-ാം പേജിലെ ചിത്രം]
സമീകൃതാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ജീവൽപ്രധാനമാണ്
[49-ാം പേജിലെ ചിത്രം]
നിങ്ങളുടെ ശരീരത്തിൽനിന്ന് പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിന് വേണ്ടത്ര വിശ്രമം ആവശ്യമാണ്